Pages

Wednesday, June 15, 2016

കുടക് വിശേഷങ്ങൾ 3

ശേഷപ്പയെയും കൂടി ഞങ്ങൾ ചെയ്യണ്ടന വരെ പോയി.റോഡ് തീരെ മോശമായിരുന്നതുകൊണ്ട് ചേലവാരത്തേക്കുള്ള യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് കരട വഴി വീരാജ് പേട്ടക്ക് മടങ്ങാൻ തീരുമാനിച്ചു.കരട ജങ്ഷനിലെത്തുന്നതിനു മുമ്പ് ഞങ്ങൾ നേരത്തെ ശേഷപ്പയുടെ വീട്ടിൽ നിന്ന് വന്ന വഴി ചെയ്യണ്ടന ഭാഗത്തേക്കുള്ള റോഡിലേക്ക്  തിരിയുന്നിടത്ത് മലെതമ്പിരാൻ കാവിലേക്ക് വഴി കാട്ടുന്ന വലിയ കമാനം കാണം.എല്ലാവർഷവും പയ്യാവൂർ ക്ഷേത്രോത്സവത്തിന് കാളപ്പുറത്ത് അരിയുമായി പോകാൻ ആളുകൾ കൂടിയിരിക്കുന്ന കാവാണിത്.മലത്തിരിക്ക എന്നാണ് ഈ കൂടിയിരിപ്പിന് പറയുക.എല്ലാം വളരെ ആവേശത്തിലാണ് ശേഷപ്പ വിവരിച്ചു തന്നത്.
കടങ്ക,കല്ലുമൊട്ട,ഫോർത്ത് മൈൽ,കദനൂർ വഴി ഞങ്ങൾ വീരാജ് പേട്ടയിൽ എത്തി.മലമുകളിലെ ഈ നഗരത്തിലും വാഹനത്തിരക്ക് വല്ലാതെ കൂടിയിരിക്കുന്നു.കാറ് പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ ഇവിടെയും കുറച്ചൊന്നു ബുദ്ധിമുട്ടേണ്ടി വന്നു.
ആ പണി ചെയ്തു കഴിഞ്ഞപ്പോൾ പിന്നെ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ഞങ്ങൾ ഡോ.നരസിംഹനെ കാണാൻ പോയി.വീരാജ്‌പേട്ട ടൗണിലെ ജെയിൻ സ്ടീറ്റിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററോളം പോയാൽ ഡോ.എസ്.വി നരസിംഹന്റെ വീട്ടെലത്തും.പേട്ടയിൽ കുറെ കാലമായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറാണ് ഇദ്ദേഹം.ആ നിലക്ക് ഇന്നാട്ടിലെ വളരെയേറെ പേർക്ക് സുപരിചിതനാണ് അദ്ദേഹം.കാൽ നൂറ്റാണ്ടോളമായി പോസ്റ്റ്കാർഡിൽ ചിത്രങ്ങൾ വരച്ച് അനേകം പേർക്ക് അയച്ചുകൊടുത്ത് പ്രകൃതിസംരക്ഷണ സന്ദേശം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നയാളാണ് ഡോ.നരസിംഹൻ.കുടകിലെ പക്ഷികളെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകമാണ് Feathered Jewels of Coorg.ഈ പുസ്തകത്തിന്റെ ഒരു കോപ്പി ആവശ്യപ്പെട്ട് ഞാൻ നേരത്തെ ഡോ.നരസിംഹന് മെയിൽ ചെയ്തിരുന്നു.
ഞങ്ങൾ വീട്ടിലെത്തി സ്വയം പരിചയപ്പെടുത്തിയപ്പോൾ ഡോക്ടർ സ്‌ന്തോഷപൂർവം പറഞ്ഞു:ഇന്നലെയാണ് ഞാൻ മർക്കാറയിൽ പോയി പുസ്‌കത്തിന്റെ ഒരു കോപ്പി വാങ്ങിക്കൊണ്ടു വന്നത്.എന്റെ കയ്യിൽ ഒരു കോപ്പി പോലും ബാക്കിയുണ്ടായിരുന്നില്ല.നിങ്ങൾക്ക് അടുത്ത ദിവസം തന്നെ പുസ്തകം അയക്കാമെന്നു വിചാരിച്ചിരിക്കയായിരുന്നു.ഇന്നിപ്പോൾ ഇങ്ങോട്ട് വന്നതിൽ വളരെ സന്തോഷം.ഡോ.നരസിംഹൻ പുസ്തകത്തിന്റെ ഒരു കോപ്പി ഒപ്പിട്ടു തന്നു.എത്ര നിർബന്ധിച്ചിട്ടും അതിന്റെ വില വാങ്ങാൻ അദ്ദേഹം തയ്യാറായില്ല.കാപ്പിയും മധുര പലഹാരവും കഴിച്ച് അല്പനേരം കുടകുവിശേഷങ്ങൾ പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.
Coorg Wild Life Society യാണ് ഡോ.നരസിംഹന്റെ Feathered Jewels of Coorg പ്രസിദ്ധീകരിച്ചിരിക്കുന്നത്.2004 ൽ ഒന്നാം പതിപ്പ്.2008ൽ പരിഷ്‌കരിച്ച പുതിയ പതിപ്പ്. കുടകിലെ 310 പക്ഷികളുടെ മനോഹരമായ ചിത്രങ്ങളും അവയെ കുറിച്ചുള്ള വിവരണവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.പക്ഷികളുടെയെല്ലാം ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഡോക്ടർ തന്നെ.ഇങ്ങനെ പക്ഷിനീരീക്ഷകൻ കൂടിയായ ഗ്രന്ഥകാരൻ തന്നെ പക്ഷികളുടെ വർണചിത്രങ്ങൾ അത്യാകർഷകമാം വിധം വരച്ചുവെച്ചിരിക്കുന്ന വേറൊരു പുസ്തകമില്ല.
ലിംകാബുക്‌സിന്റെ 2013 എഡിഷനിൽ ഇടം നേടിയ ഡോക്ടർ നരസിംഹൻ Coorg Person of the Year 2013 ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.               
ഡോക്ടർ നരസിംഹനെ കണ്ട് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പുസ്തകം ഒപ്പിട്ടു വാങ്ങുക കൂടി ചെയ്തതോടെ ഇത്തവണത്തെ കുടക് യാത്ര പൂർണാർത്ഥത്തിൽ സഫലമായി.

No comments:

Post a Comment