Pages

Saturday, September 24, 2011

വാര്‍ധക്യവിചാരങ്ങള്‍

ഒന്ന്
ഓര്‍മയുടെ വിദൂരവനങ്ങളില്‍ നിന്നെത്തുന്ന
ഓരോ കിളിയും
ഈ പടുമരത്തെ ആട്ടിയുലയ്ക്കുന്നു
വേരുകളുടെ പിറുപിറുപ്പില്‍
ഇന്നോ നാളെയോ എന്ന ആധി പടരുന്നു
മണ്ണിനുമേല്‍ ചിതലുകളെ വിറപ്പിച്ച്
മരണത്തിന്റെ ഞരമ്പുകള്‍ തെളിയുന്നു.

രണ്ട്
വീട്ടില്‍ പണിക്കു വന്ന ആശാരി
കുട്ടിക്കാലത്ത് മരംകൊണ്ടെനിക്കൊരു കുടമുണ്ടാക്കി തന്നു
ഇത്തിരിപ്പോന്ന ഒന്ന്!
അതുംകൊണ്ട് കുന്നിന്‍ചെരിവിലെ നീരൊഴുക്കില്‍
വെള്ളംകോരാന്‍ പോയി
പെരുമഴയില്‍ പെട്ടെന്ന് കലക്കം പൂണ്ടടക്കം വിട്ട ഒഴുക്കില്‍
കുടം ഒലിച്ചുപോയി
ഒഴുക്കിന്റെ വഴിയില്‍ ഒരുപാട് ദൂരം ഓടിക്കിതച്ചിട്ടും
അതിനെ കണ്ടുകിട്ടിയില്ല
ഇപ്പോള്‍ ഈ വയസ്സുകാലത്ത് പെരുമഴയും നോക്കി
വെറുതെ ഇരിക്കുമ്പോള്‍
അന്ന് കൈവിട്ടുപോയ
ആ കുരുന്നുകുടം ഞാന്‍ കാണുന്നു
പിടിതരാത്തൊരു പൊരുള്‍
തെളിനീരായി അതില്‍ നിറയുന്നു.
(തോര്‍ച്ച മാസിക ആഗസ്റ്-സെപ്റ്റംബര്‍ 2011)

