Pages

Wednesday, July 20, 2016

വായനാപരിശീലനം

ചില എഴുത്തുകാർ കൈവരിച്ചിരിക്കുന്ന ചിഹ്നമൂല്യത്തെ വീണ്ടുവിചാരമില്ലാതെ അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ അവരുടെ കൃതികളെ വാഴ്ത്തിപ്പറയുന്ന എത്രയോ പേർ കേരളത്തിലെ വായനക്കാർക്കിടയിലുണ്ട്.മലയാളികളുടെ സാഹിത്യാസ്വാദനത്തിന്റെ ഗുണനിലവാരം അവരുടെ അഭിപ്രായങ്ങളെ ആധാരമാക്കിയാണ് നിർണയിക്കുന്നതെങ്കിൽ തികച്ചും നിരാശാജനകമായിരിക്കും ഫലം .അല്പം പോലും വിവേചനശേഷിയില്ലാത്ത വായനക്കാർ മുമ്പും ഉണ്ടായിരുന്നു. മാധ്യമങ്ങളും നിരൂപകരും സാഹിത്യസ്ഥാപനങ്ങളും കൊണ്ടാടുന്ന ഒരു കൃതിയെ കുറിച്ച് ഒരു സാഹചര്യത്തിലും അവർ വിപരീതാഭിപ്രായം പറഞ്ഞിരുന്നില്ല.അതിനുള്ള അവകാശം തങ്ങൾക്കില്ല എന്നു കരുതിപ്പോന്ന ഈ വായനക്കാരെപ്പറ്റി ഭീരുക്കൾ എന്നല്ല വ്യാജന്മാർ എന്നു തന്നെയാണ് പറയേണ്ടത്.വ്യാജന്മാരുടെയും വിവേചനശേഷിയറ്റവരുടെയും അലസമായി അഭിപ്രായ രൂപീകരണം നടത്തുന്നവരുടെയും എണ്ണം പെരുകിക്കൊണ്ടേയിരിക്കുന്നു എന്നതാണ് മലയാളത്തിലെ സാഹിത്യവായന ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.
പല കാരണങ്ങളാലാണ് വായനക്കാരുടെ ലോകം ഇത്തരത്തിൽ ആയിത്തീർന്നത്.അവ ഏതൊക്കെയെന്ന് കണ്ടെത്തുന്നത് മലയാളത്തിലെ വായനയെ മാത്രമല്ല എഴുത്തിനെയും ആരോഗ്യകരമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോവുന്നതിന് അത്യാവശ്യമാണ്.
സാഹിത്യവും മാനവികവിഷയങ്ങളും പഠനപദ്ധതിയിൽ രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ തള്ളിനീക്കേണ്ടുന്നവയാണ് എന്നൊരു ധാരണ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി പൊതുസമൂഹത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്.രക്ഷിതാക്കളിൽ ബഹുഭൂരിപക്ഷവും ഈ ധാരണ പങ്കുവെക്കുന്നവരാണ്. വലിയൊരു ശതമാനം വിദ്യാർത്ഥികളും ചെറുപ്രായം മുതൽക്കേ ഈ നിലപാടിന് അനുകൂലമായി ചിന്തിക്കുന്നവരായിട്ടാണ് വളർന്നു വരുന്നത്.മെഡിസൻ,എഞ്ചിനിയറിംഗ്, എന്നിവയോ ഇലക്‌ട്രോണിക്‌സ്,കംപ്യൂട്ടർ സയൻസ്,ഏവിയേഷൻ,ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളോ പഠിക്കാൻ പറ്റാതെ വരുന്നവർ മാത്രമേ സാഹിത്യവും ചരിത്രവും മറ്റും പഠിക്കേണ്ടതുള്ളൂ എന്നതാണ് സമൂഹത്തിൽ ഏറെക്കുറെ പൊതുസമ്മതി നേടിക്കഴിഞ്ഞിരിക്കുന്ന വിദ്യാഭ്യാസസങ്കൽപത്തിന്റെ കാതൽ.ഈ നില തുടരുന്നിടത്തോളം ഗൗരവപൂർണമായ സാഹിത്യപഠനത്തിലേക്കും സംസ്‌കാരപഠനത്തിലേക്കും തിരിയാൻ ശേഷിയുള്ള വളരെ കുറച്ചുപേരെ മാത്രമേ കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും ബന്ധപ്പെട്ട വകുപ്പുകളിൽ വിദ്യാർത്ഥികളായി പ്രതീക്ഷിക്കാനാവൂ.ആ ചെറുന്യൂനപക്ഷത്തിലൂടെ സാമൂഹ്യജീവിതത്തിന്റെ വെളിച്ചം കുറഞ്ഞ കോണിൽ അരക്ഷിതാവസ്ഥയിൽ ജീവൻ നിലനിർത്തിപ്പോരണ്ടിവരും അർത്ഥവത്തായ വായനയ്ക്കും പഠനത്തിനും മനനത്തിനുമെല്ലാം.
ഗ്രന്ഥാലയങ്ങളും വായനശാലകളുമാണ് നമ്മുടെ നാട്ടിലെ,വിശേഷിച്ചും ഗ്രാമങ്ങളിലെ ധൈഷണികജീവിതത്തെ ഒന്നുരണ്ട് ദശകം മുമ്പ് വരെയും സജീവമാക്കി നിർത്തിയിരുന്നത്.രാഷ്ട്രീയ സാമൂഹ്യപ്രശ്‌നങ്ങളും അപ്പപ്പോഴത്തെ സാഹിത്യസംവാദങ്ങളിലെ കേന്ദ്രാശയങ്ങളുമെല്ലാം വായനശാലകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.ഏറ്റവും പുതി മലയാള പുസ്തകങ്ങളുടെ ഗൗരവപൂർണമായ ആസ്വാദനവും വിമർശനങ്ങളുമെല്ലാം വായനശാലാ കൂട്ടായ്മകളിൽ നടന്നിരുന്നു.അവയെല്ലാം ഇല്ലാതാവാൻ തുടങ്ങിയത് രാഷ്ട്രീയത്തിന്റെ അർത്ഥം പ്രായോഗിക രാഷ്ട്രീയം എന്ന് പരിമിതപ്പെടാൻ തുടങ്ങിയതോടെയാണ്.ചരിത്രവും രാഷ്ട്രീയ ദർശനവും പഠിച്ച് ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ വർത്തമാനത്തിലെ രാഷ്ട്രീയാനുഭവങ്ങളെ വിശകലനം ചെയ്യുന്നതിൽ രാഷ്ട്രീയ നേതാക്കൾ തന്നെ വൈമുഖ്യം കാണിച്ചുതുടങ്ങിയത് ബഹുജനത്തിന്റെ സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയമായ അറിവിന്റെയും വളർച്ചയെ പ്രതികൂലമായി ബാധിച്ചത് സ്വാഭാവികം മാത്രമാണ്.പ്രായോഗികബുദ്ധിയും ലാഭചിന്തയും രാഷ്ട്രീയത്തിന്റെ മുഖ്യചാലക ശക്തികളാവുമ്പോൾ ജനതയുടെ ധൈഷണികജീവിതം പരിക്ഷീണമാവുക തന്നെ ചെയ്യും.ഇത്തരത്തിലുള്ള മാറ്റം അല്പം മുമ്പേ തന്നെ ആരംഭിച്ചതാണെങ്കിലും അതിന് അമ്പരപ്പിക്കും വിധം ഗതിവേഗമേറിയത് കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിലാണ്.
കേരളത്തിലെ എല്ലാ ഗ്രന്ഥാലയങ്ങളിലും വർഷം തോറും ധാരാളം പുതിയ പുസ്തകങ്ങൾ എത്തിക്കൊണ്ടിരുന്നുണ്ടെങ്കിലും പുതിയ തലമുറ അവയിൽ താൽപര്യം കാണിക്കുന്നില്ലെന്നാണ് പൊതുവെ ഗ്രന്ഥശാലാ പ്രവർത്തകർ പറയാറുള്ളത്.സ്‌കൂൾ കുട്ടികൾ അസൈൻമെന്റ് എഴുതുന്നതിനുള്ള പുസ്തകങ്ങൾ തിരഞ്ഞെത്തുന്ന പതിവ് എല്ലായിടത്തും ഉണ്ടെങ്കിലും സാഹിത്യാസ്വാദനമോ ജ്ഞാനസമ്പാദനമോ ലക്ഷ്യമാക്കിയുള്ള വായന പുതുതലമുറക്ക് മിക്കവാറും അന്യമായിരിക്കുന്നതായിട്ടാണ് അവർ നിരീക്ഷിക്കുന്നത്.സാഹിത്യത്തെയും സർഗാത്മകതയുടെ ഇതരഫലങ്ങളെയും നേരിട്ടുള്ള പ്രയോജനത്തിന്റെ ഇത്തിരിവട്ടത്തിൽ മാതം കാണാനാണോ അവർ പരിശീലിപ്പിക്കപ്പെട്ടുവരുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
                           വീണ്ടെടുക്കേണ്ട മൂന്നാം കണ്ണ്
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളിലെ നിലനിൽപ് എന്നതിലപ്പുറമുള്ള ലക്ഷ്യങ്ങൾ ജീവിതത്തിന് ഉണ്ടാകേണ്ടതാണെന്നും മനുഷ്യവംശം ആർജ്ജിച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള ബൗദ്ധിക വളർച്ചകൾക്കും പിന്നിൽ എത്രയോ പേരുടെ ലാഭേച്ഛയില്ലാത്ത  പ്രവർത്തനങ്ങളും സർഗാത്മകാവിഷ്‌കാരങ്ങളിലൂടെ പ്രസരിച്ച ഊർജവും ഉണ്ടെന്നുള്ള അറിവ് സ്വന്തമാക്കാൻ കഴിയാത്ത ഒരു തലമുറയിൽ നിന്ന് സമൂഹത്തിന് കാര്യമായി ഒന്നും പ്രതീക്ഷിക്കാനാവില്ല.സാങ്കേതിക വിദ്യയുടെ വളർച്ച ജീവിതത്തിലേക്ക് ഇനിയും ഒരുപാട് സൗകര്യങ്ങളും വസ്തുക്കളും കൊണ്ടുവരുമെന്നതിൽ യാതൊരു സംശയവുമില്ല.പക്ഷേ,അവ കൊണ്ടുമാത്രം മനുഷ്യാവസ്ഥയിലൂടെ  സാധ്യമാവുന്ന അനേകം ആനന്ദങ്ങളുടെ സാക്ഷാത്കാരത്തിന് ഒരു സമൂഹവും പ്രാപ്തമാവുകയില്ല.ഭാവനയുടെയും മൗലികമായ ചിന്തയുടെയും വലിയ ലോകങ്ങളുമായി  ആത്മബന്ധം സ്ഥാപിക്കുന്നതിലൂടെ മാത്രമേ നമ്മുടെ ഉണ്മയെ ജീവിതസാധാരണകൾക്കപ്പുറത്തുള്ള വലിയ ഉണർവുകളിലേക്കും ആനന്ദങ്ങളിലേക്കും കൊണ്ടുപോവാൻ കഴിയൂ.ആ സാധ്യത എന്തെന്നറിയാതെ അജ്ഞതയുടെ സുഖത്തിൽ ആണ്ടുമുഴുകി ആത്മവിസ്മൃതിയടയുന്നവർക്ക് ഒരു സമൂഹത്തിന്റെ മാനസിക ജീവിതത്തിൽ ശ്രദ്ധേയമായ യാതൊരു ചലനവും സൃഷ്ടിക്കാനാവില്ല.
സമകാലിക ജീവിതം നിലനിൽക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പരിസരങ്ങളെ പറ്റി അനേകമനേകം തെറ്റിദ്ധാരണകൾ വളർത്തുന്ന ഒട്ടു വളരെ മാധ്യമങ്ങളും ഏജൻസികളും നമുക്ക് ചുറ്റും സജീവമാണ്. നല്ല ആഹാരം,നല്ലവസ്ത്രം,നല്ല വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ചുള്ള  ആശയങ്ങൾ മാത്രമല്ല സ്പ്നങ്ങൾ പോലും കൃത്രിമമായി സൃഷ്ടിച്ച് നമ്മെക്കൊണ്ട് സ്വീകരിപ്പിക്കുന്ന വ്യാജത്വത്തിന്റെ സംസ്‌കാരമാണ് എല്ലാവരെയും വലയം ചെയ്തിരിക്കുന്നത്.'കഥയിലും കവിതയിലും സംഗീതത്തിലും ഇതര കലകളിലൂം അനാവരണം ചെയ്യപ്പെടുന്ന സത്യത്തിന്റെ വിശുദ്ധ സൗന്ദര്യം നമുക്കാവശ്യമുണ്ട്;ഭാവനയുടെ മൂന്നാം കണ്ണ് നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.'(The Republic of Imagination- Azar Nafisi) അത് സാധ്യമാവണമെങ്കിൽ സാഹിത്യവായനയും ചർച്ചകളുമെല്ലാം സമൂഹത്തിൽ നിരന്തരം നടന്നുകൊണ്ടേയിരിക്കണം.എന്നാൽ കല നിർവഹിക്കുന്ന സമുന്നതമായ സത്യബോധനത്തെ പറ്റി നേരിയ ധാരണ പോലുമില്ലാതെയാണ് പുതിയ തലമുറയിലെ ബഹുഭൂരിപക്ഷവും വളർന്നുവരുന്നത്.പഠനത്തിന്റെ ഭാഗമായി അവർ പാഠപുസ്തകങ്ങൾക്കു പുറത്തുള്ള പുസ്തകങ്ങളും വായിക്കാൻ നിർബന്ധിതരാവുന്നുണ്ട്.സ്‌കൂളിൽ വെച്ചു തന്നെ മികച്ച ഡോക്യുമെന്ററി സിനിമകളും ഫീച്ചർ ഫിലുമുകളുമെല്ലാം കാണാനും അവയെ പറ്റിയുള്ള ചർച്ചകൾ കേൾക്കാനും അവർക്ക് അവസരം ലഭിക്കുന്നുണ്ട്.അവർ കൂട്ടായി നോവലെഴുതുകയും കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.പരിസ്ഥിതി ബോധവൽകരണ ക്ലാസുകളിലും ലഹരിവിരുദ്ധ പരിപാടികളിലും അവർ പങ്കെടുക്കുന്നുണ്ട്.മൺമറഞ്ഞ മഹാന്മാരായ കവികളെയും കലാകാരന്മാരെയും അനുസ്മരിക്കാനുള്ള പ്രത്യേകമായ അവസരങ്ങൾ അവർക്ക് നൽകപ്പെടുന്നുണ്ട്.ഇത്രയെല്ലാമായിട്ടും എന്തുകൊണ്ട് അവരുടെ മനോലോകത്തിന് കലയുടെയും സാഹിത്യത്തിന്റെയും അനേകം മേഖലകളിലെ ജ്ഞാനാന്വേഷണത്തിന്റെയും വെളിച്ചങ്ങൾ അപരിചിതമായിത്തീരുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ശരിയായ ഉത്തരം ഇതാണ്: അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ലാഭചിന്തയാൽ നയിക്കപ്പെടുന്ന പുതിയ ലോകവ്യവഹാരങ്ങളുമായി ഇണങ്ങിപ്പോവും വിധം സൃഷ്ടിക്കപ്പെട്ടതാണ്.തന്ത്രപൂർവമായ അതിജീവനത്തിന്റെയും വളർച്ചയുടെയും ദർശനമാണ് ആ വിദ്യാഭ്യാസ സങ്കൽപത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
                                                 എന്തിന് പരിശീലനം?
 ഏറ്റവും പുതിയ തലമുറയെ പ്രത്യേകമായി പരിശീലിപ്പിച്ചും സാഹിത്യകൃതികളെ അപഗ്രഥനാത്മകമായും വിമർശനബുദ്ധിയോടെയും സമീപിക്കാൻ മുതിർന്നവരെ നിരന്തരം പ്രേരിപ്പിച്ചും തന്നെയേ വായനയുടെ മണ്ഡലത്തിൽ ഇന്ന് നിലവിലുള്ള പ്രതിസന്ധി മറികടക്കാനാവൂ.വായന എന്തിന് ,എങ്ങനെ പരിശീലിപ്പിക്കണം? എന്നതിന് കൃത്യമായി ഉത്തരം കണ്ടെത്തിക്കൊണ്ടു വേണം നമുക്ക് മുന്നോട്ടു പോവാൻ.എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ നാം എത്തിക്കഴിഞ്ഞു.എങ്ങനെ എന്നതിനുള്ള ഉത്തരമാണ് ഇനി അന്വേഷിക്കേണ്ടത്.
കയ്യിൽ കിട്ടുന്നതെന്തും ഞാൻ വായിക്കും എന്ന് പ്രായമായ ഒരാൾക്ക് വേണമെങ്കിൽ പറയാം.കാരണം വായിക്കുന്നതെന്തായാലും അതിൽ നിന്ന് എന്ത് സ്വീകരിക്കണം,എന്തൊക്കെ ഉപേക്ഷിക്കണം എന്നതിനെ പറ്റി സ്വാനുഭവത്തിലൂടെ അയാൾ കുറെയേറെ കാര്യങ്ങൾ ഗ്രഹിച്ചുകഴിഞ്ഞിരിക്കും.കുട്ടികളുടെ കാര്യം അങ്ങനെയല്ല.അവർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ  മുതിർന്നവർ  തന്നെ തിരഞ്ഞെടുത്ത് നൽകേണ്ടി വരും.പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ കാര്യത്തിലേ അതിന്റെ ആവശ്യമുള്ളൂ.അപ്പോൾ തന്നെയും കുട്ടികൾ ഗൗരവമായ വായനയക്ക് തീരെ പ്രാപ്തരല്ല എന്ന ധാരണയോടെയാവരുത് മുതിർന്നവർ നടത്തുന്ന തിരഞ്ഞെടുപ്പ്.യു.പി.സ്‌കൂൾ പിന്നിടുമ്പോഴേക്കു തന്നെ ക്ലാസിക് കൃതികൾ വായിക്കുന്നതിനു പോലും കുട്ടികൾ പ്രാപ്തി നേടിക്കഴിഞ്ഞിരിക്കും.മഹത്തായ എല്ലാ സാഹിത്യകൃതികളും അവയുടെ ദാർശനികഗാംഭീര്യവും സാഹിത്യഭംഗിയും ഗ്രഹിച്ച് വായിക്കാൻ അവർക്ക് കഴിയണമെന്നില്ല.ഈഡിപ്പസ് നാടകമോ കുമാരനാശാന്റെ 'നളിനി'യോ 'പ്രരോദന'മോ മാർക്കേസിന്റെ 'Autumn of the Patriarch' എന്ന നോവലോ അവരുടെ അവധാരണത്തിന്റെ വരുതിയിൽ നിൽക്കില്ല.എന്നാൽ ആശാന്റെ 'ചണ്ഡാലഭിക്ഷുകി'യും 'ദുരവസ്ഥ'യും ഹെമിങ്‌വേയുടെ 'കിഴവനും കടലും' വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങളും' ദസ്തയേവ്‌സ്‌കിയുടെ 'കുറ്റവും ശിക്ഷയും' പി.കുഞ്ഞിരാമൻ നായരുടെ 'നരബലി'യും ടാഗോർ കഥകളും താരാശങ്കർ ബാനർജിയുടെ 'ആരോഗ്യനികേതന'വുമെല്ലാം അവർക്ക് ആസ്വദിച്ച് വായിക്കാനാവും.
വായന കരുതലോടെ നിർവഹിക്കണമെന്നും ഒരു കഥയിലെയോ നോവലിലെയോ അനുഭവങ്ങളെ സ്വന്തം ജീവിതത്തിലേക്ക് പകർത്താനുള്ള പ്രേരണയല്ല മറിച്ച് കൃതികളിലെ ജീവിതത്തെ അനുഭാവപൂർവം മനസ്സിലാക്കാനുള്ള സന്നദ്ധതയാണ് വേണ്ടതെന്നും കുട്ടികളെ പഠിപ്പിക്കുക തന്നെ വേണം.ഇത് വളരെ പ്രാഥമികമെങ്കിലും പ്രധാനപ്പെട്ട സംഗതിയാണ്.ജീവിതത്തെ വലിയ ഉൾക്കാഴ്ചയോടെ സമീപിച്ചിട്ടുള്ള മഹത്തായ സാഹിത്യകൃതികളിൽ നിന്ന് വിവരണാതീതമെന്നു തന്നെ പറയാവുന്ന ഉദാത്തമായ മാനസികാനുഭവങ്ങൾ കുട്ടികൾക്ക് കൈവരും.അത് ഉയർന്ന മൂല്യബോധത്തോടെ,ആഴത്തിലുള്ള ജീവിതബോധത്തോടെ മുന്നോട്ടുപോവാൻ അവരെ സഹായിക്കും.
വലിയ അധ്വാനമില്ലാതെയും തികഞ്ഞ വ്യാപാരബുദ്ധിയോടെയും എഴുത്തിനെ സമീപിച്ചതിന്റെ ലക്ഷണങ്ങൾ വളരെ പ്രകടമായിരിക്കുന്ന കൃതികളെ പോലും എഴുത്തുകാരന്റെ പേരിനു നേർക്കുള്ള ഭയഭക്തിബഹുമാനങ്ങൾ കാരണം തികഞ്ഞ വിധേയത്വത്തോടെ സ്വീകരിക്കുന്ന വായനക്കാരുടെ സാഹിത്യാസ്വാദനം അവർ സ്വയം തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും വ്യാജമാണ്.തന്റെ മാതൃഭാഷയിലും താൻ അടുത്തിടപഴകുന്ന അന്യഭാഷകളിലും ഒരു സാഹിത്യരൂപം കൈവരിച്ചിരിക്കുന്ന വളർച്ചയെ പറ്റി ശരിയായ ധാരണ ഉള്ള ഒരാൾ മാത്രമേ നല്ല വായനക്കാരൻ/വായനക്കാരി ആവുകയുള്ളൂ.മലയാള ചെറുകഥയ്ക്ക് നൂറ്റിരുപത്തഞ്ച് വയസ്സായെന്നും ഭാഷയിലെ ആദ്യചെറുകഥയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന 'വാസനാവികൃതി' ഇന്നു പോലും എത്ര ആഴമുള്ള വായനാനുഭവം നൽകുന്നുവെന്നും അറിയാത്ത ഒരാൾക്കു മാത്രമേ  ലബ്ധപ്രതിഷ്ഠരായ ചില കഥാകാരന്മാർ ഈയിടെ എഴുതിയ പല കഥകളും വായിച്ച് രോമാഞ്ചമണിയാനാവൂ.
      ഒരു സാഹിത്യകൃതി മുന്നോട്ടു വെക്കുന്ന ജീവിതദർശനം അറുപഴഞ്ചനായിരുന്നാൽത്തന്നെയും അതിന്റെ ആഖ്യാനം പുതുമ അനുഭവപ്പെടുത്തുന്നതും രസകരവും ആയേക്കാം.പക്ഷേ,ആഖ്യാനം സൃഷ്ടിക്കുന്ന മായാവലയത്തിൽ കുടുങ്ങി കൃതിയുടെ പ്രത്യയശാസ്ത്രപരമായ അടിസ്ഥാനം ഇന്നതാണെന്ന യാഥാർത്ഥ്യം വിസ്മരിച്ചു പോവുവിധം അകക്കാമ്പില്ലാത്ത വായനയെ ബുദ്ധിപൂർവകവും ഓജസ്സുറ്റതുമായ വായനയായി അംഗീകരിക്കാനാവില്ല.ദർശനത്തിന്റെ മേഖലയിൽ നടന്നിട്ടുള്ള വലിയ അന്വേഷണങ്ങളുമായി സാമാന്യമായെങ്കിലും പരിചയപ്പെടേണ്ടത് നല്ല വായനയെ ഉറപ്പാക്കുന്നതിനുള്ള  പ്രധാനഘടകങ്ങളിലൊന്നാണ്.ചരിത്രത്തെ എന്തിനെന്നില്ലാതെ വ്യാഖ്യാനിച്ചു കൊണ്ടിരിക്കലും മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യവുമായ എല്ലാ അനുഭവങ്ങളിലും ഉൾച്ചേർന്നിരിക്കുന്ന വൈരുദ്ധ്യങ്ങളെ വെറുതെ മനസ്സിലാക്കി അംഗീകരിക്കലും ദാർശനികമായ ഉണർവിന്റെ അടയാളങ്ങളല്ല എന്ന് സാഹിത്യവായനക്കാരും തിരിച്ചറിയണം.അല്ലെങ്കിൽ ദർശനത്തിന്റെ ലോകത്തെ പഴയ സാന്നിധ്യങ്ങൾ പുതിയ കാലത്ത് പ്രച്ഛന്ന രൂപത്തിൽ അവതരിക്കുമ്പോൾ അവയെ പുതുതെന്ന് തെറ്റിദ്ധരിച്ച് കൊണ്ടാടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.
വായനയുടെ കാര്യത്തിൽ കുട്ടികൾക്ക് നൽകുന്നതു പോലുള്ള ഉപദേശങ്ങളൊന്നും മുതിർന്നവർക്ക് നൽകാനാവില്ല.എന്ത് വായിക്കണം,എന്ത് വായിക്കരുത് എന്ന് തീരുമാനിക്കുന്നതിന് തനിക്ക് മറ്റൊരാളുടെയും സഹായം ആവശ്യമില്ലെന്ന് വിശ്വസിക്കുന്നവരായിരിക്കും അവരിൽ ഓരോരുത്തരും.എന്നു വെച്ച് അവരുടെ ആസ്വാദനവും മൂല്യനിർണയനവും ഉയർന്ന നിലവാരം പുലർത്തുന്നതായിരിക്കും എന്ന് ഉറപ്പിക്കാനാവില്ല.കേവലം അനുകരണാത്മകമായ വായനയും സാംസ്‌കാരിക ഉൽപാദനോപകരണങ്ങൾക്കു മേൽ അധീശത്വമുള്ളവർ നിർമിച്ചെടുത്ത് പൊതുസമ്മതി സൃഷ്ടിച്ചെടുക്കുന്ന ഭാവുകത്വത്തിന് വീണ്ടുവിചാരമില്ലാതെ കീഴ്‌പ്പെടലും ശീലമാക്കിയവർ അവർക്കിടയിൽ ഒരു പാട് പേരുണ്ടാവും.സാഹിത്യസിദ്ധാന്തങ്ങളെയും അപഗ്രഥന സങ്കേതങ്ങളെയും കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി നിർത്തുകയും നിരൂപണത്തെ ശക്തിപ്പെടുത്തുകയുമാണ് അവരുടെ ഭാവുകത്വത്തിൽ ഇടപെടുന്നതിനുള്ള വഴികൾ.അത്തരത്തിലുള്ള ഇടപെടലുകൾ വളരെ അത്യാവശ്യമായിത്തീർന്നിരിക്കുന്ന വഴിത്തിരിവിലാണ് മലയാളത്തിലെ സാഹിത്യവായന ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.



No comments:

Post a Comment