Pages

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, April 11, 2017

പ്രാദേശികചരിത്ര രചന എന്ന രാഷ്ട്രീയ ദൗത്യം

ചരിത്രം ഒരു  ജ്ഞാനരൂപമെന്ന നിലയിലും പഠനവിഷയമെന്ന നിലയിലും വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ചരിത്ര വസ്തുത എന്ന ഒന്നില്ല,വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂ,അതേ സാധ്യമാവൂ എന്നിടം വരെ എത്തുന്ന അനേകം വാദങ്ങൾ ചരിത്രത്തിനെതിരെ ഉയർന്നു വന്ന കാലമാണ് ഉത്തരാധുനിക കാലം.ജനങ്ങൾക്ക് ചരിത്രബോധം എന്ന ഒന്ന് ഇല്ലാതാവുക എന്നത് ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ പല ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.ചരിത്രബോധമുള്ള ഒരു ജനത ഭൂതകാലാനുഭവങ്ങളുടെ ഓർമയെ ആധാരമാക്കി വർത്തമാനത്തിലെ എല്ലാ രാഷ്ട്രീയസാമ്പത്തികസാംസ്‌കാരിക നീക്കങ്ങളുടെയും പിന്നിലെ യഥാർത്ഥമായ ഉദ്ദേശ്യങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയും.അവരെ കബളിപ്പിക്കുക അൽപം പോലും എളുപ്പമായിരിക്കുകയില്ല.വർത്തമാനത്തിൽ മാത്രം ജീവിക്കുന്നവരെ മാർക്കറ്റിന് വേഗത്തിൽ  കീഴടക്കാനാവും. രാഷ്ട്രീയമായ നിരക്ഷരതയും ചരിത്രബോധത്തിന്റെ അഭാവവുമായി ജീവിച്ചുപോവുന്ന ഒരാളെ വ്യാമോഹങ്ങൾ സൃഷ്ടിച്ചും പല വിധ പ്രലോഭനങ്ങൾക്ക് വശംവദനാക്കിയും വരുതിയിലേക്ക് കൊണ്ടുവരാൻ വിപണിയിൽ അധീശത്വം പുലർത്തുന്നവർക്ക് വലുതായൊന്നും അധ്വാനിക്കേണ്ടി വരില്ല.ഈ വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ് വിപണി സമ്പദ്ഘടനയുടെ സൂത്രധാരന്മാർ ചരിത്രബോധം ഇല്ലായ്മ ചെയ്യുന്നതിനുള്ള ആശയരൂപീകരണത്തിന് വലിയ തോതിൽ ഊർജം ചെലവഴിക്കുന്നത്.
 കാലക്രമമനുസരിച്ച് സംഭവങ്ങൾ,അതും രാജാക്കന്മാരും പ്രഭുക്കന്മാരും സാമൂഹ്യജീവിതത്തിനു മേൽ ആധിപത്യം പുലർത്തുന്ന മറ്റുള്ളവരുമായും ബന്ധപ്പെടുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്ന ജ്ഞാനമേഖല എന്ന അർത്ഥമാണ് ചരിത്രത്തിന് മുൻകാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നത്.വിദേശ മിഷനറിമാരും ഉദ്യോഗസ്ഥ പ്രമുഖന്മാരും ഗവേഷകരും ചരിത്ര നിർമാണത്തിൽ ഏർപ്പെടാൻ തുടങ്ങിയതോടെയാണ് ജനജീവിത വിജ്ഞാനം ചരിത്രത്തിന്റെ ഭാഗമാവാൻ തുടങ്ങിയത്.അപ്പോഴും കീഴാളജീവിതം മിക്കവാറും ചരിത്രത്തിന് പുറത്തായിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ കീഴാളരുടെ ചെറുത്തുനിൽപുകൾക്കും ത്യാഗങ്ങൾക്കും അർഹമായ ഇടം കിട്ടാതെ പോയത് അതുകൊണ്ടാണ്.
ഇപ്പോൾ, ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകൂടം  ജനസംസ്‌കാരത്തിലെ വൈരുദ്ധ്യങ്ങളെയും അടിത്തട്ടിലെ ജനങ്ങൾ കാലാകാലമായി അനുഭവിച്ച നീതിനിഷേധങ്ങളെയും അവരുടെ സാംസ്‌കാരികജീവിതത്തിലെ വൈവിധ്യങ്ങളെയും  മുഴുവൻ മൂടിവെച്ച് ഈ മഹാരാജ്യത്ത് അങ്ങോളമിങ്ങോളം നില നിന്നത് ഒരേ സംസ്‌കാരമായിരുന്നുവെന്നും ഇന്ത്യാചരിത്രമെന്നത് സവർണരുടെ സംഭാവനകളുടെ ചരിത്രമാണെന്നും വരുത്തിത്തീർക്കാനുള്ള നിശ്ചയവുമായി വിദ്യാഭ്യാസം ഉൾപ്പെടെ അറിവിന്റെ വിനിമയം നടക്കുന്ന എല്ലാ മേഖലകളിലേക്കും കടന്നു കയറിക്കൊണ്ടിരിക്കയാണ്. ആധുനികശാസ്ത്രം കൈവരിച്ചതായി അവകാശപ്പെടുന്ന എല്ലാ നേട്ടങ്ങളും ,പ്ലാസ്റ്റിക് സർജറി മുതൽ അതിവേഗ ആകാശവാഹനങ്ങളും അത്യാധുനിക ആയുധങ്ങളും വരെ ഭാരതത്തിന് ഇതിഹാസപുരാണങ്ങളുടെ കാലം മുതൽ പരിചിതമായിരുന്നുവെന്ന്  സ്ഥാപിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യത്തെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേധാവികൾ പോലും.രാജ്യത്തിന്റെ വിവിധഭാഗങ്ങളുടെ ചരിത്രത്തെയും വിവിധ ജനവിഭാഗങ്ങളുടെ സാംസ്‌കാരികത്തനിമകളെയും രാഷ്ട്രത്തിന്റെ ചരിത്രം,ഭാരതീയ സംസ്‌കാരം എന്നീ ബൃഹദാഖ്യാനങ്ങളിലേക്ക് ഒതുക്കി ഏകരൂപമാക്കിത്തീർക്കാനുള്ള (Homogenization) ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപിക്കാനുള്ള മാർഗം നമ്മുടെ ചരിത്രത്തെയും സംസ്‌കാരപഠനത്തെയും പ്രാദേശിക തലത്തിലേക്ക് കൊണ്ടു വരിക എന്നതു തന്നെയാണ്.അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുന്നിലുണ്ടാവേണ്ട ലക്ഷ്യങ്ങൾ  ജനസംസ്‌കാരത്തിലെ വൈവിധ്യങ്ങളെ സ്വതന്ത്രമായി നിലനിൽക്കാനും പരിണമിക്കാനും അനുവദിക്കുന്ന ജ്ഞാനപരിസരം സൃഷ്ടിക്കുക എന്നതും തമസ്‌കരിക്കപ്പെട്ടതോ അവഗണിക്കപ്പെട്ടതോ ആയ ചരിത്ര വസ്തുതക്കൾക്ക് അർഹിക്കുന്ന പ്രാധാന്യം നേടിക്കൊടുക്കുക എന്നതും മാത്രമായിരിക്കണം.വരേണ്യ ചരിത്രകാരന്മാരെയും സംസ്‌കാര പഠിതാക്കളെയും നയിച്ച താൽപര്യങ്ങൾ തന്നെയാവരുത് നമ്മെയും നയിക്കുന്നത്.ദളിത് ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിശദാംശങ്ങൾ നാം ഊന്നിപ്പറയുന്നത് ദളിതർ ഉയർന്ന ജാതിക്കാരായിരുന്നു എന്നോ ദളിതരുടെ സംസ്‌കാരം സവർണരുടെ സംസ്‌കാരത്തേക്കൾ മികച്ചതായിരുന്നു എന്നോ സ്ഥാപിക്കാൻ വേണ്ടിയാവരുത്.പ്രാന്തവൽകൃതരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സമീപിക്കുമ്പോൾ സവർണർ അവരുടെ മഹത്വം സ്ഥാപിക്കാനായി ഉപയോഗിച്ച തന്ത്രങ്ങളുടെ ദളിത് പകർപ്പായിരിക്കരുത് നാം പ്രയോഗിക്കുന്നത് എന്ന് ചുരുക്കം.
 ഒരു പ്രദേശത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കാൻ പുറപ്പെടുന്ന ആൾ ആദ്യമായി രണ്ട് ചോദ്യങ്ങളെ അഭിമുഖീകരിക്കണം.ഒന്ന്: താൻ ഏറ്റെടുക്കാൻ പോവുന്ന പ്രവൃത്തി എന്താണ് ലക്ഷ്യം വെക്കുന്നത്?  പ്രദേശത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രവേശനം എവിടെ നിന്ന്, അതായത് ജനസംസ്‌കാരത്തിലോ ജനങ്ങളുടെ ഓർമയിലോ ഇന്നും സജീവമായി നിലനിൽക്കുന്ന ഏത് ഘടകത്തിൽ നിന്ന്,ഏത് യാഥാർത്ഥ്യത്തിൽ നിന്ന് ആരംഭിക്കണം എന്നതാണ് രണ്ടാമത്തെ ചോദ്യം.ദേവാലയങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ആണ് പലരും ആരംഭിക്കാറുള്ളത്.ഓരോ പ്രദേശത്തെയും ഏറ്റവും പഴക്കമുള്ള ദേവാലയം/ ദേവാലയങ്ങൾ നൂറ്റാണ്ടുകളോളം ആ പ്രദേശത്തെ എല്ലാ ജീവിതവ്യവഹാരങ്ങൾക്കും മേൽ ആധിപത്യം പലർത്തിയിരുന്നതായി കണക്കാക്കാവുന്നതാണ്.രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും അവരുടെ അധികാരവും പ്രഭാവവും സാമാന്യജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി പല തരത്തിൽ അവയെ പ്രയോജനപ്പെടുത്തിയിരുന്നു.ക്ഷേത്രങ്ങൾക്കും പള്ളികൾക്കും നൽകിയ ഭൂമിദാനം മുതൽ ആരംഭിക്കുന്നതാണത്.ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ, സവിശേഷാചാരങ്ങൾ, മത/ ആത്മീയപ്രഭാഷണങ്ങൾ, ചന്തകൾ ഇവയെല്ലാം ജനജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ജനങ്ങളുടെ ജീവിതബോധത്തെ രൂപപ്പെടുത്തുന്നതിൽ പോലും നിർണായകമായിത്തീരുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വസ്തുതകളായിരിക്കെ ആരാധനലായങ്ങളുടെ ചരിത്രത്തെ പ്രദേശിക ചരിത്രത്തിലേക്കുള്ള പല വാതിലുകളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നതിൽ അപാകതയൊന്നുമില്ല.പക്ഷേ,ജനജീവിതത്തിന്റെ  മുന്നോട്ടുള്ള ഗതിയിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആവർത്തന സ്വഭാവമുള്ള സംഗതികൾ വലിയ പങ്കുവഹിക്കുന്നതായി കരുതാനാവില്ല. പ്രദേശത്തെ സാമൂഹ്യജീവിതത്തിൽ പല വ്യക്തികളും പ്രസ്ഥാനങ്ങളും പലപ്പോഴായി നടത്തിയ ഇടപെടലുകൾ, അവയുടെ ഫലങ്ങൾ,  ആധുനിക കാലത്താണെങ്കിൽ രാഷ്ട്രീയപ്പാർട്ടികൾ നടത്തിയ സമരങ്ങൾ,പ്രദേശത്തെ എഴുത്തുകാരും കലാസമിതികളും നൽകിയ സംഭാവനകൾ ഇവയൊക്കെയാണ് പൊതുജീവിതത്തിലെ വലിയ ചാലക ശക്തികളായിത്തീരുന്നത്.
ബൃഹദ് ചരിത്രത്തിൽ ഇത്തരം സംഗതികളൊന്നും സാധാരണഗതിയിൽ ഇടം പിടിക്കാറില്ല.സ്ത്രീകൾ,ദളിതർ,സാമ്പത്തികമായി ഏറ്റവും പിൻനിരയിൽ നിൽക്കുന്ന സാധാരണ തൊഴിലാളികൾ ഇവർക്കും അതിൽ ഇടം ലഭിച്ചിരുന്നില്ല. കാരണം അതിന്റെ പരിഗണനയിൽ വരുന്നത് മറ്റു ചിലരും മറ്റു ചിലതുമാണ്.പ്രദേശിക ചരിത്രത്തിനു മാത്രമേ ഒരു പ്രദേശത്തെ ജനജീവിതം നൂറ്റാണ്ടുകളിലൂടെ,സഹസ്രാബ്ദങ്ങളിലൂടെ തന്നെ എങ്ങനെ പരിണമിച്ചു എന്ന് സൂക്ഷ്മ വിശദാംശങ്ങളിൽ ഊന്നിക്കൊണ്ട് ആഖ്യാനം ചെയ്യാനാവൂ.കേരളത്തിന്റെ വിശാല ചരിത്രം എഴുതുമ്പോൾ മാടായി ഉൾപ്പെടെ വടക്കെ മലബാറിലെ പല ഗ്രാമങ്ങളിലെയും ദളിത് വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് വ്യക്തിനാമങ്ങളായി ഷേണായ് ,നമ്പൂതിരി തുടങ്ങിയ ജാതിപ്പേരുകൾ നൽകിയതിലൂടെ സ്വാമി ആനന്ദതീർത്ഥൻ സവർണമേധാവിത്വത്തിനെതിരെ നടത്തിയ സാംസ്‌കാരികമായ അട്ടിമറി പ്രവർത്തനത്തിന്റെ പ്രാധാന്യം പരാമർശിക്കപ്പെടാതെ പോവാനാണ് സാധ്യത. മാടായിയുടെ പ്രാദേശിക ചരിത്രം എഴുതുന്നയാൾക്ക് പക്ഷേ, കോലത്തിരിമാരുടെ മാഹാത്മ്യമോ  കേരളത്തിലെ ഏറ്റവും പഴയ ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നായ മാടായിക്കാവിന്റെയും സംസ്ഥാനത്തെ ആദ്യത്തെ മുസ്ലീം പള്ളികളിൽ ഒന്നായ മാടായിപ്പള്ളിയുടെയും മാത്രം ചരിത്രമോ എഴുതി അവസാനിപ്പിക്കാൻ ആവില്ല.അയാൾക്ക് മാടായിയിലെയും അയൽഗ്രാമങ്ങളിലെയും പാവപ്പെട്ടവർ നാട്ടുരാജാക്കന്മാരുടെയും ഭൂപ്രഭുക്കളുടെയും കീഴിൽ എന്തെന്തൊക്കെ ദുരിതങ്ങൾ തിന്ന് ജീവിതം തള്ളി നീക്കി എന്ന് വാമൊഴി ചരിത്രത്തിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നുമെല്ലാം കിട്ടുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വിസ്തരിക്കേണ്ടി വരും. ഇവിടങ്ങളിലെ മുൻകാല സ്ത്രീജീവിതത്തെ കുറിച്ചും ഫോക് കലാകാരന്മാരുടെ ജീവിതത്തെ കുറിച്ചും ആ ചരിത്രകാരൻ/ചരിത്രകാരി ആശ്രയിക്കാവുന്ന സ്രോതസ്സുകളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ച് അവതരിപ്പിക്കും.തെയ്യം കഥകളിൽ നിന്ന് ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ മാനോലോകത്തെ രൂപപ്പെടുത്തിയ വിശ്വാസങ്ങളെയും ആചാരങ്ങളെയും സദാചാരസങ്കൽപങ്ങളെയും മാത്രമല്ല സാമാന്യജനങ്ങളുടെ ജീവിതസമരങ്ങളുടെ പല അടിയൊഴുക്കുകളെയും അയാൾ കണ്ടെത്തും.അവർണർ ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തിക്കൊണ്ടിരിക്കെത്തന്നെ സവർണരോട് 'നിങ്ങൾ നിങ്ങളുടെ ക്ഷേത്രവുമായി ഇരുന്നുകൊള്ളൂ,ഞങ്ങൾക്ക് ആ ക്ഷേത്രങ്ങളിൽ പ്രവേശനം ആവശ്യമില്ല'എന്ന് പറഞ്ഞ് മാറി നിന്ന ദളിതർ മാടായിയിൽ ഉണ്ടായിരുന്നു എന്ന വസ്തുത പ്രത്യേക പ്രാധാന്യത്തോടെ അയാൾക്ക് അവതരിപ്പിക്കേണ്ടി വരും.അങ്ങനെയൊക്കെ  ചെയ്താലേ മാടായിയുടെ പ്രാദേശിക ചരിത്രം പൂർണമാവുകയുള്ളൂ.
സമൂഹത്തിൽ ഓരോ കാലത്തും നിലനിന്നിരുന്ന വൈരുധ്യങ്ങൾ തമ്മിൽ പല തലങ്ങളിൽ സംഘട്ടനം നടന്നിട്ടുണ്ട്.അധികാരശക്തികളോട് ചേർന്നു നിൽക്കുന്നതിൽ അഭിമാനം കൊണ്ടവരും വ്യവസ്ഥയുടെ നെടുംതൂണുകൾ പിടിച്ചു കുലുക്കുന്നതിന് ധൈര്യം കാണിച്ച ചുരുക്കം ചില ധീരന്മാരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.വ്യവസ്ഥാവിരുദ്ധ സമരങ്ങൾ ഒരിക്കലും ഏകരൂപമായിരുന്നില്ല. അതിന് പല രൂപങ്ങളും പല മാനങ്ങളും ഉണ്ടായിരുന്നു.കണ്ടൽച്ചെടികൾ നട്ടുവളർത്തിയ കല്ലേൻപൊക്കുടൻ പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങൾ സമൂഹത്തെ പഠിപ്പിക്കുക മാത്രമായിരുന്നില്ല.ജാതിയെ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ പൊതുജീവിതത്തിന്റെ പല തലങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന ഒരു സമൂഹത്തെ ദളിതന് ഇങ്ങനെയും ചിലത് ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു അദ്ദേഹം.
കേരളത്തിലെ പരിസ്ഥിതി പ്രവത്തകർക്കെല്ലാം സുപരിചിതമായിക്കഴിഞ്ഞ ഒരു പ്രദേശമാണ് മാടായി;വിശേഷിച്ചും മാടായിപ്പാറ.ഈ പാറപ്പുറത്തെ ജൈവവൈവിധ്യങ്ങളെ കുറിച്ച് പലരും പഠിച്ചു കഴിഞ്ഞു.മാടായിയിലെ ജനജീവിത ചരിത്രത്തിന്റെ പല വശങ്ങളും പല ചരിത്രകൃതികളിലും പഠനങ്ങളിലുമായി ഇതിനകം പുറത്തു വന്നു കഴിഞ്ഞു.എം.എസ്.നായരുടെ മാടായിക്കാവ് : ഒരു പഠനം.കെ.ബാലകൃഷ്ണന്റെ ഏഴിമല,കെ.വി.ബാബുവിന്റെ കോലത്തുനാട് നാൾവഴി ചരിത്രം,അബ്ദുല്ല അഞ്ചില്ലത്തിന്റെ മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂർവചരിത്രം എന്നിവ അങ്ങനെയുള്ള ചരിത്രകൃതികളിൽ പ്രധാനപ്പെട്ടവയാണ്.
മാരാഹി,ഹേലി,മാറാവി,മസരി എന്നീ പേരുകളിൽ പല ചരിത്രഘട്ടങ്ങളിലായി അറിയപ്പെട്ടിരുന്ന മാടായി  നൂറ്റാണ്ടുകൾക്കു മുമ്പേ വിവിധ ജനവിഭാഗങ്ങളുടെ സംഗമത്തിലൂടെയും പിന്നീട് പഴയങ്ങായിയായിത്തീർന്ന പാഴി അങ്ങാടിയുടെ വളർച്ചയിലൂടെയും കോലത്തിരിമാരുടെ കുലദേവതയായ തിരുവർകാട്ട് ഭഗവതി കുടികൊള്ളുന്ന മാടായിക്കാവിന്റെയും മാലിക് ഇബ്‌നു ദിനാർ സ്ഥാപിച്ചതായി കരുതപ്പെടുന്ന മാടായിപ്പള്ളിയുടെയും പ്രശസ്തിയിലൂടെയും ഹിന്ദുക്കൾ,ബൗദ്ധർ, മുസ്ലീങ്ങൾ,ജൂതർ,ക്രിസ്ത്യാനികൾ എന്നിവരുടെയെല്ലാം സംഗമത്തിലൂടെയും നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക കേന്ദ്രമായി മാറിയിരുന്നു.എന്നാൽ ഇന്ന് നമുക്ക് ഊഹിച്ചെടുക്കാൻ പോലും പ്രയാസമായ കാരണങ്ങളാൽ മാടായിയുടെ പ്രാധാന്യത്തിന്  പിൽക്കാലത്ത് വലിയ തോതിൽ ഇടിവ് സംഭവിച്ചു.ഇപ്പോൾ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് പൊതുവായ ഒരവബോധം വളർന്നു വന്നതിനെത്തുടർന്നാണ് മാടായിയുടെ ചരിത്രം ചികഞ്ഞെടുക്കുന്നതിൽ പുതിയ ഉണർവ് പ്രകടമായിത്തുടങ്ങിയത്.
 മാടായിയുടെ  സമഗ്രമായ ചരിത്രം ഇനിയും എഴുതപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.ചരിത്ര രചനയെ കുറിച്ചുള്ള സങ്കൽപങ്ങളിൽ ഒരുപാട് മാറ്റം വന്നിരിക്കുന്നതുകൊണ്ട് ഏതെങ്കിലുമൊരു വ്യക്തി ഒറ്റയ്ക്കിരുന്ന് അങ്ങനെയൊരു ചരിത്രമെഴുതുന്നതും കാത്ത് ഇനി നമുക്ക് സ്വസ്ഥമായി ഇരിക്കാനാവില്ല. ഈ പ്രദേശത്തിന്റെ ചരിത്രമെഴുതുന്നതിൽ താൽപര്യമുള്ളവർക്ക് ചെയ്യാവുന്നതായി കുറച്ചധികം കാര്യങ്ങളുണ്ട്. ചരിത്ര രേഖകളിൽ മാടായിയെക്കുറിച്ച് ഇതിനകം വന്നു കഴിഞ്ഞ പാരമർശങ്ങൾ സമാഹരിക്കുന്നതിൽ നിന്ന് അവർക്ക് ആരംഭിക്കാം. പിന്നെ ഈ പ്രദേശത്തിന്റെ സമഗ്രമായ ഒരു ഭൂവിജ്ഞാനീയ ചരിത്രം വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കാം.കടൽ പിന്മാറി രൂപപ്പെട്ടുണ്ടായതാണ് അതിവിശാലമായ മാടായിപ്പാറ എന്ന പാറപ്പരപ്പ്  ഉൾപ്പെടെയുള്ള പ്രദേശങ്ങളെല്ലാം എന്ന് കരുതാവുന്നതിനുള്ള പല തെളിവുകളും ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.പുരാവസ്തുവകുപ്പിന് നടത്താവുന്ന ഖനനം ഇതേവരെ നടന്നില്ല എന്നു മാത്രമേയുള്ളൂ.
വളപട്ടണം പുഴക്കും പെരുമ്പപ്പുഴക്കും ഇടയിലുള്ള സ്ഥലമാണ് തെയ്യംകലയുടെ കേന്ദ്രമേഖല എന്നു പറയാം.ഈ പ്രദേശത്ത് കെട്ടിയാടിക്കപ്പെട്ടു വരുന്ന തെയ്യങ്ങളുടെ ജീവിത കഥയും തെയ്യങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക സംഭവങ്ങളും പല വ്യക്തികളും നേരത്തെ നൽകിക്കഴിഞ്ഞ അനുഭവവിവരണങ്ങളും അപഗ്രഥനാത്മകമായ പഠനത്തിന് വിധേയമാക്കുകയാണെങ്കിൽ പല ചരിത്ര വസ്തുതകളും പുറത്തെടുക്കാനാവും.മാടായിയിലെയും സമീപഗ്രാമങ്ങളിലെയും സ്ഥലനാമങ്ങൾ,കുടുംബനാമങ്ങൾ എന്നിവയുടെയും പഠനവും പ്രാദേശിക ചരിത്രരചനയെ വലിയ അളവിൽ സഹായിക്കും.മാടായിയുടെ രാഷ്ട്രീയ ചരിത്രം പ്രത്യേകമായ വിശദ പഠനം അർഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യസമരത്തിലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പല സമരങ്ങളിലും മാടായിക്കാരുടെ സാന്നിധ്യം ശ്രദ്ധേയമാം വിധം തന്നെ ഉണ്ടായിരുന്നു.സംസ്ഥാനരൂപീകരണത്തിനു ശേഷം കേരളത്തിന്റെ രാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ കെ.പി.ആർ.ഗോപാലൻ,മത്തായി മാഞ്ഞൂരാൻ,എം.വി.രാഘവൻ എന്നിവരെ അസംബ്ലിയിലേക്കയച്ച നിയോജക മണ്ഡലമാണ് മാടായി.യുക്തിവാദ പ്രസ്ഥാനത്തിന് ഒരു കാലത്ത് നല്ല വേരോട്ടം ലഭിച്ചിരുന്ന പ്രദേശമാണിത്.ജാതിചിന്തക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ആശയങ്ങൾക്ക് വലിയ തോതിൽ ജനപിന്തുണ ലഭിച്ചിരുന്നു.വാമൊഴി ചരിത്രത്തിൽ നിന്ന് ആ വസ്തുത സാക്ഷ്യപ്പെടുത്തുന്ന പല അനുഭവവിരണങ്ങളും ചരിത്രകാരന്മാർക്ക് ലഭിക്കും.
മാടായിയുടെ വ്യാപാര ചരിത്രവും പഠനാർഹമായ ഒരു വിഷയമാണ്.ഒരു കാലത്ത് ജൂതന്മാരും പിന്നീട് മുസ്ലീങ്ങളുമാണ് മാടായിയുടെ വ്യാപാരമേഖലയിൽ മേൽക്കൈ നേടിയവർ.പഴയങ്ങാടി ,പുതിയങ്ങാടി എന്നീ സ്ഥലപ്പേരുകൾ തന്നെ മാടായിയുടെ വ്യാപാരപാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.ലക്ഷദ്വീപിൽ നിന്നും അറബ് നാടുകളിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം ഇവിടെ വ്യാപാരികൾ എത്തിയിരുന്നു എന്നതിൽ ചരിത്രകാരന്മാർക്ക് സംശയമില്ല.ഏഴിമലയിൽ നിന്ന് അധികം അകലെയല്ലാത്ത മാടായിയും പഴയങ്ങാടിയും പ്രാചീനകാലത്ത് തിരക്കേറിയ ഒരു വ്യാപാരകേന്ദ്രമായിരുന്നിരിക്കാൻ തന്നെയാണ് സാധ്യത.
കലാസാഹിത്യരംഗങ്ങളിലെ മാടായിയുടെ പാരമ്പര്യത്തെ കുറിച്ച് വരും തലമുറകളെ അറിയിക്കാൻ ഉതുകുന്ന വസ്തുതകളുടെ സമാഹാരണവും ഈ പ്രദേശത്തിന്റെ ചരിതം എഴുതുന്നവരുടെ ഉത്തരവാദിത്വമാണ്.അതുലന്റെ മൂഷകവംശകാവ്യം മുതൽ ആരംഭിക്കുന്നതാണ് ആ പാരമ്പര്യം.ഇങ്ങേയറ്റത്ത് നാടകകാരന്മാരും കവികളും കഥാകൃത്തുക്കളുമായി വളരെയേറെ പേരുണ്ട്.മാടായിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ പത്തറുപത് വർഷങ്ങൾക്കുള്ളിൽ നാടന്ന നാടകപ്രവർത്തനങ്ങളുടെ ചരിത്രം തന്നെ  എത്രയോ പേജുകളിൽ എഴുതാനുണ്ടാവും.
മുകളിൽ നിർദ്ദേശിച്ച തരത്തിലുള്ള ചരിത്ര രചന മാടായിയുടെ കാര്യത്തിൽ മാത്രമല്ല സാധ്യമാവുക.ഏത് പ്രദേശത്തും ഇതേ വരെയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നതും എന്നാൽ നിർബന്ധമായും ചരിത്രത്തിൽ ഇടം പിടിക്കേണ്ടുന്നതുമായ ഒരുപാട് വസ്തുതകളും അനുഭവങ്ങളും ഉണ്ടാവും.പല സ്ഥലങ്ങളിലും കുടുംബസംഗമങ്ങൾ നടക്കുകയും കുടുംബചരിത്രം സോവനീറുകളായും പുസ്തകങ്ങളായുമൊക്കെ പുറത്തുവരികയും ചെയ്യുന്ന കാലമാണിത്.ഇത്തരം ചരിത്രങ്ങൾ തറവാടിത്തഘോഷണത്തിൽ ഒതുങ്ങുകയാണ് പതിവ്.പ്രാദേശിക ചരിത്ര രചന ഒരു പ്രദേശത്തപ്പറ്റി ആ പ്രദേശത്തുള്ളവരിൽ അഭിമാനബോധം വളർത്താൻ ഉദ്ദേശിച്ചുള്ളതാവരുത്.മനുഷ്യ ചരിത്രത്തിൽ ഒരു ഗ്രാമത്തിലെയോ നഗരത്തിലെയോ ജനങ്ങൾ നടത്തിയ ഇടപെടലുകളുടെയും അവർ നൽകിയ സംഭാവനകളുടൈയും വസ്തുനിഷ്ഠമായ രേഖപ്പെടുത്തലായിരിക്കണം പ്രാദേശിക ചരിത്ര രചന.ആരംഭത്തിൽ പറഞ്ഞ പോലെ ചരിത്രത്തിന്റെ ആവശ്യകതയും  ചരിത്രത്തിന്റെ വസ്തുനിഷ്ഠത തന്നെയും പല കോണുകളിൽ നിന്നായി ചോദ്യം ചെയ്യപ്പെടുന്ന ഒരു ചരിത്ര സന്ധിയിൽ പ്രാദേശിക ചരിത്ര രചന വലിയൊരു പ്രതിരോധ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ്.മുൻകാലങ്ങളിൽ ഉണ്ടായ ചരിത്രരചനകളുടെ  അവിശ്വാസ്യതയെ കുറിച്ചുള്ള വാദങ്ങളിലെ ശരികൾ അംഗീകരിച്ചുകൊണ്ടു തന്നെ ചരിത്രം എത്ര വലിയ  ജ്ഞാനമേഖലയാണെന്ന് ഊന്നിപ്പറയലും ചരിത്രത്തിന്റെ ബഹുസ്വരത എങ്ങനെ ചരിത്രവിരുദ്ധമാകാതിരിക്കുമെന്ന് ബോധ്യപ്പെടുത്തലും ചരിത്രത്തെ വലിയൊരു സൗന്ദര്യാനുഭവം കൂടിയായി മാറ്റിത്തീർക്കലുമാവണം ഇത്.സാഹിത്യത്തെയും മാനവിക വിഷയങ്ങളെയും വിദ്യാഭ്യാസത്തിന്റെ പല തലങ്ങളിൽ നിന്നും പുറന്തള്ളാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയും ദീർഘകാലം ചരിത്രാധ്യാപകരായിരുന്നവരിൽ ചിലർ പോലും വിദ്യാഭ്യാസത്തിന്റെ മകവ് സാഹിത്യത്തിന്റെയും മാനവിക വിഷയങ്ങളുടെയുമല്ല ഗണിതത്തിന്റെയും മറ്റ് ശാസ്ത്രവിഷയങ്ങളുടെയും ബോധനത്തിലും പഠനത്തിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കേണ്ടത് എന്ന് പ്രസംഗിച്ചു തുടങ്ങുകയും ചെയ്യുന്ന കാലത്ത് പ്രാദേശികചരിത്ര രചനയുടെ പ്രാധാന്യം ഊന്നിപ്പറയാൻ ധാരാളം അവസരങ്ങളുണ്ടാവുന്നത് തീർച്ചയായും വളരെ ആഹ്ലാദകരമാണ്.
( മാടായിപ്പാറ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി മാർച്ച് 22 ന് മാടായി കോളേജിൽ നടന്ന ചരിത്ര സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)

Monday, March 27, 2017

കവിതയും സമൂഹവും

ഇത് വളരെ വലിയൊരു വിഷയമാണെന്ന്  പ്രത്യേകം പറഞ്ഞറിയിക്കാതെ തന്നെ നിങ്ങൾക്കെല്ലാം അറിയാം. ഈ വലിയ വിഷയത്തിന്റെ  ഉള്ളിൽ നിന്നും അരികുകളിൽ നിന്നും നമ്മുടെ കാലത്ത് പ്രസക്തമായിത്തീരുന്ന ചില വസ്തുതകൾ കണ്ടെത്തി അവതരിപ്പിക്കാനുള്ള ചെറിയ  ശ്രമം മാത്രമേ ഇവിടെ ഞാൻ നടത്തുന്നുള്ളൂ.
കവിത പ്രതിഭാശാലികളായ,ഭാവനാ സമ്പന്നരായ ചിലർ നടത്തുന്ന സ്വതന്ത്രമായ ആത്മാവിഷ്‌കാരങ്ങളാണെന്നും അസാധാരണമായ സൗന്ദര്യാനുഭവങ്ങളല്ലാതെ യാതൊന്നും കവിത നൽകേണ്ടതില്ലെന്നും വാദിക്കുന്ന എത്രയോ പേരുണ്ട്.കവികളിൽ ബഹുഭൂരിപക്ഷവും തങ്ങൾ ചെയ്യുന്നത് തങ്ങൾക്കു മാത്രം സാധ്യമാവുന്ന ഒരു പ്രവൃത്തിയാണെന്നതിൽ വലുതായി അഹങ്കരിക്കുന്നവരുമാണ്.സാമൂഹ്യയാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി തങ്ങളുടെ കവിത വായിക്കപ്പെടുമ്പോൾ അരുതാത്തതെന്തോ സംഭവിക്കുന്നുവെന്ന മട്ടിൽ വല്ലാതെ അസ്വസ്ഥരാകുന്നവരാണവർ. ഇതിനൊക്കെ വിപരീതമായി താനെഴുതിയ കവിതയെപ്പറ്റി തനിക്ക് അഭിമാനിക്കാൻ അവകാശമില്ലെന്ന തോന്നൽ അവതരിപ്പിച്ച ഒരു വാക്യം വിഖ്യാതനായ ഒരു കവിയുടെതായി ഉണ്ട്.ആവാക്യം  ഓർമിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. 'നിങ്ങളുടെ കവിത എനിക്കിഷ്ടമായി എന്ന് ഏതെങ്കിലുമൊരു പാവത്താൻ എന്നോട് പറഞ്ഞാൽ  ഞാൻ അവന്റെ പോക്കറ്റടിച്ചു എന്ന തോന്നലാണ് എനിക്കുണ്ടാവുക' (When some obvious booby tells me he has liked a poem of mine,I feel as if I had picked his pocket) ഡബ്‌ള്യു.എച്ച്.ഓഡന്റെതാണ് ഈ വാക്കുകൾ.കഥയിലായാലും കവിതയിലായാലും 'ഞാൻ ഞാൻ എന്നഹങ്കരിക്കുന്ന രാജാക്കന്മാരെ'യാണ് നമുക്ക് കൂടുതൽ പരിചയം.അതുകൊണ്ടു തന്നെ ഓഡന്റെ വാക്കുകൾക്ക് മലയാളസാഹിത്യത്തിന്റെ പരിസരത്തിൽ കൂടുതൽ മുഴക്കം അനുഭവപ്പെടും.
എല്ലാവർക്കും അവകാശപ്പെട്ട വാക്കുകൾ ഉപയോഗിച്ചാണ് കവി എഴുതുന്നത്. അനേകമനേകം തലമുറകളിലെ മനുഷ്യർ സൃഷ്ടിച്ചെടുത്ത വാക്കുകൾ.താൻ ആത്മാവിഷ്‌കാരം നടത്തുകയാണെന്നോ ആത്മാവിന്റെ ആനന്ദത്തിനു വേണ്ടി മാത്രമാണ് താൻ  എഴുതുന്നതെന്നോ ഒക്കെ കവിക്ക് പറയാം.പക്ഷേ,കവിയുടെ ആത്മാവ് വ്യാപരിക്കുന്ന അനുഭവങ്ങൾക്കും വികാരങ്ങൾക്കും അനുഭൂതികൾക്കുമെല്ലാം സമൂഹവുമായി ബന്ധമുണ്ട്.അവയെല്ലാം കവി ജീവിക്കുന്ന സമൂഹത്തിന്റെ ഉൽപന്നങ്ങളാണ്.ഈ ഉൽപന്നങ്ങളെ കവിതയായി പരിവർത്തിപ്പിക്കുന്ന ജോലി കവികൾ മാത്രം ചെയ്യുന്നതല്ലേ?,കവികളിൽത്തന്നെ ഓരോരുത്തരും താന്താങ്ങളുടെതായ രീതിയിൽ ചെയ്യുന്നതല്ലേ?എന്നിങ്ങനെയുള്ള ചോദ്യങ്ങളിലെത്തുമ്പോൾ കവിതയുടെ സാമൂഹികത എന്ന ആശയം ദുർബലമാവില്ലേ എന്ന സംശയം സ്വാഭാവികമായും ഉയർന്നു വരാം.കവിതയെഴുത്ത് എന്ന പ്രക്രിയ,ഓരോ കവിയുടെയും ശൈലി,ഓരോ കവിയുടെയും ഇമേജുകളുടെ വ്യതിരിക്തത ഇവയൊക്കെയും പ്രത്യേകം പ്രത്യേകമായെടുത്ത് ചർച്ച ചെയ്യാവുന്ന വിഷയങ്ങളാണ്.പക്ഷേ,രചന  പൂർത്തിയായിക്കഴിഞ്ഞ് കവി ലോകത്തിന് നൽകുന്ന ഓരോ കവിതയെയും ഓരോ കവിതയുടെ ഓരോ സിവിശേഷ ഗുണത്തെയും  സാമൂഹ്യാനുഭവങ്ങളുമായി, ആ അനുഭവങ്ങളുടെ പരിസരങ്ങളിൽ സജീവമായി നിലനിലക്കുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്തിത്തന്നെയാണ് പരിശോധിക്കേണ്ടത്.അത്തരത്തിലുള്ള പരിശോധനയിൽ ഊന്നുന്ന വായന തന്നെയാണ് കവിതയെ ഉന്നത മൂല്യമുള്ള ഒരു സാംസ്‌കാരികാനുഭവമാക്കി മാറ്റുന്നത്.
 ഭാഷയുടെ സവിശേഷരീതിയിലുള്ള  വിനിയോഗമാണ് കവിതയെ സാധ്യമാക്കിത്തീർക്കുന്നത് എന്ന് സാധാരണ പറയാറുണ്ട്. പക്ഷേ, ഈ സവിശേഷതയുടെ ഘടകങ്ങളെ സംബന്ധിച്ച് പൊതുസമ്മതിയുള്ള ഒരു അഭിപ്രായത്തിൽ എത്തിച്ചേരുക സാധ്യമല്ല.അത്തരം ഘടകങ്ങളെ എക്കാലത്തേക്കുമായി നിർണയിച്ചുവെക്കുകയും അസാധ്യമാണ്.ഒരു കാലത്ത് ശക്തവും മനോഹരമായി അനുഭവപ്പെടുന്ന വാക്കുകളും പ്രയോഗങ്ങളും മറ്റൊരു കാലത്ത് തീരെ നിർജീവമായി മാറിപ്പോവാം.അലങ്കാരങ്ങളുടെ കാര്യത്തിലും ഇതു തന്നെ സംഭവിക്കാം.
അലങ്കാരങ്ങൾ,പുതിയ കാലത്തിന് കുറേക്കൂടി സമ്മതമായിത്തീരുന്ന പദം ഉപയോഗിച്ച് പറയുകയാണെങ്കിൽ രൂപകങ്ങൾ കവിതയുടെ ഏറ്റവും കാതലായ അംശമാണ് എന്നതാണ് പൊതുവെയുള്ള ധാരണ.ഒരു രൂപകം പ്രസക്തമായിത്തീരുന്നത് അതിന്റെ ഘടനാപരമായ എന്തെങ്കിലും സവിശേഷത കൊണ്ടല്ല. കവിത എഴുതപ്പെട്ട കാലത്തെ അനുഭവലോകത്തിന്റെ അന്ത:സത്തയെ എത്രത്തോളം ആവാഹിച്ചിരിക്കുന്നു എന്നതിനാണ്  രൂപകത്തിന്റെ മൂല്യനിർണയനത്തിൽ പ്രധാന പരിഗണന ലഭിക്കുക.അത്രത്തോളം പോവാതെ അനന്യതയുടെയും കാവ്യസന്ദർഭത്തിലെ  അനുയോജ്യതയുടെയും അടിസ്ഥാനത്തിലാണ്  രൂപകത്തെ മനോഹരം,ഗംഭീരം എന്നൊക്കെ നാം നിശ്ചയിക്കുന്നത് എന്നും പറയാം.ഒരു രൂപകത്തിന് ഒരു കാലഘട്ടത്തിൽ അനുഭവപ്പെടുന്ന സൗന്ദര്യം മറ്റൊരു കാലഘട്ടത്തിലെ വായനയിലും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.ചെറിയ കാലയളവിനുള്ളിൽത്തന്നെ അതിന്റെ പുതുമയും ഭംഗിയും ചോർന്നു പോകാം.എന്നാൽ ഒരു ചരിത്രഘട്ടത്തിന്റെ അന്ത:സത്തയെ ആവാഹിച്ചു നിൽക്കുന്ന രൂപകം പെട്ടെന്നൊന്നും പഴകിപ്പോവില്ല. അത് സൃഷ്ടിച്ച ആഘാതം,ചിന്തയുടെ മണ്ഡലത്തിൽ അത് ഉണ്ടാക്കിയ ഇളക്കങ്ങൾ ദശകങ്ങളോളം,ചിലപ്പോൾ നൂറ്റാണ്ടുകളോളം തന്നെ നിലനിൽക്കും.
തങ്ങളുടെ ജീവിത പരിസരങ്ങളെ പുതിയ രീതിയിൽ അനുഭവിക്കാൻ ,അവയെ കുറിച്ച് പുതിയ അവധാരണം സാധിക്കാൻ  വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു ഇമേജിനെ മാത്രമേ കരുത്തുറ്റ ഇമേജായി കണക്കാക്കാൻ പറ്റുകയുള്ളൂ. ഈ ശക്തി ഒരു ഇമേജിന് കൈവരണമെങ്കിൽ കവിക്ക് തീർച്ചയായും തന്റെ കാലഘട്ടത്തിലെ സാമൂഹ്യസ്ഥാപനങ്ങളെയും മൂല്യസങ്കൽപങ്ങളെയും ആശയലോകങ്ങളെയും അനുഭൂതിയുടെ ഘടനകളെയും പൊതുസമൂഹത്തിന്റെതല്ലാത്ത ഒരു വീക്ഷണ കോണിൽ നിന്ന് കാണാൻ കഴിയണം. ഡബ്ല്യു.ബി.യേറ്റ്‌സി (W.B.Yeats)ന്റെ  The Second Coming എന്ന കവിതയിലെ
Turning and turning in the widening gyre
The falcon cannot hear the falconer  എന്ന ഇമേജിലെ പരുന്ത് ലോകജനതയുടെ അന്വേഷണ തൃഷ്ണയുടെയും പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള തളരാത്ത ഇച്ഛയുടെയുമെല്ലാം പ്രതീകമാണ്.അത് കറങ്ങിക്കൊണ്ടിരിക്കുന്ന, വളർന്നുകൊണ്ടേയിരിക്കുന്ന വൃത്തം ശാസ്ത്രത്തിന്റെയും സാമൂഹ്യജീവിത നവീകരണത്തിന്റെയും മേഖലകളിൽ മനുഷ്യൻ നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾക്ക് പകരം നിൽക്കുന്നതാണ്.പക്ഷേ,മനുഷ്യന്റെ ഇച്ഛയുടെയും ലക്ഷ്യങ്ങളുടെയും സ്വഭാവത്തിൽ വലിയ മാറ്റം വരുന്നു,അവയെ ഇതേ വരെ മുന്നോട്ടു നയിച്ച വിശ്വാസങ്ങളുടെയും മാനവികതാബോധത്തിന്റെയും നിർദ്ദേശങ്ങൾക്ക് അവ ചെവി കൊടുക്കാതാവുന്നു,മനുഷ്യവംശത്തിന് ആത്മനിയന്ത്രണം നഷ്ടമാവുന്നു എന്നൊക്കെയുള്ള അമ്പരപ്പുകൾ ലോകത്തിലെ ചിന്താശേഷിയുള്ള മുഴുവൻ മനുഷ്യരുടെയും മനോലോകത്തെ തീക്ഷ്ണമായി ബാധിച്ച ഒരു ചരിത്രഘട്ടത്തെ,അതായത് ഒന്നാം ലോകമഹായുദ്ധകാലത്തെ ആണ് യേറ്റ്‌സ് ആ ഇമേജിൽ സംഗ്രഹിച്ചത്.
പിറവി കൊള്ളാനായി ബത്‌ലഹേമിലേക്ക് പതുക്കെ നീങ്ങുന്ന മൃഗത്തിന്റെ രൂപം വരച്ചിട്ടിരിക്കുന്ന
'somewhere in sands of the desert
A shape with lion body and the head of a man,
A gaze blank and pitiless as the sun,
Is moving its slow thighs, while all about it
Reel shadows of the indignant desert birds.'
എന്ന വരികളിലെ ഭാവിയുടെ ഇരുണ്ട ചിത്രവും ആ കാലഘട്ടം കവിമനസ്സിൽ നടത്തിയ രൂപാന്തരണത്തിന്റെ ഫലം തന്നെ. അന്ന് ലോകത്തെ ആകമാനവും കവി ജീവിച്ച സമൂഹത്തെ പ്രത്യേകമായും ബാധിച്ച ഉത്കണ്ഠകളുടെയും ഭീതികളുടെയും നൈരാശ്യത്തിന്റെയുമെല്ലാം ആവിഷ്‌കാരമാണ് 'The Second Coming'.
ടി.എസ്.എലിയറ്റിന്റെ 'The love song of J Alfred Prufrock' എന്ന കവിത ആരംഭിക്കുന്ന
'Let us go then,you and I , when the evening is spread out against the sky ,like a patient etherised upon a table'
എന്ന ഇമേജും വായനാസമൂഹത്തിന്റെ വിപുലമായ ശ്രദ്ധ നേടിയതും അതിന്റെ സുസ്പഷ്ടമായ വ്യത്യസ്തത കൊണ്ടു മാത്രമല്ല,ഒന്നാം ലോകമഹായുദ്ധം ലോകജനതയുടെ മനോനിലയക്ക് ഏൽപിച്ച കടുത്ത ആഘാതം അതിൽ കൃത്യമായി പ്രതിഫലിച്ചു എന്നതുകൊണ്ടു കൂടിയാണ്.സന്ധ്യയെ മേശപ്പുറത്ത് ഈതറൈസ് ചെയ്ത്(അനസ്‌തേഷ്യ കൊടുത്ത്) കിടത്തിയിരിക്കുന്ന രോഗിയുമായി ബന്ധിപ്പിക്കുന്ന ഇമേജ് മറ്റൊരു കാലത്തായിരുന്നെങ്കിൽ കവിതയിലേക്ക് കടന്നു വരുമായിരുന്നില്ല.
ഒരു കവിതയിലെ ഇമേജിനു പിന്നിൽ കവിയുടെ ലോകവീക്ഷണം,കവി താൽപര്യപൂർവം പഠിച്ച വിഷയങ്ങൾ,കവിയുടെ സ്വകാര്യാനുഭവങ്ങൾ ഇവയൊക്കെയും ഉണ്ടാവാം.പക്ഷേ,ഒരു ഇമേജ് വായനക്കാരെ ഇളക്കിമറിക്കുകയും അത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും  ചെയ്യുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം: ആ ഇമേജ് ഒരു കാലഘട്ടത്തിന്റെ ആന്തരികാനുഭവങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.
കവികളുടെ സ്വകാര്യാനന്ദമായ ശൈലിയും ഇമേജും അവർക്ക് സ്വന്തം നേട്ടങ്ങളെന്ന നിലയിൽ അഭിമാനിക്കാവുന്നയായിരിക്കെത്തന്നെ അതിൽ കവിഞ്ഞ് സാമൂഹ്യവും ചരിത്രപരവുമായ ആധാരങ്ങൾ കൂടി ഉള്ളവയാണെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്.ഒരു കാര്യം കൂടി ഓർമിപ്പിക്കാൻ പറ്റുന്ന സന്ദർഭമാണിത്.കവിത ഇമേജുകളുടെ പരമ്പരയായിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല.അങ്ങനെ ആവരുത് എന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ ശ്രമിച്ച ആളായിരുന്നു ഒരിക്കൽ പാബ്ലോ നെരൂദയുമായി അടുത്ത സഹവർത്തിത്വം പുലർത്തുകയും പിന്നീട് നെരൂദ ഉൾപ്പെടെയുള്ളവരുടെ കവിതകളിലെ അമിതസൗന്ദര്യത്തെയും അതിയായ ബിംബാത്മകതയെയും ഉദ്ദേശിച്ച് 'Let the birds  sing,man talks' എന്ന് പ്രസ്താവിച്ച് സാധാരണക്കാരോട് അവരുടെ ഭാഷയിൽ കവിതയിലൂടെ നേർക്കുനേരെ സംസാരിക്കാൻ തീരുമാനിച്ച് അകവിത അല്ലെങ്കിൽ പ്രതികവിത (Anti poem) എന്ന പുതിയ പരികൽപന തന്നെ അവതരിപ്പിച്ച  നിക്കോനാർ പാറ എന്ന ചിലിയൻ കവി.
ബിംബാത്മക ഭാഷയ്ക്ക് മുൻഗണന ലഭിച്ച ഒരു കവിതയിൽത്തന്നെ ചിലപ്പോൾ  തെളിഞ്ഞ പ്രസ്താവത്തിന്റെ സ്വഭാവമുള്ള വരിക്ക്/വരികൾക്ക് കവിതയിലെ എല്ലാ ബിംബങ്ങളെയും കവിഞ്ഞു നിൽക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിച്ചെന്നു വരാം.ഞാൻ നേരത്തെ പരാമർശിച്ച'The Second Coming' എന്ന കവിതയിലെ 'Things fall apart; the centre cannot hold'  എന്ന ലളിതമായ പ്രസ്താവം തന്നെ ഉദാഹരണം.നമ്മുടെ പൊതുജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഇന്നും ഓർമിച്ചു പോകാവുന്ന വരിയാണിത്. ആഫ്രിക്കൻ നോവലിസ്റ്റായ ചിനുവാ അച്ചബേ തന്റെ വിശ്വവിഖ്യാതമായ നോവലിന്  ശീർഷകം നൽകിയത് ഈ പ്രസ്താവത്തിന്റെ ആദ്യഭാഗം കൊണ്ടാണ്.
2
ഇനി മറ്റ് ചില സംഗതികളിലേക്ക് വരാം.
ഒരു കവിതയിൽ ആവിഷ്‌കാരം നേടുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങൾക്ക് പല പ്രത്യേകതകളും ഉണ്ടാവും.അവ  എളുപ്പത്തിൽ തിരിച്ചറിയാവുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെയോ സാമൂഹ്യാവശ്യങ്ങളെയോ മാത്രമായിരിക്കില്ല പലപ്പോഴും ആവിഷ്‌കരിക്കുന്നത്.കവിയുടെ നോട്ടം  ചെന്നെത്തുന്നത് ഒരു കാലഘട്ടത്തിലെ സമൂഹമനസ്സിന്റെ ഉള്ളടരുകളിലാവാം.കുമാരനാശാന്റെ നളിനിയിലോ ലീലയിലോ ചിന്താവിഷ്ടയായ സീതയിലോ കരുണയിലോ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്  ആ കവിതകൾ പ്രസിദ്ധീകൃതമായ കാലത്തെ മലയാളികൾ അവരുടെ ആന്തരികാവശ്യങ്ങളെന്ന നിലയിൽ തിരിച്ചറിഞ്ഞ സംഗതികളെയല്ല. കേരളീയ നവോത്ഥാനത്തിന്റെയും പുത്തൻ വിദ്യാഭ്യാസത്തിന്റെയും വൈദേശിക സാഹിത്യവുമായുള്ള പരിചയത്തിന്റെയുമെല്ലാം സദ്ഫലങ്ങൾ അനുഭവിച്ച ആശാൻ മലയാളികളെ വൈയക്തിക പ്രണയത്തിന്റെയും മാംസനിബദ്ധമല്ലാത്ത രാഗത്തിന്റെയും ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. ചണ്ഡാലഭിക്ഷുകിയിലൂടെയും ദുരവസ്ഥയിലൂടെയും അദ്ദേഹം ആവിഷ്‌ക്കരിച്ച ജാതിവ്യവസ്ഥയോടുള്ള വിരോധം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇതും.
സ്‌നേഹം എന്ന അനുഭവത്തിന്റെ സാധ്യതകളെ കുറിച്ച് ,അതിന്റെ നാനാതരം വികാസങ്ങളെ കുറിച്ച് മിക്കവാറും അജ്ഞരായിരുന്നിരിക്കാം ഫ്യൂഡൽ കാലഘട്ടത്തിൽ കേരളീയർ. വിവാഹം എന്ന സ്ഥാപനത്തിലേക്ക് പല രീതിയിൽ പ്രവേശിച്ച്, ആ സ്ഥാപനം സാധ്യമാക്കുന്ന മിക്കവാറും ശാരീരികം മാത്രമായ ബന്ധത്തിനപ്പുറത്ത് സ്ത്രീപുരുഷ ബന്ധത്തിന് മറ്റ് തലങ്ങളൊന്നുമില്ലെന്ന് കരുതിയിരുന്നവരെ സ്‌നേഹത്തിന്റെ അനന്തസാധ്യതകളിലേക്കും ആനന്ദങ്ങളിലേക്കും ആത്മസംഘർങ്ങളിലേക്കുമെല്ലാം കണ്ണ് തുറക്കാൻ നിർബന്ധിതരാക്കി ആശാൻ. ആശാനെ സ്‌നേഹഗായകൻ എന്ന് വിളിച്ചവർ പോലും സ്‌നേഹത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരികൽപനകളുടെ ആഴവും പരപ്പും പൂർണമായി ഗ്രഹിച്ചിരിക്കണമെന്നില്ല.
കവിതകൾ സാമ്പ്രദായികതയോട് ചേർന്നു നിൽക്കുന്ന സൗന്ദര്യാനുഭൂതികളുടെ പ്രഭവകേന്ദ്രം മാത്രമല്ല, അതിൽ നിന്ന് വ്യത്യസ്തമായി അവ സാമൂഹ്യാനുഭവങ്ങളുടെ പല തലങ്ങളിലേക്കും സഞ്ചരിക്കാമെന്ന് ഇന്ന് നമുക്കറിയാം.പ്രത്യക്ഷത്തിൽ അരാഷ്ട്രീയമെന്ന് ഭാവിക്കുന്ന കവിതയുടെ പോലും അബോധത്തിൽ രാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ടെന്ന അറിവും സാഹിത്യാസ്വാദകരുടെ സാമാന്യബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞു.എങ്കിലും, കവിത രാഷ്ട്രീയത്തിന് സ്പർശിച്ച് മലിനമാക്കാനാവാത്ത ഒരു മണ്ഡലത്തിലാണ് കുടികൊള്ളുന്നത് എന്ന് സ്ഥാപിക്കാൻ പാടുപെടുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. സാഹിത്യസിദ്ധാന്തങ്ങളെയും നിരൂപണത്തെയും സാമൂഹ്യയാഥാർത്ഥ്യങ്ങളുമായും രാഷ്ട്രീയവുമായും കൂട്ടിത്തൊടുവിക്കേണ്ട യാതൊരാവശ്യവുമില്ലെന്നും സാഹിത്യം  സാഹിത്യം മാത്രമാണെന്നും സാഹിത്യസിദ്ധാന്തങ്ങൾ ശുദ്ധമായിരിക്കണമെന്നും അവർ ആവേശപൂർവം വാദിച്ചുകളയും. കഠിനമായ ഒരു അബദ്ധധാരണയുടെ ലോകത്ത് ജീവിക്കുന്ന അവരോട് ടെറി ഈഗ്ൾട്ടന്റെ ഒരു വാക്യം കടമെടുത്ത് മറുപടി പറയാം: ' Such pure literary theory is an academic myth'
3
തുഞ്ചത്തെഴുത്തച്ഛന്റെ കാലം മുതൽ കവിതയെ സാമൂഹ്യാവശ്യങ്ങളുമായി ഏതെങ്കിലും തലത്തിൽ ബന്ധിപ്പിച്ച കവികളും കവിതയെഴുത്തിനെ മുഖ്യമായും തങ്ങളുടെ സ്വകാര്യാനന്ദമായോ സുഹൃത്തുകളുമൊത്തുചേർന്നുള്ള വെടിവട്ടത്തിന്റെ അല്പം വിപലീകരിച്ച രൂപമായോ കണ്ട കവികളും പൂരാണേതിഹാസങ്ങളിലെ ഇതിവൃത്തങ്ങളെത്തന്നെ പ്രയോജനപ്പെടുത്തി എക്കാലത്തെയും മനുഷ്യപ്രകൃതത്തിലെ ഘടകങ്ങളെ വിസ്തരിക്കാൻ ശ്രമിച്ച കവികളും മലയാളത്തിലുണ്ടായിട്ടുണ്ട്.
കുമാരാനാശാന്റെ വരവോടെയാണ് കവിത എന്ന മാധ്യമത്തെ തികഞ്ഞ ഉത്തരവാദിത്വത്തോടെ സാമൂഹ്യവൈരുദ്ധ്യങ്ങളുടെയും സമൂഹത്തിന്റെ ആന്തരികാവശ്യങ്ങളുടെയും ആവിഷ്‌ക്കാരത്തിനായി പ്രയോജനപ്പെടുത്തുന്നതിൽ കവികൾ ഔത്സുക്യം കാണിച്ചു തുടങ്ങിയത്. 'പ്രയോജനപ്പെടുത്തുക' എന്ന് പറഞ്ഞതു കൊണ്ട് കേവലം ഉപകരണയുക്തിയോടെ അവർ മാധ്യമത്തെ സമീപിച്ചത് എന്ന് അർത്ഥമാക്കരുത്.കവിയുടെ ആത്മാവിഷ്‌കാരമായിരിക്കെത്തന്നെ കവിതയുടെ പ്രധാനപരിഗണനയായി സമൂഹിക വിഷയങ്ങൾ വരേണ്ടതുണ്ട് എന്ന ബോധ്യത്തിലേക്ക് അവർ സ്വാഭാവികമായിത്തന്നെ എത്തിച്ചേർന്നു എന്നേ ഉദ്ദേശിച്ചുള്ളൂ.
സാമൂഹ്യപ്രശ്‌നങ്ങൾക്ക് ഓരോ കവിയും കൽപിച്ച മുൻഗണനാക്രമവും അവർ ഓരോരുത്തരും സാമൂഹ്യപ്രശ്‌നങ്ങളെ കവിതയിലേക്ക് പ്രവേശിപ്പിച്ച രീതിയുംം വ്യത്യസ്തമായിരുന്നു.ഇത്തരം വ്യത്യാസങ്ങളെല്ലാം ഇന്നും മലയാളകവിതയിൽ തുടരുന്നുണ്ട്.
നിയോക്ലാസിസിസത്തിന്റെ കാലത്തും പിൽക്കാലത്തും കവികൾ അനുഭവാവിഷ്‌കാരത്തിന് സ്വീകരിച്ചിരുന്ന മുശകളുടെ കാര്യത്തിൽ വലിയ വൈവിധ്യമുണ്ടായിരുന്നില്ല. കുമാരനാശാനെ മാറ്റി നിർത്തി പുരോഗമനസാഹിത്യത്തിന്റെ വരവിന് മുമ്പുള്ള മലയാളകവിതയുടെ  ചരിത്രം പരിശോധിച്ചാൽ ഒരു കുഞ്ചൻ നമ്പ്യാരൊഴിച്ച് മറ്റാരു വലിയ കവിയും  കാവ്യഭാഷയ്ക്ക് ആവശ്യമെന്ന് എന്നോ നിർണയിച്ചുവെച്ച അലങ്കാരപരതയെയും ഔപചാരികതയെയും ഭാഷയുടെ തലത്തിൽ സൂക്ഷിക്കേണ്ടതായ വരേണ്യതയെയും നിഷേധിക്കാൻ  കാര്യമായ ഒരു ശ്രമവും നടത്തിയതായി കാണാൻ കഴിയില്ല.ആശാന്റെ കാവ്യഭാഷ തന്നെയും അദ്ദേഹത്തിന്റെ ജീവിതദർശനവും സാമൂഹ്യബോധവും ആവശ്യപ്പെടുന്ന അളവിലുള്ള വലിയ വിച്ഛേദം എല്ലായ്‌പ്പോഴും സാധിച്ചിരുന്നില്ല എന്ന നിരീക്ഷണം ഉണ്ടായിട്ടുണ്ട്.
നമ്മുടെ കവിത ദേശീയ പ്രസ്ഥാനത്തോടും അടിസ്ഥാനവർഗത്തിന്റെ സമരങ്ങളോടും ചേർന്നു നിൽക്കാൻ തുടങ്ങിയതോടെയാണ് വിഷയത്തിലും ഭാഷയിലും വലിയ തോതിലുള്ള വൈവിധ്യം യാഥാർത്ഥ്യമായിത്തുടങ്ങിയത്.എങ്കിലും കാവ്യഭാഷയുടെ സൗന്ദര്യത്തിന് വലുതായി ഊനം വരുത്തരുതെന്ന് കവികളിൽ ഏറെപ്പേരും അപ്പോഴും സ്വയം നിഷ്‌കർഷിക്കുക തന്നെ ചെയ്തു.പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നവരിൽത്തന്നെ ചിലർ മാത്രമേ തങ്ങളുടെ മാധ്യമം കാലാകാലമായി സൂക്ഷിച്ചു പോന്ന സൗന്ദര്യത്തിന്റെ ഘടകങ്ങളെ പാടേ അവഗണിക്കാൻ തയ്യാറുള്ളൂ. കവിതയെ മുദ്രാവാക്യത്തിന്റെ തലത്തിന് അപ്പുറത്തേക്ക് കൊണ്ടു പോവാതിരുന്നതിനാൽ കാവ്യാസ്വാദകരുടെ ലോകം അവരെ കാര്യമായി പരിഗണിച്ചതുമില്ല.
ചങ്ങമ്പുഴ 'പാടുന്ന പിശാച്' പോലുള്ള ചില കവിതകളിലൊഴിച്ച് മിക്കവാറും ലളിത കോമള കാന്ത പദാവാലിയുടെ വഴി തന്നെയാണ് സ്വീകരിച്ചത്.വൈലോപ്പിള്ളി,ഇടശ്ശേരി എന്നീ കവികൾ പുതിയ കാലത്തെ സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെപ്പറ്റി കൃത്യമായ ധാരണകളോടെ കവിതയെഴുതിയവരാണ്.ചിന്തയുടെ ആഴത്തിലും ബിംബങ്ങളുടെ ധ്വനിസാന്ദ്രതയിലും വൈലോപ്പിള്ളി ഏറെ ഉയരത്തിലായിരുന്നെങ്കിലും പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങൾക്ക് കവിതയിൽ ഇടം നൽകുന്നതിൽ ഇടശ്ശേരി തന്നെയായിരുന്നു മുന്നിൽ.ആഢ്യപാരമ്പര്യത്തിന് വഴങ്ങിക്കൊടുക്കാത്ത കാവ്യഭാഷയിലാണ് അദ്ദേഹം അത് നിർവഹിച്ചത് എന്ന വസ്തുതയും എടുത്തുപറയേതുണ്ട്.
4
മലയാളത്തിലെ പ്രധാനപ്പെട്ട കവികളുടെയെല്ലാം രചനകളിലെ സാമൂഹികതയുടെ അളവും സ്വഭാവവും വിസ്തരിക്കാൻ ഞാൻ ഒരുങ്ങുന്നില്ല.കഴിഞ്ഞ രണ്ട് മൂന്ന് ദശകക്കാലത്തിനുള്ളിൽ സംഭവിച്ച വളരെ ശ്രദ്ധേയമായ ചില മാറ്റങ്ങൾ സൂചിപ്പിക്കുക മാത്രം ചെയ്ത് ഞാൻ അവസാനിപ്പിക്കാം.
ഈ കാലയളവിൽ മലയാളകവിത ഗദ്യത്തോട് വളരെ അടുത്തു വന്നുവെന്നും അതുകൊണ്ടു കൂടിയാകാം സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേരിട്ടുള്ള ആവിഷ്‌കാരത്തിൽ അത് കൂടുതൽ ഉത്സുകമായിത്തീർന്നുവെന്നും പറയാം.വൃത്തം ഉപയോഗിച്ചോ  താളാത്മകമായ ഭാഷയിലോ ആവിഷ്‌കരിക്കാൻ പാകത്തിലുള്ളവയല്ല നമ്മുടെ കാലത്തെ അനുഭവങ്ങൾ.അനുഭവങ്ങളെ നാം സ്വീകരിക്കുന്ന രീതിയിൽത്തന്നെ വലിയ മാറ്റം വന്നിട്ടുമുണ്ട്.ഇന്നിപ്പോൾ ഒരാൾ വൃത്തത്തിലോ നല്ല ആലാപനസുഖം തരുന്ന മട്ടിലോ കവിത എഴുതിയാൽ മിക്കവാറും നമ്മുടെ ഇപ്പോഴത്തെ മനോവ്യാപാരങ്ങളുടെ ഘടനയുമായി പൊരുത്തപ്പെടാതെ പോവാനാണ് കൂടുതൽ സാധ്യത.അതുകൊണ്ടു തന്നെയാകാം മിക്ക കവികളും കവിതയുടെ രൂപം പുതുതും ഗദ്യത്തോട് അടുത്തു നിൽക്കുന്നതുമായിരിക്കണം എന്ന് സ്വയം നിഷ്‌കർക്കിക്കുന്നത്.വൃത്തം,അതും സംസ്‌കൃത വൃത്തം തന്നെ ഉപയോഗിച്ച് നമ്മുടെ കാലത്തെ സമൂഹത്തിന്റെ സ്വഭാവത്തെ,സ്വഭാവവൈകല്യങ്ങളെ അവയുടെ യാഥാർത്ഥ്യം ചോർന്നു പോകാതെ അവതരിപ്പിക്കുക എന്ന പരീക്ഷണം നടത്തി വിജയിച്ചു കാണിക്കാൻ കഴിഞ്ഞ ഒരേയൊരു കവി കെ.ആർ.ടോണിയാണ്; ടോണിയുടെ ഏറ്റവും വലിയ നേട്ടം രൂപതലത്തിൽ നടത്തിയ ഈയൊരു പരീക്ഷണമല്ലെങ്കിലും.
ആധുനികർ മലയാളകവിതയുടെ രൂപഭാവങ്ങളിൽ വലിയ പല മാറ്റങ്ങളും കൊണ്ടുവന്നവരാണ്.എന്നാൽ അവരുടെ കാലത്തുപോലും കവിതയിൽ ഇടം നേടാതിരുന്ന അനേകം അനുഭവമേഖലകൾ ഇന്നിപ്പോൾ മലയാളകവിതയ്ക്ക് സുപരിചിതമായിക്കഴിഞ്ഞു.ദളിത് കവിതകൾ,സ്ത്രീപക്ഷ കവിതകൾ,ഉയർന്ന പാരിസ്ഥിതികബോധം പ്രകടിപ്പിക്കുന്ന കവിതകൾ ഇവയെയൊക്കെ ഉദ്ദേശിച്ചു തന്നെയാണ് ഇത് ഞാൻ പറഞ്ഞത്.'ഭൗതികതയെ തിരസ്‌കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും  പ്രത്യയശ്‌സ്ത്രമാണ് ആധ്യാത്മിക അനുഭൂതിയുടെ പ്രത്യയശാസ്ത്രം.അത് പ്രായോഗിക ജീവിതജ്ഞാനത്തെയും സാമൂഹ്യജീവിതത്തെയും അപരമാക്കി നിർത്തുന്നു' എന്ന് പ്രദീപൻ പാമ്പിരിക്കുന്ന് അദ്ദേഹത്തിന്റെ 'ദളിത് സൗന്ദര്യശാസ്ത്രം' എന്ന കൃതിയിൽ പറയുന്നുണ്ട്.ഭാരതീയ സൗന്ദര്യശാസ്ത്രത്തിന്റെ ,നമ്മുടെ കാവ്യശാസ്ത്രത്തിന്റെ അടിസ്ഥാന നിലപാട് ഇതാണ്.അതിനെ അതിനിശിതമായി ചോദ്യം ചെയ്യുന്ന പല കവിതകളും ദളിത് കവികളിൽ നിന്നുണ്ടായിട്ടുണ്ട്.എസ്.ജോസഫിന്റ 'ധ്വനി' മികച്ച  ഉദാഹരണങ്ങളിൽ ഒന്നു മാത്രം.
പോസ്റ്റ്‌മോഡേൺ കാലത്താണ്  സാഹിത്യത്തിൽ അതേ വരെ ഇടം ലഭിക്കാതിരുന്ന അനേകം അനുഭവങ്ങളും ചിന്തകളും കഥയിലേക്കും കവിതയിലേക്കുമെല്ലാം കടന്നുവന്നത് എന്ന് പറയാറുണ്ട്.അത് ശരിയാണ്.പോസ്റ്റ് മോഡേൺ കണ്ടീഷനെ വൈരുദ്ധ്യാത്മകമായിത്തന്നെ മനസ്സിലാക്കണം.പോസ്റ്റ്‌മോഡേൺ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ സൂചനകൾ പോലും ഇവിടെ  ഉണ്ടായിട്ടില്ലെന്നും മറ്റും വാദിച്ചു ജയിക്കുന്നതിൽ കാര്യമില്ല.ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയവും സാമ്പത്തികനയവുമെല്ലാം ലോകത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞുവെന്നതിൽ സംശയമില്ല.പക്ഷേ, മനുഷ്യചരിത്രത്തിലെ ഏത് പരിണാമവും പല തിന്മകൾക്കിടയിലും പുതിയ ചില സാധ്യതകൾ കൂടി കൊണ്ടുവരും.അടിമ ഉടമ സമ്പ്രദായത്തിന്റെ സ്ഥാനത്ത് ഫ്യൂഡലിസം വന്നപ്പോഴും പിന്നെ ഫ്യൂഡലിസത്തെ നിർവീര്യമാക്കി മുതലാളിത്തം വന്നപ്പോഴും മനുഷ്യരാശി അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.ബഹുരാഷ്ട്രമുതലാളിത്തത്തിനും അത് ബാധകമാണ്.അതിന്റെ അർത്ഥം ബഹുരാഷ്ടമുതലാളിത്തം മനുഷ്യചരിത്രം എത്തിച്ചേർന്നിരിക്കുന്ന സമ്മോഹനമായ ഒരു ഘട്ടമാണ് എന്നല്ല.ചരിത്രത്തെ വൈരുദ്ധ്യാത്മകമായി മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ആഗോളീകരണകാലത്ത്  ബഹുരാഷ്ടമുതലാളിത്ത ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ അധികാരപ്രയോഗങ്ങൾ മാത്രമല്ല പല അധികാരഘടനകളുടെയും സ്വേച്ഛാധിപത്യത്തെ തകർക്കുന്ന ചിലത് കൂടി ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വരും.സാഹിത്യത്തിന്റെയും സംസ്‌കാരപഠനത്തിന്റെയുമെല്ലാം ലോകത്ത് യാഥാർത്ഥ്യമായിക്കഴിഞ്ഞ ബഹുസ്വരതയെ അങ്ങനെ തിരിച്ചറിയുന്നതാണ് ശരി. ആശയങ്ങളുടെയും അഭിരുചികളുടെയും  സൗന്ദര്യസങ്കൽപങ്ങളുടെയും ഏകീകരണത്തിനു വേണ്ടി ഇന്ത്യൻ ഭരണകൂടം നടത്തി വരുന്ന ശ്രമങ്ങളെ സാംസ്‌കാരിക രംഗത്ത് ചെറുക്കാനുള്ള മുഖ്യമാർഗം രാജ്യത്തെ സാംസ്‌കാരിക വൈരുദ്ധ്യങ്ങളെ ഉയർത്തിക്കാട്ടുകയും വരേണ്യതയുടെ മേൽക്കോയ്മ കാരണം കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് പ്രവേശം നിഷേധിക്കപ്പെട്ട അനുഭവങ്ങളെയും ആവിഷ്‌കാരരീതികളെയും തുടരെത്തുടെപ്രവേശിപ്പിക്കുകയും ചെയ്യുക  എന്നതു തന്നെയാണ്.അതിനുള്ള ബോധപൂർവമായ ശ്രമം നടന്നത് ആധുനികോത്തര കാലത്താണ്.ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ ഇന്ത്യക്കാരെ സജ്ജരാക്കുന്നതിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും ബ്രിട്ടീഷ്  നിയമവ്യവ്യവസ്ഥയുമായുള്ള പരിചയത്തിലൂടെയും ആർജിച്ച അവകാശബോധത്തിനുള്ള പങ്ക് ചെറുതല്ലെന്ന്  പറയാതിരിക്കാനാവില്ല.അങ്ങനെ പറയുന്നത് ബ്രിട്ടീഷാധിപത്യത്തിന്റെ ന്യായീകരണമാവുകയുമില്ല.പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി എന്ന് ഫ്രെഡറിക് ജെയിംസൺ നിർവചിച്ച പോസ്റ്റ്‌മോഡേണിസത്തെ മനസ്സിലാക്കുന്നതിലും ഈ സമീപനം തന്നെയാണ് യുക്തം.
ദളിത് കവിതകൾക്കു പുറമെ സ്ത്രീപക്ഷ കവിതകളും പുതിയ പാരിസ്ഥിതികാവബോധത്തെ ഉയർത്തിപ്പിടിക്കുന്ന കവിതകളും മലയാളസാഹിത്യത്തിൽ പുതിയ തുറസ്സുകൾ ഉണ്ടാക്കിയിട്ടുണ്ട്.ഗിരിജ പി.പാതേക്കരയുടെ 'പെൺപിറവി' എന്ന കവിത പ്രഖ്യാപിച്ചതു പോലെ 'ഇനി ഊഴം എന്റെതാണ്' എന്ന് സാഹിത്യലോകത്തോട് ധൈര്യപൂർവം പറയുന്ന അനേകം പെൺകവിതകളും പെൺകഥകളും മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞു.
കവിക്ക് പരിവേഷനഷ്ടം സംഭവിച്ച കാലമാണ് പുതിയ കാലം. പോസ്റ്റ് മോഡേൺ കാലം പോസ്റ്റ് ഓറാറ്റിക് ( post auratic)കാലമാണ് എന്ന് പറയാറുണ്ട്. കവി എന്ന പദവിയിലിരുന്ന് വെറുതെ പൊങ്ങച്ചം ഭാവിക്കുന്നതിൽ അർത്ഥമില്ലെന്നും തങ്ങളുടെ കാലത്തെ ജീവിതത്തെ അറിയലാണ് പ്രധാനമെന്നും നമ്മുടെ പുതുകവികളിൽ ചിലരെങ്കിലും വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞുവെന്നത് ആഹ്ലാദകരമായ ഒരു വസ്തുതയാണ്.സോമൻ കടലൂരിന്റെ 'വെന്തമണ്ണിൽ'എന്ന കവിത നോക്കുക:
കവികളേ
നിങ്ങളുടെ കൂടാരത്തിൽ നിന്ന്
എന്നെ ചവിട്ടിപ്പുറത്താക്കണേ…
ചിത്രകാരന്മാരേ
നിങ്ങളുടെ സത്രത്തിൽ നിന്ന്
എന്നെ വലിച്ച് പുറത്തിടണേ..
ആയിരം പൊയ്ക്കാലുകളിൽ
ആകാശവേദിയിൽ
ആരവങ്ങൾക്കു നടുവിൽ
നിങ്ങളാദരിക്കപ്പെടുമ്പോൾ
രണ്ടുകാലിൽ
പച്ച മണ്ണിൽ
വെന്തു നടക്കാൻ
എന്നെയനുവദിക്കണേ…

ഞാൻ അവസാനിപ്പിക്കാം.സമകാല മലയാളസാഹിത്യത്തെ മനസ്സിലാക്കുമ്പോൾ ആ രചനകളെ മാത്രമല്ല അവയെ യാഥാർത്ഥ്യമാക്കിത്തീർത്ത പുതിയബോധനവീകരണത്തെയും അതിനു പിന്നിലെ രാഷ്ട്രീയത്തെയും മനസ്സിലാക്കുക തന്നെ വേണം.ഒരിക്കൽക്കൂടി പറയാം:സാമൂഹ്യാനുഭവങ്ങളെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയും അകലെ മാറ്റി നിർത്തിക്കൊണ്ട് കവിതയെ മനസ്സിലാക്കാനാവില്ല.

(കോഴിക്കോട് സർവകലാശാല മലയാള കേരള പഠന വിഭാഗം നടത്തിയ ദ്വിദിന കാവ്യാസ്വാദനക്കളരിയിൽ 2017 മാർച്ച് 7 ന് നടത്തിയ പ്രഭാഷണം.)










Tuesday, March 14, 2017

സ്‌കൂളുകൾ ഹൈടെക് ആവുമ്പോൾ

കേരളത്തിലെ വിദ്യാലയങ്ങൾ ഹൈടെക് ആവാൻ പോവുന്നതിന്റെ ഉത്സാഹം അധ്യാപകരിലും വിദ്യാർത്ഥികളിലും ബഹുജനങ്ങളിലും ഉയർന്ന അളവിലല്ലെങ്കിൽത്തന്നെയും  പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.ഒന്നാന്തരം ടൈൽസ് പതിപ്പിച്ച തറയും നല്ല മേൽക്കൂരയും വൃത്തിയായി ചായം തേച്ച ചുമരുകളും മികച്ച രീതിയിലുള്ള വൈദ്യുതീകരണവുമൊക്കെയായി  ഭംഗിയുള്ള, സുരക്ഷിതമായ ക്ലാസ്മുറികൾ, വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ലാപ്‌ടോപ്പുകൾ,ഹൈസ്പീഡ് ഫൈബർബെയ്‌സ്ഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ,മൾട്ടിമീഡിയാ പ്രൊജക്ടർ,മൾട്ടി ഫങ്ക്ഷൻ പ്രിന്റർ,എൽ.സി.ഡി.ടി വി ,എച്ച്.ഡി.കാമറ എല്ലാം നല്ലതു തന്നെ.കാലം മാറുന്നതിനനുസരിച്ച് ജ്ഞാനസമ്പാദനത്തിനുള്ള സൗകര്യങ്ങൾ വർധിക്കണം,ക്ലാസ്‌റൂമിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടണം. ഇവയെല്ലാം ഉറപ്പു വരുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യുക തന്നെ വേണം.അതേ സമയം,സ്‌കൂളുകൾ ഹൈടെക് ആവുന്നതിന്റെ ആഹ്ലാദവും ഉത്സാഹവും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെത്തന്നെ മറന്നുകളയുന്നതിനുള്ള പ്രേരണയും ന്യായീകരണവുമായി മാറുകയാണെങ്കിൽ  അക്കാര്യം തിരിച്ചറിയാതിരിക്കരുത്.കേവലമായ തിരിച്ചറിവിൽ അത് നിന്നുപോവുകയും ചെയ്യരുത്.
 ശാസ്ത്രമാണ്,ശാസ്ത്രം മാത്രമാണ് മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്ന ധാരണ തികച്ചും അശാസ്ത്രീയമാണ്.മനുഷ്യരാശി പിന്നിട്ടുപോന്ന വഴികളെ കുറിച്ചുള്ള അറിവുകളുടെ വിതരണം,സാഹിത്യത്തിലൂടെയും ഇതര കലകളിലൂടെയും ലോകജീവിത യാഥാർത്ഥ്യങ്ങൾക്ക് ഓരോ കാലത്തും ഉണ്ടായിട്ടുള്ള സർഗാത്മക പുന:സൃഷ്ടികളുടെ ആസ്വാദനം,ദർശനം,ചരിത്രം, സൗന്ദര്യശാസ്ത്രം, നരവംശശാസ്ത്രം,ഫോക്‌ലോർ എന്നിങ്ങനെയുള്ള അനേകം മാനവിക വിഷയങ്ങളുടെ മേഖലകളിൽ നടന്ന പഠന ഗവേഷണങ്ങൾ ഇവയെല്ലാം മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ  അവയുടെതായ പങ്ക് വഹിച്ചിട്ടുണ്ട്.ശാസ്ത്രത്തിന്റെ നേട്ടങ്ങൾ കൊണ്ട് പകരം വെക്കാവുന്നവയല്ല അവയിൽ ഒന്നു പോലും.
വിദ്യാഭ്യാസം ഹൈടെക് ആവുന്നത് അറിവ് നേടുന്നതിലും അത് ഏത് സമയത്തും തങ്ങൾക്ക് എടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിച്ചുവെക്കുന്നതിലും വിദ്യാർത്ഥികൾക്ക് വലിയ തോതിൽ സഹായകമായിത്തീരും.അത് തീർച്ചയായും ആഹ്‌ളാദകരമാണ്.പക്ഷേ,ഏത് തരം അറിവ് നേടണം,ഒരു മേഖലയിൽ നിന്ന് സമാഹരിക്കുന്ന വിവരങ്ങളെ മറ്റ് ഏതൊക്കെ മേഖലകളിലെ ഏതൊക്കെ അറിവുകളുമായി ബന്ധിപ്പിക്കണം,അറിവിനെ എങ്ങനെ സൗന്ദര്യാനുഭവമാക്കി മാറ്റണം, എങ്ങനെ സമൂഹത്തിന്  പ്രയോജനപ്പെടും വിധം രൂപാന്തരപ്പെടുത്തണം, കൃത്യമായി ചൂണ്ടിക്കാണിക്കാനാവുന്ന പ്രയോജനം അല്ലെങ്കിൽ ലാഭം ഒന്നുമേ  ഇല്ലാത്തവയായാൽത്തന്നെയും കലാസൃഷ്ടികളുടെ ആസ്വാദനവും അപഗ്രഥനവുമൊക്കെ എന്തുകൊണ്ട് ജീവിതത്തിന്റെ ഭാഗമായിത്തീരണം എന്നൊക്ക മനസ്സിലാക്കാൻ  ക്ലാസ്മുറികളിലെ ഹൈടെക് സൗകര്യങ്ങൾ വിദ്യാർത്ഥികളെ വലുതായി സഹായിക്കില്ല.ഈ വക കാര്യങ്ങളൊന്നും മനസ്സിലാക്കാതുള്ള വിദ്യാഭ്യാസം ആ പേരിന് അർഹമല്ല താനും.
സ്വതന്ത്രചിന്തയുടെയും ഭാവനയുടെയും ലോകങ്ങളെ അനാവശ്യമെന്ന് വിധിച്ച് തള്ളാനും ജീവിതത്തിന്റെ ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നാനും പഠിപ്പിക്കപ്പെടുന്ന വിദ്യാർത്ഥി  ഭാവിയിൽ സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത.മറ്റ് ദോഷങ്ങളൊന്നും അയാളിൽ നിന്ന് /അവളിൽ നിന്ന് ഉണ്ടായില്ലെങ്കിൽത്തന്നെയും നീതിക്കുവേണ്ടി സാധാരണ ജനങ്ങൾ നടത്തുന്ന എല്ലാ സമരങ്ങളിലും അയാളുടെ/അവളുടെ നിൽപ് എതിർപക്ഷത്തായിരിക്കുമെന്ന് ഉറപ്പിക്കാം.ഏത് മേഖലയിലായാലും ജ്ഞാനം എങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്നു,അതിനെ ആര് എന്തൊക്കെ ആവശ്യങ്ങൾക്കു വേണ്ടി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നിങ്ങനെയൊക്കയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ പ്രധാനം തന്നെയാണ്.ആ അറിവിന്റെ അഭാവത്തിൽ വൈദഗ്ധ്യത്തിന്റെ വിനിയോഗം ഏത് ഘട്ടത്തിലും ജനവിരുദ്ധമായിത്തീരും.
ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവരിലും ആ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും മാത്രമല്ല രാഷ്ട്രീയ നേതാക്കൾ,മാധ്യമ പ്രവർത്തകർ,ഡോക്ടർമാർ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും കേവലം സാങ്കേതിക വൈദഗ്ധ്യം മാത്രം കൈമുതലാക്കിയ പലരിലും കാണാറുള്ള അതേ ഉന്മേഷരാഹിത്യവും ഉത്തരവാദിത്വബോധമില്ലായ്കയും  ഇരുണ്ട നിർമമതയും കനം തൂങ്ങി നിൽക്കുന്നത് കാണാറുണ്ട്.തങ്ങളെ ഏൽപിച്ച ജോലി കൃത്യനിഷ്ഠയോടെ ചെയ്യുന്നതിലപ്പുറം ഒന്നും ചെയ്യാനില്ല എന്ന് ഭാവിക്കുന്ന ഇവർ ഏതെങ്കിലുമൊരു പ്രശ്‌നത്തിൽ നിലപാടെടുക്കേണ്ടി വരുമ്പോൾ  ആദ്യം കൈവിടുന്നത് നീതിബോധമായിരിക്കും. തങ്ങളുടെ പാർട്ടി തങ്ങളെ ഏൽപിച്ച ജോലി പാർട്ടിയുടെ അഭിമാനം കാത്തുരക്ഷിക്കും വിധം ചാനൽ ചർച്ചകളിൽ വീറോടെ അവതരിപ്പിക്കുന്ന വിവിധരാഷ്ട്രീയകക്ഷി പ്രതിനിധികൾ തങ്ങൾ പറയുന്നതിൽ ഏതളവ് വാസ്തവമുണ്ടായിരിക്കണം എന്നതിലല്ല  ആ പറച്ചിൽ എത്രത്തോളം പാർട്ടിക്ക് ഗുണകരമായിരിക്കണം എന്നതിൽ മാത്രമാണ് ഊന്നൽ നൽക്കുക.അതുകൊണ്ടു തന്നെ ആവശ്യമായ സന്ദർഭങ്ങളിൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഏത് ഹിംസയെയും ഏത് അഴിമതിയെയും അവർക്ക് ന്യായീകരിക്കാനാവും.അവരുടെ വൈദഗ്ധ്യം കേവല സാങ്കേതിക വിദഗ്ധന്റെതിന് തുല്യമാണ്.അത് ആത്യന്തിക പരിഗണനയിൽ അധാർമികതയിൽ കവിഞ്ഞുള്ള ഒന്നും തന്നെയല്ലതാനും.
ഈ രാഷ്ട്രീയക്കാരുടെതിൽ നിന്ന് വളരെയൊന്നും മെച്ചമല്ല പല അക്കാദമിക് പണ്ഡിതന്മാരുടെയും നില.തങ്ങൾ വ്യാപരിക്കുന്ന വിഷയത്തെപ്പറ്റി ,ചിലപ്പോൾ അനേകം വിഷയങ്ങളെപ്പറ്റി അവർ ആധികാരികമായി സംസാരിച്ചെന്നു വരും.വസ്തുതകളുടെ കാര്യത്തിൽ അവർക്ക് പിഴവ് പറ്റില്ല.തങ്ങളുടെ വാദങ്ങൾ അവർ അവതരിപ്പിക്കുന്നത് നല്ല അടുക്കും ചിട്ടയോടും കൂടിയായിരിക്കും.എതിർവാദങ്ങളെ ഖണ്ഡിക്കുന്നതിൽ അവർ സമർത്ഥരായിരിക്കും. പക്ഷേ,പ്രായോഗിക പ്രശ്‌നങ്ങളുമായോ, സമൂഹത്തിൽ  നിലവിലുള്ള സംഘർഷങ്ങളുമായോ തങ്ങളുടെ നിരീക്ഷണങ്ങളെ ബന്ധപ്പെടുത്തുന്നതിൽ വലിയൊരളവോളം അവർ വിമുഖരായിരിക്കും.ഒരു സംസാരത്തെയോ സംവാദത്തെയോ  അക്കാദമിക് എന്നു വിശേഷിപ്പിക്കുമ്പോൾ മൗലികമായ പുതിയ ചിന്തകൾ ഇല്ലാത്തത്,വെറും സിദ്ധാന്തം പറച്ചിലിൽ ഒതുങ്ങുന്നത് എന്നൊക്കെ നാം അർത്ഥമാക്കുന്നത് ഈ വസ്തുത മുൻനിർത്തിയാണ്.സാഹിത്യവും മാനവിക വിഷയങ്ങളുമായി ബന്ധപ്പെടുന്ന നിരീക്ഷണങ്ങൾ രൂപപരമായ അല്ലെങ്കിൽ സാങ്കേതികമായ തികവാണ് പരമ പ്രധാനം എന്ന ധാരണയോടെ അവതരിപ്പിക്കുന്നവർ ജ്ഞാനത്തിന്റെ പ്രയോജനത്തെ കുറിച്ചുള്ള ധാരണയുടെ ഏറ്റവും താഴ്ന്ന പടിയിലാണ് നിൽക്കുന്നത്.തങ്ങളുടെ നിരീക്ഷണങ്ങളെ സ്വാധീനിക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഘടകങ്ങളെ കുറിച്ച് അവർ തികച്ചും അജ്ഞരായിരിക്കും.അതുകൊണ്ടു തന്നെ അവരുടെ നിരീക്ഷണങ്ങൾക്ക്  പരിമിതികൾ ഏറെയായിരിക്കും.
അറിവിനെ കേവലം പ്രൊഫഷണൽ താൽപര്യത്തോടെ മാത്രം സമീപിക്കുന്ന അധ്യാപകരും ഗവേഷകരും എഴുത്തുകാരും എണ്ണത്തിൽ വളരെ കൂടുതലാണിന്ന്.അറിവിന്റെ സാമൂഹ്യമായ അർത്ഥം,രാഷ്ട്രീയം എന്നൊക്കെ കേൾക്കുമ്പോൾ അവർക്ക് വിറളി പിടിക്കും.അറിവ് സാങ്കേതിക വിദ്യയിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും അറിവിന്റെ അവതരണവും പകർന്നേകലും നിയമാനുസൃതമാകുന്നതിനേക്കാൾ പ്രധാനം സർഗാത്മകമാവുക എന്നതാണെന്നും അവർക്ക് മനസ്സിലാകില്ല.റൊമിലാ ഥാപ്പറെ ഉദ്ധരിക്കാം:
'I have the feeling that, these days,there are many professionals who are essentially technicians,whether of the natural sciences or the social sciences,and that we forget that there are philosophies and knowledge systems behind any investigation and that these are more than just technology '. – ( The public intellectual in india -p.142-)

സർഗാത്മകതയെ മാറ്റി നിർത്തി ജ്ഞാനത്തെ സമീപിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെട്ടു കൂടാത്തതാണ്.സ്‌കൂളുകൾ ഹൈടെക് ആക്കുമ്പോഴും ടെകനോളജിക്ക് പുറത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്നും ഓരോ മനുഷ്യന്റെയും വൈകാരിക ജീവിതത്തിന്റെ പരിപോഷണത്തിലും മനുഷ്യർ തമ്മിലുള്ള പരസ്പര ധാരണയുടെയും സ്‌നഹത്തിന്റെയും വളർച്ചയിലും  സാഹിത്യത്തിനും  ഇതര കലകൾക്കുമുള്ള പങ്ക് എത്രയോ വലുതാണെന്നും പുതിയ തലമുറയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.ചെയ്യുന്ന ജോലി ഏതായാലും ആ ജോലി ആവശ്യപ്പെടുന്ന സാങ്കേതികജ്ഞാനം കൊണ്ടു മാത്രം ഒരാൾ തൃപ്തിപ്പെടുന്ന അവസ്ഥ അഭിമാനകരമല്ല.മനുഷ്യാവസ്ഥയുടെ ഏറ്റവും വലിയ സൗഭാഗ്യം കലയുടെ നിർമാണത്തിനും ആസ്വാദനത്തിനുമുള്ള ശേഷിയാണ്.അത് ജന്മവാസനകളിൽ ഒന്നു തന്നെയാണ് (Art Instinct). ഈ ജന്മവാസനയ്ക്ക് ഏറ്റവും മനോഹരവും അർത്ഥപൂർണവുമായ ആവിഷ്‌കാരം സാധ്യമാക്കാനുള്ള പരിശീലനം വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ഭാഗം തന്നെയായിരിക്കണം.ടെക്‌നോളജിയെ അതിന് പകരം വെക്കാമെന്ന തെറ്റിദ്ധാരണയാവരുത് വിദ്യാലയങ്ങളെ ഹൈടെക് ആക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്.ഇക്കാര്യത്തിൽ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും നിർബന്ധബുദ്ധി കാണിക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് ഇതിനകം തന്നെ വലിയൊരളവോളം അന്യമായിക്കഴിഞ്ഞ സർഗാത്മകതയുടെ സൗന്ദര്യം ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടമാവുക തന്നെ ചെയ്യും.






Sunday, December 18, 2016

അമോസ് ടുട്ടുവോളയുടെ 'കള്ളുകുടിയൻ'

നൈജീരിയൻ എഴുത്തുകാരനായ അമോസ് ടുട്ടുവോളയുടെ 'The Palm-Wine Drinkard'  ന്റെ ആദ്യപതിപ്പ് പുറത്തു വന്നത് 1952 ലാണ്. ആഫ്രിക്കക്ക് പുറത്ത് പരിഭാഷയായല്ലാതെ ഇംഗ്ലീഷിൽ നേരിട്ട് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ നോവലാണ് ഇത്. മോശമായ ഇംഗ്ലീഷിന്റെയും ഭംഗിയില്ലാത്ത ശൈലിയുടെയും നാട്ടുകാരെപ്പറ്റി കേവലം പ്രാകൃതരെന്ന തെറ്റിദ്ധാരണ യുണ്ടാക്കിയേക്കാവുന്ന ഇതിവൃത്തത്തിന്റെയും പേരിൽ സ്വന്തം നാട്ടിൽ രൂക്ഷമായി വിമർശിക്കപ്പെട്ട 'പാംവൈൻ ഡ്രിങ്കാർഡി'നെ ആദ്യമായി പുകഴ്ത്തിയത് വിഖ്യാത വെൽഷ് കവി ഡിലൻ തോമസ് ആണ്.പിന്നീട് യൂറോപ്പിലെയും അമേരിക്കയിലെയും വായനക്കാരും  നിരൂപകരും ആവേ ശപൂർവം കൊണ്ടാടിയ ഈ കൃതി എ.വി.ഗോപാലകൃഷ്ണൻ 'കള്ളുകുടിയൻ' എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് പരിഭാ ഷപ്പെടുത്തിയിട്ട് 8 വർഷം കഴിഞ്ഞു.കുറേയേറെ പേർ വായിച്ചിരി ക്കാമെങ്കിലും 'കള്ളുകുടിയൻ' സാഹിത്യ പ്രണയികളുടെ ഏതെങ്കിലുമൊരു കൂട്ടായമ ചർച്ചക്കെടുത്തതായി അറിവില്ല.ഒരു തമാശക്കഥയായോ ഗൗരവ പൂർണമായ പരിഗണന അർഹി ക്കാത്ത ഒരു ഫാന്റസിയായോ നൈജീരിയൻ നാടോടിക്കഥാപാരമ്പര്യത്തോട് പൂർണമായ കൂറും വിധേയ ത്വവും പുലർത്തുന്ന ഒരു ആധുനികകാല രചനയായോ മാത്രമേ 'കള്ളുകുടിയൻ' മനസ്സിലാക്കപ്പെട്ടുള്ളൂ എന്നു വേണം കരുതാൻ.ഇരുപതാം നൂറ്റാണ്ടിലെ ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിൽ ഒന്നെന്ന അംഗീകാരം നേടിക്കഴിഞ്ഞ 'കള്ളുകുടിയ'നെ മലയാളത്തിലെ വായനാലോകം ഇങ്ങനെ അവഗണിച്ചത് നമ്മുടെ നാട്ടിലെ സാഹിത്യവാ യനക്കും നിരൂപണത്തിനും  ചില കടുത്ത പരിമിതികളുണ്ടെന്നതിനുള്ള കൃത്യമായ തെളിവാണ്.
'കള്ളുകുടിയ'ന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ധ്വനികളത്രയും മുഴുവൻ വായനക്കാരും ആദ്യവായനയിൽ തന്നെ പിടിച്ചെടുക്കുമെന്നോ അവരുടെ ഭാഗത്തു നിന്ന് അതിനു വേണ്ടിയുള്ള താൽപര്യപൂർണമായ ശ്രമം ഉണ്ടാകുമെന്നു പോലുമോ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.എന്നാൽ യുക്തിയുടെയും കാര്യകാരണബന്ധങ്ങളുടെയും തുഴകളാൽ നിയന്ത്രി ക്കപ്പെടാതെ,ഒരു ലക്ഷ്യസ്ഥാനത്തേക്കുമല്ലാതെ ഒഴുകിപ്പോവുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയുള്ള ഈ വിചിത്രമായ കഥയെ അർത്ഥത്തിന്റെ/അർത്ഥങ്ങളുടെ ഏതെങ്കിലുമൊക്കെ കടവുകളിലേക്ക് വലിച്ചടുപ്പിക്കാതെ തന്നെ ഇഷ്ടപ്പെടാൻ പലർക്കും കഴിയേണ്ടതായിരുന്നു.അതെങ്കിലും സംഭവിച്ചിരുന്നെങ്കിൽ 'കള്ളുകുടിയൻ' നമ്മുടെ സാഹിത്യചർച്ചകളുടെ പൊതുപരിസരത്തുനിന്ന് പാടേ അകറ്റി നിർത്തപ്പെടുമായിരുന്നില്ല.
                                      ഭാഷ ഒരു  സമരമാർഗം
The Palm-Wine Drinkard  ഭാഷയെ ഒരു സമരമാർഗമായി സ്വീകരിച്ച കൃതി യാണെന്ന് കൃതിയുടെ പേരിലൂടെ തന്നെ വെളിപ്പെടുത്തിക്കൊണ്ടാണ്  അമോസ് ടുട്ടുവോള ആരംഭിച്ചിരിക്കുന്നത്. 'ഇംഗ്ലീഷിലെ ശരിയായ പദം drunkard എന്ന് ആയിക്കൊള്ളട്ടെ.നൈജീരിയയിലെ സാധാരണക്കാരന്റെ ഇംഗ്ലീഷിൽ അത് drinkard ആണ്.നിങ്ങൾക്ക് വേണമെങ്കിൽ അതിനെ അംഗീകരിക്കാം.ഇല്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല.എന്റെ ഇംഗ്ലീഷ് ഇതാണ് എന്ന പ്രഖ്യാപനം തന്നെയാണ് ടുട്ടുവോള തന്റെ പുസ്തകത്തിന് നൽകി യിരിക്കുന്ന  പേരിൽ ഉള്ളത്. 'The Palm-Wine Drinkard'  എന്ന ശീർഷകത്തിൽ മാത്രമല്ല ആഖ്യാനത്തിലും ഭാഷയുടെ തലത്തിൽ അദ്ദേഹം ഈ സ്വാതന്ത്ര്യം കൂസലില്ലാതെ പ്രയോഗിച്ചിട്ടുണ്ട്. ഡിലൻ തോമസ് 'young English'  എന്നു വിശേഷിപ്പിച്ച ടുട്ടുവോളയുടെ ഇംഗ്ലീഷിന് ചെറുപ്പത്തിന്റെ ഭംഗിയും കുസൃതിയും കൂസലില്ലായ്മയുമെല്ലാം വേണ്ടുവോളമുണ്ടെന്ന് ലോകമെമ്പാടുമുള്ള വായനക്കാരും നിരൂപകരും ദശകങ്ങൾക്കു മുമ്പേ തിരിച്ചറിഞ്ഞു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നോവലു കളിലൊന്നായി ' The Palm-Wine Drinkard'   അംഗീകൃതമാവുകയും ചെയ്തു.
 'പാം വൈൻ ഡ്രിങ്കാർഡി'ലേത് അവിദഗ്ധമായ ഇംഗ്‌ളീഷോ പൊട്ടിപ്പൊളിഞ്ഞ ഇംഗ്ലീഷോ അല്ല തെക്കുപടിഞ്ഞാറൻ നൈജീരിയിലെ പ്രധാനഭാഷയായ യോറുബായുടെ  പ്രകടമായ സ്വാധീനമുള്ള 'യോറുബാ ഇംഗ്ലീഷാ'ണെന്നും അതിന് പ്രത്യേകമായൊരു താളവും ആന്തരിക യുക്തിയും ഉണ്ടെന്നും മനസ്സിലാക്കാൻ വിഷമമില്ല.  യോറുബായിലെ വാമൊഴിക്കഥകളുടെ വഴിയിലൂടെയാണ് നോവലിന്റെ ആഖ്യാനമെന്നതും എളുപ്പത്തിൽ തിരിച്ചറിയാം.നൈജീരിയൻ ജനമനസ്സിനെയും ആഫ്രിക്കൻ കഥാഖ്യാന പാരമ്പര്യത്തെയും ആഴത്തിൽ മനസ്സിലാക്കുന്നതിന് പ്രയോജനപ്പെടുന്ന കൃതികളിൽ പ്രഥമസ്ഥാനം തന്നെയാണ് 'ദി പാംവൈൻ ഡ്രിങ്കാർഡി'ന് ഉള്ളത്.
 നോവലിന്റെ ആരംഭം ഇങ്ങനെയാണ്. 'I was a palm-wine drinkard since I was a boy of ten years of age. I had no other work more than to drink palm-wine in my life ' (പത്ത് വയസ്സുള്ള കുട്ടിയായിരിക്കുമ്പോൾതന്നെ ഞാനൊരു കള്ളുകുടിയനായിരുന്നു.പനങ്കള്ളു കുടിക്കുകയല്ലാതെ മറ്റൊരു പണിയും എനിക്ക് ജീവിതത്തിൽ ഇല്ലായിരുന്നു. –- പരി: എ.വി.ഗോപാലകൃഷ്ണൻ)
ഇനി നോവലിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള ഏതാനും വാക്യങ്ങൾ നോക്കുക:
'By and by, this lady followed the Skull to his house, and the house was a hole which was under the ground. When they reached there both of them entered the hole. But there were only Skulls living in that hole. At the same time that they entered the hole, he tied a single Cowrie on the neck of this lady with a kind of rope, after that, he gave her a large frog on which she sat as a stool, then he gave a whistle to a Skull of his kind to keep watch on this lady whenever she wanted to run away. Because the Skull knew already that the lady would attempt to run away from the hole. Then he went to the backyard to where his family were staying in the daytime till night. '   ( ഈ സ്ത്രീ തലയോട്ടിയെ അയാളുടെ വീട്ടിലേക്ക് പിന്തുടർന്നു.അയാളുടെ വീട് ഭൂമിക്കടിയിലുള്ള ഓട്ടയായിരുന്നു.അവിടെ എത്തിച്ചേർന്നപ്പോൾ രണ്ടുപേരും ഓട്ടയ്ക്കകത്തേക്ക് കടന്നു.എന്നാൽ ആ ഓട്ടക്കുള്ളിൽ ജീവിക്കുന്നത് തലയോട്ടികൾ മാത്രമാണ്.ആ ഓട്ടയ്ക്കത്ത് കടന്ന ഉടനെ തന്നെ അയാൾ ഒരു കവടിയെടുത്ത് കയറുപോലൊരു സാധനം കൊണ്ട് അവളുടെ കഴുത്തിൽ കെട്ടി.വലിയൊരു തവളയെ അവൾക്ക് കൊടുത്തു.അതിനു മുകളിൽ അത് ഒരു സ്റ്റൂളെന്ന മട്ടിൽ അവളിരുന്നു.ഇവൾ ഓടിപ്പോകുന്നുണ്ടോ എന്ന് നോക്കുന്നതിനായി കാവൽ നിൽക്കാൻ ഇതേ പോലൊരു തലയോട്ടിക്ക് ചൂളം കൊടുത്തു.ഈ ഗുഹയിൽ നിന്നും ഈ സ്ത്രീ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമെന്ന് തലയോട്ടിക്കറിയാമായിരുന്നു.രാത്രിയാകുന്നതുവരെ,പകൽ മുഴുവനും അയാളുടെ കുടുംബം കഴിച്ചു കൂട്ടുന്ന പരിയമ്പറത്തേക്ക് അയാൾ പോയി.-( പരി:എ.വി.ഗോപാലകൃഷ്ണൻ )
 ടുട്ടുവോളയുടെ ഭാഷാരീതിയും നോവലിലെ ആഖ്യാനത്തിന്റെ സ്വഭാവവും മനസ്സിലാക്കാൻ ഇത്രയും മതിയാകുമെന്ന് കരുതുന്നു.
ഇതിവൃത്തം
'കള്ളുകുടിയ'നിലെ ആഖ്യാതാവ് ഒരു സമ്പന്നന്റെ മകനായിരുന്നു.തന്റെ എട്ട് മക്കളിൽ മൂത്തവനായ ഇയാൾക്ക് കുടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല എന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ അച്ഛൻ മകനു വേണ്ടി ഒരു കള്ളു ചെത്തുകാരനെ ഏർപ്പാടാക്കി.ഈ ചെത്തുകാരൻ ഒരു ദിവസം പനയിൽ നിന്ന് താഴെ വീണ് മരിച്ചു.പനങ്കള്ള് കിട്ടാതെ വലഞ്ഞ ആഖ്യാതാവ് മരിച്ചുപോയ ചെത്തുകാരനെ അന്വേഷിച്ച് പുറപ്പെടുന്നു.അതി ദീർഘമായ തന്റെ യാത്രക്കിടയിൽ അയാൾ ഭ്രമാത്മകം എന്നു മാത്രം പറയാൻ പറ്റുന്ന പല പല അത്ഭുത സംഭവങ്ങളിലൂടെയും കടന്നു പോവുന്നു.ഏതൊക്കെയോ അലൗകിക ജീവികൾ,ജീവനുള്ളവയെ പോലെ പെരുമാറുന്ന അചേതന വസ്തുക്കൾ,വിചിത്ര പ്രകൃതികളായ രാജാക്കന്മാർ അങ്ങനെ പലരെയും അയാൾ കണ്ടുമുട്ടുന്നു,മരണത്തെ പിടിച്ചു കെട്ടുന്നതും സ്വന്തം മരണത്തെ വിൽക്കുന്നതും ഉൾപ്പെടെയുള്ള പല അത്ഭുതങ്ങളും അയാൾ  പ്രവർത്തിക്കുന്നു.ഒടുവിൽ ലോകത്തെ മുഴുവൻ തീറ്റിപ്പോറ്റാൻ ശേഷിയുള്ള ഒരു മുട്ട അയാൾക്ക് കിട്ടുന്നു. ആ മുട്ട അയാൾ ആവശ്യപ്പെട്ടതനസരിച്ച് അനേകമനേകം പേർക്ക് തിന്നാനും കുടിക്കാനും വേണ്ടത് ഉണ്ടാക്കുന്നു.അങ്ങനെ അയാൾ തന്റെ നഗരത്തിലെ ഏറ്റവും വലിയ മനുഷ്യനായി മാറുന്നു.വേണ്ടത്ര തിന്നുകയും കുടിക്കുകയും ചെയ്ത് സന്തോഷവാന്മാരായ ആളുകൾ കളിക്കാനും മല്ലയുദ്ധം നടത്താനും തുടങ്ങുന്നു. അവരുടെ ബഹളത്തിനിടയിൽ മുട്ട പൊട്ടിപ്പോവുന്നു.രണ്ടായി പിളർന്ന മുട്ട കഥാനായകൻ ഒട്ടിച്ചു വെച്ചെങ്കിലും തുടർന്നങ്ങോട്ട് ആ മുട്ട ഒന്നും തന്നെ ഉണ്ടാക്കിയില്ല.മൂന്നു ദിവസം തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ആളുകൾ കാത്തുനിന്നു.പിന്നെ അയാളെ കുറ്റപ്പെടുത്തിക്കൊണ്ട് അവർ ഓരോരുത്തരായി സ്ഥലം വിട്ടു.
ആളുകളെല്ലാം ഒഴിഞ്ഞുപോയി കുറച്ചു ദിവസം കഴിഞ്ഞ് നായകൻ വീണ്ടും മുട്ടയോട് ആഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടു.എന്നാൽ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പത്ത് ലക്ഷം ചമ്മട്ടികളാണ് മുട്ട ഉണ്ടാക്കിയത്.ചമ്മട്ടികളെല്ലാം തിരിച്ചെടുക്കാൻ അയാൾ മുട്ടയോട് ആവശ്യപ്പെടുകയും മുട്ട അത് അനുസരിക്കുകയും ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞ് നായകൻ രാജാവിന്റെ അടുത്ത് പോയി എല്ലാ ജനങ്ങളോടും മുമ്പത്തെപ്പോലെ തന്നെ തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞു.തനിക്ക് ആദ്യത്തെ അത്ഭുതമുട്ട തന്ന തന്റെ കള്ളുചെത്തുകാരൻ പൊട്ടിപ്പോയ മുട്ടയേക്കാൾ കൂടുതൽ ശക്തിയുള്ള മറ്റൊരു മുട്ട കൊടുത്തയച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ഇതു കേട്ട് ആളുകളെല്ലാം തന്റെ വീട്ടിൽ ഓടിക്കൂടിയപ്പോൾ അയാൾ മുട്ടയെടുത്ത് അവരുടെ നടുവിൽ വെച്ചു.മുട്ട പത്ത്  ലക്ഷം ചമ്മട്ടിയുണ്ടാക്കി ആളുകളെ അടിക്കാൻ തുടങ്ങി. ആളുകൾ കൂടെ കൊണ്ടു വന്ന കുട്ടികളെയും വയസ്സന്മാരെയും ഒപ്പം കൂട്ടണമെന്നു പോലും ഓർക്കാതെ ഓടി രക്ഷപ്പെടാൻ തുടങ്ങി. രാജാക്കന്മാർക്കും അവരുടെ സേവകന്മാർക്കുമെല്ലാം അടി കിട്ടി. പലരും മരിച്ചു. ഒരു മണിക്കൂറിനകം നായകന്റെ വീടിനു മുന്നിൽ ഒരുത്തനും ഇല്ലെന്നായി.
എല്ലാവരും ഓടിപ്പോയെന്നു കണ്ടപ്പോൾ ചമ്മട്ടികൾ ഒരു സ്ഥലത്ത് ഒത്തുകൂടി വീണ്ടും മുട്ടയായി മാറുകയും ഉടൻ തന്നെ ആ മുട്ട അപ്രത്യ ക്ഷമാവുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങൾ കൊടും ക്ഷാമത്തി ന്റെതായിരുന്നു.അത് ഭീകരമായി തുടർന്നപ്പോൾ നായകൻ മരിക്കാതെ ബാക്കി വന്ന വയസ്സന്മാരെയെല്ലാം വിളിച്ചു കൂട്ടി ഒരു ബലി നടത്തി.പിന്നെ സ്വർഗത്തിൽ വെച്ച് ബലി നടത്താൻ രാജാവിന്റെ അടിമകളിലൊരാളെ അങ്ങോട്ടേക്കയച്ചു.അയാൾ സ്വർഗത്തിൽ പോയി സ്വർഗത്തിനുള്ള ബലി കൊടുത്ത് തിരിയെ ഭൂമിയിലേക്കുള്ള വഴി പകുതി പിന്നിടുന്നതിനു മുമ്പുതന്നെ പെരുമഴ പെയ്തു തുടങ്ങി.അടിമ പട്ടണത്തിൽ തിരിച്ചെ ത്തിയപ്പോൾ ആരും തന്നെ അവനെ  വീട്ടിൽ കയറാൻ അനുവദിച്ചി ല്ല.ബലിവസ്തുക്കൾ സ്വർഗത്തിലേക്ക് കൊണ്ടു പോയതു പോലെ അവൻ തങ്ങളെയും സ്വർഗത്തിലേക്ക് കൊണ്ടുപോയ്ക്കളയുമെന്ന് അവരെല്ലാം ഭയപ്പെട്ടു.
'യഥാക്രമം മൂന്നുമാസം മഴപെയ്തപ്പോൾ ഭക്ഷ്യക്ഷാമം ഇല്ലാതായി' എന്ന വാക്യത്തോടെയാണ് കള്ളുകുടിയൻ അവസാനിക്കുന്നത്.
'കള്ളുകുടിയ'ന്റെ സന്ദേശം
'പാംവൈൻ ഡ്രിങ്കാർഡി'ന്റെ ഇതിവൃത്തത്തെ നമ്മുടെ സാമാന്യ ബോധ ത്തിനും യുക്തിക്കും കീഴ്‌പ്പെടുത്തി നിർത്തി ആ കൃതിയിലെ സംഭവങ്ങളെ വ്യാഖ്യാനിച്ച് അർത്ഥഗ്രഹണം സാധിക്കാമെന്നു കരതുന്നത് വിഡ്ഡിത്തമാണ്. ഈ  നോവലിനെ വേണമെങ്കിൽ  ഭ്രമകല്പനകളുടെ ആഘോഷം മാത്രമായി ക്കണ്ട് ആസ്വദിക്കാം.ആ മട്ടിൽ  കഥകൾ കേട്ടുരസിച്ചിരുന്ന ഒരു പ്രാചീന ഫോക് മനസ്സ് ഇന്നും നമ്മുടെ മനസ്സിന്റെ ഭാഗം തന്നെയാ ണ്.പക്ഷേ,അതി സങ്കീർണമായി അനുഭവപ്പെട്ടതും ദുർഗ്രഹമെന്ന് പരക്കെ ആക്ഷേപിക്ക പ്പെട്ടതുമായ കൃതികളെപ്പോലും സൂക്ഷ്മവായനയിലൂടെ മനസ്സിലാക്കുകയും അവയിൽ ഒളിച്ചുവെക്കപ്പെട്ടതെന്ന് പറയാവുന്ന അർത്ഥത്തിന്റെ പല സാധ്യ തകളും കണ്ടെടുക്കുകയും ചെയ്തതിന്റെ അനുഭവ പരിചയമുള്ള പുതിയകാല വായനക്കാർക്ക് 'കള്ളുകുടിയ'നെ അനേകം കെട്ടുകഥകളുടെ ക്രമരഹി തമായ ഒരു സമാഹാരം മാത്രമായി കണ്ട് തൃപ്തിപ്പെടാനാവില്ല.
യോറുബാ വിശ്വാസങ്ങളിലും ഫോക്‌ലോറിലും ആഴത്തിൽ വേരുകളുള്ള ഒരു കൃതിയാണ് കള്ളുകുടിയൻ.ആഖ്യാനത്തിൽ അമോസ് ടുട്ടുവോള പ്രയോജനപ്പെടുത്തിയിരിക്കുന്നത് തനിക്ക് അതിപരിചിതമായ യോറുബാ ഫോക്കഥകളുടെ ഘടന തന്നെയാണ്.നാടോടിയായ കഥാകഥ നശൈലി ക്കൊപ്പം  അദ്ദേഹം ജീവിതമൂല്യങ്ങളെ കുറിച്ചുള്ള ,അല്ലെങ്കിൽ ജീവിതത്തിൽ മനുഷ്യൻ പാലിക്കേണ്ടുന്ന മിതത്വത്തെ കുറിച്ചുള്ള യോറുബാ വംശത്തിന്റെ വിശ്വാസപ്രമാണത്തിലും ഊന്നുന്നുണ്ട്. ധാർമിക മൂല്യങ്ങൾ കൈവിടുമ്പോൾ ജീവിതമെന്ന പ്രക്രിയ തന്നെ അപകടത്തിലാവുമെന്നത് യോറുബാ വംശക്കാരുടെ അടിയുറച്ച വിശ്വാസമാണ്.ജീവിതത്തിലെ പ്രാഥമികാവശ്യങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളിൽ, ആഡംബരങ്ങളിലും കേവലസുഖങ്ങളിലും, മനുഷ്യർ അത്യധികം ആസക്തരായിത്തീരുമ്പോൾ സംഗതികൾ ആകെ താറുമാറാകും.കള്ളുകുടിയന്റെ മനസ്സ് സുഖാന്വേഷണത്തിനുള്ള അടക്കവയ്യാത്ത വെമ്പലൊഴിച്ച് മറ്റൊന്നും പ്രവർത്തിക്കാത്ത ഇടമാണ്.അവിടെ ഉത്തരവാദിത്വബോധമോ ധാർമികതയിൽ ഊന്നുന്ന ഒരു ജീവിതശൈലി സ്വീകരിക്കണമെന്ന തോന്നലോ,ആദർശങ്ങളോ ,ആഴമേറിയ വികാരങ്ങൾ പോലുമോ ഇല്ല.അപ്പപ്പോൾ മുന്നിൽ വന്നു പെടുന്നതെന്തോ അതിന്റെ പിന്നാലെ വീണ്ടുവിചാരമില്ലാതെ പോവുക മാത്രമേ അയാൾ ചെയ്യുന്നുള്ളൂ.അയാൾക്ക് മാത്രമല്ല അയാളുടെ സുഹൃത്തുക്കൾക്കും ചുറ്റിലുമുള്ളവർക്കും വഴിയിൽ അയാൾ കണ്ടുമുട്ടുന്നവർക്കും ശരിയായ ആത്മബോധമോ ധർമസംശയങ്ങളോ ഇല്ല.അവനവന്റെ അപ്പപ്പോഴത്തെ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കണമെന്ന ചിന്തയേ അവർക്കുള്ളൂ.ആരോടും കടപ്പാടില്ലാത്ത,സ്‌നേഹമോ നന്ദിയോ ഇല്ലാത്ത ആളുകളാണവർ.എല്ലാം നൽകുന്ന മുട്ട ഒന്നും നൽകുന്നില്ലെന്നു കണ്ടപ്പോൾ ആ മുട്ട നൽകിയ ആഹാരവസ്തുക്കൾ ആവോളം ഭക്ഷിച്ച് മതികെട്ട് ആനന്ദിച്ചവർ തന്നെ മുട്ടയുടെ ഉടമയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പോകുന്നത്.തങ്ങൾക്കു വേണ്ടി സ്വർഗത്തിൽ പോയി ബലികർമം ചെയ്തു വന്ന അടിമയെ സ്വന്തം വീട്ടിലേക്ക് സ്വീകരിക്കാൻ അവരാരും തയ്യാറാവുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം അയാളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു.സ്വന്തം കാര്യം സാധിച്ചുകിട്ടിക്കഴിഞ്ഞാൽ അതിനു വേണ്ടി പാടുപെട്ടവനെപ്പോലും അവർക്കു വേണ്ട.ലോകമെമ്പാടും ഇത്തരത്തിലുള്ള ബുദ്ധിശൂന്യരും കൃതഘ്‌നരുമായ സുഖാന്വേഷികൾ നിറഞ്ഞിരിക്കുന്ന കാലമാണിത്.ഈ കാലത്തെ അത് രൂപപ്പെട്ടു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കൃത്യമായി അടയാളപ്പെടുത്തി വെച്ചിരിക്കുകയാണ് 'കള്ളുകുടിയനി'ൽ അമോസ് ടുട്ടുവോള .ധാർമികതയിൽ ഊന്നിനിന്നുകൊണ്ട് പാശ്ചാത്യ ഉപഭോഗസംസ്‌കാരത്തെ വ്യാഖ്യനിച്ച കൃതിയെന്ന നിലയിൽ വായിക്കാവുന്നതാണ് 'കള്ളുകുടിയൻ' എന്ന ചിനുവാ അച്ചബേയുടെ അഭിപ്രായവും ആഫ്രിക്കൻ ജനതയുടെ സാംസ്‌കാരിക മൃത്യുവിനെ പ്രതിരോധിക്കാനുള്ള കഠിന ശ്രമമാണ് അമോസ് ടുട്ടുവോാള ചെയിരിക്കുന്നത് എന്ന പാട്രിക് കോം ഹൊഗാന്റെ നിരീക്ഷണവും ( PATRICK COLM HOGAN  -Understanding  'The Palm-Wine Drinkard') വെറും ഭംഗിവാക്കുകളല്ല. പുത്തൻ നാഗരികത ഉൽപാദിപ്പിച്ച അന്തമറ്റ ഉപഭോഗാസക്തിയെ  വീണ്ടുവിചാരമില്ലാതെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി തങ്ങളുടെതായ എല്ലാറ്റിനെയും ഉപേക്ഷിച്ച് ഭ്രമാത്മകവും ഭ്രാന്തവുമായ ജീവിതത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ മനോവ്യാപാരങ്ങളെയും ചെയ്തികളെയും പുരാവൃത്തങ്ങളുടെയും നാടോടിക്കഥകളുടെയും രൂപത്തിലേക്ക് പരിവർത്തിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന അസാധാരണമായൊരു സാഹിത്യസൃഷ്ടിയാണ് അമോസ് ടുട്ടുവോളയുടെ ഈ നോവൽ.





Thursday, November 24, 2016

ഒരേയൊരായുധം സാംസ്‌കാരിക പ്രവർത്തനം

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ചെറിയ ചില ഇടവേളകളൊഴിച്ചാൽ എല്ലാ വർഷവും രണ്ടോ മൂന്നോ ചിലപ്പോൾ അതിലധികമോ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായി  ക്കൊണ്ടിരി ക്കുന്നു.സി.പി.ഐ( എം) ന്റെയും ആർ.എസ്.എസ്സിന്റെയും  സാധാരണക്കാരായ സജീവപ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ മഹാഭൂരിപക്ഷവും.ബി.ജെ.പിയും ആർ.എസ്.എസ്സും ജില്ലയിലെ മാർക്‌സിസ്റ്റ് പാർട്ടിയെ  ഭയപ്പെടുത്തി നിർവീര്യമാക്കാനും അതുവഴി സംസ്ഥാനത്താകെ പാർട്ടിയെ നിശ്ചലമാക്കാനും ഉദ്ദേശിച്ച് നടത്തുന്ന ആസൂത്രിതശ്രമങ്ങളിൽ നിന്നാണ് കൊലപാതകങ്ങളിലേക്ക് നയിക്കുന്ന അസ്വാസ്ഥ്യങ്ങളും സംഘട്ടനങ്ങളും ആരംഭിക്കുന്നതെന്ന നിരീക്ഷണം നേരത്തെ എം.എൻ.വിജയനിൽ നിന്നു തന്നെ ഉണ്ടായിട്ടുണ്ടെന്ന കാര്യം  സി.പി.ഐ.( എം) നേതാക്കൾ ഈയിടെയായി പല സന്ദർഭങ്ങളിലും ബഹുജനങ്ങളെ ഓർമിപ്പിച്ചു വരുന്നുണ്ട്. വിജയൻമാഷുടെ നിരീക്ഷണം പൂർണമായും ശരിയാണെന്ന് വാദിക്കുന്നവർ തന്നെയും കടന്നുപോയ ദശകങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം സമ്മതിക്കുമെന്നാണ് ഞാൻ കരുതുന്നത്: ആയുധം കൊണ്ടുള്ള തിരിച്ചടികളിലൂടെയും കൊലപാതകങ്ങളിലൂടെയുമല്ലാതെ ആർ.എസ്.എസ്സിനെ എങ്ങനെ നേരിടാമെന്ന കാര്യം ഗൗരവമായി ആലോചിച്ച് ഒരു കർമപദ്ധതി രൂപപ്പെടുത്തി മുന്നോട്ടു പോവാനുള്ള തീരുമാനം കൊക്കൊള്ളുന്നത് ഇനിയും വെച്ചുനീട്ടുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒട്ടും തന്നെ അഭിമാനകരമല്ല.
കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളുടെയും ബന്ധുക്കളോളം തന്നെ അടുത്ത സുഹൃത്തുക്കളുടെയും പകയിൽ നിന്നാണ് പകരം വീട്ടിക്കൊണ്ടുള്ള കൊലയ്ക്കുള്ള പ്രേരണയും പ്രാരംഭശ്രമങ്ങളും ഉണ്ടാകുന്നത് എന്നാണ് സാധാരണയായി ആരും ഊഹിക്കുക.ആ ഊഹം തെറ്റാവാൻ സാധ്യതയുമില്ല.എന്നാൽ പകരം വീട്ടുന്നത് നേരിട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല.അതിനു വേണ്ടി ഇരു വശവും ഏതാനും ചിലരെ നിയോഗിക്കുകയാണ് ചെയ്യുന്നത്.ഇവർ പിന്നീട് നോട്ടപ്പുള്ളികളാവുകയും ഏതെങ്കിലുമൊരു ഘട്ടത്തിൽ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്യുന്നു.ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഇര മുമ്പ് ഏതെങ്കിലുമൊരു കൊലപാതകത്തിലെ പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ കാണാറുള്ളത്.കൊല നടത്തുന്നവർ പണത്തിനു വേണ്ടി ആ പണി ചെയ്യുന്ന ക്വട്ടേഷൻ സംഘക്കാരാവാമെന്ന ഊഹം കണ്ണൂർ ജില്ലയിലെ കൊലപാതകികളുടെ കാര്യത്തിൽ  ശരിയാവുമെന്ന് തോന്നുന്നില്ല.ഏത് പക്ഷത്തായാലും തങ്ങളുടെ രാഷ്ട്രീയ വിശ്വാസവും പാർട്ടിക്കൂറുമാണ് ഒരു മനുഷ്യന് ചെയ്യാനാവുന്നതിൽ വെച്ച് ഏറ്റവും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്യാനുള്ള ഹൃദയ കാഠിന്യം അവർക്ക് നൽകുന്നത്.
ഇങ്ങോട്ട് വരുന്ന ആക്രമണങ്ങളെ തടയുക,തന്ത്രപരമായി പരാജയപ്പെടുത്തുക എന്നൊക്കെയുള്ളതല്ലാതെ അങ്ങോട്ട് ആക്രമിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം വർഗീയത ദർശനമായിട്ടുള്ള, ഫാസിസ്റ്റ് പ്രവർത്തനശൈലി ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന് ഇടക്കിടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽ നിന്നും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയിൽ നിന്നും പ്രതീക്ഷിക്കാനാവില്ല.പക്ഷേ,ഇടതുപക്ഷത്തുള്ളവർ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്.
കായികപരിശീലനവും ആയുധപരിശീലനവും നടത്തുന്ന ഒരു സംഘടന ഗ്രാമങ്ങളിലെല്ലാം വേരുപടർത്തുകയും അതിലെ അംഗങ്ങൾ  കൂടെക്കൂടെ പല തരത്തിൽ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അഹിംസാവാദികളായി അടങ്ങിയിരുന്ന് സർവവും സഹിച്ചുകൊള്ളണമെന്ന് പറയുന്നതിൽ എന്താണർത്ഥം എന്ന എതിർവാദം മാർക്‌സിസ്റ്റ് പാർട്ടിയെ അനുകൂലിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവു ന്നതാണ്.ആക്രമണങ്ങളി ലൂടെയും പകപോക്കലുകളിലൂടെയും ഒരു പാർട്ടിയെയോ സംഘടനയെയോ ഇല്ലായ്മ ചെയ്യാനോ ദീർഘകാലത്തേക്ക് കീഴ്‌പെടുത്തി വെക്കാൻ പോലുമോ ആവില്ല.മാത്രവുമല്ല ആ മാർഗം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല.
അപ്പോൾപ്പിന്നെ ആർ.എസ്.എസ്സിനെയും മറ്റ് വർഗീയ ശക്തികളെയും എങ്ങനെ നേരിടും? നിർണായക സന്ദർഭങ്ങളിലെല്ലാം അവരോട് ചേർന്നു നിൽക്കുന്ന കോൺഗ്രസ്സിനെയും മറ്റ് പാർട്ടികളെയും എങ്ങനെ നിലയ്ക്ക് നിർത്തും?
കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തുന്നതിനും ആർ.എസ്.എസ് ഭീഷണിയെ നേരിടുന്നതിനും സാംസ്‌കാരിക പ്രവർത്തനമല്ലാതെ മറ്റൊരായുധവും ഫലപ്രദമാവുകയില്ല.തിരിച്ചടികളും ഭീഷണികളും താൽക്കാലികമായി ഫലം ചെയ്‌തേക്കും.അതു പോലും അനേകം പേരുടെ ജീവൻ ബലി കൊടുത്തേ യാഥാർത്ഥ്യമായിത്തീരുകയുള്ളൂ.സാംസ്‌കാരിക പ്രവർത്തനത്തിന്റെ വഴി പൂർണാർത്ഥത്തിൽത്തന്നെ വേറിട്ടുള്ള ഒന്നാണ്.എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും ഉയർന്ന ലോകബോധവും വിശാലമായ താൽപര്യങ്ങളും വളർത്താൻ അതിലൂടെയേ സാധിക്കൂ.ഉപചാരത്തിനു വേണ്ടിയുള്ള കലാസാംസ്‌കാരിക പ്രവർത്തനങ്ങളും പാർട്ടിയുടെ ഘടന അതേ പടി പകർത്തിയെടുത്ത് രൂപപ്പെടുത്തുന്ന സംഘടനയിലൂടെ ചിട്ടപ്പടിയായി നടത്തുന്ന പ്രവർത്തനങ്ങളും ഫലം ചെയ്യില്ല.യുദ്ധകാലത്തെ ചാരപ്രവർത്തനത്തിന്റെ ശൈലിയിൽ ഓരോ എഴുത്തുകാരനെയും /എഴുത്തുകാരിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് അയാളിൽ/അവളിൽ പാർട്ടി വിരുദ്ധ നിലപാടുകളുടെ നേർത്ത ഛായ പോലും കാണാനില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടു മാത്രം  സഹകരിപ്പിക്കുക എന്ന നിലപാടും ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനത്തെ എവിടെയും കൊണ്ടു ചെന്നെത്തിക്കില്ല.പല കാരണങ്ങളാൽ മുഖ്യധാരാ മാധ്യമങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും പ്രിയംകരരായിത്തീരുന്നവരെ അങ്ങോട്ടു ചെന്ന് വണങ്ങി തങ്ങളുടേതാക്കിത്തീർക്കുന്നതുകൊണ്ടും ഇടതുപക്ഷം കാര്യമായി ഒന്നും നേടാൻ പോവുന്നില്ല.
അന്റോണിയോ ഗ്രാംഷി വ്യക്തമായി വിശദീകരിച്ച സാംസ്‌കാരിക നടുനായകത്വ       ( Cultural hegemony)ത്തിന്റെ കരുത്ത്  നമ്മുടെ  ആശയലോകങ്ങളെയും സൗന്ദര്യസങ്കൽപങ്ങളെയും ഭാവുകത്വത്തെ ആകെത്തന്നെയും  യാഥാസ്ഥിതികവും ജീർണവുമാക്കി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമ്പന്നരും സവർണരും പരിപോഷിപ്പിച്ചതും സാധാരണജനങ്ങളുടെ ജീവിത വേദനകൾക്കും ഹൃദയവികാരങ്ങൾക്കും യാതൊരു പരിഗണനയും നൽകാത്തതുമായ
 മൂല്യസങ്കല്പങ്ങ ളാണ് കാവ്യസൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ നൂറ്റാണ്ടുകളോളം ഭരിച്ചു പോന്നത്. കേരളീയ നവോത്ഥാനം സൃഷ്ടിച്ച പുതിയ മനുഷ്യസങ്കൽപവും പിന്നീട് ദേശീയ പ്രസ്ഥാനവും ഈ ആധിപത്യ ത്തിന്നെതിരായ നിലപാടുകൾക്കും ശക്തമായ ചില ആവിഷ്‌ക്കാരങ്ങൾക്കും വഴി തുറന്നു.പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സ്വാധീനം വളരെ ശക്തമായിരുന്ന 1930കളുടെ രണ്ടാം പകുതി മുതൽ 1950കളുടെ ആദ്യവർഷങ്ങൾ  വരെയുള്ള കാലത്ത് കാര്യങ്ങൾ വളരെയേറെ മുന്നോട്ടു പോയി.അടിത്തട്ടിലെ മനുഷ്യർ സാഹിത്യത്തിന്റ കേന്ദ്ര സ്ഥാനത്തേക്ക് കടന്നുവരുന്ന അനുഭവങ്ങൾ തുടരെത്തുടരെ ഉണ്ടായി.
പുരോഗമന സാഹിത്യം പരിക്ഷീണമായിത്തുടങ്ങിയതോടെ ഏകാകികളായ വ്യക്തികളുടെ മോഹങ്ങളും വേദനകളും തങ്ങളെ തകർക്കാനായി നിലകൊള്ളുന്നതെന്ന് സ്വജീവിതാനുഭവങ്ങളിലൂടെ അവർക്ക് ബോധ്യപ്പെട്ട യാഥാസ്ഥിതക ശക്തികൾക്കെതിരെ വ്യക്തിഗത വിജയത്തിനു വേണ്ടി അവർ തനിച്ചു നടത്തുന്ന  പോരാട്ടങ്ങളുമൊക്കെയായി നമ്മുടെ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഉള്ളടക്കം.അതിനു ശേഷമാണ് ആധുനികതയുടെ വരവ്.മലയാള സാഹിത്യം ദർശനതലത്തിൽ ഏറ്റവും പരതന്ത്രമായ കാലമാണത്.ഏത് സാമൂഹ്യപ്രശ്‌നങ്ങളെയും സാമൂഹ്യാവസ്ഥയുടെ ഇടപെടൽ നേരിട്ടനുഭവപ്പെടാത്ത വൈയക്തിക പ്രശ്‌നങ്ങളെയുമെല്ലാം അസ്തിത്വവാദത്തിന്റെ പരിസരത്തിലേക്ക് പ്രവേശിപ്പിച്ച് മറ്റെന്തൊക്കെയോ ആക്കിത്തീർക്കുന്നതിൽ നമ്മുടെ എഴുത്തുകാർ ഈ കാലത്ത് കാണിച്ച അത്യുത്സാഹത്തിന്റെ കാരണം ഇപ്പോഴും പൂർണമായി പിടികിട്ടിയിട്ടില്ല.എഴുപതുകളുടെ അവസാനമാവുമ്പോഴേക്ക് ആധുനികതയുടെ പ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങുകയും എൺപതുകളുടെ മധ്യത്തോടെ മലയാള സാഹിത്യം ആധുനികോത്തരതയിലേക്ക് പ്രവേശിച്ചതായി വായനക്കാർക്ക് പൊതുവെ അനുഭവപ്പെടുകയും ചെയ്തു.
ആധുനികോത്തരതയുടെ ദർശനത്തെ രൂക്ഷമായി വിമർശിക്കുന്നവർക്കു പോലും ഒരു അവസ്ഥ എന്ന നിലയിൽ ആധുനികോത്തരത വലിയൊരളവോളം കേരളത്തിലും യാഥാർത്ഥ്യമായി തീർന്നു എന്ന വസ്തുത അംഗീകരിക്കാതിരിക്കാനാവില്ല.സാഹിത്യത്തിൽ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ ആധുനികോത്തരതയല്ല ഇവിടെ ഉണ്ടായതെന്ന് സ്ഥാപിക്കാനും അതുകൊണ്ടു തന്നെ നമ്മുടെ സാഹിത്യത്തെ ആധുനികോത്തരം എന്ന് വിശേഷിപ്പിക്കാനാവുന്ന സാഹചര്യം ഇന്നേ വരെ ഇവിടെ ഉണ്ടായിട്ടില്ലെന്നും സ്ഥാപിച്ചെടുക്കാൻ ഒരാൾക്ക് ഏറെ വിഷമിക്കേണ്ടി വരില്ല.പക്ഷേ,മലയാളസാഹിത്യം ആധുനികോത്തരതയുടെ യൂറോപ്യൻ/അമേരിക്കൻ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല എന്ന് വാദിച്ചുറപ്പിക്കുന്നതിൽ യാതൊരു കാര്യവുമില്ല.ആഗോളവൽക്കരണത്തിന്റെതായ ഈ കാലത്ത് മൂലധനത്തിന്റെയും ടെക്‌നോളജിയുടെയും  രാജ്യാതിർത്തികൾ ഭേദിച്ചുള്ള വ്യാപനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ജീവിതാവസ്ഥയും അതിന്റെ ഉൽപന്നമായ മാനസികാവസ്ഥയും ലോകത്തിലെ മിക്ക സമൂഹങ്ങളെയും പോലെ കേരള സമൂഹവും പങ്കുവെക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ തർക്കിച്ച് ഇല്ലാതാക്കാനാവില്ല.
ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ രൂപങ്ങൾ തന്നെയായ ഊഹക്കച്ചവട മുതലാളിത്തത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ഉള്ളുകളികളെ കുറിച്ചും പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി എന്ന നിലയ്ക്ക് ആധുനികോത്തരതയുടെ ദർശനം എങ്ങനെ പ്രവർത്തിച്ചു എന്നതിനെ കുറിച്ചുമെല്ലാം സാഹിത്യത്തിന്റെയും ചിത്രകലയുടെയും ചലച്ചിത്രകലയുടെയും രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പേർക്കും ഇന്നിപ്പോൾ വ്യക്തമായ ധാരണയുണ്ട്.ആധുനികോത്തരത ഒരു ദർശനമെന്ന നിലയിൽ തികച്ചും അനാകർഷകമായിത്തീർന്നിരിക്കുന്നു,അത് കാലഹരണപ്പെടുക തന്നെ ചെയ്തിരിക്കുന്നു എന്ന് പറയാൻ അവരാരും മടിച്ചു നിൽക്കുകയില്ല.
ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും എല്ലാ രംഗങ്ങളിലും വാതിൽ തുറന്നു കൊടുത്തു കഴിഞ്ഞതിനു ശേഷവും ഓരോ രാജ്യത്തും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായസാമൂഹ്യസാമ്പത്തിക സാംസ്‌കാരിക യാഥാർത്ഥ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എല്ലായിടത്തെയും ജനങ്ങൾക്ക്  ബോധ്യം വന്നു.പക്ഷേ,ഈ തിരിച്ചറിവിലൂടെ ഉയർന്നു വരേണ്ട പുതിയൊരു രാഷ്ട്രീയബോധത്തിനു പകരം  അനേകം അവ്യക്തതകൾ നിറഞ്ഞ, ഏറെ കലുഷമായ രാഷ്ട്രീയമാണ് ഇന്ത്യ ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്.ഈ അവസ്ഥയെ കൃത്യമായി വിലയിരുത്താനും അടിയന്തിര പ്രാധാന്യം നൽകി അഭിമുഖീകരിക്കേണ്ടുന്ന പ്രശ്‌നങ്ങൾ ഏതൊക്കെയെന്ന് ജനങ്ങളെ പഠിപ്പിക്കാനും മുന്നോട്ടു വരേണ്ടത് ഇടതുപക്ഷമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവുകളിലും തന്ത്രങ്ങളിലും നീക്കുപോക്കുകളിലും സർവശ്രദ്ധയും സമർപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിനും ആ ഉത്തരവാദിത്വം ഏറ്റെടുക്ക3നാവില്ല.'കമ്യൂണിസം അജയ്യമാണ്; കാരണം അത് സത്യമാണ്.നാളിതു വരെയുള്ള മനുഷ്യചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണ് ,അന്തിമ വിജയം തൊഴിലാളി വർഗത്തിന്റെതാണ്' എന്നും മറ്റും മതവിശ്വാസികളുടേതിൽ നിന്ന് കാര്യമായ അന്തരമൊന്നുമില്ലാത്ത മനോനില സൂക്ഷിച്ചു കൊണ്ട് ഉരുവിടുന്നവർക്കും പുതിയ രാഷ്ട്രീയയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനാവില്ല.മാർക്‌സിസം മതാനുശാസനം പോലുള്ള ഒന്നല്ലെന്നും മാർക്‌സിന്റെയും ഏംഗത്സിന്റെയും ലെനിന്റെയും വാക്യങ്ങൾ ഉരുവിടുന്നതും കടന്നുപോയ ചരിത്രഘട്ടങ്ങളിലെ രാഷ്ട്രീയാനുഭവങ്ങളുടെ മൂശയിൽ തന്നെ പകർന്നൊഴിക്കപ്പെടുന്നവയാണ് പുതിയ കാലത്തെ അനുഭവങ്ങൾ എന്ന ധാരണയോടെ രാഷ്ട്രീയ വിശകലനം നിർവഹിക്കുന്നതും ജനങ്ങളെ ബൗദ്ധികമായി നിശ്ചലരാക്കാനും രാഷ്ട്രീയമായ ഉണർവുകൾ സ്വന്തമാക്കാൻ പ്രാപ്തരാക്കാതെ മയക്കിക്കിടത്താനും മാത്രമേ സഹായിക്കൂ.
ഉണർന്നിരിക്കുന്നവരായി പുറമേ ഭാവിക്കുമ്പോഴും അകമേ ഉറക്കത്തിലാണ്ടു കിടക്കുന്ന ഒരു ജനതയിൽ നിന്ന് ആശാവഹമായ യാതൊന്നും പ്രതീക്ഷിക്കാനാവില്ല.രാഷ്ട്രീയ ജാഗ്രത മാത്രമല്ല രാഷ്ട്രീയം തന്നെ കൈവിടുകയും കേവലം മേനിനടിപ്പിനു വേണ്ടി  ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുകയും ചെയ്യുന്നവർ അവരുടെ പ്രവൃത്തികളിൽ ജനവിരുദ്ധരായി മാറാൻ വലിയ കാലതാമസമുണ്ടാവില്ല.കേരളത്തിലെ ജനജീവിതത്തിന്റെ അനേകം തലങ്ങളിൽ ഇത്തരക്കാരുടെ ഇടപെടലുകൾ കടുത്ത അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.ആർ.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കടന്നാക്രമണങ്ങളെയും ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയ്ക്കുള്ള ബി.ജെ.പിയുടെ മുന്നേറ്റത്തെയും  പ്രതിരോധിക്കാനുള്ള ആർജവം സാമാന്യജനങ്ങൾക്ക് ഇല്ലാതാക്കുന്നതിൽ ഈ അരാഷ്ട്രീയക്കാർ വഹിക്കുന്ന പങ്ക് ഒട്ടും തന്നെ ചെറുതല്ല.
ഏറെ ശ്രമവും കരുതലുമുണ്ടെങ്കിൽ മാത്രം മറി കടന്നു പോവാൻ കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിലുള്ളത്.ജനങ്ങളെ ശരിയായ അർത്ഥത്തിൽ രാഷ്ട്രീയവൽക്കരിക്കുക എന്ന ദൗത്യം സത്യസന്ധമായി ഏറ്റെടുക്കാൻ തയ്യാറാവാത്ത പക്ഷം വലതുപക്ഷത്തേക്കാൾ വേഗത്തിലും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കും അഴിമതി നടത്താൻ വലുതായ സാധ്യതകളൊന്നും നൽകാതെയും അങ്ങിങ്ങ് ചില വികസനപ്രവർത്തനങ്ങൾ നടത്തി കടന്നു പോയവർ എന്നതിലപ്പുറം അവർക്ക് ഒന്നും അവകാശപ്പെടാൻ കഴിയാതെ വരും.
സ്വന്തം പ്രവർത്തകർക്കും ബഹുജനങ്ങൾക്കും ഉയർന്ന രാഷ്ട്രീട്രീയ വിദ്യാഭ്യാസം നൽകാനും സാഹിത്യവും ഇതരകലകളുമായും നിരന്തരം ബന്ധപ്പെടാനുള്ള സന്നദ്ധത അവരിൽ വളർത്തിയെടുക്കാനും ഉള്ള ഒരു പദ്ധതി ഇടതുപക്ഷം അടിയന്തിരമായി ആസൂത്രണം ചെയ്യണം.രാഷ്ട്രീയപ്പാർട്ടികളുടെ ദൈനംദിന വ്യവഹാരങ്ങളിലും ഭരണകാര്യങ്ങളിലും ഒതുങ്ങുന്നതല്ല രാഷ്ട്രീയം എന്ന ഉറച്ച ബോധ്യത്തിൽ എത്തിച്ചേരുന്ന ഒരു ജനതയെ വർഗീയ ശക്തികൾക്ക് കീഴ്‌പ്പെടുത്താനാവില്ല.ആയുധമെടുക്കാതെ തന്നെ എതിരാളികളെ നിർവീര്യരാക്കാൻ അവർക്ക് കഴിയും.ജീവിതം എന്ന പ്രതിഭാസത്തെയും മനുഷ്യാവസ്ഥയെയും ആഴത്തിലും പരപ്പിലും അറിയാനും സേന്ഹിക്കാനും മനുഷ്യരെ പഠിപ്പിക്കാൻ സാഹിത്യത്തിനും ഇതര കലകൾക്കുമുള്ള ശേഷി പുതിയ തെളിവുകൾ നിരത്തി സ്ഥാപിച്ചെടുക്കേണ്ടുന്ന ഒന്നല്ല.ഉയർന്ന രാഷ്ട്രീയബോധത്തോടൊപ്പം കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിർമാതാക്കളായും ആസ്വാദകരുമായി പ്രവർത്തിക്കാനുള്ള താൽപര്യം കൂടി ജനങ്ങളിൽ പൊതുവായി വളർന്നു വരികയാണെങ്കിൽ അത് ഇടതുപക്ഷത്തെ വലിയ തോതിൽ ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല ഇടതുപക്ഷത്ത് നിലയുറപ്പിക്കുന്നവരെ അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും വഴുതി വീഴാതെ രക്ഷിക്കുകയും ചെയ്യും.ഈ വസ്തുതകളിലേക്ക് എത്രയും വേഗം കണ്ണ് തുറക്കാനുള്ള ഉത്തരവാദിത്വം മാർക്‌സിസ്റ്റ് പാർട്ടിക്ക് മാത്രമല്ല,ഒരു പാർട്ടിയുമായും ബന്ധപ്പെടാതെ നിൽക്കുന്ന സ്വതന്ത്ര ഇടതുപക്ഷക്കാർക്കും ഉണ്ട്.


Wednesday, November 9, 2016

ഏത് ഭാഷ സംസാരിക്കണം?

'പൊലയാടിമോനേ ,നമ്മള് സംസാരിക്കുന്നതു പോലെ സംസാരിക്കെടാ,ഞാനാ പറയ്ന്ന് ' അരുൺകാംബ്ലേ എന്ന മറാത്തി കവിയുടെ ഒരു  കവിതയിലെ കുട്ടിയോട് മുതുകിൽ പാരമ്പര്യത്തിന്റെ ഭാരവുമായി അവന്റെ ഉള്ളിൽ കഴിയുന്ന മുത്തച്ഛൻ അലറുന്നു. നെയ് തേച്ച് മിനുക്കിയ ഉച്ചിക്കുടുമയുമായി ക്ലാസിലെത്തുന്ന ബ്രാഹ്മണനായ അധ്യാപകൻ ഇതേ കുട്ടിയോട് 'മണ്ടാ, ഭാഷ ശരിയായി ഉപയോഗിക്കൂ' എന്ന് പറയുന്നു.
Which Language should I speak ? എന്ന ശീർഷകത്തിൽ പ്രിയ ആധാർകർ ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയ ഈ കവിതയിലെ കുട്ടി നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ് : 'ഏത് ഭാഷയാണ് ഞാൻ സംസാരിക്കേണ്ടത്?'
കവിതയിലെ മുത്തച്ഛൻ ഉപയോഗിക്കുന്ന ഭാഷയും അധ്യാപകൻ ഉപയോഗി ക്കുന്ന ഭാഷയും വിരുദ്ധകോണുകളിൽ നിൽക്കുന്ന രണ്ട് അനുഭവലോ കങ്ങ ളെയും സംസ്‌കാരങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.അവയ്ക്കു പിന്നിലെ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കിയെങ്കിലേ ഏത് ഭാഷയാണ് സ്വീകാര്യം എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പരിസരങ്ങളിലേക്ക് ചെന്നെത്താനാവുകയുള്ളൂ.
ഇന്ത്യൻ ഭാഷകളിൽ ഓരോന്നിലെയും പദങ്ങളുടെ പദവി,ഓരോ പദത്തിന്റെ യും ശരിയായ രൂപം, ശരിയായ ഉച്ചാരണം ഈ വക കാര്യങ്ങളിൽ അവസാ നവാക്ക് പറയുന്നതിനുള്ള അധികാരം കയ്യാളിയിരുന്നത് അതാത് ഭാഷകൾ സംസാരിക്കുന്നവരുടെ സമൂഹത്തിൽ ജാതീയമായും സാമ്പത്തികമായും മേൽക്കോയ്മ നേടിയിരുന്നവരാണ്.കീഴാളരുടെ ഭാഷ അവരുടെ ജീവിത പരിതോവസ്ഥകൾ പോലെ തന്നെ പല തലങ്ങളിലും നിറം കെട്ടും മുരടിച്ചുമാണ് ഇരുന്നിരുന്നത്. പരമ ദരിദ്രരായിരിക്കുമ്പോഴും അവർ ആടുകയും പാടുകയും അതിലൂടെ ജീവിതത്തിലെ ഇല്ലായ്മകൾക്ക് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തിയതായി സ്വയം വിശ്വസി പ്പിക്കുകയും ചെയ്തിരുന്നു.തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതമയമായ ജീവിതത്തിനു പകരം മറ്റൊരു ജീവിതം സാധ്യമാണ് എന്നതിനെ കുറിച്ച് അവർ കാര്യമായി ആലോചിച്ചിരുന്നില്ല.അങ്ങനെ ആലോചിക്കാനുള്ള പ്രേരണ യുണ്ടാകുന്ന ബൗദ്ധിക പരിസരത്തിലല്ല അവരുടെ ജീവിതം നിലനിന്നിരുന്ന ത്.ഈ ആലോചനയില്ലായ്കയും അജ്ഞതയുമാണ് അനേകം അനീതികൾക്ക് ഇരയായിക്കൊണ്ടിരുന്ന സ്വജീവിതത്തെ അവർക്ക് സഹ്യമാക്കിത്തീർത്തത്.
ഭാഷയുടെ കാര്യത്തിലും ഈ പരിമിതിയുണ്ടായിരുന്നു.അവരുടെ അനുഭവ ങ്ങൾ അവർത്തന സ്വഭാവമുള്ളതും അതിന്റെ  ഭൗതികപരിസരങ്ങൾ മിക്ക പ്പോഴും വൈവിധ്യരഹിതവുമായിരുന്നു.  ദൈനജീവിതവ്യവഹാരങ്ങൾക്കപ്പുറത്തേക്ക് ചെല്ലുന്ന ബൗദ്ധിക വ്യവഹാ രങ്ങളും ദാർശനികപ്രശ്‌നങ്ങളും അവരുടെ മാനസികജീവിതത്തിന്റെ ഭാഗമാ യിരുന്നില്ല.അതൊക്കെക്കൊണ്ട് ഭാഷയിലൂടെ ആവിഷ്‌ക്കരിക്കേണ്ടുന്ന അനുഭവങ്ങൾക്ക് പരിമിതികളുണ്ടായിരുന്നു. 'അടിത്തട്ടിലുള്ളവരുടെ ഭാഷ വലിയ സാധ്യതകളെ അനുവദിക്കുന്നുണ്ടെങ്കിലും അത് അമൂർത്ത കല്പ നകളെക്കാൾ അധികമായി  വിവരണാത്മകസ്വഭാവമുള്ള പരികല്പ നകളിലേക്ക് കൂടുതൽ കൂടുതലായി ചായുന്നതാണെന്ന്' ബ്രിട്ടീഷ് സാമൂഹ്യ ശാസ്ത്രകാരനും ഭാഷാശാസ്ത്രകാരനുമായ ബാസിൽ ബേസ്റ്റീൻ (Basil Berstein) നിരീക്ഷിച്ചിട്ടുണ്ട്.തൊഴിലാളികളും കീഴ്ത്തട്ടിലുള്ളവരും  അധികമായി ഉപയോഗിക്കുന്നതും Restricted code എന്ന് ബാസിൽ പേരിട്ടതുമായ ഭാഷാ സ്വരൂപം സാമാന്യവൽക്കരണങ്ങളിലേക്ക് ചെല്ലുന്നതിനേക്കാൾ സവിശേഷ സ്വഭാവമുള്ള വസ്തുതകളും അനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്നതിലാണ് ഊന്നുന്നത്.അതിന്റെ വ്യാപന മേഖലയിൽ തൊഴിൽ കൊണ്ടും സാമ്പത്തി കസ്ഥിതി കൊണ്ടും അനുഭവങ്ങൾ കൊണ്ടും  ഏറെക്കുറെ തുല്യനിലയിലു ള്ളവരാണ് ഉള്ളതെന്നതുകൊണ്ട് പല കാര്യങ്ങളും നേരത്തെ എല്ലാവർക്കും അറിയുന്നതാണല്ലോ എന്ന മുൻധാരണയോടെയാണ് ആ ഭാഷ പ്രയോഗി ക്കപ്പെടുന്നത്.സൂചനകൾക്കും ധ്വനിപ്രയോഗങ്ങൾക്കും പഞ്ഞമുണ്ടാ വില്ലെങ്കിലും അത് അമൂർത്തവൽക്കരണത്തെ കഴിവതും അകറ്റി നിർത്തും.
ഉപരിവർഗത്തിൽ പെട്ട സവർണരുടെ ഭാഷയ്ക്കുമുണ്ടായിരുന്നു പല പരിമിതികളും. നേരിട്ടുള്ള അധ്വാനത്തിൽ നിന്നും അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നുമെല്ലാം അകന്നു കഴിയുന്നവരായിരുന്നു അവർ.ആഹാരം, ,വസ്ത്രം,പാർപ്പിടം എന്നീ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിൽ അല്പമായ വേവലാതികൾ പോലും അവരെ അലട്ടിയിരുന്നില്ല.കൂടുതൽ കൂടുതൽ സുഖങ്ങളും സൗകര്യങ്ങളും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനെ പറ്റിയേ അവർക്ക് ആലോചി ക്കേണ്ടിയിരുന്നുള്ളൂ.. ഋതുക്കൾ പ്രകൃതിയിലും ജീവിതത്തിന്റെ ഭൗതിക പരിസരങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പാടത്ത് പണിയെടുക്കുന്ന ഒരാൾക്കുണ്ടാവുന്ന അറിവ് സമ്പന്നരുടെ അറിവിന്റെ പതിന്മടങ്ങായി രിക്കും.നാടൻകലകളുടെയും കളികളുടെയും ലോകവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും അടിത്തട്ടിലുള്ളവർ എത്രയോ മുന്നിലായിരിക്കും. ഈ വക കാര്യങ്ങളിലുള്ള സമ്പന്നരുടെ ഇല്ലായ്മകൾ അവരുടെ ഭാഷയിലും പ്രതിഫലിച്ചിരിക്കുന്നതായി കാണാം.
ശ്രോതാവിനോട് വളരെ അരികെ നിന്ന് സംസാരിക്കുന്ന അനുഭവം നൽകുന്നതിനു പകരം സാമാന്യ നിർദ്ദേശങ്ങളും വൈയക്തികതയുടെ സ്പർശമില്ലാത്ത വിവരണങ്ങളും നൽകുന്നതു പോലെയാണ് മേൽത്തട്ടുകാരുടെ ഭാഷ പ്രവർത്തിച്ചത്.അമൂർത്താശയങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനും വളരെ വേഗം സാമാന്യവൽക്കരണങ്ങളിലേക്ക് നീങ്ങുന്നതിനും സമർത്ഥമായിരുന്നു അത്. ആ ഭാഷയ്ക്ക് സ്പ്ർശിക്കാൻ സാധിച്ചിരുന്ന വിഷയങ്ങളും അനുഭവങ്ങളും ആശയങ്ങളും കീഴ്ത്തട്ടുകാരുടെ ഭാഷയെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു.
കീഴാളരുടെ ജീവിതം നിലനിന്നിരുന്ന പരിസരങ്ങളുടെ ശോച്യാവസ്ഥയും ആ ജീവിതങ്ങളെ വിടാതെ പിടികൂടിയിരുന്ന സംഘർഷാത്മകതയും അവരുടെ ഭാഷയിൽ ലളിതകോമളകാന്ത പദാവലികൾക്കു പകരം പരുക്കൻ പദങ്ങൾക്കും പ്രയോഗങ്ങൾക്കും ഇടം നൽകിയതിൽ അത്ഭുതമില്ല.അവരുടെ സാഹിത്യത്തിലെയും കലകളിലെയും ആവിഷ്‌ക്കാരങ്ങൾ  തികച്ചും അവിദഗ്ധമായും  വിരൂപമായും മേലാളർക്ക് അനുഭവപ്പെട്ടിരിക്കാം.അ വയൊക്കെയും തീരെ നിലവാരം കുറഞ്ഞവയാണെന്നും ഭാവുകത്വത്തിന്റെ താഴെ തട്ടിൽ നിൽക്കുന്നവർക്കു മാത്രമേ അവ സുന്ദരമായി അനുഭവപ്പെ ടുകയുള്ളൂ എന്നും അവർ വിധിക്കുകയും ചെയ്തു.തങ്ങൾ മൂല്യം കൽപിക്കുന്ന സാഹിത്യരചനകളിലും മറ്റ് കലാസൃഷ്ടികളിലും എത്രയെ ണ്ണമുണ്ട് ഉയർന്ന ഭാവുകത്വത്തെയും സാംസ്‌കാരിക ഔന്നത്യത്തെയും സാക്ഷ്യപ്പെടുത്തുന്നവയായി എന്ന് അവർ ആലോചിച്ചതുമില്ല.
                                   ഭാഷയിലെ ജനാധിപത്യം
രാജാധിപത്യത്തിനും നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനും ശേഷം ജനാധിപത്യത്തിന്റെ യുഗത്തിലേക്ക് നാം പ്രവേശിച്ചതോടെ ഭാഷയിൽ നിലനിന്നിരുന്ന അസമത്വങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യപ്പെട്ടുതുടങ്ങി. തങ്ങളുടെ സാമൂഹ്യപിന്നോക്കാവസ്ഥ സ്വയം വിളിച്ചറിയിക്കുന്നതിനായി കീഴാളർ ഉപയോഗിച്ചിരുന്ന വാക്കുകൾ ഒന്നൊന്നായി അപ്രത്യക്ഷമായി ത്തുടങ്ങി. ജാതി,മതം,തൊഴിൽ.സാമൂഹ്യപദവിയിലെ അന്തരം,പ്രദേശം  ഇവയുടെ അടിസ്ഥാനത്തിൽ നിലനിന്നിരുന്ന ഭാഷാഭേദങ്ങൾ അപ്പാടെ ഇല്ലാതായില്ലെങ്കിലും ആശയാവിഷ്‌കാരത്തിനും വിനിമയത്തിനുമായി എല്ലാവർക്കും ഉപയോഗിക്കാവുന്നതെന്ന പൊതുസമ്മതി നേടിയ മാനകഭാഷ ശക്തിപ്പെട്ടു.ഈ ഭാഷ അസമത്വങ്ങളെ മൂടിവെക്കുക മാത്രമാണ് ചെയ്യുന്നത് എന്നു പറഞ്ഞാൽ തികച്ചും തെറ്റല്ലെങ്കിലും ആ പ്രസ്താവം പൂർണമായും ശരില്ലെന്നതിലും സംശയമില്ല.മാനകഭാഷ  അസമത്വങ്ങൾക്കെതിരെ മനുഷ്യർക്കിടയിൽ ഐക്യപ്പെടലിന്റെ മനോഭാവവും സമത്വബോധവും  ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഈ യാഥാർത്ഥ്യത്തെ അവഗണിച്ചു കൊണ്ടു മാത്രമേ ഭാഷാഭേദങ്ങളെയെല്ലാം കരുതലോടെ പരിരക്ഷിക്കണമെന്നും ക്ലാസ്മുറികളിലെ ഉപയോഗത്തിലൂടെ അവയുടെ നഷ്ടപ്പെട്ടുതുടങ്ങിയ ആരോഗ്യം വീണ്ടെടുക്കണെന്നും പറയാനാവൂ.ലിപികൾ ഇല്ലാത്തതും പുതിയ തലമുറ ദൈനംദിന പ്രയോഗത്തിൽ മിക്കവാറും കയ്യൊഴിഞ്ഞതുമായ ആദിവാസിഭാഷകളെ വീണ്ടെടുത്ത് ആദിവാസികളായ വിദ്യാർത്ഥികൾക്ക് ആ ഭാഷയിൽ തന്നെ വിദ്യാഭ്യാസം നൽകണമെന്ന്  വാദിക്കുന്നതിൽ അടങ്ങിയിരിക്കുന്ന അപകടത്തെ കുറിച്ചുകൂടി ആലോചിക്കേണ്ടതുണ്ട്.അത് ആദിവാസികളിൽ ആത്മാഭിമാനം വളർത്തുന്നതിലാണോ അതല്ല അവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിലാണോ കലാശിക്കുക എന്ന കാര്യത്തെ കുറിച്ച് ബന്ധപ്പെട്ടവർ പിടിവാശികൾ ഏതുമില്ലാതെ ഉത്തരവാദിത്വബോധത്തോടെ പഠനം നടത്തണം. .
ഒന്നാം ക്ലാസിലെത്തുന്ന ആദിവാസിക്കുട്ടികൾ തങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമായ ശുദ്ധമലയാളം കേട്ട് അമ്പരക്കുന്ന അവസ്ഥ തീർച്ചയായും ഉണ്ടാകും.ഈ കുട്ടികൾക്ക് അവരുടെ പാട്ടും കഥകളും അവരുടെതായ ഭാഷയിൽ പാടാനും പറയാനും ഉള്ള അവസരം ഉണ്ടാകണം.അതേ സമയം അവർ ഏത് സമൂഹത്തിന്റെ ഭാഗമാണോ ആ സമൂഹത്തിലെ മഹാഭൂരിപക്ഷവും എഴുതാനും വായിക്കാനും പറയാനും ഉപയോഗിക്കുന്ന ഭാഷ പ്രധാനഭാഷയായി പഠിക്കുകയും വേണം.മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവർ മലയാളം കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെയും ഭാഷയല്ല എന്ന കാര്യം ഓർക്കാറേയില്ല,മലയാളികൾക്ക് മലയാളത്തിൽ പഠിക്കാൻ അവസരം ലഭിക്കുന്നതു പോലെ ആദിവാസികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാനും അവസരം വേണം എന്ന് ശക്തിയായി വാദിക്കുന്നവർ ചില പ്രധാന വസ്തുതകൾ  ഓർമിക്കുക തന്നെ വേണം.ആദിവാസി ഭാഷകൾക്ക് ലിപിയില്ല,ആദിവാസഭാഷകൾ മിക്കതും ആദിവാസികൾ തന്നെ വീട്ടിനകത്തും അവരുടെ കൂട്ടായ്മകളിലും മാത്രമേ ഉപയോഗിക്കാറുള്ളൂ. നിത്യജീവിതത്തിൽ എത്രയോ തവണ പുറത്തുള്ളവരുമായി ആശയവിനിമയം സാധിക്കേണ്ടപ്പോഴെല്ലാം സ്വന്തം ഭാഷയെ അവർക്ക് മാറ്റി നിർത്തേണ്ടി വരുന്നുണ്ട്.
പണ്ട് സ്വസമുദായത്തിനു പുറത്ത് തങ്ങളുടെ ജന്മിമാരുമായി മാത്രം ആശയവിനമയം നടത്തേണ്ടി വന്നിരുന്ന കാലത്ത് ഭാഷാപ്രശ്‌നം അവരെ കാര്യമായി അലട്ടിയിട്ടുണ്ടാവില്ല.കാലം മാറി.വ്യാപാരികൾ,രാഷ്ട്രീയ പ്രവർത്തകർ,സഞ്ചാരികൾ,ഡോക്ടർമാർ,സർക്കാരുദ്യോഗസ്ഥന്മാർ,സാമൂഹ്യപ്രവർത്തകർ എന്നിങ്ങനെ പല തരക്കാരുമായി അവർക്ക് ബന്ധപ്പെടേണ്ടി വരുന്നുണ്ട്.അപ്പോഴെല്ലാം അവർക്ക് മലയാളത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.തങ്ങളുടെ ഭാഷയിലെ ചില പദങ്ങളും ഉച്ചാരണത്തിലെ ചില സവിശേഷതകളും നിലനിർത്തിക്കൊണ്ടു തന്നെ അവർ തൃപ്തികരമായി ആശയവിനിമയം നടത്തുന്നുമുണ്ട്.അവരുടെ പുതിയ തലമുറയാണെങ്കിൽ തങ്ങളുടെ ഗോത്രഭാഷ മിക്കവാറും മറന്ന മട്ടാണ്.ചില പാട്ടുകൾ,കഥകൾ,ആചാരാനുഷ്ഠാനുങ്ങളുമായും തങ്ങളുടേത് മാത്രമായ ജീവിതാനുഭവങ്ങളുമായും ബന്ധപ്പെട്ട ഏതാനും പദങ്ങൾ മലയാളത്തിന് പുറത്ത് ഇത്രയുമേ പല ആദിവാസിയുവജനങ്ങളും പ്രയോഗിച്ചു കാണുന്നുള്ളൂ.
വസ്തുത ഇതാണെങ്കിലും ആദിവാസിക്കുട്ടികൾക്ക് തങ്ങൾ വീട്ടിനകത്ത് ഉപയോഗിച്ചു വരുന്ന ഭാഷയെയും തങ്ങളുടെ പാട്ടുകളെയും കഥകളെയും കളികളെയും കുറിച്ച് അധമബോധം ഉണ്ടാവുന്ന ഒരു സാഹചര്യം സ്‌കൂളിനകത്ത് ഉണ്ടാവാൻ പാടില്ലാത്തതാണ്.അവർക്ക് അവരുടെ ഭാഷ ഉപയോഗിക്കാനും അവരുടെ പാട്ട് പാടാനുമൊക്കെയുള്ള സൗകര്യം സ്‌കൂളിൽ തന്നെ ലഭിക്കണം.പ്രൈമറി ക്ലാസുകളിൽ ദിവസവും ഒരു മണിക്കൂറെങ്കിലും അതിനു വേണ്ടി നീക്കിവെക്കണം. ഒരു സ്‌കൂളിൽ രണ്ടോ മൂന്നോ ആദിവാസിവിഭാഗങ്ങളിലുള്ള കുട്ടികൾ ഉണ്ടാവുകയും അവരുടെ എണ്ണം വളരെ കുറവായിരിക്കുകയും ചെയ്യുകയാണെങ്കിൽ ഓരോ വിഭാഗത്തിന്റെയും ഭാഷ ക്ലാസ് മുറിയിൽ പ്രയോഗിക്കുന്നതിനുള്ള അവസരം നിത്യവും ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നത് എത്രത്തോളം പ്രായോഗികമാവും എന്ന പ്രശ്‌നമുണ്ട്.എന്തായാലും സ്വന്തം ഭാഷയ്ക്ക് സ്‌കൂളിലും ഒരു ഇടമുണ്ട് എന്ന തോന്നൽ അവർക്ക് ഉണ്ടാവുക തന്നെ വേണം.ഹൊസ്‌കൂൾ തലം കഴിയുന്നതു വരെയെങ്കിലും ഇതിനുള്ള അവസരം അവർക്ക് ലഭിക്കണം.അങ്ങനെ വന്നു കഴിഞ്ഞാൽ തങ്ങളുടെ ഭാഷയെ ചൊല്ലി അവർക്ക് അധമബോധമുണ്ടാവാനുള്ള സാധ്യത നന്നേ കുറയും.മലയാളഭാഷ അവരുടെ ജീവിത പരിസരങ്ങളിൽ നിലനിന്നു വരുന്ന ഒന്നായതുകൊണ്ടും സ്‌കൂളിലെ സഹപാഠികളിൽ ഏറെ പേരും ആ ഭാഷ സംസാരിക്കുന്നവർ ആയതുകൊണ്ടും മലയാളം മാധ്യമമായുള്ള പഠനത്തിൽ അവർക്ക് വലുതായ ബുദ്ധിമുട്ടുണ്ടാവുകയുമില്ല.ആദിവാസികൾ കാലാകാലമായി നേരിട്ടു വരുന്ന അവഗണനയ്ക്കും വഞ്ചനക്കുമുള്ള പരിഹാരങ്ങൾ ക്ലാസ്മുറികൾക്ക് പുറത്തു തന്നെയാവാണ് ഉണ്ടാവേണ്ടത്.ക്ലാസ് മുറിയിലായിരിക്കുമ്പോഴും സ്‌കൂളിലെ കലാകായിക  പരിപാടികളിൽ പങ്കെടുക്കുമ്പോഴും അവർക്ക് ഏതെങ്കിലും തര ത്തിലുള്ള പകപ്പ് അനുഭവപ്പെടാതിരിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തു ന്നതിന്റെ ഉത്തരവാദിത്വം  മാത്രമേ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആസൂത്ര കർക്കും അധ്യാപകർക്കും ഏറ്റെടുക്കാനാവുകയുള്ളൂ.
( ജനശക്തി വാരിക )


Friday, October 21, 2016

വായനാവികൃതി


കൃതിക്ക് പൂർവനിശ്ചിതവും മാറ്റാൻ പറ്റാത്തതുമായ ഒരർത്ഥവുമില്ല,ഓരോ വായനക്കാരനും/വായനക്കാരിയും കൃതിയിൽ നിന്ന് സ്വന്തമായി അർത്ഥം ഉൽപാദിപ്പിക്കുകയാണ് ചെയ്തുവരുന്നത്, അതുകൊണ്ട് വായനയാണ് യഥാർത്ഥ സർഗവൃത്തി,അത് നിർവഹിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ആൾ മാത്രമാണ് എഴുത്തുകാരൻ/എഴുത്തുകാരി എന്നിങ്ങനെയുള്ള പറച്ചിലുകൾ ഈയിടെയായി ആവർത്തിച്ചാച്ചവർത്തിച്ച് കേട്ടു വരുന്നുണ്ട്.റൊളാങ് ബാർത്ത് 1967 ൽ എഴുതിയ  The death of the Author എന്ന പ്രബന്ധത്തെ പരാമർശിച്ചും  Reader -response theory അവതരിപ്പിച്ച സൈദ്ധാന്തികന്മാരെ ഉദ്ധരിച്ചും ഉദ്ധരിക്കാതെയുമൊക്കെയാണ് ഈ ആശയങ്ങൾ അവതരിപ്പിച്ചു വരുന്നത്.കൃതി വായനക്കാരിൽ ഉണ്ടാക്കുന്ന ബൗദ്ധികവും വൈകാരികവുമായ പ്രതികരണങ്ങൾ പ്രധാനമാണ്,ഒരു കൃതി എല്ലാ വായനക്കാരിലും ഒരേ അനുഭവം തന്നെ ഉണ്ടാക്കുമെന്ന് കരുതുന്നത് ശരിയല്ല എന്നൊക്കെയുള്ള വളരെ യുക്തിപൂർണമായ വാദങ്ങളിൽ നിന്ന് ബഹുദൂരം അകലേക്ക് പോയി വായനക്കാർ ഉണ്ടാക്കുന്നതിലും കവിഞ്ഞുള്ള ഒരർത്ഥവും കൃതിക്കില്ലെന്നും വായനയിൽ ഗ്രന്ഥകാരന്റെ ഉദ്ദേശ്യങ്ങൾ ഒന്നും തന്നെ വായനക്കാരന്റെ പരിഗണനയിലേ വരേണ്ടതില്ലെന്നും കൃതിയിൽ അങ്ങനെ ഏതെങ്കിലും അർത്ഥമോ ഉദ്ദേശ്യമോ നിക്ഷേപിച്ചു വെക്കാൻ എഴുത്തുകാരൻ/എഴുത്തുകാരി ശ്രമിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വായനക്കാർ ആലോചിക്കേണ്ടതേയില്ല എന്നും പറയുന്നതിന് എത്രത്തോളം നീതീകരണം സാധ്യമാവും എന്നതിനെ കുറിച്ചുള്ള ഉത്തരവാദിത്വപൂർണമായ ആലോചനകൾ നമ്മുടെ സാഹിത്യനിരൂപണത്തിന്റെ അടിയന്തിരാവശ്യങ്ങളിൽ ഒന്നായിത്തീർന്നിരിക്കയാണ്.
വായനക്കാർക്ക് ഒരു കൃതിയിൽ നിന്ന് യഥേഷ്ടം അർത്ഥോൽപാദനം നടത്താനാവും എന്നത് ഒരു തെറ്റിദ്ധാരണയാണ്.ഒറ്റ വായനയിൽ ഒരു കൃതിയുടെ എല്ലാ അർത്ഥതലങ്ങളിലേക്കും എല്ലാവർക്കും ചെന്നെത്താൻ കഴിയണമെന്നില്ല.ഇക്കാര്യത്തിൽ വായനക്കാർക്കിടയിൽ വലിയ അന്തരമുണ്ടാകും.ഒന്നിലധികം ഭാഷകളിലെ സാഹിത്യരചനകളുമായി നല്ല പരിചയമുള്ളവർക്ക്  ആദ്യവായനയിൽ തന്നെ ഒരു കൃതി എന്തൊക്കെ പറയാൻ ശ്രമിക്കുന്നു,ആ ശ്രമത്തിൽ കൃതി എത്രത്തോളം വിജയം കൈവരിച്ചിരിക്കുന്നു എന്ന് ഏറെക്കുറെ കൃത്യമായി മനസ്സിലാക്കാനാവും.വലിയ വായനാപരിചയം ഇല്ലാത്തവർക്കും മറ്റുള്ളവർ പറഞ്ഞു കേട്ടതു കൊണ്ടു മാത്രം ഒരു പുസ്തകം വായനക്കായി തിരഞ്ഞെടുക്കുന്നവർക്കും ഇത് സാധ്യമാവില്ല.അങ്ങനെയുള്ള ഒരു വായനക്കാരൻ/ വായനക്കാരി തനിക്ക് ഒന്നും മനസ്സിലായില്ല എന്ന് പോലും പറഞ്ഞേക്കും.അതല്ല, 'ഈ പുസ്തകം വളരെ ഗംഭീരമായിരിക്കുന്നു' എന്നാണ് പറയുന്നതെങ്കിൽ തന്നെ അത് ആധികാരികമായ ഒരഭിപ്രായപ്രകടനമാണ് എന്ന് മറ്റൊരാൾക്ക് ഉറപ്പിക്കാനുമാവില്ല.
സാഹിത്യകൃതികളെ വിശ്വസനീയമായ വിധത്തിൽ മൂല്യനിർണയം ചെയ്യും എന്ന് കരുതിപ്പോരുന്ന മാധ്യമങ്ങൾ ,നിരൂപകർ എന്നിവരുടെയും സാഹിത്യസ്ഥാപനങ്ങളുടെയും അവാർഡ് കമ്മറ്റികളുടെയുമൊക്കെ വിലയിരുത്തലുകൾക്ക് പൂർണമായും കീഴടങ്ങിക്കൊണ്ട് കൃതികളെ കുറിച്ച് അഭിപ്രായം പറയുന്ന വായനക്കാരുടെ എണ്ണം മലയാളത്തിൽ കൂടിക്കൂടി വരികയാണ്.അത്തരം വായന കൊണ്ട് വായിക്കുന്ന ആൾക്കോ സമൂഹത്തിനോ കാര്യമായ യാതൊരു പ്രയോജനവും ഉണ്ടാവില്ല.അവർ നിർവഹിക്കുന്നതായി ഭാവിക്കുന്ന അർത്ഥോൽപാദനം പരതന്ത്രമായിരിക്കുമെന്നതിലേറെ കൃത്രിമമായിരിക്കും.
വ്യാഖ്യാനത്തിലൂടെയാണ് എഴുത്തിലൂടെയല്ല ഒരു കൃതി നിർമിക്കപ്പെടുന്നത് എന്നത് ഒരതിവാദമാണ്.വായനക്കാർക്ക് വ്യാഖ്യാനത്തിനുള്ള പ്രേരണ സൃഷ്ടിക്കുന്ന ഒരു കൃതിയെ മാത്രമേ വായനക്കാർ ആ ആവശ്യത്തിന്നായി സമീപിക്കൂ. 'ഇതിൽ വിശേഷിച്ചൊന്നുമില്ലല്ലോ' എന്ന് തോന്നി ഭേദപ്പെട്ട വായനക്കാരിൽത്തന്നെ ബഹുഭൂരിപക്ഷവും ഉപേക്ഷിക്കുന്ന കൃതികളിൽ ചിലത് പിന്നീടൊരിക്കൽ ശ്രദ്ധേയമായ സാഹിത്യരചന എന്ന പരിഗണന നേടുന്ന അവസ്ഥയിലേക്ക് ഉയരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നത് ശരിയാണ്.പക്ഷേ,അതിന്റെ അർത്ഥം കൃതി സ്വന്തമായി ഒന്നും പറയുന്നില്ല വായനക്കാർ അവയെക്കൊണ്ട് ചിലത് പറയിപ്പിക്കുക മാത്രമാണ് എന്നല്ല.
                                പ്രസക്തിയുടെ പ്രശ്‌നം
രണ്ട് സാഹിത്യകൃതികളെ തമ്മിൽ താരതമ്യം ചെയ്ത് അവയിൽ ഏതാണ് മികച്ചത് എന്ന് തീരുമാനിക്കുക വായനക്കാരുടെ ആവശ്യമല്ല, ആ ജോലി വേണമെങ്കിൽ നിരൂപകന്മാർ ചെയ്തു കൊള്ളട്ടെ എന്ന് പറഞ്ഞു കേൾക്കാറുണ്ട്.കൃതികളുടെ താരതമ്യം വാസ്തവത്തിൽ വായനക്കാർ ഒരു ജോലി എന്ന നിലയിൽ ഏറ്റെടുക്കുന്നതല്ല.അത് വായനയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ്.ഏത് കൃതിക്കും എന്ത് അർത്ഥവും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്,അതുകൊണ്ട് എല്ലാ കൃതികളും എനിക്ക് ഒരു പോലെയാണ് എന്ന് പറയുന്ന വായനക്കാരനെ സത്യസന്ധനായ ഒരു വായനക്കാരനായി ആരും പരിഗണിക്കുകയില്ല.അത്തരത്തിൽ സമ്പൂർണമായും നിർമമനും നിഷ്പക്ഷനുമായി ഇരുന്നുകൊണ്ട് നിർവഹിക്കാവുന്ന പ്രവൃത്തിയല്ല വായന.ഒരു കൃതി തന്റെ അനുഭവങ്ങളെയും ഓർമകളെയും ആലോചനകളെയും ആഴത്തിൽ സ്പർശിക്കും വിധം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ആ കൃതിയോട് വായിക്കുന്നയാൾക്ക് കൂടുതൽ മമത തോന്നും.തന്റെ ബൗദ്ധിക നിലവാരത്തിന് വളരെ താഴെ നിൽക്കുന്ന ഒരു കൃതിയോട് ഒരു വായനക്കാരനും മതിപ്പ് തോന്നില്ല.എഴുത്തിൽ കടുത്ത കൃത്രിമത്വം പുലർത്തിയിരിക്കുന്ന രചനകൾ,ഒട്ടും തന്നെ ചരിത്രബോധം പുലർത്താത്ത കൃതികൾ,ഏത് ഗണത്തിൽ പെടുന്നുവോ ഭാഷയിൽ ആ പ്രത്യേകഗണം നേടിയിരിക്കുന്ന വളർച്ചയെ കുറിച്ച് അജ്ഞത പുലർത്തുന്ന കൃതികൾ ഇവയെയൊക്കെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നവർ തന്നെയാണ് നല്ല വായനക്കാർ.എഴുത്തുകാരൻ/എഴുത്തുകാരി നേടിയിരിക്കുന്ന ചിഹ്നമൂല്യത്തെ അൽപവും പരിഗണിക്കാതെ കൃതിയെ കുറിച്ച് അഭിപ്രായം സ്വരൂപിക്കാൻ അവർക്കു കഴിയും. ഒരു കൃതി എത്രത്തോളം മൗലികമാണ്, സാഹിത്യം എന്ന വ്യവഹാരം എത്തിനിൽക്കുന്ന അവസ്ഥയിൽ അത് അതിന്റെ പ്രത്യേകമായ പ്രസക്തി എത്രത്തോളം ബോധ്യപ്പെടുത്തുന്നുണ്ട് എന്നൊക്കെ അവർ തിരിച്ചറിഞ്ഞു കൊള്ളും.അപ്രസക്തമെന്ന് തങ്ങൾക്കു തോന്നുന്ന ഒരു കൃതിക്കു ചുറ്റം എന്തൊക്ക പരിവേഷങ്ങൾ ആരൊക്കെ ഉണ്ടാക്കിവെച്ചാലും അതിനൊന്നും അവർ ഗൗരവം കൽപിക്കുകയില്ല. ഈ കഴിവുകളൊന്നും വായനക്കാർക്ക് ഉണ്ടാകരുത് ,ഏത് കൃതിയെയും അർത്ഥത്തിന്റെ അനന്തവും വൈവിധ്യപൂർണവുമായ സാധ്യതകളുടെ സംഭരണി എന്ന നിലക്ക് അവർ കണ്ടുകൊള്ളണം എന്ന നിർദ്ദേശം അല്പമെങ്കിലും സാഹിത്യപരിചയവും ആത്മാഭിമാനവുമുള്ള ഒരു വായനക്കാരനും അംഗീകരിച്ചു കൊടുക്കുകയില്ല.  എങ്കിൽ പിന്നെ ഈ കോലാഹലങ്ങളെല്ലാം തികച്ചും നിരർത്ഥവും നിഷ്ഫലവുമാണോ?
ഏതെങ്കിലുമൊരു കൃതിക്ക് ഒന്നോ അതിലധികമോ ജീവിത വ്യാഖ്യാനങ്ങളെയും സന്ദേശങ്ങളെയും വികാരങ്ങളെയും യാതൊരു മാറ്റവും സംഭവിക്കാത്ത വിധം എക്കാലത്തേക്കുമായി അതിൽ സൂക്ഷിച്ചു വെക്കാനാവും എന്ന് കരുതുന്നത് നിസ്സംശയമായും തെറ്റാണ്.കാലം മാറുമ്പോൾ മനുഷ്യരുടെ ലോകബോധത്തിലും മൂല്യസങ്കൽപങ്ങളിലും മാറ്റം വരും. മനുഷ്യനെയും ഇതരജീവജാലങ്ങളെയും കുറിച്ചും നാനാതരം പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ച് ആകെത്തന്നെയുമുള്ള അവരുടെ അറിവിൽ വലിയ വർധനവുണ്ടാകും.പുതിയ രാഷ്ട്രീയാശയങ്ങളും ജീവിത ദർശനങ്ങളും അവരെ സ്വാധീനിക്കും.ഇതെല്ലാം പഴയ കൃതികളെ പുതിയ രീതിയിൽ സമീപിക്കാൻ അവരെ പ്രേരിപ്പിക്കും.ആധുനിക കാലത്തെ സാഹിത്യരചനകൾക്കു മാത്രമല്ല,പഴങ്കഥകൾക്കും പുരാവൃത്തങ്ങൾക്കുമെല്ലാം അവർ പുതിയ പാരായണ സാധ്യതകൾ കണ്ടെത്തും.ഒരു കാലത്ത് കൊണ്ടാടപ്പെട്ട കൃതികൾക്ക് സാഹിത്യചരിത്രപരമായ പ്രാധാന്യമൊഴിച്ച് മറ്റൊന്നും അവകാശപ്പെടാനില്ലെന്ന് അവർ കണ്ടെത്തിയേക്കും.ഒരിക്കൽ പുരോഗമനപരമെന്ന് വാഴ്ത്തപ്പെട്ട കൃതി യഥാർത്ഥത്തിൽ യാഥാസ്ഥിതികത്വത്തിന്റെ പക്ഷത്താണ് നിൽക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞേക്കും.വായനയിൽ ചരിത്രം ഇടപെടുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.കൃതികളുടെ അർത്ഥതലം നിശ്ചലമല്ലെന്നും അവ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ഈ അർത്ഥത്തിൽ പറയാം.അപ്പോഴും ബാക്കി നിൽക്കുന്ന ഒരു വസ്തുത എല്ലാ കൃതികളുടെ വായനയിലും ചരിത്രം ഒരേ അളവിൽ ഇടപെടുന്നില്ലെന്നതതാണ്.രാമചരിതതത്തിന്റെയോ കൃഷ്ണഗാഥയുടെയോ വായനയെ നവീകരിച്ചെടുക്കുന്നതിൽ വായനക്കാർക്ക് താൽപര്യമുണ്ടാവില്ല.അവയുടെ അർത്ഥതലത്തിന്റെ നവീകരണത്തിനുള്ള സാധ്യത വളരെ പരിമിതമാണ്.ഈഡിപ്പസിന്റെ കഥയ്ക്ക് പല വായനകൾ ഉണ്ടായിക്കഴിഞ്ഞു.വ്യത്യസ്തമായ അർത്ഥതലങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള വായനകൾ ഇനിയും ഉണ്ടായേക്കാനുള്ള സാധ്യതയെ സംശയിക്കാനുമില്ല.എന്നാൽ മറ്റു പല പുരാവൃത്തങ്ങളുടെയും പുനർവായനയിൽ ഈ സാധ്യത പ്രതീക്ഷിക്കാനാവില്ല.
കുമാരാനാശാന്റെ മിക്ക കൃതികളും ഏറ്റവും പുതിയ നിരൂപണസങ്കേതങ്ങളുടെയും വിവിധ ജ്ഞാനമേഖലകളിൽ സംഭവിക്കുന്ന വികാസങ്ങളുടെ ഫലമായി കൈവരുന്ന ഏറ്റവും പുതിയ അറിവുകളുടെയും സഹായത്തോടെ വീണ്ടും വീണ്ടും പഠിക്കപ്പെടുന്നുണ്ട്.ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികളുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.'ഖസാക്കിന്റെ ഇതിഹാസ'ത്തിന് എത്രയോ വ്യാഖ്യാനങ്ങളും വിമർശനങ്ങളും ഉണ്ടായി. 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും 'സ്മാരകശിലകളു'ം ഇപ്പോഴും നന്നായി വായിക്കപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി പഠനസ്വഭാവമുള്ളതോ വിമർശനാത്മകമോ ആയ വായനകൾ നന്നേ കുറച്ചേ ഉണ്ടായിട്ടുള്ളൂ.കാക്കനാടന്റെ വസൂരി,ഏഴാം മുദ്ര,ഉഷ്ണമേഖല തുടങ്ങിയ കൃതികളാകട്ടെ നിരൂപകരും ഗവേഷകരും മിക്കവാറും മറന്ന മട്ടായി.
എല്ലാ കൃതികളും പുതിയ പുതിയ പാരായണ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നില്ലെന്ന കാര്യം തീർച്ചയാണ്.സാഹിത്യചരിത്രത്തിൽ പ്രത്യേക പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന കൃതികളിൽത്തന്നെ പലതും കാലം കഴിയുന്നതോടെ പഠനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നവയായിത്തീരുന്നുണ്ട്.പുതിയ കാലത്തെ വായനക്കാരുമായി സംവദിക്കാനാവാത്ത വിധത്തിൽ അവയുടെ ഭാഷയും ഇതിവൃത്തവുമെല്ലാം പഴകിപ്പൂതലിച്ചു പോവുന്നുണ്ട്.അങ്ങനെ സംഭവിക്കാതെ അനേകനൂറ്റാണ്ടുകൾക്കു ശേഷവും പുതിയ വായനക്കാരോട് മനുഷ്യാവസ്ഥയെ കുറിച്ച് സംസാരിക്കാൻ ശേഷിയുള്ള കൃതികൾ,അവയെ ആശ്രയിച്ച് പുതിയ പാഠങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് നിലനിന്നു വരുന്നത് എന്നു പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല.അങ്ങനെ പാഠങ്ങൾ ഉൽപാദിപ്പിക്കാൻ പ്രേരണ നൽകുന്ന എന്തൊക്കെ ഘടകങ്ങളാണ് അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന അന്വേഷണം തികച്ചും പ്രസക്തമാണ്.
കഥകളിൽ നിന്നും കവിതകളിൽ നിന്നുമൊക്കെ ആർക്കും യഥേഷ്ടം പാഠങ്ങൾ നിർമിക്കാം,എല്ലാ പാഠങ്ങളും ഒന്നു പോലെ പ്രസക്തമാണ് എന്നുള്ള വാദം നിഷ്‌കളങ്കമോ യുക്തിഭദ്രമോ അല്ലെന്ന് അനായാസമായി സ്ഥാപിക്കാൻ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ ചില പാഠനിർമിതികളെ മാത്രം ആശ്രയിച്ചാൽ മതി. ഒരു കഥയിലെ കഥാപാത്രങ്ങളുടെ പേരിനെ മുൻനിർത്തി കഥ ഒരു മതത്തെ അനുകൂലിക്കുന്നതും മറ്റൊന്നിനെ നിന്ദിക്കുന്നതുമാണെന്ന് വിധിച്ചുകൊണ്ട് നടത്തുന്ന പാഠനിർമാണം ആശാസ്യമായ വായനയുടെ ഫലമല്ല.അത് അൽപമെങ്കിലും ഭേദപ്പെട്ട ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നുമില്ല. വായനയെ ആശാസ്യമെന്നും അല്ലാത്തതെന്നും വേർതിരിക്കുന്നതും ഭാവുകത്വത്തിന് നിലവാരം നിശ്ചയിക്കുന്നതുമെല്ലാം അനാവശ്യമാണെന്ന് വീറോടെ വാദിക്കാൻ ആളുകളുണ്ടായേക്കും. തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കുന്നതിനുള്ള ഉപായങ്ങൾ അവർ സമർത്ഥമായി പ്രയോഗിച്ചെന്നും വരും.പക്ഷേ,ഒരു കഥ ഏത് യാഥാർത്ഥ്യത്തെയാണ് ആവിഷ്‌കരിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് ഒറ്റ വായനയിൽത്തന്നെ തിരിച്ചറിയാമായിരുന്നിട്ടും ആ യാഥാർത്ഥ്യത്തെ പാടെ അവഗണിച്ച് വായനയിൽ കലക്കമുണ്ടാക്കാൻ എളുപ്പമുള്ള ഒന്നിനെ കഥയിൽ നിന്ന് കണ്ടെടുത്ത് അതിൽ ഊന്നിക്കൊണ്ട് നിരൂപണവും സംവാദവും സംഘടിപ്പിക്കാൻ ശ്രമിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ തെറ്റാണ്. ഒരു കഥ അവസാനിക്കുന്ന ഭാഗത്ത് സാധാരണ ജനങ്ങൾ നിലവിൽ അവരുടെ സ്വഭാവത്തിന്റെ ഭാഗമാക്കിത്തീർത്ത ബഹുമുഖമായ  ഉദാസീനതയെയും നിർമമതയെയും കരകയറേണ്ടതുണ്ട് എന്ന തോന്നലില്ലാതെ ലജ്ജാരഹിതമായി അവർ അനുഭവിച്ചു വരുന്ന നിസ്സഹായതയെയും ന്യായീകരിക്കാനെന്ന ഭാവത്തിൽ  അവരിലൊരാൾ തന്നെയായ കഥാപാത്രം 'അഹം ബ്രഹ്മാസ്മി, തത്വമസി' എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നുനീങ്ങുന്നത് വായിച്ച പാടെ 'ദാ,കഥാകൃത്ത് ദൈവവിശ്വാസത്തിലും ഹൈന്ദവദർശനത്തിലും അഭയം തേടുന്നു' എന്ന്  ഒരു നിരൂപകൻ വിളിച്ചു പറയുകയാണെങ്കിൽ അയാളുടെ വായന നിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമാണെന്ന് വിധിക്കാൻ ഒരു വായനാസിദ്ധാന്തവും തടസ്സമാകേണ്ടതില്ല.വലിയ സാഹിത്യപരിചയമൊന്നുമില്ലാത്ത സാധാരണവായനക്കാർ ആ കഥാസന്ദർഭത്തിലെ നർമത്തിലേക്കും സാമൂഹ്യവിമർശനത്തിലേക്കും വളരെ വേഗം എത്തിച്ചേരുകയും നിരൂപകനെന്ന് സ്വയം കരുതുന്ന ഒരാൾ സന്ദർഭം ഒട്ടുമേ അനുവദിക്കാത്ത മറ്റൊരു വഴിയിലേക്ക് ഓടിയിറങ്ങുകയും ചെയ്യുന്നതു കണ്ടാൽ അത് വിവരക്കേടാണെന്നു വിളിച്ചുപറയാൻ അൽപം പോലും സംശയിക്കേണ്ട കാര്യമേ ഇല്ല.
                    അസ്തിത്വവാദത്തിന്റെ തുടർച്ചയും മറ്റു ചിലതും
കൃതി എന്ന ഒന്നില്ല ,പാഠങ്ങൾ മാത്രമേ ഉള്ളൂ;പാഠങ്ങളുടെ ഉൽപാദനമാണ് കൃതിയെ സൃഷ്ടിക്കുന്നത് എന്ന ആശയം അവതരിപ്പിക്കുന്നവർ മിക്കവാറും ആദ്യം ഉദ്ധരിക്കുന്നത് റൊളാങ് ബാർത്തിനെയും മിഷേൽ ഫൂക്കോവിനെയും ആയിരിക്കും.തൊട്ടു പിന്നാലെ വരും ദെറീദ. 'പാഠത്തിന് ( പിന്നെ ലോകമാകുന്ന പാഠത്തിനും)  'രഹസ്യ'വും അന്തിമവുമായ ഒരർത്ഥം കൽപിച്ചുകൊടുക്കാൻ വിസമ്മതിക്കുന്നതിലൂടെ ദൈവശാസ്ത്രവിരുദ്ധമെന്നു വിളിക്കാവുന്നതും സത്യമായും വിപ്‌ളവകരവുമായ ഒരു പ്രവൃത്തിയെ സ്വതന്ത്രമാക്കി വിടുകയാണ് ചെയ്യുന്നത് 'എന്ന് ബാർത് തന്റെ ഗ്രന്ഥകാരന്റെ മരണം എന്ന ആശയത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പറയുന്നുണ്ട്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു പാഠത്തിന് ഗ്രന്ഥകാരനെ നൽകുക എന്നതിന്റെ അർത്ഥം ആ പാഠത്തിന്  പരിധി കൽപിക്കുക,അതിന് അന്തിമമായ ഒരു സൂചിതം നൽകുക,ആ എഴുത്തിനെ അടച്ചിടുക എന്നൊക്കെയാണ്.ഓരോ കൃതിയും പാഠങ്ങളുടെ,പാഠനിർമാണത്തിനുള്ള സാധ്യതകളുടെ അനന്തമായ ലീലയാണ് എന്ന് പറയുന്നത് കേൾക്കാൻ ഇമ്പമുണ്ടായേക്കാമെങ്കിലും പറയുന്ന അത്രയും ലാഘവത്തോടെ ഒരു കൃതിയും അങ്ങനെ പാരായണത്തിന് വഴങ്ങിക്കൊടുക്കില്ല എന്നതാണ് വസ്തുത.അവ ഉണ്ടായ കാലത്തെ ജീവിതബോധവും ആ കാലം ആവശ്യപ്പെട്ട ധർമങ്ങളുടെ ഏറ്റെടുപ്പും കൃതി നിർവഹിച്ചിട്ടുണ്ടാവും.അവയെ വിമർനബുദ്ധിയോടെ പരിശോധിക്കാനും അവയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ധാരണകളെയും താൽപര്യങ്ങളെയും വെളിപ്പെടുത്താനും പുതിയ വായനയിലൂടെ സാധിക്കും.അതിനപ്പുറത്ത് കൃതി എന്തെങ്കിലും സാധിക്കുന്നുണ്ടെങ്കിൽ അത് പ്രാഥമികമായും കൃതിയുടെ മികവ് കൊണ്ടു തന്നെയാണ്.
ബാർത്തിന്റെ 'The death of the Author' ലും ഫൂക്കോവിന്റെ    'What is an Author?'
ലും ആദ്യവായനയിൽ ഉണ്ടെന്നു തോന്നിയേക്കാവുന്ന സ്‌ഫോടനാത്മകത വാസ്തവത്തിൽ അവയ്ക്ക് അവകാശപ്പെടാനാവില്ല.ജീവിതത്തിന് പൂർവനിശ്ചിതമായ ഒരർത്ഥവുമില്ലെന്ന, മനുഷ്യൻ ജീവിതത്തിലൂടെ എന്തായിരുന്നുവോ അതു തന്നെയാണ് ജീവിതത്തിന്റെ സത്ത,അസ്തിത്വം സത്തയ്ക്ക് മുമ്പേ വരുന്നു (Existence preceeds Essence) എന്ന ആശയം അസ്തിത്വവാദികൾ നേരത്തെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ബുദ്ധിജീവിലോകത്തിന് അത് അതിപരിചിതമായിത്തീർന്നതിനു ശേഷമാണ് ഗ്രന്ഥകാരന്റെ മരണം ഉൽഘോഷിച്ച്, കൃതിക്ക് അചഞ്ചലവും പൂർവനിശ്ചിതവുമായ ഒരർത്ഥവുമില്ല,വായനയിലൂടെ നിർമിക്കപ്പെടുന്ന പാഠത്തിലൂടെയാണ് കൃതി ഉണ്ടാവുന്നത് എന്ന ആശയം മുന്നോട്ടു വെക്കപ്പെടുന്നത്.ഇതിനു പിന്നിൽ അസ്തിത്വവാദത്തിന്റെ കൂടി സ്വാധീനമുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട് 'The author does not precede the works' എന്ന ഫൂക്കോവിന്റെ വാക്യഖണ്ഡം.
കൃതിയുടെ അർത്ഥം ഓരോ വായനയിലും പുനർനിർമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതു മാത്രമാണ് എന്നു പറയുന്നത് ഏത് ആശയത്തിനും നിലപാടിനും താൽക്കാലികമായ നിലനിൽപ് മാത്രമേ ഉള്ളൂ,അത്രയേ ഉണ്ടാവേണ്ടതുള്ളൂ എന്ന് പറയുന്നതിനോട് ഏറെക്കുറെ തുല്യമാണ്. 'ചരിത്രം എന്ന ഒന്നില്ല,വ്യാഖ്യാനം മാത്രമേ ഉള്ളൂ' എന്ന ആശയം ഇതിന്റെ വകഭേദം മാത്രമാണ്.ചരിത്രം ഇല്ല,എല്ലാ ബ്രഹദാഖ്യാനങ്ങളും അപ്രസക്തമാണ്,ഗ്രന്ഥകാരൻ മരിച്ചു എന്നൊക്കെയുള്ള പ്രസ്താവങ്ങൾ രക്തബന്ധമുള്ളവയാണ്.ഒന്നു കൂടി ചുഴിഞ്ഞുനോക്കിയാൽ ഈ ആശയങ്ങളിൽ നിന്ന് അധ്യാപകർ പഠിപ്പിക്കേണ്ടതില്ല,ജ്ഞാനം വിദ്യാർത്ഥി സ്വന്തമായി നിർമിക്കേണ്ടതാണ്,അതിന് സഹായിയായി നിൽക്കുക എന്നത് മാത്രമാണ് അധ്യാപകന്റെ റോൾ എന്ന നിലപാടിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ് എന്ന് മനസ്സിലാവും.വ്യത്യസ്ത മേഖലകളിൽ ഒരേ കാലയളവിൽ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾക്കു തമ്മിൽ ഇങ്ങനെ സാഹോദര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതു പോലും പലർക്കും,വിശേഷിച്ചും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ വ്യവഹാരങ്ങളും വിപണിയോട് സൗഹൃദം പുലർത്തുന്നവയായിരിക്കണം എന്ന് വാദിക്കുന്നവർക്ക് തീരെ രസിക്കില്ല.

അടിക്കുറിപ്പ്: മലയാളത്തിലെ ആദ്യചെറുകഥയായ 'വാസനാവികൃതി'യുടെ നൂറ്റിരപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സമയമായതുകൊണ്ടു കൂടിയാവാം ഈ ലേഖനത്തിന് 'വായനാവികൃതി' എന്ന ശീർഷകം നൽകാമെന്നു തോന്നിയത്.
 






Friday, September 30, 2016

തളരുന്ന പൊതുബോധം,വളരുന്ന അരാഷ്ട്രീയത


കേരളത്തിനകത്തു തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന മലയാളിയുടെ ലോകം വല്ലാതെ ചുരുങ്ങിപ്പോവുന്നുണ്ടെന്നും ഏറ്റവും പുതിയ തലമുറയുടെ കാര്യത്തിലാണ് ഇത് ഏറ്റവും കൂടിയ അളവിൽ സംഭവിച്ചുകൊണ്ടി രിക്കുന്നതെന്നും ഉള്ള പറച്ചിലിന് രണ്ട് മൂന്ന് ദശകക്കാലത്തിന്റെയെങ്കിലും പഴക്കമുണ്ട്.ഈ പറച്ചിൽ ഏറെക്കുറെ എല്ലാ കോണുകളിൽ നിന്നുമായി ആവർത്തിച്ചു കേൾക്കാൻ തുടങ്ങിയത് സമീപവർഷങ്ങളിലാണെന്ന് മാത്രം.
നാം നമ്മെക്കുറിച്ച് പൊതുവായി പങ്കുവെക്കുന്ന ഈ നിരീക്ഷണത്തിന് അനുഭവത്തിന്റെ പിൻബലമുണ്ടെന്നതിൽ സംശയമില്ല.പക്ഷേ,സാമൂഹ്യമായ പ്രതീക്ഷകളും ഉൽക്കണ്ഠകളും രോഷവുമെല്ലാം നമുക്ക് അന്യമായി ത്തുടങ്ങിയതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് ഗൗരവപൂർണമായ അന്വേഷണങ്ങളൊന്നും ഇതേവരെയായി ഉണ്ടാവാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു ഉത്തരത്തിൽ എത്തിച്ചേരുക എളുപ്പമല്ല.
സാങ്കേതിക സാക്ഷരതയുടെ വ്യാപനവും നവസാമൂഹ്യമാധ്യമങ്ങളിലെ വ്യവഹാരങ്ങൾക്ക് നൽകുന്ന അതിശ്രദ്ധയുമാണ് കേരളത്തിലെ യുവജനങ്ങളെയും മധ്യവയസ്‌കരെയും വൃദ്ധജനങ്ങളെപ്പോലും അവനവനിലേക്കും അവളവളിലേക്കും ചുരുങ്ങാൻ പ്രേരിപ്പിച്ചത് എന്നു പറഞ്ഞാൽ നന്നേ ചെറിയ അളവിലേ അത് ശരിയാവുകയുള്ളൂ.സാ മൂഹ്യ മാധ്യമങ്ങളിലെ ആവിഷ്‌ക്കാരങ്ങൾ ഏറെയും വ്യക്തികൾ സ്വയം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ ആ ആവിഷ്‌ക്കാരങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ (കമന്റ്‌സ്) അതിലും പതിന്മടങ്ങ് മോശമായ രീതിയിൽ അഹന്തയുടെയും ധിക്കാരത്തിന്റെയും പ്രകടനമാവുന്നതായിട്ടാണ് കാണുന്നത്.ഫെയ്‌സ്ബുക്ക്,ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ നടക്കുന്ന സാമൂഹ്യവിമർശനത്തിന്റെയും നിരീക്ഷണങ്ങളുടെയും പൊതുവെയുള്ള സ്വഭാവം ഒരുതരം ആധിപത്യവ്യഗ്രതയാണ്.തർക്കിക്കാനും ജയിക്കാനുമല്ല അറിയാനും അറിയാക്കാനുമുള്ളതായിരിക്കണം സംവാദം എന്ന ബോധ്യത്തിന്റെ നാലയലത്തുപോലും എത്താത്ത കമന്റുകളിലൂടെ വലിയ അളവിൽ ആശയ വിനിമയം നടക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.ചില വാർത്തകളും വിവരങ്ങളും അധികാരകേന്ദ്രങ്ങളുടെ സമ്മതിക്ക് കാത്തു നിൽക്കാതെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും അപ്പപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നതും ചുരുക്കം ചില സന്ദർഭങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ തികച്ചും ജനവിരുദ്ധമായ നിലപാടുകളും അഭിപ്രായപ്രകടനങ്ങളും സൈബർമാധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നതും വസ്തുതയാണ്.ഭയരഹിതമായ ഇത്തരം പ്രതികരണങ്ങൾ ജനനേതാക്കളുടെ പരിവേഷം കുറച്ചെങ്കിലും നഷ്ടപ്പെടുത്തുകയും ബഹുജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രത്യക്ഷത്തിലെങ്കിലും കൂടുതൽ മാന്യതയും മര്യാദയും കാണിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അത്രത്തോളമെങ്കിലും അവയുടെ സംഭാവന ഉണ്ടെന്ന് ആർക്കും സമ്മതിക്കേണ്ടിവരും.സമൂഹമനസ്സിനെ പുറകോട്ട് വലിച്ചേ അടങ്ങൂ എന്ന വാശി കൈവിടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിക്കാത്ത മതമൗലികവാദികളെയും മറ്റ് പ്രതിലോമ ശക്തികളയും പ്രകോപിപ്പിക്കുന്ന ചില നൂതനാശയങ്ങളും നിലപാടുകളും നവമാധ്യമങ്ങളിൽ ഇടയ്‌ക്കൊക്കെ ഇടം നേടാറുണ്ട് എന്ന കാര്യവും എല്ലാവർക്കും അറിയാം. ഇതിനൊക്കെ അപ്പുറം എന്തുണ്ട്?നമ്മുടെ പൊതുബോധത്തെ അവ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? രാജ്യത്തിനകത്തെ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക പരിതോവസ്ഥയിൽ വിമർശനാത്മകമായും നിർമാണാത്മകമായും ഇടപെടുന്നതിനുള്ള ഊർജ്ജം പ്രസരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും അവയുടെ ഭാഗത്തുനിന്ന് ഗണ്യമായ എന്തെങ്കിലും സംഭാവനകൾ ഉണ്ടാവുന്നുണ്ടോ? എന്നീ ചോദ്യങ്ങൾക്കെല്ലാം നിഷേധാത്മകമായ മറുപടികളേ സാധ്യമാവൂ.
പക്ഷേ, ഇന്റർനെറ്റിലും നവസാമൂഹ്യമാധ്യമങ്ങളിലും  വ്യാപരിക്കുന്നതിന് നമ്മുടെ യുവജനങ്ങൾ കാണിക്കുന്ന  അത്യുത്സാഹമൊന്നു മാത്രമാണ് അവർക്കിടയിൽ സാമൂഹിക സാക്ഷരതയുടെ ശോഷണം സംഭവിപ്പിച്ചതെന്ന് പറയാനാവില്ല. പുതുതലമുറ വാസ്തവത്തിൽ അങ്ങനെ നിരക്ഷരാവുകയാണോ ചെയ്തത് എന്ന് സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ നിരക്ഷരതയല്ല ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കടുത്ത കഴിവുകേടും വൈമുഖ്യവുമാണ് അവരെ ബാധിച്ചിരിക്കുന്നത് എന്ന് മനസ്സിലാവും.ഇവ രണ്ടും പല വഴിക്കാണ് അവരിൽ എത്തിച്ചേർന്ന് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്.ആദ്യവഴി വിദ്യാഭ്യാസത്തിന്റെതു തന്നെ.പ്രൈമറി തലം മുതൽ ഗവേഷണതലം വരെ സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന വിദ്യാഭ്യാസം ഉപരിപ്ലവവും അപൂർണവുമായ വിവരശേഖരണത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.വസ്തുതകളുടെ അപഗ്രഥനത്തിനുള്ള പരിശീലനം വളരെ ചെറിയ തോതിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും ആ അപഗ്രഥനത്തിന്റെ പോലും ലക്ഷ്യം ജ്ഞാനാർജ്ജനമല്ല ജ്ഞാനിയായി ഭാവിക്കലും പ്രദർശിപ്പിക്കലുമൊക്കെയാണ്.ഗവേഷണവിദ്യാർത്ഥികളുടെ കാര്യത്തിൽ പോലും ഏറിയ കൂറും അതാണ് സംഭവിക്കുന്നത്.ഉന്നത തലത്തിലുള്ള ഒരു പരിശോധനയ്ക്കുവേണ്ടി കോളേജിലെത്തിയ വിദഗ്ധസംഘത്തിലെ ഒരംഗം ' നിങ്ങൾ നെറ്റിൽ നോക്കണം.പന്ത്രണ്ടിടത്ത് എന്റെ പേര് കാണാം,നിങ്ങളും അത് പോലെ പേര് വരുത്തണം' എന്ന് പറഞ്ഞതായി ഒരു ദശകം മുമ്പ് ഒരു കോളേജ് അധ്യാപകൻ എന്നോട് പറഞ്ഞിരുന്നു.വിദഗ്ധരുടെ നിലവാരം ഇതാണെങ്കിൽ അവരെ അനുസരിക്കാനും അനുകരിക്കാനും ശ്രമിക്കുന്നവരുടെ നിലവാരം എത്രമേൽ പരിതാപകരമാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
തങ്ങൾക്ക് പ്രാഥമികധാരണപോലുമില്ലാത്ത വിഷയത്തെ കുറിച്ചുപോലും വാചാലരാവാനും തർക്കിക്കാനും യാതൊരു മടിയിലുമില്ലാത്തവരാണ് നമ്മുടെ വിദ്യാർത്ഥികളിൽ വളരെയേറെ പേർ.പരീക്ഷകൾ ഉയർന്ന നിലയിൽത്തന്നെ പാസ്സാവാനുള്ള സൂത്രപ്പണികൾ വശത്താക്കുന്നതിനല്ലാതെ പഠനം ആവശ്യപ്പെടുന്ന അധ്വാനത്തിനോ ക്ലേശപൂർണമായ അന്വേഷണങ്ങൾക്കോ അവർ തയ്യാറാവുകയില്ല.അതൊന്നും ആവശ്യമില്ലെന്നും മികച്ച പെർഫോമൻസിനുള്ള കഴിവ് മാത്രമാണ് ലോകം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നതെന്നുമുള്ള പ്രതീതിയിലാണ് ചെറിയ ക്ലാസ്സുകൾ തൊട്ടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്.പുതിയ ബോധനരീതി അതൊന്നുമല്ല ലക്ഷ്യം വെക്കുന്നതെന്നും അത് വിദ്യാർത്ഥികളിൽ സ്വതന്ത്രമായ ജ്ഞാനനിർമാണത്തിനും നിലവിലുള്ള ഏത് അറിവിനെയും വിമർശനാത്മകമായി സമീപിക്കുന്നതിനും ഉള്ള ശേഷി  ഉയർന്ന അളവിൽ ഉൽപാദിപ്പിക്കുകയാണ് ചെയ്യുക എന്നും  ആരൊക്കെ എത്രയൊക്കെ ആവേശം കൊണ്ടാലും അതിന്റെ പ്രയോഗത്തിന് ഇങ്ങനെയൊരു വിപരീത ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടുവരുന്നത്.  .
'തൊഴിൽ വിപണിയിൽ നിങ്ങളെ വാങ്ങുന്നതിൽ ആരും വലുതായ താൽപര്യം കാണിക്കില്ല,ഏറ്റവും എളുപ്പത്തിലും വിജയകരമായും സ്വയം വിൽക്കാനുള്ള വൈദഗ്ധ്യമാണ് നിങ്ങൾ ആർജിക്കേണ്ടത്.അതിനുള്ള തയ്യാറെടുപ്പും തന്ത്രപ്രയോഗങ്ങളുമാണ് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്' എന്ന് വിദ്യാർത്ഥികളോട് താൻ ആവർത്തിച്ചു പറയാറുണ്ടെന്ന് ഒരധ്യാപകൻ അഭിമാനപൂർവം പറയുന്നത് കേൾക്കാനിടയായപ്പോൾ അദ്ദേഹത്തോട് എനിക്ക് പുച്ഛമോ സഹതാപമോ  തോന്നിയില്ല.നമ്മുടെ കാലത്ത് ലോകം യുവജനങ്ങളിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് കൃത്യമായി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. പക്ഷേ,ഈ മനോഭാവം നമ്മുടെ പൊതു ജീവിതത്തിന്റെ നിയന്ത്രണം കയ്യാളുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രകടമാ വുമ്പോൾ അതിനു നേർക്ക്  ഔദാര്യമോ ഉദാസീനതയോ കൈക്കൊ ള്ളാനാവില്ല.സാമൂഹ്യജീവിതത്തിൽ ചില മൂല്യങ്ങൾ നിലനിൽക്കണമെന്നും അവിടെ നടക്കുന്ന വ്യവഹാരങ്ങൾ സത്യസന്ധമായിരിക്കണമെന്നും അവ ജനവിരുദ്ധമാകരുതെന്നുമൊക്കെയുള്ള നിർബന്ധം ഏത് വിപരീത സാഹചര്യത്തിലും മുറുകെ പിടിക്കേണ്ടവരാണ് അവർ.അവരുടെ അലംഭാവത്തിലൂടെ ഒരു സമൂഹത്തിന് നഷ്ടമാവുന്നത് ആത്മാഭിമാനം തൊട്ടുള്ള അനേകം ഗുണങ്ങളാണ്.അവയിൽ പരമ പ്രധാനമായ ഒന്നാണ് ഉണർവും ഉശിരും സത്യസന്ധതയുമുള്ള പൊതുബോധം.അതിന് സംഭവിച്ച തകർച്ചയാണ് വർത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.സാമൂഹിക സാക്ഷരതയുടെ നാശത്തിനു പിന്നിലെ പ്രധാന കാരണം ഇതാണ്.
മലയാളിയുടെ പൊതുബോധത്തിൽ സമകാലിക സാമൂഹ്യരാഷ്ട്രീയപ്രശ്‌നങ്ങളെ കുറിച്ചുള്ള ധാരണകളും  ഉത്കണ്ഠകളും അപഗ്രഥനങ്ങളും സജീവമായി നിലനിൽക്കാതായിട്ട് ചുരുങ്ങിയത് മൂന്ന് ദശകക്കാലമെങ്കിലും ആയി.അതിനും കുറച്ചു മുമ്പേ തന്നെ പൊതുബോധത്തിന്റെ സഞ്ചാരം ഉദാസീനതയിലേക്ക് വഴിതിരിഞ്ഞു തുടങ്ങിയിരുന്നു.ഈയൊരു മാറ്റത്തിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിന്റെ വഴിമാറ്റം തന്നെയാണ്.വർഗീയ കക്ഷികൾക്കും പ്രാദേശികതയിൽ ഊന്നിനിൽക്കുന്ന കക്ഷികൾക്കും അവരവരുടെതായ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയമുണ്ട്.മറ്റ് രാഷ്ട്രീയപ്പാർട്ടികളെല്ലാം താന്താങ്ങൾ കാലാകാലമായി ഉയർത്തിപ്പിടിച്ചു വന്നിരുന്ന രാഷ്ട്രീയം വലിയൊരളവോളം  ഉപേക്ഷി ക്കുകയും അധികാരത്തിലേറാനുള്ള നാനാതരം വ്യവഹാരങ്ങൾ മാത്രമാ യിരിക്കണം രാഷ്ട്രീയം എന്ന് തീരുമാനിക്കുകയും ചെയ്തത് അവരുടെ പല ചെയ്തികളിൽ  നിന്നും പൊതുപ്രശ്‌നങ്ങളോടുള്ള സമീപനങ്ങളിൽ നിന്നും ജനങ്ങൾ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.വിമർശനങ്ങളൊന്നും ഫലവത്താകുകയില്ലെന്നും രാഷ്ട്രീയകക്ഷികൾ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒന്നിനെയും ചോദ്യം ചെയ്യാതെ അനുസരണയോടെ പെരുമാറാനുള്ള സന്നദ്ധത മാത്രമാണെന്നും അനേകം അനുഭവങ്ങളിലൂടെ അവർക്ക് ബോധ്യമാവുകയും ചെയ്തിരിക്കുന്നു.
കാര്യങ്ങൾ മറ്റൊരു വിധത്തിലായിത്തീരാനുള്ള സാധ്യതകളൊന്നും കൺവെട്ടത്തിലില്ല.താരതമ്യേന കൂടുതൽ ആത്മാനുരാഗവും പാരമ്പര്യപ്രണയവും യാഥാസ്ഥിതികത്വവുമൊക്കെയുള്ള ഒരു ജനതയായി നരവംശശാസ്ത്രകാരന്മാർ നേരത്തേ തന്നെ നിർണയിച്ചിട്ടുള്ള മലയാളികൾ സാമൂഹ്യപ്രശ്‌നങ്ങളുടെ നേർക്ക് അവർ/ അവരുടെ പൂർവികർ പണ്ട് കാണിച്ചിരുന്ന ജാഗ്രത വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രമേ കേരളത്തിലെ രാഷ്ട്രീയം,വിദ്യാഭ്യാസം,സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിലെ ദൈനംദിന യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണും കാതും മനസ്സും തുറക്കുന്ന ആർക്കും തോന്നുകയുള്ളൂ.ഇത് അൽപവും ആശാസ്യമായ അവസ്ഥയല്ലെന്ന് അറിയുമ്പോഴും തങ്ങൾക്ക് ഫലപ്രദമായ ഇടപെട ലുകളൊന്നും സാധ്യമാവില്ലെന്ന നിസ്സഹായതാബോധം അവരെ ഒന്നു കൂടി പരിക്ഷീണരാക്കുകയും ഒരു പ്രതികരണത്തിനും പ്രതിരോധത്തിനും മുതിരാതെ പിന്മാറാൻ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി രൂപപ്പെട്ടിരിക്കുന്ന ആന്തരിക നിശ്ചലതയാണ് ഇന്നത്തെ കേരളീയ പൊതുജീവിതത്തിലെ ഏറ്റവും വലിയ ദു:ഖാനുഭവം.




Saturday, September 17, 2016

ഭാഷാസമഗ്രതാ ദർശനം : അവകാശവാദവും അനുഭവവും തമ്മിലുള്ള അകലം

                        
ഡി.പി.ഇ.പി കാലം മുതൽ ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനം  കേരളത്തിലെ പ്രൈമറി സ്‌കൂൾ അധ്യാപകർ ക്ലാസ്മുറിയിൽ പ്രയോഗിച്ചു തുടങ്ങിയതാണ്. ഈ ബോധനരീതിയിൽ  ഉൾച്ചേർന്നിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഇന്നിപ്പോൾ ഏറെക്കുറെ എല്ലാവർക്കും അറിയാം.എട്ടാം ക്ലാസിലെത്തുമ്പോഴും കുട്ടികളിൽ പലർക്കും മലയാളത്തിലെ അക്ഷരങ്ങൾ പലതും അറിയില്ലെന്ന് പറയുന്ന നൂറുകണക്കിന് അധ്യാപകർ സംസ്ഥാനത്തെ ഓരോ ജില്ലയിലുമുണ്ട്. അക്ഷരമാല അറിയില്ലെന്നതു മാത്രമല്ല പ്രശ്‌നം.സ്‌കൂളിൽ പഠനേതര പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്ന സമയം പഴയ കാലത്തെതിന്റെ പതിന്മടങ്ങായിട്ടും , കവിത എഴുതാനും പത്രറിപ്പോർട്ടും പരസ്യങ്ങളും സ്വന്തം പ്രദേശത്തിന്റെ ചരിത്രവുമൊക്കെ  തയ്യാറാക്കാനും സ്‌കൂൾ ക്ലാസുകളിൽ വെച്ചു തന്നെ പ്രോത്സാഹനം ലഭിച്ചിട്ടും,മഴയറിവും പുഴയറിവും കൃഷിയറിവുമൊക്കെ സ്വന്തമാക്കിയിട്ടും  കോളേജിലെത്തുന്ന വിദ്യാർത്ഥികളിൽ പലരും മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളുടെയും പ്രശസ്തമായ സാഹിത്യകൃതികളുടെയും പേര് പറയാൻ ബുദ്ധിമുട്ടുന്നതായി കണ്ട് അമ്പരക്കുക എന്നതും അധ്യാപകരിൽ എത്രയോ പേരുടെ അനുഭവമാണ്.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ  പല കോണുകളിൽ നിന്നായി ഉയർന്നു വരാറുള്ള എതിർവാദങ്ങൾ താഴെ അക്കമിട്ടെഴുതാം:
1.    ഭാഷാസമഗ്രതാദർശനം വിദേശ രാജ്യങ്ങളിലെ പല ഗവേഷകർ നടത്തിയ പഠനങ്ങളിൽ  നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.അത് ഭാഷാധ്യാപനത്തിന് പുതിയൊരു ദാർശനികാടിത്തറ ഉണ്ടാക്കിയ ആശയങ്ങളുടെ സമാഹാരമാണ്.
2.     കുട്ടികളെ ഭാഷയിലെ അക്ഷരങ്ങൾ ഓരോന്നോരോന്നായി പഠിപ്പിക്കേണ്ട ആവശ്യമില്ല.നടക്കാനും സംസാരിക്കാനും പഠിക്കുന്നതുപോലെ വളരെ സ്വാഭാവികമായിത്തന്നെ കുട്ടികൾ വായിക്കാനും എഴുതാനും പഠിക്കും.
3.    എല്ലാ ഭാഷകൾക്കും ഒരേ നിലവാരമാണുള്ളത്.ഒരു ഭാഷ എത്ര പേർ സംസാരിക്കുന്നു എന്നത് പ്രശ്‌നമേയല്ല.ഓരോ ഭാഷയും ആ ഭാഷ ഉപയോഗിക്കുന്നവരുടെ ആശയാവിഷ്‌ക്കാരങ്ങൾക്ക് ഉതകുന്നുണ്ട്.ഭാഷ പഠിപ്പിക്കുന്നതിന് അമിതമായ അളവിൽ ഊർജം ചെലവഴിക്കേണ്ട കാര്യമില്ല.സ്വന്തം ആവശ്യത്തിന് അനുസരിച്ച് പുതിയ പദങ്ങളും പ്രയോഗങ്ങളും നിർമിക്കാൻ ഓരോ ഭാഷാസമൂഹത്തിനും കഴിയും.
4.    അനുഭവങ്ങൾ വാക്കുകളുടെ സഹായത്തോടെ വിസ്തരിച്ച് അവതരിപ്പിക്കുന്ന കാലം കഴിഞ്ഞു.ഭാഷ പ്രാഥമികമായും ആശയവിനിമയത്തിനു വേണ്ടിയുള്ളതാണ്.അതിന് വാക്കുകളുടെ സംഗ്രഹീതരൂപമോ ചിലപ്പോൾ ഏതാനും അക്ഷരങ്ങൾ തന്നെയോ മതി.ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന രീതി നെറ്റ് വഴി ആശയവിനിമയം നടത്തുന്നവർ വളരെ സാധാരണമായി ഉപയോഗിച്ചു വരുന്നുണ്ട്.ഭാഷ വിവിധ ഗണങ്ങളിൽ പെടുന്ന വാക്കുകളും പ്രത്യയങ്ങളും വ്യാകരണസമ്മതമായ ഘടനയുമൊക്കെയായി നീണ്ടു പരന്നു കിടക്കുന്ന അവസ്ഥ ഇനി ഏറെ കാലത്തേക്ക് നിലനിൽക്കില്ല.സാഹിത്യം എഴുതുന്നവരും വായിക്കുന്നവരുമൊക്കെ അത്തരത്തിലുള്ള ഭാഷ നിലനിർത്തിക്കൊള്ളട്ടെ.ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വളരെ കുറച്ച് വാക്കുകൾ മാത്രം ആവശ്യമായി വരുന്ന സംഭാഷണഭാഷയും എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിന് ഏതാനും ചുരുക്കെഴുത്തുകളും ചിഹ്നങ്ങളും മാത്രമുള്ള കോഡ്ഭാഷയും മതി.
5.    കുട്ടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വന്തം തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ പഠിക്കേണ്ടത്.സത്യം പലതാണെന്നും സർവർക്കും ബാധകമായ ശരിതെറ്റുകൾ ഇല്ലെന്നും വസ്തുത എന്ന ഒന്നില്ല വ്യാഖ്യാനങ്ങളേ ഉള്ളൂ എന്നുമൊക്കെ മനസ്സിലാക്കി മുന്നേറുന്നവരുടെ കാലം വന്നു കഴിഞ്ഞു.ലോകത്തിന്റെ ഏതുകോണിലുള്ള മനുഷ്യരുടെയും ജ്ഞാനസങ്കൽപത്തിന്റെ  മൂശ തന്നെ മാറിക്കഴിഞ്ഞു.ഇനിയുള്ള കാലം ബഹുസ്വരതയെ കൊണ്ടാടുന്ന കാലമായിരിക്കും.അങ്ങനെയുള്ള കാലത്ത് ജീവിക്കേണ്ടുന്ന കുട്ടികളെ അധ്യാപകർ അധികാരികളുടെ സ്ഥാനത്തു നിന്നുകൊണ്ട് ശരികൾ മാത്രം പഠിപ്പിക്കേണ്ട കാര്യമില്ല.കുട്ടികൾ കണ്ടും കേട്ടും അനായാസമായിത്തന്നെ അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേരട്ടെ.എഴുത്തിൽ അവർ തെറ്റുകൾ വരുത്തിയാൽ അധ്യാപകർ അത് തിരുത്താൻ പുറപ്പെടരുത്.അത്യാവശ്യമാണെന്നു കണ്ടാൽ അവർ സ്വയം തെറ്റ് തിരുത്തിക്കൊള്ളും.അക്ഷരം തെറ്റിച്ചാലും കുട്ടിക്ക് ശരിയായി വായിക്കാൻ കഴിയുന്നുന്നുണ്ടെങ്കിൽ അതിൽ ആഹ്ലാദിക്കാൻ അധ്യാപകന് കഴിയണം. പല ഇംഗ്ലീഷ് വാക്കുകളുടെയും ഉച്ചാരണം  മാത്രമല്ല സ്‌പെല്ലിംഗ് പോലും പല രാജ്യങ്ങളിൽ പലതാണ്.പക്ഷേ,ആശയ വിനിമയത്തിന് ആ വ്യത്യാസം യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.മലയാളത്തിൽ ഉള്ള അത്രയും അക്ഷരങ്ങളില്ലാത്ത ഭാഷകളിലും എഴുത്തിലും സംസാരത്തിലും പ്രശ്‌നങ്ങളൊന്നും ഉണ്ടാവുന്നില്ല.അതിഖരം എഴുതേണ്ടിടത്ത് ഒരു വിദ്യാർത്ഥി ഖരാക്ഷരം എഴുതിയാലും ഘോഷത്തിന്റെ സ്ഥാനത്ത് മൃദു എഴുതിവെച്ചാലും ആകാശം ഇടിഞ്ഞുവീണെന്ന മട്ടിൽ അധ്യാപകൻ/അധ്യാപിക ബഹളം വെക്കേണ്ട കാര്യമില്ല.
6.    അക്ഷരമാല മുതൽ വ്യാകരണ നിയമങ്ങൾ വരെയുള്ള കാര്യങ്ങൾ കുട്ടികളെ അടിച്ചു പഠിപ്പിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് അധ്യാപകർ തെറ്റിദ്ധരിക്കകരുത്.പഠിപ്പിക്കല്ല പഠിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കലാണ് അവരുടെ കടമ.കുട്ടികൾ പരസ്പരം സഹായിച്ചും ചർച്ച ചെയ്തും ശരിയും തെറ്റും തിരിച്ചറിയട്ടെ.
7.    ആവർത്തിച്ചെഴുതിച്ചും അഭ്യാസങ്ങൾ നൽകിയുമല്ല കുട്ടികളുടെ ഭാഷാബോധം വികസിപ്പിക്കേണ്ടത്.എല്ലാ കുട്ടികളും പഠിക്കാൻ കഴിവുള്ളവരാണ്.ആ കാര്യം അവരെ ബോധ്യപ്പെടുത്തുക.അത് സാധിച്ചു കഴിഞ്ഞാൽ ബാക്കിയൊക്കെ താനേ ശരിയായിക്കൊള്ളും.എല്ലാം താനേ പഠിയും.
8.    അക്ഷരങ്ങൾ ഓരോന്നോരോന്നായി എഴുതി വാക്കുകളിലും പിന്നെ വാക്യങ്ങളിലും എത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ചിത്രങ്ങൾ കണ്ടും വാക്കുകൾ പരിചയിച്ചും അക്ഷരങ്ങളിലേക്ക് എത്തിച്ചേരുന്നത്.കൂടുതൽ ആഹ്ലാദകരമായ പഠന രീതി അതാണ്.
9.    കുട്ടികളുടെ ഭാഷാപ്രയോഗശേഷി വികസിക്കുന്നതിന് അക്ഷരങ്ങളിൽ നിന്ന് ആരംഭിക്കണം എന്നു പറയുന്നത് തെറ്റാണ്.വാക്കുകളുടെയും പ്രത്യയങ്ങളുടെയും ശരിയായ പ്രയോഗവും വ്യാകരണകാര്യങ്ങളും കുട്ടി പഠിക്കുക ഭാഷ പ്രയോഗിക്കുന്ന സന്ദർഭങ്ങളിൽ നിന്നാണ്.അവ നേരത്തേ പഠിച്ചുവെക്കേണ്ട സംഗതികളല്ല.
10.    ഭാഷാ സമഗ്രതാ ദർശനം വികസിച്ചു വന്നത് വൈഗോട്‌സ്‌കി,പിയാഷേ തുടങ്ങിയവരുടെ വിദ്യാഭ്യാസ ദർശനങ്ങളെയും നോം ചോസ്‌കിയുടെ ഭാഷാശാസ്ത്ര സിദ്ധാന്തത്തിന്റെയുമൊക്കെ പിൻബലത്തിലാണ്.കോൺസ്റ്റൈൻസ് വീവർ,വാട്‌സൺ തുടങ്ങിയ അനേകം പേരുടെ പഠനഗവേഷണ പ്രവർത്തനങ്ങളും ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനരീതിക്കു പിന്നിലുണ്ട്.ഇവരെയൊന്നും ചോദ്യം ചെയ്യാനുള്ള ബൗദ്ധിക ശേഷിയും അറിവും കേരളത്തിലെ വിദ്യാഭ്യാസചിന്തകർക്കില്ല.കാര്യമറിയാതെ ബഹളം വെക്കുന്നവർ മാത്രമാണ് അവർ.

ഈ വാദങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്നത് അൽപവും പ്രയാസമുള്ള കാര്യമല്ല.പക്ഷേ,ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഏറ്റവും കാതലായ ആശയം ഏതാണെന്ന് കണ്ടെത്തി അതിനെ വിശകലനം ചെയ്താൽത്തന്നെ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയിൽ എത്തിച്ചേരാം.മുകളിൽ അഞ്ചാമതായി എഴുതിയിരിക്കുന്നതാണ് ആ ആശയം. സമൂഹത്തിന് മൊത്തം ബാധകമായ ശരികളില്ലെന്നും ചരിത്ര വസ്തുത എന്ന് പറയുന്നതുപോലും വ്യാഖ്യാനങ്ങളുടെ സൃഷ്ടി മാത്രമാണെന്നും  അതുകൊണ്ടൊക്കെ തന്നെ ഭാഷാപഠനത്തിന്റെ ആരംഭഘട്ടം മുതൽക്കേ തെറ്റ് എന്ന പരികൽപന ഉപേക്ഷിക്കണമെന്നും പല ശരികൾ എന്ന സാധ്യതയെ കുറിച്ചുള്ള ബോധത്തിലേക്ക് കുട്ടികൾ എത്തിച്ചേരണമെന്നും പറയുന്നവർ തന്നെയാണ്  ഫോണിക്‌സ് തെറ്റാണെന്നും ഗുണനപ്പട്ടിക പഠിക്കുന്നത് ശരിയല്ലെന്നും അധ്യാപകർ ഫെസിലേറ്റർ മാത്രമാണ് എന്ന നിലപാട് മാത്രമേ ശരിയാവൂ എന്നും മറ്റും പറയുന്നത്.തങ്ങൾ പറയുന്നതിലെ വൈരുദ്ധ്യം ഈ ആശയം അവതരിപ്പിക്കുന്നവർ തിരിച്ചറിയുന്നില്ലായിരിക്കാം.പക്ഷേ,മറ്റുള്ളവർക്ക് അങ്ങനെ അജ്ഞത കൈക്കൊണ്ട് അനങ്ങാതിരിക്കാനുള്ള ബാധ്യതയില്ല.
  വസ്തുത എന്ന ഒന്നില്ല,വ്യാഖ്യാനമേ ഉള്ളു; ഒരു ശരി എന്ന അവസ്ഥയില്ല,പല ശരികളേ ഉള്ളൂ എന്ന് വാദിച്ചുറപ്പിക്കുന്നത് അധികാര കേന്ദ്രങ്ങളുടെയും മൂലധന ശക്തികളുടെയും തെറ്റായ നയങ്ങൾക്കും നടപടികൾക്കുമെതിരെ പല കോണുകളിൽ നിന്നായി ഉയർന്നു വരാൻ ഇടയുള്ള പ്രതിഷേധങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഏകോപനം സാധ്യമാക്കാതിരിക്കാൻ വേണ്ടിയാണ്. 'അതും ശരി,ഇതും ശരി' എന്നു പറയുന്നതാണ് ശരി എന്നു വാദിക്കുന്നവർ തങ്ങൾക്ക് അയ്യായിരം കോടി ലാഭം കിട്ടിയാലും അഞ്ച് കോടി ലാഭം കിട്ടിയാലും ഒരു പോലെയാണെന്ന് ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനി കരുതും എന്ന് ധരിക്കുമെന്ന് തോന്നുന്നില്ല. രോഗം വന്നാൽ ഡോക്ടറെ കാണുന്ന കാര്യത്തിൽ, ന്യായം സ്ഥാപിച്ചു കിട്ടാൻ കോടതിയിൽ പോകുന്ന കാര്യത്തിൽ,ട്രാഫിക് നിയമം പാലിക്കുന്ന കാര്യത്തിൽ,വർഗീയതയെ മനസ്സിലാക്കുന്ന കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ശരി ആവാമെന്നും ഇവിടെയൊന്നും ആരും ആരെയും തിരുത്താൻ ശ്രമിക്കേണ്ടതില്ലെന്നും വാദിക്കാൻ ഭാഷാസമഗ്രതാ ദർശനക്കാരും തയ്യാറാവുമെന്ന് തോന്നില്ല.രാജ്യത്തിന്റെ സമ്പദ്ഘടന,അധികാരത്തിലിരിക്കുന്നവരുടെ വികസന സങ്കൽപം,വിദ്യാഭ്യാസ നയം എല്ലാം കൃത്യമായ ചില ലക്ഷ്യങ്ങളോടെ രൂപപ്പെടുത്തിയെടുക്കുന്നവയാണ്.എന്തും ഏതും ശരിയാണ് എന്ന നിലപാടുമായി ഈ കാര്യങ്ങളെയൊന്നും സമീപിക്കാനാവില്ല.അക്ഷരത്തെറ്റ് പ്രശ്‌നമല്ല, വാക്കിനെ മുഴുവനായി എടുത്ത് കണ്ടും കേട്ടും പരിചയിച്ച് പതുക്കെ അക്ഷരങ്ങളിലേക്ക് എത്തിച്ചേർന്നാൽ മതി,ഗുരു എന്നെഴുതുന്നതിന് പകരം കുരു എന്നെഴുതിയാലും ഗുരു എന്ന് കുട്ടി ശരിയായി വായിക്കുന്നുണ്ടെങ്കിൽ തൃപ്തിപ്പെടാം,ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം എന്ന് എഴുതുന്നതിന് പകരം ഡാർവിന്റെ പരിണാമം എന്നെഴുതിയാലും അതിനെ തെറ്റായി കാണേണ്ടതില്ല,പാത എന്നെഴുതുന്നതിന് പകരം പാദ എന്നെഴുതിയാലും മുഴുവൻ മാർക്ക് കൊടുക്കണം,ഒരു ക്ലാസിൽ വെച്ച് കുട്ടി ആർജിക്കേണ്ടതായി നിശ്ചയിച്ചിട്ടുള്ള ജ്ഞാനത്തിന്റെ അഞ്ചിലൊന്നു പോലും ആർജിച്ചില്ലെങ്കിലും ആ കാരണം പറഞ്ഞ് കുട്ടിയുടെ പ്രമോഷൻ തടയുന്നത് ശരിയല്ല എന്നിങ്ങനെയുള്ള നിലപാടുകൾക്ക് പൊതുവായ അംഗീകാരം വരുത്തുന്ന പ്രക്രിയയിലൂടെ ഏറ്റവും പുതിയ തലമുറയെ ചെറുപ്രായത്തിൽ തന്നെ കടത്തിവിട്ടാൽ അതിന്റെ നേട്ടം കൊയ്യുന്നത് വിപണിയുടെ ആധിപത്യം കയ്യാളുന്ന ശക്തികളും അവരുടെ ഒത്താശക്കാരായിത്തീരുന്ന ഭരണാധികാരികളും മാത്രമായിരിക്കും.ഒരു കാര്യത്തിലും ഉറച്ച നിലപാടില്ലാത്തവരെയും ഉയർന്ന ചിന്തയെയും ആശയങ്ങളെയും സ്‌നേഹിക്കാത്തവരെയും മാർക്കറ്റിന് എളുപ്പത്തിൽ കീഴടക്കാനാവും.അങ്ങനെയുള്ള കേവല ഉപഭോക്താക്കളെ സൃഷ്ടിക്കലായിരിക്കും ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനത്തിന്റെ ആത്യന്തിക ഫലം.
കഴിഞ്ഞ രണ്ട് ദശകത്തിലധികം കാലമായി നടപ്പിലാക്കി വരുന്നതും കൺസ്ട്രക്ടിവിസം എന്ന വിദ്യാഭ്യാസ ദർശനത്തിന്റെ പിന്തുണയുള്ളതും പ്രശ്‌നാധിഷ്ഠിത സമീപനം,ഭാഷാ സമഗ്രതാ ദർശനം എന്നിവയിൽ ഊന്നുന്നതും പ്രവൃത്തിയിലൂടെയും അധ്യാപകനെ സഹായിയുടെ സ്ഥാനത്തേക്ക് മാറ്റി നിർത്തിക്കൊണ്ട്  നേരിട്ടുള്ള അനുഭവസ്വീകരണത്തിലൂടെയും സഹപാഠികളുടെ സഹായത്തോടെയുള്ള ജ്ഞാനനിർമിതിയിലൂടെയും നടത്തുന്ന പഠനത്തിന്റെ അപര്യാപ്തകളിലേക്ക് കേരളസമൂഹം ഇതിനകം ഉണർന്നിട്ടുണ്ടെങ്കിലും പുത്തൻ വിദ്യാഭ്യാസ പദ്ധതിയുടെ എതിരാളികൾ പറയുന്നതുപോലുള്ള ഭയാനകമായ തകർച്ചയൊന്നും വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചിട്ടില്ലെന്നും അധ്യാപകർ കുറച്ചുകൂടി ഉത്തരവാദിത്വബോധവും ഉത്സാഹവും കാണിക്കുകയാണെങ്കിൽ ഈ പദ്ധതിയിൽ കാര്യമായ യാതൊരു മാറ്റവും വരുത്താതെ തന്നെ വളരെ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാക്കാനാവുമെന്നും ചിലർ പറയാറുണ്ട്.ഭാഷാ സമഗ്രതാദർശനത്തെ അെസ്ഥാനമാക്കിയുള്ള സമീപനമോ പ്രശ്‌നാധിഷ്ഠിത ബോധനമോ ഒന്നും നമ്മുടെ അധ്യാപകരിൽ ബഹുഭൂരിപക്ഷവും പ്രയോഗത്തിൽ വരുത്തിയില്ല എന്നും പഴയ മട്ടിൽ അക്ഷരം പഠിപ്പിക്കാനും പഠനാഭ്യാസങ്ങൾ നൽകാനും ആവർത്തിച്ച് എഴുതിച്ചും ഒരുവിട്ടും പഠിപ്പിക്കാനും പല അധ്യാപകരും അറച്ചു നിന്നില്ല എന്നും അതുകൊണ്ടു മാത്രമാണ് കുറെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടുവരുന്നതെന്നും ഉള്ള എതിർവാദവും കേൾക്കാറുണ്ട്.വിളപ്പിൽ ശാലയിൽ ഇംഗ്ലീഷ് ബോധനത്തിന്റെ കാര്യത്തിൽ നടത്തിയ പരീക്ഷണത്തിൽ ഡ്രില്ലിംഗ് തന്നെയാണ് പ്രധാനമായും പ്രയോഗിച്ചതെന്നും സ്‌പെല്ലിംഗിന്റെ കാര്യത്തിൽ നിഷ്‌കർഷിച്ചിരുന്നുവെന്നും വ്യാകരണവും വാക്യഘടനയും കൃത്യമായി പഠിപ്പിച്ചിരുന്നുവെന്നും അത്ഭുതകരമായ വേഗത്തിലാണ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം പുരോഗമിച്ചതെന്നും ആ പരീക്ഷണത്തിന് നേതൃത്വം നൽകിയ സുഹൃത്ത് കഴിഞ്ഞ ദിവസം നേരിട്ട് പറയുകയുണ്ടായി.പല സ്‌കൂളുകളിലും വലിയ നിലവാരത്തകർച്ച സംഭവിക്കാത്തത് സ്വകാര്യപ്രസാധകരും ബദൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വക്താക്കളും അച്ചടിച്ചിറക്കിയ പുസ്തകങ്ങളും മാർക്കറ്റിൽ ലഭ്യമാവുന്ന ഗൈഡുകളുമൊക്കെ വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാണെന്ന വാദവും കേൾക്കുകയുണ്ടായി.എന്തായാലും ഒരു കാര്യം തീർച്ചയാണ്: ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിച്ചുകൊണ്ട് ഭാഷ പഠിപ്പിക്കുന്നതിൽ ഗൗരവതരമായ പല പ്രശ്‌നങ്ങളുമുണ്ടെന്ന് ഭൂരിപക്ഷം അധ്യാപകരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 1980 കളിലും 90 കളിലും Whole Language Approach ന് വലിയ സമ്മതി ലഭിച്ചിരുന്ന ആസ്‌ട്രേലിയയിലും അമേരിക്കയിലും തന്നെ കടുത്ത വിമർശനത്തെ തുടർന്ന് ഗൗരവപൂർണമായ പുനർവിചാരങ്ങൾ ഉണ്ടാവുകയും Whole Language Approach  നും Phonics നും യുക്തിസഹമായ അളവിൽ പരിഗണന ലഭിക്കുന്ന സന്തുലിത സമീപനമാണ് ആവശ്യം എന്ന നിലപാടിന് വലിയ പിന്തുണ കിട്ടിത്തുടങ്ങിയിട്ടുമുണ്ട്.
  ഒരു കാര്യം കൂടി: എല്ലാ ഭാഷകളിലും ഒരേ അളവിൽ ആശയാവിഷ്‌കാരം നടക്കുമെന്ന് അരൊക്കെ വാദിച്ചാലും അത് ശരിയാവുകയില്ല.ലിപി ഇല്ലാത്തതും വളരെ കുറച്ച് ആളുകൾ സംസാരിക്കുന്നതും പദസമ്പത്ത് നന്നേ കുറഞ്ഞതുമായ ഭാഷകളും വികസിത ഭാഷകളും തമ്മിലുള്ള വ്യത്യാസം ഒട്ടും തന്നെ ചെറുതല്ല. അന്യഭാഷകളിൽ നിന്ന് നിരന്തരം പദങ്ങൾ കടം കൊണ്ടും സ്വന്തം പദസമ്പത്തിനെ മറ്റു പല രീതിയിലും വിപുലീകരിച്ചും മുന്നോട്ടു പോകാൻ കഴിയാത്ത ഭാഷകൾക്ക് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും.
'എന്റെ ഭാഷക്ക് ലിപി ആവശ്യമില്ല , ഈ ഭാഷക്ക് പുതിയ പദങ്ങളൊന്നും വേണ്ടതില്ല, നവീന സാങ്കേതിക വിദ്യകളും ജ്ഞാനവിസ്‌ഫോടനവും ആവശ്യമാക്കിത്തീർക്കുന്ന വാക്കുകളുമായി പരിചയപ്പെടാൻ ഞാൻ ഒരുക്കമല്ല' എന്നൊക്കെ ശാഠ്യം പിടിക്കുന്ന ഒരാളുടെ വൈകാരികവും ഭൗതികവുമായ അനുഭവങ്ങൾ വല്ലാതെ പരിമിതപ്പെട്ടുപോവുകയും അയാളുടെ ആശയാവിഷ്‌ക്കാരങ്ങൾ അപര്യാപ്തവും അപൂർണവുമാവുകയും ചെയ്യും.ഭാഷാസമഗ്രതാദർശനക്കാർ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുതയിൽ മാറ്റം വരില്ല.

ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം കൈക്കൊണ്ട് ഭാഷ പഠിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നറിയാൻ നാം വിദേശങ്ങളിൽ രൂപപ്പെട്ട വിദ്യാഭ്യാസചിന്തകളിലേക്കും ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളിലേക്കുമൊന്നും പോവേണ്ട കാര്യമേ ഇല്ല.നാം കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യം ശരിയല്ല എന്ന് ഏത് വിദേശ ചിന്തകനെ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതും തെറ്റാണ്.നമുക്ക് ബോധ്യപ്പെട്ട കാര്യങ്ങൾക്ക് പിൻബലം നൽകാൻ, അതും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ, മറ്റൊരാളെ ഉദ്ധരിക്കേണ്ടതുള്ളൂ.വൈഗോട്‌സ്‌കിയുടെയോ ചോംസ്‌കിയുടെയോ വാക്കുകൾ നമ്മുടെ അനുഭവത്തെ മറ്റൊന്നാക്കിത്തീർക്കുകയില്ല.