Pages

Saturday, March 31, 2012

കവിതാഡയറി

10
'എണ്ണമറ്റ എലികള്‍
ആര്‍ത്തിപിടിച്ച് കരണ്ടു തിന്നുന്ന
പൂപ്പല്‍ പരന്ന അപ്പം
അതാണെന്റെ ജീവിത'മെന്ന്
ഇന്നലെ രാത്രി
കരഞ്ഞു വിളിച്ച കവി
ഇന്ന് നേരം വെളുത്തപ്പോള്‍ പറഞ്ഞു:
'ആ വാങ്മയ ചിത്രം
ആ അപ്പം പോലെ തന്നെ
പഴയതാണ്
തിന്നട്ടെ എലികള്‍ എത്രയും വേഗം
അത് തിന്നു തീര്‍ക്കട്ടെ.'
30-3-2012   

Thursday, March 29, 2012

കവിതാഡയറി

9
നിന്ദനങ്ങളെല്ലാം നിസ്സാരമെന്നു കരുതാം
അവഗണനയെ അവഗണിക്കാം
ശത്രുതയെ പ്രതിരോധിക്കാം
ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളെ
എങ്ങനെ ഞാന്‍ എതിരിടും?
അമ്പേ തളര്‍ത്തിക്കളയുന്നു അവ.
29-3-2012   
   

Wednesday, March 28, 2012

സത്യം സത്യമായി പറയുന്ന കവിത

എന്തൊക്കെ കവിതയാവില്ല എന്നതിനെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ വ്യക്തവും ശക്തവുമാണ്.വാര്‍ത്ത കവിതയാവില്ല.കേവലമായ വസ്തുതാകഥനം കവിതയാവില്ല.യുക്തി പൂര്‍ണമായ വിചാരങ്ങള്‍ കവിതയാവില്ല.ഇവയുടെയൊക്കെ വിപരീതത്തില്‍,അതായത് സ്വപ്നത്തിലും അയുക്തികതയിലും വികാരപരതയിലും വാങ്മയചിത്രങ്ങളുടെ വൈചിത്ര്യ ത്തിലുമൊക്കെയാണ് കവിത കൂട് വെക്കുന്നത്.കാലാകാലമായി നാം ഇങ്ങനെയാണ് ധരിച്ചുപോരുന്നത്.ഏറിയും കുറഞ്ഞും ഏറെക്കുറെ കവികളെല്ലാവരും ഈ ധാരണകളെ അംഗീകരിച്ചുപോരുന്നുണ്ട്.കവിതയെ കവിതയാക്കുന്ന അടിസ്ഥാന ഘടകങ്ങളെ കൈവിട്ടുള്ള കളിക്ക് വിപ്ളവകവിതകള്‍ എഴുതുന്നവര്‍ പോലും വലുതായൊന്നും ധൈര്യപ്പെട്ടു കാണാറില്ല.എത്രമേല്‍ തീക്ഷ്ണമായ നിലപാടുകള്‍ അവതരിപ്പിക്കുമ്പോഴും അലങ്കാരബഹുലവും താളാത്മകവുമായൊരു കാവ്യഭാഷയില്‍ അവരും ഊന്നുന്നത് കാണാം.
പക്ഷേ,ചിരപരിചിതമായ ഈ കവിതാസങ്കല്പത്തെ തങ്ങളുടെ വായനാനുഭവം എല്ലായ്പ്പോഴും ശരിവെക്കുന്നില്ലെന്ന് കവികള്‍ക്ക് തന്നെ അനായാസമായി കണ്ടെത്താനാവും.'ലീല'യിലെ ഏറ്റവും കാവ്യാത്മകമെന്ന് കരുതപ്പെടുന്ന വരികളോടൊപ്പമോ അവയേക്കാള്‍ മുന്നിലായോ അവരും ഓര്‍ക്കാനിടയുണ്ട്
കരുതുവതിഹ ചെയ്യ വയ്യ,ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ  വിചാരം
പരമഹിതമറിഞ്ഞു കൂട;യായു-
സ്ഥിരതയുമി,-ല്ലതിനിന്ദ്യമീ നരത്വം
എന്ന അലങ്കാരരഹിതമായ വരികള്‍. സത്യം സത്യമായി പറയുന്നതിലൂടെയാണ് അവ ആത്മാവില്‍ നേരിട്ട് സ്പര്‍ശിക്കുന്നത്.
'ചിന്താവിഷ്ടയായ സീത'യില്‍ നിന്ന് വളരെയേറെപ്പേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന വരികളില്‍
കനിവാര്‍ന്നനുജാ പൊറുക്ക ഞാന്‍
നിനയാതോതിയ കൊള്ളി വാക്കുകള്‍
അനിയന്ത്രിതമായ് ചിലപ്പൊഴീ-
മനമോടാത്ത കുമാര്‍ഗമില്ലെടോ.
എന്ന വരികള്‍ തീര്‍ച്ചയായും ഉണ്ടാവും.വക്രതയോ വൈചിത്യ്രമോ അലങ്കാരമോ ഒന്നുമില്ല ഈ വരികളിലും.
അത്യന്തം ഗാനാത്മകവും അങ്ങേയറ്റം അലങ്കാരപൂര്‍ണവുമായ എത്രയോ കവിതകള്‍ മറ്റേതു ഭാഷയിലുമെന്ന പോലെ മലയാളത്തിലുമുണ്ട്.കവിതയെ കവിതയാക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വാങ്മയ ചിത്രങ്ങളുടെ സാന്നിധ്യം തന്നെയാണ് ഒരു ഘട്ടം കഴിയുമ്പോള്‍ ആ കവിതകളുടെ നേര്‍ക്ക് ചെടിപ്പ് വളര്‍ത്തുന്ന പ്രധാന ഘടകമായി മാറുന്നത്.അതേ സമയം സത്യത്തിന്റെ യഥാര്‍ത്ഥമായ തിളക്കം ഒരിക്കല്‍ അനുഭവിപ്പിച്ച വരികള്‍ കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ തിളക്കം കൈവരിക്കുന്ന അനേകം അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്
എന്ന 'കുറ്റിപ്പുറം പാല'ത്തില ആശങ്കയുടെ വിങ്ങലും
ചെറ്റയാം വിടന്‍ ഞാനിനിമേലില്‍
കഷ്ടമെങ്ങനെ കണ്ണാടി നോക്കും?
എന്ന 'കുടിയൊഴിക്കലി'ലെ ആത്മനിന്ദയുടെ രൂക്ഷമായ കയ്പുമെല്ലാം ഓര്‍മയില്‍ ഇടക്കിടെ മുഖം കാണിക്കുന്നത് ആലങ്കാരികത സൃഷ്ടിക്കുന്ന ആകര്‍ഷണീയത കൊണ്ടല്ല,അവ ഉള്‍ക്കൊള്ളുന്ന സത്യത്തിന്റെ ഋജുത്വവും മൂര്‍ച്ചയും കൊണ്ടാണ്.
വായനാനുഭവത്തിലെ ഈ സത്യം കവികളും വായനക്കാരും സാധാരണഗതിയില്‍ ഓര്‍ക്കാറില്ലെന്നത് പക്ഷേ, ദു:ഖകരമായൊരു വാസ്തവമാണ്. ധ്വനിപ്പിച്ച് പറയുക,അലങ്കരിച്ച് പറയുക,വളച്ചുകെട്ടി പറയുക എന്നിവയ്ക്കൊക്കെ അപ്പുറത്ത് ഉള്ള കാര്യം ഉള്ളതുപോലെ പറയുക എന്ന വലിയൊരു സാധ്യതയും കവിതയിലുണ്ട് എന്ന് അംഗീകരിക്കാനുള്ള നമ്മുടെ വൈമുഖ്യം ജാതിസമൂഹത്തില്‍ മേല്‍ജാതിക്കാര്‍ കൊണ്ടു നടന്നിരുന്ന അഭിമാനബോധത്തിന് തുല്യമായൊരു സംഗതിയാണ്.
കവിതയിലെ ആധുനികന്മാര്‍ നമ്മുടെ കാവ്യഭാഷാസങ്കല്പങ്ങളെ വല്ലാതെ ഞെട്ടിച്ചെങ്കിലും ഈ സാഹിത്യരൂപം കാലാകാലമായി നിലനിര്‍ത്തിപ്പോന്ന ആഢ്യമ്മന്യതയുടെ വേരറുക്കാനൊന്നും അവര്‍ക്ക് കഴിഞ്ഞില്ല.കക്കാടിന്റെ ദ്രാവിഡപര്‍വത്തിലെ കവിതകളും അയ്യപ്പപ്പണിക്കരുടെ കാര്‍ട്ടൂണ്‍ കവിതകളും ചില സാധ്യതകള്‍ കാണിച്ചു തരാതിരുന്നില്ല.എഴുപതുകളുടെ ആരംഭത്തില്‍ അതേ വരെ അപരിചിതമായ ഉള്ളടക്കവും അതിനൊത്ത വേറിട്ട ഭാഷയും ഭാവവുമൊക്കെയായി കടന്നു വന്ന കെ.ജി.ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ഭാവുകത്വത്തിന്റെ തലത്തില്‍ വലിയ അഴിച്ചുപണികള്‍ക്ക് നമ്മെ പ്രേരിപ്പിച്ച കവികളാണ്.സ്വന്തം കവിതകളും പരിഭാഷകളും വഴി സച്ചിദാനന്ദന്‍ സൃഷ്ടിച്ച കാവ്യലോകത്തിന്റെ വിപുലമായ സ്വാധീനത്തിന് അതിന്റെ വലുപ്പവും ഒരു കാരണമാണ്. ദീര്‍ഘമായ മനനവും മിനുക്കുപണികളുമെല്ലാം കഴിഞ്ഞ് വല്ലപ്പോഴുമൊരിക്കല്‍ മാത്രം കവി പുറംലോകത്തേക്കയക്കേണ്ടുന്ന അത്ഭുത വസ്തുവാണ് കവിത എന്ന ധാരണയെ അല്പവും വകവെച്ചുകൊടുക്കാതെയാണ് വിവിധ വിഷയങ്ങള്‍ സ്വീകരിച്ചും വ്യത്യസ്തമായ രൂപഭാവങ്ങള്‍ കൈക്കൊണ്ടും സച്ചിദാനന്ദന്‍ തുടരെത്തുടരെ എഴുതിക്കൊണ്ടിരിക്കുന്നത്.എങ്കിലും അദ്ദേഹം പോലും കവിത ഇതര സാഹിത്യരൂപങ്ങളില്‍ നിന്ന് അകന്നും ഉയര്‍ന്നും നില്‍ക്കുന്നതിനായി ഭാഷയുടെയും ആവിഷ്ക്കാരത്തിന്റെയും തലങ്ങളില്‍ സ്വീകരിച്ചുപോരുന്ന ആച്ഛാദന തന്ത്രങ്ങളെ അല്ലെങ്കില്‍ വക്രതകളെ മിക്കപ്പോഴും മാനിക്കുക തന്നെ ചെയ്യുന്നു.
                                             അകവിതയുടെ സാധ്യതകള്‍
കവിതാവിരുദ്ധമായ കവിത,അല്ലെങ്കില്‍ അകവിത(പ്രതികവിത) എന്ന സാധ്യത മലയാളത്തിലെ കവികളെ അത്രയൊന്നും ഉത്തേജിപ്പിച്ചുകാണുന്നില്ല.വിപ്ളവത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും സ്വാതന്ത്യ്രത്തെ കുറിച്ചും മാനവികതയെ കുറിച്ചുമെല്ലാം എത്രയൊക്കെ ആവേശം കൊള്ളുമ്പോഴും കവികള്‍ എന്ന നിലക്ക് തങ്ങള്‍ക്കുള്ള പരിവേഷം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെ അവര്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്.ഈ മാധ്യമത്തിലേക്ക് ഇന്നലെ മാത്രം കടന്നുവന്നവര്‍ പോലും ഈ പരിവേഷത്തെ ആഗ്രഹിച്ചുപോവും വിധത്തിലുള്ള വേറിട്ടുള്ള നില്പാണ് മലയാളത്തില്‍ കവിതയുടേത്.സമീപവര്‍ഷങ്ങളിലായി കവിതയുടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള ജനാധിപത്യവല്‍ക്കരണം പോലും അതിന് മാറ്റം വരുത്തുന്നതായി കാണുന്നില്ല.
 ആധുനികന്മാ ര്‍ക്ക് ശേഷം വന്ന കവികളില്‍ കെ.ആര്‍.ടോണിയാണ് പ്രതികവിതയുടെ വഴിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറിയത്.പരമ്പരാഗത കവിതയിലെ വൃത്തിയെയും വെടിപ്പിനെയും മാത്രമല്ല സമകാലിക ലോകത്തിലെ എല്ലാ ബൌദ്ധിക വ്യവഹാരങ്ങളിലെയും അനുഭവമേഖലകളിലെയും ഔപചാരികതകളെയും വെച്ചുകെട്ടലുകളെയും കപടനാട്യങ്ങളെയും ചെറുചിരിയോടെ അരിഞ്ഞുവീഴ്ത്തുന്ന ധീരമായൊരു രീതിയാണ് ടോണിയുടേത്.'മാറാടു'ം 'ഉങ്ങു\'ം പോലുള്ള എത്രയോ കവിതകളില്‍ ടോണി ആ വേറിട്ട രീതിയുടെ ലാളിത്യവും ഗാംഭീര്യവും ഒരേ സമയം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ഏറ്റവും പുതിയ കവികളില്‍ കെ.എം.പ്രമോദിന്റെ കവിതകളാണ് അകവിതക്കുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളായി ആര്‍ക്കും എളുപ്പം തിരിച്ചറിയാനാവും വിധം മാറി നില്‍ക്കുന്നത്.
പ്രത്യക്ഷ രാഷ്ട്രീയത്തെ തന്നെ വിഷയമാക്കുന്ന കവികളില്‍ നിന്നാണ് വാസ്തവത്തില്‍ കവിതാ വിരുദ്ധ കവിതകള്‍ ധാരാളമായി ഉണ്ടാവേണ്ടത്.പക്ഷേ,കേവല വാചാലതയിലേക്ക് ചായുന്ന പ്രസംഗഭാഷയും ആവര്‍ത്തനം കൊണ്ട് അസുഖകരമായിത്തീരുന്ന അലങ്കാരഭാഷയും ഇടകലരുന്നൊരു ഭാഷയാണ് അവര്‍ ഏറിയ കൂറും സ്വീകരിച്ചുകാണുന്നത്.പഴയ കാല്പനിക കവിതകളുടെ ഗ്രാമീണഭംഗിയും ഗാനാത്മകതയുമൊക്കെ നിലനിര്‍ത്തിക്കൊണ്ട് പുതിയ കാല ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിലെ വൈരൂദ്ധ്യവും അവരില്‍ പലരെയും അലട്ടാറില്ല.എഴുത്തില്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ കഴിയാത്ത ഉച്ഛ്റംഖലത തങ്ങള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്യ്രത്തിലേക്കും പുതുമയുടെ ആര്‍ജ്ജവത്തിലേക്കും എത്തിച്ചേരുന്നതില്‍ നിന്ന് അവരുടെ കവിതകളെ തടയുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.ഇതില്‍ നിന്ന് വ്യത്യസ്തമായി എഴുതപ്പെട്ട ചുരുക്കം ചില കവിതകളെന്ന നിലക്ക് ഇപ്പോള്‍ ഓര്‍മയിലെത്തുന്നത് കെ.സി.ഉമേഷ്ബാബുവിന്റെ മൂടല്‍,സംശയം തുടങ്ങിയ കവിതകളാണ്.കേരളീയ സാഹചര്യത്തില്‍ നിന്ന് ,വിശേഷിച്ചും കേരളത്തിലെ ഇടതുപക്ഷാനുഭാവികളായ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും രാഷ്ട്രീയാലോചനകളുടെയും സംവാദങ്ങളുടെയും പരിസരങ്ങളില്‍ നിന്ന് സ്വാഭാവികമായി ഉയിര്‍ക്കൊണ്ടതിന്റെ ആര്‍ജ്ജവമാണ് ആ കവിതകളിലുള്ളത്.
'ഒഴിഞ്ഞ പേജില്‍ മുന്നേറുക' എന്ന് യുവകവികളോട് ആഹ്വാനം ചെയ്ത നിക്കോനാര്‍ പാറ എന്ന ചിലിയന്‍ കവി 1970 കാലം മുതല്‍ നമ്മുടെ കവിതാവായനക്കാര്‍ക്ക് പരിചിതനാണ്.ലാറ്റിനമേരിക്കന്‍ കവിതയില്‍ പാറയുടെ വഴി തികച്ചും വേറിട്ട ഒന്നാണ്.അസാധാരണത്വം നിറഞ്ഞ വാങ്മയചിത്രങ്ങള്‍ കൊണ്ട് കവിതയുടെ ഓരോ കമ്പിലും വസന്തം വിരിയിക്കുന്ന നെരൂദയുടേതിന് നേര്‍വിപരീതമായൊരു ദിശയില്‍ നര്‍മമധുരമായ പ്രജ്ഞയുടെയും തര്‍ക്കത്തിന്റെയും വിപരീത ദര്‍ശനത്തിന്റെയും പരിഹാസത്തിന്റെയുമെല്ലാം വഴിയിലെ അനായാസമായ ചുവടുകളിലൂടെയും കുതിപ്പുകളിലൂടെയും കവിത മനുഷ്യനെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന എന്തും സരളമായും സരസമായും അതിലൊക്കെ ഉപരിയായി തികച്ചും സത്യസന്ധമായും പറയാവുന്ന ഒരു മാധ്യമമാണെന്ന് പാറ തെളിയിച്ചു.കവിത ഒരു സാഹിത്യരൂപമെന്നതിനോടൊപ്പം ശക്തമായ സംവാദരൂപം കൂടിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സാമൂഹ്യജീവിതത്തില്‍ അതിന്റെ ഇടപെടലുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഫലപ്രദമാവുന്നത്.കേരളത്തിന്റെ ഇന്നത്തെ സാഹിതീയ സാഹചര്യത്തില്‍ അത്തരമൊരു വളര്‍ച്ചയും മാറ്റവും ഈ മാധ്യമത്തിന് അത്യാവശ്യമാണ്. കവിത ഉദാത്തമോ ദുര്‍ഗ്രഹമോ വിശുദ്ധമോ ആയി ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ട ഒന്നല്ലെന്ന് സ്വന്തം കവിതകളിലൂടെ പല ദശകങ്ങളായി നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന പാറയുടെ കാവ്യലോകവുമായി അടുത്തു പരിചയപ്പെടുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രസക്തമായിത്തീരുന്നത് ഈയൊരു പ്രകരണത്തിലാണ്.

Tuesday, March 27, 2012

കവിതാഡയറി

8
ആരോ സ്ക്രൂ ചെയ്തു വിട്ട
കളിപ്പാട്ടക്കാറിലെ ഡ്രൈവറാണ് ഞാന്‍
എങ്കിലും എത്ര സൂക്ഷ്മതയോടെ
വളഞ്ഞും തിരിഞ്ഞും
വെട്ടിച്ചും മുന്നേറുന്നു.
27-3-2012
   

Monday, March 26, 2012

കവിതാഡയറി

7
ഇന്നു പറഞ്ഞതു തന്നെ
നാളെയും ഞാന്‍ പറയണമെന്ന് പറയരുത്
നാളെത്ത ലോകത്തില്‍
ഇന്നേ എനിക്ക് ജീവിതം തരാനുള്ള
മരുന്നോ മന്ത്രമോ
താങ്കള്‍ക്ക് വശമില്ലല്ലോ?
25 -3 -2012

Sunday, March 25, 2012

കവിതാഡയറി

6
ധ്യാനം
നിങ്ങളുടെ ദേഹശക്തി,ജീവശക്തി,ആത്മശക്തി
എല്ലാം മുഴുവനായും മൂക്കിന്‍ തുമ്പത്ത് ചേര്‍ത്തുവെക്കുക
മറ്റൊന്നും കാണരുത്,കേള്‍ക്കരുത്,ഓര്‍ക്കരുത്
ഒരു ചിന്തയുമരുത്,വികാരവുമരുത്
നിങ്ങളുടെ കാഴ്ച,കേള്‍വി,സ്പ്ര്‍ശം,ഗന്ധം
എല്ലാം നിങ്ങളുടെ മൂക്കിന്‍ തുമ്പ് മാത്രം
ഇരുന്നല്ലോ,മൂന്ന് മിനുട്ട് നേരം അങ്ങനെ ഇരുന്നല്ലോ
ഇനി പറയൂ,എന്തു തോന്നുന്നു?
ഗുരോ,ഞാന്‍ എന്തൊരു വിഡ്ഡിയാണെന്ന് തോന്നുന്നു
ആനന്ദിക്കൂ,ആനന്ദിക്കൂ
ആത്മജ്ഞാനത്തിലേക്കുള്ള ആദ്യചുവടാണാ തോന്നല്‍
ഇനി ആവര്‍ത്തിക്കൂ,ആദ്യം ചെയ്തത്
ആറ് മിനുട്ട് നേരത്തേക്ക് ആവര്‍ത്തിക്കൂ
ഒരേയൊരു ചിന്ത,വികാരം,അനുഭൂതി
നിങ്ങളുടെ മൂക്കിന്‍ തുമ്പ് മാത്രം
ഇപ്പോള്‍ നിങ്ങളില്ല,ഞാനില്ല
ഈ ഭൂമിയില്ല,പ്രപഞ്ചമില്ല
അവനില്ല,അവളില്ല,ആരുമില്ല
അതില്ല,ഇതില്ല,ഒന്നുമില്ല
നിങ്ങളുടെ മൂക്കിന്‍തുമ്പ് മാത്രം
ഇരുന്നല്ലോ,ആറ് മിനുട്ട് നേരം ഇരുന്നല്ലോ
ഇനി പറയൂ,എന്തു തോന്നുന്നു?
ഗുരോ,ഇപ്പോഴും ഞാന്‍ എന്തൊരു വിഡ്ഡിയാണെന്ന് തോന്നുന്നു
ഈ തോന്നല്‍ ആത്മജ്ഞാനത്തിലേക്കുള്ള ആദ്യപടിയാണെന്നു തോന്നുന്നു
അങ്ങ് ഈ ആദ്യപടിയില്‍ പോലും എത്തിയില്ലല്ലോ എന്നു തോന്നുന്നു.
25-3-2012

Saturday, March 24, 2012

കവിതാഡയറി

5
മതം മനുഷ്യനെ സ്നേഹം പഠിപ്പിച്ചതിന്
എണ്ണിയാലൊടുങ്ങാത്ത തെളിവുകളുണ്ട്
വിദ്വേഷം പഠിപ്പിച്ചതിനും അത്രയും തന്നെ തെളിവുകളുണ്ട്
അതിനാല്‍ വിശ്വാസിയോ അവിശ്വാസിയോ ആകാതെ
ഞാന്‍ മതത്തെ മതത്തിന്റെ പാട്ടിന് വിടുന്നു
എന്നെ എന്റെ പാട്ടിന് വിടുന്നു.
24-3-2012   

Friday, March 23, 2012

കവിതാഡയറി

1
കുറുക്കിയെഴുതിയാല്‍ കവിതയാവുമെന്ന് കേട്ടിട്ടുണ്ട്
കവിതയാവാന്‍ വേണ്ടിയല്ലെങ്കിലും കുറുക്കിയെഴുതുന്നു
പറന്നുപോവുന്ന ദിവസങ്ങളുടെ നിഴലും നഖപ്പാടും
കൊഴിഞ്ഞ തൂവലുകളും;അത്രയേ ഉദ്ദേശിക്കുന്നുള്ളൂ.

