Pages

Wednesday, August 11, 2010

നാല് കവിതകൾ

നാല് കവിതകൾ

1
ഉച്ചവെയിലിലും ഉപ്പുകാറ്റിലുമുണങ്ങി
ഒരു സംഘം കുട്ടികള്‍
പൂഴിപ്പരപ്പിലൂടെ തുഴഞ്ഞുതുഴഞ്ഞെത്തി
കടലില്‍ വഴിതെറ്റി കരക്കടിഞ്ഞ വലിയൊരു തിമിംഗലത്തെ കാണാനായിരുന്നു
അവരുടെ വരവ്
തീരത്തില്‍ നിന്നിത്തിരിയകലെ
തിരകള്‍ കയറിയിറങ്ങുന്ന വലിയ ഉടല്‍ കണ്ടപ്പോള്‍
അവരിലൊരാള്‍ വലിയ വായിലേ നിലവിളിച്ചു:
അയ്യോ,എന്റാച്ചച്ചന്‍,എന്റച്ചാച്ചന്‍ അങ്ങു ദൂരെ, ദൂരെദൂരെ ആഴക്കടലില്‍ ഉച്ചമയക്കത്തിലായിരുന്ന ഒരുപെണ്‍തിമിംഗലം അതുകേട്ടു ഞെട്ടിയെണീറ്റ് തന്റെ ഇണയോട് പറഞ്ഞു:
പാവം ചെക്കന്‍!

2
ചരിത്രം എന്നെ കുറ്റക്കാരനെന്നു വിധിക്കും
സ്വന്തം കൂട്ടാളിയെ അത് കൃത്യമായി തിരിച്ചറിയും
3
ഭൂമി എത്രയോ ചെറുതായി
ഭൂതകാലം ചുമലിലേറ്റാവുന്ന ചെറുമാറാപ്പായി
അകലങ്ങളെല്ലാം അരികെയായി
അറിവുകളെല്ലാം ഒരു വിരല്‍ത്തുമ്പിലൊതുങ്ങുമെന്നായി
എന്നിട്ടും ദൈവമേ ആത്മാവിന്റെ നോവുകള്‍ മാത്രം
പെരുകിപ്പെരുകി ഈ ഭൂമിയോളം പരക്കുന്നല്ലോ
4
മേഘങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്ന
മലമുകളിലെ തടാകക്കരയില്‍ ഒരു പകല്‍മുഴുവന്‍
ഞാന്‍ ഉറങ്ങിക്കിടന്നു
ഉണര്‍ന്നപ്പോള്‍
കാട്ടുമരച്ചോട്ടിലെ
കാലമറിയാത്ത കല്‍വിഗ്രഹത്തിന്റെ ചുമലില്‍
ഒരു വെള്ളില്‍പറവയെ കണ്ടു
വെള്ളം കുടിക്കാന്‍ വന്ന മേഘങ്ങള്‍ മടങ്ങിപ്പോവുമ്പോള്‍ കൂടെപ്പോവാന്‍ മറന്നതായിരുന്നു അത്
എന്നോടൊപ്പം അടിവാരത്തിലേക്ക് വന്നു ആ പാവം
വന്നിറങ്ങിയ ദിവസം തന്നെ നഗരച്ചൂട് താങ്ങാനാവാതെ
അത് ചത്തുപോയി
അതിന്റെ കൊച്ചുശരീരം അടക്കം ചെയ്തിടത്ത്
പേരറിയാത്തൊരു കാട്ടുചെടി മുളച്ചുപൊന്തിയിരിക്കുന്നു
അതിന്റെ തണലിലിരുന്നാണ് ഇപ്പോള്‍ എന്തിനെന്നറിയാതെ ഈ വരികള്‍ ഞാന്‍ കുത്തിക്കുറിക്കുന്നത്.

Tuesday, August 10, 2010

കല്ലാന്‍തട്ടുകാര്‍

കല്ലാന്‍തട്ട് വിട്ടുവന്നവരാണ് നിങ്ങള്‍
കള്ള•ാരെക്കൊണ്ട് നാട് നിറഞ്ഞെന്നും
ഭള്ള് പറയുന്നവര്‍ എത്രയെങ്കിലുമുണ്ടെന്നും
ധിക്കാരികളെയും ധാര്‍ഷ്ട്യക്കാരെയും കൊണ്ട്
രക്ഷയില്ലെന്നും കരഞ്ഞുവിളിച്ചവരാണ് നിങ്ങള്‍
കൊല്ലങ്ങള്‍ പലതുകഴിഞ്ഞിരിക്കുന്നു
നിങ്ങളിലോരോരുത്തരെ കാണുമ്പോഴും അന്നാട്ടുകാരെപ്പറ്റിയുള്ള പറച്ചിലില്‍
ഒന്നല്ലെങ്കില്‍ മറ്റൊന്ന് ശരിയാണെന്ന് ഞങ്ങളറിയുന്നു
ഇക്കാലമത്രയായിട്ടും നിങ്ങളെ ഞങ്ങള്‍ കല്ലാന്‍തട്ടുകാര്‍
എന്നു തന്നെ വിളിക്കുന്നു
മറ്റൊരുപേര് നിങ്ങള്‍ക്കിണങ്ങില്ലെന്നു കരുതുന്നു
സത്യസ്ഥിതി ഇതായിരിക്കേ നിങ്ങള്‍ കല്ലാന്‍തട്ടിലേക്ക് തന്നെ മടങ്ങിപ്പോവുക
അതല്ലേ സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇന്നാട്ടുകാര്‍ക്കും നല്ലത്
അതല്ലേ സഖാക്കളേ അതിന്റെയൊരു ഭംഗി?

കേരളാ ഫോക് ലോര്‍ 2009

കൂരന്‍ നാണുവിന്റെ കാല് വെട്ടാന്‍
കൂമന്‍ നാരായണന്‍ വടം രമേശന്
രണ്ടുലക്ഷം കൊടുത്തു
കൂമന്‍ നാരായണന്റെ കൈരണ്ടും വെട്ടാന്‍
കൂരന്‍ നാണു കൊടം ശങ്കരന്
നാലുലക്ഷം കൊടുത്തു
വടം രമേശന്റെയും കൊടം ശങ്കരന്റെയും സംഘങ്ങള്‍
വേച്ചിലാന്‍മൊട്ടയ്ക്കുവെച്ച് മുഖാമുഖം കണ്ടു
"ഉശിരുണ്ടെങ്കില്‍ നാളെ വൈകുന്നേരം ചാനലിലേക്ക് വാടാ''
കൊടം ശങ്കരന്‍ വടം രമേശനെ വെല്ലുവിളിച്ചു
"എന്റെ പട്ടിവരുമെടാ ചാനലിലേക്ക്
നിന്റെ കഥ കഴിക്കാന്‍ അവന്‍ മതി;ഞാനൊരുത്തന്‍ വേണ്ട''
"ഫ,നായിന്റെ മോനേ ഇന്നാട്ടില്‍ ക്വട്ടേഷന്‍ പിടിക്കാന്‍ നീയാരെടാ''
"ഫ, കൂത്തിച്ചിമോനേ രണ്ടുവെടി നേരാംവണ്ണം വെക്കാനറിയാത്ത
കഴുവേറിമോനേ, എന്തുപാരമ്പര്യാടാ നിനക്ക് രാഷ്ട്രീയത്തില്?''
വടം രമേശനും കൊടം ശങ്കരനും കൊമ്പുകോര്‍ക്കേ
കരടിരാജു കോടമുക്കിലെ അമ്പുക്കാരണോറുടെ തറവാട്ടിലെ
തെയ്യംകെട്ട് മഹോത്സവത്തിനിടയില്‍ വെട്ട്മോഹനനെ കത്തിയെറിഞ്ഞുകൊന്ന വിവരം
ടി.വി സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തുപോയി
"പോലീസും പത്രക്കാരും പേടിത്തൂറികളായ സാഹിത്യകാര•ാരും
രണ്ടുദിവസത്തേക്ക് പടം പൊക്കും
തല്‍ക്കാലം അടങ്ങിയിരിക്കുക''
കരടിരാജുവിന്റെ അസിസ്റന്റ് ഇരുമ്പ് സൈമണ്‍
കോഡ്ഭാഷയില്‍ എല്ലാവര്‍ക്കും
മെസേജയച്ചതുകാരണം
താന്താങ്ങളുടെ പാര്‍ട്ടി ഓഫീസിനു പിന്നിലേക്ക് വടം രമേശന്റെയും
കൊടം ശങ്കരന്റെയും സംഘങ്ങള്‍ പിന്‍വാങ്ങി
സ്വന്തം താവളത്തിലേക്ക് രക്ഷപ്പെടും വഴിക്ക്
സെന്റര്‍ഫോര്‍ അഡ്വാന്‍സ്ഡ് സ്റഡീസില്‍ നടന്ന
സെമിനാറില്‍ ഇരുമ്പ് 'വംശഹത്യയിലെ പാരമ്പര്യചിഹ്നങ്ങള്‍' എന്ന പേപ്പര്‍ അവതരിപ്പിച്ചു
സെന്ററില്‍ നിന്നിറങ്ങി മാവിലാന്‍ കുന്ന് കയറി
വീട്ടിലേക്ക് മടങ്ങുന്ന ഇരുമ്പിനെ വടം രമേശന്‍ അയച്ച പൂതം
വരിഞ്ഞുകെട്ടി ചെമ്പിലടച്ച് മൂന്നുമുലച്ചിക്കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു
ഇന്നലെ ഭാനുലോകം പുലര്‍ന്ന് പകലും കഴിഞ്ഞ്
പടിഞ്ഞാറസ്തമയവും കഴിഞ്ഞന്തിയായി പാതിര
നടുനട്ടായ നട്ടപ്പാതിരയാകും വരേക്കും നടന്നോരു
കാര്യങ്ങളിത്രയുമാകുന്നെന്റെ പൈതങ്ങളേ
ഹിഹിഹി,ഹിഹിഹി,ഹിഹിഹി......

വായന/കാഴ്ച/വിചാരം

കുറിപ്പ്
3
ഇ.പി.രാജഗോപാലന്റെ 'കവിതയില്‍ കയറ്റിയിരുത്തിയ കാക്കകള്‍'(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ആഗസ്ത്8) കവിതാസ്വാദനത്തിലുള്ള മികച്ച മാതൃകയാണ്.ഘടനാവാദം മുതല്‍ അപനിര്‍മാണം വരെ സാഹിത്യപഠനത്തിനുകൂടി സഹായകമാവുന്ന എല്ലാ നൂതന വിശകലനസങ്കേതങ്ങളുടെയും ഓജസ്സുറ്റ വിനിയോഗം ഈ ലേഖനത്തില്‍ കാണാം.അതേ സമയം വളരെ സ്വതന്ത്രവും മൗലികവുമാണ് ഇതിലെ നിരീക്ഷണങ്ങള്‍.ഉദ്ധരണികളുടെയും സൂചനകളുടെയും മുള്ളുകള്‍ക്കിടയില്‍ വീണ് ഞെരിഞ്ഞുപോയില്ല ഈ ലേഖനത്തിലെ ആശയങ്ങള്‍.ഭാഷയില്‍ പാലിച്ചിരിക്കുന്ന മിതത്വവും വിഷയത്തോടുള്ള സമീപനത്തിലെ സത്യസന്ധതയുമൊക്കയാണ് ആ അപകടത്തില്‍ നിന്ന് ലേഖനത്തെ രക്ഷിച്ചത്.ഇത്രമേല്‍ സര്‍ഗാത്മകമായ ഒരു കവിതാവായന അടുത്തെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടില്ല.ഹൈസ്‌കൂള്‍ മുതല്‍ സര്‍വകലാശാല വരെയുള്ള എല്ലാ തലങ്ങളിലെയും സാഹിത്യാധ്യാപകര്‍ ഇത് വായിക്കുക തന്നെ വേണം.മറ്റു വായനക്കാരുടെ ശ്രദ്ധയില്‍ ഇത് പെടാതെ പോയാലുണ്ടാവുന്ന സാമൂഹ്യനഷ്ടത്തേക്കാള്‍ പതിനമടങ്ങായിരിക്കും അധ്യാപകവിഭാഗത്തില്‍ പെട്ടവര്‍ ഇത് വായിക്കാതെ പോയാല്‍ സംഭവിക്കുക.
9/8/2010

Monday, August 9, 2010

വായന/കാഴ്ച/വിചാരം

കുറിപ്പ്
2
റഷീദ് പാറയ്ക്കലിന്റെ 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍' ഗള്‍ഫ് ജീവിതത്തിന്റെ അടിത്തട്ടുകളിലൊന്നില്‍ നിന്നാണ് ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ രേഖകളില്ലാതെ ഗള്‍ഫില്‍ തൊഴില്‍ തേടി എത്തി വളരെ വേദനാകരമായ ചുറ്റുപാടുകളില്‍ ജീവിക്കേണ്ടി വന്ന അസീസ് എന്ന പാവം മനുഷ്യന്റെ കഥയാണ് ഈ നോവലിലുള്ളത്.'ആട്ജീവിത'ത്തിലെ നജീബിന്റെ ലോകവും അസീസിന്റെ ലോകവും തമ്മില്‍ വളരെ വലിയ അന്തരമുണ്ടെങ്കിലും ചില തലങ്ങളില്‍ അവ അടുത്തടുത്തു നില്‍ക്കുന്നവയാണ്.അതുകൊണ്ട് സ്വാഭാവികമായും 'ആടുജീവിത'വുമായി ഈ കൃതിയെ താരതമ്യം ചെയ്യാനുള്ള പ്രേരണ ഒട്ടുമിക്ക വായനക്കാര്‍ക്കും ഉണ്ടാവും.എന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ജീവിതപരിസരങ്ങളിലെ നേരിയ വ്യത്യാസങ്ങള്‍ പോലും അനുഭവങ്ങളുടെ ഘടനയിലും ആഘാതശേഷിയിലുമെല്ലാം സാരമായ വ്യത്യാസം വരുത്തും.അസീസ് ജോലി ചെയ്യുന്നതും ജീവിക്കുന്നതും തന്റെ ഉടമയായ അറബിയുടെ വീടിന്റെ തൊട്ടടുത്താണ്.അയാള്‍ക്ക് സംസാരിക്കാനും കലഹിക്കാനും അനുഭവങ്ങളില്‍ ചിലത് പങ്കുവെക്കാനും ഏതാനും പേര്‍ കൂടെയുണ്ട്.നാടുമായുള്ള ബന്ധം ഒന്നിലധികം വ്യക്തികളിലൂടെയും വേണ്ടപ്പെട്ടവരുടെ കത്തുകളിലൂടെയും നിലനിര്‍ത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.അയാളുടെ തൊഴില്‍ പരിസരങ്ങളില്‍ വെള്ളമുണ്ട്.മനസ്സിനെയും ശരീരത്തെയും ത്രസിപ്പിക്കുന്ന ഒരു പെണ്ണിന്റെ സാന്നിധ്യവുണ്ട്.നജീബിന്റെ ചുറ്റുപാടുകളില്‍ ഇങ്ങനെയുള്ള യാതൊന്നും തന്നെ ഇല്ല.അതുകാരണം അയാളുടെ ജീവിതദുരന്തം കൂടുതല്‍ ഹൃദയഭേദകമായി അനുഭവപ്പെടും.പിന്നെ ഭാഷയുടെയും ആഖ്യാനത്തിന്റെയും കാര്യങ്ങളാണ്.അവിടെയും 'ആട്ജീവിതം' പല മടങ്ങ് മുന്നിലാണെന്നു തന്നെയാണ് എന്റെ തോന്നല്‍.ഇത്തരമൊരു താരതമ്യം ശരിയല്ലെന്ന വിവേകം എനിക്കുമുണ്ട്.വായനയില്‍ ആ മട്ടില്‍ ഒരു ശീലം ഉറച്ചുപോയതുകൊണ്ടും രണ്ടു കൃതികളുടെയും കഥാവസ്തു വ്യാപരിക്കുന്ന പരിസരങ്ങള്‍ തമ്മില്‍ വസ്തുതകളുടെ തലത്തിലല്ലെങ്കില്‍ത്തന്നെയും സാമ്യങ്ങള്‍ പലതുമുള്ളതുകൊണ്ടും ഇങ്ങനെയൊക്കെയുള്ള വിചാരങ്ങളിലാണ് മനസ്സ് ചെന്നെത്തിയത്.
ഇത്രയും പറഞ്ഞുവെച്ചത് 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍'വളരെ സാധാരണമായ ഒരു നോവലാണെന്ന ധാരണ സൃഷ്ടിക്കാനല്ല.മരുഭൂമിയിലെ ദരിദ്രവും അസ്വതന്ത്രവുമായ ജീവിതത്തിലെ വേദനയും ഏകാന്തതയും തീര്‍ത്തും അവിചാരിതമായി ആ ജീവിതത്തില്‍ ആര്‍ത്തുപെയ്യുന്ന നൈമിഷികാഹ്ലാദവുമെല്ലാം വളരെ അകൃത്രിമമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവലാണിത്.
9/8/2010

Sunday, August 8, 2010

അംഗരാജ്യം

മെമ്പര്‍ഷിപ്പുണ്ടോടാ?
എന്തു മെമ്പര്‍ഷിപ്പ്?
ഒന്നുകില് കോംക്രസ്സിന്റെ മൂന്നുരൂപാ മെമ്പര്‍ഷിപ്പ്
അല്ലേല് കമ്മുണിസ്റുകാര്ടെ തൊക വെളിപ്പെടുത്താത്ത മെമ്പര്‍ഷിപ്പ്
രണ്ടും ഇല്ലല്ലോ
എന്നാപ്പിന്നെ ബി.ജെ.പിക്കാര്ടെ
സംസ്കൃതത്തിലെഴുതിയ മെമ്പര്‍ഷിപ്പുണ്ടോടാ?
അയ്യോ അതും ഇല്ല
മുസ്ളീംലീഗ്,ആര്‍.എസ്.പി,സി.എം.പി
മാണിഗ്രൂപ്പ് കേരളാകോംക്രസ്,പി.ഡി.പി,
എന്തേലുമൊന്നു കാണീരെടാ
അയ്യോ,എന്റെ കയ്യീ ഒന്നുമില്ലല്ലോ കൊച്ചാട്ടാ
എന്നാലേ,ചുമ്മാ മനുഷേരെ മെനക്കെടുത്താതെനീയീ നാട്ടീന്ന് പോ
അതെന്നാ കൊച്ചാട്ടാ അങ്ങനെ പറയ്ന്ന്?
അതേയ് ചെറുക്കാ,ഇവിടെ ജീവിക്കണേല് എന്തേലുമൊന്നില്‍ അംഗത്വം വേണം
ഇതെന്നാ കൊച്ചാട്ടാ അംഗരാജ്യോ മറ്റോ ആണോ?
അതേടാ അംഗരാജ്യം തന്നെ
എല്ലാ മുനികുമാര•ാരും വന്ന് മഴ പെയ്യിക്കുന്ന അംഗരാജ്യം.
ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്
എന്‍.പ്രഭാകരന്‍

10

2007 സെപ്റ്റംബര്‍ അവസാനവാരത്തിലൊരു ദിവസം ഉച്ച നേരത്ത് ഞാനും കുടുംബവും പശ്ചിമബംഗാളിലെ പാനിടങ്കിയിലെത്തി.പാനിടങ്കിയില്‍ നിന്ന് മേസി നദിക്ക് കുറുകെ കെട്ടിയിരിക്കുന്ന വലിയ പാലം
കടന്നാല്‍ നേപ്പാളായി.ഗ്രാമത്തിന്റെ ചെറിയ വിടര്‍ച്ച എന്നുമാത്രം പറയാവുന്ന ദൈന്യം നിറഞ്ഞ ഒരങ്ങാടിയാണ് പാനിടങ്കി.അവിടത്തെ മുഖ്യസാന്നിധ്യം പത്തമ്പത് സൈക്കിള്‍ റിക്ഷക്കാരാണ്.അവരിലൊരാള്‍ ഞങ്ങളെ പാലവും നേപ്പാളിലേക്കുള്ള പ്രവേശനകവാടവും കടത്തിച്ചു.പിന്നെ കാലപ്പഴക്കം കൊണ്ട് രോഗാതുരനായി ഞരങ്ങി നീങ്ങുന്ന ഒരു കൊച്ചുബസ്സില്‍ ഞങ്ങള്‍ ദോലാവാടിയിലേക്ക്് പുറപ്പെട്ടു.ബസ്സ് കഷ്ടിച്ച് ഒരു കിലോമീറ്ററോളമേ പോയിക്കാണൂ,ഇറങ്ങാനുള്ള സ്റോപ്പായെന്ന് കണ്ടക്ടര്‍ ആംഗ്യം കാണിച്ചു.
ചെറുതും വലുതുമായ കള്ളക്കടത്തുസാധനങ്ങളും കൌതുകവസ്തുക്കളും താരതമ്യേന വളരെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഇടമാണ് കക്കര്‍ബിട്ട എന്ന അതിര്‍ത്തിനഗരത്തിലെ ദോലാവാടി ബസാര്‍. ഇലക്ട്രോണിക് സാധനങ്ങള്‍,തുകല്‍ബാഗുകള്‍,ടീഷര്‍ട്ടുകള്‍,കളിപ്പാട്ടങ്ങള്‍,പലതരം ആഭരണങ്ങള്‍,മദ്യങ്ങള്‍ എല്ലാം സുലഭം.പത്തുലിറ്ററിന്റെയെങ്കിലും വലുപ്പമുള്ള പല വര്‍ണത്തിലും രൂപത്തിലുമുള്ള വിദേശമദ്യക്കുപ്പികള്‍ നിരനിരയായി വെച്ചിരിക്കുന്നത് വിശേഷപ്പെട്ടൊരു കാഴ്ച തന്നെയായിരുന്നു.മെലിഞ്ഞുണങ്ങിയ ഒരു പെരുംകുടിയന്‍ നിലത്തുറക്കാത്ത കാലുകളുമായി ആ കുപ്പികള്‍ക്കുമുന്നിലെത്തി അവയുടെ ഗുണഗണങ്ങള്‍ വിവരിക്കുന്നത് വെറുതെയൊന്നു സങ്കല്പിച്ചുനോക്കി. ഞങ്ങള്‍ കടകള്‍ കയറിയിറങ്ങുന്നതിനിടയില്‍ ചെങ്കൊടി കെട്ടിയ ഒരു റിക്ഷ അങ്ങാടിയുടെ മധ്യഭാഗത്തായി നടുറോഡില്‍ വന്നുനിന്നു.മാവോവാദികളുടെ പ്രചരണവാഹനമായിരുന്നു അത്.അറിയാത്ത ഭാഷയാണെങ്കിലും തകര്‍പ്പന്‍ അനൌണ്‍സ്മെന്റാണെന്ന് ശബ്ദത്തിന്റെ ഗാംഭീര്യത്തില്‍ നിന്നു തന്നെ വ്യക്തമായി.അതിനപ്പുറം ഒന്നും മനസ്സിലായില്ല.എങ്കിലും എന്തോ ഒരു സന്തോഷം തോന്നി.
കക്കര്‍ബിട്ടയില്‍ നിന്ന് നേപ്പാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബസ്സ് കിട്ടും.പതിനാറ് മണിക്കൂര്‍ നേരത്തെ സാഹസികമായ ഒരു യാത്രക്ക് തയ്യാറാണെങ്കില്‍ തലസ്ഥാനമായ കാട്മണ്ടുവില്‍ തന്നെ ചെന്നെത്താം.പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വലിയ കയറ്റങ്ങളും ഇറക്കങ്ങളും കടന്നുള്ള പോക്കില്‍ നടുവിന്റെ പണി കഴിയുമെന്നും ശരീരം മുഴുവന്‍ അടിച്ചു നുറുക്കിയ പോലെ ആവുമെന്നും അനുഭവസ്ഥര്‍ മുന്നറിയിപ്പ് തന്നു.എങ്കിലും ഒരു കൈ നോക്കിയാലോ എന്ന് ആലോചിക്കാതിരുന്നില്ല.പക്ഷേ പ്രതികൂലമായ സംഗതികള്‍ പലതുമുണ്ടായിരുന്നു.നാട്ടില്‍ കഴിവതും വേഗം തിരിച്ചെത്തണം.കാട്മണ്ടുവരെ പോവുകയാണെങ്കില്‍ കല്‍ക്കത്തയില്‍ മടങ്ങിയെത്തുമ്പോഴേക്കും കീശ കാലിയാവും.പതിനാറ് മണിക്കൂര്‍ അങ്ങോട്ട്,പതിനാറ് മണിക്കൂര്‍ ഇങ്ങോട്ട്.അതിനിടയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഹോട്ടല്‍ തമാസം.അത്രയും ദീര്‍ഘമായൊരു പരിപാടി തല്‍ക്കാലത്തേക്ക് താങ്ങാനാവില്ല.ഇക്കാര്യങ്ങളെല്ലാം മാറിയും മറിച്ചും ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ഞങ്ങള്‍ക്കു തന്നെ മടുത്തു.
ദോലാവാടിയില്‍ നിന്ന് മടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ തളര്‍ന്നിരുന്നു.ഞങ്ങളുടെ ആദ്യത്തെ വിദേശയാത്രയാണ് ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് അവസാനിച്ചത്.ഇനി ഈ ഭാഗത്തേക്കുവരാനുള്ള സാധ്യത മിക്കവാറും ഇല്ല.ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു വിങ്ങലുണ്ടായി.ഒരു ഭൂവിഭാഗത്തോട് വിട പറയുമ്പോള്‍ ആ പ്രദേശം കല്ലും മണ്ണും റോഡും തെരുവും കെട്ടിടങ്ങളുമൊന്നും അല്ലാതാവും.അപ്പോള്‍ അത് മാനവികസത്തയുടെ തന്നെ വലിയൊരു മൂര്‍ത്തരൂപമായാണ് മുന്നില്‍ നില്‍ക്കുക.അവിടം വിട്ടുപോരുമ്പോള്‍ ഒരു ചിരകാല സുഹൃത്ത് കൈവിട്ടുപോകുന്നതു പോലെയും പകരം മരണത്തിന്റെ ഒരു നിഴല്‍ കൂടെ വരുന്നതുപോലെയും തോന്നും.
മടക്കയാത്രയില്‍ മേസിനദിക്കു മുകളിലെ പാലത്തിനുമേല്‍ വീശിയടിച്ച കാറ്റില്‍ സൈക്കിള്‍റിക്ഷയുടെ വശങ്ങളിലെയും മേല്‍ക്കൂരയിലെയും ഷീറ്റുകള്‍ പടപട ശബ്ദമുണ്ടാക്കി.പാലം അവസാനിക്കുന്നിടത്ത് താഴെ നദിക്കരയിലെ കുടിലിന്റെ വരാന്തയില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്ത മെലിഞ്ഞ് എല്ലുംതോലുമായ വൃദ്ധ അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നിട്ടെന്ന പോലെ നിരങ്ങിനിരങ്ങി നീങ്ങുന്നതുകണ്ടു. പാനിടങ്കിയിയിലെ സൈക്കിള്‍ റിക്ഷാക്കാരുടെ മുഖത്തു കണ്ട അനാദിയെന്നു തോന്നിയ ദൈന്യവും വേദനയും ഏറ്റുവാങ്ങാനെന്ന പോലെ ഒരിക്കല്‍ക്കൂടി ഞാന്‍ ആ ദരിദ്രമായ അങ്ങാടിയില്‍ കാല് കുത്തി.


