Pages

Tuesday, December 17, 2013

കവിതാഡയറി

നീതിമാന്റെ വേഷം കെട്ടി
നാണം കെടാന്‍ ഞാനില്ല
നിങ്ങളോടൊപ്പം മറ്റൊരു കള്ളനായി
നിവര്‍ന്ന നെഞ്ചോടെ ഞാന്‍ മുന്നേറും.

Tuesday, November 19, 2013

കവിതാപാഠം

പൊതുപ്രവര്‍ത്തകരുടെ ഒരു സംഘത്തിന്‌ കവിതയെക്കുറിച്ച്‌ ക്ലാസ്സെടുക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു:"സ്‌പെയിനില്‍ ഫ്രാങ്കോവിന്റെ തടവറയില്‍ 1942-ല്‍ തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ സൂര്യനോടും സഖാക്കളോടും വയലുകളോടും സുഹൃത്തുക്കളോടും വിട പറയുമ്പോള്‍ കീറത്തുണികൊണ്ട്‌ സ്വയം തുന്നിയ കുപ്പായമായിരുന്നു മിഖ്വേല്‍ ഹെര്‍നാണ്‍ഡസിന്റെ ഉടലില്‍.അദ്ദേഹം വലിയ ഒരു കവിയായിരുന്നു.പരമ ദരിദ്രനായിരിക്കുമ്പോഴും ഫാസിസത്തിന്നെതിരെ നിലകൊണ്ട ധീരനായ മനുഷ്യനായിരുന്നു."
ഇത്രയുമായപ്പോള്‍ എന്റെ കേള്‍വിക്കാരായ പൊതുപ്രവര്‍ത്തകര്‍ക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ യുവാവ്‌ ആവേശഭരിതനായി ചാടിയെഴുന്നേറ്റു.കത്തുന്ന കണ്ണുകളോടെ അയാള്‍ പറഞ്ഞു:"ഭയങ്കരം!ഭയങ്കരം!ഈ ചരിത്രസംഭവം പുതുതലമുറയെ നാം പേര്‍ത്തും പേര്‍ത്തും പഠിപ്പിക്കണം.അനാവശ്യമായ ഇടപെടലുകള്‍ ഏതൊരു ജീവിതത്തിലും എത്രമേല്‍ ആപല്‍ക്കാരിയാണെന്ന്‌ അവര്‍ ആഴത്തില്‍ അറിയണം.കവിത എഴുതുന്നവന്‍ നല്ല നല്ല കവിതകളെഴുതി മുന്നേറട്ടെ.അതല്ലാതെ...ആന്റിഫാസിസം...ആദര്‍ശധീരത...തടവറ....ഥൂ.."
(മാതൃകാന്വേഷി മാസിക,ചെന്നൈ,നവംബര്‍ 2013) 

Tuesday, October 1, 2013

ചിറകുകള്‍ മാത്രം പറക്കുമ്പോള്‍

1
ഈയിടെ ഒരു വിചിത്രമനുഷ്യനെ കണ്ടു
'ഞാന്‍ താമസിക്കുന്നത്‌ നക്ഷത്രങ്ങളിലാണ്‌
നിങ്ങളോടൊത്ത്‌ ജീവിക്കാന്‍
എന്റെ നിഴലിനെ ഞാന്‍ അഴിച്ചുവിട്ടിട്ടുണ്ട്‌,കണ്ടുകാണും'
അയാള്‍ പറഞ്ഞു
വെയിലത്ത്‌ തുറസ്സായ സ്ഥലത്തുനിന്നാണ്‌
ഞങ്ങള്‍ സംസാരിച്ചിരുന്നത്‌
അയാള്‍ക്ക്‌ നിഴല്‍ ഇല്ലെന്ന കാര്യം
പെട്ടെന്നെന്റെ ശ്രദ്ധയില്‍ പെട്ടു
കഴുത്തില്‍ പട്ടയുണ്ടെന്നതും.
തിരിച്ചുനടക്കുമ്പോള്‍
സ്വന്തം കഴുത്തില്‍ ഞാന്‍ തടവിനോക്കി
ഉണ്ട്‌;പട്ടയുണ്ട്‌
മുന്നിലും പിന്നിലും വശങ്ങളിലുമൊന്നും
നിഴലിനെ കണ്ടുകിട്ടിയതുമില്ല
ആശിക്കുന്നതിന്‌ നേര്‍വിപരീതമെന്നത്‌
അയാളുടെ മാത്രം അനുഭവമല്ല,അല്ലേ?
2
ഒരു വാക്കിനും അടുത്തതിനുമിടയിലെ
വിള്ളലിന്റെ ആഴം
ഹോ,ഭയങ്കരം തന്നെയാണ്‌!
ഓരോ തവണയും ഞാനതില്‍
നിലതെറ്റിവീണ്‌ നിലവിളിക്കുന്നു
എന്റെ നിലവിളികളെ ചേര്‍ത്തുകെട്ടി
കഥ,കവിത,നാടകം എന്നിങ്ങനെയെല്ലാം
നിര്‍ലജ്ജം പേരിടുന്നു.
3
ഒരുപാട്‌ തിന്നു
കുടിച്ചു
മദിച്ചു
ഒരു മഞ്ഞുതുള്ളിയെ പോലും
മനസ്സറിഞ്ഞ്‌ തൊടാതെയാവുമോ
മഹാശൂന്യതയിലേക്കുള്ള മടക്കം?
4
നെഞ്ചില്‍ ഇനി വായു നിറയില്ല
കണ്ണില്‍ കാഴ്‌ച തെളിയില്ല
എത്തിച്ചേരാത്ത തീരം
സ്വപ്‌നത്തിലും കാണുകയില്ല
ദേശാടനത്തിന്റെ വഴിയിലല്‍
ദിക്കും ദിശയും കണ്‍വിട്ട്‌്‌
ഏതോ ഏകാന്തദ്വീപിലെ
കുഴമഞ്ഞില്‍ വന്നുവീണ
കിഴവന്‍ പക്ഷിയാണ്‌ ഞാന്‍
ചിറകുകള്‍ പക്ഷേ
വാശിയും മോഹവും കൈവിടുന്നില്ല
അവയുടെ തുഴച്ചില്‍
ഇപ്പോഴും ആകാശത്ത്‌ തുടരുന്നു
അതിനാല്‍ ഉള്ളും ഉടലും പൊതിയുന്ന
മഞ്ഞിന്റെ മരണവേഗത്തിലും
മറുവേഗങ്ങളാല്‍ ഞാന്‍ വിങ്ങുന്നു.
5
ഏതോ ദേശത്തെ ഏതോ തെരുവില്‍ എല്ലാ ഭാഷകളിലെയും എല്ലാ വാക്കുകളും
വില്‌പനക്കു വെച്ചിരുന്നു.അന്ധനും ബധിരനും മൂകനുമായ ഒരു കുട്ടിയായിരുന്നു
അവിടത്തെ വില്‌പനക്കാരന്‍.സത്യം,നീതി,സ്‌നേഹം,ദയ,മതം,രാഷ്ട്രീയം,ജനാധിപത്യം,
മതേതരത്വം....ഭാഷയുടെ പേരും വിലക്കുറവിന്റെ വ്യത്യസ്‌ത ശതമാനങ്ങളും
രേഖപ്പെടുത്തിയ ചെറുബോര്‍ഡുകള്‍ക്കു ചുവടെ അപകടഭീതിയിലമര്‍ന്ന അസംഖ്യം
ചെറുജീവികള്‍ പോലെ അന്ധാളിച്ചുനിന്ന വാക്കുകള്‍.സൗജന്യവിലയുടെ സന്തോഷത്തില്‍
സ്വയം മറന്ന്‌ തിക്കിത്തിരക്കുകയായിരുന്നു ആവശ്യക്കാര്‍.ഓരോ ചുവടിലും അവര്‍
എന്നെ പുറകോട്ടുപുറകോട്ട്‌ തള്ളിമാറ്റി.ഒടുവില്‍ ആളും ബഹളവുമകന്ന്‌ ആ ചെറുപയ്യനുമുന്നില്‍
ഞാന്‍ എത്തിച്ചേരുമ്പോഴേക്കും നാലോ അഞ്ചോ ഭാഷകളിലെ അഞ്ചോ ആറോ വാക്ക്‌ മാത്രം
അങ്ങിങ്ങ്‌ വീണുകിടന്നിരുന്നു.മലയാളത്തിലെ 'മരണവും അക്കൂട്ടത്തിലുണ്ടായിരുന്നു.അതിന്റെ
വില ചോദിക്കാന്‍ മുന്നോട്ടായുമ്പോഴേക്കും കൃഷ്‌ണമണിയില്ലാത്ത കണ്ണുകളിലെ വെളുപ്പിന്റെ
വിറയലാല്‍ 'അരുതെ'ന്നു വിലക്കി,ഭാഷയില്‍ വില്‌ക്കപ്പെടാതെ അവശേഷിച്ച ആ ഒരേയൊരു
വാക്ക്‌ അത്യാവശ്യക്കാരന്‌ ജീവന്‍ രക്ഷാമരുന്ന്‌ കൈമാറുന്ന കനിവോടെ,കരുതലോടെ,അതിലേറെ
ആശങ്കയോടെ അവന്‍ എന്റെ നെഞ്ചില്‍ ചേര്‍ത്തുതന്നു.
 

(തോര്‍ച്ച സമാന്തര മാസിക,വാര്‍ഷികപ്പതിപ്പ്‌ 2013).

Saturday, June 1, 2013

നീര്‍പ്പോളകള്‍

ഓരോ മനുഷ്യജന്മവും പ്രപഞ്ചമെന്ന നിത്യവിസ്‌മയത്തിനു മുന്നില്‍ എത്ര ചെറുതും നിസ്സാരവും നിരര്‍ത്ഥവുമാണെന്ന അറിവിന്റെ ഭാരത്താല്‍ വല്ലപ്പോഴുമെങ്കിലും ഞെരിഞ്ഞമരുക-സ്വബോധമുള്ള ഏതൊരു മനുഷ്യജീവിയുടെയും ഏറ്റവും സ്വാഭാവികവും സാന്ദ്രവുമായ മാനസികാനുഭവങ്ങളില്‍ ഒന്നാണത്‌.
ആരോ പറയുന്ന കഥയോ ആരോ കാണുന്ന സ്വപ്‌നമോ ആകാം ഈ ജീവിതം എന്നൊരു വിചാരം ചിന്താശേഷിയുള്ള ഏതൊരാളെയും എപ്പോഴെങ്കിലുമൊക്കെയായി ആഴത്തില്‍ ബാധിക്കാതെ തരമില്ല.അതിന്റെ ആഘാതം വ്യക്തികളില്‍ പല രീതിയിലാണ്‌ പ്രവര്‍ത്തിക്കുക.ദൈവത്തിന്‌ സമ്പൂര്‍ണമായും സ്വയം സമര്‍പ്പിച്ച്‌ ജീവിതത്തിന്റ പൊരുള്‍ എന്താണോ അത്‌ ആ മഹാശക്തി നിര്‍ണയിച്ചുകൊള്ളട്ടെ എന്ന്‌ ആസ്‌തികന്മാര്‍ക്ക്‌ ആശ്വസിക്കാം.യുക്തിചിന്തയെയും ശാസ്‌ത്രബോധത്തെയും അന്വേഷണ ബുദ്ധിയെയും മാനസികജീവിതത്തിലെ നിര്‍ണായകശക്തികളായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ ജീവിതത്തിന്റെ അനാഥത്വത്തെയും നശ്വരതയെയും അംഗീകരിച്ചു കൊണ്ടു തന്നെ താന്താങ്ങളുടെ പ്രവൃത്തികള്‍ മനസ്സുറപ്പോടെ മുന്നോട്ടു കൊണ്ടുപോവാം. അത്തരത്തിലുള്ള ആത്മബലങ്ങളുടെയൊന്നും പിന്തുണയില്ലാത്ത അവിശ്വാസികള്‍ക്കും ഭാവനാജീവികള്‍ക്കും പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിന്റെയും പ്രസക്തിയെയും പ്രയോജനത്തെയും പറ്റി കൃത്യമായൊരു ബോധ്യം കൈവരണമെന്ന്‌ ആത്മാവ്‌ കൊണ്ട്‌ ആഗ്രഹിക്കുന്നവര്‍ക്കും പക്ഷേ ജീവിതത്തിന്റെ കഥാത്മകത പല സന്ദര്‍ഭങ്ങളിലും ആഴമേറിയ ആത്മവേദനയുടെയും ചിലപ്പോഴെങ്കിലും വേദനയെ മറികടക്കുന്ന വിചിത്രമായ മറ്റു ചില വൈകാരികാനുഭവങ്ങ ളുടെയും പ്രഭവകേന്ദ്രം തന്നെയായിരിക്കും.
ആധുനിക കാലത്ത്‌ ഫെര്‍നാണ്‍ഡോ പെസ്സോയുടെയും ഗോര്‍ഗ്‌ ലൂയി ബോര്‍ഹസ്സിന്റെയും രചനകളിലാണ്‌ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഏറ്റവും സാന്ദ്രവും ശക്തവുമായ ആവിഷ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ളത്‌.ഇറ്റാലോ കാല്‍വിനോ,ഗബ്രിയേല്‍ ഗാര്‍ഷ്യാമാര്‍ക്കേസ്‌,ഹാറുകി മുറാകാമി എന്നിങ്ങനെ ഭൂമിയുടെ വിവിധ കോണുകളിലെ എഴുത്തുകാര്‍ വ്യത്യസ്‌ത രൂപങ്ങളില്‍ ഇതിനെ തങ്ങളുടെ കഥാവസ്‌തുവിന്റെ അടിസ്ഥാന ഘടകമാക്കിത്തീര്‍ത്ത്‌ നോവല്‍ രചന നിര്‍വഹിച്ചിട്ടുണ്ട്‌.മനുഷ്യജീവിതത്തിന്റെ ഘടനയിലും ജീവിതമെന്ന പ്രതിഭാസത്തെ കുറിച്ചുള്ള മനുഷ്യന്റെ അറിവിലും അടിസ്ഥാനപരമായ വ്യത്യാസങ്ങളൊന്നും വരാത്തിടത്തോളം ഈ പ്രമേയത്തിന്‌ കാലഹരണം സംഭവിക്കില്ല.പല ഭാഷകളില്‍ പല മട്ടില്‍ ഇനിയും എത്രയോ വട്ടം ആവര്‍ത്തിക്കാനിരിക്കുന്ന ഈ അനുഭവത്തിന്‌ മലയാളകവിതയില്‍ ലഭിച്ച മനോഹരമായ ആവിഷ്‌ക്കാരമാണ്‌ അരനൂറ്റാണ്ട്‌ മുമ്പ്‌ ഇടശ്ശേരി എഴുതിയ 'നീര്‍പ്പോളകള്‍'.
ജലത്തിലെ പോളകളെന്ന പോലെ ചലം മനുഷ്യന്‌ ശരീരബന്ധം എന്ന്‌ ഇടക്കൊക്കെ ആലോചിച്ചു പോകാത്ത മനസ്സുണ്ടോ? അത്തരത്തിലുള്ള ഒരു വേദാന്ത ചിന്തയുടെ ഫലമാണ്‌ ഈ കവിത` എന്ന്‌ കവി തന്നെ അതിന്‌ മുഖക്കുറിപ്പെഴുതിയിട്ടുണ്ട്‌.
ഒഴുകുന്ന നദിയിലെ നീര്‍പ്പോളകള്‍ പോലാണ്‌ ജീവിതം.ഓരോ നീര്‍പ്പോളയും കേവലം കഥയാണ്‌.പക്ഷേ,ഒരു ഞൊടിയിടയില്‍ 'നിഖിലാണ്‌ഡപ്രതിബിംബിത'മാവാനും തങ്ങള്‍ മറഞ്ഞതിനുശേഷവും തങ്ങളെ കുറിച്ചുള്ള മധുരസ്‌മരണകള്‍ പ്രകൃതിയില്‍ അവശേഷിപ്പിക്കാനും നീര്‍പ്പോളകള്‍ക്കു കഴിയും.ഒഴുകുന്ന ജലത്തിലെ നീര്‍പ്പോളക്കെന്ന പോലെ മനുഷ്യജീവിതത്തിനും അതിന്റെ പൊരുളിനും ആകാരത്തിലും അര്‍ത്ഥത്തിലും ആവര്‍ത്തനം സംഭവിച്ചുകൊണ്ടേയിരിക്കുമെന്നതിനാല്‍ ഇവിടെ എല്ലാം ശാശ്വതമാണെന്ന്‌ ഒരാള്‍ക്ക്‌ കരുതാം. അങ്ങനെ 'ഭാവമഭാവത്തിന്നനിഷേധ്യത്തുടര്‍പൊരുളാ'ണെന്ന അറിവില്‍ അയാള്‍ക്ക്‌ എത്തിച്ചേരുകയും ചെയ്യാം.
വേദാന്ത ചിന്ത അത്‌ ആവശ്യപ്പെടുന്നതായി അംഗീകരിക്കപ്പെട്ടു വരുന്ന ഭാവഗരിമയോടും ധ്വനിസാന്ദ്രതയോടും കൂടി അവതരിപ്പിച്ചിരിക്കുന്ന ഈ കവിതയില്‍
കഥയോ,കഥയാണെങ്കിലുമേതും
വ്യഥയില്ലെന്റെ മനസ്സില്‍
എന്ന്‌ ജീവിതത്തിന്റെ കഥാത്മകതയുടെ നേര്‍ക്കുള്ള കവിയുടെ സമീപനം നേര്‍ക്കു നേരെ വെളിവാക്കുന്ന രണ്ട്‌ വരിയുണ്ട്‌.കവിയുടെ വ്യഥയില്ലായ്‌മക്കുള്ള കാരണം മഹാകാഥികനായ ദൈവവും ഒരു കഥമാത്രമാണ്‌ എന്നൊരു വാദം നിലവിലുണ്ടെന്ന അറിവല്ല.താന്‍ ശാശ്വതികത്വത്തിന്റെ ഒരു ഭാഗമാണ്‌,മരണത്തിനു ശേഷവും മറ്റു രൂപത്തില്‍ തുടര്‍ന്നും ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പ്രതിഭാസമാണ്‌ എന്നിങ്ങനെയൊക്കെയുള്ള വിശ്വാസമാണ്‌.അത്‌ പങ്കുവെക്കാന്‍ തയ്യാറില്ലാത്തവര്‍ക്കും ഈ കവിത നല്‍കുന്ന അനുഭവം അന്യമാവില്ല.കാരണം ആരുടെയും ആത്മാന്വേഷണത്തിന്റെയും പ്രപഞ്ചവിചാരങ്ങളുടെയും കാതലില്‍ തന്നെയാണ്‌ അത്‌ ചെന്നുതൊടുന്നത്‌.
കാവ്യാസ്വാദനം കവിയുടെ വിശ്വാസത്തിന്റെയും പ്രത്യയശാസ്‌ത്രത്തിന്റെയും പൂര്‍ണമായ പങ്കുവെപ്പ്‌ തന്നെ ആയിക്കൊള്ളണമെന്നില്ല.കവിത നല്‍കുന്ന അനുഭവത്തെയും അതിന്റെ തന്നെ ഭാഗമായ സവിശേഷഭാവത്തെയുമാണ്‌ പലപ്പോഴും നാം നെഞ്ചോട്‌ ചേര്‍ത്തുപിടിക്കു ന്നത്‌.
(മാതൃകാന്വേഷി മാസിക,ചെന്നൈ,മെയ്‌ 2013)

Wednesday, May 1, 2013

കവിത കലരാത്ത ഓര്‍മ

വിനയചന്ദ്രന്‍ മാഷ് മരിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമാണെന്ന് മരണത്തിന് രണ്ട് ദിവസം മുമ്പ് സി.വി.ബാലകൃഷ്ണന്‍ വിളിച്ചറിയിച്ചിരുന്നു.ഞങ്ങള്‍ മൂന്നുപേരും മലയാളത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ(1986ലും 89ലും) ഭോപാലിലെ ഭാരത് ഭവനില്‍ നടന്ന ‘അന്തര്‍ഭാരതി’ എന്ന സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.വിനയചന്ദ്രന്‍ മാഷുമായി അതിനും വളരെ മുമ്പേ തന്നെ എനിക്ക് അടുത്ത പരിചയമുണ്ടായിരുന്നു.1971 ജനുവരി മുതല്‍ മാര്‍ച്ച് വരെ അദ്ദേഹം എന്നെ ഒന്നാം വര്‍ഷ ബി.എ ക്ളാസ്സില്‍ പഠിപ്പിച്ചിരുന്നു.പട്ടാമ്പി കോളേജില്‍ നിന്ന് തലേ വര്‍ഷം ഒന്നാം റാങ്ക് നേടി മലയാളം എം.എ പാസ്സായ അദ്ദേഹം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ബ്രണ്ണനില്‍ എത്തിയത്.
 ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രിയംകരനായിരുന്നു വിനയചന്ദ്രന്‍ മാഷ്.മറ്റ് അധ്യാപകരെക്കാളെല്ലാം പ്രായം കൊണ്ടും പെരുമാറ്റം കൊണ്ടും വളരെ ചെറുപ്പമായിരുന്നു മാഷ്ക്ക്.പാഠപുസ്തകത്തിന് പുറത്തു കടന്ന് ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ ചലനങ്ങളെ കുറിച്ച് ആവേശഭരിതനായി സംസാരിക്കാനാണ് അദ്ദേഹം ക്ളാസ്മുറിയെ ഉപയോഗിച്ചത്.പിന്നെ ഘനഗംഭീരമായ ശബ്ദത്തിലുള്ള ആ കവിത ചൊല്ലല്‍,സാഹിത്യതല്‍പ്പരരായ വിദ്യാര്‍ത്ഥികളുമായി കൂട്ടുകൂടി നടക്കാനുള്ള അത്യുത്സാഹം;എല്ലാം ചേര്‍ന്ന് വല്ലാത്തൊരിഷ്ടവും ആരാധനയും തോന്നിച്ചിരുന്നു അദ്ദേഹത്തോട്.
1971ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ സാഹിത്യമത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ ചെറുകഥക്ക് ഒന്നാം സമ്മാനം നേടിയത് എന്റെ ‘ഒറ്റയാന്റെ പാപ്പാനാ’ണ്.ഈ വിവരം വിഷുപ്പതിപ്പ് പുറത്തിറങ്ങുന്നതിന് ഒരു മാസം മുമ്പേ ആഴ്ചപ്പതിപ്പില്‍ നിന്ന് എന്നെ അറിയിച്ചിരുന്നു.അതിന്റെ തലേ വര്‍ഷം കവിതക്കുള്ള രണ്ടാം സമ്മാനം ലഭിച്ചത് വിനയചന്ദ്രന്‍മാഷ്ക്കാണ്.എന്റെ കഥക്ക് സമ്മാനം കിട്ടിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.അതിന്റെ അടയാളമായി എം.മുകുന്ദന്റെ ‘നദിയും തോണിയും’ എന്ന കഥാസമാഹാരം ‘അഭിനന്ദനങ്ങളോടെ പ്രഭാകരന്’ എന്നെഴുതി ഒപ്പിട്ട് തരികയുണ്ടായി വിനയചന്ദ്രന്‍മാഷ്.ഒമ്പത് വര്‍ഷത്തിനുശേഷം ഞാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ കോളേജ് അധ്യാപകനായി ജോലിക്ക് ചേരാന്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ ചെല്ലുമ്പോള്‍ അവിടെ വിനയചന്ദ്രന്‍ മാഷുണ്ടായിരുന്നു.അന്നും അദ്ദേഹം അതിയായി ആഹ്ളാദിക്കുകയും മലയാളവിഭാഗത്തിലെ അധ്യാപകര്‍ക്കെല്ലാം വളരെ ആവേശത്തോടെ എന്നെ പരിചയപ്പെടുത്തുകയും ചെയ്തു.
വ്യക്തി എന്ന നിലക്ക് വിനയചന്ദ്രന്‍മാഷ് ഒരു പരിധിയിലപ്പുറം ആരുമായും അടുപ്പം പുലര്‍ത്തിയിരുന്നില്ല എന്നാണ് തോന്നുന്നത്.ദീര്‍ഘകാലത്തെ സൌഹൃദമുണ്ടായിട്ടും തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് ഒരിക്കലേ അദ്ദേഹം ഗൌരവമായി എന്നോട് സംസാരിച്ചിട്ടുള്ളൂ. കുട്ടിക്കാലത്ത് തനിക്കുണ്ടായ ഒരു മിസ്റിക് അനുഭവത്തെ കുറിച്ചായിരുന്നു അത്.അതാകട്ടെ അദ്ദേഹത്തിന്റെ ഒരു ഭ്രമകല്പനയായി മാത്രമേ എനിക്ക് തോന്നിയതുമുള്ളൂ.
സാഹിത്യം തന്നെയായിരുന്നു വിനയചന്ദ്രന്‍ മാഷുടെ വിശ്വാസവും ആചാരവും അനുഷ്ഠാനവുമെല്ലാം.അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ രാഷട്രീയവും.സാഹിത്യമെന്നത് അദ്ദേഹത്തിന് മുഖ്യമായും കവിത തന്നെയായിരുന്നു.തന്റെ ഗദ്യരചനകളിലെല്ലാം കവിതയുടെ താളവും കരുത്തും നിറക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഏറ്റവും വലിയ സമ്പാദ്യമായി മാഷ് കണ്ടത് പുസ്തകങ്ങളെയാണ്.ധര്‍മടത്തായിരുന്നപ്പോഴും തിരുവനന്തപുരത്തായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മുറി ആരെയും അത്ഭുതം കൊള്ളിക്കും വിധം മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പഴയതും പുതിയതുമായ കനപ്പെട്ട പുസ്തകങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.അവയില്‍ ഒട്ടുമുക്കാലും അദ്ദേഹം വായിക്കുകയും ചെയ്തിരുന്നു.പഴയ ക്ളാസിക് കൃതികള്‍ മുതല്‍ ഏറ്റവും പുതിയ രചനകള്‍ വരെയുള്ളയെ പറ്റി തികച്ചും മൌലികമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും സൂക്ഷിച്ചിരുന്നു അദ്ദേഹം.പുതിയ എഴുത്തുകാരെയും കൃതികളെയും കുറിച്ച് അറിയുന്നതിലും അറിയിക്കുന്നതിലും പ്രത്യേകമായ ഒരാവേശമുണ്ടായിരുന്നു മാഷ്ക്ക്.ബോര്‍ഹസ്സിന്റെ കഥകളെ കുറിച്ചും ഇറ്റാലോ കാല്‍വിനോവിന്റെ ‘ലിറ്ററേച്ചര്‍ മെഷ്ീന്‍ എന്ന പുസ്തകത്തെ കുറിച്ചുമെല്ലാം ആദ്യമായി എന്നോട് സംസാരിച്ചത് അദ്ദേഹമാണ്.
പൊതുജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തിലോ സാഹിത്യക്കൂട്ടായ്മകളില്‍ തന്നെയുമോ അദ്ദേഹം പൂര്‍ണമനസ്സോടെ വ്യാപരിച്ചിരുന്നോ എന്നെനിക്ക് സംശയമുണ്ട്.സവിശേഷമായ ഒരു തരം അലേയത്വം എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം സൂക്ഷിച്ചിരുന്നു. അതേ സമയം മറുവശത്ത് വളരെ ആകര്‍ഷകമായ ഒരു തരം ലാളിത്യവും കൂസലില്ലായ്കയും ഉള്ളതായും എനിക്കനുഭവപ്പെട്ടിട്ടുണ്ട്.ഭോപാലില്‍ ഞങ്ങള്‍ പോവുമ്പോള്‍ ഇംഗ്ളീഷ് സംസാരഭാഷ വളരെ കുറച്ചു മാത്രമേ വിനയചന്ദ്രന്‍മാഷ്ക്ക് വശമുണ്ടായിരുന്നുള്ളൂ.എന്റെയും ബാലകൃഷ്ണന്റെയും സ്ഥിതി അദ്ദേഹത്തിന്റേതിനേക്കാള്‍ അല്പം ഭേദമായിരുന്നു.എന്നിട്ടും അന്യഭാഷക്കാരായ എഴുത്തുകാരോട് സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്കനുഭവപ്പെട്ട വിമ്മിട്ടത്തിന്റെ നൂറിലൊന്നു പോലും മാഷ്ക്കുണ്ടായിരുന്നില്ല.എന്റെ മാതൃഭാഷയല്ലാത്ത ഒരു ഭാഷ ഞാന്‍ എങ്ങനെയും സംസാരിക്കും,അതില്‍ ഒരുത്തരെയും ഞാന്‍ ഭയക്കുകയില്ല എന്ന ധിക്കാരത്തോടെ,സ്വാതന്ത്യ്രത്തോടെ അദ്ദേഹം ഇംഗ്ളണ്ടിലും അമേരിക്കയിലുമൊക്കെ ഇംഗ്ളീഷ് പഠിപ്പിക്കുന്നവരുടെ അടുത്തുപോലും വാചാലനായി.ആ കൂസലിലായ്കയും കവിത ചൊല്ലുന്നതിലെ അനനുകരണീയമായ മുഴക്കവും ഭാവഹാവാദികളുമെല്ലാം ചേര്‍ന്ന് വിനയചന്ദ്രനെ ആ സാഹിത്യസംഗമത്തിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാക്കി.
  ഭോപാലില്‍ ഒരു ദിവസം ഞാനും മാഷും കൂടി തീരെ പാവപ്പെട്ട ഒരു മനുഷ്യന്റെ വീട്ടില്‍ ചെന്നിരുന്നു.അടുക്കളയും ഒറ്റമുറിയും മാത്രമുള്ള ഉയരം കുറഞ്ഞ വീട്ടില്‍ അയാളും ഭാര്യയും രണ്ട് മക്കളുമാണ് താമസിച്ചിരുന്നത്.ഇരിപ്പിട സൌകര്യങ്ങള്‍ പരിമിതമായതുകൊണ്ടുകൂടിയാവണം അധിക നേരം ഞങ്ങള്‍ ആ വീട്ടില്‍ തങ്ങിയില്ല.തന്റെ മൂത്ത കുട്ടിക്ക് കാന്‍സറാണെന്നും അവള്‍ ആറ് മാസത്തിലധികം ജീവിച്ചിരിക്കില്ലെന്നും അക്കാര്യം അവള്‍ക്കോ തന്റെ ഭാര്യക്കോ അറിയില്ലെന്നും വീട്ടില്‍ നിന്നിറങ്ങിയ ഉടന്‍ അയാള്‍ ഏറെക്കറെ നിര്‍വികാരനായിത്തന്നെ ഞങ്ങളോട് പറഞ്ഞു.വിളര്‍ത്ത മുഖത്ത് ചെറിയ ചിരിയുമായി ഏതോ അത്ഭുതജീവികളെയെന്ന പോലെ ഞങ്ങളെ നോക്കി നിന്ന ആ പാവം പത്ത് വയസ്സുകാരി മരിച്ചിട്ട് കാല്‍ നൂറ്റാണ്ടോളമായിക്കാണും.ഇപ്പോള്‍ ഈ നിമിഷങ്ങളില്‍ എന്തിനെന്നറിയാതെ ആ കുട്ടിയെ ഞാന്‍ ഓര്‍മിക്കുന്നു.വിനയചന്ദ്രന്‍മാഷുടെ ഓര്‍മയോട് എന്തുകൊണ്ടോ അത് കൂടിച്ചേരുന്നു.
(തോര്‍ച്ച സമാന്തര മാസിക,2013 മാര്‍ച്ച്-ഏപ്രില്‍)

Sunday, April 21, 2013

വ്യാകരണം

കുട്ടീ,സത്യം,ധര്‍മം,നീതി
തുടങ്ങിയ വാക്കുകള്‍
തനിച്ച് നില്‍ക്കുകയില്ല
പണം എന്ന ഉപസര്‍ഗം ചേര്‍ത്ത്
പണസത്യം,പണനീതി,പണധര്‍മം
എന്നിങ്ങനെയെ അവ പ്രയോഗിക്കാവൂ.
21/4/2013


Saturday, April 20, 2013

ആഖ്യാനത്തിന്റെ രാഷ്ട്രീയം

ഒരു നോവലിലെയോ ചെറുകഥയിലെയോ കഥപറച്ചിലിന്റെ രീതിയില്‍ രാഷ്ട്രീയമുണ്ട് എന്ന വാസ്തവം സാധാരണ വായനക്കാരും എഴുത്തുകാര്‍ തന്നെയും അറിയണമെന്നില്ല. പക്ഷേ,നിരുപകര്‍ക്കും  സാഹിത്യാധ്യാപകര്‍ക്കും അത് സാമാന്യജ്ഞാനത്തിന്റെ ഭാഗമാണ്.രൂപം രൂപം മാത്രമല്ലെന്നും ഉള്ളടക്കത്തിന്റെ തന്നെ നിര്‍ണായകഭാഗമാണെന്നുമുള്ള അറിവാണത്.
ഒരു സംഭവത്തിന്റെ വിവരണം വ്യത്യസ്ത ശൈലിയില്‍ വ്യത്യസ്തമായ ഊന്നലുകളോടെ സംഭവിക്കുമ്പോള്‍ ആ സംഭവത്തിന്റെ അര്‍ത്ഥത്തിലും ഫലത്തിലും മാറ്റമുണ്ടാവും.പത്ര വാര്‍ത്തകളിലും ടെലിവിഷന്‍ ദൃശ്യങ്ങളിലും വിവരണങ്ങളിലും എല്ലാം തന്നെ ഈ വ്യത്യാസം നാം ദൈനംദിനം കണ്ടുപോരുന്നുണ്ട്.യാഥാര്‍ത്ഥ്യം എന്നത് ഇങ്ങനെ ഓരോരുത്തര്‍ക്കും സ്വന്തം താല്പര്യാനുസരണം നിര്‍മിച്ചെടുത്ത് ലോകത്തിനു വിതരണം ചെയ്യാവുന്ന ഒന്നാണെന്ന ധാരണ വ്യാപകമാക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വസ്തുക്കളുടെ ലോകത്തെ നിരന്തരം വൈവിധ്യപൂര്‍ണമാക്കുന്നതില്‍ ബഹുരാഷ്ട്ര മുതലാളിത്തം കാണിക്കുന്ന ഉത്സാഹവും മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തുന്ന ഇടപെടലുകളുമെല്ലാം  പ്രവര്‍ത്തിച്ചു പോരുന്നുണ്ട്.
സാഹിത്യം യാഥാര്‍ത്ഥ്യത്തെ സമീപിക്കേണ്ടത് സത്യാസത്യങ്ങളെയും ന•തി•കളെയും കുറിച്ചുള്ള സമൂഹസമ്മതമായ ധാരണകളുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം എന്ന് കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് പ്രവര്‍ത്തിക്കുന്ന ആരും ഇന്ന് അഭിപ്രായപ്പെടുകയില്ല. യാഥാര്‍ത്ഥ്യത്തിന്റെ ഏകമാനമായ ഒരു ദര്‍ശനം അവതരിപ്പിക്കുകയല്ല,അത് എന്തെല്ലാം വൈരുദ്ധ്യങ്ങളോടു കൂടിയാണ് നിലനില്‍ക്കുന്നത് എന്ന് ബോധ്യപ്പെടുത്തുകയാണ് നോവലിന്റെ ധര്‍മം എന്ന് മിലാന്‍ കുന്ദേരയും ഓര്‍ഹന്‍ പാമുക്കും ആവര്‍ത്തിച്ചു പറയുന്നുണ്ട്.ആധുനികോത്തരതയുടെ സൈദ്ധാന്തിക ഗ്രന്ഥങ്ങളിലെല്ലാം ഈ ആശയത്തിന്റെ  പല രൂപത്തിലുള്ള അവതരണവും അപഗ്രഥനവും കാണാം.നമ്മുടെ കാലത്തെ എഴുത്തുകാരും കലാചിന്തകരും ദാര്‍ശനിക•ാരും ഈയൊരു നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ ഇത്രമേല്‍ വ്യഗ്രത കാട്ടുന്നത് എന്തുകൊണ്ടാണ്?പുതിയ ലോകസാമൂഹ്യസാമ്പത്തിക സാംസ്കാരിക പരിതോവസ്ഥകളുടെ അവധാരണത്തിലും അവയോടുള്ള സമീപനങ്ങള്‍ രൂപപ്പെടുത്തുന്നതിലും പ്രത്യയശാസ്ത്രങ്ങള്‍ക്ക് സംഭവിച്ച ഏറെക്കുറെ സമ്പൂര്‍ണം എന്നു തന്നെ പറയാവുന്ന പരാജയം സൃഷ്ടിച്ച ശൂന്യത തന്നെയാണ് അവരെ ഇവിടെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
കലയിലും സാഹിത്യത്തിലും ഒരിക്കല്‍ അവതരിച്ച സങ്കേതം പിന്നീടൊരു ചരിത്ര ഘട്ടത്തില്‍ ഏറെക്കുറെ സമാനം എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടു മ്പോഴേക്കും അതിന്റെ ധര്‍മത്തിലും ഫലനത്തിലും സാരമായ മാറ്റം വന്നു ചേര്‍ന്നിരിക്കും. ഭ്രമകല്പന എന്നത് സാഹിത്യത്തിലോ ചിത്രകലയിലോ ശില്പകലയിലോ ഒന്നും പുതിയ സംഗതിയല്ല.പക്ഷേ, ലോര്‍ക്കയുടെ കവിതകളിലെയും നാടകങ്ങളിലെയും സാല്‍വദോര്‍ദാലിയുടെ ചിത്രങ്ങളിലെയും ഴാങ് കോക്തോവിന്റെ ചലച്ചിത്രങ്ങളിലെയും സര്‍സര്‍റിയലിസത്തിന് പ്രാചീനഭാരതീയ ശില്പങ്ങളിലെയോ ചുമര്‍ചിത്രങ്ങളിലോ ഭ്രമാത്കാവിഷ്ക്കാരങ്ങളുമായി ദര്‍ശന തലത്തില്‍ ബന്ധമൊന്നുമില്ല.1924 ല്‍ സര്‍റിയലിസ്റുകള്‍ തങ്ങളുടെ ഇസത്തിന്റെ  മാനിഫെസ്റോ പുറത്തിറക്കിക്കൊണ്ട് ഒരു പ്രസ്ഥാനമെന്ന നിലയില്‍ പാരീസില്‍ രംഗത്തു വന്നതിനു പിന്നില്‍ അബോധമനസ്സിനെ കുറിച്ച് ഫ്രോയഡിയന്‍ മന:ശാസ്ത്രം നല്‍കിയ പുതിയ ഉള്‍ക്കാഴ്ചകളും ലോകത്തെ മാറ്റി മറിക്കുന്നതിനെ കുറിച്ച് മാര്‍ക്സിസം സൃഷ്ടിച്ച പുതിയ പ്രതീക്ഷകളും ഉണ്ടായിരുന്നു.എന്നാല്‍ സര്‍റിയലിസത്തോട് സാഹോദര്യമുള്ളതായി തോന്നിയേക്കാവുന്ന മാജിക്കല്‍ റിയലിസം അത്തരത്തിലുള്ള അറിവിന്റെയോ പ്രതീക്ഷയുടെയോ പിന്‍ബലത്തോടെയല്ല രൂപം കൊണ്ടത്.ലാറ്റിനമേരിക്കന്‍ ജീവിതത്തില്‍ ദശകങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ അസ്ഥിരതയും വ്യാപകമായ മയക്കുമരുന്നുപയോഗവും മാഫിയാ പ്രവര്‍ത്തനങ്ങളും സാമൂഹ്യജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും പല തരത്തിലുള്ള തകര്‍ച്ചകളും വ്യാമിശ്രതകളും എല്ലാം കൂടിച്ചേര്‍ന്നാണ് അവിടത്തെ സാഹിത്യത്തില്‍  മാജിക്കല്‍ റിയലിസത്തിന്റെ വരവിന് കളമൊരുക്കിയത്.അനുഭവങ്ങളെ അവയുടെ സൂക്ഷ്മവിശദാംശങ്ങളോടെ യഥാതഥശൈലിയില്‍ തന്നെ അവതരിപ്പിച്ചും മാജിക്കല്‍ എന്നോ സര്‍റിയലിസ്റിക്ക് എന്നോ പറയാവുന്നതിനോട് ആന്തരികമായി അടുപ്പം പുലര്‍ത്തുന്ന അനുഭവം ഉണ്ടാക്കാം എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ഹൈപ്പര്‍റിയലിസം.വിശദാംശങ്ങളെ ഹൈറസലൂഷന്‍ ഫോട്ടോഗ്രാഫുകളിലെന്ന പോലെ സൂക്ഷ്മതകളുടെ വിപുലീകരണത്തോടെ അവതരിപ്പിക്കുന്ന പ്രസ്ഥാനമാണിത്.സാങ്കേതികമായി അങ്ങനെയാണെന്ന് പറയാനാവില്ലെങ്കിലും ആഖ്യാനത്തിലെ അതിസൂക്ഷ്മത കൊണ്ട് അനുഭവവിവരണങ്ങളെ ഫലത്തില്‍ ഐന്ദ്രിയാനുഭവങ്ങള്‍ക്ക് സമാനമാക്കുന്ന ഒരു രീതി ഈ വര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മോയാന്റെ നോവലുകളില്‍ കാണാം.
  യാഥാര്‍ത്ഥ്യവും ഭ്രമകല്പനകളും വിവേചനരഹിതമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ പഴയ കാലത്തെ വായനക്കാരും ചലച്ചിത്ര പ്രേക്ഷകരുമെല്ലാം അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.ഇന്നിപ്പോള്‍ ആരും അങ്ങനെ ചെയ്യില്ല. ജീവിതത്തിന്റെ നിലനില്പ് തന്നെ ആ ഒരു ഘടന സ്വീകരിച്ചുകൊണ്ടാണ് എന്ന് തോന്നിപ്പോവും വിധമാണ് നമ്മുടെ ദൈനംദിന ജീവിതത്തിലെ അനുഭവലോകം നിലനില്‍ക്കുന്നത്.അതുകൊണ്ടുതന്നെ അയുക്തികതകളും കേവലഭ്രമകല്പനകളും വിചിത്രസംഭവങ്ങളുമെല്ലാം സര്‍വസാധാരണമായ ജീവിതാനുഭവങ്ങളോട് കൂടിച്ചേര്‍ന്ന് അവതരിക്കുന്ന ഒരു ലോകം പല സമകാലിക കൃതികളിലും കാണാം.ജാപ്പാനീസ് നോവലിസ്റായ ഹാറുകി മുറാകാമിയുടെ 'കാഫ്ക ഓണ്‍ ദി ഷോര്‍' ഈ ഗണത്തില്‍ പെടുന്ന ഉന്നത നിലവാരമുള്ള ഒരു കൃതിയാണ്.നൈജീരിയന്‍ നോവലിസ്റായ അമോസ് ടുട്വോളയുടെ 'പാം വൈന്‍ ഡ്രിങ്കാഡി'ലാണെങ്കില്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള സാമാന്യധാരണകളെയും യുക്തിബോധത്തെയുമെല്ലാം പൂര്‍ണമായും നിരാകരിച്ചുകൊണ്ടാണ് കഥ പറഞ്ഞിരിക്കുന്നത്. കള്ളുകുടിയന്‍ എന്ന ശീര്‍ഷകത്തില്‍ എ.വി.ഗോപാലകൃഷ്ണന്‍ ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.സമകാലിക ജീവിതത്തിന്റെ ആന്തരിക യാഥാര്‍ത്ഥ്യങ്ങളില്‍ പലതും അതീവ സൂക്ഷ്മതയോടെ കള്ളുകുടിയനില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയാണ് ഒട്ടുമിക്ക വായനക്കാര്‍ക്കും ഉണ്ടാവുക.
ആഖ്യാനത്തിന് ഏത് രീതി കൈക്കൊള്ളുന്നവരായാലും നമ്മുടെ കാലത്തെ എഴുത്തുകാര്‍ ഒന്നടങ്കം ഊന്നിപ്പറയുന്ന ഒരു കാര്യം സത്യം അതിന്റെ വിപരീതത്തെ ആത്മാവിനോട് ചേര്‍ത്തുകൊണ്ടാണ് നില കൊള്ളുന്നത് എന്നതാണ്.പ്രത്യയശാസ്ത്രങ്ങളെല്ലാം പ്രയോഗത്തിന്റെ തലത്തിലെത്തുമ്പോള്‍ അവയുടെ ഉള്ളടക്കം ഉപേക്ഷിച്ച് വിപണിയുടെ താല്പര്യങ്ങളെ അനുസരിക്കുന്നതില്‍ നിന്നാണ് ഈ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്.എല്ലാ ബൃഹദാഖ്യാനങ്ങളും അപ്രസക്തമാവുകയും വിപണി എന്ന ബൃഹദാഖ്യാനം സര്‍വംഗ്രാഹിയായി മാറുകയും ചെയ്യുന്ന അവസ്ഥയാണിത്.ഇവിടെ ലാഭചിന്തയുമായി കണ്ണിചേര്‍ക്കപ്പെടാത്ത സത്യത്തിന് യാതൊരു മൂല്യവുമില്ല.
എഴുത്തുകാര്‍ ഈയൊരു പ്രതിസന്ധിയെ കുറിച്ച് ബോധവാ•ാരാണെങ്കിലും അവര്‍ പൊതുവെ ഇതേ കുറിച്ച് അല്പമായി പോലും വ്യാകുലപ്പെടുന്നതായി കാണുന്നില്ല.തങ്ങളുടെ എഴുത്തിനെയും രചനകളുടെ പ്രസിദ്ധീകരണത്തെയും നേരിട്ട് ബാധിക്കാത്തിടത്തോളം ഇത്തരം മാറ്റങ്ങളെയൊന്നും അവര്‍ ഗൌരവമായി കണക്കാക്കുകയില്ല.മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യവും ഭിന്നമല്ല.കടുത്ത മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും ഘട്ടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ സാമ്പത്തിക മേഖലയില്‍ വന്നു ചേര്‍ന്ന മാറ്റങ്ങളെയും തങ്ങളുടെ ജീവിതത്തില്‍ അവ സൃഷ്ടിക്കുന്ന ആഘാതങ്ങളെയും  കുറിച്ച് അല്പമെങ്കിലും ഗൌരവമായി ആലോചിക്കുക.
വിപണിയുടെ ആധിപത്യവും പ്രത്യയശാസ്ത്രങ്ങളുടെ പരാജയവുമെല്ലാം സമകാലിക മലയാള സാഹിത്യത്തെയും ആഴത്തില്‍ ബാധിച്ചിട്ടുണ്ട്.പക്ഷേ,മറ്റേതു ഭാഷയിലുമെന്ന പോലെ മലയാളത്തിലും വായനാസമൂഹത്തില്‍ ബഹുഭൂരിപക്ഷവും സ്വമേധയാ തങ്ങളുടെ ഭാവുകത്വത്തില്‍ മാറ്റം വരുത്തുന്നതില്‍ വിമുഖരാണ്.എഴുത്തുകാര്‍ ഇതേ കുറിച്ച് കൃത്യമായ ധാരണയുള്ളവരുമാണ്.പുതിയ ലോകസാഹര്യത്തിന്റെ ഭാഗമായി കേരളീയ സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ അന്ത:സത്തയെ കൃതികളിലേക്ക് ആവാഹിക്കാന്‍ സഹായകമാവുന്ന ആവിഷ്ക്കാരസങ്കേതങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നതാണ് വായനാസമൂഹത്തിന്റെ സമ്മതിയെ ഉറപ്പാക്കുക എന്ന് മനസ്സിലാക്കി അറിഞ്ഞും അറിയാതെയും അതിനനുസരിച്ച്   എഴുത്ത് നടത്തുന്നവരാണ് അവര്‍.വിപണിയുടെ സ്വാധീനം ഈ മട്ടില്‍ വിപരീതഗതിയില്‍ പ്രവര്‍ത്തിക്കുന്ന വൈചിത്യ്രം മലയാളസാഹിത്യത്തെ മിക്കവാറും നിന്നിടത്തു തന്നെ നിര്‍ത്തുകയാണ്.ദര്‍ശന തലത്തില്‍ മൌലികമായ പുതിയ അന്വേഷണങ്ങളൊന്നും സാധിക്കാതെയും മലയാളികളുടെ ദൈനംദിന ജീവിതത്തിലും മനോഘടനയിലും വന്നു ചേര്‍ന്ന മാറ്റങ്ങളുടെ സത്ത ഉള്‍ക്കൊള്ളാതെയും സമകാലിക മലയാളസാഹിത്യം വലിയൊരളവില്‍ ജീര്‍ണിച്ചുപോവുന്നുണ്ട്.
ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു തരം മുരടിപ്പും ജീര്‍ണതയുമാണ്  ഇംഗ്ളീഷ് സാഹിത്യത്തില്‍  സംഭവിക്കുന്നത്.രാജ്യത്തിനകത്തും പുറത്തുമുള്ള പല യൂനിവേഴ്സിറ്റികളിലും  സര്‍ഗാത്മക സാഹിത്യ രചന ഒരു പാഠ്യവിഷയമാണിന്ന്.വിജയ സാധ്യതയുള്ള സാഹിത്യത്തിന് ഇന്നിന്ന ചേരുവകള്‍,അതായത് ഇത്രശതമാനം പ്രാദേശികസംസ്കാര ഘടകങ്ങള്‍,ഇത്ര ശതമാനം ലൈംഗികത,ഇത്ര ശതമാനം അതിഭാവുകത്വം,ഇത്ര ശതമാനം ഹിംസ എന്നിവയൊക്കെ വേണം,പ്രകൃതി വിവരണം ഇന്ന മട്ടില്‍ വേണം,ഉപാഖ്യാനങ്ങളുടെ സ്വഭാവം ഇന്നതായിരിക്കണം,ശൈലി ഇങ്ങനെയായിരിക്കണം എന്നൊക്കെ അവിടങ്ങളില്‍ പഠിപ്പിക്കപ്പെടുന്നു.ഈ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞവര്‍ തികഞ്ഞ വൈദഗ്ധ്യത്തോടെ എഴുത്ത് നിര്‍വഹിക്കുകയും ഏതെങ്കിലും സാഹിത്യ ദല്ലാള•ാരുടെ സഹായത്തോടെ പുസ്തകവിപണിയില്‍ വന്‍ വിജയം കൊയ്യുകയും ചെയ്യുന്നത് സാധാരണമായിത്തീര്‍ന്നിട്ടുണ്ട്.ലൈംഗികത പോലെ ആത്മീയതയും പാരിസ്ഥിതികാവബോധവും ദാര്‍ശനികതയുമെല്ലാം വില്പന ഉറപ്പു വരുത്തുന്ന പരിപാകത്തില്‍ അവതരിപ്പിക്കുന്ന ഒരുപാട് കൃതികള്‍ വിപണിയില്‍ എത്തുന്നുണ്ട്.ഇത്തരത്തിലുള്ള വ്യാജരചനകള്‍ വഴി സൃഷ്ടിക്കപ്പെടുന്ന ഭാവുകത്വം ഒരനുഭവത്തെയും ദര്‍ശനത്തെയും രാഷ്ട്രീയ നിലപാടിനെയും സമര്‍പ്പണബുദ്ധിയോടെ സമീപിക്കാതെ എന്തില്‍ നിന്നും വളരെ സമര്‍ത്ഥമായി വഴുതി മാറാനുള്ള ശീലമാണ് അനുവാചകരില്‍ സൃഷ്ടിക്കുക.നല്ല കൃതി,ചീത്ത കൃതി,വലിയ തോതില്‍ സര്‍ഗോര്‍ജ്ജം വിനിയോഗിക്കപ്പെട്ടിരിക്കുന്ന കൃതി,സൂത്രപ്പണികള്‍ കൊണ്ട് സാധ്യമാക്കിയിരിക്കുന്ന കൃതി ഇവയെയൊന്നും കൃത്യമായി വേര്‍തിരിച്ചറിയാന്‍ ഇത്തരത്തിലുള്ള വായനക്കാര്‍ക്ക് കഴിയില്ല.വിപണി കൊണ്ടാടുന്നതിനെ പിന്‍പറ്റുക എന്നതിനപ്പുറത്തേക്ക് അവരുടെ ഭാവുകത്വത്തിന് വളരാനാവില്ല.അവര്‍ ഒന്നിനെയും പ്രതിരോധിക്കില്ല.ഏതെങ്കിലും ആദര്‍ശത്തിന്റെയോ നിലപാടിന്റെയോ പിന്നില്‍ ഉറച്ചു നില്‍ക്കുകയില്ല.ഭാവുകത്വത്തിന്റെ ഇത്തരത്തിലുള്ള ശോഷണം,അല്ലെങ്കില്‍ നേര്‍ത്തു പോകല്‍ വിപണിക്ക് വളരെ അനുകൂലമാണ്.ആവശ്യങ്ങളെ കുറിച്ചുള്ള ധാരണകളിലോ സൌന്ദര്യസങ്കല്പങ്ങളിലോ സ്ഥിരത ഇല്ലാതാവുകയാണ് വിപണിയുടെ ആവശ്യം.ഉപഭോഗത്തെ ത്വരിപ്പിക്കുന്നതിനും അതു വഴി ഉല്പാദനരംഗത്തെ വളര്‍ച്ച ഉറപ്പാക്കുന്നതിനും ഈ അസ്ഥിരതയാണ് ആവശ്യം.
കലയിലും സാഹിത്യത്തിലും വ്യക്തിഗത പ്രതിഭക്കും ഭാവനാശേഷിക്കും മത്സരാധിഷ്ഠിത വാണിജ്യസംസ്കാരവുമായി സന്ധി ചെയ്യാതെ ഇനിയങ്ങോട്ട് ഒന്നും ചെയ്യാനാവില്ലെന്നുള്ള ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.കൊച്ചിന്‍ മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത് ഈയൊരു വാദമാണ്. ബഹുരാഷ്ട്ര മുതലാളിത്തം സൃഷ്ടിക്കുന്ന പുതിയ സാധ്യതകള്‍ സ്വാതന്ത്യ്രത്തിന്റെ പുതിയൊരു ലോകം തുറന്നു തന്നിരിക്കയാണെന്നും വൈവിധ്യപൂര്‍ണമായ പുതുപുതു നിര്‍മിതികള്‍ കൊണ്ട് അനുനിമിഷം കൂടുതല്‍ കൂടുതല്‍ സമ്പന്നമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് തികഞ്ഞ സ്വാതന്ത്യ്രബോധത്തോടെ വ്യാപരിക്കാനുള്ള ആത്മബലവും സന്നദ്ധതയും ആര്‍ജിക്കുകയാണ് വേണ്ടത് എന്നും ഉപദേശിക്കുന്ന കലാചിന്തക•ാര്‍ പെരുകിക്കൊണ്ടിരിക്കുകയാണ്.പക്ഷേ ജൂലിയന്‍ സ്ററല്ലാബ്രാസ് എന്ന കലാവിമര്‍ശകന്‍ ചൂണ്ടിക്കാണിച്ചതുപോലെ 'തനിക്കുമേല്‍ കെട്ടിയേല്‍പിക്കപ്പെടുന്ന എന്തിനെയും സ്വാതന്ത്യ്രത്തിന്റെ അഭ്യാസമെന്ന പോലെ കൊണ്ടാടുകയല്ല' കലാകാരന്റെ ജോലി.തങ്ങളുടെ  സ്വാതന്ത്യ്രത്തിന്റെ ഉള്ളടക്കം ഇന്നതായിരിക്കണമെന്ന് സ്വന്തം നിലക്കു തന്നെ തീരുമാനിക്കാന്‍ എഴുത്തുകാര്‍ക്കും കലാകാര•ാര്‍ക്കും കഴിയണം.മനസ്സിലേക്ക് കടന്നു വരുന്ന ഏത് ആഖ്യാനശൈലിയിലും അടങ്ങിയിരിക്കാനിടയുള്ള യാഥാസ്ഥിതികത്വത്തിന്റെ അംശങ്ങളെ അവര്‍ വേര്‍തിരിച്ചറിയണം.ഉപരിപ്ളവമായ വൈവിധ്യങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ചുവെക്കപ്പെടുന്ന ഏകതാനതയെ അവര്‍ കണ്ടെത്തണം.ഒന്നിനെക്കുറിച്ചും സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കെല്പില്ലാത്തവരും അതേ സമയം സാഹിത്യത്തിലെ അധികാരകേന്ദ്രങ്ങളോടുള്ള ഭയവും വിധേയത്വും നിരന്തരം പ്രകടിപ്പിക്കുന്നവരുമായ വായനക്കാരിലെ മഹാഭൂരിപക്ഷത്തെ അവഗണിക്കാന്‍ അവര്‍ക്ക് കഴിയണം. ഇങ്ങനെയൊക്കെ ചെയ്യാന്‍ തയ്യാറാവുന്ന എഴുത്തുകാര്‍ പുതിയ സാഹചര്യത്തില്‍ വലിയൊരളവോളം അവഗണിക്കപ്പെടുകയും അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ചെയ്തേക്കാം.പക്ഷേ തങ്ങളുടെ  കാലഘട്ടത്തിലെ സമൂഹമനസ്സിന്റെയും വ്യക്തിമനസ്സിന്റെയും ആഴങ്ങളിലേക്കുള്ള സാഹസിക സഞ്ചാരങ്ങള്‍ക്ക് പുറപ്പെടുന്ന ഏത് എഴുത്തുകാരനെയും എഴുത്തുകാരിയെയും ആര്‍ക്കും അതില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ല.അവര്‍ ഒന്നിനെയും ഭയപ്പെടുകയില്ല. ഒരു പ്രകാശകിരണത്തിനെങ്കിലും ജ•ം നല്‍കി ഇരുട്ടില്‍ സ്വന്തം രൂപത്തില്‍ ജീവനോടെ കഴിയുന്നതാണ് താന്‍ സ്വേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്ന തെറ്റിദ്ധാരണയോടെ വിപണിയിലെ വൈവിധ്യങ്ങളെ മുഴുവന്‍ പ്രതിഫലിപ്പിച്ചുകൊണ്ട് വെളിച്ചത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ചിതറിയ കണ്ണാടിയായി കിടക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് എന്ന് അവര്‍ സഹജാവബോധം കൊണ്ടു തന്നെ അറിയും.
        (5-3-2013 ന് ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ ചെയ്ത പ്രഭാഷണം.
          കലാപൂര്‍ണ മാസിക(ഏപ്രില്‍-2013) ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

Wednesday, April 17, 2013

നടന്‍

നാടകം തീര്‍ന്നു.തിരശ്ശീല വീണു.അവസാനവാക്കും ഉച്ചരിച്ച്
വേദിയില്‍ പിടഞ്ഞുവീണുമരിച്ച കഥാപാത്രത്തെ വിട്ട് ഞാന്‍
എഴുന്നേററു.മൂന്നാംനിരയില്‍ നെടുകെ പകുത്ത മുടിക്കും
മെറൂണ്‍ നിറത്തിലുള്ള പൊട്ടിനും ഭംഗിയുള്ള ഇമകള്‍ക്കും ചുവടെ
വിടര്‍ന്ന കണ്ണുകളില്‍ നിന്ന് അടര്‍ന്നുവീണ രണ്ടിറ്റ് കണ്ണീരിന്റെ ഉപ്പില്‍
ആത്മാവിലെ മുറിവുകളെല്ലാം ഉണങ്ങിയിരിക്കുന്നതായി
അന്നേരം ഞാന്‍ അറിഞ്ഞു.

ആമ

തീവെയിലാളുന്ന പാടത്തെ അവസാനത്തെ നനവും വറ്റിയമരും വരെ ആ ആമ കാത്തു നിന്നു.പിന്നെ അത് പതുക്കെപ്പതുക്കെ വരമ്പത്തേക്ക് കയറി.മെല്ലെമെല്ലെ നടന്ന്  ഒരു കൈത്തോടിന്റെ കരയിലെത്തി.ചെളിയുണ്ട്,വെള്ളമുണ്ട്,കൈതക്കാടിന്റെ തണലുമുണ്ട്.'ങ്ഹാ,ഇതു തന്നെ;നാടോടികള്‍ എന്നെ വന്ന് പിടികൂടാനുള്ള ഇടം ഇതു തന്നെ.' ആമക്ക് ഉറപ്പായി.നിരാമയനായി,നിര്‍വികാരനായി,നിസ്സന്ദേഹിയായി
അത്  സാവകാശത്തില്‍ തോടിനു നേരെ നടന്നു.

Tuesday, April 16, 2013

ഒരു ദൃശ്യം

ഞാനൊരു സിനിമ കണ്ടു
അലര്‍ച്ചകളും അടിപിടികളും കൊണ്ട്
ആകെയങ്ങ് വിറപ്പിച്ചുകളഞ്ഞ സിനിമ
സത്യമായി എന്തെങ്കിലുമൊന്ന് തെളിഞ്ഞുവരുന്ന
നിമിഷവും കാത്ത് 'എ.സി'യിലും ഞാന്‍  വിയര്‍ത്തൊലിച്ചു
ഒടുവില്‍ നായകന്റെ ബൈക്കിനു മുന്നിലൂടെ
ഒരു കണ്ടന്‍ പൂച്ച ചാടിമറിയുന്നതു കണ്ടപ്പോള്‍ ഉറപ്പായി
ജീവിതം ഈ സിനിമക്കു ശേഷവും ബാക്കിയാവും
നാളെയും എനിക്ക് അരിയാഹാരം കഴിക്കാനാവും.
14/4/2013

അവിശ്വാസി

ഞാന്‍ മലയുടെ ഇപ്പുറത്തായിരുന്നു
ദൈവമേ,അപ്പുറത്തെ ഗുഹയിലിരുന്ന്
താങ്കളെന്നെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു
നന്ദി
മനുഷ്യമാംസം വറുത്തെടുക്കുന്ന ഗന്ധം
ആ ഗുഹയില്‍ നിന്നല്ല വരുന്നതെന്ന്
എനിക്ക് പക്ഷേ,വിശ്വസിക്കാനേ ആവുന്നില്ല.
13/4/13

വഴി

മുന്നേറാനുള്ള വഴി
അവരും ഇവരുമൊക്കെ
കാണിച്ചു തന്നു
പിന്നേറാനുള്ള വഴി
പരസഹായമില്ലാതെ
ഞാന്‍ തന്നെ കണ്ടെത്തി.
12/4/13

സമയമായില്ല

മരണദേവന്റെ ക്ഷേത്രവാതില്‍ക്കല്‍ ചെന്ന്
വിവരദോഷിയായ ഞാന്‍ മണിയടിച്ചു
കണ്ണ് തിരുമ്മി എഴുന്നേറ്റു വന്ന ദൈവം പറഞ്ഞു:
പോടാ,പോ സമയമായില്ല.
11/4/13

മൂരാച്ചി,ശില,മൌനി

1
തെരുവിലെ ചോരയില്‍ നിന്നുയിര്‍ക്കൊള്ളുന്ന
'പുതിയ വീര്യ'ത്തിന്‍ പഴങ്കഥ പാടുവാന്‍
മടിയുണ്ടതിനാല്‍ സഖാക്കളേ ഞാനൊരു
മടിയനായ്,ഭീരുവായൊരുവേള
കൊടിയ മൂരാച്ചി തന്നെയായ്
കാലം കഴിക്കുന്നു.
2
പലതുണ്ട് പ്രാര്‍ത്ഥിക്കാനെങ്കിലും ദൈവമേ
ബധിര കര്‍ണത്തിലാണവചെന്നു വീഴ്കയെ-
ന്നറിവതിനാലിന്നു മോഹങ്ങള്‍,നോവുകള്‍,ഭീതികളൊക്കെയും
കുഴികുത്തിയാഴത്തില്‍ മണ്ണിട്ടുമൂടി-
യതിന്മേലെയെന്നെ ഞാന്‍
കഠിനമാം ശിലയായെടുത്തു വെക്കുന്നു
3
പലതുണ്ട് പറയുവാനെങ്കിലുമെന്‍ പ്രിയേ
പ്രണയമില്ല,തിനാലെ മൌനിയാകുന്നു ഞാന്‍.

Thursday, April 11, 2013

ദയവുണ്ടാകണം

‘സത്യം പറയരുത്
ഒറ്റപ്പെട്ടുപോവും
ഒറ്റപ്പെട്ടുപോയാല്‍
ചെന്നായ പിടിക്കും’
ഓരോ ഉപദേശിയോടും അയാള്‍ പറഞ്ഞു:
വിവരവും വകതിരിവുമുള്ളവനാണ് താങ്കള്‍
രണ്ടും ഇല്ലാത്ത ഒരാളെ
അയാളുടെ പാട്ടിനു വിടാന്‍ ദയവുണ്ടാകണം.
11/4/2013

നേതാക്കള്‍,അനുയായികള്‍

നേതാക്കള്‍ പല തരക്കാരാണ്
അനുയായികളെ കിടുകിടാവിറപ്പിക്കുന്നവര്‍
അലറിവിളിച്ച് പ്രസംഗിക്കുന്നവര്‍
പഞ്ചാരവാക്കുപറഞ്ഞ് പറ്റിക്കുന്നവര്‍
ഒന്നിനും മിനക്കെടാതെ ഉണ്ടുറുങ്ങി കാലം കഴിച്ചും
നേതാവായി തുടരുന്നവര്‍
അനുയായികള്‍ പക്ഷേ ഒരേയൊരു തരമാണ്
നേതാക്കളുടെ മുന്നില്‍
'ഞാനേ വിശ്വാസി,ഞാനേ വിശ്വാസി' എന്ന്
തൊഴുകയ്യുമായി നിന്ന്
തിരിഞ്ഞുനോക്കി പല്ലിളിക്കുന്നവര്‍.
11/4/2013

ഇമ്മാനുവല്‍

ഇമ്മാനുവല്‍ എന്ന പടം കണ്ടു.(പൂര്‍ണപേര് : ഇമ്മാനുവല്‍ ദൈവം നമ്മോടുകൂടെ,സം വിധാനം:ലാല്‍ ജോസ് തിരക്കഥ: എ.സി.വിജീഷ്). മമ്മൂട്ടി(ഇമ്മാനുല്‍), റീനു മാത്യൂസ് (ഇമ്മാനുവലിന്റെ ഭാര്യ),ഗൌരി ശങ്കര്‍ (മകന്‍)ഫഹദ് ഫാസില്‍, (ഇമ്മാനുവല്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജര്‍) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.എല്ലാവരും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു.ഗൌരി ശങ്കറിന്റെ അഭിനയം വിശേഷിച്ചും വളരെ ആകര്‍ഷകം.ഉടനീളം അല്പവും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ ലോകത്തിന്റെ സാമ്പത്തിക നിയന്ത്രണം മുഴുവന്‍ കയ്യടക്കിയിരിക്കുന്ന കാലത്ത് അവരുടെ പ്രവര്‍ത്തന ശൈലി പിന്‍പറ്റുന്ന സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതും വളരുന്നതും എത്രമേല്‍ നീചവും ഹിംസാത്മകവും ഭയാനകവുമായ വ്യവഹാരങ്ങളിലൂടെയാണെന്ന്  വളച്ചുകെട്ടില്ലാത്ത വിളിച്ചു പറയുകയാണ് സിനിമ ചെയ്യുന്നത്. നല്ല പുതുമയുള്ള ഇതിവൃത്തം.നാട്യങ്ങളില്ലാത്ത ആവിഷ്ക്കാരം.അധ്യാപകരീതി അവലംബിച്ചാല്‍ നിസ്സംശയം എ ഗ്രേഡ് കൊടുക്കാം.സിനിമയിലെ പല സന്ദര്‍ഭങ്ങളും അതിശക്തമാണ്. പക്ഷേ,പതിവ് ശൈലി പിന്‍പറ്റി നായകന്റെ വ്യക്തിഗത വൈഭവം കൊണ്ട് കീഴ്പ്പെടുത്താവുന്നതേയുള്ളൂ ഏത് അധുനാതന സാമ്പത്തിക ഭീമന്റെ കുതന്ത്രങ്ങളെയും എന്നു പറഞ്ഞുവെച്ചാണ് സിനിമ അവസാനിക്കുന്നത്.ഇത് സിനിമയില്‍ അതേ വരെ സംഭവിച്ച ഇതിവൃത്ത വളര്‍ച്ചയെയും പ്രമേയവികാസത്തെയും അര്‍ത്ഥശൂന്യമാക്കിക്കളഞ്ഞു.മലയാളത്തില്‍ ഒരു സിനിമക്ക് ജനപ്രിയമാകാന്‍ നായകന്റെ വിജയം ഉദ്ഘോഷിച്ചേ മതിയാവൂ എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്.നമ്മുടെ സംവിധായകരും തിരക്കഥാകാരന്മാരും ഈയൊരു അബദ്ധധാരണയില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെട്ടേ മതിയാവൂ.ഉയര്‍ന്ന ഭാവുകത്വമുള്ള വലിയൊരു പ്രേക്ഷകസമൂഹം രൂപപ്പെട്ടു കഴിഞ്ഞ നാടാണ് കേരളം.ചലച്ചിത്രകാരന്മാര്‍ അവരെ ബഹുമാനിക്കുക തന്നെ വേണം.


Saturday, March 23, 2013

തെങ്ങുകളുടെ മണം(വിയര്‍പ്പിന്റെയും)

സാഹിത്യം പ്രത്യേകമായ പഠനവും പരിഗണനയും അംഗീകാരവും അര്‍ഹിക്കുന്ന ഒരു മേഖലയായി അംഗീകരിക്കപ്പെട്ടു തുടങ്ങിയ കാലത്ത് പദവികൊണ്ടോ അധികാരം കൊണ്ടോ സാമ്പത്തിക നില കൊണ്ടോ മുകള്‍ തട്ടില്‍ കഴിയുന്ന മനുഷ്യരുടെ ജീവിതത്തിലെ ഭാഗ്യവിപര്യയങ്ങളില്‍ നിന്ന് കഥാവസ്തു കണ്ടെത്തുക എന്നതായിരുന്നു കവികളുടെയും നാടകകാരന്മാരുടെയുമെല്ലാം പൊതുരീതി. അതാണ് ഏറ്റവും  അഭികാമ്യമെന്ന് അവരും കാവ്യശാസ്ത്രകാരന് മാരും അഭിജാതരായ ആസ്വാദകരും ബലമായി വിശ്വസിച്ചിരുന്നു.അനേക നൂറ്റാണ്ടു കാലം ഈ നില വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു.ഉന്നതന്മാരുടെ ജീവിതമേഖലകള്‍ക്കു പുറത്തുള്ള അനുഭവമേഖലകളെ പുരസ്കരിച്ചുള്ളതും ഇന്ന് ഫോക് ലോറിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതുമായ സാഹിത്യത്തിന് നിത്യജീവിതത്തിലെ സാധാരണ വ്യവഹാരങ്ങളിലൊന്ന് എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം ആരും കല്പിച്ചിരുന്നില്ല.
നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ വരവോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.പാവങ്ങള്‍,പട്ടിണിക്കാര്‍,തെണ്ടികള്‍,ജീവിതത്തെ വല്ലാപാടും മുന്നോട്ടു കൊണ്ടുപോവാന്‍ മാത്രമായി കളവ് നടത്തുന്നവര്‍,ഒറ്റപ്പെട്ടവര്‍  അങ്ങനെ അടിത്തട്ടിലുള്ള സകലമാന മനുഷ്യര്‍ക്കും കടന്നുവരാവുന്ന ഒരു സാഹിത്യരൂപമായി നോവല്‍ അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ സ്വയം നിര്‍വചിച്ചു.നോവലിന്റെ ഈ വര്‍ഗപക്ഷപാതം പഴയ വീര്യത്തോടു കൂടിയല്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.പക്ഷേ കഥാപാത്രങ്ങളായി തീരുന്ന മനുഷ്യര്‍ക്കും അവരുടെ ജീവിത വ്യവഹാരങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വം ഉണ്ടാവണമെന്ന നിര്‍ബന്ധം വായനക്കാര്‍ കൈവെടിഞ്ഞിട്ടില്ല.ഒരു കള്ളന്റെയോ,യാചകന്റെയോ,ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയുടെയോ ജീവിതത്തെ നോവലിലേക്ക് കൊണ്ടു വരണമെങ്കില്‍ അത് വായനക്കാര്‍ക്ക് സാധാരണഗതിയില്‍ ഊഹിച്ചെടുക്കാനാവുന്നതിന് അപ്പുറത്തുള്ള സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞു വിങ്ങുന്നതായിരിക്കണം.കാമിക്കാനും കരയാനും സഹതപിക്കാനും ഭയം കൊള്ളാനുമൊക്കെയുള്ള ഹൃദയത്തിന്റെ ശേഷികളെ എത്ര തീക്ഷ്ണമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഒരു നോവലിന് വായനക്കാരില്‍ നിന്ന് ലഭിക്കുന്ന അംഗീകാരത്തിന്റെ ഇപ്പോഴത്തെയും അടിസ്ഥാനം.കഥാവസ്തുവിന്റെ തിരഞ്ഞെടുപ്പില്‍ നോവല്‍ സാധ്യമാക്കിയ മാറ്റത്തിന്റെ സത്ത വായനയുടെ അടിസ്ഥാന ഘടകങ്ങളില്‍ എത്തുമ്പോഴേക്കും തീരെ നിര്‍വീര്യമായി പോവുന്നുണ്ട് എന്നര്‍ത്ഥം.
മനോഹരന്‍ വി.പേരകം എഴുതിയ \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍\' എന്ന നോവല്‍ ഇപ്പോള്‍ എന്റെ മുന്നിലുണ്ട്.തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടി,അനുജന്‍ കുട്ടാപ്പു,രണ്ടു പേരുടെയും ഭാര്യയായ കാളി,അവരുടെ ഏകമകനായ കുട്ടായി എന്നിവരാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍.പണം,പദവി,ലോകപരിചയം എന്നീ കാര്യങ്ങളിലെല്ലാം അങ്ങേയറ്റം ചെറിയവരായ ഈ മനുഷ്യരുടെ അനുഭവങ്ങളില്‍ വിസ്മയം ജനിപ്പിക്കുന്ന ഒന്നും തന്നെയില്ല.എന്നാല്‍ അവരുടെ വേദനകളും ആശങ്കകളും മാനസികത്തകര്‍ച്ചകളുമെല്ലാം നമ്മെ വല്ലാതെ സ്പര്‍ശിക്കുക തന്നെ ചെയ്യും.അതിഭാവുകത്വത്തെ അല്പമായി പോലും ആശ്രയിക്കാതയും ഒട്ടും വളച്ചുകെട്ടില്ലാതെയും ലളിതമായി കഥ പറഞ്ഞു പോകുന്ന രീതിയാണ് നോവലിസ്റ് സ്വീകരിച്ചിട്ടുള്ളത്.കഥാപാത്ര ങ്ങളുടെ മൊത്തത്തിലുള്ള പാവത്തത്തിന് ഇണങ്ങുന്ന പാവം ആഖ്യാനരീതി.എങ്കിലും തെങ്ങുകളുടെയും തെങ്ങുകയറ്റത്തൊഴിലാളികളുടെ വിയര്‍പ്പിന്റെയും മണം വരുന്നതുപോലെ തോന്നും ഈ നോവലിലെ പല പേജുകളിലൂടെയും കടന്നു പോവുമ്പോള്‍.നോവലിലെ കാലം സമീപഭൂതകാലമാണെങ്കിലും അതിലും പഴക്കം തോന്നിക്കുന്ന ഒരു മനോലോകമാണ് ഇതിലെ കഥാപാത്രങ്ങള്‍ക്കുള്ളത്.അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അത്തരമൊരു ഭാവാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് മനോഹരന്‍ ചിത്രീകരിച്ചിരിക്കുന്നത്.സമ്പത്തും പദവിയും ഉയര്‍ന്ന വിദ്യാഭ്യാസവുമൊക്കെയാണ് ആളുകളുടെ അനുഭവലോകത്തിന് വൈപുല്യവും വൈചിത്യ്രവും നൂതനത്വവുമെല്ലാം നല്‍കുന്നത്.അടിത്തട്ടിലെ മനുഷ്യരുടെ ലോകം ഇവയൊന്നും അവകാശപ്പെടാനാവാത്തതും അതീവ മന്ദഗതിയില്‍ മാത്രം മുന്നോട്ടു പോവുന്നതുമാണ്.ആ ലോകത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരം മനോഹരന്റെ നോവലില്‍ ഉണ്ട്.
മധ്യവര്‍ഗത്തിലും ഉപരിവര്‍ഗത്തിലും പെട്ടവരുടെ ലോകനീരീക്ഷണത്തിന്റെയും അനുഭവ സ്വീകരണത്തിന്റെയും ഘടന സീകരിച്ചു കൊണ്ട് നിലകൊള്ളുന്ന അനുഭൂതിലോകവും ഭാവുകത്വവുമാണ് നമമുടെ വായനാസമൂഹത്തിന് പൊതുവേ ഉള്ളത്.അതിന്റെ പരിമിതികളെ മറികടന്ന് കൃതികളില്‍ താല്പര്യം പ്രകടിപ്പിക്കാന്‍ അവര്‍ സ്വമേധയാ തയ്യാറാവുകയില്ല.നിരൂപകരും അക്കാദമിക് പണ്ഡിതന്മാരും അംഗീകരിക്കുകയും  മാധ്യമലോകം തുടരെത്തുടരെ കൊണ്ടാടുകയും ചെയ്യുമ്പോഴേ തങ്ങളുടെ സാഹിത്യസങ്കല്പങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാത്ത ഒരു കൃതിയുടെ നേരെ അവര്‍ കണ്ണു തുറക്കുകയുള്ളൂ.സാഹിത്യ പഠനത്തിന്റെയും നിരൂപണത്തിന്റെയും മേഖലയില്‍ അനേകം ഉദാസീനതകളും പൊതുജനത്തിന്റെ പരിഗണനകളില്‍ ബഹുവിധ വൈവിധ്യങ്ങളും സംഭവിച്ചിരിക്കുന്ന ഇക്കാലത്ത് \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍\'ക്ക് അങ്ങനെ ഒരാനുകൂല്യം കിട്ടാനുള്ള സാധ്യത കുറവാണ്.
കേരളത്തില്‍ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിച്ചുപോന്ന പഴയകാലമനുഷ്യര്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും തനതായ അനുഭവലോകങ്ങളുണ്ട്.അവയെ  ആധികാരികമായി രേഖപ്പെടുത്തുന്ന കൃതികളുടെ വായനയിലൂടെയും പഠനത്തിലൂടെയുമാണ് ഈ ദേശത്തെ ജനസംസ്കൃതിയുടെ അന്ത:സത്ത നമ്മുടെ സാഹിത്യഭാവുകത്വത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന അവസ്ഥ രൂപം കൊള്ളുക.ആഗോളവല്‍ക്കരണത്തിന്റെതായ ഈ കാലത്തും അത് സംഭവിക്കണം എന്ന് അല്പമായെങ്കിലും ആഗ്രഹിക്കുന്നവര്‍ക്ക്  \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങളോ\'ട് പ്രത്യേകമായ മമത തോന്നും എന്നു തന്നെ ഞാന്‍ കരുതുന്നു.
(മാതൃകാന്വേഷി മാസിക,ചെന്നൈ,മാര്‍ച് 2013).

Tuesday, March 19, 2013

സമരത്തിന് ഐക്യദാര്‍ഢ്യം


എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ബസ് സ്റാന്റിനടുത്ത് നടത്തിവരുന്ന നിരാഹാര സമരത്തിന്  ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇന്നലെ പയ്യന്നൂര്‍ ബസ് സ്റാന്റില്‍ നിന്ന് പുറപ്പെട്ട വാഹനപ്രചരണജാഥയില്‍ ഞാനും ഉണ്ടാ യിരുന്നു.രാവിലെ പത്തുമണി കഴിഞ്ഞാണ് ജാഥ പുറപ്പെട്ടത്.പയ്യന്നൂര്‍ ബസ് സ്റാന്‍ഡില്‍ നടന്ന ഉത്ഘാടനയോഗത്തില്‍ പത്മനാഭന്‍ മാസ്റര്‍ (സീക്ക്) സമരത്തിന്റെ പശ്ചാത്തലവും ജനകീയ മുന്നണി ഉന്നയിക്കുന്ന ആവശ്യങ്ങളും വിശദീകരിച്ചു.വഴിയില്‍ തൃക്കരിപ്പൂര്‍,കരിവെള്ളൂര്‍,ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ വാഹനം നിര്‍ത്തി ജാഥാംഗങ്ങളില്‍ ചിലര്‍ സമരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.രാമചന്ദ്രന്‍,ഡോ.ഇ.ഉണ്ണി കൃഷ്ണന്‍,പപ്പന്‍ കുഞ്ഞിമംഗലം എന്നിവരാണ് സംസാരിച്ചത്.വാഹനം വൈകുന്നേരം മൂന്നര കഴിഞ്ഞപ്പോള്‍ കാസര്‍കോട്ടെത്തി.പന്തലില്‍ ചെന്ന് പതിനഞ്ചു ദിവസമായി നിരാഹാരസമരം നടത്തുന്ന എ.മോഹന്‍കുമാറിനെ കണ്ടു.അവശനെങ്കിലും അല്പവും ആത്മബലം ചോര്‍ന്നുപോകാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.
“ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടും വരെ ഞാന്‍ സമരം തുടരും.എന്റെ ജീവന്‍ നഷ്ടമാകുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല.തെരുവിലെ തമാശനാടകമായി ഇത് ഞാന്‍ അവസാനിപ്പിക്കില്ല.”മോഹന്‍ കുമാര്‍ പറഞ്ഞു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മനുഷ്യമതിലില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു.
“ലോകത്തിലൊരിടത്തും സംഭവിക്കാന്‍ പാടില്ലാത്ത രാസകീടനാശിനി ദുരന്തമാണ് കാസര്‍കോട്ട് സംഭവിച്ചത്.എന്‍ഡോസള്‍ഫാന്‍ എന്ന കൊടുംവിഷം ഉണ്ടാക്കിയ ദുരന്തത്തില്‍ അകപ്പെട്ട പാവം ജനതയെ കരകയറ്റാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കുറ്റവാളികളെ നിയമത്തിന്റെ മുമ്പിലെത്തിക്കാനുള്ള ജാഗ്രതയിലും ഞാന്‍ പങ്കുചേരും.ഇവര്‍ക്കു ലഭിക്കേണ്ടതായ എല്ലാ സഹായങ്ങളും സൌകര്യങ്ങളും ഇവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി ധീരമായി പ്രവര്‍ത്തിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.പ്രതിജ്ഞ,പ്രതിജ്ഞ’’ എന്ന പ്രതിജ്ഞാ വാചകം മനുഷ്യമതിലില്‍ പങ്കെടുത്തവര്‍ ഏറ്റുചൊല്ലി.
കാസര്‍കോട്ടെ എന്റോസള്‍ഫാന്‍ പീഡിതര്‍ ഇപ്പോഴും കടുത്ത ദുരിത ത്തിലാണ്.മനുഷ്യാ വകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ സാമ്പത്തിക സഹായവും മറ്റ് ആനുകല്യങ്ങളും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.ആ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുന്നത് തികച്ചും തെറ്റാണ്.
മോഹന്‍കുമാറിനും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്കും അഭിവാദ്യങ്ങള്‍.

Friday, March 8, 2013

പാപ്പിലിയോ ബുദ്ധ

ഇന്ന്(7-3-13) 'പാപ്പിലിയോ ബുദ്ധ’കണ്ടു.ചെറിയൊരു ഹാളില്‍ വലിച്ചുകെട്ടിയ തിരശ്ശീലയിലായിരുന്നു സ്ക്രീനിംഗ്.സ്ക്രീനിംഗിലെ പിഴവ് കൊണ്ടാണോ എന്നറിയില്ല.ചിത്രത്തിലെ വെളിച്ചം,ശബ്ദം ഇവക്കൊക്കെ പ്രശ്നമുള്ളതായി തോന്നി.സംവിധാനത്തിന് മൊത്തത്തില്‍ തന്നെയുണ്ട് പല പരിമിതികളും.പുതിയൊരു വിഷയം,പുതിയ വിഷയപരിചരണരീതി എന്നിവയൊക്കെ അവകാശപ്പെടാവുന്ന ഒരു ചിത്രമെന്ന നിലക്ക് സാങ്കേതികമായ പിഴവുകളും പ്രശ്നങ്ങളുമൊക്കെ മാറ്റിവെച്ചു തന്നെ ചിത്രത്തെ സമീപിക്കാമെന്നു വെക്കാം.കേരളത്തിലെ ദളിത് വിഭാഗം അനുഭവിക്കുന്ന പീഡനങ്ങളും അവഗണനകളും പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പക്ഷത്തു നിന്നുള്ള മറ്റ് ക്രൂരതകളും ദളിതരുടെ ചെറുത്തുനില്പുമാണ് ‘പാപ്പിലിയോ ബുദ്ധ’യുടെ വിഷയം.പുറത്തു നിന്ന് വന്ന ഒരാളുടെ കണ്ണില്‍ പെട്ടെന്ന് പെടുന്ന ദളിത് ആദിവാസിപ്രശ്നങ്ങളെ വലിയ വീണ്ടുവിചാരങ്ങളോ തയ്യാറെടുപ്പോ ഇല്ലാതെയും ബുദ്ധനും അയ്യങ്കാളിക്കും അംബേദ്കര്‍ക്കും മറ്റും പുതിയകാല ദളിത് സമരങ്ങളില്‍ നല്‍കപ്പെടുന്ന ഊന്നലിനെ അപ്പാടെ മുഖവിലക്കെടുത്തും മഹാത്മാഗാന്ധിക്ക് കേരളത്തിലെ കീഴാളജനതയുടെ രാഷ്ട്രീയത്തില്‍ കൊടിയ ശത്രുവിന്റെ സ്ഥാനമാണുള്ളത് എന്ന് തെറ്റിദ്ധരിച്ചും ആണ് 'പാപ്പിലിയോ ബുദ്ധ' നിര്‍മിച്ചിരിക്കുന്നത്.ആദിവാസി മേഖലകളിലെ ഫണ്ടഡ് സന്നദ്ധസേവന പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ വൈദേശിക(വിശേഷിച്ചും അമേരിക്കന്‍) സാന്നിധ്യത്തെ സംശയദൃഷ്ടിയോടെ കാണേണ്ടതില്ല എന്ന് പറഞ്ഞുറപ്പിക്കുന്നുണ്ട്  ചിത്രം.ഇങ്ങനെ ‘പാപ്പിലിയോ  ബുദ്ധ’യുടെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനങ്ങള്‍ പലതും ഉന്നയിക്കാനുണ്ട്.എങ്കിലും അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് മാനുഷികതയുടെ തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിനാശത്തിലേക്ക് ശക്തമായി വിരല്‍ചൂണ്ടുന്നു എന്നതുള്‍പ്പെടെ ചില സംഗതികള്‍ ‘പാപ്പിലിയോ ബുദ്ധ’ക്ക് അനുകൂലമായും പറയാനുണ്ട്.മലയാളചിത്രങ്ങളില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും വ്യര്‍ത്ഥമായ കേവല കോമാളിത്തങ്ങളായി മാറിയിരിക്കുന്ന സ്ഥിതിക്ക് ഗൌരവപൂര്‍ണമായ പല വിമര്‍ശനങ്ങള്‍ക്കും സാധ്യത നല്‍കുന്നു എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ‘പാപ്പിലിയോ ബുദ്ധ’യുടെ സംവിധായകനെയും ഇതിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയുമെല്ലാം അഭിനന്ദിക്കാം

Thursday, February 21, 2013

സെല്ലുലോയ്ഡ്


കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' സമീപകാലത്തു കണ്ട മലയാളസിനിമകളില്‍ ഏറ്റവും മികച്ചതായി തോന്നി.തികഞ്ഞ മിതത്വം പാലിച്ച,നാട്യങ്ങളേതുമില്ലാത്ത സംവിധാനം.മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വീരാജ്,മമ്താ മോഹന്‍ദാസ്,ചാന്ദ്നി എന്നിവരെല്ലാം നല്ല ഒതുക്കത്തോടെ വളരെ ഭംഗിയായി അഭിനയിച്ചിരിക്കുന്നു.മലയാളത്തിലെ ആദ്യ ചലച്ചിത്രമായ 'വിഗതകുമാര'ന്റെ നിര്‍മാതാവും സംവിധായകനുമായ ജെ.സി.ഡാനിയിലിന്റെ ജീവിതമാണ് സെല്ലുലോയിഡിന്റെ വിഷയം. വിനു അബ്രഹാമിന്റെ 'നഷ്ടനായിക' എന്ന നോവലിനെയും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ രചിച്ച ജീവിചരിത്രത്തെയും ആധാരമാക്കി കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.റഫീക്ക് അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചയിതാക്കള്‍.സംഗീതം എം.ജയചന്ദ്രന്റേത്.
മലയാളത്തിലെ ആദ്യത്തെ സിനിമാനിര്‍മാതാവിന്റെ കഥക്ക് ചലച്ചിത്രാവിഷ്ക്കാരം നല്‍കിയതിനൊപ്പം ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യാസമത്വത്തിന്റെയും സംസ്കാരവിരുദ്ധമായ ഫ്യൂഡല്‍ മാടമ്പിത്തത്തിന്റെയും ചിത്രം ഒട്ടും അത്യുക്തിയില്ലാതെ  വളരെ ഹൃദയസ്പര്‍ശിയായി ആവിഷ്ക്കരിച്ചിട്ടുമുണ്ട് സംവിധായകന്‍.ഉള്ളടക്കം എന്നതിന് രൂപഭംഗിയും സാങ്കേതിക മികവും പുലര്‍ത്തുന്ന കുറേ ദൃശ്യങ്ങളുടെ അനായാസമായ ഒഴുക്ക് എന്നതിന് അപ്പുറം ഒരര്‍ത്ഥവും കല്പിക്കാത്ത ചലച്ചിത്രങ്ങള്‍ക്കിടയില്‍ ആശ്വാസകരമായ ഒരു വേറിട്ടു നില്പു തന്നെയാണ് 'സെല്ലുലോയ്ഡ്'ന്റേത്.

Tuesday, January 1, 2013

ഒളിച്ചുകളി


വിപ്ളവവും ഞങ്ങളും തമ്മില്‍
നെടുനാളായി ഒളിച്ചുകളിക്കയായിരുന്നു
വന്നുവന്ന് കളി കാര്യമായിരിക്കുന്നു
ഞങ്ങള്‍ നൂറെണ്ണിക്കഴിഞ്ഞപ്പോള്‍
ആയില്ല,ആയില്ല എന്ന് വിപ്ളവം വിളിച്ചു പറഞ്ഞു
ആയോ ,ആയോ എന്നു ചോദിച്ചായി പിന്നത്തെ എണ്ണല്‍
ആയില്ല,ആയില്ല എന്ന പറച്ചില്‍ പല വട്ടം കേട്ടിരുന്നു
ഇപ്പോള്‍ കണ്ണ് തുറന്ന് നാലുചുറ്റിലും തിരയുന്നു
കാണാനില്ല,ഏത് മുക്കിലും മറവിലും കാണാനില്ല
ഒരു സംശയം ബാക്കിയാവുന്നു
ഞങ്ങള്‍ വിപ്ളവത്തെ കാണാഞ്ഞ് വേവലാതിപ്പെടുമ്പോലെ
വിപ്ളവം ഞങ്ങളെ കാണാഞ്ഞും
വെപ്രാളപ്പെടുന്നുണ്ടാവുമോ?
(വിശകലനം മാസിക,ഡിസംബര്‍ 2012)