15-3-2012
2
രാഷ്ട്രീയം പറഞ്ഞുപറഞ്ഞ് ഞങ്ങള്‍ കാട്കയറി
കാട്ടില്‍ പുലിയും പാമ്പും
കാട്ടിയും കാട്ടുപന്നിയും
ആനയും ചെന്നായുമുണ്ട്   
അതിനാല്‍ അപ്പോഴേ തിരിച്ചിറങ്ങി
നാട്ടിലെത്തി നാല് നേതാക്കളെ കണ്ട് തലചൊറിഞ്ഞ്
'മാപ്പാക്കണം,രക്ഷിക്കണം' എന്നൊക്കെ പറഞ്ഞ്
താന്താങ്ങളുടെ വീട്ടിലേക്ക് മടങ്ങി.
16-3-2012
3
തീവണ്ടിയില്‍ ഉറങ്ങിപ്പോയ
കന്യാസ്ത്രീയെ
ചെകുത്താന്‍ വന്ന്
ഏദന്‍ തോട്ടത്തിലേക്ക്
കൂട്ടിക്കൊണ്ടുപോയി
ഉണര്‍ന്നപ്പോള്‍ അവരുടെ മുഖത്തുകണ്ട
വേദനയും വെപ്രാളവും
അവിടെ നിന്ന് പുറത്താക്കപ്പെട്ടതിന്റെതാണെന്ന്
സഹയാത്രികരാരും തിരിച്ചറിഞ്ഞില്ല
അവര്‍ക്ക് ഇറങ്ങാനുള്ള സ്റേഷന്‍
കടന്നുപോയിരിക്കാമെന്നോര്‍ത്ത്
അവരെല്ലാം സഹതപിച്ചു.
17-3-2012
4
മാലിന്യം തള്ളുന്നിടത്ത് വീട് വെക്കാന്‍
നിങ്ങളോടാരു പറഞ്ഞു?
ചേരിയില്‍ പോയി താമസിക്കാന്‍
നിങ്ങളോടാരു പറഞ്ഞു?
ശമ്പളം തരാത്ത ആശുപത്രിയില്‍
നേഴ്സിന്റെ പണിക്കുപോകാന്‍ നിങ്ങളോടാരു പറഞ്ഞു?
ചോദ്യങ്ങള്‍ പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു
എല്ലാ ചോദ്യങ്ങള്‍ക്കും മുകളില്‍ അവസാനമായി
ഒരു ചോദ്യം ഉയര്‍ന്നുകേട്ടു:
അവനവന്റെ പണിയും ചെയ്ത്
അടങ്ങിയൊതുങ്ങിയിരുന്നാ-
നന്ദിക്കാമെന്നിരിക്കെ
അന്യരെ കുറിച്ചാലോചിക്കാന്‍
നിങ്ങളോടാരു പറഞ്ഞു?
22-3-2012Thursday, March 22, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

48
തികച്ചും വ്യക്തിഗതമായ അനുഭവങ്ങളും ഓര്‍മകളും കുറിച്ചിടുന്നതില്‍ മുമ്പൊക്കെ വലിയ അളവില്‍ ലജ്ജയോ ആത്മനിന്ദയോ ഒക്കെ അനുഭവപ്പെട്ടിരുന്നു.അനുഭവമെഴുത്ത് മലയാളത്തിലെ പൊതുസമ്മതമായ എഴുത്ത് വിഭാഗമായി തീര്‍ന്നതുകൊണ്ടു കൂടിയാകാം ചിലപ്പോഴൊക്കെ ഞാനും ആ വഴിക്ക് തിരിഞ്ഞത്. ഇപ്പോഴിതാ വീണ്ടും ഞാന്‍ പഴയ മാനസികാവസ്ഥയില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു.പക്ഷേ ഈ പരമ്പരയ്ക്കു നല്‍കിയിരിക്കുന്ന ശീര്‍ഷകത്തിനു ചുവടെയിരുന്നുകൊണ്ട് അവനവനെ മാറ്റിവെച്ച് അത്രയധികമൊന്നും എഴുതാനാവില്ല.അതിന്റെ വിമ്മിട്ടം ഈയിടെയായി വല്ലാതെ അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
യാഥാര്‍ത്ഥ്യത്തിനും യുക്തിക്കും വലിയ അളവില്‍ ഊന്നല്‍ നല്‍കുന്ന എഴുത്തു രീതിയുമായാണ് കുട്ടിക്കാലത്ത് ഞാന്‍ അധികവും പരിചയിച്ചത്.അല്ലെങ്കില്‍ തന്നെ കുട്ടിക്കാലത്ത് ഏത് അത്ഭുത കഥയിലെ എത്ര വിചിത്രമായ സംഭവത്തെയും  യാഥാര്‍ത്ഥ്യമെന്ന മട്ടിലാണല്ലോ ആരും സ്വീകരിക്കുക.അല്പം മുതിര്‍ന്നു കഴിയുമ്പോഴാണ് എഴുത്തിലെ സത്യം മുഖ്യപരിഗണനയായി വരുന്നത്.സത്യം എന്നത് സമൂഹം സത്യവും സുന്ദരവുമായി അംഗീകരിച്ചിരിക്കുന്നവ അല്ലെന്നും അതിന്റെ മറുപുറത്ത് വിചിത്രവും പലപ്പോഴും വിരൂപമായ ഒരുപാട് യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നുമുള്ള ബോധ്യം ഉള്ളിലുറക്കുന്നതിന് മാര്‍ക്സിയന്‍ സൌന്ദര്യദര്‍ശനവും പുരോഗമന സാഹിത്യവുമായി ചെറുപ്രായത്തില്‍ തന്നെ കൈവന്ന പരിചയം കാരണമായിട്ടുണ്ട്.ആ പരിചയം വലിയ അളവിലുള്ള പഠനഗവേഷണങ്ങളിലേക്കൊന്നും എന്നെ കൊണ്ടുപോയില്ലെങ്കിലും  സാഹിത്യത്തിന്റെ സാമൂഹികതയെ കുറിച്ചുള്ള ധാരണകള്‍ക്ക് ഉള്ളിന്റെയുള്ളില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ അതിന് സാധിച്ചിരുന്നു.എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തിലേക്ക് കൊണ്ടുവരുമ്പോള്‍ യഥാതഥ വിവരണത്തിന്റെ രീതി മിക്കപ്പോഴും വല്ലാതെ അപര്യാപ്തമാവുന്നുണ്ടെന്ന് അനുഭവത്തില്‍ നിന്ന് വളരെ വേഗം ഞാന്‍ തിരിച്ചറിഞ്ഞു.അപ്പോഴും തികഞ്ഞ അയുക്തികതയിലേക്കും അസംബന്ധത്തിലേക്കും വഴിമാറുന്നതില്‍ നിന്ന് എന്നെ ഞാന്‍ തന്നെ വിലക്കിക്കൊണ്ടിരുന്നു.എന്നിട്ടും യുക്തിയെയും യാഥാര്‍ത്ഥ്യത്തെയും കവിഞ്ഞു നില്‍ക്കും വിധം സ്വപ്നങ്ങളും ഭ്രമകല്പനകളും അനിയന്ത്രിതമായ വിചാരങ്ങളും എന്റെ കഥകളിലും കവിതകളിലും നാടകത്തിലുമെല്ലാം കടന്നുവന്നുകൊണ്ടേയിരുന്നു.എന്റെ എഴുത്തിനെ കൃത്യമായി പിന്തുടര്‍ന്നുകൊണ്ടിരുന്ന വായനക്കാരില്‍ ബഹുഭൂരിപക്ഷവും അത്തരത്തിലുള്ള അംശങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് അവരില്‍ പലരുമായുള്ള ആശയവിനിമയത്തില്‍ നിന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്.
ഇത്രയും നാള്‍ ഒട്ടൊക്കെ അബോധമായിത്തന്നെയാണ് എന്റെ എഴുത്ത് സാമാന്യയുക്തിയുടെ അതിരുകള്‍ ലംഘിച്ച് മുന്നോട്ടുപോയത്.ഇപ്പോഴാണെങ്കില്‍ എഴുത്തിനെ കുറിച്ചുള്ള എന്റെ ധാരണ തന്നെ അത്തരം ലംഘനങ്ങള്‍ക്ക് തികച്ചും അനുകൂലമായിത്തീര്‍ന്നിരിക്കുന്നു.ഒരു കേവല റിയലിസ്റിക് കഥ എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം മിക്കവാറും അസാധ്യമായിത്തീര്‍ന്നിരിക്കുന്നു.ഈ മാറ്റം വായനയുടെയും പഠനത്തിന്റെയും ഫലമായി സംഭവിച്ചതല്ല.ഞാന്‍ ജീവിക്കുന്ന സമൂഹത്തിലെ പ്രധാനപ്പെട്ട മനുഷ്യവ്യവഹാരങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് വളരെ അസംബന്ധപൂര്‍ണമായ ചില സങ്കല്പങ്ങളും ആശയങ്ങളുമാണ്.പൊതുജീവിതത്തില്‍ ഇപ്പോഴും നിയാമകമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം എന്ന വ്യവഹാരം തികച്ചും അരാഷ്ട്രീയമായിക്കഴിഞ്ഞു.അതിനെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വെറും വ്യാപാരയുക്തികള്‍ മാത്രമാണ്.കലയുടെയും സാഹിത്യത്തിന്റെയും ലോകത്തില്‍ അധികാരം നടത്തുന്നതും മിക്കപ്പോഴും ഇതേ യുക്തികള്‍ തന്നെ.യഥാര്‍ത്ഥമായ കലയും സാഹിത്യവും ഈ യുക്തികള്‍ക്ക് പുറത്ത് ഏകാന്തമായ ഇടങ്ങളിലാണ് അതിന്റെ തെഴുപ്പുകള്‍ സാധിച്ചുകൊണ്ടിരിക്കുന്നത്.അവ പക്ഷേ മിക്കവാറും പൊതുശ്രദ്ധയില്‍ വരുന്നതേയില്ല.അങ്ങനെ വരാതിരിക്കല്‍ തന്നെയാവും അവയ്ക്ക് രക്ഷാകവചമായിത്തീരുന്നതും.യാദൃച്ഛികവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ കൊണ്ടാടപ്പെടലിന്റെ പ്രകാശവലയത്തില്‍ എത്തപ്പെടുന്ന കൃതികളിലെയും ഏറ്റവും ജൈവികമായ അംശങ്ങള്‍ പൊതുസമൂഹത്തിന് അദൃശ്യമായിത്തന്നെയാവും നിലകൊള്ളുന്നത്.
എഴുത്തിലൂടെ കൈവരാവുന്ന പ്രശസ്തിയും പണവും സാമൂഹ്യാംഗീകാരവും ഏതെങ്കിലും കാലത്ത് എന്റെ പ്രധാന പരിഗണനയായിരുന്നോ എന്ന് സംശയമുണ്ട്.എങ്കിലും ഒരു ഘട്ടം വരെ മറ്റേതൊരാള്‍ക്കുമെന്ന പോലെ എനിക്കും അവയില്‍ താല്പര്യം തോന്നിയിരിക്കാം.ചിലപ്പോഴെങ്കിലും ആ താലപര്യത്തിന് ആര്‍ത്തിയുടെയും അതിമോഹത്തിന്റെയും സ്വഭാവം ഉണ്ടായിരുന്നിരിക്കുകയും ചെയ്യാം.പക്ഷേ,ഇപ്പോഴത്തെ അവസ്ഥയില്‍ അവയൊന്നും എന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നതാണ് വാസ്തവം.എന്റെ മനോനില അനാസക്തിയുടെയോ നിര്‍വേദത്തിന്റെയോ തലത്തില്‍ എത്തിച്ചേര്‍ന്നതുകൊണ്ടൊന്നുമല്ല ഈയൊരു മാറ്റമുണ്ടായത്.അത് വെറുതെ അങ്ങ് സംഭവിച്ചുപോയതാണ്.
ഇത്രയും എഴുതിയതിന്റെ അടിക്കുറിപ്പെന്ന പോലെ ചെറിയ രണ്ട് കവിതകള്‍ കൂടി കുറിച്ചുവെച്ച് തല്‍ക്കാലം പിന്മാറാം.
അസംബന്ധം
കുന്നിന്‍ മുകളിലെ വിജനതയില്‍ നിവര്‍ന്നുനിന്ന്
'ഞാന്‍ ഏകാകിയാണ്,ഏകാകിയാണ്\'
എന്ന് വിളിച്ചുകൂവിയ ഭ്രാന്തന്‍
പതുക്കെ സമതലത്തിലേക്കിറങ്ങി വന്ന്
ആള്‍ക്കൂട്ടത്തില്‍ ലയിച്ചു
'എന്റെ ഏകാന്തതയെ
അവിടെ ഞാന്‍ സൂക്ഷിച്ചുവെച്ചിരിക്കയാണ്\'
അയാള്‍ പറഞ്ഞു:
'എന്റെ ഏക സമ്പാദ്യം അതാണ്
രാത്രിയായാല്‍ കുറുക്കനോ മറ്റോ വന്ന് അത് തിന്നുകളയും
എനിക്ക് മടങ്ങിപ്പോവണം
എനിക്ക് മടങ്ങിപ്പോവണം'
അയാള്‍ വെപ്രാളപ്പെട്ടു.

കാഴ്ച
എന്നില്‍ നിന്നെന്നിലേക്ക് വഴി കാണിക്കാന്‍
പന്തവും പെട്രോമാക്സും ടോര്‍ച്ചും മറ്റുമറ്റുമായി
ഒരുപാട് കവികളും തത്വജ്ഞാനികളുമുണ്ട്
അവരൊരുക്കുന്ന പ്രകാശപ്രളയത്തിലും
മുങ്ങിയമരാത്ത എന്റേതല്ലാത്ത തുരുത്തുകളിലെ
തീവെളിച്ചങ്ങളില്‍ നിന്ന്
എനിക്കു പക്ഷേ പിന്‍വലിക്കാനാവുന്നില്ല
എന്റെ കുരുത്തം കെട്ട കണ്ണുകളെ.
(പ്ളാവില മാസിക,മാര്‍ച്ച് 2012)       

       
   
   

Tuesday, March 20, 2012

വിളറിവെളുത്തുപോയ ഒരു വാക്ക്

അര്‍ത്ഥപരിണാമം എന്ന അനിവാര്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വാക്കിനും കഴിയില്ല.വാക്കുകള്‍ നിലനില്‍ക്കുന്ന ജനജീവിതത്തിന്റെ വസ്തുനിഷ്ഠ സാഹചര്യങ്ങളും ആത്മനിഷ്ഠ സാഹചര്യങ്ങളും മാറിക്കൊണ്ടേയിരിക്കും.ഈ മാറ്റം വാക്കുകളെ പരിണാമത്തിന്റെ പല സാധ്യതകളിലേക്കും കൊണ്ടുപോവും.അങ്ങനെ കൊണ്ടുപോകപ്പെടുന്നതിനിടയില്‍ അവയില്‍ ചിലത് മൃതപ്രായമാവും.ചിലതിന് ജീവനാശം തന്നെ സംഭവിക്കും.മറ്റു ചിലത് കൂടുവിട്ട് കൂടുമാറ്റം നടത്തും.ചിലത് തടിച്ചുകൊഴുക്കും.ഈ മാറ്റങ്ങളെയെല്ലാം അപ്പപ്പോള്‍ തിരിച്ചറിയുന്നില്‍ സംഭവിക്കുന്ന വീഴ്ചകള്‍ വ്യക്തിയുടെ കാര്യത്തില്‍ ചിന്താലോകത്തിന്റെ മുരടിപ്പായും സമൂഹത്തെ സംബന്ധിച്ചിടത്തോളം ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും
ആതുരാവസ്ഥയായും പ്രതിഫലിക്കും.
പല ജീവിത വ്യവഹാരങ്ങളിലും ,വിശേഷിച്ചും രാഷ്ട്രീയത്തില്‍ വാക്കുകളുടെ അര്‍ത്ഥപരിണാമത്തെ കുറിച്ചുള്ള അജ്ഞത അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്നവര്‍ക്ക് വലിയൊരു സൌകര്യമാണ്.അവര്‍ക്ക് നിലവിലുള്ള അവസ്ഥ അതേപടി തുടരുന്നതാണ് ഗുണകരം.പക്ഷേ,സാധാരണപൌരന്മാര്‍ പൊതുജീവിതത്തിലെയും സ്വകാര്യജീവിതത്തിലെയും അനുഭവങ്ങളെ കുറിക്കുന്ന വാക്കുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്തു സംഭവിക്കുന്നു എന്ന് തിരിച്ചറിയുക തന്നെ വേണം. ജനാധിപത്യം,തൊഴിലാളിവര്‍ഗം, സാമൂഹ്യനീതി,സ്വാശ്രയത്വം തുടങ്ങിയ എത്രയോ പദങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നത് ഭയാനകമായ അളവില്‍ അര്‍ത്ഥശോഷണം വന്ന അവസ്ഥയിലാണ്.ജനാധിപത്യത്തിന് ജനങ്ങളുടെ ആധിപത്യം എന്ന അര്‍ത്ഥം നിലനില്‍ക്കുന്നത് ജനങ്ങളിലോരോരുത്തര്‍ക്കും അവരുടെ സമ്മതിദാനം സ്വതന്ത്രമായി വിനിയോഗിക്കാം എന്ന ഒറ്റ കാര്യത്തില്‍ മാത്രമാണ്.സ്വതന്ത്രമായ വിനിയോഗം എന്ന പ്രയോഗം പോലും ഭാഗികമായേ ശരിയാവൂ.പ്രത്യക്ഷവും പരോക്ഷവുമായ പല വിധ സമ്മര്‍ദ്ദങ്ങളും ശീലബലവും തെറ്റിദ്ധാരണകളും നിഷേധാത്മകവികാരങ്ങളുമൊക്കെയാണ് വലിയൊരു ശതമാനം വോട്ടിഗിംലും രേഖപ്പെടുത്തപ്പെടുന്നത്.എങ്കിലും ജനാധിപത്യത്തിന്റെ പ്രയോഗങ്ങളിലൊന്ന് പോളിംഗ്ബൂത്തില്‍ സംഭവിക്കുന്നുണ്ടെന്നു തന്നെ കരുതാം.അതു കഴിഞ്ഞാല്‍ പിന്നെ എവിടെയൊക്കെ ഏതളവ് വരെ ജനാധിപത്യം നിലനില്‍ക്കുന്നു എന്ന കാര്യം സംശയാസ്പദം തന്നെയാണ്.ഭരണകേന്ദങ്ങളെ നിയന്ത്രിക്കുന്നവര്‍ ആയിരക്കണക്കിന് കോടി രൂപ അപഹരിക്കുകയും ധൂര്‍ത്തജീവിതം നയിക്കുകയും രാജ്യത്തിനകത്തും പുറത്തുമായി എത്രയോ തലമുറകള്‍ക്കു വേണ്ട നിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കാകെ ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നവരും കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നവരും ശുചീകരണജോലികള്‍ ചെയ്യുന്നവരും അല്പവരുമാനം മാത്രം ലഭിക്കുന്ന മറ്റനേകം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മാന്യമായ പാര്‍പ്പിടം,വസ്ത്രം,വെള്ളം,ആഹാരം,മാലിന്യമുക്തമായ ജീവിതപരിസരങ്ങള്‍,യാ ത്രാസൌകര്യങ്ങള്‍ ഇവയൊന്നും ലഭ്യമാവാതെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കയാണ്.ഒരു സ്വതന്ത്ര രാഷ്ട്രത്തിലെ പൌരന്മാര്‍ എന്ന നിലയില്‍ ലഭിക്കേണ്ടുന്ന ഏറ്റവും ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പോലും അവര്‍ക്ക് പലരുടെയും ഔദാര്യമിരക്കേണ്ടി വരുന്നു.ആപ്പീസുകളില്‍,ബസ്സില്‍,ആശുപത്രികളില്‍,പൊതുനിരത്തില്‍ എല്ലായിടത്തും അവരുടെ ആത്മാഭിമാനം നിരന്തരം ചവിട്ടി മെതിക്കപ്പെടുന്നു.
മുതലാളിത്ത രാജ്യങ്ങള്‍ തന്നെയും തങ്ങളുടെ സാധാരണക്കാരായ പൌരന്മാരുടെ കാര്യത്തില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ രക്ഷക്കായി ആ രാജ്യത്തെ ഭരണകൂടം നടത്തിയ ഇടപെടലുകളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.നമ്മുടെ ഭരണാധിപന്മാരും മതാധിപന്മാരും രാഷ്ട്രീയപ്പാര്‍ട്ടികളും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ കാണിച്ച താലപര്യത്തിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
കൃഷിക്കാര്‍,കൂലിവേല ചെയ്യുന്നവര്‍,വിദ്യാര്‍ത്ഥികള്‍, കീഴെക്കിടസര്‍ക്കാര്‍ ജീവനക്കാര്‍,സ്വകാര്യമേഖലയിലെ തൊഴിലാളികള്‍,നിര്‍മാണത്തൊഴിലാളികള്‍,തൊഴില്‍ രഹിതര്‍ ഇങ്ങനെ അവരവരുമായി ബന്ധപ്പെടുന്ന അധികാരകേന്ദ്രങ്ങളില്‍ നിന്നും എന്തെങ്കിലും തരത്തില്‍ സഹായമോ ആനുകൂല്യമോ ലഭിക്കേണ്ടുന്ന ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനയും ഏറ്റവും ന്യായമായ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടിപ്പോലും അവര്‍ക്ക് നടത്തേണ്ടി വരുന്ന ഏറ്റുമുട്ടലുകളും അതിഭയങ്കരമാണ്.ജനാധിപത്യവ്യവസ്ഥയില്‍ ഒരിക്കലും സംഭവിച്ചുകൂടാത്ത നീതിനിഷേധത്തിനാണ് അവര്‍ വിധേയരായിക്കൊണ്ടിരിക്കുന്നത്.ഒരു സാധാരണപൌരന് തന്റെ ഏറ്റവും ന്യായമായ ഒരാവശ്യം സംബന്ധിച്ച് സര്‍ക്കാറില്‍ നിന്നോ കോടതിയില്‍ നിന്നോ തീര്‍പ്പ് ലഭിക്കുന്നതിന് പലപ്പോഴും വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു എന്ന വാസ്തവത്തിന് വാര്‍ത്താമൂല്യം പോലുമില്ല.സമര്‍പ്പിക്കപ്പെട്ട ഒരപേക്ഷയ്ക്കുമേല്‍ പത്തുമിനുട്ടിനകം തീരുമാനം കൈക്കൊള്ളാനാവും വിധം സാങ്കേതികമായി സുസജ്ജമായ ആപ്പീസുകളില്‍ നിന്നു പോലും വര്‍ഷങ്ങള്‍ കഴിഞ്ഞേ മറുപടി ലഭിക്കൂ എന്നു വരുന്നത് തികച്ചും നിന്ദ്യവും പ്രതിഷേധാര്‍ഹവുമാണ് എന്ന  നിലപാടിലേക്ക് നമ്മുടെ പൊതുബോധം വളരാത്തിടത്തോളം 'സാധാരണക്കാരുടെ അവകാശങ്ങള്‍' നേതാക്കളുടെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന നിരര്‍ത്ഥ പ്രയോഗം മാത്രമായി തുടരും. 
ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ചിലത് ചില സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്.അവ രുടെ സമരങ്ങളില്‍ ചിലതെങ്കിലും വിജയം കാണുന്നുമുണ്ട്.പക്ഷേ,ഭരണകൂടത്തിന്റയും വ്യവസ്ഥയുടെയും സൃഷ്ടിയായ തിന്മകളെ മുഴുവന്‍ എതിര്‍ക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് കഴിയില്ല.അവയില്‍ ഒട്ടുമുക്കാലും ഫണ്ടിംഗിന്റെ ബലത്തില്‍ നിലനില്‍ക്കുന്നവയാണ്.ഫണ്ട് നല്‍കുന്ന ഏജന്‍സികളുടെ നിര്‍ദ്ദേശവും സമ്മതവും അനുസരിച്ചു മാത്രമേ അവയ്ക്ക് പ്രവര്‍ത്തിക്കാനാവൂ.ജനാധിപത്യത്തെ പ്രയോഗത്തിന്റെ തലത്തില്‍ അര്‍ത്ഥപൂര്‍ണമാക്കേണ്ടത് രാഷ്ട്രീയപ്പാര്‍ട്ടികളാണ്.അവ ആ ദൌത്യം ഏറ്റെടുക്കുന്നില്ലെങ്കില്‍ അതിന്റെ ദുരിതം മുഴുവന്‍ പേറേണ്ടിവരിക സമൂഹത്തിലെ അവശവിഭാഗങ്ങള്‍ മാത്രമായിരിക്കില്ല.ഏത് മേഖലയിലായാലും ചില മൂല്യങ്ങള്‍ മുറുകെ പിടിച്ചും ആത്മാഭിമാനം കൈവിടാതെയും പ്രവര്‍ത്തിക്കുന്ന എല്ലാവരും അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും.
ജനാധിപത്യം എന്ന വാക്ക്  തിരഞ്ഞെടുപ്പിന്റെ മണ്ഡലത്തില്‍ മാത്രമേ ഭാഗികമായെങ്കിലും പ്രസക്തമാവുന്നുള്ളൂ എന്ന വാസ്തവം ഊന്നിപ്പറയുകയും മറ്റ് ജീവിതവ്യവഹാരങ്ങളിലെ മൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളെ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ മറ്റ് വാക്കുകള്‍ പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക എന്നത് കേവലം ഭാഷാസംബന്ധിയായ ഒരാവശ്യം മാത്രമല്ല.അനുഭ വങ്ങള്‍ക്ക് കൃത്യമായ പേരുകള്‍ നല്‍കുമ്പോഴേ അവയില്‍ അടങ്ങിയിരിക്കുന്ന അനീതിയെയും ഹിംസാത്മകഘടകങ്ങളയും ശരിയാംവണ്ണം എതിരിടാന്‍ കഴിയൂ.അടിമകള്‍ തങ്ങള്‍ അടിമകളാണ് എന്നറിയുന്നതിനു പകരം എല്ലാ അവകാശങ്ങളുമുള്ള പൌരന്മാരാണ് എന്ന് തെറ്റിദ്ധരിക്കുന്നത് അങ്ങേയറ്റം അപമാനകരവും അപകടകരവുമാണ്.
(മാതൃകാന്വേഷി മാസിക,മാര്‍ച്ച് 2012)

Wednesday, March 14, 2012

വിപരീതം

കറുപ്പിന്റെ വിപരീതം വെളുപ്പ്
കാടിന്റെ വിപരീതം നാട്
കടലിന്റെ വിപരീതം കര
എന്നൊക്കെ പറയുന്നതുപോലെ
തിന്മയുടെ വിപരീതം നന്മ എന്നു പറയരുത്
നന്മയുടെ വേഷം കെട്ടുന്ന തിന്മ
തിന്മയേക്കാള്‍ മോശമായ നന്മ
രണ്ടും കെട്ട പണ്ടാരം
അങ്ങനെ പലതും വിപരീതമായി വരാം.

Monday, March 12, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

47
സാമൂഹ്യാനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കണമെന്നതുകൊണ്ട് വ്യക്തിയുടെ സ്വകാര്യ ദു:ഖങ്ങളെയും സംശയങ്ങളെയും  ആത്മ വേദനകളെയും എഴുത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക എന്നൊരു നയമാണ് ആദ്യകാലപുരോഗമന സാഹിത്യപ്രസ്ഥാനം കൈക്കൊണ്ടത്.സാമൂഹ്യദുരവസ്ഥയെ പ്രതിഫലിപ്പിക്കുന്നതിന് സഹായകമാവുന്ന ടിപ്പിക്കല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതാണ് പ്രസ്ഥാനം എഴുത്തുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.അന്നത്തെ നിലയില്‍ അത് അബദ്ധജടിലമായ ഒരു നിലപാടൊന്നുമായിരുന്നി ല്ല.പക്ഷേ,ലോകം ഒരുപാട് മാറിയിരിക്കുന്നു.സാമൂഹ്യപ്രശ്നങ്ങളുടെ ഉറവിടങ്ങളെ മുഴുവന്‍ മുതലാളിത്ത രീതിയിലുള്ള വികസനത്തില്‍ കണ്ടെത്താമെന്നത് സൈദ്ധാന്തികമായി ശരിയായിരിക്കാമെങ്കിലും അനുഭവത്തിന്റെ തലത്തില്‍ പ്രശ്നങ്ങള്‍ പലതാണ്.അവയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതും പല വഴിക്കാണ്.ഒരു വിപ്ളവം വഴി സകല പ്രശ്നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരം എന്നൊരു നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ നിലയില്‍ ബുദ്ധിമുട്ടാണ്.എന്തിന് അത്രയധികം പോവുന്നു?വിപ്ളവത്തിന്റെ രൂപഭാവങ്ങള്‍ നിര്‍ണയിക്കുക പോലും അങ്ങേയറ്റം ശ്രമകരമാണ്.ഇതൊന്നും അംഗീകരിക്കാതെ പ്രത്യയശാസ്ത്ര സംബന്ധിയായ ചില ബൌദ്ധിക വ്യായാമങ്ങളില്‍ അഭിരമിക്കുന്നത് വെറും നേരമ്പോക്ക് മാത്രമാണ്.
മുതലാളിത്തരീതിയിലുള്ള വികസനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റി ഗൌരവമായ ഒരാലോചനക്കും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സന്നദ്ധമല്ല.കാരണം അവയുടെ നേതൃത്വം ഈ വികസനത്തിന്റെ ഇരകളല്ല ഗുണഭോക്താക്കളാണ്.സാധാരണക്കാരില്‍ ഒരു വിഭാഗവും പുത്തന്‍  വികസനം വഴി അതിസമ്പന്നവിഭാഗത്തിന് ഉണ്ടാവുന്ന അതിഭീമമായ സാമ്പത്തിക വളര്‍ച്ചയുടെ അതിനിസ്സാരമായ പങ്ക് പറ്റിക്കൊണ്ടിരിക്കുന്നുണ്ട്.മെച്ചപ്പെട്ട ജീവിതം എന്ന നിരന്തരം പ്രലോഭിപ്പിക്കുന്ന സ്വപ്നത്തിനു പുറകെ അവര്‍ അനുസരണയോടെ പോയ്ക്കൊണ്ടിരിക്കുന്നുമുണ്ട്.ഈ വിഭാഗം ഉള്‍പ്പെടെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അനുഭവിച്ചുവരുന്ന നാനാതരത്തിലുള്ള ജീവിത പ്രയാസങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന ഗൌരവപൂര്‍ണമായ പരിഗണന നല്‍കി പുതിയ മുദ്രാവാക്യങ്ങളും പുതുരീതികളും സ്വീകരിച്ച് പ്രവര്‍ത്തിക്കാനാവുന്ന പുതിയ പ്രസ്ഥാനങ്ങളെയാണ് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും ജനങ്ങള്‍ ഉറ്റുനോക്കുന്നത്.അത്തരം പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു വരിക എന്ന സാധ്യതയ്ക്കൊപ്പം നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പുതിയ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണ് തുറന്ന് അടിമുടി സ്വയം നവീകരിക്കുക എന്ന സാധ്യതയും നിലവിലുണ്ട്.രണ്ടാമത് പറഞ്ഞ സാധ്യത പക്ഷേ മിക്കവാറും അസാധ്യതയുടെ വക്കത്താണ് നിലനില്‍ക്കുന്നതെന്നു മാത്രം.കേരളവും ഇന്ത്യ ആകെത്തന്നെയും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പൊതുപ്രശ്നം അതാണ്.ഈ വസ്തുത തുറന്നു പറയാത്ത പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് സമകാലിക കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നതു പോയിട്ട് അര്‍ത്ഥവത്തായ ഒരു ചെറു ചലനം പോലും സാധ്യമാവില്ല.പുരോഗമനസാഹിത്യപ്രസ്ഥാനം  ഒരനാവശ്യമാണെന്ന് പ്രേംചന്ദിന്റെ കാലത്തു തന്നെ വിധിയെഴുതിയവരുടെ പിന്മുറക്കാര്‍ ഇപ്പോള്‍ പ്രസ്ഥാനത്തിന്റെ സ്വന്തം ആളുകളാണ്.അവരെ സ്വന്തക്കാരാക്കാന്‍ പറ്റുന്ന മട്ടില്‍ രൂപാന്തരണം സംഭവിച്ചു കഴിഞ്ഞ പ്രസ്ഥാനമാണ് ഇന്നത്.മുമ്പ് പ്രസ്ഥാനം അതിന്റെ സ്വാതന്ത്യ്രം കമ്യൂണിസ്റുകാര്‍ക്ക് പണയം വെക്കുന്നു എന്നതായിരുന്നു ആക്ഷേപം.സമ്പൂര്‍ണമായ സ്വത്വം നാശം സംഭവിച്ച നിലക്ക്  ഇനി അത്തരത്തിലുള്ള ആരോപണങ്ങളൊന്നുമുണ്ടാവില്ല.
പശു ചത്തിട്ടും മോരിലെ പുളിപോയില്ല എന്ന മട്ടില്‍ ഞാന്‍ ഇതു തന്നെ ഇങ്ങനെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണ്?'വെറുതെ നേരം കളയാതെ പോയി നാലക്ഷരം വായിക്കുകയോ പഠിക്കുകയോ എഴുതുകയോ ചെയ്യെടോ'എന്ന് എന്നെത്തന്നെ ശാസിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

Sunday, March 11, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

44
എന്തിന് ജീവിക്കുന്നു എന്ന ചോദ്യത്തിന് ആരുടെയെങ്കിലും പക്കല്‍ ഒരു ശരിയുത്തരമുണ്ടാവുമോ?ഇനിയും ജീവിക്കണം എന്ന എന്റെ ആഗ്രഹത്തിനു പിന്നില്‍ തീര്‍ത്തും വ്യക്തിഗതമായ ചില മോഹങ്ങള്‍ കഴിഞ്ഞാല്‍ എന്താണുള്ളത് എന്ന ആലോചന യുടെ ഒടുവില്‍ എല്ലായ്പ്പോഴും ഞാന്‍ എത്തിച്ചേരുന്നത് ഒരേയൊരുത്തരത്തിലാണ്:എനിക്ക് ഓരോന്നോരോന്നൊക്കെ ആലോചിച്ചുകൊണ്ടിരിക്കുകയും ഇടക്കിടെ ഓരോന്നോരോന്നൊക്കെ എഴുതിക്കൊണ്ടിരിക്കുകയും വേണം.ലോകത്തിന് അതു കൊണ്ട് എന്ത് ഗുണമുണ്ടാവുമെന്നതിനെ പറ്റി ഞാന്‍ ആലോചിക്കുന്നതേയില്ല എന്നു പറയാനാവില്ല.ആര്‍ക്കും ഒരു ഗുണവും ചെയ്യാത്തതെന്ന് തനിക്കുറപ്പുള്ളൊരു കാര്യം ചെയ്യാന്‍ ആരെങ്കിലും മിനക്കെടുമോ?പക്ഷേ,ഓര്‍മകളും ആലോചനകളും അവയില്‍ ചിലതിന്റെ ആവിഷ്ക്കാരവും നല്‍കുന്ന ചെറുതോ ചിലപ്പോള്‍ വലുതോ ആയ ആനന്ദത്തെ കുറിച്ചു തന്നെയാണ് ഞാന്‍ ആദ്യമായും അവസാനമായും ആലോചിക്കുന്നത്.
   
45
എന്റെ ഭാഷയൊന്ന് നന്നാക്കിയെടുക്കണം എന്ന് എല്ലായ്പ്പോഴും ഞാന്‍  ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ ഏതെങ്കിലും പ്രശ്നത്തിന്റെ വിശദീകരണമോ അപഗ്രഥനമോ ലക്ഷ്യം വെച്ച് എഴുതിത്തുടങ്ങുമ്പോഴെല്ലാം ഞാന്‍ എനിക്ക് പൂര്‍ണസ്വാതന്ത്യ്രം കൈവരാത്ത ഒരെഴുത്തുരീതിയിലാണ് എത്തിപ്പെടുന്നത്.അതുകൊണ്ട് ഞാന്‍ അവതരിപ്പിക്കുന്ന ആശയങ്ങളില്‍ ചിലത് മൌലികമാണെന്ന് എനിക്ക് സ്വയം ബോധ്യമുണ്ടായിരിക്കുമ്പോഴും വായനക്കാര്‍ അവയെ ആ മട്ടില്‍ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുന്നു.കുറ്റം എന്റേതു തന്നെയാണ്.
46
11-3-2012
ഇന്ന് എന്നെ കാണാന്‍ വന്ന യുവാവ് അയാളുടെ നാട്ടില്‍ സ്വതന്ത്രമായ ഒരു സാംസ്കാരിക പ്രവര്‍ത്തനവും അനുവദിക്കപ്പെടാത്ത അവസ്ഥയാണ് ഉള്ളത് എന്നു പറഞ്ഞു.കേരളത്തിലെ ഏത് പ്രദേശത്തുള്ള ആളും അയാള്‍ സത്യസന്ധനാണെങ്കില്‍ ഇതു തന്നെയാണ് പറയുക. മാര്‍ക്സിസ്റുകാരായാലും കോണ്‍ഗ്രസ്സുകാരായാലും ബി.ജെപിക്കാരായാലും മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കാരായാലും അവര്‍ താന്താങ്ങളുടെ പാര്‍ട്ടിയുടെ ഭക്തജനങ്ങളാണെങ്കില്‍ സ്വന്തം പ്രദേശത്ത് സ്വതന്ത്രമായ ബൌദ്ധികാന്വേഷണങ്ങളും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും നടക്കുന്നതിനെ ഏത് വിധേനെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കും.കേരളത്തിലെ കക്ഷി രാഷ്ട്രീയം ആ ഒരു പതനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്നകന്നു മാത്രമേ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാവൂ.പക്ഷേ ,രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും മാറി നിന്നുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശേഷിച്ചൊരു സാമൂഹ്യപ്രസക്തിയും കൈവരില്ലെന്നതാണ്  സ്ഥിതി.എങ്കിലും വ്യക്തി എന്ന നിലയ്ക്ക് എനിക്ക് എന്റെ എഴുത്തിന്റെ ലോകത്ത് രാഷ്ട്രീയത്തിന് പ്രവേശനം നിഷേധിക്കാം.അങ്ങനെ ചെയ്യണമെന്ന് പലപ്പോഴും ഞാന്‍ ഉറച്ച തീരുമാനത്തിലെത്തുകയും  ചെയ്യും.പക്ഷേ,ഞാനറിയാതെ,അല്ലെങ്കില്‍ എന്റെ പൂര്‍ണസമ്മതത്തോടെയല്ലാതെ ആ തീരുമാനം കൂടെക്കൂടെ ലംഘിക്കപ്പെടുകയും ചെയ്യും.കക്ഷിരാഷ്ട്രീയത്തെ കുറിച്ച്,അതില്‍ അടങ്ങിയിട്ടുള്ള വഞ്ചനയെയും അടിമത്തത്തെയും കുറിച്ച് പേര്‍ത്തും പേര്‍ത്തും ആലോചിച്ച് സമയം മെനക്കെടുത്താത്ത ഒരു മനോനിലയില്‍ എത്രയും വേഗം എത്തിച്ചേരേണമേ എന്നാണ് ഞാന്‍ തീവ്രമായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.

Tuesday, March 6, 2012

അറിഞ്ഞതില്‍ നിന്ന് മോചിതരാവുമ്പോള്‍

എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കുമിടയില്‍ ഒട്ടുവളരെ ആരാധകരുള്ള ഒരു ചിന്തകനാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി.കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട ഇന്ത്യക്കാരായ ആത്മീയാചാര്യന്മാരില്‍ ഓഷോ കഴിഞ്ഞാല്‍ ഏറ്റവും വിഖ്യാതനായ ആള്‍ കൃഷ്ണമൂര്‍ത്തി തന്നെ.മതം, ദൈവം, വിശ്വാസം,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ലോകത്തിലെ അനേകം നഗരങ്ങ ളിലായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്ത രങ്ങളും അദ്ദേഹം എഴുതിയ കുറിപ്പുകളുമെല്ലാം ഇപ്പോഴും വ്യാപകമായി വായിക്കപ്പെടുന്നുണ്ട്.മ തത്തിനും വ്യവസ്ഥാപിത ജ്ഞാനപദ്ധതികള്‍ക്കും പുറത്തേക്ക് ചിന്തയെ നയിച്ച ധൈഷണിക ലോകത്തിലെ മഹാ വിപ്ളവകാരിയാണ്  ജിദ്ദുകൃഷ്ണമൂര്‍ത്തിയെന്ന് കരുതുന്ന ധാരാളം പേര്‍ കേരളത്തിലെ ചിന്താശീലരായ യുവജനങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ട്.
കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ആശയാവതരണത്തിലെ സാരള്യമാണ്.ക്ളിഷ്ടമായ പ്രയോഗങ്ങളോ വളച്ചുകെട്ടുള്ള നീണ്ട വാക്യങ്ങളോ അവയില്‍ ഇല്ലെന്നു തന്നെ പറയാം. വലിയ ദാര്‍ശനിക സമസ്യകളെത്തന്നെ അത്യന്തം ലളിതവല്‍ക്കരിച്ച് തെളിഞ്ഞ ഭാഷയില്‍ വിശേഷിച്ചൊന്നും ഭാവിക്കാത്ത മട്ടില്‍ ജിദ്ദു അവതരിപ്പിക്കുമ്പോള്‍ മനസ്സുകൊണ്ട് അദ്ദേഹത്തെ പിന്തുടരുന്നവര്‍ക്ക് ശാന്തസ്വച്ഛമായ ഒരു ഭൂവിഭാഗത്തിലൂടെ ഏകാന്തയുടെ സുഖം നുണഞ്ഞ് പതുക്ക നടന്നുപോവുന്നതു പോലുള്ള അനുഭവം ഉണ്ടാകാം.പക്ഷേ,സ്വന്തം യുക്തി ബോധത്തെ പ്രവര്‍ത്തനക്ഷമമാക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കു നേരെ പ്രയോഗിക്കുന്ന നിമിഷം തൊട്ട്  ഈ അനുഭവത്തിന് വിള്ളല്‍ വീണ് തുടങ്ങും.അടിസ്ഥാനരഹിതമെന്നും അശാസ്ത്രീയമെന്നും അപ്രായോഗികമെന്നും എത്ര എളുപ്പത്തില്‍ ബോധ്യം വരുന്ന ആശയങ്ങളെയാണ് മനുഷ്യജീവിതത്തിലെ മഹാപ്രശ്നങ്ങള്‍ക്കുള്ള അവസാനത്തെ ഉത്തരങ്ങളെന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്നോര്‍ത്ത് അവര്‍ക്ക് തന്നെ ലജ്ജ തോന്നും.
                            
                                    വൃഥാസ്ഥൂലതയും ആവര്‍ത്തനപരതയും
ആദരപൂര്‍വം തന്നെ ശ്രദ്ധിക്കുന്ന ചെറുസദസ്ളുകളെ ലോകമെമ്പാടും സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ വലിയൊരു പ്രഭാഷകനാണ് കൃഷ്ണമൂര്‍ത്തി.അദ്ദേഹത്തിന് ലഭിച്ച സദസ്സ് വലിയ ബുദ്ധി ജീവികളുടെതോ ദാര്‍ശനിക കാര്യങ്ങളില്‍ അവഗാഹമുള്ളവരുടേതോ ആയിരുന്നില്ലെന്ന് പ്രഭാഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.അത്രമേല്‍ ലളിതമായ ഭാഷയില്‍ അങ്ങേയറ്റം സുതാര്യമായ ശൈലിയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്.ആ പ്രഭാഷണങ്ങള്‍ക്ക് ശ്രോതാ ക്കളായിരിക്കാന്‍ ധൈഷണികജീവിതത്തിന്റെ മുകള്‍ത്തട്ടുകളില്‍ വ്യാപരിച്ച് ശീലമുള്ളവര്‍ക്ക് വലിയ പ്രയാസം തന്നെയായിരിക്കും.ലാളിത്യം എന്ന ഗുണം മാത്രമല്ല വൃഥാസ്ഥൂലത,ഒരേ കാര്യം തന്നെ പല മട്ടില്‍ ആവര്‍ത്തിച്ചു പറയാനുള്ള താല്പര്യം എന്നീ ദോഷങ്ങള്‍ കൂടിയുണ്ട് കൃഷ്ണ മൂര്‍ത്തിയുടെ പ്രഭാഷണങ്ങള്‍ക്ക്.തന്റെ ആശയങ്ങള്‍ അങ്ങേയറ്റം സുതാര്യമായിരിക്കണമെന്നതു കൊണ്ട് മാത്രമാണ് ചിന്തയുടെ വഴിയില്‍ അദ്ദേഹം ഓരോ ചുവടും വളരെ സാവകാശത്തില്‍ മാത്രം വെച്ചത് എന്ന് ഒരാരാധകന് വാദിക്കാന്‍ കഴിഞ്ഞേക്കും.പക്ഷേ, അല്പമെങ്കിലും വിമര്‍ശന ബുദ്ധി പ്രയോഗിക്കുന്ന ആര്‍ക്കും അദ്ദേഹം തന്റെ മുന്നിലിരുന്നവരെ വിശകലനനബുദ്ധിയും വിവേചനശേഷിയും ഇല്ലാത്തവരെന്ന പോലെയാണ് കണ്ടതെന്ന് ഏത് വിഷയത്തെ പറ്റി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിലൂടെയും കടന്നുപോവുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ബോധ്യപ്പെടും. ഒരാശയം അവതരിപ്പിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ ആവശ്യമായതിന്റെ പത്തിരട്ടിയെങ്കിലും പദങ്ങള്‍ ഉപയോഗിക്കുക എന്നതാണ് കൃഷ്ണമൂര്‍ത്തി അവലംബിച്ച രീതി.
                                       അയുക്തികതയുടെ ആഘോഷങ്ങള്‍
അറിഞ്ഞതില്‍ നിന്നുള്ള മോചനം എന്നതാണ് ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ചിന്തകളിലെ ആധാരവാക്യം.ജീവിതത്തിലെ ഏത് അനുഭവമേഖലയെ കുറിച്ചും നാം ആര്‍ജ്ജിച്ചുവെച്ചിരിക്കുന്ന അറിവുകളില്‍ നിന്ന് മോചനം നേടുന്നതോടെയേ നമുക്ക് യഥാര്‍ത്ഥമായ അറിവിന്റെയും അനുഭവത്തിന്റെയും ആനന്ദത്തിന്റെയും ലോകത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് ജിദ്ദു പറയുന്നു.ഈ പറയുന്ന മോചനം ഏത് വ്യക്തിയുടെ കാര്യത്തിലായാലും ഏതളവ് വരെ സാധിക്കും? അങ്ങനെ മോചിതരാവാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ശൂന്യതയില്‍ നിന്നുകൊണ്ട് ഓരോ പുതിയ അനുഭവത്തെയും സ്വീകരിക്കുന്ന ആ ആളുടെ മനോനില എത്രമേല്‍ ആരോഗ്യകരമായിരിക്കും?എന്നിങ്ങനെയുള്ള ഒട്ടനേകം സംശയങ്ങളെ മാറ്റിവെക്കാന്‍ തയ്യാറാവുന്ന ഒരാള്‍ക്ക് മാത്രമേ ചിന്ത കൊണ്ട് ജിദ്ദുവിനെ പിന്തുടരാനാവൂ.ജീവിതത്തിന്റെ സമസ്തമേഖലകളിലെയും ആര്‍ജ്ജിത ജ്ഞാനത്തെ ഉപേക്ഷിക്കുന്ന ഒരാളില്‍ പിന്നെ എന്താണ് ബാക്കിയുണ്ടാവുക.?ജ്ഞാനാര്‍ജ്ജനത്തിന്റെ മുഖ്യവാഹകമായ വാക്കുകളില്‍ അനേകം തലമുറകള്‍ സ്വാനുഭവങ്ങളിലൂടെ സമാഹരിച്ചിരിക്കുന്ന അറിവുകളില്‍ പലതും സ്വായത്തമാക്കി ക്കൊണ്ടാണ് ഏത് വ്യക്തിയും മതം,ദൈവം,ലോകം,പരലോകം,ആത്മാവ് തുടങ്ങിയ പ്രശ്നങ്ങ ളെയെല്ലാം സമീപിച്ചുതുടങ്ങുന്നത്.ബൌദ്ധികമായ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഈ അറിവു കളില്‍ പലതും ഉപേക്ഷിച്ചും പുതിയ ധാരണകള്‍ പലതും സ്വീകരിച്ചുമാണ് വ്യക്തികള്‍ മുന്നോട്ടു പോവുന്നത്.ഏതൊക്കെ മുന്‍ധാരണകളെ ഏതൊക്കെ അളവില്‍ ഉപേക്ഷിക്കണം എന്നതിനെ കുറിച്ച് ഓരോരോ ഘട്ടത്തിലും വ്യക്തി പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്.ഇങ്ങനെ ക്രമമായ ഒരു വളര്‍ച്ചയല്ലാതെ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെയോ മറ്റേതെങ്കിലും ഗുരുവിന്റെയോ നിര്‍ദ്ദേശമനുസരിച്ച് ഒരു ദിവസം രാവിലെ അപ്പാടെ ഉപേക്ഷിച്ച് കളയാവുന്ന രീയിയിലല്ല ഒരു വ്യക്തിയുടെ ഉള്ളിലും അറിവുകളും അനുഭൂതികളും സമാഹൃതമാവുന്നത്. താന്‍ ദൈവവിശ്വാ സത്തെ കുറിച്ച് ഇന്നലെ വരെ ധരിച്ചുവെച്ച ധാരണകളെല്ലാം ഉപേക്ഷിച്ച് ദൈവം ആരാണ്, എന്താണ് എന്നൊക്കെ ഇന്ന് ഈ നിമിഷം തൊട്ട് പുതിയ രീതിയില്‍ അന്വേഷിച്ചു കണ്ടെത്തിക്കളയാം എന്ന് ഏത് വ്യക്തി തീരുമാനിച്ചാലും അത് നടപ്പിലാവാന്‍ പോവുന്നില്ല.
ചരിത്രത്തില്‍ നിന്നും എല്ലാതരത്തിലുള്ള പൂര്‍വാര്‍ജിത ജീവിതധാരണകളില്‍ നിന്നും മതവിശ്വാസങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും മോചിതനായി ഏതനുഭവത്തിലൂടെയും വെറുതെ കടന്നു പോവുന്ന വ്യക്തിയാണ് ജിദ്ദുകൃഷ്ണമൂര്‍ത്തിയുടെ സങ്കല്പത്തിലെ സ്വതന്ത്ര മനുഷ്യന്‍.തന്റെ പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും കുറിപ്പുകളിലുമെല്ലാം അദ്ദേഹം ആവര്‍ത്തിച്ചു നിര്‍വഹിക്കുന്നത് ഈയൊരാശയത്തിന്റെ വിപുലനവും വിശദീകരണവുമാണ്.
                                   താല്‍ക്കാലികതയുടെ സ്തുതിപാഠകന്‍
ചരിത്രബോധം കൈമോശം വന്നവര്‍,ഓര്‍മകള്‍ നഷ്ടപ്പെട്ടവര്‍,വര്‍ത്തമാനമൊഴിച്ചുള്ള കാലങ്ങളില്‍ അല്പവും മനസ്സ് ചെല്ലാത്തവര്‍ എന്നൊക്കെ ഏറ്റവും പുതിയ തലമുറ പൊതുവേ കുറ്റപ്പെടു ത്തപ്പെടാറുണ്ട്.ചരിത്രത്തിന്റെ മരണം,ദര്‍ശനത്തിന്റെ മരണം,പ്രത്യയശാസ്ത്രങ്ങളുടെ മരണം എന്നിങ്ങനെ വ്യക്തിയെയും സമൂഹത്തെയും  ഭൂതവും ഭാവിയുമായി ബന്ധപ്പെടുത്തുന്ന ജ്ഞാനരൂപങ്ങളുടെയെല്ലാം മരണം ആഘോഷിക്കപ്പെടുന്ന ബൌദ്ധികപരിസരത്തിലാണ് അവര്‍ ജീവിക്കുന്നത്.ഒരു കാര്യത്തെ കുറിച്ചും ആഴത്തിലുള്ള അറിവ് നേടാതിരിക്കുക,ഒരു താല്പര്യത്തെയും ഏറെനാള്‍ കൊണ്ടു നടക്കാതിരിക്കുക,ഒരു ചിന്താപദ്ധതിയെയും പിന്തുടരാതിരിക്കുക,ഒരു രാഷ്ട്രീയ ദര്‍ശനത്തിനും ഗൌരവം കല്പിക്കാതിരിക്കുക എന്നിവയെല്ലാം പുതുതലമുറക്ക് മാത്രമല്ല അവരുടെ മാതാപിതാക്കളുടെ തലമുറക്കും പൊതുവേ സ്വീകാര്യമായിത്തീര്‍ന്നു കഴിഞ്ഞു.ഒരു പ്രശ്നത്തിലും ഉറച്ച നിലപാട് സ്വീകരിക്കാതെയും ഒന്നിനെയും ആഴത്തില്‍ ഉള്‍ക്കൊള്ളാതെയും ജീവിച്ചുപോവാനുള്ള പരിശീലനമാണ് പുതുതലമുറ നേടിക്കൊണ്ടിരിക്കുന്നത്.പ്രശ്നാധിഷ്ഠിത പഠനം എന്ന് വിളിക്കപ്പെടുന്ന പുത്തന്‍ വിദ്യാഭ്യാസപദ്ധതിയുടെ അടിസ്ഥാനപരമായ ഉദ്ദേശവും വിദ്യാര്‍ത്ഥികളെ ജ്ഞാനാര്‍ജ്ജനത്തിന്റെ വഴിയില്‍ നിന്ന് പിന്തിരിപ്പിച്ച് പ്രശ്നങ്ങളെ ഉപരിപ്ളവമായും താല്‍ക്കാലികപരിഹാരം മാത്രം ലക്ഷ്യം വെച്ചും സമീപിക്കുന്ന സ്വഭാവരീതി പരിശീലിപ്പിച്ചെടുക്കുക എന്നതാണ്.ഇത് ഊഹക്കച്ചവടത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് മുന്നേറുന്ന പുത്തന്‍ മുതലാളിത്തത്തിന്റെ നടത്തിപ്പുകാരാവാന്‍ പറ്റുന്ന തലമുറകളെ വാര്‍ത്തെടുക്കാന്‍ ഏറ്റവും അനുയോജ്യമായ പദ്ധതിയാണ്.
കൃഷ്ണമൂര്‍ത്തി ലോകം മുഴുക്കെ പ്രസംഗിച്ചു നടന്നതും കേവലവര്‍ത്തമാനത്തില്‍,താല്‍
ക്കാലികതയില്‍ അലോചനാരഹിതമായി മുഴുകാനാണ്.അദ്ദേഹത്തിന്റെ ഏത് പ്രഭാഷണ ത്തിലെയും കേന്ദ്രാശയം ഇതു തന്നെയാണ്.രണ്ട് സന്ദര്‍ഭങ്ങളിലെ പ്രസ്താവങ്ങള്‍ മാത്രം ഉദാഹരിക്കാം.
1. നിങ്ങളുടെ കണ്ണുകള്‍ ഏറ്റവും സമീപസ്ഥമായതിനെ കാണണം.ആ കാണല്‍ അവസാനമില്ലാത്ത ഒരു ചലനമാണ്.താന്‍ അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ തന്നെ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആള്‍ മിഥ്യാലോകത്ത് ജീവിക്കുകയും തന്റെ തന്നെ നിഴലിന്റെ പരിധിക്കുള്ളില്‍ വീര്‍പ്പുമുട്ടുകയുമാണ്.അന്വേഷിക്കാതിരിക്കലാണ് കണ്ടെത്തല്‍.ആ കണ്ടെത്തല്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒന്നല്ല-അത് അവിടെ നിങ്ങള്‍ അന്വേഷിക്കാതിരിക്കുന്നിടത്ത് തന്നെയാണുള്ളത്.അന്വേഷിക്കല്‍ എന്നത് എല്ലായ്പ്പോഴും ജീവിതവും അതിലെ എല്ലാ പ്രവര്‍ത്തികളും സംഭവിച്ചുകൊണ്ടിരിക്കുന്ന നിത്യവര്‍ത്തമാനത്തില്‍ നിലകൊള്ളലാണ്.

2.നമ്മള്‍ ഒരു ദിവസം ജീവിക്കുകയും അന്നത്തെതോടെ ആ ജീവിതം അവസാനിപ്പിക്കുകയും നവ്യവും സംശുദ്ധവുമായ ഒന്നെന്ന പോലെ മറ്റൊരു ദിവസം ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ അവിടെ മരണഭയത്തിന് ഇടമില്ല.നാം ആര്‍ജ്ജിച്ച എല്ലാ വസ്തുക്കള്‍ക്കും എല്ലാ അറിവിനും എല്ലാ ഓര്‍മകള്‍ക്കും എല്ലാ സമരങ്ങള്‍ക്കും അതാത് ദിവസം തന്നെ മരണം നല്‍ക്കുകയും ഒന്നിനെയും അടുത്ത ദിവസത്തേക്ക് കൊണ്ടുപോവാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതില്‍ സൌന്ദര്യമുണ്ട്.അവസാനിക്കലിനൊപ്പം അവിടെ പുതിയ ഒരാരംഭവുമുണ്ട്.
കൃഷ്ണമൂര്‍ത്തിയുടെ ഇത്തരത്തിലുള്ള ഉപദേശങ്ങളെയും നിരീക്ഷണങ്ങളെയുമെല്ലാം ഏറ്റവും സാധാരണമായ യുക്തി ഉപയോഗിച്ചു തന്നെ ചോദ്യം ചെയ്യാം.അങ്ങനെ ചോദ്യം ചെയ്യുന്നവരെ അദ്ദേഹം തര്‍ക്കുത്തരം പറഞ്ഞോ പരിഹസിച്ചോ ദ്വേഷ്യപ്പെട്ടോ അടക്കിയിരുത്തുകയാണ് ചെയ്തത് എന്ന് വ്യക്തമാക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ കൃഷ്ണമൂര്‍ത്തിയുടെ സംഭാഷണങ്ങളിലുണ്ട്.
ഇത്രയും ആഴം കുറഞ്ഞ ചിന്തകളുള്ള ഒരു പ്രഭാഷകന് എങ്ങനെ ലോകത്തിലെ അനേകം മഹാനഗരങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരെ ലഭിച്ചു എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങള്‍ സാധ്യമാണ്.ആരംഭത്തില്‍ വ്യക്തമാക്കിയതുപോലെ ആ പ്രഭാഷണങ്ങളിലെ ആശയാവതരണങ്ങള്‍ക്കുള്ള വെടിപ്പും ലാളിത്യവും തന്നെയാണ് ആദ്യത്തെ കാരണം.ഒട്ടും സങ്കീര്‍ണമല്ലാത്തതും എളുപ്പത്തില്‍ വായിച്ചുപോകാവുന്നതും മനസ്സിന് സവിശേഷമായ സ്വാച്ഛന്ദ്യം പകരുന്നതുമായ പുരാതന ചൈനീസ്കവിതകളുടെയും പ്രകൃതി ചിത്രങ്ങളുടെയും  സ്വഭാവമുണ്ട് അവയില്‍ പലതിനും.ജീവിതത്തിന്റെ കേവലനിലനില്‍പ്പുമായി ബന്ധപ്പെട്ട വ്യാകുലതകളൊന്നും അലട്ടാതിരിക്കുന്ന അവസ്ഥയില്‍ ഒരാള്‍ക്ക് ആത്മസുഖത്തിനു വേണ്ടി കേള്‍ക്കാവുന്നവയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.കൂടുതല്‍ പ്രധാനപ്പെട്ട മറ്റൊരു കാരണം അദ്ദേഹത്തിന്റെ ശ്രോതാക്കള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ക്കും വൈരൂപ്യങ്ങള്‍ക്കും നേരെ കണ്ണടച്ച് അവനവനില്‍,അവനവന്റെ അപ്പപ്പോഴത്തെ ജീവിതവിജയങ്ങളില്‍ കണ്ണും കാതുമുറപ്പിച്ച് ജീവിക്കാനാഗ്രഹിച്ച ഉപരിമധ്യവര്‍ഗജീവികളോ ഉപരിവര്‍ഗജീവികള്‍ തന്നെയോ ആയിരുന്നതാവണം.തൊഴില്‍ കൊണ്ട് അവര്‍ ആര് തന്നെ ആയിരുന്നാലും അവരുടെ ബോധനിലവാരവും മനോഭാവവും  ആധുനികവ്യാപാരി സമൂഹങ്ങളിലെ അരാഷ്ട്രീയരായ ബിസിനസ് എക്സിക്യൂട്ടീവുകളുടേതായിരുന്നിരി ക്കണം.അവര്‍ക്ക് താങ്ങാവുന്നതും സുഖം പകരുന്നതുമായ ലളിതസുന്ദരമായ തത്വജ്ഞാനമാണ് കൃഷ്ണമൂര്‍ത്തി എല്ലാ കാലത്തും പകര്‍ന്നേകിക്കൊണ്ടിരുന്നത്.
(ജനശക്തി വാരിക)   

Friday, March 2, 2012

പുതിയ പാട്ട്

നിഷേധാത്മകത്വം ഞാന്‍ കൈവെടിഞ്ഞു
വിഷാദാത്മകതയും കൈവെടിഞ്ഞു
ഇനി കണ്ണ് തുറന്നുന്മേഷവാനായി കാണട്ടെ
കണ്ഠം തുറന്നാഹ്ളാദവാനായി പാടട്ടെ
എത്ര സുന്ദരമാണീ ലോകം
എത്രമേല്‍ മഹത്തരമാണെന്റെ രാജ്യം
എത്ര നീതിനിഷ്ഠരാണ് നേതാക്കള്‍
കള്ളമില്ല ചതിയില്ല
പൊളിവചനങ്ങളും
പൊതുസ്വത്ത് മോഷണവുമില്ല
അഴിമതിയും അഹങ്കാരവുമില്ല
വിദ്യാലയങ്ങളെല്ലാം വിജയമാഘോഷിക്കുന്നു
ആപ്പീസുകളെല്ലാം സമയനിഷ്ഠമായി
കര്‍മനിരതമായി വിരാജിക്കുന്നു
ആര്‍ക്കുമൊരു പരാതിയുമില്ല
ഒന്നിനുമില്ല കാലതാമസം
യുവജനനേതാക്കളെല്ലാം ജ്ഞാനതൃഷ്ണര്‍
സദാ സേവനതല്‍പരര്‍
ആദര്‍ശധീരര്‍
കവിളും കഥാകാരന്മാരും എത്ര കര്‍മകുശലര്‍
അവര്‍ക്കില്ല വിഷാദം,വികാരവിക്ഷോഭങ്ങള്‍
അസ്തിത്വവ്യഥ,അമൂര്‍ത്ത സങ്കടങ്ങള്‍
അവരുടെ  മൊഴിമുത്തുകളെത്ര മനോഹരം
പാടങ്ങളെല്ലാം പച്ച പുതച്ചു കിടക്കുന്നു
പുഴകളെല്ലാം നിറഞ്ഞൊഴുകുന്നു
നഗരങ്ങളെല്ലാം നന്മയില്‍ തെഴുക്കുന്നു
(നാട്ടിന്‍ പുറങ്ങളോ പണ്ടേ അങ്ങനെ തന്നെ)
നാട് പുരോഗമിക്കുന്നു
നാട്ടുകാര്‍ക്ക് വിദേശത്ത് പണി കിട്ടുന്നു
ദൈവത്തിന്റെ നിലവറകള്‍ തുറക്കുന്നു
കുന്നുകൂടിയ സ്വര്‍ണം കണ്ട്
നിര്‍മമന്മാര്‍ പോലുമാനന്ദിക്കുന്നു
കള്ളന്മാരില്ല
കൊലപാതകികളില്ല
തീവണ്ടികളില്‍ സ്തീകള്‍ക്ക് പീഡനമില്ല
സദാചാരപ്പോലീസില്ല
സദ് വൃത്തരല്ലാതെ ആരുമില്ല
വൈകുന്നേരങ്ങളില്‍ എന്തു ചെയ്യുമെന്നോര്‍ത്ത്
ആര്‍ക്കുമൊരു ടെന്‍ഷനുമില്ല
ബാലമരണങ്ങളില്ല   
ആത്മഹത്യകളില്ല
മരിച്ചു കഴിഞ്ഞ വൃദ്ധരോ
മാധ്യമങ്ങളില്‍ മഹാന്മാരാവുന്നു
എങ്ങും സുഖം സന്തോഷം സംതൃപ്തി
നിഷേധാത്മകത്വം ഞാന്‍ കൈവെടിഞ്ഞു
വിഷാദാത്മകതയും കൈവെടിഞ്ഞു
ചേരയെ തിന്നുന്ന നാട്ടില്‍
നടുക്കണ്ടം തിന്നു ഞാന്‍ ജീവിക്കും.