Pages

Wednesday, February 22, 2012

സാഹിത്യനിരൂപണം ക്ളാസ്മുറിയില്‍

“എങ്ങനെ ഒരധ്യാപകനാകാതിരിക്കാം എന്ന കഠിനമായ പരീക്ഷണത്തിലായിരുന്നു ഇത്രയും കാലം ഞാന്‍. ഇപ്പോള്‍ ശ്രമകരമായ ആ പരീക്ഷണത്തില്‍ നിന്ന് കാലം എന്നെ സ്വതന്ത്രനാക്കുന്നു.” 1985 മാര്‍ച്ച് മാസത്തിലെ ഒരപരാഹ്നത്തില്‍ താന്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സംഘടിപ്പിക്കപ്പെട്ട ചെറിയ സമ്മേളനത്തില്‍ ചെയ്ത പ്രസംഗം വിജയന്‍മാഷ് ഇങ്ങനെയാണ് ആരംഭിച്ചത്.പ്രൈമറി ക്ളാസ് മുതല്‍ സര്‍വകലാശാലാ തലം വരെ അധ്യാപകന്‍ എന്ന ജോലിക്കുള്ള അര്‍ത്ഥം സിലബസ്സിനകത്തുനിന്നുകൊണ്ട് വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് തയ്യാറെടുപ്പിക്കുന്ന ആള്‍ എന്നതാണ്.ഈ തയ്യാറെടുപ്പിക്കലില്‍ അധ്യാപകര്‍ പുലര്‍ത്തുന്ന ശുഷ്ക്കാന്തിക്കനസരിച്ചാണ് ആളുകള്‍ അവരെ വിലയിരുത്തുന്നത്.ഇതില്‍ നിന്ന് വ്യത്യസ്തമായി അധ്യാപകന്‍/അധ്യാപിക ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതസമീപനത്തെയും ജ്ഞാനതൃഷ്ണയെയും സര്‍ഗാത്മകതയെയും വ്യക്തിത്വത്തിന്റെ മറ്റു തലങ്ങളെയുമെല്ലാം ആഴത്തില്‍ സ്വാധീനിക്കാന്‍ കെല്പുള്ള ഒരാളാണെന്ന വാസ്തവം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഓര്‍ക്കാറേയില്ല.പുതിയ വിദ്യാഭ്യാസസാഹചര്യവും ലോകസാഹചര്യവുമാണെങ്കില്‍ അധ്യാപകരില്‍ നിന്ന് അങ്ങനെയുള്ള യാതൊന്നും ആവശ്യപ്പെടുന്നതേയില്ല.അവര്‍ വിദ്യാര്‍ത്ഥികളുടെ ഒത്താശക്കാര്‍ അല്ലെങ്കില്‍ കയ്യാളന്മാര്‍ മാത്രമായി മാറിനിന്നുകൊള്ളണമെന്നാണ് ഇന്ന് അനുശാസിക്കപ്പെടുന്നത്.
  അധ്യാപകനെ കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങള്‍ക്ക് സ്പര്‍ശിക്കാനാവാത്ത ഉയരത്തിലായിരുന്നു എം.എന്‍.വിജയന്‍ എന്ന അധ്യാപകന്‍.അറിവിന്റെ അഗാധതയുടെയും വൈപുല്യത്തിന്റെയും അധ്യാപനത്തിലെ സര്‍ഗാത്മകതയുടെയും കാര്യത്തില്‍ അദ്ദേഹത്തോട് താരതമ്യപ്പെടുത്താവുന്നവരായി ആരും ഉണ്ടായില്ലെന്നു വന്നേക്കാമെങ്കിലും പൊതുവായ ഒരു പരിഗണനയില്‍ അദ്ദേഹത്തിന് സമശീര്‍ഷരായി പരിഗണിക്കപ്പെടാവുന്നവരായി കുറച്ചുപേരെങ്കിലും പഴയകാല കലാശാലകളിലും സര്‍വകലാശാലകളിലുമൊക്കെ ഉണ്ടായിരുന്നു.അവര്‍ക്ക് തുടര്‍ച്ചകളുണ്ടാവാനുള്ള സാധ്യത പുതിയ സാഹചര്യത്തില്‍ മിക്കവാറും ഇല്ലെന്നു തന്നെ പറയാം.ജ്ഞാനത്തിന്റെ സമ്പാദനം,പ്രയോഗം എന്നീ കാര്യങ്ങളിലെല്ലാം വളരെ വ്യത്യസ്തമായ സങ്കല്പം വെച്ചുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥി സമൂഹവും അധ്യാപക സമൂഹവും ബുദ്ധിജീവികളുമെല്ലാം ലോകമെമ്പാടും ഉണ്ടായിക്കഴിഞ്ഞു.അവനവന് തല്‍ക്കാല സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമുള്ളത് മാത്രം ഏറ്റവും സൌകര്യപ്രദമായ സംവിധാനത്തില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ കൈക്കലാക്കുന്നതിനെയാണ് ആളുകള്‍ ജ്ഞാനസമ്പാദനമായി കണക്കാക്കുന്നത്.അതിനപ്പുറത്തുള്ള അറിവ് അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്.അങ്ങനെയുള്ള അറിവിന്റെ പിന്നാലെ ആരെങ്കിലും പോകുന്നുവെങ്കില്‍ത്തന്നെ അതിനുള്ള പ്രേരണ കേവലമൊരു കൌതുകമോ താല്‍ക്കാലികഭ്രമമോ മാത്രമായിരിക്കും.അധ്യാപനത്തിന്റെയും അറിവ് നേടലിന്റെയുമെല്ലാം അര്‍ത്ഥം ഈ വിധത്തില്‍ മാറിപ്പോയിരിക്കുന്ന സാഹചര്യത്തിലാണ് എം.എന്‍.വിജയന്‍ സാംസ്കാരികവേദി പ്രസിദ്ധീകരിച്ചിരിക്കുന്ന 'മാരാര്‍വിമര്‍ശം' എന്ന കൃതി പ്രത്യേകം പ്രസക്തവും ശ്രദ്ധേയവുമായിത്തീരുന്നത്.
                                            ഉള്ളടക്കത്തിന്റെ അടരുകള്‍
സവിശേഷ പഠനത്തിന്നായി നിര്‍ദ്ദേശിക്കപ്പെട്ട “കുട്ടികൃഷ്ണമാരാരുടെ വിമര്‍ശനം” എന്ന പേപ്പറിനു വേണ്ടി 1978 ജൂണ്‍ 28 മുതല്‍ 1979 ഫെബ്രവരി 29 വരെയുള്ള ദിവസങ്ങളില്‍ ബ്രണ്ണന്‍ കോളേജിലെ മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് വിജയന്‍ മാഷ് എടുത്ത ക്ളാസ്സിന്റെ കുറിപ്പുകളാണ് മാരാര്‍വിമര്‍ശം എന്ന കൃതിയില്‍ സി.കൃഷ്ണദാസ് അവതരിപ്പിച്ചിരിക്കുന്നത്.മാഷുടെ വാക്കുകള്‍ അതേ പടി കുറിച്ചെടുത്ത് സൂക്ഷിച്ചതിന് പുസ്തകരൂപം നല്‍കാന്‍ കഴിഞ്ഞതില്‍ കൃഷ്ണദാസിനും പ്രസാധകര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.കോളേജ് തലത്തിലും സര്‍വകലാശാലാതലത്തിലും മലയാളസാഹിത്യം പഠിപ്പിക്കുന്ന അധ്യാപകരെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം നല്‍കുന്ന അധ്യാപന മാതൃക എക്കാലത്തേക്കും വലിയൊരു പ്രചോദനമായിരിക്കും.