11

4-3-2010
വൈകുന്നേരം ഏഴ്മണി കഴിഞ്ഞ് അന്തിമിനുക്കവും അയഥാര്‍ത്ഥമായ നേരം.നേര്‍ത്ത ഇരുട്ടില്‍ ഞാനും സുഹൃത്ത് രാജേഷും തലശ്ശേരിക്കടുത്ത് വടക്കുമ്പാടുള്ള പുഴയോരത്തെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇരുന്ന് ഓരോരോ ലോകകാര്യങ്ങള്‍ സംസാരിക്കയായിരുന്നു.ഒരു സംഘം ആളുകള്‍ ഒറ്റവരിയായി ഒരേ താളത്തില്‍ എന്തോ ഉച്ചരിച്ച് റോഡരികിലൂടെ നടന്നു വരുന്നത് ഇത്തിരി അകലെ നിന്നേ ഞങ്ങളുടെ കണ്ണില്‍പെട്ടു.അടുത്തെത്തിയപ്പോഴാണ് അവര്‍ ആവര്‍ത്തിച്ച് ഉച്ചരിക്കുന്നത് 'ഹലേലുയ്യാ,ഹലേലുയ്യാ,യേശുവേ നന്ദി,യേശുവേ നന്ദി' എന്നാണെന്ന് മനസ്സിലായത്.'പാപികളായ ഞങ്ങളോട് പൊറുക്കേണമേ,പാവങ്ങളായ ഞങ്ങളെ രക്ഷിക്കേണമേ' എന്നൊരു പ്രാര്‍ത്ഥനയും അവര്‍ ഉരുവിടുന്നുണ്ടായിരുന്നു.നന്നേ ചെറിയ കനം കുറഞ്ഞ ഓരോ മരക്കുരിശുണ്ടായിരുന്നു ഓരോരുത്തരുടെ കയ്യിലും.പുഴയോരത്തെ പുതിയ വിനോദസഞ്ചാരകേന്ദ്രം വിശ്രമിക്കാന്‍ പറ്റിയ ഇടമാണെന്നു കണ്ട് ഇത്തിരി നേരത്തേക്ക് അവര്‍ അവിടെ തങ്ങി.
മലയാറ്റൂര്‍ പള്ളിയിലേക്ക് പോവുന്ന തീര്‍ത്ഥാടകരുടെ ഒരു സംഘമായിരുന്നു അത്.പയ്യാവൂരില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ടതാണ്.ഒമ്പതാം നാള്‍ അവര്‍ മലയാറ്റൂരിലെത്തും.അഞ്ചു വര്‍ഷം മുമ്പാണ് കാല്‍നടയായുള്ള ഈ തീര്‍ത്ഥയാത്രക്ക് തുടക്കം കുറിച്ചത്.ആദ്യവര്‍ഷം മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ വര്‍ഷവും ആളുകള്‍ കൂടിക്കൂടി വന്നു.ഈ വര്‍ഷം സംഘത്തില്‍ ഇരുപത്തഞ്ച് പേരായിരിക്കുന്നു.
വഴിയില്‍ പള്ളികളിലും പള്ളിവക സ്കൂളുകളിലുമൊക്കെയാണ് തങ്ങുക.ഭക്ഷണം അതാതിടത്തെ ഹോട്ടലുകളില്‍ നിന്ന്.മലപ്പുറം ജില്ലയില്‍ അവരുടെ യാത്രാവഴിയില്‍ ക്രിസ്ത്യന്‍ പള്ളികളോ സ്ഥാപനങ്ങളോ ഇല്ലാത്തതിനാല്‍ ഒരു രാത്രി കടത്തിണ്ണയില്‍ കിടക്കേണ്ടി വരും.അതു പക്ഷേ വലിയൊരു പ്രശ്നമല്ലെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞു.
പത്തുമിനുട്ടു നേരത്തെ വിശ്രമത്തിനുശേഷം തീര്‍ത്ഥാടകസംഘം പിന്നെയും നടക്കാന്‍ തുടങ്ങി.'ഹലേലുയ്യാ,ഹലേലുയ്യാ,യേശുവേ നന്ദി,യേശുവേ നന്ദി;പാപികളായ ഞങ്ങളോട് പൊറുക്കേണമേ,പാവങ്ങളായ ഞങ്ങളെ രക്ഷിക്കേണമേ' അല്പമായ വിലാപച്ഛായ കലര്‍ന്ന ആ സംഘശബ്ദം അകന്നകന്നുപോയി.
ദൈവത്തെ മനുഷ്യരൂപത്തിലോ രൂപരഹിതനായോ ഒന്നും നാളിതുവരെ എനിക്ക് സങ്കല്പിക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ മഹാപ്രപഞ്ചത്തെ നിയന്ത്രിക്കുകയും അതേ സമയം മനുഷ്യലോകത്തിലെ അനീതികളിലൊന്നിലും ഇടപെടാതിരിക്കുകയും ചെയ്യുന്ന കേവലചൈതന്യമായി കരുതി ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നിയിട്ടുമില്ല.പക്ഷേ സന്ധ്യാസമയത്തെ കടുത്ത ഏകാന്തതയ്ക്കുമേല്‍ ഉയര്‍ന്നു മുഴങ്ങുന്ന ഒരു ബാങ്ക് വിളി,പാതിര കഴിഞ്ഞ് ഏതോ കാവില്‍ നിന്ന് കേള്‍ക്കുന്ന ചെണ്ടയുടെ ശബ്ദം,അവിചാരിതമായി കാതില്‍ വന്നുവീഴുന്ന ഒരു ക്രിസ്തീയ പ്രാര്‍ത്ഥനാഗാനം ഇവയെല്ലാം എന്നെ അവ്യാഖ്യേയമായ ഏതൊക്കെയോ അനുഭൂതികളിലേക്ക് കൊണ്ടുപോവുന്നു.മലയാറ്റൂര്‍ പള്ളിയിലേക്കുള്ള തീര്‍ത്ഥാടകരുടെ ശബ്ദവും ഏതാനും നിമിഷങ്ങളിലേക്കെങ്കിലും അതുപോലൊരനുഭവം നല്‍കി. ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.പക്ഷേ, ദൈവത്തിലേക്കുുള്ള മനുഷ്യന്റെ യാത്രകള്‍,വിശേഷിച്ചും കാല്‍നടയായുള്ള ദീര്‍ഘസഞ്ചാരങ്ങള്‍ എന്തുകൊണ്ടോ എന്നെ വിനീതനാക്കുന്നു.അകമേ ശാന്തനാക്കുന്നു.അല്പനേരത്തേക്കെങ്കിലും വിശുദ്ധനാക്കുന്നു.

