Pages

Monday, August 7, 2017

തമ്മിൽ ഭേദം

നിത്യമായ ആതിത്ഥ്യം സ്വീകരിച്ച്
ദൈവത്തിന്റെ വീട്ടിലേക്ക് പോവാൻ
തുടങ്ങുകയാണ് താനെന്ന്
പറയാനാഞ്ഞതായിരുന്നു അയാൾ
പെട്ടെന്ന് ബസ്സ് വന്നു
വല്ലപാടും അകത്ത് സ്വയം തിരുകിക്കയറ്റിവെച്ച്
പുറത്തേക്ക് കണ്ണയച്ചപ്പോൾ തോന്നി
കൊള്ളാം,തിക്കും തിരക്കും
വെടിയും പൊടിയുമൊക്കെ ഉണ്ടെങ്കിലും
ഇനിയും കുറച്ചുകാലത്തേക്ക് ഇവിടെയിങ്ങനെ കഴിയാം
ദൈവത്തിന്റെ വീട്ടിൽ പാലും പഴവും കഴിച്ച്
സദാസമയവും ഭക്തിഗാനങ്ങളും കേട്ട്
ഇരിക്കേണ്ടി വന്നാലത്തെ സ്ഥിതിയെന്താണ്?


Saturday, July 29, 2017

സബർമതിയിലെത്തിയ ആ പഴയ ദിവസം

ഏതാനും വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ (ഞാനും ഭാര്യയും എന്റെ സഹോദരി പ്രസന്നയും അവളുടെ മകൾ നിത്യയും) മഹാത്മജിയുടെ സബർമതി ആശ്രമത്തിൽ പോയിരുന്നു.സബർമതിയിൽ കാലെടുത്തുവെച്ച നിമിഷം മുതൽ അവിടെ നിന്ന് പുറത്തിറങ്ങും വരെ ഞങ്ങൾ മറ്റേതോ ലോകത്തായിരുന്നു. 'മാമാ ,ഇതെന്തൊരത്ഭുതമാണ്, ഇതെന്തൊരത്ഭുതമാണ്'എന്ന് നിത്യ ചോദിച്ചുകൊണ്ടിരുന്നത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു.സബർമതിയിൽ എന്നെ ഏറ്റവും വിസ്മയഭരിതനും വികാരാധീനനുമാക്കിയത് കസ്തൂർബാ ഗാന്ധിയുടെ മുറിയിൽ, തറയും ചുമരുകളുമൊഴിച്ച് മറ്റൊന്നുമില്ലാത്ത മുറിയിൽ കയറി നിന്ന് ഒരു വിദേശവനിത വിതുമ്പിവിതുമ്പിക്കരയുന്ന കാഴ്ചയാണ്.മറ്റേതോ രാജ്യത്തു നിന്നു വന്ന ആ സ്ത്രീ എന്തിനായിരിക്കും കരഞ്ഞതെന്ന് ഇന്നേ വരെ ഞാൻ ചോദിച്ചിട്ടില്ല.മഹാജന്മങ്ങളുടെ ഓർമകൾക്കു മുന്നിൽ മറ്റെങ്ങനെയാണ്…. 
കടന്നുപോയ ഞായറാഴ്ച ദിവസം ഉച്ച കഴിഞ്ഞുള്ള നേരത്ത് നിത്യമായ ഉറക്കത്തിലേക്ക് പോയ അമ്മയുടെ (വിജയൻ മാഷുടെ ഭാര്യ ശാരദേടത്തി) ചലനമറ്റ ശരീരത്തിനു മുന്നിൽ നിന്നപ്പോൾ ഞാൻ എന്തൊക്കെ വിചാരങ്ങളിലൂടെ കടന്നു പോയി എന്ന് ഓർത്തെടുക്കാനാവില്ല. പക്ഷേ, ആ ശരീരം കത്തിയെരിയുന്നിടത്തു നിന്ന് 'കരുണ'യുടെ മുറ്റത്തെ ചെറിയ ആൾക്കൂട്ടത്തിലേക്ക് മടങ്ങുമ്പോൾ  ഓർമിച്ചുപോയത് സബർമതിയിലെത്തിയ ആ പഴയ ദിവസത്തെ തന്നെയാണ്.
25/7/2017 ചൊവ്വ

Monday, June 12, 2017

രണ്ട് കഥകൾ

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2017 ജൂൺ 11-17ലക്കത്തിൽ പ്രസിദ്ധീകരിച്ച രാമച്ചി (വിനോയ് തോമസ്),തൊട്ടപ്പൻ (ഫ്രാൻസിസ് നെറോണ) എന്നീ കഥകൾ മലയാള ചെറുകഥ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന മികച്ച രചനകളാ ണ്.ആധുനി കോത്തരതയുടെതായി  മനസ്സിലാക്കിയിരുന്ന അതികഥാതന്ത്രങ്ങൾ കാലഹരണപ്പെട്ടു തുടങ്ങുന്നതായി കുറച്ചു മുമ്പേ തന്നെ നാം തിരിച്ചറിഞ്ഞിരുന്നു.'രാമച്ചി'യിലെയും 'തൊട്ടപ്പനി'ലെയും കഥാവസ്തു,ആഖ്യാനരീതി, ഈ കഥകളിൽ ആവിഷ്‌കാരം നേടിയിരിക്കുന്ന ജീവിത പരിസരങ്ങൾ എല്ലാം വലിയൊരു വിച്ഛേദത്തെ വിളിച്ചറിയിരിക്കുന്നു.ചെറുകഥ എന്ന മാധ്യമം തന്നെ അപ്രസക്തമായിത്തുടങ്ങുന്നു എന്ന തോന്നലിലേക്ക് വായനക്കാരെ നയിക്കുന്ന ചില കഥകൾ അടുത്ത കാലത്ത് ലബ്ധപ്രതിഷ്ഠരിൽ നിന്നു തന്നെ ഉണ്ടായി.പുതിയ കഥാകാരന്മാരിൽ പലരും ഭേദപ്പെട്ട ചില കഥകളെഴുതിയെങ്കിലും കാലം ആവശ്യപ്പെടുന്ന കുതിപ്പ് അവയിൽ കാണാനായതുമില്ല.അങ്ങനെയൊക്കെ കഥവായന ഉന്മേഷരഹിതമായിക്കൊണ്ടിരിക്കയാണ് രാമച്ചിയും തൊട്ടപ്പനും വന്നത്.ചെറുകഥ തന്നെയാണ് മലയാളത്തിലെ ഏറ്റവും ഓജസ്സുറ്റ മാധ്യമമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.


Thursday, June 8, 2017

ഒരു ദു:സ്വപ്നം

സ്വപ്നം നിറയെ കന്നുകാലികളായിരുന്നു.അവ എല്ലാ പച്ചപ്പുകളും തിന്നുതീർത്തതിനാൽ നേരം വെളുത്തപ്പോഴേക്കും  അയാളൊരു വരണ്ട മൊട്ടക്കുന്നായി.ആ മൊട്ടക്കുന്നിന്റെ താഴ്‌വരകളിൽ നിന്ന് ചെന്നായ്ക്കൾ കൂട്ടംകൂട്ടമായി മുകളിലേക്ക് കയറാൻ പിന്നെ താമസമുണ്ടായില്ല.

Monday, June 5, 2017

വീണ്ടെടുക്കാനാവാത്ത എത്രയെത്ര ...

സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പുതിയ ഉത്സാഹത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും ലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.മറ്റെങ്ങും കിട്ടാത്ത,മറ്റൊരു ജനവിഭാഗത്തിനും ആശിച്ച് സ്വന്തമാക്കാനാവാത്ത ആഹ്ലാദമാണ് അവരുടേത്.പഴയ സ്‌കൂള്‍ ദിനങ്ങളെ ഓര്‍ക്കുമ്പോള്‍,എട്ടാം ക്ലാസ് ഡിയിലെ കൂട്ടുകാരോടൊപ്പം സ്‌കൂളിനു പിന്നില്‍ മാടായിപ്പാറയുടെ ചെരിവില്‍ രണ്ട് പാറകള്‍ക്കിടയിലെ ഇത്തിരിപ്പോന്ന പുല്‍ത്തകിടിയില്‍ ഒരു ദിവസം രാവിലെ ഒരു മരം നട്ടത് മനക്കണ്ണാൽ വീണ്ടും കാണുമ്പോൾ, ഇന്നെനിക്ക് കരച്ചില്‍ വരുന്നു.വീണ്ടെടുക്കാനാവാത്ത എത്രയെത്ര ആഹ്ലാദങ്ങളാണ് ഓരോ മുതിര്‍ന്ന മനുഷ്യന്റെയും കുട്ടിക്കാലത്തിന്റെ ശേഖരത്തിലുള്ളത്!

Friday, June 2, 2017

അടിയന്തിര പ്രാധാന്യമുള്ള ഒരു സാംസ്‌കാരികാവശ്യം

'സാഹിത്യം സമൂഹത്തെ സ്വാധീനിച്ച ഒരു ഘട്ടമുണ്ടായിരുന്നു.വർത്തമാനകാലത്ത് അത്തരമൊരു സ്വാധീനമില്ല.വായന വേരറ്റു പോയിരിക്കുന്നു.ഇപ്പോൾ എല്ലാവർക്കും സെൻസേഷനലായ വായനകൾ മാത്രം മതി എന്നു വന്നു…………സാഹിത്യം അപ്രസക്തമായി മാറുന്ന കാലമാണിത്. ക്ലാസിക് കൃതികളൊക്കെ ഇനി ചലച്ചിത്രങ്ങളായി കണ്ടാൽ മതിയല്ലോ?''
സുഗതകുമാരിയുടെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്(പ്രസാധകൻ മാസിക 2017ജൂൺ).സാഹിത്യ ത്തിലെ പുതിയ ചലനങ്ങളെയും മാറ്റങ്ങളെയുമെല്ലാം താൽപര്യപൂർവം നിരീക്ഷിച്ചു വരുന്നവരിൽ വളരെയേറെപ്പേരുടെ ഉള്ളിലുള്ള വിചാരങ്ങൾ തന്നെയാണ് സുഗതകുമാരി വായനക്കാരുമായി പങ്കുവെച്ചിരിക്കുന്നത്.സാഹിത്യത്തിന് നമ്മുടെ സമൂഹത്തിലുള്ള സ്വാധീനം നാൾക്കുനാൾ കുറഞ്ഞു വരികയാണെന്ന തോന്നൽ എല്ലാവർക്കുമുണ്ട്.വായന മരിക്കുന്നു എന്ന് ആളുകൾ പറയാൻ തുടങ്ങിയിട്ടാണെങ്കിൽ ഒന്നു രണ്ട് ദശകക്കാലമായി.ക്ലാസിക് കൃതികൾക്ക് ഇനി വായനക്കാരു ണ്ടാവുമോ എന്ന സംശവും പുതിയതല്ല.
പുസ്തകങ്ങളുടെ ആവശ്യക്കാർക്കിടയിൽ അമ്പത് വയസ്സിന് താഴെയുള്ളവർ വളരെ കുറവാണെന്നും ധാരാളം ഗ്രന്ഥാലയങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് കേരളത്തിലെ പ്രസാധകർ ജീവിച്ചു പോവുന്ന തെന്നും പലരും പറയാറുണ്ട്.ആ പറച്ചിൽ അപ്പാടെ തെറ്റല്ലെങ്കിലും വായന ഷഷ്ടിപൂർത്തിയോട ടുത്തവരും ഷഷ്ടിപൂർത്തി കഴിഞ്ഞവരും മാത്രം വ്യവഹരിക്കുന്ന ഒരു മേഖലയാണെന്ന് കരുതാൻ ഞാൻ ഒരുക്കമല്ല.എഴുത്തിലും വായനയിലും പുസ്തകപ്രസാധനത്തിലുമെല്ലാം മുമ്പില്ലാതിരുന്ന പല പ്രശ്‌നങ്ങളും ഉണ്ടായി വന്നിട്ടുണ്ട്.അവയുടെ സൂക്ഷ്മവിശകലനം   അടിയന്തിര പ്രാധാന്യമുള്ള ഒരു സാംസ്‌കാരികാവശ്യമായിത്തീർന്നിരിക്കയാണ്.ഔപചാരികതയ്ക്ക് മുൻതൂക്കം ലഭിക്കുന്ന സാഹിത്യസമ്മേളനങ്ങളോ സർഗസംവാദങ്ങളോ കേവല വാദപ്രതിവാങ്ങളോ ഈ ആവശ്യ ത്തിന്റെ നിർവഹണത്തിന് ഉതകുകയില്ല. പ്രശ്‌നത്തെ തികഞ്ഞ ഉത്തരവാദിത്വത്തോടെ സമീപിക്കുന്ന സ്വതന്ത്ര സാഹിത്യക്കൂട്ടായ്മകളിലൂടെയേ അത് സാധിക്കൂ.
പുസ്തകങ്ങൾ ഇല്ലാതാവില്ല,വായന മരിക്കില്ല എന്നൊക്കെ സംശയരഹിതമായി നമുക്ക് പറയാം.പക്ഷേ,സാഹിത്യത്തിന്റെ സാമൂഹ്യസ്വാധീനം എന്തുകൊണ്ട് കുറയുന്നു?മലയാളികളുടെ എണ്ണം മൂന്നരക്കോടിയിലധികമായിട്ടും ഒരു മികച്ച കവിതാസമാഹാരത്തിന്റെയോ നോവലിന്റെ യോ പോലും ആയിരം കോപ്പി വിറ്റെടുക്കാൻ ഗ്രന്ഥശാലാസംഘത്തിന്റെ എക്‌സിബിഷൻ വരെ പ്രസാധകർക്ക് എന്തുകൊണ്ട് കാത്തിരിക്കേണ്ടി വരുന്നു? എന്നിങ്ങനെയുള്ള അസുഖകരമായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നതിൽ കാര്യമില്ല.

Wednesday, May 31, 2017

ഓർമ

ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഞാൻ പറശ്ശിനിക്കടവിൽ നിന്ന് രണ്ടോ മൂന്നോ മാസത്തി ലൊരിക്കൽ പഴയങ്ങാടിയിലേക്ക് ബോട്ടിൽ വരുമായിരുന്നു. എന്റെ ബന്ധു കൂടിയായ ബോട്ട് ഡ്രൈവർ ബോട്ട് വളപട്ടണത്തെത്തിയാൽ  ജെട്ടിക്ക് വളരെ അടുത്തുള്ള ചെറിയൊരു ഹോട്ടലിൽ നിന്ന് എനിക്കൊരു വെള്ളയപ്പവും ചായയും വാങ്ങിത്തരുമായിരുന്നു.ആ വെള്ളയപ്പത്തിന്റെ രൂചി എന്റെ ഓർമയിൽ ഇല്ലെങ്കിലും ഉണ്ടെന്ന് സങ്കൽപിച്ചു പോവുകയാണ്.
വളപട്ടണം പുഴയുടെ പരപ്പിലൂടെ മുന്നോട്ടു പോവുന്ന ബോട്ട് ഒരേ ക്രമത്തിൽ വെള്ളത്തിൽ സൃഷ്ടിച്ചു കൊണ്ടിരുന്ന അലകൾ,ജെട്ടിയിൽ നിൽക്കാറാവുമ്പോൾ ബോട്ടിന്റെ ശബ്ദത്തിൽ വരുന്ന മാറ്റം, ബോട്ടിൽ മുഴങ്ങുന്ന മണിയടി, ജെട്ടിയിൽ അടുക്കുന്ന ബോട്ടിൽ നിന്ന് കയ്യിൽ കമ്പക്കയറുമായി ചാടിയിറങ്ങുന്ന ഒരാൾ ബോട്ടിനെ ജെട്ടിയിലെ മരക്കുറ്റികളിൽ കെട്ടിയിടുന്നത് എല്ലാം കുട്ടിക്കാലത്ത് കണ്ടതു പോലെ വീണ്ടും ഞാൻ കാണുന്നു.ഞാൻ എന്റെ ഓർമയെ നിർമിച്ചെടുക്കുക മാത്രമാണെന്ന് മറ്റൊരാൾക്ക് പറയാൻ കഴിഞ്ഞേക്കും.അയാൾ പറയുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ.എന്റെ ഓർമകൾ എനിക്ക് തരുന്ന ആനന്ദത്തിന്റെ വിശുദ്ധിയെ സംശയിക്കാനുള്ള ബാധ്യത എന്തായാലും എനിക്കില്ല.

31/5/2017

Tuesday, May 30, 2017

സാഹിത്യപാഠശാല

കണ്ണൂർജില്ലയിലെ ഒരു മലയോരഗ്രാമമാണ് ആലക്കോട്. പഴയ മലബാർ കുടിയേറ്റത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്.
ആലക്കോട്ടെ 'സർഗവേദി റീഡേഴ്‌സ് ഫോറം' എന്ന കൂട്ടായ്മയുടെ മുന്നിൽ  ഇന്നലെ ( 28/5/2017) സുപ്രധാനമായ ഒരു  തീരുമാനം പ്രഖ്യാപിക്കാനുള്ള അവസരം, അല്ലെങ്കിൽ ഭാഗ്യം എന്നു തന്നെ പറയാം,എനിക്ക്  കൈവന്നു.റീഡേഴ്‌സ് ഫോറത്തിന്റെ ചെയർമാൻ ശ്രീ.എ.ആർ.പ്രദീപ് ,കൺ വീനർ ശ്രീ.ബെന്നി സെബാസെബാസ്റ്റിയൻ,പ്രദീപിന്റെ സഹോദരനും ഈ പ്രദേശത്തെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ മുഖ്യസംഘാടകനുമായ പ്രസാദ് മാസ്റ്റർ എന്നിവരുമായി നേരത്തേ തന്നെ ആശയവിനിമയം നടത്തി രൂപപ്പെടുത്തിയതും  അവർ റീഡേഴ്‌സ് ഫോറം പ്രവർത്തകരുടെ പൊതുസമ്മതിയോടെ  കൈക്കൊണ്ടതുമായ  തീരുമാനമാണ് 28ാം തിയ്യതി ഫോറത്തിന്റെ സമ്മേളനത്തിൽ വെച്ച് പരസ്യപ്പെടുത്തിയത്. റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒരു സാഹിത്യപാഠശാല ആരംഭിക്കുക എന്നതാണ് അത്. ഈ തീരുമാനത്തിലേ ക്ക് നയിച്ച സാഹചര്യങ്ങളും തീരുമാനം ലക്ഷ്യമാക്കുന്ന കാര്യങ്ങളുടെ പ്രാധാന്യവും വിശദീകരിച്ച് ഞാൻ സംസാരിക്കുമ്പോൾ  മികച്ച കവിയും ചിത്രകാരനും പ്രസംഗകനുമൊക്കെയായ സോമൻ കടലൂരും ആലക്കോട്ടുകാർക്ക് സുപരിചിതനായ ശ്രീ.ഗോപാലകൃഷ്ണൻ മാസ്‌റററും വേദിയിലുണ്ടാ യിരുന്നു.സാഹിത്യത്തിന്റെ പ്രാധാന്യം വിസ്തരിച്ചും   സമകാല മലയാളകവിതയുടെ ആശയലോകങ്ങളിലൂടെ സഞ്ചരിച്ചും തുടർന്ന്‌ സോമൻ നടത്തിയ പ്രഭാഷണത്തിന്  ഉയർന്ന നിലവാരമുണ്ടായിരുന്നു.
മലയാളസാഹിത്യവും മലയാളികൾ പരിചയപ്പെട്ടു വരുന്ന ലോകസാഹിത്യവും എവിടെ എത്തിയിരിക്കുന്നു,വിവിധ സാഹിത്യഗണങ്ങളിൽ എന്തൊക്കെ മുന്നേറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു,സാഹിത്യവായനയും നിരൂപണവും ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ എന്തൊക്കെയാണ്,പുതിയ കാലത്ത് ഏതൊക്കെ അപഗ്രഥന സങ്കേതങ്ങളും സാമഗ്രികളും ഉപയോഗിച്ച് സാഹിത്യത്തെ സമീപിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് സാഹിത്യപഠനത്തിൽ താൽപര്യമുള്ളവരിൽ കൃത്യമായ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ഒരു പാഠ്യപദ്ധതിയുടെയും സിലബസ്സിന്റെയും അടിസ്ഥാനത്തിലാണ് പാഠശാല പ്രവർത്തിക്കുക.പാഠശാലയുടെ ആദ്യക്ലാസ് ജൂൺമാസത്തിൽ തന്നെ ആരംഭിക്കും.
                       സാഹിത്യപാഠശാല എന്ന ആശയത്തെ റീഡേഴ്‌സ് ഫോറം പ്രവർത്തകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.കുറച്ചു മുമ്പ് വരെ ഒരു സ്വപ്നം മാത്രമായിരുന്ന പാഠശാല  യാഥാർത്ഥ്യമായിത്തീരുകയാണ് എന്ന കാര്യം ഈ ഞായറാഴ്ചയോടെ എല്ലാവർക്കും ഉറപ്പായി. ഈ ആവേശത്തിനും  ആത്മവിശ്വാസത്തിനും  ഇടർച്ച വരുത്താതെ കാര്യങ്ങൾ  മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
29/5/2017

Saturday, May 27, 2017

നല്ല ഭാവിക്കുവേണ്ടി

ആർ.എസ്.എസ്സിന്റെ താൽപര്യങ്ങൾക്കു കീഴ്‌പ്പെട്ടുകൊണ്ടാണ് കേന്ദസർക്കാർ പല കടുത്ത തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന കാര്യം ഫലത്തിൽ ബീഫ് നിരോധനം തന്നെയായ കന്നുകാലിവിൽപന നിയന്ത്രണത്തിലൂടെ തീർത്തും വ്യക്തമായിക്കഴിഞ്ഞു.രാജ്യത്തിന്റെ രാഷ്ട്രീയഭാവി വളരെ അപകടകരമാവാനേ വഴിയുള്ളൂ എന്ന കാര്യത്തിൽ ഇനി സംശയത്തിന് ഇടമില്ല. ഈ ഘട്ടത്തിൽ ഇന്ത്യയിലെ ജനകോടികളെ രക്ഷിക്കാൻ ബി.ജെ.പി ഇതര കക്ഷികളുടെ മുന്നിൽ ഒരേയൊരു വഴിയേ ഉള്ളൂ.രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊ
ണ്ടു തന്നെ നിശ്ചിത കാലയളവിനുള്ളിൽ നടപ്പിലാക്കാനാവുന്ന ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കുക.ദേശീയ തലത്തിൽ ഒരു പുതിയ മുന്നണിയുണ്ടാക്കുക. കോൺഗ്രസ്,സി.പി.ഐ(എം).സി.പി.ഐ എന്നീ പാർട്ടികളാണ് മുന്നണി രൂപീകരണത്തിന് മുൻകയ്യെടുക്കേണ്ടത്.ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരമാർഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണ സ്വരൂപിച്ചു വേണം മുന്നണി അതിന്റെ നയപരിപാടികൾക്ക് അന്തിമ രൂപംനൽകാൻ.കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലെ ലോകരാഷ്ട്രീയ സംഭവങ്ങളും ആഗോളവൽക്കരണം സൃഷ്ടിച്ച പുതിയ ലോകസാഹചര്യവും കൂടി കണക്കിലെടുത്തു വേണം ഭാവിയുടെ രൂപരേഖ തയ്യാറാക്കാൻ .ഇക്കാര്യങ്ങളിലെല്ലാം  രാജ്യത്തെമ്പാടുമുള്ള എഴുത്തുകാരിൽ നിന്നും കലാകാരന്മാരിൽ നിന്നും സാമ്പത്തിക വിദഗ് ധ
രിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും അവർ തുറന്ന മനസ്സോടെ സഹകരണം തേടണം.നേതക്കാൾക്കിടയിലെ  ഈഗോ പ്രശ്‌നങ്ങൾ ,പാർട്ടികൾ വർഷങ്ങളായി മുറുകെ പിടിച്ചു നിൽക്കുന്നതും തികച്ചും നിഷ്പ്രയോജകമെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതുമായ ശാഠ്യങ്ങൾ,ഓരോ പാർട്ടിയുടെയും ചരിത്രത്തിലെ കറുത്ത ഏടുകൾ ഒന്നും തന്നെ രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടിയുള്ള മുന്നണിയുടെ രൂപീകരണത്തിന് തടസ്സമാവരുത്.

Thursday, May 25, 2017

രാഷ്ട്രീയമൗനം

ആനുകാലികരാഷ്ട്രീയത്തിലെ സംഭവങ്ങളെ കുറിച്ച് അഭിപ്രായമൊന്നും പറയാതെ ഒഴിഞ്ഞു മാറി നടക്കുന്നതെന്തെന്ന് ചിലപ്പോൾ ചിലർ ചോദിക്കാറുണ്ട്.ആ ചോദ്യം ഇന്നും ഒരാളിൽ നിന്ന് കേൾക്കേണ്ടി വന്നു.എല്ലാവരോടുമായി ഒരു മറുപടിയേ പറയാനുള്ളൂ:എന്റെ എഴുത്തും വായനയും ചിന്തയുമായി അൽപവും ബന്ധമില്ലാത്ത വ്യവഹാരങ്ങളുടെ ലോകമാണ് ദൈനംദിന രാഷ്ട്രീയം.അതേ കുറിച്ച് ഞാൻ ചാടിയിറങ്ങി അഭിപ്രായം പറയുന്നത് സമയം പാഴാക്കലിൽ കവിഞ്ഞ് ഒന്നും തന്നെ ആയിത്തീരില്ല എന്ന കൃത്യമായ ബോധ്യം ഇന്നെനിക്കുണ്ട്.അതുകൊണ്ട് ഞാൻ മാറിനിൽക്കുന്നു. അഭിപ്രായം പറയുക എന്നത് ഒഴിവാക്കാനാവാത്ത ധാർമിക ഉത്തരവാദിത്വമാണെന്നും ഞാനൊരാൾ അഭിപ്രായം പറയുന്നത് നന്നേ ചെറിയ അളവിലെങ്കിലും പ്രയോജനം ചെയ്യുമെന്നും ഉറപ്പായി തോന്നുന്ന ഘട്ടത്തിൽ തീർച്ചയായും ഞാൻ മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കില്ല.

Wednesday, May 24, 2017

തീരം

എന്നോ വന്നു മടങ്ങിപ്പോയ
ഏതോ ഒരു തിരയെ കാത്തുനിൽക്കുന്ന
 തീരമാണ് ഞാൻ
കാലമൊരുപാട് കടന്നുപോയി
ഇപ്പോൾ ഞാനൊരു തീരവുമല്ല
നനവിന്റെ വിദൂരസ്മരണകൾ പോലും
വിട്ടകന്ന വ്യർത്ഥമായ മണൽ പരപ്പ്.

Tuesday, May 23, 2017

ഖേദകരം

ഭാവിയിലെ മനുഷ്യർക്ക് ഓർമയിൽ ഒന്നും സൂക്ഷിക്കേണ്ടി വരില്ല.മൊബൈൽ ഫോണിന്റെ മെമ്മറി,ലാപ്‌ടോപ്പിന്റെ മെമ്മറി തുടങ്ങിയവയും വിക്കിപ്പീഡിയയും എണ്ണമറ്റ ഓൺലൈൻ വിവരസംഭരണികളും അവരുടെ സഹായത്തിന് ഉണ്ടാകും. അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികൾ അക്ഷരമാല ഓർത്തുവെക്കുന്നില്ല,ഗുണനപ്പട്ടിക പഠിച്ചു വെക്കുന്നില്ല,കവിതകൾ മന:പാഠ മാക്കുന്നില്ല എന്നീ കാര്യങ്ങളെച്ചൊല്ലി പിന്നെയും പിന്നെയും പരിതപിച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല എന്നു വാദിക്കുന്ന പല വിദ്യാഭ്യാസവിദഗ് ധരെയും കണ്ടുമുട്ടിയിട്ടുണ്ട്.ഭാവിയിൽ ഭാഷ തന്നെ ഉണ്ടാവില്ല,ഒരു തരം കോഡ്‌ലാംഗ്വേജിലാണ് ആളുകൾ സംസാരിക്കുക,സൈനികാക്രമണം മുതൽ റോക്കറ്റ് വിക്ഷേപണം  വരെയുള്ള പലതിനും ഇപ്പോൾ തന്നെ കോഡ്‌ഭാഷയാണ് ഉപയോഗിക്കുന്നത്.ഭാവിയിൽ മനുഷ്യന്റെ എല്ലാ ആശയവിനിമയങ്ങളും കോഡ്‌ഭാഷയി ലിയിരിക്കും.അതുകൊണ്ട് ഭാഷാസംരക്ഷണത്തെപ്പറ്റിയും സാഹിത്യത്തിന്റെ ആവശ്യകതയെ പറ്റിയും ഇനി സംസാരിക്കുന്നതിലേ കാര്യമില്ല എന്ന് വാദിച്ച ഒരധ്യാപകനോട് തർക്കിച്ച് സമയം പാഴാക്കിയ ദുരനുഭവവും ഒരു തവണ ഉണ്ടായിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങളെപ്പറ്റി സംസ്ഥാനത്തുടനീളം വിശദമായ തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കാൻ വിദ്യാർത്ഥി സംഘടനകളോ അധ്യാപകസംഘടനകളോ മുന്നോട്ടു വരാത്തത് അത്യന്തം ഖേദകരമാണ്.സംഘടനാസമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന തികച്ചും ഔപചാരികമായ ചർച്ചകളോ തർക്കങ്ങളോ കൊണ്ട് യാതൊരു കാര്യവുമില്ല.അത്തരം ചടങ്ങുകൾ കൊണ്ട് മൂടിവെക്കേണ്ടവയല്ല വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ.അടിയന്തിരമായ പരിഹാരം ആവശ്യപ്പെടുന്ന വലിയ പ്രശ്‌നങ്ങളാണ് അവിടെ നിലനിൽക്കുന്നത്.അവ പരിഹരിക്ക പ്പെടാത്തിടത്തോളം അതിന്റെ എല്ലാ ദുരനുഭവങ്ങളും പേറിനടക്കേണ്ടി വരുന്നത് പാവം വിദ്യാർത്ഥികളാണ്.

Sunday, May 21, 2017

കുട്ടികളുടെ സിനിമ

മാധ്യമം ഏതായാലും കുട്ടികളുടെ കലാപ്രവർത്തനങ്ങൾ ചുറ്റുപാടുമുള്ള സംഗതികളെയും അനുഭവങ്ങളെയും പല കോണുകളിൽ നിന്നു നിരീക്ഷിച്ച്‌ അവയുടെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നതിനും അവയെ പൂർണമായി മനസ്സിലാക്കുന്നതിനും വേണ്ടി അവർ നടത്തുന്ന ബൗദ്ധികാധ്വാനവും അഭ്യാസവും കൂടിയാണ്.ശരീരത്തിന്റെ വളർച്ചയ്ക്ക് ശരീരഭാഗങ്ങളെ നാനാതരത്തിൽ ചലിപ്പിക്കുകയും പല തരം അഭ്യാസങ്ങളിലൂടെ വളർച്ചയെ ത്വരിപ്പിക്കുന്നതിന് ആവശ്യമായ അയവ് ശരീരത്തിന് ഉണ്ടാക്കുകയും വേണം.ബുദ്ധിയുടെയും വൈകാരിക ലോകത്തിന്റെയും വളർച്ച കലാനിർമാണത്തിലൂടെയും ആസ്വാദനത്തിലൂടെയുമാണ് സംഭവിക്കുക.ഇത് കുട്ടികൾ സ്വന്തമായിത്തന്നെ മനസ്സിലാക്കും.അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള കുട്ടികൾ ഏതെങ്കിലുമൊരു മാധ്യമം സ്വീകരിച്ചുകൊണ്ട് കലാപ്രവർത്തനം നടത്തുന്നത്.മൂന്ന്- നാല് വയസ്സ് മുതൽ പതിനാറ്-പതിനേഴ് വയസ്സ് വരെയുള്ള കുട്ടികൾ അവരുടെ മസ്തിഷ്‌ക വളർച്ചയും അനുഭവങ്ങളിലുള്ള അന്തരവും സൃഷ്ടിക്കുന്ന വ്യത്യാസങ്ങളോടെ യാഥാർത്ഥ്യങ്ങളുമായി സംവാദത്തിലേർപ്പെടുന്നതിന് ചലച്ചിത്രം ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളെ ഉപയോഗിച്ചു വരുന്നുണ്ട്.തങ്ങൾ നിർമിക്കുന്ന ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങൾ  മികവുറ്റതാക്കുന്നതിന് കുട്ടികൾക്ക് തീർച്ചയായും മുതിർന്നവരുടെ സഹായം തേടാം.പക്ഷേ,അതിന്റെ ഉള്ളടക്കം കുട്ടികൾ തന്നെ നിർണയിക്കണം.ഓരോ അനുഭവത്തിന്റെയും ഏതേത് വശങ്ങളെ എങ്ങനെ ദൃശ്യവൽക്കരിക്കണം എന്ന തീരുമാനം പ്രാഥമികമായി കുട്ടികളുടേതു തന്നെയാവണം.മുതിർന്നവർ അതിൽ ഇടപെടരുത്. തങ്ങളുടെ ചുറ്റുപാടുകളെ , അനുഭവങ്ങളെ കുട്ടികൾ എങ്ങനെ കാണുന്നു,മനസ്സിലാക്കുന്നു,വിമർശിക്കുന്നു എന്ന്  അവർ നിർമിക്കുന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടത്.അതല്ലാതെ മുതിർന്നവർ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ വേണ്ടി കുട്ടികളുടെ ദൃശ്യഭാഷ എന്ന് അവർ സങ്കൽപിക്കുന്ന ഭാഷ ഉപയോഗിച്ച് ഉണ്ടാക്കുന്നതാകരുത് കുട്ടികളുടെ സിനിമ.തലം ഫിലിസൊസൈറ്റിയുടെയും കേരള ചലച്ചിത്ര അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരിയിലെ സ്‌പോർട്ടിംഗ് യൂത്ത്‌സ് ലൈബ്രറി(തിരുവങ്ങാട്)യിൽ 2017 മെയ് 21 മുതൽ 23 വരെ നടക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന കേമ്പ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കെ ശ്രോതാക്കളുമായി ഞാൻ പങ്കുവെച്ചത് ഇങ്ങനെ ചില ആശയങ്ങളാണ് 

Saturday, May 20, 2017

കവിത വായിക്കുമ്പോൾ

കവിതയിലെ വാക്കുകളുടെ അർത്ഥം,വാങ്മയ ചിത്രങ്ങൾ,വിരുദ്ധോക്തികൾ,ദ്വന്ദാത്മക വൈരുധ്യങ്ങൾ ഇവയൊക്കെയും കവിതയുടെ സത്തയിലേക്കുള്ള ഓരോരോ വഴികളാണ്.ഏറ്റവും പ്രധാനപ്പെട്ട വഴി കവിത എഴുതപ്പെട്ട കാലത്തെ കുറിച്ചുള്ള,ആ കാലത്തെ സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ബോധവും ഉള്ളടക്കം നൽകുന്ന ചരിത്രസൂചനകളെ കുറിച്ചുള്ള അറിവുമാണ്.ഈ വഴിയിലേക്ക് പ്രവേശിക്കാൻ തയ്യാറില്ലാത്ത ഒരാൾക്ക് ഒട്ടുമിക്ക കവിതകളും അന്യമായിരിക്കും.കുട്ടികൾക്ക് അക്ഷരം ഉറച്ചു കിട്ടുന്നില്ല,എട്ടാം ക്ലാസിലെത്തുമ്പോഴും അവരിൽ പലർക്കും കൂട്ടാനും കിഴിക്കാനും ഹരിക്കാനും ഗുണിക്കാനും അറിയാതെ പോവുന്നു,ഒരു വിഷയത്തെ കുറിച്ചും അവർക്ക് കൃത്യമായൊരു ധാരണ കൈവരുന്നില്ല എന്നിങ്ങനെയുള്ള പല പരാതികളും നാം കേട്ടുകേട്ട് പഴകിയിരിക്കുന്നു.മുഖ്യധാരാസമൂഹം എന്ന് കാലാകാലമായി പറഞ്ഞു വരുന്ന സമൂഹത്തിന്റെ ജീവിതബോധവും താൽപര്യങ്ങളും അറിവിനെ കുറിച്ചുള്ള ധാരണകളും ഗോത്രവർഗജനതയ്ക്ക് പങ്കുവെക്കാനാവുന്നില്ല,നിലവിലുള്ള വിദ്യാഭ്യാസ പദ്ധതി അവരുടെ കുട്ടികൾ നേരിടുന്ന പ്രത്യേകപ്രശ്‌നങ്ങളെ പരിഗണിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികളും ഒട്ടും പുതുതല്ല.ഇവയെയൊക്കെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരാതെയും എസ്.ജോസഫിന്റെ 'എണ്ണവും എഴുത്തും ' എന്ന കവിത (ഒരു ആദിവാസി പുരാവൃത്തത്തിന്റെ ഛായയാണ്‌ അതിനുള്ളത്) വായിക്കാൻ കഴിഞ്ഞേക്കാം.പക്ഷേ,ആ വായന അങ്ങേയറ്റം അപൂർണമായിരിക്കും.

Thursday, May 18, 2017

ബുദ്ധി

'ഞാനൊരു വിഡ്ഡിയാണെന്ന് പറയാൻ
താങ്കൾ ധൈര്യപ്പെടുമോ?'
തന്നെ വഴിയിൽ പിടിച്ചു നിർത്തി
വീര്യം കാട്ടിയ യുവാവിനോട്
അയാൾ പറഞ്ഞു:
"ഇല്ല,ഒരിക്കലുമില്ല
നീ നന്നായി പഠിച്ച്                                                                                                                                നല്ല ഉദ്യോഗം നേടിയിരിക്കുന്നു
ബുദ്ധിയുള്ളവനാണ് നീ
നിനക്ക് രാഷ്ട്രീയമില്ലെന്നതിൽ
സാമൂഹ്യബോധമില്ലെന്നതിൽ
സാഹിത്യമെന്തെന്നറിയില്ലെന്നതിൽ
മറ്റുള്ളവരുടെ ആവശ്യങ്ങളും അവകാശങ്ങളും
നിന്റെ പരിഗണനയിലേ വരാത്തതിൽ
നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല
സമൂഹം അതൊന്നും നിന്നോടാവശ്യപ്പെടുന്നില്ല
നീയത് നേരത്തെ തിരിച്ചറിഞ്ഞു
അതിനുള്ള ബുദ്ധിയും വകതിരിവും നിനക്കുണ്ട്
പിന്നെ, നീ നേടിയ വിദ്യാഭ്യാസം
അതിന്റെ പാഠ്യപദ്ധതിയും ബോധനരീതിയും തീരുമാനിച്ചവർ
അവർ അതിബുദ്ധിമാന്മാരായ ആസൂത്രകരുടെ
ബുദ്ധിമാന്മാരായ നടത്തിപ്പുകാരാണ്
ബുദ്ധിയില്ലാത്തവരായി ഇപ്പോൾ ഈ നാട്ടിൽ
ആരും തന്നെയില്ല."



Wednesday, May 17, 2017

ഒരു കവിത പഠിപ്പിക്കുമ്പോൾ

ഒരു കവിത പഠിപ്പിക്കുമ്പോൾ ഡിജിറ്റൽ വിഭവങ്ങളിൽ ഊന്നണം,ഉള്ളടക്കം പിന്നീട് പരിച യപ്പെടുത്തിയാൽ മതി എന്ന നിർദ്ദേശം ഹൈസ്‌കൂൾ അധ്യാപകർക്ക് നൽകിവരുന്നതായി കേട്ടു.കേട്ടത് എതളവ് വരെ ശരിയാണ് എന്ന കാര്യം ഉറപ്പിച്ചു പറയാനാവില്ല.എങ്കിലും ഇങ്ങനെ ഒരു സംഗതിയെപ്പറ്റി ഒന്നിലധികം അധ്യാപകരിൽ നിന്ന് കേൾക്കാനിടയായ നിലയ്ക്ക് അത് അപ്പാടെ തെറ്റാവാൻ സാധ്യതയില്ല.കേട്ടപ്പോൾ തോന്നിയ ഒരു സംഗതി കൂടി എഴുതാം:
പഴയ കാല നാടകങ്ങളിൽ 'മണവാളൻ' എന്ന് പശ്ചാത്തലത്തിൽ നിന്ന് പാടിക്കേൾക്കുമ്പോൾ വേദിയിൽ നിൽക്കുന്ന നടൻ 'മണ'ത്തെ സൂചിപ്പിക്കാനായി മൂക്ക് പിടിക്കുകയും 'വാളി'നെ സൂചിപ്പി ക്കാനായി അരയിൽ നിന്ന് വാൾ ഊരുന്നതായി അഭിനയിച്ചു കാണിക്കുകയും ചെയ്യുമായി രുന്നുവത്രെ.'സഹ്യന്റെ മകൻ' പഠിപ്പിക്കുമ്പോൾ ഉത്സവപ്പറമ്പിലെ ആനയുടെ ദൃശ്യവും ആവശ്യമായ മറ്റ് ദൃശ്യങ്ങളും ലാപ്‌ടോപ്പിൽ ഇഷ്ടം പോലെ കണ്ടുപരിചയിക്കാൻ കുട്ടികളെ അനുവദിച്ചതിനു ശേഷം കവിതയുടെ വാച്യാർത്ഥം പറഞ്ഞുകൊടുത്ത് അവസാനിപ്പിക്കുന്നത് അത്രത്തോളം പോവില്ലായിരിക്കും,അല്ലേ?

ഒരു സൗഹൃദസംഗമത്തിൽ പങ്കുവെച്ച ആലോചനകൾ

ഇന്നലെ നീലേശ്വരത്തായിരുന്നു.കണ്ണൂർ സർവകലാശാലയുടെ  ഡോ.പി.കെ.രാജൻ സ്മാരക കാമ്പസ്സിൽ  .ഇവിടെ 2017  ഫെബ്രുവരി 13 മുതൽ മാർച്ച് 6 വരെ കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും  മലയാളം അധ്യാപകർക്കു വേണ്ടി നടത്തിയ റിഫ്രഷർ കോഴ്‌സിൽ പങ്കെടുത്തവരുടെ സൗഹൃദസംഗമവും  ഈ അധ്യാപകരുടെ പ്രബന്ധങ്ങളുടെ സമാഹാരമായ 'എഴുത്തടയാളങ്ങൾ' (സമാഹരണം:ഡോ.എ.എം.ശ്രീധരൻ) എന്ന പുസ്‌കത്തിന്റെ പ്രകാശനവും നടന്നു.ഉച്ച തിരിഞ്ഞ് സംവാദവും.
'എഴുത്തടയാളങ്ങൾ' പ്രകാശനം ചെയ്തുകൊണ്ട് ഞാൻ ഒരു മണിക്കൂറോളം സംസാരിച്ചു.വ്യക്തിപരമായ ഓർമകൾ മാറ്റി നിർത്തിയാൽ കോളേജ് ക്ലാസുകളിലെ മലയാളം അധ്യാപനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള ചില വിചാരങ്ങളുടെയും പരിഹാരനിർദ്ദേശങ്ങളുടെയും അവതരണമായിരുന്നു എന്റെ പ്രസംഗം.മലയാളഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് കോളേജിൽ പഠിക്കുന്നവർക്ക് പഴയ അളവിലുള്ള അധമബോധവും ആശങ്കകളും ഇന്നില്ല.പക്ഷേ,പാഠ്യപദ്ധതിയിൽ എന്തൊക്കെ ഉൾപ്പെടണം,ഏറ്റവും പുതിയ സാഹിത്യസിദ്ധാന്തങ്ങളെയും അപഗ്രഥന സങ്കേതങ്ങളെയും എങ്ങനെ നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങും പടി മാറ്റിത്തീർക്കണം,ആശയങ്ങളുടെയും നിലപാടുകളുടെയും പെരുപ്പം സാഹിത്യപഠനത്തെ തീർത്തും അവ്യവസ്ഥിതമാക്കിത്തീർക്കു ന്നുവെങ്കിൽ അതിനെ എങ്ങനെ വിജയകരമായി നേരിടണം തുടങ്ങി ഒട്ടുവളരെ പ്രശ്‌നങ്ങൾ അധ്യാപകരുടെ മുന്നിലുണ്ട്. ബിരുദപഠനത്തിനെത്തുന്നവരുടെ ഭാഷാബോധത്തിലും സാഹിത്യബോധത്തിലും കഴിഞ്ഞ പത്തുപതിനഞ്ചു വർഷക്കാലത്തിനിടയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട് എന്ന അസുഖകരമായ വാസ്തവത്തെയും അവർക്ക് അഭിമുഖീകരി ക്കേണ്ടതുണ്ട് . ഈ കാര്യങ്ങളെ കുറിച്ചെല്ലാമുള്ള ഗൗരവതരമായ ആലോചനകൾക്ക് തുടക്കം കുറിക്കാനും ആശാവഹമായ ചെറിയ ചില മുന്നേറ്റങ്ങളെങ്കിലും ഉണ്ടാക്കാനും നീലേശ്വരം കാമ്പസ്സിൽ നടന്ന സൗഹൃദസംഗമം സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്.
മലയാളത്തിലെ പഴയും പുതിയതുമായ മുഴുവൻ സാഹിത്യവും സാഹിത്യസിദ്ധാന്തങ്ങളും  പുതിയ കാലത്തെ പരസ്പരവിരുദ്ധമെന്നു പോലും പറയാവുന്ന അനേകം അപഗ്രഥനസങ്കേതങ്ങളും ബിരുദാനന്തര വിദ്യാർത്ഥികളുടെ മേൽ പോലും അടിച്ചേൽപ്പിക്കേണ്ട കാര്യമേയില്ല.പാഠ്യപദ്ധതി തയ്യാറാക്കുന്നവർ അവരുടെ അനുഭവപരിചയം നൽകുന്ന ധാരണകൾ പരമാവധി പ്രയോജനപ്പെടുത്തുകയും തികഞ്ഞ പ്രായോഗിക ബുദ്ധിയും യുക്തിബോധവും പ്രയോഗിക്കുകയും വേണം.കേരത്തിലെ വിദ്യാർത്ഥികൾക്ക്  അവരുടെ  ജീവിതസാഹചര്യങ്ങളിൽ
 തികച്ചും അപ്രസക്തവും അർത്ഥശൂന്യവുമായി തോന്നാനിടയുള്ള  ദർശനങ്ങളും സാഹിത്യസങ്കൽപങ്ങളും ക്ലാസ് മുറിയിൽ എങ്ങനെ അവതരിപ്പിക്കണമെന്നത് വളരെ ഉത്തരവാദിത്വപൂർണമായ വിചിന്തനം ആവശ്യമുള്ള സംഗതിയാണ്.കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും മലയാളസാഹിത്യപഠനം വലിയൊരു സാമൂഹ്യാവശ്യമാണെന്നും മലയാളികളുടെ ബോധനവീകരണത്തിനും പൊതുജീവിതത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനും  അത് ഒഴിച്ചു കൂടാൻ വയ്യാത്തതാണെന്നും എല്ലാവരെയും ബോധ്യപ്പെടുത്താൻ കഴിയണം.വിവിധ തലങ്ങളിൽ വിശദമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് പാഠ്യപദ്ധതിയിലും തുടർച്ചയായ മൂല്യനിർണയനത്തിന് അവലംബിക്കുന്ന രീതികളിലും പരീക്ഷകളിലുമെല്ലാം ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

Monday, May 15, 2017

ഏത് വിപ്ലവകവിതയെക്കാളും

സമൂഹം സദാസമയവും തന്നെ സ്പർശിച്ചുകൊണ്ട് നിലനിൽക്കുന്ന വലിയ യാഥാർത്ഥ്യമാണെന്നും ജനകോടികൾക്കൊപ്പം വലിയ ചില സ്വപ്നങ്ങൾ മാത്രമല്ല ആശങ്കകളും താനും പങ്കുവെച്ചു കൊണ്ടിരിക്കുകയാണെന്നും  ഏതെങ്കിലും പുസ്തകം വായിച്ചിട്ടോ ചാനൽ ചർച്ച കേട്ടിട്ടോ അല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റുന്ന സാമൂഹ്യരാഷ്ട്രീയ പ്രബുദ്ധത നാട്ടിൽ നിലവിലില്ലെന്ന തോന്നലുണ്ടായാൽ വ്യക്തികൾക്കു പിന്നെ ഒറ്റപ്പെടുകയേ നിവൃത്തിയുള്ളൂ.കേരളത്തെ സംബന്ധിച്ചിടത്തോളം അതായിത്തീർന്നിരിക്കുന്നു ഏറ്റവും വലിയ രാഷ്ട്രീയ യാഥാർത്ഥ്യം.വസ്തുത ഇതായിരിക്കെ ഏത്  വിപ്ലവകവിതയെക്കാളും എത്രയോ സത്യസന്ധമാണ് ഇന്നത്തെ കേരളത്തിൽ ഒരു ഏകാകിയുടെ വിലാപമോ വിചിത്രവിചാരങ്ങളോ ആവിഷ്‌കരിക്കുന്ന കവിത.ഈയൊരു തോന്നൽ പരസ്യപ്പെടുത്തുന്നതിലൂടെ എന്നെപ്പറ്റി രൂപപ്പെട്ടേക്കാവുന്ന അസുന്ദരമായ ധാരണകളെക്കുറിച്ചോർത്ത് ഞാൻ അൽപം പോലും ആശങ്കപ്പെടുന്നതേയില്ല.

Sunday, May 14, 2017

ഒരു സ്വതന്ത്ര സാംസ്‌കാരികവേദി

ഒരു സ്വതന്ത്ര ഇടതുപക്ഷ സാംസ്‌കാരികവേദി അത്യാവശ്യമായിരിക്കയാണെന്ന് പലരും പറയാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി.കേരളത്തില്‍ എവിടെ ചെന്നാലും ഈ ആശയം പങ്കുവെക്കു ന്ന കുറച്ചു പേരെയെങ്കിലും കണ്ടുകിട്ടാതിരിക്കില്ല.കഴിഞ്ഞ മൂന്നു നാല് വര്‍ഷത്തിനിടയില്‍ ചിലേടത്ത് ചെറിയ ചില കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തിരുന്നു.പക്ഷേ,അവയില്‍ ഒന്നു പോലും ഏറെക്കാലം നിലനിന്നില്ല.പിരിച്ചുവിടപ്പെടാത്ത അവസ്ഥയില്‍ ചിലതെല്ലാം ഇപ്പോഴും ഉണ്ടെന്നു പറയാം.രണ്ടോ മൂന്നോ മാസം കൂടുമ്പോഴെങ്കിലും കൂട്ടായ്മയിലെ അംഗങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി ആശയവിനിമയത്തിന് തയ്യാറാവാത്ത നിലയ്ക്ക് അവ ഉണ്ടെന്നു പറയുന്നതില്‍ വിശേഷിച്ച് കാര്യമൊന്നുമില്ല.
സെക്രട്ടറിയും പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മറ്റിയുമൊക്കെയായി പ്രവര്‍ത്തിക്കുന്ന പുതിയ ഒരു സാംസ്‌കാരിക സംഘടനയെപ്പറ്റി ആലോചിക്കാതിരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായക്കാ രനാണ് ഞാന്‍.ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ തണലില്‍ ചെന്നു പറ്റുന്ന സംഘടനയും ആവശ്യ മില്ല.ഇടതുപക്ഷ വീക്ഷണം ഉയര്‍ത്തിപ്പിടിച്ച് തികച്ചും അനൗപചാരികമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്രസാംസ്‌കാരിക സംഘടന;അതേ ആവശ്യമുള്ളൂ.രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും സംഘടനയിലെ അംഗങ്ങള്‍ ഒന്നിച്ചിരുന്ന് അപ്പപ്പോഴത്തെ  സാംസ്‌കാരിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യട്ടെ. സര്‍ഗാത്മകാവിഷ്‌കാരത്തിന്റെ പുതിയ സാധ്യതകള്‍ ആന്വേഷി ക്കട്ടെ.ഇത്രയും മുടക്കം വരുത്താതെ ചെയ്യാന്‍ പറ്റുന്ന കൂട്ടായ്മകള്‍ പലേടത്തായി ഉണ്ടായി വരികയാണെങ്കില്‍ പിന്നീടൊരു ഘട്ടത്തില്‍ അവയുടെ ഏകോപനത്തെ പറ്റി ആലോചിക്കാം.അത്രയേ വേണ്ടൂ.
കേരളത്തില്‍ ഇപ്പോള്‍ പുസ്തകപ്രസാധകര്‍ക്കോ ആനുകാലികങ്ങള്‍ക്കോ യാതൊരു ക്ഷാമ വുമില്ല.വായനയില്‍ താല്‍പര്യമുള്ളവരായി ലക്ഷക്കണക്കിനാളുകള്‍ ഇവിടെ ഉണ്ടെന്നും ന്യായ മായും കരുതാം.പലരും പല ഗണങ്ങളില്‍ പെട്ട പുസ്തകങ്ങളും ആനുകാലികങ്ങളുമായിരിക്കും വായനക്കായി തിരഞ്ഞെടുക്കുന്നത്.അത് അങ്ങനെയാവുന്നതാണ് സ്വാഭാവികം.നമ്മുടെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും സാംസ്‌കാരിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വലിയ താല്‍പ ര്യം കാണിക്കാറില്ലെങ്കിലും അപ്പാടെ അവഗണിക്കുന്നു എന്ന ആരോപണം സാധ്യമല്ല.നഗരങ്ങ ളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെയായി സാഹിത്യചര്‍ച്ചകളും പുസ്തകപ്രകാശനച്ചടങ്ങുകളുമൊക്കെ നടന്നുവരുന്നുമുണ്ട്.ഇതെല്ലാം ഉണ്ടായിരിക്കെത്തന്നെയാണ് തങ്ങള്‍ അര്‍ത്ഥവത്തായ ഒരാശയവി നിമയവും സാധിക്കാത്ത ഒരിടത്താണ് ജീവിക്കുന്നത് എന്ന തോന്നല്‍ കേരളത്തിലെ അനേകാ യിരങ്ങളെ ബാധിച്ചിരിക്കുന്നത്.ആധുനികതയുടെ കാലത്ത് ദാര്‍ശനിക ശൂന്യത,സത്താപരമായ അരക്ഷിതത്വം എന്നൊക്കെ പലരും പറഞ്ഞിരുന്നു.അന്ന് ആ പറച്ചിലിനു പിന്നിലെ അനുഭവം കുറച്ചു പേര്‍ക്കിടയിലെങ്കിലും പങ്കുവെക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.ഇപ്പോള്‍ ചിന്താലോകത്ത് നിലനില്‍ക്കുന്ന അങ്കലാപ്പും ആശങ്കകളും പങ്കുവെക്കപ്പെടുന്നില്ല.രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി എന്ത്?,കേരളസമൂഹത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?, ഇപ്പോഴത്തെ അവസ്ഥയില്‍ സാഹിത്യത്തിന് എന്തു ചെയ്യാനാവും?കല കലയ്ക്കു വേണ്ടി എന്ന് ഇടതുപക്ഷക്കാര്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ ഒരു സ്ഥലത്ത് ഇനി സാഹിത്യത്തിന്റെ സാമൂഹ്യപ്രസക്തിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് എന്താണ് പ്രസക്തി?മലയാളിയുടെ സാഹിത്യഭാവുകത്വം എഴുത്തുകാരുടെ ചിഹ്നമൂല്യത്തിനു പുറകെ ആലോചനാരഹിതമായി പാഞ്ഞുനടക്കുകയാണോ?പുതിയ കവികളും കഥാകാരന്മാരും എന്തൊക്കെയാണ് പറയാന്‍ ശ്രമിക്കുന്നത്?അവരുടെ എഴുത്തിന് അത് അര്‍ഹിക്കുന്ന ശ്രദ്ധകിട്ടുന്നുണ്ടോ?കേരളത്തില്‍ സാക്ഷരരുടെ എണ്ണം നന്നേ കുറവായിരുന്ന കാലത്തുപോലും സാഹിത്യം ഒരു സാമൂഹ്യാനുഭവമായിരുന്നു.നാടകം കാണാനും കഥാപ്രസംഗം കേള്‍ക്കാനും അന്നൊക്കെ ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.ആ ആവേശം എങ്ങനെ ഇല്ലാതായി?ഇങ്ങനെ ഒട്ടധികം ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ മുന്നിലുണ്ട്.അവയെ ആര്‍ജവത്തോടെ അഭിമുഖീകരിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ഈ സമൂഹം അവനവനെ മാത്രം സ്‌നഹിക്കാന്‍ കഴിയുന്ന അല്‍പന്മാരുടെ നാടായി മാറും.ആ അല്‍പന്മാര്‍ക്ക്,സെല്‍ഫികള്‍ക്കും സെല്‍ഫിച്ചിക ള്‍ക്കും യഥാര്‍ത്ഥമായ ആത്മഹര്‍ഷം തീര്‍ത്തും അപ്രാപ്യമായിത്തീരുകയും ചെയ്യും.

Saturday, May 13, 2017

സാഹിത്യവായന

രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിന്റെ മറ്റ് മേഖലകളിലെയും സമകാലപ്രശ്‌നങ്ങളുമായും പ്രത്യക്ഷാനുഭവങ്ങളുമായും ബന്ധപ്പെടുത്തി പുതിയ കഥയും കവിതയും വായിക്കുന്നതിന് ശുദ്ധസൗന്ദര്യവാദികളായ നിരൂപകരും വായനക്കാരും പല അക്കാദമിക് പണ്ഡിതന്മാരും എതിരായിരിക്കും.പക്ഷേ,സാഹിത്യവായന ഇവരിൽ ആരുടെയും അനുശാസനങ്ങൾക്ക് വിധേയമായി സംഭവിക്കുന്ന ഒന്നല്ല. നിരൂപകരും എഴുത്തുകാർ തന്നെയും ഇഷ്ടപ്പെട്ടില്ലെങ്കിലും വായനക്കാർ ഒരു കൃതിയെ സമീപിക്കുന്നത് മിക്കപ്പോഴും അവരുടെ അറിവിലും അനുഭവങ്ങളിലും വരുന്ന സമകാലസംഗതികളെ പശ്ചാത്തലത്തിൽ നിർത്തിക്കൊണ്ടോ ചിലപ്പോൾ കൃതിയിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടു തന്നെയോ ആയിരിക്കും.വളരെ കുറച്ചു കൃതികൾക്കു മാത്രമേ അത്തരം വായനയെ  പ്രതിരോധിക്കാനാവൂ;ആ പ്രതിരോധവും പൂർണമായിരിക്കില്ല.എന്തായാലും, സാഹിത്യത്തെയും ജീവിതത്തെയും സമകാല സമൂഹത്തെയും കുറിച്ച് താൻ ആർജിച്ചു കഴിഞ്ഞ അറിവിൽ നിന്ന് മോചനം നേടിക്കൊണ്ടേ ഒരാൾ വായിക്കാവൂ എന്ന് പറയുന്നത് നിരർത്ഥമാണ്.അത്തരമൊരു വായന ആർക്കും സാധ്യമല്ല.

Friday, May 12, 2017

മഹർഷിമേട് മാഹാത്മ്യം

റഷ്യൻ ഫോക് ലോറിസ്റ്റ് സൊക്കോളോവിന്റെ '  Folklore is an echo of the past,but at the same time it is also the vigourous voice of the present.' എന്ന വാക്യം ഫോക് ലോർ പഠിതാക്കൾക്ക് സുപരി ചിതമാണ്.ഈ വാക്യത്തിലെ ആശയം പ്രത്യക്ഷാനുഭവത്തിന്റെ തലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഹാസ്യാത്മക വിശദീകരണം പോലെ അനുഭവപ്പെടും അയ്മനം ജോണിന്റെ 'മഹർഷിമേട് മാഹാത്മ്യം' എന്ന കഥ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്,2017മെയ് 14-20)
ഒരു കാലത്ത് മഹർഷിമേട് എന്നും പിന്നീട് കടുവാക്കുന്ന് എന്നും അറിയപ്പെട്ട കുന്നിൻ പ്രദേശത്ത് ആദ്യം ടൈഗർഹിൽ അപ്പാർട്‌മെന്റ് എന്ന പേരിൽ ഒരു പാർപ്പിടക്കൂട്ടം ഉയർന്നു വരുന്നതും പിന്നീട് നേരത്തേ മഹർഷിമാർ മൗനികളായി പാർത്തിരുന്ന പൂർവവിപിനം,ദക്ഷിണ വിപിനം,പശ്ചിമ വിപിനം,ഉത്തരവിപിനം എന്നീ കുട്ടി വനങ്ങളുടെ സ്ഥാനത്ത് യഥാക്രമം ഈസ്റ്റ് ഫോർട്ട്,സൗത്ത് ഫോർട്ട്,വെസ്റ്റ് ഫോർട്ട്,നോർത്ത് ഫോർട്ട് എന്നീ കൊട്ടാര സദൃശമായ വില്ലകൾ മഹർഷിമാരുടെ വംശത്തെ അതിജീവിച്ച് നിലനിന്ന കടുവകളുടെ പിൻതുടർച്ചക്കാർ എന്ന് പറയാവുന്ന ക്രിമിനൽ വക്കീലിനും  ഫൈനാൻസിയർക്കും ജുവലർക്കും സ്റ്റോക്‌ബ്രോക്കർക്കും വേണ്ടി പണിയിക്കപ്പെട്ടതുമാണ് കഥയുടെ കേന്ദ്രസ്ഥാ നത്ത് വരുന്ന സംഭവം.ഫോക് ലോറിന്‌വർത്തമാനകാലത്ത് സംഭവിക്കുന്ന അർത്ഥപരിണാമ ത്തെ കുറിച്ച് പറയുമ്പോൾ ആമുഖമായി പരാമർശിക്കാവുന്ന കഥയാണ് 'മഹർഷിമേട് മാഹാത്മ്യം'.അയ്മനം ജോണിന്റെ മറ്റ് പല കഥകളുടെയും ഒതുക്കവും ഭംഗിയും ഈ കഥയ്ക്ക് അവകാശപ്പെടാനാവില്ല.എങ്കിലും ശക്തമായ ഒരു പ്രമേയത്തിലൂടെ ഈ കഥയും ശ്രദ്ധേയമായിത്തീർന്നിരിക്കുന്നു.

Thursday, May 11, 2017

The Guest

അൽബേർകാമുവിന്റെ The Guest എന്ന ചെറുകഥ വായിച്ചു. കാമുവിന്റെ നോവലുകളും നാടകങ്ങളും നേരത്തേ വായിച്ചിരുന്നെങ്കിലും ഈ കഥ വിട്ടുപോയിരുന്നു.അദ്ദേഹത്തിന്റെ മറ്റ് രചനകളെപ്പോലെത്തന്നെ ഗംഭീരമാണ്  The Guest ഉം. ഏറെക്കുറെ നിശ്ചലമായ ജീവിതത്തെ പരപ്രേരണയാലല്ലാതെ കൈക്കൊള്ളുന്ന തീരുമാനം വഴി ആന്തരികമായി ചലനോ ന്മുഖമാക്കിത്തീർക്കുന്ന ഒരു സ്‌കൂൾ അധ്യാപകനാണ്  ഇതിലെ മുഖ്യകഥാപാത്രം.കടുത്ത ഏകാകിതയ്ക്കിടയിലും ആ മനുഷ്യൻ ഒന്നും ഭാവിക്കാതെ സ്‌നേഹത്തിന്റെയും നന്മയുടെയും വഴിയിലൂടെ ശാന്തചിത്തനായി, നിർമമനായി നടന്നുപോകുന്നതിന്റെ ചിത്രീകരണം എക്കാലത്തെയും വായനക്കാർക്ക് അത്യന്തം ഹൃദയസ്പർശിയായി അനുഭവപ്പെടുക തന്നെ ചെയ്യും.തന്റെ ഉണ്മയെ സ്വതന്ത്രമാക്കി നിലനിർത്തുന്ന ഏത് മനുഷ്യനും ഏകാകിയാകാതെ തരമില്ല എന്ന് എത്രമേൽ സ്വാഭാവികതയോടെയാണ് കാമു പറഞ്ഞു വെച്ചിരിക്കുന്നത് ! ഘടനയിലും ആഖ്യാനത്തിലും അങ്ങേയറ്റം ലളിതമായിരുന്നുക്കൊണ്ടു തന്നെ ഗഹനമാവുക എന്നത് എഴുത്തിന് എത്തിച്ചേരാവുന്ന അത്ഭുതകരമായ ഔന്നത്യം തന്നെയാണ്.

Wednesday, May 10, 2017

ഫോക്‌ലോർ എന്ന വിഷയത്തിന്റെ ഭാവി

ഇന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി 'സ്‌കൂൾ ഓഫ് ഫോക്‌ലോർസ്റ്റഡീസി'ലെ ശിൽപശാലയിൽ പങ്കെ ടുത്ത് സംസാരിച്ചു.ഫോക്‌ലോർ എന്ന വിഷയത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് നിലവിലുള്ള ആശയക്കുഴപ്പങ്ങൾ  പരിഹരിക്കാൻ എന്തൊക്കെ ചെയ്യണം,ഫോക്‌ലോറിന്റെ പാഠ്യപദ്ധതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യം,ഈ വിഷയത്തെ അർത്ഥവത്തായ രീതിയിൽ എങ്ങനെ യൊക്കെ മുന്നോട്ട് കൊണ്ടുപോകാം, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രസക്തിയുള്ള ഒരു വിഷയമാണ് ഫോക്‌ലോർ എന്ന് പൊതുസമൂഹത്തെ സംശയരഹിതമായി എങ്ങനെ ബോധ്യപ്പെടുത്താം,ഫോക്‌ലോറിൽ ബിരുദാനന്തര ബിരുദം നേടുന്നവർക്ക് എങ്ങനെ പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങളെ മുൻനിർത്തിയുള്ള ഗൗരവപൂർണമായ ആലോചനകൾക്കുള്ള വേദിയായിട്ടാണ് ഈ ശിൽപശാല വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ബോധ്യമായി.വകുപ്പ് മേധാവി ഡോ.കെ.എം.അനിലിന്റെ ഹ്രസ്വമായ ആമുഖഭാഷണം നല്ലൊരു തുടക്കമായി.
ഫോക്‌ലോറിനെ ചരിത്രവൽക്കരിക്കുക എന്ന ലക്ഷ്യം മുറുകെ പിടിച്ചും ഫോക് ലോർ എന്ന വിഷയത്തിന് ആകമാനവും ഓരോ ഫോക്‌ലോർ ഇനത്തിന് പ്രത്യേകമായും  നാളിതു വരെ സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ അർത്ഥപരിണാമങ്ങൾ സവിശേഷ പ്രാധാന്യം നൽകി പഠിക്കുന്നതിന് ഉന്നൽ നൽകിക്കൊണ്ടും ഫോക് ലോർ എം.എയുടെ സിലബസ് നവീകരിക്കണമെന്നാണ് ഞാൻ നിർദ്ദേശിച്ചത്.
ബിരുദനന്തരബിരുദം നേടി യൂനിവേഴ്‌സിറ്റിയിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് തൊഴിൽ ഉണ്ടാക്കുന്നതിന് എന്തൊക്കെ നിർദ്ദേശങ്ങൾ അധികാരികളുടെ മുന്നിൽ വെക്കാമെന്നതിനെ കുറിച്ചുള്ള ചില നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചു.
ഫോക്‌ലോർ പാരമ്പര്യവുമായും പഴമയുമായും മാത്രം ബന്ധപ്പെടുന്ന ഒരു വിഷയമാണെന്നും കൂട്ടായ്മയുടെ എല്ലാ ധാരണകൾക്കും (അവ തെറ്റിദ്ധാരണകളാണെന്ന് വ്യക്തമായാലും) തീർപ്പുകൾക്കും ന്യായീകരണം ഉണ്ടാക്കലാണ് ഫോക്‌ലോറിസ്റ്റിന്റെ ജോലി എന്നും ഫോക് ലോറിസ്റ്റുകളിൽത്തന്നെ പലരും കരുതുന്നതായി തോന്നിയിട്ടുണ്ട്.അവർ അവരുടെ നിലപാട് മാറ്റാൻ തയ്യാറാവുക തന്നെ വേണം.ഫോക് ലോർ മനോഹരമായ ഒരു വിഷയമാണ്.അതിനെ അതിന്റെതായ ജൈവചൈതന്യത്തോടെ വളരാനനുവദിക്കണം.ചില ശാഠ്യങ്ങൾകൊണ്ട് തടവറ തീർത്ത് അതിനെ ശ്വാസം മുട്ടിക്കരുത്.

Monday, May 8, 2017

വായനക്കാർ

     കഥയെഴുത്തുകാരും കവികളും മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരേക്കാൾ വളരെ                          ഉയരെയായിരിക്കും എന്നതായിരുന്നു വായനയുടെ ലോകത്തേക്ക് പ്രവേശിച്ചു തുടങ്ങിയ കാലത്തെ എന്റെ ധാരണ.അനുഭവങ്ങളുടെയും ആശയങ്ങളുടെയും എല്ലാ ഉയരങ്ങളും ആഴങ്ങളും വളവുകളും തിരിവുകളും സാധാരണ മനുഷ്യരുടെ കാഴ്ചയിലേക്ക് വരില്ല.അങ്ങോട്ടെല്ലാം ചെന്നെത്തുന്ന കണ്ണും കാതും മൂക്കുമെല്ലാം എഴുത്തുകാർക്കുണ്ട്.ജീവിതത്തിന്റെ കാണാക്കാഴ്ചകളിലേക്കും മനുഷ്യ മനസ്സിന്റെ നാനാതരം ചലനങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോവാൻ അവർക്ക് കഴിയുന്നുണ്ടെന്ന അറിവ് എല്ലാ വായനക്കാരുടെയും സാമാന്യജ്ഞാനത്തിന്റെ ഭാഗമാണ്.അതിൽ കവിഞ്ഞ് മനുഷ്യത്വം എന്നു നാം പറഞ്ഞു വരുന്ന ഗുണം  സ്വന്തം വ്യക്തിത്വത്തിൽ
ഏതളവ് വരെ വളർത്തിയെടുക്കാൻ അവർക്ക് കഴിയുന്നുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്.മലയാളത്തിലെ എഴുത്തുകാരിൽ പലരുമായും സൗഹൃദമുണ്ടെങ്കിലും അവരിൽ ഒരു കൈവിരലിൽ എണ്ണാവുന്നവരോട് മാത്രമേ എനിക്ക് മതിപ്പ് തോന്നിയിട്ടുള്ളൂ.മറ്റുള്ളവരെല്ലാം വെറും ശരാശരി മനുഷ്യർ.പലരും ശരാശരിയിൽ താഴെ നിൽക്കുന്നവർ.വായനക്കാരുടെ കാര്യം അങ്ങനെയല്ല.വായിച്ച പല കൃതികളും അവരെ ഗാഢമായി സ്പർശിക്കുകയും അവരുടെ മനുഷ്യബന്ധങ്ങളുടെയും ലോകധാരണയുടെയും ആഴവും പരപ്പും വളരെയേറെ വർധിപ്പിക്കുകയും ചെയ്തതായി കണ്ടിട്ടുണ്ട്.പ്രകൃതത്തിൽ നേരത്തേ തന്നെ മാനുഷികതയുടെ അംശം കൂടുതലായി ഉള്ളവർ മാത്രമാണോ മികച്ച വായനക്കാരായിത്തീരുന്നത് എന്നും സംശയമുണ്ട്.

Sunday, May 7, 2017

ഒരു വെമ്പൽ

ഒരു ചെറിയ ചെടിയുടെ
ചെറിയ ഇല പോലെ
വിനീതനും വിശുദ്ധനുമാവാൻ
ഞാൻ ആഗ്രഹിക്കുന്നില്ല
ആയിരക്കണക്കിന് വർഷങ്ങളുടെ
ആയുസ്സുള്ള വന്മരമാവാൻ
തന്നെയാണ് മോഹം.
എങ്കിലും ചിലപ്പോൾ
ഒരു ചെറിയ ചെടിയുടെ
ചെറിയ ഇല
എന്നെ തരളിതനാക്കുന്നു
അതിന്റെ കുഞ്ഞു ഞരമ്പുകളിലേക്ക്
സംക്രമിക്കാൻ എന്റെ ജീവൻ വെമ്പൽ കൊള്ളുന്നു.

Friday, May 5, 2017

മരയ

ടി.പത്മനാഭന്റെ 'മരയ'(മാതൃഭൂമി- 2017 മെയ് 7-13)വായിച്ചു.പത്മനാഭൻ കഴിഞ്ഞ പത്തിരുപത് വർഷക്കാലത്തിനിടയിൽ എഴുതിയ ഭേദപ്പെട്ട കഥയാണിത്.പുതിയ തലമുറയിലെ കഥാകൃത്തുക്കളുടെ രചനകളുമായി താരതമ്യപ്പെടുത്തി ഈ കഥയുടെ നിലവാരക്കുറവിനെപ്പറ്റി പരിതപിക്കുന്നത് ശരിയല്ല.അനുഭവങ്ങളെ പുതിയ കാലത്തിനിണങ്ങുന്ന ഘടനയിൽ (വിമർശനാത്മകമായും അല്ലാതെയും)സ്വീകരിക്കാൻ അവർക്കുള്ള ശേഷി ടി.പത്മനാഭനിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.
ആഖ്യാതാവിന്റെ അതിരുകളില്ലാത്ത ആത്മാനുരാഗം ഒഴിവാക്കി എഴുതാൻ പറ്റിയിരുന്നെ
ങ്കിൽ ഇതൊരു മികച്ച  കഥയായി മാറാനുള്ള സാധ്യതയുണ്ടായിരുന്നു.അത് പാഴാക്കിക്കളഞ്ഞതിൽ സങ്കടം തോന്നി.നഷ്ടപ്പെടുത്തിയ വലിയ സാധ്യതകൾ കൊണ്ട് പ്രലോഭിപ്പിക്കുന്ന കഥയാണ് 'മരയ.'

മെയ് 5 - 2017

ഒരുപാട് കാര്യങ്ങളെ കുറിച്ച് ഒരേ സമയം ആലോചിക്കേണ്ടി വരുന്നത് വളരെ വിഷമകരമായ അവസ്ഥയാണ്.ഒരു വർഷത്തിലേറെയായി ഞാൻ ഈ അവസ്ഥയിലാണ്.ഒരു പക്ഷേ അതിനു മുമ്പും ഞാൻ ഇങ്ങനെ തന്നെ ആയിരുന്നിരിക്കണം.ഇതൊരു നല്ല കാര്യമല്ല.ചീത്ത കാര്യവുമല്ല.എനിക്ക് എന്നെപ്പറ്റി ആലോചിക്കാൻ വളരെ കുറച്ചേ സമയം കിട്ടുന്നുള്ളൂ.അതിൽ ഞാൻ ആനന്ദിക്കുക തന്നെയാണ് വേണ്ടത്.
5/5/17

Thursday, May 4, 2017

തർക്കത്തിനിടയിൽ

വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയെ കുറിച്ചുള്ള തർക്കത്തിനിടയിൽ മറ്റൊരാളിൽ നിന്ന് കേൾക്കാനിടയായത്:
വിദ്യാഭ്യാസം കൊണ്ട് എല്ലാ കാലത്തെയും ആളുകൾ ലക്ഷ്യമാക്കിയിരുന്നത് നല്ല തൊഴിൽ നേടിയെടുക്കാനുള്ള പ്രാപ്തി ആർജിക്കലാണ്.വൈദ്യം,ജ്യോതിഷം,പൂജാരിപ്പണി,കൊട്ടാരത്തിൽ ഉപദേശകനോ വിദൂഷകനോ ആയുള്ള പണി ഇതൊക്കെയായിരുന്നു പണ്ട് കാലത്ത് ആളുകളെ മോഹിപ്പിച്ചിരുന്ന ജോലികൾ.ഇവയൊക്കെയും ഇപ്പോഴും നല്ല വരുമാനമുണ്ടാക്കാൻ പറ്റുന്നവ തന്നെ.ഇവയ്ക്കു പുറമെ ഐ.ടി.മേഖലയിലെ പണി,ബിസിനസ് മാനേജ്‌മെന്റ് പണി,ഹോട്ടൽ മാനേജ്‌മെന്റ് പണി തുടങ്ങിയ പുതിയ ചില പണികളും ഉണ്ടായി വന്നിരിക്കുന്നു.കുട്ടികൾ ഇവയിൽ ഏതെങ്കിലുമൊക്കെ പഠിച്ച്  സുഖമായി ജീവിക്കാനുള്ള യോഗ്യത നേടട്ടെ.ഇതിലപ്പുറം കടന്ന് വിദ്യാഭ്യാസത്തിന്റെ വിശാലവും ഗംഭീരവുമായ ലക്ഷ്യങ്ങളെ കുറിച്ചൊന്നും വാചകമടിക്കേണ്ട.അത്തരം ബൗദ്ധിക വ്യായാമങ്ങളൊക്കെ വ്യർത്ഥമാണ്.ഒരു ക്ലസ്റ്റർ മീറ്റിംഗിനോ റിഫ്‌റഷർ കോഴ്‌സിനോ പോകുന്ന അധ്യാപകൻ/അധ്യാപിക അതു വഴി തന്റെ കയ്യിൽ എത്ര രൂപാനോട്ടുകൾ വന്നുവീഴും എന്നതിനെപ്പറ്റിയേ ആലോചിക്കേണ്ടതുള്ളൂ.അല്ലാതെ എന്തെങ്കിലും പഠിച്ച് വിവരം നേടി അടുത്ത ദിവസം ക്ലാസിൽ പോയി കുട്ടികളെ നന്നാക്കിക്കളയാമെന്ന് വിചാരിക്കുകയേ വേണ്ട.ഒരു തവണ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എക്‌സാമിനർ ആയി നിൽക്കുകയോ പേപ്പർവാല്വേഷന് പോവുകയോ ചെയ്തിട്ടുള്ള ആളുകൾക്ക് നമ്മുടെ വിദ്യാഭ്യാസവും വിദ്യാർത്ഥികളും എവിടെ എത്തിയിരിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാകും.കാലം മാറിയിരിക്കുന്നു.അത് മനസ്സിലാക്കാതെ വിമർശനം വഴി വിദ്യാഭ്യാസരംഗം നന്നാക്കിക്കളയാൻ പുറപ്പെടുന്നവർ ഉള്ള നേരത്ത് നാല് കാശുണ്ടാക്കാനുള്ള വഴി കണ്ടു പിടിക്ക്.വീട്ടുകാരും നാട്ടുകാരുമൊക്കെ അവരിൽ നിന്ന് അതേ പ്രതീക്ഷിക്കുന്നുള്ളൂ.

Wednesday, May 3, 2017

നിലവാരത്തകർച്ച

വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെപ്പറ്റി ഇന്ന് പലരുമായും തർക്കത്തിലേർപ്പെടേണ്ടി വന്നു.തർക്കത്തിനിടയിൽ ഒരു സുഹൃത്ത് പറഞ്ഞ കാര്യം എന്റെ വകയായി കമന്റ്‌സ് ഒന്നുമില്ലാതെ താഴെ ചേർക്കാം:
നിലവാരത്തകർച്ചയെപ്പറ്റി നിങ്ങൾ പറയുന്നത് നിലവാരത്തെ കുറിച്ചുള്ള സ്റ്റാറ്റിക് ആയ ഒരു സങ്കൽപം ഉള്ളിൽ വെച്ചുകൊണ്ടാണ്.പോസ്റ്റ്‌മോഡേണിസത്തിന്റെ ദർശനം അംഗീകരിക്കു കയാണെങ്കിൽ നിലവാരം എന്നത് ഒരു മിഥ്യയാണെന്ന് ബോധ്യപ്പെടും.കേരളീയ നവോത്ഥാനം എന്നത് ഒരു കെട്ടുകഥയാണെന്നും കാൾമാർക്‌സ്  ഫിലോസഫറാണ് എന്നത് ഒരു തെറ്റിദ്ധാര ണയായിരുന്നുവെന്നും പലർക്കും ബോധ്യപ്പെട്ടു കഴിഞ്ഞ കാലമാണിത്.വിദ്യാഭ്യാസം എങ്ങനെയാവണമെന്ന്,അതിന്റെ ഉള്ളടക്കം എന്താവണമെന്ന്  മുമ്പെന്നോ
ചിലർ കൂടിയിരുന്ന് തീരുമാനിച്ചുവെച്ചതിനെ അംഗീകരിച്ചിട്ടാണ് നാം നിലവാരത്തകർച്ച യെക്കുറിച്ച്‌  ചർച്ച ചെയ്യുന്നത്.ഇത് എത്രത്തോളം പിന്തിരിപ്പനാണെന്ന കാര്യം ആലോചിക്കണം.ജനങ്ങളുടെ ക്ഷേമം ഇന്നതാണെന്ന് സ്റ്റേറ്റ് തീരുമാനിക്കുന്നത് എത്ര അപകടകരമാണെന്ന് ലോകത്തിലെ കോടിക്കണക്കിനാളുകൾ മനസ്സിലാക്കിക്കഴിഞ്ഞില്ലേ?വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇത്തരമൊരു തിരിച്ചറിവ് അത്യാവശ്യമല്ലേ?
3/5/17

കവിതയുടെ കാതൽ

എന്റെ ഏറ്റവും പുതിയ പുസ്തകം :കവിതയുടെ കാതൽ കണ്ണൂരിലെ കൈരളിബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.ഞാൻ പലപ്പോഴായി കവിതയെക്കുറിച്ച് എഴുതിയ 18 ലേഖനങ്ങളുടെ സമാഹാരമാണിത്. വില :170 രൂപ.പുസ്തകം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക്‌
 കൈരളി ബുക്‌സുമായി ബന്ധപ്പെടാം.
.0497-2761200 ആണ് കൈരളി ബുക്‌സിന്റെനമ്പർ. ഇ.മെയിൽ:kairalibooksknr@gmail.com

Tuesday, May 2, 2017

മെയ് 2 -2017

ഡയറി എഴുതുന്നതിൽ കൃത്യനിഷ്ഠ പാലിക്കാൻ ഇന്നേ വരെ എനിക്ക് സാധിച്ചിട്ടില്ല.ഒരു ദിവസത്തെ കാര്യങ്ങൾ വളരെ താൽപര്യപൂർവം കുറിച്ചിടുന്ന ഞാൻ പിന്നെ ഡയറി തുറക്കുന്നത് മാസങ്ങൾ തന്നെ കഴിഞ്ഞായിരിക്കും.അങ്ങനെ ആയതുകൊണ്ടു തന്നെ ഡയറി ആ പേരിന് അർഹതയില്ലാത്ത,നല്ല പുറംചട്ടയുള്ള പുസ്തകം മാത്രമായി.
ഈ രീതിക്ക്  മാറ്റം വരണമെന്ന ആഗ്രഹം എന്നെ ബലമായി പിടികൂടിയിരിക്കുന്നു.അതിന്റെ അർത്ഥം ഇനിയങ്ങോട്ട് ഞാൻ ദിവസവും ഒരു നിശ്ചിത സമയത്ത് ഡയറി എഴുതും എന്നല്ല.വളരെ പ്രധാനപ്പെട്ടതായി എനിക്ക് അനുഭവപ്പെടുന്ന എന്തെങ്കിലുമൊരു കാര്യം ഉണ്ടാവുന്ന ദിവസം ഞാൻ ഡയറിയെഴുത്തിലേക്ക് തിരിയും.അത്രയേ ഉള്ളൂ.ഇന്ന് ഈ തീരുമാനമെടുക്കാനുള്ള പ്രേരണ ഉണ്ടായത് മലയാളത്തിലെ പുതുതലമുറയിലെ കഥയെഴുത്തുകാരിൽ ഏറ്റവും ശ്രദ്ധയനെന്ന് എനിക്ക് സംശയാതീതമായി ബോധ്യമുള്ള വിനോയ് തോമസ്സുമായി ഒരു മണിക്കൂറിലേറെ നേരം എഴുത്തും രാഷ്ട്രീയവുമൊക്കെയായി ബന്ധപ്പെട്ട പല കാര്യങ്ങളെ കുറിച്ചും ഉള്ള് തുറന്നുള്ള ആശയ വിനിമയം സാധ്യമായതിനെ തുടർന്നാണ്.അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.
ഈ ഡയറിക്കുറിപ്പിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ്,അതായത് ഏപ്രിൽ 27 ന് വ്യാഴാഴ്ച നടന്ന മറ്റൊരു കൂടിക്കാഴ്ചയെ കുറിച്ചു കൂടി എഴുതേണ്ടതുണ്ട്.അന്ന് കണ്ണൂർ നഗരത്തിലെ സിറ്റിസെന്ററിന്റെ ഒന്നാം നിലയിലെ ഒരു ബെഞ്ചിലിരുന്ന് ഞാനും ഒന്നാന്തരം വായനക്കാരനെന്ന് ഏതാനും വർഷങ്ങൾക്കു മുമ്പേ ഞാൻ തിരിച്ചറിഞ്ഞ ബെന്നിസെബാസ്റ്റ്യൻ എന്ന സുഹൃത്തും (മികച്ച കരാത്തേ അധ്യാപകനും നല്ല കർഷകനും കൂടിയാണ് ബെന്നി) സാഹിത്യ പ്രവർത്ത നവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് വളരെ ഗൗരവസ്വഭാവമുള്ള ഒരാശയ വിനമയം നടത്തി.അതിന്റെ ഫലങ്ങളെ കുറിച്ച് എഴുതാൻ സമയമായിട്ടില്ല.ബെന്നിയെയും വിനോയിയെയും പോലുള്ള ചില സുഹൃത്തുക്കൾ പകർന്നു തരുന്ന ആർജവം ഒട്ടും ചെറുതല്ലെന്നും എഴുത്തിലും മറ്റ് സാഹിത്യപ്രവർത്തനങ്ങളിലും  ഇതേ വരെ പിന്നിട്ടതിൽ നിന്ന് വ്യത്യസ്തമായ ചില വഴികളിലേക്ക് ഞാൻ പ്രവേശിക്കാൻ പോവുകയാണെന്നും മാത്രം തൽക്കാലം പറയാം. എന്റെ തീരുമാനത്തിന് കൂടുതൽ കരുത്തേകുന്ന മറ്റൊരു പ്രധാനപ്പെട്ട കൂടിക്കാഴ്ചയും ഇന്നു തന്നെ ഉണ്ടായി.അതേപ്പറ്റിയും കുറച്ചു കാലം കഴിഞ്ഞേ എഴുതാൻ പറ്റൂ.എന്തായാലും  ഡയറിയുമായി എപ്പോഴെങ്കിലുമൊക്കെ ഞാൻ ഈ 'ബ്ലോഗിട'ത്തിൽ എത്തുമെന്ന കാര്യം ഉറപ്പ്.

Saturday, April 29, 2017

അതാ ഇരിക്കുന്നു!

അലങ്കാരങ്ങൾക്കു വേണ്ടി അലഞ്ഞിരിക്കില്ല
പഴയ കാലകവികൾ
വാരിധി തന്നിൽ തിരമാലകളെന്ന പോലെയോ
വാനിൽ മേഘങ്ങളെന്ന പോലെയോ
കാട്ടരുവിക്കരയിൽ മൃഗങ്ങളെന്ന പോലെയോ
നാട്ടുമരക്കൊമ്പിൽ പറവകളെന്ന പോലെയോ
അവ വന്നുകൊണ്ടേയിരുന്നിരിക്കാം
കാലം മാറി
അലങ്കാരങ്ങൾ ആ വിധത്തിൽ വന്നു തുടങ്ങിയാൽ
അതോടെ കവിതയുടെ  കഥ കഴിയും
ഉപമയ്ക്കും ഉൽപ്രേക്ഷക്കും
ഒരുവിധത്തിലുള്ള ഉരുട്ടുകളികൾക്കും വഴങ്ങാത്ത
ഉള്ള് പൊള്ളിക്കുന്ന സത്യം കനൽപോലെ കണ്മുന്നിലുണ്ട്
അതിന് കവിതയിൽ ഇടം നൽകാനുളള ആത്മധൈര്യം
അത് കൈമോശം വന്നതിന്റെ ജാള്യതയുമായി
അതാ ഇരിക്കുന്നു അണ്ടി പോയ അണ്ണാനെപ്പോലെ
ഒരു പുതിയകാല കവി.




Tuesday, April 25, 2017

മാപ്പ്

പറഞ്ഞു പറഞ്ഞ്
ഇനിയിപ്പോ…ഒന്നും പറയാനില്ല
പിന്നെ,നിങ്ങക്ക് നിർബന്ധമാണെങ്കീ
ഒരു മാപ്പ് പറയാം
കവിതയും കഥയും ലോകവിചാരവുമെല്ലാം
അതിലൊതുങ്ങുന്നൂന്നങ്ങ് മനസ്സിലാക്കിയാ മതി.
24/4/2017





Saturday, April 22, 2017

കാലം

മഹത്തായ ആശയങ്ങൾ, ആദർശങ്ങൾ
മഹാസ്വപ്നങ്ങൾ,സ്മരണകൾ
ഇല്ല;ഒന്നും അവശഷിക്കുന്നില്ല
വിശ്വാസത്തിന്റെ ദാർഢ്യം
വിവേകത്തിന്റെ വെളിച്ചം
വിശുദ്ധിയുടെ ഭംഗി
ഇല്ല; ഒന്നിനും ഇടമില്ല
വാഗ്ദാനങ്ങൾ,വാക്കാൽ നൽകിയ ഉറപ്പുകൾ
ഇല്ല;ഒന്നും പാലിക്കപ്പെടുന്നില്ല
സൗഹൃദത്തിന്റെ സന്തോഷം
സാഹോദര്യത്തിന്റെ സൗന്ദര്യം
ഇല്ല;ഒന്നും സത്യമായിത്തീരുന്നില്ല
കയ്യേറിയ മലമുടിയിൽ
ആളും ആനയുമടുക്കാതിരിക്കാൻ
വൈദ്യുതിവേലി കെട്ടി സ്ഥാപിച്ച
കുരിശിന് കാവൽ നിൽക്കുന്ന കാലം
കഷ്ടം,മറ്റെല്ലാം മറന്നു പോയിരിക്കുന്നു.

21/4/2017

Thursday, April 20, 2017

വിശേഷം

വിശേഷിച്ചൊന്നുമില്ല
അതു മാത്രമാണ് വിശേഷം
ഒരുപാട് വർത്തമാനം പറഞ്ഞിരുന്നവർക്കിടയിൽ
ഒരണലിപ്പാമ്പുപോലെ മൗനം വന്നുകിടക്കുന്നത്
ആശയങ്ങൾ, ആഹ്ലാദങ്ങൾ, ആശങ്കകൾ
അങ്ങനെ പൊതുവായി ഉണ്ടായിരുന്ന പലതിനും
മരണദംശനമേൽക്കാൻ പോവുന്നതിന്റെ
മുന്നറിയിപ്പ്  തന്നെ
വിശേഷിച്ചൊന്നും പറയാനില്ല
എന്ന വിശേഷമെങ്കിലും പങ്കുവെച്ച്
ഈ അണലിയെ അകലേക്ക് പായിക്കാൻ
ഒരവസാനശ്രമം
അതിൽക്കവിഞ്ഞ പ്രതീക്ഷകൾ
അതിമോഹത്തിനും അപ്പുറത്താണ്,സുഹൃത്തേ.


Wednesday, April 19, 2017

ദാസന്മാർ

തെറ്റും ശരിയും തിരിച്ചറിയാൻ
നിങ്ങൾക്കോ എനിക്കോ
വിഷമമേതുമില്ല
എങ്കിലും തെറ്റേത്,ശരിയേത്
എന്നു ഞാനറിയുന്നില്ല
കണ്ടുകണ്ടിരിക്കെ തെറ്റ് ശരിയാകാം
ശരി തെറ്റുമാകാം
എന്നു പറയാനാണ് നമുക്ക് താൽപര്യം
നാം കാപട്യം ശീലിച്ചുപോയതുകൊണ്ടല്ല
നമ്മുടെ കാലം നമ്മിൽ നിന്നാവശ്യപ്പെടുന്നത്
അത് മാത്രമാണ്
പ്രാചീനരെന്ന പോലെ ആധുനികരും
ആധുനികരെന്ന പോലെ ആധുനികോത്തരരും
കാലത്തിന്റെ ദാസന്മാർ തന്നെ.


Saturday, April 15, 2017

അഹോ!

ഞാൻ ആട് എന്നു പറയുമ്പോൾ
നിങ്ങൾ പൂട എന്ന് കേൾക്കുന്നു
മൂല്ലപ്പൂ എന്നു പറയുമ്പോൾ
താമര എന്ന് കേൾക്കുന്നു
കൊലപാതകം എന്നു പറയുമ്പോൾ
കോപ്പിയടി എന്ന് കേൾക്കുന്നു
പാലി എന്നു പറയുമ്പോൾ സംസ്‌കൃതം
കൊള്ളക്കാരൻ എന്നു പറയുമ്പോൾ ബ്രഹ്മജ്ഞൻ
അധ്യാപകൻ എന്നു പറയുമ്പോൾ ഒത്താശക്കാരൻ
ഇന്നലെയും മിനിഞ്ഞാന്നും
അതിനപ്പുറത്തെ ദിവസവും
അതായിരുന്നു അനുഭവം
ഇന്നിപ്പോൾ ഞാൻ വാല്വേഷൻ കാമ്പിലാണ്‌
പത്താം ക്ലാസുകാരുടെ പരീക്ഷാപേപ്പറുകൾ
പടപടാ പരിശോധിക്കുകയാണ്
ഇതാ വരുന്നു ഒരു മിടുക്കന്റെ/മിടുക്കിയുടെ പേപ്പർ
ജനാധിപത്യത്തിന് അവൻ/അവൾ
എത്ര കൃത്യമായി സ്വേച്ഛാധിപത്യം എന്ന്
സമാനാർത്ഥപദം എഴുതിയിരിക്കുന്നു
അഹോ! എന്തൊരു ദീർഘദർശനവൈഭവം
ഞാൻ കോരിത്തരിക്കുന്നു
പോരെന്നുണ്ടെങ്കിൽ പുളകിതഗാത്രനാവുന്നു
ആര് പറഞ്ഞു
നമ്മുടെ കുട്ടികൾക്ക് ഒന്നുമറിയില്ലെന്ന്.

Thursday, April 13, 2017

കേൾവിക്കാരൻ

ഏത് ചർച്ചയിലും ഒരാൾ പറയുന്ന സത്യം
വേറൊരാൾക്ക് അസത്യമാവുന്നു
ആരോ ഒരാൾ കള്ളം പറയുകയാണെന്ന് വ്യക്തം
അത് ആരെന്ന് തിരിച്ചറിയുമ്പോഴും
സത്യവാന്റെ കൂടെ നിൽക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല
ഇന്നത്തെ സത്യവാൻ ഇന്നലെ കള്ളനായിരുന്നുവെന്നും
നാളെയും അയാൾ അങ്ങനെയാകാമെന്നും  അറിയുന്നതിനാൽ
വെറുമൊരു കേൾവിക്കാരനായി തുടരുകയേ
എനിക്ക്‌ നിവൃത്തിയുള്ളൂ.

നിങ്ങൾ തന്നെ കണ്ടെത്തുക

ശാന്തരായിരിക്കുക
ആത്മസംയമനം ശീലിക്കുക
ആര് എന്ത് തെറ്റ് ചെയ്താലും
അതിനൊരു ന്യായീകരണം
സാധ്യമാവുമെന്ന് അകമേ
അറിഞ്ഞുകൊള്ളുക
ഹിംസ ,കൊലപാതകം,നീതിനിഷേധം
എല്ലാം നാട്ടുനടപ്പാവുന്നതിൽ
അന്ധാളിക്കാതിരിക്കുക
ഈയൊരു മനോഭാവം ഇപ്പോൾ
ഇടയ്ക്കിടയ്‌ക്കേ ആവശ്യം വരൂ
നാളെ ഇത് രാവും പകലും
ഒഴിച്ചു കൂടാനാവാത്ത ഒന്നാവും
അത് മുൻകൂട്ടി കണ്ടറിഞ്ഞ്
എന്നെയും നിങ്ങളെയും അതിനു വേണ്ടി
പാകപ്പെടുത്തിയെടുക്കുന്നവർ ആരാണ്?
ഓപ്ഷൻ എ…
ഓപ്ഷൻ ബി…
ഓപ്ഷൻ സി…
ഈ ഒരു ചോദ്യത്തിനുള്ള
ഒരേയൊരു ചോദ്യത്തിനുള്ള
ഒരേയൊരു ശരിയുത്തരം
നിങ്ങൾക്ക് നേടിത്തരിക ജീവിതമോ,മരണമോ?
അതിനുള്ള ഉത്തരവും നിങ്ങൾ തന്നെ കണ്ടെത്തുക





Tuesday, April 11, 2017

പ്രാദേശികചരിത്ര രചന എന്ന രാഷ്ട്രീയ ദൗത്യം

ചരിത്രം ഒരു  ജ്ഞാനരൂപമെന്ന നിലയിലും പഠനവിഷയമെന്ന നിലയിലും വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ചരിത്ര വസ്തുത എന്ന ഒന്നില്ല,വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂ,അതേ സാധ്യമാവൂ എന്നിടം വരെ എത്തുന്ന അനേകം വാദങ്ങൾ ചരിത്രത്തിനെതിരെ ഉയർന്നു വന്ന കാലമാണ് ഉത്തരാധുനിക കാലം.ജനങ്ങൾക്ക് ചരിത്രബോധം എന്ന ഒന്ന് ഇല്ലാതാവുക എന്നത് ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ പല ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.ചരിത്രബോധമുള്ള ഒരു ജനത ഭൂതകാലാനുഭവങ്ങളുടെ ഓർമയെ ആധാരമാക്കി വർത്തമാനത്തിലെ എല്ലാ രാഷ്ട്രീയസാമ്പത്തികസാംസ്‌കാരിക നീക്കങ്ങളുടെയും പിന്നിലെ യഥാർത്ഥമായ ഉദ്ദേശ്യങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയും.അവരെ കബളിപ്പിക്കുക അൽപം പോലും എളുപ്പമായിരിക്കുകയില്ല.വർത്തമാനത്തിൽ മാത്രം ജീവിക്കുന്നവരെ മാർക്കറ്റിന് വേഗത്തിൽ  കീഴടക്കാനാവും. രാഷ്ട്രീയമായ നിരക്ഷരതയും ചരിത്രബോധത്തിന്റെ അഭാവവുമായി ജീവിച്ചുപോവുന്ന ഒരാളെ വ്യാമോഹങ്ങൾ സൃഷ്ടിച്ചും പല വിധ പ്രലോഭനങ്ങൾക്ക് വശംവദനാക്കിയും വരുതിയിലേക്ക് കൊണ്ടുവരാൻ വിപണിയിൽ അധീശത്വം പുലർത്തുന്നവർക്ക് വലുതായൊന്നും അധ്വാനിക്കേണ്ടി വരില്ല.ഈ വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ് വിപണി സമ്പദ്ഘടനയുടെ സൂത്രധാരന്മാർ ചരിത്രബോധം ഇല്ലായ്മ ചെയ്യുന്നതിനുള്ള ആശയരൂപീകരണത്തിന് വലിയ തോതിൽ ഊർജം ചെലവഴിക്കുന്നത്.
 കാലക്രമമനുസരിച്ച് സംഭവങ്ങൾ,അതും രാജാക്കന്മാരും പ്രഭുക്കന്മാരും സാമൂഹ്യജീവിതത്തിനു മേൽ ആധിപത്യം പുലർത്തുന്ന മറ്റുള്ളവരുമായും ബന്ധപ്പെടുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്ന ജ്ഞാനമേഖല എന്ന അർത്ഥമാണ് ചരിത്രത്തിന് മുൻകാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നത്.വിദേശ മിഷനറിമാരും ഉദ്യോഗസ്ഥ പ്രമുഖന്മാരും ഗവേഷകരും ചരിത്ര നിർമാണത്തിൽ ഏർപ്പെടാൻ തുടങ്ങിയതോടെയാണ് ജനജീവിത വിജ്ഞാനം ചരിത്രത്തിന്റെ ഭാഗമാവാൻ തുടങ്ങിയത്.അപ്പോഴും കീഴാളജീവിതം മിക്കവാറും ചരിത്രത്തിന് പുറത്തായിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ കീഴാളരുടെ ചെറുത്തുനിൽപുകൾക്കും ത്യാഗങ്ങൾക്കും അർഹമായ ഇടം കിട്ടാതെ പോയത് അതുകൊണ്ടാണ്.
ഇപ്പോൾ, ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകൂടം  ജനസംസ്‌കാരത്തിലെ വൈരുദ്ധ്യങ്ങളെയും അടിത്തട്ടിലെ ജനങ്ങൾ കാലാകാലമായി അനുഭവിച്ച നീതിനിഷേധങ്ങളെയും അവരുടെ സാംസ്‌കാരികജീവിതത്തിലെ വൈവിധ്യങ്ങളെയും  മുഴുവൻ മൂടിവെച്ച് ഈ മഹാരാജ്യത്ത് അങ്ങോളമിങ്ങോളം നില നിന്നത് ഒരേ സംസ്‌കാരമായിരുന്നുവെന്നും ഇന്ത്യാചരിത്രമെന്നത് സവർണരുടെ സംഭാവനകളുടെ ചരിത്രമാണെന്നും വരുത്തിത്തീർക്കാനുള്ള നിശ്ചയവുമായി വിദ്യാഭ്യാസം ഉൾപ്പെടെ അറിവിന്റെ വിനിമയം നടക്കുന്ന എല്ലാ മേഖലകളിലേക്കും കടന്നു കയറിക്കൊണ്ടിരിക്കയാണ്. ആധുനികശാസ്ത്രം കൈവരിച്ചതായി അവകാശപ്പെടുന്ന എല്ലാ നേട്ടങ്ങളും ,പ്ലാസ്റ്റിക് സർജറി മുതൽ അതിവേഗ ആകാശവാഹനങ്ങളും അത്യാധുനിക ആയുധങ്ങളും വരെ ഭാരതത്തിന് ഇതിഹാസപുരാണങ്ങളുടെ കാലം മുതൽ പരിചിതമായിരുന്നുവെന്ന്  സ്ഥാപിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യത്തെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേധാവികൾ പോലും.രാജ്യത്തിന്റെ വിവിധഭാഗങ്ങളുടെ ചരിത്രത്തെയും വിവിധ ജനവിഭാഗങ്ങളുടെ സാംസ്‌കാരികത്തനിമകളെയും രാഷ്ട്രത്തിന്റെ ചരിത്രം,ഭാരതീയ സംസ്‌കാരം എന്നീ ബൃഹദാഖ്യാനങ്ങളിലേക്ക് ഒതുക്കി ഏകരൂപമാക്കിത്തീർക്കാനുള്ള (Homogenization) ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപിക്കാനുള്ള മാർഗം നമ്മുടെ ചരിത്രത്തെയും സംസ്‌കാരപഠനത്തെയും പ്രാദേശിക തലത്തിലേക്ക് കൊണ്ടു വരിക എന്നതു തന്നെയാണ്.അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുന്നിലുണ്ടാവേണ്ട ലക്ഷ്യങ്ങൾ  ജനസംസ്‌കാരത്തിലെ വൈവിധ്യങ്ങളെ സ്വതന്ത്രമായി നിലനിൽക്കാനും പരിണമിക്കാനും അനുവദിക്കുന്ന ജ്ഞാനപരിസരം സൃഷ്ടിക്കുക എന്നതും തമസ്‌കരിക്കപ്പെട്ടതോ അവഗണിക്കപ്പെട്ടതോ ആയ ചരിത്ര വസ്തുതക്കൾക്ക് അർഹിക്കുന്ന പ്രാധാന്യം നേടിക്കൊടുക്കുക എന്നതും മാത്രമായിരിക്കണം.വരേണ്യ ചരിത്രകാരന്മാരെയും സംസ്‌കാര പഠിതാക്കളെയും നയിച്ച താൽപര്യങ്ങൾ തന്നെയാവരുത് നമ്മെയും നയിക്കുന്നത്.ദളിത് ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിശദാംശങ്ങൾ നാം ഊന്നിപ്പറയുന്നത് ദളിതർ ഉയർന്ന ജാതിക്കാരായിരുന്നു എന്നോ ദളിതരുടെ സംസ്‌കാരം സവർണരുടെ സംസ്‌കാരത്തേക്കൾ മികച്ചതായിരുന്നു എന്നോ സ്ഥാപിക്കാൻ വേണ്ടിയാവരുത്.പ്രാന്തവൽകൃതരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സമീപിക്കുമ്പോൾ സവർണർ അവരുടെ മഹത്വം സ്ഥാപിക്കാനായി ഉപയോഗിച്ച തന്ത്രങ്ങളുടെ ദളിത് പകർപ്പായിരിക്കരുത് നാം പ്രയോഗിക്കുന്നത് എന്ന് ചുരുക്കം.
 ഒരു പ്രദേശത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കാൻ പുറപ്പെടുന്ന ആൾ ആദ്യമായി രണ്ട് ചോദ്യങ്ങളെ അഭിമുഖീകരിക്കണം.ഒന്ന്: താൻ ഏറ്റെടുക്കാൻ പോവുന്ന പ്രവൃത്തി എന്താണ് ലക്ഷ്യം വെക്കുന്നത്?  പ്രദേശത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രവേശനം എവിടെ നിന്ന്, അതായത് ജനസംസ്‌കാരത്തിലോ ജനങ്ങളുടെ ഓർമയിലോ ഇന്നും സജീവമായി നിലനിൽക്കുന്ന ഏത് ഘടകത്തിൽ നിന്ന്,ഏത് യാഥാർത്ഥ്യത്തിൽ നിന്ന് ആരംഭിക്കണം എന്നതാണ് രണ്ടാമത്തെ ചോദ്യം.ദേവാലയങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ആണ് പലരും ആരംഭിക്കാറുള്ളത്.ഓരോ പ്രദേശത്തെയും ഏറ്റവും പഴക്കമുള്ള ദേവാലയം/ ദേവാലയങ്ങൾ നൂറ്റാണ്ടുകളോളം ആ പ്രദേശത്തെ എല്ലാ ജീവിതവ്യവഹാരങ്ങൾക്കും മേൽ ആധിപത്യം പലർത്തിയിരുന്നതായി കണക്കാക്കാവുന്നതാണ്.രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും അവരുടെ അധികാരവും പ്രഭാവവും സാമാന്യജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി പല തരത്തിൽ അവയെ പ്രയോജനപ്പെടുത്തിയിരുന്നു.ക്ഷേത്രങ്ങൾക്കും പള്ളികൾക്കും നൽകിയ ഭൂമിദാനം മുതൽ ആരംഭിക്കുന്നതാണത്.ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ, സവിശേഷാചാരങ്ങൾ, മത/ ആത്മീയപ്രഭാഷണങ്ങൾ, ചന്തകൾ ഇവയെല്ലാം ജനജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ജനങ്ങളുടെ ജീവിതബോധത്തെ രൂപപ്പെടുത്തുന്നതിൽ പോലും നിർണായകമായിത്തീരുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വസ്തുതകളായിരിക്കെ ആരാധനലായങ്ങളുടെ ചരിത്രത്തെ പ്രദേശിക ചരിത്രത്തിലേക്കുള്ള പല വാതിലുകളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നതിൽ അപാകതയൊന്നുമില്ല.പക്ഷേ,ജനജീവിതത്തിന്റെ  മുന്നോട്ടുള്ള ഗതിയിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആവർത്തന സ്വഭാവമുള്ള സംഗതികൾ വലിയ പങ്കുവഹിക്കുന്നതായി കരുതാനാവില്ല. പ്രദേശത്തെ സാമൂഹ്യജീവിതത്തിൽ പല വ്യക്തികളും പ്രസ്ഥാനങ്ങളും പലപ്പോഴായി നടത്തിയ ഇടപെടലുകൾ, അവയുടെ ഫലങ്ങൾ,  ആധുനിക കാലത്താണെങ്കിൽ രാഷ്ട്രീയപ്പാർട്ടികൾ നടത്തിയ സമരങ്ങൾ,പ്രദേശത്തെ എഴുത്തുകാരും കലാസമിതികളും നൽകിയ സംഭാവനകൾ ഇവയൊക്കെയാണ് പൊതുജീവിതത്തിലെ വലിയ ചാലക ശക്തികളായിത്തീരുന്നത്.
ബൃഹദ് ചരിത്രത്തിൽ ഇത്തരം സംഗതികളൊന്നും സാധാരണഗതിയിൽ ഇടം പിടിക്കാറില്ല.സ്ത്രീകൾ,ദളിതർ,സാമ്പത്തികമായി ഏറ്റവും പിൻനിരയിൽ നിൽക്കുന്ന സാധാരണ തൊഴിലാളികൾ ഇവർക്കും അതിൽ ഇടം ലഭിച്ചിരുന്നില്ല. കാരണം അതിന്റെ പരിഗണനയിൽ വരുന്നത് മറ്റു ചിലരും മറ്റു ചിലതുമാണ്.പ്രദേശിക ചരിത്രത്തിനു മാത്രമേ ഒരു പ്രദേശത്തെ ജനജീവിതം നൂറ്റാണ്ടുകളിലൂടെ,സഹസ്രാബ്ദങ്ങളിലൂടെ തന്നെ എങ്ങനെ പരിണമിച്ചു എന്ന് സൂക്ഷ്മ വിശദാംശങ്ങളിൽ ഊന്നിക്കൊണ്ട് ആഖ്യാനം ചെയ്യാനാവൂ.കേരളത്തിന്റെ വിശാല ചരിത്രം എഴുതുമ്പോൾ മാടായി ഉൾപ്പെടെ വടക്കെ മലബാറിലെ പല ഗ്രാമങ്ങളിലെയും ദളിത് വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് വ്യക്തിനാമങ്ങളായി ഷേണായ് ,നമ്പൂതിരി തുടങ്ങിയ ജാതിപ്പേരുകൾ നൽകിയതിലൂടെ സ്വാമി ആനന്ദതീർത്ഥൻ സവർണമേധാവിത്വത്തിനെതിരെ നടത്തിയ സാംസ്‌കാരികമായ അട്ടിമറി പ്രവർത്തനത്തിന്റെ പ്രാധാന്യം പരാമർശിക്കപ്പെടാതെ പോവാനാണ് സാധ്യത. മാടായിയുടെ പ്രാദേശിക ചരിത്രം എഴുതുന്നയാൾക്ക് പക്ഷേ, കോലത്തിരിമാരുടെ മാഹാത്മ്യമോ  കേരളത്തിലെ ഏറ്റവും പഴയ ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നായ മാടായിക്കാവിന്റെയും സംസ്ഥാനത്തെ ആദ്യത്തെ മുസ്ലീം പള്ളികളിൽ ഒന്നായ മാടായിപ്പള്ളിയുടെയും മാത്രം ചരിത്രമോ എഴുതി അവസാനിപ്പിക്കാൻ ആവില്ല.അയാൾക്ക് മാടായിയിലെയും അയൽഗ്രാമങ്ങളിലെയും പാവപ്പെട്ടവർ നാട്ടുരാജാക്കന്മാരുടെയും ഭൂപ്രഭുക്കളുടെയും കീഴിൽ എന്തെന്തൊക്കെ ദുരിതങ്ങൾ തിന്ന് ജീവിതം തള്ളി നീക്കി എന്ന് വാമൊഴി ചരിത്രത്തിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നുമെല്ലാം കിട്ടുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വിസ്തരിക്കേണ്ടി വരും. ഇവിടങ്ങളിലെ മുൻകാല സ്ത്രീജീവിതത്തെ കുറിച്ചും ഫോക് കലാകാരന്മാരുടെ ജീവിതത്തെ കുറിച്ചും ആ ചരിത്രകാരൻ/ചരിത്രകാരി ആശ്രയിക്കാവുന്ന സ്രോതസ്സുകളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ച് അവതരിപ്പിക്കും.തെയ്യം കഥകളിൽ നിന്ന് ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ മാനോലോകത്തെ രൂപപ്പെടുത്തിയ വിശ്വാസങ്ങളെയും ആചാരങ്ങളെയും സദാചാരസങ്കൽപങ്ങളെയും മാത്രമല്ല സാമാന്യജനങ്ങളുടെ ജീവിതസമരങ്ങളുടെ പല അടിയൊഴുക്കുകളെയും അയാൾ കണ്ടെത്തും.അവർണർ ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തിക്കൊണ്ടിരിക്കെത്തന്നെ സവർണരോട് 'നിങ്ങൾ നിങ്ങളുടെ ക്ഷേത്രവുമായി ഇരുന്നുകൊള്ളൂ,ഞങ്ങൾക്ക് ആ ക്ഷേത്രങ്ങളിൽ പ്രവേശനം ആവശ്യമില്ല'എന്ന് പറഞ്ഞ് മാറി നിന്ന ദളിതർ മാടായിയിൽ ഉണ്ടായിരുന്നു എന്ന വസ്തുത പ്രത്യേക പ്രാധാന്യത്തോടെ അയാൾക്ക് അവതരിപ്പിക്കേണ്ടി വരും.അങ്ങനെയൊക്കെ  ചെയ്താലേ മാടായിയുടെ പ്രാദേശിക ചരിത്രം പൂർണമാവുകയുള്ളൂ.
സമൂഹത്തിൽ ഓരോ കാലത്തും നിലനിന്നിരുന്ന വൈരുധ്യങ്ങൾ തമ്മിൽ പല തലങ്ങളിൽ സംഘട്ടനം നടന്നിട്ടുണ്ട്.അധികാരശക്തികളോട് ചേർന്നു നിൽക്കുന്നതിൽ അഭിമാനം കൊണ്ടവരും വ്യവസ്ഥയുടെ നെടുംതൂണുകൾ പിടിച്ചു കുലുക്കുന്നതിന് ധൈര്യം കാണിച്ച ചുരുക്കം ചില ധീരന്മാരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.വ്യവസ്ഥാവിരുദ്ധ സമരങ്ങൾ ഒരിക്കലും ഏകരൂപമായിരുന്നില്ല. അതിന് പല രൂപങ്ങളും പല മാനങ്ങളും ഉണ്ടായിരുന്നു.കണ്ടൽച്ചെടികൾ നട്ടുവളർത്തിയ കല്ലേൻപൊക്കുടൻ പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങൾ സമൂഹത്തെ പഠിപ്പിക്കുക മാത്രമായിരുന്നില്ല.ജാതിയെ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ പൊതുജീവിതത്തിന്റെ പല തലങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന ഒരു സമൂഹത്തെ ദളിതന് ഇങ്ങനെയും ചിലത് ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു അദ്ദേഹം.
കേരളത്തിലെ പരിസ്ഥിതി പ്രവത്തകർക്കെല്ലാം സുപരിചിതമായിക്കഴിഞ്ഞ ഒരു പ്രദേശമാണ് മാടായി;വിശേഷിച്ചും മാടായിപ്പാറ.ഈ പാറപ്പുറത്തെ ജൈവവൈവിധ്യങ്ങളെ കുറിച്ച് പലരും പഠിച്ചു കഴിഞ്ഞു.മാടായിയിലെ ജനജീവിത ചരിത്രത്തിന്റെ പല വശങ്ങളും പല ചരിത്രകൃതികളിലും പഠനങ്ങളിലുമായി ഇതിനകം പുറത്തു വന്നു കഴിഞ്ഞു.എം.എസ്.നായരുടെ മാടായിക്കാവ് : ഒരു പഠനം.കെ.ബാലകൃഷ്ണന്റെ ഏഴിമല,കെ.വി.ബാബുവിന്റെ കോലത്തുനാട് നാൾവഴി ചരിത്രം,അബ്ദുല്ല അഞ്ചില്ലത്തിന്റെ മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂർവചരിത്രം എന്നിവ അങ്ങനെയുള്ള ചരിത്രകൃതികളിൽ പ്രധാനപ്പെട്ടവയാണ്.
മാരാഹി,ഹേലി,മാറാവി,മസരി എന്നീ പേരുകളിൽ പല ചരിത്രഘട്ടങ്ങളിലായി അറിയപ്പെട്ടിരുന്ന മാടായി  നൂറ്റാണ്ടുകൾക്കു മുമ്പേ വിവിധ ജനവിഭാഗങ്ങളുടെ സംഗമത്തിലൂടെയും പിന്നീട് പഴയങ്ങായിയായിത്തീർന്ന പാഴി അങ്ങാടിയുടെ വളർച്ചയിലൂടെയും കോലത്തിരിമാരുടെ കുലദേവതയായ തിരുവർകാട്ട് ഭഗവതി കുടികൊള്ളുന്ന മാടായിക്കാവിന്റെയും മാലിക് ഇബ്‌നു ദിനാർ സ്ഥാപിച്ചതായി കരുതപ്പെടുന്ന മാടായിപ്പള്ളിയുടെയും പ്രശസ്തിയിലൂടെയും ഹിന്ദുക്കൾ,ബൗദ്ധർ, മുസ്ലീങ്ങൾ,ജൂതർ,ക്രിസ്ത്യാനികൾ എന്നിവരുടെയെല്ലാം സംഗമത്തിലൂടെയും നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക കേന്ദ്രമായി മാറിയിരുന്നു.എന്നാൽ ഇന്ന് നമുക്ക് ഊഹിച്ചെടുക്കാൻ പോലും പ്രയാസമായ കാരണങ്ങളാൽ മാടായിയുടെ പ്രാധാന്യത്തിന്  പിൽക്കാലത്ത് വലിയ തോതിൽ ഇടിവ് സംഭവിച്ചു.ഇപ്പോൾ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് പൊതുവായ ഒരവബോധം വളർന്നു വന്നതിനെത്തുടർന്നാണ് മാടായിയുടെ ചരിത്രം ചികഞ്ഞെടുക്കുന്നതിൽ പുതിയ ഉണർവ് പ്രകടമായിത്തുടങ്ങിയത്.
 മാടായിയുടെ  സമഗ്രമായ ചരിത്രം ഇനിയും എഴുതപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.ചരിത്ര രചനയെ കുറിച്ചുള്ള സങ്കൽപങ്ങളിൽ ഒരുപാട് മാറ്റം വന്നിരിക്കുന്നതുകൊണ്ട് ഏതെങ്കിലുമൊരു വ്യക്തി ഒറ്റയ്ക്കിരുന്ന് അങ്ങനെയൊരു ചരിത്രമെഴുതുന്നതും കാത്ത് ഇനി നമുക്ക് സ്വസ്ഥമായി ഇരിക്കാനാവില്ല. ഈ പ്രദേശത്തിന്റെ ചരിത്രമെഴുതുന്നതിൽ താൽപര്യമുള്ളവർക്ക് ചെയ്യാവുന്നതായി കുറച്ചധികം കാര്യങ്ങളുണ്ട്. ചരിത്ര രേഖകളിൽ മാടായിയെക്കുറിച്ച് ഇതിനകം വന്നു കഴിഞ്ഞ പാരമർശങ്ങൾ സമാഹരിക്കുന്നതിൽ നിന്ന് അവർക്ക് ആരംഭിക്കാം. പിന്നെ ഈ പ്രദേശത്തിന്റെ സമഗ്രമായ ഒരു ഭൂവിജ്ഞാനീയ ചരിത്രം വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കാം.കടൽ പിന്മാറി രൂപപ്പെട്ടുണ്ടായതാണ് അതിവിശാലമായ മാടായിപ്പാറ എന്ന പാറപ്പരപ്പ്  ഉൾപ്പെടെയുള്ള പ്രദേശങ്ങളെല്ലാം എന്ന് കരുതാവുന്നതിനുള്ള പല തെളിവുകളും ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.പുരാവസ്തുവകുപ്പിന് നടത്താവുന്ന ഖനനം ഇതേവരെ നടന്നില്ല എന്നു മാത്രമേയുള്ളൂ.
വളപട്ടണം പുഴക്കും പെരുമ്പപ്പുഴക്കും ഇടയിലുള്ള സ്ഥലമാണ് തെയ്യംകലയുടെ കേന്ദ്രമേഖല എന്നു പറയാം.ഈ പ്രദേശത്ത് കെട്ടിയാടിക്കപ്പെട്ടു വരുന്ന തെയ്യങ്ങളുടെ ജീവിത കഥയും തെയ്യങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക സംഭവങ്ങളും പല വ്യക്തികളും നേരത്തെ നൽകിക്കഴിഞ്ഞ അനുഭവവിവരണങ്ങളും അപഗ്രഥനാത്മകമായ പഠനത്തിന് വിധേയമാക്കുകയാണെങ്കിൽ പല ചരിത്ര വസ്തുതകളും പുറത്തെടുക്കാനാവും.മാടായിയിലെയും സമീപഗ്രാമങ്ങളിലെയും സ്ഥലനാമങ്ങൾ,കുടുംബനാമങ്ങൾ എന്നിവയുടെയും പഠനവും പ്രാദേശിക ചരിത്രരചനയെ വലിയ അളവിൽ സഹായിക്കും.മാടായിയുടെ രാഷ്ട്രീയ ചരിത്രം പ്രത്യേകമായ വിശദ പഠനം അർഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യസമരത്തിലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പല സമരങ്ങളിലും മാടായിക്കാരുടെ സാന്നിധ്യം ശ്രദ്ധേയമാം വിധം തന്നെ ഉണ്ടായിരുന്നു.സംസ്ഥാനരൂപീകരണത്തിനു ശേഷം കേരളത്തിന്റെ രാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ കെ.പി.ആർ.ഗോപാലൻ,മത്തായി മാഞ്ഞൂരാൻ,എം.വി.രാഘവൻ എന്നിവരെ അസംബ്ലിയിലേക്കയച്ച നിയോജക മണ്ഡലമാണ് മാടായി.യുക്തിവാദ പ്രസ്ഥാനത്തിന് ഒരു കാലത്ത് നല്ല വേരോട്ടം ലഭിച്ചിരുന്ന പ്രദേശമാണിത്.ജാതിചിന്തക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ആശയങ്ങൾക്ക് വലിയ തോതിൽ ജനപിന്തുണ ലഭിച്ചിരുന്നു.വാമൊഴി ചരിത്രത്തിൽ നിന്ന് ആ വസ്തുത സാക്ഷ്യപ്പെടുത്തുന്ന പല അനുഭവവിരണങ്ങളും ചരിത്രകാരന്മാർക്ക് ലഭിക്കും.
മാടായിയുടെ വ്യാപാര ചരിത്രവും പഠനാർഹമായ ഒരു വിഷയമാണ്.ഒരു കാലത്ത് ജൂതന്മാരും പിന്നീട് മുസ്ലീങ്ങളുമാണ് മാടായിയുടെ വ്യാപാരമേഖലയിൽ മേൽക്കൈ നേടിയവർ.പഴയങ്ങാടി ,പുതിയങ്ങാടി എന്നീ സ്ഥലപ്പേരുകൾ തന്നെ മാടായിയുടെ വ്യാപാരപാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.ലക്ഷദ്വീപിൽ നിന്നും അറബ് നാടുകളിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം ഇവിടെ വ്യാപാരികൾ എത്തിയിരുന്നു എന്നതിൽ ചരിത്രകാരന്മാർക്ക് സംശയമില്ല.ഏഴിമലയിൽ നിന്ന് അധികം അകലെയല്ലാത്ത മാടായിയും പഴയങ്ങാടിയും പ്രാചീനകാലത്ത് തിരക്കേറിയ ഒരു വ്യാപാരകേന്ദ്രമായിരുന്നിരിക്കാൻ തന്നെയാണ് സാധ്യത.
കലാസാഹിത്യരംഗങ്ങളിലെ മാടായിയുടെ പാരമ്പര്യത്തെ കുറിച്ച് വരും തലമുറകളെ അറിയിക്കാൻ ഉതുകുന്ന വസ്തുതകളുടെ സമാഹാരണവും ഈ പ്രദേശത്തിന്റെ ചരിതം എഴുതുന്നവരുടെ ഉത്തരവാദിത്വമാണ്.അതുലന്റെ മൂഷകവംശകാവ്യം മുതൽ ആരംഭിക്കുന്നതാണ് ആ പാരമ്പര്യം.ഇങ്ങേയറ്റത്ത് നാടകകാരന്മാരും കവികളും കഥാകൃത്തുക്കളുമായി വളരെയേറെ പേരുണ്ട്.മാടായിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ പത്തറുപത് വർഷങ്ങൾക്കുള്ളിൽ നാടന്ന നാടകപ്രവർത്തനങ്ങളുടെ ചരിത്രം തന്നെ  എത്രയോ പേജുകളിൽ എഴുതാനുണ്ടാവും.
മുകളിൽ നിർദ്ദേശിച്ച തരത്തിലുള്ള ചരിത്ര രചന മാടായിയുടെ കാര്യത്തിൽ മാത്രമല്ല സാധ്യമാവുക.ഏത് പ്രദേശത്തും ഇതേ വരെയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നതും എന്നാൽ നിർബന്ധമായും ചരിത്രത്തിൽ ഇടം പിടിക്കേണ്ടുന്നതുമായ ഒരുപാട് വസ്തുതകളും അനുഭവങ്ങളും ഉണ്ടാവും.പല സ്ഥലങ്ങളിലും കുടുംബസംഗമങ്ങൾ നടക്കുകയും കുടുംബചരിത്രം സോവനീറുകളായും പുസ്തകങ്ങളായുമൊക്കെ പുറത്തുവരികയും ചെയ്യുന്ന കാലമാണിത്.ഇത്തരം ചരിത്രങ്ങൾ തറവാടിത്തഘോഷണത്തിൽ ഒതുങ്ങുകയാണ് പതിവ്.പ്രാദേശിക ചരിത്ര രചന ഒരു പ്രദേശത്തപ്പറ്റി ആ പ്രദേശത്തുള്ളവരിൽ അഭിമാനബോധം വളർത്താൻ ഉദ്ദേശിച്ചുള്ളതാവരുത്.മനുഷ്യ ചരിത്രത്തിൽ ഒരു ഗ്രാമത്തിലെയോ നഗരത്തിലെയോ ജനങ്ങൾ നടത്തിയ ഇടപെടലുകളുടെയും അവർ നൽകിയ സംഭാവനകളുടൈയും വസ്തുനിഷ്ഠമായ രേഖപ്പെടുത്തലായിരിക്കണം പ്രാദേശിക ചരിത്ര രചന.ആരംഭത്തിൽ പറഞ്ഞ പോലെ ചരിത്രത്തിന്റെ ആവശ്യകതയും  ചരിത്രത്തിന്റെ വസ്തുനിഷ്ഠത തന്നെയും പല കോണുകളിൽ നിന്നായി ചോദ്യം ചെയ്യപ്പെടുന്ന ഒരു ചരിത്ര സന്ധിയിൽ പ്രാദേശിക ചരിത്ര രചന വലിയൊരു പ്രതിരോധ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ്.മുൻകാലങ്ങളിൽ ഉണ്ടായ ചരിത്രരചനകളുടെ  അവിശ്വാസ്യതയെ കുറിച്ചുള്ള വാദങ്ങളിലെ ശരികൾ അംഗീകരിച്ചുകൊണ്ടു തന്നെ ചരിത്രം എത്ര വലിയ  ജ്ഞാനമേഖലയാണെന്ന് ഊന്നിപ്പറയലും ചരിത്രത്തിന്റെ ബഹുസ്വരത എങ്ങനെ ചരിത്രവിരുദ്ധമാകാതിരിക്കുമെന്ന് ബോധ്യപ്പെടുത്തലും ചരിത്രത്തെ വലിയൊരു സൗന്ദര്യാനുഭവം കൂടിയായി മാറ്റിത്തീർക്കലുമാവണം ഇത്.സാഹിത്യത്തെയും മാനവിക വിഷയങ്ങളെയും വിദ്യാഭ്യാസത്തിന്റെ പല തലങ്ങളിൽ നിന്നും പുറന്തള്ളാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയും ദീർഘകാലം ചരിത്രാധ്യാപകരായിരുന്നവരിൽ ചിലർ പോലും വിദ്യാഭ്യാസത്തിന്റെ മകവ് സാഹിത്യത്തിന്റെയും മാനവിക വിഷയങ്ങളുടെയുമല്ല ഗണിതത്തിന്റെയും മറ്റ് ശാസ്ത്രവിഷയങ്ങളുടെയും ബോധനത്തിലും പഠനത്തിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കേണ്ടത് എന്ന് പ്രസംഗിച്ചു തുടങ്ങുകയും ചെയ്യുന്ന കാലത്ത് പ്രാദേശികചരിത്ര രചനയുടെ പ്രാധാന്യം ഊന്നിപ്പറയാൻ ധാരാളം അവസരങ്ങളുണ്ടാവുന്നത് തീർച്ചയായും വളരെ ആഹ്ലാദകരമാണ്.
( മാടായിപ്പാറ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി മാർച്ച് 22 ന് മാടായി കോളേജിൽ നടന്ന ചരിത്ര സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)

Monday, April 10, 2017

ഒരു രൂപകത്തിന്റെ പൊരുൾ

ഓർമയിൽ മിന്നിമാഞ്ഞ ഒരു രൂപകത്തിൽ
എന്നെ ഞാൻ
സമ്പൂർണമായും വ്യാഖ്യാനിച്ചിരുന്നല്ലോ
അത് എന്നേക്കുമായി കൈവിട്ടുപോയല്ലോ
എന്ന സങ്കടം
ഉള്ളിലൊരു പിറുപിറുപ്പായി ഉയർന്ന്
ഓർത്തോർത്തിരിക്കെ അകം നിറയുന്ന
പെരുമ്പറമുഴക്കമായി മാറുന്നതിനിടയിൽ
ഓർമ വന്നു : മിന്നിമാഞ്ഞു എന്നതു തന്നെയായിരുന്നു
ആ രൂപകത്തിന്റെ പൊരുൾ
ഓർമയുടെയെന്നല്ല ആത്മബോധത്തിന്റെയും
കരുതലുള്ള കാവൽക്കാരനല്ല ഞാൻ.


Thursday, April 6, 2017

ഓരോ ജീവിക്കും ഓരോന്നല്ലേ ?

ഈ നിമിഷം കണ്ടിടത്ത്
അടുത്ത നിമിഷം കാണില്ല
ഇപ്പോൾ കാൽസറായിയും കോട്ടുമിട്ടു കണ്ടാൽ
അടുത്ത നിമിഷം ഉടുതുണിയില്ലാതെ കാണും
പകൽനേരത്ത് പറവയായി കണ്ടെങ്കിൽ
രാത്രിയിൽ പാമ്പായി കാണും
ആമയായി പറക്കും
പരുന്തായി നടക്കും
ഒച്ചായി ഓടും
മാനായി ഇഴയും
കണ്ടുകണ്ട് കാണുന്നവന്റെ കാഴ്ച പോകും
കേൾവി പോകും
വെളിവ് പോകും
എല്ലാം മുൻകൂട്ടി അറിയാവുന്നതുകൊണ്ട്
ഒന്നും  ഞാൻ കാണുന്നില്ല
കേൾക്കുന്നില്ല
കിട്ടുന്നതിലൊരു പങ്ക് ചെകുത്താൻ
എനിക്കും കൊണ്ടുത്തരുമായിരിക്കും
അതുവരേക്കും ആകാശം നോക്കി
അന്തംവിട്ടതുപോലെ കിടക്കാം
ഓരോ ജീവിക്കും ഓരോന്നല്ലേ ആത്മരക്ഷോപായം?

Monday, April 3, 2017

ഭാരം

നിങ്ങളോട് തർക്കിച്ചു
ജയിച്ചതിന്റെ അപമാനം
എനിക്ക് താങ്ങാവുന്നതിലപ്പുറമാണ്
തർക്കത്തിനു പുറപ്പെട്ടതിലെ
വിഡ്ഡിത്തത്തിന്റെ ഭാരം
അത്ര വലുതാണല്ലോ.

Saturday, April 1, 2017

വേനലിനപ്പുറത്തേക്ക്

കൊടും വേനലാണ്
അകത്തും പുറത്തും
എല്ലാ നാമ്പുകളും കരിഞ്ഞു
അകത്തും പുറത്തും.
എങ്കിലും വിത്തുകളും ചില വേരുകളും
മണ്ണിലും മനസ്സിലും കരിയാതെ നിൽക്കുന്നു
അവ അവയുടെ ജന്മദൗത്യം
നിറവേറ്റുകയാവാം എന്നതിലപ്പുറം
മറ്റൊന്നും ഞാൻ ആലോചിക്കുന്നില്ല.
1/4/2017

Friday, March 31, 2017

ആകാശവും ഭൂമിയും പിന്നെ ഞാനും

ഒരിക്കൽക്കൂടി വിത്തായി,ചെടിയായി,
മരമായി മാറാൻ കൊതിയില്ലായ്കയല്ല
പക്ഷേ, ഒരു വിത്തിന് ഒരിക്കലേ മുളക്കാനാവൂ
എന്ന തീർപ്പ് തിരുത്തപ്പെടില്ല
പിന്നെ ചെയ്യാവുന്നത് ശാഖകൾ വളച്ചും
അടിയോടെ വളഞ്ഞും 
മണ്ണിൽ തൊടുക മാത്രമാണ്
എനിക്കതിൽ താൽപര്യമില്ല
ഞാൻ ആകാശത്തേക്കു തന്നെ നോക്കുന്നു
പകൽ നേരത്ത് സൂര്യൻ,രാത്രിയിൽ ചന്ദ്രൻ,നക്ഷത്രങ്ങൾ
ഞാൻ പുതിയ വിത്തുകൾ ഭൂമിക്ക് നൽകിക്കൊണ്ടേയിരിക്കുന്നു.

Monday, March 27, 2017

കവിതയും സമൂഹവും

ഇത് വളരെ വലിയൊരു വിഷയമാണെന്ന്  പ്രത്യേകം പറഞ്ഞറിയിക്കാതെ തന്നെ നിങ്ങൾക്കെല്ലാം അറിയാം. ഈ വലിയ വിഷയത്തിന്റെ  ഉള്ളിൽ നിന്നും അരികുകളിൽ നിന്നും നമ്മുടെ കാലത്ത് പ്രസക്തമായിത്തീരുന്ന ചില വസ്തുതകൾ കണ്ടെത്തി അവതരിപ്പിക്കാനുള്ള ചെറിയ  ശ്രമം മാത്രമേ ഇവിടെ ഞാൻ നടത്തുന്നുള്ളൂ.
കവിത പ്രതിഭാശാലികളായ,ഭാവനാ സമ്പന്നരായ ചിലർ നടത്തുന്ന സ്വതന്ത്രമായ ആത്മാവിഷ്‌കാരങ്ങളാണെന്നും അസാധാരണമായ സൗന്ദര്യാനുഭവങ്ങളല്ലാതെ യാതൊന്നും കവിത നൽകേണ്ടതില്ലെന്നും വാദിക്കുന്ന എത്രയോ പേരുണ്ട്.കവികളിൽ ബഹുഭൂരിപക്ഷവും തങ്ങൾ ചെയ്യുന്നത് തങ്ങൾക്കു മാത്രം സാധ്യമാവുന്ന ഒരു പ്രവൃത്തിയാണെന്നതിൽ വലുതായി അഹങ്കരിക്കുന്നവരുമാണ്.സാമൂഹ്യയാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി തങ്ങളുടെ കവിത വായിക്കപ്പെടുമ്പോൾ അരുതാത്തതെന്തോ സംഭവിക്കുന്നുവെന്ന മട്ടിൽ വല്ലാതെ അസ്വസ്ഥരാകുന്നവരാണവർ. ഇതിനൊക്കെ വിപരീതമായി താനെഴുതിയ കവിതയെപ്പറ്റി തനിക്ക് അഭിമാനിക്കാൻ അവകാശമില്ലെന്ന തോന്നൽ അവതരിപ്പിച്ച ഒരു വാക്യം വിഖ്യാതനായ ഒരു കവിയുടെതായി ഉണ്ട്.ആവാക്യം  ഓർമിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. 'നിങ്ങളുടെ കവിത എനിക്കിഷ്ടമായി എന്ന് ഏതെങ്കിലുമൊരു പാവത്താൻ എന്നോട് പറഞ്ഞാൽ  ഞാൻ അവന്റെ പോക്കറ്റടിച്ചു എന്ന തോന്നലാണ് എനിക്കുണ്ടാവുക' (When some obvious booby tells me he has liked a poem of mine,I feel as if I had picked his pocket) ഡബ്‌ള്യു.എച്ച്.ഓഡന്റെതാണ് ഈ വാക്കുകൾ.കഥയിലായാലും കവിതയിലായാലും 'ഞാൻ ഞാൻ എന്നഹങ്കരിക്കുന്ന രാജാക്കന്മാരെ'യാണ് നമുക്ക് കൂടുതൽ പരിചയം.അതുകൊണ്ടു തന്നെ ഓഡന്റെ വാക്കുകൾക്ക് മലയാളസാഹിത്യത്തിന്റെ പരിസരത്തിൽ കൂടുതൽ മുഴക്കം അനുഭവപ്പെടും.
എല്ലാവർക്കും അവകാശപ്പെട്ട വാക്കുകൾ ഉപയോഗിച്ചാണ് കവി എഴുതുന്നത്. അനേകമനേകം തലമുറകളിലെ മനുഷ്യർ സൃഷ്ടിച്ചെടുത്ത വാക്കുകൾ.താൻ ആത്മാവിഷ്‌കാരം നടത്തുകയാണെന്നോ ആത്മാവിന്റെ ആനന്ദത്തിനു വേണ്ടി മാത്രമാണ് താൻ  എഴുതുന്നതെന്നോ ഒക്കെ കവിക്ക് പറയാം.പക്ഷേ,കവിയുടെ ആത്മാവ് വ്യാപരിക്കുന്ന അനുഭവങ്ങൾക്കും വികാരങ്ങൾക്കും അനുഭൂതികൾക്കുമെല്ലാം സമൂഹവുമായി ബന്ധമുണ്ട്.അവയെല്ലാം കവി ജീവിക്കുന്ന സമൂഹത്തിന്റെ ഉൽപന്നങ്ങളാണ്.ഈ ഉൽപന്നങ്ങളെ കവിതയായി പരിവർത്തിപ്പിക്കുന്ന ജോലി കവികൾ മാത്രം ചെയ്യുന്നതല്ലേ?,കവികളിൽത്തന്നെ ഓരോരുത്തരും താന്താങ്ങളുടെതായ രീതിയിൽ ചെയ്യുന്നതല്ലേ?എന്നിങ്ങനെയുള്ള ചോദ്യങ്ങളിലെത്തുമ്പോൾ കവിതയുടെ സാമൂഹികത എന്ന ആശയം ദുർബലമാവില്ലേ എന്ന സംശയം സ്വാഭാവികമായും ഉയർന്നു വരാം.കവിതയെഴുത്ത് എന്ന പ്രക്രിയ,ഓരോ കവിയുടെയും ശൈലി,ഓരോ കവിയുടെയും ഇമേജുകളുടെ വ്യതിരിക്തത ഇവയൊക്കെയും പ്രത്യേകം പ്രത്യേകമായെടുത്ത് ചർച്ച ചെയ്യാവുന്ന വിഷയങ്ങളാണ്.പക്ഷേ,രചന  പൂർത്തിയായിക്കഴിഞ്ഞ് കവി ലോകത്തിന് നൽകുന്ന ഓരോ കവിതയെയും ഓരോ കവിതയുടെ ഓരോ സിവിശേഷ ഗുണത്തെയും  സാമൂഹ്യാനുഭവങ്ങളുമായി, ആ അനുഭവങ്ങളുടെ പരിസരങ്ങളിൽ സജീവമായി നിലനിലക്കുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്തിത്തന്നെയാണ് പരിശോധിക്കേണ്ടത്.അത്തരത്തിലുള്ള പരിശോധനയിൽ ഊന്നുന്ന വായന തന്നെയാണ് കവിതയെ ഉന്നത മൂല്യമുള്ള ഒരു സാംസ്‌കാരികാനുഭവമാക്കി മാറ്റുന്നത്.
 ഭാഷയുടെ സവിശേഷരീതിയിലുള്ള  വിനിയോഗമാണ് കവിതയെ സാധ്യമാക്കിത്തീർക്കുന്നത് എന്ന് സാധാരണ പറയാറുണ്ട്. പക്ഷേ, ഈ സവിശേഷതയുടെ ഘടകങ്ങളെ സംബന്ധിച്ച് പൊതുസമ്മതിയുള്ള ഒരു അഭിപ്രായത്തിൽ എത്തിച്ചേരുക സാധ്യമല്ല.അത്തരം ഘടകങ്ങളെ എക്കാലത്തേക്കുമായി നിർണയിച്ചുവെക്കുകയും അസാധ്യമാണ്.ഒരു കാലത്ത് ശക്തവും മനോഹരമായി അനുഭവപ്പെടുന്ന വാക്കുകളും പ്രയോഗങ്ങളും മറ്റൊരു കാലത്ത് തീരെ നിർജീവമായി മാറിപ്പോവാം.അലങ്കാരങ്ങളുടെ കാര്യത്തിലും ഇതു തന്നെ സംഭവിക്കാം.
അലങ്കാരങ്ങൾ,പുതിയ കാലത്തിന് കുറേക്കൂടി സമ്മതമായിത്തീരുന്ന പദം ഉപയോഗിച്ച് പറയുകയാണെങ്കിൽ രൂപകങ്ങൾ കവിതയുടെ ഏറ്റവും കാതലായ അംശമാണ് എന്നതാണ് പൊതുവെയുള്ള ധാരണ.ഒരു രൂപകം പ്രസക്തമായിത്തീരുന്നത് അതിന്റെ ഘടനാപരമായ എന്തെങ്കിലും സവിശേഷത കൊണ്ടല്ല. കവിത എഴുതപ്പെട്ട കാലത്തെ അനുഭവലോകത്തിന്റെ അന്ത:സത്തയെ എത്രത്തോളം ആവാഹിച്ചിരിക്കുന്നു എന്നതിനാണ്  രൂപകത്തിന്റെ മൂല്യനിർണയനത്തിൽ പ്രധാന പരിഗണന ലഭിക്കുക.അത്രത്തോളം പോവാതെ അനന്യതയുടെയും കാവ്യസന്ദർഭത്തിലെ  അനുയോജ്യതയുടെയും അടിസ്ഥാനത്തിലാണ്  രൂപകത്തെ മനോഹരം,ഗംഭീരം എന്നൊക്കെ നാം നിശ്ചയിക്കുന്നത് എന്നും പറയാം.ഒരു രൂപകത്തിന് ഒരു കാലഘട്ടത്തിൽ അനുഭവപ്പെടുന്ന സൗന്ദര്യം മറ്റൊരു കാലഘട്ടത്തിലെ വായനയിലും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.ചെറിയ കാലയളവിനുള്ളിൽത്തന്നെ അതിന്റെ പുതുമയും ഭംഗിയും ചോർന്നു പോകാം.എന്നാൽ ഒരു ചരിത്രഘട്ടത്തിന്റെ അന്ത:സത്തയെ ആവാഹിച്ചു നിൽക്കുന്ന രൂപകം പെട്ടെന്നൊന്നും പഴകിപ്പോവില്ല. അത് സൃഷ്ടിച്ച ആഘാതം,ചിന്തയുടെ മണ്ഡലത്തിൽ അത് ഉണ്ടാക്കിയ ഇളക്കങ്ങൾ ദശകങ്ങളോളം,ചിലപ്പോൾ നൂറ്റാണ്ടുകളോളം തന്നെ നിലനിൽക്കും.
തങ്ങളുടെ ജീവിത പരിസരങ്ങളെ പുതിയ രീതിയിൽ അനുഭവിക്കാൻ ,അവയെ കുറിച്ച് പുതിയ അവധാരണം സാധിക്കാൻ  വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു ഇമേജിനെ മാത്രമേ കരുത്തുറ്റ ഇമേജായി കണക്കാക്കാൻ പറ്റുകയുള്ളൂ. ഈ ശക്തി ഒരു ഇമേജിന് കൈവരണമെങ്കിൽ കവിക്ക് തീർച്ചയായും തന്റെ കാലഘട്ടത്തിലെ സാമൂഹ്യസ്ഥാപനങ്ങളെയും മൂല്യസങ്കൽപങ്ങളെയും ആശയലോകങ്ങളെയും അനുഭൂതിയുടെ ഘടനകളെയും പൊതുസമൂഹത്തിന്റെതല്ലാത്ത ഒരു വീക്ഷണ കോണിൽ നിന്ന് കാണാൻ കഴിയണം. ഡബ്ല്യു.ബി.യേറ്റ്‌സി (W.B.Yeats)ന്റെ  The Second Coming എന്ന കവിതയിലെ
Turning and turning in the widening gyre
The falcon cannot hear the falconer  എന്ന ഇമേജിലെ പരുന്ത് ലോകജനതയുടെ അന്വേഷണ തൃഷ്ണയുടെയും പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള തളരാത്ത ഇച്ഛയുടെയുമെല്ലാം പ്രതീകമാണ്.അത് കറങ്ങിക്കൊണ്ടിരിക്കുന്ന, വളർന്നുകൊണ്ടേയിരിക്കുന്ന വൃത്തം ശാസ്ത്രത്തിന്റെയും സാമൂഹ്യജീവിത നവീകരണത്തിന്റെയും മേഖലകളിൽ മനുഷ്യൻ നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾക്ക് പകരം നിൽക്കുന്നതാണ്.പക്ഷേ,മനുഷ്യന്റെ ഇച്ഛയുടെയും ലക്ഷ്യങ്ങളുടെയും സ്വഭാവത്തിൽ വലിയ മാറ്റം വരുന്നു,അവയെ ഇതേ വരെ മുന്നോട്ടു നയിച്ച വിശ്വാസങ്ങളുടെയും മാനവികതാബോധത്തിന്റെയും നിർദ്ദേശങ്ങൾക്ക് അവ ചെവി കൊടുക്കാതാവുന്നു,മനുഷ്യവംശത്തിന് ആത്മനിയന്ത്രണം നഷ്ടമാവുന്നു എന്നൊക്കെയുള്ള അമ്പരപ്പുകൾ ലോകത്തിലെ ചിന്താശേഷിയുള്ള മുഴുവൻ മനുഷ്യരുടെയും മനോലോകത്തെ തീക്ഷ്ണമായി ബാധിച്ച ഒരു ചരിത്രഘട്ടത്തെ,അതായത് ഒന്നാം ലോകമഹായുദ്ധകാലത്തെ ആണ് യേറ്റ്‌സ് ആ ഇമേജിൽ സംഗ്രഹിച്ചത്.
പിറവി കൊള്ളാനായി ബത്‌ലഹേമിലേക്ക് പതുക്കെ നീങ്ങുന്ന മൃഗത്തിന്റെ രൂപം വരച്ചിട്ടിരിക്കുന്ന
'somewhere in sands of the desert
A shape with lion body and the head of a man,
A gaze blank and pitiless as the sun,
Is moving its slow thighs, while all about it
Reel shadows of the indignant desert birds.'
എന്ന വരികളിലെ ഭാവിയുടെ ഇരുണ്ട ചിത്രവും ആ കാലഘട്ടം കവിമനസ്സിൽ നടത്തിയ രൂപാന്തരണത്തിന്റെ ഫലം തന്നെ. അന്ന് ലോകത്തെ ആകമാനവും കവി ജീവിച്ച സമൂഹത്തെ പ്രത്യേകമായും ബാധിച്ച ഉത്കണ്ഠകളുടെയും ഭീതികളുടെയും നൈരാശ്യത്തിന്റെയുമെല്ലാം ആവിഷ്‌കാരമാണ് 'The Second Coming'.
ടി.എസ്.എലിയറ്റിന്റെ 'The love song of J Alfred Prufrock' എന്ന കവിത ആരംഭിക്കുന്ന
'Let us go then,you and I , when the evening is spread out against the sky ,like a patient etherised upon a table'
എന്ന ഇമേജും വായനാസമൂഹത്തിന്റെ വിപുലമായ ശ്രദ്ധ നേടിയതും അതിന്റെ സുസ്പഷ്ടമായ വ്യത്യസ്തത കൊണ്ടു മാത്രമല്ല,ഒന്നാം ലോകമഹായുദ്ധം ലോകജനതയുടെ മനോനിലയക്ക് ഏൽപിച്ച കടുത്ത ആഘാതം അതിൽ കൃത്യമായി പ്രതിഫലിച്ചു എന്നതുകൊണ്ടു കൂടിയാണ്.സന്ധ്യയെ മേശപ്പുറത്ത് ഈതറൈസ് ചെയ്ത്(അനസ്‌തേഷ്യ കൊടുത്ത്) കിടത്തിയിരിക്കുന്ന രോഗിയുമായി ബന്ധിപ്പിക്കുന്ന ഇമേജ് മറ്റൊരു കാലത്തായിരുന്നെങ്കിൽ കവിതയിലേക്ക് കടന്നു വരുമായിരുന്നില്ല.
ഒരു കവിതയിലെ ഇമേജിനു പിന്നിൽ കവിയുടെ ലോകവീക്ഷണം,കവി താൽപര്യപൂർവം പഠിച്ച വിഷയങ്ങൾ,കവിയുടെ സ്വകാര്യാനുഭവങ്ങൾ ഇവയൊക്കെയും ഉണ്ടാവാം.പക്ഷേ,ഒരു ഇമേജ് വായനക്കാരെ ഇളക്കിമറിക്കുകയും അത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും  ചെയ്യുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം: ആ ഇമേജ് ഒരു കാലഘട്ടത്തിന്റെ ആന്തരികാനുഭവങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.
കവികളുടെ സ്വകാര്യാനന്ദമായ ശൈലിയും ഇമേജും അവർക്ക് സ്വന്തം നേട്ടങ്ങളെന്ന നിലയിൽ അഭിമാനിക്കാവുന്നയായിരിക്കെത്തന്നെ അതിൽ കവിഞ്ഞ് സാമൂഹ്യവും ചരിത്രപരവുമായ ആധാരങ്ങൾ കൂടി ഉള്ളവയാണെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്.ഒരു കാര്യം കൂടി ഓർമിപ്പിക്കാൻ പറ്റുന്ന സന്ദർഭമാണിത്.കവിത ഇമേജുകളുടെ പരമ്പരയായിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല.അങ്ങനെ ആവരുത് എന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ ശ്രമിച്ച ആളായിരുന്നു ഒരിക്കൽ പാബ്ലോ നെരൂദയുമായി അടുത്ത സഹവർത്തിത്വം പുലർത്തുകയും പിന്നീട് നെരൂദ ഉൾപ്പെടെയുള്ളവരുടെ കവിതകളിലെ അമിതസൗന്ദര്യത്തെയും അതിയായ ബിംബാത്മകതയെയും ഉദ്ദേശിച്ച് 'Let the birds  sing,man talks' എന്ന് പ്രസ്താവിച്ച് സാധാരണക്കാരോട് അവരുടെ ഭാഷയിൽ കവിതയിലൂടെ നേർക്കുനേരെ സംസാരിക്കാൻ തീരുമാനിച്ച് അകവിത അല്ലെങ്കിൽ പ്രതികവിത (Anti poem) എന്ന പുതിയ പരികൽപന തന്നെ അവതരിപ്പിച്ച  നിക്കോനാർ പാറ എന്ന ചിലിയൻ കവി.
ബിംബാത്മക ഭാഷയ്ക്ക് മുൻഗണന ലഭിച്ച ഒരു കവിതയിൽത്തന്നെ ചിലപ്പോൾ  തെളിഞ്ഞ പ്രസ്താവത്തിന്റെ സ്വഭാവമുള്ള വരിക്ക്/വരികൾക്ക് കവിതയിലെ എല്ലാ ബിംബങ്ങളെയും കവിഞ്ഞു നിൽക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിച്ചെന്നു വരാം.ഞാൻ നേരത്തെ പരാമർശിച്ച'The Second Coming' എന്ന കവിതയിലെ 'Things fall apart; the centre cannot hold'  എന്ന ലളിതമായ പ്രസ്താവം തന്നെ ഉദാഹരണം.നമ്മുടെ പൊതുജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഇന്നും ഓർമിച്ചു പോകാവുന്ന വരിയാണിത്. ആഫ്രിക്കൻ നോവലിസ്റ്റായ ചിനുവാ അച്ചബേ തന്റെ വിശ്വവിഖ്യാതമായ നോവലിന്  ശീർഷകം നൽകിയത് ഈ പ്രസ്താവത്തിന്റെ ആദ്യഭാഗം കൊണ്ടാണ്.
2
ഇനി മറ്റ് ചില സംഗതികളിലേക്ക് വരാം.
ഒരു കവിതയിൽ ആവിഷ്‌കാരം നേടുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങൾക്ക് പല പ്രത്യേകതകളും ഉണ്ടാവും.അവ  എളുപ്പത്തിൽ തിരിച്ചറിയാവുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെയോ സാമൂഹ്യാവശ്യങ്ങളെയോ മാത്രമായിരിക്കില്ല പലപ്പോഴും ആവിഷ്‌കരിക്കുന്നത്.കവിയുടെ നോട്ടം  ചെന്നെത്തുന്നത് ഒരു കാലഘട്ടത്തിലെ സമൂഹമനസ്സിന്റെ ഉള്ളടരുകളിലാവാം.കുമാരനാശാന്റെ നളിനിയിലോ ലീലയിലോ ചിന്താവിഷ്ടയായ സീതയിലോ കരുണയിലോ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്  ആ കവിതകൾ പ്രസിദ്ധീകൃതമായ കാലത്തെ മലയാളികൾ അവരുടെ ആന്തരികാവശ്യങ്ങളെന്ന നിലയിൽ തിരിച്ചറിഞ്ഞ സംഗതികളെയല്ല. കേരളീയ നവോത്ഥാനത്തിന്റെയും പുത്തൻ വിദ്യാഭ്യാസത്തിന്റെയും വൈദേശിക സാഹിത്യവുമായുള്ള പരിചയത്തിന്റെയുമെല്ലാം സദ്ഫലങ്ങൾ അനുഭവിച്ച ആശാൻ മലയാളികളെ വൈയക്തിക പ്രണയത്തിന്റെയും മാംസനിബദ്ധമല്ലാത്ത രാഗത്തിന്റെയും ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. ചണ്ഡാലഭിക്ഷുകിയിലൂടെയും ദുരവസ്ഥയിലൂടെയും അദ്ദേഹം ആവിഷ്‌ക്കരിച്ച ജാതിവ്യവസ്ഥയോടുള്ള വിരോധം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇതും.
സ്‌നേഹം എന്ന അനുഭവത്തിന്റെ സാധ്യതകളെ കുറിച്ച് ,അതിന്റെ നാനാതരം വികാസങ്ങളെ കുറിച്ച് മിക്കവാറും അജ്ഞരായിരുന്നിരിക്കാം ഫ്യൂഡൽ കാലഘട്ടത്തിൽ കേരളീയർ. വിവാഹം എന്ന സ്ഥാപനത്തിലേക്ക് പല രീതിയിൽ പ്രവേശിച്ച്, ആ സ്ഥാപനം സാധ്യമാക്കുന്ന മിക്കവാറും ശാരീരികം മാത്രമായ ബന്ധത്തിനപ്പുറത്ത് സ്ത്രീപുരുഷ ബന്ധത്തിന് മറ്റ് തലങ്ങളൊന്നുമില്ലെന്ന് കരുതിയിരുന്നവരെ സ്‌നേഹത്തിന്റെ അനന്തസാധ്യതകളിലേക്കും ആനന്ദങ്ങളിലേക്കും ആത്മസംഘർങ്ങളിലേക്കുമെല്ലാം കണ്ണ് തുറക്കാൻ നിർബന്ധിതരാക്കി ആശാൻ. ആശാനെ സ്‌നേഹഗായകൻ എന്ന് വിളിച്ചവർ പോലും സ്‌നേഹത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരികൽപനകളുടെ ആഴവും പരപ്പും പൂർണമായി ഗ്രഹിച്ചിരിക്കണമെന്നില്ല.
കവിതകൾ സാമ്പ്രദായികതയോട് ചേർന്നു നിൽക്കുന്ന സൗന്ദര്യാനുഭൂതികളുടെ പ്രഭവകേന്ദ്രം മാത്രമല്ല, അതിൽ നിന്ന് വ്യത്യസ്തമായി അവ സാമൂഹ്യാനുഭവങ്ങളുടെ പല തലങ്ങളിലേക്കും സഞ്ചരിക്കാമെന്ന് ഇന്ന് നമുക്കറിയാം.പ്രത്യക്ഷത്തിൽ അരാഷ്ട്രീയമെന്ന് ഭാവിക്കുന്ന കവിതയുടെ പോലും അബോധത്തിൽ രാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ടെന്ന അറിവും സാഹിത്യാസ്വാദകരുടെ സാമാന്യബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞു.എങ്കിലും, കവിത രാഷ്ട്രീയത്തിന് സ്പർശിച്ച് മലിനമാക്കാനാവാത്ത ഒരു മണ്ഡലത്തിലാണ് കുടികൊള്ളുന്നത് എന്ന് സ്ഥാപിക്കാൻ പാടുപെടുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. സാഹിത്യസിദ്ധാന്തങ്ങളെയും നിരൂപണത്തെയും സാമൂഹ്യയാഥാർത്ഥ്യങ്ങളുമായും രാഷ്ട്രീയവുമായും കൂട്ടിത്തൊടുവിക്കേണ്ട യാതൊരാവശ്യവുമില്ലെന്നും സാഹിത്യം  സാഹിത്യം മാത്രമാണെന്നും സാഹിത്യസിദ്ധാന്തങ്ങൾ ശുദ്ധമായിരിക്കണമെന്നും അവർ ആവേശപൂർവം വാദിച്ചുകളയും. കഠിനമായ ഒരു അബദ്ധധാരണയുടെ ലോകത്ത് ജീവിക്കുന്ന അവരോട് ടെറി ഈഗ്ൾട്ടന്റെ ഒരു വാക്യം കടമെടുത്ത് മറുപടി പറയാം: ' Such pure literary theory is an academic myth'
3
തുഞ്ചത്തെഴുത്തച്ഛന്റെ കാലം മുതൽ കവിതയെ സാമൂഹ്യാവശ്യങ്ങളുമായി ഏതെങ്കിലും തലത്തിൽ ബന്ധിപ്പിച്ച കവികളും കവിതയെഴുത്തിനെ മുഖ്യമായും തങ്ങളുടെ സ്വകാര്യാനന്ദമായോ സുഹൃത്തുകളുമൊത്തുചേർന്നുള്ള വെടിവട്ടത്തിന്റെ അല്പം വിപലീകരിച്ച രൂപമായോ കണ്ട കവികളും പൂരാണേതിഹാസങ്ങളിലെ ഇതിവൃത്തങ്ങളെത്തന്നെ പ്രയോജനപ്പെടുത്തി എക്കാലത്തെയും മനുഷ്യപ്രകൃതത്തിലെ ഘടകങ്ങളെ വിസ്തരിക്കാൻ ശ്രമിച്ച കവികളും മലയാളത്തിലുണ്ടായിട്ടുണ്ട്.
കുമാരാനാശാന്റെ വരവോടെയാണ് കവിത എന്ന മാധ്യമത്തെ തികഞ്ഞ ഉത്തരവാദിത്വത്തോടെ സാമൂഹ്യവൈരുദ്ധ്യങ്ങളുടെയും സമൂഹത്തിന്റെ ആന്തരികാവശ്യങ്ങളുടെയും ആവിഷ്‌ക്കാരത്തിനായി പ്രയോജനപ്പെടുത്തുന്നതിൽ കവികൾ ഔത്സുക്യം കാണിച്ചു തുടങ്ങിയത്. 'പ്രയോജനപ്പെടുത്തുക' എന്ന് പറഞ്ഞതു കൊണ്ട് കേവലം ഉപകരണയുക്തിയോടെ അവർ മാധ്യമത്തെ സമീപിച്ചത് എന്ന് അർത്ഥമാക്കരുത്.കവിയുടെ ആത്മാവിഷ്‌കാരമായിരിക്കെത്തന്നെ കവിതയുടെ പ്രധാനപരിഗണനയായി സമൂഹിക വിഷയങ്ങൾ വരേണ്ടതുണ്ട് എന്ന ബോധ്യത്തിലേക്ക് അവർ സ്വാഭാവികമായിത്തന്നെ എത്തിച്ചേർന്നു എന്നേ ഉദ്ദേശിച്ചുള്ളൂ.
സാമൂഹ്യപ്രശ്‌നങ്ങൾക്ക് ഓരോ കവിയും കൽപിച്ച മുൻഗണനാക്രമവും അവർ ഓരോരുത്തരും സാമൂഹ്യപ്രശ്‌നങ്ങളെ കവിതയിലേക്ക് പ്രവേശിപ്പിച്ച രീതിയുംം വ്യത്യസ്തമായിരുന്നു.ഇത്തരം വ്യത്യാസങ്ങളെല്ലാം ഇന്നും മലയാളകവിതയിൽ തുടരുന്നുണ്ട്.
നിയോക്ലാസിസിസത്തിന്റെ കാലത്തും പിൽക്കാലത്തും കവികൾ അനുഭവാവിഷ്‌കാരത്തിന് സ്വീകരിച്ചിരുന്ന മുശകളുടെ കാര്യത്തിൽ വലിയ വൈവിധ്യമുണ്ടായിരുന്നില്ല. കുമാരനാശാനെ മാറ്റി നിർത്തി പുരോഗമനസാഹിത്യത്തിന്റെ വരവിന് മുമ്പുള്ള മലയാളകവിതയുടെ  ചരിത്രം പരിശോധിച്ചാൽ ഒരു കുഞ്ചൻ നമ്പ്യാരൊഴിച്ച് മറ്റാരു വലിയ കവിയും  കാവ്യഭാഷയ്ക്ക് ആവശ്യമെന്ന് എന്നോ നിർണയിച്ചുവെച്ച അലങ്കാരപരതയെയും ഔപചാരികതയെയും ഭാഷയുടെ തലത്തിൽ സൂക്ഷിക്കേണ്ടതായ വരേണ്യതയെയും നിഷേധിക്കാൻ  കാര്യമായ ഒരു ശ്രമവും നടത്തിയതായി കാണാൻ കഴിയില്ല.ആശാന്റെ കാവ്യഭാഷ തന്നെയും അദ്ദേഹത്തിന്റെ ജീവിതദർശനവും സാമൂഹ്യബോധവും ആവശ്യപ്പെടുന്ന അളവിലുള്ള വലിയ വിച്ഛേദം എല്ലായ്‌പ്പോഴും സാധിച്ചിരുന്നില്ല എന്ന നിരീക്ഷണം ഉണ്ടായിട്ടുണ്ട്.
നമ്മുടെ കവിത ദേശീയ പ്രസ്ഥാനത്തോടും അടിസ്ഥാനവർഗത്തിന്റെ സമരങ്ങളോടും ചേർന്നു നിൽക്കാൻ തുടങ്ങിയതോടെയാണ് വിഷയത്തിലും ഭാഷയിലും വലിയ തോതിലുള്ള വൈവിധ്യം യാഥാർത്ഥ്യമായിത്തുടങ്ങിയത്.എങ്കിലും കാവ്യഭാഷയുടെ സൗന്ദര്യത്തിന് വലുതായി ഊനം വരുത്തരുതെന്ന് കവികളിൽ ഏറെപ്പേരും അപ്പോഴും സ്വയം നിഷ്‌കർഷിക്കുക തന്നെ ചെയ്തു.പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നവരിൽത്തന്നെ ചിലർ മാത്രമേ തങ്ങളുടെ മാധ്യമം കാലാകാലമായി സൂക്ഷിച്ചു പോന്ന സൗന്ദര്യത്തിന്റെ ഘടകങ്ങളെ പാടേ അവഗണിക്കാൻ തയ്യാറുള്ളൂ. കവിതയെ മുദ്രാവാക്യത്തിന്റെ തലത്തിന് അപ്പുറത്തേക്ക് കൊണ്ടു പോവാതിരുന്നതിനാൽ കാവ്യാസ്വാദകരുടെ ലോകം അവരെ കാര്യമായി പരിഗണിച്ചതുമില്ല.
ചങ്ങമ്പുഴ 'പാടുന്ന പിശാച്' പോലുള്ള ചില കവിതകളിലൊഴിച്ച് മിക്കവാറും ലളിത കോമള കാന്ത പദാവാലിയുടെ വഴി തന്നെയാണ് സ്വീകരിച്ചത്.വൈലോപ്പിള്ളി,ഇടശ്ശേരി എന്നീ കവികൾ പുതിയ കാലത്തെ സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെപ്പറ്റി കൃത്യമായ ധാരണകളോടെ കവിതയെഴുതിയവരാണ്.ചിന്തയുടെ ആഴത്തിലും ബിംബങ്ങളുടെ ധ്വനിസാന്ദ്രതയിലും വൈലോപ്പിള്ളി ഏറെ ഉയരത്തിലായിരുന്നെങ്കിലും പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങൾക്ക് കവിതയിൽ ഇടം നൽകുന്നതിൽ ഇടശ്ശേരി തന്നെയായിരുന്നു മുന്നിൽ.ആഢ്യപാരമ്പര്യത്തിന് വഴങ്ങിക്കൊടുക്കാത്ത കാവ്യഭാഷയിലാണ് അദ്ദേഹം അത് നിർവഹിച്ചത് എന്ന വസ്തുതയും എടുത്തുപറയേതുണ്ട്.
4
മലയാളത്തിലെ പ്രധാനപ്പെട്ട കവികളുടെയെല്ലാം രചനകളിലെ സാമൂഹികതയുടെ അളവും സ്വഭാവവും വിസ്തരിക്കാൻ ഞാൻ ഒരുങ്ങുന്നില്ല.കഴിഞ്ഞ രണ്ട് മൂന്ന് ദശകക്കാലത്തിനുള്ളിൽ സംഭവിച്ച വളരെ ശ്രദ്ധേയമായ ചില മാറ്റങ്ങൾ സൂചിപ്പിക്കുക മാത്രം ചെയ്ത് ഞാൻ അവസാനിപ്പിക്കാം.
ഈ കാലയളവിൽ മലയാളകവിത ഗദ്യത്തോട് വളരെ അടുത്തു വന്നുവെന്നും അതുകൊണ്ടു കൂടിയാകാം സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേരിട്ടുള്ള ആവിഷ്‌കാരത്തിൽ അത് കൂടുതൽ ഉത്സുകമായിത്തീർന്നുവെന്നും പറയാം.വൃത്തം ഉപയോഗിച്ചോ  താളാത്മകമായ ഭാഷയിലോ ആവിഷ്‌കരിക്കാൻ പാകത്തിലുള്ളവയല്ല നമ്മുടെ കാലത്തെ അനുഭവങ്ങൾ.അനുഭവങ്ങളെ നാം സ്വീകരിക്കുന്ന രീതിയിൽത്തന്നെ വലിയ മാറ്റം വന്നിട്ടുമുണ്ട്.ഇന്നിപ്പോൾ ഒരാൾ വൃത്തത്തിലോ നല്ല ആലാപനസുഖം തരുന്ന മട്ടിലോ കവിത എഴുതിയാൽ മിക്കവാറും നമ്മുടെ ഇപ്പോഴത്തെ മനോവ്യാപാരങ്ങളുടെ ഘടനയുമായി പൊരുത്തപ്പെടാതെ പോവാനാണ് കൂടുതൽ സാധ്യത.അതുകൊണ്ടു തന്നെയാകാം മിക്ക കവികളും കവിതയുടെ രൂപം പുതുതും ഗദ്യത്തോട് അടുത്തു നിൽക്കുന്നതുമായിരിക്കണം എന്ന് സ്വയം നിഷ്‌കർക്കിക്കുന്നത്.വൃത്തം,അതും സംസ്‌കൃത വൃത്തം തന്നെ ഉപയോഗിച്ച് നമ്മുടെ കാലത്തെ സമൂഹത്തിന്റെ സ്വഭാവത്തെ,സ്വഭാവവൈകല്യങ്ങളെ അവയുടെ യാഥാർത്ഥ്യം ചോർന്നു പോകാതെ അവതരിപ്പിക്കുക എന്ന പരീക്ഷണം നടത്തി വിജയിച്ചു കാണിക്കാൻ കഴിഞ്ഞ ഒരേയൊരു കവി കെ.ആർ.ടോണിയാണ്; ടോണിയുടെ ഏറ്റവും വലിയ നേട്ടം രൂപതലത്തിൽ നടത്തിയ ഈയൊരു പരീക്ഷണമല്ലെങ്കിലും.
ആധുനികർ മലയാളകവിതയുടെ രൂപഭാവങ്ങളിൽ വലിയ പല മാറ്റങ്ങളും കൊണ്ടുവന്നവരാണ്.എന്നാൽ അവരുടെ കാലത്തുപോലും കവിതയിൽ ഇടം നേടാതിരുന്ന അനേകം അനുഭവമേഖലകൾ ഇന്നിപ്പോൾ മലയാളകവിതയ്ക്ക് സുപരിചിതമായിക്കഴിഞ്ഞു.ദളിത് കവിതകൾ,സ്ത്രീപക്ഷ കവിതകൾ,ഉയർന്ന പാരിസ്ഥിതികബോധം പ്രകടിപ്പിക്കുന്ന കവിതകൾ ഇവയെയൊക്കെ ഉദ്ദേശിച്ചു തന്നെയാണ് ഇത് ഞാൻ പറഞ്ഞത്.'ഭൗതികതയെ തിരസ്‌കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും  പ്രത്യയശ്‌സ്ത്രമാണ് ആധ്യാത്മിക അനുഭൂതിയുടെ പ്രത്യയശാസ്ത്രം.അത് പ്രായോഗിക ജീവിതജ്ഞാനത്തെയും സാമൂഹ്യജീവിതത്തെയും അപരമാക്കി നിർത്തുന്നു' എന്ന് പ്രദീപൻ പാമ്പിരിക്കുന്ന് അദ്ദേഹത്തിന്റെ 'ദളിത് സൗന്ദര്യശാസ്ത്രം' എന്ന കൃതിയിൽ പറയുന്നുണ്ട്.ഭാരതീയ സൗന്ദര്യശാസ്ത്രത്തിന്റെ ,നമ്മുടെ കാവ്യശാസ്ത്രത്തിന്റെ അടിസ്ഥാന നിലപാട് ഇതാണ്.അതിനെ അതിനിശിതമായി ചോദ്യം ചെയ്യുന്ന പല കവിതകളും ദളിത് കവികളിൽ നിന്നുണ്ടായിട്ടുണ്ട്.എസ്.ജോസഫിന്റ 'ധ്വനി' മികച്ച  ഉദാഹരണങ്ങളിൽ ഒന്നു മാത്രം.
പോസ്റ്റ്‌മോഡേൺ കാലത്താണ്  സാഹിത്യത്തിൽ അതേ വരെ ഇടം ലഭിക്കാതിരുന്ന അനേകം അനുഭവങ്ങളും ചിന്തകളും കഥയിലേക്കും കവിതയിലേക്കുമെല്ലാം കടന്നുവന്നത് എന്ന് പറയാറുണ്ട്.അത് ശരിയാണ്.പോസ്റ്റ് മോഡേൺ കണ്ടീഷനെ വൈരുദ്ധ്യാത്മകമായിത്തന്നെ മനസ്സിലാക്കണം.പോസ്റ്റ്‌മോഡേൺ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ സൂചനകൾ പോലും ഇവിടെ  ഉണ്ടായിട്ടില്ലെന്നും മറ്റും വാദിച്ചു ജയിക്കുന്നതിൽ കാര്യമില്ല.ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയവും സാമ്പത്തികനയവുമെല്ലാം ലോകത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞുവെന്നതിൽ സംശയമില്ല.പക്ഷേ, മനുഷ്യചരിത്രത്തിലെ ഏത് പരിണാമവും പല തിന്മകൾക്കിടയിലും പുതിയ ചില സാധ്യതകൾ കൂടി കൊണ്ടുവരും.അടിമ ഉടമ സമ്പ്രദായത്തിന്റെ സ്ഥാനത്ത് ഫ്യൂഡലിസം വന്നപ്പോഴും പിന്നെ ഫ്യൂഡലിസത്തെ നിർവീര്യമാക്കി മുതലാളിത്തം വന്നപ്പോഴും മനുഷ്യരാശി അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.ബഹുരാഷ്ട്രമുതലാളിത്തത്തിനും അത് ബാധകമാണ്.അതിന്റെ അർത്ഥം ബഹുരാഷ്ടമുതലാളിത്തം മനുഷ്യചരിത്രം എത്തിച്ചേർന്നിരിക്കുന്ന സമ്മോഹനമായ ഒരു ഘട്ടമാണ് എന്നല്ല.ചരിത്രത്തെ വൈരുദ്ധ്യാത്മകമായി മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ആഗോളീകരണകാലത്ത്  ബഹുരാഷ്ടമുതലാളിത്ത ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ അധികാരപ്രയോഗങ്ങൾ മാത്രമല്ല പല അധികാരഘടനകളുടെയും സ്വേച്ഛാധിപത്യത്തെ തകർക്കുന്ന ചിലത് കൂടി ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വരും.സാഹിത്യത്തിന്റെയും സംസ്‌കാരപഠനത്തിന്റെയുമെല്ലാം ലോകത്ത് യാഥാർത്ഥ്യമായിക്കഴിഞ്ഞ ബഹുസ്വരതയെ അങ്ങനെ തിരിച്ചറിയുന്നതാണ് ശരി. ആശയങ്ങളുടെയും അഭിരുചികളുടെയും  സൗന്ദര്യസങ്കൽപങ്ങളുടെയും ഏകീകരണത്തിനു വേണ്ടി ഇന്ത്യൻ ഭരണകൂടം നടത്തി വരുന്ന ശ്രമങ്ങളെ സാംസ്‌കാരിക രംഗത്ത് ചെറുക്കാനുള്ള മുഖ്യമാർഗം രാജ്യത്തെ സാംസ്‌കാരിക വൈരുദ്ധ്യങ്ങളെ ഉയർത്തിക്കാട്ടുകയും വരേണ്യതയുടെ മേൽക്കോയ്മ കാരണം കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് പ്രവേശം നിഷേധിക്കപ്പെട്ട അനുഭവങ്ങളെയും ആവിഷ്‌കാരരീതികളെയും തുടരെത്തുടെപ്രവേശിപ്പിക്കുകയും ചെയ്യുക  എന്നതു തന്നെയാണ്.അതിനുള്ള ബോധപൂർവമായ ശ്രമം നടന്നത് ആധുനികോത്തര കാലത്താണ്.ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ ഇന്ത്യക്കാരെ സജ്ജരാക്കുന്നതിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും ബ്രിട്ടീഷ്  നിയമവ്യവ്യവസ്ഥയുമായുള്ള പരിചയത്തിലൂടെയും ആർജിച്ച അവകാശബോധത്തിനുള്ള പങ്ക് ചെറുതല്ലെന്ന്  പറയാതിരിക്കാനാവില്ല.അങ്ങനെ പറയുന്നത് ബ്രിട്ടീഷാധിപത്യത്തിന്റെ ന്യായീകരണമാവുകയുമില്ല.പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി എന്ന് ഫ്രെഡറിക് ജെയിംസൺ നിർവചിച്ച പോസ്റ്റ്‌മോഡേണിസത്തെ മനസ്സിലാക്കുന്നതിലും ഈ സമീപനം തന്നെയാണ് യുക്തം.
ദളിത് കവിതകൾക്കു പുറമെ സ്ത്രീപക്ഷ കവിതകളും പുതിയ പാരിസ്ഥിതികാവബോധത്തെ ഉയർത്തിപ്പിടിക്കുന്ന കവിതകളും മലയാളസാഹിത്യത്തിൽ പുതിയ തുറസ്സുകൾ ഉണ്ടാക്കിയിട്ടുണ്ട്.ഗിരിജ പി.പാതേക്കരയുടെ 'പെൺപിറവി' എന്ന കവിത പ്രഖ്യാപിച്ചതു പോലെ 'ഇനി ഊഴം എന്റെതാണ്' എന്ന് സാഹിത്യലോകത്തോട് ധൈര്യപൂർവം പറയുന്ന അനേകം പെൺകവിതകളും പെൺകഥകളും മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞു.
കവിക്ക് പരിവേഷനഷ്ടം സംഭവിച്ച കാലമാണ് പുതിയ കാലം. പോസ്റ്റ് മോഡേൺ കാലം പോസ്റ്റ് ഓറാറ്റിക് ( post auratic)കാലമാണ് എന്ന് പറയാറുണ്ട്. കവി എന്ന പദവിയിലിരുന്ന് വെറുതെ പൊങ്ങച്ചം ഭാവിക്കുന്നതിൽ അർത്ഥമില്ലെന്നും തങ്ങളുടെ കാലത്തെ ജീവിതത്തെ അറിയലാണ് പ്രധാനമെന്നും നമ്മുടെ പുതുകവികളിൽ ചിലരെങ്കിലും വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞുവെന്നത് ആഹ്ലാദകരമായ ഒരു വസ്തുതയാണ്.സോമൻ കടലൂരിന്റെ 'വെന്തമണ്ണിൽ'എന്ന കവിത നോക്കുക:
കവികളേ
നിങ്ങളുടെ കൂടാരത്തിൽ നിന്ന്
എന്നെ ചവിട്ടിപ്പുറത്താക്കണേ…
ചിത്രകാരന്മാരേ
നിങ്ങളുടെ സത്രത്തിൽ നിന്ന്
എന്നെ വലിച്ച് പുറത്തിടണേ..
ആയിരം പൊയ്ക്കാലുകളിൽ
ആകാശവേദിയിൽ
ആരവങ്ങൾക്കു നടുവിൽ
നിങ്ങളാദരിക്കപ്പെടുമ്പോൾ
രണ്ടുകാലിൽ
പച്ച മണ്ണിൽ
വെന്തു നടക്കാൻ
എന്നെയനുവദിക്കണേ…

ഞാൻ അവസാനിപ്പിക്കാം.സമകാല മലയാളസാഹിത്യത്തെ മനസ്സിലാക്കുമ്പോൾ ആ രചനകളെ മാത്രമല്ല അവയെ യാഥാർത്ഥ്യമാക്കിത്തീർത്ത പുതിയബോധനവീകരണത്തെയും അതിനു പിന്നിലെ രാഷ്ട്രീയത്തെയും മനസ്സിലാക്കുക തന്നെ വേണം.ഒരിക്കൽക്കൂടി പറയാം:സാമൂഹ്യാനുഭവങ്ങളെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയും അകലെ മാറ്റി നിർത്തിക്കൊണ്ട് കവിതയെ മനസ്സിലാക്കാനാവില്ല.

(കോഴിക്കോട് സർവകലാശാല മലയാള കേരള പഠന വിഭാഗം നടത്തിയ ദ്വിദിന കാവ്യാസ്വാദനക്കളരിയിൽ 2017 മാർച്ച് 7 ന് നടത്തിയ പ്രഭാഷണം.)










Friday, March 17, 2017

ഇവിടെയുണ്ട് ഞാൻ

ഇവിടെയുണ്ട് ഞാൻ
എല്ലാവരും മറന്ന വഴിപോലെ
വേട്ടക്കാരനും വേണ്ടാത്ത മൃഗം പോലെ
ഖനനത്തിലും കണ്ടെടുക്കാത്ത
പുരാവസ്തുപോലെ
ഇവിടെ  ഉണ്ട് ഞാൻ
ഒരു ഭാഷയിലും പ്രവേശിക്കില്ലെന്നുറച്ച വാക്ക് പോലെ
ഒരുടലിലും പുനർജന്മമാഗ്രഹിക്കാത്ത
ആത്മാവ് പോലെ.

.







Tuesday, March 14, 2017

സ്‌കൂളുകൾ ഹൈടെക് ആവുമ്പോൾ

കേരളത്തിലെ വിദ്യാലയങ്ങൾ ഹൈടെക് ആവാൻ പോവുന്നതിന്റെ ഉത്സാഹം അധ്യാപകരിലും വിദ്യാർത്ഥികളിലും ബഹുജനങ്ങളിലും ഉയർന്ന അളവിലല്ലെങ്കിൽത്തന്നെയും  പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.ഒന്നാന്തരം ടൈൽസ് പതിപ്പിച്ച തറയും നല്ല മേൽക്കൂരയും വൃത്തിയായി ചായം തേച്ച ചുമരുകളും മികച്ച രീതിയിലുള്ള വൈദ്യുതീകരണവുമൊക്കെയായി  ഭംഗിയുള്ള, സുരക്ഷിതമായ ക്ലാസ്മുറികൾ, വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ലാപ്‌ടോപ്പുകൾ,ഹൈസ്പീഡ് ഫൈബർബെയ്‌സ്ഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ,മൾട്ടിമീഡിയാ പ്രൊജക്ടർ,മൾട്ടി ഫങ്ക്ഷൻ പ്രിന്റർ,എൽ.സി.ഡി.ടി വി ,എച്ച്.ഡി.കാമറ എല്ലാം നല്ലതു തന്നെ.കാലം മാറുന്നതിനനുസരിച്ച് ജ്ഞാനസമ്പാദനത്തിനുള്ള സൗകര്യങ്ങൾ വർധിക്കണം,ക്ലാസ്‌റൂമിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടണം. ഇവയെല്ലാം ഉറപ്പു വരുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യുക തന്നെ വേണം.അതേ സമയം,സ്‌കൂളുകൾ ഹൈടെക് ആവുന്നതിന്റെ ആഹ്ലാദവും ഉത്സാഹവും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെത്തന്നെ മറന്നുകളയുന്നതിനുള്ള പ്രേരണയും ന്യായീകരണവുമായി മാറുകയാണെങ്കിൽ  അക്കാര്യം തിരിച്ചറിയാതിരിക്കരുത്.കേവലമായ തിരിച്ചറിവിൽ അത് നിന്നുപോവുകയും ചെയ്യരുത്.
 ശാസ്ത്രമാണ്,ശാസ്ത്രം മാത്രമാണ് മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്ന ധാരണ തികച്ചും അശാസ്ത്രീയമാണ്.മനുഷ്യരാശി പിന്നിട്ടുപോന്ന വഴികളെ കുറിച്ചുള്ള അറിവുകളുടെ വിതരണം,സാഹിത്യത്തിലൂടെയും ഇതര കലകളിലൂടെയും ലോകജീവിത യാഥാർത്ഥ്യങ്ങൾക്ക് ഓരോ കാലത്തും ഉണ്ടായിട്ടുള്ള സർഗാത്മക പുന:സൃഷ്ടികളുടെ ആസ്വാദനം,ദർശനം,ചരിത്രം, സൗന്ദര്യശാസ്ത്രം, നരവംശശാസ്ത്രം,ഫോക്‌ലോർ എന്നിങ്ങനെയുള്ള അനേകം മാനവിക വിഷയങ്ങളുടെ മേഖലകളിൽ നടന്ന പഠന ഗവേഷണങ്ങൾ ഇവയെല്ലാം മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ  അവയുടെതായ പങ്ക് വഹിച്ചിട്ടുണ്ട്.ശാസ്ത്രത്തിന്റെ നേട്ടങ്ങൾ കൊണ്ട് പകരം വെക്കാവുന്നവയല്ല അവയിൽ ഒന്നു പോലും.
വിദ്യാഭ്യാസം ഹൈടെക് ആവുന്നത് അറിവ് നേടുന്നതിലും അത് ഏത് സമയത്തും തങ്ങൾക്ക് എടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിച്ചുവെക്കുന്നതിലും വിദ്യാർത്ഥികൾക്ക് വലിയ തോതിൽ സഹായകമായിത്തീരും.അത് തീർച്ചയായും ആഹ്‌ളാദകരമാണ്.പക്ഷേ,ഏത് തരം അറിവ് നേടണം,ഒരു മേഖലയിൽ നിന്ന് സമാഹരിക്കുന്ന വിവരങ്ങളെ മറ്റ് ഏതൊക്കെ മേഖലകളിലെ ഏതൊക്കെ അറിവുകളുമായി ബന്ധിപ്പിക്കണം,അറിവിനെ എങ്ങനെ സൗന്ദര്യാനുഭവമാക്കി മാറ്റണം, എങ്ങനെ സമൂഹത്തിന്  പ്രയോജനപ്പെടും വിധം രൂപാന്തരപ്പെടുത്തണം, കൃത്യമായി ചൂണ്ടിക്കാണിക്കാനാവുന്ന പ്രയോജനം അല്ലെങ്കിൽ ലാഭം ഒന്നുമേ  ഇല്ലാത്തവയായാൽത്തന്നെയും കലാസൃഷ്ടികളുടെ ആസ്വാദനവും അപഗ്രഥനവുമൊക്കെ എന്തുകൊണ്ട് ജീവിതത്തിന്റെ ഭാഗമായിത്തീരണം എന്നൊക്ക മനസ്സിലാക്കാൻ  ക്ലാസ്മുറികളിലെ ഹൈടെക് സൗകര്യങ്ങൾ വിദ്യാർത്ഥികളെ വലുതായി സഹായിക്കില്ല.ഈ വക കാര്യങ്ങളൊന്നും മനസ്സിലാക്കാതുള്ള വിദ്യാഭ്യാസം ആ പേരിന് അർഹമല്ല താനും.
സ്വതന്ത്രചിന്തയുടെയും ഭാവനയുടെയും ലോകങ്ങളെ അനാവശ്യമെന്ന് വിധിച്ച് തള്ളാനും ജീവിതത്തിന്റെ ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നാനും പഠിപ്പിക്കപ്പെടുന്ന വിദ്യാർത്ഥി  ഭാവിയിൽ സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത.മറ്റ് ദോഷങ്ങളൊന്നും അയാളിൽ നിന്ന് /അവളിൽ നിന്ന് ഉണ്ടായില്ലെങ്കിൽത്തന്നെയും നീതിക്കുവേണ്ടി സാധാരണ ജനങ്ങൾ നടത്തുന്ന എല്ലാ സമരങ്ങളിലും അയാളുടെ/അവളുടെ നിൽപ് എതിർപക്ഷത്തായിരിക്കുമെന്ന് ഉറപ്പിക്കാം.ഏത് മേഖലയിലായാലും ജ്ഞാനം എങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്നു,അതിനെ ആര് എന്തൊക്കെ ആവശ്യങ്ങൾക്കു വേണ്ടി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നിങ്ങനെയൊക്കയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ പ്രധാനം തന്നെയാണ്.ആ അറിവിന്റെ അഭാവത്തിൽ വൈദഗ്ധ്യത്തിന്റെ വിനിയോഗം ഏത് ഘട്ടത്തിലും ജനവിരുദ്ധമായിത്തീരും.
ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവരിലും ആ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും മാത്രമല്ല രാഷ്ട്രീയ നേതാക്കൾ,മാധ്യമ പ്രവർത്തകർ,ഡോക്ടർമാർ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും കേവലം സാങ്കേതിക വൈദഗ്ധ്യം മാത്രം കൈമുതലാക്കിയ പലരിലും കാണാറുള്ള അതേ ഉന്മേഷരാഹിത്യവും ഉത്തരവാദിത്വബോധമില്ലായ്കയും  ഇരുണ്ട നിർമമതയും കനം തൂങ്ങി നിൽക്കുന്നത് കാണാറുണ്ട്.തങ്ങളെ ഏൽപിച്ച ജോലി കൃത്യനിഷ്ഠയോടെ ചെയ്യുന്നതിലപ്പുറം ഒന്നും ചെയ്യാനില്ല എന്ന് ഭാവിക്കുന്ന ഇവർ ഏതെങ്കിലുമൊരു പ്രശ്‌നത്തിൽ നിലപാടെടുക്കേണ്ടി വരുമ്പോൾ  ആദ്യം കൈവിടുന്നത് നീതിബോധമായിരിക്കും. തങ്ങളുടെ പാർട്ടി തങ്ങളെ ഏൽപിച്ച ജോലി പാർട്ടിയുടെ അഭിമാനം കാത്തുരക്ഷിക്കും വിധം ചാനൽ ചർച്ചകളിൽ വീറോടെ അവതരിപ്പിക്കുന്ന വിവിധരാഷ്ട്രീയകക്ഷി പ്രതിനിധികൾ തങ്ങൾ പറയുന്നതിൽ ഏതളവ് വാസ്തവമുണ്ടായിരിക്കണം എന്നതിലല്ല  ആ പറച്ചിൽ എത്രത്തോളം പാർട്ടിക്ക് ഗുണകരമായിരിക്കണം എന്നതിൽ മാത്രമാണ് ഊന്നൽ നൽക്കുക.അതുകൊണ്ടു തന്നെ ആവശ്യമായ സന്ദർഭങ്ങളിൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഏത് ഹിംസയെയും ഏത് അഴിമതിയെയും അവർക്ക് ന്യായീകരിക്കാനാവും.അവരുടെ വൈദഗ്ധ്യം കേവല സാങ്കേതിക വിദഗ്ധന്റെതിന് തുല്യമാണ്.അത് ആത്യന്തിക പരിഗണനയിൽ അധാർമികതയിൽ കവിഞ്ഞുള്ള ഒന്നും തന്നെയല്ലതാനും.
ഈ രാഷ്ട്രീയക്കാരുടെതിൽ നിന്ന് വളരെയൊന്നും മെച്ചമല്ല പല അക്കാദമിക് പണ്ഡിതന്മാരുടെയും നില.തങ്ങൾ വ്യാപരിക്കുന്ന വിഷയത്തെപ്പറ്റി ,ചിലപ്പോൾ അനേകം വിഷയങ്ങളെപ്പറ്റി അവർ ആധികാരികമായി സംസാരിച്ചെന്നു വരും.വസ്തുതകളുടെ കാര്യത്തിൽ അവർക്ക് പിഴവ് പറ്റില്ല.തങ്ങളുടെ വാദങ്ങൾ അവർ അവതരിപ്പിക്കുന്നത് നല്ല അടുക്കും ചിട്ടയോടും കൂടിയായിരിക്കും.എതിർവാദങ്ങളെ ഖണ്ഡിക്കുന്നതിൽ അവർ സമർത്ഥരായിരിക്കും. പക്ഷേ,പ്രായോഗിക പ്രശ്‌നങ്ങളുമായോ, സമൂഹത്തിൽ  നിലവിലുള്ള സംഘർഷങ്ങളുമായോ തങ്ങളുടെ നിരീക്ഷണങ്ങളെ ബന്ധപ്പെടുത്തുന്നതിൽ വലിയൊരളവോളം അവർ വിമുഖരായിരിക്കും.ഒരു സംസാരത്തെയോ സംവാദത്തെയോ  അക്കാദമിക് എന്നു വിശേഷിപ്പിക്കുമ്പോൾ മൗലികമായ പുതിയ ചിന്തകൾ ഇല്ലാത്തത്,വെറും സിദ്ധാന്തം പറച്ചിലിൽ ഒതുങ്ങുന്നത് എന്നൊക്കെ നാം അർത്ഥമാക്കുന്നത് ഈ വസ്തുത മുൻനിർത്തിയാണ്.സാഹിത്യവും മാനവിക വിഷയങ്ങളുമായി ബന്ധപ്പെടുന്ന നിരീക്ഷണങ്ങൾ രൂപപരമായ അല്ലെങ്കിൽ സാങ്കേതികമായ തികവാണ് പരമ പ്രധാനം എന്ന ധാരണയോടെ അവതരിപ്പിക്കുന്നവർ ജ്ഞാനത്തിന്റെ പ്രയോജനത്തെ കുറിച്ചുള്ള ധാരണയുടെ ഏറ്റവും താഴ്ന്ന പടിയിലാണ് നിൽക്കുന്നത്.തങ്ങളുടെ നിരീക്ഷണങ്ങളെ സ്വാധീനിക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഘടകങ്ങളെ കുറിച്ച് അവർ തികച്ചും അജ്ഞരായിരിക്കും.അതുകൊണ്ടു തന്നെ അവരുടെ നിരീക്ഷണങ്ങൾക്ക്  പരിമിതികൾ ഏറെയായിരിക്കും.
അറിവിനെ കേവലം പ്രൊഫഷണൽ താൽപര്യത്തോടെ മാത്രം സമീപിക്കുന്ന അധ്യാപകരും ഗവേഷകരും എഴുത്തുകാരും എണ്ണത്തിൽ വളരെ കൂടുതലാണിന്ന്.അറിവിന്റെ സാമൂഹ്യമായ അർത്ഥം,രാഷ്ട്രീയം എന്നൊക്കെ കേൾക്കുമ്പോൾ അവർക്ക് വിറളി പിടിക്കും.അറിവ് സാങ്കേതിക വിദ്യയിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും അറിവിന്റെ അവതരണവും പകർന്നേകലും നിയമാനുസൃതമാകുന്നതിനേക്കാൾ പ്രധാനം സർഗാത്മകമാവുക എന്നതാണെന്നും അവർക്ക് മനസ്സിലാകില്ല.റൊമിലാ ഥാപ്പറെ ഉദ്ധരിക്കാം:
'I have the feeling that, these days,there are many professionals who are essentially technicians,whether of the natural sciences or the social sciences,and that we forget that there are philosophies and knowledge systems behind any investigation and that these are more than just technology '. – ( The public intellectual in india -p.142-)

സർഗാത്മകതയെ മാറ്റി നിർത്തി ജ്ഞാനത്തെ സമീപിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെട്ടു കൂടാത്തതാണ്.സ്‌കൂളുകൾ ഹൈടെക് ആക്കുമ്പോഴും ടെകനോളജിക്ക് പുറത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്നും ഓരോ മനുഷ്യന്റെയും വൈകാരിക ജീവിതത്തിന്റെ പരിപോഷണത്തിലും മനുഷ്യർ തമ്മിലുള്ള പരസ്പര ധാരണയുടെയും സ്‌നഹത്തിന്റെയും വളർച്ചയിലും  സാഹിത്യത്തിനും  ഇതര കലകൾക്കുമുള്ള പങ്ക് എത്രയോ വലുതാണെന്നും പുതിയ തലമുറയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.ചെയ്യുന്ന ജോലി ഏതായാലും ആ ജോലി ആവശ്യപ്പെടുന്ന സാങ്കേതികജ്ഞാനം കൊണ്ടു മാത്രം ഒരാൾ തൃപ്തിപ്പെടുന്ന അവസ്ഥ അഭിമാനകരമല്ല.മനുഷ്യാവസ്ഥയുടെ ഏറ്റവും വലിയ സൗഭാഗ്യം കലയുടെ നിർമാണത്തിനും ആസ്വാദനത്തിനുമുള്ള ശേഷിയാണ്.അത് ജന്മവാസനകളിൽ ഒന്നു തന്നെയാണ് (Art Instinct). ഈ ജന്മവാസനയ്ക്ക് ഏറ്റവും മനോഹരവും അർത്ഥപൂർണവുമായ ആവിഷ്‌കാരം സാധ്യമാക്കാനുള്ള പരിശീലനം വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ഭാഗം തന്നെയായിരിക്കണം.ടെക്‌നോളജിയെ അതിന് പകരം വെക്കാമെന്ന തെറ്റിദ്ധാരണയാവരുത് വിദ്യാലയങ്ങളെ ഹൈടെക് ആക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്.ഇക്കാര്യത്തിൽ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും നിർബന്ധബുദ്ധി കാണിക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് ഇതിനകം തന്നെ വലിയൊരളവോളം അന്യമായിക്കഴിഞ്ഞ സർഗാത്മകതയുടെ സൗന്ദര്യം ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടമാവുക തന്നെ ചെയ്യും.






Wednesday, February 15, 2017

അതിലും വലുതായി എന്താണെനിക്ക് മോഹിക്കാനാവുക?

ഞാൻ കടലിലേക്ക് നോക്കി
കടൽ എന്നെ കണ്ടതായി നടിച്ചില്ല
എന്നുവെച്ച് ഞാൻ നോക്കിയ നോട്ടം
പാഴായിപ്പോയെന്ന് പറയാനാവില്ല
എന്നിൽ നിന്ന് പോയ നോട്ടം
എന്നിലേക്ക് മടങ്ങി വരില്ല.
കടലിന് വേണ്ടാത്ത വസ്തുക്കൾക്കൊപ്പം
ഇന്നല്ലെങ്കിൽ നാളെ അത് കരയിലേക്ക് തിരിച്ചു വരും
കണ്ണിന്റെ രൂപമുള്ള ഒരു ചിപ്പി കണ്ട്
ഏതോ ഒരു കുട്ടി ഓടിച്ചെന്നെടുക്കും
അതിലും വലുതായി എന്താണെനിക്ക് മോഹിക്കാനാവുക?
15/2/2017

Monday, February 13, 2017

എത്ര ഉദാരമതികൾ!

എല്ലാം കാണുന്നു ,കേൾക്കുന്നു,അറിയുന്നു
അന്ധനും ബധിരനും അജ്ഞനുമായിരിക്കാൻ
എന്നോടാവശ്യപ്പെടുന്നവരെ ഞാൻ അനുസരിക്കുന്നു
അനുസരണയ്ക്ക് പകരമായി അവർ ഉറപ്പ് തരുന്നത്
എന്റെ ജീവനാണ്,എത്ര ഉദാരമതികൾ!
13/2/2014