Pages

Sunday, January 29, 2012

താന്തോന്നിക്കവിതകള്‍

ഇന്നലെ   
ഇന്നലെ ഞാനൊരു വിഡ്ഡിയായിരുന്നു
ഇന്നാണത് ബോധ്യമായത്
നാളെയും ഞാന്‍ ഉണരുന്നത്
ഇതേ ബോധ്യത്തിലേക്കാവുമോ?

എന്താണിങ്ങനെ?
ഈയിടെയായി
എന്നോട് മാത്രം സംസാരിക്കുന്ന
മനസ്സിനോട് ഞാന്‍ ചോദിച്ചു:
എന്താണിങ്ങനെ?
"മറ്റുള്ളവരിലേക്കുള്ള വഴിയില്‍
അവര്‍ തന്നെ മുള്ള് പാകിയിരിക്കുന്നു
ഒന്നോ രണ്ടോ ചുവട് വെച്ച്
എത്ര വട്ടമാണ് തിരിയെ നടക്കുക?''
മുഖം ചുളിഞ്ഞ മറുപടിയോടെ
അത് പതിവുപണിയിലേക്കു മടങ്ങി.

അവസരവാദി
മാര്‍ക്സിസ്റുകാര്‍ മള്‍ട്ടിനാഷനല്‍ കാപ്പിറ്റലിസ്റുകളുടെ
തിണ്ണനിരങ്ങികളായിരിക്കുന്നുവെന്ന്
ഞാന്‍ പ്രസംഗിച്ചപ്പോള്‍
താങ്കളെന്നെ ഹസ്തദാനം ചെയ്തും
ആലിംഗനം ചെയ്തും അഭിനന്ദിച്ചു
പിറ്റേന്ന്
കോണ്‍ഗ്രസ്സുകാര്‍ രാജ്യത്തെ അമേരിക്കക്ക്
പണയപ്പെടുത്തുകയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍
താങ്കള്‍ കാര്‍ക്കിച്ചുതുപ്പി ആക്രോശിച്ചു:
“അവസരവാദി,വെറും അവസരവാദി.’’

ശീര്‍ഷകമില്ലാതെ
1
സ്വാതന്ത്യ്രത്തിലേക്കുള്ള വാതില്‍
ഞാന്‍ സ്വയം തള്ളിത്തുറന്നതല്ല
അതിനുള്ള പേശീബലം
എന്റെ ആത്മാവിനില്ല
കാലം തുറന്നിട്ട വാതില്‍ ഞാന്‍ കണ്ടു
അകത്തേക്കു കടക്കാന്‍
അറച്ചു നിന്നില്ല
അത്രയുമേ അവകാശപ്പെടുന്നുള്ളൂ.
2
എല്ലാവരുടെ ഉള്ളിലും ദൈവവും ചെകുത്താനും
തമ്മിലത്രെ മല്പിടുത്തം
എന്റെ ഉള്ളില്‍ പക്ഷേ ചെകുത്താനും ചെകുത്താനും
തമ്മിലാണ് കൊമ്പുകോര്‍ക്കല്‍.
3
ഈ പ്രപഞ്ചം എത്ര വലുതാണ്?
ഇതിനപ്പുറം വേറൊരു പ്രപഞ്ചമുണ്ടോ?
വേറൊരു സൌരയൂഥം?
വേറൊരു മനുഷ്യരാശി?
അറിയില്ല
മരണത്തിനപ്പുറം ജീവിതമുണ്ടോ?
പുനര്‍ജന്മമുണ്ടോ?
മുജ്ജന്മകര്‍മഫലം എന്നൊന്നുണ്ടോ?
അറിയില്ല
അറിയാം
നാട് നിറയെ കള്ളപ്പണക്കാരുണ്ട്
ക്വട്ടേഷന്‍ടീമുകളുണ്ട്
പുതിയ നാട്ടെശമാനന്മാരുണ്ട്
ആര്‍ത്തിയുണ്ട്,അമ്പരപ്പുണ്ട്
നേര്‍ക്കുനേരെ ജീവിച്ചുപോകുന്നതിന് വലിയ ബുദ്ധിമുട്ടുണ്ട്
അറിയാം, ഇത്രയുമൊക്കെ എനിക്ക് നേരായിട്ടറിയാം.
(തോര്‍ച്ച സമാന്തര മാസിക,ഡിസംബര്‍ 2011-ജനവരി 2012)


Tuesday, January 24, 2012

കൌമാരവായനയിലെ ബഷീര്‍

ആറാം ക്ളാസ്-ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പല കൃതികളും ഞാന്‍ വായിച്ചത്.ആദ്യം ‘ജീവിത നിഴല്‍പ്പാടുകള്‍’,പിന്നെ ‘മരണത്തിന്റെ നിഴലില്‍’,അതു കഴിഞ്ഞ് ‘സ്ഥലത്തെ പ്രധാന ദിവ്യന്‍’.ഇവയില്‍ ആദ്യത്തെ രണ്ടും ആ പ്രായത്തില്‍ വായിച്ച് മനസ്സിലാക്കാവുന്ന കൃതികളല്ല.സ്ഥലത്തെ പ്രധാന ദിവ്യന്‍ പക്ഷേ ഒരു കുട്ടിക്കും വലിയ താല്പര്യത്തോടെ വായിക്കാവുന്ന കഥയാണ്.
‘ജീവിതനിഴല്‍പാടുകള്‍’ രണ്ട് തരത്തിലാണ് എന്നെ സ്പര്‍ശിച്ചത്.ഒന്നാമത്തെ കാര്യം ആ കഥയിലെ ജീവിതദുരന്തം തന്നെ.വസന്തകുമാരിയുടെയും അബ്ബാസിന്റെയും തീക്ഷ്ണമായ ഹൃദയബന്ധത്തിന്റെ ആഴങ്ങളിലേക്കൊന്നും എനിക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരിക്കില്ല.എങ്കിലും വസന്തകുമാരിയുടെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഇന്നും എനിക്കോര്‍മയുണ്ട്.രണ്ടാമത്തെ കാര്യം കഥ പറച്ചിലിലെ ആ വ്യത്യസ്തതയാണ്.അക്കാലത്ത് വളരെയധികം പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചിരുന്നില്ല.എഴുത്തിലെ വ്യത്യസ്തയെ കുറിച്ച് ആലോചിക്കാനുള്ള സാഹിത്യപരിചയം തന്നെ എനിക്കുണ്ടായിരുന്നില്ല.എങ്കിലും ഞാന്‍ വായിച്ച പുസ്തകം എന്തോ പ്രത്യേകതയുള്ള ഒന്നാണെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു.മരണത്തിന്റെ നിഴലിലും’ ‘സ്ഥലത്തെ പ്രധാന ദിവ്യനും’ വായിച്ചപ്പോള്‍ അതേ തോന്നല്‍ ഒന്നുകൂടി ശക്തമായി.
‘ജീവിതനിഴല്‍പാടുകളും' ‘ശബ്ദങ്ങളും' പോലുള്ള ചിലത് മാറ്റി നിര്‍ത്തിയാല്‍ ബഷീറിന്റെ മിക്ക കൃതികളും വാസ്തവത്തില്‍ മുതിര്‍ന്ന മനുഷ്യരിലെ കുട്ടികളെ അഭിസംബോധന ചെയ്യുന്നവയാണ്.മുതിര്‍ന്നവരുടെ പല പ്രവൃത്തികളും നമ്മുടെ സാധാരണ കാഴ്ചയുടേതല്ലാത്ത കോണില്‍ നിന്ന് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കുട്ടിക്കളികള്‍ മാത്രമാണ് എന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് അവയിലുള്ളതെന്നു പറയാം.ജീവിതത്തെ ആ മട്ടില്‍ സമീപിക്കാനാവുന്ന ഒരു മാനസികാവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ എന്തിനെയും നിര്‍മ്മമമായും നേര്‍ത്ത ചിരിയോടെയും നോക്കിക്കാണാനാവും.
ആനവാരി രാമന്‍ നായര്‍,പൊന്‍കുരിശ് തോമാ,മണ്ടന്‍ മൂത്താപ്പാ,ഒറ്റക്കണ്ണന്‍ പോക്കര്,സൈനബ,കണ്ടമ്പറയന്‍ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം കുട്ടികളിലും വലിയ കൌതുകം ജനിപ്പിക്കുന്നവരാണ്.പക്ഷേ,ഈ കഥാപാത്രങ്ങളെയും അവരുടെ വാക്കുകളെയും ചെയ്തികളെയുമെല്ലാം പൂര്‍ണമായി മനസ്സിലാക്കാന്‍ അവര്‍ മുതിര്‍ച്ച കൈവരിക്കുക തന്നെ വേണം.ഈ വൈരുദ്ധ്യം ബഷീര്‍ കഥകള്‍ക്ക് വ്യതിരിക്തമായ ഭംഗിയും കരുത്തും കൈവരുത്തുന്ന ഒരു ഘടകമാണ്.കഥാപാത്രങ്ങളെ കുട്ടികളുടെ ലോകത്തിലെന്ന പോലെ അവതരിപ്പിക്കുക,അതേ സമയം അവരിലേക്ക് എത്തിച്ചേരാന്‍ മനസ്സുകൊണ്ട് ഒരുപാട് വളരണമെന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക, ഈയൊരു വിദ്യയാണ് എഴുത്തില്‍ ബഷീര്‍ സൂക്ഷിച്ച മൌലികതയുടെ ഏറ്റവും കാതലായ ഘടകമെന്നു തോന്നുന്നു.
ഞാന്‍ സ്വന്തമായി കഥയും കവിതയുമൊക്കെ എഴുതുകയും സാഹിത്യത്തെ പറ്റി ഗൌരവമായി ആലോചിച്ചുതുടങ്ങുകയും ചെയ്യുന്ന കാലത്ത് കൌമാരപ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും ബഷീര്‍ അത്ര വേണ്ടപ്പെട്ട ഒരെഴുത്തുകാരനായിരുന്നില്ല.തകഴി,ദേവ്,പൊറ്റെക്കാട്ട് എന്നിവരെപ്പോലെ അദ്ദേഹവും പുതിയ സാഹിതീയ ഭാവുകത്വം പങ്കുവെക്കാനാവാത്ത  പഴയ തലമുറയില്‍ പെട്ട ആളായാണ് പൊതുവേ മനസ്സിലാക്കപ്പെട്ടിരുന്നത്.ആധുനികതയുടെ കൊടുങ്കാറ്റും പേമാരിയും കുറച്ചൊന്നടങ്ങിത്തുടങ്ങിയപ്പോഴാണ് വായനക്കാര്‍ക്ക് സ്വബോധം വീണ്ടുകിട്ടിയത്.ആ ഒരു ഘട്ടത്തിലാണ്,അതായത് എണ്‍പതുകളുടെ ആരംഭം മുതല്‍ക്കാണ് ബഷീറിന്റെ വലുപ്പം വായനാസമൂഹം കൃത്യമായി തിരിച്ചറിഞ്ഞ് അംഗീകരിച്ചുതുടങ്ങിയത്.അതിനും രണ്ടുമൂന്നു ദശകങ്ങള്‍ക്കു മുമ്പേ സാധാരണവായനക്കാരും കേസരിയും എം.പി.പോളും അടക്കമുള്ള നിരൂപകരും ബഷീറിനു നല്‍കിയ വലിയ അംഗീകാരത്തിന്റെ കാര്യമൊന്നും ഇടക്കാലത്തെ യുവവായനക്കാരുടെ പൊതുബോധത്തെ കാര്യമായി സ്വാധീനിച്ചിരുന്നില്ല.ഈ പറഞ്ഞ  നിരൂപകരെ പോലും അവര്‍ വേണ്ടത്ര ഗൌനിച്ചിരുന്നില്ല.നമ്മുടെ സംസ്കാരചരിത്രത്തില്‍ നിന്നും രാഷ്ട്രീയ ചരിത്രത്തില്‍ നിന്നുമെല്ലാമുള്ള അപകടകരമായ ഒരു സമ്പൂര്‍ണവിച്ഛേദമെന്ന പോലെയാണ് നന്നേ ചെറിയ ഒരു കാലയളവിലെങ്കിലും ആധുനികത പ്രവര്‍ത്തിച്ചത്.അതിന്റെ ഭാവുകത്വലഹരി തലയ്ക്കു പിടിച്ചവര്‍ എണ്‍പതുകളുടെ ആരംഭത്തില്‍ പോലും ബഷീറിനെ വേണ്ടത്ര ഗൌരവത്തിലെടുത്തിരുന്നില്ല എന്നതാണ് വാസ്തവം.1980 ല്‍ ഒരു ഗ്രാമീണ സാഹിത്യസദസ്സില്‍ ബഷീറിനെ കുറിച്ചൊരു പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ച എന്നോട് സദസ്സിലുണ്ടായിരുന്ന ഭേദപ്പെട്ട ഒരു വായനക്കാരന്‍ ചോദിച്ചു:'സത്യത്തില്‍ ഇത്രയ്ക്കൊക്കെ ഉണ്ടോ,എന്തായാലും നമ്മുടെ വി.ക.എന്നിന്റെ അത്രയും വരുമോ?'
  ബഷീറിന്റെ അന്ന് ലഭ്യമായിരുന്ന എല്ലാ കൃതികളും പത്താം ക്ളാസ്സിനുമുമ്പ് ഞാന്‍ വായിച്ചു കഴിഞ്ഞിരുന്നു.അദ്ദേഹം മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.എങ്കിലും ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നും പാത്തുമ്മയുടെ ആടും ഉള്‍പ്പെടെയുള്ള കൃതികളുടെയെല്ലാം യഥാര്‍ത്ഥമായ വലുപ്പും പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനസ്സിലായത്.ഭാഷയുടെ തലത്തില്‍ അങ്ങേയറ്റത്തെ ശുദ്ധിയും ലാളിത്യവും പുലര്‍ത്തുന്ന ആ കൃതികള്‍ എന്തെന്തെല്ലാം വികാരവിചാരങ്ങളുടെ ദൃശ്യവും അദൃശ്യവുമായ ഉറവുകളെയാണ് ഉള്ളില്‍ കൊണ്ടുനടക്കുന്നത് എന്ന് അത്ഭുതാദരങ്ങളോടെയാണ് ഓരോ വായനയിലും പുതുതായി തിരിച്ച
റിഞ്ഞത്.ബഷീര്‍കൃതികള്‍ ഓരോന്നിനും അതാതിന്റെ അകക്കനവും ഭംഗിയുമുണ്ട്.എങ്കിലും ഒരു മുന്‍ഗണനാക്രമത്തിനു ശ്രമിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒന്നാമതായി വരുന്നത് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ’ ആണ്.രണ്ടാമത് ‘ പാത്തുമ്മായുടെ ആട് ’. മൂന്നാമത് ആ ആട് നിര്‍ഭയം തിന്നുകളഞ്ഞ ‘ശബ്ദങ്ങള്‍ ’.
(മാതൃകാന്വേഷി മാസിക, ജനവരി 2012)

Thursday, January 19, 2012

ഒരു നാടന്‍ കഥ/കവിത

ഉണക്കമീന്‍ ചുടുന്നതിന്റെ രഹസ്യം

കൂരാക്കൂരിരുട്ടില്‍
ഓരിയിടാന്‍ തുടങ്ങുകയായിരുന്നു
ഒരു നായ
മരണം നടക്കാനുള്ള വീട്ടിലെ സ്ത്രീ
അന്നേരം ഒരുണക്കമീന്‍ ചുട്ട്
ഇരുളിലേക്കെറിഞ്ഞു
മീനിന്റെ മണം പിടിച്ച് നിശ്ശബ്ദനായ നായ
കാലനെ കഷ്ടത്തിലാക്കി
തന്നെ കണ്ട് ഒരു നായ പോലും പേടിക്കുന്നില്ലെങ്കില്‍
ഹോ കഷ്ടം! എന്ന വിചാരത്തോടെ
പാവം കാലന്‍ കുന്നുകേറി മറഞ്ഞു
നായ ഓരിയിടുന്നേരം   
ഞങ്ങള്‍ ഓണക്കുന്നുകാര്‍
ഉണക്കമീന്‍ ചുടുന്നതിന്റെ രഹസ്യം അതാണ്.

Monday, January 16, 2012

പ്രതീതികളില്‍ നിന്നുള്ള മോചനം

യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം പ്രതീതികള്‍ കയ്യടക്കുക എന്നത് ആധുനികോത്തരലോകത്തിലെ സാമാന്യാനുഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.മാങ്കോ ഫ്രൂട്ടി മാങ്ങയെ പുറന്തള്ളുന്ന ലോകം.ആധുനികോത്തരതയെ സൈദ്ധാന്തികമായി എതിര്‍ക്കുന്നു എന്നതുകൊണ്ടു മാത്രം ആര്‍ക്കും  ഈ അനുഭവത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ല.അതിന്റെ അര്‍ത്ഥം അനുഭവങ്ങളെല്ലാം ഇല്ലാതായിക്കഴിഞ്ഞുവെന്നോ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരേ അളവിലും രീതിയിലും പ്രതീതികള്‍ യാഥാര്‍ത്ഥ്യത്തെ പുറന്തള്ളി അധികാരം കയ്യടക്കിയിരിക്കുന്നുവെന്നോ അല്ല.വിശപ്പ് ഇപ്പോഴും വിശപ്പ് തന്നെ.പീഡനം ഇപ്പോഴും പീഡനം തന്നെ.ദരിദ്രനായ ഒരു രോഗിയുടെ വേദനയും അനാഥത്വവും വേദനയും അനാഥത്വവും തന്നെ.പ്രതീതികള്‍ അധികാരം നടത്തുന്ന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ മനുഷ്യന്റെ കേവല നിലനില്‍പുമായി ബന്ധപ്പെട്ട ഭൌതികാവശ്യങ്ങള്‍ക്കപ്പുറത്തുള്ളവയാണ്.അവയില്‍ ഏറ്റവുമധികം പ്രശ്നവല്‍കൃതമായിക്കഴിഞ്ഞ ഇടങ്ങള്‍  സാഹിത്യം,കല,ദര്‍ശനം,പ്രത്യയശാസ്ത്രം എന്നിവയുടെ നിര്‍മാണവും പ്രയോഗവുമായി ബന്ധപ്പെട്ടവയാണ്.
കവിത എന്ന് ഇന്ന് അംഗീകരിക്കപ്പെടുന്നവയെല്ലാം സത്യത്തില്‍ കവിത തന്നെയാണോ?മഹത്തായ കഥ എന്ന് ഏതെങ്കിലും കഥയെ കുറിച്ച് ഒരു പ്രസാധകനോ നിരൂപകനോ നടത്തുന്ന പ്രസ്താവം  വാസ്തവത്തില്‍ വിശ്വസനീയവും അംഗീകാര്യവുമാണോ?ഗംഭീരമായ ചിത്രങ്ങള്‍ എന്ന് കൊണ്ടാടപ്പെടുന്നവയെല്ലാം യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണോ?ഉദാത്തമായ സിനിമ എന്ന് കുറച്ചുപേര്‍ അല്ലെങ്കില്‍ ഒരുപാടുപേര്‍ വാഴ്ത്തിപ്പറയുന്ന സിനിമ സത്യത്തില്‍ അങ്ങനെ തന്നെയാണോ?ദര്‍ശനം എന്ന വകുപ്പില്‍ പെടുത്തി പുറത്തിറക്കപ്പെടുന്ന ചിന്തകളും നിരീക്ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ദര്‍ശനം തന്നെയാണോ?രാഷ്ട്രീയത്തില്‍ നാം കാണുന്നതും കേള്‍ക്കുന്നതുമായ സംഗതികളെല്ലാം രാഷ്ട്രീയം തന്നെയാണോ?എന്നിങ്ങനെയുള്ള നൂറുനൂറ് സംശയങ്ങളെ പലപ്പോഴായി നാമെല്ലാം അഭിമുഖീകരിക്കുന്നുണ്ട്.
ഒരു കലാസൃഷ്ടി സത്യമാണോ അസത്യമാണോ, അത് ആവശ്യമാണോ അനാവശ്യമാണോ,സ്വാഭാവികമാണോ കൃത്രിമമാണോ എന്നൊക്കെ തിരിച്ചറിയാനുള്ള അവകാശം തീര്‍ച്ചയായും ഏത് വ്യക്തിക്കുമുള്ളതാണ്.പക്ഷേ,വ്യക്തികള്‍ക്ക് ഈ അവകാശം സ്വതന്ത്രമായും ആത്മവിശ്വാസപൂര്‍ണ്ണമായും പ്രയോഗിക്കാന്‍ പറ്റുന്ന ഭാവുകത്വപരിസരം തന്നെയായിരിക്കും എല്ലായ്പ്പോഴും ഭാഷയില്‍ നിലനില്‍ക്കുക എന്നു പറയാനാവില്ല. സമ്പത്തിന്റെ ഉല്പാദനത്തിനും വിതരണത്തിനുമുള്ള സംവിധാനത്തെയും അതിന്റെ ഉപോല്പന്നങ്ങളായ മറ്റു ഘടകങ്ങളെയും മറികടന്ന് സ്വതന്ത്രമായ ആസ്വാദനത്തിന്റെയും മൂല്യനിര്‍ണയനത്തിന്റെയും അന്തരീക്ഷം രൂപപ്പെടണമെന്നത് ശുദ്ധാത്മാക്കളുടെ ആഗ്രഹചിന്ത മാത്രമല്ലാതാവുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്.ഇപ്പോഴാണെങ്കില്‍ അത്തരത്തിലുള്ള ശുദ്ധാത്മാക്കള്‍ക്കു തന്നെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കയുമാണ്.
അനുഭവസ്വീകരണത്തിന്റെയും സൌന്ദര്യസങ്കല്പങ്ങളുടെയും വൈകാരികപ്രതികരണങ്ങളുടെയുമെല്ലാം ഘടനയില്‍ കാലം വരുത്തുന്ന  മാറ്റങ്ങളെ മുഴുവന്‍  സ്വാഭാവികമെന്നു കരുതി അംഗീകരിക്കുന്നത് അരാഷ്ട്രീയതയോടൊപ്പം സാമ്പത്തികവും സാംസ്കാരികവുമായ അധികാരകേന്ദ്രങ്ങളോടുള്ള രാഷ്ട്രീയ വിധേയത്വം കൂടിയാണ്.മാറ്റങ്ങളില്‍ പലതും അധീശശക്തികള്‍ പ്രത്യക്ഷവും അല്ലാത്തതുമായ പല മാര്‍ഗങ്ങളിലൂടെ ഉല്പാദിപ്പിക്കുന്നവയാണ്.പുതിയ ലോകസാഹചര്യത്തില്‍ ഇങ്ങനെ കൃത്രിമമായി ഉല്പാദിപ്പിക്കപ്പെടുന്ന മാറ്റങ്ങളും താല്പര്യങ്ങളും സൌന്ദര്യസങ്കല്പങ്ങളും സ്വാഭാവികമായുള്ളവയുമായി കൂടിക്കലരുകയും പലപ്പോഴും അവയെ തമ്മില്‍ തിരിച്ചറിയാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അന്തര്‍ദ്ദേശീയ മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ച് നിര്‍മിക്കപ്പെടുന്ന ഒരു ചലച്ചിത്രം സാങ്കേതിക മികവുകളുടെയും സംവിധായകന്റെ കയ്യൊതുക്കത്തിന്റെയും മറ്റും പേരില്‍ പ്രശംസിക്കപ്പെടാം.പലര്‍ക്കും അത് സുന്ദരമായി അനുഭവപ്പെടുകയും ചെയ്യാം. നിര്‍മിക്കപ്പെട്ട രാജ്യത്തെ ജനങ്ങളുടെ വൈകാരികാവശ്യങ്ങളില്‍ നിന്നും അന്തസ്സംഘര്‍ഷങ്ങളില്‍ നിന്നും ആ ചിത്രം എത്രയോ അകലെയാണെന്ന കാര്യം മിക്കവാറും ആരും ശ്രദ്ധിച്ചേക്കില്ല.ആരെങ്കിലുമൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ പൊതുചര്‍ച്ചയിലേക്ക് വരും മുമ്പ് അത് അമര്‍ച്ച ചെയ്യപ്പെടും.അത്രയേറെ ഉപരിപ്ളവവും അനുകരണാത്മകവും വിധേയത്വപൂര്‍ണവുമൊക്കെയായിത്തീര്‍ന്നിട്ടുണ്ട് പൊതുവില്‍ നമ്മുടെ കലാസ്വാദനത്തിന്റെ ലോകം.
ഭാവുകത്വത്തെ സ്വാധീനിക്കുന്ന ഭൌതികവും ചരിത്രപരവുമായ യാഥാര്‍ത്ഥ്യങ്ങളുടെ വിവരണവും വിശകലനവും സാഹിത്യനിരൂപണത്തിന്റെ അടിസ്ഥാനഘടകമായി വര്‍ത്തിക്കുക എന്ന ആശയം വലിയ തോതില്‍ അവഗണിക്കപ്പെടുന്ന കാലമാണിത്.ചരിത്രത്തെ അതിലെ വിവരങ്ങളുടെ കൌതുകമൂല്യത്തില്‍ ഊന്നി  വിപണനം ചെയ്യുക എന്നതിലപ്പുറം അതിനെ മനുഷ്യന്റെ മറ്റ് ജീവിതവ്യവഹാരങ്ങളില്‍ ഉള്‍ച്ചേര്‍ത്ത് അവയ്ക്ക് കൂടുതല്‍ അര്‍ത്ഥഗൌരവവും സൌന്ദര്യവും കൈവരുത്തുക എന്ന രീതി സമൂഹത്തിന് പൊതുവേ സ്വീകാര്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട്.വിനോദസഞ്ചാര വ്യവസായത്തിന് ആവശ്യമായതില്‍ കവിഞ്ഞുള്ള ചരിത്രബോധം ആര്‍ക്കും ആവശ്യമില്ല എന്ന മനോഭാവമാണ് ഉന്നതവിദ്യാഭ്യാസരംഗത്തുപോലും പ്രോത്സാഹിപ്പിക്കപ്പെടുന്നത്.ദ്രുതഗതിയിലുള്ള മുതലാളിത്ത വികസനവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ക്ക് അതില്‍ കവിഞ്ഞ ഒരു ചരിത്രബോധം ആവശ്യമില്ല.അതുകൊണ്ട് 'എന്ത് ചരിത്രം?അത് ഇത്രയൊക്കെ മതി' എന്ന് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ തീരുമാനിക്കുന്നു.ചരിത്രത്തോടൊപ്പം ദര്‍ശനവും സാമൂഹ്യബോധവുമെല്ലാം അവമതിക്കപ്പെടുന്നു.ഇതിന് വിപരീതമായ ആശയങ്ങളെ പൊതുബോധത്തില്‍ സജീവമാക്കി നിലനിര്‍ത്തണമെങ്കില്‍  ദീര്‍ഘവീക്ഷണമുള്ള ഇടതുപക്ഷ ബഹുജനപ്രസ്ഥാനങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുക തന്നെ വേണം.അതിനു പകരം തികച്ചും അനാത്മാര്‍ത്ഥമായ മേനിനടിപ്പിലും ഭൃത്യമനോഭാവത്തിലും കലാസാഹിത്യരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഇടതുപക്ഷം തന്നെ ഒതുക്കിനിര്‍ത്തിയാല്‍ രണ്ട് നഷ്ടങ്ങളാണ് സംഭവിക്കുക
1. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇടതുപക്ഷക്കാര്‍ക്ക് കെല്പില്ല എന്ന് പണ്ടുതൊട്ടെ വലതുപക്ഷക്കാരും ശുദ്ധകലാവാദികളും പറഞ്ഞുനടന്നത് ശരിയാണ് എന്ന് സംശയരഹിതമായി സ്ഥാപിക്കപ്പെടും.
2. ജനതയുടെ ഭാവുകത്വത്തിനുമേല്‍ വ്യാപാരയുക്തികള്‍ക്കുള്ള നിയന്ത്രണവും അധികാരവും ഒന്നുകൂടി ശക്തിപ്പെടും.ജനകീയ കലാചിന്തയും കലാപ്രവര്‍ത്തനങ്ങളും കാലോചിതമായി നേടിയെടുക്കേണ്ടുന്ന വളര്‍ച്ചയും വികാസവും അസാധ്യമാവും.വ്യാജഭാവുകത്വത്തിന്റെ അടിമകളായ ചിലര്‍ ഇടതുപക്ഷം എന്ന ലേബല്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കലാസാഹിത്യരംഗങ്ങളിലെ കപടവും നിരുത്തരവാദിത്വപൂര്‍ണവും ജനവിരുദ്ധവുമായ വ്യാപാരങ്ങളെ ഉത്സാഹപൂര്‍വം പിന്തുണക്കുന്നതിന് മറ്റുള്ളവര്‍ നിശ്ശബ്ദമായി  സാക്ഷ്യം വഹിക്കേണ്ടിവരും.
                                          പ്രൊഫഷനലാവുക എന്നാല്‍
നമ്മുടെ എഴുത്തുകാര്‍ വേണ്ടത്ര പ്രൊഫഷനലാവുന്നില്ല എന്നൊരു പരാതി ഇടക്കിടെ പലരില്‍ നിന്നായി കേള്‍ക്കാറുണ്ട്.പ്രൊഫഷനലാവുക ഏന്നതിന് എന്താണര്‍ത്ഥം?തുടര്‍ച്ചയായി എഴുതുക,ധാരാളമായി എഴുതുക,എഴുത്തിനെ ഒരു പ്രൊഫഷന്‍ എന്ന പോലെ സ്വീകരിച്ച് മുഴുവന്‍ സമയ എഴുത്തുകാരായി ജീവിക്കുക,എഴുതാനുള്ള കരുക്കള്‍ നേടിയെടുക്കുന്നതിലും പുതിയ ആഖ്യാനതന്ത്രങ്ങള്‍ വശത്താക്കുന്നതിലും നിരന്തര ജാഗ്രത പുലര്‍ത്തുക എന്നിവയൊക്കെ ഇതുകൊണ്ടര്‍ത്ഥമാക്കാം.പക്ഷേ ഈ പറഞ്ഞവയൊന്നുമല്ല,പുതിയ ലോകം ആവശ്യപ്പെടുന്ന മാനേജ്മെന്റ് തന്ത്രങ്ങളും വിപണന തന്ത്രങ്ങളും മലയാളത്തിലെ പല എഴുത്തുകാരും സ്വായത്തമാക്കുന്നില്ല എന്നതാണ് പ്രൊഫഷണലിസത്തിനു വേണ്ടി വാദിക്കുന്നവര്‍ അര്‍ത്ഥമാക്കുന്ന കാര്യം.അവരുടെ വാദങ്ങളുടെ വിശദാംശങ്ങളെ കുറച്ചൊന്നു പിന്തുടര്‍ന്നാല്‍ ആര്‍ക്കും അത് ബോധ്യമാവും.
‘ഒരു ബിസിനസ് സ്ഥാപനം വിജയിച്ചു മുന്നേറണമെങ്കില്‍ വ്യാപാരലോകത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെയും യുക്തികളെയും പിന്‍പറ്റിയേ മതിയാവൂ.കവിതയെഴുത്ത് ഉള്‍പ്പെടെയുള്ള സാഹിത്യവ്യവഹാരങ്ങളും ഇങ്ങനെ സ്വന്തം വിജയം ഉറപ്പുവരുത്തുന്ന ചില ബാഹ്യയുക്തികളെ പിന്‍പറ്റണം.വ്യാപാരലോകം രൂപപ്പെടുത്തുന്ന സൌന്ദര്യസങ്കല്പങ്ങളെയും ദര്‍ശനത്തെയും വിപണന തന്ത്രങ്ങളെയും അവ അനുസരിക്കണം.അതിനു തയ്യാറാവാത്ത എല്ലാ എഴുത്തും പിന്‍തള്ളപ്പെടും.അങ്ങനെ പിന്‍തള്ളപ്പെടുന്നവ കാലത്തിന് ആവശ്യമില്ലാത്തവയാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ് പെരുമാറാന്‍ പറ്റാത്ത ഗതികേടിലാണ് മലയാളത്തിലെ പല എഴുത്തുകാരും അകപ്പെട്ടുപോയിരിക്കുന്നത് ’ - നമ്മുടെ പ്രൊഫഷണല്‍ വാദികളുടെ പറച്ചിലിന്റെ പൊരുള്‍ ഇത്രയുമൊക്കെയാണ്.കഥയെഴുത്തും കവിതയെഴുത്തും ചിത്രം വരയുമെല്ലാം ഈയൊരു സ്പിരിറ്റില്‍ നിര്‍വഹിക്കപ്പെടുന്ന അവസ്ഥ ലോകത്തെമ്പാടും നിലവിലുണ്ട് എന്നത് വാസ്തവമാണ്.കലാസൃഷ്ടികള്‍ സാധ്യമാക്കുന്ന അനുഭൂതികളെയും ആശയങ്ങളെയും  കുറിച്ചുള്ള അന്വേഷണം വിപണി സൃഷ്ടിക്കുന്ന ഭാവുകത്വപരിസരത്തില്‍ വെച്ച് മാത്രം നിര്‍വഹിക്കപ്പെടുകയും കലാസ്വാദനത്തിലെ മറ്റ് സാധ്യതകളെല്ലാം അപരിചിതമായിത്തീരുകയും ചെയ്യുന്ന അവസ്ഥയിലേക്ക്  വലിയരൊളവോളം കേരളവും എത്തിച്ചേര്‍ന്നു കഴിഞ്ഞു.ഇതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സൈദ്ധാന്തികവും പ്രായോഗികവുമായ അന്വേഷണങ്ങളില്‍ ഇടതുപക്ഷ സാംസ്കാരികപ്രവര്‍ത്തകര്‍ക്കു മാത്രമേ താല്പര്യമുണ്ടാകാനിടയുള്ളു.അവരും ആ താലപര്യം, അല്ലെങ്കില്‍ നിലപാട് ഉപേക്ഷിച്ചു കഴിഞ്ഞാല്‍ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ മേഖലയിലുണ്ടാവുന്ന വിടവ് മറ്റൊന്നുകൊണ്ടും നികത്താനാവില്ല.
 കലാബാഹ്യവും വ്യാപാരോന്മുഖവുമായ സ്വാധീനങ്ങള്‍ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ മേഖലയെ  ഏതളവ് വരെ,എങ്ങനെയെക്കെ സ്വാധീനിച്ചാലും അവയുടെ നിര്‍ണയനങ്ങളെയെല്ലാം നിസ്സാരമാക്കിക്കൊണ്ട് ജൈവികമായ കരുത്തും സൌന്ദര്യവുമാര്‍ജിച്ച് മുന്നേറുന്ന ഒരു ധാര സാഹിത്യത്തിലും ഇതരകലകളിലും നിലനില്‍ക്കുക തന്നെ ചെയ്യും.സാഹചര്യങ്ങള്‍ തികച്ചും പ്രതികൂലമാവുമ്പോള്‍ ആ ധാര വല്ലാതെ നേര്‍ത്തുപോവാം.ചിലപ്പോള്‍ അത് പൊതുസമ്മതമായ ഭാവുകത്വത്തില്‍ നിന്ന് വളരെ അകലേക്ക് പുതുചാലുകള്‍ കീറി ഒഴുകിനീങ്ങാം.പുതിയ മനസ്സുകളെ നനച്ചും കുളിര്‍പ്പിച്ചും അവ അധീശഭാവുകത്വത്തിന്റെ ധാരകളെ അപ്രസക്തമാക്കാം.ഇത്തരത്തിലുള്ള എല്ലാ സാധ്യതകളെയും ജാഗ്രതയോടെ പിന്തുടരുകയും വ്യാപാരവിരുദ്ധമായ സര്‍ഗാത്മകതയുടെ എല്ലാ കുതിപ്പുകളെയും ജനജീവിതത്തിന്റെ ഹൃല്‍സ്പന്ദങ്ങളുമായി ചേര്‍ത്ത് പുതിയ ആശയലോകങ്ങളും വൈകാരികഘടനകളും സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവൃത്തി മാത്രമേ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനം എന്ന പേരിന് അര്‍ഹമാവുകയുള്ളൂ.അല്ലാതുള്ള എല്ലാ മേനിനടിപ്പുകളും പരിഹാസ്യമാണെന്ന് നടിപ്പുകാരൊഴിച്ചുള്ള എല്ലാവരും തിരിച്ചറിയുക തന്നെ ചെയ്യും.

Thursday, January 12, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

42
വിഷയദാരിദ്ര്യം  ഇന്നേ വരെ എന്നെ ബാധിക്കാത്ത പ്രശ്നമാണ്.പത്ത് നോവലെങ്കിലും എഴുതാനുള്ള കഥാപാത്രങ്ങളും കഥാവസ്തുവും എന്റെ കയ്യിലുണ്ട്.അവയില്‍ ഒന്നെങ്കിലും എഴുതാനാവണം എന്ന കഠിനമായ ആഗ്രഹവുമുണ്ട്.
  ഏറ്റവും പറ്റിയത് എന്ന് ഉറപ്പാവുന്ന ഒരു രൂപത്തില്‍ എത്തിച്ചേരലാണ് ഏതെഴുത്തിലെയും ഏറ്റവും വലിയ വിഷമപ്രശ്നം.കവിതയില്‍ പക്ഷേ ഈയൊരു വിഷമം എനിക്കനുഭവപ്പെടാറില്ല.കവിത അതിന്റെ ഉള്ളടക്കത്തിനിണങ്ങുന്ന രൂപം സ്വയം സ്വീകരിച്ച് പെട്ടെന്ന് ഉരുവായിത്തീരുകയാണ് പതിവ്.ചെറുകഥയുടെ കാര്യം അല്പം വ്യത്യസ്തമാണെങ്കിലും അതിനുമുണ്ട് ഒരുതരം സ്വയംഭൂസ്വഭാവം.നോവലിലെത്തുമ്പോഴാണ് ആകപ്പാടെയുള്ള കുഴമറിച്ചില്‍.എല്ലാം തീരുമാനിച്ചുറച്ചല്ല ഞാനൊരു നോവലിന്റെ പണി തുടങ്ങുന്നത്.കഥയുടെ ഏണും കോണും ഏതാണ്ടൊക്കെ ഉറപ്പായാല്‍ പേപ്പറും പേനയുമെടുത്ത് എഴുത്ത് തുടങ്ങും.പക്ഷേ,പറയാനുദ്ദേശിക്കുന്ന കഥയ്ക്കും കാര്യത്തിനും അങ്ങേയറ്റം ഇണങ്ങുന്നതെന്ന് സ്വയം ബോധ്യം വരുന്ന ഒരു രൂപത്തിലെത്തും വരെ എങ്ങനെയൊക്കെ പണിപ്പെട്ടാലും എഴുത്ത് ഇത്തിരി ദൂരം മുന്നോട്ടുപോയി കുഴഞ്ഞ് വീഴും.പല വീഴ്ചകള്‍ക്കു ശേഷം രൂപത്തിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പ് കൈവന്നാല്‍ പിന്നെ വേണ്ടത് ക്ഷമയും ഏകാഗ്രതയുമാണ്.ഒരു പാട് കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവധാനതയോടെ പിന്തുടരണം.അവിചാരിതമായി വന്നുചേരുന്ന കഥാപാത്രങ്ങള്‍ക്ക് പറ്റിയ ഇടവും പണിയും കണ്ടെത്തണം.മാസങ്ങളോളം ഒരേ അളവിലുള്ള ശ്രദ്ധയും സൂക്ഷ്മതയും നിലനിര്‍ത്തിക്കൊണ്‍ണ്ട് പണി ചെയ്യണം.എന്റെ പ്രകൃതം വാസ്തവത്തില്‍ ഇതിനൊന്നും തീരെ പറ്റിയതല്ല.
  രണ്ട് സംഗതികളാണ് എഴുത്തുവിഷയത്തില്‍ എന്നെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.ഒന്നാമത്തെ കാര്യം എഴുതാനുള്ള മടി തന്നെ.എന്തിനെഴുതുന്നു? എന്നചോദ്യം കടുത്ത നൈഷ്ഫല്യബോധം ജനിപ്പിക്കുന്ന ഊന്നലോടെ സ്വയം ചോദിക്കുന്നതു കൊണ്ടുണ്ടാവുന്ന മടിയല്ല അത്.അസ്തിത്വക്ഷീണം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള സവിശേഷമായ ഒരവസ്ഥയുടെ പിടിയിലാണ് മിക്കപ്പോഴും ഞാന്‍.അപ്പോള്‍പ്പിന്നെ മടുപ്പൊഴിച്ചുള്ള എല്ലാം മടുക്കും.എഴുത്തിന്റെ അനിവാര്യഘടകമായ മാനസസഞ്ചാരങ്ങളും മടുക്കും.രണ്ടാമത്തെ സംഗതി മനസ്സ് പല ആശയങ്ങള്‍ക്കും രൂപങ്ങള്‍ക്കും പിന്നാലെ പാഞ്ഞുകൊണ്ടേയിരിക്കും എന്നതാണ്.ഒരു നോവലിന്റെ ഒന്നോ രണ്ടോ അധ്യായങ്ങള്‍ പിന്നിടുമ്പോഴായിരിക്കും ഉടന്‍ ഒരു കഥയെഴുതിയേ പറ്റൂ എന്നോ മലയാളിയുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന ഏതെങ്കിലുമൊരു സാംസ്കാരിക പ്രശ്നത്തോടുള്ള എന്റെ പ്രതികരണം ലോകത്തെ ഉടനടി അറിയിക്കണമെന്നോ,ഏറ്റവുമൊടുവില്‍ വായിച്ച പുസ്തകത്തെ കുറിച്ച് എന്തെങ്കിലും എഴുതിയേ തീരൂ എന്നൊ ഒക്കെ തോന്നിപ്പോവുക.ആ പണി പൂര്‍ത്തിയാക്കി തിരിയെ എത്തുമ്പോഴേക്കും നോവല്‍പ്പണി തുടങ്ങിവെച്ച ഊര്‍ജത്തിന്റെ കനലുകളെ ചാരം മൂടിത്തുടങ്ങിയിരിക്കും.എങ്കിലും ഞാന്‍ എന്നോടു തന്നെ പൊരുതി ഒരു വിധത്തിലൊക്കെ സ്വയം രക്ഷിച്ചെടുക്കുന്നുണ്ട്.അതുകൊണ്ടാണ് തീരെ ചെറുതല്ലാത്ത നാല് നോവലെങ്കിലും എഴുതാന്‍ കഴിഞ്ഞത്.നോവലെഴുതാനുള്ള എന്റെ ആഗ്രഹവുമായി തട്ടിച്ചുനോക്കിയാല്‍ എഴുതിയതിന്റെ അളവ് പക്ഷേ എത്രയോ ചെറുതാണ്.
ഒരു നോവലിന്റെ നാലോ അഞ്ചോ അധ്യായങ്ങള്‍ എഴുതിക്കഴിഞ്ഞതിനു ശേഷം അതിനെ ഉപേക്ഷിച്ചാലുണ്ടാവുന്ന ഇച്ഛാഭംഗവും കുറ്റബോധവും ഭയങ്കരമാണ്.ലോകത്തോട് എന്തോ വലിയ ഒരനീതി ചെയ്തതുപോലൊരു തോന്നലിന്റെ പൊരിവെയിലിലായിരിക്കും പിന്നെ കുറേ നാളത്തേക്ക് മനസ്സിന്റെ നില്പും നടപ്പും.ഇച്ഛാശക്തിയില്ലാത്തതു കൊണ്ടാണ്,ഉത്തരവാദിത്വബോധമില്ലാത്തതു കൊണ്ടാണ്,ചുറ്റുപാടുകളെ കുറിച്ച് കൃത്യമായൊരു ധാരണ സ്വരൂപിക്കാനായി അധ്വാനിക്കാത്തതുകൊണ്ടാണ് എന്നൊക്കെ ചാഞ്ഞും ചെരിഞ്ഞും അവനവനു നേര്‍ക്കുള്ള അമ്പെയ്ത്തുകൊണ്ട് വശംകെട്ടുപോവും.
“ഈശ്വരാനുഗ്രഹം ലഭിക്കാത്തതാണ് നിങ്ങളുടെ പ്രശ്നം.അല്ലെങ്കില്‍ നിങ്ങള്‍ വലിയ തോതിലുള്ള പൊതുസമ്മതിയും ആദരവും നേടേണ്ടതായിരുന്നു.’’സുഹൃത്തായ ജ്യോത്സ്യന്‍ ഒരു ദിവസം സങ്കടപ്പെട്ടു.ദൈവാനുഗ്രഹത്തിനുള്ള വഴി വളരെ കൃത്യമായി അദ്ദേഹം ഉപദേശിച്ചുതരികയും അതിലേക്ക് വേണ്ടിവരുന്ന ചെലവ് താന്‍ വഹിച്ചുകൊള്ളാമെന്ന് പറയുകയും ചെയ്തു.ദൈവത്തില്‍ വിശ്വസിക്കുന്നവരോട് അല്പം പോലും ബഹുമാനക്കുറവില്ല എനിക്ക്.ഒരു വിശ്വാസിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഇടക്കെങ്കിലും ആലോചിച്ചുപോവാറുമുണ്ട്.പക്ഷേ,അത് സാധ്യമാവില്ല. ഈയടുത്ത ദിവസം തന്റെ ഇടവകയിലെ കഠിനമായ കുറ്റവാസനയുള്ള ഒരു മനുഷ്യന്റെ കഥ എന്നോട് വിസ്തരിച്ച ക്രിസ്തീയപുരോഹിതന്‍ തന്റെ സംസാരം ഇങ്ങനെയാണ് അവസാനിപ്പിച്ചത്: അയാളെ കുറ്റം പറഞ്ഞിട്ടും ഫലമില്ല.ദൈവം ആ മനുഷ്യനെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.ആ അച്ചന്റെ പ്രയോഗം കടമെടുത്താല്‍ ദൈവം എന്നെ ഒരവിശ്വാസിയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നു പറയാം.എങ്കിലും ഒരു വിശ്വാസിക്ക് തന്റെ വിശ്വാസത്തിന്റെ കാര്യത്തിലുള്ള മനസ്സുറപ്പ് എനിക്ക് എന്റെ എഴുത്തിന്റെ കാര്യത്തില്‍ ലഭിച്ചിരുന്നെങ്കില്‍ എന്നോ രക്ഷപ്പെട്ടുപോയേനെ എന്ന് പല കുറി ഞാന്‍ ആലോചിച്ചു പോയിട്ടുണ്ടെന്നതാണ് സത്യം.രക്ഷ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് പണമോ പ്രശസ്തിയോ ജനകോടികളുടെ അംഗീകാരമോ അല്ല.തുടര്‍ച്ചയായും നന്നായും എഴുതാനാവുക.അതിലപ്പുറം ഒരു രക്ഷയും ഞാന്‍ ആഗ്രഹിക്കുന്നില്ല.
43
13-12-2011
തൊടുപുഴയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ മലങ്കര ഡാമിലെ വെള്ളക്കെട്ടിലേക്ക് കയറി നില്‍ക്കുന്ന നീണ്ട മണല്‍ത്തിട്ട്.എന്റെ പിഗ് മാന്‍ എന്ന ചെറുകഥയെ ആധാരമാക്കി നിര്‍മിക്കുന്ന ചലച്ചിത്രത്തിലെ ഒരു സീനിന്റെ  ഷൂട്ടിംഗ് അവിടെ വെച്ചായിരുന്നു.തങ്ങളുടെ കയ്യിലുള്ള സ്ഥലം വാങ്ങാന്‍ എത്തിയിരിക്കുന്ന ബഹുരാഷ്ട്ക്കമ്പനിയുടെ പ്രതിനിധികളുമായി ഒരു ഇന്ത്യന്‍ കമ്പനിയുടെ മേധാവികള്‍ നടത്തുന്ന ഹ്രസ്വമായ കൂടിക്കാഴ്ച്ചയുടെ സീനായിരുന്നു അത്.ബഹുരാഷ്ട്ര ക്കമ്പനിയുടെ പ്രതിനിധികളായി അഭിനയിക്കുന്നതിനു വേണ്ടി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന്റെ സഹായികള്‍ എറണാകുളത്തു നിന്ന് ഒരു സായിപ്പിനെയും മദാമ്മയേയും സംഘടിപ്പിച്ച് കൊണ്ടുവന്നു.സായിപ്പ് നെതര്‍ലാന്റ്സുകാരനാണ്.മദാമ്മ ഫിന്‍ലന്റുകാരിയും.സൊയിലി താലിയ എന്ന പ്രശസ്തയായ ചിത്രകാരിയാണ് മദാമ്മ എന്നും ഇറ്റലിയിലെ സിറാക്കുസ എന്ന പ്രാചീന നഗരത്തിന്റെ കഥകളാണ് അവരുടെ ചിത്രങ്ങളുടെ വിഷയമെന്നും കറുപ്പാണ് അവരുടെ ഇഷ്ടനിറമെന്നുമൊക്കെ കൂടെ വന്ന മലയാളിയായ ചിത്രകാരന്‍ പറഞ്ഞുതന്നു.ഷൂട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ ഇദ്ദേഹമാണ് സിനിമയുടെ തിരക്കഥാകൃത്ത് എന്നു പറഞ്ഞ് എന്നെ മദാമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.ഫിന്‍ലാന്റില്‍ എവിടെയാണ് സ്ഥലം എന്ന് വര്‍ത്തമാനത്തിനിടയില്‍ തനി മലയാളിരീതിയില്‍ പ്രത്യേകിച്ച് ഒരു ഉദ്ദേശവുമില്ലാതെ ഞാന്‍ ചോദിച്ചു. ഹെല്‍സിങ്കിയിലാണ് അവര്‍ പറഞ്ഞു.സിനിമയിലെ നായകന്‍ ഒരു ഗവേഷണവിദ്യാര്‍ത്ഥിയാണെന്നും അയാളുടെ പ്രൊഫസര്‍ ഡോക്ടറേറ്റെടുത്തിരിക്കുന്നത് ഹെല്‍സിങ്കിയില്‍ നിന്നാണെന്നും ഞാന്‍ പറഞ്ഞു.കൌതുകകരമായ ആ വിവരം മദാമ്മയെയും രസിപ്പിച്ചു.ഓ,അങ്ങനെയോ എന്ന് ആശ്ചര്യപ്പെട്ട ശേഷം ആനന്ദവും ദാര്‍ശനികമായ ഒരു തരം നിര്‍വികാരതയും കൂടിക്കലര്‍ന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു: “ശരിയാണ്.ചിലപ്പോഴൊക്കെ ഈ ലോകം എത്രയോചെറുതാണ്.’’

Wednesday, January 4, 2012

സത്രം

എന്റെ കവിത കൊട്ടാരമോ
ആപ്പീസോ നൃത്തശാലയോ അല്ല
ആരും എന്നേരവും വന്നുകയറുന്ന
സത്രമാണത്
അതിഥികള്‍ പല പ്രകൃതക്കാരാണ്
മല്ലന്മാരും മെലിഞ്ഞുണങ്ങിയവരുമുണ്ട്
കൊച്ചുസുന്ദരികളുണ്ട്
കുട്ടികളുണ്ട്
ആര്‍ക്കും വേണ്ടാതായ വൃദ്ധജനങ്ങളുണ്ട്
ഇടക്ക് ദൈവം വരും
മറ്റു ചിലപ്പോള്‍ ചെകുത്താനും സന്തതികളും
കള്ളന്മാര്‍
കവികള്‍
ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണുങ്ങള്‍
പള്ളിപ്പെരുനാളും അമ്പലത്തിലെ ഉത്സവവും നോക്കി-
പ്പോവുന്ന ചെറിയ കച്ചവടക്കാര്‍
എല്ലാവരും വരുന്നു
പണക്കാരും പുരോഹിതന്മാരും ഇങ്ങോട്ട് കണ്ണുപായിക്കില്ല
ആള്‍ദൈവങ്ങളും മതപണ്ഡിതന്മാരും അങ്ങനെ തന്നെ
ഈ സത്രത്തില്‍ അവര്‍ക്ക് പ്രവേശനമില്ല
ജന്മവാസന കൊണ്ടെന്ന പോലെ അവരതറിയുന്നു
വഴിമാറിനടക്കുന്നു
സത്രമാണെങ്കില്‍ അവരെ കണ്ടിട്ടും കാണാത്ത മട്ടില്‍
ഇരിക്കുന്നു
എങ്ങുനിന്നോ വരാനുള്ള ഏതോ തെണ്ടിയെ കാത്ത്
ഒരു പറ്റം കോമാളികളെ കാത്ത്
സ്വര്‍ഗത്തില്‍ നിന്ന് പുറത്തായ മാലാഖമാരെ കാത്ത്
കാറ്റാടിയന്ത്രങ്ങളോട് മല്ലടിക്കുന്ന വിഡ്ഡിയെ കാത്ത്
പിന്നാരെയൊക്കെയോ കാത്ത്
ആവേശത്തോടെ
അതിലേറെ ആശങ്കയോടെ
വഴിയില്‍ കണ്ണും നട്ട്....
വഴിയില്‍ കണ്ണും നട്ട്....
(പ്രസക്തി മാസിക,ഡിസംബര്‍ 2011)