Pages

Wednesday, March 28, 2012

സത്യം സത്യമായി പറയുന്ന കവിത

എന്തൊക്കെ കവിതയാവില്ല എന്നതിനെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ വ്യക്തവും ശക്തവുമാണ്.വാര്‍ത്ത കവിതയാവില്ല.കേവലമായ വസ്തുതാകഥനം കവിതയാവില്ല.യുക്തി പൂര്‍ണമായ വിചാരങ്ങള്‍ കവിതയാവില്ല.ഇവയുടെയൊക്കെ വിപരീതത്തില്‍,അതായത് സ്വപ്നത്തിലും അയുക്തികതയിലും വികാരപരതയിലും വാങ്മയചിത്രങ്ങളുടെ വൈചിത്ര്യ ത്തിലുമൊക്കെയാണ് കവിത കൂട് വെക്കുന്നത്.കാലാകാലമായി നാം ഇങ്ങനെയാണ് ധരിച്ചുപോരുന്നത്.ഏറിയും കുറഞ്ഞും ഏറെക്കുറെ കവികളെല്ലാവരും ഈ ധാരണകളെ അംഗീകരിച്ചുപോരുന്നുണ്ട്.കവിതയെ കവിതയാക്കുന്ന അടിസ്ഥാന ഘടകങ്ങളെ കൈവിട്ടുള്ള കളിക്ക് വിപ്ളവകവിതകള്‍ എഴുതുന്നവര്‍ പോലും വലുതായൊന്നും ധൈര്യപ്പെട്ടു കാണാറില്ല.എത്രമേല്‍ തീക്ഷ്ണമായ നിലപാടുകള്‍ അവതരിപ്പിക്കുമ്പോഴും അലങ്കാരബഹുലവും താളാത്മകവുമായൊരു കാവ്യഭാഷയില്‍ അവരും ഊന്നുന്നത് കാണാം.
പക്ഷേ,ചിരപരിചിതമായ ഈ കവിതാസങ്കല്പത്തെ തങ്ങളുടെ വായനാനുഭവം എല്ലായ്പ്പോഴും ശരിവെക്കുന്നില്ലെന്ന് കവികള്‍ക്ക് തന്നെ അനായാസമായി കണ്ടെത്താനാവും.'ലീല'യിലെ ഏറ്റവും കാവ്യാത്മകമെന്ന് കരുതപ്പെടുന്ന വരികളോടൊപ്പമോ അവയേക്കാള്‍ മുന്നിലായോ അവരും ഓര്‍ക്കാനിടയുണ്ട്
കരുതുവതിഹ ചെയ്യ വയ്യ,ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ  വിചാരം
പരമഹിതമറിഞ്ഞു കൂട;യായു-
സ്ഥിരതയുമി,-ല്ലതിനിന്ദ്യമീ നരത്വം
എന്ന അലങ്കാരരഹിതമായ വരികള്‍. സത്യം സത്യമായി പറയുന്നതിലൂടെയാണ് അവ ആത്മാവില്‍ നേരിട്ട് സ്പര്‍ശിക്കുന്നത്.
'ചിന്താവിഷ്ടയായ സീത'യില്‍ നിന്ന് വളരെയേറെപ്പേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന വരികളില്‍
കനിവാര്‍ന്നനുജാ പൊറുക്ക ഞാന്‍
നിനയാതോതിയ കൊള്ളി വാക്കുകള്‍
അനിയന്ത്രിതമായ് ചിലപ്പൊഴീ-
മനമോടാത്ത കുമാര്‍ഗമില്ലെടോ.
എന്ന വരികള്‍ തീര്‍ച്ചയായും ഉണ്ടാവും.വക്രതയോ വൈചിത്യ്രമോ അലങ്കാരമോ ഒന്നുമില്ല ഈ വരികളിലും.
അത്യന്തം ഗാനാത്മകവും അങ്ങേയറ്റം അലങ്കാരപൂര്‍ണവുമായ എത്രയോ കവിതകള്‍ മറ്റേതു ഭാഷയിലുമെന്ന പോലെ മലയാളത്തിലുമുണ്ട്.കവിതയെ കവിതയാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വാങ്മയ ചിത്രങ്ങളുടെ സാന്നിധ്യം തന്നെയാണ് ഒരു ഘട്ടം കഴിയുമ്പോള്‍ ആ കവിതകളുടെ നേര്‍ക്ക് ചെടിപ്പ് വളര്‍ത്തുന്ന പ്രധാന ഘടകമായി മാറുന്നത്.അതേ സമയം സത്യത്തിന്റെ യഥാര്‍ത്ഥമായ തിളക്കം ഒരിക്കല്‍ അനുഭവിപ്പിച്ച വരികള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ തിളക്കം കൈവരിക്കുന്ന അനേകം അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്
എന്ന 'കുറ്റിപ്പുറം പാല'ത്തില ആശങ്കയുടെ വിങ്ങലും
ചെറ്റയാം വിടന്‍ ഞാനിനിമേലില്‍
കഷ്ടമെങ്ങനെ കണ്ണാടി നോക്കും?
എന്ന 'കുടിയൊഴിക്കലി'ലെ ആത്മനിന്ദയുടെ രൂക്ഷമായ കയ്പുമെല്ലാം ഓര്‍മയില്‍ ഇടക്കിടെ മുഖം കാണിക്കുന്നത് ആലങ്കാരികത സൃഷ്ടിക്കുന്ന ആകര്‍ഷണീയത കൊണ്ടല്ല,അവ ഉള്‍ക്കൊള്ളുന്ന സത്യത്തിന്റെ ഋജുത്വവും മൂര്‍ച്ചയും കൊണ്ടാണ്.
വായനാനുഭവത്തിലെ ഈ സത്യം കവികളും വായനക്കാരും സാധാരണഗതിയില്‍ ഓര്‍ക്കാറില്ലെന്നത് പക്ഷേ, ദു:ഖകരമായൊരു വാസ്തവമാണ്. ധ്വനിപ്പിച്ച് പറയുക,അലങ്കരിച്ച് പറയുക,വളച്ചുകെട്ടി പറയുക എന്നിവയ്ക്കൊക്കെ അപ്പുറത്ത് ഉള്ള കാര്യം ഉള്ളതുപോലെ പറയുക എന്ന വലിയൊരു സാധ്യതയും കവിതയിലുണ്ട് എന്ന് അംഗീകരിക്കാനുള്ള നമ്മുടെ വൈമുഖ്യം ജാതിസമൂഹത്തില്‍ മേല്‍ജാതിക്കാര്‍ കൊണ്ടു നടന്നിരുന്ന അഭിമാനബോധത്തിന് തുല്യമായൊരു സംഗതിയാണ്.
കവിതയിലെ ആധുനികന്മാര്‍ നമ്മുടെ കാവ്യഭാഷാസങ്കല്പങ്ങളെ വല്ലാതെ ഞെട്ടിച്ചെങ്കിലും ഈ സാഹിത്യരൂപം കാലാകാലമായി നിലനിര്‍ത്തിപ്പോന്ന ആഢ്യമ്മന്യതയുടെ വേരറുക്കാനൊന്നും അവര്‍ക്ക് കഴിഞ്ഞില്ല.കക്കാടിന്റെ ദ്രാവിഡപര്‍വത്തിലെ കവിതകളും അയ്യപ്പപ്പണിക്കരുടെ കാര്‍ട്ടൂണ്‍ കവിതകളും ചില സാധ്യതകള്‍ കാണിച്ചു തരാതിരുന്നില്ല.എഴുപതുകളുടെ ആരംഭത്തില്‍ അതേ വരെ അപരിചിതമായ ഉള്ളടക്കവും അതിനൊത്ത വേറിട്ട ഭാഷയും ഭാവവുമൊക്കെയായി കടന്നു വന്ന കെ.ജി.ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ഭാവുകത്വത്തിന്റെ തലത്തില്‍ വലിയ അഴിച്ചുപണികള്‍ക്ക് നമ്മെ പ്രേരിപ്പിച്ച കവികളാണ്.സ്വന്തം കവിതകളും പരിഭാഷകളും വഴി സച്ചിദാനന്ദന്‍ സൃഷ്ടിച്ച കാവ്യലോകത്തിന്റെ വിപുലമായ സ്വാധീനത്തിന് അതിന്റെ വലുപ്പവും ഒരു കാരണമാണ്. ദീര്‍ഘമായ മനനവും മിനുക്കുപണികളുമെല്ലാം കഴിഞ്ഞ് വല്ലപ്പോഴുമൊരിക്കല്‍ മാത്രം കവി പുറംലോകത്തേക്കയക്കേണ്ടുന്ന അത്ഭുത വസ്തുവാണ് കവിത എന്ന ധാരണയെ അല്പവും വകവെച്ചുകൊടുക്കാതെയാണ് വിവിധ വിഷയങ്ങള്‍ സ്വീകരിച്ചും വ്യത്യസ്തമായ രൂപഭാവങ്ങള്‍ കൈക്കൊണ്ടും സച്ചിദാനന്ദന്‍ തുടരെത്തുടരെ എഴുതിക്കൊണ്ടിരിക്കുന്നത്.എങ്കിലും അദ്ദേഹം പോലും കവിത ഇതര സാഹിത്യരൂപങ്ങളില്‍ നിന്ന് അകന്നും ഉയര്‍ന്നും നില്‍ക്കുന്നതിനായി ഭാഷയുടെയും ആവിഷ്ക്കാരത്തിന്റെയും തലങ്ങളില്‍ സ്വീകരിച്ചുപോരുന്ന ആച്ഛാദന തന്ത്രങ്ങളെ അല്ലെങ്കില്‍ വക്രതകളെ മിക്കപ്പോഴും മാനിക്കുക തന്നെ ചെയ്യുന്നു.
                                             അകവിതയുടെ സാധ്യതകള്‍
കവിതാവിരുദ്ധമായ കവിത,അല്ലെങ്കില്‍ അകവിത(പ്രതികവിത) എന്ന സാധ്യത മലയാളത്തിലെ കവികളെ അത്രയൊന്നും ഉത്തേജിപ്പിച്ചുകാണുന്നില്ല.വിപ്ളവത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും സ്വാതന്ത്യ്രത്തെ കുറിച്ചും മാനവികതയെ കുറിച്ചുമെല്ലാം എത്രയൊക്കെ ആവേശം കൊള്ളുമ്പോഴും കവികള്‍ എന്ന നിലക്ക് തങ്ങള്‍ക്കുള്ള പരിവേഷം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെ അവര്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്.ഈ മാധ്യമത്തിലേക്ക് ഇന്നലെ മാത്രം കടന്നുവന്നവര്‍ പോലും ഈ പരിവേഷത്തെ ആഗ്രഹിച്ചുപോവും വിധത്തിലുള്ള വേറിട്ടുള്ള നില്പാണ് മലയാളത്തില്‍ കവിതയുടേത്.സമീപവര്‍ഷങ്ങളിലായി കവിതയുടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള ജനാധിപത്യവല്‍ക്കരണം പോലും അതിന് മാറ്റം വരുത്തുന്നതായി കാണുന്നില്ല.
 ആധുനികന്മാ ര്‍ക്ക് ശേഷം വന്ന കവികളില്‍ കെ.ആര്‍.ടോണിയാണ് പ്രതികവിതയുടെ വഴിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറിയത്.പരമ്പരാഗത കവിതയിലെ വൃത്തിയെയും വെടിപ്പിനെയും മാത്രമല്ല സമകാലിക ലോകത്തിലെ എല്ലാ ബൌദ്ധിക വ്യവഹാരങ്ങളിലെയും അനുഭവമേഖലകളിലെയും ഔപചാരികതകളെയും വെച്ചുകെട്ടലുകളെയും കപടനാട്യങ്ങളെയും ചെറുചിരിയോടെ അരിഞ്ഞുവീഴ്ത്തുന്ന ധീരമായൊരു രീതിയാണ് ടോണിയുടേത്.'മാറാടു'ം 'ഉങ്ങു\'ം പോലുള്ള എത്രയോ കവിതകളില്‍ ടോണി ആ വേറിട്ട രീതിയുടെ ലാളിത്യവും ഗാംഭീര്യവും ഒരേ സമയം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ഏറ്റവും പുതിയ കവികളില്‍ കെ.എം.പ്രമോദിന്റെ കവിതകളാണ് അകവിതക്കുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളായി ആര്‍ക്കും എളുപ്പം തിരിച്ചറിയാനാവും വിധം മാറി നില്‍ക്കുന്നത്.
പ്രത്യക്ഷ രാഷ്ട്രീയത്തെ തന്നെ വിഷയമാക്കുന്ന കവികളില്‍ നിന്നാണ് വാസ്തവത്തില്‍ കവിതാ വിരുദ്ധ കവിതകള്‍ ധാരാളമായി ഉണ്ടാവേണ്ടത്.പക്ഷേ,കേവല വാചാലതയിലേക്ക് ചായുന്ന പ്രസംഗഭാഷയും ആവര്‍ത്തനം കൊണ്ട് അസുഖകരമായിത്തീരുന്ന അലങ്കാരഭാഷയും ഇടകലരുന്നൊരു ഭാഷയാണ് അവര്‍ ഏറിയ കൂറും സ്വീകരിച്ചുകാണുന്നത്.പഴയ കാല്പനിക കവിതകളുടെ ഗ്രാമീണഭംഗിയും ഗാനാത്മകതയുമൊക്കെ നിലനിര്‍ത്തിക്കൊണ്ട് പുതിയ കാല ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിലെ വൈരൂദ്ധ്യവും അവരില്‍ പലരെയും അലട്ടാറില്ല.എഴുത്തില്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ കഴിയാത്ത ഉച്ഛ്റംഖലത തങ്ങള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്യ്രത്തിലേക്കും പുതുമയുടെ ആര്‍ജ്ജവത്തിലേക്കും എത്തിച്ചേരുന്നതില്‍ നിന്ന് അവരുടെ കവിതകളെ തടയുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.ഇതില്‍ നിന്ന് വ്യത്യസ്തമായി എഴുതപ്പെട്ട ചുരുക്കം ചില കവിതകളെന്ന നിലക്ക് ഇപ്പോള്‍ ഓര്‍മയിലെത്തുന്നത് കെ.സി.ഉമേഷ്ബാബുവിന്റെ മൂടല്‍,സംശയം തുടങ്ങിയ കവിതകളാണ്.കേരളീയ സാഹചര്യത്തില്‍ നിന്ന് ,വിശേഷിച്ചും കേരളത്തിലെ ഇടതുപക്ഷാനുഭാവികളായ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും രാഷ്ട്രീയാലോചനകളുടെയും സംവാദങ്ങളുടെയും പരിസരങ്ങളില്‍ നിന്ന് സ്വാഭാവികമായി ഉയിര്‍ക്കൊണ്ടതിന്റെ ആര്‍ജ്ജവമാണ് ആ കവിതകളിലുള്ളത്.
'ഒഴിഞ്ഞ പേജില്‍ മുന്നേറുക' എന്ന് യുവകവികളോട് ആഹ്വാനം ചെയ്ത നിക്കോനാര്‍ പാറ എന്ന ചിലിയന്‍ കവി 1970 കാലം മുതല്‍ നമ്മുടെ കവിതാവായനക്കാര്‍ക്ക് പരിചിതനാണ്.ലാറ്റിനമേരിക്കന്‍ കവിതയില്‍ പാറയുടെ വഴി തികച്ചും വേറിട്ട ഒന്നാണ്.അസാധാരണത്വം നിറഞ്ഞ വാങ്മയചിത്രങ്ങള്‍ കൊണ്ട് കവിതയുടെ ഓരോ കമ്പിലും വസന്തം വിരിയിക്കുന്ന നെരൂദയുടേതിന് നേര്‍വിപരീതമായൊരു ദിശയില്‍ നര്‍മമധുരമായ പ്രജ്ഞയുടെയും തര്‍ക്കത്തിന്റെയും വിപരീത ദര്‍ശനത്തിന്റെയും പരിഹാസത്തിന്റെയുമെല്ലാം വഴിയിലെ അനായാസമായ ചുവടുകളിലൂടെയും കുതിപ്പുകളിലൂടെയും കവിത മനുഷ്യനെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന എന്തും സരളമായും സരസമായും അതിലൊക്കെ ഉപരിയായി തികച്ചും സത്യസന്ധമായും പറയാവുന്ന ഒരു മാധ്യമമാണെന്ന് പാറ തെളിയിച്ചു.കവിത ഒരു സാഹിത്യരൂപമെന്നതിനോടൊപ്പം ശക്തമായ സംവാദരൂപം കൂടിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സാമൂഹ്യജീവിതത്തില്‍ അതിന്റെ ഇടപെടലുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഫലപ്രദമാവുന്നത്.കേരളത്തിന്റെ ഇന്നത്തെ സാഹിതീയ സാഹചര്യത്തില്‍ അത്തരമൊരു വളര്‍ച്ചയും മാറ്റവും ഈ മാധ്യമത്തിന് അത്യാവശ്യമാണ്. കവിത ഉദാത്തമോ ദുര്‍ഗ്രഹമോ വിശുദ്ധമോ ആയി ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ട ഒന്നല്ലെന്ന് സ്വന്തം കവിതകളിലൂടെ പല ദശകങ്ങളായി നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന പാറയുടെ കാവ്യലോകവുമായി അടുത്തു പരിചയപ്പെടുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രസക്തമായിത്തീരുന്നത് ഈയൊരു പ്രകരണത്തിലാണ്.

No comments:

Post a Comment