Pages

Monday, April 30, 2012

ഒരു കവിതയുടെ കാതല്‍

എസ്.ജോസഫിന്റെ 'കാതല്‍' എന്ന കവിത(ജനശക്തി വിഷുപ്പതിപ്പ് 2012)അത് നല്‍കുന്ന സവിശേഷമായ വൈകാരികാനുഭവങ്ങള്‍ കൊണ്ടും അത് ഉള്‍ക്കൊള്ളുന്ന പ്രശ്നപൂരിതമായ ആശയലോകം കൊണ്ടും ഏറെ ശ്രദ്ധേയമായ ഒന്നാണ്. പ്രകൃതിയും ഗ്രാമീണസംസ്കൃതിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നതായി മുതിര്‍ന്ന മനുഷ്യന്‍ തിരിച്ചറിയുന്ന ചില നന്മകളുടെയും വിശുദ്ധികളുടെയും ലോകത്തിലേക്കാണ് കവിത നമ്മെ കൊണ്ടുപോവുന്നത്.വിപണിയുടെ നിയമങ്ങള്‍ എല്ലാ മനുഷ്യബന്ധങ്ങളുടെയും രൂപഭാവങ്ങള്‍ നിര്‍ണയിക്കുന്ന കാലത്ത് ഇത്തരം ചില ഗൃഹാതുരതകള്‍ വഴിയുള്ള ആത്മശുദ്ധീകരണത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.കാലം മാറുമ്പോള്‍ നമുക്ക് എന്നേക്കുമായി നഷ്ടപ്പെടുന്ന ഒട്ടുവളരെ അനുഭവങ്ങളുണ്ട്.ലളിതവും സുന്ദരവും കലര്‍പ്പില്ലാത്തതുമായ അനുഭവങ്ങള്‍.അവയ്ക്ക് പകരം വെക്കാനായി പുതിയ ലോകത്തില്‍ നിന്ന് ഒന്നും കണ്ടെടുക്കാനാവില്ല.ഓരോ തലമുറയും ഈ വേദന അനുഭവിക്കുകയും പഴയ ഓര്‍മകളിലേക്കുള്ള സഞ്ചാരങ്ങളെ വലിയ വൈകാരികാവശ്യങ്ങളായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
ജോസഫിന്റെ കവിത പൂര്‍ണരൂപത്തില്‍ ഉദ്ധരിച്ചുകൊണ്ട് ഈ ചെറുകവിതയിലെ ആശയലോകങ്ങളില്‍ അടങ്ങിയിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്കും വൈരുദ്ധ്യങ്ങളിലേക്കും പ്രവേശിക്കാം.
കാതല്‍
1
പലതും വേണ്ടെന്നുവച്ച്
കാറ്റുള്ള ഒരിടത്ത് ഇരുന്നാല്‍
പാടത്തുകൂടി നടന്നാല്‍
ചെറിയ മലകയറിയാല്‍
ഉറവയില്‍ നിന്ന് വെള്ളം മൊത്തിക്കുടിച്ചാല്‍
മരങ്കൊത്തി മരത്തില്‍ കൊത്തുന്ന ഒച്ച കേള്‍ക്കാം.
2
പുഴക്കരികേ പഴുക്കാമരങ്ങള്‍ നിരക്കുന്നു
ഇടയില്‍ ചാണകം മെഴുകിയ വീടുകള്‍
പുഴയോരത്ത് വിറകൊടിക്കുന്ന ഒരു സ്ത്രീ
നടപ്പാതയിലെ ചതുപ്പില്‍ കവുങ്ങിന്‍ തടി കീറിയിട്ടിരിക്കുന്നു
ദൂരങ്ങളില്‍ വറ്റിക്കിടക്കുന്ന ചില അരുവികളോ പേരറിയാത്ത
ചെടികള്‍ ചൂടുന്നു
ഇവിടെ മണ്‍കറ്റില്‍ ചാരിയിരുന്ന് കരയണം
3
തണല്‍ ചൊരിഞ്ഞ മരത്തിനു താഴെ ഒരു ചങ്ങാതി
അയാളുടെ വീടാണത്
മഞ്ഞും മഴയുമേല്‍ക്കേ
അയാള്‍ വിറയ്ക്കുന്നുണ്ടാവണം
അയാള്‍ യാഥാര്‍ത്ഥ്യത്തില്‍ കഴിയുന്നവന്‍
അരിച്ചെടുത്താല്‍ മനുഷ്യന്‍ ഇത്രയേ ഉള്ളൂ.
 ഒന്നാം ഖണ്ഡത്തില്‍ മരം കൊത്തി മരത്തില്‍ കൊത്തുന്ന ഒച്ച കേള്‍ക്കണമെങ്കില്‍ പലതും വേണ്ടെന്നു വെക്കണമെന്നു കവി പറയുന്നു.പലതും എന്ന് പറയുന്നത് പ്രകൃതിയില്‍ നിന്ന് വേറിട്ടുപോയും പ്രകൃതിയില്‍ പല തരത്തില്‍ ഇടപെട്ടും പ്രകൃതിയെ പല തരത്തില്‍ നിയന്ത്രിച്ചുമൊക്കെ മനുഷ്യന്‍ നിര്‍മിച്ച നാഗതികതയുടെ നേട്ടങ്ങള്‍ തന്നെയാണ്.  പ്രകൃതിയുമായുള്ള ബന്ധത്തെ ഈ തരത്തിലൊക്കെ മാറ്റിത്തീര്‍ത്തു തന്നെയേ മനുഷ്യന് മുന്നോട്ട് പോകാനാവൂ.പ്രകൃതിയ്ക്കുമേല്‍ ഒരു തരത്തിലും ഇട പെടില്ല എന്ന നിലപാടുമായാണ് ജീവിക്കുന്നതെങ്കില്‍ മനുഷ്യന് പിന്നെ പ്രകൃതിയുടെ നിയമങ്ങള്‍ അനുസരിച്ച് മറ്റൊരു ജന്തുവായി നിലനില്‍ക്കുകയേ സാധ്യമാവൂ.അങ്ങനെയാവുമ്പോള്‍ ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിയും ഭാവനയും പ്രയോജനപ്പെടുത്തി സ്വേച്ഛയനുസരിച്ച് പുതുനിര്‍മിതികള്‍ സാധിക്കാനുള്ള മനുഷ്യന്റെ വൈഭവം പാഴായിപ്പോവും.ഫലത്തില്‍ അത് മനുഷ്യത്വത്തിന്റെ തന്നെ നിരാകരണമായിത്തീരും.
രണ്ടാം ഖണ്ഡത്തില്‍ ഗ്രാമജീവിതത്തിന്റെ ലാളിത്യവും അകളങ്കിതമായ അവസ്ഥയും ദൈന്യവും വ്യക്തമാക്കുന്ന ചില ദൃശ്യങ്ങളാണുള്ളത്.ആ ദൃശ്യങ്ങളുടെ അവതരണത്തിനു ശേഷമാണ് 'ഇവിടെ മണ്‍കറ്റില്‍ ചാരിയിരുന്ന് കരയണം' എന്ന വരി വരുന്നത്.മുന്‍വരികളില്‍ വിവരിച്ചിരിക്കുന്ന സരളതകളെപ്പോലെ തന്നെ നിര്‍വ്യാജമാണ് ആ കരച്ചിലും.ആ കരച്ചിലിലുമുണ്ട് അനുപമവും അവ്യാഖ്യേയവുമായ ആനന്ദം.അത് തിരിച്ചറിയണമെന്നുണ്ടെങ്കില്‍ ആദ്യവരികളില്‍ വിവരിച്ചിരിക്കുന്ന ജീവിതം നിലകൊള്ളുന്ന പരിസരത്തിന്റെ അകൃത്രിമത്വം അറിയണം.അതിന്റെ ദൈന്യതയെ പോലും മനോഹരമാക്കുന്ന സ്നേഹത്തെയും നൈസര്‍ഗികതയെയും അറിയണം.
  മൂന്നാം ഖണ്ഡത്തില്‍ അവതരിപ്പിച്ചിരിക്കുന്ന വിറക്കുന്ന മനുഷ്യനെ \'യാഥാര്‍ത്ഥ്യത്തില്‍ കഴിയുന്നവന്‍\' എന്നാണ് കവി നിര്‍വചിച്ചിരിക്കുന്നത്.യാഥാര്‍ത്ഥ്യത്തില്‍ കഴിയുന്ന മനുഷ്യന് തണല്‍ ചൊരിയുന്ന മരത്തിന്റെ ചുവട് തന്നെയാണ് വീട്.അയാള്‍ മനുഷ്യാവസ്ഥയുടെ ഏറ്റവും പ്രാഥമികമായ തലത്തിനപ്പുറം പോകാത്ത മനുഷ്യനാണ്.മനുഷ്യന്‍ ഭാവനയും അധ്വാനശേഷിയും ധനവുമെല്ലാം ഉപയോഗിച്ച് നിര്‍മിക്കുന്ന പാര്‍പ്പിടത്തില്‍ നിന്നകലെയാണ് അയാളുടെ പാര്‍പ്പ്.\'അരിച്ചെടുത്താല്‍ മനുഷ്യന്‍ ഇത്രയേ ഉള്ളൂ\' എന്ന കവി വാക്യത്തിലെ പ്രധാന സൂചന മനുഷ്യനെ പ്രാകൃതാവസ്ഥയില്‍ നിന്ന് പുറത്തേക്കെത്തിക്കുകയും പ്രകൃതിയില്‍ നിന്ന് ബഹുദൂരം മുന്നിലേക്ക് അല്ലെങ്കില്‍ അകലേക്ക് കൊണ്ടുപോവുകയും ചെയ്ത ഘടകങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ അരിച്ചെടുത്തു കളയേണ്ട അനാവശ്യസംഗതികള്‍ക്കപ്പുറം ഒന്നുമല്ല എന്നതാണ്.ഇത് ശുദ്ധമായ കാല്പനിക നിലപാടും'കാതല്‍' വാസതവത്തില്‍ നൂറുശതമാനവും കാല്പനികമായ കവിതയുമാണ്. കവിതയുടെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയിരിക്കുന്നതും അതിനെ യാഥാര്‍ത്ഥ്യത്തിന്റെ/ അനുഭവത്തിന്റെ മറുവശത്തേക്ക് പോകാന്‍ അനുവദിക്കാത്തതും കവിയുടെ കാല്പനികനിലപാട് തന്നെയാണ്.നന്നായി എഴുതപ്പെടുന്ന  ഒരു കവിതയും പക്ഷേ വായനക്കാരെ ആരംഭത്തില്‍ത്തന്നെ അതിന്റെ ഉള്ളടക്കത്തിന്റെ ദാര്‍ശനികദൌര്‍ബല്യങ്ങളെ കുറിച്ചുള്ള യുക്തിവിചാരങ്ങളിലേക്ക് നയിക്കില്ല.കവിത നല്‍കുന്ന അനുഭവത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ യുക്തിവിചാരത്തിന് ഇടമില്ല.കവിത അനുഭവത്തെ അര്‍ത്ഥമാക്കുകയല്ല മറിച്ച് സ്വയം അനുഭവം തന്നെ ആയിത്തീരുകയാണ് ചെയ്യേണ്ടത് എന്നതാണ് കാല്പനികരുടെ മതം."A poem should not mean but be’ എന്ന് ആര്‍ക്കിബാള്‍ഡ് മക്ലീഷ്.എന്നാല്‍ കവിത ഏതനുഭവമായിത്തീര്‍ന്നാണോ സ്വയം നിര്‍വചിക്കുന്നത് അതിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന വിപരീതങ്ങളെ കൂടി കണ്ടെടുക്കുന്നതിലൂടെയാണ് വായന സമഗ്രത കൈവരിക്കുന്നത്.അല്ലാതുള്ള വായന വിധേയത്വത്തോടെയുള്ള അനുകരണാത്മക വായനയാണ്.കവി നല്‍കുന്ന അനുഭവത്തില്‍ അവസാനിക്കുന്ന വായനയാണ്.
മൂന്ന് സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് 'കാതലി'ല്‍ കവി പറയുന്ന കാര്യം നാഗരികതയെ നിയന്ത്രിക്കുന്ന വ്യാപാരയുക്തികള്‍ക്കും നിയമങ്ങള്‍ക്കും കടന്നുചെല്ലാനാവാത്ത ഇടങ്ങളില്‍ ലളിതമധുരമായ ചില അനുഭവങ്ങളുണ്ടെന്നും അവയെ ഏറ്റവും ശുദ്ധവും സരളവുമായ അവസ്ഥയില്‍ നേരിട്ടറിയണമെങ്കില്‍ നമ്മെ പരിഷ്ക്കാരികളും വിപണിനാഗരികതയുടെ നടത്തിപ്പുകാരുമാക്കുന്ന പലതും ഉപേക്ഷിക്കണമെന്നും ആണ്.പ്രായോഗിക ജീവിതത്തില്‍ ഈ ഉപേക്ഷിക്കല്‍ മിക്കവാറുംഅസാധ്യമാണെന്നത് ഒന്നാമത്തെ കാര്യം.എല്ലാം ഉപേക്ഷിച്ചു എന്ന് താല്‍ക്കാലികമായി ഭാവിച്ചുകൊണ്ട് ചെന്നാല്‍  പ്രകൃതിയില്‍ നിന്ന് നമുക്ക് ചില ആനന്ദങ്ങള്‍ കൈവരുന്നുവെങ്കില്‍ അത് നാം അനുഭവിക്കുന്ന പുതിയ നാഗരികജീവിതം നല്‍കുന്ന സൌകര്യങ്ങളുടെയും സുരക്ഷാബോധത്തിന്റെയും കൂടി ഫലമായിട്ടാണെന്നത് അതിലും പ്രധാനപ്പെട്ട കാര്യം.