വിപ്ളവകവി

കവിത



കുട്ടുറു കുട്ടുറു എന്നു കുറുകുന്ന പക്ഷിയെ
കുട്ടുറുവന്‍ എന്നു വിളിക്കുന്നതുപോലെ
ഇറ്റിറ്റീ ഇറ്റിറ്റീ എന്നു കരയുന്ന പക്ഷിയെ
ഇറ്റിറ്റിപ്പുള്ള് എന്നു വിളിക്കുന്നതുപോലെ
വിപ്ളവം വിപ്ളവം എന്നുരുവിടുന്ന കവിയെ
വിപ്ളവകവി എന്നു വിളിക്കരുത്
പക്ഷികളുടെ പാട്ടും പറച്ചിലും
അവരുടെ ആവശ്യങ്ങളുടെ നേര്‍പകര്‍പ്പാണ്
മനുഷ്യരുടെ കാര്യത്തില്‍
അങ്ങനെയൊരുറപ്പ് എല്ലായ്പ്പോഴും സാധ്യമല്ല.

സൌന്ദര്യാത്മകകവി

അതിലളിതമായ കൌതുകങ്ങളെ
അതികഠിനമായ രൂപകങ്ങളിലടക്കം ചെയ്ത്
ആഴത്തിലാഴത്തില്‍ കുഴിച്ചിട്ട്
അഭിമാനവിജ്രംഭിതനായി മടങ്ങും നേരത്താണ്
അയല്‍വീട്ടിലെ കുഞ്ഞാപ്പിയെന്ന കര്‍ഷകന്‍
വേനല്‍ച്ചൂടും വരണ്ട നിശ്ശബ്ദതയും വിങ്ങുന്ന കശുമാവിന്‍തോപ്പില്‍
ഒരു തുണ്ട്കയറില്‍ കനംതൂങ്ങി നില്‍ക്കുന്നത് കണ്ടത്
ദൈവം നിര്‍മിച്ച പുതിയൊരുരൂപകമാണതെന്നും താനൊരാള്‍ അതിന്റെ അര്‍ത്ഥവുമനര്‍ത്ഥവും അപനിര്‍മിക്കേണ്ടെന്നും അന്തരാ ഉല്‍ബോധിതനായി
അതീവശാന്തനായി കവി താഴ്വരയിലേക്കിറങ്ങി
അടുത്ത കൌതുകം രൂപകമായി മാറുന്നഅത്ഭുതം അപ്പൊഴേ ആരംഭിച്ചിരുന്നിരുന്നു
അയാളുടെ കവിമനസ്സില്‍.

Saturday, August 7, 2010

ബുദ്ധന്‍

ബോധ്ഗയയില്‍ നിന്നുള്ളവരായിരുന്നു അവര്‍
കീറക്കരിമ്പടത്തില്‍ ഉടല്‍ക്കോലം പൊതിഞ്ഞ പ്രായം ചെന്ന അച്ഛനമ്മമാര്‍ തുളവീണപാന്റും നിറംകെട്ടകുപ്പായവുമായി മുപ്പത്തഞ്ചുകാരനായ മകന്‍ ജോഗീന്ദര്‍ നാഥ് അയാളുടെ ഗര്‍ഭിണിയായ ഭാര്യ സീത നാലുവയസ്സുള്ള മകന്‍ മഹേഷ്
'എന്തെങ്കിലുമൊരുപണിസാര്‍, എന്തെങ്കിലുമൊരു പണി'
കണ്ണൂരില്‍ വണ്ടിയിറങ്ങിയതുമുതല്‍ കാണുന്നവരോടെല്ലാം ജോഗീന്ദര്‍ കെഞ്ചിനോക്കി
"എന്തുപണി സഹോദരാ, നിങ്ങള്‍ ഒറ്റക്കാണ് വന്നിരുന്നതെങ്കില്‍
എവിടെയെങ്കിലും എന്തെങ്കിലുമൊന്ന് തരപ്പെടുത്താമായിരുന്നു
പക്ഷേ, നിവര്‍ന്നുനില്‍ക്കാന്‍ ശേഷിയില്ലാത്ത ഈ അച്ഛനമ്മമാര്‍
ഗര്‍ഭിണിയായ ഭാര്യ,കുഞ്ഞ്
ഇവരെല്ലാം കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്കൊരുപണി തരാന്‍ ആരാണ് ധൈര്യപ്പെടുക?''
നടന്നുനടന്ന് തലശ്ശേരിയെത്തുംവരെ
ഒരേ ഉത്തരം പല മട്ടില്‍ പിന്നെയും പിന്നെയും കേട്ട്
ആ കുടുംബം തളര്‍ന്നു
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു
എത്രവിശന്നാലും കരയരുതെന്ന് എങ്ങനെയോ പഠിച്ചുറച്ച കുഞ്ഞും
അവന്റെ അമ്മയും അച്ഛനും
മുത്തച്ഛനും മുത്തശ്ശിയും പിന്നെയും നടന്നു
നടന്നുനടന്ന് നാട്ടുവഴിക്കരികിലെ വലിയ
അരയാല്‍ച്ചുവട്ടിലെത്തിയപ്പോള്‍
അന്നു രാത്രി അവിടെ തങ്ങാമെന്നവര്‍ തീരുമാനിച്ചു ചുമലിലെ ഭാണ്ഡക്കെട്ടിറക്കിവെക്കെ
'ഒരു പണിവേണം ദൈവമേ, എനിക്കൊരു പണി വേണ'മെന്ന് ജോഗീന്ദര്‍ ഉള്ളുരുകി
പകല്‍ പലവട്ടം കേട്ട മറുപടി
അയാളുടെ ഇടനെഞ്ചില്‍ തീയും പുകയുമായി
പുകമൂടി കണ്ണ് നിറഞ്ഞു
കണ്ണീരിന്റെ മൂടലിന്നിടയിലൂടെ
കത്തുന്ന വേദനയോടെ തന്റെ വേണ്ടപ്പെട്ടവരെയെല്ലാം
ജോഗീന്ദര്‍ അവസാനമായെന്ന പോലെനോക്കി
അന്നേരം അയാള്‍ ബുദ്ധഭഗവാനെ, അല്ല, പഴയ സിദ്ധാര്‍ത്ഥരാജകുമാരനെ ഓര്‍ത്തു
ഇല്ല,അങ്ങനെയൊന്നും ഉണ്ടായില്ല
കവിത കളവുപറച്ചിലിന്റെ മറുപേരാകുന്നതെന്തിന് ? ജോഗീന്ദര്‍ക്ക് ബുദ്ധന്റെ ജീവിതകഥ പോലുമറിയില്ല അറിഞ്ഞാലും ആ കഥയില്‍
അയാളെ പ്രചോദിപ്പിക്കുന്നതായി ഒന്നുമില്ല
കരിഞ്ഞുണങ്ങിയ കൃഷിയിടവും
കടബാധ്യതകളുടെ കനല്‍പ്പാടവുംകൈവിട്ട് കത്തുന്ന വെയിലില്‍
കുടുംബത്തെയും കൂട്ടി ഇറങ്ങിയതാണയാള്‍
ഏകാന്തധ്യാനമോ ബോധിവൃക്ഷത്തണലോ ഇല്ലാതെ
ദു:ഖസത്യജ്ഞാനത്തിലേക്കുണര്‍ന്ന പാവം മനുഷ്യന്‍
അരയാലിലകളുടെ ഉറക്കുപാട്ടും
ഇളം തണുപ്പാര്‍ന്ന കാറ്റിന്റെ തലോടലും
ഈ ജ്ഞാനിയെ ഉറക്കാനാവാതെ കുഴയും
ഒരുപാട് നേരം, ഒരുവേള ഈ കഠിനരാത്രി മുഴുവന്‍.
കവിത
ചന്തന്‍കുന്ന് കാവിലെ...

ചന്തന്‍കുന്ന്കാവിലെ ഉത്സവത്തിന്
ചന്തക്കാര് തമ്മില്‍ അന്തവും കുന്തവുമില്ലാത്ത
അടികലശലുണ്ടായി
ഉത്സവക്കമ്മിറ്റിയുടെ പ്രസിഡന്റ് ഉച്ചുളന്‍ നാണുതന്നെയാണ്
അടിയുടെ പിന്നിലെന്നതും അടുത്ത കൊല്ലം ചന്തമുഴുവന്‍ സ്വന്തമാക്കാനുള്ള
അടവിന്റെ അരങ്ങേറ്റമാണതെന്നതും
മന്ദബുദ്ധികളൊഴിച്ചെല്ലാവരും
മനസ്സിലാക്കി
ആരംഭത്തിലെ അടക്കം പറച്ചില്‍
അധികം താമസിയാതെ
അങ്ങുമിങ്ങും ഒച്ചപ്പാടായി
ഒടുവില്‍ അടിക്കാര്യം ചര്‍ച്ചചെയ്യാന്‍ കമ്മിറ്റി കൂടി
ഉച്ചുളന്‍ നാണുവിനെയും സെക്രട്ടറി ഉണ്ണാനമ്പുവിനെയും കൂടാതുള്ള
തൊണ്ണൂറ്റൊമ്പത് മെമ്പര്‍മാരില്‍ ഒന്നാമന്‍ പറഞ്ഞു:
അടി തെക്കേമൂലക്കുനിന്നാണ് തുടങ്ങിയത്
അതുതന്നെയൊരു കടുത്ത ദുര്‍ലക്ഷണാണ്
രണ്ടാം മെമ്പര്‍ പറഞ്ഞു:
അടിക്ക് ഭയങ്കരമായ ഊക്കായിരുന്നു
കുഞ്ഞുകുട്ടികളൊക്കെ പേടിച്ചുപോയി
മൂന്നാം മെമ്പര്‍ പറഞ്ഞു:
പൊടിപാറിയ അടിയായിരുന്നു
അല്ലെങ്കിലേ അലര്‍ജിക്കാരനാ ഞാന്‍
നാലാമന്‍ പറഞ്ഞു:
അടി കാരണം പിന്നെ വെടിക്കെട്ടിനൊരു വമ്പുണ്ടായില്ല
അതിലാണ് നാട്ടുകാര്‍ക്കരിശം
അഞ്ചാമന്‍ പറഞ്ഞു:
ചന്തന്‍കുന്ന് കാവിലെ ഉത്സവത്തിന് അടിപിടിയോ
ചിന്തിക്കാന്‍ പറ്റുന്ന സംഗതിയാണോ അത്?
കാവ് മുടിക്കാനിറങ്ങിയ കാലാംകടവിലെ കള്ള•ാര്‍
കല്പിച്ചുകൂട്ടി കെട്ടിച്ചമച്ച കഥയെപ്പറ്റി ചര്‍ച്ചചെയ്യാന്‍
നമ്മള് കമ്മറ്റിക്കാറ് കെട്ടിപ്പുറപ്പെട്ടല്ലോ എന്റെ ഭഗവതീ
'അതെ,അപ്പറഞ്ഞതാണ് ശരി' ഉച്ചുളന്‍ നാണുവിന്റെ വലംകയ്യിലെ ചൂണ്ടുവിരല്‍ ചൂരല്‍വടിപോലെ ഉയര്‍ന്നുതാണു
'അതെ ,അതു തന്നെയാണ് ശരി' ഉണ്ണാനമ്പു തലകുലുക്കി
ചര്‍ച്ചയ്ക്ക് പൊതുസമ്മതമായൊരു തീര്‍പ്പുണ്ടായതുപോലെ
എല്ലാവരും കരഘോഷം മുഴക്കി എഴുന്നേറ്റു

"ചന്തന്‍കുന്ന് കാവിലെ ഉത്സവത്തിന് ചന്തക്കാര് തമ്മില്‍ അടിഅടിപിടിയോ
നട്ടാല്‍ മുളക്കാത്ത നുണയല്ലേ അത്?
തന്തയില്ലാത്തൊരു തോന്നലല്ലേ അത്?'' പിറ്റേന്ന് നേരംപുലര്‍ന്ന നേരം തൊട്ട് നാട്ടുകാരും പറഞ്ഞുതുടങ്ങി
കമ്മിറ്റിയിലെ ചര്‍ച്ച കശപിശയായാലോ എന്നുകരുതി
ഉച്ചുളന്‍നാണു ഇറക്കുമതി ചെയ്ത ക്വട്ടേഷന്‍ടീം
സംഗതി സബൂറായെന്നറിഞ്ഞ് അന്നു വൈകുന്നേരം തന്നെ കെട്ടുകെട്ടുകയും ചെയ്തു.

Thursday, August 5, 2010

അവതാരിക

വരകളില്‍ ആദിവാസി,മൊഴികളില്‍ മറ്റൊരാള്‍
എന്‍.പ്രഭാകരന്‍


സോമന്‍ കടലൂരിന്റെ വരകള്‍ അവയുടെ ജന്മഗൃഹത്തിലെന്ന പോലെ സ്വാതന്ത്യ്രവും സ്വാച്ഛന്ദ്യവും അനുഭവിക്കുന്നത് തെയ്യമോ നാട്ടുവഴക്കങ്ങളോ പ്രധാനപ്രതിപാദ്യമായി വരുന്ന പ്രസിദ്ധീകരണങ്ങളിലെ രചനകളോട് ചേര്‍ന്നുനില്‍ക്കുമ്പോഴാണ്.ഒരു പെരുങ്കളിയാട്ടസോവനീറിലോ തെയ്യംകഥകളുടെ സമാഹാരത്തിലോ സോമന്റെ ചിത്രങ്ങളോളം അനുയോജ്യത അവകാശപ്പെടാനാവുന്ന മറ്റു വരകള്‍ ഇന്നത്തെ നിലയില്‍ നമുക്ക് പ്രതീക്ഷിക്കാനാവില്ല.ആ ചിത്രങ്ങളില്‍ നിന്നു പ്രസരിക്കുന്ന പ്രാക്തനതയുടെ ഊര്‍ജവും അവയുടെ രൂപത്തിന്റെ സര്‍വതലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന നാടോടിത്തവും അത്രമേല്‍ പ്രത്യക്ഷവും ശക്തവുമാണ്.
രേഖകളും മൊഴികളും തമ്മില്‍ കലാത്മക പാരസ്പര്യം പുലര്‍ത്തുന്ന സവിശേഷ രചനകളാണ് സോമന്‍ ഈ സമാഹാരത്തിലൂടെ മലയാളത്തിലെ വായനാസമൂഹത്തിനും കലാസ്വാദകര്ക്കും മുന്നില്‍ അവതരിപ്പിക്കുന്നത്.പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ സൌന്ദര്യാത്മകസന്തുലിതത്വം പുലര്‍ത്തുന്നുണ്ടെങ്കിലും വേറിട്ടെടുത്ത് വിശകലനം ചെയ്യുന്നതിന് തടസ്സമാവാത്ത വിധത്തില്‍ സ്വതന്ത്രമാണ് ഈ രചനകളിലെ വാക്കുകളും വരകളും. ഇതാ ഒരുദാഹരണം:
ഓണപ്പൂക്കളം:
കുട്ടികളോടായാലും
മുതിര്‍ന്നവരോടായാലും
തമിഴിലങ്ങനെ ചറപറ സംസാരിക്കും
ഓണസദ്യ
തെലുങ്ക് കന്നട തുടങ്ങി
ഹിന്ദിവരെ മൊഴിയും
മലയാളം മാത്രമറിയില്ല
ഓണപ്പൊട്ടന്‍
ഒന്നും മിണ്ടില്ല,തന്നോട് പോലും
മലയാളി തന്നെ.
ഈ കവിതയോടൊപ്പമുള്ള ചിത്രം നോക്കുക.അത് തരുന്ന ദൃശ്യാനുഭവം അതില്‍ തന്നെ പൂര്‍ണമാണ്.കവിതയുടെ നിലനില്‍പാണെങ്കില്‍ ആ ചിത്രത്തിന്റെ വാക്കുകളിലേക്കുള്ള വിവര്‍ത്തനമായിട്ടല്ല താനും.ഈ സമാഹാരത്തിലെ എല്ലാ രചനകളെ കുറിച്ചും ഇതു തന്നെ പറയാം.
പ്രകൃതിയിലെ ഏറ്റവും പ്രാഥമികമായ സാന്നിധ്യങ്ങളില്‍ ചിലതിനെ ഏതെങ്കിലും തലത്തില്‍ മനുഷ്യരൂപവുമായി ബന്ധിപ്പിച്ച്,അവയുടെ പാരസ്പര്യത്തില്‍ നിന്നുളവാകുന്ന ശക്തിസൌന്ദര്യങ്ങളെ ഭാവതീവ്രതയോടെ ആവാഹിക്കുന്നവയാണ് സോമന്റെ പല ചിത്രങ്ങളും. ചെടിയുടെകാണ്ഡമായി കറുപ്പാല്‍ മണ്ണില്‍ അദൃശ്യത കൈവരിക്കുന്ന മനുഷ്യശരീരം,പക്ഷിച്ചിറകുകളില്‍ ഉയരുന്ന നഗ്നമായ സ്ത്രീരൂപം,ചെടിത്തണ്ടായി വളരുന്ന നട്ടെല്ല്,മയില്‍ കൊത്തുന്ന മണ്ണില്‍ പുല്ലുകളാല്‍ മുക്കാലും മറയ്ക്കപ്പെട്ട കുഞ്ഞുമുഖമുള്ള ശരീരം,കാടിനെ മുടിയിലേക്കു മീനുകളെ കണ്ണുകളിലേക്കും ആവാഹിച്ച മനുഷ്യസ്ത്രീ എന്നിങ്ങനെ ഉദാഹരണങ്ങള്‍ നീണ്ടുപോകും. എത്രയോ തലമുറകളായി പരമ്പരാഗതമായി തുടരുന്ന പ്രത്യേകരീതിയിലുടെയാണ് വാര്‍ളികളെപ്പോലുള്ള ആദിവാസവിഭാഗങ്ങളുടെ രചനകള്‍ക്കും കലംകാരിചിത്രങ്ങള്‍ക്കും മറ്റും അത്ഭുതകരമായ അനന്യത കൈവന്നത്.ഇത്തരം ആദിവാസിചിത്രങ്ങളിലേതിനോട് ആത്മബന്ധമുള്ള രൂപങ്ങളും ഡിസൈനുകളും സോമന്റെ വരകളില്‍ യഥേഷ്ടം കടന്നുവരുന്നുണ്ട്. ഗോത്രജീവിതപരിസരങ്ങളിലെ മനുഷ്യേതരജന്തു സാന്നിധ്യങ്ങളും(മയില്‍,കുറുക്കന്‍,പാമ്പ്)ഈ ചിത്രകാരന്റെ ഇഷ്ടരൂപങ്ങള്‍ തന്നെ.തലമുടിയിലും മുഖവടിവിലും ഉടല്‍വടിവിലും അലങ്കരണങ്ങളിലു മെല്ലാം സോമന്റെ മനുഷ്യരൂപങ്ങള്‍ക്ക് തികഞ്ഞ ആദിവാസിത്വമുണ്ട്. ആദിവാസി ചിത്രരചനാശൈലിയുടെ അന്ത:സത്ത തന്നെ സവിശേഷമായ ഒരവകാശബോധത്തോടെ സോമന്‍ കടം കൊണ്ടിട്ടുണ്ടെന്നുപറയാം.
മീന്‍,പാമ്പ്,പക്ഷി,കാള എന്നിങ്ങനെ ജീവിതരതിയെ പ്രതിനിധാനം ചെയ്യുന്നവയായി സ്വപ്നങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും മനുഷ്യവംശത്തിന് ചിരപരിചിതമായ മോട്ടീഫുകളാണ് സോമന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കപ്പെട്ടുകാണുന്നത്.കൈപ്പത്തികളും വിരലുകളുമാണ് മനുഷ്യാവയവങ്ങളില്‍ സോമനിലെ ചിത്രകാരന്റെ പ്രത്യേപരിഗണന നേടുന്നത്.വിരലുകളില്‍ വിരിയുന്ന ഇലകള്‍,വിരലുകളില്‍ നിന്ന് പറന്നുയരുന്ന ഈയാംപാറ്റകള്‍,മറ്റു വിരലുകളില്‍ നിന്ന് മനുഷ്യമുഖമായിമാറി വേര്‍പിരിയുന്ന തള്ളവിരല്‍,വിരലുകളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന മരത്തിന്റെ മധ്യഭാഗം,നാലുവിരലുകളിലും അറ്റുപോയ വിരലിലുമായി നിറയുന്നപക്ഷികളും മലകളുംപുഴയും മീനും പൂവും വേരിന്റെ പൊടിപ്പുകളും,അഞ്ചുവിരലിലും ഉള്ളികയ്യിലും തറഞ്ഞ ആണികളുമായി ഒരു കൈപ്പത്തി ഇങ്ങനെ സോമന്റെ ചിത്രങ്ങളില്‍ കൈവിരലുകള്‍ പല കാഴ്ചകള്‍ക്കും കടന്നുവന്നൊന്നുചേരാനുള്ള ഇടമായിത്തീരുന്നു.ഈ മോട്ടീഫിനോടുള്ള തന്റെ ആസക്തിക്ക് ഒരുവിരല്‍ചിത്രത്തോടൊപ്പമുള്ള മൊഴിയില്‍ സോമന്‍ ഇങ്ങനെ വിശദീകരണം കുറിക്കുന്നു:
വീണടിയുന്നു വിരലുകള്‍
എങ്കിലും
വീണയില്‍ സംഗീതമുണരുന്നു
പൊട്ടിവീഴുന്നു വിരലുകള്‍
എങ്കിലും
തെറ്റിന്റെ കണ്ണിലേക്കിപ്പൊഴും ചൂണ്ടുന്നു
അറ്റുപോകുന്നു വിരലുകള്‍
എങ്കിലും ചിത്രങ്ങളെഴുതുന്നു
കറുകറുപ്പിന്റെ കര്‍ക്കടച്ചോരയില്‍
ബാക്കിനില്‍ക്കുന്നൊരീ
പെരുവിരല്‍ അടര്‍ത്തുന്നു
മിത്രമേ
നിനക്കെന്റെ
രക്തോപഹാരം!
നാഗരികജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആവിഷ്ക്കരിക്കുമ്പോഴും സോമന്‍ വരക്കുന്ന മനുഷ്യരൂപങ്ങള്‍ക്ക് പ്രാകൃതത്വത്തിന്റെയും നാടോടിത്തത്തിന്റെയും ഭാവമാണുള്ളത്.യഥാതഥമായിരിക്കുമ്പോഴും അല്പമായി വക്രീകരിച്ച അവസ്ഥയിലായിരിക്കുമ്പോഴും കേവല ഭ്രമാത്മകരൂപമായിരിക്കുമ്പോഴുമെല്ലാം അവ ഈ സ്വഭാവം തന്നെ നിലനിര്‍ത്തുന്നു.നഗരദൃശ്യങ്ങളും നാഗരികമനുഷ്യരും സോമന്റെ ചിത്രങ്ങളില്‍ ഇല്ലെന്നു തന്നെ പറയാം.പുതിയകാലത്തിന്റെ പ്രശ്നങ്ങളോട് മൊഴികളിലൂടെ അതിശക്തമായി പ്രതികരിക്കുമ്പോഴും വരകളില്‍ സോമന്‍ ആദിവാസിയുടെയും നാടോടിയുടെയും വംശക്കാരനായി സ്വയം പരിവര്‍ത്തിപ്പിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങളിലൂടെ പരിണമിച്ച് പൂര്‍ണത കൈവരിച്ച പ്രത്യേകമായ ഒരു ചിത്രണരീതി അതിന്റെ സാധ്യതകള്‍ കൃത്യമായി പരിഗണിച്ച ശേഷം സ്വീകരിച്ചതിന്റെ ഫലമായി സംഭവിച്ചതല്ല ഇത്.സോമന്റെ കാഴ്ചയുടെ സഹജസ്വഭാവം തന്നെ അതാണെന്ന് ഈ ചിത്രങ്ങള്‍ അവയുടെ ജൈവോര്‍ജ്ജത്തിന്റെ പ്രസരണം വഴി സംശയരഹിതമായി ബോധ്യപ്പെടുത്തുന്നുണ്ട്.പ്രളയജലം പോലെ ഇരമ്പിയെത്തുന്ന സാംസ്കാരികാധിനിവേശത്തിന്റെ പുതുശീലങ്ങള്‍ക്കും ആസക്തികള്‍ക്കുമെതിരെ ഒരു ചിത്രകാരന്‍ സ്വന്തം മണ്ണില്‍ കാലുറപ്പിച്ചുനിന്നുകൊണ്ട് നിര്‍വഹിക്കുന്ന പ്രതിരോധത്തിന്റെ തികവുറ്റ ചിഹ്നമായിത്തന്നെ ഈ ചിത്രണരീതിയെ മനസ്സിലാക്കേണ്ടതുണ്ട്.
സോമന്റെ വരകള്‍ക്കൊപ്പമുള്ള മൊഴികള്‍ ചിത്രങ്ങളുടെ ആസ്വാദനത്തിന് ആവശ്യമായതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാവുകത്വമാണ് വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.സമകാലികകേരളീയ ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ചൂഴ്ന്നുള്ള സൂക്ഷ്മവും വ്യത്യസ്തവുമായ സാമൂഹ്യസാംസ്കാരികനിരീക്ഷണങ്ങള്‍ തന്നെയാണ് ആ മൊഴികള്‍.കവിത എന്ന അവകാശവാദത്തോടെയല്ലാതെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മൊഴികളില്‍ പലതും സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച കവിതകള്‍ തന്നെയാണ്.അവയില്‍ നിറഞ്ഞുനില്‍ക്കുന്ന നര്‍മവും പരിഹാസവും വിമര്‍ശനവുമെല്ലാം നിശിതജാഗ്രതയുള്ള ഒരു മനസ്സിനെയാണ് അടയാളപ്പെടുത്തുന്നത്.ഒരുദാഹരണം മാത്രം നോക്കുക:
വീട്ടിലില്ല
നാട്ടിലോ റോട്ടിലോ
നാലാള്‍ കൂടുന്നിടത്തോ
നിലവിലില്ല
കല്ലാണവീട്ടില്‍
മഹനീയസാന്നിധ്യമില്ല
മരണവീട്ടിന്റെ മൌനത്തിലില്ല
അമ്മയ്ക്കൊപ്പം ആശുപത്രിയിലില്ല
ജാഥയിലില്ല
സമരത്തിലില്ല
പാര്‍ട്ടിയിലൊട്ടുമില്ല
വെയിലിലോ
വയലിലോ
വായനശാലയിലോ പൊടിപോലുമില്ല
യുവാവേ
നീയെവിടെയാണ് ഒളിച്ചത്?
കൊതിയാവുന്നു
നിന്നെയൊന്നു കാണാന്‍
സത്യമായും "ക ാശ ൌ റമ''
കടങ്കഥയുടെ ഭാഷയില്‍ നിന്നാരംഭിച്ച് മൊബൈല്‍ മെസ്സേജിന്റെ ഭാഷയില്‍ അവസാനിക്കുന്ന ഈ കവിത സമകാലികകേരളീയ ജീവിതത്തിന്റെ പൊതുസ്ഥലങ്ങളില്‍ നിന്നെല്ലാമുള്ള യുവാക്കളുടെ തിരോധാനമെന്ന അത്യന്തം അസ്വാസ്ഥ്യജനകമായ വിപര്യയത്തെ എത്ര അനായാസമായി സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുന്നു.ചിന്തയും നിരീക്ഷണങ്ങളും മൌലികവും സത്യസന്ധവുമാവുമ്പോള്‍ കാവ്യഭാഷയ്ക്ക് അതിന്റെ പാരമ്പര്യത്തോടും വര്‍ത്തമാനത്തോടും എത്രമേല്‍ ഊര്‍ജ്ജസ്വലമായ ജൈവബന്ധം സാധ്യമാവുന്നു എന്നുകൂടി ഈ കവിത തെളിയിച്ചുകാണിക്കുന്നു.
ഇത്തരത്തില്‍ തീര്‍ത്തും സാമൂഹ്യമായ ഉള്ളടക്കംകൊണ്ട് ത്രസിക്കുന്നകവിതകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമാണ്
കടുത്ത വേനലിലും
വറ്റാത്ത കിണറായിരുന്നു
എത്രവേഗമാണ്
ഒരു ചായക്കപ്പിനോളം
അത് ചെറുതായത്
ചുണ്ടിനും കപ്പിനുമിടയ്ക്ക് വെച്ച്
പൊടുന്നനെ അപ്രത്യക്ഷമായ
ജീവിതത്തെക്കുറിച്ചുള്ള വിലാപം
അയാളെ കവിയാക്കി
എന്നതു പോലുള്ള വൈയക്തികവിഷാദത്തിന്റെ സാന്ദ്രാവിഷ്ക്കാരങ്ങള്‍ കടന്നുവരുന്നത്.
പപ്പുവിന്റെ ഒറ്റയടിയില്‍
കേശവദേവ്
ഓടയില്‍ വീണുരുണ്ടു
കോരന്റെ വാരിക്കുന്തം കൊണ്ടുള്ള
ഒറ്റക്കുത്ത്
തകഴിയെ തകര്‍ത്തു
ഭരതന്റെ ഒറ്റച്ചവിട്ട് മതിയായിരുന്നു
കോവിലനെ വീഴ്ത്താന്‍
മുഷ്ടിയാല്‍ മുഖമടച്ചുള്ള
ഒറ്റത്തൊഴിയില്‍
എം.ടി ഗോവിന്ദന്‍കുട്ടിക്കുമുന്നില്‍
നിലംപരിശായി
രവിയുടെ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തിലാണ്
വിജയന്‍ പരാജയപ്പെട്ടത്
മുകുന്ദനെ
കഴുത്തിന് പിടിച്ച് മുക്കി
വെള്ളിയാങ്കല്ല് കാട്ടിക്കൊടുത്തു,ദാസന്‍
ഇരുട്ടില്‍ ആളൊഴിഞ്ഞ പള്ളിപ്പറമ്പില്‍ വെച്ച്
മജീദ്
വൈക്കം മുഹമ്മദ്ബഷീറിനെ നേരിട്ടു
ബഹളം കേട്ട് ഓടിക്കൂടിയവര്‍ അന്തംവിട്ടു
ബഷീര്‍ എന്നു തെറ്റിദ്ധരിച്ച്
മജീദ്
തന്നെത്തന്നെ ആഞ്ഞുവെട്ടുകയായിരുന്നു.
എന്നെഴുതിയ ഒരാളുടെ സാഹിത്യഭാവുകത്വത്തിന്റെ സമഗ്രശേഷിക്ക് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല.
പ്രതീതികള്‍ അനുഭവങ്ങളെ അല്ലെങ്കില്‍ പ്രതിബിംബങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കീഴടക്കിയ ഒരു കാലത്തെ കുറിച്ചുള്ള വെറുപ്പും വേദനയും ചിരിയും പരിഹാസവും കലര്‍ന്നുള്ള നിശിതമായ പ്രസ്താവങ്ങളാണ് സോമന്റെ മൊഴികള്‍.അവയെ കവിതയുടെ ഗണത്തില്‍ പെടുത്താന്‍ ആരെങ്കിലും മടിക്കുന്നുവെങ്കില്‍ അവരുടെ കവിതാസങ്കല്പം കാലത്തെ അടയാളപ്പെടുത്തുന്ന കവിതയില്‍ നിന്ന് അനേകകാതം പുറകിലാണെന്നു തന്നെയാണ് അര്‍ത്ഥം.സോമന്റെ വരകളുടെ മൌലികതയെയും ആ മൌലികതയെ സാധ്യമാക്കുന്ന വ്യത്യസ്തമായ സാംസ്കാരികരാഷ്ട്രീയ നിലപാടുകളെയും കുറിച്ച് ഉദാസീനത പുലര്‍ത്തുന്നതിലുമുണ്ട് ഇതുപോലൊരു പിന്‍നില.രേഖകളുടെയും മൊഴികളുടെയും പുസ്തകരൂപത്തിലുള്ള ഈ അവതരണം ആ പിന്‍നിലയില്‍ നിന്ന് മുന്നേറാനുള്ള ശക്തമായൊരു പ്രേരണയായിത്തീരുക തന്നെ ചെയ്യും.ഈ അസാധാരണസമാഹാരത്തിന് അവതാരിക കുറിക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനം തോന്നുന്നുണ്ടെനിക്ക്.
(സോമന്‍ കടലൂരിന്റെ 'രേഖകള്‍/മൊഴികള്‍' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക.)