Pages

Thursday, June 21, 2012

വെന്ത മണ്ണില്‍

ജനങ്ങളോട് ചേര്‍ന്നുനില്‍ക്കാത്ത എഴുത്തുകാര്‍ വളരെ പെട്ടെന്ന് അറുപഴഞ്ചന്മാരായിത്തീരുന്ന സവിശേഷമായൊരു ഭാവുകത്വാവസ്ഥ മലയാളത്തില്‍ നിലവില്‍ വന്നിരിക്കുന്നു.ഒരുപക്ഷേ വളരെ താത്കാലികം മാത്രമായിരിക്കാം ഈ മാറ്റം.അരാഷ്ട്രീയതയും യാഥാസ്ഥിതികത്വവും മേല്‍ക്കൈ നേടുന്ന പതിവുരീതി വൈകാതെ മടങ്ങി വന്നേക്കാം.
എഴുത്തുകാര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍  പൊതുജനം പ്രത്യേകമായ പരിഗണന നല്‍കും.അവരുടെ വാക്കുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്പിക്കും.തങ്ങളെ ആകമാനം പിടിച്ചു കുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ രാഷ്ട്രീയക്കാരെയോ  മാധ്യമപ്രവര്‍ത്തകരെയോ ഒരു പരിധിയിലധികം അവര്‍ വിശ്വാസത്തിലെടുക്കില്ല.എഴുത്തുകാര്‍ എന്തു പറയുന്നു എന്നറിയാനാണ് അപ്പോള്‍ അവര്‍ കൂടുതല്‍ ഔത്സുക്യം കാണിക്കുക.ഇത്തരം സന്ദര്‍ഭങ്ങളിലും ലോകത്തെ താന്താങ്ങളിലേക്ക് വെട്ടിച്ചുരുക്കുകയും സ്വന്തം നേട്ടങ്ങളെ ഉറപ്പുവരുത്തിക്കൊണ്ടു മാത്രം പൊതുപ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന എഴുത്തുകാരോടും ചിന്തകന് മാരോടും വായനക്കാര്‍ക്ക് പുച്ഛം തോന്നും.ഇക്കൂട്ടരൊക്കെ യഥാര്‍ത്ഥത്തില്‍ തങ്ങളെക്കാള്‍ വളരെ കുറഞ്ഞ ബോധനിലവാരമുള്ളവരാണെന്ന് അവര്‍ മനസ്സിലാക്കും.ടി.പി.ചന്ദ്രശേഖരന്‍ വധത്തിനെതിരെ നിശ്ശബ്ദത പാലിക്കുകയോ  തെളിവുകള്‍ വരട്ടെ,മുന്‍കൂട്ടി കുറ്റവാളികളെ പ്രഖ്യാപിക്കരുത്,മാധ്യമങ്ങള്‍ വിധി പ്രസ്താവിക്കരുത് എന്നിങ്ങനെയൊക്കെ കൊലപാതകികള്‍ക്ക് സഹായകമാവും  വിധത്തില്‍ ന്യായവാദങ്ങള്‍ നിരത്തുകകയോ ചെയ്ത മുഴുവനാളുകളുടെയും കാര്യത്തില്‍ ഇത് സംഭവിച്ചിട്ടുണ്ട്.താല്‍ക്കാലികമായി ജനങ്ങളുടെ പുച്ഛത്തിന് ഇരയായി  എന്ന ദുരനുഭവം മാത്രമല്ല ഇവര്‍ക്കുണ്ടായിരിക്കുന്നത്.മെയ് 4നുശേഷമുള്ള ഒന്നു രണ്ടാഴ്ചക്കാലം കൊണ്ട് മലയാളി അതിനു മുമ്പേ തന്നെ എത്തിച്ചേര്‍ന്ന ധൈഷണികതയുടെയും സാഹിത്യഭാവുകത്വത്തിന്റെയും നിലവാരത്തില്‍ നിന്ന് ഈ മഹാമതികള്‍  ദശകങ്ങള്‍ക്കു പിന്നിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.ജനങ്ങള്‍ക്ക് ഇനി അവരെ അങ്ങനെ മാത്രമേ കാണാനാവുകയുള്ളൂ.തങ്ങളെ അഗാധമായി വേദനിപ്പിച്ച ഒരു സംഭവം സാഹിത്യകാരനായ ഒരാളെ അല്പവും ബാധിക്കുന്നില്ല എന്നു കാണുമ്പോള്‍ അയാളുടെ ബൌദ്ധികനിലവാരത്തെയും ഭാവുകത്വത്തെയും സംവേദനശേഷിയെയുമെല്ലാം ജനങ്ങള്‍ സംശയിച്ചുപോവുക സ്വാഭാവികം മാത്രമാണ്.അങ്ങനെ ചെയ്യാതിരിക്കാന്‍ മാത്രം വൈകാരിക രക്തക്ഷയവും മരവിപ്പും ബാധിച്ചവരല്ല കേരളത്തിലെ സാധാരണ മനുഷ്യര്‍.
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ജനഹൃദയങ്ങളോടൊപ്പം സ്പന്ദിക്കാന്‍ കഴിയാതിരിക്കുക എന്നത് ആരുടെ കാര്യത്തിലായാലും അപാരമായ കഴിവുകേട് തന്നെയാണ്.നമ്മുടെ പ്രശസ്തരായ ചില എഴുത്തുകാരിലും ബുദ്ധിജീവികളിലും രാഷ്ട്രീയ നേതാക്കളിലും ഈ കഴിവുകേട് ഭയാനകമായ അളവിലുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ടത് ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നാണ്.കേരളത്തില്‍ കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയില്‍ നടന്ന മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചന്ദ്രശേഖരന്‍ വധം എന്ന് ജനങ്ങള്‍ മനസ്സിലാക്കിയത് മാധ്യമങ്ങളോ മാര്‍ക്സിസ്റ് പാര്‍ട്ടിക്കാരല്ലാത്ത മറ്റ് രാഷ്ട്രീയക്കാരോ അവരെ അങ്ങനെ ധരിപ്പിച്ചതുകൊണ്ടാണെന്ന് വിധിക്കുന്നത് പമ്പരവിഡ്ഡിത്തമാണ്.പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള വഞ്ചനാത്മകമായ പണിയാണ് രാഷ്ട്രീയമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കളില്‍ നല്ലൊരു ശതമാനവും.അവശേഷിക്കുന്ന ശുദ്ധന്മാരാണെങ്കില്‍ ജനങ്ങളുമായുള്ള ബന്ധത്തില്‍ ഒട്ടും സ്വാഭാവികതയും ആര്‍ജ്ജവവും പുലര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ പാര്‍ട്ടിയുടെ ഔപചാരികപ്രവൃത്തികളുടെ യാന്ത്രികതയ്ക്കുള്ളിലാണ്.ടി.പി.ചന്ദ്രശേഖരന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരാളാണെന്ന് അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.ആര്‍.എം.പിയിലെ തന്റെ പല സഹപ്രവര്‍ത്തകരെയും ആക്രമിച്ച് പ്രകോപനം സൃഷ്ടിച്ചിട്ടും ചന്ദ്രശേഖരന്‍ തിരിച്ചടിയുടെ വഴിയിലേക്ക് അണികളെ നയിച്ചില്ല.തികച്ചും ജനാധിപത്യപരമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി അദ്ദേഹം ജീവിച്ചു.അങ്ങനെയുള്ള ഒരാളെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച് അതിനിഷ്ഠൂരമായ രീതിയില്‍ കൊലപ്പെടുത്തിയതില്‍ സ്വാഭാവികമായി ഉണ്ടായ വേദനയും രോഷവുമാണ് വടക്കന്‍ കേരളത്തിലെ ജനമനസ്സില്‍ നിന്ന് അണപൊട്ടിയൊഴുകിയത്.കേരളത്തിന്റെ ഇതരഭാഗങ്ങളിലെ സാധാരണമനുഷ്യരും ആ വികാരങ്ങള്‍ പങ്കുവെച്ചു.
ചന്ദ്രശേഖരന്‍ വധം കേരളത്തിന്റെ ഭാവിയെ കുറിച്ചുതന്നെ വലിയ ആശങ്കകളുണര്‍ത്തുന്ന ഒരു സംഭവമാണ്.അഭിപ്രായസ്വാതന്ത്യ്രവും മറ്റ് ജനാധിപത്യാവകാശങ്ങളും പൂര്‍ണമായും ചവിട്ടി മെതിക്കപ്പെടുന്ന ഒരു ചരിത്രഘട്ടത്തിലൂടെ വളരെ വൈകാതെ കേരളജനതയ്ക്ക് കടന്നുപോവേണ്ടി വരുമോ?ഫാഷിസം പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും അഴിഞ്ഞാടുമോ?വിധേയത്വം ശീലമാക്കിയ വിഡ്ഡികളും സ്ഥാനമോഹികളുമായ ഒരു പറ്റം ആളുകള്‍ നമ്മുടെ സാംസ്കാരികരംഗം പൂര്‍ണമായും കയ്യടക്കുമോ? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും മാഫിയാസംഘങ്ങള്‍ ഐക്യപ്പെട്ട് രാഷ്ട്രീയരംഗത്ത് നീതിബോധത്തിന്റെ വെളിച്ചം അപ്പാടെ തല്ലിക്കെടുത്തുമോ? ഭയവും ഉല്‍ക്കണ്ഠയും വളര്‍ത്തുന്ന ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ 2012 മെയ് 4ാം തിയ്യതി രാത്രി മുതല്‍ ഇന്നാട്ടിലെ ജനലക്ഷങ്ങളുടെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
ഇതൊന്നും മനസ്സിലാക്കാനാവാതെ തങ്ങളുടെ അല്പത്വത്തിലും അഹന്തയിലും രാഷ്ട്രീയ യജമാനന് മാരോടുള്ള വിധേയത്വത്തിലും ആണ്ടുമുങ്ങി നിശ്ശബ്ദരായിക്കിടന്ന എഴുത്തുകാര്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പലതും പറഞ്ഞൊപ്പിച്ചിരിക്കാം.പക്ഷേ,സ്വന്തം മന:സാക്ഷിയുടെ പിറുപിറുപ്പുകള്‍ ഇപ്പോഴും അവരുടെ സ്വാസ്ഥ്യം കെടുത്തുന്നുണ്ടാവും.എ ഴുത്തുകാരെന്ന നിലയിലുള്ള തങ്ങളുടെ അഭിമാനത്തിന്റെ അന്ത:സാരശൂന്യതയയെ കുറിച്ചുള്ള ബോധ്യത്തിലേക്ക് ഉണരുന്നതില്‍ നിന്ന് സ്വയം തടഞ്ഞുനിര്‍ത്താനാവാതെ അവര്‍ കുഴങ്ങുന്നുണ്ടാവും.
എഴുത്തുകാരനോ എഴുത്തുകാരിയോ ആവാന്‍ വേണ്ടി എഴുതുന്നതിനു പകരം അവനവനെയും ലോകത്തെയും അഭിസംബോധന ചെയ്ത് ചില ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ ഉന്നയിക്കാനും ആധികളും ആശങ്കകളും രോഷവും പ്രതിഷേധവും ആഹ്ളാദവുമെല്ലാം ആവിഷ്ക്കരിക്കാനും മാത്രമായി എഴുതുക എന്ന നിലപാടിലെത്തുമ്പോഴേ ഒരാളുടെ എഴുത്ത് എഴുത്താവുന്നുള്ളൂ.അപ്പോഴേ അത് ലോകത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ പ്രസക്തമാവുന്നുള്ളൂ.മുതിര്‍ന്ന എഴുത്തുകാരുടെ ഭൃത്യന്മാ രും സേവകന്മാ രും ഉപജാപപങ്കാളികളുമൊക്കെ ആയിത്തീര്‍ന്നോ അല്ലെങ്കില്‍ അത്തരം പാതകങ്ങള്‍ക്കൊന്നും പുറപ്പെടാതെ തന്നെ എഴുത്തിന്റെ മാനേജ്മെന്റ് തന്ത്രങ്ങള്‍ പരിശീലിക്കാന്‍ കഠിനാധ്വാനം ചെയ്തോ  തങ്ങളുടെ സര്‍ഗാത്മക ജീവിതം പാഴാക്കിക്കളയുന്ന യുവ എഴുത്തുകാര്‍ ഈയൊരറിവിലേക്കാണ് ഉണരേണ്ടത്.അപ്പോഴേ അവര്‍ എഴുത്തുകാരാവൂ.സോമന്‍ കടലൂരിന്റെ 'വെന്ത മണ്ണില്‍' എന്ന കവിത അവരുടെ മാത്രമല്ല ഏറ്റവും പുതിയ എല്ലാ എഴുത്തുകാരുടെയും(പഴയവര്‍ ഇനി ഇത് വായിച്ചിട്ട് ഫലമില്ല)ശ്രദ്ധാപൂര്‍ണമായ വായന ഉദ്ദേശിച്ച് ഉദ്ധരിച്ച് ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.
"കവികളേ
നിങ്ങളുടെ കൂടാരത്തില്‍ നിന്ന്
എന്നെ ചവിട്ടിപ്പുറത്താക്കണേ...
ചിത്രകാരന്മാരേ നിങ്ങളുടെ സത്രത്തില്‍ നിന്ന്
എന്നെ വലിച്ച് പുറത്തിടണേ...
ആയിരം പൊയ്ക്കാലുകളില്‍
ആകാശവേദിയില്‍
ആരവങ്ങള്‍ക്കു നടുവില്‍
നിങ്ങളാദരിക്കപ്പെടുമ്പോള്‍
രണ്ടുകാലില്‍
പച്ചമണ്ണില്‍
വെന്തുനടക്കാന്‍
എന്നെയനുവദിക്കണേ...'
(മാതൃകാന്വേഷി മാസിക(ചെന്നൈ),ജൂണ്‍ 2012)




5 comments:

  1. വാസ്തവം. പക്ഷെ കക്ഷത്തില്‍ ദ്രവ്യപ്പൊതിയിരിക്കുന്നവര്‍ക്ക് കയ്യുയര്‍ത്തി എങ്ങിനെ പ്രതിഷേധിക്കാനാവും? എങ്ങാനും ദ്രവ്യം വീണുപോയാലോ?

    ReplyDelete
  2. മാഷേ,വളരെ നല്ല കുറിപ്പ്.
    തൃശൂരില്‍ നടന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കൊലപാതകരാഷ്ട്രീയത്തിനെതിരെ സംസാരിച്ച് ഞാന്‍ പങ്കെടുത്തിരുന്നു.
    സ്നേഹത്തോടെ,
    സുസ്മേഷ്.

    ReplyDelete
  3. ഈ കവിത കാട്ടിത്തന്നതിനു നന്ദി മാഷേ.
    വോട്ട് ചെയ്യുന്നത് ഏത് കൈകൊണ്ടാണ്‌ എന്ന ഒരു ചോദ്യം മാത്രമേ ഇനി ബാക്കി ഒള്ളു.

    ReplyDelete
  4. വളരെ പ്രസക്തമായ വിഷയം. ഇവിടെ പ്രതികരിച്ചാലും പ്രതികരിചില്ലെങ്കിലും കുറ്റമാണ്.

    ReplyDelete
  5. ടി പി വധത്തില്‍ എന്‍.പ്രഭാകരനെപ്പോലെ ചരിത്രബോധത്തോടെയും കൃത്യമായ രാഷ്‍ട്രീയത്തോടെയും പ്രതികരിച്ച എഴുത്തുകാര്‍ കുറവാണ്.എന്നാല്‍ അശോകന്‍ ചരുവില്‍ പ്രഭാകരന്റെ പ്രതികരണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട്, ഇവിടെ പരാമര്‍ശിച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരു പ്രതികരണവും നടത്തിയിരുന്നു.അതിനോടുള്ള പ്രതികരണം കൂടി ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്നു തോന്നുന്നു.

    ReplyDelete