Pages

Wednesday, July 15, 2015

ഗൃഹാതുരത

കെയു.ജോണിയുടെ ആദ്യനോവൽ 'ഭൂമധ്യരേഖയിലെ വീട്' തിങ്കളാഴ്ച (13/7/2015)കോഴിക്കോട് അളകാപുരിയിൽ വെച്ച് പ്രകാശനം ചെയ്തു.ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചത് എൻ.മാധവൻകുട്ടിയാണ്.അദ്ദേഹത്തിന്റെയും ജോണിയുടെയും എന്റെയുമെല്ലാം അധ്യാപകനായിരുന്ന ടി.ആറിനെ ഉദ്ധരിച്ച് സാഹിത്യത്തിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഗൃഹാതുരത എന്ന് മാധവൻകുട്ടി പറഞ്ഞു.ഗൃഹാതുരത നിർബന്ധമായും ഒഴിവാക്കേണ്ടുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല.അതേ സമയം മറ്റൊരു വസ്തുതയുണ്ട്.എഴുത്തുകാരൻ/എഴുത്തുകാരി സ്വന്തം ഭൂതകാലത്തിന്റെ തടവിലായാൽ,ആവർത്തിച്ചാവർത്തിച്ച് വ്യക്തിഗതസ്മരണകളെ താലോലിച്ചു തുടങ്ങിയാൽ അത് അയാളുടെ/അവളുടെ രചനകളെ പ്രതികൂലമായി ബാധിക്കും.എഴുത്ത് സഞ്ചരിച്ചെത്തുന്ന ആശയങ്ങളഉടെയും അനുഭൂതികളുടെയും ലോകം അറിയാതെ ചുരുങ്ങിപ്പോവും.സാമൂഹ്യമായ ഉത്കണ്ഠകളും ആധികളും അതിന് അന്യമായിത്തുടങ്ങും.എല്ലാ വായനക്കാരും ഈയൊരു സംഗതി തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല.എങ്കിലും എഴുതുന്നയാൾ ഈ അപകട സാധ്യത അറിയുന്നതു തന്നെയാണ് നല്ലത്.
ഇനി അൽപം ഗൃഹാതുരത.1971 ലെ മാതൃഭൂമി വിഷുപ്പതിപ്പിലാണ് ഞാൻ എൻ.പ്രഭാകരൻ എന്ന പേരിൽ ആദ്യമായി എഴുതിയ 'ഒറ്റയാന്റെ പാപ്പാൻ' എന്ന കഥ പ്രസിദ്ധീകരിച്ചുവന്നത്.അതിനു മുമ്പ് എൻ.പി.എരിപു രം,എരി പുരം പ്രഭാകരൻ എന്നീ പേരുകളലിക്കെയാണ് എഴുതിയിരുന്നത്.
കെ.യു.ജോണിയുടെ 'ജെറുസലേമിന്റെ കവാടങ്ങൾ അകലെയാണ്' എന്ന കഥയും71ലെ തന്നെ വിഷുപ്പതിപ്പിൽ തന്നെയാണ് വന്നത്.എനിക്ക് വളരെ ഇഷ്ടം തോന്നിയ ഒരു കഥയായിരുന്നു അത്.
കഴിഞ്ഞ ഒക്‌ടോബറിൽ ഞാൻ ഒരു റോഡപകടത്തിൽ പരിക്കേറ്റ് ഗുരതരാവസ്ഥയിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ എന്നെ ചികിത്സിച്ച രണ്ട് ഡോക്ടർമാരിൽ ഒരാൾ ജോണിയുടെ മകൻ ജോണിയുടെ മകൻ മിഷൽ ജോണിയായിരുന്നു.

Wednesday, July 1, 2015

പരാതിക്കാർ അറിയുക

കവിത കഥയായിത്തീരുന്നത് രണ്ട് സാഹിത്യസംവർഗങ്ങൾ തമ്മിലുള്ള അകലം ഇല്ലാതായിത്തീരുന്നതിന്റെ അടയാളം മാത്രമല്ല.കവിതയിൽ ആവിഷ്‌കാരയോഗ്യമായ അനുഭവങ്ങളെ കുറിച്ചുള്ള സങ്കൽപത്തിന്റെ തന്നെ മാറ്റത്തെയാണ് അത് കുറിക്കുന്നത്.നഗരജീവികളായ ഇടത്തരക്കാരും സമ്പന്നരും അനുഭവിച്ച അസ്തിത്വവ്യഥകളായിരുന്നു ആധുനികരുടെ പ്രധാനപ്രമേയം.കൂട്ടായ്മകളുടെയും ചരിത്രത്തിന്റെയും ഓർമകൾ കൈമോശം വന്ന ആ മനുഷ്യർ ഏകാകികളും അന്തർമുഖരും അന്യജീവിതങ്ങളെ ആഴത്തിലും പരപ്പിലും നിരീക്ഷിക്കാൻ ശേഷിയില്ലാത്തവരുമായിരുന്നു.വനങ്ങളിൽ,മലയോരങ്ങളിൽ,ദരിദ്രമായ നാട്ടിൻപുറങ്ങളിൽ,തെരുവോരങ്ങളിൽ ജീവിതത്തിന്റെ സത്യം തങ്ങളുടെ പരിഗണനയിലേ വരാത്ത മറ്റുപലതുമാണെന്ന കാര്യം അവർ ഓർമിച്ചതേയില്ല.ഇങ്ങനെ മറവിയിലേക്കും അവഗണനയിലേക്കും തള്ളിമാറ്റപ്പെട്ട അനുഭവലോകങ്ങൾ പുതിയ പല തിരിച്ചറിവുകളുടെയും ഉൽപന്നമായ ഭാവുകത്വപരിണാമത്തിന്റെ ഫലമായി കവിതയിലെ ഏറ്റവും പ്രകാശപൂർണമായ ഇടങ്ങളായി മാറിയതാണ് ആധുനികാനന്തര മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയമായ പരിണാമം.പ്രാന്തവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ മാത്രമല്ല ദാർശനികഗൗരവത്തിന് സാധ്യതയില്ലാത്ത വിചാരങ്ങളും ആധുനികാനന്തരകാലത്ത് മലയാളകവിതയിൽ ശ്രദ്ധേയമായ രീതിയിൽ ഇടംപിടിച്ചിട്ടുണ്ട്.പുതിയ 'കഥാകവിതകൾ' ഇക്കാര്യം കൂടി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കവിതയുടെ രൂപം സംബന്ധിച്ച എല്ലാ പഴയ നിബന്ധനകളെയും അവഗണിച്ച് വളരെ സ്വതന്ത്രമായാണ് പുതിയ കവികൾ എഴുതുന്നത്.പിന്നെയും പിന്നെയും നുണച്ചിറക്കാവുന്ന അലങ്കാരങ്ങൾ,പല ജീവിതസന്ദർഭങ്ങളെയും കുറിച്ചുള്ള അസാധാരണത്വം അനുഭവപ്പെടുത്തുന്ന കാച്ചിക്കുറുക്കിയ പ്രസ്താവങ്ങൾ തുടങ്ങിയ പലതും പ്രതീക്ഷിച്ച് പുതുകവിതയിലേക്ക് വരുന്നവർ തീർച്ചയായും നിരാശപ്പെടും.അവരാണ് മലയാളത്തിൽ കവിത മരിച്ചു, ഒ.എൻ.വിയുടെയോ സുഗതകുമാരിയുടെയോ അത്രയും ഭാവനാശേഷിയുള്ള ആരും ഇക്കാലത്തില്ല എന്നൊക്കെ പറയുന്നത്.പുതിയ കവികൾ എഴുത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും അവരുടെ രചനകളിലൂടെ വെളിപ്പെട്ട പ്രകൃതിയെയും അനുഭവലോകങ്ങളെയുമൊന്നും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഈ പരാതിക്കാർ.ഭാവനയുടെ തുറന്ന പ്രതലങ്ങളിലുള്ള നിർഭയമായ തുറന്നെഴുത്താണ് സമകാലീന കവിത സാധ്യമാക്കുന്നത്.'ഇത് കവിത ആണോ എന്ന തോന്നൽ യാഥാസ്ഥിതിക വായനക്കാരിൽ ഉണ്ടാക്കുക എന്നത് തന്നെയാകാം അതിന്റെ ആദ്യലക്ഷണം.'എന്ന ബിജോയ് ചന്ദ്രന്റെ നിരീക്ഷണം തീർച്ചയായും പ്രസക്തമാണ്.
(ഗ്രന്ഥാലോകം മാസികയുടെ ജൂൺ 2015 ലക്കത്തിൽ പ്രസിദ്ധീകരിച്ച പലതായി മാറുന്ന മലയാള കവിത എന്ന ലേഖനത്തിന്റെ അവസാനഭാഗം

Tuesday, June 23, 2015

കവിതാഡയറിയിൽ നിന്ന്‌

പണ്ടെന്നോ എവിടെയോ
ഒരു വേലിയിൽ വിടർന്ന
കുഞ്ഞുപൂവ്
വിരുന്നു വന്ന മഞ്ഞക്കിളി
ഇടവഴിയിലൂടെ പതുക്കെ
നടന്നുപോയ ഒരു പാവാടക്കാരി
ഓർമയിൽ ഇത്രയും ചെറിയ സമ്പാദ്യവുമായി
വാർധക്യം പിന്നിടുന്ന ഒരാളെ
ഇന്നലെ വൈകുന്നേരം പരിചയപ്പെട്ടു.
(23/6/2015)

Monday, June 22, 2015

വായന

പാഠപുസ്തകങ്ങളുടെ വായന എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം കൃത്യമായ ധാരണയുണ്ട്.പക്ഷേ,'സാഹിത്യകൃതികളും പഠനാവശ്യത്തിന്റെ പരിധിയിൽ വരാത്ത മറ്റു പുസ്തകങ്ങകങ്ങളും എന്തിന് വായിക്കണം?' എന്ന് നെറ്റി ചുളിക്കുന്നവരായി ഇപ്പോഴും ഒരുപാട് പേരുണ്ട്.
വായനയുടെ ഫലങ്ങൾ അക്കമിട്ട് പറയാൻ ശ്രമിക്കുന്നതിൽ കാര്യമില്ല.ലോകത്തിലെ കോടിക്കണക്കിന് മനുഷ്യർ പുസ്തക വായന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഗതിയാണെന്ന് കരുതുന്നുണ്ട്.പുസ്തകങ്ങൾ അവരെ വൈകാരികമായും ബൗദ്ധികമായും ഉത്തേജിപ്പിക്കുന്നുണ്ടെന്നതിന് മറ്റ് തെളിവുകളൊന്നും ആവശ്യമില്ല.
വെങ്ങര 'കസ്തൂർബാസ്മാരക ഗ്രന്ഥാലയം' വഴിയാണ് സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഞാൻ വായനയുടെ അനന്തവിശാലമായ ലോകത്തേക്ക് പ്രവേശിച്ചത്.എന്റെ ഉന്നത വിദ്യാഭ്യാസം ഇന്ന വഴിയിലൂടെയായിരിക്കണമെന്നു നിർണയിച്ചതിലും എഴുത്തുജീവിതത്തെ പരുവപ്പെടുത്തുന്നതിലും നിർണായകമായ പങ്ക് വഹിച്ചത് വായന തന്നെയാണ്.
വായന ആളുകളെ സഹായിക്കുന്നത് പല തരത്തിലായിരിക്കും.കഥകളിലും നോവലുകളിലും നാടകങ്ങളിലും മറ്റും ആവിഷ്‌ക്കരിക്കപ്പെടുന്ന ജീവിതങ്ങളിലൂടെ ചെറുപ്രായത്തിൽ കടന്നുപോവുന്നവർ അവരറിയാതെ വിശാലമായൊരു ലോകധാരണ സ്വരൂപിക്കും.മനുഷ്യർ പല പ്രകൃതക്കാരാണെന്നും അവർ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവിക്കുന്ന മാനസികസംഘർഷങ്ങളും വളരെ വ്യത്യസ്തമാണെന്നും അവർ മനസ്സിലാക്കും. മനുഷ്യർക്കിടയിലെ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളും ആഴങ്ങളും അവർ അടുത്തറിയും.ഈ അറിവുകളുടെ ഫലം അളന്നുതിട്ടപ്പെടുത്താവുന്നതല്ല. വിവിധഭാഷകളിൽ വിവിധകാലങ്ങളിൽ ഉണ്ടായ മഹത്തായ സാഹിത്യകൃതികൾ ലോകജീവിതത്തെ നവീകരിച്ച് മുന്നോട്ടു  കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.നിർണായകമായ എത്രയോ സന്ദർഭങ്ങളിൽ പല ജനതകളുടെയും വിമോചനപ്പോരാട്ടങ്ങൾക്ക് സാഹിത്യം തുണനിന്നിട്ടുമുണ്ട്.