ഫോക് ലോറിന്റെമലയാളം

ഫോക് ലോറിസ്റിക്സ്എന്ന വിജ്ഞാനശാഖ ഓരോ ജനവിഭാഗത്തിനും തലമുറകളിലൂടെ പകര്‍ന്നുകിട്ടുന്നതും കൂട്ടായ്മയിലൂടെ അവര്‍ നിലനിര്‍ത്തുന്നതുമായ വിശ്വസങ്ങള്‍,ആചാരങ്ങള്‍,ആരാധനാരീതികള്‍,സങ്കല്പങ്ങള്‍,നൃത്തരൂപങ്ങള്‍,ഗാനങ്ങള്‍,കഥകള്‍,ചികിത്സാരീതികള്‍ എന്നിവയുടെയെല്ലാം പഠനം നടക്കുന്ന മേഖലയാണ്.ഒരു ജനത അവരുടെ വിശ്വാസപരവും വൈകാരികവുമായ ഊര്‍ജ്ജം മുഴുവന്‍ നിക്ഷേപിച്ചിരിക്കുന്ന ഇടങ്ങള്‍,അവര്‍ തങ്ങളുടെ സ്വത്വത്തിന്റെ കലര്‍പ്പില്ലാത്ത അംശങ്ങളായി ആത്മാവ് കൊണ്ട് അംഗീകരിക്കുന്ന സംഗതികള്‍ ഇവയെയൊക്കെ നിര്‍ധാരണം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ഫോക് ലോറിന്റെ പഠനപദ്ധതി.പുതിയ കൂട്ടായ്മകളുടെ രൂപീകരണം,പുതിയ വിശ്വാസങ്ങളുടെയും ചടങ്ങുകളുടെയും രൂപീകരണം ,പുതിയ ജീവിതധാരണകളുടെ വിതരണം ഇവയുടെയൊക്കെ അപഗ്രഥനവും ഫോക് ലോറിസ്റിക്ക്സിന്റെ വിഷയപരിധിയില്‍ വരും.
യൂറോപ്യന്‍ കാല്പനിക പ്രസ്ഥാനത്തിന്റെയും ദേശീയതാവാദത്തിന്റെയും ആശയലോകങ്ങളാണ് ഫോക് ലോറിസ്റിക്സ് ഒരു പ്രത്യേകവിഷയമായി ഉരുത്തിരിയുന്നതിന് പശ്ചാത്തലമൊരുക്കിയത്.ഈ വിഷയം ഇന്ത്യയിലെത്തിയപ്പോള്‍ സ്വാഭാവികമായും കടംകൊണ്ട രീതിശാസ്ത്രവുമായാണ് അത് പ്രവര്‍ത്തിച്ചുതുടങ്ങിയത്.മാത്രവുമല്ല തങ്ങളുടെ പഠനവിഷയം നാടന്‍ അല്ല എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയും ഇവിടത്തെ ഫോക് ലോര്‍പണ്ഡിതന് മാരെ നയിച്ചിരിക്കാം.ഈ വ്യഗ്രത താരതമ്യേന കൂടുതലായി പ്രവര്‍ത്തിച്ച ഇടം കേരളമാണെന്നും കരുതാം.അതുകൊണ്ടു തന്നെയാണ് ഫോക് ലോറിന് മലയാളത്തില്‍ ഒരു പേര് കണ്ടെത്തണമെന്നും അത് പ്രചരിപ്പിക്കണമെന്നും അവര്‍ക്ക് തോന്നാതിരുന്നത്.ഫോക് ലോര്‍എന്ന ഇംഗ്ളീഷ് പദത്തിന്റെ അര്‍ത്ഥവ്യാപ്തി മലയാളത്തിലെ ഒരു പദത്തിനും ലഭ്യമാവില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു അവര്‍.ഒരു ജനതയുടെ 'തനതിനെ' അന്വേഷിക്കുന്ന വിഷയത്തിന് ഒരു തനത് രീതിശാസ്ത്രം വേണമെന്ന തോന്നലും അവര്‍ക്കുണ്ടയില്ല.ഫോക് ലോറിന് ഒരു പഠനപദ്ധതി' എന്ന ഗ്രന്ഥത്തില്‍ രാഘവന്‍ പയ്യാനാട് ഈ വഴിക്ക് ഒരു ശ്രമം നടത്തിയെങ്കിലും ഫോക് ലോറിനെ
രൂപപ്പെടുത്തുന്ന കൂട്ടായ്മയുടെ ജീവിതധാരണയും സമീപനങ്ങളും ജനജീവിതത്തെ നിയന്ത്രിക്കുന്ന സാമ്പത്തിക സാമൂഹ്യസ്വാധീനങ്ങള്‍ക്കെല്ലാം പുറത്താണെന്ന പൂര്‍വനിശ്ചിതനിലപാടാണ് ആ ശ്രമത്തെ നിയന്ത്രിച്ചതെന്നതുകൊണ്ടു തന്നെ അത് വസ്തുതകളാല്‍ സമ്പന്നമായിരിക്കുമ്പോഴും ദര്‍ശനതലത്തില്‍ ശുഷ്കമായിത്തീര്‍ന്നു.കൂട്ടായ്മയുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും കൂട്ടായ്മയ്ക്കു പുറത്തുള്ള നിലപാടുകളാല്‍ അപഗ്രഥിക്കുകയോ ചോദ്യം ചെയ്യുകയോ മൂല്യനിര്‍ണയം നടത്തുകയോ ചെയ്യരുത് എന്നതാണ് ഫോക് ലോറിസ്റുകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.ഫോക് ലോര്‍ന് ഒരു പഠനപദ്ധതി'യില്‍ രാഘവന്‍ പയ്യനാട് സ്വീകരിച്ച നിലപാടും അതു തന്നെ.
നാളിതുവരെ
ഫോക് ലോര്‍ഒരു അക്കാദമിക് വിഷയമെന്ന നിലയില്‍ മലയാളത്തില്‍ അംഗീകൃതമായിത്തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലധികമായി.കൊട്ടാരത്തില്‍ ശങ്കുണ്ണിയെ പോലുള്ളവര്‍ നടത്തിയ ആദ്യകാലസമാഹാരണങ്ങള്‍ക്കും ചേലനാട്ട് അച്യുതമോനോനും ഡോ.എസ്.കെ.നായരും പിന്നീട് സി.എം.സ് ചന്തേരയും മറ്റും നടത്തിയ ആദ്യകാലപഠനങ്ങള്‍ക്കും അത്തരമൊരു പരിവേഷമുണ്ടയിരുന്നില്ല.ചന്തേരയാണെങ്കില്‍ ഗവേഷണ പഠനത്തിന്റെ അംഗീകൃത രീതിശാസ്ത്രവും അവലംബിച്ചിരുന്നില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തിനിടയില്‍ ഈ മേഖലയില്‍ വളരെയേറെ കാര്യങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്.നാടോടിപ്പാട്ടുകള്‍,തോറ്റം പാട്ടുകള്‍,കടംകഥകള്‍ തുടങ്ങിയവയുടെ അനേകം സമാഹാരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെയും ജാതിവിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളെയും മറ്റ് സാംസ്കാരിക വ്യഹാരങ്ങളെയും കുറിച്ചുള്ള ധാരാളം പഠനങ്ങളും ഉണ്ടായിക്കഴിഞ്ഞു.ഫോക് ലോര്‍അക്കാദമിയും മ്യൂസിയവും നിലവില്‍ വന്നു.കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ ഫോക് ലോര്‍മായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണപ്രബന്ധങ്ങള്‍ സമര്‍പ്പിച്ച് പി.എച്.ഡി ബിരുദം നേടി.അനേകം തെയ്യം കലാകാരന് മാരും മറ്റ് നാടോടി കലാകാരന് മാരും അവാര്‍ഡും അംഗീകാരങ്ങളും നേടി. ചെറിയ തോതിലാണെങ്കിലും പലര്‍ക്കും സാമ്പത്തികസഹായം ലഭിച്ചു.ഫോക് കലാരൂപങ്ങളുടെ അവതരണം രാഷ്ട്രീയസമ്മേളനങ്ങളുടെ പോലും അഭികാമ്യമായ ഭാഗമായി.ഒക്കെയും നല്ലതിനു തന്നെ.വ്യക്തികളെന്ന നിലയ്ക്ക് ഗവേഷകര്‍ നല്‍കിയ സംഭാവനകള്‍ക്ക് പുറമേ അക്കാദമിക് തലത്തില്‍ ഫോക് ലോറിന് ലഭിച്ച അംഗീകാരവും സര്‍ക്കാറില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നും ലഭിച്ച ധനസഹായവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ഈ നേട്ടങ്ങള്‍ക്കു പിന്നിലുണ്ട്.
ഫോക് ലോര്‍ ഒരു പഠനമേഖലയെന്ന നിലയില്‍ അക്കാദമിക് ലോകത്തും പുറത്തും നിസ്സംശമായും അംഗീകൃതമായിക്കഴിഞ്ഞെങ്കിലും ഈ വിഷയം പഠിച്ച് പുറത്തിറങ്ങുന്നവര്‍ ഇതര വൈജ്ഞാനികമേഖലകളിലും സാമൂഹ്യാനുഭവത്തിന്റെ മറ്റ് മണ്ഡലങ്ങളിലും സാധിക്കേണ്ടുന്ന ഇടപെടലുകളുടെ സ്വഭാവം ഇപ്പോഴും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല.ഫോക് ലോര്‍ സമാഹരണവും ഫോക് ലോര്‍പരിപാടികളുടെ സംഘാടനവുമടക്കം പല കാര്യങ്ങളും അവര്‍ ചെയ്തുവരുന്നുണ്ട്.ലേഖനങ്ങള്‍ എഴുതുന്നതിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും അവര്‍ മറ്റ് വിഷയക്കാരേക്കാള്‍ പുറകിലുമല്ല.പക്ഷേ,പാരമ്പര്യലബ്ധമായ അറിവിന്റെ കാവല്‍ക്കാരെന്ന പോലെയോ കേവലകൈകാര്യകര്‍ത്താക്കളെന്ന പോലെയോ ആണ് അവരില്‍ നല്ലൊരു ശതമാനവും പെരുമാറുന്നത്.അല്ലാതെ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവരെയും ഈ വിഷയത്തെ കുറിച്ചുള്ള മാമൂല്‍ധാരണകള്‍ നല്ലപോലെ കുഴക്കുന്നുണ്ട്.
ചരിത്രത്തോടും സാമൂഹ്യശാസ്ത്രത്തോടുമുള്ള അനാദരവാണ് ഫോക് ലോറിസ്റുകളുടെ വിശകലനങ്ങളില്‍ പൊതുവേ മുഴച്ചുനില്‍ക്കുന്നത്.തങ്ങളുടെ വിഷയത്തിന് സര്‍വതന്ത്രസ്വതന്ത്രമായ ഒരു രീതിശാസ്ത്രം വേണം എന്ന തെറ്റിദ്ധാരണയാണ് പൊതുവില്‍ അവരെ നയിക്കുന്നത്. ലോകത്തിലെ ഏത് ജനവിഭാഗവും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ നാടോടിവാങ്മയങ്ങള്‍ വരെയുള്ള എല്ലാം സൃഷ്ടിച്ചിരിക്കുന്നത് ചരിത്രത്തിന്റയും ഭൌതികസാഹചര്യങ്ങളുടെയും അബോധപ്രേരണകളുടെയുമൊക്കെ അടിസ്ഥാനത്തിലാണ്.ഇവയെ കുറിച്ചെല്ലാമുള്ള അന്വേഷണങ്ങളിലേക്ക് തിരിയാത്തിടത്തോളം ഫോക് ലോര്‍പഠനങ്ങള്‍ മിക്കവാറും പി.എച്ച്.ഡി ബിരുദത്തിനും സാമ്പത്തികനേട്ടങ്ങള്‍ക്കുമപ്പുറത്തുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത കേവലപഠനങ്ങളായി തുടരും.കൂട്ടായ്മയെ അതിന്റെ തന്നെ ആന്തരികയുക്തികള്‍ കൊണ്ട് മനസ്സിലാക്കുക,ഫോക്കിന്റെ വിശ്വാസങ്ങള്‍ക്കും ചെയ്തികള്‍ക്കും ന്യായീകരണം കണ്ടെത്തുക എന്നിവയ്ക്ക് അപ്പുറം കടക്കാത്ത ഫോക് ലോര്‍ പഠനം യാഥാസ്ഥിതികമാണ്.കൂട്ടായ്മയുടെ ആന്തരികയുക്തികള്‍ ചരിത്രബാഹ്യമായാണ് നിലനില്‍ക്കുന്നത് എന്ന ധാരണയില്‍ ഫോക് ലോര്‍ പഠനം ആരംഭിക്കരുത്.ഗ്രാമീണമായാലും നാഗരികമായാലും ഒരു ജനസമൂഹം നിലനിര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രത്യേകമായ ചരിത്രസാഹചര്യങ്ങളില്‍ രൂപം കൊണ്ടവയും ചരിത്രത്തോടൊപ്പം പരിണമിക്കുന്നവയുമാണ്.ഈ വശത്തിന് ഊന്നല്‍ നല്‍കാതെയുള്ള ഫോക് ലോര്‍അന്വേഷണങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന പരമാവധികാര്യം ഒരു ജനത നിലനിര്‍ത്തി വരുന്ന ഫോക് ലോറിലെ ഓരോരോ ഇനങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്തുക മാത്രമായിരിക്കും.
ഫോക് ലോര്‍ അന്വേഷണങ്ങള്‍ ചരിത്രപരം മാത്രമല്ല വൈരുദ്ധ്യാത്മകം കൂടിയായിരിക്കണം.അത്യുത്തരകേരളീയരുടെ തെയ്യം ഒരേ സമയം ഒരു ജനതയുടെ ആത്മീയാവശ്യത്തിന്റെ നിര്‍വഹണവും ഒരു വ്യവസ്ഥയുടെ ന്യായീകരണവുമായാണ് പ്രവര്‍ത്തിച്ചുപോന്നത്.ആദ്യകാല കമ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെയ്യത്തിനെതിരെ തിരിഞ്ഞത് അവര്‍ കേവല യുക്തിവാദികളും സൌന്ദര്യാസ്വാദനശേഷിയറ്റവരും ആയിരുന്നതുകൊണ്ടല്ല.തെയ്യം ജാതിജന്മിനാടുവാഴി വ്യവസ്ഥയെയും അതുല്‍പാദിപ്പിക്കുന്ന ജീവിതധാരണകളെയും താങ്ങിനിര്‍ത്താനാണ് സഹായിക്കുന്നത് എന്ന ബോധ്യം കൊണ്ടാണ്. കാലം മാറി.തെയ്യത്തെ മറ്റൊരു രീതിയില്‍ മനസ്സിലാക്കുന്നതിനുള്ള ഭൌതികാന്തരീക്ഷവും ബൌദ്ധികാന്തരീക്ഷവും വൈകാരികാന്തരീക്ഷവും ജനങ്ങളില്‍ കുറേയേറെപ്പേരുടെ കാര്യത്തിലെങ്കിലും യാഥാര്‍ത്ഥ്യമായി.അതോടെ തെയ്യത്തോടുള്ള ശത്രുത അനാവശ്യവും അരസികത്വത്തിന്റെ അടയാളവുമായി.
ഫോക്ലോര്‍ ജന്മ• നല്‍കുന്ന ജീവിതധാരണകളും സമീപനങ്ങളും ജനജീവിതത്തില്‍ എല്ലാ കാലത്തും പോസിറ്റീവായ ഫലങ്ങള്‍ മാത്രമല്ല ഉണ്ടാക്കിയിട്ടുള്ളത്.സംസ്കാരം പരിണമിക്കുന്നത് അന്യസംസ്കാരങ്ങളുമായുള്ള പരിചയത്തിലൂടെയും കടംകൊള്ളലുകളിലൂടെയുമാണ്.പുതിയ അറിവിന്റെയും സാങ്കേതികവിദ്യയുടെയും കടംകൊള്ളലുകള്‍ പഴയതിനെ പുറംതള്ളിക്കൊണ്ടു മാത്രമേ സാധ്യമാവൂ.അങ്ങനെ പുറംതള്ളുന്നതിലൂടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ബോധ്യപ്പെട്ടാലും ഫോക് ലോര്‍മായുള്ള ജനതയുടെ വൈകാരികബന്ധം അതിന് തടസ്സം നില്‍ക്കും.ഇത്തരം ഘട്ടങ്ങളില്‍ ഫോക് ലോറിന്റെ കൂടെയല്ല മാറുന്ന ജീവിതത്തിന്റെ കൂടെത്തന്നെയാണ് ഫോക് ലോറിസ്റ് നിലകൊള്ളേണ്ടത്.രോഗം മാറാന്‍ ചികിത്സയാണ് ആവശ്യം എന്ന് ബോധ്യം വന്നാലും മന്ത്രവാദത്തെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് ന്യായീകരണം സൃഷ്ടിക്കലല്ല ഫോക് ലോറിസ്റിന്റെ പണി.ഓരോ ചരിത്രഘട്ടത്തിലും ഫോക് ലോറില്‍ പ്രവര്‍ത്തിച്ച/പ്രവര്‍ത്തിക്കുന്നനിഷേധാത്മകവശങ്ങള്‍ കൂടി വിശദീകരിക്കാന്‍ ഫോക് ലോര്‍പണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്.
പഠനപദ്ധതിയെ കേരളത്തിന്റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കനുസരിച്ചും പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാകത്തിലും പുന:സംവിധാനം ചെയ്തുകൊണ്ടേയിരിക്കുക, പഠനത്തെ എല്ലായ്പ്പോഴും ചരിത്രവല്‍ക്കരിക്കുക,ഫോക് ലോറിലെ ഏറ്റവും ജീവത്തായ അംശങ്ങള്‍ക്ക് ഏറ്റവും സര്‍ഗാത്മകമായ രീതിയില്‍ പുനര്‍വ്യാഖ്യാനങ്ങളും ആവിഷ്ക്കാരങ്ങളും നല്‍കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക,യാഥാര്‍ത്ഥ്യബോധത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായി കേരളത്തിന്റെ സാംസ്കാരികസ്വാശ്രയത്വം എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടേയിരിക്കുക ഇവയൊക്കെയാണ് നമ്മുടെ ഫോക് ലോര്‍ പണ്ഡിതന് മാരുടെയും പഠിതാക്കളുടെയും മുന്നിലുള്ള അടിയന്തിരകടമകള്‍.ഇത്രയും കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി തങ്ങളുടെ പഠനവിഷയത്തിനുണ്ട് എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ ഫോക് ലോറിസ്റുകള്‍ ഫോക് ലോര്‍എന്ന ഇതിനകം സര്‍വസമ്മതമായിത്തീര്‍ന്ന പദത്തിനു പകരം ഒരു തനി മലയാളപദം കണ്ടെത്തിയില്ലെങ്കിലും വലിയ പ്രശ്നമില്ല.

(ജനശക്തി വാരിക)

Monday, September 19, 2011

ഞാരോത്തെ പറമ്പിലെ തെങ്ങ്

പി.എ.നാസിമുദ്ദീന്റെ കവിതകള്‍ ഞാന്‍ ഇടക്കിടെ പ്രത്യേകിച്ച് ഒരുദ്ദേശ്യവുമില്ലാതെ വായിച്ചു നോക്കും.എന്തുകൊണ്ട് അങ്ങനെ വായിക്കാന്‍ തോന്നുന്നു എന്നതിനെ കുറിച്ച് കൃത്യമായി എനിക്കറിയാമെന്നു പറഞ്ഞാല്‍ അത് പാതിയോളം കളവായേക്കും.കവിതകള്‍ എന്ന നിലയ്ക്ക് അവയില്‍ പലതിനുമുള്ള അപൂര്‍ണതകളെ കൂടിയാണ്,അവയിലെ പണിക്കുറവിനെ കൂടിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.ചില കവിതകളും കഥകളും അങ്ങനെയാണ്. അവയുടെ സൃഷ്ടിയില്‍ അല്ലെങ്കില്‍ നിര്‍മിതിയില്‍ ചില വൈകല്യങ്ങള്‍ ബാക്കി നില്‍ക്കണം.അപ്പോഴാണ് അവ യഥാര്‍ത്ഥത്തില്‍ പൂര്‍ണമാവുന്നത്.തേച്ചുമിനക്കിയ ഒരു കവിത നാസിമുദ്ദീനില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
'ഞാരോത്തെ പറമ്പിലെ തെങ്ങ്' നാസിമുദ്ദീന്റെ ആത്മചിത്രം എന്നു പറയാവുന്ന വളരെ ലളിതമായ ഒരു കവിതയാണ്.
ഞാരോത്തെ പറമ്പിലെ തെങ്ങും
എന്നെപ്പോലെ അനാഥന്‍ തന്നെ
ചെറുപ്പത്തിലേ കൂമ്പടഞ്ഞു
എന്നാണ് കവിത ആരംഭിക്കുന്നത്.
മരുന്നും വെള്ളവും മനമലിഞ്ഞു നല്‍കിയിട്ടും ഒരു കനിപോലും കാണിക്കാതെ ഒരു മൂലയില്‍ അത് അഗതിയായി മെലിഞ്ഞു നിന്നു.കാറ്റുകളുടെ കലപിലകള്‍ക്കിടയില്‍ അതിന്റെ നിര്‍വികാരഖേദം ഒരു മൌനത്തിലേക്കൊതുങ്ങി.
കവിത ഇങ്ങനെ അവസാനിക്കുന്നു:
ഒരു വസന്തത്തില്‍
മൈനകള്‍ പ്രാവുകള്‍ കുയിലുകള്‍
അതില്‍ ചിറകടിച്ചു പറന്നു
ഇപ്പോള്‍ അത് പുഷ്പിച്ചിരിക്കുന്നു
ഒരു തത്ത കൂടും വെച്ചിരിക്കുന്നു
അതെ,ഒരു പഞ്ചവര്‍ണ തത്ത.
ചെറുപ്പത്തിലേ കൂമ്പടഞ്ഞു മെലിഞ്ഞുണങ്ങി നില്‍ക്കുന്ന തെങ്ങിനെ ചുറ്റി പക്ഷികള്‍ ചിറകടിച്ച് പറക്കുന്നതും കണ്ടുകണ്ടു നില്‍ക്കെ അതില്‍ ഒരു തത്ത കൂടുവെച്ചിരിക്കുന്നത് കണ്ണില്‍ പെടുന്നതുമെല്ലാം കുട്ടിക്കാലത്തെ വലിയ ആഹ്ളാദങ്ങളിലൊന്നായിരുന്നു.മനസ്സിന്റെ സ്വാഭാവികശേഷികള്‍ അകാലത്തില്‍ ശോഷിച്ചോ മുരടിച്ചോ വളര്‍ച്ചയെ അവിശ്വസിച്ചെന്ന പോലെ ഉള്‍വലിഞ്ഞമര്‍ന്നോ പോവുന്ന മനുഷ്യരിലും അവിചാരിതമായി ഒരു പഞ്ചവര്‍ണത്തത്ത വന്ന് കൂട് വെക്കാം.തത്ത കൂടുവെച്ച തെങ്ങ് അതിന് തല്‍ക്കാലത്തേക്ക് പൂവ് വന്നാല്‍ പോലും തെങ്ങിന്റെ ധര്‍മം നിര്‍വഹിച്ച് ഇളനീരും തേങ്ങയുമൊന്നും തരാന്‍ സാധ്യതയില്ല.പക്ഷേ,മനുഷ്യന്റെ കാര്യം അങ്ങനെയല്ല,അവനില്‍/അവളില്‍ സര്‍ഗാത്മകതയുടെ മൈനയും പ്രാവും കുയിലുമെല്ലാം താല്പര്യം കാണിച്ചു തുടങ്ങിയെങ്കില്‍,ഒരു തത്ത വന്ന് കൂട് വെച്ചെങ്കില്‍ ആ ജന്മം സഫലമായി.മനുഷ്യന്‍ സൌന്ദര്യത്തിന്റെ സൃഷ്ടാവായി.'ഞാരോത്തെ പറമ്പിലെ തെങ്ങ്' ആ അനുഭവത്തിന്റെ നിഷ്ക്കളങ്കമായ ആവിഷ്ക്കാരമാണ്.ഇത്രയും ലാളിത്യം നിറഞ്ഞ ഒരു കവിത എഴുതിയ കവി തന്നെയാണ്
"ഹേ,കള്ളനായ സൂര്യാ
ധൂര്‍ത്തന്മാരുടെ ഇലകളില്‍
നൃത്തം വെക്കുന്നവനേ
എന്റെ ഹൃദയത്തിന്റെ
കാമ്പെടുത്തൂതിയാല്‍
സത്യമായും നീ കെട്ടുപോവും.''
എന്ന കനല്‍ക്കനമുള്ള വരികളും എഴുതിയത്.'ഞാരോത്തെ പറമ്പിലെ തെങ്ങ് പുഷ്പിച്ചിരിക്കുന്നു' എന്ന കവിയുടെ പ്രസ്താവം കറകളഞ്ഞ സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ഇതു പോലുള്ള വരികള്‍ വേറെയും പലതുണ്ട് നാസിമുദ്ദീന്റെ കവിതകളില്‍.അവയുടെ ഘടനയിലും ഉള്ളടക്കത്തിലുമുള്ള ശൈഥില്യവും അനാഥത്വത്തിന്റെതായ വീറും സംഭ്രമവുമെല്ലാമാണ് എന്നെ വീണ്ടും വീണ്ടും ഈ കവിതകളിലേക്കെത്തിക്കുന്നതെന്നു തോന്നുന്നു.
(മാതൃകാന്വേഷി മാസിക 2011 സപ്റ്റംബര്‍)

Tuesday, September 13, 2011

ഇരുണ്ട വരികള്‍

പച്ചപ്പുല്‍നാമ്പിന്റെ നിനവില്ല
ആളനക്കമില്ല
ഉച്ചവെയിലുറയുന്ന പാറപ്പരപ്പില്‍
ഒറ്റയ്ക്കലഞ്ഞെത്തീ ഒരാട്
കണ്ണെത്തുന്നിടത്തെല്ലാം കരിമ്പാറ മാത്രമായ
വിജനവിസ്തൃതയില്‍ ആ പാവം ജീവി
ഇപ്പോള്‍ കാത്തുകൊണ്ടിരിക്കുന്നത്
ഒരറവുകാരന്റെ നിഴല്‍ മാത്രമാണ്.

Thursday, September 8, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

39
പതിനേഴ് വര്‍ഷം മുമ്പെഴുതിയ കഥയാണ്. നേര്‍ക്കു നേരെയുള്ള എഴുത്ത്.സാഹിത്യമാക്കി ഉയര്‍ത്താന്‍ പാകത്തില്‍ ഒന്നും ചെയ്തില്ല.എഴുതിയ പടി അങ്ങനെ തന്നെ വെച്ചു.ഈയിടെ എടുത്തു വായിച്ചു നോക്കിയപ്പോള്‍ ചെറിയൊരു രസം തോന്നി.അതിന്റെ ധൈര്യത്തിലാണ് ഇതിവിടെ പകര്‍ത്തി വെക്കുന്നത്.
കഥ
സിമ്യാങ്
പത്താം വയസ്സില്‍ നാടുവിട്ടുപോയ ഉക്കുണ്ണി തൊണ്ണൂറ്റാറാം വയസ്സില്‍ തീയൂരില്‍ മടങ്ങിയെത്തിയപ്പോള്‍ അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ആരും നാട്ടിലുണ്ടായിരുന്നില്ല.ഒട്ടുമിക്കപേരും എപ്പൊഴൊക്കെയോ മരിച്ച് മണ്ണോട് ചേര്‍ന്നിരുന്നു.അവശേഷിച്ച ഏതാനും ചിലര്‍ മക്കളുടെയോ പേരക്കിടാങ്ങളുടെയോ കൂടെ മറ്റേതൊക്കെയോ ദേശങ്ങളില്‍.രണ്ടുമൂന്നുപേര്‍ ഓര്‍മയും കഥയും പൂര്‍ണമായി കൈമോശം വന്ന് വൃദ്ധസദനങ്ങളിലും.ഉക്കുണ്ണി ഓര്‍മയില്‍ നിന്ന് നുള്ളിപ്പെറുക്കിയെടുത്ത സ്ഥലപ്പേരുകളും വീട്ടുപേരുകളും മറ്റ് ചില അടയാളങ്ങളും നാട്ടുകാരായ ചില വൃദ്ധജനങ്ങളില്‍ ഏതാനും ചില മിന്നലാട്ടങ്ങളുണ്ടാക്കിയെങ്കിലും അയാളെ തീയൂരുകാരനായി സ്വീകരിച്ച് അംഗീകരിക്കുന്നതില്‍ ആരും താല്പര്യം കാണിച്ചില്ല.അന്തര്‍ദ്ദേശീയമായിത്തന്നെ അറിയപ്പെടുന്ന ഒരു സന്നദ്ധസംഘടനയുടെ തീയൂര്‍മേഖലയിലെ പ്രവര്‍ത്തക•ാരിലൊരാളായ ഡികോക്സ ഡിസില്‍വ എന്ന യുവാവ് എന്തായാലും അശരണനായ ഈ വൃദ്ധന്റെ കാര്യത്തില്‍ താല്പര്യമെടുത്തു.ഉക്കുണ്ണിയെ എങ്ങനെ സഹായിക്കണം, എവിടെ ഏല്പിക്കണം എന്നൊക്കെ തീരുമാനിക്കാനായി ഡികോക്സ അയാളുമായി ഹ്രസ്വമായ ഒരു സംഭാഷണം നടത്തി.അത് ഇപ്രകാരമായിരുന്നു:
ഡികോക്സാ: അപ്പോ അമ്മാവാ, ഇത്രനാളും എവിടെയായിരുന്നു?
ഉക്കുണ്ണി: ഞാന്‍ സിമ്യാങ്ങിലായിരുന്നു
ഡികോക്സാ: അതെവിടെയാ?
ഉക്കുണ്ണി: പ്രാന്‍ നദിയുടെ തീരത്തുള്ള പുരാതനമായൊരു പട്ടണമാണത്
ഡികോക്സ:(അങ്ങനയൊരു നദിയെക്കുറിച്ച് തനിക്ക് കേട്ടറിവ് പോലുമില്ലെന്ന കാര്യം അല്പവും പ്രകടമാക്കാതെ) ഓഹോ,പ്രാന്‍നദിയുടെ തീരത്ത്?എങ്ങനെയായിരുന്നു അവിടത്തെ ജീവിതം?എന്തായിരുന്നു ജോലി?
ഉക്കുണ്ണി: അങ്ങനെ പ്രത്യേകിച്ച് ഒരു ജോലി മാത്രമായിട്ടൊന്നും ഉണ്ടായിരുന്നില്ല
കുറച്ചുകാലം ഒരു ഹോട്ടലിലായിരുന്നു.പിന്നെ റെയില്‍വേയില്‍ സ്റേഷന്‍ മാസ്റര്‍,പിന്നെ ഒരു ട്രക്ഡ്രൈവര്‍,അതു കഴിഞ്ഞ് കുറച്ചുകാലം ഞാന്‍ സിമ്യാങ്ങില്‍ മേയറായിരുന്നു.പിന്നെ സിമ്യാങ്ങ് ജനറല്‍ ഹോസ്പിറ്റലിലെ സ്വീപ്പറായി.
ഡികോക്സ:അതത്ഭുതമാണല്ലോ? മേയറായതിനുശേഷം സ്വീപ്പറാവുകയോ?
ഉക്കുണ്ണി:സിമ്യാങ്ങില്‍ അതൊക്കെ സാധാരണമാണ്.നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏത് ജോലിയും ചെയ്യാം.എല്ലാറ്റിനും ഒരേ മാന്യതയാണ്
ഡികോക്സ:ശമ്പളം?
ഉക്കുണ്ണി: എല്ലാ ജോലിക്കും തുല്യശമ്പളമാണ്
ഡികോക്സ:ആരോഗ്യം,വിദ്യാഭ്യാസം ഇവയ്ക്കൊക്കെ വലിയ ചെലവ് വരുമോ?
ഉക്കുണ്ണി: ഇല്ല,ചികിത്സ ഫ്രീയാണ്.വിദ്യാഭ്യാസത്തിനും ഒന്നും ചെലവാക്കണ്ട
ഡികോക്സ: ചെലവുള്ള എന്തെങ്കിലും പരിപാടിയുണ്ടോ?
ഉക്കുണ്ണി:നാടകം,ചിത്രപ്രദര്‍ശനം,സിനിമ ഇതിനൊക്കെ പോകാന്‍ നല്ല ചെലവ് വരും.പുസ്തകങ്ങള്‍ക്കും നല്ല വെലയാണ്.സംഗീതപരിപാടികള്‍ക്കും വലിയ ടിക്കറ്റാണ്
ഡികോക്സ: അപ്പോ കലാകാര•ാരൊക്കെ വലിയ കാശുകാരായിരിക്കും അല്ലേ?
ഉക്കുണ്ണി:ഹേയ്,പണക്കാരനായിരിക്കുക എന്നു പറഞ്ഞാല്‍ വലിയ നാണക്കേടാണവിടെ.കണക്കിലധികം കാശ് ആരും കയ്യില് വെക്കില്ല.ഗവണ്‍മെന്റിന്റെ ഏതെങ്കിലും വകുപ്പിന് അത് അപ്പോള്‍ തന്നെ സംഭാവനയായി നല്‍കും.
ഡികോക്സ: ഒരാള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കിലോ?
ഉക്കുണ്ണി: ആരും അങ്ങനെ ചെയ്യാതിരിക്കില്ല
ഡികോക്സ: കുടുംബം,ലൈംഗികത ഈ വക കാര്യങ്ങളൊക്കെ എങ്ങനെയാണ്?
ഉക്കുണ്ണി:കുടുംബം വേണ്ടുന്നവര്‍ക്ക് കുടുംബമായി ജീവിക്കാം.വേണ്ടെങ്കില്‍ വേണ്ട
ഡികോക്സ: കുട്ടികളുടെ കാര്യം?
ഉക്കുണ്ണി:കുട്ടികളാണ് ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നവര്‍.പതിനഞ്ച് വയസ്സ് വരെ അവര്‍ സമൂഹത്തിന്റെ പൊതുസ്വത്താണ്
ഡികോക്സ: ലൈംഗിക സ്വാതന്ത്യ്രം?
ഉക്കുണ്ണി:സമ്പൂര്‍ണ ലൈംഗികസ്വാതന്ത്യ്രമാണ്.എനിക്ക് പതിനേഴ് കാമുകിമാരുണ്ടായിരുന്നു
ഡികോക്സ: ആളുകള്‍ മദ്യപിക്കുമോ?
ഉക്കുണ്ണി: മദ്യപിക്കേണ്ടവര്‍ക്ക് മദ്യപിക്കാം.ചായ കുടി പോലെയേ ഉള്ളൂ അത്.മദ്യപിക്കുന്നത് വലിയ ഒരു കാര്യമായിട്ട് ആരും ഭാവിക്കില്ല.മദ്യപിച്ച് ബഹളം വെച്ച് നാണം കെടാന്‍ ആരും തയ്യാറാവില്ല
ഡികോക്സ:സിമ്യാങ്ങിലെ ഭാഷ എന്താണ്?
ഉക്കുണ്ണി: ;ചിര്‍പ് ഭാഷ എന്നു പറയും.അത് ആര്‍ക്കും ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാം
ഡികോക്സ: സിമ്യാങ് എന്ന പേരിന്റെ അര്‍ത്ഥമെന്താണ്?
ഉക്കുണ്ണി: സ്വപ്നത്തിന്റെ താവളം
ഡികോക്സ: ഇത്രയും നല്ലൊരു നാട് വിട്ടിട്ട് ഈ വയസ്സുകാലത്ത് ഇങ്ങോട്ട് വന്നെതെന്തിനാ?
ഉക്കുണ്ണി:എത്ര മോശമായാലും സ്വന്തം നാട്ടില്‍ കിടന്ന് മരിക്കണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുക?
ഉക്കുണ്ണി പല്ലില്ലാത്ത നൊണ്ണ് കാട്ടി മനോഹരമായൊരു ചിരി ചിരിച്ചു.
5-7-94
40
നല്ല സ്വബോധത്തോടെ, ഓരോ വാക്കിന്റെയും അര്‍ത്ഥം ഇന്നതാണെന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇന്നതാണെന്നും കൃത്യമായി ഉള്ളിലുറപ്പിച്ച് എഴുതിയ കവിതകളില്‍ ചിലത് കുറേ കഴിഞ്ഞ് വായിച്ചുനോക്കുമ്പോള്‍ എനിക്കു തന്നെ ഒരെത്തും പിടിയും കിട്ടില്ല.ചിലതിനെ കുറിച്ച് അത്ര വ്യക്തമല്ലാത്ത ചില സംഗതികള്‍ ഭാഗികമായി തെളിഞ്ഞുകിട്ടി എന്നുവരും.കാഴ്ച തീരെ മങ്ങിപ്പോയ ഒരാളുടെ കാഴ്ച പോലിരിക്കും അത്.അത്തരം കവിതകളും കഥകളുമൊന്നും പ്രസിദ്ധീകരണത്തിന് അയക്കാറില്ല.വായനക്കാരോട് തെറ്റ് ചെയ്യുന്നതു പോലൊരു തോന്നല്‍ വരും.ഈ കുറിപ്പുകളെ പക്ഷേ വ്യത്യസ്തമായ ഒരു ഇടമായാണ് സങ്കല്പിച്ചിട്ടുള്ളത്.അതുകൊണ്ടാണ് ഈ കവിതകള്‍ ഇവിടെ ഇങ്ങനെ ധൈര്യപൂര്‍വം പ്രദര്‍ശിപ്പിക്കുന്നത്.
1.
ഏകാന്തത
എനിക്ക് എന്നെ പിടികിട്ടില്ലെന്നതിനാലാവാം
ഞാന്‍ നിങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു
വാച്ചിന്റെ വലിയ സൂചിയിലേറി ഒരുപാട്നേരം ഞാന്‍ സഞ്ചരിച്ചു
അവിടെ ഇരുന്നാല്‍ സമയം അറിയില്ലെന്ന് പിന്നീടാണ് ഓര്‍ത്തത്
നിങ്ങളില്‍ നിന്ന് എന്നിലേക്ക്
തിരിയെ എത്തുമ്പോള്‍ പക്ഷേ
ഞാന്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു
മുമ്പ് ഞാന്‍ ഇരുന്നിടത്ത്
ഏകാന്തതയുടെ കടല്‍ കിടന്ന് തിളക്കുന്നത് കണ്ടു.
2.
മീന്‍
കടലിലായിരുന്നു ആദ്യം
ആര്‍ത്തലയ്ക്കുന്ന തിരമാലകളുടെ ആവേശം
അടിത്തട്ടില്‍ പവിഴപ്പുറ്റുകളുടെ പ്രശാന്തമൌനം
മുത്തുകളെ പോറ്റുന്ന ചിപ്പികള്‍
ശാന്തഗംഭീരമായ അനക്കങ്ങള്‍
അറിയാതെ അറിയാതെ
പുഴയിലേക്കെത്തി
തിരകള്‍ ചിറ്റോളങ്ങളാവുന്നതും
ആഴം കുറഞ്ഞുകുറഞ്ഞുവരുന്നതും അറിഞ്ഞില്ല
പിന്നെയും പിന്നെയും മുന്നോട്ടുപോയി
കൈത്തോട്ടിലേക്ക് കയറിയതും
ആരുടെയോ കൈപ്പിടിയിലൊതുങ്ങിയതും അറിഞ്ഞില്ല
കടല്‍മീനിനെ കുണ്ടുകുളത്തില്‍ നിന്ന് കിട്ടിയതിന്റെ
അത്ഭുതാരവങ്ങളും ആഘോഷത്തിമിര്‍പ്പുകളും
എനിക്കിപ്പോള്‍ കേള്‍ക്കാം.

Saturday, September 3, 2011

ഒരു സ്വ.ലേയുടെ ഓര്‍മ

കേരളത്തിലങ്ങളോളമിങ്ങോളം ഒരുപാട് സുഹൃത്തക്കളുണ്ടായിരുന്നു ചിന്തരവി എന്ന രവീന്ദ്രന്.എന്റെ തലമുറയിലെ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരില്‍ രവിയുമായി അടുത്ത സൌഹൃദം പുലര്‍ത്താത്തവരായി ആരുമേ ഉണ്ടാവില്ല.പക്ഷേ,ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടത് രണ്ടേ രണ്ടു പ്രാവശ്യമാണ്.സംസാരിച്ചതാണെങ്കില്‍ ഔപചാരികതയ്ക്ക് അപ്പുറം കടക്കാത്ത അഞ്ചോ ആറോ വാക്കുകള്‍ മാത്രവും.സത്യം ഇതായിരിക്കേ തന്നെ രവിയുമായി മറ്റൊരു തലത്തില്‍ വളരെ അടുത്ത് ബന്ധപ്പെട്ട ആളാണ് ഞാന്‍.തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു തന്നെ വളരെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്ന ബന്ധമാണ് അത്.മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രവി സ്വയം മുന്‍കയ്യെടുത്ത് ആരംഭിച്ച ആദ്യസംരംഭത്തിലെ പ്രധാനപ്പെട്ട പല കണ്ണികളില്‍ ഒന്നായിരുന്നു ഞാന്‍.അതിന്റെ കഥയിലേക്ക് കടക്കുംമുമ്പ് രവിയുമായുള്ള പരിചയത്തിന്റെ ആദ്യഘട്ടത്തെ കുറിച്ച് പറയാം.
അതിരാണിപ്പൂക്കള്‍
രവീന്ദ്രനുമായുള്ള എന്റെ പരിചയം ആരംഭിക്കുന്നത് ഒരു വായനക്കാരന്‍ എന്ന നിലക്കാണ്.രവിയുടെ ആദ്യപുസ്തകം അച്ചടിമഷി പുരണ്ടെത്തിയപ്പോള്‍ അതിനെ ആവേശപൂര്‍വം സ്വീകരിച്ച ആദ്യ വായനക്കാരില്‍ ഒരാളാണ് ഞാന്‍.അതിരാണിപ്പൂക്കള്‍ എന്നാണ് പുസ്തകത്തിന്റെ പേര്.സാഹിത്യപ്രവര്‍ത്തകസഹകരണസംഘം വര്‍ഷം തോറും സമ്മാനപ്പെട്ടി എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി പന്ത്രണ്ട് പുസ്തകങ്ങള്‍ ഒന്നിച്ച് പുറത്തിറക്കുന്ന പതിവുണ്ടായിരുന്നു പണ്ട്.1964ലെയോ 65ലെയോ സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങളില്‍ ഒന്നാണ് രവീന്ദ്രന്റെ \'അതിരാണിപ്പൂക്കള്‍\'.മറ്റ് ബാലസാഹിത്യകൃതികളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്.മായാവികളും അഭൌമജീവികളും മറ്റും പ്രത്യക്ഷപ്പെടുന്ന അത്ഭുത കഥ, യാഥാര്‍ത്ഥ്യപ്രതീതിയുണര്‍ത്തുന്ന ജീവിതസന്ദര്‍ഭങ്ങള്‍ ഉപയോഗിച്ചു തന്നെ ഏതെങ്കിലുമൊരു ഗുണപാഠം കുട്ടികള്‍ക്ക് നല്‍കുന്ന കഥ,അംഗവൈകല്യത്തെയോ സമാനമായ മറ്റ് പരാധീനതകളെയോ അതിജീവിച്ച് കുട്ടികള്‍ മുന്നേറുന്ന കഥ,മൃഗങ്ങളും പക്ഷികളുമൊക്കെയായി കുട്ടികള്‍ക്കോ പ്രായം ചെന്നെവര്‍ക്കോ ഉണ്ടാവുന്ന ഗാഢമായ സ്നേഹത്തിന്റെ കഥ ഇവയൊക്കെയാണ് സാധാരണയായി ബാലസാഹിത്യകൃതികളില്‍ ഇതിവൃത്തമായി വരാറുള്ളത്.അതിരാണിപ്പൂക്കള്‍ പക്ഷേ ഗ്രാണീണപ്രകൃതിയെ പശ്ചാത്തലത്തില്‍ നിര്‍ത്തി, ബാല്യം പിന്നിട്ടിട്ടില്ലാത്ത ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമിടയില്‍ വളരുന്ന പ്രണയത്തിന്റെ സ്പര്‍ശമുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ഒന്നാണ്. പ്രണയത്തെ അതായി തിരിച്ചറിയാനാവാത്ത പ്രായത്തിലാണ് അവര്‍ അന്യോന്യം അടുക്കുന്നത്.തീക്ഷ്ണവും വിശുദ്ധവുമായ ആ ഹൃദയബന്ധത്തിന്റെ ആനന്ദവും വേദനയുമെല്ലാം ബാലമനസ്സിനെ അഗാധമായി അനുഭവിപ്പിക്കാന്‍ പോന്നതായിരുന്നു രവീന്ദ്രന്റെ എഴുത്ത്.നാലരപ്പതിറ്റാണ്ടിനും മുമ്പത്തെ ഓര്‍മയില്‍ നിന്നാണ് അതിരാണിപ്പൂക്കളുടെ വായനാനുഭവത്തെ കുറിച്ച് ഇത്രയും എഴുതിയത്.ഈ കൃതി എഴുതിയ ആളുടെ പേര് രവീന്ദ്രന്‍ എന്നാണെന്ന് എന്നും ഓര്‍മയിലുണ്ടായിരുന്നെങ്കിലും അത് ചിന്തരവി തന്നെയാണ് എന്ന കാര്യം ഉറപ്പായത് പത്രത്തില്‍ അദ്ദേഹത്തിന്റെ ചരമക്കുറിപ്പ് വായിച്ചപ്പോള്‍ മാത്രമാണ്.എന്റെ ചെറിയ സുഹൃത്വലയത്തിലെ പലരോടും പലപ്പോഴായി ചോദിച്ചിരുന്നെങ്കിലും \'ചിന്തകന്‍\' തന്നെയാണ് ആ പുസ്തകമെഴുതിയത് എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് രവീന്ദ്രന്‍ അതെഴുതിയത്.മുതിര്‍ന്നപ്പോള്‍ തന്റെ ആദ്യചലച്ചിത്രത്തിന് ആധാരമായ\'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍\' പോലുള്ള ഏതാനും ചുവടുവെപ്പുകളേ കഥയുടെ വഴിയില്‍ ഈ എഴുത്തുകാരനില്‍ നിന്നുണ്ടായുള്ളൂ.പൊറ്റെക്കാട്ടിനു ശേഷം മലയാളം കണ്ട ഏറ്റവും വലിയ ഈ സഞ്ചാരി യാത്രാവിവരണങ്ങളിലും ടെലിവിഷനുവേണ്ടിയുളള സഞ്ചാരപരിപാടികളിലുമൊക്കെയായി കഥയെഴുത്തിനുള്ള തന്റെ കഴിവിനും ആസക്തിക്കും രൂപാന്തരം നല്‍കി.കേവലമായ വസ്തുതാവിവരണങ്ങളില്‍ നിന്നും അനുഭവവിവരണങ്ങളില്‍ നിന്നും വലിയ അകലം പാലിക്കുന്നവയും സവിശേഷമായ ഭാവനാനിര്‍മിതികളുടെ ഭാവാന്തരീക്ഷം പുലര്‍ത്തുന്നവയുമാണ് രവീന്ദ്രന്റെ സഞ്ചാരസാഹിത്യ രചനകള്‍.അവ അങ്ങനെയായിത്തീര്‍ന്നത് രവീന്ദ്രനിലെ സഞ്ചാരിയോടും സാസ്കാരികനിരീക്ഷകനോടുമൊപ്പം കഥാകാരനും സദാജാഗരൂകനായിരുന്നതുകൊണ്ടാണ്.
പരിയാരം ക്ഷയരോഗാശുപത്രിയില്‍
രവീന്ദ്രന്റെ ആദ്യത്തെ ശ്രദ്ധേയമായ മാധ്യമസംരംഭം ചെലവൂര്‍വേണുവുമായി ചേര്‍ന്നുള്ള \'സര്‍ച്ച്ലൈറ്റാ\'ണ്.ഏതാനും ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങി പ്രസിദ്ധീകരണം നിലച്ചുപോയ \'സര്‍ച്ച്ലൈറ്റി\'നു വേണ്ടി റിപ്പോര്‍ട്ടുകളും ഫീച്ചറുകളും രാഷ്ട്രീയനിരീക്ഷണങ്ങളും മറ്റുമായി ഞാന്‍ നാലഞ്ച് തവണ എഴുതിയിരുന്നു.പത്രപ്രവര്‍ത്തനത്തെ പറ്റി യാതൊന്നും അറിഞ്ഞുകടാത്ത വെറുമൊരു പയ്യനായിരുന്നു അന്ന് ഞാന്‍.അതുകൊണ്ടാണ് സര്‍ച്ച്ലൈറ്റിന്റെ ആദ്യ ലക്കം കണ്ടപ്പോള്‍ തന്നെ ഒരു റിപ്പോര്‍ട്ടെഴുതി താങ്കളുടെ വാരികയുടെ കണ്ണൂര്‍ലേഖകനാവാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് നേരെ പത്രാധിപര്‍ക്കയച്ചുകൊടുക്കാനുള്ള ധൈര്യം കിട്ടിയത്.ഉദാരമതിയായ പത്രാധിപര്‍ എന്നെ നേരില്‍ കാണാതെ തന്നെ എന്റെ അപേക്ഷ സ്വീകരിച്ച് പൂജ്യം രൂപ ശമ്പളത്തില്‍ എന്നെ ജില്ലാലേഖകനായി നിയമിക്കുകയും ചെയ്തു.അങ്ങനെ രവീന്ദ്രന്‍ എന്റെ പത്രാധിപരായി.
\'സര്‍ച്ച്ലൈറ്റി\'ല്‍ ഞാന്‍ എഴുതിയ ലേഖനങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് \'പരിയാരം ക്ഷയരോഗാശുപത്രിയില്‍\' എന്ന തലക്കെട്ടോടുകൂടിയതാണ്.ഇപ്പോഴത്തെ പരിയാരം മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്ന് ഒരു ക്ഷയരോഗാശുപത്രിയായിരുന്നു.ആദ്യകാലത്ത് വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നു അത്.ക്ഷയം പേടിപ്പെടുത്തുന്ന ഒരു രോഗമായിരുന്ന കാലത്ത് വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അവിടെ രോഗികള്‍ എത്തിയിരുന്നു.പരിയാരം ടി.ബി.സാനിറ്റോറിയത്തില്‍ പോവാന്‍ ഇവിടെ ഇറങ്ങുക എന്ന ബോര്‍ഡ് അന്ന് പഴയങ്ങാടി റെയില്‍വെസ്റേഷന്റെ പ്ളാറ്റ്ഫോമില്‍ ഉണ്ടായിരുന്നു.
നാടകപ്രവര്‍ത്തകനും ആദ്യകാലകമ്യൂണിസ്റുകാരില്‍ ഒരാളുമായിരുന്ന കെ.വി.കണ്ണേട്ട(നാടകകൃത്തായ സുരേഷ്ബാബു ശ്രീസ്ഥയുടെ അച്ഛന്‍)നോടൊപ്പമാണ് ഞാന്‍ ടി.ബി.സാനിറ്റോറിയത്തിലേക്ക് പോയത്.കണ്ണേട്ടന്‍ കുറച്ചുകാലം സാനിറ്റോറിയത്തില്‍ രോഗിയായി കിടന്നിരുന്നു.ആശുപത്രിജീവനക്കാരില്‍ പലരും അദ്ദേഹത്തിന്റെ അടുത്ത പരിചയക്കാരായിരുന്നത് വിവരങ്ങള്‍ ശേഖരിക്കുന്നതിന് വലിയ സൌകര്യമായിത്തീര്‍ന്നു.
ഞങ്ങള്‍ സാനിറ്റോറിയത്തില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു ഡോക്ടറേ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹം രാവിലെ വന്ന് രോഗികളെ പരിശോധിച്ച് സ്ഥലം വിടും.പിന്നെ ആശുപത്രി മിക്കവാറും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയിലാവും.ഇപ്പോള്‍ മെഡിക്കല്‍ കോളേജും ആയുര്‍വേദമെഡിക്കല്‍കോളേജും ആശുപത്രികളും മറ്റ് അനുബന്ധസ്ഥാപനങ്ങളുമൊക്കെ ഉള്ള സ്ഥലത്ത് അന്ന് സാനിറ്റോറിയം കഴിഞ്ഞാലുള്ള സ്ഥലം മുഴുവന്‍ കാടായിരുന്നു.നൂറ് കണക്കിന് കശുമാവുകളും കുറ്റിക്കാടുകളും വന്‍മരങ്ങളുമൊക്കെയുള്ള കാട്.രോഗികള്‍ ഈ കാട്ടിനകത്ത് കള്ളവാറ്റ് നടത്തും.കശുവണ്ടി പറിച്ച് വിറ്റുണ്ടാക്കുന്നതും ബന്ധുക്കളും മറ്റും കൊടുക്കുന്നതുമായ കാശുപയോഗിച്ച് മീന്‍വാങ്ങി പൊരിച്ച് കാട്ടിനകത്തിരുന്ന് ചാരായത്തിനൊപ്പം സമൃദ്ധമായി അടിക്കും.രാവിലെ ഡോക്ടര്‍ പരിശോധനക്ക് വരുന്ന സമയത്ത് മാത്രമേ അവരെ താന്താങ്ങളുടെ ബെഡ്ഡില്‍ കാണൂ.അല്ലാത്ത സമയം മുഴുവന്‍ അവര്‍ കാട്ടില്‍ ലീലാലോലുപരായി കഴിയും.എന്നാലും വല്ലാത്തൊരു വിഷാദവും ഏകാന്തതയും ആശുപത്രിയെ വലയം ചെയ്ത് നിന്നിരുന്നു.കയറിച്ചെല്ലുന്നിടത്തു തന്നെയുള്ള കറുത്ത ബോര്‍ഡില്‍ അത്യാസന്ന നിലയിലുള്ള രോഗികളുടെ പേര് വിവരം എഴുതി വെച്ചത് കണ്ണില്‍ പെടുന്ന നിമിഷം മുതല്‍ ആ വിഷാദം നമ്മെയും വലയും ചെയ്യും.\'സര്‍ച്ച് ലൈറ്റി\'ലെ എന്റെ റിപ്പോര്‍ട്ട് ഈ അനുഭവങ്ങളെല്ലാം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് നേരില്‍ കാണാതെ തന്നെ രവീന്ദന്‍ തന്റെ ആഴ്ചപ്പതിപ്പിന്റ സ്വ.ലേ ആയി എന്നെ നിയമിച്ചത്.പത്രപ്രവര്‍ത്തനത്തിന്റെ വഴി ഞാന്‍ തിരഞ്ഞെടുത്തില്ലെങ്കിലും എന്നിലെ പത്രപ്രവര്‍ത്തകനെ തിരിച്ചറിഞ്ഞ് അംഗീകരിച്ച ആ പത്രാധിപരുടെ,കുട്ടിക്കാലത്ത് ഒരു വായനക്കാരനെന്ന നിലക്ക് എന്നെ വളരെയേറെ ആഹ്ളാദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പിന്നീട് തന്റെ ബൌദ്ധികാന്വേഷണങ്ങളിലുടെയും സഞ്ചാരസാഹിത്യരചനകളിലൂടെയും മറ്റ് സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലൂടെയും എന്റെ തലമുറയെ ഉത്തേജിപ്പിക്കുകയും ചെയ്ത രവീന്ദ്രന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
(ജനശക്തി)