Pages

Tuesday, January 21, 2014

ആം ആദ്‌മി ആലോചനകള്‍

വര്‍ഗം എന്ന പരികല്‌പനയുടെ അപൂര്‍ണതയും അപര്യാപ്‌തതയും നേരത്തേ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയതാണ്‌.ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ അത്തരത്തിലുള്ള ആലോചനകളെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്‌.കേരളീയ ജീവിതത്തിലാണെങ്കില്‍ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളെ വേണ്ടും വണ്ണം വിശകലനം ചെയ്യുന്നതിന്‌ ഒട്ടും തന്നെ സമര്‍ത്ഥമല്ലാതായിത്തീര്‍ന്നിട്ടുണ്ട്‌ വര്‍ഗം എന്ന ആശയം.ഇന്നാട്ടിലെ തൊഴിലാളികളില്‍ ഗണ്യമായ ഒരു വിഭാഗം അവരുടെ തന്നെ പല നടപടികളിലൂടെയും ജീവിതപരിസരങ്ങളില്‍ സംഭവിച്ചു കഴിഞ്ഞ പല മാറ്റങ്ങളിലൂടെയും അടിസ്ഥാനവര്‍ഗത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പല സ്വഭാവവിശേഷങ്ങളും കൈമോശം വന്നവരായിത്തീര്‍ന്നിരിക്കയാണ്‌.നേരിട്ട്‌ അധ്വാനശേഷി വിറ്റ്‌ ഉപജീവനം നേടുന്നവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ മാനസികമായി തൊഴിലാളികളല്ല.അവരില്‍ ഒരു വിഭാഗം പല തരത്തിലുള്ള ഏജന്‍സി പണികള്‍ ചെയ്യുന്നവരാണ്‌.കുറച്ചു പേര്‍ ഭാഗികമായി തൊഴിലാളികളും വ്യാപാരിസമൂഹത്തില്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നവരുമാണ്‌.തങ്ങളുടെതിന്‌ തുല്യമോ തങ്ങളെക്കാള്‍ മോശമായതോ ആയ സാമ്പത്തിക സ്ഥിതിയിലുള്ളവരെ ചൂഷണം ചെയ്യുന്നതിലും വഞ്ചിക്കുന്നതിലും നിന്ദിക്കുന്നതിലും അവരില്‍ പലര്‍ക്കും  യാതൊരു മടിയുമില്ല.
തൊഴില്‍ ദാതാക്കളുടെ താല്‌പര്യങ്ങള്‍ തൊഴിലാളികളുടെതിന്‌ കടകവിരുദ്ധമായി അവര്‍ കേവലം ചൂഷകരും മര്‍ദ്ദകരുമായി മാത്രം നിലകൊള്ളൂന്ന അവസ്ഥ കേരളത്തില്‍ നന്നേ കുറവാണ്‌.ഇവിടെ തൊഴിലെടുപ്പിക്കുന്നവരില്‍ ചെറുതല്ലാത്ത ഒരു വിഭാഗം തൊഴിലാളികളേക്കാള്‍ അല്‌പം മാത്രം മെച്ചപ്പെട്ട അവസ്ഥയില്‍ ഉള്ളവരാണ്‌.അതേ സമയം സംസ്ഥാനത്ത്‌ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അനേകലക്ഷം തൊഴിലാളികളില്‍ പാതിയ്‌ിലേറെ പേര്‍ താഴ്‌ന്ന ഇടത്തരം കച്ചവടക്കാരെയും ചെറുകിട മുതലാളിമാരെയുംകാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുന്ന സുരക്ഷിത വിഭാഗത്തില്‍ പെടുന്നവരുമാണ്‌.കൂലിപ്പണിക്കാരും ചെറുകിട വ്യാപാരികളും സ്വന്തം നിലക്ക്‌ ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോവുന്നവരും ഒക്കെയാണ്‌ ഇന്നാട്ടിലെ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും.രണ്ടറ്റവും കൂട്ടിമുട്ടിക്കാനാനാവാതെ വിഷമിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ അവരുടെയൊക്കെ ജീവിതത്തില്‍ സാധാരണമാണ്‌.അതിനു പക്ഷേ മുതലാളിമാര്‍ നേരിട്ട്‌ ഉത്തരവാദികളാവുന്നത്‌ ഏതാനും ചില മേഖലകളില്‍ മാത്രമാണ്‌.ഭരണകൂടം ഈ തൊഴിലാളികളുടെ കാര്യങ്ങളില്‍ കടുത്ത അലംഭാവം പുലര്‍ത്തുന്നു എന്നതാണ്‌ യഥാര്‍ത്ഥ പ്രശ്‌നം, ജീവിതച്ചെലവില്‍ ഉണ്ടാവുന്ന വന്‍ വര്‍ധനവ്‌,തൊഴിലിന്റെ സാധ്യതയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍,തൊഴിലുമായോ തൊഴിലുപകരണങ്ങളുമായോ ബന്ധപ്പെട്ട്‌ ഇടക്കിടെ ഉണ്ടാവുന്ന അനുബന്ധച്ചെലവുകള്‍ ഇവയൊക്കെ തൊഴിലാളികളെ രൂക്ഷമായി ബാധിക്കാറുണ്ട്‌.ഈ പ്രശ്‌നങ്ങള്‍ പക്ഷേ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിച്ച്‌ സമരം ചെയ്യുന്ന അവസ്ഥയിലേക്ക്‌ തൊഴിലാളികളെ എത്തിക്കുന്നില്ല.സാമ്പത്തികമായി അവശതയും ദുരിതങ്ങളും അനുഭവിക്കുന്നവര്‍ തന്നെ വര്‍ഗബോധത്തിന്റെയും വര്‍ഗതാല്‌പര്യങ്ങളുടെയും കാര്യത്തില്‍ പല തട്ടിലാണെന്നതാണ്‌ വാസ്‌തവം.തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്നവരായി ഭാവിച്ചും നേതൃത്വത്തിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്നവരെ അതിരില്ലാത്ത വിധേയത്വത്തിലൂടെ പ്രീണിപ്പിച്ചും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ അധികാരകേന്ദ്രങ്ങളായി മാറിയവരില്‍ തൊണ്ണൂറ്‌ ശതമാനവും വന്‍കിടസാമ്പത്തിക ശക്തികളുമായി ചേര്‍ന്ന്‌ വ്യാപാരം നടത്തുന്നതിലും അതിനു സാധ്യതയില്ലെങ്കില്‍ അവരുടെ ഒത്താശക്കാരായി ധനം സമ്പാദിക്കുന്നതിലും അതീവ തല്‌പരരാണെന്ന്‌ തൊഴിലാളികള്‍ക്കറിയാം.ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്റെ പ്രായോഗിക പാഠങ്ങളാണ്‌ അടിസ്ഥാന വര്‍ഗത്തില്‍ പെടുന്നവര്‍ ഈ നേതാക്കളില്‍ നിന്ന്‌ പഠിക്കുന്നത്‌.വ്യക്തികളെന്ന നിലയില്‍ നേതാക്കള്‍ നല്‍കുന്ന മാതൃകയില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രശ്‌നം.സഹകരണത്തിന്റെ രാഷ്ട്രീയം,വികസനത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെയൊക്കെയുള്ള പേരുകളില്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കി തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ കമ്യൂണിസ്റ്റുകാര്‍ തന്നെ ദശകങ്ങളായി പിന്‍നിരയിലേക്ക്‌ തള്ളിക്കൊണ്ടിരിക്കയാണ്‌.ഇനി അതിനെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയാക്കി മാറ്റാന്‍ അവര്‍ക്കു പോലും സാധ്യമാവില്ല.
ആഗോളവല്‍ക്കരണം അനേകം പുതിയ തൊഴില്‍മേഖലകള്‍ സൃഷ്ടിക്കുകയും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന അവസ്ഥയിലേക്ക്‌ ചെറിയ ഒരു വിഭാഗം തൊഴിലാളികളെ ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌.വിദേശ തൊഴിലാളികളുടെ എണ്ണത്തിലും അവരില്‍ നിന്ന്‌ വര്‍ഷം തോറും സംസ്ഥാനത്തേക്ക്‌ ഒഴുകിയെത്തുന്ന പണത്തിലും കഴിഞ്ഞ രണ്ടുമൂന്ന്‌ ദശകങ്ങള്‍ക്കുള്ളില്‍ വന്‍വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.ഇതൊക്കെ കേരളത്തിലെ തൊഴില്‍ സംസ്‌കാരത്തെയും തൊഴിലാളികളുടെ മൂല്യസങ്കല്‌പങ്ങളെയും വന്‍തോതില്‍ മാറ്റി മറിച്ചിട്ടുണ്ട്‌.അരപ്പട്ടിണിക്കാരനായി പാടത്തോ തൊഴില്‍ശാലയിലോ എല്ലുമുറിയെ പണിയെടുക്കുകയും നിത്യപട്ടിണിക്കാരനായി ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ ചിത്രം സിനിമയിലോ നാടകത്തിലോ ഒന്നും അവതരിപ്പിക്കാന്‍ പറ്റാതായിട്ടുണ്ട്‌.അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക്‌ കുറച്ചെങ്കിലും വിശ്വാസ്യത ലഭിക്കണമെങ്കില്‍ അവര്‍ ആദിവാസികളിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ചില വിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം.ദാരിദ്ര്യം പാടേ തുടച്ചുനീക്കപ്പെട്ട ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം എന്നല്ല പറഞ്ഞു വരുന്നത്‌.ഇന്നാട്ടിലെ ദാരിദ്യത്തിന്റെ അളവിലും തരത്തിലുമെല്ലാം സാരമായ മാറ്റങ്ങള്‍ വന്നു ചേര്‍ന്നിട്ടുണ്ട്‌.മദ്യത്തിനു വേണ്ടി ദിവസവും നൂറ്‌ രൂപയെങ്കിലും ചെലവാക്കിയില്ലെങ്കില്‍ ഉറക്കം വരാത്ത ലക്ഷക്കണക്കിന്‌ തൊഴിലാളികളാണ്‌ ഇവിടെയുള്ളത്‌.ബീവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന്‌ മാസം തോറും വിറ്റുപോവുന്നത്‌ എട്ടും ഒന്‍പതും പത്തും കോടിരൂപയുടെ മദ്യമാണ്‌.ഇത്‌ വാങ്ങുന്നവരില്‍ എഴുപത്‌ ശതമാനമെങ്കിലും സാധാരണ തൊഴിലാളികളാണ്‌.ഇവരെ പഴയ മട്ടില്‍ മര്‍ദ്ദിതരും ചൂഷിതരും പൊട്ടിച്ചെറിയാന്‍ വില
ങ്ങുകള്‍ മാത്രമുള്ളവരുമായി കണക്കാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയില്ല.
കേരളത്തില്‍ ഉയര്‍ന്നു വരേണ്ട പുതിയ രാഷ്ട്രീയ സംസ്‌കാരത്തെ കുറിച്ച്‌ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടത്തെ തൊഴിലാളികളുടെ ഭൗതിക സാഹചര്യങ്ങളിലും മാനസികജീവിതത്തിലും വന്നു ചേര്‍ന്ന മാറ്റങ്ങളെയെല്ലാം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്‌.
20/1/14 

ആം ആദ്‌മി ആലോചനകള്‍

അധികാരപ്രയോഗത്തില്‍ ഏത്‌ ജാതിയിലും മതത്തിലും വര്‍ഗത്തിലും പെട്ട ആളുകള്‍ വലിയ അളവില്‍ താല്‌പര്യം പ്രകടിപ്പിച്ചുവരുന്നുണ്ട്‌.ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഓഫീസര്‍ മാത്രമല്ല പ്യൂണും അവിടെ എത്തുന്ന സാധാരണ മനുഷ്യരോട്‌ വളരെ മോശമായി പെരുമാറിയോക്കാം.ബസ്‌ജീവനക്കാര്‍,ഓട്ടോഡ്രൈവര്‍മാര്‍,വ്യാപാരികള്‍,പോലീസുദ്യോഗസ്ഥന്മാര്‍,ഡോക്ടര്‍മാര്‍ എന്നിവരൊക്കെ താന്താങ്ങളുടെ അധികാരപ്രയോഗം വഴി മാനസികമായി തളര്‍ത്തിയ അനുഭവം പലര്‍ക്കും പങ്കുവെക്കാനുണ്ടാവും.ഏത്‌ മേഖലയിലായാലും സാധാരണക്കാര്‍ക്ക്‌ ഉന്നതാധികാരികളില്‍ നിന്ന്‌ മാന്യമായ പെരുമാറ്റവും പരിഗണനയും ലഭിക്കുക അപൂര്‍വമാണ്‌.അധികാരത്തിന്റെ സര്‍വവ്യാപിത്വത്തിന്നെതിരെ മുഴുവന്‍ ജനങ്ങളെയും ജാഗ്രത്താക്കി നിര്‍ത്തിയാലേ ജനാധിപത്യം അര്‍ത്ഥവത്താവുകയുള്ളൂ.
അനാവശ്യവും തീര്‍ത്തും അനീതിപൂര്‍വകവുമായ ചെറുതും വലുതുമായ എല്ലാവിധ അധികാരപ്രയോഗങ്ങള്‍ക്കുമെതിരായ ബോധവല്‍ക്കരണം വലിയൊരു സാമൂഹ്യാവശ്യമാണ്‌.ഭരണരംഗത്തെ ഉന്നതന്മാര്‍ തങ്ങള്‍ വിശേഷാധികാരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അവകാശപ്പെട്ടവരല്ല എന്ന്‌ ജനങ്ങളെ അറിയിക്കുന്നത്‌ പ്രാരംഭഘട്ടത്തിലെ വലിയൊരു ബോധവല്‍ക്കരണ പ്രവൃത്തിയാണ്‌.അരവിന്ദ്‌ കേജ്‌രിവാള്‍ അടക്കമുള്ള ദല്‍ഹിയിലെ മന്ത്രിമാര്‍ മാതൃകാപരമായ രീതിയിലാണ്‌ അത്‌ നിര്‍വഹിച്ചത്‌.
19/1/2014 

Saturday, January 18, 2014

ആം ആദ്‌മി ആലോചനകള്‍

സന്നദ്ധ സംഘനാ പ്രവര്‍ത്തകര്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ഇടം നേടി അതിന്റെ രാഷ്ട്രീയത്തെ തന്നെ ഇല്ലായ്‌മ ചെയ്യുമോ എന്ന സംശയം പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌.എനിക്കേതായാലും അങ്ങനെയൊരു ഭയം തല്‍ക്കാലത്തേക്കെങ്കിലും ഇല്ല.അതേ സമയം സന്നദ്ധ സംഘടനാ രാഷ്ട്രീയത്തെ പറ്റി ഒട്ടുവളരെ സംശയങ്ങള്‍ ഉണ്ടുതാനും.
തങ്ങളുടെ സാമ്പത്തിക സ്രോതസ്സ്‌ ഇന്നതാണെന്നും ഇത്ര തുക ഇന്നിന്ന ഇനങ്ങളില്‍  ചെലവഴിച്ചു എന്നും ഒരു സന്നദ്ധ സംഘട
യും വെളിപ്പെടുത്തി വരുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.ഒരാവശ്യം ഉന്നയിച്ച്‌ പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റും സംഘടിപ്പിക്കുകയും ചെറിയ ഒരു കാലയളവിനു ശേഷം എന്തുകൊണ്ടെന്നില്ലാതെ അവ നിര്‍ത്തിവെക്കുകയും ചിലപ്പോള്‍ ആ മുദ്രാവാക്യം തന്നെ പാടേ ഉപേക്ഷിച്ച മട്ടില്‍ ദീര്‍ഘകാലത്തേക്ക്‌ മൗനം പാലിക്കുകയും ചെയ്യുന്നതില്‍ സന്നദ്ധ സംഘടനകള്‍ വൈമുഖ്യം കാണിക്കാറില്ല.തങ്ങള്‍ ചെയ്‌തു വരുന്ന കാര്യങ്ങള്‍ക്ക്‌ ഫലപ്രദമായ ഒരു തുടര്‍ച്ച വേണം എന്ന നിഷ്‌ക്കര്‍ഷ സന്നദ്ധ സംഘടനകള്‍ക്ക്‌ എന്തുകൊണ്ടാണ്‌ ഇല്ലാതെ പോവുന്നത്‌?അവിശുദ്ധ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അവിടെ നിന്ന്‌ അനുവദിക്കപ്പെടുന്ന ധനവുമാണ്‌ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തെ നിയന്തിക്കുന്നത്‌ എന്ന ആരോപണം ശരിയാണെന്ന സംശയം ശക്തമായി ജനിപ്പിക്കും വിധമാണ്‌ തങ്ങളുടെ പ്രവര്‍ത്തനമെന്ന്‌ അവര്‍ അറിയാതെ പോവുക യാണോ? അല്ല വാസ്‌്‌തവം അതാണെന്നതുകൊണ്ട്‌ അവര്‍ക്ക്‌ പൊതുസമൂഹത്തെ മറ്റൊന്ന്‌ ബോധ്യപ്പെടുത്താന്‍ സാധ്യമാവാതെ വരികയാണോ?
ഏറ്റവും ന്യായമായ ഒരു മുദ്രാവാക്യം തന്നെ ചില ഘട്ടങ്ങളില്‍ മാത്രം ഉയര്‍ത്തുകയും ആ മുദ്രാവാക്യം കുറേക്കൂടി പ്രസക്തമായി അനുഭവപ്പെടുന്ന മറ്റൊരു സന്ദര്‍ഭം വരു മ്പോള്‍ തികഞ്ഞ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നതിനെ ആര്‍ക്കാണ്‌ സംശയിക്കാതിരിക്കാനാവുക?
വിദ്യാഭ്യാസമേഖലയിലും തൊഴിലിടങ്ങളിലും മറ്റും 
നിലനില്‍ക്കുന്ന വലിയ അനീതികള്‍ക്കു നേരെ മുഖം തിരിഞ്ഞു നില്‍ക്കുക,ആരുടെയും അധികാരത്തെയും നടപടികളെയും ചോദ്യം ചെയ്യാത്തതും ആരുടെ ജീവിതത്തിലും വിശേഷിച്ചൊരു മാറ്റമുണ്ടാക്കാത്തതുമായ സംഗതികളെ പറ്റി ഉച്ചത്തില്‍ സംസാരിക്കുക,ആഹാരം,വസ്‌്‌ത്രം,പാര്‍പ്പിടം,പഠനം ,സഞ്ചാരം തുടങ്ങിയവുമായി ബന്ധപ്പെട്ട സ്വന്തം ജീവിതവ്യവഹാരങ്ങളില്‍ പൊതുസമൂഹത്തിന്റേതില്‍ നിന്ന്‌ അല്‌പവും വ്യത്യസ്‌തമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകകയും
അതേ സമയം അത്തരം നിലപാടുകളുടെ ഫലമായി ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തൊട്ട്‌ മൂല്യച്യുതി വരെയുള്ള സംഗതികളെ പറ്റി വാചാലരാവുകയും ചെയ്യുക എന്നിങ്ങനെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ മേല്‍ ആരോപിക്കാവുന്ന സംഗതികള്‍ പലതാണ്‌.
തങ്ങള്‍ ഇടപെടുന്ന പ്രശ്‌നങ്ങളെ പറ്റി സമഗ്രമായി പഠിക്കുന്നതിലും അവയെ കുറിച്ചുള്ള സ്വന്തം നിലപാടുകള്‍ വിശദീകരിക്കുന്നതിലും അവര്‍
പൊതുവേ ഉദാസീനരാണ്‌.മാധ്യമപരിചരണത്തിലും പരസ്യത്തിലും മറ്റും പ്രദര്‍ശിപ്പിക്കുന്ന അത്രയും താല്‌പര്യം പ്രവൃത്തിയില്‍ അവര്‍ പുലര്‍ത്തുന്നുണ്ടോ എന്ന്‌ ചോദിച്ചു പോവുന്ന സന്ദര്‍ഭങ്ങള്‍ എത്രയോ ഉണ്ട്‌.സാമാന്യജനങ്ങള്‍ സ്വന്തം
 ജീവിതപരിസരങ്ങളെയും തങ്ങള്‍ക്ക്‌  അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെയും കുറിച്ച്‌ സ്വരൂപിക്കുന്ന ധാരണകള്‍ പൂര്‍ണവും കൃത്യവുമായിക്കൊള്ളണമെന്നില്ല.പല വിധ ബാഹ്യസ്വാധീനങ്ങളും സമ്മര്‍ദ്ദങ്ങളും ആശയ നിര്‍മിതികളും അവരുടെ അവധാരണത്തെ സ്വാധീനിക്കുന്നുണ്ടാവുമെന്നതില്‍ സംശമില്ല.അതുകൊണ്ടു മാത്രം അവര്‍ അപ്പാടെ വിഡ്ഡികളും രാഷ്ട്രീയമായും സാംസ്‌കാരികമായും നിരക്ഷരും ആണെന്ന്‌ സങ്കല്‌പിച്ച്‌ അവരോട്‌ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതിന്‌ നീതീകരണം സാധ്യമാവില്ല.മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വെച്ചുപുലര്‍ത്തുന്ന ധിക്കാരവും ധാര്‍ഷ്ട്യവും ഏതാണ്ട്‌ അതേ അളവില്‍ പല സന്നദ്ധ സംഘടനാ പ്രവര്‍ത്തകരിലും കാണാം.അറിവിന്റെ അധികാരികളായി ഭാവിച്ച്‌ ലോകത്തെ പഠിപ്പിക്കാനിറങ്ങുന്ന ഇക്കൂട്ടരുടെ അഹങ്കാരം പലപ്പോഴും അസഹ്യം തന്നെയാണ്‌.
സന്നദ്ധ സംഘടനാ സംസ്‌കാരം എന്ന അസുഖകരമായ  യാഥാര്‍ത്ഥ്യം നിലവിലുണ്ട്‌ എന്നതുകൊണ്ടു മാത്രം നമ്മുടെ സമൂഹത്തിലെ എല്ലാ പുരോഗമന നടപടികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അവകാശം മുഖ്യധാരാരാഷ്ട്രീയക്കാര്‍ക്കാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.ജനജീവിത പ്രശ്‌നങ്ങളില്‍ സുതാര്യമായി ഇടപെട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം ആം ആദ്‌മി പാര്‍ട്ടി ഇപ്പോള്‍ തന്നെ ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്‌.അതിനെ കരുതലോടെ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അത്‌ നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഗുണപരമായ ഒട്ടുവളരെ മാറ്റങ്ങളുണ്ടാക്കും.
കുറിപ്പ്‌:
'ആം ആദ്‌മി ആലോചനകള്‍' എന്നതുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആലോചനകള്‍ എന്നല്ല അര്‍ത്ഥമാക്കുന്നത്‌.ആം ആദമി എന്ന പ്രയോഗം ഇതിനകം തന്നെ മലയാളമായിക്കഴിഞ്ഞു.സാധാരണ മനുഷ്യന്‍ എന്നതാണ്‌ അതിന്റെ അര്‍ത്ഥമെന്ന്‌ രാഷ്ട്രീയ ധാരണകള്‍ വളരെ പരിമിതമായിരിക്കുന്നവര്‍ പോലും മനസ്സിലാക്കി കഴിഞ്ഞു.ഒരു സാധാരണമനുഷ്യന്റെ ആലോചനകള്‍ എന്ന അര്‍ത്ഥം തന്നെയാണ്‌ ഈ കുറിപ്പിന്റെ ശീര്‍ഷകത്തിന്‌ ഉള്ളത്‌.
18/1/14 

Thursday, January 16, 2014

ആം ആദ്‌മി ആലോചനകള്‍

ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നത്‌ സംബന്ധിച്ചുള്ള എന്റെ കഴിഞ്ഞ കുറിപ്പിന്‌ രണ്ട്‌ ദിവസത്തിനകം ലഭിച്ചത്‌ അഞ്ഞൂറിലധികം പേജ്‌ വ്യൂസ്‌ ആണ്‌.സാധാരണയായി ഒരു ദിവസം ശരാശരി 20-25 പേജ്‌ വ്യൂസ്‌ മാത്രം ഉണ്ടായിക്കൊണ്ടിരുന്നിടത്താണ്‌ ഈ അത്ഭുതം സംഭവിച്ചത്‌.മറ്റ്‌ വിഷയങ്ങള്‍ സംബന്ധിച്ച്‌ ഞാനെഴുതുന്ന ഒരു കുറിപ്പിനോടോ കവിതയോടോ താല്‌പര്യം പ്രകടിപ്പിക്കുന്നതിന്റെ പത്തിരട്ടി ആളുകളെയാണ്‌ ആ കുറിപ്പ്‌ ആകര്‍ഷിച്ചത്‌.രണ്ട്‌ കാര്യങ്ങളാണ്‌ അതില്‍ നിന്ന്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.ഒന്ന്‌: ആം ആദ്‌മി പാര്‍ട്ടി വലിയൊരു ജനകീയ വികാരമായി വളരുകയാണ്‌.രണ്ട്‌:രാഷ്ട്രീയമാണ്‌ ഇന്നാട്ടിലെ ജനങ്ങളെ ഏറ്റവും ആഴത്തില്‍ സ്‌പര്‍ശിക്കുന്ന വിഷയം.
ആം ആദ്‌മിയില്‍ ചേരാനുള്ള എന്റെ തീരുമാനത്തിന്‌ ഫോണ്‍വഴിയും അല്ലാതെയും ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന്‌ മറ്റ്‌ ചില കാര്യങ്ങള്‍ കൂടി എനിക്ക്‌ ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.അവയും അക്കമിട്ടെഴുതാം.
1.നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും അവയുടെ അനുഭാവികളും കടുത്ത യാഥാസ്ഥിതികരും അവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഫ്യൂഡല്‍ മനോഭാവങ്ങള്‍ മുറുകെ പിടിക്കുന്നവരുമാണ്‌.
2.പാര്‍ട്ടി ബോധത്തിനല്ലാതെ ജനാധിപത്യബോധത്തിന്‌ ഇന്നാട്ടില്‍ വേരോട്ടമുണ്ടായിട്ടില്ല.
3.പാര്‍ട്ടി കൂറ്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ഉള്ളതിനേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ്‌ മുതല്‍ മുസ്ലീംലീഗ്‌ വരെയുള്ള വലതുപക്ഷ പാര്‍ട്ടിക്കാര്‍ക്കാണ്‌ ഉള്ളത്‌.പാര്‍ട്ടിയുടെയും നേതാക്കളുടെയും നടപടികളെ ചെറിയ അളവിലെങ്കിലും വിമര്‍ശനബുദ്ധിയോടെ കാണാന്‍ സി.പി.ഐ(എം)ലെ ചെറിയ ഒരു വിഭാഗം ആളുകള്‍ തയ്യാറാണ്‌.വലതുപക്ഷ പാര്‍ട്ടിക്കാരില്‍ അത്തരമൊരു സമീപനം മിക്കവാറും ഇല്ല.നേതാക്കളില്‍ ചിലരെ അധിക്ഷേപിക്കാനും ഗ്രൂപ്പ്‌ തിരിഞ്ഞ്‌ വിമര്‍ശിക്കാനും ആവേശം കാണിക്കുമെങ്കിലും പാര്‍ട്ടി എന്ന സ്ഥാപനത്തോടുള്ള അവരുടെ കൂറ്‌ കുറേക്കൂടി ശക്തമാണ്‌.
4.ആം ആദ്‌മി പാര്‍ട്ടിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും ബാധിക്കുമെങ്കിലും അത്‌ കൂടുതല്‍ നഷ്ടം വരുത്തുന്നത്‌ ഇടത്‌ മുന്നണിക്കായിരിക്കും.കാരണം കോണ്‍ഗ്രസ്സിലെയും ലീഗിലെയും കേരളാ കോണ്‍ഗ്രസ്സിലെയും തൊണ്ണൂറ്റൊമ്പത്‌ ശതമാനം ആളുകളും സ്വന്തം പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിച്ചുകളയാം എന്ന്‌ ആലോചിക്കുന്നതേയില്ല.താന്താങ്ങളുടെ പാര്‍ട്ടിയില്‍ ഏതളവില്‍ തിന്മ അടിഞ്ഞുകൂടിയാലും അവര്‍ക്ക്‌ പ്രശ്‌നമല്ല.
5.ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുത്തേ പറ്റൂ അല്ലെങ്കില്‍ രാജ്യത്തിന്‌ വന്‍നാശം സംഭവിക്കും എന്ന വികാരം പൊതുവെ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്‌.
6.രാഷ്ട്രീയത്തിലും ജനകീയപ്രശ്‌നങ്ങളില്‍ പൊതുവെയും ഏറ്റവും ഉദാസീനരായിട്ടുള്ള വിഭാഗം അധ്യാപകരാണ്‌.മറ്റ്‌ സര്‍ക്കാര്‍ ജീവനക്കാരിലും താല്‌പര്യരാഹിത്യം പ്രകടമാണ്‌.
7.ചിട്ടപ്പടി രാഷ്ട്രീയത്തിന്‌ അപ്പുറം കടക്കുന്നതിനെ കടുത്ത അപരാധമായി കാണുന്നവര്‍ മാര്‍ക്‌സിറ്റുകാര്‍ക്കിടയില്‍ മാത്രമല്ല അവരില്‍ നിന്ന്‌ തെറ്റിപ്പിരിഞ്ഞു പോയവരിലും ധാരാളമായുണ്ട്‌.ഒരു ഘട്ടത്തില്‍ മാര്‍ക്‌സിസത്തോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ച ഒരു വ്യക്തിയുടെ ചിന്തകള്‍ മറ്റൊരു ഘട്ടത്തില്‍ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്‌ അപ്പുറത്തേക്ക്‌ കടക്കാവുന്നതാണെന്നും ആ മാറ്റം ബഹുജന സമക്ഷം അവതരിപ്പിക്കാന്‍ അയാള്‍ക്ക്‌ സ്വാതന്ത്രയമുണ്ടൈന്നുമുള്ള കാര്യം അവര്‍ക്ക്‌ ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല.
8.ആം ആദ്‌മി പാര്‍ട്ടിയോട്‌ ഏറ്റവും കൂടിയ അളവില്‍ വൈകാരികമായ അടുപ്പം കാണിക്കുന്നത്‌ യുവജനങ്ങളാണ്‌.
9.പ്രത്യയശാസ്‌ത്രം,രാഷ്ടീയ ദര്‍ശനം തുടങ്ങിയ സംഗതികള്‍ ആം ആദ്‌മി പാര്‍ട്ടിക്കില്ല എന്ന്‌ കരുതുന്ന ഒരുപാട്‌ പേരുണ്ട്‌.ഈ വക പദങ്ങളെ കൊണ്ട്‌ തങ്ങള്‍ ഉദ്ദേശിക്കുന്നതിന്‌ അപ്പുറത്ത്‌ ഒന്നും അര്‍ത്ഥമാക്കിക്കൂടാ എന്ന്‌ വാശിപിടിക്കുന്നവരാണ്‌ അവര്‍.ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ആം ആദ്‌മി പാര്‍ട്ടിക്കാരെ എളുപ്പത്തില്‍ തോല്‍പ്പിക്കാം എന്ന കടുത്ത ആത്മവിശ്വാസമുള്ള പ്രതയശാസ്‌ത്ര വിദഗ്‌ധരുണ്ട്‌.അങ്ങനെ ആരെയെങ്കിലും തോല്‍പ്പിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന്‌ ഇനിയും അവര്‍ തിരി
ച്ചറിഞ്ഞിട്ടില്ല 
10.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ആം ആദ്‌മിപാര്‍ട്ടിയെ വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന നൂറ്‌ കണക്കിന്‌ ആളുകളുണ്ട്‌.ഈ പാര്‍ട്ടിയുടെ മുന്നിലുള്ള ഉത്തരവാദിത്വങ്ങള്‍ ഭാരിച്ചതാണ്‌.
15/1/2014 

Monday, January 13, 2014

ഈ താല്‍ക്കാലിക പ്രതിഭാസം ജയിക്കട്ടെ

'ആം ആദ്‌മി പാര്‍ട്ടിയെ പറ്റി എന്തു പറയുന്നു?' എന്ന പത്രപ്രവര്‍ത്തകനായ രാധാകൃഷ്‌ണന്‍ പട്ടാന്നൂരിന്റെ ചോദ്യത്തിന്‌ 'ആ പാര്‍ട്ടിയില്‍ ഒരു ആം മെമ്പറായി ചേരാന്‍ ഉദ്ദേശിക്കുന്നു'എന്നു ഞാന്‍ മറുപടി പറഞ്ഞു.അതിന്‌ ചെറിയ ഒരു വിശദീകരണവും നല്‍കി.
അതിന്റെ തുടര്‍ച്ചയാണ്‌ ഈ കുറിപ്പ്‌.
'ആം മെമ്പര്‍' എന്നതുകൊണ്ട്‌ സജീവ പ്രവര്‍ത്തകനാവാന്‍ ഉദ്ദേശമില്ലാത്ത സാദാ മെമ്പര്‍ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.സജീവ പ്രവര്‍ത്തനത്തിന്‌ സമയവും സമര്‍പ്പണസന്നദ്ധതയും ആരോഗ്യവും വേണം.മൂന്നിന്റെയും കാര്യത്തില്‍ ദരിദ്രനാണ്‌ ഞാന്‍.
ഇനി 'എന്തുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടി?' എന്ന്‌ വിശദീകരിക്കാം.
ഇന്ത്യന്‍ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലാണിന്ന്‌ .അഴിമതി അധികാരത്തിന്റെ സ്വാഭാവിക ഭാഗമാണ്‌ എന്ന്‌ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെടും വിധത്തിലുള്ള പ്രവര്‍ത്തന ശൈലിക്ക്‌ അനുവാദം മാത്രമല്ല അളവറ്റ പിന്തുണയും നല്‍കിപ്പോരുന്ന പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍. കോണ്‍ഗ്രസ്‌.ആരംഭം മുതല്‍ക്കേ അഴിമതിക്കാര്‍ നേതൃത്വത്തിലുണ്ടായിരുന്നെങ്കെിലും ആഗോളവല്‍ക്കരണ കാലം മുതല്‍ക്കാണ്‌ കോഗ്രസ്സിന്റെ നിലപാട്‌ ഇത്രമേല്‍. വഷളായത്‌.രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്മാര്‍ തൊട്ട്‌ നാട്ടിന്‍ പുറത്തെ ബ്ലെയിഡ്‌കാര്‍ വരെ ഉള്ളവരെ പ്രീണിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ അഴിമുതി മുക്തമായ അവസ്ഥ ഇനി സാധ്യമാവില്ല.
അഴിമതി മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം.സ്വാതന്ത്ര്യാനന്തര കാലത്ത്‌ പല മേഖലകളിലും വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭരണകൂട സംവിധാനങ്ങളെ രാജ്യത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്ക്‌ അനുകൂലമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്‌ ഗവണ്മെന്റുകളുടെ ഭാഗത്തു നിന്ന്‌ നന്നേ ചെറിയ തോതിലേ ഉണ്ടായിട്ടുള്ളൂ.അതു കാരണം ഏറ്റവും അടിത്തട്ടിലെ തൊഴിലാളികള്‍,ദളിതര്‍,ആദിവാസികള്‍,പല സംസ്ഥാനങ്ങളിലെയും മത ന്യൂനപക്ഷങ്ങളിലെ ദരിദ്രര്‍ എന്നിവരുടെ ജീവിതത്തില്‍ വളരെ നിസ്സാരമായ അളവിലേ മുന്നേറ്റങ്ങളുണ്ടായിട്ടുള്ളൂ.
അടിത്തട്ടിലെ എല്ലാ വിഭാഗങ്ങളിലും പെടുന്ന മനുഷ്യരുടെ എല്ലാ തലങ്ങളിലുമുള്ള മോചനം ലക്ഷ്യമാക്കി രൂപം കൊണ്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ആദ്യഘട്ടത്തില്‍ വളരെ മാതൃകാപരവും ഗംഭീരവുമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയത്‌.അവരുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലങ്ങള്‍ കേരളത്തിലെയും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലെയും ലക്ഷക്കണക്കിന്‌ മനുഷ്യരെ ഫ്യൂഡല്‍ അടിമത്വത്തില്‍ നിന്നും മുതലാളിത്ത ചൂഷണങ്ങളില്‍ നിന്നും ഗണ്യമായ അളവില്‍ രക്ഷിച്ചിട്ടുണ്ട്‌.അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്‌.പക്ഷേ,പാര്‍ട്ടിക്കുള്ളിലെ അധികാരഘടനയില്‍ നിന്ന്‌ രൂപം കൊണ്ടതും വലുതും ചെറുതുമായ നേതാക്കളിലെ വലിയൊരു വിഭാഗത്തെ ബാധിച്ചതുമായ അധികാരപ്രമത്തതയും ധാര്‍ഷ്ട്യവും സ്വയം പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായി രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളായ സി.പി.എംലും സി.പി.ഐയിലും ഭീഷണമായ അളവില്‍ വളര്‍ന്നു വന്നിട്ടുണ്ട്‌.ഈ പാര്‍ട്ടികളില്‍ നിന്ന്‌ വിശേഷിച്ചും സി.പി.എം ല്‍ നിന്ന്‌ തെറ്റിപ്പിരിഞ്ഞു വന്നവര്‍ പലപ്പോഴായി രൂപം നല്‍കിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും അവയുടെ ആന്തര ഘടനയിലും പ്രവര്‍ത്തന ശൈലിയിലും കാര്യമായ മാറ്റമൊന്നും വരുത്തിയില്ല.ഇതിനു പുറമെ പുതിയ കാലത്തെ അഭിമുഖീകരിക്കാനാവും വിധത്തില്‍ സ്വന്തം ദര്‍ശനത്തെ നവീകരിക്കുന്ന കാര്യത്തില്‍ ആര്‍.എം.പി ഉള്‍പ്പെടെ എല്ലാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമുള്ള കടുത്ത ഉദാസീനത അവരെ മൊത്തത്തില്‍ കാലഹരണപ്പെട്ടവരാക്കിത്തീര്‍ക്കുന്നുമുണ്ട്‌.അധികാരത്തിലിരുന്ന രാജ്യങ്ങളിലെല്ലാം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി കടുത്ത ജനവിരുദ്ധശക്തിയായി മാറുകയാണുണ്ടായത്‌.ഈ ചരിത്രാനുഭവത്തില്‍ നിന്ന്‌ ഒരു പാഠവും പഠിക്കാത്തവരില്‍ നിന്ന്‌ വിശേഷിച്ചൊന്നും നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല.അതിവിപുലമായ ചരിത്രബോധമുള്ളവര്‍ എന്ന്‌ അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ക്ക്‌ സ്വന്തം ചരിത്രത്തെ പറ്റി പോലും വിമര്‍ശനാത്മകബോധം രൂപപ്പെടുത്താനാവുന്നില്ലെന്നത്‌ ദയനീയമായൊരു വസ്‌തുതയാണ്‌.
കോണ്‍ഗ്രസ്സും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളും കഴിഞ്ഞാല്‍ പിന്നെയുള്ളത്‌ ബി.ജെ.പിയാണ്‌.ഹിന്ദു വര്‍ഗീയഭീകരന്മാരുടെ കൂടാരമെന്നതില്‍ കവിഞ്ഞ്‌ അത്‌ ഒന്നുമല്ല.കേന്ദ്രത്തില്‍ അധികാരം ലഭിച്ചാല്‍ അത്‌ അതിഭയങ്കരമായ ഒരു ഫാസിസ്റ്റ്‌ശക്തിയായി രാജ്യത്തെ നശിപ്പിക്കുമെന്നതില്‍ സംശയമില്ല.ബി.ജെ.പി കൂടി കഴിഞ്ഞാല്‍ ന്യൂനപക്ഷ വര്‍ഗീയ കക്ഷികളും പ്രാദേശിക കക്ഷികളും അധികാരമൊഴിച്ച്‌ മറ്റ്‌ ലക്ഷ്യങ്ങളൊന്നുമില്ലാത്ത പാര്‍ട്ടികളുമൊക്കെയാണ്‌ ഉള്ളത്‌.ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും അവരോടൊന്നും സന്ധിയാനാവില്ല.
രാഷ്ട്രീയ പ്രവര്‍ത്തനം കടുത്ത ബലംപിടുത്തവും അധികാര ഗര്‍വിന്റെ പ്രയോഗവും പ്രത്യയശാസ്‌ത്രനാട്യത്തിന്റെ മടുപ്പിക്കുന്ന പ്രകടനവും ഒന്നും ആകേണ്ട കാര്യമില്ല.ആം ആദ്‌മി പാര്‍ട്ടി അത്‌ തെളിയിച്ചു കഴിഞ്ഞു.സ്വതന്ത്രവും സുതാര്യവും ലളിതവും തികച്ചും ജനകീയവുമായ രാഷ്ട്രീയപ്രവര്‍ത്തന ശൈലിയെ സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ ഇപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി മാത്രമേ ഉള്ളൂ.ആം ആദ്‌മി പാര്‍ട്ടി ഒരു താല്‍ക്കാലിക പ്രതിഭാസമാകാം.സ്ഥിരം പ്രതിഭാസങ്ങള്‍ അവയുടെ അധികാരഗര്‍വും മുഷ്‌കും അഴിമതിയോടുള്ള അനുകൂലമനോഭാവവും ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഈ താല്‍ക്കാലിക പ്രതിഭാസം തന്നെ രക്ഷ.
അനുബന്ധം
13/1/2014
ഞാന്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നു എന്ന പത്രവാര്‍ത്ത വന്നതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ പലതും വിചിത്രമാണ്‌.അധികാരം നേടാനുള്ള സൂത്രപ്പണി നടത്തിയിരിക്കുന്നു എന്ന അധിക്ഷേപമാണ്‌ എന്നെ വിളിച്ച മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അനുഭാവികളില്‍ നിന്ന്‌ ഉണ്ടായത്‌.പാര്‍ട്ടിയില്‍ ചേരുന്നത്‌ കാര്യലാഭത്തിനു വേണ്ടിയാണ്‌ എന്നതിലപ്പുറമുള്ള ഒരു ചിന്തയും അവര്‍ക്ക്‌ സാധ്യമാവുന്നില്ലെന്ന്‌ അര്‍ത്ഥം.അല്‌പം കൂടി ആലോചിച്ചിട്ട്‌ മതിയായിരുന്നു എന്ന്‌ പറഞ്ഞവരും ഈ തീരുമാനം എന്നെ പ്രതികൂലമായി ബാധിക്കും എന്ന്‌ പറഞ്ഞവരും ഇത്‌ പരിഹാസ്യമാണ്‌,കേരളത്തിന്റെ സാഹചര്യത്തില്‍ ആം ആദ്‌മി പാര്‍ട്ടി അഴിമതിക്കാരുടെ മറ്റൊരു കൂടാരം മാത്രമേ ആവാനിടയുള്ളൂ എന്ന്‌ പറഞ്ഞവരും ഉണ്ട്‌.അവരുടെയൊന്നും അഭിപ്രായങ്ങളെ ഞാന്‍ നിസ്സാരമാക്കി തള്ളുന്നില്ല.എല്ലാവരോടുമായി പറയാനുള്ളത്‌ ഇത്രയുമാണ്‌: ഒരാള്‍ ഒരു പാര്‍ട്ടിയില്‍ ചേരുന്നതിനെ അത്ര വലിയ സംഭവമായി കാണാനൊന്നുമില്ല.മതം പോലും ഇഷ്ടം പോലെ സ്വീകരിക്കാവുന്നതും മാറാവുന്നതും ആണെന്ന്‌ തെളിയിച്ച ആളുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌.പാര്‍ട്ടി ഒരു ആജന്മ ബാധ്യതയായിരിക്കണം എന്ന വാശി അനാവശ്യമാണ്‌.പാര്‍ട്ടികള്‍ വഴി ചെറുതോ വലുതോ ആയ എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളവര്‍ക്ക്‌ അത്‌ ഏത്‌ പാര്‍ട്ടിയായാലും ഏത്‌ സാഹചര്യത്തിലും അതിനെ അനുകൂലിച്ച്‌ നിലകൊള്ളേണ്ടിവരും.അല്ലാത്ത ഒരാള്‍ക്ക്‌ അങ്ങനെയൊരു പ്രശ്‌നമില്ല.പിന്നെ ദീര്‍ഘ വിക്ഷണത്തോടെ ദീര്‍ഘകാലാടിസ്ഥാനങ്ങളുള്ള ലക്ഷ്യങ്ങളുമായി വലിയ അച്ചടക്കത്തോടും പ്രത്യയശാസ്‌ത്ര ദാര്‍ഢ്യത്തോടും കൂടി പ്രവര്‍ത്തിക്കുന്നതായി ഭാവിക്കുന്ന പാര്‍ട്ടികളുടെ പോലും അവസ്ഥ എല്ലാവര്‍ക്കും അറിയാം.കുറ്റം ആ പാര്‍ട്ടികളുടേതു മാത്രമല്ല.കാലം മാറിയിരിക്കുന്നു.രാഷ്ട്രീയത്തിന്‌ പുതിയ ദിശാബോധവും ശൈലിയും ആവശ്യമായിരിക്കുന്നു.

Friday, January 10, 2014

കണ്ടെടുക്കാത്ത പറുദീസകള്‍

പുതുമകള്‍ പലതുമുള്ള കൗതുകകരമായൊരു പുസ്‌തകമാണ്‌ 'കണ്ടെടുക്കാത്ത പറുദീസകള്‍'.ആസാം,അരുണാചല്‍ പ്രദേശ്‌,നാഗാലാന്റ്‌,മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ കള്‍ച്ചറല്‍ കൊളീഗ്‌സ്‌ എന്ന പേര്‌ സ്വീകരിച്ചിരിക്കുന്ന പത്തോളം കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുപ്പത്തിയേഴ്‌ പേരുടെ സംഘം നടത്തിയ യാത്രയുടെ അനുഭവവിവരണങ്ങള്‍,ഫോട്ടോകള്‍, ചിത്രങ്ങള്‍ എന്നിവയുടെ സമാഹാരമാണിത്‌.വി.അബ്ദുള്‍ ലത്തീഫ്‌ എഡിറ്റ്‌ ചെയ്‌തിരിക്കുന്ന പുസ്‌കത്തിന്റെ പ്രസാധകര്‍ കോഴിക്കോട്ടെ പ്രോഗ്രസ്‌ പബ്ലിക്കേഷനാണ്‌.ചിത്ര എന്ന കുട്ടി വരച്ച 'സീറോയിലെ ലോഡ്‌ജ്‌' എന്ന രേഖാചിത്രമാണ്‌ 'കണ്ടെടുക്കാത്ത പറുദീസകളി'ലെ ആദ്യരചന.
ഡോ.കെ.എസ്‌.വാസുദേവനാണ്‌ ഇങ്ങനെയൊരു കൂട്ടായ്‌മയും യാത്രയും പുസ്‌തകവും സാധ്യമാക്കിയതെന്ന്‌ അബ്ദുള്‍ ലത്തീഫ്‌ 'ഒരു യാത്ര,പല അനുഭവങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ആമുഖത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.യാത്രാസംഘത്തിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും പെയിന്റിങ്ങും കവിതയും ഉള്‍പ്പെടെ പുസ്‌്‌തകത്തിന്റെ ഉള്ളടക്കം മൊത്തത്തില്‍ ആകര്‍ഷകമാണ്‌.ഉമ്മര്‍ ടി.കെയുടെ 'നാഗാലാന്റിലെ മാര്‍ക്കറ്റ്‌' വിവരങ്ങളുടെ പുതുമ കൊണ്ടും മുഹമ്മദ്‌ റാഫിയുടെ 'ഓര്‍മയിലെ നദിദ്വീപ്‌' ഭാഷയുടെ മികവ്‌ കൊണ്ടും പ്രത്യേകം ശ്രദ്ധേയമായി തോന്നി.ആസാമില്‍ യാത്രാസംഘത്തിന്റെ മുഖ്യ ആതിഥേയനായിരുന്ന ബിപുല്‍ റേഗന്‍ എന്ന കവിയെ കുറിച്ച്‌ കവി പി.എന്‍.ഗോപീകൃഷ്‌ണന്‍ എഴുതിയ ലേഖനവും ബിപുല്‍ റേഗനുമായി അബ്ദുള്‍ ലത്തീഫ്‌ നടത്തിയ അഭിമുഖവും പുസ്‌തകത്തിലുണ്ട്‌.
'യഥാര്‍ത്ഥത്തില്‍ യാത്രകള്‍ സ്വയം തിരിച്ചറിയാനുള്ള ഉപാധി കൂടിയാണ്‌.നമ്മുടെ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും ഒരു പോലെ തിരിച്ചറിയപ്പെടുന്ന അവസരം.ഓരോ യാത്രകളും നമ്മത്തന്നെ മാറ്റിത്തീര്‍ക്കുന്നവയും കൂടിയാണ്‌.അതുവരെ ജീവിച്ച ജീവിതമല്ല പിന്നീടുള്ളത്‌' എന്ന്‌ 'യാത്രയുടെ പെണ്ണനുഭവം' എന്ന ലേഖനത്തില്‍ കലിത എഴുതിയത്‌ തീര്‍ച്ചയായും ശരിയാണ്‌.യാത്ര കേവലം അനുഭവം എന്ന അവസ്ഥ വിട്ട്‌ ഒരു വിശ്വാസപ്രമാണം തന്നെ ആയിത്തീരുന്ന കാലമാണിത്‌.മതവും രാഷ്ട്രീയവും മാത്രമല്ല കലയും മനുഷ്യന്റെ ഏറ്റവും പുതിയ മാനസികാവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വലിയൊരളവോളം പരാജയപ്പെടുകയും അവയ്‌ക്കെല്ലാം പകരമായി യാത്ര ഏറ്റവും വിശ്വസനീയവും സൗന്ദര്യപൂര്‍ണവും ജീവിതപ്രചോദകവുമായ ആത്മീയ/പ്രത്യയശാസ്‌ത്ര അനുഭവമായിത്തീരുകയും ചെയ്യുന്നു എന്ന തോന്നലില്‍ വളരെയേറെ പേര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ ജീവിതാവസ്ഥയുടെ മലയാളത്തിലെ ആദ്യത്തെ അടയാളപ്പെടുത്തലാണിത്‌.ഇതിനു മുമ്പ്‌ ഭാഷയിലുണ്ടായ യാത്രാവിവരണങ്ങളുടേതില്‍ ന്‌ിന്നെല്ലാം വ്യത്യസ്‌തമാണ്‌ ഈ പുസ്‌്‌തകം നിര്‍വഹിക്കുന്ന ധര്‍മം.

ചില ദൈവവിചാരങ്ങള്‍

1
ദൈവം ശലഭത്തെ പോലെയാണെന്നും
പടര്‍ന്നു പന്തലിച്ച മാമരത്തെ പോലെയാണെന്നും
ശാന്തമായ തടാകം പോലെയാണെന്നും
കളകളം പാടുന്ന കാട്ടാറ്‌ പോലെയാണെന്നും
താങ്കള്‍ പറയുന്നു
ദൈവം തീര്‍ത്ത പ്രകൃതിയില്‍
ഉപമകള്‍ പിന്നെയുമെത്രയോ ബാക്കിയുണ്ട്‌ സുഹൃത്തേ
ചീങ്കണ്ണിയുടെ പല്ല്‌ പോലെ
കഴുകന്റെ കണ്ണ്‌ പോലെ
കൊടുങ്കാറ്റിന്റെ കാലുകള്‍ പോലെ
പ്രളയം പോലെ...
2
ഇരുട്ടില്‍ കരഞ്ഞുകരഞ്ഞിരിക്കുന്ന മനുഷ്യനോട്‌
പുരോഹിതന്‍ ചോദിച്ചു:
"എന്താണ്‌ കുഞ്ഞേ നിന്നെ വേദനിപ്പിക്കുന്നത്‌?
ദൈവം സൃഷ്ടിച്ച ഈ ഭൂമിയില്‍
പരിഹാരമില്ലാത്തതായി ഒന്നുമില്ലല്ലോ?"
കരയുന്ന മനുഷ്യന്‍ കണ്ണീരിനിടയിലൂടെ പറഞ്ഞു:
"അച്ചോ,അച്ചന്‍ ദൈവം സൃഷ്ടിച്ച ഭൂമിയുടെ കാര്യമാണ്‌ പറയുന്നത്‌
എന്റെ ഭൂമിയോ,കഷ്ടം,ചെകുത്താന്‍ ഉണ്ടാക്കിയതാണ്‌.
3
ദൈവം എന്റെ വെള്ളംകോരിയോ വിറകുവെട്ടിയോ
സുഹൃത്തോ യജമാനനോ അല്ല
എന്റെ ഭക്ഷണം,വസ്‌ത്ര,പാര്‍പ്പിടം,ഇണ
എല്ലാം ഞാന്‍ തന്നെ കണ്ടെത്തുന്നു
എന്റെ വേദനകള്‍ ഞാന്‍ തന്നെ തിന്നുന്നു
എന്റെ മരണം ഞാന്‍ തന്നെ മരിക്കുന്നു.