ചില സാഹിത്യകൃതികൾ ജീവിതത്തെ കുറിച്ച് സൃഷ്ടിക്കുന്ന  ധാരണകൾ  തീർത്തും ഭാഗികമോ വലിയ അളവിൽ തെറ്റിദ്ധാരണാജനകമോ ആവാം.ആധുനികതയുടെ കാലത്ത് മലയാളത്തിൽ ഉണ്ടായ ചില നോവലുകൾ അങ്ങനെയുള്ളവയായിരുന്നു.അത്തരം കൃതികളെ വളരെ അനുകരണാത്മകമായി,അല്ലെങ്കിൽ കൂടിയ അളവിലുള്ള വിധേയത്വമനോഭാവത്തോടു കൂടി വായിക്കുന്നത് തീർച്ചയായും വിനാശകരമായിരിക്കും.വിവേചന ബുദ്ധിയോടെ വായിക്കാനും വായനയിലൂടെ കൈവരുന്ന അനുഭവങ്ങളെ പുന:പരിശോധിക്കാനും വായനക്കാരെ പ്രാപ്തരാക്കുന്നത് സാഹിത്യപഠനങ്ങളും നിരൂപണങ്ങളുമാണ്.എല്ലാ വായനക്കാരും ഈ വിഭാഗത്തിൽ പെടുന്ന കൃതികളെ താൽപര്യപൂർവം സമീപിച്ചുകൊള്ളണമെന്നില്ല.എങ്കിലും അവ ഉൽപാദിപ്പിക്കുന്ന ആശയങ്ങൾ വായനയുടെ പരിസരങ്ങളിൽ സജീവമായി നിലനിൽക്കേണ്ടതുണ്ട്.
ഓരോ കാലത്തും ഭാവുകത്വം മാറുകയും സാഹിത്യത്തിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്ന അനുഭവങ്ങളും അനുഭൂതികളും തൊട്ടുമുൻപുള്ള കാലത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമാവുകയും ചെയ്യുന്നത് സാധാരണമാണ്.എന്നാൽ ഇങ്ങനെയുള്ള മാറ്റങ്ങൾ സ്വാഭാവികമായി രൂപപ്പെടുന്നതിന് പകരം കേവലമായ വ്യാപാര താൽപര്യത്തോടെ നിർമിച്ചെടുക്കപ്പെടാറുമുണ്ട്.ജാഗരൂകമായ ഒരു വായനാസമൂഹത്തിന് മാത്രമേ ഇതിലെ അന്തരം തിരിച്ചറിയാനാവൂ.കേരളത്തിലെ ഏറ്റവും പുതിയ വായനാസമൂഹത്തിന് ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വായന തളരുന്നു എന്നൊരു തോന്നൽ ഇടക്കാലത്ത് ഉണ്ടായിരുന്നു.പക്ഷേ,കാര്യങ്ങൾ മാറിക്കൊണ്ടിരിക്കയാണ്.വായനയിലേക്ക് പുതിയ തലമുറയും പഴയ തലമുറയും വർധിച്ച ഉത്സാഹത്തോടെ തിരിച്ചുവരുന്നതായി കാണുന്നുണ്ട്.സങ്കീർണമായ ഒട്ടുവളരെ പ്രശ്‌നങ്ങൾക്കിടയിലും സാഹിത്യത്തിൽ നിന്ന് മലയാളിസമൂഹം ഇപ്പോഴും കാതലായ പല മാനസികാനുഭവങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നു തന്നെയാണ് അതിൽ നിന്ന് വ്യക്തമാവുന്നത്.

Wednesday, June 17, 2015

ഒന്നു ചൊവ്വാഗ്രഹം വരെ പോവണം

പാതിര നേരത്ത്
പാതയോരത്ത്
അടുപ്പുകൂട്ടി
അരിവേവിക്കുന്ന വൃദ്ധൻ
ദൈവത്തോട് പറഞ്ഞു:
'തമ്പുരാനേ,എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല
ഒന്നു ചൊവ്വാഗ്രഹം വരെ പോവണം
അവിടത്തെ അടുപ്പുകല്ല്
അവിടത്തെ ചുള്ളിക്കമ്പുകൾ
അവിടത്തെ അരി
ഹോ,ഈ കഞ്ഞികുടി ഇനി ആയുസ്സുള്ളിടം വരെ
അങ്ങോട്ടേക്കൊന്നു മാറ്റിക്കിട്ടണം
ഇവിടത്തെ പുക,പൊടി,അടിപിടി
ഒന്നുമെനിക്ക് സഹിക്കാൻ പറ്റുന്നില്ല.'
( ജോർജ് ഓർവലിന്റെ  Down And Out in Paris and London എന്ന കൃതിയിലെ ഒരു തെണ്ടിയുടെ ചിന്തയുടെ ഛായയിൽ നിന്ന്)

Saturday, June 13, 2015

കവിതാഡയറിയിൽ നിന്ന്

കുന്നിൻ ചരിവിലെ വീട്ടുമുറ്റത്ത്
അന്തിമിനുക്കം അജ്ഞേയമായ
അശാന്തി പോലെ വിങ്ങുമ്പോൾ
അനിശ്ചിതത്വത്തെക്കുറിച്ചാ-
കുലപ്പെടാനറിയാതെ
(ഓ,അത്രക്കൊന്നുമില്ല)
ഇതാ രണ്ടു കോഴികൾ
രാത്രിയിൽ കുറുക്കൻ പിടിച്ചോ ,
അടുത്ത പകലിൽ ആരെങ്കിലും 
വിരുന്നിന് വിഭവമാക്കിയോ
ഒരു വീടിന്റെ ഇത്തിരിവട്ടത്തിനപ്പുറം
ലോകം കാണാതെ
എന്നേക്കുമായി പോകും മുമ്പ്
വാക്കുകളാൽ പണിത ഈ
കനം കുറഞ്ഞ കൂട്ടിൽ
അവരെ ഞാൻ അടക്കുന്നു
അനശ്വരതക്ക് ചിലപ്പോഴൊക്കെ
ഇത്രയും ചെറിയ അർത്ഥമേ ഉള്ളൂ.
(13-6-2015)

Thursday, June 11, 2015

ഒരു പ്രതികരണം

'സാഹിത്യത്തിൽ വിഷം കലരുന്നതായി എം.മുകുന്ദൻ പറഞ്ഞതിനെ കുറിച്ച് എന്തു തോന്നുന്നു?' എന്ന് പലരും ചോദിച്ചിരുന്നു.ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ രണ്ട് തടസ്സങ്ങളുണ്ട്.ഒന്ന്,വിഷം എന്നതു കൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുകുന്ദൻ വ്യക്തമാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് താന്താങ്ങൾ വിഷം എന്ന് കരുതുന്നതിനെ മുൻനിർത്തിയാവും ഓരോരുത്തരും സംസാരിക്കുക.അത് എത്രത്തോളം ഫലപ്രദമാവും എന്ന് സംശമാണ്.പുസ്തകങ്ങൾ ധാരാളമായി വിറ്റു പോവുന്നതും എഴുത്തുകാർക്ക് വമ്പിച്ച വരുമാനമുണ്ടാകുന്നതുമാണ് വിഷം പടരുന്നതിന് പശ്ചാത്തലമായി മുകുന്ദൻ പറഞ്ഞ കാര്യം.ഇത് വസ്തുതാവിരുദ്ധമാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമീപകാലത്ത് മൂന്നുനാല് നോവലുകൾക്ക് വളരെ വേഗം പുതിയ പതിപ്പുകൾ വന്നു എന്നത് സത്യമാണ്.'ആടുജീവിത'വും 'ആരാച്ചാറു'ം റിക്കാർഡ് വിൽപനയിലേക്ക് കടക്കുകയും ചെയ്തു.പക്ഷേ,മലയാളത്തിലെ മഹാഭൂരിപക്ഷം എഴുത്തുകാർക്കും എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം അങ്ങേയറ്റം തുച്ഛമാണ്. സമയത്തിന്റെയും അധ്വാനത്തിന്റെയും കണക്ക് നോക്കിയാൽ ഒരു അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്നതിന്റെ പത്തിലൊന്നു പോലും എഴുത്തുകാർക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം.