Pages

Friday, January 30, 2015

എന്തിന് രാഷ്ട്രീയം?

എന്തിന് രാഷ്ട്രീയം പറയണം,എഴുതണം?എഴുത്തുകാരനായ നിങ്ങൾക്ക് എഴുതിയാൽ പോരെ,എഴുത്തിനെ കുറിച്ച് മാത്രം പ്രസംഗിച്ചാൽ പോരെ? മറ്റേത് നിങ്ങളുടെ വില കുറച്ചു കളയില്ലേ?അഭ്യുദയകാംക്ഷികളിൽ പലരും പലപ്പോഴായി ചോദിക്കാറുണ്ട്.അവരുടെ ചോദ്യത്തിൽ അടങ്ങിയ വിമർശനത്തിൽ കുറച്ചൊക്കെ ശരിയില്ലേ എന്ന് ചിലപ്പോഴൊക്കെ ഞാനും സംശയിച്ചുപോവാറുണ്ട്.പക്ഷേ,ഇടക്ക് പാടേ തളർന്നും പിന്നെ പുതിയ ഊർജത്തോടെ ഉണർന്നും പത്തുനാൽപത്തഞ്ചു കൊല്ലത്തിലധികമായി  തുടരുന്ന
 സാഹിത്യപ്രവർത്തനത്തിൽ നിന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞ ചില സംഗതികളുണ്ട്.അവ അക്കമിട്ടെഴുതാം:
1.ഞാൻ രാഷ്ട്രീയം പറയുന്നതും എഴുതുന്നതും എന്തെങ്കിലും ആയിക്കളയാമെന്ന് വ്യാമോഹിച്ചോ ഏതെങ്കിലും തരത്തിലുള്ള ലാഭചിന്ത കൊണ്ടോ അല്ല.രാഷ്ട്രീയത്തിലുള്ള സ്വതന്ത്രമായ ഇടപെടൽ വമ്പിച്ച നഷ്ടമുണ്ടാക്കും എന്ന് എന്നെ പോലെ തിരിച്ചറിഞ്ഞ മറ്റാളുകൾ അധികമൊന്നും ഉണ്ടാവില്ല.ഇടതുപക്ഷം മാത്രമല്ല വലതുപക്ഷവും നിങ്ങളെ വെറുക്കും.ഇക്കാര്യത്തിൽ പലപ്പോഴും വലതുപക്ഷം കൂടിയ അളവിലുള്ള വീറ് കാണിക്കുന്നതുകണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.എന്നിട്ടും ഞാൻ എന്തിന് രാഷ്ട്രീയം എഴുതുന്നു,പറയുന്നു?ഉത്തരം ഒന്നേയുള്ളൂ:എനിക്ക് തോന്നുന്നത് പറഞ്ഞേ പറ്റൂ.എഴുത്തിലും പ്രസംഗത്തിലും ലാഭം നോക്കി നടക്കാൻ എനിക്കാവില്ല.
2.ഞാനൊരു ശുദ്ധസാഹിത്യകാരനല്ല.സാഹിത്യത്തിൽ രാഷ്ട്രീയത്തിന്റെ കറ പുരളരുത് എന്ന മുൻനിശ്ചയത്തോടെയല്ല ഞാൻ എഴുത്തുമേശക്കു മുന്നിൽ ഇരിക്കുന്നത്..ഒരു കഥാസന്ദർഭം,മിക്കപ്പോഴും അത് സമകാലീന പൊതുജീവിത സന്ദർഭം തന്നെ എന്നോട് എന്ത് ആവശ്യപ്പെടുന്നുവോ അത് ഞാനെഴുതും.രാഷ്ട്രീയമെങ്കിൽ രാഷ്ട്രീയം,മറ്റെന്തെങ്കിലും സാമൂഹ്യോത്കണ്ഠയെങ്കിൽ അത്.അത്രയേ ഉള്ളൂ.
രാഷ്ട്രീയ പ്രസംഗവേദികളിൽ നിന്ന് വേണമെങ്കിൽ ഒഴിഞ്ഞു നിൽക്കാം,പക്ഷേ അതിന്റെ ആവശ്യമെന്ത്?എഴുത്തുകാരുടെയോ കോളേജ/് /യൂനിവേഴ്‌സിറ്റി അധ്യാപകരുടെയോ മുന്നിൽ പ്രസംഗിക്കാമെങ്കിൽ ബാർബർമാരുടെയും മറ്റ് തൊഴിലാളികളുടെയും മുന്നിലും പ്രസംഗിക്കാം.അവർ ബൗദ്ധികമയോ സാമൂഹ്യാവബോധത്തിന്റെ തലത്തിലോ മറ്റുള്ളവർക്ക് താഴെയാണെന്ന് ഞാൻ കരുതുന്നില്ല.പൊതുസമൂഹത്തെയും വ്യക്തികളെയും നിരീക്ഷിക്കുന്ന കാര്യത്തിൽ പലപ്പോഴും അവർ എത്രയോ ഉയരെയാണ് താനും.
                                                     30/1/2015

1 comment: