Pages

Thursday, March 19, 2015

ശീർഷകം ആവശ്യപ്പെടാത്ത രണ്ട് കവിതകൾ

1
ഓരോ മലയാള വാക്കിന്റെയും തൊട്ടു മുന്നിൽ
ചിലപ്പോൾ വശങ്ങളിൽ, ചിലപ്പോൾ പിന്നിൽ
നിഴൽ പോലെ നടക്കുന്നു ഓരോ ഇംഗ്ലീഷ് വാക്ക്
നിഴലുകളെല്ലാം ഒരുമിച്ചു സംഭവിക്കുന്ന നിമിഷം
ഇതാ വന്നുചേരുകയായി എന്ന്
ഉള്ളിൽ നിന്നൊരു കാളലുയരുന്നുണ്ട്
ഹോ,അതിനെ ഞാൻ എന്തു ചെയ്യും ?
2
ഒരു ചിത്രപ്രദർശനം കാണാൻ പോയി.കണ്ടതിലേറെയും ചിത്രങ്ങളായിരുന്നില്ല.പ്രതിഷ്ഠാപനങ്ങൾ,വെളിച്ചം കൊണ്ടുള്ള അഭ്യാസങ്ങൾ,വീഡിയോ ഫിലിമുകൾ,കരിയും ചെളിയുമുപയോഗിച്ചുള്ള ശില്പങ്ങൾ,ലോഹത്തിലുള്ള പണിത്തരങ്ങൾ,ചുഴികൾ.ആദ്യം അമ്പരപ്പ് തോന്നി.പിന്നെ ചിത്രത്തിന്റെ അതിരുകൾ
മാഞ്ഞുപോകുന്നതിൽ ആഹ്‌ളാദം തോന്നി.ഒടുവിൽ എല്ലാം നിമിഷനേരത്തേക്കുള്ള അത്ഭുതങ്ങൾ മാത്രമായി മാറിപ്പോവുകയാണോ എന്ന അങ്കലാപ്പുണ്ടായി.കണ്ണുകളിൽ നിന്ന് വർണങ്ങളും വരകളുമെല്ലാം മായുകയും നോട്ടുകെട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്ന ദൃശ്യം അവയുടെ സ്ഥാനം കയ്യടക്കുകയും ചെയ്തു.പഴയ ദോഷൈകദൃക്ക് ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന്റെ പ്രശ്‌നമാവാം.. അല്ലെങ്കിൽ ദീർഘദർശിത്വം.ഒരുവേള ഇവ രണ്ടുമല്ലാത്ത മൂന്നാമതൊരു സംഗതി.കല ജീവിതം തന്നെ എന്ന് ആ പ്രദർശനശാലയിൽ എവിടെയോ എഴുതിവെച്ചിരുന്നുവെന്ന് ദാ ഇപ്പോൾ ഓർമ വരുന്നു.
19/3/2015

1 comment: