Pages

Saturday, March 14, 2015

പല വഴികളിലെ സഞ്ചാരി


എന്റെ എഴുത്തുകളിൽ ഏറെയും അവിചാരിതമായ വെളിച്ചപ്പെടലുകളിലൂടെ സംഭവിച്ചതാണ്. എഴുത്ത് എന്ന പ്രവൃത്തിയെ നിഗൂഢവൽക്കരിക്കാനുള്ള പുറപ്പാടായി ഈ പ്രസ്താവത്തെ തെറ്റിദ്ധരിക്കരുത്. 'വെളിച്ചപ്പെടൽ' എന്നതുകൊണ്ട് ഒരു കാഴ്ചയോ ഓർമയോ സ്വപ്നമോ ആരെങ്കിലും പറയുന്ന ഒരു വാക്കോ ഒട്ടും നിനച്ചിരിക്കാതെ ഒരു കഥാബീജമോ കവിതയിലെ ഒന്നോ രണ്ടോ വരിയോ  ആയി പൊടുന്നെ രൂപപ്പെടുന്ന വിചിത്രമായ പ്രക്രിയ എന്നേ ഞാൻ അർത്ഥമാക്കുന്നുള്ളൂ. മന:ശാസ്ത്രവും നാഡീശാസ്ത്രവുമൊക്കെ കുറച്ചധികം വായിച്ചു കൂട്ടിയുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിക്കൂന്നുവെന്ന് ഇപ്പോഴും എനിക്കറിയില്ല..
ഒരിക്കലും ഒരു കേവലസൗന്ദര്യാസ്വാദകനായിരുന്നില്ല ഞാൻ.എനിക്കും മറ്റുളളവർക്കും ബുദ്ധിശക്തിയും ഭാവനാശേഷിയുമുപയോഗിച്ച് ഗ്രഹിക്കാനാവാത്ത ആത്മീയാനുഭവങ്ങളുടെ അജ്ഞാതദേശങ്ങളിലേക്കുള്ള മഹായാനമായി എഴുത്തിനെ ഞാൻ എന്നെങ്കിലും സങ്കല്പിച്ചിട്ടുമില്ല. എങ്കിലും അനുഭവങ്ങളുടെ പിടിതരാത്ത ആഴങ്ങൾ കുറച്ചുകാലമായി  എന്നെ കൂടുതൽ കൂടുതൽ പ്രലോഭിപ്പിച്ചുതുടങ്ങിയിരിക്കുന്നു. അതിന് തടയിടേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതുമെല്ലാം ഉള്ളം കയ്യിലെ നെല്ലിക്ക പോലെയാണെങ്കിൽ ജീവിതത്തിന് എന്താണൊരു ത്രിൽ ?
ആഖ്യാനത്തിന് പിരി മുറുക്കം വേണമെന്നും കഥ എവിടെയും അയഞ്ഞുപോകരുതെന്നും നിർബന്ധമുള്ളയാളാണ് ഞാൻ.ഇത് ഒരുതരം ഒബ്‌സഷൻ പോലെയായാലാൽ കഥ പറച്ചിലിന്റെ രീതി കഥയെ കവിഞ്ഞു നിൽക്കും.ഈയൊരബദ്ധം ചിലപ്പോഴൊക്കെ എനിക്ക്  പറ്റിപ്പോയിട്ടുണ്ട്.സുബദ്ധം മാത്രമായി  ഒരു സർഗാത്മകജീവിതം ആർക്കും സാധ്യമല്ലല്ലോ..
എന്നെ എഴുത്തിന്റെ വഴിയിൽ എത്തിച്ചത് പലതും ചേർന്നാണെന്നാണ് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നത്. മാനസികമായി കടുത്ത ഒററപ്പെടലും നിരന്തരസംഘർഷങ്ങളും അനുഭവിക്കേണ്ടി വന്ന കുട്ടിക്കാലം അവയിൽ പ്രധാനപ്പെട്ടതാകാം.വായനയും എഴുത്തുമില്ലെങ്കിൽ ജീവിതം സാധ്യമാവില്ല എന്നൊരു തോന്നലിൽ പന്ത്രണ്ട് പതിമൂന്ന്  വയസ്സാവുമ്പോഴേക്കും ഞാൻ എത്തിച്ചേർന്നിരിക്കണം. ഒരുപക്ഷേ, അത്രയും  മാനമുള്ള തോന്നലൊന്നും എന്നെ ആവേശിച്ചിരിക്കാൻ ഇടയില്ല. കണ്ടമാനം വായിക്കാനും അതുമിതുമൊക്കെ എഴുതിക്കൊണ്ടിരിക്കാനുമുള്ള അദമ്യമായ വെമ്പൽ ; അത്രയുമേ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ളൂ. എന്തായാലും, അതിനെ പിന്തുണച്ച് എനിക്ക് കരുത്തും പ്രതീക്ഷയും പകരുന്ന സാഹിത്യാനുകൂലമായ ഒരന്തരീക്ഷം അന്ന് നാട്ടിൽ പൊതുവേ ഉണ്ടായിരുന്നു. അത് മതാതീതവും വലിയൊരളവോളം കക്ഷിരാഷ്ട്രീയാതീതവുമായാണ് നിലനിന്നത്. അതിന്റെ ഗുണങ്ങൾ നാളിതുവരെയുള്ള എന്റെ സർഗാത്മകജീവിതത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം.രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിനും പ്രത്യേക പ്രശ്‌നങ്ങളിൽ പക്ഷം ചേർന്നു നിൽക്കുന്നതിനും ഒരിക്കലും ഞാൻ മടി കാണിച്ചിട്ടില്ല.ഇത് ഏതെങ്കിലും കക്ഷിയോടുള്ള വിധേയത്വമോ വെറുപ്പോ കാരണമല്ല. മറിച്ച് ചില ഉറച്ച ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.അരാഷ്ട്രീയക്കാരനായി മാറിനിന്ന് എഴുത്തുകാരന്റെ സവിശേഷ പദവിയും പരിവേഷവും സൂക്ഷിക്കണമെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല.
 പല രീതിയിൽ ഞാൻ എഴുതിയിട്ടുണ്ട്.ചിലപ്പോൾ യഥാതഥ ശൈലിയിൽ , ചിലപ്പോൾ വൈകാരികാന്തരീക്ഷത്തിന് പ്രാധാന്യം കൈവരുന്ന തരത്തിൽ, മറ്റു ചിലപ്പോൾ ഒരു മിത്ത് നിർമിച്ചെടുക്കുന്ന മട്ടിൽ, അതുമല്ലെങ്കിൽ ഭ്രമാത്മകാനുഭവങ്ങളിൽ ഊന്നിക്കൊണ്ട്. ഇങ്ങനെയുള്ള പല രീതികളിൽ ഏതിനോടാണ് കൂടുതൽ ഇഷ്ടം തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയാനാവില്ല.ഓരോ മാനസികാവസ്ഥയിൽ ഓരോ ആവിഷ്‌ക്കാരരീതി സ്വീകരിക്കുന്നു എന്നു മാത്രം.അതു തന്നെ ഈ പ്രമേയത്തിന്,അല്ലെങ്കിൽ കഥാവസ്തുവിന് ഈ സ്വരൂപവും ആഖ്യാനരീതിയുമാണ് വേണ്ടത് എന്ന് ആലോചിച്ചുറച്ച് ചെയ്യുന്നതൊന്നുമല്ല ; അങ്ങനെയങ്ങ് സംഭവിക്കുന്നു എന്നു മാത്രം.
ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യത്തെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച എഴുത്തുകാരിലൊരാളാണ് ഫെർനാൺഡോ പെസ്സോ ( Fernando Pessoa – 1888 -1935) . ഈ പോർച്ചുഗീസ് കവി പല പേരുകളിലാണ് എഴുതിയത്.അവ തൂലികാനാമങ്ങളല്ല, എഴുത്തുകാരനിലെ അപര വ്യക്തിത്വങ്ങളുടെ പേരുക ( heteronyms ) ളാണ്. പല ശരീരഘടനയും തൊഴിലും മനോഭാവവും രാഷ്ട്രീയവും ദർശനവുമൊക്കെ ഉള്ളവരാണ് പെസ്സോ തനിക്കു വേണ്ടി സൃഷ്ടിച്ച എഴുത്തുകാർ. താൻ യഥാർത്ഥത്തിൽ ഒരാളല്ലെന്നും പലപ്പോഴും പല ആളാണെന്നും പെസ്സോ വിശ്വസിച്ചു.ആ വിശ്വാസത്തെ എഴുത്തുജീവിതത്തിലേക്ക് നേരിട്ട് പകർത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ തന്റെ സർഗാത്മകവ്യക്തിത്വത്തെ  മറ്റൊന്നിനും കീഴ്‌പ്പെടുത്താതെ ഉയർത്തിപ്പിടിക്കണം, കലർപ്പില്ലാത്ത ആത്മാവിഷ്‌ക്കാരം നടത്തണം,അചഞ്ചലമായ നിലപാട് സ്വീകരിക്കണം എന്നൊക്കെ നാം സാധാരണ പറഞ്ഞുവരുന്ന സംഗതികളുടെ അതിമനോഹരമായ സർഗാത്മകനിഷേധമാണ് പെസ്സോ സാധിച്ചത്.
പെസ്സോവിന്റെതു പോലുള്ള നിസ്സംശയമായ ഒരു നിലപാട് എന്ന നിലക്കല്ലാതെ തന്നെ ഞാൻ എന്നിലെ എഴുത്തുകാരന്റെ ജീവിത സമീപനത്തെയും അനുഭവാവിഷ്‌ക്കാര ശൈലിയെയും കൂടെക്കൂടെ നിഷേധിച്ചുകൊണ്ടിരുന്നിട്ടുണ്ട്.ഓരോ തവണയും എഴുത്ത് പൂർണാർത്ഥത്തിൽ പുതുതായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.എല്ലായ്‌പ്പോഴും അത് സാധിച്ചില്ല എന്നത് വാസ്തവമാണ്.പക്ഷേ,അവനവനെ തന്നെ അനുകരിക്കുന്നത് അപമാനകരമാണ് എന്ന ബോധ്യം എന്നെ കുറെയൊക്കെ സഹായിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.
യുക്തിബോധത്തോടെയും സമചിത്തതയോടെയും അനുഭവങ്ങളെ സമീപിക്കണം എന്ന് സ്വയം അനുശാസിക്കാറുണ്ടെങ്കിലും ചിലപ്പോൾ അവിചാരിതമായി സകലതും തകിടം മറിയും. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം ഭൂവിഭാഗങ്ങളും  വിചിത്ര സ്വഭാവികളായ കഥാപാത്രങ്ങളും ഭ്രമാത്മകം എന്നു മാത്രം പറയാനാവുന്ന സംഭവങ്ങളും മനസ്സിൽ വന്നുകയറും. എന്റെ ഓർമയിൽ നേരത്തെ ഇടംപിടിച്ച  സംഗതികളിൽ ചിലതും ഇങ്ങനെ രൂപം മാറി വരും.എന്റെ ലോകബോധത്തിനും രാഷ്ട്രീയത്തിനും ഇണങ്ങുന്നില്ലല്ലോ എന്നു കരുതി അവയിൽ ഒന്നിനെ പോലും ഞാൻ ഒഴിവാക്കാറില്ല.ജീവിതം എന്ന പ്രതിഭാസത്തെയും മനുഷ്യപ്രകൃതത്തെയും ഞാൻ ജീവിക്കുന്ന ചരിത്രഘട്ടത്തെയും സംബന്ധിക്കുന്ന ഒരു പാട് വാസ്തവങ്ങളിലേക്കുള്ള യാത്രാനുമതിയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നുചേർന്നിരിക്കുന്നത് എന്ന തോന്നലിൽ ഞാൻ ആവേശംകൊള്ളും.പിന്നെ കഥ എന്നെ അത് നിശ്ചയിക്കുന്ന വഴിയിലൂടെ മുന്നോട്ട് കൊണ്ടുപോവും.എൻ.പ്രഭാകരൻ എന്ന പേരിൽ ഞാൻ ആദ്യമായി എഴുതിയ 'ഒറ്റയാന്റെ പാപ്പാൻ'(1971) എന്ന കഥയിൽ നിന്ന് തുടങ്ങുന്നതാണ് ഈ അനുഭവം. പിന്നീട് മറുപിറവി,പിഗ്മാൻ,കാളപ്പാറ,നിലാവിൽ ഒരു വഴി, അലാമി, രാമേശ്വരം,ഭൂമിയുടെ വില എന്നിങ്ങനെ അനേകം കഥകൾ  ഈ മട്ടിൽ എനിക്ക് വീണുകിട്ടിയിട്ടുണ്ട്.
'വീണുകിട്ടി 'എന്നു ഞാൻ പറഞ്ഞെങ്കിലും ഒരു കഥയുടെയും പിറവി ആയാസരഹിതമായി സംഭവിച്ചതല്ല.കഥയിലെ അനുഭവത്തിന്റെ കാതൽ ഇന്നതാണെന്ന് മുന്നറിയിപ്പ് തരുന്ന ഒന്നോ രണ്ടോ അംശങ്ങൾ മാത്രമാണ് ഒരു ദൃശ്യശകലമായോ, അത്രയൊന്നും പരിചിതമല്ലാത്ത ഒരു വാക്കായോ, ഓർമത്തെളിച്ചമായോ ഒക്കെ വീണുകിട്ടുന്നത്.ബാക്കി പണി മുഴുവൻ പരസഹായമേതുമില്ലാതെ നല്ല 'സ്വബോധ'ത്തോടെ ചെയ്യുണം.അതും നൂറായിരം മറ്റ് വേവലാതികൾക്കിടയിൽ.അതിന്റെ മനപ്രയാസങ്ങൾ പറഞ്ഞറിയിക്കാനാവില്ല.
നന്നേ ചെറിയ കഥകളൊഴിച്ച് മറ്റുള്ളവയെല്ലാം വളരെയേറെ പ്രയാസപ്പെട്ടാണ് ഞാൻ എഴുതിയിട്ടുളളത്.ഒരു പാരഗ്രാഫ് എഴുതാൻ തന്നെ മിക്കവാറും ഒരു ദിവസം മുഴുവനുമുള്ള അധ്വാനം വേണ്ടിവരും.പല ദശകങ്ങളായി ഈ പണി തുടരുകയാണെങ്കിലും ഇതേവരെ എനിക്ക് കൈത്തഴക്കം വന്നിട്ടില്ല.ഇതു കാരണം ഞാൻ യഥാർത്ഥത്തിൽ ഈയൊരു പ്രവൃത്തിക്ക് പറ്റാത്ത ആളാണോ ,ഇവിടെ വഴി തെറ്റി എത്തിയതാണോ എന്നൊക്കെ ബലമായി സംശയിച്ചുപോയ സന്ദർഭങ്ങൾ എത്രയെങ്കിലുമുണ്ടായിട്ടുണ്ട്.എങ്കിലും ഞാൻ ഇപ്പോഴും കഥയും കവിതയും നോവലുമൊക്കെ എഴുതിക്കൊണ്ടിരിക്കുന്നു.തികച്ചും വ്യക്തിഗതമായ ആനന്ദംതേടലിനേക്കാൾ മറ്റ് പലതുമാണ് ഈ പണിയിലേക്ക് എന്നെ പിന്നെയും പിന്നെയും എത്തിച്ചുകൊണ്ടിരിക്കുന്നത്.
സ്വന്തം എഴുത്തുജീവിതത്തെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് മുകളിൽ കുറിച്ചത്.വ്യത്യസ്തമായ പല കോണുകളിൽ നിന്ന് സ്വയം നിരീക്ഷിച്ച് ഇതിനു മുമ്പും പലതും ഞാൻ എഴുതിയിട്ടുണ്ട്. ആ ഗണത്തിൽ പെടുന്ന എഴുത്തുകളെയെല്ലാം ചേർത്ത് ഇപ്പോഴും അപൂർണമായി തുടരുന്ന ഒരു നോവലായി സങ്കൽപിക്കുകയാണെങ്കിൽ അതിലെ ഏറ്റവും ഒടുവിലെഴുതിയ അധ്യായമായി ഇതിനെ കണക്കാക്കാം.ഇനി എഴുതാനിടയുള്ള അധ്യായങ്ങളിൽ എന്തൊക്കെ ഉണ്ടാവുമെന്ന് പ്രവചിക്കാനാവില്ല.കാരണം എഴുത്ത് മാത്രമല്ല എഴുത്തിനെ കുറിച്ചുള്ള എഴുത്തും ചെറിയ അളവിലേ എന്റെ നിയന്ത്രണത്തിൽ വരുന്നുള്ളൂ.
(മാർച്ച് 7,2015- ചന്ദ്രിക ആഴ്ചപ്പതിപ്പ്)
















1 comment: