കേരളത്തിനകത്തു തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന മലയാളിയുടെ ലോകം വല്ലാതെ ചുരുങ്ങിപ്പോവുന്നുണ്ടെന്നും ഏറ്റവും പുതിയ തലമുറയുടെ കാര്യത്തിലാണ് ഇത് ഏറ്റവും കൂടിയ അളവിൽ സംഭവിച്ചുകൊണ്ടി രിക്കുന്നതെന്നും ഉള്ള പറച്ചിലിന് രണ്ട് മൂന്ന് ദശകക്കാലത്തിന്റെയെങ്കിലും പഴക്കമുണ്ട്.ഈ പറച്ചിൽ ഏറെക്കുറെ എല്ലാ കോണുകളിൽ നിന്നുമായി ആവർത്തിച്ചു കേൾക്കാൻ തുടങ്ങിയത് സമീപവർഷങ്ങളിലാണെന്ന് മാത്രം.
നാം നമ്മെക്കുറിച്ച് പൊതുവായി പങ്കുവെക്കുന്ന ഈ നിരീക്ഷണത്തിന് അനുഭവത്തിന്റെ പിൻബലമുണ്ടെന്നതിൽ സംശയമില്ല.പക്ഷേ,സാമൂഹ്യമായ പ്രതീക്ഷകളും ഉൽക്കണ്ഠകളും രോഷവുമെല്ലാം നമുക്ക് അന്യമായി ത്തുടങ്ങിയതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് ഗൗരവപൂർണമായ അന്വേഷണങ്ങളൊന്നും ഇതേവരെയായി ഉണ്ടാവാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു ഉത്തരത്തിൽ എത്തിച്ചേരുക എളുപ്പമല്ല.
സാങ്കേതിക സാക്ഷരതയുടെ വ്യാപനവും നവസാമൂഹ്യമാധ്യമങ്ങളിലെ വ്യവഹാരങ്ങൾക്ക് നൽകുന്ന അതിശ്രദ്ധയുമാണ് കേരളത്തിലെ യുവജനങ്ങളെയും മധ്യവയസ്‌കരെയും വൃദ്ധജനങ്ങളെപ്പോലും അവനവനിലേക്കും അവളവളിലേക്കും ചുരുങ്ങാൻ പ്രേരിപ്പിച്ചത് എന്നു പറഞ്ഞാൽ നന്നേ ചെറിയ അളവിലേ അത് ശരിയാവുകയുള്ളൂ.സാ മൂഹ്യ മാധ്യമങ്ങളിലെ ആവിഷ്‌ക്കാരങ്ങൾ ഏറെയും വ്യക്തികൾ സ്വയം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ ആ ആവിഷ്‌ക്കാരങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ (കമന്റ്‌സ്) അതിലും പതിന്മടങ്ങ് മോശമായ രീതിയിൽ അഹന്തയുടെയും ധിക്കാരത്തിന്റെയും പ്രകടനമാവുന്നതായിട്ടാണ് കാണുന്നത്.ഫെയ്‌സ്ബുക്ക്,ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ നടക്കുന്ന സാമൂഹ്യവിമർശനത്തിന്റെയും നിരീക്ഷണങ്ങളുടെയും പൊതുവെയുള്ള സ്വഭാവം ഒരുതരം ആധിപത്യവ്യഗ്രതയാണ്.തർക്കിക്കാനും ജയിക്കാനുമല്ല അറിയാനും അറിയാക്കാനുമുള്ളതായിരിക്കണം സംവാദം എന്ന ബോധ്യത്തിന്റെ നാലയലത്തുപോലും എത്താത്ത കമന്റുകളിലൂടെ വലിയ അളവിൽ ആശയ വിനിമയം നടക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.ചില വാർത്തകളും വിവരങ്ങളും അധികാരകേന്ദ്രങ്ങളുടെ സമ്മതിക്ക് കാത്തു നിൽക്കാതെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും അപ്പപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നതും ചുരുക്കം ചില സന്ദർഭങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ തികച്ചും ജനവിരുദ്ധമായ നിലപാടുകളും അഭിപ്രായപ്രകടനങ്ങളും സൈബർമാധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നതും വസ്തുതയാണ്.ഭയരഹിതമായ ഇത്തരം പ്രതികരണങ്ങൾ ജനനേതാക്കളുടെ പരിവേഷം കുറച്ചെങ്കിലും നഷ്ടപ്പെടുത്തുകയും ബഹുജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രത്യക്ഷത്തിലെങ്കിലും കൂടുതൽ മാന്യതയും മര്യാദയും കാണിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അത്രത്തോളമെങ്കിലും അവയുടെ സംഭാവന ഉണ്ടെന്ന് ആർക്കും സമ്മതിക്കേണ്ടിവരും.സമൂഹമനസ്സിനെ പുറകോട്ട് വലിച്ചേ അടങ്ങൂ എന്ന വാശി കൈവിടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിക്കാത്ത മതമൗലികവാദികളെയും മറ്റ് പ്രതിലോമ ശക്തികളയും പ്രകോപിപ്പിക്കുന്ന ചില നൂതനാശയങ്ങളും നിലപാടുകളും നവമാധ്യമങ്ങളിൽ ഇടയ്‌ക്കൊക്കെ ഇടം നേടാറുണ്ട് എന്ന കാര്യവും എല്ലാവർക്കും അറിയാം. ഇതിനൊക്കെ അപ്പുറം എന്തുണ്ട്?നമ്മുടെ പൊതുബോധത്തെ അവ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? രാജ്യത്തിനകത്തെ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക പരിതോവസ്ഥയിൽ വിമർശനാത്മകമായും നിർമാണാത്മകമായും ഇടപെടുന്നതിനുള്ള ഊർജ്ജം പ്രസരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും അവയുടെ ഭാഗത്തുനിന്ന് ഗണ്യമായ എന്തെങ്കിലും സംഭാവനകൾ ഉണ്ടാവുന്നുണ്ടോ? എന്നീ ചോദ്യങ്ങൾക്കെല്ലാം നിഷേധാത്മകമായ മറുപടികളേ സാധ്യമാവൂ.
പക്ഷേ, ഇന്റർനെറ്റിലും നവസാമൂഹ്യമാധ്യമങ്ങളിലും വ്യാപരിക്കുന്നതിന് നമ്മുടെ യുവജനങ്ങൾ കാണിക്കുന്ന അത്യുത്സാഹമൊന്നു മാത്രമാണ് അവർക്കിടയിൽ സാമൂഹിക സാക്ഷരതയുടെ ശോഷണം സംഭവിപ്പിച്ചതെന്ന് പറയാനാവില്ല. പുതുതലമുറ വാസ്തവത്തിൽ അങ്ങനെ നിരക്ഷരാവുകയാണോ ചെയ്തത് എന്ന് സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ നിരക്ഷരതയല്ല ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കടുത്ത കഴിവുകേടും വൈമുഖ്യവുമാണ് അവരെ ബാധിച്ചിരിക്കുന്നത് എന്ന് മനസ്സിലാവും.ഇവ രണ്ടും പല വഴിക്കാണ് അവരിൽ എത്തിച്ചേർന്ന് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്.ആദ്യവഴി വിദ്യാഭ്യാസത്തിന്റെതു തന്നെ.പ്രൈമറി തലം മുതൽ ഗവേഷണതലം വരെ സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന വിദ്യാഭ്യാസം ഉപരിപ്ലവവും അപൂർണവുമായ വിവരശേഖരണത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.വസ്തുതകളുടെ അപഗ്രഥനത്തിനുള്ള പരിശീലനം വളരെ ചെറിയ തോതിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും ആ അപഗ്രഥനത്തിന്റെ പോലും ലക്ഷ്യം ജ്ഞാനാർജ്ജനമല്ല ജ്ഞാനിയായി ഭാവിക്കലും പ്രദർശിപ്പിക്കലുമൊക്കെയാണ്.ഗവേഷണവിദ്യാർത്ഥികളുടെ കാര്യത്തിൽ പോലും ഏറിയ കൂറും അതാണ് സംഭവിക്കുന്നത്.ഉന്നത തലത്തിലുള്ള ഒരു പരിശോധനയ്ക്കുവേണ്ടി കോളേജിലെത്തിയ വിദഗ്ധസംഘത്തിലെ ഒരംഗം ' നിങ്ങൾ നെറ്റിൽ നോക്കണം.പന്ത്രണ്ടിടത്ത് എന്റെ പേര് കാണാം,നിങ്ങളും അത് പോലെ പേര് വരുത്തണം' എന്ന് പറഞ്ഞതായി ഒരു ദശകം മുമ്പ് ഒരു കോളേജ് അധ്യാപകൻ എന്നോട് പറഞ്ഞിരുന്നു.വിദഗ്ധരുടെ നിലവാരം ഇതാണെങ്കിൽ അവരെ അനുസരിക്കാനും അനുകരിക്കാനും ശ്രമിക്കുന്നവരുടെ നിലവാരം എത്രമേൽ പരിതാപകരമാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
തങ്ങൾക്ക് പ്രാഥമികധാരണപോലുമില്ലാത്ത വിഷയത്തെ കുറിച്ചുപോലും വാചാലരാവാനും തർക്കിക്കാനും യാതൊരു മടിയിലുമില്ലാത്തവരാണ് നമ്മുടെ വിദ്യാർത്ഥികളിൽ വളരെയേറെ പേർ.പരീക്ഷകൾ ഉയർന്ന നിലയിൽത്തന്നെ പാസ്സാവാനുള്ള സൂത്രപ്പണികൾ വശത്താക്കുന്നതിനല്ലാതെ പഠനം ആവശ്യപ്പെടുന്ന അധ്വാനത്തിനോ ക്ലേശപൂർണമായ അന്വേഷണങ്ങൾക്കോ അവർ തയ്യാറാവുകയില്ല.അതൊന്നും ആവശ്യമില്ലെന്നും മികച്ച പെർഫോമൻസിനുള്ള കഴിവ് മാത്രമാണ് ലോകം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നതെന്നുമുള്ള പ്രതീതിയിലാണ് ചെറിയ ക്ലാസ്സുകൾ തൊട്ടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്.പുതിയ ബോധനരീതി അതൊന്നുമല്ല ലക്ഷ്യം വെക്കുന്നതെന്നും അത് വിദ്യാർത്ഥികളിൽ സ്വതന്ത്രമായ ജ്ഞാനനിർമാണത്തിനും നിലവിലുള്ള ഏത് അറിവിനെയും വിമർശനാത്മകമായി സമീപിക്കുന്നതിനും ഉള്ള ശേഷി ഉയർന്ന അളവിൽ ഉൽപാദിപ്പിക്കുകയാണ് ചെയ്യുക എന്നും ആരൊക്കെ എത്രയൊക്കെ ആവേശം കൊണ്ടാലും അതിന്റെ പ്രയോഗത്തിന് ഇങ്ങനെയൊരു വിപരീത ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടുവരുന്നത്. .
'തൊഴിൽ വിപണിയിൽ നിങ്ങളെ വാങ്ങുന്നതിൽ ആരും വലുതായ താൽപര്യം കാണിക്കില്ല,ഏറ്റവും എളുപ്പത്തിലും വിജയകരമായും സ്വയം വിൽക്കാനുള്ള വൈദഗ്ധ്യമാണ് നിങ്ങൾ ആർജിക്കേണ്ടത്.അതിനുള്ള തയ്യാറെടുപ്പും തന്ത്രപ്രയോഗങ്ങളുമാണ് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്' എന്ന് വിദ്യാർത്ഥികളോട് താൻ ആവർത്തിച്ചു പറയാറുണ്ടെന്ന് ഒരധ്യാപകൻ അഭിമാനപൂർവം പറയുന്നത് കേൾക്കാനിടയായപ്പോൾ അദ്ദേഹത്തോട് എനിക്ക് പുച്ഛമോ സഹതാപമോ തോന്നിയില്ല.നമ്മുടെ കാലത്ത് ലോകം യുവജനങ്ങളിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് കൃത്യമായി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. പക്ഷേ,ഈ മനോഭാവം നമ്മുടെ പൊതു ജീവിതത്തിന്റെ നിയന്ത്രണം കയ്യാളുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രകടമാ വുമ്പോൾ അതിനു നേർക്ക് ഔദാര്യമോ ഉദാസീനതയോ കൈക്കൊ ള്ളാനാവില്ല.സാമൂഹ്യജീവിതത്തിൽ ചില മൂല്യങ്ങൾ നിലനിൽക്കണമെന്നും അവിടെ നടക്കുന്ന വ്യവഹാരങ്ങൾ സത്യസന്ധമായിരിക്കണമെന്നും അവ ജനവിരുദ്ധമാകരുതെന്നുമൊക്കെയുള്ള നിർബന്ധം ഏത് വിപരീത സാഹചര്യത്തിലും മുറുകെ പിടിക്കേണ്ടവരാണ് അവർ.അവരുടെ അലംഭാവത്തിലൂടെ ഒരു സമൂഹത്തിന് നഷ്ടമാവുന്നത് ആത്മാഭിമാനം തൊട്ടുള്ള അനേകം ഗുണങ്ങളാണ്.അവയിൽ പരമ പ്രധാനമായ ഒന്നാണ് ഉണർവും ഉശിരും സത്യസന്ധതയുമുള്ള പൊതുബോധം.അതിന് സംഭവിച്ച തകർച്ചയാണ് വർത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.സാമൂഹിക സാക്ഷരതയുടെ നാശത്തിനു പിന്നിലെ പ്രധാന കാരണം ഇതാണ്.
മലയാളിയുടെ പൊതുബോധത്തിൽ സമകാലിക സാമൂഹ്യരാഷ്ട്രീയപ്രശ്‌നങ്ങളെ കുറിച്ചുള്ള ധാരണകളും ഉത്കണ്ഠകളും അപഗ്രഥനങ്ങളും സജീവമായി നിലനിൽക്കാതായിട്ട് ചുരുങ്ങിയത് മൂന്ന് ദശകക്കാലമെങ്കിലും ആയി.അതിനും കുറച്ചു മുമ്പേ തന്നെ പൊതുബോധത്തിന്റെ സഞ്ചാരം ഉദാസീനതയിലേക്ക് വഴിതിരിഞ്ഞു തുടങ്ങിയിരുന്നു.ഈയൊരു മാറ്റത്തിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിന്റെ വഴിമാറ്റം തന്നെയാണ്.വർഗീയ കക്ഷികൾക്കും പ്രാദേശികതയിൽ ഊന്നിനിൽക്കുന്ന കക്ഷികൾക്കും അവരവരുടെതായ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയമുണ്ട്.മറ്റ് രാഷ്ട്രീയപ്പാർട്ടികളെല്ലാം താന്താങ്ങൾ കാലാകാലമായി ഉയർത്തിപ്പിടിച്ചു വന്നിരുന്ന രാഷ്ട്രീയം വലിയൊരളവോളം ഉപേക്ഷി ക്കുകയും അധികാരത്തിലേറാനുള്ള നാനാതരം വ്യവഹാരങ്ങൾ മാത്രമാ യിരിക്കണം രാഷ്ട്രീയം എന്ന് തീരുമാനിക്കുകയും ചെയ്തത് അവരുടെ പല ചെയ്തികളിൽ നിന്നും പൊതുപ്രശ്‌നങ്ങളോടുള്ള സമീപനങ്ങളിൽ നിന്നും ജനങ്ങൾ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.വിമർശനങ്ങളൊന്നും ഫലവത്താകുകയില്ലെന്നും രാഷ്ട്രീയകക്ഷികൾ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒന്നിനെയും ചോദ്യം ചെയ്യാതെ അനുസരണയോടെ പെരുമാറാനുള്ള സന്നദ്ധത മാത്രമാണെന്നും അനേകം അനുഭവങ്ങളിലൂടെ അവർക്ക് ബോധ്യമാവുകയും ചെയ്തിരിക്കുന്നു.
കാര്യങ്ങൾ മറ്റൊരു വിധത്തിലായിത്തീരാനുള്ള സാധ്യതകളൊന്നും കൺവെട്ടത്തിലില്ല.താരതമ്യേന കൂടുതൽ ആത്മാനുരാഗവും പാരമ്പര്യപ്രണയവും യാഥാസ്ഥിതികത്വവുമൊക്കെയുള്ള ഒരു ജനതയായി നരവംശശാസ്ത്രകാരന്മാർ നേരത്തേ തന്നെ നിർണയിച്ചിട്ടുള്ള മലയാളികൾ സാമൂഹ്യപ്രശ്‌നങ്ങളുടെ നേർക്ക് അവർ/ അവരുടെ പൂർവികർ പണ്ട് കാണിച്ചിരുന്ന ജാഗ്രത വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രമേ കേരളത്തിലെ രാഷ്ട്രീയം,വിദ്യാഭ്യാസം,സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിലെ ദൈനംദിന യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണും കാതും മനസ്സും തുറക്കുന്ന ആർക്കും തോന്നുകയുള്ളൂ.ഇത് അൽപവും ആശാസ്യമായ അവസ്ഥയല്ലെന്ന് അറിയുമ്പോഴും തങ്ങൾക്ക് ഫലപ്രദമായ ഇടപെട ലുകളൊന്നും സാധ്യമാവില്ലെന്ന നിസ്സഹായതാബോധം അവരെ ഒന്നു കൂടി പരിക്ഷീണരാക്കുകയും ഒരു പ്രതികരണത്തിനും പ്രതിരോധത്തിനും മുതിരാതെ പിന്മാറാൻ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി രൂപപ്പെട്ടിരിക്കുന്ന ആന്തരിക നിശ്ചലതയാണ് ഇന്നത്തെ കേരളീയ പൊതുജീവിതത്തിലെ ഏറ്റവും വലിയ ദു:ഖാനുഭവം.