Pages

Friday, October 16, 2015

ഇപ്പോഴും എന്തുകൊണ്ട് എം.എൻ.വിജയൻ?

തന്റെ ധൈഷണികജീവിതത്തെ  അസാധാരണമായ അപഗ്രഥന വൈഭവവും സർഗാത്മകതയും സാമൂഹ്യോന്മുഖതയും കൊണ്ട് പല ദശകക്കാലം  പ്രകാശപൂർണമാക്കി നിലനിർത്താൻ ഒരു ബുദ്ധിജീവിക്ക് കഴിയുന്നുവെങ്കിൽ കേവല സ്തുതിപാഠകർക്കും ബദ്ധശത്രുക്കൾക്കും സങ്കൽപത്തിൽപ്പോലും സ്പർശിക്കാനാവാത്ത  ഉയരത്തിലായിരിക്കും മരണശേഷവും അയാൾ നിലകൊള്ളുക.എം.എൻ.വിജയൻ അങ്ങനെയുള്ള ഒരു ബുദ്ധിജീവിയായിരുന്നു.അദ്ദേഹത്തിന്റെ   രാഷ്ട്രീയ നിരീക്ഷണങ്ങളിലും സാമൂഹ്യവിശകലനങ്ങളിലും സാഹിത്യദർശനത്തിലും പലർക്കും പല പരിമിതികളും പിഴവുകൾ തന്നെയും കണ്ടെത്താൻ കഴിഞ്ഞേക്കും.അതൊന്നും തന്റെ ബൗദ്ധിക ഇടപെലുകളുടെ സവിശേഷഗാംഭീര്യത്തെ കുറിച്ച് ജീവിതകാലത്ത് അദ്ദേഹം നമുക്ക് തന്ന ബോധ്യത്തെ തകിടം മറിച്ചു കളയില്ല. തന്റെ സംസ്‌കാരവിശകലനങ്ങളെയും രാഷ്ട്രീയാഭിപ്രായങ്ങളെയും  സാഹിത്യനിരൂപണങ്ങളെയും കവിഞ്ഞു നിൽക്കുന്ന ഗരിമയുണ്ട് സാധാരണ മനുഷ്യരുടെ അനുഭവങ്ങളോടും മനുഷ്യവംശം ആർജിച്ചു കഴിഞ്ഞ അറിവിനോടും മനുഷ്യന്റെ ബഹുവിധ സർഗവ്യാപാരങ്ങളോടും തനിക്കുള്ള മനോഭാവത്തിനെന്ന് സ്വന്തം എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റ് വ്യവഹാരങ്ങളിലൂടെയും എം.എൻ.വിജയൻ സംശയാതീതമായി തെളിയിച്ചു കാണിച്ചിരുന്നു.അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സന്ദേശം.പിൽക്കാലത്ത് പല കോണുകളിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾക്കോ ഒരേ ആരാധകവൃന്ദത്തിൽ നിന്ന് ആവർത്തിച്ചുയരുന്ന ഒരേ ഈണത്തിലുള്ള സ്തുതിവചനങ്ങൾക്കോ  ആ സന്ദേശത്തെ ചെറുതാക്കാൻ ആവുകയില്ല.
എം.എൻ.വിജയൻ സ്വീകരിച്ച  രാഷ്ട്രീയ നിലപാടുകളെ കുറിച്ചോ  ഫ്രോയിഡിയൻ  മന:ശാസ്ത്രത്തെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ കവിതാവായനകളെ കുറിച്ചോ നേരിയ വിപരീതാഭിപ്രായം പ്രകടിപ്പിക്കപ്പെടുമ്പോൾ പോലും പ്രകോപിതരാവുന്ന ആരാധകരെ എനിക്കറിയാം. എം.എൻ.വിജയൻ കീഴടക്കിയതിന് അപ്പുറമുള്ള ഒരുയരം മലയാളിക്ക് അചിന്ത്യമാണെന്നോ അചിന്ത്യമായിരിക്കണമെന്നോ ഉള്ള മട്ടിലൊക്കെയാണ് അവർ സംസാരിക്കുക.മറുവശത്ത് എം.എൻ.വിജയൻ എന്ത് പറഞ്ഞു,ചെയ്തു എന്നൊന്നും ഞങ്ങൾക്കറിയേണ്ട, അദ്ദേഹം പരിമിതവിഭവനായ ഒരു സാഹിത്യനിരൂപകൻ മാത്രമായിരുന്നെന്നും അന്വേഷണത്തിനും അപഗ്രഥനത്തിനുമൊന്നും മുതിരാതെ ചില സൂക്തങ്ങൾ തട്ടിവിടുകയാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹത്തിന് മാർക്‌സിസം അറിയില്ലായിരുന്നുവെന്നും തരക്കേടില്ലാത്ത ഒരു കലാലയാധ്യാപകൻ എന്നതിലപ്പുറം എം.എൻ.വിജയൻ എന്തെങ്കിലുമാണെന്ന് പറയുന്നത് തെറ്റാണെന്നുമൊക്കെ സ്വയം ലജ്ജ തോന്നാതെ പറഞ്ഞുകളയുന്നവരുണ്ട്.ഇക്കൂട്ടരുടെ പറച്ചിലുകൾ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നതിനു പകരം അവയുടെ ശരിതെറ്റുകൾ ഒന്നു വിലയിരുത്തിക്കളയാമെന്ന സൗമനസ്യത്തിന് പുറപ്പെടുന്നത് പാഴ്‌വേലയായിരിക്കും.കാരണം ഈ 'കണ്ടെത്തലുകൾ'ക്കു പിന്നിൽ ഒന്നുകിൽ തികഞ്ഞ അലംഭാവം അല്ലെങ്കിൽ നീക്കുപോക്കില്ലാത്ത ക്ഷുദ്രവലതുപക്ഷരാഷ്ട്രീയം അല്ലെങ്കിൽ ധൈഷണികശേഷിയുടെ പരിതാപകരമായ പരിമിതി ഇവയിലൊന്നാണുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും പെട്ടെന്ന് മനസ്സിലാവും.
വിജയൻമാഷുടെ സംഭാവനകളെ  തികഞ്ഞ ഗൗരവബുദ്ധിയോടെ തന്നെ വിമർശിക്കുന്ന ചിലരെയും എനിക്കറിയാം.അവരുടെ വിമർശനം ചിലപ്പോഴൊക്കെ വളരെ രൂക്ഷമാകാറുണ്ടെങ്കിലും അതിനു പിന്നിൽ യാതൊരു കാലുഷ്യവുമില്ല.മാത്രവുമല്ല ആ വിമർശനങ്ങളിൽ ചില ശരികളുണ്ടെന്ന്  അംഗീകരിക്കേണ്ടി വരികയും ചെയ്യും.പക്ഷേ,ആരംഭത്തിൽ വ്യക്തമാക്കിയതു പോലെ അത്തരം വിമർശനശരികൾക്കപ്പുറത്താണ് അദ്ദേഹം നിലകൊള്ളുന്നത്.
മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ വ്യവഹാരങ്ങളിൽ നിന്നെല്ലാം അകന്നു നിന്ന് പല പ്രാദേശികപ്രശ്‌നങ്ങളിലും ജനങ്ങളുടെ കൂടെ നിന്ന് പൊരുതുന്ന സാഹസികരായ ഏതാനും സാമൂഹ്യപ്രവർത്തകർ കേരളത്തിലുണ്ട്. അവരുടെ സൂക്ഷ്മതല രാഷ്ട്രീയത്തെ സൈദ്ധാന്തികമായി എതിർക്കുക എളുപ്പമായിരിക്കാം.പക്ഷേ,അവർ ജനങ്ങൾക്കിടയിൽ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിക്കുന്നതെന്ന വാസ്തവത്തെ ദുർബലപ്പെടുത്താൻ ഒരു സിദ്ധാന്തത്തിനും കഴിയില്ല.പൊതുസമൂഹത്തിലേക്ക് ആകമാനം വ്യാപിക്കാനുള്ള അവരുടെ ശേഷിയെ പരിമിതപ്പെടുത്തുന്നത് അവർ തന്നെയാണ്.സൂക്ഷ്മതലത്തിലുള്ള പ്രശ്‌നങ്ങളുടെ നേർക്കുള്ള അവരുടെ ജാഗ്രത രാജ്യത്തെ ആകമാനം ബാധിക്കുന്ന വലിയ പ്രശ്‌നങ്ങളുടെ കാര്യം വരുമ്പോൾ എവിടെയോ പോയ്മറയുന്നുണ്ട്.എന്തായാലും ചില പ്രശ്‌നങ്ങളിലെങ്കിലും അവരുടെ ഇടപെടലുകൾ മൂർത്തവും താൽക്കാലികമായെങ്കിലും ഫലപ്രദവുമാണെന്ന യാഥാർത്ഥ്യത്തെ അവഗണിക്കാനാവില്ല.അവരെ മാറ്റി നിർത്തിയാൽ, നമ്മുടെ ബുദ്ധിജീവികളിൽ  ഏറെപ്പേരും സത്യസന്ധതയുടെ ഊർജം കൊണ്ട് തങ്ങളുടെ ധിഷണയെ ബലപ്പെടുത്താത്തവരാണ്.രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചും പാർട്ടികൾ,സംഘടനകൾ തുടങ്ങിയ സ്ഥാപനസ്വഭാവം പ്രകടിപ്പിക്കുന്ന സംവിധാനങ്ങളെ കുറിച്ചും  അവർ പറയുന്ന അഭിപ്രായങ്ങൾ വളരെ ധീരമാണെന്ന് തോന്നാം.ഭാഗികമായി അവ അങ്ങനെ ആയിരിക്കുകയും ചെയ്യും.പക്ഷേ,തങ്ങൾ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ രാജ്യത്തെ ജനജീവിതത്തെ നിയന്ത്രിച്ചു പോരുന്ന അധികാരകേന്ദ്രങ്ങളെയും പൊതുജീവിതത്തെ കലുഷമാക്കാൻ ബോധപൂർവം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വിഭാഗീയശക്തികളെയും കാര്യമായി അലോസരപ്പെടുത്താത്ത വിധത്തിൽ സ്ഥൂലമാണെന്നോ,പല കോണുകളിലേക്ക് മുനകളുള്ളതിനാലും ഒരു മുനയും യഥാർത്ഥമുനയല്ലാത്തതിനാലും അവ കൗതുകം കൊള്ളിക്കുന്ന കളിപ്പാട്ടങ്ങൾ പോലെയായിപ്പോവുന്നുണ്ടെന്നോ അവർ ഓർക്കാറില്ല.സാധാരണ മനുഷ്യർ അവരുടെ സ്വാസ്ഥ്യം കെടുത്തുന്ന ശക്തികളെയും അവരുടെ അധ്വാനത്തിന്റെ ഫലത്തെ തികച്ചും നിസ്സാരമാക്കിക്കളയും വിധം പെരുകുന്ന ഭരണകൂടകേന്ദ്രിതമായ അഴിമതിയെയും  അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ വെറും കളിതമാശയാക്കി മാറ്റുന്ന വിദ്യാഭ്യാസ വിദഗ്ധരെയും എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് ഈ ബുദ്ധിജീവികൾക്ക് കാര്യമായി ഒന്നും നിർദ്ദേശിക്കാനില്ല.വലിയ ധാർമികരോഷം ഭാവിക്കെത്തന്നെ സ്വയം രക്ഷിക്കാൻ ഉതകും വിധത്തിലുള്ള ചെരിഞ്ഞ ഒരു നിൽപാണ് ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള ബുദ്ധിജീവികളിൽ മഹാഭൂരിപക്ഷത്തിന്റെതും. രാഷ്ട്രീയക്കാരിലെ തികഞ്ഞ അഭ്യാസികളിൽ നിന്ന് അധികമൊന്നും അകലെയല്ല അവർ.അതുകൊണ്ടു തന്നെ  രാഷ്ട്രീയസംഘർഷങ്ങൾ കൊണ്ടും അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യം കൊണ്ടും വർഗീയശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മനുഷ്യവിരുദ്ധ നടപടികൾ കൊണ്ടും കോർപ്പറേറ്റ് ഭീമന്മാരുടെ പല മേഖലകളിലേക്കുള്ള കടന്നുകയറ്റങ്ങൾ കൊണ്ടും  ആകെക്കൂടി അരക്ഷിതമായിത്തീരുന്നതിന്റെ ഭീതിയും അമ്പരപ്പും സമ്പത്തിന്റെയും അധികാരത്തിന്റെയും പിൻബലമില്ലാത്ത എല്ലാവരെയും  ബാധിക്കുമ്പോൾ  ധീരമായ ഒരഭിപ്രായം വഴിയെങ്കിലും ഒരു നുള്ള് വെളിച്ചം പകരാൻ കഴിയുന്ന ഒരു യഥാർത്ഥബുദ്ധിജീവിയ്ക്കുവേണ്ടി പൊതുസമൂഹം ആഗ്രഹിച്ചുപോവുന്നു.അപ്പോൾ നിലവിലുള്ള ബുദ്ധിജീവികളിൽ ആരുടെയും രൂപം പൂർണവിശ്വാസത്തോടെ അവരുടെ മനസ്സിലേക്ക് കടന്നുവരുന്നില്ല.അത്തരം സന്ദർഭങ്ങളിലാണ് വിജയൻമാഷുടെ അഭാവം കേരളത്തിലെ സാധാരണ മനുഷ്യരെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്. 'മാഷുണ്ടായിരുന്നെങ്കിൽ' എന്ന് .അപ്പോഴെല്ലാം അവർ വേദനയോടെ ഓർത്തുപോവുന്നു.

(ശാന്തം മാസിക ഒക്‌ടോബർ 2015

No comments:

Post a Comment