മാരാരുടെ സാഹിത്യവിമര്‍ശനത്തിന്റെ എല്ലാ പരിമിതികളെയും കൃത്യമായി തൊട്ടുകാണിക്കുന്ന ഈ ക്ളാസ് സാന്ദര്‍ഭികമായി വിജയന്‍മാഷ് കടന്നു ചെല്ലുന്ന മറ്റനേകം വിഷയങ്ങളിലൂടെയും വിചാരങ്ങളിലൂടെയുമാണ് ഒരു സാധാരണ മലയാളം ക്ളാസ്സിന്റെ യാഥാസ്ഥിതികത്വത്തെയും ജ്ഞാനപരിമിതിയെയും മറികടക്കുന്നത്.തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ സാഹിത്യപരിചയവും പൊതുവായ ബോധനിലവാരവും എത്രയോ താഴെയായിരിക്കാമെന്ന കാര്യം അദ്ദേഹം പരിഗണിക്കുന്നതേയില്ല.വിദ്യാര്‍ത്ഥികളുടെ പൊതുനിലവാരത്തിലേക്കും താഴേക്കു ചെന്ന് ക്ളാസ്മുറിയില്‍ ഫലിതം വിതറി രക്ഷപ്പെടുന്ന അധ്യാപകരില്‍ നിന്നും സാഹിത്യം,രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ സമകാലികസംഭവങ്ങളെ കുറിച്ചുള്ള പൊതുജനങ്ങളുടെ സാമാന്യധാരണകളെ ഇക്കിളിപ്പെടുത്തിയും അതാത് കാലത്ത് സാമൂഹ്യജീവിതത്തില്‍ അധികാരം കയ്യാളുന്ന ശക്തികളെ പ്രീതിപ്പെടുത്തിയും മുന്നേറുന്ന പ്രശസ്തരായ പ്രസംഗകരില്‍ നിന്നും എത്ര അകലെയായിരുന്നു അധ്യാപകനായ എം.എന്‍,വിജയന്‍ എന്ന് ഈ പുസ്തകം സംശയരഹിതമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.കലാനിര്‍മിതിയിലും നിരൂപണത്തിലും മൂല്യനിര്‍ണയനത്തിലും ആസ്വാദനത്തിലുമെല്ലാം പ്രവര്‍ത്തിക്കുന്ന വൈരുദ്ധ്യങ്ങളെപ്പറ്റിയും കാലവും ചരിത്രവും അവയിലെല്ലാം നടത്തുന്ന ഇടപെടലുകളെ കുറിച്ചും എം.എന്‍.വിജയന് ഉണ്ടായിരുന്ന ബോധ്യം അങ്ങേയറ്റം ശാസ്ത്രീയവും നൂതനവുമായിരുന്നു.
ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം മറ്റൊരു താവളവും അധികാരകേന്ദ്രവും കണ്ടെത്തുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിലേക്ക് കുടിയേറിയ സമര്‍ത്ഥനാണ് എം.എന്‍.വിജയന്‍ എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.കോളേജിന്റെ പടിയിറങ്ങുന്നതുവരെ അദ്ദേഹം പുരോഗന സാഹിത്യത്തിന്റെ ശത്രുപക്ഷത്തായിരുന്നു എന്ന് ധരിച്ചുവെച്ച പലരുമുണ്ട്.വസ്തുത അതല്ലെന്ന് ബോധ്യപ്പെടുത്തുന്നതിന് വേറെയും ഒരുപാട് തെളിവുകളുണെങ്കിലും ഈ ക്ളാസ്നോട്ടുകളുടെ സാക്ഷ്യത്തിന് തീര്‍ച്ചയായും കൂടുതല്‍ തെളിച്ചമുണ്ട്.സാഹിത്യത്തിലെ പുരോഗമന പക്ഷത്തിനു വേണ്ടി ക്ളാസ്മുറിയില്‍ വീറോടെ വാദിക്കുന്ന ഒരു വിമര്‍ശകന്റെ വ്യക്തമായ ചിത്രമാണ് 'മാരാര്‍ വിമര്‍ശം'നമുക്ക് നല്‍കുന്നത്. പുരോഗമന സാഹിത്യത്തെ കുറിച്ച് ഈ നോട്ടുകളില്‍ കാണാനാവുന്ന പ്രസ്താവങ്ങളില്‍ ചിലത് മാത്രം ഉദ്ധരിക്കാം:
1.                                                                                                                                                 സമൂഹത്തിലെ സൂക്ഷ്മസത്യമാണ് സാഹിത്യത്തിലെ സൂക്ഷ്മസത്യമായിത്തീരുന്നത്.ആദ്യത്തേത് അറിഞ്ഞാല്‍ മാത്രമേ രണ്ടാമത്തേത് കാണാന്‍ കഴിയൂ(പേ.29)
2.
ലോകത്തിലെ എല്ലാ മനുഷ്യരെയും പറ്റി പറയാന്‍ പൊന്നാനിക്കാരെ പറ്റി പറഞ്ഞാല്‍ മതിയെന്ന് ഇടശ്ശേരി പറഞ്ഞു.ലോകം പൊന്നാനിയല്ലെങ്കിലും പൊന്നാനിയും ലോകമാണ്.തന്റെ മുരിങ്ങയുടെ ചോട്ടില്‍ നിന്ന് ചെറുകാട് ആകാശം കണ്ടു.വ്യാസന്‍ ധര്‍മപുത്രരെ പറ്റി പറഞ്ഞത് എല്ലാ ധര്‍മഭീരുക്കളെയും പറ്റി പറയാനാണ്.ദ്രൌപതിയെ പറ്റി പറഞ്ഞത് മോഹഭംഗങ്ങളുടെയും പകയുടെയും കഥ പറയാനാണ്.എഴുതുന്നവന്റെ അനുഭൂതസത്യമാകണം കാവ്യം.ഇന്ന് ശകുന്തളയെപറ്റിയല്ല നാണിയെ പറ്റി തന്നെയാണ് എഴുതേണ്ടത്.(പേ 59)
3.
കറുപ്പന്റെ ബാലാകലേശനാടകം നശിച്ചുപോയെങ്കിലും അത് വരുത്തിയ മാറ്റം നിലനില്‍ക്കുന്നു.കഴിക്കുന്ന ആഹാരം നശിച്ചുപോകുന്നുവെങ്കിലും അതില്‍ നിന്നാണ് മാംസവും മജ്ജയും ബുദ്ധിയും ഉണ്ടാകുന്നത്.(പേ.64)
4.
വലിയ കൃതികളുണ്ടാക്കുവാനല്ല,വലിയ കൃതികളുണ്ടാകാനുള്ള ഭാവി സൃഷ്ടിക്കുന്നതിനുള്ള ഒരു ഷോക്ട്രീറ്റ്മെന്റ് സമൂഹത്തിനു കൊടുക്കാന്‍ വേണ്ടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയം.എല്ലാ ഷോക്ട്രീറ്റ്മെന്റും വേദനയാണ്,വേദനയോടെയുള്ള ഞെട്ടലാണ്.(പേ.72)
താന്‍ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ അമരക്കാരനാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാനിടയില്ലാത്ത കാലത്താണ് വിജയന്‍ മാഷ് ആ പ്രസ്ഥാനത്തിന്റെ കലാസാഹിത്യദര്‍ശനങ്ങളെ പിന്‍തുണച്ച് ശബ്ദമുയര്‍ത്തിയത് എന്ന് പ്രത്യേകം ഓര്‍മിക്കുക.കമ്യൂണിസ്റ് താവളത്തിലേക്ക് എഴുത്തുകാരെ കടത്തിക്കൊണ്ടുപോവാനുള്ള രഹസ്യവഴി എന്ന് എം.ഗോവിന്ദനും സുകുമാര്‍ അഴീക്കോടും പരിഹസിച്ച കേരള സാഹിത്യ സമിതിയുടെ മുഖ്യസംഘാടകരിലൊരാളായിരുന്നു അന്നത്തെ എം.എന്‍.വിജയന്‍.
                                          ആശയങ്ങളുടെ കതിര്‍ക്കനം   
ക്ളാസ്മുറിയില്‍ എം.എന്‍.വിജയന്‍ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗുരുത്വവും അസാധാരണത്വവും തന്നെയാണ് ഈ കുറിപ്പുകളെ വേറിട്ട അനുഭവമാക്കിത്തീര്‍ക്കുന്നത്.ഭാഷയുടെ ആലങ്കാരികത കൊണ്ട് ആശയങ്ങളുടെ ലഘുത്വത്തെയും വാദങ്ങളുടെ പൊള്ളത്തരത്തത്തെയും സമര്‍ത്ഥമായി ഒളിപ്പിച്ചുവെച്ച് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നവരാണ് ഭാഷാധ്യാപകരില്‍ വളരെയേറെപ്പേര്‍.അശ്ളീല സ്പര്‍ശമുള്ള ലഘുഫലിതങ്ങള്‍,പരപുച്ഛം നിറഞ്ഞുകവിയുന്ന പ്രയോഗങ്ങള്‍,തങ്ങളുടെ അജ്ഞതയെയും കഴിവുകേടിനെയും  സര്‍ഗാത്മകതയോടാകെത്തന്നെയുള്ള വെറുപ്പിനെയും മറച്ചുവെക്കുന്നതിന്റെ ഭാഗമായി രൂപംകൊള്ളുന്ന വ്യാജഭാഷയുടെ വെടിക്കെട്ട് ഇങ്ങനെ പലതും കൊണ്ടാണ് അവര്‍ പിടിച്ചു നില്‍ക്കുക.ഇതിനൊന്നും ശേഷിയില്ലാത്തവര്‍ വിദ്യാര്‍ത്ഥികളോട് വിധേയത്വത്തോളമെത്തുന്ന സൌഹൃദം ഭാവിച്ചും രക്ഷപ്പെട്ടു കളയും.പണ്ട് പഠിച്ചുവെച്ച സാഹിത്യസിദ്ധാന്തങ്ങളും വ്യാകരണനിയമങ്ങളും നിരൂപണസങ്കേതങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ വാശിയോടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഏത് വിദ്യാര്‍ത്ഥിയെയും എങ്ങനെയും നശിപ്പിച്ചേ അടങ്ങൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്നവരായും എത്രയോ അധ്യാപകരുണ്ട്.ഇവര്‍ക്കെല്ലാമിടയില്‍ എം.എന്‍.വിജയന്‍ എന്ന അധ്യാപകന്‍ ക്ളാസ്മുറിയില്‍ എത്രയേറെ വേറിട്ടുനിന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്  കൃഷ്ണദാസ് നമുക്ക് തന്നിരിക്കുന്ന ഈ ക്ളാസ് നോട്ടുകള്‍.
പഴയ സാഹിത്യ സിദ്ധാന്തങ്ങളുടെ വിശദീകരണത്തിന്നായി എം.എന്‍.വിജയന്‍ നിരത്തുന്ന പുതിയ ഉദാഹരണങ്ങള്‍ മുതല്‍ കലാനിര്‍മിതിയിലും കലയും കാലവും തമ്മിലുള്ള ബന്ധത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വാസ്തവങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന വ്യാഖ്യാനങ്ങളിലെ മൌലികത വരെ ഈ നോട്ടുകളെ അസാധാരണമാം വിധം കാതലുറ്റതാക്കിത്തീര്‍ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഈ പുസ്കത്തിലെ 67 പേജ് മാത്രം വരുന്ന ക്ളാസ്നോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങളുടെ പത്തിലൊന്നു പോലും  ഇതേ പേപ്പര്‍ ഒരു സാധാരണ സാഹിത്യാധ്യാപകനാണ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാനിടയില്ല.ഒരു പാട് വെള്ളം കുടിപ്പിച്ച് ഒരു പിടി വറ്റ് തീറ്റിക്കുന്ന ആശയ ദാരിദ്യ്രം കൊണ്ട് എങ്ങനെയൊക്കെയോ പിഴച്ചുപോന്നവരാണ് പഴയ സാഹിത്യാധ്യാപകരില്‍ മഹാഭൂരിപക്ഷവും.ഇപ്പോഴത്തെ സ്ഥിതി ഒരുവേള അതിലും മോശമായിത്തീര്‍ന്നിരിക്കാനാണ് സാധ്യത.മാത്രവുമല്ല അധ്യാപകന്റെ മാനസികോര്‍ജ്ജം മുഴുവന്‍ അധ്യാപനത്തിന് പുറത്തുള്ള വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിനു വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് കലാശാലകളിലും സര്‍വകലാശാലകളിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും.
ജീവിതത്തിന്റെ ഏത് മേഖലയെയും സംബന്ധിക്കുന്ന ചിരപരിചിതമായ ആശയങ്ങള്‍ സംശയരഹിതവും ചോദ്യം ചെയ്യപ്പെട്ടു കൂടാത്തവയുമെന്ന നിലയിലാണ് ക്ളാസ്മുറികളില്‍ സാധാരണയായി അധ്യാപകര്‍ അവതരിപ്പിച്ചു പോരുന്നത്.ഇത്തരം ആശയങ്ങളില്‍ അടങ്ങിയിരിക്കുന്ന അസത്യങ്ങളും വൈരുദ്ധ്യങ്ങളും നിര്‍ഭയം വലിച്ചു പുറത്തിട്ട ഒരു ചിന്തകനാണ് എം.എന്‍.വിജയന്‍.ക്ളാസ്മുറിയിലും ഈ രീതി തന്നെയാണ് അദ്ദേഹം അവലംബിച്ചതെന്നു വ്യക്തമാക്കുന്ന പല സന്ദര്‍ഭങ്ങളും ഈ നോട്ടുകളിലുണ്ട്.അവയില്‍ ഒന്നു മാത്രം ഉദ്ധരിക്കാം: “ ജീവിതം മരണത്തിലാണ് മുന്നേറുന്നത്.അത് ജീവിതത്തിന്റെ ഒരു വലിയ തത്വമാണ്.ഒരാള്‍ മറ്റൊരാളെ കൊല്ലുന്നത് ക്രൂരതയാണ്,കൊലപാതകമാണ്.അതൊരു കൂട്ടക്കൊലയാകുമ്പോള്‍ പട്ടാളക്കാരന് കൊടുക്കുന്നത് വീരചക്രമാണ്.യുദ്ധത്തിലെ കൊല മാന്യമാണ്.ദേശീയത്വമാണ്.ദേശസ്നേഹത്തിന്റെ അര്‍ത്ഥം പലപ്പോഴും അയല്‍നാടിനോടുള്ള വിദ്വേഷമാണ്.ഒരു തത്വം മഹാഭാരതത്തില്‍ മറിച്ചു പറയുന്നു. യതോധര്‍മസ്ഥതോ ജയ-ധര്‍മം ജയിക്കുകയല്ല,ജയിക്കുന്നവന്‍ പറയുന്നത് ധര്‍മമാകുകയാണ് ചെയ്യുന്നത്.ഒരുപയോഗവുമില്ലാത്ത ധര്‍മം കൊണ്ട് യാതൊരു ഗുണവുമില്ല.ധര്‍മത്തിന്റെ ആയുധമായ ചക്രം ഹിംസ ഉരുട്ടിയെടുക്കുന്നതാണ്.കൃഷ്ണനും രാമനും അര്‍ജുനനുമുള്ള മഹത്വം അവരുടെ ഹിംസയാണ്.അധര്‍മമെന്ന സര്‍പ്പത്തിന്റെ പുറത്താണ് ധര്‍മം ഉറങ്ങുന്നത്.’’(പേ.54)
കലാനിര്‍മാണത്തിന്റെ ഏറ്റവും പ്രാഥമികവും എന്നാല്‍ ഒട്ടുവളരെ പേര്‍ക്കും അജ്ഞാതവും മിക്കവാറും പറഞ്ഞാല്‍ മനസ്സിലാകാത്തതുമായ ഒരു സത്യം വിജയന്‍ മാഷ് പറഞ്ഞിരിക്കുന്നത് നോക്കുക: “ചിത്രം നോക്കിയും വസ്തുവെ നോക്കിയും ചിത്രം വരക്കാം.മാധ്യമവും കലാകാരനും തമ്മിലുള്ള മത്സരത്തിന്റെ റിസല്‍ട്ടാണ് കല.ചിത്രകാരനും ചായവും തമ്മിലുള്ള,എഴുത്തുകാരനും ഭാഷയും തമ്മിലുള്ള മത്സരത്തിന്റെ റിസല്‍ട്ടാണ് കല.” (പേ.62)
കലയുടെ തത്വം വിശദീകരിക്കെ അദ്ദേഹം പറയുന്നു: “ കഥകളിക്കു വേണ്ടിയും തായമ്പകക്കു വേണ്ടിയും ചെണ്ട കൊട്ടാം.എണ്ണത്തിനു വേണ്ടി മാത്രം കൊട്ടുമ്പോഴാണ് കല കലയ്ക്കുവേണ്ടിയാകുന്നത്.സാഹിത്യം വാക്കുകൊണ്ടുള്ള ശില്പം മാത്രമാകുമ്പോള്‍,രചനയില്‍ നിന്ന് പുറത്ത് ഒരു ലക്ഷ്യമില്ലാതെ ചിത്രകാരന്‍ വര്‍ണങ്ങള്‍ കൊണ്ട് ലയമുണ്ടാക്കുമ്പോള്‍,സംഗീതം നാദലഹരിയുണ്ടാക്കാന്‍ വേണ്ടി മാത്രമാകുമ്പോള്‍ ആ കല കലക്കു വേണ്ടി മാത്രമാകുന്നു(പേ.62)
ഇങ്ങനെ വിദ്യാര്‍ത്ഥിയുടെ ചിന്താലോകത്തെ പഠനവിഷയത്തിന് പുറത്ത് ഒരുപാട് ദിശകളിലേക്കും മേഖലകളിലേക്കും നയിക്കുന്ന സാന്ദ്രമായൊരനുഭവമായിരുന്നു എം.എന്‍.വിജയന്റെ ക്ളാസ്സുകള്‍ എന്ന് ഭംഗിയായി വെളിപ്പെടുത്തുന്ന ചെറുതെങ്കിലും  കനപ്പെട്ട ഈ പുസ്തകത്തെ പറ്റി കാര്യമായി പറയാനുള്ള പരാതി ഇതില്‍ ധാരാളമായുള്ള അച്ചടിത്തെറ്റിനെ കുറിച്ചാണ്.ക്ളാസ്സില്‍ മാഷ് പറഞ്ഞ വാക്യങ്ങള്‍ അതേപടി നിലനിര്‍ത്തിയത് തീര്‍ച്ചയായും നല്ല കാര്യമാണ്.എങ്കിലും അങ്ങിങ്ങായുള്ള ബ്രാക്കറ്റുകള്‍ ഒഴിവാക്കാമായിരുന്നു എന്നും തോന്നി. പൂര്‍ണവാക്യങ്ങള്‍ വരുന്നിടത്ത് ബ്രാക്കറ്റിന്റെ ആവശ്യമില്ല.അല്ലാതുള്ളിടത്തെ അര്‍ധവാക്യങ്ങളെ സന്ദര്‍ഭം അനുവദിക്കുന്ന ഒന്നോ രണ്ടോ വാക്കുകള്‍ ചേര്‍ത്ത് പൂര്‍ണമാക്കാവുന്നതേ ഉള്ളൂ.കേരളത്തിലെ അതിപ്രഗത്ഭനായ ഒരു സാഹിത്യാധ്യാപകന്‍ കൂടിയായിരുന്ന എം.എന്‍.വിജയന്റെ ക്ളാസ്സിലിരുന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ കുറിച്ചെടുത്ത് വായനാലോകത്തിന് കൈമാറിയ കൃഷ്ണദാസ് ചെയ്ത പ്രവൃത്തിയുടെ വലുപ്പത്തെ ഈ തെറ്റുകള്‍ അല്പമായിപ്പോലും ബാധിക്കില്ലെങ്കിലും പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍  അവ തിരുത്തുക തന്നെ വേണം.

Monday, February 20, 2012

ഗ്രൂപ്പുകളും ക്ളിക്കുകളും

 “ആരും ആരെയും സ്നേഹിക്കുന്നില്ല.മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ അയാളില്‍ കാണാനാവുന്ന തന്നെത്തനെയാണ് ഏതൊരാളും സ്നേഹിക്കുന്നത്.” ഫെര്‍നാണ്‍ഡോ പെസ്സോവായുടെ ഈ വാക്കുകളിലെ ആശയം തികച്ചും ലളിതമാണ്.വലിയൊരളവോളം അത് സത്യവുമാണ്.നിങ്ങളുടേതായ ചില അംശങ്ങള്‍ മറ്റൊരാളില്‍ കണ്ടെത്താനാവുമെങ്കിലേ നിങ്ങള്‍ക്ക് അയാളെ യഥാര്‍ത്ഥമായി സ്നേഹിക്കാനാവൂ.നിങ്ങളുടെ കാമനകള്‍,ആശയങ്ങള്‍ ,ആര്‍ത്തികള്‍,ദൌര്‍ബല്യങ്ങള്‍ ഇവയുടെ അളവ് മറ്റൊരാളില്‍ എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുന്നതിനനുസരിച്ചിരിക്കും അയാളോടുള്ള നിങ്ങളുടെ അടുപ്പത്തിന്റെ അളവും ദാര്‍ഢ്യവും.ഭാര്യാഭര്‍തൃബന്ധത്തിനപ്പുറത്ത് സ്ത്രീപുരുഷന്മാര്‍ തമ്മില്‍ പരസ്പരം അടുത്തറിയാനുള്ള സാഹചര്യങ്ങള്‍ നന്നേ കുറഞ്ഞ കേരളത്തില്‍ ഇത്തരത്തിലുള്ള തിരിച്ചറിവ് എതിര്‍ലിംഗത്തിലേക്ക് ചെല്ലാനുള്ള സാധ്യത എത്രയോ പരിമിതമാണ്.ഏറ്റവും പുതിയ തലമുറയില്‍ പഴയ തലമുറയെ അപേക്ഷിച്ച് സ്ഥിതി കുറച്ചൊന്നു മെച്ചപ്പെട്ടിട്ടുണ്ടെന്നു മാത്രം.
സാഹിത്യത്തിലെ ഗ്രൂപ്പുകളെയും ക്ളിക്കുകളെയും പറ്റി പലരും പലപ്പോഴായി പറഞ്ഞുകേള്‍ക്കാറുണ്ട്.അന്യോന്യം സഹായിക്കാം എന്ന ഒരേയൊരു ധാരണയെ അടിസ്ഥാനമാക്കി രണ്ട് സാഹിത്യകാര•ാര്‍ക്കിടയില്‍ സൌഹൃദം രൂപം കൊള്ളുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. തനിക്ക് ചവിട്ടുപടിയാക്കാന്‍ പറ്റുന്ന മറ്റൊരാളെ കണ്ടെത്തല്‍ എന്ന് സൌഹൃദത്തിന് അര്‍ത്ഥം കല്പിക്കുന്ന രണ്ട് വ്യക്തികള്‍ മറ്റേതു മേഖലയിലുമെന്ന പോലെ ഈ രംഗത്തും സഹകരിച്ച് പ്രവര്‍ത്തിച്ചേക്കാം.അതിനപ്പുറത്ത് സാഹിത്യത്തില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കും ക്ളിക്കുകള്‍ക്കുമൊക്കെ വളരെ വ്യത്യസ്തമായ അര്‍ത്ഥങ്ങളാണുള്ളത്.എഴുത്തിനെ കുറിച്ചും ലോകത്തെ കുറിച്ചുമെല്ലാം ഒരുപാട് ധാരണകള്‍ പരസ്പരം പങ്കുവെക്കാനാവുന്നവര്‍ക്കുമാത്രമേ എഴുത്തുമായി ബന്ധപ്പെട്ട അനുഭവങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ഉള്ളൂതുറന്ന് ആശയവിനിമയം നടത്താനാവൂ.അവരുടെ സൌഹൃദം സമാനമനസ്കരായ മറ്റാളുകളിലേക്ക് സ്വാഭാവികമായി വളരുകയും ചെയ്യും.അവര്‍ ചിലപ്പോള്‍ കൂട്ടായ അധ്വാനം ആവശ്യമായി വരുന്ന പ്രവൃത്തികളിലേക്ക് ഒന്നിച്ചു നീങ്ങിയെന്നുവരും.അത് തങ്ങളുടേതായ ഒരു ഇടം ഈ ലോകത്ത് സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി മാത്രമാണ്.ഇതല്ലാതെ സാഹിത്യത്തിലെ ഒരു കൂട്ടായ്മയും കേവലം ലാഭചിന്തയെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കില്ല.
കാലം മാറുമ്പോള്‍ ഒരു കൂട്ടായ്മക്കകത്തെ വ്യക്തികള്‍ തന്നെ വ്യത്യസ്തമായ ജീവിതധാരണകള്‍ സ്വരൂപിക്കാം.അവരുടെ മനോഘടനയിലും അഭിരുചികളിലും കലാസങ്കല്പങ്ങളിലും മാറ്റം വരാം. ഇതൊക്കെ സ്വാഭാവികമാണ്.അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ചെറിയ ഒരു പരിധിക്കപ്പുറം അപരനില്‍ തങ്ങളെ കണ്ടെത്താനാവാതെ വരികയും അവര്‍ കൂട്ടം പിരിഞ്ഞുപോവുകയും ചെയ്യാം.ഒരു ഗ്രൂപ്പ് രൂപം കൊള്ളുന്ന അത്രയും സ്വാഭാവികമാണ് അതിന്റെ കൊഴിഞ്ഞുപോക്കും എന്നര്‍ത്ഥം.
സാഹിത്യത്തിന്റെ രാഷ്ട്രീയാടിത്തറയെ കുറിച്ചും അത് നിലനിര്‍ത്തേണ്ടുന്ന രാഷ്ട്രീയബന്ധങ്ങളെ കുറിച്ചും കൃത്യമായൊരു നിലപാട് കൈക്കൊണ്ട്  പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ കാര്യത്തില്‍ വ്യക്തിഗതസൌഹൃദങ്ങള്‍ അപ്രസക്തമാണ്.അത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ പിന്നീട് രൂപം കൊള്ളുന്ന ഗ്രൂപ്പുകള്‍ക്ക് പ്രേരണയായിത്തീരുന്നതും വ്യക്തികള്‍ തമ്മിലുള്ള സൌഹൃദമല്ല.അവിടെ രാഷ്ട്രീയനിലപാടുകള്‍ തന്നെയാണ് പ്രധാനം.കേരളത്തിന്റെ ഒരു പ്രത്യേകത ഇവിടെ സാഹിത്യത്തിന്റെയും കലയുടെയും മേഖലയില്‍ രൂപം കൊള്ളുന്ന എല്ലാ ഗ്രൂപ്പുകളുടെയും പിന്നില്‍ രാഷ്ട്രീയം ഒരു നിര്‍ണായകശക്തിയായിത്തീരുന്നു എന്നതാണ്.ഏത് ഗ്രൂപ്പും ഒരു രാഷ്ട്രീയ ഗ്രൂപ്പാണെന്ന് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാവും.ഈ രാഷ്ട്രീയത്തിന് കക്ഷിരാഷ്ട്രീയത്തില്‍ കാണുന്നതിലധികം ഉള്‍പ്പിരിവുകളുണ്ടെന്ന് മാത്രം.ഏത് സാഹചര്യത്തിലും കമൂണിസ്റ് പാര്‍ട്ടിയിലെ നേതൃപക്ഷത്തെ പിന്തുണച്ചു മാത്രം പ്രവര്‍ത്തിക്കുന്നവര്‍,കാലാകാലമായി ഏതാണ്ടൊരു ജാതിവിഭാഗത്തെ പോലെ കമ്യൂണിസ്റ് വിരോധികളായി നിലകൊള്ളുന്നവര്‍,കമ്യൂണിസ്റ് വിരോധം ഉപേക്ഷിക്കാതെ തന്നെ സ്ഥാനമാനങ്ങളും മറ്റു സൌകര്യങ്ങളും ലാക്കാക്കി കമ്യൂണിസ്റ് പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തോട് കൂറ് പ്രഖ്യാപിച്ച് കാര്യസാധ്യം നേടുന്നവര്‍,വ്യവസ്ഥാപിത രാഷ്ട്രീയത്തിനെതിരെ ഉയരുന്ന എല്ലാ വിമതശബ്ദങ്ങളെയും എന്തിനെന്നറിയാതെയെങ്കിലും ഏത് വിധത്തിലും എതിര്‍ത്തു തോല്‍പിക്കുമെന്ന് തീരുമാനിച്ചവര്‍,ഏത് കക്ഷി അധികാരത്തിലെത്തിയാലും അവരെയെല്ലാം ഒന്നുപോലെ പ്രീതിപ്പെടുത്താന്‍ പാകത്തില്‍ സ്വന്തം രാഷ്ട്രീയത്തെ എന്നും അയവുള്ളതാക്കി നിലനിര്‍ത്താന്‍ ശേഷിയുള്ള അതിസമര്‍ത്ഥര്‍ ഇങ്ങനെ ഇവിടെ നിലവിലുള്ള ഓരോരോ ഗ്രൂപ്പിലും ഓരോരോ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവര്‍ തന്നെയാണ് ഐക്യപ്പെട്ടിരിക്കുന്നത്.ഈ ഗ്രൂപ്പുകള്‍ക്കെല്ലാം പൊതുവായുള്ള ഒരു പ്രത്യേകത അവരുടെ മുഖ്യപരിഗണന അധികാരരാഷ്ട്രീയത്തിന്റെ ചെറുതും വലുതുമായ കേന്ദ്രങ്ങളുമായുള്ള ബന്ധമാണ് എന്നതാണ്.ഇതിനു പുറത്ത് മനുഷ്യന്റെ ബഹുമുഖമായ സര്‍ഗാത്മകതയെ കുറിച്ചുള്ള വിശാലവും സദാ ചലനാത്മകവുമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇന്ന് കേരളത്തിലുണ്ട്.അവരുടേതായ വിപുലമായ ഒരു കൂട്ടായ്മ രൂപപ്പെടുന്നതിന് മുന്നില്‍ പക്ഷേ കടമ്പകള്‍ പലതുമുണ്ട്.സ്വതന്ത്രവും സജീവവുമായ  ആശയവിനിമയങ്ങളെ അസാധ്യമാക്കുന്ന പൊതുബൌദ്ധികാന്തരീക്ഷം മുതല്‍ തങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ട കാര്യങ്ങളെ പറ്റിയുള്ള അവ്യക്തത വരെയുള്ള ആ കടമ്പകളത്രയും പെട്ടെന്ന് ഇല്ലാതായിത്തീരും എന്നു കരുതാനാവില്ല.എന്നു കരുതി അത്രയും കാലം വരെ എല്ലാ സര്‍ഗാത്മക വ്യവഹാരങ്ങളില്‍ നിന്നും പി•ാറി മൌനികളായിരിക്കാനും അവര്‍ക്കു കഴിയില്ല.അത്തരത്തിലുള്ള വ്യക്തികളുടെ അനേകം ചെറിയ കൂട്ടായ്മകള്‍ കേരളത്തിനകത്ത് ഇതിനകം രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.സംസ്ഥാനത്തിന് പുറത്തുള്ള മലയാളിസമൂഹങ്ങളില്‍ ചിലതിലും ഇമ്മട്ടിലുള്ള സ്പന്ദനങ്ങള്‍ സംഭവിക്കുന്നുണ്ട്.ശ്രദ്ധേയമായ സമാന്തരമാസികകള്‍ എന്ന് ഇതിനകം വായനാസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ഈ കുട്ടായ്മകള്‍ക്ക് ശബ്ദം നല്‍കുകയാണ് ചെയ്യുന്നത്.അവ മുഖ്യധാരാമാധ്യമങ്ങളോട് മത്സരിക്കുന്നത് ഉള്ളടക്കത്തിന്റെ സ്ഫോടനാത്മകതയുടെ പേരിലല്ല.ഏത് സ്ഫോടനാത്മകമായ ആശയത്തിനും ഇടം നല്‍കാനാവും വിധത്തില്‍ മുഖ്യധാരാമാധ്യമങ്ങളുടെ ഉള്ളടക്കസങ്കല്പത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയ എഴുത്തുരീതികളെയും എഴുത്തുകാരെയും അവതരിപ്പിക്കുന്നതില്‍ മടിച്ചുനില്‍ക്കുന്ന ശീലവും അവ ഉപേക്ഷിച്ചു കഴിഞ്ഞു.ആശയരംഗത്തും വാര്‍ത്തകളുടെ ലോകത്തിലും സംഭവിക്കുന്ന സ്വാതന്ത്യ്രപ്രഖ്യാപനങ്ങളെ തടഞ്ഞുനിര്‍ത്താനാവാത്ത വിധത്തിലുള്ള കുതിപ്പുകളാണ് വിവരസാങ്കേതിക വിദ്യയുടെ മേഖലയില്‍  കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തിനിടയില്‍ സംഭവിച്ചത്.നവലിബറലിസത്തിന്റെ രാഷ്ട്രീയത്തിന് ഈ സ്വാതന്ത്യത്തെ അനുവദിച്ചുകൊടുത്തുകൊണ്ടല്ലാതെ മുന്നേറാനാവുകയുമില്ല.മറ്റൊരു കാര്യം ആശയങ്ങളുടെ വൈപുല്യവും വൈചിത്യ്രവും പരമാവധി അനുവദിച്ചുകൊടുക്കുന്നതിലൂടെ തന്നെ അവകാശസമത്വത്തെയും സമ്പത്തിന്റെ സമമമായ വിതരണത്തെയും സംബന്ധിക്കുന്ന ആശയങ്ങളെ നിര്‍വീര്യമാക്കാമെന്ന അധീശശക്തികളുടെ ഉറച്ച ആത്മവിശ്വാസമാണ്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ ചെറിയ സമാന്തര പ്രസിദ്ധീകരണങ്ങള്‍ക്ക് സ്വന്തമായി എന്തു ചെയ്യാനാവും?കെട്ടിലും മട്ടിലും ഉള്ളടക്കത്തിന്റെ അവതരണത്തിലും സെന്‍ഷേസനലിസത്തിനു വഴങ്ങാതിരിക്കുക,പല കേന്ദ്രങ്ങളില്‍ നിന്നായി ഉല്പാദിപ്പിക്കപ്പെടുന്ന,ഉദ്ദേശങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം സംശയാസ്പദമായ,വാചാലമായി പ്രചരിപ്പിക്കപ്പെടുകയും വളരെ വേഗം അസ്തമിച്ചുപോവുകയും ചെയ്യുന്ന ആശയങ്ങളെ ആഘോഷിക്കുന്നതില്‍ നിന്നകന്നുനിന്ന് ആഴമുള്ള വിചാരങ്ങള്‍ക്കും അനുഭൂതികള്‍ക്കും ഇടം നല്‍കുക, ആശയങ്ങളെയും കലാസൃഷ്ടികളെയും യാന്ത്രികമായ ഉപയോഗിതാവാദത്തിന്റെ പിടിയിലകപ്പെടുത്താതിരിക്കുക,വ്യാപാരയുക്തികളെ നിരാകരിക്കുന്ന ഭാവുകത്വത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ പാകത്തില്‍ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പിലും അവതരണത്തിലും വൃത്തിയും വെടിപ്പും ശുദ്ധിയും ലാളിത്യവും സൂക്ഷിക്കുക. - ഇത്രയുമാണ് അവയ്ക്ക് ചെയ്യാനാവുക.മലയാളത്തിലെ സമാന്തരമാസികകള്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ തന്നെയാണ് സ്വയം നിര്‍വചിച്ചുകൊണ്ടിരിക്കുന്നത്.അവ ഏറ്റെടുത്തിരിക്കുന്ന ദൌത്യം നിസ്സാരമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നതേയില്ല.
(മാതൃകാന്വേഷി മാസിക,ഫെബ്രവരി 2012 )

Tuesday, February 14, 2012

വാക്കുകള്‍ വെറുതെ വേഷംകെട്ടുമ്പോള്‍

കണ്ണൂര്‍ പയ്യാമ്പലത്ത് സുകുമാര്‍ അഴീക്കോടിന്റെ ശവസംസ്കാരച്ചടങ്ങിനു ശേഷം ചേര്‍ന്ന അനുശോചനയോഗത്തെ കുറിച്ച് 2012 ജനവരി 26 ന്റെ മാതൃഭൂമിപത്രത്തില്‍ വന്ന വാര്‍ത്തയുടെ ആദ്യഖണ്ഡിക ഉദ്ധരിക്കാം: " കഷ്ടപ്പെടുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമൊപ്പം ജീവിതാവസാനം വരെ ആത്മാര്‍ത്ഥമായി അടിപതറാതെ ഉറച്ചു നിന്ന വ്യക്തിയാണ് സുകുമാര്‍ അഴീക്കോടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞു.മാതൃകാപരമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ പിന്തുടരണം.സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ചൂഷകവ്യവസ്ഥയ്ക്കുമെതിരെ പോരാടി ജീവന്‍ ത്യജിച്ച ധീരരുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ വാഗ്ഭടാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ശിഷ്യത്വം സ്വീകരിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചും അനീതിക്കെതിരെ ധീരമായി പോരാടിയും ജീവിച്ച അഴീക്കോടും ലയിച്ചുചേര്‍ന്നു- അദ്ദേഹം പറഞ്ഞു.''
ഇനി ദേശാഭിമാനി വാരികയില്‍ 'വാക്കുകള്‍ ചേക്കേറിയ വന്മരം' എന്ന ശീര്‍ഷകത്തില്‍ പത്രാധിപര്‍ കെ.പി.മോഹനന്‍മാഷ് എഴുതിയ 'മുഖമൊഴി'യിലെ ആദ്യവാക്യങ്ങള്‍ നോക്കുക:"വാക്കുകള്‍ ചേക്കേറിയ ഒരു വന്മരം മഹാകാലത്തില്‍ ഒരു ദീപ്തസ്മരണയായി മാറി.നിരാലംബമായ വാക്കുകളുടെ നിശ്ശബ്ദരോദനം മലയാളം അന്തരിന്ദ്രിയങ്ങളാല്‍ അനുഭവിച്ചറിയുകയാണ്.''
വാരാദ്യമാധ്യമത്തില്‍ കവി രാവുണ്ണി എഴുതിയ 'ക്ഷുഭിതസാഗരം' എന്ന ലേഖനത്തിന്റെ അവാസാനവാക്യങ്ങള്‍ കൂടി ഇതിന്റെ തുടര്‍ച്ചയായി വായിക്കുക:"സ്നേഹിച്ച് കൊതി തീര്‍ന്നിട്ടില്ല ഞങ്ങള്‍ക്ക്.ആരാധിച്ച് കൊതി തീര്‍ന്നിട്ടില്ല ഞങ്ങള്‍ക്ക്.കണ്ടും കേട്ടും മതിയായില്ല ഞങ്ങള്‍ക്ക്.പഞ്ചഭൂതാത്മകമായ ആ ശരീരത്തെ ഞങ്ങള്‍ മക്കള്‍ കാലത്തിന് തിരിയെ ഏല്പിക്കുന്നു.പകരം ആ വാക്കുകള്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നു.അവ വിത്തുകളാണ്.ഞങ്ങളുടെ ഭാവികാലത്തിലേക്കുള്ള അന്നം..''ചരമപ്രസംഗത്തിനുള്ള വേദി ആരെക്കുറിച്ചും മോശം പറയാനുള്ളതല്ല എന്ന സാമാന്യമര്യാദയുടെ അടിസ്ഥാനങ്ങള്‍ എന്തുമാകട്ടെ.ആ മര്യാദ എല്ലാ സമൂഹങ്ങളും. നിലനിര്‍ത്തിപ്പോരുന്നതാണ്. എന്നാല്‍ അസത്യത്തിന്റെ വേഷപകര്‍ച്ചകള്‍ മാത്രമായ അത്യുക്തികള്‍ക്ക് അത് ന്യായീകരണമാവുകയില്ല.
സുകുമാര്‍ അഴീക്കോടിനെ വ്യക്തി എന്ന നിലയില്‍ എനിക്ക് അടുത്തറിയില്ല.മൂന്ന് തവണ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നെങ്കിലും അപ്പോഴൊന്നും അദ്ദേഹത്തെ പരിചയപ്പെടണമെന്നോ എന്തെങ്കിലും സംസാരിക്കണമെന്നോ എനിക്ക് തോന്നിയതേയില്ല.അദ്ദേഹത്തെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ പറയാനുള്ളവരായി വളരെയേറെപ്പേര്‍ ഉണ്ടായേക്കാം.അവരോട് വിയോജിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യുക എന്ന മഠയത്തരത്തിന് ഞാന്‍ മുതിരില്ല.ഒരു വ്യക്തിയെ കുറിച്ചുള്ള എന്റെ പ്രതീതികള്‍ മറ്റൊരു തരത്തിലാണ് എന്നതുകൊണ്ടു മാത്രം സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ കുറിച്ച് നല്ലതു പറയുന്നവര്‍ നുണപറയുകയാവുമെന്ന് പറയുകയോ കരുതുക പോലുമോ ചെയ്യാന്‍ ഞാന്‍ ഒരുമ്പെടില്ല.പക്ഷേ,സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യസാംസ്ക്കാരിക രാഷ്ട്രീയ സംഭാവനകളെ കുറിച്ച് ആളുകള്‍ അതിവാചാലത കൈക്കൊള്ളുമ്പോള്‍ അതുകേട്ട് തലയാട്ടിയോ അല്ലാതെയോ നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ല.അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.
സുകുമാര്‍ അഴീക്കോട് ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു.ഗാന്ധിയന്‍ എന്നോ നെഹ്റൂവിയന്‍ എന്നോ പറയാനാവാത്ത വെറും കോണ്‍ഗ്രസ്സുകാരന്‍. ഒരു കാലത്ത് ജന്മിമാരോ അവരുടെ കയ്യാളന്മാരോ ആയിരുന്നവര്‍ പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പോവുന്നു എന്നും ഈ രാഷ്ട്രീയപ്പാര്‍ട്ടി ജന്മിത്തത്തിന്റെ താല്പര്യങ്ങളെയും നാട്ടുനടപ്പുകളെയും  തകിടം മറിക്കില്ല എന്നും ഉറപ്പായി തോന്നിത്തുടങ്ങിയതു തൊട്ട് കോണ്‍ഗ്രസ്സുകാരായി വേഷം മാറി രംഗത്തിറങ്ങിയ അനുഭവം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്.കോണ്‍ഗ്രസ് രാഷ്ട്രീയം നെഹ്റുവിന്റെ നേതൃത്വത്തിനു കീഴില്‍ ആദ്യകാലത്ത് പ്രകടമാക്കിയ സോഷ്യലിസ്റാശയങ്ങളോടുള്ള ആഭിമുഖ്യമോ വിശാലമായ ജനാധിപത്യബോധമോ സാര്‍വദേശീയബോധമോ ഒന്നുമല്ല പ്രാദേശിക തലത്തില്‍ കമ്യൂണിസ്റുകാരോട് ,വിശേഷിച്ചും അവരുടെ വര്‍ഗപരമായ അടിത്തറയോട് തോന്നിയ വെറുപ്പും പുച്ഛവുമാണ് ഈ കോണ്‍ഗ്രസ്സുകാരെ നയിച്ചത്.അവരും അവരുടെ ഭൃത്യരും ചേര്‍ന്ന് വളര്‍ത്തിയെടുത്ത ഒരു തരം ജീര്‍ണരാഷ്ട്രീയസംസ്കാരം ജ നല്‍കിയ ആയിരക്കണക്കിന് പ്രസംഗകരുടെ വാഗ്വിലാസങ്ങളായിരുന്നു സ്വാതന്ത്യ്രലബ്ധി മുതല്‍ അടിയന്തിരാവസ്ഥ വരെയുള്ള കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാനപ്പെട്ട സാംസ്കാരിക ആസ്തി.കാര്‍ഷികമേഖലയിലെയും കാര്‍ഷികേതരമേഖലകളിലെയും പാവപ്പെട്ട തൊഴിലാളികളുടെ പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ് പാര്‍ട്ടിയോട് മേലാളവര്‍ഗത്തിനും മറ്റ് യാഥാസ്തിതിക വിഭാഗത്തിനും ഉണ്ടായിരുന്ന വെറുപ്പ് ഊതിക്കത്തിച്ചും മഹാത്മാഗാന്ധിയെയും മഹത്തായ ഭാരതസംസ്കാരത്തെയും നെഹ്റു കുടുംബത്തെയും സംസ്ഥാനത്ത് അധികാരം കയ്യാളുന്ന കോണ്‍ഗ്രസ്സുകാരെയും അതിഭാവുകത്വം കൊണ്ട് അലങ്കരിച്ച ഭാഷയില്‍ പേര്‍ത്തും പേര്‍ത്തും വാഴ്ത്തിയുമാണ് ഇവര്‍ സംസാരിച്ചിരുന്നത്.അത്തരത്തില്‍ കോണ്‍ഗ്രസ്സിന് മുതല്‍ക്കൂട്ടിയ പ്രഭാഷകരില്‍ മുമ്പനായിരുന്നു അഴീക്കോട്. ആ പ്രസംഗവൈഭവമാണ് 1962ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ എസ്.കെ.പൊറ്റെക്കാട്ടിനെതിരെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ.പി.സി.സിയെ പ്രേരിപ്പിച്ചത്.കാലം മാറിയപ്പോള്‍ പതുക്കെപ്പതുക്കെ സുകുമാര്‍ അഴീക്കോട് ഇടതുപക്ഷത്തേക്ക് ചാഞ്ഞു.അപ്പോഴേക്കും ഒരു സാംസ്കാരികപ്രഭാഷകനു വേണ്ടി നൂറുപേരുടെ പോലും സദസ്സിനെ ഉണ്ടാക്കിയെടുക്കാനാവാത്ത വിധം കോണ്‍ഗ്രസ്സ് കേരളത്തിലെ സാംസ്കാരികപ്രവര്‍ത്തനത്തിന്റെ മേഖലയില്‍ നിന്ന് മിക്കവാറും പുറത്താക്കപ്പെടുകയും അങ്ങനെ സംഭവിച്ചതില്‍ നേരിയ മനസ്താപത്തിന്റെ അത്യന്തം ദുര്‍ബലമായ സ്പര്‍ശം പോലും അനുഭവിക്കാനാവാത്ത വിധത്തില്‍ ആ രാഷ്ട്രീയപ്പാര്‍ട്ടി ഒരു തരം സാംസ്കാരിക നിര്‍വികാരതയില്‍ അകപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു.  
സാഹിത്യമായാലും ദൃശ്യകലയായാലും ദര്‍ശനമായാലും ഉള്‍ക്കാമ്പുള്ള നാല് വര്‍ത്തമാനം കേള്‍ക്കണമെങ്കില്‍ വേദിയില്‍ ഏതെങ്കിലും തരത്തില്‍ ഇടതുപക്ഷവുമായി ബന്ധമുള്ള ആളുകളുണ്ടായിരിക്കണം എന്ന ധാരണ കേരളത്തിന്റെ പൊതുബോധത്തില്‍ വേരുപിടിച്ച ഘട്ടത്തിലാണ് സുകുമാര്‍ അഴീക്കോട് പതുക്കെപ്പതുക്കെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് പുറത്തേക്ക് വന്നുതുടങ്ങിയത്.നിലപാടുകള്‍ പലപ്പോഴും വളരെ വിഭാഗീയവും വികലവുമായിരുന്നെങ്കിലും കലാസാഹിത്യരംഗങ്ങളിലെ ഇടപെടലുകളില്‍  മൌലികമായ താല്പര്യവും ജാഗ്രതയും സൂക്ഷിച്ചിരുന്ന ഇടതുപക്ഷക്കാര്‍ ഈ ഘട്ടമാവുമ്പോഴേക്കും സ്വന്തം സാഹിത്യകലാദര്‍ശനങ്ങളെ കുറിച്ച് വലിയ തോതില്‍ അവമതിപ്പുള്ളവരായിത്തീരുകയും ആ പരവേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറുപക്ഷത്തെ പ്രബലരെ എന്ത് വില കൊടുത്തും സ്വപക്ഷത്തു ചേര്‍ക്കുക എന്നൊരു നയത്തില്‍ എത്തിച്ചേരാന്‍ തുടങ്ങുകയും ചെയ്തിരുന്നു.ഇങ്ങനെ വലതുപക്ഷവും ഇടതുപക്ഷവും ചേര്‍ന്ന് പാകപ്പെടുത്തിക്കൊടുത്ത  രാഷ്ട്രീയസാംസ്കാരിക ദര്‍ശനശൂന്യതയുടെ ചതുപ്പിലാണ് അഴീക്കോട് വാക്കുകളുടെ കൃഷിയിറക്കി പൊതുസമ്മതിയുടെ നൂറ് മേനി കൊയ്തെടുത്തത്.പ്രസംഗകലയില്‍ അദ്വിതീയനാണ് സുകുമാര്‍ അഴീക്കോടെന്നും ഇതുപോലൊരു വാഗ്മിയെ മുമ്പെങ്ങും നാം കണ്ടിട്ടില്ലെന്നും ഭാവിയിലും അതിനുള്ള സാധ്യതയില്ലെന്നും പറയുന്നവര്‍ എത്രയെങ്കിലുമുണ്ട്.പ്രസംഗം എന്നതിന് സമര്‍ത്ഥമായ ശബ്ദനിയന്ത്രണം,മുഴക്കം തോന്നിക്കുന്ന പദങ്ങള്‍ സമൃദ്ധമായുള്ള ദീര്‍ഘവാക്യങ്ങള്‍,സംസ്കൃതത്തിലെയും മലയാളത്തിലെയും ക്ളാസിക്കുകളില്‍ നിന്നുള്ള അപൂര്‍ണമായ ഉദ്ധരണികള്‍, ലഘുഫലിതങ്ങള്‍,ആനുകാലികരാഷ്ട്രീയത്തിന്റെ അമരക്കാരെ സുഖിപ്പിച്ചും കിക്കിളിപ്പെടുത്തിയും ഇടക്കൊന്നു നുള്ളിനോവിച്ചുമുള്ള പ്രസ്താവങ്ങള്‍,കൃത്രിമത്വം കലര്‍ന്ന ക്ഷോഭപ്രകടനം എന്നിവയുടെയെല്ലാം സമ്യക്കായ കൂടിച്ചേരല്‍ വഴിയുള്ള ഒരു തരം കലാപ്രകടനം എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ സുകുമാര്‍ അഴീക്കോടിന്റേത് ഒന്നാംതരം പ്രസംഗമാണ്. ആയിരക്കണക്കിന് വേദികളില്‍  ലക്ഷക്കണക്കിനാളുകള്‍ ആ കലാപ്രകടനം കണ്ടും കേട്ടും ആസ്വദിച്ചിട്ടുണ്ട്.
പ്രസംഗത്തിലെ പ്രകടന ചാരുതയുടെ ഓര്‍മ  മാറ്റിനിര്‍ത്തിയാല്‍ സുകുമാര്‍ അഴീക്കോട് നമ്മുടെ സാംസ്കാരികജീവിതത്തിന് നല്‍കിയ സംഭാവനകള്‍ വാസ്തവത്തില്‍ എത്രയോ ചെറുതാണ്.'ആശാന്റെ സീതാകാവ്യ'മാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സാഹിത്യനിരൂപണകൃതി.'മലയാളവിമര്‍ശനം' മലയാളം ബി.എ,എം.എ ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും.രമണനും മലയാളകവിതയും,ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു,പുരോഗമന സാഹിത്യവും മറ്റും എന്നീ കൃതികള്‍ സാഹിത്യവിദ്യാര്‍ത്ഥികളിലും സാഹിത്യപത്രപ്രവര്‍ത്തകരിലും ഇനിയും കുറച്ചു കാലം കൂടി കൌതുകമുണര്‍ത്തിയേക്കും.അഴീക്കോടിന്റെ ആത്മകഥയുടെ ആദ്യഭാഗങ്ങള്‍ക്ക് നല്ല പരായണക്ഷമതയുണ്ട് എന്ന കാര്യത്തിലും തര്‍ക്കമില്ല.തത്ത്വമസി ഉള്‍പ്പെടെയുള്ള അഴീക്കോടിന്റെ അവശേഷിക്കുന്ന കൃതികളെ ഭാവിയില്‍ ആരെങ്കിലും ഗൌരവത്തിലെടുക്കുമോ എന്ന കാര്യം സംശയമാണ്.
സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗങ്ങള്‍ ധാര്‍മികധീരതയുടെ മഹാവിളംബരങ്ങളായിരുന്നു എന്ന് പറയുന്നത് പൂര്‍ണമായും തെറ്റല്ലാതാവുന്നത് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും പ്ളാച്ചിമട പ്രശ്നത്തിലും മറ്റും നടത്തിയതുപോലുള്ള ചുരുക്കം ചില ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്.മറ്റെല്ലായ്പ്പോഴും വേദികളിലെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തെ രസിപ്പിച്ച ചെറിയ വെടിക്കെട്ടുകള്‍ എന്നതില്‍ കവിഞ്ഞ് പ്രാധാന്യമൊന്നുമില്ല.എല്ലാ ഘട്ടങ്ങളിലും എല്ലാ പ്രശ്നങ്ങളുടെ കാര്യത്തിലും ഒന്നു പോലെ ധീരനാവുക എന്നത് ഏതൊരാളുടെ കാര്യത്തിലും എളുപ്പമുള്ള സംഗതിയല്ല.അടവുകളും തന്ത്രങ്ങളുമല്ലെങ്കില്‍ ചില വിട്ടുവീഴ്ചകളെങ്കിലും ഏത് ജീവിതത്തിലും ഉണ്ടാവും.അഴീക്കോടിന്റെ ഒട്ടുമിക്ക നിലപാടുകളിലും അവസരവാദം മാത്രം കണ്ടെത്തുന്നവര്‍ക്ക് തങ്ങളുടെ നിരീക്ഷണങ്ങളെ തെളിവുകള്‍ നിരത്തി വിശദീകരിക്കാന്‍ കഴിഞ്ഞേക്കും.പക്ഷേ,പ്രേരണകള്‍ എന്തുതന്നെ അയിരുന്നാലും ചില സന്ദര്‍ഭങ്ങളിലെങ്കിലും പൊതുവേദിയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ സാമൂഹ്യമായ ഉണര്‍വുകള്‍ക്ക് കാരണമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.അതിനെ അനുപാതരഹിതമായ രീതിയില്‍ പെരുപ്പിച്ച് കാണിക്കാനും കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയവും സാംസ്കാരിക ഇടതുപക്ഷവും എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ നടത്തിയ സാഹസികവും ത്യാഗപൂര്‍ണവുമായ ഇടപെടലുകളെ മുഴുവന്‍ നിസ്സാരീകരിച്ചുകാണിക്കും വിധം അഴീക്കോടിനെ ഊതിവീര്‍പ്പിക്കാനും ഇടതുപക്ഷത്തു തന്നെയുള്ള രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കാണിക്കുന്ന അമിതാവേശമാണ് അമ്പരപ്പിച്ചുകളയുന്നത്.
തന്റെ ജീവിതാനന്ദത്തെ സ്വയം നിര്‍വചിക്കാനും രൂപപ്പെടുത്താനുമുള്ള അവകാശം ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്തിയ ആളാണ് സുകുമാര്‍ അഴീക്കോട്. നിത്യവും ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കാനും അങ്ങനെ തന്റെ കാലത്ത് കേരളത്തില്‍ ജീവിച്ച ഏറ്റവും വലിയ സാംസ്കാരികപ്രഭാഷകനായി പൊതുസമ്മതി നേടാനും അഴീക്കോട് തീരുമാനിച്ചു.അതില്‍ അദ്ദേഹം വലിയ അളവില്‍ വിജയിക്കുകയും ചെയ്തു.താന്‍ ആഗ്രഹിച്ചത് നേടിയെടുക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി മരണശയ്യയിലും അദ്ദേഹത്തിന് മന:സുഖം പകര്‍ന്നിരിക്കുകയും ചെയ്യാം.ഒരു വ്യക്തി കൈവരിച്ച ജീവിതവിജയമാണത്.ഇങ്ങനെ വിജയിക്കുന്നവര്‍ ഏത് തുറയിലുള്ളവരായാലും അവരെ കൊണ്ടാടുന്ന രീതി നമ്മുടെ മാധ്യമങ്ങള്‍ക്കുണ്ട്.നിത്യവും ബഹുജനസമ്പര്‍ക്കം സാധിക്കുകയും അതുവഴി രാഷ്ട്രീയനേതാക്കളുടെ പോലും സവിശേഷ ശ്രദ്ധയില്‍ വരികയും ചെയ്ത ഒരു പ്രസംഗകന്റെ കാര്യത്തില്‍ അവര്‍ അതിയായ താല്പര്യം കാണിച്ചതില്‍ അത്ഭുതമില്ല.പക്ഷേ,കേരളരാഷ്ട്രീയത്തിലും മലയാളിയുടെ സാംസ്കാരിജീവിതത്തിലും അഴീക്കോട് നടത്തിയ ഇടപെടലുകള്‍ക്ക് ഇടതുപക്ഷം കല്പിക്കുന്ന അമിതപ്രാധാന്യത്തിന്റെ അര്‍ത്ഥമെന്താണ്?പാവപ്പെട്ടവര്‍ക്കായി ഉഴിഞ്ഞുവെക്കപ്പെട്ട  ഒരു മാതുകാജീവിതമാണ് സുകുമാര്‍ അഴീക്കോടിന്റേതെന്ന് വി.എസ്സനെപ്പോലൊരാള്‍ വാഴ്ത്തിപ്പറഞ്ഞതിന് എന്ത് ന്യായീകരണമാണ് സാധ്യമാവുക? സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ചൂഷകവ്യവസ്ഥയ്ക്കുമെതിരെ പോരാടി ജീവന്‍ ത്യജിച്ച ധീരന്മാരുടെ ഗണത്തില്‍ അദ്ദേഹത്തെ എങ്ങനെയാണ് ഉള്‍പ്പെടുത്തുക? അടിയന്തരാവസ്ഥ കഴിഞ്ഞ് പിന്നെയും ചില വര്‍ഷങ്ങള്‍ കഴിയുന്നതുവരെ ഉറച്ച കോണ്‍ഗ്രസ്സുകാരനായി പ്രസംഗവേദികളില്‍ കെ.കരുണാകരനുവേണ്ടി പോലും  ഉറഞ്ഞാടിയ കാര്യം  മറന്നുകളഞ്ഞ് അവസാനഘട്ടത്തില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ സ്വന്തം ആളായി മാറി എന്നതുകൊണ്ടു മാത്രം സുകുമാര്‍ അഴീക്കോടിനെ  പ്രബുദ്ധകേരളം നെഞ്ചിലേറ്റി നടക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?അദ്ദേഹത്തെ എന്തു കാര്യത്തിലാണ് ജനങ്ങള്‍ മാതൃകയാക്കേണ്ടത്? ഒരിക്കലും ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമാകാതിരുന്നതിലോ? ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാതിരുന്നതിലോ?വേദികളില്‍ ഏത് വിഷയത്തേക്കുറിച്ചും ജനങ്ങള്‍ക്ക് പ്രിയംകരമാവും വിധത്തില്‍ പ്രസംഗിച്ചതിലോ?ഞാന്‍ കേട്ട നാലഞ്ച് പ്രസംഗങ്ങളെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ അഴീക്കോടിന്റെ പതിനായിരക്കണക്കിന് പ്രസംഗങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സാമൂഹ്യജീവിതത്തിലെ സാഹസികമായ ഇടപെടലുകളില്‍ താല്പര്യം പുലര്‍ത്തുന്നവര്‍ക്ക് മാതൃകയാക്കാവുന്നതായി ഏറിയാല്‍ പത്ത് പ്രസംഗങ്ങളിലധികം ഉണ്ടാവാനിടയില്ല. സര്‍ഗാത്മകസാഹിത്യകാരന്മാരില്‍ നന്നേ ചെറിയ ഒരു വിഭാഗം മാത്രമേ അദ്ദേഹത്തിന്റെ സാഹിത്യപ്രസംഗങ്ങളെ  ഗൌരവത്തിലെടുക്കുന്നതായി കണ്ടിട്ടുള്ളൂ.ഭാവിയിലെ എഴുത്തുകാര്‍ക്ക് പ്രചോദനമായിത്തീരാന്‍ ഇടയുള്ള പ്രസംഗങ്ങള്‍ അവയില്‍ എത്രയെണ്ണമുണ്ടാവും എന്ന കാര്യത്തില്‍ തീര്‍ച്ചയായും കടുത്ത സംശയമുണ്ട്.വസ്തുതകള്‍ ഇതൊക്കെയായിരിക്കെ, ഇ.എം.എസ്സിനെയും കെ.ദാമോദരനെയും പോലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച  വലിയ ജീവിതത്തോടൊപ്പം ധൈഷണികരംഗത്ത് വലിയ സംഭാവനകള്‍ കൂടി നല്‍കിയ സമുന്നതരായ രാഷ്ട്രീയ നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടാനാവുന്ന,പല സന്ദര്‍ഭങ്ങളില്‍ പല തരത്തില്‍ കേസരിയും എം.എന്‍.വിജയനും ഉള്‍പ്പെടെയുള്ള ചിന്തകന്മാരുടെയും ബഷീറും തകഴിയും ചെറുകാടും ചങ്ങമ്പുഴയും ഇടശ്ശേരിയും വൈലോപ്പിള്ളിയും വയലാറും പി.ഭാസ്കരനും ഒ.എന്‍വിയും കടമ്മനിട്ടയും സച്ചിദാനന്ദനും കെ.ജി.ശങ്കരപിള്ളയും ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് സര്‍ഗാത്മകസാഹിത്യകാരന്മാരുടെയും പിന്തുണ നേടിയ കേരളത്തിലെ കമ്യൂണിസ്റ്പ്രസ്ഥാനം ഒടുവില്‍ സുകുമാര്‍ അഴീക്കോടിനെ നിങ്ങള്‍ മാതൃകയാക്കണം  എന്ന് ജനങ്ങളോട് പറയുന്നത് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കഷ്ടമാണ്.
(ജനശക്തി വാരിക 2012 ഫെബ്രവരി 11-17)
    


Wednesday, February 1, 2012

ഇപ്പോള്‍

ആത്മാവിലെ ഒരു നുള്ള് വെളിച്ചത്തിനു നേരെ
ആര്‍ത്തിപിടിച്ചെത്തുന്നുണ്ട്  ഈയാമ്പാറ്റകള്‍
അവരുടെ ചിറകുകളിലൊതുങ്ങുന്നു
എന്റെ ആഹ്ളാദങ്ങളും പ്രതീക്ഷകളും.