Pages

Tuesday, March 3, 2015

ആം ആദ്മി രാഷ്ട്രീയത്തിലെ പ്രതിസന്ധി

പ്രത്യയശാസ്ത്രം കൊണ്ടുമാത്രം രാഷ്ട്രീയമാവില്ല എന്നതുപോലെ തന്നെ വാസ്തവമാണ് കേവലമായ പ്രത്യയശാസ്ത്രവിരോധം രാഷ്ട്രീയമാകില്ല എന്നതും.ഞങ്ങൾ ഇടത്തോ വലത്തോ അല്ല അഴിമതിയെ പ്രതിരോധിക്കുക,ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം എന്ന് ആം ആദ്മി പറയുന്നതിനെ ഒരു ഘട്ടം വരെയേ അംഗീകരിക്കാനാവൂ.വ്യക്തിഗതകാര്യങ്ങൾ മുതൽ സാഹിത്യം,കല,വിദ്യാഭ്യാസം,ദർശനം എന്നിവ വരെയുള്ള എല്ലാ സംഗതികളെ കുറിച്ചും തങ്ങൾ  സ്വരൂപിച്ചുവെച്ചിരിക്കുന്ന ആശയങ്ങളെ  മുഴുവൻ പുന:പരിശോധനക്ക് വിധേയമാക്കാനും പുതുതും മാനവികവുമായ പുതിയ നിലപാടുകളിൽ എത്തിച്ചേരാനും വ്യക്തികളെ പ്രേരിപ്പിക്കുന്ന ആശയവിദ്യാഭ്യാസം നൽകുക എന്നത് രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രധാനഭാഗമായി അംഗീകരിക്കുന്ന പാർട്ടിക്ക് മാത്രമേ ദീർഘകാല പ്രസക്തി ഉണ്ടാവൂ. അങ്ങനെയുള്ള ഒരു പാർട്ടിക്ക് മാത്രമേ ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി നവീകരിക്കാനാവൂ.കോൺഗ്രസ്സിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ചെറിയ അളവിൽ ചെറിയ ഒരു കാലം വരെ അത് സാധിച്ചിരുന്നു.ഇന്നത്തെ പ്രവർത്തനശൈലിയിൽ നിന്ന് പുറത്തു കടക്കാതെ ആം ആദ്മി പാർട്ടിക്ക് അത് സാധ്യമാവുമോ എന്ന സംശയം ഉള്ളിൽ നിന്നു തന്നെ ഉയർന്നു വരുന്നതാണ് പാർട്ടിയിൽ ഇപ്പോൾ രൂപം കൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പിന്നിലുള്ളത്.സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിൽ നിന്ന് കൃത്യമായി നിർവചിച്ച നയവും പരിപാടികളുമുള്ള യഥാർത്ഥ രാഷ്ട്രീയത്തിലേക്ക് വളരാനാവുമോ എന്ന ചോദ്യം ആം ആദ്മി പാർട്ടിയുടെ കാതുകളിൽ വലിയ മുഴക്കത്തോടെ വന്നുവീണിരിക്കുന്നു എന്നർത്ഥം.
                                                                                         3/3/2015

No comments:

Post a Comment