Pages

Monday, February 29, 2016

അനുയായി

എന്റെ ചോദ്യത്തിന് താങ്കൾ മറുപടി പറയാതിരുന്നതെന്താണ്?
ചോദ്യം എനിക്ക് മനസ്സിലായില്ല സുഹൃത്തേ
എന്റെ വിശദീകരണം താങ്കളെ തൃപ്തിപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്?
എനിക്കത് മനസ്സിലായില്ല സുഹൃത്തേ
എന്റെ സംശയം താങ്കൾ പങ്കുവെക്കാതിരുന്നതെന്തുകൊണ്ടാണ്?
എനിക്കൊരു സംശയവുമില്ല സുഹൃത്തേ
ഞാൻ ചോദ്യങ്ങളാലും ഉത്തരങ്ങളാലും സംശയങ്ങളാലും
സ്പർശിക്കപ്പെടാത്ത അവസ്ഥയാലാണ്
ഞാൻ അനുസരണയുള്ള അനുയായിയാണ്.


അറിയിക്കുമല്ലോ?

മൂകസാക്ഷി എന്ന ചെറുനാടകത്തിന് ശക്തമായ അവതരണങ്ങൾ ഉണ്ടായിക്കാണാൻ താൽപര്യമുണ്ട്.ഈ നാടകം വേദിയിൽ എത്തിക്കുന്നവർ അക്കാര്യം അറിയിക്കുമല്ലോ?     ഫോൺ- 9447773266


Sunday, February 28, 2016

നൽക്‌നാട് കൊട്ടാരം

ഒരിക്കൽ കൂടി കുടകിലേക്ക് പോയി, ഇന്നലെ.തലശ്ശേരി-വീരാജ് പേട്ട-മൂർനാട്-മുത്താർമുടി-നാപോക്‌ലു-കക്കബെ-നൽക്‌നാട് കൊട്ടാരം.തിരിച്ച് വീരാജ് പേട്ട-തലശ്ശേരി ഇങ്ങനെയായിരുന്നു യാത്ര. കദനൂർ വീരൻ (മന്ദപ്പൻ -കതിവന്നൂർ വീരൻ) കുടകരോട് പൊരുതിമരിച്ച സ്ഥലമാണ് മുത്തർമുടി എന്നാണ് കരുതിപ്പോരുന്നത്.വീരാജ് പേട്ടയിൽ നിന്ന് മൂർനാട് വഴി മാർക്കാറയിലേക്കുള്ള വഴിയിൽ മൂർനാട് നിന്ന് നാല്-നാലര കിലോമീറ്റർ ദൂരെയാണ് മുത്താർമുടി.എന്തായാലും മുത്താർമുടിയിൽ മന്ദപ്പന്റെ കഥ അറിയുന്ന ആരെയും കണ്ടുകിട്ടിയില്ല.
നൂറ് രൂപ കൊടുത്താൽ കക്കബെയിൽ നിന്ന് ഓട്ടോവിൽ നൽക്‌നാട് (കൊടവഭാഷയിൽ നാൽനാട്)കൊട്ടാരത്തിൽ പോയി മടങ്ങി കക്കബെ ബസ് സ്റ്റോപ്പിൽ തിരിച്ചെത്താം.ദൊഡ്ഡവീര രാജേന്ദ്ര എന്ന കുടക് രാജാവ് 1792 -94 കാലത്ത് പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം.രാജാവിന്റെ സഹോദരൻ ലിംഗരാജേന്ദ്രയുടെ മകൻ ചിക്കവീരരാജേന്ദയാണ് അവസാനമായി ഇവിടെ താമസിച്ചത്.1834 ൽ ബ്രിട്ടീഷുകാർ കൊട്ടാരം കയ്യേറി ചിക്കവീരയെ പിടികൂടി ബനാറസിലേക്ക് നാടുകടത്തി.കുടകിലെ ഏറ്റവും ഉയരം കൂടിയ തടിയന്റെമോൾ എന്ന മലയുടെ താഴ്‌വാരത്തിലാണ് കൊട്ടാരം.ഇത്രയും ചെറിയ ഒരു രാജകൊട്ടാരം ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല.ഒരു കൊട്ടാരമെന്നതിലേറെ ഇത് രാജാവിന്റെ സുരക്ഷാസങ്കേതമായിരുന്നോ എന്ന് തോന്നിപ്പോവും.ചില ചുവർചിത്രങ്ങളും (വലിയ ചിത്രങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിട്ടുണ്ട്)ചെറിയ ചില ശില്പവേലകളുമല്ലാതെ കൊട്ടാരത്തിൽ വലുതായി ഒന്നും കാണാനില്ല.എങ്കിലും കൊട്ടാരത്തിനകത്തെ ഉയരം കുറഞ്ഞ വാതിലുകൾ കടന്നു പോവുമ്പോഴും മുറ്റത്തെ ചെറിയ കല്യാണമണ്ഡപത്തിനു മുന്നിൽ നിൽക്കുമ്പോഴും കൊട്ടാരത്തിന് തൊട്ടടുത്ത ഭംഗിയുള്ള പ്രൈമറി സ്‌കൂളിന്റെ ഗ്രൗണ്ടിൽ നിന്ന് തടിയന്റെ മോളിലേക്ക് നോക്കുമ്പൊഴുമെല്ലാം രണ്ട് നൂറ്റാണ്ടിനപ്പുറത്ത് ഈ മലയടിവാരത്തിലെ  കൊട്ടാരത്തിനകത്തും പുറത്തും കനംതൂങ്ങി നിന്നിരുന്നിരിക്കാവുന്ന മൗനവും ഭീതിയും അനിശ്ചിതത്വവുമെല്ലാം അവ്യാഖ്യേയമായ ഒരു ഐന്ദ്രിയാനുഭവമായി  നമ്മെ ആവരണം ചെയ്യുന്നതുപോലെ തോന്നിപ്പോവും.

Wednesday, February 24, 2016

അതിനാൽ….

പാരതന്ത്ര്യത്തിന്റെ വീരഭടന്മാർ
അവരെ മാത്രമേ ചുറ്റിലും കാണുന്നുള്ളൂ.
പക്ഷേ,സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്
അതിലേറെ ജന്മവാസനയാണ്
അതിനാൽ….

Monday, February 22, 2016

'ആത്മാവിന്റെ സ്വന്തം നാട്ടിലെത്തി' എന്ന തോന്നലിൽ

ഇന്നലെ മാടായി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്രിൻസിപ്പൽ സി.ഗിരിജടീച്ചറുടെ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി.മാടായിപ്പാറയുടെ ഒരു ഭാഗത്ത് തന്നെയാണ് ഈ സ്‌കൂൾ.ഞാൻ ചെറുപ്പകാലത്ത് എത്രയോ വട്ടം നടന്നു പോയ വഴിയിൽ.
ഗിരിജയും ഏടത്തി വനജയും എന്റെ സഹോദരിമാരുടെ അടുത്ത സുഹൃത്തുക്കളാണ്.ഗണിതം വളരെ ഭംഗിയായി പഠിപ്പിക്കുന്ന അധ്യാപികയായി അറിയപ്പെടുന്ന ഗിരിജ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിന്റെ പ്രഗത്ഭയായ പ്രിൻസിപ്പൽ എന്ന നിലയിലും  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അധികാരികളുടെയുമെല്ലാം അംഗീകാരം നേടി. സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ നിത്യേനയെന്നോണം എന്റെ സഹോദരിമാർക്കൊപ്പം കാണാറുണ്ടായിരുന്ന 'പാവം കുട്ടി'യെ ദശകങ്ങൾക്കു ശേഷമാണ് ഇന്നലെ വീണ്ടും കണ്ടത്.
പുതിയ കെട്ടിടത്തിന് തറക്കല്ലിടൽ, ഗേൾസ് റൂമിന്റെ ഉത്ഘാടനം, യാത്രയയപ്പിന്റെ ഭാഗമായി 'പലരും പറഞ്ഞതിന്റെ ബാക്കി…' എന്ന് പേരിട്ടിരിക്കുന്ന ഒരു സോവനീറിന്റെ പ്രകാശനം ഇത്രയുമൊക്കെയായിരുന്നു പരിപാടികൾ.ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും ടി.വി.രാജേഷ് എം.എൽ.എ നിർവഹിച്ചു.കഥാകാരിയും ഗവേഷകയും ബാലസാഹിത്യകാരിയുമൊക്കെയായ ഭാഗ്യലക്ഷ്മിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് സോവനീർ പ്രകാശനം ചെയ്തത് ഞാനാണ്.
മാടായിപ്പാറയും എരിപുരം എന്ന പ്രദേശവും ഇവിടെയും തൊട്ടയൽ ദേശങ്ങളിലും ഞാൻ കുട്ടിക്കാലം മുതൽ കണ്ടുവരുന്ന മനുഷ്യരും അവരുടെ ബന്ധുക്കളും ഏറ്റവും പുതിയ തലമുറയിലെ കുട്ടികളുമെല്ലാം എന്റെ മനസ്സിലുണർത്തുന്ന ഓർമകളുടെയും വികാരങ്ങളുടെയും വിശുദ്ധിയും സൗന്ദര്യവും ഒന്നു വേറെത്തന്നെയാണ്.ഈ ഭൂവിഭാഗത്തിൽ കാല് കുത്തുമ്പോഴെല്ലാം 'ആത്മാവിന്റെ സ്വന്തം നാട്ടിലെത്തി' എന്ന തോന്നലിൽ ഇത്തിരി നേരത്തേക്കെങ്കിലും ഞാനൊരു കാക്കപ്പൂവോ കുഞ്ഞതിരാണിയോ ശലഭം പോലെ മനോഹരമായ വെയിൽനാളമോ ഇറ്റിറ്റിപ്പുള്ളോ ആവുന്നു.

Tuesday, February 9, 2016

ചെറുനാടകം - മൂകസാക്ഷി


രാത്രി. റോഡരികിലെ ചെറിയ ചായപ്പീടികക്കുള്ളിൽ വോൾട്ടേജ് കുറഞ്ഞ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ കുന്തിച്ചിരിക്കുന്ന കുഞ്ഞൂട്ടിയേട്ടൻ.മെലിഞ്ഞുണങ്ങിയ രൂപം. ഒരു തോർത്തുമുണ്ട് മാത്രമാണ് വേഷം.പിന്നിൽ സമോവർ കാണാം.
അനൗൺസ്‌മെന്റ് : ഇദ്ദേഹമാണ് കുഞ്ഞൂട്ടിയേട്ടൻ.മലമൂട് ദേശത്തെ ഒരു പാവം മനുഷ്യൻ.വയസ്സ് അറുപത്തഞ്ചായി.ഒറ്റത്തടിയാണ്.അറിഞ്ഞുകൊണ്ട് ഇന്നേ വരെ ആർക്കും ഒരുപദ്രവവും ചെയ്തിട്ടില്ല. വിശേഷിച്ചൊരു മോഹവും ഇയാൾ ഉള്ളിൽ കൊണ്ടുനടക്കുന്നില്ല.ഈ ചെറിയ ചായപ്പീടിക കൊണ്ട് അങ്ങനെയങ്ങ് ജീവിച്ചുപോവുന്നു.തികച്ചും സംഭവരഹിതമെന്ന് പറയാവുന്ന ആ സാധുജീവിതത്തിലേക്ക് ഒരു രാത്രിയിൽ
റോഡിൽ ഒരാൾ പ്രത്യക്ഷപ്പെടുന്നു.അരണ്ട നിലാവിൽ അയാളുടെ മുഖം വ്യക്തമല്ല.സാമാന്യമായ ഉയരവും വണ്ണവുമൊക്കെയുള്ള ആളാണ്.മുണ്ട് മാടിക്കുത്തിയിരിക്കുന്നു. മൊബൈൽ ഫോൺ ശബദിക്കുന്നു.പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അയാൾ റോഡിന്റെ ഓരം ചേർന്നു നിൽക്കുന്നു.
'ഹലോ,ങ്ഹാ, എന്റമ്മോ തൊലഞ്ഞു പോയി.അല്ലെങ്കിലേ ഒന്നര മണിക്കൂർ ലേറ്റ്.കോഴിക്കോട് കഴിഞ്ഞ് കൊറച്ചിങ്ങെത്തിയപ്പോ അരമണിക്കൂറോളം നിർത്തിയിട്ടു. എന്താ സംഗതീന്നൊന്നും ശരിക്ക് പിടികിട്ടീല്ല. ഒരുത്തൻ ചങ്ങല വലിച്ചൂന്നാ കേട്ടത്.എന്തായാലും കഷ്ടം നമ്മക്കന്നെ. സ്റ്റേഷനിലെത്തുമ്പം ലാസ്റ്റ് ബസ്സിന്റെ ക്ലീനറ് കൂക്കിവിളിച്ച് തെരക്ക് കൂട്ട്ന്ന്.ചാടിപ്പിടിച്ച് ഒരു വിധത്തിലങ്ങ് കേറി. ചന്തത്തിരിവില് വന്നെറങ്ങ്യപ്പോ രണ്ടേ രണ്ട് ഓട്ടോക്കാറ്. രണ്ടാളും വെരാൻ  കൂട്ടാക്ക്ന്നില്ല.റോഡ് മോശംന്നുള്ള പണ്ടെയുള്ള പറച്ചില് തന്നെ.ഉംപിന്ന്യെന്താ വഴി? വെച്ച് പിടിച്ചു.ഇപ്പോ ദാ കുഞ്ഞൂട്ടിയേട്ടന്റെ ചായപ്പീട്യേന്റടുത്തെത്തി. 
ഇല്ല,വേറ്യാരും ഇല്ല.ഞാൻ ഒറ്റക്കന്നെ.എന്താപ്പാ പേടിക്കാൻ? എനിയിപ്പം പത്ത് മിനുട്ടല്ലേ വേണ്ടൂ.ഉം.. അതേന്നെ പന്ത്രണ്ട് മണിക്ക് മുമ്പ് ഞാനെത്തും.നീ കഞ്ഞി വെളമ്പി വെച്ചോ.വന്നപാട് കഞ്ഞീം കുടിച്ച് കെടക്കേലോട്ട് ചായണം.ക്ഷീണംന്ന് പറഞ്ഞാ ക്ഷീണം.ഉംമതി,അത് മതി '
അയാൾ ഫോൺ പോക്കറ്റിലിട്ട് പിന്നെയും നടക്കാൻ തുടങ്ങുന്നു.ഒരു ബൈക്കിന്റെ ശബ്ദവും വെളിച്ചവും.ബൈക്കിന്റെ ശബ്ദം വളരെ അടുത്തെത്തി പെട്ടെന്ന് നിൽക്കുന്നു.മുഖം മൂടിയിട്ട മൂന്നുപേർ റോഡരിക് ചേർന്നുനടന്നുപോകുന്ന മനുഷ്യനു  നേരെ ഉയർത്തിപ്പിടിച്ച വടിയുമായി ഓടിയടുക്കുന്നു. 'അയ്യോ,എന്റമ്മോ കൊല്ലുന്നേ'ന്നൊക്കെ നിലവിളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കും മുമ്പു തന്നെ അയാളെ അടിച്ചു താഴെയിടുന്നു.കുഞ്ഞൂട്ടിയേട്ടൻ റോഡിലേക്കിറങ്ങി നോക്കുന്നു. പിന്നെ പേടിച്ചുവിറച്ച് വല്ലപാടും വരാന്തയിലേക്ക് കയറുന്നു.തന്നെ ഒളിപ്പിക്കാനെന്ന പോലെ ഇരുട്ടിലേക്ക് നീങ്ങുന്നു. അടിയേറ്റു വീണ ആളുടെ നിലവിളി ഞരക്കമായി മാറുന്നു.വടിയുമായി പോയവർ മടങ്ങി വരുന്നു.അവർ മുഖം മൂടി അഴിച്ച് പരസ്പരം നോക്കി വികൃതമായി ചിരിക്കുന്നു.
അവരിലൊരാൾ : പണി വേഗം കയിഞ്ഞു അല്ലേ?
രണ്ടാമൻ: (ചിരിച്ച്)പണി നമ്മളല്ലെടോ എട്ക്ക്ന്ന്?വേഗം കയിച്ചുകൂട്ടാൻ നമ്മക്കിനി വേറെ ട്രെയിനിംഗ് വേണോ?
ഒന്നാമൻ: ഓനെന്തെടോ തീരെയൊരു ശേഷി ഇല്ലാത്തതു പോലെ.നിന്റെ ആദ്യത്തെ അടിക്ക് തന്നെ വീണില്ലേ.കെടന്നെടത്ത്ന്ന് പിന്നെ കാര്യായ കളിയൊന്നും കളിച്ചില്ലല്ലോ.വെല്യ കളരിക്കാരനാന്നല്ലേ പറഞ്ഞുകേട്ടത്
രണ്ടാമൻ: ഫൂ.ഓന്റെ കോയിക്കാട്ടത്തിലെ കളരി
മൂന്നാമൻ :ആള് മാറിപ്പോയോന്നാ എന്റെ സംശയം
ഒന്നാമൻ:ഫ! ഏത് പണീലാ നിനിക്കീ സംശയം ഇല്ലാണ്ടിരിന്നിന്.ബാ,ബേഗം നമ്മക്ക് സ്ഥലം കാലിയാക്കാ.ആള് മാറി,ആന മാറീന്നൊക്കെ സംശയിച്ചോണ്ട് നിന്നാ
മൂന്നു പേരും നടന്നകലുന്നു.
കുഞ്ഞൂട്ടിയേട്ടൻ ഇരുളിൽ നിന്ന് മെല്ലെ എഴുന്നേറ്റ് വരുന്നു.പീടികവരാന്തയിലെത്തി ഒന്നു പുറത്തക്ക് നോക്കി അയാൾ പിന്നെയും ഇരുളിലേക്ക് മാറുമ്പോൾ ബൈക്ക് സ്റ്റാർട്ടാവുന്നു.അതിന്റെ ശബ്ദം അകന്നകന്നു പോവുന്നു.
റോഡിലൂടെ ഓടിനീങ്ങുന്ന മനുഷ്യരൂപങ്ങളും ടോർച്ച് വെളിച്ചങ്ങളും.ബഹളം.നീണ്ട വിസിൽ. ഫോൺ വിളികൾ.ബഹളം പിന്നയും പെരുകുന്നു.പോലീസ് ജീപ്പ് ഇരച്ചെത്തുന്ന ശബ്ദം.
രണ്ടു പോലീസുകാർ തിരക്കിട്ടെത്തുന്നു. അവർ പീടികക്കുള്ളിൽ നിന്ന്  കുഞ്ഞൂട്ടിയേട്ടനെ പുറത്തേക്ക് വലിച്ചുകൊണ്ടുവരുന്നു.
'നടക്കെടാ' എന്ന അലർച്ച
ഉടുത്ത തോർത്തുമുണ്ട് അഴിഞ്ഞുപോകാതിരിക്കാൻ മുറുകെ പിടിച്ച് പേടിച്ചുവിറച്ച് പോലീസുകാരുടെ പിന്നാലെ നടന്നു പോകുന്ന കുഞ്ഞൂട്ടിയേട്ടൻ.
2
പോലീസ് സ്റ്റേഷൻ.
കുഞ്ഞൂട്ടിയേട്ടൻ എസ്.ഐ ക്കു മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്നു.എസ്.ഐ മേശപ്പുറത്തെ പേപ്പറിൽ വിസ്തരിച്ച് നോക്കിയ ശേഷം ഒരു മൂളലോടെ എഴുന്നേൽക്കുന്നു.അയാൾ കയ്യിലെ വടി കൊണ്ട് കുഞ്ഞൂട്ടിയേട്ടന്റെ നെഞ്ചത്ത് ചെറുതായൊന്നു കുത്തുന്നു.
എസ്.ഐ: ഉം.പറ,ഇനി സമയം മെനക്കെടുത്താതെ പറ.ആരൊക്കെ ചേർന്നാ അയാളെ അടിച്ചത്?
കുഞ്ഞൂട്ടിയേട്ടൻ: അറീല്ല സേർ.ആരേം എനക്കറിയില്ല സേർ
എസ്.ഐ: നിങ്ങള പീട്യേന്റെ തൊട്ടുമുന്നില് വെച്ചല്ലേ സംഭവം?
ചായക്കടക്കാരൻ : അതെ
എസ്.ഐ:(ഞെട്ടിക്കുന്ന ശബ്ദത്തിൽ) പിന്ന്യെന്തെടാ അറിയാത്തേ?
ചായക്കടക്കാരൻ : ഓറ് മൊഹംമൂടിയിട്ടിനേരുന്നു
എസ്.ഐ: (ചുഴിഞ്ഞ നോട്ടത്തോടെ)ആളെ അടിച്ചുകൊന്ന് മടങ്ങിപ്പോവുമ്പോ മുഖം മൂടി ഊരീട്ടിണ്ടാവ്വ്വല്ലോ?
കുഞ്ഞൂട്ടിയേട്ടൻ : ഞാൻ നോക്കീല്ല സേർ
എസ്.ഐ: (പേടിപ്പെടുത്തുന്ന ഒരു ചിരി ചിരിച്ച് കുറച്ചു കൂടി അടുത്തേക്ക് നീങ്ങിനിന്ന് വടി കഴുത്തിൽ കുത്തിപ്പിടിച്ച്): നോക്ക് കെളവാ,എന്റട്ത്ത് വെളവെട്ക്കറ്.തെറ്റിയാ ഞാൻ ബെടക്കാ,തനി ബെടക്ക്
കുഞ്ഞൂട്ടിയേട്ടൻ: സത്യാണ് സേർ.ഞാൻ പറഞ്ഞത് സത്യാണ് സേർ
എസ്.ഐ:(ഭീഷണിപ്പെടുത്തുന്ന നീണ്ട മൂളലിന് ശേഷം):ശരി,ഇപ്പോ നീ പോയ്‌ക്കോ.പക്ഷേ,രക്ഷപ്പെട്ടൂന്ന് വിചാരിക്കണ്ട. ഇനീം വരേണ്ടി വരും.മനസ്സിലായോ?
കുഞ്ഞൂട്ടിയേട്ടൻ '' എന്നു പറഞ്ഞ് താണുവണങ്ങി പോവാൻ തുടങ്ങുന്നു.
'ഉം പോ,പോ' എന്നു പറഞ്ഞ് എസ്.ഐ അയാളുടെ പുറത്ത് ചെറുതായി അടിക്കുന്നു.
കുഞ്ഞൂട്ടിയേട്ടൻ പുറത്തേക്ക് പായുന്നു.
3
സ്റ്റേഷനു പുറത്ത് വഴിയരികിൽ നിന്ന് ഒരു ചാനൽ റിപ്പോർട്ടർ ക്യാമറാമാന്റെ സാന്നിധ്യത്തിൽ കുഞ്ഞൂട്ടിയേട്ടനെ ചോദ്യം ചെയ്യുന്നു.
റിപ്പോർട്ടർ :താങ്കൾ കുറ്റവാളികളുടെ പേരുവിവരം സ്റ്റേഷനിൽ പറഞ്ഞോ?
കുഞ്ഞൂട്ടിയേട്ടൻ: ഇല്ല,എനിക്കാരേം അറിയില്ല
റിപ്പോർട്ടർ: മരിച്ചുപോയ ആളെ അറിയോ?
കുഞ്ഞൂട്ടിയേട്ടൻ: അത് പന്തല് ഗോപാലനാ
റിപ്പോർട്ടർ: എന്താ അങ്ങനെയൊരു പേര്?
കുഞ്ഞൂട്ടിയേട്ടൻ: ഓന് പന്തല് വാടകക്ക് കൊടുക്കുന്ന പണിയല്ലേ?
റിപ്പോർട്ടർ: ഗോപാലന് ശത്രുക്കളാരെങ്കിലും ഉള്ളതായി അറിയ്വോ?
കുഞ്ഞൂട്ടിയേട്ടൻ: (ഞെട്ടിവിറച്ച്) ഹില്ല,എനിക്കറീല്ല
(ധൃതിയിൽ നടന്നകലാൻ തുടങ്ങുന്നു)
ഒത്ത ഉയരവും വണ്ണവുമുള്ള ഒരു യുവാവും കൊമ്പൻ മീശക്കാരനായ ഒരു മധ്യവയസ്‌കനും ചേർന്ന് കുഞ്ഞൂട്ടിയേട്ടനെ തടയുന്നു.
മധ്യവയസ്‌കൻ: സ്റ്റേഷനില് കേറി ആര്‌ടെയൊക്കെയോ പേര് പറഞ്ഞൂന്ന് കേട്ടല്ലോ
ചെറുപ്പക്കാരൻ വേണ്ടാട്ടോ,തടി കേടാക്കണ്ടാട്ടോ
കുഞ്ഞൂട്ടിയേട്ടൻ ഇല്ല,ഞാനാര്‌ടേം പേര് പറഞ്ഞിറ്റില്ല
ചെറുപ്പക്കാരൻ: പറഞ്ഞ പേര് നമ്മള് പിൻവലിപ്പിക്കുംഹൂം..
മധ്യവയസ്‌കൻ :കൊത്തിയ പാമ്പിനക്കൊണ്ട് വെഷം നമ്മള് തിരിച്ചെടുപ്പിക്കും
ചെറുപ്പക്കാരൻ (പുച്ഛസ്വരത്തില്): ഉം.ഇപ്പം പോയ്‌ക്കോ.ചായക്ക് ആള് വന്ന് നിക്ക്ന്ന്ണ്ട്
(കുഞ്ഞൂട്ടിയേട്ടൻ നടന്നകലാൻ തുടങ്ങുമ്പോൾ മധ്യവയസ്‌കൻ മുരത്ത ഒച്ചയിൽ കാറിത്തുപ്പുന്നു.)
 4
രാത്രി
ചായപ്പീടിക
മങ്ങിക്കത്തുന്ന ബൾബിനു ചുവടെ ബെഞ്ചിൽ രണ്ടുപേർ.ഒരാൾ ഖദർധാരിയായ ഒരു തടിമാടനാണ്.അറുപതിലധികം പ്രായം വരും.മറ്റേയാൾ മെലിഞ്ഞുണങ്ങിയ .ഒരു മധ്യവയസ്‌കൻ.മുഖത്ത് സദാ സമയവും കള്ളച്ചിരി.അയാൾ നാല് ചുറ്റിലും നോക്കി താഴെ ചായക്ക് വെള്ളം തിളപ്പിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞൂട്ടിയേട്ടൻ തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും മറ്റാരും കാണാനില്ലെന്നും ഉറപ്പാക്കിയ ശേഷം തന്റെ കയ്യിലെ തുണിസഞ്ചിയിൽ നിന്ന് നേതാവിന്റെ  ബാഗിലേക്ക് വലിയൊരു നോട്ടുകെട്ട് വെച്ചുകൊടുത്ത് കൈപ്പടങ്ങൾ നെഞ്ചത്തു ചേർത്തുവെച്ച് വിനീതനായി മാറിനിൽക്കുന്നു. 
പെട്ടെന്ന് വരുത്തിത്തീർത്ത ഗൗരവത്തിൽ നേതാവ് കനത്തിലൊന്നു തലയാട്ടി നിവർന്നിരിക്കുന്നു..'തുക അഞ്ച് (കോടി) തന്നെ ഇല്ലേ?' എന്ന് അയാൾ കൈവിരൽ ഉയർത്തിക്കാണിച്ച് ചോദിക്കുന്നു. തുക കൈമാറിയ ആൾ തലയാട്ടുന്നു.കുഞ്ഞൂട്ടിയേട്ടൻ കണ്ടിരിക്കുമോ, അയാൾ ആരോടെങ്കിലും പറഞ്ഞേക്കുമോ എന്നൊക്കെ നേതാവ് ആംഗ്യം വഴി സംശയം പ്രകടിപ്പിക്കുന്നു.പണം കൈമാറിയ ആൾ 'ഹേ,അങ്ങനെ യാതൊന്നും സംഭവിക്കില്ല' എന്ന് ആംഗ്യത്തിലൂടെ തന്നെ ഉറപ്പിച്ച് പറയുന്നു.നേതാവ് ആത്മവിശ്വാസത്തോടെ ചിരിക്കുന്നു.
കുഞ്ഞൂട്ടിയേട്ടൻ ചായയുമായി വരുന്നു.
നേതാവ് നേതാക്കന്മാരുടെ പതിവ് ശബ്ദത്തിൽ അൽപം ഭീഷണി കലർത്തി ലോഹ്യം പറയുന്നു:
എന്ത്ണ്ടറോ കച്ചോടൊക്കെ ജോറല്ലേ? ചായക്ക് നല്ല വെള്ളൊക്കെ തന്നെയല്ലേ ഉപയോഗിക്ക്ന്ന്?
കുഞ്ഞൂട്ടിയേട്ടൻ തല കുലുക്കുന്നു.നേതാവ് ചായ ഗ്ലാസ് കയ്യിലെടുക്കുന്നു.
വെളിച്ചം മങ്ങുന്നു
5
ഒരു ആസ്പത്രിമുറി. തടിച്ച ശരീരപ്രകൃതമുള്ള, ഉയരം കുറഞ്ഞ, മധ്യവയസ്‌കനായ ഡോക്ടറും കുഞ്ഞൂട്ടിയേട്ടനും.കുഞ്ഞൂട്ടിയേട്ടനെ  കസേരയിൽ ഇരുത്തിയിരിക്കുന്നു.ഡോക്ടർ റിമോട്ടിൽ ടി.വി യുടെ ചാനൽ മാറ്റുന്നതായി കാണാം.ടി വി ദൃശ്യമാവുന്നില്ല.
അവതാരകന്റെ ശബ്ദം കേട്ടു തുടങ്ങുന്നു: ഗതാഗതവകുപ്പ് മന്ത്രിക്ക് നൽകാനായി സംസ്ഥാനത്തെ വാഹനവ്യാപാരികളിൽ നിന്നും ടൂറിസ്റ്റ് വാഹന ഉടമകളിൽ നിന്നും മറ്റുമായി സമാഹരിച്ചതായി പറയപ്പെടുന്ന അഞ്ച്‌കോടി രൂപ കൈമാറിയതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുന്നു.അണ്ടിക്കാരൻ വാസു എന്ന പേരിൽ മലമൂട് ദേശവാസികൾക്കിടയിൽ സുപരിചിതനായ ഒരു പ്രാദേശിക രാഷ്ട്രീയപ്രവർത്തകനാണ് സംസ്ഥാനമന്ത്രിസഭയിലെ എല്ലാവരുമായി അടുപ്പം പുലർത്തുന്ന സാബുസാജു എന്ന ജില്ലാതലനേതാവിന്  മലമൂട്ടിലെ കുഞ്ഞൂട്ടിയേട്ടന്റെ ചായക്കടയിൽ വെച്ച് തുക കൈമാറിയതെന്നും അതിന്റെ ദൃശ്യം തന്റെ കയ്യിലുണ്ടെന്നും പൊതുപ്രവർത്തകനായ ശ്രീ ജാഫർ ഹരിപുരം വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയിരിക്കുന്നു.  ആരുടെയും ശ്രദ്ധയിൽ പെടില്ല എന്ന ധാരണയിലാണ് സാബുസാജു ചായക്കടയിൽ വെച്ച് തുക കൈപ്പറ്റിയതെന്നും മുമ്പും ഇയാൾ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ആണ് ജാഫറിന്റെ വിശദീകരണം.ഈ വെളിപ്പെടുത്തലിനെ മുൻനിർത്തിയുള്ള ചർച്ചയിൽ പങ്കെടുക്കാൻ പ്രസിദ്ധ മാധ്യമപ്രവർത്തകനായ സൈമൺ സി ചാലിൽ, സാമൂഹ്യനിരീക്ഷകനും സാഹിത്യകാരനുമായ വിനു മഹിരാജ് എന്നിവർ സ്റ്റുഡിയോവിലുണ്ട്. മന്ത്രി ശ്യാം സുന്ദർ, അഡ്വക്കേറ്റ് ആദർശ് പൈതൽ എന്നിവരെയും മുഖ്യമന്ത്രിയെയും ടെലഫോണിൽ പ്രതീക്ഷിക്കുന്നു.ചായക്കടക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മാത്രവുമല്ല അയാൾക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കുന്നതായി അറിയാൻ കഴിയുകയും ചെയ്തു.
ഡോക്ടർ ടിവി ഓഫ് ചെയ്യുന്നു.
കുഞ്ഞൂട്ടിയേട്ടന്റെ അടുത്തേക്ക് നീങ്ങിനിൽക്കുന്നു.
ഡോക്ടർ :(ചിരിച്ച്)ങ്ഹാ,കേട്ടല്ലോ.നിങ്ങളെപ്പറ്റി പ്രചരിച്ചു വരുന്ന വാർത്ത തെറ്റാണെന്ന് രണ്ട് ദിവസം കൊണ്ട് തെളിയിച്ചു കൊടുക്കണം; എന്തു പറയുന്നു?
കുഞ്ഞൂട്ടിയേട്ടൻ മറുപടി പറയാതെ പാവം തോന്നിക്കുന്ന ഒരു ചിരി ചിരിക്കുന്നു
ഡോക്ടർ:  പറ്റണം (നിർത്തി) ആദ്യം വേണ്ടത് ഈ പേടീം വേവലാതീം അങ്ങ് കളയലാണ്.സംഗതി ശരിയാണ്.കണ്ടും കേട്ടും സത്യമാണെന്ന് ബോധ്യപ്പെട്ട കാര്യങ്ങളായാലും പലരേം പേടിച്ച് നമുക്കത് പറയാതെ വെക്കേണ്ടി വരും. കാര്യങ്ങളുടെ കിടപ്പ് അങ്ങനെയൊക്കെ തന്നെയാണ്.അടുത്ത കാലത്തൊന്നും അത് മാറുംന്ന് വിചാരിക്കാനും പറ്റൂല്ല. പക്ഷേ,എന്നുവെച്ച് നമുക്ക് നാവടക്കി ശ്വാസം വിടാതെ ഇരിക്കാൻ പറ്റ്വോ.മനുഷ്യനെന്ന നിലക്ക് നമുക്കൊക്കെ ഒരന്തസ്സുണ്ട്.അത്  നിലനിർത്താൻ അവകാശവുമുണ്ട്.അതിന് സമ്മതിക്കില്ലെങ്കില് വരുന്നെടുത്ത് വെച്ച് കാണാംന്ന് വെക്കണം.അല്ലാതെ പിന്നെ (ചിരിച്ച്) വാ..നമുക്ക് നോക്കാം
തുടർന്ന് ഡോക്ടർ അയാളെക്കൊണ്ട് 'അമ്മ,മാമി,തല,തടി' തുടങ്ങിയ വാക്കുകൾ പറയിപ്പിക്കാൻ ശ്രമിക്കുന്നു.ആദ്യത്തെ രണ്ട് വാക്കും കുഞ്ഞൂട്ടിയേട്ടൻ പറഞ്ഞൊപ്പിക്കുന്നു. തുടർന്നുള്ളവ പറയാനാവാതെ വല്ലാതെ വിഷമിക്കുന്നു.ഡോക്ടർ ത,,ടി എന്നീ അക്ഷരങ്ങളുടെ ഉച്ചാരണം വിശദമായി കാണിച്ചുകൊടുക്കുന്നു.നാവ് വായ്ക്കുള്ളിൽ എവിടെയൊക്കെ തട്ടുന്നുവെന്ന് വിശദീകരിക്കുന്നു.
കുഞ്ഞൂട്ടിയേട്ടൻ  ഒന്നും മനസ്സിലാവാത്തതു പോലെ ഇരിക്കുന്നു
ഡോക്ടർ :അണ്ടിവാസു എന്നൊരാൾ ഈയടുത്ത് നിങ്ങളുടെ പീടികയിൽ വന്നിരുന്നോ?
വന്നിരുന്നു എന്ന അർത്ഥത്തിൽ കുഞ്ഞൂട്ടിയേട്ടൻ തലയാട്ടുന്നു
ഡോക്ടർ : അന്ന് സാബുസാജുവും കൂടെ ഉണ്ടായിരുന്നോ?
കുഞ്ഞൂട്ടിയേട്ടൻ വീണ്ടും തലയാട്ടുന്നു
ഡോക്ടർ: അണ്ടിവാസു സാബുസാജുവിന് എന്തെങ്കിലും കൈമാറുന്നതായി കണ്ടിരുന്നോ?
കുഞ്ഞൂട്ടിയേട്ടൻ 'ഇല്ലെ'ന്ന് ബലത്തിൽ തലയാട്ടി കരയാൻ തുടങ്ങുന്ന. ഡോക്ടർ അയാളുടെ പുറത്തു തട്ടി ആശ്വസിപ്പിക്കുന്നു: സാരമില്ല,എല്ലാം ശരിയാവും.ഞാനൊരു കത്ത് തരാം.നാളെ രാവിലെത്തന്നെ നിങ്ങൾ ഡോ.ഹരികുമാറിനെ കാണണം.അതിനു ശേഷം നമുക്ക് വീണ്ടും കാണാം.ഇന്ന് വൈകിപ്പോയി.നാളെത്തൊട്ട് എന്റെ സമയം രാവിലെ പത്തുമണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ്.(കുഞ്ഞൂട്ടിയേട്ടന്റെ പുറത്ത് തട്ടുന്നു.) ഒന്നും വിഷമിക്കാനില്ല.നിങ്ങൾക്ക് പഴയതു പോലെ തന്നെ സംസാരിക്കാനാവും.ചെറിയ ചില പ്രശ്‌നങ്ങളേ ഉള്ളൂ.അതൊക്കെ നമുക്ക് ശരിയാക്കിയെടുക്കാം
കുഞ്ഞൂട്ടിയേട്ടൻ വിവശമായ ചിരിയോടെ എഴുന്നേൽക്കുന്നു.
6
മങ്ങിക്കത്തുന്ന തെരുവുവിളക്കിന് കീഴെ കുഞ്ഞൂട്ടിയേട്ടൻ അല്പനേരം തളർന്നു നിൽക്കുന്നു
പിന്നെ,അയാൾ പതുക്ക നടന്നു തുടങ്ങുന്നു
പരസ്പരം ചുമലിൽ കയ്യിട്ട് പണിപ്പെട്ട് നീങ്ങുന്ന രണ്ട് മദ്യപന്മാരുൾപ്പെടെ പലരും അയാളെ കടന്നു പോവുന്നു
അയാൾ നടത്തം തുടരുന്നു
വെളിച്ചം മങ്ങുന്നു.പാത വിജനവും നിശ്ശബ്ദവുമാവുന്നു
ഒരു കാറിന്റെ ഹെഡ്‌ലൈറ്റ് കുഞ്ഞൂട്ടിയേട്ടന്റെ മേൽ വന്നുവീഴുന്നു. ശക്തമായ വെളിച്ചം.ഉച്ചത്തിലുള്ള ഹോണടി.കാർ ഒരു തിരിവിലേക്ക് മാറിയതായി വെളിച്ചത്തിന്റെ ഗതിയിൽ നിന്ന് വ്യക്തമാവുന്നു.കാറിൽ നിന്ന് ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കുന്നു.ആ നിലവിളി അകന്നകന്നു പോവുന്നു.
വെളിച്ചം കുറേക്കൂടി മങ്ങുന്നു.
7
ചായപ്പീടിക
പുതിയൊരു പ്രഭാതത്തിന്റെ സൂചനകൾ ശബ്ദവും വെളിച്ചവും കുഞ്ഞൂട്ടിയേട്ടന്റെ തിരക്കിട്ട ചലനങ്ങളും വഴി ലഭ്യമാവുന്നു.
പാൽക്കാരൻ വരുന്നു.കുഞ്ഞൂട്ടിയേട്ടൻ വന്ന് കാൻ വാങ്ങി അകത്തേക്ക് പോയി ഒഴിഞ്ഞ കാൻ തിരിയെ കൊണ്ടുവരുന്നതിനിടയിൽ രണ്ടുപേർ ചായപ്പീടികയിലെത്തുന്നു. രാജുവും ഡേവിസും.ഇരുവരും ചെറുപ്പക്കാരാണ്.ഡേവിസിന്റെ കയ്യിൽ ഡയറിയുണ്ട്. കുഞ്ഞൂട്ടിയേട്ടനോട് ചായയെടുക്കാൻ പറഞ്ഞ ശേഷം അവർ പീടിക ബെഞ്ചിൽ ആലസ്യത്തോടെ ഇരിക്കുന്നു.
ഡേവിസ്  : അപ്പോ രാജു ,ആ പെങ്കൊച്ചിനെ പറ്റി ആർക്കും ഒരു വിവരോം ഇല്ല?
രാജു: ഇല്ല; ഇതേ വരെ ഒരു തുമ്പും കിട്ടീല്ല
ഡേവിസ്: (ഡയറി തുറന്ന് എഴുത്താരംഭിക്കുന്നതിനിടയിൽ)പെണ്ണിന്റെ ബോഡി നീ കണ്ടിരുന്നോ; ആള് സുന്ദരിയാണ്
രാജു: ഇല്ല,ഞാൻ കണ്ടില്ല,ഈ ഭാഗത്തൊന്നും ഉള്ളതല്ലാന്നാ പറഞ്ഞുകേട്ടത്
ഡേവിസ് : (എഴുത്ത് തുടരുന്നതു കാരണം അൽപം സമയമെടുത്ത് ) ഉംഎന്തായാലും അവന്മാര് പിടിയിലായതു തന്നെ വലിയ കാര്യം
രാജു: എവിടെ പിടിയിലാവാൻ? അവന്മാര് തന്നെ വെള്ളം അടിച്ച് പൂസായി കണ്ടവന്മാരോടൊക്കെ വിളിച്ചു പറഞ്ഞതു കൊണ്ട് നാട്ടുകാര് മുഴുവൻ സംഗതി അറിഞ്ഞു.പക്ഷേ,ചില്ലറ പുള്ളികളോ മറ്റോ ആണോ.സാദാ രാഷ്ട്രീയത്തിന്റെ നാട്ടുവഴി മുതൽ രാഷ്ട്രീയാധികാരത്തിന്റെ കോട്ടകൊത്തളങ്ങൾ വരെ ഉള്ളം കയ്യിൽ കൊണ്ടു നടക്കുന്ന കക്ഷികളല്ലേ? നോക്കിക്കോ,പോലീസിപ്പോ ഈ കേസ് മറ്റ് വല്ലവന്റേം തലേല് കൊണ്ടുപോയി ഇടാൻ ഓടിച്ചാടി നടക്കുകാരിക്കും
(തന്റെ വർത്തമാനം കേട്ട് വാ പൊളിച്ചു നിന്നു പോയ പാൽക്കാരനോട്) : ചേട്ടായീ,പാലുണ്ടെങ്കിൽ കൊറേം കൂടി കൊണ്ടന്ന് കൊടുത്തോ.ഇന്നിവിടെ ആള് കൂടും
പാൽക്കാരൻ: ഇവിടെ ആള് കൂടാനൊ,എന്തിന്?
രാജു ഡേവിസിന്റെ ഡയറി പിടിച്ചെടുത്ത് പത്രം വായിക്കുന്ന ഭാവഹാവാദികളോടെ വായിക്കുന്നു: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വഴിയിൽ തള്ളി.മലമൂട് യു.പി സ്‌കൂളിനടുത്തുള്ള കുഞ്ഞൂട്ടിയേട്ടന്റെ ചായക്കടക്ക് മുന്നിലാണ് ഇരുപത്തഞ്ചിനടുത്ത് പ്രായം തോന്നിക്കുന്ന അജ്ഞാത യുവതി ഇന്നലെ രാത്രി ഉപേക്ഷിക്കപ്പെട്ടത്.
നിർത്തി ഡയറി അടച്ചുവെച്ച് സ്വന്തം നിലയിൽ പൂരിപ്പിക്കുന്നു :ഉന്നതങ്ങളിൽ പിടിപാടുള്ള രണ്ട് സമ്പന്ന യുവാക്കളും രണ്ട് മധ്യവയസ്‌കരുമാണ് ഈ ഹീനകൃത്യത്തിൽ പങ്കാളികളായതെന്നു പറയപ്പെടുന്നു (ജേതാവിന്റെ ഭാവത്തിൽ ഒരു കള്ളച്ചിരിയോടെ ) ഇന്ന് ഉച്ചതിരിഞ്ഞിറങ്ങുന്ന മലയോരം പത്രത്തിൽ നിങ്ങൾക്കിത് വായിക്കാം (വികൃതമായി ചിരിക്കുന്നു)
പാൽക്കാരൻ പേടിച്ചകലുന്നതു പോലെ വേഗത്തിൽ സൈക്കിളുന്തി സ്ഥലം വിടുന്നു.
8
മണിക്കൂറുകൾ കടന്നുപോയി എന്നറിയിക്കുന്നതിന്റെ പല തരം ദൃശ്യശാബ്ദികസൂചനകൾ
ക്ഷേത്രത്തിൽ നിന്നുയരുന്ന സന്ധ്യാകീർത്തനം
തെളിയുന്ന രാത്രി വെളിച്ചങ്ങൾ
ഒരു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ടിവിക്ക് മുന്നിൽ ഏതാനും പേർ കൂടി നിൽക്കുന്നു.
വിചിത്ര വേഷധാരികളായ മൂന്നു പേർ (അവരുടെ രൂപഭാവങ്ങൾ അമ്പരപ്പും അസ്വാസ്ഥ്യവുമുണ്ടാക്കുന്നവയാണ്)  കരച്ചിലിനോട് സാമ്യമുള്ള ശബ്ദമുണ്ടാക്കിക്കൊണ്ട് കടന്നു വരുന്നു.ഏതോഅനുഷ്ഠാനത്തിന്റെ ഛായയുള്ളതാണ് അവരുടെ ചലനങ്ങളും വിലാപവും.തങ്ങളിൽ പൂർണമായും ലയിച്ച് സ്വയം മറന്നതുപോലെ അവർ പതുക്കെ കടന്നു പോവുന്നു.
കണ്ടു നിൽക്കുന്നവരിൽ ഒരാൾ : ഏതാ ഈ പാർട്ടികള് ? ഇമ്മാതിരി സാധനങ്ങളെ ഈ ഭാഗത്തൊന്നും ഇതേ വരെ കണ്ടിട്ടില്ലല്ലോ?
മറ്റൊരാൾ :(തികഞ്ഞ ഗൗരവത്തിൽ): They are Mourners
ആദ്യത്തെയാൾ: എന്നു വെച്ചാൽ?
മറ്റേയാൾ : അവർ കരയുന്നവരാണ്.കരച്ചിൽ തന്നെയാണ് അവരുടെ പണി
ആദ്യത്തെയാൾ: എന്തിനാ കരയുന്നത്?
മറ്റേയാൾ കടുത്ത ആത്മവേദന സ്ഫുരിക്കുന്ന മുഖഭാവത്തോടെ 'ആർക്കറിയാം?'എന്ന അർത്ഥത്തിൽ കൈ മലർത്തുന്നു.
ഒരു കൂട്ടം ചാവിയുമായി ',വൈകിപ്പോയി,വൈകിപ്പോയി' എന്നു പറഞ്ഞ് ഒരാൾ ഓടിവരുന്നു.ടി വിയെ കാഴ്ചയിൽ നിന്ന് മറക്കുന്ന മരത്തിന്റെ അടപ്പ് തുറന്ന് അയാൾ  ടി വി ഓൺ ചെയ്യുന്നു
വാർത്ത  വായിക്കുന്ന ദൃശ്യം വലിയ ടി വി സ്‌കീനിൽ തെളിഞ്ഞു വരുന്നു 
മലമൂട്ടിൽ ഒരു യുവതിയെ നാലുപേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വഴിയിൽ തള്ളി.ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.ബോധരഹിതയായി വഴിയരികിൽ കിടന്ന യുവതിയെ നാട്ടുകാർ ആസ്പത്രിയൽ എത്തിച്ചെങ്കിലും മരണം നടന്നു കഴിഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതി ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിന് വളരെ അടുത്തായി ചായക്കട നടത്തിവരുന്ന കുഞ്ഞൂട്ടിയേട്ടൻ കഴിഞ്ഞ ദിവസങ്ങളിലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.അദ്ദേഹത്തിന് കുറച്ചു നാൾ മുമ്പേ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. പിന്നീട് ബധിരനാവുക കൂടി ചെയ്തു. ഇന്ന് ഉച്ചയ്ക്കു ശേഷം അയാളെ കാണാതായെന്നും അറിയുന്നു.
തുടർന്ന് ഒരു ടെലിവിഷൻ റിപ്പോർട്ടർ കുഞ്ഞൂട്ടിയേട്ടനെ ചോദ്യം ചെയ്യുന്നതിന്റെ ടിവി ദൃശ്യം
റിപ്പോർട്ടർ:നിങ്ങൾ സ്ത്രീയെ കണ്ടിരുന്നില്ലെങ്കിലും നിലവിളിയുടെ ശബ്ദം കേട്ടിരുന്നു അല്ലേ?
കുഞ്ഞൂട്ടിയേട്ടൻ പ്രതികരിക്കുന്നില്ല
സ്ത്രീ ഉപേക്ഷിക്കപ്പെട്ടത് ഇവിടെ നിന്ന് നോക്കിയാൽ കാണുന്ന കുരിശുപള്ളിയുടെ അടുത്തു തന്നെയാണ്, അല്ലേ?
കുഞ്ഞൂട്ടിയേട്ടൻ ഇപ്പോഴും പ്രതികരിക്കുന്നില്ല
റിപ്പോർട്ടറുടെ വിവരണം: ചായക്കടക്കാരന് സംസാരശേഷിയും കേൾക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടതിനു പുറമെ കാഴ്ചശക്തിയും ഗണ്യമായി കുറഞ്ഞിരിക്കുന്നതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അയാളെ ഞങ്ങൾ കണ്ടത്.അപ്പോൾ തന്നെ അയാൾ വളരെ അസ്വസ്ഥനായിരുന്നു.ഉച്ച തിരിഞ്ഞ് എപ്പോഴോ അയാൾ സ്ഥലം വിട്ടിരിക്കുന്നു.എങ്ങോട്ട് പോയിരിക്കാമെന്നതിനെ കുറിച്ച് ആർക്കും ഒരു ഊഹവും സാധ്യമാവുന്നില്ല.മലമൂട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം പിന്നിലേക്ക് പോയാൽ ഹിംസ്രമൃഗങ്ങളുള്ള കാടാണ്. ചായക്കടക്കാരൻ അങ്ങോട്ട് പോയ്ക്കളഞ്ഞിരിക്കുമോ എന്നതിനെ കുറിച്ച് പലർക്കും ആശങ്കയുണ്ട്. മലമൂട്ടിൽ നിന്ന്
പാർക്കിലെ വെളിച്ചങ്ങളെല്ലാം അണയുന്നു.കറന്റ് പോയതുകാരണം ടിവി പൊടുന്നനെ ഓഫാവുകയും ചെയ്യുന്നു.
9
കാട്
അരണ്ട നിലാവെളിച്ചത്തിൽ കാട്ടിലൂടെ പേടിച്ചുവിറച്ച് കിതച്ചുകിതച്ച് നടക്കുന്ന കുഞ്ഞൂട്ടിയേട്ടൻ.
മൃഗങ്ങളുടെ അലർച്ച.കാട്ടിൽ നിന്നുള്ള മറ്റ് പലതരം ശബ്ദങ്ങൾ.
പെട്ടെന്ന് അകലെയെവിടെയോ നിന്ന് ഒരു കൊമ്പുവിളി കേട്ടുതുടങ്ങന്നു.ആ ശബ്ദം തനിക്ക് കേൾക്കാനാവുന്നതിൽ കുഞ്ഞൂട്ടിയേട്ടന്.ആദ്യം അവിശ്വാസവും പിന്നെ അത്യാഹ്‌ളാദവും അനുഭവപ്പെടുന്നു.
ശബ്ദം എവിടെ നിന്ന് വരുന്നു എന്നറിയാനുള്ള വെമ്പലോടെ അയാൾ ഓരോ ദിശയിലേക്കും പല കുറി തല ചെരിച്ച് കാതോർക്കുന്നു.
ഒടുവിൽ, അത് തന്റെ ഉള്ളിൽ നിന്നു തന്നെയാണ് വരുന്നതെന്ന് പൊടുന്നനെ കുഞ്ഞൂട്ടിയേട്ടൻ.തിരിച്ചറിയുന്നു.അതോടെ അയാൾ അത്യധികം ആഹ്‌ളാദവാനാവുന്നു. അയാളുടെ ശരീര ചലനങ്ങൾക്ക് പുതിയൊരു താളവും ലയവും വന്നുചേരുന്നു. ആത്മവിസ്മൃതിയുടെ ലഹരിയിൽ അയാൾ മതിമറന്ന് നൃത്തം വെച്ചുതുടങ്ങുന്നു.കൊമ്പുവിളി അത്യധികം ഹൃദയഹാരിയാവുന്നു.