കവിതയില്‍ വിവരിച്ചിരിക്കുന്ന ഗ്രാമീണ പ്രകൃതിയില്‍ ജീവിക്കുന്നവരുടെ അനുഭവം നാഗരികന് പുറംകാഴ്ചയില്‍ നിന്നോ ഓര്‍മയില്‍ നിന്നോ ലഭിക്കുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്നും അത് പലപ്പോഴും ദുരിതങ്ങളും വേദനകളും നിറഞ്ഞതാണെന്നും കവിക്കും നമുക്കുമെല്ലാം അറിയാം.പക്ഷേ,ആ ജീവിതത്തിന് കവി പറഞ്ഞിരിക്കുന്നതു പോലെ അനുഭവം അതിന്റെ പ്രാഥമികപരിശുദ്ധിയോടെ നിലനില്‍ക്കുന്ന ഒരു തലവും കൂടി ഉണ്ടെന്നതും ആ തലത്തില്‍ മനുഷ്യന് അനുഭവിക്കാനാവുന്ന ആനന്ദത്തിന് തുല്യമായി മറ്റൊന്നില്ലെന്നതും അത്രയും തന്നെ തികവുറ്റ വാസ്തവമാണ്.അതേ സമയം മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം മാത്രമായി നിലനില്‍ക്കുന്ന അവസ്ഥയെ സ്വാതന്ത്യ്രമെന്നു വിളിക്കാനോ ആനന്ദകരമെന്നു വിശേഷിപ്പിക്കാനോ ആവുകയുമില്ല.അത് സ്വാതന്ത്യ്രമല്ല പൌരാണികമായ അസ്വാതന്ത്യ്(archaic unfreedom-Adorno)മാണ്.പ്രകൃതിയിലെ സൌന്ദര്യാനുഭവങ്ങളുടെ നിര്‍മാതാക്കളായി നാം അംഗീകരിച്ചിട്ടുള്ള തേനീച്ചയും കുയിലും പൂമ്പാറ്റയുമെല്ലാം അനുഭവിക്കുന്ന അതേ അസ്വാതന്ത്യ്രം.ആ അസ്വാതന്ത്യ്രത്തിന്റെ പ്രകീര്‍ത്തനമൊന്നുമല്ല ജോസഫിന്റെ കവിതയുടെ ലക്ഷ്യമെന്ന് അനായാസമായി സ്ഥാപിക്കാം.എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിന് വാസ്തവത്തില്‍ വളരെ കുറച്ച് വസ്തുക്കളും സൌകര്യങ്ങളും മാത്രമേ ആവശ്യമുള്ളൂ എന്ന തോറോവിന്റെയും ഗാന്ധിജിയുടെയുമൊക്കെ ദര്‍ശനത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഒരു മനോഭാവമാണ് കാതല്‍ എന്ന കവിതയുടെ ഭാവാന്തീക്ഷത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് തീര്‍ത്തു പറയാം.പുരോഗതിയുടെയും വികസനത്തിന്റെയുമെല്ലാം ഭാഗമായി വ്യക്തിയുടെ ജീവിതം വസ്തുക്കളുടെ സംഭരണം മാത്രം ലക്ഷ്യമാക്കുന്ന വിചിത്രമായൊരു പ്രക്രിയയായി മാറുകയും പ്രകൃതിയുമായി ബന്ധപ്പെട്ട സ്വാഭാവിക വൈകാരിക ചലനങ്ങളെല്ലാം മനസ്സിന് അപരിചിതമായിത്തീരുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ആത്മവേദനയില്‍ നിന്നു തന്നെയാണ് ആ കവിത പിറവിയെടുത്തിരിക്കുന്നത്.അതുകൊണ്ടു തന്നെയാണ് കവിതയിലെ ജീവിതചിത്രങ്ങളുടെ മറുവശത്ത് നിലകൊള്ളുന്ന വാസ്തവങ്ങളെ കുറിച്ചുള്ള വിചാരങ്ങളും കവിത നിര്‍വഹിക്കുന്ന സൌന്ദര്യാനുഭവനിര്‍മാണത്തെ വലുതായി ബാധിക്കാത്തത്.രൂപം കൊണ്ട കാലഘട്ടവുമായി വിദൂരബന്ധം പോലും ഇല്ലാത്ത അവസ്ഥയിലും ഒരു ഫോക് കലാരൂപം അനന്യമായൊരു വൈകാരികാനുഭവം നല്‍കുന്നതിനോട് താരതമ്യം ചെയ്യാവുന്ന സംഗതിയാണത്.
അവസാനമായി ഒരു കാര്യം കൂടി.പ്രകൃതിയെ ആദിമമനുഷ്യര്‍ നാം ഇന്ന് സങ്കല്പിക്കുന്ന രീതിയില്‍ എല്ലാ ഘട്ടങ്ങളിലും ഭക്ത്യാദരപൂര്‍വമാണ് സമീപിച്ചിരുന്നത് എന്ന് കരുതുന്നത് തെറ്റാണ്.തങ്ങള്‍ക്കാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍,ആവശ്യമായ രീതിയില്‍ പ്രകൃതിയില്‍ ഇടപെടുന്നതിലും ഇന്നത്തെ പ്രയോഗം സ്വീകരിച്ച് പറഞ്ഞാല്‍ പ്രകൃതിയെ ആക്രമിക്കുന്നതിലും അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല പലപ്പോഴും ആ ഇടപെടലുകള്‍ക്ക് ആഘോഷത്തിന്റെ സ്വഭാവമുണ്ടായിരുന്നു താനും.ഒഡീഷയിലെ ഒരാദിവാസി വിഭാഗമായ സഓറകളുടെ ഈ ഗാനം അതിനുള്ള സംശയാതീതമായ തെളിവാണ്.
"പ്രിയസോദരരേ പോരൂ
പ്രിയ സോദരിമാരേ പോരൂ
ഊക്കില്‍ തലപൊന്തിച്ചുനില്‍ക്കുന്ന
ഓന്തിനെപ്പോലുള്ള
ആ കുന്നിന്റെ ചെരിവില്‍
വരൂ പോകാം നമുക്ക്
ചുണ്ടെലിപ്പല്ലുള്ള അരിവാള്‍ കൊണ്ട് നാം
കാടും കുറ്റിച്ചെടുകളും വയക്കും
മരങ്ങള്‍ നാം മുറിക്കും
മണ്ണ് നാം കുഴിക്കും
മഴദേവനിതാ ഇനി നേരം
വൈകാതെയിങ്ങെത്തും
പ്രിയസോദരേ പോരൂ
പ്രിയസോദരിമാരെ പോരൂ
പോരുന്നേരം മറന്നേക്കരുതേ
ഓടക്കുഴല് കൊണ്ടുപോരാന്‍.''
(ജനശക്തി വാരിക 2012 ഏപ്രില്‍ 28-മെയ് 4)

ഓര്‍മ

പുഴയോരത്തെ പഴയ വീട്ടില്‍
മലവെള്ളം കയറിയ നാളില്‍
ഒരു കുഞ്ഞുതോണി
വാഴത്തലപ്പുകള്‍ക്ക് മുകളിലൂടെ പാഞ്ഞുപോയി
കുന്നിന്‍ ചെരിവിലെ സ്കൂള്‍ വരാന്തയില്‍
അത് ചെന്നടുത്തപ്പോള്‍
ചുഴികുത്തുന്ന കലക്കുവെള്ളത്തില്‍
മരണത്തെ ചവുട്ടിത്താഴ്ത്തി കാല്‍കഴുകിയ വീരരെപ്പോലെ
ചാടിയിറങ്ങിയ പത്തുപേരില്‍
ഞാനൊഴിച്ച് മറ്റാരും ഇന്നീ ഭൂമിയിലില്ല
ആരുടെ തോണിക്കും ചെന്നടുക്കാനാവാത്ത കരയില്‍
ഓരോരുത്തരായി ഒമ്പതുപേരും ചെന്നുചേര്‍ന്നു
പ്രപഞ്ചം തന്നെ മരിച്ചുപോയതുപോലെ
ഏകാന്തത നെഞ്ചില്‍ വിങ്ങുന്ന രാത്രികളില്‍
പെരുമ്പാമ്പൊത്ത തിരകള്‍ക്കുമേല്‍
ഒരു തോണി എന്നെയും കൊണ്ട് പാഞ്ഞുപോവുന്നു
കുന്നുകാണുന്നില്ല,കര കാണുന്നില്ല
കണ്ണെത്തുന്നിടം വരെ ഒരു കാക്കച്ചിറക് കാണുന്നില്ല
ഇരമ്പിമറയുന്ന പുഴയ്ക്കുമുകളില്‍
കരിമേഘങ്ങളകലുന്ന ആകാശത്തില്‍
ഇടയ്ക്കൊരു പൂര്‍ണചന്ദ്രന്‍ നിവരുന്നു
തിരക്കുത്തില്‍ തോണി ഇളകിയാടുമ്പോള്‍
ആ ചന്ദ്രനില്‍ തെളിയുന്നു
ഒരു കുന്ന്
ഓല മേഞ്ഞ സ്കൂള്‍
വരാന്തയില്‍ ദേഹത്തെ മഴത്തുള്ളികള്‍
പിന്നെയും പിന്നെയും കുടഞ്ഞെറിയുന്ന
ചൊറിപിടിച്ച ഒരു നായ.

Sunday, April 29, 2012

ഏകാന്തത

ഏതോ ചിന്തയെ,വികാരത്തെ
അനുഭൂതിയെ തിരഞ്ഞ്
ഓര്‍മകളും പുസ്തകങ്ങളും
ഒരുപാടാശയങ്ങളും കുത്തിമറിച്ച്
ഒന്നും കിട്ടാത്ത കാട്ടുപന്നിയെപ്പോലെ
ഞാന്‍ മടങ്ങിപ്പോകെ
എന്റെ ഏകാന്തത പലനാള്‍ പട്ടിണി കിടന്ന
പുലിയെപ്പോലെ എനിക്കുമേല്‍ ചാടിവീണു.

ആത്മഗതം


ജലപ്പിശാചേ,നിന്റെ ഇടം ജലം
കരയിലെത്തിയാല്‍ നീ വെറും കീടം
ആകാശഭൂതമേ,നിന്റെ ഇടം ആകാശം
ഭൂമിയില്‍ വിരല്‍ തൊടുന്ന നിമിഷം
നീ അശക്തന്‍,അശു
എനിക്കാവില്ല നിങ്ങള്‍ക്കുവേണ്ടി നേരം കളയാന്‍
ഭൂമിയാണെന്റെ ഇടം
സമന്മാരോടേ ഞാന്‍ കൊമ്പുകോര്‍ക്കൂ
അറിഞ്ഞോളൂ
മരിക്കും വരെയുമെനിക്ക്
മനസ്സ് മടുക്കില്ല.

കവിതാഡയറി

30
1.
കലമ്പല്‍ കൂട്ടുന്ന ആത്മാവുമായി
കവിതയ്ക്കുള്ള വിഷയം തേടി നടന്നപ്പോഴെല്ലാം
കഴുത്തില്‍ മണി വീണ കുറുക്കനായി ഞാന്‍
ഓരോരോ കാല്‍വെപ്പിലും
എന്റെ ഇരകള്‍ ഓടിയോടി മറഞ്ഞു.
2
ഇരതേടലിന്റെ രൂപകം കവിതയെഴുത്തി-
നിണങ്ങുന്നതല്ല
അത് ചിലപ്പോള്‍ ഉറവ പൊട്ടുന്നതു പോലെയാണ്
ചിലപ്പോള്‍ കാറ്റത്ത് ഒരില പാറി വീഴുന്നതുപോലെ
ചിലപ്പോള്‍ ഇടിമിന്നലില്‍ ഒരു കുമിള്‍
മുളച്ചു പൊങ്ങുന്നതുപോലെ
ചിലപ്പോള്‍ മറവിയുടെ കൂട്ടില്‍ നിന്ന്
ഒരു കിളിയോ അണ്ണാനോ
പുറത്തുചാടുന്നതുപോലെ
ചിലപ്പോള്‍ ...
29-4-2012


Friday, April 27, 2012

കവിതാഡയറി

29
കൊറ്റികള്‍ കൂട്ടം ചേര്‍ന്ന് പറക്കുന്നു
അവ ചെന്നുചേരാനുള്ള പാടങ്ങള്‍
എങ്ങോ കോരിത്തരിക്കുന്നു.
26-4-2012
'ഇതാ ഈ വഴി ഒരു കേഴ പോയിട്ടുണ്ട്'
വേട്ടക്കാരന്‍ സുഹൃത്തിനോട് പറഞ്ഞു
'അതാ ഒരു വേട്ടക്കാരനും സുഹൃത്തും പോവുന്നു'
മുകളിലിരുന്ന് ആരോ അങ്ങനെ പറയുന്നുണ്ടാവുമോ
എന്ന തോന്നലില്‍ സുഹൃത്ത് മൌനിയായി.
27-4-2012

Wednesday, April 25, 2012

കവിതാഡയറി

28
എന്നെ താഴത്തുവെച്ച് ഉറുമ്പരിക്കാതെയും
തലയില് വെച്ച് പേനരിക്കാതെയും കാക്കാനും
എന്റെ കൈവളരുന്നോ കാല് വളരുന്നോ
എന്ന് നോക്കിയിരിക്കാനും
ഞാനല്ലാതെയാരുണ്ട്?
25-4-2012

Tuesday, April 24, 2012

കവിതാഡയറി

27
               1
ഉള്‍ക്കാട്ടിലെങ്ങോ ഇരുന്ന്
ആരും കാണാതെ
ഒരു മലമ്പ്രാവ് കുറുകുന്നു
കാട് മുഴുവന്‍ അത് മുഴങ്ങുന്നു.
23-4-2012
               2
കാടിനു നടുവിവെ നിരവയില്‍
കരിമ്പാറപ്പുറത്ത് മലര്‍ന്നുകിടന്ന്
ആകാശം കണ്ടു
എത്രയോ കാലമായി
വെറുതെ ഒന്നോര്‍ക്കാന്‍ പോലും
നേരംകൂടാത്ത ആകാശം.
23-4-2012
             3
ആനയും പുലിയും കാട്ടിയും
കരിമൂര്‍ഖനുമുള്ള കാട്ടില്‍ നിന്ന്
പുറത്തുകടക്കുമ്പോള്‍
ആയുസ്സുംകൊണ്ട് രക്ഷപ്പെട്ടല്ലോ
എന്നാശ്വസിച്ചു
കാറും ലോറിയും ബസ്സും ബൈക്കും ചീറിപ്പായുന്ന
റോഡിലെത്തിയപ്പോള്‍
എപ്പോഴും എന്തും സംഭവിക്കാമല്ലോ എന്ന ആധിയായി.
24-4-2012



Saturday, April 21, 2012

കവിതാഡയറി

26
എന്റെ രോമത്തിനുണ്ടോടാ നീ?
നാണുനമ്പ്യാര്‍ അങ്ങനെ
നേര്‍ക്കുനേരെ ചോദിച്ച ദിവസമാണ്
അയാളുടെ കാര്യസ്ഥപ്പണി ഞാന്‍ വിട്ടത്
കൊല്ലങ്ങള്‍ പലതുകഴിഞ്ഞു
ആ ചോദ്യം തീര്‍ത്ത മുറിവ്
മാഞ്ഞും മറഞ്ഞും പോവുന്നതേയില്ല
അതിനാല്‍ രണ്ടു ദിവസം എന്നോട്
കൂട്ടുകൂടി നടക്കുന്ന ഏതൊരാളോടും
മൂന്നാം ദിവസം
ഞാനും ചോദിച്ചു പോവുന്നു:
എന്റെ രോമത്തിനുണ്ടോടാ നീ?
21-4-2012





കവിതാഡയറി

25
വയസ്സായി
ഇനി ആഗ്രഹങ്ങളെ നിയന്ത്രിക്കണം
വികാരങ്ങളെയും വിചാരങ്ങളെയും
നിലക്കു നിര്‍ത്തണം
ഈ പ്രായത്തിലും വിവേകമുദിച്ചില്ലെങ്കില്‍
പിന്നെ എപ്പോഴാണ്?
നിത്യവും സ്വയം ഓര്‍മിപ്പിക്കും
പക്ഷേ,കഷ്ടം! എനിക്കല്ലേ വിവേകമുദിക്കൂ
ആഗ്രഹങ്ങള്‍,വികാരങ്ങള്‍,വിചാരങ്ങള്‍
അവയ്ക്കുണ്ടോ ബുദ്ധി,വകതിരിവ്,വീണ്ടുവിചാരം
കഴുതകള്‍! വെറും കഴുതകള്‍!!
21-4-2012

Friday, April 20, 2012

കവിതാഡയറി

24
കൂകിപ്പായുകയാണ് തീവണ്ടി
കുട്ടിക്കാലത്ത് കേട്ട കൂവല്‍ പക്ഷേ
മറ്റൊന്നാണ്
കൂവലിനൊപ്പം പാഞ്ഞ വിചാരങ്ങളും
മറ്റെന്തൊക്കെയോ ആണ്
അവ വീണ്ടുകിട്ടിയാലും
അവയോടൊപ്പം കൂകിപ്പാഞ്ഞ്
ഇന്ന് ഞാന്‍ ചെന്നെത്തുന്നത്
കടല്‍ക്ഷോഭത്തില്‍ മുങ്ങിപ്പോയ
ഏതോ റെയില്‍വെസ്റേഷനിലായിരിക്കും.
20-4-2012

Thursday, April 19, 2012

കവിതയിലെ ദുശ്ശീലങ്ങള്‍

ഒതുക്കിയും ഒളിച്ചും അടക്കിയും കുറുക്കിയും പറയുക എന്നത് കവിതയുടെ പഴയ ദുശ്ശീലങ്ങളിലൊന്നാണ്.ലോകത്തെല്ലായിടത്തും നാടോടിയല്ലാത്ത കവിത നിഗൂഢവല്‍ക്കരണത്തിനുള്ള വാസന കാലാകാലമായി നിലനിര്‍ത്തിപ്പോരുന്നുണ്ട്.തന്റെ പുരാതന വസതികളിലൊന്നായ മന്ത്രവാദത്തെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളെ കുടഞ്ഞെറിയാനുള്ള  മടി കവിതയെ വിടാതെ പിന്തുടരുന്നുണ്ടെന്നു പറയാം.ജാതിസമൂഹങ്ങളില്‍ മേല്‍ജാതിക്കാര്‍ സൂക്ഷിച്ചിരുന്ന മിഥ്യാഭിമാനത്തിന് സമാനമായ ഉല്‍ക്കര്‍ഷബോധം ഈ മടിയോട് കൂടിച്ചേര്‍ന്നുണ്ടാവുന്ന അസുഖകരമായ അവസ്ഥയിലാണ് മലയാളത്തിലെ കവിതാനിര്‍മാണവും വായനയും നിലനില്‍ക്കുന്നത്.പുതു കവിതയിലെ സ്വാതന്ത്യ്രപ്രഖ്യാപനങ്ങളില്‍ ഒട്ടുമിക്കവയും ഈ അവസ്ഥ സൃഷ്ടിക്കുന്ന അദൃശ്യമായ വിലക്കുകളെ മറികടക്കുന്നില്ലെന്നതാണ് വാസ്തവം.
കവിത മന്ത്രവാദത്തെയോ രഹസ്യാത്മകമാവാനുള്ള മറ്റ് സങ്കേതങ്ങളെയോ ആശ്രയിക്കുമ്പോള്‍ സ്വാഭാവികമായും സാമൂഹ്യവിമുഖതയിലേക്കും സ്വാത്മകേന്ദ്രീകരണത്തിലേക്കുമാവും കവി നയിക്കപ്പെടുക.അവനവനെ പേര്‍ത്തും പേര്‍ത്തും വ്യാഖ്യാനിച്ചും വിശദീകരിച്ചും കൊണ്ടിരിക്കാനുള്ള പ്രേരണയില്‍ നിന്ന് പുറത്തുകടക്കുക കവിക്ക് പിന്നെ എളുപ്പമാവില്ല.അനുഭവങ്ങളുടെ പൊതുവിടങ്ങളിലേക്ക് വന്നെത്തുമ്പോള്‍ തനിക്ക് സംഭവിച്ചേക്കാവുന്ന പരിവേഷനഷ്ടത്തെ കുറിച്ചുള്ള ഭയം കവിയെ നയിച്ചുതുടങ്ങിയാല്‍ ആത്മാനുരാഗം വഴി ഉണ്ടാവുന്ന ആവര്‍ത്തനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്നെ ഭാഷയെയും രൂപത്തെയും കേന്ദ്രീകരിച്ചുള്ള അഭ്യാസങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കവിതകളില്‍ ചെറുതല്ലാത്ത ഒരു പങ്ക് ഇങ്ങനെ കവിക്ക് മാത്രം സഹായകമായിത്തീരുന്ന അഭ്യാസങ്ങളാണ്.
കവിതയെ സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തുക എന്നത് വലിയൊരു സാധ്യത തന്നെയാണെന്ന് അംഗീകരിക്കാന്‍ നമ്മുടെ കവികള്‍ കാട്ടുന്ന വിമുഖത പൊതുവില്‍ മലയാള സാഹിത്യത്തെയും ഭാഷയെയും പല തരത്തില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്.എല്ലാ മേഖലകളില്‍ നിന്നുമുള്ള അനുഭവങ്ങള്‍ക്ക് യഥേഷ്ടം കടന്നുവരാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുമ്പോഴാണ് ഭാഷയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ പൂര്‍ണമായ സ്വാതന്ത്യ്രബോധത്തോടെ മുന്നോട്ട് പോവാനാവുക.പ്രത്യക്ഷരാഷ്ട്രീയാനുഭവങ്ങള്‍ക്ക് വഴി നടക്കാന്‍ സ്വാതന്ത്യ്രം ലഭിക്കാത്ത ക്ഷേത്രപാതയായി മലയാളകവിത നിലനില്‍ക്കുന്നത് നമ്മുടെ കവിതയ്ക്ക് മാത്രമല്ല ഭാഷയ്ക്ക് തന്നെ അപമാനകരമാണ്; അപമാനകരമെന്നതിലേറെ അത് അങ്ങേയറ്റം അനാരോഗ്യകരമാണ്. രാഷ്ട്രീയാനുഭവങ്ങള്‍ എന്നതിന് രാഷ്ട്രീയകക്ഷികളുമായും അവയ്ക്കുള്ളിലും അവ തമ്മില്‍ തമ്മിലുമുള്ള അധികാരമത്സരങ്ങളുമായും ബന്ധപ്പെടുന്ന അനുഭവങ്ങള്‍ എന്നു മാത്രമല്ല അര്‍ത്ഥം.പ്രാദേശിക തലത്തില്‍ പരിസ്ഥിതി പ്രശ്നങ്ങളെ മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍ മുതല്‍ അധിനിവേശത്തിനെതിരെയും അഴിമതിക്കെതിരെയും അധികാരികളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വേണ്ടിയുള്ള ജനങ്ങളുടെ അവകാശത്തിനുവേണ്ടിയും ദേശീയ തലത്തില്‍ നടക്കുന്ന സമരങ്ങള്‍ വരെ നൂറുനൂറ് രാഷ്ട്രീയാനുഭവങ്ങള്‍ കവിയുടെ മുന്നിലുണ്ട്.അവയ്ക്കു പുറമേ ജാതിയും മതവും സാമ്പത്തിക അധികാരകേന്ദ്രങ്ങളും ജനജീവിതത്തിന്റെ വിവിധതലങ്ങളില്‍ സൃഷ്ടിക്കുന്ന എണ്ണമറ്റ പ്രശ്നങ്ങള്‍ വേറെയും. ഇവയെല്ലാം കണ്ടും കേട്ടും ഇവയില്‍ പലതിന്റെയും പല തരം അധികാരപ്രയോഗങ്ങള്‍ക്ക് വിധേയനായുമാണ് കവിയും ജീവിക്കുന്നത്.ബാഹ്യജീവിതത്തിലെ ഈ അനുഭവങ്ങളാലൊന്നും സ്പര്‍ശിക്കപ്പെടാത്ത ഒരു രഹസ്യ അറയാണ് കവിയുടെ ആന്തരികജീവിതം എന്ന തെറ്റിദ്ധാരണ ഒരു കവിക്കും ഗുണകരമല്ല.പൌരനെന്ന നിലയില്‍,സാമൂഹ്യജീവിയെന്ന നിലയില്‍ തങ്ങള്‍ക്കുണ്ടാവുന്ന അറിവുകള്‍ക്കും ആഘാതങ്ങള്‍ക്കും കവിതയില്‍ പ്രവേശനം നല്‍കുമ്പോള്‍ അങ്ങേയറ്റം വക്രമോ ധ്വനിസാന്ദ്രമോ ദുര്‍ഗ്രഹമോ ആയ രീതികള്‍ തന്നെ അവലംബിക്കണമെന്ന് കവികള്‍ സ്വയം നിഷ്ക്കര്‍ഷിക്കുന്നതിന് സാധ്യമാവുന്ന പ്രാഥമിക വിശദീകരണം ഇതാണ്: പുറമേ എന്തൊക്കെ ഭാവിക്കുമ്പോഴും അവര്‍ സ്വാതന്ത്യ്രത്തെ ഭയപ്പെടുന്നു.മലയാളഭാഷ പുതിയ ലോകസാഹചര്യങ്ങളിലെ പല നൂതനാനുഭവങ്ങളുടെയും ആവിഷ്ക്കാരത്തിന് അനുയോജ്യമല്ല എന്ന ധാരണ വളര്‍ത്തുന്നതിന് നമ്മുടെ കവികളുടെ ഈ ഭയവും ശാഠ്യവും ചെറുതല്ലാത്ത അളവില്‍ കാരണമായിത്തീരുന്നുണ്ട്.ഇക്കാര്യം ആവര്‍ത്തിച്ച് പറയുക;കവികളെയും അവര്‍ ഒരുക്കുന്ന ശീതളച്ഛായയില്‍ മയങ്ങിക്കിടക്കുന്ന വായനക്കാരെയും അലോസരപ്പെടുത്തുക.നമ്മുടെ കവിതയെ സ്വാതന്ത്യ്രത്തിലേക്ക് പ്രകോപിപ്പിച്ചുണര്‍ത്താനുള്ള വഴി അതുതന്നെയാണ്.
ലാറ്റിനമേരിക്കന്‍ കവിതയിലെ ഏറ്റവും പാരമ്പര്യവിരുദ്ധവും വിപ്ളകരവുമായ സാന്നിധ്യമായി പല ദശകങ്ങളായി പരിഗണിക്കപ്പെട്ടു വരുന്ന നിക്കോനാര്‍ പാറ 1960 കളുടെ ആരംഭത്തില്‍ എഴുതി:
"ഞാനിവിടെ വന്ന്
എന്റെ റോളര്‍കോസ്റര്‍ സ്ഥാപിക്കുന്നതിനു മുമ്പുള്ള
അര നൂറ്റാണ്ടു കാലം
കവിത വിശുദ്ധ വിഡ്ഡിയുടെ സ്വര്‍ഗമായിരുന്നു.
ഇനി വേണമെന്നുണ്ടെങ്കില്‍
ഇതില്‍  കയറിക്കോളൂ
മൂക്കില്‍ നിന്നും വായില്‍ നിന്നും
ചോരയൊലിപ്പിച്ച് നിങ്ങള്‍ താഴേക്കു വീണാല്‍
പക്ഷേ,ഞാന്‍ ഉത്തരവാദിയല്ല.''
അദ്ദേഹം പിന്നെയും എഴുതി:
"മാന്യമഹാജനങ്ങളേ,
ഇത് നമ്മുടെ അവസാനവാക്കാണ്
-നമ്മുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്-
കവികള്‍ ഒളിമ്പസ് പര്‍വതത്തില്‍ നിന്ന് താഴേക്കിറങ്ങി വന്നിരിക്കുന്നു
പഴയ ആളുകള്‍ക്ക് കവിതയൊരാഡംബര വസ്തുവായിരുന്നു
നമുക്ക് പക്ഷേ എങ്ങനെയും ഒഴിവാക്കാനാവാത്ത
അവശ്യവസ്തവാണത്.''
(മാതൃകാന്വേഷി മാസിക,ചെന്നൈ,ഏപ്രില്‍ 2012)

Wednesday, April 18, 2012

കവിതാഡയറി

23
ഞാന്‍ കള്ളന്‍ ഗോപാലനെ ചീത്തവിളിക്കും
പെണ്ണുങ്ങളെ വഴി നടക്കാന്‍ വിടാത്ത
പനമ്പന്‍ ശങ്കരനെ ചവിട്ടും
നൊണച്ചി നാണിയുടെ മുടിപിടിച്ച് വലിക്കും
ക്വട്ടേഷന്‍ സംഘത്തിന് പൊറോട്ടയും ബീഫും
ഫ്രീയായി കൊടുക്കുന്ന
കുങ്കന്‍ നാണുവിന്റെ ചായപ്പീടികക്ക് തീവെക്കും
എന്നൊക്കെ നിങ്ങളാശിച്ചു
ഞാനാണെങ്കില്‍ നിങ്ങളുദ്ദേശിച്ചതൊന്നും ചെയ്യാതെ
നാല് പാട്ടും പാടി തെക്കുവടക്ക് നടക്കുകയാണ്
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭീരുത്വത്തിന്
നിങ്ങള്‍ക്കുള്ള അത്രയും തന്നെ അവകാശം
ഈ ഒണക്കന്‍ ഗോയിന്ദനും ഉണ്ട്.
18-4-2012

Tuesday, April 17, 2012

കവിതാഡയറി

22
ഒന്നും തുറന്നു പറയാന്‍
ധൈര്യമില്ലാത്തതിനാല്‍
എങ്ങും തൊടാത്ത
തമാശകളില്‍ ഞാന്‍ തൂങ്ങിയാടി
അതും അപകടമാണെന്നു കണ്ടപ്പോള്‍
അഹോ,ഹോ എന്നൊക്കെ ആശ്ചര്യപ്പെട്ടു
അതുകൊണ്ടും രക്ഷയില്ലെന്നായപ്പോള്‍
അസംബന്ധത്തിനും മൌനത്തിനുമിടയില്‍
അബോധത്തിലെന്ന പോലെ നടത്തം തുടങ്ങി.
17-4-2012



കവിതാഡയറി

21
ആദ്യമായൊരു ഫ്രിഡ്ജ് വാങ്ങിയപ്പോള്‍
അന്തിക്ക് കനം വെക്കാന്‍ കാത്തുനിന്നിരുന്നു
ഇരുട്ടത്ത് ആരും കാണാതെ
ഒളിച്ചൊളിച്ചാണത് വീട്ടിലെത്തിച്ചത്
അത്രമേല്‍ ആത്മനിന്ദയും
അപരാധബോധവുമുണ്ടായിരുന്നു
ടി.വി വാങ്ങുമ്പോഴേക്കും
അത് കുറച്ചൊന്നു കുറഞ്ഞു
വാഷിംഗ് മെഷീന്‍ അത് പിന്നെയും കുറച്ചു
മൊബൈലും ലാപ്ടോപ്പും
സ്വന്തമാക്കുമ്പോഴേക്കും
അത് നാമമാത്രമായി
ഇന്നിതാ ഞാനൊരു കാറ് വാങ്ങുന്നു
ആത്മനിന്ദയില്ല
അപരാധബോധമില്ല
അഭിമാനമോ ആനന്ദമോ ഇല്ല
കാറ് വാങ്ങുന്നു എന്നതിന്റെ അര്‍ത്ഥം
കാറ് വാങ്ങുന്നു എന്നു മാത്രമാണ്.
17-4-2012

കവിതാഡയറി

20
ഹിമാലയത്തിലെ സന്ന്യാസിമാര്‍
അത്ഭുതസിദ്ധികളുള്ള മഹാജ്ഞാനികളാണത്രെ
അവരെ  കാണാന്‍
നാളെത്തന്നെ ഞാന്‍ പുറപ്പെടും
എനിക്ക് അദൃശ്യനായി അങ്ങാടിയിലും അന്ത:പുരത്തിലും
കോട്ടയിലും കൊട്ടാരത്തിലുമെത്തുന്ന വിദ്യ പഠിക്കണം
വായുവില്‍ നിന്ന് പൊന്നും പണവുമെടുക്കുന്ന വിദ്യ പഠിക്കണം
സമസ്ത സുന്ദരികളെയും സ്വന്തമാക്കുന്ന വിദ്യ പഠിക്കണം
സകലശത്രുക്കളെയും ഭസ്മമാക്കുന്ന വിദ്യപഠിക്കണം
ശടപടോന്ന് ബ്രഹ്മജ്ഞാനം നേടുന്ന വിദ്യപഠിക്കണം
എടുപിടീന്ന് സ്വര്‍ഗത്തിലെത്തുന്ന വിദ്യ പഠിക്കണം
അമ്മേ,മഹാമായേ,എനിക്ക് ഹിമാലയത്തിലെ സന്ന്യാസിമാരെ കാണണം.
16-4-2012

Sunday, April 15, 2012

കവിതാഡയറി

19
ആട് ആടാണ് എന്നു ഞാന്‍ പറയുമ്പോഴേക്കും
അത് കുതിരയായിക്കഴിഞ്ഞു
മുറ്റത്തിറങ്ങി വാഴക്കയ്യില്‍ ഇപ്പോള്‍
ഒരു കാക്ക വന്ന് ഇരിക്കുമല്ലോ
അതിനെ കാണാമല്ലോ
കണ്ടുകണ്ട് കുട്ടിക്കാലത്തെന്നോ കണ്ടുമറന്ന
മറ്റൊരു കാക്കയെ ഓര്‍ക്കാലോ
ആ കാക്ക ഏതോ ഒരു കുട്ടിയുടെ കയ്യില്‍ നിന്ന്
അപ്പം തട്ടിയെടുത്ത കഥ ഓര്‍ക്കാലോ
എന്നൊക്കെ വിചാരിച്ചിരിക്കെ
വാഴ മാവായി,പ്ളാവായി,ആലായി
അത് പിന്നെ ആനയായി
ഇപ്പോള്‍ കാര്യങ്ങളെല്ലാംഇങ്ങനെയൊക്കെയാണത്രെ
ആരും അല്പനേരത്തേക്കുപോലും അവനവനായി തുടരില്ലത്രെ
പരിണാമങ്ങളെല്ലാം പെട്ടെന്നുപെട്ടെന്ന് സംഭവിക്കുമത്രെ
സംഭവിച്ചില്ലെങ്കിലും സംഭവിച്ചതായി കരുതണമത്രെ
വെറും തോന്നലും വാസ്തവവും ഒന്നുതന്നെയാണത്രെ
ഭൂമി കറങ്ങുന്നത് മറ്റൊരച്ചുതണ്ടില്ലാണത്രെ
അതറിയാതിരിക്കുന്നത് വലിയ നാണക്കേടാണത്രെ.
15-4-2012

Thursday, April 12, 2012

കവിതാഡയറി

18
'എങ്ങനെയാണണ്ണാ,വെച്ചടിവെച്ചടി
കയറിപ്പോവുന്നത്?'
യുവനേതാവിന്റെ സംശയത്തിന്
മുതുനേതാവ് മറുപടി നല്‍കി:
ഉടലാകെ എണ്ണ തേക്കുക
ഏത് പിടിയില്‍ നിന്നും വഴുതിയകലാം
ഉള്ളംകയ്യും ഉള്ളംകാലും
എണ്ണ തേക്കാതെ വിടുക
ഏത് പടവും കയറിപ്പോവാം.
12-4-2012   

Wednesday, April 11, 2012

കവിതാഡയറി

17
കളിയാട്ടം കഴിഞ്ഞ് തെയ്യപ്പറമ്പില്‍ നിന്ന് മടങ്ങുമ്പോള്‍
അമ്പുക്കന്‍ മണിയാണി ദാമോദരനോട് പറഞ്ഞു:
എന്തറോ ദാമോരാ,തെയ്യം കണ്ടിറ്റ് കണ്ട ബാറില്ലല്ലോ.
നേരം വെളുപ്പിന് സഹായികളായ കുടുംബക്കാരോടൊപ്പം
കാവിന്റെ പടിയിറങ്ങുമ്പോള്‍ പരദേവതയുടെ കോലം കെട്ടിയ
ചന്തുപ്പെരുണ്ണാന്‍ ആരോടെന്നില്ലാതെ പറഞ്ഞു:
എന്ത്ന്നാ പറ്റിയതെന്റെ ദൈവേ
തെയ്യം കെട്ടീറ്റ് കെട്ടിയ ബാറില്ലല്ലോ.
രണ്ടും കേട്ട ദൈവം രണ്ടാളും കേള്‍ക്കാതെ
മറുപടി പറഞ്ഞു:
നിങ്ങയെന്തിന് ബേജാറാവ്ന്ന്
നിങ്ങേം ഞാനും മാറീല്ലേ
കാലം മാറീല്ലേ
നോക്ക്യാട്ടെ,എനക്കിപ്പോ ഞാന്‍ ഞാനാന്നുള്ള ബാറേ ഇല്ലല്ലോ.
11-4-2012
(ബാറ് :ഭാവം,പ്രതീതി,ബലം,ഫലം,അഹങ്കാരം എന്നീ അര്‍ത്ഥങ്ങളില്‍ ഇപ്പോഴും വടക്കേ മലബാറുകാര്‍ ഉപയോഗിച്ചു വരുന്ന വാക്ക്)

Tuesday, April 10, 2012

കവിതാഡയറി

16
മഹാനായ മാര്‍ക്സ്
മഹാനായ ലെനിന്‍
മഹാനായ മാവോ
മഹാനായ ഹോചിമിന്‍
മഹാനായ ഏ.കെജി
മഹാനായ ഇ.എം.എസ്
മഹാനായ എ
മഹാനായ ബി
മഹാനായ ശങ്കു
മഹാനായ മങ്കു
പട്ടിക നീളുമ്പോള്‍
മഹാന്മാരുടെ പേരുകള്‍ അപ്രസക്തമാവുന്നു
മഹത്വത്തിലേക്കുള്ള വഴി അനായാസമാകുന്നു
മഹാന്മാരെ ആര്‍ക്കും വേണ്ടാതാവുകയും ചെയ്യുന്നു.
(സാഹിത്യകാരനല്ലാത്ത ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിലെ ഒരു യാദൃച്ഛിക പരാമര്‍ശം ഉണര്‍ത്തിയ വിചാരം)
10-4-2012



കവിതാഡയറി

15
നരകത്തിലായാലും
സ്വര്‍ഗത്തിലായാലും
മനുഷ്യരെല്ലാവരും മൃദുവായും മാന്യമായും
മധുരമായുമാണത്രെ സംസാരിക്കുന്നത്
പരുക്കന്‍ വാക്കുകള്‍ കയ്യിലില്ലാത്തവരുടെ പങ്കപ്പാട്
ഭൂമിയിലെ മാത്രം പ്രശ്നമാണത്രെ.
10 -4 -2012
   

കവിതാഡയറി

14
                              1
മരിച്ചുപോയവരെ ഓര്‍ത്ത് സങ്കടപ്പെടാം
ജീവനോടെ ഇരിക്കുന്നവരോട് നാളെയെപ്പറ്റി പറയാം
രണ്ടും കെട്ടിരിക്കുന്നവരെ
കണ്ടില്ലെന്നു നടിക്കയല്ലേ നിവൃത്തിയുള്ളൂ
                               2
അതാണ് ശരി,ഇതാണ് ശരി
എന്നൊക്കെ അറിവുള്ളവര്‍ ആകുലപ്പെടുമ്പോള്‍
അത് ശരിയായാലും ഇത് ശരിയായാലും
ആദ്യം പുറപ്പെടുന്ന ശരിവണ്ടിയില്‍
'ആദ്യമേ ഞാന്‍ കയറിപ്പറ്റു'മെന്നുറച്ചവരെ
ദൈവവും ചെകുത്താനും
ഒന്നിച്ചു പിന്തുണക്കുന്നു
ജനം പിന്നാലെ പിന്തുണക്കുന്നു.
9-4-2012

Friday, April 6, 2012

കവിതാഡയറി

13
'ആരെടാ?' എന്നു ചോദിച്ചാല്‍
'ഞാനെടാ' എന്നു പറയണം
പറയുമ്പോള്‍ പാത്തും പതുങ്ങിയും നോക്കണം
നാളെപ്പിറ്റേന്ന് നമുക്ക് വല്ല
ഉപകാരോം ചെയ്യാനുള്ള ആളാണെങ്കില്‍
'ഞാനല്ലേ, ഒരെലിയാണേ'
എന്നു പറഞ്ഞേക്കണം.
6-4-2012

Thursday, April 5, 2012

കവിതാഡയറി

12
നിറവേറ്റാത്ത കടമകള്‍
ഏറ്റെടുക്കാത്ത ഉത്തരവാദിത്വങ്ങള്‍
തിരിയെ നല്‍കാത്ത സ്നേഹങ്ങള്‍
ഉച്ചരിക്കാതെ പോയ തെറിവാക്കുകള്‍

ആലസ്യത്താല്‍...
ഭയത്താല്‍...
ഉപചാരത്താല്‍...
പ്രത്യാഘാതഭീതിയാല്‍...
സ്വാതന്ത്യ്രത്തിന്റ ഭാരം
ഭയങ്കരം തന്നെയാണ് സുഹൃത്തേ.
5-4-2012

Tuesday, April 3, 2012

കവിതാഡയറി

11
'സ്നേഹിതാ' എന്ന് വിളിക്കുന്നവരുടെ നേര്‍ക്ക്
കുരച്ചു ചാടുകയും
'നായിന്റെ മോനേ' എന്ന് വിളിക്കുന്നവരുടെ മുന്നില്‍
വാലാട്ടുകയും ചെയ്യുന്ന
മനുഷ്യരുടെ എണ്ണം
നാള്‍ക്കുനാള്‍ പെരുകിപ്പെരുകി വരികയാണ്.
3-4-2012