Pages

Sunday, July 3, 2016

ഫോക്‌ലോർപഠനം എന്ന പ്രശ്‌നമേഖല

കേരളത്തിൽ ഒരു പ്രത്യേക പഠനവിഷയമെന്നനിലയിൽ ഫോക്‌ലോറിന് യൂനിവേഴ്‌സിറ്റി തലത്തിൽ അംഗീകാരം ലഭിച്ചിട്ട് കുറച്ചുകാലമേ ആയുള്ളു.പക്ഷേ,ഫോക്‌ലോർ അക്കാദമിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഫോക്‌ലോർ ക്ലബ്ബുകളും കൂട്ടായ്മകളും  ഏതാനും വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന പല തരം പരിപാടികളിലൂടെ ഈ വിഷയത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള സാമാന്യധാരണ എല്ലാ വിഭാഗം ജനങ്ങൾക്കും കൈവന്നു കഴിഞ്ഞു.അക്കാദമിക മേഖലയിൽ  ഫോക്‌ലോറിന് മാന്യമായ ഒരു സ്ഥാനമുണ്ട് എന്ന് സ്ഥാപിക്കാൻ സഹായിക്കുന്ന അനേകം വിവരണാത്മക കൃതികളും ഗവേഷണ പ്രബന്ധങ്ങളും കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ പുറത്തിറങ്ങുകയും ചെയ്തു. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനുങ്ങളും .നാടോടിക്കലകളും തലമുറകൾ കൈമാറിയെത്തിയ പാട്ടുകളും കഥകളും പഴഞ്ചൊല്ലുകളുമെല്ലാം ശ്രദ്ധാപൂർവം പഠിക്കപ്പെടേണ്ടുന്നവയാണെന്ന തിരിച്ചറിവ് നേരത്തെ തന്നെ പല സാഹിത്യചരിത്രകാരന്മാർക്കും നിരൂപകർക്കും ഗവേഷകർക്കുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും വേറിട്ടൊരു നിലനില്പ് സാധ്യമാവുന്ന ഒരു പഠനവിഷയം തന്നെയാണ് ഫോക്‌ലോർ എന്ന ബോധ്യം പൊതുവെ ഉണ്ടായിവരാൻ കുറേ കാത്തിരിക്കേണ്ടി വന്നു എന്നു മാത്രം.
ഫോക്‌ലോറിന് ഗവേഷകരിൽ നിന്നും സാധാരണക്കാരിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിശേഷ പരിഗണന പക്ഷേ ഈ വിഷയത്തെ അതിന്റെ ആദ്യകാലപഠിതാക്കളുടെ നിർവചനത്തിനത്തിന്റെ പരിധിക്ക് പുറത്തേക്ക് കൊണ്ടുവരുന്നിടത്തേക്കും ഫോക്‌ലോർ പഠനത്തിന് കാലോചിതമായ ഒരു രീതിശാസ്ത്രം രൂപപ്പെടുന്നിടത്തേക്കും ഇനിയും എത്തിച്ചേർന്നിട്ടില്ല. തങ്ങൾ ജീവിക്കുന്ന കാലത്ത് ഫോക്‌ലോറിന്റെ ധർമമെന്താണ് എന്ന് അന്വേഷിക്കാൻ സഹായകമാവുന്ന ഒരു ദർശനവും രീതിശാസ്ത്രവും കരുപ്പിടിപ്പിക്കുന്നതിനെ കുറിച്ച് അവർ ഗൗരവമായി ആലോചിച്ചു കാണുന്നില്ല.
പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമെങ്കിലും ഒരു ജനവിഭാഗത്തിനകത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർ ഗ്രാമീണ കർഷകരായാലും നഗരത്തിലെ ഒരു ട്രെയിഡ് യൂനിയനിലെ അംഗങ്ങളായാലും അവർക്കെല്ലാം അവരുടെതായ ഫോക് ലോർ ഉണ്ടാവും എന്നതാണ് അലൻഡൻഡസിന്റെ കൃതികളിലൂടെ പ്രചരിച്ചതും പുതിയ കാലത്തെ ഫോക്‌ലോറിസ്റ്റുകൾ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നതുമായ വീക്ഷണം.ഈ വീക്ഷണം സ്വീകരിക്കുന്ന ഒരു പഠിതാവിനെ സംബന്ധിച്ചിടത്തോളം ഫോക് ലോർ വളരെ വലിയ അന്വേഷണമേഖലയാണ്. സാഹിത്യം,രാഷ്ട്രീയം,വൈദ്യം,നിയമം,ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ ഓരോന്ന് കൈകാര്യം ചെയ്യുന്നവരിലും അവരവരുടെതായ ശീലങ്ങളും ആചാരങ്ങളും സംസാരവിഷയങ്ങളും കഥകളും ഫലിതങ്ങളും കോഡ്ഭാഷയുമെല്ലാം രൂപപ്പെടുന്നുണ്ട്.അധ്യാപകർ,പത്രപ്രവർത്തകർ,ദൃശ്യമാധ്യമപ്രവർത്തകർ,ചുമട്ടുകാർ,ഓട്ടോഡ്രൈവർമാർ,കച്ചവടക്കാർ,വഴിയോരവാണിഭക്കാർ, എല്ലാവരും വ്യത്യസ്ത ഫോക്കുകളാണ്.ഇവരുടെയെല്ലാം ഫോക്‌ലോറിനെ പ്രത്യേകം പ്രത്യേകമായെടുത്ത് പഠിക്കുകയും അത്തരം പഠനങ്ങളിൽ നിന്ന് കൈ വരുന്ന വിവരങ്ങളെ ചേർത്തുവെച്ച് പരിശോധിക്കുകയും ചെയ്താൽ സാമൂഹ്യചലനങ്ങളെ കുറിച്ചും സാമൂഹ്യജീവിതത്തിന്റെ അന്തർധാരകളെ കുറിച്ചും ആധികാരികമായ കണ്ടെത്തലുകൾ സാധ്യമാവും.ഒരു സമൂഹത്തിന് ഏറ്റവും ശക്തമായി അനുഭവപ്പെടുന്ന വൈകാരികാവശ്യങ്ങളെയും ആസന്നസ്വഭാവമുള്ള ഭൗതികാവശ്യങ്ങളെയും ശരിയായ രീതിയിൽ കണ്ടെത്തി അവയെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ കഴിഞ്ഞാൽ സാമൂഹ്യാസൂത്രണം കുറേക്കൂടി ഫലപ്രദമായി നിർവഹിക്കാൻ കഴിയും.ഈയൊരു ദിശയിൽ ഫോക്‌ലോറിന് നൽകാനാവുന്ന സംഭാവനകൾ ആർക്കും അവഗണിക്കാനാവില്ല.പക്ഷേ,കേരളത്തിലെ ഫോക്‌ലോറിസ്റ്റുകൾ ഇപ്പോഴും തെയ്യത്തിന്റെയും നാട്ടറിവുകളുടെയും ജാതിയെയൊ ആദിവാസിവിഭാഗത്തെയോ അടിസ്ഥാനമാക്കിയുള്ള വംശീയപഠനത്തിന്റെയും ലോകത്തിന് പുറത്തേക്ക് മിക്കവാറും കടക്കുന്നില്ല. ഈ പഠനങ്ങൾ ഏറെക്കുറെ എല്ലാം തന്നെ വിവരണാത്മകമാണ് താനും. ഫോക്‌ലോർ ഗവേഷണത്തെ മൗലികമായ വഴിയിൽ സൈദ്ധാന്തികതയിലേക്ക് ഉയർത്താൻ ശ്രമിച്ച രാഘവൻ പയ്യനാടന്റെ 'ഫോക്‌ലോറിനൊരു പഠനപദ്ധതി'എന്ന ഗ്രന്ഥം പോലും കൂട്ടായ്മ എന്തു ചെയ്യുന്നു,എന്തു വിശ്വസിക്കുന്നു, അവരുടെ ദൈവസങ്കല്പം എങ്ങനെ പ്രവർത്തിക്കുന്നു,തങ്ങളുടെ അനുഭവങ്ങളെ അവർ എങ്ങനെ മനസ്സിലാക്കുന്നു എന്നെല്ലാം ചൂണ്ടിക്കാണിക്കുന്നതിന് അപ്പുറം കടന്നതായി കാണുന്നില്ല.
                                             2
വർത്തമാനത്തെ വലിയോരളവോളം ഒഴിവാക്കിക്കൊണ്ടാണ് നമ്മുടെ ഫോക് ലോർ പഠനം നിലനിൽക്കുന്നത്.ഭൂതകാലത്തിന്റെതായി എന്തെന്തൊക്കെ വർത്തമാനത്തിൽ നിലനിർത്തപ്പെടുന്നുണ്ടോ അതിലാണ് ഫോക്‌ലോറിസ്റ്റിന്റെ ശ്രദ്ധ ചെല്ലുന്നത്.ഇതു കാരണം ഫോക് ലോറിസ്റ്റിക്‌സ് എന്നാൽ പഴങ്കഥകൾ,പഴയ പാട്ടുകൾ,ഗ്രാമീണരുടെ,അവരിൽ തന്നെയുള്ള കീഴാള ജനവിഭാഗങ്ങളുടെ ദൈവവിശ്വാസം,മന്ത്രവാദം,ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് എന്ന ധാരണയാണ് സാമാന്യമായി നിലനിൽക്കുന്നത്.
ഓരോ കൂട്ടായ്മയും ലോകത്തെയും ജീവിതം എന്ന പ്രതിഭാസത്തെയും പരമ്പരാഗതമായി എങ്ങനെ മനസ്സിലാക്കി വരുന്നു എന്ന് വ്യക്തമാക്കുക മാത്രമാണ് ഫോക് ലോറിസ്റ്റിന്റെ ഉത്തരവാദിത്വം എന്നു കരുതുന്നവരാണ് ഫോക്‌ലോർ ഗവേഷകരിൽ പലരും.കൂട്ടായ്മയുടെ ലോകവീക്ഷണത്തെയും ജീവിതബോധത്തെയും വിമർശനാത്മകമായി വിലയിരുത്തുകയോ അവയുടെ പരിഷ്‌കരണത്തിന് കൂട്ടായ്മയെ പ്രേരിപ്പിക്കുകയോ തങ്ങളുടെ ലക്ഷ്യമേ അല്ലെന്ന് അവർ പറയും.
പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളുമൊന്നും ചരിത്രത്തിന് പുറത്ത് രൂപം കൊണ്ടവയല്ല.ഓരോ കാലത്ത് ഓരോ ദേശത്ത് ജീവിച്ച വ്യത്യസ്ത ജനവിഭാഗങ്ങളുടെ തൊഴിൽ,സാമ്പത്തിക സ്ഥിതി,ലോകത്തെ കുറിച്ചുള്ള അറിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അവ ഉണ്ടായി വന്നത്.രോഗങ്ങൾ,വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും ദുരന്തങ്ങൾ,സാമൂഹ്യസംഘർഷങ്ങൾ എന്നിവയ്‌ക്കെല്ലാം പിന്നിൽ ഭൗതികാതീത ശക്തികളാണ് പ്രവർത്തിക്കുന്നതെന്നും അവയെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ ദുരനുഭവങ്ങൾ ആവർത്തിക്കുമെന്നും ഉള്ള  ധാരണയോടെയാണ് പഴയ കാലത്തെ ഏതാണ്ട് എല്ലാ കൂട്ടായ്മകളും അവയുടെ ജീവിത ധാരണകൾ സ്വരൂപിച്ചതും ആചാരാനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതും.ഒരു ആചാരത്തെ കുറിച്ച് പഠിക്കുമ്പോൾ ഫോക് ലോറിസ്റ്റ് ആദ്യമായി ചെയ്യേണ്ടത് ആ ആചാരത്തെ എല്ലാ വിശദാംശങ്ങളോടും കൂടി മനസ്സിലാക്കി രേഖപ്പെടുത്തുക എന്നതു തന്നെയാണ്.അടുത്ത പടിയായി ആ ആചാരത്തിനു പിന്നിൽ പ്രവർത്തിക്കുന്ന വിശ്വാസത്തിന്റെ ആധികാരികമായ വിവരണം സാധിക്കുക.പിന്നെ ആചാരം നിലവിൽ വന്ന ചരിത്രസന്ദർഭത്തിന്റെ പ്രത്യേകതകൾ വ്യക്തമാക്കുക.ആചാരത്തെ ഘടനവാദത്തിന്റെയോ തനിക്ക് കൂടുതൽ ഫലപ്രദമെന്ന് തോന്നുന്ന മറ്റേതെങ്കിലും സങ്കേതത്തിന്റെയോ സഹായത്തോടെ അപഗ്രഥിക്കുക.ആചാരത്തെ നിലനിർത്തുന്ന ജനവിഭാഗത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ആചാരം രൂപംകൊണ്ട കാലത്തിലേതിൽ നിന്ന് ഒരു പാട് മാറിക്കഴിഞ്ഞതിനു ശേഷവും ആചാരം എന്തുകൊണ്ട് നിലനിൽക്കുന്നു?അതിനെ നിലനിർത്തുന്നതിൽ എന്തുകൊണ്ട് ആ ജനവിഭാഗം വലിയ താൽപര്യവും ജാഗ്രതയും പുലർത്തുന്നു? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് ആചാരത്തെ കുറിച്ചുള്ള പഠനത്തിൽ ഫോക് ലോറിസ്റ്റിന് ചെയ്യാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം.കൂട്ടായ്മയെ ആചാരവുമായി വേർപിരിയാനാവാത്ത വിധം ബന്ധിപ്പിച്ചു നിർത്തുന്ന ഘടകങ്ങൾ പലതാവാം.അവ ഒന്നൊന്നായി കണ്ടെടുത്ത് വിശദീകരിക്കുമ്പോഴാണ് ഫോക്‌ലോർ പഠനത്തിന്റെ സമകാലിക പ്രസക്തി വ്യക്തമാവുക.കൂട്ടായ്മയുടെ മാറിയ ജീവിത സാഹചര്യങ്ങളിലും മാറ്റത്തെ പ്രതിരോധിക്കുന്ന ഏതേതേതൊക്കെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന പ്രക്രിയ സമകാലിക രാഷ്ട്രീയത്തിന്റെയും ഇതര സാമൂഹ്യാനുഭവങ്ങളുടെയും ഉപരിതലത്തിൽ ദൃശ്യമാവാത്ത പലതിനെയും ആഴത്തിൽ നിന്ന് കണ്ടെത്തി പുറത്തെടുക്കുന്നതിലൂടെയേ  പൂർത്തിയാക്കാനാവൂ.ഈ അന്വേഷണത്തിലൂടെ രാഷ്ട്രീയ ദർശനത്തിനും സാമൂഹ്യശാസ്ത്രത്തിനും സംസ്‌കാരപഠനത്തിനുമെല്ലാം ഫോക്‌ലോറിസ്റ്റ് സംഭാവന ചെയ്യുന്നത് മറ്റ് വഴികളിൽ കണ്ടെത്താനാവാത്ത സത്യങ്ങളായിരിക്കും.
തങ്ങൾ പഠനവിധേയമാക്കുന്ന ഫോക്‌ലോർ ഇനം വർത്തമാനജീവിതത്തിൽ നിർവഹിക്കുന്ന ധർമമെന്ത്?,അത് മനുഷ്യവംശം ആർജിച്ചു കഴിഞ്ഞ വിജ്ഞാനവും പുതിയ ജീവിതധാരണകളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട്? അതിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ഫലങ്ങൾ എന്തൊക്കെയാണ്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് ഫോക് ലോർ പഠിതാക്കൾ ചെയ്യേണ്ടുന്ന രണ്ടാമത്തെ പ്രധാന കാര്യം. ജീവിത പുരോഗതിയെ കുറിച്ചും ജനത കൈവരിക്കേണ്ടുന്ന സാംസ്‌കാരിക വളർച്ചയെ കുറിച്ചും ഫോക്‌ലോറിസ്റ്റിന് സ്വന്തമായി ഒരു നിലപാടും ഇല്ലെങ്കിൽ ഈ അന്വേഷണത്തിന്റെ വഴിയിൽ അയാൾക്ക് അധികമൊന്നും മുന്നോട്ടുപോവാനാവില്ല.കൂട്ടായ്മയുടെ വിശ്വാസങ്ങളെയും തീരുമാനങ്ങളെയും അംഗീകരിക്കലാണ് അതല്ലാതെ കൂട്ടായ്മക്ക് പുറത്തുള്ളവരുടെ യുക്തി ഉപയോഗിച്ച് അവയെ ചോദ്യം ചെയ്യലല്ല ഫോക്‌ലോറിസ്റ്റിന്റെ കടമ എന്ന് വാദിക്കുന്നവരുണ്ട്.സതിസമ്പ്രദായം നിലനിൽക്കേണ്ടത് ആവശ്യമാണെന്ന് ഒരു കൂട്ടായ്മക്ക് തോന്നുന്നുവെങ്കിൽ അത് നിലനിൽക്കട്ടെ എന്നു പോലും അവർ പറഞ്ഞുകളയും.തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഒരു പ്രദേശത്തെ വേട്ടക്കാരുടെ പല സംഘങ്ങൾ കാട് കയറി മുയൽ,മാൻ,കൂരൻ,കാട്ടുപന്നി,അണ്ണാൻ തുടങ്ങിയ മൃഗങ്ങളെ ധാരാളമായി കൊന്ന്  മുളന്തണ്ടിൽ കെട്ടി ആഘോഷപൂർവം കൊണ്ടു വരുന്ന ചടങ്ങിനെ പിന്തുണക്കാനായി വന്യജീവിസംരക്ഷണം എന്ന ആശയത്തെ തന്നെ പുച്ഛിച്ചു തള്ളുന്നതിനു പിന്നിലും ഇതേ നിലപാടാണുള്ളത്.ഫോക് ലോറിസ്റ്റിന്റെ മനോഭാവം ഇതായിരിക്കരുത്.
പല അനുഷ്ഠാനങ്ങളും ഇന്ന് നിലനിൽക്കുന്നത് കലകൾ എന്ന നിലക്കു തന്നെയാണെന്ന കാര്യം ഇന്നാട്ടിലെ എല്ലാവർക്കും ബോധ്യമുള്ളതാണ്.തെയ്യം കെട്ടുന്നയാളെ തെയ്യം കലാകാരൻ എന്നു വിളിക്കുന്നതിലും അയാളെ ഫോക്‌ലോർ അക്കാദമിയോ മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളോ അവാർഡ് നൽകി ആദരിക്കുന്നതിലും ആരും ഒരപാകതയും കാണുന്നില്ല.കാവിൻമുറ്റത്തോ,പ്രത്യേകം തയ്യാറാക്കിയ മറ്റ് സ്ഥലങ്ങളിലോ തെയ്യം പ്രത്യക്ഷപ്പെടുമ്പോൾ നൂറ് കണക്കിനാളുകൾ,വിശേഷിച്ചും കുട്ടികൾ മൊബൈൽഫോണുമായി തിക്കത്തിരക്കുന്നത് കാണാം.ഈ സന്ദർഭത്തിൽ,കാഴ്ചക്ക് ഇമ്പം നൽകുന്ന,കലാപരമായി അണിയിച്ചൊരുക്കപ്പെട്ട രൂപം എന്ന നിലക്കാണ് താൻ അവരുടെ മുന്നിൽ നിൽക്കുന്നത് എന്നകാര്യം തെയ്യംകെട്ടിയ ആൾക്ക് തീർച്ചയായും മനസ്സിലാവുന്നുണ്ടാവും.അതേ സമയം അനുഗ്രഹം വാങ്ങാൻ കാത്തുനിൽക്കുന്ന ഭക്തജനസഞ്ചയം ഇതേ തെയ്യപ്പറമ്പിൽ വേറെ ഉണ്ടാവും.അവരുടെ മനോവ്യാപാരങ്ങളും പഴയ കാലത്തെ ഭക്തജനത്തിന്റെതിനു സമാനമായിരിക്കില്ല.അത് മൊബൈലുമായി തിക്കിത്തിരക്കുന്ന പുതിയ തലമുറയിലെ യുവജനങ്ങളുടെതും ആയിരിക്കില്ല.ഭക്തിയും കൗതുകവും കലാസ്വാദനതാല്പര്യവും സമന്വയിക്കുന്ന മനസ്സോടെയാവും അവർ തെയ്യത്തിന്റെ ദർശനം കാത്തുനിൽക്കുന്നത്.
തെയ്യം പോലും ഇങ്ങനെ വ്യത്യസ്തമായാണ് കാഴ്ചക്കാരാൽ സ്വീകരിക്കപ്പെടുന്നത്. തെയ്യപ്പറമ്പിലെ ഫോക് തന്നെ ഒരേ താൽപര്യത്താൽ വിളക്കിച്ചേർക്കപ്പെട്ട ഒരു കൂട്ടായ്മയല്ലാതായിത്തീർന്നിരിക്കുന്നു എന്നർത്ഥം.ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കുന്നതിന് ഫോക്‌ലോറിസ്റ്റിന് സ്വാഭാവികമായും സാമൂഹ്യശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയുമെല്ലാം സഹായം തേടേണ്ടിവരും.

                                               3
ഫോക്‌ലോറിൽ നിന്ന് ഒരു ഭാഷയിലെ പഴയകാല സാഹിത്യം എന്തൊക്കെ സ്വീകരിച്ചിരുന്നു,ആ സ്വീകാരത്തിൽ ഫോക്‌ലോർ വസ്തുതകൾക്ക് എന്തൊക്കെ രൂപാന്തരങ്ങൾ സംഭവിച്ചിരുന്നു,സമകാലിക സാഹിത്യത്തിലെ ഫോക്‌ലോർ സ്വാധീനത്തിന്റെ സ്വഭാവങ്ങളും ഫലങ്ങളും എന്തൊക്കെയാണ്  എന്നെല്ലാം ഫോക്‌ലോറിസ്റ്റുകൾ അന്വേഷിക്കേണ്ടതാണ്.പഠനത്തിന് ഏറെ സാധ്യതകളുള്ള വളരെ വിശാലമായ ഒരു മേഖലയാണിത്.ഫോക്‌സാഹിത്യത്തിലെയും സമകാലിക സാഹിത്യത്തിലെയും ജീവിതസമീപനങ്ങൾ,അനുഭവാവിഷ്‌ക്കരരീതികൾ,ആഖ്യാന തന്ത്രങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസം,അവയിൽ നിന്ന് സാമൂഹ്യപരിണാമത്തെ കുറിച്ച് സ്വരൂപിക്കാവുന്ന വിവരങ്ങൾ ഇവയൊക്കെ ഫോക് ലോറിസ്റ്റുകൾക്ക് കണ്ടെത്താം.ഇത് ഭാഷയിലെ സാഹിത്യപഠനത്തിന് കൂടുതൽ ആഴവും പരപ്പുംനൽക്കും.
ഫോക് ലോർ സമാഹരണത്തിലും വിവരണത്തിലുമാണ് നമ്മുടെ നാട്ടിലെ ഫോക്‌ലോർ പഠിതാക്കൾ പ്രധാനമായും ശ്രദ്ധിച്ചു കാണുന്നത്.അപഗ്രഥനം,ഫോക് ലോറിൽ നിന്ന് കൈവരുന്ന ചരിത്ര വസ്തുതകളുടെ ക്രോഡീകരണം, വിശകലനം,സാഹിത്യവും ഇതര കലകളുമായി ബന്ധപ്പെടുത്തിയുള്ള അനേഷണങ്ങൾ എന്നീ മേഖലകളിൽ കാര്യമായ നേട്ടങ്ങൾ ഇനിയും ഉണ്ടാകേണ്ടതായിട്ടാണ് ഇരിക്കുന്നത്.ഗൃഹാതുരത കലർന്ന ആവേശത്തോടെ ഫോക് ലോറിനെ സമീപിക്കുന്നവർ, വിവരശേഖരണത്തിൽ വലിയ ഉത്സാഹം കാണിക്കുകയും വിശകലനത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുന്നതിൽ ഒട്ടും താൽപര്യം പുലർത്താതിരിക്കുകയും ചെയ്യുന്നവർ,ഈ പഠനമേഖലയിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞതായി ഭാവിച്ച്  അഹങ്കരിക്കുന്നവർ, ഗവേഷണ ബിരുദം നേടാനുള്ള എളുപ്പവഴിയായി ഫോക്‌ലോറിനെ കാണുന്നവർ ഇങ്ങനെ പല തരക്കാരാണ് ഫോക് ലോർ പഠനത്തിന്റെ മേഖലയിൽ ഇന്നുള്ളത്.നാഗരിക സമൂഹങ്ങളിൽ അനാഗരികരായി തുടരുന്ന മിക്കവാറും നിരക്ഷരായ കർഷകരും അടിത്തട്ടിലുള്ള മറ്റ് തൊഴിലാളികളും മാത്രമാണ് ഫോക് എന്നും അവർക്കിടയിൽ തലമുറകൾ കൈമാറിയെത്തിയിട്ടും മാറ്റമില്ലാതെ നിലനിൽക്കുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനുങ്ങളും പഴഞ്ചൊല്ലുകളും കലകളും മറ്റുമാണ് ഫോക്‌ലോർ എന്നും ഭൂതകാലസംസ്‌കാരത്തെയാണ് തങ്ങൾ പഠനവിധേയമാക്കുന്നത് എന്നും ഉള്ള ധാരണയോടെയാണ് ആദ്യകാല ഫോക്‌ലോറിസ്റ്റുകൾ തങ്ങളുടെ വിഷയത്തെ സമീപിച്ചിരുന്നത്.സമാഹരണത്തിനും വിവരണത്തിനും താരതമ്യത്തിനും ഫോക്‌ലോർ രൂപങ്ങളുടെ ഉൽപത്തിസ്ഥാനത്തെ കുറിച്ചുള്ള അന്വേഷണത്തിനും അപ്പുറത്തേക്ക് അവർ പോയിരുന്നില്ല.ആ വഴിയിൽ തന്നെ തുടരുകയാണെങ്കിൽ ഈ വിഷയത്തിന് ഭാവിയില്ല.ഓരോ ഫോക് ലോർ ഇനത്തെയും ചരിത്രവൽക്കരിച്ച് മനസ്സിലാക്കി ഓരോന്നിന്റെയും സമകാലിക സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ പ്രസക്തി നിർണയിക്കുന്നതിന് പര്യാപ്തമാവുന്ന ഒരു രീതിശാസ്ത്രം കരുപ്പിടുപ്പിക്കാനാണ് ഫോക്‌ലോറിസ്റ്റുകൾ അടിയന്തിരമായി ശ്രമിക്കേണ്ടത്. അതിലൂടെ മാത്രമേ ഫോക്‌ലോർ പഠനത്തെ മുന്നോട്ട് കൊണ്ടുപോവാനാവൂ.









1 comment:

  1. sir,it is interesting,thoughtful and provokative. sir i am a folklore student in calicut university and i am interested in your article. could i get your mobile number or email id pleas

    ReplyDelete