Pages

Saturday, June 9, 2012

മാഫിയാരാഷ്ട്രീയത്തിനെതിരെ പൊതുബോധത്തെ ഉണര്‍ത്തുക

സുഹൃത്തുക്കളേ,
ഏപ്രില്‍ അവസാനവാരത്തില്‍ ഒരു ദിവസമാണ് ശ്രീ.മാത്യു.ജെ.മുട്ടത്ത് ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യഅവാര്‍ഡ് എനിക്കാണെന്ന കാര്യം വിളിച്ചറിയിച്ചത്. വളരെ സന്തോഷത്തോടെയാണ് ആ വിവരം അന്ന് ഞാന്‍ കേട്ടത്.പക്ഷേ,അന്നത്തേതുമായി വിദൂരബന്ധം പോലുമില്ലാത്ത മാനസികാവസ്ഥയിലാണ് ഇന്ന് അല്പം മുമ്പ് ഈ അവാര്‍ഡ് ഞാന്‍ സ്വീകരിച്ചത്. അതിനുള്ള കാരണം ഇവിടെ കൂടിയിരിക്കുന്നവര്‍ക്കെല്ലാം അറിയാം.എന്റെ  പ്രസംഗം ഈ ചടങ്ങിന്റെ അവസാനഭാഗമാണ്.ഇത് കേരളത്തിലെ എത്രയോ ആയിരം മനുഷ്യര്‍ക്ക് വായനാ സാക്ഷരത നല്‍കിയ,അനേകായിരം സാധാരണ മനുഷ്യരെ പ്രണയത്തിന്റെ ആഹ്ളാദവും വേദനകളും അനുഭവിപ്പിച്ച, ഒരെഴുത്തുകാരന്റെ ഓര്‍മയെ ആദരിക്കുന്ന ചടങ്ങ് കൂടിയാണ്.കരാളമായൊരു നരഹത്യക്കു പിന്നിലെ രാഷ്ട്രീയത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഈ അവസരം ഉപയോഗിച്ചുകൂടാത്തതാണ് .അതുകൊണ്ടു തന്നെ അതിന് ഞാന്‍ മുതിരുന്നില്ല.മെയ് 4ന് രാത്രി വടകരക്ക് വളരെ അടുത്തുവെച്ച് വെട്ടിക്കൊലചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍ എന്ന ധീരനായ ജനനായകന്റെ ഓര്‍മക്കു മുന്നില്‍ ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
വായനയുടെ ആദ്യഘട്ടത്തില്‍ മുട്ടത്തുവര്‍ക്കിയുടെ കഥാലോകം തങ്ങള്‍ക്കു തന്ന അനുഭവങ്ങളെ ഗൃഹാതുരതയോടെ ഓര്‍മിക്കുന്നവരാണ് എന്റെ തലമുറയിലെ മിക്ക വായനക്കാരും.അദ്ദേഹത്തിന്റെ 132 കൃതികളില്‍ ഇണപ്രാവുകള്‍,തെക്കന്‍കാറ്റ്,മയിലാടും കുന്ന് എന്നിങ്ങനെ ഏതാനും നോവലുകളും ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ബാലസാഹിത്യകൃതിയും  മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.എല്ലാം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്.ദരിദ്രരും ലളിതചിത്തരുമായ നായികമാര്‍ പ്രണയത്തിന്റെ ഭാഗമായി അനുഭവിക്കുന്ന നൊമ്പരങ്ങള്‍, അവരുടെ ജീവിതപരിസരങ്ങളുടെ ഭാഗമായി എഴുത്തുകാരന്‍ വാക്കുകളില്‍ വരച്ചുവെച്ച ഗ്രാമപ്രകൃതിയുടെ ചില ദൃശ്യങ്ങള്‍ ഇത്രയുമാണ് അന്നത്തെ ആ വായനയുടെ ഓര്‍മയായി മനസ്സില്‍ ബാക്കി നില്‍ക്കുന്നത്.
ദാരിദ്യത്തിന്റെയും അനേകം ഇല്ലായ്മകളുടെയും ലോകത്തെ പ്രണയം കൊണ്ട് മധുരമനോഹരമാക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സാധാരണ മനുഷ്യരുടെ കഥ പ്രസാദപൂര്‍ണമായ ഭാഷയില്‍ സരളമായി അവതരിപ്പിച്ച എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി.സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ മനുഷ്യബന്ധങ്ങളില്‍ എങ്ങനെയൊക്കെ ഇടപെടുന്നുവെന്നത് മുട്ടത്തുവര്‍ക്കിയുടെയും അന്വേഷണ വിഷയമായിരുന്നു.'ഇണപ്രാവുകളി' ലൊരിടത്ത് എഴുത്തുകാരന്‍ തന്നെ പറഞ്ഞിരിക്കുന്നതുപോലെ  'ലോകത്തിന്റെതായ ധനതത്വശാസ്ത്രത്തെ അതിനേക്കാള്‍ എത്രയോ കരുത്തുള്ള സ്വന്തം സ്നേഹശാസ്ത്രം' കൊണ്ട് എതിരടുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.ഏതെങ്കിലും രാഷ്ട്രീയദര്‍ശനത്തിന്റെയോ അപഗ്രഥന സങ്കേതത്തിന്റെയോ പിന്‍ബലത്തോടെയല്ല മുട്ടത്തു വര്‍ക്കി പ്രശ്നങ്ങളെ സമീപിച്ചത്.പ്രണയാനുഭവത്തിന്റെ പരിസരങ്ങളിലാണ് സാമൂഹ്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെ അദ്ദേഹം അവതരിപ്പിച്ചത്.തന്റെ എഴുത്തിന്റെ സഞ്ചാരപഥമായി അദ്ദേഹം കണ്ടത് ദാര്‍ശനിക സമസ്യകളെയും രാഷ്ടീയ പ്രശ്നങ്ങളെയും ബുദ്ധികൊണ്ട് പിന്തുടരാത്ത സാധാരണ മനുഷ്യരുടെ ഹൃദയ വികാരങ്ങളെയും ദൈനംദിന ജീവിതാനുഭവങ്ങളെയുമാണ്.ഈ സമീപനം കൊണ്ടാണ് കഥാവസ്തുവിനെ  സങ്കീര്‍ണതകളേതുമില്ലാതെ അതീവലളിതമായി വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
മലയാളിസമൂഹം അനുഭവങ്ങളെയും അനുഭൂതികളെയും സ്വീകരിക്കുന്ന ഘടന കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയില്‍ ഒരുപാട് മാറിയിരിക്കുന്നു.നമ്മുടെ മൂല്യബോധത്തിലും ജീവിതസങ്കല്പങ്ങളിലും ഇതിനകം വന്നുചേര്‍ന്ന മാറ്റങ്ങള്‍ മുട്ടത്തുവര്‍ക്കിയുടെ രചനാലോകം സൃഷ്ടിക്കുന്ന മനോനിലയില്‍ നിന്നും എത്രയോ അകലെയാണ്.
ആശയങ്ങളുടെയും അനുഭൂതികളുടെയും ആവിഷ്ക്കാരവും വിനിമയവും ഉള്‍പ്പെടെയുള്ള എല്ലാ ജീവിത വ്യവഹാരങ്ങളെയും ആയാസരഹിതമാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന ഒരുപാട് വസ്തുക്കളും സൌകര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.പക്ഷേ, ജീവിത ത്തിലേക്ക് പുതിയ കാറ്റും വെളിച്ചവും വന്നെത്തുന്നുവെന്ന് ആശ്വാസം കൊള്ളാവുന്ന പരിസരം ഒരു വശത്ത് രൂപപ്പെടുമ്പോള്‍  മറുവശത്ത് പുതിയ പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും തിക്കിത്തിരക്കിയെത്തുന്നുണ്ട്.ബഹുരാഷ്ട് മൂലധനശക്തികളുടെയും അവരുടെ ഒത്താശക്കാരുടെയും വിപണിതാല്പര്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്കും സംസ്കാരത്തിനും മേല്‍ സാധിക്കുന്ന കടന്നാക്രമണങ്ങളുടെ ഭാഗമായി വിവിധ തലങ്ങളില്‍ രൂപം കൊള്ളുന്ന പ്രത്യക്ഷവും പരോക്ഷവുമായ സംഘര്‍ഷങ്ങള്‍,ഭരണകൂടസ്ഥാപനങ്ങളും സാമ്പത്തിക അധികാരകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന നാനാതരം തടസ്സങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സര്‍ക്കാരാപ്പീസുകളിലും വിപണിയിലുമെല്ലാം സംഭവിക്കുന്ന കൊടിയ നീതിനിഷേധങ്ങള്‍ ഇവയെയെല്ലാം നേരിടുന്നതിനുവേണ്ടിയാണ് നമ്മുടെ കാലത്തെ ഏറെക്കുറെ എല്ലാ മനുഷ്യരുടെയും ബൌദ്ധികവും മാനസികവുമായ ഊര്‍ജത്തിന്റെ മുക്കാല്‍ പങ്കും ചെലവഴിക്കപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനുള്ള ആലോചനകളിലേക്കും പ്രവൃത്തികളിലേക്കും തിരിയേണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം വലിയ സാമ്പത്തിക അധികാരകേന്ദ്രങ്ങളായി മാറുന്നതിലും പൊതുജീവിതത്തിന്റെ സമസ്തതലങ്ങളിലും തങ്ങളുടെ മേധാവിത്വം ഉറപ്പാക്കുന്നതിനുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള ഗോത്രപ്പോരിന്റെയും കുടിപ്പകയുടെയും മനോലോകങ്ങളിലേക്ക് അവര്‍ ജനങ്ങളെ വലിച്ചിഴക്കുന്നത് അതുകൊണ്ടാണ്. വാസ്തവത്തില്‍ ഇന്ന് നിലവിലുള്ളതിനേക്കാള്‍ എത്രയോ നവീകൃതവും പുരോഗമനപരവുമായ രാഷ്ട്രീയവും സാംസ്കാരികാന്തരീക്ഷവും നാം അര്‍ഹിക്കുന്നുണ്ട്.ജീവിതത്തിന്റെ ഭൌതികവും ആത്മീയവുമായ പരിസരങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുകഴിഞ്ഞതിനു ശേഷവും കുടുംബം മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വരെയുള്ള  സ്ഥാപനങ്ങളെ കുറിച്ചെല്ലാം പല ദശകങ്ങള്‍ പഴക്കമുള്ള സങ്കല്പങ്ങളെ മുറുകെ പിടിച്ച് കഴിയുന്ന വളരെ യാഥാസ്ഥിതികമായ സമൂഹമാണ് മലയാളികളുടേത്.
ഇത് മാറണമെങ്കില്‍ ആദ്യം അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കേണ്ടത് ജനജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന രാഷ്ട്രീയം എന്ന വ്യവഹാരത്തിനാണ്.
ദര്‍ശനത്തിന്റെ കാര്യത്തില്‍ തികച്ചും നിരക്ഷരരോ അങ്ങേയറ്റം ഉദാസീനരോ ആയ നേതാക്കളുടെ ബഹുവിതാനങ്ങളിലുള്ള അഴിമതികള്‍,സ്വതന്ത്രമായ ചിന്തയ്ക്കും പ്രവൃത്തിക്കുമെതിരായി അവര്‍ നടത്തുന്ന നീചമായമായ അധികാരപ്രയോഗങ്ങള്‍,അധോ ലോകപ്രമാണികളെ പോലെ പെരുമാറുന്ന നേതാക്കളുടെ നിര്‍ദ്ദേശാനുസരണം നടപ്പിലാക്കപ്പെടുന്ന ഭയങ്കരമായ ഹിംസാത്മകവൃത്തികള്‍ ഇവയൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സ്വാഭാവികഭാഗമാണെന്ന് കരുതേണ്ടുന്ന ഗതികേടിലാണ് നാം.ഈ വക കാര്യങ്ങളിലെല്ലാം വലതുപക്ഷത്തോട് മത്സരിക്കുന്ന,ചിലപ്പോള്‍ അവരെ ബഹുദൂരം പിന്നിലാക്കുന്ന ഇടതുപക്ഷമാണ് നമുക്കുള്ളതെന്നത് കാര്യങ്ങളെ കൂടുതല്‍ ഭയാനകമാക്കിത്തീര്‍ക്കുന്നു.ജനങ്ങളുടെ അറിവോടെയല്ലാതെ എന്നാല്‍ അവരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി നിര്‍വഹിക്കുന്ന ബഹുമുഖമായ ഭീകരപ്രവര്‍ത്തനമായി മാറുന്ന രാഷ്ട്രീയം ഒരു ജനതയ്ക്കും ആവശ്യമില്ല.ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പൊതുബോധം ഉണരുക എന്നതാണ്  ഇന്നത്തെ നമ്മുടെ അടിയന്തിരാവശ്യം. മതങ്ങളും മതാധിഷ്ഠിതമോ മതപ്രീണനപരമോ ആയ രാഷ്ട്രീയവും വിദ്യാഭ്യാസത്തിലും സംസ്കാരത്തിന്റെ ഇതരമേഖലകളിലും നടത്തുന്ന അധികാരപ്രയോഗങ്ങള്‍ക്കെതിരായ ചെറുത്തുനില്പും അത്രയും തന്നെ ഗൌരവം കല്പിച്ച് ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്.ഇത്തരം ഉത്തരവാദിത്വങ്ങളെ സമൂഹത്തിന്റെ സജീവശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കാനുണ്ട് എന്നു ഞാന്‍ കരുതുന്നു.
സാഹിത്യം ഒരു ജനതയുടെ അപ്പപ്പോഴത്തെ രാഷ്ട്രീയധാരണകളെയും അഭിപ്രായ രൂപീകരണത്തെയും സ്വാധീനിച്ചുകൊണ്ടേയിരിക്കണം എന്ന് നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല.അനുഭവങ്ങളുടെ അദൃശ്യതലങ്ങളിലെ ചെറുതും വലുതുമായ വൈകാരിക ചലനങ്ങളാണ് മിക്കപ്പോഴും സാഹിത്യത്തിന് സ്വന്തമായുള്ള ഇടം.എഴുത്ത് ആ ഒരു തലത്തിലെത്തുമ്പോഴാണ് എഴുതുന്നയാള്‍ ആവിഷ്ക്കാരത്തിന്റെ ആനന്ദം ശരിയായ അളവില്‍ അനുഭവിക്കുന്നത്.ബാഹ്യലോകത്തിന്റെ ആരവങ്ങളില്‍ നിന്നകന്ന് സ്വന്തം ആത്മാവിന്റെ ശബ്ദങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അനുഭവിക്കാനാവുന്ന ആത്മസംതൃപ്തിയ്ക്കും അഭിമാനത്തിനും എല്ലാ എഴുത്തുകാരും വലിയ മൂല്യം കല്പിക്കുന്നുണ്ട്.പക്ഷേ,സമൂഹത്തിന് പുറത്ത് സുരക്ഷിതമായ ഏതോ ഉളിത്താവളത്തിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ആത്മവിസ്മൃതിയിലെത്തുന്നതിന് സമാനമായ ഒരു പ്രവൃത്തിയാണ് സാഹിത്യരചന എന്ന നിലപാട് ഒരു ഘട്ടത്തിലും എനിക്ക് സ്വീകാര്യമായി തോന്നിയിട്ടില്ല. ഞാന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആധികളും ആത്മീയാവശ്യങ്ങളും എന്റെ എഴുത്തില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഒളിഞ്ഞും തെളിഞ്ഞും നാനാരൂപഭാവങ്ങളില്‍ പ്രതിബിംബിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
എഴുത്തുകാരന് ലഭിക്കുന്ന സാമൂഹ്യാംഗീകാരത്തിന്റെ പൊതുസമ്മതമായ ഒരു രൂപമാണ് അവാര്‍ഡ്.താരതമ്യേന വളരെ നിരുപദ്രവമായ ഒരു രൂപം.തനിക്ക് ലഭിച്ചതോ ലഭിക്കാനിടയുള്ളതോ ആയ ഏതെങ്കിലും അവാര്‍ഡ് എഴുത്തുകാരനെ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്ന് ഞാന്‍ കരുതുന്നില്ല.അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അയാളുടെ സ്വാര്‍ത്ഥതയും ഭീരുത്വവും ആര്‍ജവമില്ലായ്കയും മാത്രമായിരിക്കും അതിന് കാരണം.അവാര്‍ഡിനേക്കാള്‍ എത്രയോ ശക്തമായി എഴുത്തുകാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റ് പല ഘടകങ്ങളും എഴുത്തിന്റെ പരിസരങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.സന്ദര്‍ഭം ഇണങ്ങുന്നതല്ലെന്നതുകൊണ്ട് അത്തരം കാര്യങ്ങളുടെ വിശദീകരണത്തിലേക്ക് ഞാന്‍ കടക്കുന്നില്ല.2012ലെ മുട്ടത്ത് വര്‍ക്കി അവാര്‍ഡ് എനിക്ക് നല്‍കിയ മുട്ടത്തു വര്‍ക്കി സ്മാരകട്രസ്റിനോടും അവാര്‍ഡ് സമര്‍പ്പണം നര്‍വഹിച്ച ശ്രീ.ശ്രീകുമാരന്‍ തമ്പിയോടും ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരോടും ഈ ചടങ്ങിന്റെ സംഘാടകരായ വടകരയിലെ ബോധി എന്ന സംഘടനയുടെ പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു.
(മെയ് 28ന് വടകര ടൌണ്‍ഹാളില്‍ വെച്ച് 21-ാമത് മുട്ടത്തുവര്‍ക്കി അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗം)
   

2 comments:

  1. അവാര്‍ഡ് വിവരം പത്രത്തില്‍ വായിച്ച് അന്നുതന്നെ അറിഞ്ഞിരുന്നു. മുട്ടത്ത് വര്‍ക്കിയുടെ നോവലുകള്‍ എല്ലാം തന്നെ വായിച്ചിട്ടുണ്ട് ചെറുപ്പത്തില്‍. (അന്ന് ചിലരൊക്കെ “വര്‍ക്കത്ത് മുട്ടി” എന്ന് വിളിച്ച് അദ്ദേഹത്തെ പരിഹസിച്ചിരുന്നു.)

    ReplyDelete
  2. അച്ചടിച്ചുവന്നപ്പോള്‍ വായിച്ചതാണ്.
    നല്ല പ്രസംഗം.ഉചിതമായ വാക്കുകളും ആശയങ്ങളും.

    ReplyDelete