Pages

Thursday, July 26, 2012

സ്വതന്ത്ര കൂട്ടായ്മകളുടെ ശ്രദ്ധക്ക്

ജനാധിപത്യവിശ്വാസികളും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം മാഫിയാരാഷ്ട്രീയത്തിന്നെതിരായ സ്വതന്ത്രകൂട്ടായ്മകളെ കുറിച്ചുള്ള ആലോചനകളിലും പ്രാരംഭപ്രവര്‍ത്തനങ്ങളിലുമാണ്.ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തരം കൂടിച്ചേരലുകളിലേക്ക് ജനങ്ങളെ നയിക്കുന്നത്. ഈ കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണ്. സാമൂഹ്യവിശകലനത്തിന് സ്വീകരിക്കുന്ന സങ്കേതങ്ങള്‍,അവയെ നിയന്ത്രിക്കുന്ന അടിസ്ഥാനാശയങ്ങള്‍,പുരോഗതിയെ കുറിച്ചുള്ള സങ്കല്പങ്ങള്‍,വര്‍ത്തമാനത്തിലെ പൊതുജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇവയെ കുറിച്ചൊക്കെ ഓരോരുത്തരും സ്വരൂപിച്ചിട്ടുള്ള ധാരണകളെ അട്ടിമറിച്ചുകൊണ്ട് സര്‍വസമ്മതമായ പുതിയ ചില തീര്‍പ്പുകളില്‍ എത്തിച്ചേരാനാവുമെന്ന പ്രതീക്ഷയോടെയല്ല ഈ കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ടത്. നിരന്തരമായ സംവാദങ്ങളിലൂടെ കൈവരുന്ന വീണ്ടുവിചാരങ്ങളിലൂടെ വളരെ സാവകാശത്തിലും വ്യക്തിഗതാനുഭവങ്ങളിലൂടെ ചിലപ്പോള്‍ അതിവേഗത്തിലും ഒരാളുടെ ആശയലോകത്തില്‍ മാറ്റം സംഭവിക്കാം.അത് സംഭവിച്ചുകൊള്ളട്ടെ.
കൊലപാതകരാഷ്ട്രീയത്തിന്നെതിരായും ജനാധിപത്യമൂല്യങ്ങളുടെ പുന:സ്ഥാപനത്തിനുമായി ആരംഭിക്കുന്ന കൂട്ടായ്മകള്‍ അതിലെ അംഗങ്ങളെ മുഴുവന്‍ ഒരേയൊരു രാഷ്ട്രീയാഭിപ്രായത്തിനു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത്. നമ്മുടെപൊതുജീവി തത്തെയും വ്യക്തിജീവിതത്തെ തന്നെയും വളരെ അപകടകരമായി ബാധിക്കുന്ന അത്യന്തം ഗൌരവപൂര്‍ണമായ ചില രാഷ്ട്രീയ സാംസ്കാരികപ്രശ്നങ്ങള്‍ ബഹുജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള ആലോചനകള്‍ പങ്കുവെക്കുന്നതിനും സമാഹരിക്കുന്നതിനും ഏറ്റവും വേഗത്തില്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ എന്തൊക്കെ ചെയ്തുതുടങ്ങാനാവും എന്നതിനെ കുറിച്ച് ചുരുക്കും ചില തീര്‍പ്പുകളിലെങ്കിലും എത്തിച്ചേരുന്നതിനാണ് അവ മുന്‍ഗണന നല്‍കേണ്ടത്.
നാം ഒരു സ്വതന്ത്രജനതയാണെന്ന് വിശ്വസിക്കുകയും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുകയും അതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങളെല്ലാം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥമായ രാഷ്ട്രീയ സ്വാതന്ത്യ്രം ഇനിയും നമുക്ക് കൈവന്നിട്ടില്ല.നമ്മുടെ സ്വാതന്ത്യ്രത്തെ അതിന്റെ പ്രാഥമിക തലത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നത് ഏതെങ്കിലും വിദേശശക്തിയല്ല.മുന്‍കാലങ്ങളിലെ പോലെ വോട്ടര്‍മാരെ വിലക്കെടുക്കുന്ന വലിയ സാമ്പത്തിക അധികാര കേന്ദ്രങ്ങളുമല്ല. നമ്മുടെ നാട്ടില്‍ നമുക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ഭാവിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് അത് ചെയ്യുന്നത്.ഓരോ പാര്‍ട്ടിക്കും അതാതിന്റെതായ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ള അവസ്ഥ കേരളത്തില്‍ പലേടത്തുമുണ്ട്. കാസര്‍ ഗോഡ്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലാണ് അവ ഏറ്റവും ഭീഷണമായ കരുത്തോടെ നിലനിന്നു വരുന്നത്. സി.പി.ഐ(എം),ബി.ജെ.പി,മുസ്ളീംലീഗ് എന്നീ പാര്‍ട്ടികള്‍ക്കാണ് പാര്‍ട്ടി ഗ്രാമങ്ങളുടെ സൃഷ്ടിയില്‍ മേല്‍ക്കയ്യുള്ളത്. മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായങ്ങളെ മാനിക്കാതിരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും വളരെയൊന്നും പുറകിലല്ല. ആദ്യമായി നാം പരിഹാരം തേടേണ്ടത് ഈയൊരു പ്രശ്നത്തിനാണ്.രാഷ്ട്രീയസ്വാതന്ത്യ്രവും ജനാധിപത്യവും നടപ്പില്‍ വരുത്തുക എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തുക.ഏത് വിഷയത്തെ പറ്റിയും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ടെന്നും താന്‍ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തുക,വോട്ട് രേഖപ്പെടുത്തുക,ബൂത്തില്‍ ഏജന്റായി പ്രവര്‍ത്തിക്കുക തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പങ്കെടുക്കാന്‍ രാജ്യത്തെ ഓരോ പൌരനും അവകാശമുണ്ടെന്നുമുള്ള കാര്യം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുള്ളവരെയും നിരന്തരം ഓര്‍മിപ്പിക്കുക.ഇത് അടിയന്തിര പ്രാധാന്യമുള്ള ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്.ജനാധിപത്യാവകാശങ്ങളെ കുറിച്ചുള്ള ഏറ്റവും പ്രാഥമികമായ ധാരണകളില്‍ നിന്നു പോലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അത്രയധികം അകന്നുപോയിട്ടുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള വ്യക്തികളുടെ ബന്ധം തികഞ്ഞ വിധേയത്വമായും അടിമത്തമായും മാറുന്ന അവസ്ഥ അതിപരിചിതമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സമൂഹത്തിന്.പാര്‍ട്ടിമെമ്പര്‍മാരുടെയും അനുഭാവികളുടെയും കൂറിന് ഒരു സാഹചര്യത്തിലും ഇളക്കം തട്ടില്ല എന്ന ഉറച്ച വിശ്വാസമാണ് അഴിമതിക്കും കൊലപാതകം വരെയുള്ള എല്ലാ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള ധൈര്യം നേതാക്കള്‍ക്ക് നല്‍കുന്നത്.ജനങ്ങള്‍ സ്വയം അവരുടെ ജനാധിപത്യാവകാശങ്ങള്‍ പാര്‍ട്ടിക്കു മുന്നില്‍ അണിയറവെക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ജനവിരുദ്ധനേതൃത്വങ്ങള്‍ക്ക് വഴിവെക്കുമെന്നറിയാമായിരുന്നതുകൊണ്ടാണ് ഏകാധിപത്യത്തിന് എല്ലാ സൌകര്യങ്ങളും നിലനില്‍ക്കെത്തന്നെ ചൈനയില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ മാവോസേതൂങ് പരസ്യമായി പ്രോത്സാഹിപ്പിച്ചത്.കാര്യങ്ങള്‍ പക്ഷേ അദ്ദേഹം ആഗ്രഹിച്ചതില്‍ നിന്നൊക്കെ എത്രയോ അകന്ന മാര്‍ഗങ്ങളിലും ലക്ഷ്യങ്ങളിലുമാണ് എത്തിച്ചേര്‍ന്നത് എന്നത് മറ്റൊരു കാര്യം.രാജ്യത്തിന്റെ പരമാധികാരം ഒരു നൂറ്റാണ്ട് കഴിഞ്ഞാല്‍ പോലും സ്വപ്നം കാണാനാവാത്ത അവസ്ഥയിലാണെങ്കിലും സി.പി.ഐ(എം)ന് സ്വന്തം അണികള്‍ക്ക് അത്തരം സ്വാതന്ത്യ്രങ്ങള്‍ അനുവദിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവാത്തതാണ്.മറ്റ് പാര്‍ട്ടികള്‍ അത്രത്തോളം പോവുന്നില്ലെങ്കിലും തുറന്ന മനസ്സോടെ എതിരഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതി അവയ്ക്കും ഏറെക്കുറെ അപരിചിതം തന്നെ.പാര്‍ട്ടിയോ പാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയോ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഉള്ള ഒരാള്‍ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍ അതിനെ ഗ്രൂപ്പ് വഴക്കിന്റെ ഉല്പന്നമായി മാത്രം മനസ്സിലാക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.എതിരഭിപ്രായങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഉയര്‍ത്തപ്പെടുന്നത് ഗ്രൂപ്പ് വഴക്കുകളുടെ പശ്ചാത്തിലാണെന്നതും ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വസ്തുതയാണ്. സമീപകാല
ത്തു മാത്രമാണ് അതിന് ചെറിയ തോതില്‍ മാറ്റം വന്നുതുടങ്ങിയത്.
പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കള്‍ തന്നെയും ഒരു പ്രശ്നത്തെ പറ്റിയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് മുതിരാതിരിക്കുന്നത് വ്യക്തിഗതമായ പല നഷ്ടങ്ങളെയും ഭയന്നാണ്.പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തിലെ ഉദ്യോഗം മുതല്‍ പാര്‍ട്ടിയുടെ പരമാധികാരക്കമ്മിറ്റിയിലെ അംഗത്വം വരെയുള്ള സകലതിനും പാര്‍ട്ടിക്കൂറ് എന്ന മറുപേരില്‍ അറിയപ്പെടുന്ന ഭയവും സ്വന്തം അഭിപ്രായം മൂടി വെച്ച് 'അടിയന്‍' എന്നു പറയാനുള്ള സന്നദ്ധതയുമാണ് അടിസ്ഥാന യോഗ്യതകള്‍ എന്നു വരുന്നത് അങ്ങേയറ്റം ആപല്‍ക്കരമായ അവസ്ഥയാണ്.പാര്‍ട്ടിയോട് ഈ മട്ടില്‍ ഭയഭക്തികള്‍ കാണിക്കുന്നതിന്റെ ശ്വാസം മുട്ടലിന് ഇക്കൂട്ടര്‍ പരിഹാരം കാണുന്നത് പൊതുസമൂഹത്തിനു നേരെ പ്രയോഗിക്കുന്ന ധാര്‍ഷ്ട്യത്തിലൂടെയാണ്.രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തിലൂടെ സമൂഹത്തിന് നിത്യപരിചിതമായിത്തീര്‍ന്നിരിക്കുന്ന ഈ ധാര്‍ഷ്ട്യം ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ഏതാണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും സ്വഭാവത്തിന്റെ ഭാഗമായിത്തീര്‍ന്നതിന്റെ ഫലമായി അനുഭവിക്കേണ്ടി വരുന്ന വീര്‍പ്പുമുട്ടലാണ് ഇപ്പോള്‍ കേരള സമൂഹത്തിന്റെ ഏറ്റവും വലിയ മാനസികയാഥാര്‍ത്ഥ്യം.രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയ്ക്കുള്ളിലും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യധ്വംസനത്തെ കുറിച്ചുള്ള നിരന്തര ചര്‍ച്ചകളിലൂടെയും സ്വതന്ത്രമായ മറ്റ് ആശയവിനിമയങ്ങളിലൂടെയും മാത്രമേ ഈ ഭീഷണയാഥാര്‍ത്ഥ്യത്തിന്റെ പിടിയില്‍ നിന്ന് നമ്മുടെ സമൂഹത്തിന് രക്ഷപ്പെടാനാവുകയുള്ളൂ.
 എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുഴുവന്‍ ശ്രദ്ധയും അധികാരത്തിലും ധനാര്‍ജനത്തിലും കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവ ഏറെക്കുറെ പൂര്‍ണമായിത്തന്നെ ശ്രദ്ധ പിന്‍വലിച്ചു എന്നതാണ് കേരളത്തിലെ പൊതുജീവിതം നേരിടുന്ന മറ്റൊരു മഹാദുരന്തം.സാംസ്കാരിക മേഖലയിലെ പുത്തന്‍ സര്‍ഗാത്മകാവിഷ്ക്കാരങ്ങളും സ്വതന്ത്രമായ ആശയവിനിമയങ്ങളുമാണ് ഏത് സമൂഹത്തെയും മുന്നോട്ടു നയിക്കുന്ന മാനസികോര്‍ജത്തിന്റെ ഏറ്റവും കാതലായ അംശം.വ്യാപാരാടിസ്ഥാനത്തില്‍ വലിയ മുതല്‍മുടക്കോടെ ലാഭം ലക്ഷ്യമാക്കി വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്നവ അല്ലാതുള്ള എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മുഖം തിരിഞ്ഞു നില്‍ക്കുക,സാധ്യമാവുമെങ്കില്‍ അവയെ തടസ്സപ്പെടുത്തുക,എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക ഇതാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ  പൊതു സാംസ്കാരികനയം.സ്വാതന്ത്യ്രപൂര്‍വഘട്ടത്തില്‍ സവിശേഷ താല്പര്യത്തോടെയും പിന്നീടുള്ള ഒന്നുരണ്ട് ദശകക്കാലത്തോളം ഒട്ടൊക്കെ ഉദാസീനമായും കലാസാഹിത്യരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട പാരമ്പര്യം കോണ്‍ഗ്രസ്സിനുണ്ട്.ഇന്നാണെങ്കില്‍ എന്തെങ്കിലുമൊരു വ്യക്തിഗതനേട്ടം മുന്നില്‍ കണ്ടല്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരായി ഒരു കൈവിരലിലെണ്ണാവുന്ന അത്രയും പോലും സാംസ്കാരിക പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സിനോടൊപ്പം നമുക്ക് കാണാനാവില്ല.കമ്യൂണിസ്റ്പാര്‍ട്ടികളുടെ സ്ഥിതിയും ഇപ്പോള്‍ ഏറെക്കുറെ അതു തന്നെയായിരിക്കുന്നു.
സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഉയര്‍ന്ന പരിഗണന ലഭിക്കാത്ത ഏത് സമൂഹത്തിലും മാനവികതയുടെ വേരുകള്‍ വളരെ പെട്ടെന്ന് ചീഞ്ഞുപോവും.രാഷ്ട്രീയം ജനാധിപത്യവിരുദ്ധവും ഹിംസോ•ുഖവുമായിത്തീരുന്നതിനുള്ള പരിസരമൊരുക്കുന്നത് ഈ അവസ്ഥയാണ്.നേരിട്ട് ലാഭം  ജനിപ്പിക്കാത്ത ആശയങ്ങളോടും ആവിഷ്ക്കാരങ്ങളോടും പൊതുവെ കാണുന്ന രൂക്ഷമായ വൈമുഖ്യത്തില്‍ നിന്ന് നമ്മുടെ സമൂഹത്തെ എങ്ങനെ രക്ഷിക്കാനാവും എന്നതിനെ കുറിച്ചുള്ള സ്വതന്ത്രമായ ആലോചനകള്‍ക്ക് വേദിയൊരുക്കുക എന്നതും ഇപ്പോള്‍  ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനകീയ കൂട്ടയ്മകളുടെ അജണ്ടയിലെ മുഖ്യമായ ഇനമായിരിക്കണം.
(ജനശക്തി വാരിക)

Friday, July 13, 2012

പുതിയ ഇടം

കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയഭൂചലനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനാധി പത്യബോധത്തിന്റെ പുതിയ ഒരു ഇടം ജനമനസ്സില്‍ രൂപംകൊണ്ടു കഴിഞ്ഞിട്ടുണ്ട്.പരസ്പരം പൊരുത്തപ്പെടാത്ത പല ആശയങ്ങള്‍ കൂടിക്കലര്‍ന്ന് ഇളകിമറിയുന്ന ദ്രവാവസ്ഥയിലുള്ള ആ ഇടം എപ്പോഴാണ് ഉറച്ചുകിട്ടുക എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുന്നവരായി ലക്ഷക്കണക്കിനാളുകളുണ്ട് ഈ സംസ്ഥാനത്ത്.
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്വന്തമായി അന്ധവിശ്വാസികളുടെ ഓരോ സൈന്യവ്യൂഹമുണ്ട്.അവരാണ് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റവാളികള്‍.ഏതവസ്ഥയിലും ഇളക്കം തട്ടാത്ത പിന്തുണയുമായി പാര്‍ട്ടിക്കു പിന്നില്‍ അവര്‍ ഉറച്ചു നിന്നുകൊള്ളും എന്ന വിശ്വാസമാണ് സാമ്പത്തിക അഴിമതി മുതല്‍ കൊലപാതകം വരെയുള്ള സകല തിന്മകള്‍ക്കുമുള്ള ആത്മബലം പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.ഈ സ്ഥിതിക്ക് പെട്ടെന്നൊന്നും വലിയ തോതിലുള്ള മാറ്റം സംഭവിക്കാന്‍ ഇടയില്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരാ എന്ന് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രശ്നങ്ങളെ സമീപിക്കാനും അഭിപ്രായ രൂപീകരണം നടത്താനും തയ്യാറുള്ള ആ ജനവിഭാഗം സൃഷ്ടിക്കുന്ന സ്വതന്ത്രചിന്തയുടെ വെളിച്ചത്തില്‍ വേണം രാഷ്ട്രീയ യാഥാസ്ഥികത്വത്തില്‍ നിന്ന് ജനാധിപത്യബോധത്തിലേക്ക് നമ്മുടെ ജനത ഒന്നടങ്കം നടന്നുകയറാന്‍.തീര്‍ച്ചയായും അത് പെട്ടെന്ന് സംഭവിക്കാന്‍ പോവുന്ന സംഗതിയല്ല.എങ്കിലും അങ്ങനെയൊരു ഭാവി അല്പം വിദൂരതയിലാണെങ്കിലും നമ്മുടെ മുന്നില്‍തന്നെ  ഉണ്ട് എന്ന് വെളിപ്പെട്ടു കഴിഞ്ഞു.
                                              രാഷ്ട്രീയ കക്ഷികളുടെ സ്ഥാനം
കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വതന്ത്രചിന്ത എന്നൊക്കെ പറയുമ്പോള്‍ രാഷ്ട്രീ യകക്ഷികളിലുള്ള ജനങ്ങളുടെ താല്പര്യം ഇപ്പോഴും വളരെ സജീവമാണെന്ന വസ്തുത നാം മറന്നുകളയരുത്.ഒറ്റയ്ക്ക് നിന്നാലോ ചെറുസംഘങ്ങളായി പ്രവര്‍ത്തിച്ചാലോ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവില്ല എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം.ഹര്‍ത്താലുകളും വലിയ സമരങ്ങള്‍ തന്നെയും മിക്കവാറും ഉപചാരങ്ങള്‍ മാത്രമാണെന്ന് അവര്‍  പഠിച്ചുകഴിഞ്ഞു.തങ്ങള്‍ പിന്തുണക്കുന്ന കക്ഷിയെ കൊണ്ട് ഭരണകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ രീതി.ഇത് തികച്ചും വ്യക്തിപരമായ നേട്ടം മുതല്‍ ഒരു പ്രത്യേക പ്രദേശത്തുള്ളവരുടെ പ്രത്യേക പ്രശ്നത്തിനുള്ള പരിഹാരമോ ഒരു ജാതി/മതവിഭാഗത്തിന്റെ ഏതെങ്കിലും ആവശ്യം നേടിയെടുക്കലോ വരെ എന്തും ആകാം.രാഷ്ട്രീയം എന്നതുകൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ അര്‍ത്ഥമാക്കുന്നത് ഈ വക കാര്യസാധ്യങ്ങളെ മാത്രമാണ്.ഈ മനോഭാവത്തില്‍ അടങ്ങിയിരിക്കുന്ന അരാഷ്ട്രീയത അല്പമായിപ്പോലും ബോധ്യപ്പെടുത്താനാവാത്ത വിധം ജനങ്ങള്‍ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ നിന്നെല്ലാം എത്രയോ അകലെ എത്തിക്കഴിഞ്ഞു.
പാര്‍ലിമെന്ററി ജനാധിപത്യത്തിന് നമ്മുടെ രാജ്യത്ത് നല്ല വേരോട്ടം ലഭിച്ചു  കഴിഞ്ഞിട്ടു ണ്ട്.അയ്യഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പിലൂടെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ കക്ഷികള്‍ ചേര്‍ന്ന മുന്നണിയോ അധികാരത്തിലെത്തുക എന്നത് സ്വന്തം ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നീതിപൂര്‍വകമായ സംവിധാനമാണെന്നതില്‍ ജനങ്ങള്‍ക്കു സംശയമില്ല.  ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ അധികാരം നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് നിലവിലുള്ള പാര്‍ലിമെന്ററി ജനാധിപത്യത്തേക്കാള്‍ മെച്ചമാണ് ആ അധികാരപ്രയോഗം എന്ന ആശയത്തിന് ചെറിയ അളവില്‍ പോലും പൊതുസമ്മതിയില്ല.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കുകയില്ല.തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ഗുണകരമായ എന്തെങ്കിലും ചെയ്തുതരിക എന്നതാണ് തങ്ങള്‍ പിന്തുണ നല്‍കുന്ന പാര്‍ട്ടിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.കേരളരാഷ്ട്രീയത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തിലെത്തുന്ന അവസ്ഥ നിലവിലുള്ളതുകൊണ്ട് അടുത്ത വട്ടം തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പരാജയപ്പെടുന്ന മുന്നണിയിലെ ഏത് കക്ഷിയുടെ പിന്നില്‍ അണിനിരന്നിരിക്കുന്നവര്‍ക്കും ന്യായമായും പ്രതീക്ഷിക്കാം.വസ്തുത ഇതായിരിക്കെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ആര്‍ക്കും ആഗ്രഹിച്ചില്ലാതാക്കാനാവില്ല.എത്ര വലിയ തെറ്റ് ചെയ്താലും ശക്തമായ ഒരു ഘടനക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏത് പാര്‍ട്ടിക്കും ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്ങളുടെ മുഖം മിനുക്കി യെടുത്ത് ജനങ്ങള്‍ക്കു മുന്നില്‍ അവരുടെ അഭ്യുദയകാംക്ഷിയായി ഭാവിച്ച് നിലകൊള്ളാം. നാളിതുവരെ ഇതായിരുന്നു സ്ഥിതി.ചന്ദ്രശേഖരന്‍ വധത്തോടെയാണ് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന അവസ്ഥയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി എത്തിയത്.ഇടതുപക്ഷത്തെ ഏറ്റവും പ്രബലമായ പാര്‍ട്ടി മാഫിയാരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ നടത്തിപ്പുകാരാണെന്ന് സംശയാതീതമായി ബോധ്യപ്പെട്ടതോടെയാണ് നേരത്തേ പറഞ്ഞ പുതിയ ഇടം രൂപപ്പെട്ടതും.പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കുമെന്നത് തീര്‍ച്ചയായും ഈ പുതിയ ഇടത്തിന്റെ ഭാവിയെയും വലിയൊരളവോളം ബാധിക്കും.അതേ കുറിച്ചുള്ള ഊഹങ്ങളില്‍ നിന്ന് തല്‍ക്കാലം നമുക്ക് മാറി നില്‍ക്കാം.
                          പുതിയ ജനകീയപ്രസ്ഥാനത്തിന്റെ സാധ്യതകള്‍
കേരളത്തിന്റെ പൊതുബോധത്തില്‍ മാഫിയാ രാഷ്ട്രീയത്തിനെതിരായും തികച്ചും പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ബോധത്തിന് അനുകൂലമായും രൂപപ്പെട്ടിരിക്കുന്ന ജനവികാരം പുതിയൊരു രാഷ്ട്രീയകക്ഷിയുടെ രൂപീകരണത്തില്‍ ചെന്നെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.പക്ഷേ,ഈ ജനവികാരത്തിന്റെ ഉല്പന്നമായി  വളരെ അയഞ്ഞ ഘടനയോടു കൂടിയ അനേകം സംഘടനകള്‍ അങ്ങിങ്ങായി രൂപം കൊള്ളാം.പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അത്തരം സംഘടനകള്‍ ഇടയ്ക്കിടക്കെങ്കിലും  യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വേദികള്‍ കണ്ടെത്താനുള്ള സാധ്യതയും ഉണ്ട്.ആ കൂട്ടായ്മ വളരെ ഉറപ്പുള്ള സംഘടനാസംവിധാനത്തോടു കൂടിയ ഒരു പ്രസ്ഥാനമായി  വളരുമെന്ന് വെറുതെ സങ്കല്പിക്കുന്നതുപോലും വിഡ്ഡിത്തമാവും.പക്ഷേ,കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ജനവിരുദ്ധമായ നിലപാടുകളെയും അവയുടെ നേതാക്കള്‍ നടത്തുന്ന അഴിമതികളെയും എല്ലാ തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളെയും അപ്പപ്പോള്‍ ഏറ്റവും ഫലപ്രദമായി ചോദ്യം ചെയ്യുന്ന വലിയൊരു തിരുത്തല്‍ ശക്തിയായി ഈ പ്രസ്ഥാനത്തിന് മാറാന്‍ കഴിയും.അംഗബലം കൊണ്ടും സാമ്പത്തികശേഷി കൊണ്ടും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പോലും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇത്തരമൊരു പ്രസ്ഥാനത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. സ്വന്തം അഭിപ്രായങ്ങളും കര്‍മപദ്ധതികളുമായി ജനാധിപത്യപരമായി നിലനില്‍ക്കാനുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും അവകാശത്തിന്  കാവല്‍ നില്‍ക്കുന്ന പുതിയ പ്രസ്ഥാനത്തിനു പുറത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയുടെ നയപരിപാടികളുമായി നിലകൊള്ളട്ടെ.പക്ഷേ,തങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും തെറ്റായ ഒരു ചുവട് വെക്കുമ്പോള്‍ കടുത്ത വിമര്‍ശനത്തിനും എതിര്‍പ്പിനും സാധ്യതയുണ്ടെന്നും അവ എല്ലായ്പ്പോഴും ഓര്‍ത്തുകൊണ്ടിരിക്കട്ടെ.യഥാര്‍ത്ഥമായ ജനകീയ അഭിപ്രായ രൂപീകരണങ്ങള്‍ക്കു മുന്നില്‍ എത്ര വലിയ പ്രസ്ഥാനത്തിനും അടിപതറുമെന്ന് തെളിയിച്ച നാളുകളിലൂടെയാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
വിശാലാര്‍ത്ഥത്തില്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ അയഞ്ഞ ഘടന പിന്‍പറ്റുമ്പോള്‍ തന്നെ കേരളത്തിലെ പുതിയ പ്രസ്ഥാനത്തിന് അവയുടേതില്‍ നിന്ന് വ്യത്യസ്തമായി ഈ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ആശയലോകത്തിലും ദൈനംദിന നടത്തിപ്പിലും ജാഗ്രതയോടെ ഇടപെടുക എന്ന ലക്ഷ്യം കൂടി വേണം.ആ ലക്ഷ്യത്തിന് തന്നെയായിരിക്കണം പ്രഥമ പരിഗണന. തികച്ചും നീതിയുക്തമായ ഒരു ജനകീയാവശ്യം ഉയര്‍ത്തിപ്പിടിച്ച് ഏത് പേര് വഹിക്കുന്ന പ്രസ്ഥാനം മുന്നോട്ട് വന്നാലും അതിനെ മറ്റ് പരിഗണകളില്ലാതെ പിന്തുണക്കാനും പുതിയ പ്രസ്ഥാനത്തിന് കഴിയണം.രാഷ്ട്രീയം എന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്ക് വഴിപ്പെട്ടുള്ള അടിമജീവിതം എന്നല്ല അര്‍ത്ഥമെന്ന് അത് ജനങ്ങളെ ബോധ്യപ്പെടുത്തണം.
തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായി ഇങ്ങനെയൊരു പ്രസ്ഥാനം നിലവില്‍ വരുന്നതില്‍  ഇവിടത്തെ ഒരു പ്രബലരാഷ്ട്രീയ കക്ഷിയും ആഹ്ളാദിക്കാനിടയില്ല.അവയുടെ സംഘടനാശേഷിക്ക് പ്രസ്ഥാനം ചെറിയ അളവില്‍ പോലും ഭീഷണിയാകില്ല എന്ന് ഉറപ്പുണ്ടായാല്‍ തന്നെ സമൂഹത്തിനുമേല്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്തും അന്യായമായ അധികാരപ്രയോഗത്തിന് തടസ്സം സൃഷ്ടിക്കുമെന്നതുകൊണ്ട് അവയുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുണ്ടാകാന്‍ തന്നെയാണ് സാധ്യത.പക്ഷേ,ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളജനതക്കു നല്‍കിയിരിക്കുന്ന സ്വാതന്ത്യ്രബോധവും നിര്‍ഭയത്വവും അത്തരം എതിര്‍പ്പുകളെയെല്ലാം മറികടന്ന് മുന്നോട്ടുപോവാനുള്ള അസാധാരണമായ ഊര്‍ജ്ജം തന്നെയായിരിക്കും.







Saturday, June 23, 2012

സച്ചിദാനന്ദന്റെ കവിതാബലി

നാല് പതിറ്റാണ്ടിലേറെയായി ഞാന്‍ അതിയായ ഔത്സുക്യത്തോടെ പിന്തുടരുന്ന കവിയാണ് സച്ചിദാനന്ദന്‍.അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ കവിതകളും പരിഭാഷകളും ലേഖനങ്ങളും അഭിമുഖങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്.മലയാളകവിതയ്ക്ക് ധൈഷണികവും വൈകാരികവുമായ സമകാലികത നല്‍കുന്നതില്‍ ഇക്കാലമത്രയും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നു തന്നെ ഇപ്പോഴും ഞാന്‍ കരുതുന്നു.പക്ഷേ 2012 ജൂണ്‍ 10 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സച്ചിദാനന്ദന്‍ എഴുതിയ ബലി എന്ന കവിത എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.ഇത്രയും അനാത്മാര്‍ത്ഥമായും ഉപരിപ്ളവമായും വഞ്ചകമായും കവിതയോട് പെരുമാറിയ ഒരാള്‍ ഇനിയെഴുതുന്ന  കവിതകള്‍ മറ്റൊരു മനസ്സോടെയേ എനിക്ക് വായിക്കാനാവൂ.ആ ഒരു തിരിച്ചറിവ് സത്യത്തില്‍ എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു.
ടി.പി.ചന്ദ്രശേഖരന്‍ വധം ഒരു കവിയുടെ മനസ്സിനെ എങ്ങനെ സ്പര്‍ശിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല.കക്ഷി രാഷ്ട്രീയഭേദമന്യേ കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ അഗാധമായി വേദനിപ്പിച്ച ഒരു സംഭവം തന്റേതായ കാരണങ്ങളാല്‍,അ ല്ലെങ്കില്‍ മനോഘടനയുടെ പ്രത്യേകതകളാല്‍ ഒരു കവിയെ തീരെ സ്പര്‍ശിച്ചില്ലെന്ന് വരാം.അത് സംഭാവ്യമാണ്.അങ്ങനെയൊരാളുടെ മൌനത്തിനോ ,പരപ്രേരണയില്‍ നിന്ന് പിറവിയെടുക്കുന്ന എങ്ങും തൊടാത്ത വികാരപ്രകടനത്തിനോ ആരും ഒരു പ്രാധാന്യവും കല്പിക്കില്ല.പക്ഷേ, സാമൂഹ്യരാഷ്ടീയ ചലനങ്ങളോടെല്ലാം അപ്പപ്പോള്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രതികരിച്ചു പോരുന്ന ഒരു കവി ഈ സംഭവം വെളിപ്പെടുത്തുന്ന ക്ഷുദ്രവും ഭീകരവുമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം  സമര്‍ത്ഥമായി മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് കണ്‍ണ്ടില്ലെന്ന് നടിക്കാനാവില്ല.ഈ നരഹത്യയെ അതിന്റെ തല്‍ക്കാലപരിസരങ്ങളില്‍ അസംഗതമായ വിചാരങ്ങളോടും  വിമര്‍ശനങ്ങളോടും നിരീക്ഷണങ്ങളോടുമൊക്കെയായാണ് സച്ചിദാനന്ദന്‍ ചേര്‍ത്തു വെക്കുന്നത്.അങ്ങനെ അതിന്റെ ആഘാതത്തെ  പരിഹാസത്തിന്റെയും പരപുച്ഛത്തിന്റെയും ചതുപ്പുകളിലേക്കൊഴുക്കിക്കളഞ്ഞ ശേഷം നാടകീയതയും വൈകാരികതയും അവകാശപ്പെടാവുന്ന അന്ത്യത്തിലേക്ക് 'ബലി'യെ അദ്ദേഹം തന്ത്രപൂര്‍വം കൊണ്‍ണ്ടുചെന്നെത്തിക്കുന്നു.ആ കൈമിടുക്കില്‍ ഭംഗിയുണ്‍െണ്ടങ്കിലും അത് സത്യവും സംശുദ്ധിയുമുള്ള ഏര്‍പ്പാടല്ല.സകലരെയും വിഡ്ഡികളാക്കുന്ന സമര്‍ത്ഥമായൊരു സൂത്രപ്പണിയാണത്.
                                 
                                             ശവം എന്ന വാക്ക്
ഒരിക്കല്‍ മാത്രം ഒരാള്‍ക്കൂട്ടത്തിനിടയില്‍ വെച്ചുകണ്ട് രണ്ടോ മൂന്നോ വാക്ക് സംസാരിച്ച പരിചയം മാത്രമേ എനിക്കു ചന്ദ്രശേഖരനുമായിട്ടുള്ളൂ.അദ്ദേഹത്തിന്റെ പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല.അവരുടെ പ്രസിദ്ധീകരണത്തില്‍ ഞാന്‍ എഴുതിയിട്ടില്ല.ആ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലെ സത്യസന്ധമായ ജനകീയതയും ലാളിത്യവും ബോധ്യമുണ്ടായിരുന്നെങ്കിലും പുതിയ കേരളീയ സാഹചര്യത്തില്‍ വളരെ പ്രസക്തവും ഫലപ്രദവുമായിത്തീരുന്ന വ്യത്യസ്തവും നൂതനവുമായ സൈദ്ധാന്തിക നിലപാടുകള്‍ അതിനുണ്ട് എന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷേ, ചന്ദ്രശേഖരന്‍ വെട്ടിക്കൊലപ്പെടുത്തപ്പെട്ടപ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കൊപ്പം ഞാനും അഗാധമായി ദു:ഖിച്ചു.അത് പല കാരണങ്ങള്‍ കൊണ്ടാണെന്ന് ഇപ്പോഴെനിക്ക് ബോധ്യമുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാരണം ഒരാക്രമണവും സംഘടിപ്പിക്കാതെ, ഒരു പ്രകോപനവും സൃഷ്ടിക്കാതെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ച ഒരു മനുഷ്യന കൊല്ലുന്നത് ഒരു തരത്തിലും സഹിച്ചുകൊടുക്കാനാവാത്ത കുറ്റകൃത്യമാണ് എന്ന ബോധ്യമാണ്.മറ്റൊന്ന്  തികച്ചും ജനാധിപത്യപരമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തുകയും ജനകീയമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരാളെ തങ്ങള്‍ക്ക് വഴുങ്ങുന്നില്ല എന്ന ഒറ്റ കാരണത്താല്‍ അധ:സ്ഥിതര്‍ക്കു വേണ്ടി നിലകൊള്ളുന്നതായി ഭാവിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല ചെയ്യുന്നതിലെ ഭീകരമായ തി•യോര്‍ത്തുള്ള ഞെട്ടലാണ്.കൊല നടത്തിയ രീതിയുടെ പൈശാചികതയാവാം മറ്റൊരു കാരണം.എന്തായാലും തങ്ങള്‍ക്കിടയില്‍ ജീവനോടെ ഉണ്ടാവണം എന്ന് അദ്ദേഹത്തെ കുറിച്ച് കേട്ടറിവ് മാത്രമുള്ളവര്‍  പോലും ആഗ്രഹിച്ച ഒരു മനുഷ്യന്റെ , നേതാവിന്റെ പരിവേഷങ്ങളൊന്നുമില്ലാത്ത ഒരു നേതാവിന്റെ വധം സൃഷ്ടിച്ച വേദനയാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ അനുഭവിച്ചത്.ആ മനുഷ്യന്റെ മൃതശരീരത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവര്‍ ഒരിക്കലും ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത വാക്കാണ് ശവം എന്നത്.ശവം വലത്തോട്ട് തിരിഞ്ഞു കിടക്കുന്നു,ശവം ഇടത്തോട്ട് തിരിഞ്ഞു കിടക്കുന്നു,ശവം മുഖം പൊത്തുന്നു,ശവം കാത് പൊത്തുന്നു,ശവം നിലവിളിക്കുന്നു എന്നിങ്ങനെ എത്ര വട്ടമാണ് സച്ചിദാനന്ദന്‍ തന്റെ 'ബലി' എന്ന കവിതയില്‍ ശവം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്? താന്‍ ചന്ദ്രശേഖരന്‍ എന്ന പ്രത്യേക വ്യക്തിയുടെ കൊലപാതകത്തെ കുറിച്ചല്ല കവിത എഴുതിയത് എന്ന് സച്ചിദാനന്ദന് അനായാസമായി വാദിക്കാം.ഞാന്‍ ഇവിടെ നിര്‍വഹിക്കുന്നതു പോലുള്ള കവിതാവായനയെ അദ്ദേഹത്തിന് അനായാസമായി പുച്ഛിച്ചു തള്ളുകയും ചെയ്യാം.പക്ഷേ,2012 ജൂണ്‍ 5ന് ഒരു ആനുകാലിക പ്രസിദ്ധീകരണത്തിലൂടെ തങ്ങളുടെ മുന്നിലെത്തുന്ന ഒരു കവിത മലായാളികള്‍ വായിക്കുക ചന്ദശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തിലായിരിക്കും എന്ന വാസ്തവത്തെ ഒരു സാഹിത്യസിദ്ധാന്തം കൊണ്ടും അദ്ദേഹത്തിന് നിരാകരിക്കാനാവില്ല.തന്റെ ബലി എന്ന കവിതയിലെ ശവം എന്ന വാക്ക് അമ്പത്തൊന്ന് വെട്ടേറ്റ് മരിച്ച ഒരു മനുഷ്യന്റെ മൃതശരീരത്തിന്റെ ഓര്‍മ അവരിലുണര്‍ത്തരുത് എന്ന് പറയാന്‍ ആ കവിത എഴുതിയ ആള്‍ എന്ന നിലക്ക് മാത്രം സച്ചിദാനന്ദന് ഒരവകാശവുമില്ല.മരണശേഷവും ചന്ദ്രശേഖരനെ കുലംകുത്തി എന്നുവിളിച്ചവരുടെ കൂടെത്തന്നെയാണ് താന്‍ എന്നാണ് ബലിയില്‍ ആവര്‍ത്തിച്ച ശവം എന്ന വാക്കിലൂടെ സച്ചിദാനന്ദന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
                                                     കവിതയിലെ മൌനം
കുറ്റവാളിക്ക് വലിയ വാക്കുകളും മുഴക്കം തോന്നിക്കുന്ന പ്രസ്താവങ്ങളും കൊണ്ട് ഒളിത്താവളം ഒരുക്കിക്കൊടുത്തിരിക്കുന്ന കവിതയാണ് 'ബലി'.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായി സമസ്ത മലയാളികളെയുമാണ് കവി കാണുന്നത്.അവരുടെ ചിന്ത,അവരുടെ സൈദ്ധാന്തിക ലോകം,അവരുടെ സാഹിത്യനിരൂപണം,അവരുടെ ചര്‍ച്ചകള്‍,അവരുടെ വിമര്‍ശനം എല്ലാം ചേര്‍ന്നാണ് ഈ മനുഷ്യനെ കൊല ചെയ്തിരിക്കുന്നത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.
കേരളത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വന്ന ഹിംസാത്മകതയ്ക്കു പിന്നില്‍ ഈ സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബഹുവിതാനങ്ങളുള്ള ധാര്‍മികാപചയം കാരണമാണെന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.നമ്മുടെ രാഷ്ട്രീയ ദര്‍ശനം മുതല്‍ സാഹിതീയ ഭാവുകത്വം വരെയുള്ള സകലതിനെയും ബാധിച്ച നിശ്ചലതയും അധീരതയും ജീര്‍ണതയുമെല്ലാം ഈ സമൂഹം ഇത്തരത്തില്‍ ആയിത്തീരുന്നതിന് കാരണമായിട്ടുണ്ടാവും.അതുകൊണ്ട് ഒരു കൊലപാതകത്തിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് കേരളീയ സമൂഹത്തിലെ ഒരു വ്യക്തിക്കും ഒഴിഞ്ഞു മാറാനാവില്ലെന്ന് ആര്‍ക്കും വാദിക്കാം.വിശദാംശങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി സമകാലിക തമിഴ് സമൂഹത്തെ കുറിച്ചും ബീഹാറി സമൂഹത്തെ കുറിച്ചും ബങ്കാളി സമൂഹത്തെ കുറിച്ചുമെല്ലാം ഇതേ കാര്യം തന്നെ പറയാം.
ഈ കവിതയുടെ പ്രകരണത്തില്‍ ഉള്ളത് ഇങ്ങനെ വലിച്ചു നീട്ടി ഒരു ജനതയെ മുഴുവന്‍ കുറ്റപ്പെടുത്താവുന്ന ഒരു സംഭവമല്ല:ഒരു നീതീകരണവും സാധ്യമല്ലാത്ത നരഹത്യയാണ്.അത് ആര് ചെയ്തു എന്നതിനെ പറ്റി ചെയ്യിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല.ഇനിയും തെളിവുകള്‍ വരട്ടെ,എല്ലാം വ്യക്തമാവട്ടെ,കോടതിയില്‍ തെളിയിക്കപ്പെടട്ടേ എന്നെല്ലാം മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ രാഷ്ടീയ ഉദ്യോഗസ്ഥ•ാര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഔദാര്യം കാത്ത് കഴിയുന്നവര്‍ക്കും ഇനിയും എത്ര കാലം വേണമെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കാം.അതില്‍ അവര്‍ക്ക് ലജ്ജയോ കുറ്റബോധമോ തോന്നണമെന്നില്ല.പക്ഷേ,ഈ നിലപാടിന് സഹായകമാവുന്നതും അതിവ്യാപ്തികൊണ്ട് ഒരനുഭവത്തിന്റെ അര്‍ത്ഥത്തെ ശകലീകരിച്ച് നിര്‍വീര്യമാക്കുന്നതുമായ വ്യാഖ്യാനത്തിന്റെ മാര്‍ഗം ഒരു കവി സ്വീകരിക്കുന്നത് കവിത എന്ന മാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ തന്നെ മൊത്തത്തില്‍ സംശയാസ്പദമാക്കിത്തീര്‍ക്കുകയേ ഉള്ളൂ.
പാര്‍ട്ടി നിയോഗിച്ച താര്‍ക്കിക•ാര്‍ ടെലിവിഷന്‍ ചാനലുകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്ന നിരര്‍ത്ഥമായ വാദങ്ങളോട് കിടപിടിക്കുന്ന ഒന്നാണ് തന്റെ കവിതയില്‍ സച്ചിദാനന്ദന്‍ സ്വീകരിച്ച നിലപാട്.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുഴുവന്‍ കേരളജനതയും അവരുടെ രാഷ്ട്രീയവും  ബൌദ്ധികവും സര്‍ഗാത്മകവുമായ സകലമാന വ്യവഹാരങ്ങളും കാരണമാണെന്നല്ലോ അദ്ദേഹം പറഞ്ഞു വെക്കുന്നത്.യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന വലിയൊരു തുരങ്കം തീര്‍ത്തുകൊടുക്കലാണിത്.ഇത് നിസ്സാരമല്ലാത്ത ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്നു തന്നെ ഞാന്‍ കരുതുന്നു.
സാമര്‍ത്ഥ്യവും അതിലേറെ കാപട്യവും നിറഞ്ഞതായി അനുഭവപ്പെട്ട ഈ കവിതയിലെ
"വിട,പ്രകൃതിസുന്ദരവും സ്നേഹസുരഭിലവുമായ
ഈ സ്വര്‍ഗം വിട്ടു ഞാന്‍ നരകത്തിലേക്ക് യാത്രയാകുന്നു
ഉള്ളില്‍ അവശേഷിച്ച വെളിച്ചവുമായി
വീണ്ടും വരാം,മഹാബലിക്കൊപ്പം''
എന്ന അവസാനത്തെ നാലുവരിയിലെ തിളക്കം പോലും അത്രയും വരെയുള്ള അഭ്യാസത്തിന്റെ പൊടിപടലങ്ങളില്‍ മങ്ങിപ്പോവുന്നു.
'ബലി' വായിച്ച ഉടന്‍ കവിതാരൂപത്തില്‍ മനസ്സില്‍ വന്ന വരികള്‍ കൂടി കുറിച്ചിട്ട് ഈ ലേഖനം അവസാനിപ്പിക്കാം:
കൊല്ലപ്പെട്ട മനുഷ്യനെ നോക്കി ഞാന്‍
പല്ലിളിക്കുന്നു
കൊലപാതകിയെ നോക്കി ഞാന്‍
കണ്ണിറുക്കുന്നു
അക്ഷരം,ഭാഷ,ശവം,ഒരു ജനതയുടെ തോല്‍വി
എന്നൊക്കെ ഞാന്‍ പുലമ്പുന്നു
അസത്യത്തിന്റെ ആഘോഷത്തിന്
ആളെ കൂട്ടുന്ന കങ്കാണിയായി ഞാന്‍
ജോലിയേല്‍ക്കുന്നു
ഹിംസയുടെ മഹാപ്രഭുക്കള്‍ക്ക്
കവിതയെ ഞാന്‍ ബലി നല്‍കുന്നു.



Thursday, June 21, 2012

വെന്ത മണ്ണില്‍

ജനങ്ങളോട് ചേര്‍ന്നുനില്‍ക്കാത്ത എഴുത്തുകാര്‍ വളരെ പെട്ടെന്ന് അറുപഴഞ്ചന്മാരായിത്തീരുന്ന സവിശേഷമായൊരു ഭാവുകത്വാവസ്ഥ മലയാളത്തില്‍ നിലവില്‍ വന്നിരിക്കുന്നു.ഒരുപക്ഷേ വളരെ താത്കാലികം മാത്രമായിരിക്കാം ഈ മാറ്റം.അരാഷ്ട്രീയതയും യാഥാസ്ഥിതികത്വവും മേല്‍ക്കൈ നേടുന്ന പതിവുരീതി വൈകാതെ മടങ്ങി വന്നേക്കാം.
എഴുത്തുകാര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍  പൊതുജനം പ്രത്യേകമായ പരിഗണന നല്‍കും.അവരുടെ വാക്കുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്പിക്കും.തങ്ങളെ ആകമാനം പിടിച്ചു കുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ രാഷ്ട്രീയക്കാരെയോ  മാധ്യമപ്രവര്‍ത്തകരെയോ ഒരു പരിധിയിലധികം അവര്‍ വിശ്വാസത്തിലെടുക്കില്ല.എഴുത്തുകാര്‍ എന്തു പറയുന്നു എന്നറിയാനാണ് അപ്പോള്‍ അവര്‍ കൂടുതല്‍ ഔത്സുക്യം കാണിക്കുക.ഇത്തരം സന്ദര്‍ഭങ്ങളിലും ലോകത്തെ താന്താങ്ങളിലേക്ക് വെട്ടിച്ചുരുക്കുകയും സ്വന്തം നേട്ടങ്ങളെ ഉറപ്പുവരുത്തിക്കൊണ്ടു മാത്രം പൊതുപ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന എഴുത്തുകാരോടും ചിന്തകന് മാരോടും വായനക്കാര്‍ക്ക് പുച്ഛം തോന്നും.ഇക്കൂട്ടരൊക്കെ യഥാര്‍ത്ഥത്തില്‍ തങ്ങളെക്കാള്‍ വളരെ കുറഞ്ഞ ബോധനിലവാരമുള്ളവരാണെന്ന് അവര്‍ മനസ്സിലാക്കും.ടി.പി.ചന്ദ്രശേഖരന്‍ വധത്തിനെതിരെ നിശ്ശബ്ദത പാലിക്കുകയോ  തെളിവുകള്‍ വരട്ടെ,മുന്‍കൂട്ടി കുറ്റവാളികളെ പ്രഖ്യാപിക്കരുത്,മാധ്യമങ്ങള്‍ വിധി പ്രസ്താവിക്കരുത് എന്നിങ്ങനെയൊക്കെ കൊലപാതകികള്‍ക്ക് സഹായകമാവും  വിധത്തില്‍ ന്യായവാദങ്ങള്‍ നിരത്തുകകയോ ചെയ്ത മുഴുവനാളുകളുടെയും കാര്യത്തില്‍ ഇത് സംഭവിച്ചിട്ടുണ്ട്.താല്‍ക്കാലികമായി ജനങ്ങളുടെ പുച്ഛത്തിന് ഇരയായി  എന്ന ദുരനുഭവം മാത്രമല്ല ഇവര്‍ക്കുണ്ടായിരിക്കുന്നത്.മെയ് 4നുശേഷമുള്ള ഒന്നു രണ്ടാഴ്ചക്കാലം കൊണ്ട് മലയാളി അതിനു മുമ്പേ തന്നെ എത്തിച്ചേര്‍ന്ന ധൈഷണികതയുടെയും സാഹിത്യഭാവുകത്വത്തിന്റെയും നിലവാരത്തില്‍ നിന്ന് ഈ മഹാമതികള്‍  ദശകങ്ങള്‍ക്കു പിന്നിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.ജനങ്ങള്‍ക്ക് ഇനി അവരെ അങ്ങനെ മാത്രമേ കാണാനാവുകയുള്ളൂ.തങ്ങളെ അഗാധമായി വേദനിപ്പിച്ച ഒരു സംഭവം സാഹിത്യകാരനായ ഒരാളെ അല്പവും ബാധിക്കുന്നില്ല എന്നു കാണുമ്പോള്‍ അയാളുടെ ബൌദ്ധികനിലവാരത്തെയും ഭാവുകത്വത്തെയും സംവേദനശേഷിയെയുമെല്ലാം ജനങ്ങള്‍ സംശയിച്ചുപോവുക സ്വാഭാവികം മാത്രമാണ്.അങ്ങനെ ചെയ്യാതിരിക്കാന്‍ മാത്രം വൈകാരിക രക്തക്ഷയവും മരവിപ്പും ബാധിച്ചവരല്ല കേരളത്തിലെ സാധാരണ മനുഷ്യര്‍.
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ജനഹൃദയങ്ങളോടൊപ്പം സ്പന്ദിക്കാന്‍ കഴിയാതിരിക്കുക എന്നത് ആരുടെ കാര്യത്തിലായാലും അപാരമായ കഴിവുകേട് തന്നെയാണ്.നമ്മുടെ പ്രശസ്തരായ ചില എഴുത്തുകാരിലും ബുദ്ധിജീവികളിലും രാഷ്ട്രീയ നേതാക്കളിലും ഈ കഴിവുകേട് ഭയാനകമായ അളവിലുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ടത് ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നാണ്.കേരളത്തില്‍ കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയില്‍ നടന്ന മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചന്ദ്രശേഖരന്‍ വധം എന്ന് ജനങ്ങള്‍ മനസ്സിലാക്കിയത് മാധ്യമങ്ങളോ മാര്‍ക്സിസ്റ് പാര്‍ട്ടിക്കാരല്ലാത്ത മറ്റ് രാഷ്ട്രീയക്കാരോ അവരെ അങ്ങനെ ധരിപ്പിച്ചതുകൊണ്ടാണെന്ന് വിധിക്കുന്നത് പമ്പരവിഡ്ഡിത്തമാണ്.പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള വഞ്ചനാത്മകമായ പണിയാണ് രാഷ്ട്രീയമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കളില്‍ നല്ലൊരു ശതമാനവും.അവശേഷിക്കുന്ന ശുദ്ധന്മാരാണെങ്കില്‍ ജനങ്ങളുമായുള്ള ബന്ധത്തില്‍ ഒട്ടും സ്വാഭാവികതയും ആര്‍ജ്ജവവും പുലര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ പാര്‍ട്ടിയുടെ ഔപചാരികപ്രവൃത്തികളുടെ യാന്ത്രികതയ്ക്കുള്ളിലാണ്.ടി.പി.ചന്ദ്രശേഖരന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരാളാണെന്ന് അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.ആര്‍.എം.പിയിലെ തന്റെ പല സഹപ്രവര്‍ത്തകരെയും ആക്രമിച്ച് പ്രകോപനം സൃഷ്ടിച്ചിട്ടും ചന്ദ്രശേഖരന്‍ തിരിച്ചടിയുടെ വഴിയിലേക്ക് അണികളെ നയിച്ചില്ല.തികച്ചും ജനാധിപത്യപരമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി അദ്ദേഹം ജീവിച്ചു.അങ്ങനെയുള്ള ഒരാളെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച് അതിനിഷ്ഠൂരമായ രീതിയില്‍ കൊലപ്പെടുത്തിയതില്‍ സ്വാഭാവികമായി ഉണ്ടായ വേദനയും രോഷവുമാണ് വടക്കന്‍ കേരളത്തിലെ ജനമനസ്സില്‍ നിന്ന് അണപൊട്ടിയൊഴുകിയത്.കേരളത്തിന്റെ ഇതരഭാഗങ്ങളിലെ സാധാരണമനുഷ്യരും ആ വികാരങ്ങള്‍ പങ്കുവെച്ചു.
ചന്ദ്രശേഖരന്‍ വധം കേരളത്തിന്റെ ഭാവിയെ കുറിച്ചുതന്നെ വലിയ ആശങ്കകളുണര്‍ത്തുന്ന ഒരു സംഭവമാണ്.അഭിപ്രായസ്വാതന്ത്യ്രവും മറ്റ് ജനാധിപത്യാവകാശങ്ങളും പൂര്‍ണമായും ചവിട്ടി മെതിക്കപ്പെടുന്ന ഒരു ചരിത്രഘട്ടത്തിലൂടെ വളരെ വൈകാതെ കേരളജനതയ്ക്ക് കടന്നുപോവേണ്ടി വരുമോ?ഫാഷിസം പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും അഴിഞ്ഞാടുമോ?വിധേയത്വം ശീലമാക്കിയ വിഡ്ഡികളും സ്ഥാനമോഹികളുമായ ഒരു പറ്റം ആളുകള്‍ നമ്മുടെ സാംസ്കാരികരംഗം പൂര്‍ണമായും കയ്യടക്കുമോ? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും മാഫിയാസംഘങ്ങള്‍ ഐക്യപ്പെട്ട് രാഷ്ട്രീയരംഗത്ത് നീതിബോധത്തിന്റെ വെളിച്ചം അപ്പാടെ തല്ലിക്കെടുത്തുമോ? ഭയവും ഉല്‍ക്കണ്ഠയും വളര്‍ത്തുന്ന ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ 2012 മെയ് 4ാം തിയ്യതി രാത്രി മുതല്‍ ഇന്നാട്ടിലെ ജനലക്ഷങ്ങളുടെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
ഇതൊന്നും മനസ്സിലാക്കാനാവാതെ തങ്ങളുടെ അല്പത്വത്തിലും അഹന്തയിലും രാഷ്ട്രീയ യജമാനന് മാരോടുള്ള വിധേയത്വത്തിലും ആണ്ടുമുങ്ങി നിശ്ശബ്ദരായിക്കിടന്ന എഴുത്തുകാര്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പലതും പറഞ്ഞൊപ്പിച്ചിരിക്കാം.പക്ഷേ,സ്വന്തം മന:സാക്ഷിയുടെ പിറുപിറുപ്പുകള്‍ ഇപ്പോഴും അവരുടെ സ്വാസ്ഥ്യം കെടുത്തുന്നുണ്ടാവും.എ ഴുത്തുകാരെന്ന നിലയിലുള്ള തങ്ങളുടെ അഭിമാനത്തിന്റെ അന്ത:സാരശൂന്യതയയെ കുറിച്ചുള്ള ബോധ്യത്തിലേക്ക് ഉണരുന്നതില്‍ നിന്ന് സ്വയം തടഞ്ഞുനിര്‍ത്താനാവാതെ അവര്‍ കുഴങ്ങുന്നുണ്ടാവും.
എഴുത്തുകാരനോ എഴുത്തുകാരിയോ ആവാന്‍ വേണ്ടി എഴുതുന്നതിനു പകരം അവനവനെയും ലോകത്തെയും അഭിസംബോധന ചെയ്ത് ചില ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ ഉന്നയിക്കാനും ആധികളും ആശങ്കകളും രോഷവും പ്രതിഷേധവും ആഹ്ളാദവുമെല്ലാം ആവിഷ്ക്കരിക്കാനും മാത്രമായി എഴുതുക എന്ന നിലപാടിലെത്തുമ്പോഴേ ഒരാളുടെ എഴുത്ത് എഴുത്താവുന്നുള്ളൂ.അപ്പോഴേ അത് ലോകത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ പ്രസക്തമാവുന്നുള്ളൂ.മുതിര്‍ന്ന എഴുത്തുകാരുടെ ഭൃത്യന്മാ രും സേവകന്മാ രും ഉപജാപപങ്കാളികളുമൊക്കെ ആയിത്തീര്‍ന്നോ അല്ലെങ്കില്‍ അത്തരം പാതകങ്ങള്‍ക്കൊന്നും പുറപ്പെടാതെ തന്നെ എഴുത്തിന്റെ മാനേജ്മെന്റ് തന്ത്രങ്ങള്‍ പരിശീലിക്കാന്‍ കഠിനാധ്വാനം ചെയ്തോ  തങ്ങളുടെ സര്‍ഗാത്മക ജീവിതം പാഴാക്കിക്കളയുന്ന യുവ എഴുത്തുകാര്‍ ഈയൊരറിവിലേക്കാണ് ഉണരേണ്ടത്.അപ്പോഴേ അവര്‍ എഴുത്തുകാരാവൂ.സോമന്‍ കടലൂരിന്റെ 'വെന്ത മണ്ണില്‍' എന്ന കവിത അവരുടെ മാത്രമല്ല ഏറ്റവും പുതിയ എല്ലാ എഴുത്തുകാരുടെയും(പഴയവര്‍ ഇനി ഇത് വായിച്ചിട്ട് ഫലമില്ല)ശ്രദ്ധാപൂര്‍ണമായ വായന ഉദ്ദേശിച്ച് ഉദ്ധരിച്ച് ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.
"കവികളേ
നിങ്ങളുടെ കൂടാരത്തില്‍ നിന്ന്
എന്നെ ചവിട്ടിപ്പുറത്താക്കണേ...
ചിത്രകാരന്മാരേ നിങ്ങളുടെ സത്രത്തില്‍ നിന്ന്
എന്നെ വലിച്ച് പുറത്തിടണേ...
ആയിരം പൊയ്ക്കാലുകളില്‍
ആകാശവേദിയില്‍
ആരവങ്ങള്‍ക്കു നടുവില്‍
നിങ്ങളാദരിക്കപ്പെടുമ്പോള്‍
രണ്ടുകാലില്‍
പച്ചമണ്ണില്‍
വെന്തുനടക്കാന്‍
എന്നെയനുവദിക്കണേ...'
(മാതൃകാന്വേഷി മാസിക(ചെന്നൈ),ജൂണ്‍ 2012)




Monday, June 18, 2012

കവിതാഡയറി

53
ഓര്‍ക്കാപ്പുറത്തോടിക്കയറി വന്ന പേക്കിനാക്കള്‍
ഓരോരോ വഴിയേ പിരിഞ്ഞുപോയി
ഇപ്പോള്‍ വിവശതയുടെ വിളര്‍ത്ത ചന്ദ്രനു കീഴെ
എല്ലാ നിഴലുകളും പേടിപ്പെടുത്തുന്നു
ചോരയിറ്റുന്ന നാവുമായി ചെകുത്താന്മാര്‍
ചോദ്യങ്ങളും ഉത്തരങ്ങളുമായി ആര്‍ത്തട്ടഹസിക്കുന്ന
വേദിക്കു മുന്നില്‍
വിഡ്ഡിയുടെ തലയാട്ടവുമായി ഇരുന്നുകൊടുക്കാന്‍
വരിവരിയായി എത്തുന്ന ആള്‍ക്കൂട്ടത്തെ
കണ്ടു ഞാന്‍ അസ്തപ്രജ്ഞനാകുന്നു.  
17-6-2012


കവിതാഡയറി

52
മഴക്കാലം ആനന്ദത്തിന്റെ കാലമായിരുന്നത് കുട്ടിക്കാലത്താണ്
ഇപ്പോള്‍ അത് ആശങ്കകള്‍ പെയ്തൊഴിയാത്ത ദുരിതകാലമാണ്
വാര്‍പ്പ് ചോരുമോ?വാഴ പൊരിഞ്ഞു വീഴുമോ?
കൂടയുടെ ഓട് പറന്നുപോവുമോ?
കാറ് നനയുമോ?
ചാറ്റല്‍ വീണ് ജനല്‍ക്കമ്പികള്‍ തുരുമ്പെടുക്കുമോ?
ചുമരില്‍ വെള്ളം കുടിക്കുമോ?
പിന്നെയും പിന്നെയും നീളുന്നവേവലാതികള്‍ക്കിടയില്‍
'മഴക്കാലം എന്റെ ഇഷ്ടകാലം' എന്ന ഓര്‍മക്കുറിപ്പ്
എഴുതാനാവാതെ പോവുമോ?
17/6/2012

Saturday, June 9, 2012

മാഫിയാരാഷ്ട്രീയത്തിനെതിരെ പൊതുബോധത്തെ ഉണര്‍ത്തുക

സുഹൃത്തുക്കളേ,
ഏപ്രില്‍ അവസാനവാരത്തില്‍ ഒരു ദിവസമാണ് ശ്രീ.മാത്യു.ജെ.മുട്ടത്ത് ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യഅവാര്‍ഡ് എനിക്കാണെന്ന കാര്യം വിളിച്ചറിയിച്ചത്. വളരെ സന്തോഷത്തോടെയാണ് ആ വിവരം അന്ന് ഞാന്‍ കേട്ടത്.പക്ഷേ,അന്നത്തേതുമായി വിദൂരബന്ധം പോലുമില്ലാത്ത മാനസികാവസ്ഥയിലാണ് ഇന്ന് അല്പം മുമ്പ് ഈ അവാര്‍ഡ് ഞാന്‍ സ്വീകരിച്ചത്. അതിനുള്ള കാരണം ഇവിടെ കൂടിയിരിക്കുന്നവര്‍ക്കെല്ലാം അറിയാം.എന്റെ  പ്രസംഗം ഈ ചടങ്ങിന്റെ അവസാനഭാഗമാണ്.ഇത് കേരളത്തിലെ എത്രയോ ആയിരം മനുഷ്യര്‍ക്ക് വായനാ സാക്ഷരത നല്‍കിയ,അനേകായിരം സാധാരണ മനുഷ്യരെ പ്രണയത്തിന്റെ ആഹ്ളാദവും വേദനകളും അനുഭവിപ്പിച്ച, ഒരെഴുത്തുകാരന്റെ ഓര്‍മയെ ആദരിക്കുന്ന ചടങ്ങ് കൂടിയാണ്.കരാളമായൊരു നരഹത്യക്കു പിന്നിലെ രാഷ്ട്രീയത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഈ അവസരം ഉപയോഗിച്ചുകൂടാത്തതാണ് .അതുകൊണ്ടു തന്നെ അതിന് ഞാന്‍ മുതിരുന്നില്ല.മെയ് 4ന് രാത്രി വടകരക്ക് വളരെ അടുത്തുവെച്ച് വെട്ടിക്കൊലചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍ എന്ന ധീരനായ ജനനായകന്റെ ഓര്‍മക്കു മുന്നില്‍ ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
വായനയുടെ ആദ്യഘട്ടത്തില്‍ മുട്ടത്തുവര്‍ക്കിയുടെ കഥാലോകം തങ്ങള്‍ക്കു തന്ന അനുഭവങ്ങളെ ഗൃഹാതുരതയോടെ ഓര്‍മിക്കുന്നവരാണ് എന്റെ തലമുറയിലെ മിക്ക വായനക്കാരും.അദ്ദേഹത്തിന്റെ 132 കൃതികളില്‍ ഇണപ്രാവുകള്‍,തെക്കന്‍കാറ്റ്,മയിലാടും കുന്ന് എന്നിങ്ങനെ ഏതാനും നോവലുകളും ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ബാലസാഹിത്യകൃതിയും  മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.എല്ലാം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്.ദരിദ്രരും ലളിതചിത്തരുമായ നായികമാര്‍ പ്രണയത്തിന്റെ ഭാഗമായി അനുഭവിക്കുന്ന നൊമ്പരങ്ങള്‍, അവരുടെ ജീവിതപരിസരങ്ങളുടെ ഭാഗമായി എഴുത്തുകാരന്‍ വാക്കുകളില്‍ വരച്ചുവെച്ച ഗ്രാമപ്രകൃതിയുടെ ചില ദൃശ്യങ്ങള്‍ ഇത്രയുമാണ് അന്നത്തെ ആ വായനയുടെ ഓര്‍മയായി മനസ്സില്‍ ബാക്കി നില്‍ക്കുന്നത്.
ദാരിദ്യത്തിന്റെയും അനേകം ഇല്ലായ്മകളുടെയും ലോകത്തെ പ്രണയം കൊണ്ട് മധുരമനോഹരമാക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സാധാരണ മനുഷ്യരുടെ കഥ പ്രസാദപൂര്‍ണമായ ഭാഷയില്‍ സരളമായി അവതരിപ്പിച്ച എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി.സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ മനുഷ്യബന്ധങ്ങളില്‍ എങ്ങനെയൊക്കെ ഇടപെടുന്നുവെന്നത് മുട്ടത്തുവര്‍ക്കിയുടെയും അന്വേഷണ വിഷയമായിരുന്നു.'ഇണപ്രാവുകളി' ലൊരിടത്ത് എഴുത്തുകാരന്‍ തന്നെ പറഞ്ഞിരിക്കുന്നതുപോലെ  'ലോകത്തിന്റെതായ ധനതത്വശാസ്ത്രത്തെ അതിനേക്കാള്‍ എത്രയോ കരുത്തുള്ള സ്വന്തം സ്നേഹശാസ്ത്രം' കൊണ്ട് എതിരടുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.ഏതെങ്കിലും രാഷ്ട്രീയദര്‍ശനത്തിന്റെയോ അപഗ്രഥന സങ്കേതത്തിന്റെയോ പിന്‍ബലത്തോടെയല്ല മുട്ടത്തു വര്‍ക്കി പ്രശ്നങ്ങളെ സമീപിച്ചത്.പ്രണയാനുഭവത്തിന്റെ പരിസരങ്ങളിലാണ് സാമൂഹ്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെ അദ്ദേഹം അവതരിപ്പിച്ചത്.തന്റെ എഴുത്തിന്റെ സഞ്ചാരപഥമായി അദ്ദേഹം കണ്ടത് ദാര്‍ശനിക സമസ്യകളെയും രാഷ്ടീയ പ്രശ്നങ്ങളെയും ബുദ്ധികൊണ്ട് പിന്തുടരാത്ത സാധാരണ മനുഷ്യരുടെ ഹൃദയ വികാരങ്ങളെയും ദൈനംദിന ജീവിതാനുഭവങ്ങളെയുമാണ്.ഈ സമീപനം കൊണ്ടാണ് കഥാവസ്തുവിനെ  സങ്കീര്‍ണതകളേതുമില്ലാതെ അതീവലളിതമായി വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
മലയാളിസമൂഹം അനുഭവങ്ങളെയും അനുഭൂതികളെയും സ്വീകരിക്കുന്ന ഘടന കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയില്‍ ഒരുപാട് മാറിയിരിക്കുന്നു.നമ്മുടെ മൂല്യബോധത്തിലും ജീവിതസങ്കല്പങ്ങളിലും ഇതിനകം വന്നുചേര്‍ന്ന മാറ്റങ്ങള്‍ മുട്ടത്തുവര്‍ക്കിയുടെ രചനാലോകം സൃഷ്ടിക്കുന്ന മനോനിലയില്‍ നിന്നും എത്രയോ അകലെയാണ്.
ആശയങ്ങളുടെയും അനുഭൂതികളുടെയും ആവിഷ്ക്കാരവും വിനിമയവും ഉള്‍പ്പെടെയുള്ള എല്ലാ ജീവിത വ്യവഹാരങ്ങളെയും ആയാസരഹിതമാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന ഒരുപാട് വസ്തുക്കളും സൌകര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.പക്ഷേ, ജീവിത ത്തിലേക്ക് പുതിയ കാറ്റും വെളിച്ചവും വന്നെത്തുന്നുവെന്ന് ആശ്വാസം കൊള്ളാവുന്ന പരിസരം ഒരു വശത്ത് രൂപപ്പെടുമ്പോള്‍  മറുവശത്ത് പുതിയ പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും തിക്കിത്തിരക്കിയെത്തുന്നുണ്ട്.ബഹുരാഷ്ട് മൂലധനശക്തികളുടെയും അവരുടെ ഒത്താശക്കാരുടെയും വിപണിതാല്പര്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്കും സംസ്കാരത്തിനും മേല്‍ സാധിക്കുന്ന കടന്നാക്രമണങ്ങളുടെ ഭാഗമായി വിവിധ തലങ്ങളില്‍ രൂപം കൊള്ളുന്ന പ്രത്യക്ഷവും പരോക്ഷവുമായ സംഘര്‍ഷങ്ങള്‍,ഭരണകൂടസ്ഥാപനങ്ങളും സാമ്പത്തിക അധികാരകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന നാനാതരം തടസ്സങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സര്‍ക്കാരാപ്പീസുകളിലും വിപണിയിലുമെല്ലാം സംഭവിക്കുന്ന കൊടിയ നീതിനിഷേധങ്ങള്‍ ഇവയെയെല്ലാം നേരിടുന്നതിനുവേണ്ടിയാണ് നമ്മുടെ കാലത്തെ ഏറെക്കുറെ എല്ലാ മനുഷ്യരുടെയും ബൌദ്ധികവും മാനസികവുമായ ഊര്‍ജത്തിന്റെ മുക്കാല്‍ പങ്കും ചെലവഴിക്കപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനുള്ള ആലോചനകളിലേക്കും പ്രവൃത്തികളിലേക്കും തിരിയേണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം വലിയ സാമ്പത്തിക അധികാരകേന്ദ്രങ്ങളായി മാറുന്നതിലും പൊതുജീവിതത്തിന്റെ സമസ്തതലങ്ങളിലും തങ്ങളുടെ മേധാവിത്വം ഉറപ്പാക്കുന്നതിനുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള ഗോത്രപ്പോരിന്റെയും കുടിപ്പകയുടെയും മനോലോകങ്ങളിലേക്ക് അവര്‍ ജനങ്ങളെ വലിച്ചിഴക്കുന്നത് അതുകൊണ്ടാണ്. വാസ്തവത്തില്‍ ഇന്ന് നിലവിലുള്ളതിനേക്കാള്‍ എത്രയോ നവീകൃതവും പുരോഗമനപരവുമായ രാഷ്ട്രീയവും സാംസ്കാരികാന്തരീക്ഷവും നാം അര്‍ഹിക്കുന്നുണ്ട്.ജീവിതത്തിന്റെ ഭൌതികവും ആത്മീയവുമായ പരിസരങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുകഴിഞ്ഞതിനു ശേഷവും കുടുംബം മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വരെയുള്ള  സ്ഥാപനങ്ങളെ കുറിച്ചെല്ലാം പല ദശകങ്ങള്‍ പഴക്കമുള്ള സങ്കല്പങ്ങളെ മുറുകെ പിടിച്ച് കഴിയുന്ന വളരെ യാഥാസ്ഥിതികമായ സമൂഹമാണ് മലയാളികളുടേത്.
ഇത് മാറണമെങ്കില്‍ ആദ്യം അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കേണ്ടത് ജനജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന രാഷ്ട്രീയം എന്ന വ്യവഹാരത്തിനാണ്.
ദര്‍ശനത്തിന്റെ കാര്യത്തില്‍ തികച്ചും നിരക്ഷരരോ അങ്ങേയറ്റം ഉദാസീനരോ ആയ നേതാക്കളുടെ ബഹുവിതാനങ്ങളിലുള്ള അഴിമതികള്‍,സ്വതന്ത്രമായ ചിന്തയ്ക്കും പ്രവൃത്തിക്കുമെതിരായി അവര്‍ നടത്തുന്ന നീചമായമായ അധികാരപ്രയോഗങ്ങള്‍,അധോ ലോകപ്രമാണികളെ പോലെ പെരുമാറുന്ന നേതാക്കളുടെ നിര്‍ദ്ദേശാനുസരണം നടപ്പിലാക്കപ്പെടുന്ന ഭയങ്കരമായ ഹിംസാത്മകവൃത്തികള്‍ ഇവയൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സ്വാഭാവികഭാഗമാണെന്ന് കരുതേണ്ടുന്ന ഗതികേടിലാണ് നാം.ഈ വക കാര്യങ്ങളിലെല്ലാം വലതുപക്ഷത്തോട് മത്സരിക്കുന്ന,ചിലപ്പോള്‍ അവരെ ബഹുദൂരം പിന്നിലാക്കുന്ന ഇടതുപക്ഷമാണ് നമുക്കുള്ളതെന്നത് കാര്യങ്ങളെ കൂടുതല്‍ ഭയാനകമാക്കിത്തീര്‍ക്കുന്നു.ജനങ്ങളുടെ അറിവോടെയല്ലാതെ എന്നാല്‍ അവരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി നിര്‍വഹിക്കുന്ന ബഹുമുഖമായ ഭീകരപ്രവര്‍ത്തനമായി മാറുന്ന രാഷ്ട്രീയം ഒരു ജനതയ്ക്കും ആവശ്യമില്ല.ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പൊതുബോധം ഉണരുക എന്നതാണ്  ഇന്നത്തെ നമ്മുടെ അടിയന്തിരാവശ്യം. മതങ്ങളും മതാധിഷ്ഠിതമോ മതപ്രീണനപരമോ ആയ രാഷ്ട്രീയവും വിദ്യാഭ്യാസത്തിലും സംസ്കാരത്തിന്റെ ഇതരമേഖലകളിലും നടത്തുന്ന അധികാരപ്രയോഗങ്ങള്‍ക്കെതിരായ ചെറുത്തുനില്പും അത്രയും തന്നെ ഗൌരവം കല്പിച്ച് ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്.ഇത്തരം ഉത്തരവാദിത്വങ്ങളെ സമൂഹത്തിന്റെ സജീവശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കാനുണ്ട് എന്നു ഞാന്‍ കരുതുന്നു.
സാഹിത്യം ഒരു ജനതയുടെ അപ്പപ്പോഴത്തെ രാഷ്ട്രീയധാരണകളെയും അഭിപ്രായ രൂപീകരണത്തെയും സ്വാധീനിച്ചുകൊണ്ടേയിരിക്കണം എന്ന് നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല.അനുഭവങ്ങളുടെ അദൃശ്യതലങ്ങളിലെ ചെറുതും വലുതുമായ വൈകാരിക ചലനങ്ങളാണ് മിക്കപ്പോഴും സാഹിത്യത്തിന് സ്വന്തമായുള്ള ഇടം.എഴുത്ത് ആ ഒരു തലത്തിലെത്തുമ്പോഴാണ് എഴുതുന്നയാള്‍ ആവിഷ്ക്കാരത്തിന്റെ ആനന്ദം ശരിയായ അളവില്‍ അനുഭവിക്കുന്നത്.ബാഹ്യലോകത്തിന്റെ ആരവങ്ങളില്‍ നിന്നകന്ന് സ്വന്തം ആത്മാവിന്റെ ശബ്ദങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അനുഭവിക്കാനാവുന്ന ആത്മസംതൃപ്തിയ്ക്കും അഭിമാനത്തിനും എല്ലാ എഴുത്തുകാരും വലിയ മൂല്യം കല്പിക്കുന്നുണ്ട്.പക്ഷേ,സമൂഹത്തിന് പുറത്ത് സുരക്ഷിതമായ ഏതോ ഉളിത്താവളത്തിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ആത്മവിസ്മൃതിയിലെത്തുന്നതിന് സമാനമായ ഒരു പ്രവൃത്തിയാണ് സാഹിത്യരചന എന്ന നിലപാട് ഒരു ഘട്ടത്തിലും എനിക്ക് സ്വീകാര്യമായി തോന്നിയിട്ടില്ല. ഞാന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആധികളും ആത്മീയാവശ്യങ്ങളും എന്റെ എഴുത്തില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഒളിഞ്ഞും തെളിഞ്ഞും നാനാരൂപഭാവങ്ങളില്‍ പ്രതിബിംബിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
എഴുത്തുകാരന് ലഭിക്കുന്ന സാമൂഹ്യാംഗീകാരത്തിന്റെ പൊതുസമ്മതമായ ഒരു രൂപമാണ് അവാര്‍ഡ്.താരതമ്യേന വളരെ നിരുപദ്രവമായ ഒരു രൂപം.തനിക്ക് ലഭിച്ചതോ ലഭിക്കാനിടയുള്ളതോ ആയ ഏതെങ്കിലും അവാര്‍ഡ് എഴുത്തുകാരനെ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്ന് ഞാന്‍ കരുതുന്നില്ല.അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അയാളുടെ സ്വാര്‍ത്ഥതയും ഭീരുത്വവും ആര്‍ജവമില്ലായ്കയും മാത്രമായിരിക്കും അതിന് കാരണം.അവാര്‍ഡിനേക്കാള്‍ എത്രയോ ശക്തമായി എഴുത്തുകാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റ് പല ഘടകങ്ങളും എഴുത്തിന്റെ പരിസരങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.സന്ദര്‍ഭം ഇണങ്ങുന്നതല്ലെന്നതുകൊണ്ട് അത്തരം കാര്യങ്ങളുടെ വിശദീകരണത്തിലേക്ക് ഞാന്‍ കടക്കുന്നില്ല.2012ലെ മുട്ടത്ത് വര്‍ക്കി അവാര്‍ഡ് എനിക്ക് നല്‍കിയ മുട്ടത്തു വര്‍ക്കി സ്മാരകട്രസ്റിനോടും അവാര്‍ഡ് സമര്‍പ്പണം നര്‍വഹിച്ച ശ്രീ.ശ്രീകുമാരന്‍ തമ്പിയോടും ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരോടും ഈ ചടങ്ങിന്റെ സംഘാടകരായ വടകരയിലെ ബോധി എന്ന സംഘടനയുടെ പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു.
(മെയ് 28ന് വടകര ടൌണ്‍ഹാളില്‍ വെച്ച് 21-ാമത് മുട്ടത്തുവര്‍ക്കി അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗം)