Pages

Tuesday, March 20, 2012

വിളറിവെളുത്തുപോയ ഒരു വാക്ക്

അര്‍ത്ഥപരിണാമം എന്ന അനിവാര്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വാക്കിനും കഴിയില്ല.വാക്കുകള്‍ നിലനില്‍ക്കുന്ന ജനജീവിതത്തിന്റെ വസ്തുനിഷ്ഠ സാഹചര്യങ്ങളും ആത്മനിഷ്ഠ സാഹചര്യങ്ങളും മാറിക്കൊണ്ടേയിരിക്കും.ഈ മാറ്റം വാക്കുകളെ പരിണാമത്തിന്റെ പല സാധ്യതകളിലേക്കും കൊണ്ടുപോവും.അങ്ങനെ കൊണ്ടുപോകപ്പെടുന്നതിനിടയില്‍ അവയില്‍ ചിലത് മൃതപ്രായമാവും.ചിലതിന് ജീവനാശം തന്നെ സംഭവിക്കും.മറ്റു ചിലത് കൂടുവിട്ട് കൂടുമാറ്റം നടത്തും.ചിലത് തടിച്ചുകൊഴുക്കും.ഈ മാറ്റങ്ങളെയെല്ലാം അപ്പപ്പോള്‍ തിരിച്ചറിയുന്നില്‍ സംഭവിക്കുന്ന വീഴ്ചകള്‍ വ്യക്തിയുടെ കാര്യത്തില്‍ ചിന്താലോകത്തിന്റെ മുരടിപ്പായും സമൂഹത്തെ സംബന്ധിച്ചിടത്തോളം ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും
ആതുരാവസ്ഥയായും പ്രതിഫലിക്കും.
പല ജീവിത വ്യവഹാരങ്ങളിലും ,വിശേഷിച്ചും രാഷ്ട്രീയത്തില്‍ വാക്കുകളുടെ അര്‍ത്ഥപരിണാമത്തെ കുറിച്ചുള്ള അജ്ഞത അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നവര്‍ക്ക് വലിയൊരു സൌകര്യമാണ്.അവര്‍ക്ക് നിലവിലുള്ള അവസ്ഥ അതേപടി തുടരുന്നതാണ് ഗുണകരം.പക്ഷേ,സാധാരണപൌരന്മാര്‍ പൊതുജീവിതത്തിലെയും സ്വകാര്യജീവിതത്തിലെയും അനുഭവങ്ങളെ കുറിക്കുന്ന വാക്കുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്തു സംഭവിക്കുന്നു എന്ന് തിരിച്ചറിയുക തന്നെ വേണം. ജനാധിപത്യം,തൊഴിലാളിവര്‍ഗം, സാമൂഹ്യനീതി,സ്വാശ്രയത്വം തുടങ്ങിയ എത്രയോ പദങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നത് ഭയാനകമായ അളവില്‍ അര്‍ത്ഥശോഷണം വന്ന അവസ്ഥയിലാണ്.ജനാധിപത്യത്തിന് ജനങ്ങളുടെ ആധിപത്യം എന്ന അര്‍ത്ഥം നിലനില്‍ക്കുന്നത് ജനങ്ങളിലോരോരുത്തര്‍ക്കും അവരുടെ സമ്മതിദാനം സ്വതന്ത്രമായി വിനിയോഗിക്കാം എന്ന ഒറ്റ കാര്യത്തില്‍ മാത്രമാണ്.സ്വതന്ത്രമായ വിനിയോഗം എന്ന പ്രയോഗം പോലും ഭാഗികമായേ ശരിയാവൂ.പ്രത്യക്ഷവും പരോക്ഷവുമായ പല വിധ സമ്മര്‍ദ്ദങ്ങളും ശീലബലവും തെറ്റിദ്ധാരണകളും നിഷേധാത്മകവികാരങ്ങളുമൊക്കെയാണ് വലിയൊരു ശതമാനം വോട്ടിഗിംലും രേഖപ്പെടുത്തപ്പെടുന്നത്.എങ്കിലും ജനാധിപത്യത്തിന്റെ പ്രയോഗങ്ങളിലൊന്ന് പോളിംഗ്ബൂത്തില്‍ സംഭവിക്കുന്നുണ്ടെന്നു തന്നെ കരുതാം.അതു കഴിഞ്ഞാല്‍ പിന്നെ എവിടെയൊക്കെ ഏതളവ് വരെ ജനാധിപത്യം നിലനില്‍ക്കുന്നു എന്ന കാര്യം സംശയാസ്പദം തന്നെയാണ്.ഭരണകേന്ദങ്ങളെ നിയന്ത്രിക്കുന്നവര്‍ ആയിരക്കണക്കിന് കോടി രൂപ അപഹരിക്കുകയും ധൂര്‍ത്തജീവിതം നയിക്കുകയും രാജ്യത്തിനകത്തും പുറത്തുമായി എത്രയോ തലമുറകള്‍ക്കു വേണ്ട നിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കാകെ ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നവരും കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നവരും ശുചീകരണജോലികള്‍ ചെയ്യുന്നവരും അല്പവരുമാനം മാത്രം ലഭിക്കുന്ന മറ്റനേകം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മാന്യമായ പാര്‍പ്പിടം,വസ്ത്രം,വെള്ളം,ആഹാരം,മാലിന്യമുക്തമായ ജീവിതപരിസരങ്ങള്‍,യാ ത്രാസൌകര്യങ്ങള്‍ ഇവയൊന്നും ലഭ്യമാവാതെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കയാണ്.ഒരു സ്വതന്ത്ര രാഷ്ട്രത്തിലെ പൌരന്മാര്‍ എന്ന നിലയില്‍ ലഭിക്കേണ്ടുന്ന ഏറ്റവും ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പോലും അവര്‍ക്ക് പലരുടെയും ഔദാര്യമിരക്കേണ്ടി വരുന്നു.ആപ്പീസുകളില്‍,ബസ്സില്‍,ആശുപത്രികളില്‍,പൊതുനിരത്തില്‍ എല്ലായിടത്തും അവരുടെ ആത്മാഭിമാനം നിരന്തരം ചവിട്ടി മെതിക്കപ്പെടുന്നു.
മുതലാളിത്ത രാജ്യങ്ങള്‍ തന്നെയും തങ്ങളുടെ സാധാരണക്കാരായ പൌരന്മാരുടെ കാര്യത്തില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ രക്ഷക്കായി ആ രാജ്യത്തെ ഭരണകൂടം നടത്തിയ ഇടപെടലുകളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.നമ്മുടെ ഭരണാധിപന്മാരും മതാധിപന്മാരും രാഷ്ട്രീയപ്പാര്‍ട്ടികളും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ കാണിച്ച താലപര്യത്തിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
കൃഷിക്കാര്‍,കൂലിവേല ചെയ്യുന്നവര്‍,വിദ്യാര്‍ത്ഥികള്‍, കീഴെക്കിടസര്‍ക്കാര്‍ ജീവനക്കാര്‍,സ്വകാര്യമേഖലയിലെ തൊഴിലാളികള്‍,നിര്‍മാണത്തൊഴിലാളികള്‍,തൊഴില്‍ രഹിതര്‍ ഇങ്ങനെ അവരവരുമായി ബന്ധപ്പെടുന്ന അധികാരകേന്ദ്രങ്ങളില്‍ നിന്നും എന്തെങ്കിലും തരത്തില്‍ സഹായമോ ആനുകൂല്യമോ ലഭിക്കേണ്ടുന്ന ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനയും ഏറ്റവും ന്യായമായ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടിപ്പോലും അവര്‍ക്ക് നടത്തേണ്ടി വരുന്ന ഏറ്റുമുട്ടലുകളും അതിഭയങ്കരമാണ്.ജനാധിപത്യവ്യവസ്ഥയില്‍ ഒരിക്കലും സംഭവിച്ചുകൂടാത്ത നീതിനിഷേധത്തിനാണ് അവര്‍ വിധേയരായിക്കൊണ്ടിരിക്കുന്നത്.ഒരു സാധാരണപൌരന് തന്റെ ഏറ്റവും ന്യായമായ ഒരാവശ്യം സംബന്ധിച്ച് സര്‍ക്കാറില്‍ നിന്നോ കോടതിയില്‍ നിന്നോ തീര്‍പ്പ് ലഭിക്കുന്നതിന് പലപ്പോഴും വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു എന്ന വാസ്തവത്തിന് വാര്‍ത്താമൂല്യം പോലുമില്ല.സമര്‍പ്പിക്കപ്പെട്ട ഒരപേക്ഷയ്ക്കുമേല്‍ പത്തുമിനുട്ടിനകം തീരുമാനം കൈക്കൊള്ളാനാവും വിധം സാങ്കേതികമായി സുസജ്ജമായ ആപ്പീസുകളില്‍ നിന്നു പോലും വര്‍ഷങ്ങള്‍ കഴിഞ്ഞേ മറുപടി ലഭിക്കൂ എന്നു വരുന്നത് തികച്ചും നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ് എന്ന  നിലപാടിലേക്ക് നമ്മുടെ പൊതുബോധം വളരാത്തിടത്തോളം 'സാധാരണക്കാരുടെ അവകാശങ്ങള്‍' നേതാക്കളുടെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന നിരര്‍ത്ഥ പ്രയോഗം മാത്രമായി തുടരും. 
ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ചിലത് ചില സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്.അവ രുടെ സമരങ്ങളില്‍ ചിലതെങ്കിലും വിജയം കാണുന്നുമുണ്ട്.പക്ഷേ,ഭരണകൂടത്തിന്റയും വ്യവസ്ഥയുടെയും സൃഷ്ടിയായ തിന്മകളെ മുഴുവന്‍ എതിര്‍ക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് കഴിയില്ല.അവയില്‍ ഒട്ടുമുക്കാലും ഫണ്ടിംഗിന്റെ ബലത്തില്‍ നിലനില്‍ക്കുന്നവയാണ്.ഫണ്ട് നല്‍കുന്ന ഏജന്‍സികളുടെ നിര്‍ദ്ദേശവും സമ്മതവും അനുസരിച്ചു മാത്രമേ അവയ്ക്ക് പ്രവര്‍ത്തിക്കാനാവൂ.ജനാധിപത്യത്തെ പ്രയോഗത്തിന്റെ തലത്തില്‍ അര്‍ത്ഥപൂര്‍ണമാക്കേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികളാണ്.അവ ആ ദൌത്യം ഏറ്റെടുക്കുന്നില്ലെങ്കില്‍ അതിന്റെ ദുരിതം മുഴുവന്‍ പേറേണ്ടിവരിക സമൂഹത്തിലെ അവശവിഭാഗങ്ങള്‍ മാത്രമായിരിക്കില്ല.ഏത് മേഖലയിലായാലും ചില മൂല്യങ്ങള്‍ മുറുകെ പിടിച്ചും ആത്മാഭിമാനം കൈവിടാതെയും പ്രവര്‍ത്തിക്കുന്ന എല്ലാവരും അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.
ജനാധിപത്യം എന്ന വാക്ക്  തിരഞ്ഞെടുപ്പിന്റെ മണ്ഡലത്തില്‍ മാത്രമേ ഭാഗികമായെങ്കിലും പ്രസക്തമാവുന്നുള്ളൂ എന്ന വാസ്തവം ഊന്നിപ്പറയുകയും മറ്റ് ജീവിതവ്യവഹാരങ്ങളിലെ മൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളെ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ മറ്റ് വാക്കുകള്‍ പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക എന്നത് കേവലം ഭാഷാസംബന്ധിയായ ഒരാവശ്യം മാത്രമല്ല.അനുഭ വങ്ങള്‍ക്ക് കൃത്യമായ പേരുകള്‍ നല്‍കുമ്പോഴേ അവയില്‍ അടങ്ങിയിരിക്കുന്ന അനീതിയെയും ഹിംസാത്മകഘടകങ്ങളയും ശരിയാംവണ്ണം എതിരിടാന്‍ കഴിയൂ.അടിമകള്‍ തങ്ങള്‍ അടിമകളാണ് എന്നറിയുന്നതിനു പകരം എല്ലാ അവകാശങ്ങളുമുള്ള പൌരന്മാരാണ് എന്ന് തെറ്റിദ്ധരിക്കുന്നത് അങ്ങേയറ്റം അപമാനകരവും അപകടകരവുമാണ്.
(മാതൃകാന്വേഷി മാസിക,മാര്‍ച്ച് 2012)

1 comment:

  1. മാഷെ, ഇവിടെ ഉണ്ടായിരുന്നു,അല്ലേ? ഇനി ഇടയ്ക്കുവരാം.ആശംസകള്‍!

    ReplyDelete