Pages

Friday, May 27, 2011

വിലയ്ക്കു വാങ്ങാം

കൂടുമായി വരാന്‍ ഞാനൊരു
വളര്‍ത്തുപക്ഷിയൊന്നുമല്ല
ചന്തയില്‍ കൊണ്ടുചെല്ലാന്‍ വെണ്ടയോ വഴുതിനയോ അല്ല
അറവുകാര്‍ക്ക് കൊടുക്കാന്‍ ചാവാറായ കാളയോ ചാവാളിപ്പശുവോ അല്ല
ഞാനൊരു മനുഷ്യനാണ്
പരസഹായമില്ലാതെ സ്വയം വിലപേശി വില്‍ക്കാനറിയുന്ന
മാന്യദേഹം.
(തോര്‍ച്ച മാസിക,മെയ് 2011)

ദശാദോഷം

ശത്രക്കളുടെ എണ്ണം നാള്‍ക്കുനാള്‍
പെരുകിപ്പെരുകി വന്നപ്പോള്‍
ജാതകവുമായി കണിശനെ കാണാന്‍ ചെന്നു
വരച്ചുകുറിച്ചു നോക്കിയിട്ട്
ഭാവിയുടെ രഹസ്യക്കാരന്‍ പറഞ്ഞു:
സത്യം സത്യമായിത്തന്നെ
പറയാന്‍ തോന്നുന്ന ദശയാണ്
മരണം വരെ തുടരുന്ന ദശയാണ്.
(തോര്‍ച്ച മാസിക,മെയ് 2011)
രണ്ട് കവിതകള്‍


വിലയ്ക്കു വാങ്ങാം
കൂടുമായി വരാന്‍ ഞാനൊരു
വളര്‍ത്തുപക്ഷിയൊന്നുമല്ല
ചന്തയില്‍ കൊണ്ടുചെല്ലാന്‍ വെണ്ടയോ വഴുതിനയോ അല്ല
അറവുകാര്‍ക്ക് കൊടുക്കാന്‍ ചാവാറായ കാളയോ ചാവാളിപ്പശുവോ അല്ല
ഞാനൊരു മനുഷ്യനാണ്
പരസഹായമില്ലാതെ സ്വയം വിലപേശി വില്‍ക്കാനറിയുന്ന
മാന്യദേഹം.
ദശാദോഷം
ശത്രക്കളുടെ എണ്ണം നാള്‍ക്കുനാള്‍
പെരുകിപ്പെരുകി വന്നപ്പോള്‍
ജാതകവുമായി കണിശനെ കാണാന്‍ ചെന്നു
വരച്ചുകുറിച്ചു നോക്കിയിട്ട്
ഭാവിയുടെ രഹസ്യക്കാരന്‍ പറഞ്ഞു:
സത്യം സത്യമായിത്തന്നെ
പറയാന്‍ തോന്നുന്ന ദശയാണ്
മരണം വരെ തുടരുന്ന ദശയാണ്.

Tuesday, May 17, 2011

വായന

വായനയാണ് ഹോബി
ഒരേയൊരാശ്രയം,ആനന്ദം
രാവിലെ ഞാന്‍ വായിക്കുന്നു:
എന്റെ കവിത
ഉച്ചനേരത്ത് ഞാന്‍ വായിക്കുന്നു:
എന്റെ കവിത
രാത്രിയിലും ഞാന്‍ വായിക്കുന്നു:
എന്റെ കവിത
വായനയാണ് ഹോബി
ഒരേയൊരാശ്രയം,ആനന്ദം.

Monday, May 16, 2011

രാഷ്ട്രീയത്തിനും അരാഷ്ട്രീയതക്കുമപ്പുറത്ത്

കേരളത്തിലെ എഴുത്തുകാര്‍ക്ക് നിരൂപകരില്‍ നിന്നും വായനക്കാരില്‍ നിന്നും മറ്റും നേരിടേണ്ടിവരുന്ന കടുത്ത വിദ്വേഷത്തെ കുറിച്ച് എം.മുകുന്ദന്‍ ഈയടുത്ത ദിവസമാണ് കണ്ണൂരില്‍ പ്രസംഗിച്ചത്.ഏതെങ്കിലും പ്രശ്നത്തില്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്ന എഴുത്തുകാര്‍ക്ക് നേരെ സമൂഹം ഒന്നടങ്കം അധിക്ഷേപ വചനങ്ങളുമായി ചാടി ഇറങ്ങുന്നു എന്ന അര്‍ത്ഥത്തിലാണ് മുകുന്ദന്‍ സംസാരിച്ചത്.സംസ്ഥാനത്ത് ഭരണം കയ്യാളുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.ഐ(എം)ലെ ഔദ്യോഗികവിഭാഗത്തിന് വളരെ വേണ്ടപ്പെട്ട ആളാണ് മുകുന്ദന്‍.ഭരിക്കുന്ന കക്ഷിയിലെ പ്രബലവിഭാഗത്തോട് ഇങ്ങനെ നേരിട്ട് വിധേയത്വം പ്രകടിപ്പിച്ചിട്ടുള്ള മറ്റ് മുതിര്‍ന്ന സാഹിത്യകാരന്മാര്‍ ഒരു കൈവിരലില്‍ എണ്ണാവുന്നതില്‍ താഴെയേ ഉള്ളൂ.എന്നിട്ടും മുകുന്ദന് ഇങ്ങനെയൊരു ദുരനുഭവമുണ്ടാകുന്നുവെങ്കില്‍ ഈയൊരു സഹായമറയുടെ ആനുകൂല്യം ലഭിക്കാത്തവരുടെ കാര്യം എന്തു പറയാനാണ്?
എഴുത്തുകാര്‍ക്ക് പൊതുവേ വലിയ തോതില്‍ പരിവേഷനഷ്ടം സംഭവിച്ച കാലമാണ് പോസ്റ് മോഡേണ്‍ കാലം.പോസ്റ് മോഡേണ്‍ എന്നതിന് പോസ്റ് ഓറാറ്റിക് എന്നുകൂടി അര്‍ത്ഥമുണ്ടെന്ന് ഈ പുതിയ കാലം രൂപംകൊണ്ടു തുടങ്ങിയപ്പൊഴേ നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞതാണ്.കേരളത്തില്‍ എഴുത്തുകാര്‍ക്ക് സംഭവിച്ച പരിവേഷ നഷ്ടത്തിന് പല തലങ്ങളും മുഖങ്ങളുമുണ്ട്.സാമൂഹ്യപുരോഗതിക്ക് ആവശ്യമായ ആശയങ്ങളും മനോഭാവങ്ങളും സംഭാവന ചെയ്യുന്നവര്‍,കാലഘട്ടത്തിന്റെ ആന്തരികസ്വത്തത്തെ കൃത്യമായി അടയാളപ്പെടുത്തുന്നവര്‍ എന്നീ പദവികളൊക്കെ അവര്‍ക്ക് നേരത്തേ തന്നെ നഷ്ടമായി.സാമൂഹ്യവും രാഷ്ട്രീയവുമായ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ പുതിയ വൈകാരികാവേഗങ്ങള്‍ നല്‍കുന്നവര്‍ എന്ന സ്ഥാനം പോലും ആരും അവര്‍ക്ക് കല്പിക്കാതായിട്ട് ഒന്നുരണ്ടു ദശകത്തോളമായി.ഏതെങ്കിലും തലത്തില്‍ പുതുമ അനുഭവിപ്പിക്കാന്‍ പാകത്തില്‍ കഥ പറയാന്‍ പറ്റുമെങ്കില്‍,ഏതെങ്കിലുമൊരു പുതിയ ചിന്തയുടെയോ അനുഭവത്തിന്റെയോ നുറുങ്ങെങ്കിലും കവിതയുടെ രൂപത്തില്‍ അവതരിപ്പിച്ച് ഉത്തേജനം നല്‍കുമെങ്കില്‍ ആ ഒരു സന്ദര്‍ഭത്തില്‍ വായനാസമൂഹം അവരെ ശ്രദ്ധിക്കും.അത് മിക്കവാറും താല്‍കാലികം മാത്രമായ ശ്രദ്ധയും സ്നേഹവും ആദരവുമൊക്കെയാണ്.പുതിയൊരു ഭാവുകത്വത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായോ അല്ലെങ്കില്‍ തങ്ങളുടെ വൈകാരികജീവിതത്തിന് പുതിയ സമൃദ്ധികള്‍ നല്‍കിയ ഒരാളായോ ഏതെങ്കിലും എഴുത്തുകാരനെ/എഴുത്തുകാരിയെ അംഗീകരിച്ച് ആദരിക്കുന്ന ശീലം വ്യക്തികളിലേക്ക് ചുരുങ്ങിയിരിക്കുന്നു.അതൊരു സാമൂഹ്യാനുഭവമേ അല്ലാതായിരിക്കുന്നു. നമ്മുടെ വായനക്കാര്‍,വിശേഷിച്ചും ഇടതുപക്ഷ സാഹിത്യസങ്കല്പങ്ങളോട് വിധേയത്വം പുലര്‍ത്തിയിരുന്ന വായനക്കാര്‍ കടുത്ത ഇച്ഛാഭംത്തിലാണിന്ന്.സാഹിത്യത്തിന്റെ സാമൂഹ്യഫലങ്ങളെയും എഴുത്തുകാരുടെ പ്രതിബദ്ധതയെയും പറ്റിയൊക്കെ ദീര്‍ഘകാലമായി തങ്ങള്‍ പഠിപ്പിക്കപ്പെട്ടു പോന്ന സംഗതികള്‍ അവ പഠിപ്പിച്ച പുരോഗമനസാഹിത്യപ്രസ്ഥാനത്തിനു തന്നെ അസ്വീകാര്യമായിരിക്കുന്നു എന്ന് പ്രസ്ഥാനം പരസ്യമായി സ്വീകരിച്ച നിലപാട്മാറ്റത്തില്‍ നിന്നും പ്രസ്ഥാനത്തിന്റെ പുതിയ നയസമീപനങ്ങളില്‍ നിന്നും അവര്‍ക്ക് പൂര്‍ണമായും ബോധ്യപ്പെട്ടിരിക്കുന്നു.ഈ വസ്തുത പക്ഷേ മറ്റാരെങ്കിലും വെളിപ്പെടുത്തുന്നത് പൊറുക്കാനാവാത്ത തെറ്റായേ അവര്‍ക്ക് അനുഭവപ്പെടുകയുള്ളൂ.കാരണം അവര്‍ ഇപ്പോഴും തങ്ങളുടേതായ ചില കലാസാഹിത്യവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നത് പണ്ടേ പഠിച്ചുറച്ച ധാരണകളുടെ അടിസ്ഥാനത്തിലാണ്.അതേ സമയം പ്രസ്ഥാനത്തെ അനുസരിക്കുക എന്ന അച്ചടക്കം നിമിത്തം അതിന് കടകവിരുദ്ധമായ പലതിനെയും അവര്‍ക്ക് പിന്‍താങ്ങേണ്ടിയും പൊക്കിപ്പിടിക്കേണ്ടിയും വരുന്നു.ഇതില്‍ അടങ്ങിയിരിക്കുന്ന വൈരുദ്ധ്യത്തിന്റെ സമ്മര്‍ദ്ദം പൊതുവായ സാഹിത്യവിദ്വേഷമായും ശത്രുക്കളായി പ്രസ്ഥാനം ചൂണ്ടിക്കാണിക്കുന്നവരോടുള്ള പ്രത്യേകമായ പകയും വെറുപ്പുമായും പ്രത്യക്ഷപ്പെടുന്നു.ഇതില്‍ ആദ്യം പറഞ്ഞ വിദ്വേഷം മാത്രമേ എം.മുകുന്ദന് അനുഭവിക്കേണ്ടി വരുന്നുണ്ടാവൂ.രണ്ടും അനുഭവിക്കേണ്ടി വരുന്ന ഹതഭാഗ്യരെ കുറിച്ച് ഒരു പക്ഷേ അദ്ദേഹം ആലോചിക്കുന്നതേ ഉണ്ടാവില്ല.
കേരളത്തിലെ ഗൌരവബോധമുള്ള വായനക്കാര്‍ ആരും തന്നെ എഴുത്തുകാര്‍ക്ക് കക്ഷിരാഷ്ട്രീയവുമായി ബന്ധമുണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നില്ല.എഴുത്തുകാര്‍ രാഷ്ട്രീയത്തെ പരിഗണനാര്‍ഹമായ ഒരു വിഷയമായേ കണക്കാക്കേണ്ടതില്ല എന്നിടത്തുപോലും അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നോ എന്ന് സംശയമുണ്ട്.സമകാലികരാഷ്ട്രീയത്തിന് സ്പര്‍ശിക്കാനാവാത്തതും കുറേക്കൂടി ആഴത്തില്‍ വര്‍ത്തിക്കുന്നതുമായ അനുഭവങ്ങളുടെ ലോകത്തിലാണ് എഴുത്തുകാര്‍ വ്യാപരിക്കേണ്ടത് എന്ന് അവര്‍ കരുതുന്നതായി തോന്നുന്നു.ആഴം എന്ന് നിങ്ങള്‍ പറയുന്നിടത്തും രാഷ്ട്രീയമുണ്ടെന്ന് ഒരാള്‍ക്ക് ന്യായമായും വാദിക്കാം.പക്ഷേ,ആ രാഷ്ടീയമാണ് തന്റെ കൃതിയെ രൂപപ്പെടുത്തേണ്ടത് എന്ന ബോധപൂര്‍വമായ നിലപാട് തല്‍ക്കാലപരിസ്ഥിതിയിലെങ്കിലും എഴുത്തുകാര്‍ സ്വീകരിക്കരുത് എന്നതായിരിക്കുന്നു വായനക്കാരുടെ നിലപാട്.മറ്റ് പലതിനോടുമൊപ്പം, ഇടതുപക്ഷരാഷ്ട്രീയമടക്കം നമ്മുടെ രാഷ്ട്രീയത്തെ മുഴുവനായിത്തന്നെ ബാധിച്ചിരിക്കുന്ന അരാഷ്ട്രീയതയും വായനക്കാരുടെ ഈ മനോഭാവമാറ്റത്തിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.
വളരെയേറെ കലുഷിതവും വിദ്വേഷപൂര്‍ണവുമാണ് സമകാലികമലയാളത്തിലെ ഭാവുകത്വപരിസരം.സാഹിത്യത്തിന്റെ സാമൂഹികത എന്ന ആശയത്തെ പിന്തുണച്ചിരുന്ന എഴുത്തുകാരും വായനക്കാരുമെല്ലാം ഒരേ സമയം ഈ പരിസരത്തിന്റെ നിര്‍മാതാക്കളും ഇരകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു.തുറന്ന മനസ്സോടെയുള്ള ആരോഗ്യകരമായ എഴുത്തിന്റെയും വായനയുടെ ഇടം വളരെ ഏകാന്തമാണ്.രാഷ്ട്രീയത്തിനും അരാഷ്ട്രീയതക്കുമപ്പുറത്ത് ഏകാകികളുടെ അപ്രഖ്യാപിതവും അനൌപചാരികവുമായ കൂട്ടായ്മയാണ് അതിനെ നിലനിര്‍ത്തുന്നത്.ആ കൂട്ടായ്മ/കൂട്ടായ്മകള്‍ സാവകാശത്തിലാണെങ്കിലും വളര്‍ന്നുകൊണ്ടേയിരിക്കുന്നുണ്ട് എന്നതാണ് ആശ്വാസകരമായ ഒരേയൊരു കാര്യം.
(മാതൃകാന്വേഷി മെയ് 2011)

Saturday, May 7, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

32

സ്വന്തകര്‍മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികള്‍
അന്തരാളഗതി തന്നിലൊന്നൊടൊ-
ന്നന്തരാപെടുമണുക്കളാണു നാം.
കുമാരനാശാന്റെ 'നളിനി'യിലെ ഈ വരികളെപ്പോലെ എന്റെ ഉള്ളില്‍ ഒന്നിനോടൊന്നുചേര്‍ന്ന് അനേകമനേകം വലിയ മുഴക്കങ്ങളുണ്ടാക്കിയ വരികള്‍ മലയാളത്തില്‍ വേറെയില്ല.
പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്താണ്?നാം ഓരോരുത്തരും ചെയ്യുന്ന,ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന,പലപ്പോഴും ചെയ്യാന്‍ വിധിക്കപ്പെടുന്ന കര്‍മങ്ങളുടെ പൊരുളെന്താണ്?സ്ത്രീയായാലും പുരുഷനായാലും ചില പ്രത്യേക വ്യക്തികളോട് നമുക്ക് തോന്നുന്ന ആത്മബന്ധത്തിന്റെ അര്‍ത്ഥമെന്താണ്? എന്നിങ്ങനെയുള്ള അനേകമനേകം ചോദ്യങ്ങളിലേക്ക് യാത്ര പുറപ്പെടാന്‍ പ്രേരണ നല്‍കുന്ന വരികളാണവ. നിലനില്‍പിന്റെ ഭാഗമായുള്ള സാധാരണ വ്യവഹാരങ്ങളുടെ അന്തമറ്റ പെരുപ്പം ജീവിതത്തെ കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങളുടെ നേരിയ ഓര്‍മ പോലും നമ്മില്‍ നിന്ന് മായ്ചുകളയും.അത്തരം ചോദ്യങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഉത്തരം തേടുമ്പോഴാണ് ആത്മീയമായ അനുഭൂതികളുടെ ഉറവ പൊട്ടുന്നത്.ദൈവങ്ങളെ പ്രീതിപ്പെടുത്താനോ വശത്താക്കാനോ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ നിന്നോ ധനവ്യയത്തില്‍ നിന്നോ അതുണ്ടാവില്ല.അത്തരം പ്രവൃത്തികള്‍ ഉല്പാദിപ്പിക്കുന്ന മന:സംതൃപ്തിയും സമാശ്വാസവും ഒട്ടുമിക്ക ഭക്ത•ാരെയും അവനവനില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കില്ല.ഞാന്‍,ഞാന്‍ എന്ന അഹങ്കാരത്തിന്റെയും അനുരാഗത്തിന്റെയും അകത്തു തന്നെ കഴിയുന്നയാള്‍ രാജാവാകട്ടെ യാചകനാവട്ടെ പുരോഹിതനാവട്ടെ അയാള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ആത്മീയത.
അഹങ്കാരത്തില്‍ നിന്നുള്ള മോചനം മാത്രമല്ല മറ്റു ചില ഉപാധികള്‍ കൂടിയുണ്ട് ആത്മീയാനുഭൂതികളിലേക്കുള്ള പ്രവേശനത്തിന്.ദൈനംദിന ജീവിതത്തെ കേന്ദ്രീകരിച്ചുള്ള നൂറായിരം വേവലാതികളില്‍ നിന്നും ഇടപാടുകളില്‍ നിന്നും കേവലമായ ഉത്തരവാദിത്വരാഹിത്യം എന്ന നിലക്കല്ലാതെ തന്നെ മനസ്സിനെ വേര്‍പെടുത്തിയെടുക്കാനുള്ള സവിശേഷമായ ശേഷിയാണ് അവയില്‍ ഒന്ന്.ഏറ്റവും സാധാരണവും അവിദഗ്ധവുമായ തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും അതിനെയും അതിന്റെ പരിസരങ്ങളെയും ആകാവുന്നത്ര മാനുഷികവും സൌന്ദര്യാത്മകവുമാക്കിത്തീര്‍ക്കാനുള്ള ആഗ്രഹത്തില്‍ നിന്നും പരിശ്രമത്തില്‍ നിന്നും കൈവരുന്ന സംതൃപ്തിയും സ്വാച്ഛന്ദ്യവുമാണ് മറ്റൊന്ന്.ഇവയുടെയെല്ലാം പിന്തുണയുണ്ടെങ്കിലേ ഏതൊരാള്‍ക്കും ആത്മീയാനുഭൂതികളെ ലക്ഷ്യമാക്കിയുള്ള അന്വേഷണങ്ങള്‍ക്കുള്ള പ്രേരണ പോലും ഉണ്ടാവൂ.ആ ഒരു പ്രേരണയുടെ ആനുകൂല്യം ലഭിക്കുന്നയാള്‍ കടുത്ത നിരീശ്വരവാദിയായിരുന്നാല്‍ പോലും അയാള്‍ക്ക് ആത്മീയതയുടെ ലോകത്തിലേക്കുള്ള വാതിലുകള്‍ ഒന്നൊന്നായി തുറന്നുകിട്ടും.ശുദ്ധമായ ആത്മീയതയില്‍ വിശ്വാസിയേക്കാള്‍ വേഗത്തില്‍ ഒരു പക്ഷേ അയാളാവും എത്തിച്ചേരുക.കാരണം ദൈവചിന്തയുടെ ഭാരമില്ലാതെയാണ് അങ്ങോട്ടേക്കുള്ള അയാളുടെ സഞ്ചാരം.
കേവലമൊരുമനുഷ്യന്‍ എന്ന നിലക്കു തന്നെയുള്ള അപൂര്‍ണതകളുടെ ഭാരം കാരണം ആത്മീയാനുഭൂതികളിലേക്ക് തല നിവര്‍ത്താന്‍ മിക്കവാറും എനിക്ക് കഴിയാറില്ല.അവയുടെ ദിങ്മാത്ര ദര്‍ശനമോ വളരെ നൈമിഷികമായ സ്പര്‍ശമോ മാത്രമേ ഇന്നേ വരെ ഞാന്‍ അനുഭവിച്ചിട്ടുള്ളൂ.അങ്ങനെയുള്ള ഞാന്‍ ആത്മീയാനുഭവത്തെ കുറിച്ച് ഇത്രയുമൊക്കെ എഴുതാന്‍ ധൈര്യപ്പെട്ടത് ആശാന്റെ വരികള്‍ തന്ന ആത്മബലം കൊണ്ടു മാത്രമാണ്.
33
കമ്യൂണിസവുമായോ വ്യക്തിക്ക് പറയത്തക്ക പരിഗണനയൊന്നും നല്‍കാതെ ഏത് ചിന്തയെയും പ്രവൃത്തിയെയും അതിന്റെ സാമൂഹ്യഫലങ്ങളുമായി ബന്ധിപ്പിക്കുന്ന മറ്റേതെങ്കിലും ദര്‍ശനവുമായോ വിശ്വാസവുമായോ ഉള്ള ആത്മബന്ധം കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് വ്യവഹരിക്കുന്ന ആര്‍ക്കും വമ്പിച്ച കഷ്ടനഷ്ടങ്ങളുണ്ടാക്കും.സാമ്പത്തിക നഷ്ടത്തിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്.ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളവും നിര്‍ണായക പ്രാധാന്യമുള്ള ചില അനുഭവമേഖലകളിലേക്ക് (ഉദാ:നാട്ടാചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മറ്റും ലോകം)ആര്‍ജവത്തോടെ സഞ്ചരിച്ചെത്തുന്നതില്‍ അത് തടസ്സം സൃഷ്ടിക്കും.ലൈംഗികതയുടെയും മറ്റ് ചില മാനസികവ്യാപാരങ്ങളുടെയും ആവിഷ്ക്കാരത്തില്‍ അത് വിലക്കുകള്‍ തീര്‍ക്കുകയും ചെയ്യും.
എഴുത്തില്‍ പാലിക്കേണ്ട സദാചാരവും ധാര്‍മികബോധവുമെല്ലാം എഴുത്തിന്റെ വിഷയവുമായും എഴുത്തുകാരന്റെ അന്തര്‍ജ്ഞാനവുമായും ബന്ധപ്പെട്ട് സ്വാഭാവികതയോടെ രൂപം കൊള്ളേണ്ടതാണ്.അത് ദര്‍ശനം വഴിയോ പ്രസ്ഥാനം വഴിയോ പുറമേ നിന്ന് കെട്ടിയേല്‍പ്പിക്കപ്പെടേണ്ടുന്ന ഒന്നല്ല.ഇന്നത്തെ കാലത്ത് ഈ വസ്തുത എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്.എങ്കില്‍ പോലും കലയുടെയും സാഹിത്യത്തിന്റെയും സാമൂഹികതയില്‍ ഉയര്‍ന്ന അളവിലുള്ള പരിഗണന സൂക്ഷിക്കുന്നതില്‍ രാഷ്ട്രീയാഭിമുഖ്യം കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ താല്പര്യം പുലര്‍ത്തുന്നവര്‍ അറിഞ്ഞും അറിയാതെയും ചില നിയന്ത്രണങ്ങള്‍ക്ക് സ്വയം വിധേയരാവുന്നുണ്ട്.ഭാഗികമായെങ്കിലും ഞാനും അത്തരത്തിലുള്ള ആളാണ്.ഈ നിയന്ത്രണം എഴുത്തില്‍ അനുകൂല ഘടകമായിത്തീരുന്ന തലങ്ങളും സന്ദര്‍ഭങ്ങളും വളരെ കുറവാണ്.അത് ബോധ്യം വന്നതിനു ശേഷവും എനിക്ക് എന്നെ പൂര്‍ണമായും സ്വതന്ത്രനാക്കാന്‍ കഴിഞ്ഞിട്ടില്ല.എഴുത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ സ്വരൂപിച്ചുപോയ ചില ധാരണകളാണ് പ്രശ്നം എന്ന് പലപ്പോഴും തോന്നാറുണ്ട്.കാര്യം അതല്ല എന്റെ ഭീരുത്വമാണ് യഥാര്‍ത്ഥമായ പ്രശ്നം എന്ന് മറ്റു ചിലപ്പോള്‍ തോന്നും.പ്രശ്നം എന്റേതു മാത്രമല്ല മലയാളത്തിലെ എഴുത്തിനെ ഇപ്പോഴും വരുതിയില്‍ നിര്‍ത്തുന്ന യഥാസ്ഥിതികത്വത്തിന്റേതാണെന്ന് ചിലപ്പോള്‍ ഞാന്‍ സമാശ്വസിക്കും.ചില സംഗതികളില്‍ ഒരാള്‍ക്ക് ഒരു പരിധിക്കപ്പുറം മാറാനാവില്ല;അതാണ് വാസ്തവം.ഇതറിയുമ്പോഴും ഞാന്‍ അവസാനമായി എന്റെ എഴുത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു.അത് അതിന് അത്യാവശ്യമായി വരുന്ന ഘട്ടത്തില്‍ എന്റെ ശീലങ്ങളുടെയും ധാരണകളുടെയും വേലിക്കെട്ടുകള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞ് എന്നെ അടിമുടി സ്വതന്ത്രനാക്കുക തന്നെ ചെയ്യും.
34
മൂന്ന് പതിറ്റാണ്ടിന്നും മുമ്പ് കന്യാകുമാരി ജില്ലയിലെ നെയ്യൂര്‍ ലക്ഷ്മിപുരം കോളേജില്‍ രണ്ടു വര്‍ഷത്തോളം ഞാന്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു.ജോലിക്കു ചേര്‍ന്ന ആദ്യനാളുകളില്‍ സൌകര്യപ്രദമായ ഒരു താമസസ്ഥലം കിട്ടാതെ വല്ലാതെ വിഷമിച്ചു.അറുന്നൂറുലധികം വിദ്യാര്‍ത്ഥികളുള്ള കോളേജില്‍ മലയാളം പഠിക്കാന്‍ ആകെക്കൂടി പത്തുപതിനാറ് പേരേ ഉണ്ടായിരുന്നുള്ളൂ.ഒരു ദിവസം രണ്ടാം വര്‍ഷ ബി.എ/ബി.എസ്.സി മലയാളം ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഞാന്‍ പ്രശ്നം അവതരിപ്പിച്ചു.ആരെങ്കിലും എവിടെയെങ്കിലും ഒരു താമസസ്ഥലം കണ്ടുപിടിച്ചു തരണം.ഉടനെ വിദ്യാര്‍ത്ഥികളിലൊരാള്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു.'സാറിന് വിരോധമില്ലെങ്കില്‍ എന്റെ കൂടെ താമസിക്കാം.'നല്ല പക്വത വന്ന മുതിര്‍ന്ന മനുഷ്യന്റെ ശബ്ദത്തിലായിരുന്നു ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി അങ്ങനെ പറഞ്ഞത്.അവന്‍ താമസിച്ചിരുന്നത് കോളേജില്‍ നിന്ന് ഇത്തിരിയകലെ ചെറിയ ഒരു വീട്ടിലായിരുന്നു.അവിടെ പത്തെണ്‍പത്തഞ്ചു വയസ്സായ ഒരു സ്ത്രീ താമസമുണ്ട്.അകത്തെ മുറിയും അടുക്കളയും മറ്റും അവര്‍ക്കുള്ളതാണ്.വീടിന്റെ വടക്കുവശത്ത് ഏതാണ്ട് ചായ്പ് പോലൊരു മുറിയുണ്ട്.അതാണ് നാമമാത്രമായ വാടകയില്‍ ചന്ദ്രന് നല്‍കിയിരിക്കുന്നത്.
വീടും പരിസരവുമെല്ലാം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.വലിയ പറമ്പിനു നടുവിലെ ഒറ്റവീടാണ്.ഒച്ചപ്പാടും ബഹളവുമൊന്നുമില്ല.നേരെ മുന്നില്‍ വിശാലമായ വയല്‍.തൊട്ടടുത്ത് മിക്കപ്പോഴും വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു കനാലുണ്ട്. കനാലിനപ്പുറം കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമൊക്കെയായ തമിഴ•ാരുടെ പാര്‍പ്പിടങ്ങള്‍.ഞങ്ങള്‍ക്ക് താമസിക്കാന്‍ ഇടം ലഭിച്ചിരിക്കുന്ന വീട്ടിലെ മുത്തശ്ശി മിക്കവാറും ഒന്നും സംസാരിക്കില്ല.അല്പം അകലെയുള്ള മകളുടെ വീട്ടില്‍ നിന്ന് രാവിലെയും ഉച്ചയ്ക്കും ഒരു കുട്ടി അവര്‍ക്ക് ആഹാരം കൊണ്ടുവരും.ആ കുട്ടിയോട് രണ്ടോ മൂന്നോ വാക്കുകളില്‍ അവര്‍ വീട്ടുകാര്യങ്ങള്‍ ചോദിക്കും.വല്ലപ്പോഴുമൊക്കെ ചന്ദ്രനോടും എന്നോടും എന്തെങ്കിലുമൊന്ന് പറയും.അത്ര തന്നെ.
ചന്ദന്‍ വിദ്യാര്‍ത്ഥി എന്നതിലധികം ഒരു രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു.എസ്.എഫ്.ഐക്കാരനായ ചന്ദ്രന് മിക്ക ദിവസവും കന്യാകുമാരി ജില്ലയുടെ പല ഭാഗങ്ങളിലായി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെയോ എസ്.എഫിന്റെയോ എന്തെങ്കിലുമൊക്കെ പരിപാടികളുണ്ടാവും.അതൊന്നും ഇല്ലാത്ത ദിവസങ്ങളിലേ ചങ്ങാതി താമസസ്ഥലത്തെത്തൂ.അല്ലാത്തപ്പോഴെല്ലാം ഞാന്‍ ഒറ്റയ്ക്കായിരിക്കും.സന്ധ്യ കഴിഞ്ഞാല്‍ വിങ്ങുന്ന ഏകാന്തതയാണവിടെ.ചുറ്റുപാടും ഒച്ചയും അനക്കവും ഉണ്ടാവില്ല.നാട്ടുകാരില്‍ ആരുമായും ഞാന്‍ അടുപ്പം സ്ഥാപിച്ചിട്ടില്ലായിരുന്നു.അതുകൊണ്ട് വെറുതെ വാചകമടിച്ചിരിക്കാനായി ആരും എന്നെ തേടി വരില്ല.അക്കാലത്തൊക്കെ ആ പ്രദേശത്ത് വോള്‍ട്ടേജ് നന്നേ കമ്മിയായിരുന്നതുകൊണ്ട് വായനയുടെ കാര്യവും കഷ്ടമായിരുന്നു.കസേരയെടുത്ത് മുറ്റത്തിട്ട് ഇരുട്ടിലേക്ക് നോക്കി എത്രയോ നേരം ഞാന്‍ അനങ്ങാതെ ഇരിക്കും.ബ്രഹ്മാണ്ഡം മുഴുവന്‍ നെഞ്ചിലിരുന്ന് വിങ്ങുന്നതുപോലെ തോന്നുന്ന ആ നിമിഷങ്ങളില്‍ എപ്പോഴോ ആണ് അകത്തെ മുറിയില്‍ നിന്ന് അതിഗംഭീരമായ ഒരു പ്രാര്‍ത്ഥനാഗാനം കേട്ടുതുടങ്ങുക.അത് കേട്ട് ലയിച്ചിരിക്കാനല്ലാതെ അതിലെ വരികള്‍ കുറിച്ചുവെക്കാന്‍ അന്നൊന്നും എനിക്ക് തോന്നിയില്ല.അതൊരു വലിയ ബുദ്ധിമോശമായിപ്പോയെന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചറിഞ്ഞത്.ലക്ഷ്മിപുരത്തെ വീട്ടിലിരുന്ന് ഇരുട്ടില്‍ ഉറക്കം വരും വരെ ആ മുത്തശ്ശി ഒരേ താളത്തില്‍ പാടിക്കൊണ്ടിരുന്ന പ്രാര്‍ത്ഥനയിലെ ഏതാനും വരികള്‍ മാത്രമേ ഇന്നെനിക്ക് ഓര്‍മയുള്ളൂ.അവ താഴെ കുറിക്കാം:
ഗഗനമെന്തൊരത്ഭുതം
ജലധിയെന്തൊരത്ഭുതം
അഖിലജന്തുജാലമെന്തൊ
രത്ഭുതം,അത്ഭുതം!