Pages

Friday, March 31, 2017

ആകാശവും ഭൂമിയും പിന്നെ ഞാനും

ഒരിക്കൽക്കൂടി വിത്തായി,ചെടിയായി,
മരമായി മാറാൻ കൊതിയില്ലായ്കയല്ല
പക്ഷേ, ഒരു വിത്തിന് ഒരിക്കലേ മുളക്കാനാവൂ
എന്ന തീർപ്പ് തിരുത്തപ്പെടില്ല
പിന്നെ ചെയ്യാവുന്നത് ശാഖകൾ വളച്ചും
അടിയോടെ വളഞ്ഞും 
മണ്ണിൽ തൊടുക മാത്രമാണ്
എനിക്കതിൽ താൽപര്യമില്ല
ഞാൻ ആകാശത്തേക്കു തന്നെ നോക്കുന്നു
പകൽ നേരത്ത് സൂര്യൻ,രാത്രിയിൽ ചന്ദ്രൻ,നക്ഷത്രങ്ങൾ
ഞാൻ പുതിയ വിത്തുകൾ ഭൂമിക്ക് നൽകിക്കൊണ്ടേയിരിക്കുന്നു.

Monday, March 27, 2017

കവിതയും സമൂഹവും

ഇത് വളരെ വലിയൊരു വിഷയമാണെന്ന്  പ്രത്യേകം പറഞ്ഞറിയിക്കാതെ തന്നെ നിങ്ങൾക്കെല്ലാം അറിയാം. ഈ വലിയ വിഷയത്തിന്റെ  ഉള്ളിൽ നിന്നും അരികുകളിൽ നിന്നും നമ്മുടെ കാലത്ത് പ്രസക്തമായിത്തീരുന്ന ചില വസ്തുതകൾ കണ്ടെത്തി അവതരിപ്പിക്കാനുള്ള ചെറിയ  ശ്രമം മാത്രമേ ഇവിടെ ഞാൻ നടത്തുന്നുള്ളൂ.
കവിത പ്രതിഭാശാലികളായ,ഭാവനാ സമ്പന്നരായ ചിലർ നടത്തുന്ന സ്വതന്ത്രമായ ആത്മാവിഷ്‌കാരങ്ങളാണെന്നും അസാധാരണമായ സൗന്ദര്യാനുഭവങ്ങളല്ലാതെ യാതൊന്നും കവിത നൽകേണ്ടതില്ലെന്നും വാദിക്കുന്ന എത്രയോ പേരുണ്ട്.കവികളിൽ ബഹുഭൂരിപക്ഷവും തങ്ങൾ ചെയ്യുന്നത് തങ്ങൾക്കു മാത്രം സാധ്യമാവുന്ന ഒരു പ്രവൃത്തിയാണെന്നതിൽ വലുതായി അഹങ്കരിക്കുന്നവരുമാണ്.സാമൂഹ്യയാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി തങ്ങളുടെ കവിത വായിക്കപ്പെടുമ്പോൾ അരുതാത്തതെന്തോ സംഭവിക്കുന്നുവെന്ന മട്ടിൽ വല്ലാതെ അസ്വസ്ഥരാകുന്നവരാണവർ. ഇതിനൊക്കെ വിപരീതമായി താനെഴുതിയ കവിതയെപ്പറ്റി തനിക്ക് അഭിമാനിക്കാൻ അവകാശമില്ലെന്ന തോന്നൽ അവതരിപ്പിച്ച ഒരു വാക്യം വിഖ്യാതനായ ഒരു കവിയുടെതായി ഉണ്ട്.ആവാക്യം  ഓർമിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. 'നിങ്ങളുടെ കവിത എനിക്കിഷ്ടമായി എന്ന് ഏതെങ്കിലുമൊരു പാവത്താൻ എന്നോട് പറഞ്ഞാൽ  ഞാൻ അവന്റെ പോക്കറ്റടിച്ചു എന്ന തോന്നലാണ് എനിക്കുണ്ടാവുക' (When some obvious booby tells me he has liked a poem of mine,I feel as if I had picked his pocket) ഡബ്‌ള്യു.എച്ച്.ഓഡന്റെതാണ് ഈ വാക്കുകൾ.കഥയിലായാലും കവിതയിലായാലും 'ഞാൻ ഞാൻ എന്നഹങ്കരിക്കുന്ന രാജാക്കന്മാരെ'യാണ് നമുക്ക് കൂടുതൽ പരിചയം.അതുകൊണ്ടു തന്നെ ഓഡന്റെ വാക്കുകൾക്ക് മലയാളസാഹിത്യത്തിന്റെ പരിസരത്തിൽ കൂടുതൽ മുഴക്കം അനുഭവപ്പെടും.
എല്ലാവർക്കും അവകാശപ്പെട്ട വാക്കുകൾ ഉപയോഗിച്ചാണ് കവി എഴുതുന്നത്. അനേകമനേകം തലമുറകളിലെ മനുഷ്യർ സൃഷ്ടിച്ചെടുത്ത വാക്കുകൾ.താൻ ആത്മാവിഷ്‌കാരം നടത്തുകയാണെന്നോ ആത്മാവിന്റെ ആനന്ദത്തിനു വേണ്ടി മാത്രമാണ് താൻ  എഴുതുന്നതെന്നോ ഒക്കെ കവിക്ക് പറയാം.പക്ഷേ,കവിയുടെ ആത്മാവ് വ്യാപരിക്കുന്ന അനുഭവങ്ങൾക്കും വികാരങ്ങൾക്കും അനുഭൂതികൾക്കുമെല്ലാം സമൂഹവുമായി ബന്ധമുണ്ട്.അവയെല്ലാം കവി ജീവിക്കുന്ന സമൂഹത്തിന്റെ ഉൽപന്നങ്ങളാണ്.ഈ ഉൽപന്നങ്ങളെ കവിതയായി പരിവർത്തിപ്പിക്കുന്ന ജോലി കവികൾ മാത്രം ചെയ്യുന്നതല്ലേ?,കവികളിൽത്തന്നെ ഓരോരുത്തരും താന്താങ്ങളുടെതായ രീതിയിൽ ചെയ്യുന്നതല്ലേ?എന്നിങ്ങനെയുള്ള ചോദ്യങ്ങളിലെത്തുമ്പോൾ കവിതയുടെ സാമൂഹികത എന്ന ആശയം ദുർബലമാവില്ലേ എന്ന സംശയം സ്വാഭാവികമായും ഉയർന്നു വരാം.കവിതയെഴുത്ത് എന്ന പ്രക്രിയ,ഓരോ കവിയുടെയും ശൈലി,ഓരോ കവിയുടെയും ഇമേജുകളുടെ വ്യതിരിക്തത ഇവയൊക്കെയും പ്രത്യേകം പ്രത്യേകമായെടുത്ത് ചർച്ച ചെയ്യാവുന്ന വിഷയങ്ങളാണ്.പക്ഷേ,രചന  പൂർത്തിയായിക്കഴിഞ്ഞ് കവി ലോകത്തിന് നൽകുന്ന ഓരോ കവിതയെയും ഓരോ കവിതയുടെ ഓരോ സിവിശേഷ ഗുണത്തെയും  സാമൂഹ്യാനുഭവങ്ങളുമായി, ആ അനുഭവങ്ങളുടെ പരിസരങ്ങളിൽ സജീവമായി നിലനിലക്കുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്തിത്തന്നെയാണ് പരിശോധിക്കേണ്ടത്.അത്തരത്തിലുള്ള പരിശോധനയിൽ ഊന്നുന്ന വായന തന്നെയാണ് കവിതയെ ഉന്നത മൂല്യമുള്ള ഒരു സാംസ്‌കാരികാനുഭവമാക്കി മാറ്റുന്നത്.
 ഭാഷയുടെ സവിശേഷരീതിയിലുള്ള  വിനിയോഗമാണ് കവിതയെ സാധ്യമാക്കിത്തീർക്കുന്നത് എന്ന് സാധാരണ പറയാറുണ്ട്. പക്ഷേ, ഈ സവിശേഷതയുടെ ഘടകങ്ങളെ സംബന്ധിച്ച് പൊതുസമ്മതിയുള്ള ഒരു അഭിപ്രായത്തിൽ എത്തിച്ചേരുക സാധ്യമല്ല.അത്തരം ഘടകങ്ങളെ എക്കാലത്തേക്കുമായി നിർണയിച്ചുവെക്കുകയും അസാധ്യമാണ്.ഒരു കാലത്ത് ശക്തവും മനോഹരമായി അനുഭവപ്പെടുന്ന വാക്കുകളും പ്രയോഗങ്ങളും മറ്റൊരു കാലത്ത് തീരെ നിർജീവമായി മാറിപ്പോവാം.അലങ്കാരങ്ങളുടെ കാര്യത്തിലും ഇതു തന്നെ സംഭവിക്കാം.
അലങ്കാരങ്ങൾ,പുതിയ കാലത്തിന് കുറേക്കൂടി സമ്മതമായിത്തീരുന്ന പദം ഉപയോഗിച്ച് പറയുകയാണെങ്കിൽ രൂപകങ്ങൾ കവിതയുടെ ഏറ്റവും കാതലായ അംശമാണ് എന്നതാണ് പൊതുവെയുള്ള ധാരണ.ഒരു രൂപകം പ്രസക്തമായിത്തീരുന്നത് അതിന്റെ ഘടനാപരമായ എന്തെങ്കിലും സവിശേഷത കൊണ്ടല്ല. കവിത എഴുതപ്പെട്ട കാലത്തെ അനുഭവലോകത്തിന്റെ അന്ത:സത്തയെ എത്രത്തോളം ആവാഹിച്ചിരിക്കുന്നു എന്നതിനാണ്  രൂപകത്തിന്റെ മൂല്യനിർണയനത്തിൽ പ്രധാന പരിഗണന ലഭിക്കുക.അത്രത്തോളം പോവാതെ അനന്യതയുടെയും കാവ്യസന്ദർഭത്തിലെ  അനുയോജ്യതയുടെയും അടിസ്ഥാനത്തിലാണ്  രൂപകത്തെ മനോഹരം,ഗംഭീരം എന്നൊക്കെ നാം നിശ്ചയിക്കുന്നത് എന്നും പറയാം.ഒരു രൂപകത്തിന് ഒരു കാലഘട്ടത്തിൽ അനുഭവപ്പെടുന്ന സൗന്ദര്യം മറ്റൊരു കാലഘട്ടത്തിലെ വായനയിലും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.ചെറിയ കാലയളവിനുള്ളിൽത്തന്നെ അതിന്റെ പുതുമയും ഭംഗിയും ചോർന്നു പോകാം.എന്നാൽ ഒരു ചരിത്രഘട്ടത്തിന്റെ അന്ത:സത്തയെ ആവാഹിച്ചു നിൽക്കുന്ന രൂപകം പെട്ടെന്നൊന്നും പഴകിപ്പോവില്ല. അത് സൃഷ്ടിച്ച ആഘാതം,ചിന്തയുടെ മണ്ഡലത്തിൽ അത് ഉണ്ടാക്കിയ ഇളക്കങ്ങൾ ദശകങ്ങളോളം,ചിലപ്പോൾ നൂറ്റാണ്ടുകളോളം തന്നെ നിലനിൽക്കും.
തങ്ങളുടെ ജീവിത പരിസരങ്ങളെ പുതിയ രീതിയിൽ അനുഭവിക്കാൻ ,അവയെ കുറിച്ച് പുതിയ അവധാരണം സാധിക്കാൻ  വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു ഇമേജിനെ മാത്രമേ കരുത്തുറ്റ ഇമേജായി കണക്കാക്കാൻ പറ്റുകയുള്ളൂ. ഈ ശക്തി ഒരു ഇമേജിന് കൈവരണമെങ്കിൽ കവിക്ക് തീർച്ചയായും തന്റെ കാലഘട്ടത്തിലെ സാമൂഹ്യസ്ഥാപനങ്ങളെയും മൂല്യസങ്കൽപങ്ങളെയും ആശയലോകങ്ങളെയും അനുഭൂതിയുടെ ഘടനകളെയും പൊതുസമൂഹത്തിന്റെതല്ലാത്ത ഒരു വീക്ഷണ കോണിൽ നിന്ന് കാണാൻ കഴിയണം. ഡബ്ല്യു.ബി.യേറ്റ്‌സി (W.B.Yeats)ന്റെ  The Second Coming എന്ന കവിതയിലെ
Turning and turning in the widening gyre
The falcon cannot hear the falconer  എന്ന ഇമേജിലെ പരുന്ത് ലോകജനതയുടെ അന്വേഷണ തൃഷ്ണയുടെയും പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള തളരാത്ത ഇച്ഛയുടെയുമെല്ലാം പ്രതീകമാണ്.അത് കറങ്ങിക്കൊണ്ടിരിക്കുന്ന, വളർന്നുകൊണ്ടേയിരിക്കുന്ന വൃത്തം ശാസ്ത്രത്തിന്റെയും സാമൂഹ്യജീവിത നവീകരണത്തിന്റെയും മേഖലകളിൽ മനുഷ്യൻ നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾക്ക് പകരം നിൽക്കുന്നതാണ്.പക്ഷേ,മനുഷ്യന്റെ ഇച്ഛയുടെയും ലക്ഷ്യങ്ങളുടെയും സ്വഭാവത്തിൽ വലിയ മാറ്റം വരുന്നു,അവയെ ഇതേ വരെ മുന്നോട്ടു നയിച്ച വിശ്വാസങ്ങളുടെയും മാനവികതാബോധത്തിന്റെയും നിർദ്ദേശങ്ങൾക്ക് അവ ചെവി കൊടുക്കാതാവുന്നു,മനുഷ്യവംശത്തിന് ആത്മനിയന്ത്രണം നഷ്ടമാവുന്നു എന്നൊക്കെയുള്ള അമ്പരപ്പുകൾ ലോകത്തിലെ ചിന്താശേഷിയുള്ള മുഴുവൻ മനുഷ്യരുടെയും മനോലോകത്തെ തീക്ഷ്ണമായി ബാധിച്ച ഒരു ചരിത്രഘട്ടത്തെ,അതായത് ഒന്നാം ലോകമഹായുദ്ധകാലത്തെ ആണ് യേറ്റ്‌സ് ആ ഇമേജിൽ സംഗ്രഹിച്ചത്.
പിറവി കൊള്ളാനായി ബത്‌ലഹേമിലേക്ക് പതുക്കെ നീങ്ങുന്ന മൃഗത്തിന്റെ രൂപം വരച്ചിട്ടിരിക്കുന്ന
'somewhere in sands of the desert
A shape with lion body and the head of a man,
A gaze blank and pitiless as the sun,
Is moving its slow thighs, while all about it
Reel shadows of the indignant desert birds.'
എന്ന വരികളിലെ ഭാവിയുടെ ഇരുണ്ട ചിത്രവും ആ കാലഘട്ടം കവിമനസ്സിൽ നടത്തിയ രൂപാന്തരണത്തിന്റെ ഫലം തന്നെ. അന്ന് ലോകത്തെ ആകമാനവും കവി ജീവിച്ച സമൂഹത്തെ പ്രത്യേകമായും ബാധിച്ച ഉത്കണ്ഠകളുടെയും ഭീതികളുടെയും നൈരാശ്യത്തിന്റെയുമെല്ലാം ആവിഷ്‌കാരമാണ് 'The Second Coming'.
ടി.എസ്.എലിയറ്റിന്റെ 'The love song of J Alfred Prufrock' എന്ന കവിത ആരംഭിക്കുന്ന
'Let us go then,you and I , when the evening is spread out against the sky ,like a patient etherised upon a table'
എന്ന ഇമേജും വായനാസമൂഹത്തിന്റെ വിപുലമായ ശ്രദ്ധ നേടിയതും അതിന്റെ സുസ്പഷ്ടമായ വ്യത്യസ്തത കൊണ്ടു മാത്രമല്ല,ഒന്നാം ലോകമഹായുദ്ധം ലോകജനതയുടെ മനോനിലയക്ക് ഏൽപിച്ച കടുത്ത ആഘാതം അതിൽ കൃത്യമായി പ്രതിഫലിച്ചു എന്നതുകൊണ്ടു കൂടിയാണ്.സന്ധ്യയെ മേശപ്പുറത്ത് ഈതറൈസ് ചെയ്ത്(അനസ്‌തേഷ്യ കൊടുത്ത്) കിടത്തിയിരിക്കുന്ന രോഗിയുമായി ബന്ധിപ്പിക്കുന്ന ഇമേജ് മറ്റൊരു കാലത്തായിരുന്നെങ്കിൽ കവിതയിലേക്ക് കടന്നു വരുമായിരുന്നില്ല.
ഒരു കവിതയിലെ ഇമേജിനു പിന്നിൽ കവിയുടെ ലോകവീക്ഷണം,കവി താൽപര്യപൂർവം പഠിച്ച വിഷയങ്ങൾ,കവിയുടെ സ്വകാര്യാനുഭവങ്ങൾ ഇവയൊക്കെയും ഉണ്ടാവാം.പക്ഷേ,ഒരു ഇമേജ് വായനക്കാരെ ഇളക്കിമറിക്കുകയും അത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും  ചെയ്യുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം: ആ ഇമേജ് ഒരു കാലഘട്ടത്തിന്റെ ആന്തരികാനുഭവങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.
കവികളുടെ സ്വകാര്യാനന്ദമായ ശൈലിയും ഇമേജും അവർക്ക് സ്വന്തം നേട്ടങ്ങളെന്ന നിലയിൽ അഭിമാനിക്കാവുന്നയായിരിക്കെത്തന്നെ അതിൽ കവിഞ്ഞ് സാമൂഹ്യവും ചരിത്രപരവുമായ ആധാരങ്ങൾ കൂടി ഉള്ളവയാണെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്.ഒരു കാര്യം കൂടി ഓർമിപ്പിക്കാൻ പറ്റുന്ന സന്ദർഭമാണിത്.കവിത ഇമേജുകളുടെ പരമ്പരയായിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല.അങ്ങനെ ആവരുത് എന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ ശ്രമിച്ച ആളായിരുന്നു ഒരിക്കൽ പാബ്ലോ നെരൂദയുമായി അടുത്ത സഹവർത്തിത്വം പുലർത്തുകയും പിന്നീട് നെരൂദ ഉൾപ്പെടെയുള്ളവരുടെ കവിതകളിലെ അമിതസൗന്ദര്യത്തെയും അതിയായ ബിംബാത്മകതയെയും ഉദ്ദേശിച്ച് 'Let the birds  sing,man talks' എന്ന് പ്രസ്താവിച്ച് സാധാരണക്കാരോട് അവരുടെ ഭാഷയിൽ കവിതയിലൂടെ നേർക്കുനേരെ സംസാരിക്കാൻ തീരുമാനിച്ച് അകവിത അല്ലെങ്കിൽ പ്രതികവിത (Anti poem) എന്ന പുതിയ പരികൽപന തന്നെ അവതരിപ്പിച്ച  നിക്കോനാർ പാറ എന്ന ചിലിയൻ കവി.
ബിംബാത്മക ഭാഷയ്ക്ക് മുൻഗണന ലഭിച്ച ഒരു കവിതയിൽത്തന്നെ ചിലപ്പോൾ  തെളിഞ്ഞ പ്രസ്താവത്തിന്റെ സ്വഭാവമുള്ള വരിക്ക്/വരികൾക്ക് കവിതയിലെ എല്ലാ ബിംബങ്ങളെയും കവിഞ്ഞു നിൽക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിച്ചെന്നു വരാം.ഞാൻ നേരത്തെ പരാമർശിച്ച'The Second Coming' എന്ന കവിതയിലെ 'Things fall apart; the centre cannot hold'  എന്ന ലളിതമായ പ്രസ്താവം തന്നെ ഉദാഹരണം.നമ്മുടെ പൊതുജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഇന്നും ഓർമിച്ചു പോകാവുന്ന വരിയാണിത്. ആഫ്രിക്കൻ നോവലിസ്റ്റായ ചിനുവാ അച്ചബേ തന്റെ വിശ്വവിഖ്യാതമായ നോവലിന്  ശീർഷകം നൽകിയത് ഈ പ്രസ്താവത്തിന്റെ ആദ്യഭാഗം കൊണ്ടാണ്.
2
ഇനി മറ്റ് ചില സംഗതികളിലേക്ക് വരാം.
ഒരു കവിതയിൽ ആവിഷ്‌കാരം നേടുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങൾക്ക് പല പ്രത്യേകതകളും ഉണ്ടാവും.അവ  എളുപ്പത്തിൽ തിരിച്ചറിയാവുന്ന സാമൂഹ്യവൈരുദ്ധ്യങ്ങളെയോ സാമൂഹ്യാവശ്യങ്ങളെയോ മാത്രമായിരിക്കില്ല പലപ്പോഴും ആവിഷ്‌കരിക്കുന്നത്.കവിയുടെ നോട്ടം  ചെന്നെത്തുന്നത് ഒരു കാലഘട്ടത്തിലെ സമൂഹമനസ്സിന്റെ ഉള്ളടരുകളിലാവാം.കുമാരനാശാന്റെ നളിനിയിലോ ലീലയിലോ ചിന്താവിഷ്ടയായ സീതയിലോ കരുണയിലോ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്  ആ കവിതകൾ പ്രസിദ്ധീകൃതമായ കാലത്തെ മലയാളികൾ അവരുടെ ആന്തരികാവശ്യങ്ങളെന്ന നിലയിൽ തിരിച്ചറിഞ്ഞ സംഗതികളെയല്ല. കേരളീയ നവോത്ഥാനത്തിന്റെയും പുത്തൻ വിദ്യാഭ്യാസത്തിന്റെയും വൈദേശിക സാഹിത്യവുമായുള്ള പരിചയത്തിന്റെയുമെല്ലാം സദ്ഫലങ്ങൾ അനുഭവിച്ച ആശാൻ മലയാളികളെ വൈയക്തിക പ്രണയത്തിന്റെയും മാംസനിബദ്ധമല്ലാത്ത രാഗത്തിന്റെയും ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. ചണ്ഡാലഭിക്ഷുകിയിലൂടെയും ദുരവസ്ഥയിലൂടെയും അദ്ദേഹം ആവിഷ്‌ക്കരിച്ച ജാതിവ്യവസ്ഥയോടുള്ള വിരോധം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇതും.
സ്‌നേഹം എന്ന അനുഭവത്തിന്റെ സാധ്യതകളെ കുറിച്ച് ,അതിന്റെ നാനാതരം വികാസങ്ങളെ കുറിച്ച് മിക്കവാറും അജ്ഞരായിരുന്നിരിക്കാം ഫ്യൂഡൽ കാലഘട്ടത്തിൽ കേരളീയർ. വിവാഹം എന്ന സ്ഥാപനത്തിലേക്ക് പല രീതിയിൽ പ്രവേശിച്ച്, ആ സ്ഥാപനം സാധ്യമാക്കുന്ന മിക്കവാറും ശാരീരികം മാത്രമായ ബന്ധത്തിനപ്പുറത്ത് സ്ത്രീപുരുഷ ബന്ധത്തിന് മറ്റ് തലങ്ങളൊന്നുമില്ലെന്ന് കരുതിയിരുന്നവരെ സ്‌നേഹത്തിന്റെ അനന്തസാധ്യതകളിലേക്കും ആനന്ദങ്ങളിലേക്കും ആത്മസംഘർങ്ങളിലേക്കുമെല്ലാം കണ്ണ് തുറക്കാൻ നിർബന്ധിതരാക്കി ആശാൻ. ആശാനെ സ്‌നേഹഗായകൻ എന്ന് വിളിച്ചവർ പോലും സ്‌നേഹത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരികൽപനകളുടെ ആഴവും പരപ്പും പൂർണമായി ഗ്രഹിച്ചിരിക്കണമെന്നില്ല.
കവിതകൾ സാമ്പ്രദായികതയോട് ചേർന്നു നിൽക്കുന്ന സൗന്ദര്യാനുഭൂതികളുടെ പ്രഭവകേന്ദ്രം മാത്രമല്ല, അതിൽ നിന്ന് വ്യത്യസ്തമായി അവ സാമൂഹ്യാനുഭവങ്ങളുടെ പല തലങ്ങളിലേക്കും സഞ്ചരിക്കാമെന്ന് ഇന്ന് നമുക്കറിയാം.പ്രത്യക്ഷത്തിൽ അരാഷ്ട്രീയമെന്ന് ഭാവിക്കുന്ന കവിതയുടെ പോലും അബോധത്തിൽ രാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ടെന്ന അറിവും സാഹിത്യാസ്വാദകരുടെ സാമാന്യബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞു.എങ്കിലും, കവിത രാഷ്ട്രീയത്തിന് സ്പർശിച്ച് മലിനമാക്കാനാവാത്ത ഒരു മണ്ഡലത്തിലാണ് കുടികൊള്ളുന്നത് എന്ന് സ്ഥാപിക്കാൻ പാടുപെടുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. സാഹിത്യസിദ്ധാന്തങ്ങളെയും നിരൂപണത്തെയും സാമൂഹ്യയാഥാർത്ഥ്യങ്ങളുമായും രാഷ്ട്രീയവുമായും കൂട്ടിത്തൊടുവിക്കേണ്ട യാതൊരാവശ്യവുമില്ലെന്നും സാഹിത്യം  സാഹിത്യം മാത്രമാണെന്നും സാഹിത്യസിദ്ധാന്തങ്ങൾ ശുദ്ധമായിരിക്കണമെന്നും അവർ ആവേശപൂർവം വാദിച്ചുകളയും. കഠിനമായ ഒരു അബദ്ധധാരണയുടെ ലോകത്ത് ജീവിക്കുന്ന അവരോട് ടെറി ഈഗ്ൾട്ടന്റെ ഒരു വാക്യം കടമെടുത്ത് മറുപടി പറയാം: ' Such pure literary theory is an academic myth'
3
തുഞ്ചത്തെഴുത്തച്ഛന്റെ കാലം മുതൽ കവിതയെ സാമൂഹ്യാവശ്യങ്ങളുമായി ഏതെങ്കിലും തലത്തിൽ ബന്ധിപ്പിച്ച കവികളും കവിതയെഴുത്തിനെ മുഖ്യമായും തങ്ങളുടെ സ്വകാര്യാനന്ദമായോ സുഹൃത്തുകളുമൊത്തുചേർന്നുള്ള വെടിവട്ടത്തിന്റെ അല്പം വിപലീകരിച്ച രൂപമായോ കണ്ട കവികളും പൂരാണേതിഹാസങ്ങളിലെ ഇതിവൃത്തങ്ങളെത്തന്നെ പ്രയോജനപ്പെടുത്തി എക്കാലത്തെയും മനുഷ്യപ്രകൃതത്തിലെ ഘടകങ്ങളെ വിസ്തരിക്കാൻ ശ്രമിച്ച കവികളും മലയാളത്തിലുണ്ടായിട്ടുണ്ട്.
കുമാരാനാശാന്റെ വരവോടെയാണ് കവിത എന്ന മാധ്യമത്തെ തികഞ്ഞ ഉത്തരവാദിത്വത്തോടെ സാമൂഹ്യവൈരുദ്ധ്യങ്ങളുടെയും സമൂഹത്തിന്റെ ആന്തരികാവശ്യങ്ങളുടെയും ആവിഷ്‌ക്കാരത്തിനായി പ്രയോജനപ്പെടുത്തുന്നതിൽ കവികൾ ഔത്സുക്യം കാണിച്ചു തുടങ്ങിയത്. 'പ്രയോജനപ്പെടുത്തുക' എന്ന് പറഞ്ഞതു കൊണ്ട് കേവലം ഉപകരണയുക്തിയോടെ അവർ മാധ്യമത്തെ സമീപിച്ചത് എന്ന് അർത്ഥമാക്കരുത്.കവിയുടെ ആത്മാവിഷ്‌കാരമായിരിക്കെത്തന്നെ കവിതയുടെ പ്രധാനപരിഗണനയായി സമൂഹിക വിഷയങ്ങൾ വരേണ്ടതുണ്ട് എന്ന ബോധ്യത്തിലേക്ക് അവർ സ്വാഭാവികമായിത്തന്നെ എത്തിച്ചേർന്നു എന്നേ ഉദ്ദേശിച്ചുള്ളൂ.
സാമൂഹ്യപ്രശ്‌നങ്ങൾക്ക് ഓരോ കവിയും കൽപിച്ച മുൻഗണനാക്രമവും അവർ ഓരോരുത്തരും സാമൂഹ്യപ്രശ്‌നങ്ങളെ കവിതയിലേക്ക് പ്രവേശിപ്പിച്ച രീതിയുംം വ്യത്യസ്തമായിരുന്നു.ഇത്തരം വ്യത്യാസങ്ങളെല്ലാം ഇന്നും മലയാളകവിതയിൽ തുടരുന്നുണ്ട്.
നിയോക്ലാസിസിസത്തിന്റെ കാലത്തും പിൽക്കാലത്തും കവികൾ അനുഭവാവിഷ്‌കാരത്തിന് സ്വീകരിച്ചിരുന്ന മുശകളുടെ കാര്യത്തിൽ വലിയ വൈവിധ്യമുണ്ടായിരുന്നില്ല. കുമാരനാശാനെ മാറ്റി നിർത്തി പുരോഗമനസാഹിത്യത്തിന്റെ വരവിന് മുമ്പുള്ള മലയാളകവിതയുടെ  ചരിത്രം പരിശോധിച്ചാൽ ഒരു കുഞ്ചൻ നമ്പ്യാരൊഴിച്ച് മറ്റാരു വലിയ കവിയും  കാവ്യഭാഷയ്ക്ക് ആവശ്യമെന്ന് എന്നോ നിർണയിച്ചുവെച്ച അലങ്കാരപരതയെയും ഔപചാരികതയെയും ഭാഷയുടെ തലത്തിൽ സൂക്ഷിക്കേണ്ടതായ വരേണ്യതയെയും നിഷേധിക്കാൻ  കാര്യമായ ഒരു ശ്രമവും നടത്തിയതായി കാണാൻ കഴിയില്ല.ആശാന്റെ കാവ്യഭാഷ തന്നെയും അദ്ദേഹത്തിന്റെ ജീവിതദർശനവും സാമൂഹ്യബോധവും ആവശ്യപ്പെടുന്ന അളവിലുള്ള വലിയ വിച്ഛേദം എല്ലായ്‌പ്പോഴും സാധിച്ചിരുന്നില്ല എന്ന നിരീക്ഷണം ഉണ്ടായിട്ടുണ്ട്.
നമ്മുടെ കവിത ദേശീയ പ്രസ്ഥാനത്തോടും അടിസ്ഥാനവർഗത്തിന്റെ സമരങ്ങളോടും ചേർന്നു നിൽക്കാൻ തുടങ്ങിയതോടെയാണ് വിഷയത്തിലും ഭാഷയിലും വലിയ തോതിലുള്ള വൈവിധ്യം യാഥാർത്ഥ്യമായിത്തുടങ്ങിയത്.എങ്കിലും കാവ്യഭാഷയുടെ സൗന്ദര്യത്തിന് വലുതായി ഊനം വരുത്തരുതെന്ന് കവികളിൽ ഏറെപ്പേരും അപ്പോഴും സ്വയം നിഷ്‌കർഷിക്കുക തന്നെ ചെയ്തു.പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നവരിൽത്തന്നെ ചിലർ മാത്രമേ തങ്ങളുടെ മാധ്യമം കാലാകാലമായി സൂക്ഷിച്ചു പോന്ന സൗന്ദര്യത്തിന്റെ ഘടകങ്ങളെ പാടേ അവഗണിക്കാൻ തയ്യാറുള്ളൂ. കവിതയെ മുദ്രാവാക്യത്തിന്റെ തലത്തിന് അപ്പുറത്തേക്ക് കൊണ്ടു പോവാതിരുന്നതിനാൽ കാവ്യാസ്വാദകരുടെ ലോകം അവരെ കാര്യമായി പരിഗണിച്ചതുമില്ല.
ചങ്ങമ്പുഴ 'പാടുന്ന പിശാച്' പോലുള്ള ചില കവിതകളിലൊഴിച്ച് മിക്കവാറും ലളിത കോമള കാന്ത പദാവാലിയുടെ വഴി തന്നെയാണ് സ്വീകരിച്ചത്.വൈലോപ്പിള്ളി,ഇടശ്ശേരി എന്നീ കവികൾ പുതിയ കാലത്തെ സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളെപ്പറ്റി കൃത്യമായ ധാരണകളോടെ കവിതയെഴുതിയവരാണ്.ചിന്തയുടെ ആഴത്തിലും ബിംബങ്ങളുടെ ധ്വനിസാന്ദ്രതയിലും വൈലോപ്പിള്ളി ഏറെ ഉയരത്തിലായിരുന്നെങ്കിലും പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങൾക്ക് കവിതയിൽ ഇടം നൽകുന്നതിൽ ഇടശ്ശേരി തന്നെയായിരുന്നു മുന്നിൽ.ആഢ്യപാരമ്പര്യത്തിന് വഴങ്ങിക്കൊടുക്കാത്ത കാവ്യഭാഷയിലാണ് അദ്ദേഹം അത് നിർവഹിച്ചത് എന്ന വസ്തുതയും എടുത്തുപറയേതുണ്ട്.
4
മലയാളത്തിലെ പ്രധാനപ്പെട്ട കവികളുടെയെല്ലാം രചനകളിലെ സാമൂഹികതയുടെ അളവും സ്വഭാവവും വിസ്തരിക്കാൻ ഞാൻ ഒരുങ്ങുന്നില്ല.കഴിഞ്ഞ രണ്ട് മൂന്ന് ദശകക്കാലത്തിനുള്ളിൽ സംഭവിച്ച വളരെ ശ്രദ്ധേയമായ ചില മാറ്റങ്ങൾ സൂചിപ്പിക്കുക മാത്രം ചെയ്ത് ഞാൻ അവസാനിപ്പിക്കാം.
ഈ കാലയളവിൽ മലയാളകവിത ഗദ്യത്തോട് വളരെ അടുത്തു വന്നുവെന്നും അതുകൊണ്ടു കൂടിയാകാം സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ നേരിട്ടുള്ള ആവിഷ്‌കാരത്തിൽ അത് കൂടുതൽ ഉത്സുകമായിത്തീർന്നുവെന്നും പറയാം.വൃത്തം ഉപയോഗിച്ചോ  താളാത്മകമായ ഭാഷയിലോ ആവിഷ്‌കരിക്കാൻ പാകത്തിലുള്ളവയല്ല നമ്മുടെ കാലത്തെ അനുഭവങ്ങൾ.അനുഭവങ്ങളെ നാം സ്വീകരിക്കുന്ന രീതിയിൽത്തന്നെ വലിയ മാറ്റം വന്നിട്ടുമുണ്ട്.ഇന്നിപ്പോൾ ഒരാൾ വൃത്തത്തിലോ നല്ല ആലാപനസുഖം തരുന്ന മട്ടിലോ കവിത എഴുതിയാൽ മിക്കവാറും നമ്മുടെ ഇപ്പോഴത്തെ മനോവ്യാപാരങ്ങളുടെ ഘടനയുമായി പൊരുത്തപ്പെടാതെ പോവാനാണ് കൂടുതൽ സാധ്യത.അതുകൊണ്ടു തന്നെയാകാം മിക്ക കവികളും കവിതയുടെ രൂപം പുതുതും ഗദ്യത്തോട് അടുത്തു നിൽക്കുന്നതുമായിരിക്കണം എന്ന് സ്വയം നിഷ്‌കർക്കിക്കുന്നത്.വൃത്തം,അതും സംസ്‌കൃത വൃത്തം തന്നെ ഉപയോഗിച്ച് നമ്മുടെ കാലത്തെ സമൂഹത്തിന്റെ സ്വഭാവത്തെ,സ്വഭാവവൈകല്യങ്ങളെ അവയുടെ യാഥാർത്ഥ്യം ചോർന്നു പോകാതെ അവതരിപ്പിക്കുക എന്ന പരീക്ഷണം നടത്തി വിജയിച്ചു കാണിക്കാൻ കഴിഞ്ഞ ഒരേയൊരു കവി കെ.ആർ.ടോണിയാണ്; ടോണിയുടെ ഏറ്റവും വലിയ നേട്ടം രൂപതലത്തിൽ നടത്തിയ ഈയൊരു പരീക്ഷണമല്ലെങ്കിലും.
ആധുനികർ മലയാളകവിതയുടെ രൂപഭാവങ്ങളിൽ വലിയ പല മാറ്റങ്ങളും കൊണ്ടുവന്നവരാണ്.എന്നാൽ അവരുടെ കാലത്തുപോലും കവിതയിൽ ഇടം നേടാതിരുന്ന അനേകം അനുഭവമേഖലകൾ ഇന്നിപ്പോൾ മലയാളകവിതയ്ക്ക് സുപരിചിതമായിക്കഴിഞ്ഞു.ദളിത് കവിതകൾ,സ്ത്രീപക്ഷ കവിതകൾ,ഉയർന്ന പാരിസ്ഥിതികബോധം പ്രകടിപ്പിക്കുന്ന കവിതകൾ ഇവയെയൊക്കെ ഉദ്ദേശിച്ചു തന്നെയാണ് ഇത് ഞാൻ പറഞ്ഞത്.'ഭൗതികതയെ തിരസ്‌കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും  പ്രത്യയശ്‌സ്ത്രമാണ് ആധ്യാത്മിക അനുഭൂതിയുടെ പ്രത്യയശാസ്ത്രം.അത് പ്രായോഗിക ജീവിതജ്ഞാനത്തെയും സാമൂഹ്യജീവിതത്തെയും അപരമാക്കി നിർത്തുന്നു' എന്ന് പ്രദീപൻ പാമ്പിരിക്കുന്ന് അദ്ദേഹത്തിന്റെ 'ദളിത് സൗന്ദര്യശാസ്ത്രം' എന്ന കൃതിയിൽ പറയുന്നുണ്ട്.ഭാരതീയ സൗന്ദര്യശാസ്ത്രത്തിന്റെ ,നമ്മുടെ കാവ്യശാസ്ത്രത്തിന്റെ അടിസ്ഥാന നിലപാട് ഇതാണ്.അതിനെ അതിനിശിതമായി ചോദ്യം ചെയ്യുന്ന പല കവിതകളും ദളിത് കവികളിൽ നിന്നുണ്ടായിട്ടുണ്ട്.എസ്.ജോസഫിന്റ 'ധ്വനി' മികച്ച  ഉദാഹരണങ്ങളിൽ ഒന്നു മാത്രം.
പോസ്റ്റ്‌മോഡേൺ കാലത്താണ്  സാഹിത്യത്തിൽ അതേ വരെ ഇടം ലഭിക്കാതിരുന്ന അനേകം അനുഭവങ്ങളും ചിന്തകളും കഥയിലേക്കും കവിതയിലേക്കുമെല്ലാം കടന്നുവന്നത് എന്ന് പറയാറുണ്ട്.അത് ശരിയാണ്.പോസ്റ്റ് മോഡേൺ കണ്ടീഷനെ വൈരുദ്ധ്യാത്മകമായിത്തന്നെ മനസ്സിലാക്കണം.പോസ്റ്റ്‌മോഡേൺ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ സൂചനകൾ പോലും ഇവിടെ  ഉണ്ടായിട്ടില്ലെന്നും മറ്റും വാദിച്ചു ജയിക്കുന്നതിൽ കാര്യമില്ല.ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയവും സാമ്പത്തികനയവുമെല്ലാം ലോകത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞുവെന്നതിൽ സംശയമില്ല.പക്ഷേ, മനുഷ്യചരിത്രത്തിലെ ഏത് പരിണാമവും പല തിന്മകൾക്കിടയിലും പുതിയ ചില സാധ്യതകൾ കൂടി കൊണ്ടുവരും.അടിമ ഉടമ സമ്പ്രദായത്തിന്റെ സ്ഥാനത്ത് ഫ്യൂഡലിസം വന്നപ്പോഴും പിന്നെ ഫ്യൂഡലിസത്തെ നിർവീര്യമാക്കി മുതലാളിത്തം വന്നപ്പോഴും മനുഷ്യരാശി അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.ബഹുരാഷ്ട്രമുതലാളിത്തത്തിനും അത് ബാധകമാണ്.അതിന്റെ അർത്ഥം ബഹുരാഷ്ടമുതലാളിത്തം മനുഷ്യചരിത്രം എത്തിച്ചേർന്നിരിക്കുന്ന സമ്മോഹനമായ ഒരു ഘട്ടമാണ് എന്നല്ല.ചരിത്രത്തെ വൈരുദ്ധ്യാത്മകമായി മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് ആഗോളീകരണകാലത്ത്  ബഹുരാഷ്ടമുതലാളിത്ത ശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ അധികാരപ്രയോഗങ്ങൾ മാത്രമല്ല പല അധികാരഘടനകളുടെയും സ്വേച്ഛാധിപത്യത്തെ തകർക്കുന്ന ചിലത് കൂടി ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വരും.സാഹിത്യത്തിന്റെയും സംസ്‌കാരപഠനത്തിന്റെയുമെല്ലാം ലോകത്ത് യാഥാർത്ഥ്യമായിക്കഴിഞ്ഞ ബഹുസ്വരതയെ അങ്ങനെ തിരിച്ചറിയുന്നതാണ് ശരി. ആശയങ്ങളുടെയും അഭിരുചികളുടെയും  സൗന്ദര്യസങ്കൽപങ്ങളുടെയും ഏകീകരണത്തിനു വേണ്ടി ഇന്ത്യൻ ഭരണകൂടം നടത്തി വരുന്ന ശ്രമങ്ങളെ സാംസ്‌കാരിക രംഗത്ത് ചെറുക്കാനുള്ള മുഖ്യമാർഗം രാജ്യത്തെ സാംസ്‌കാരിക വൈരുദ്ധ്യങ്ങളെ ഉയർത്തിക്കാട്ടുകയും വരേണ്യതയുടെ മേൽക്കോയ്മ കാരണം കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് പ്രവേശം നിഷേധിക്കപ്പെട്ട അനുഭവങ്ങളെയും ആവിഷ്‌കാരരീതികളെയും തുടരെത്തുടെപ്രവേശിപ്പിക്കുകയും ചെയ്യുക  എന്നതു തന്നെയാണ്.അതിനുള്ള ബോധപൂർവമായ ശ്രമം നടന്നത് ആധുനികോത്തര കാലത്താണ്.ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ ഇന്ത്യക്കാരെ സജ്ജരാക്കുന്നതിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും ബ്രിട്ടീഷ്  നിയമവ്യവ്യവസ്ഥയുമായുള്ള പരിചയത്തിലൂടെയും ആർജിച്ച അവകാശബോധത്തിനുള്ള പങ്ക് ചെറുതല്ലെന്ന്  പറയാതിരിക്കാനാവില്ല.അങ്ങനെ പറയുന്നത് ബ്രിട്ടീഷാധിപത്യത്തിന്റെ ന്യായീകരണമാവുകയുമില്ല.പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി എന്ന് ഫ്രെഡറിക് ജെയിംസൺ നിർവചിച്ച പോസ്റ്റ്‌മോഡേണിസത്തെ മനസ്സിലാക്കുന്നതിലും ഈ സമീപനം തന്നെയാണ് യുക്തം.
ദളിത് കവിതകൾക്കു പുറമെ സ്ത്രീപക്ഷ കവിതകളും പുതിയ പാരിസ്ഥിതികാവബോധത്തെ ഉയർത്തിപ്പിടിക്കുന്ന കവിതകളും മലയാളസാഹിത്യത്തിൽ പുതിയ തുറസ്സുകൾ ഉണ്ടാക്കിയിട്ടുണ്ട്.ഗിരിജ പി.പാതേക്കരയുടെ 'പെൺപിറവി' എന്ന കവിത പ്രഖ്യാപിച്ചതു പോലെ 'ഇനി ഊഴം എന്റെതാണ്' എന്ന് സാഹിത്യലോകത്തോട് ധൈര്യപൂർവം പറയുന്ന അനേകം പെൺകവിതകളും പെൺകഥകളും മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞു.
കവിക്ക് പരിവേഷനഷ്ടം സംഭവിച്ച കാലമാണ് പുതിയ കാലം. പോസ്റ്റ് മോഡേൺ കാലം പോസ്റ്റ് ഓറാറ്റിക് ( post auratic)കാലമാണ് എന്ന് പറയാറുണ്ട്. കവി എന്ന പദവിയിലിരുന്ന് വെറുതെ പൊങ്ങച്ചം ഭാവിക്കുന്നതിൽ അർത്ഥമില്ലെന്നും തങ്ങളുടെ കാലത്തെ ജീവിതത്തെ അറിയലാണ് പ്രധാനമെന്നും നമ്മുടെ പുതുകവികളിൽ ചിലരെങ്കിലും വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞുവെന്നത് ആഹ്ലാദകരമായ ഒരു വസ്തുതയാണ്.സോമൻ കടലൂരിന്റെ 'വെന്തമണ്ണിൽ'എന്ന കവിത നോക്കുക:
കവികളേ
നിങ്ങളുടെ കൂടാരത്തിൽ നിന്ന്
എന്നെ ചവിട്ടിപ്പുറത്താക്കണേ…
ചിത്രകാരന്മാരേ
നിങ്ങളുടെ സത്രത്തിൽ നിന്ന്
എന്നെ വലിച്ച് പുറത്തിടണേ..
ആയിരം പൊയ്ക്കാലുകളിൽ
ആകാശവേദിയിൽ
ആരവങ്ങൾക്കു നടുവിൽ
നിങ്ങളാദരിക്കപ്പെടുമ്പോൾ
രണ്ടുകാലിൽ
പച്ച മണ്ണിൽ
വെന്തു നടക്കാൻ
എന്നെയനുവദിക്കണേ…

ഞാൻ അവസാനിപ്പിക്കാം.സമകാല മലയാളസാഹിത്യത്തെ മനസ്സിലാക്കുമ്പോൾ ആ രചനകളെ മാത്രമല്ല അവയെ യാഥാർത്ഥ്യമാക്കിത്തീർത്ത പുതിയബോധനവീകരണത്തെയും അതിനു പിന്നിലെ രാഷ്ട്രീയത്തെയും മനസ്സിലാക്കുക തന്നെ വേണം.ഒരിക്കൽക്കൂടി പറയാം:സാമൂഹ്യാനുഭവങ്ങളെയും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയും അകലെ മാറ്റി നിർത്തിക്കൊണ്ട് കവിതയെ മനസ്സിലാക്കാനാവില്ല.

(കോഴിക്കോട് സർവകലാശാല മലയാള കേരള പഠന വിഭാഗം നടത്തിയ ദ്വിദിന കാവ്യാസ്വാദനക്കളരിയിൽ 2017 മാർച്ച് 7 ന് നടത്തിയ പ്രഭാഷണം.)


Friday, March 17, 2017

ഇവിടെയുണ്ട് ഞാൻ

ഇവിടെയുണ്ട് ഞാൻ
എല്ലാവരും മറന്ന വഴിപോലെ
വേട്ടക്കാരനും വേണ്ടാത്ത മൃഗം പോലെ
ഖനനത്തിലും കണ്ടെടുക്കാത്ത
പുരാവസ്തുപോലെ
ഇവിടെ  ഉണ്ട് ഞാൻ
ഒരു ഭാഷയിലും പ്രവേശിക്കില്ലെന്നുറച്ച വാക്ക് പോലെ
ഒരുടലിലും പുനർജന്മമാഗ്രഹിക്കാത്ത
ആത്മാവ് പോലെ.

.Tuesday, March 14, 2017

സ്‌കൂളുകൾ ഹൈടെക് ആവുമ്പോൾ

കേരളത്തിലെ വിദ്യാലയങ്ങൾ ഹൈടെക് ആവാൻ പോവുന്നതിന്റെ ഉത്സാഹം അധ്യാപകരിലും വിദ്യാർത്ഥികളിലും ബഹുജനങ്ങളിലും ഉയർന്ന അളവിലല്ലെങ്കിൽത്തന്നെയും  പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.ഒന്നാന്തരം ടൈൽസ് പതിപ്പിച്ച തറയും നല്ല മേൽക്കൂരയും വൃത്തിയായി ചായം തേച്ച ചുമരുകളും മികച്ച രീതിയിലുള്ള വൈദ്യുതീകരണവുമൊക്കെയായി  ഭംഗിയുള്ള, സുരക്ഷിതമായ ക്ലാസ്മുറികൾ, വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ലാപ്‌ടോപ്പുകൾ,ഹൈസ്പീഡ് ഫൈബർബെയ്‌സ്ഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ,മൾട്ടിമീഡിയാ പ്രൊജക്ടർ,മൾട്ടി ഫങ്ക്ഷൻ പ്രിന്റർ,എൽ.സി.ഡി.ടി വി ,എച്ച്.ഡി.കാമറ എല്ലാം നല്ലതു തന്നെ.കാലം മാറുന്നതിനനുസരിച്ച് ജ്ഞാനസമ്പാദനത്തിനുള്ള സൗകര്യങ്ങൾ വർധിക്കണം,ക്ലാസ്‌റൂമിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടണം. ഇവയെല്ലാം ഉറപ്പു വരുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യുക തന്നെ വേണം.അതേ സമയം,സ്‌കൂളുകൾ ഹൈടെക് ആവുന്നതിന്റെ ആഹ്ലാദവും ഉത്സാഹവും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെത്തന്നെ മറന്നുകളയുന്നതിനുള്ള പ്രേരണയും ന്യായീകരണവുമായി മാറുകയാണെങ്കിൽ  അക്കാര്യം തിരിച്ചറിയാതിരിക്കരുത്.കേവലമായ തിരിച്ചറിവിൽ അത് നിന്നുപോവുകയും ചെയ്യരുത്.
 ശാസ്ത്രമാണ്,ശാസ്ത്രം മാത്രമാണ് മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്ന ധാരണ തികച്ചും അശാസ്ത്രീയമാണ്.മനുഷ്യരാശി പിന്നിട്ടുപോന്ന വഴികളെ കുറിച്ചുള്ള അറിവുകളുടെ വിതരണം,സാഹിത്യത്തിലൂടെയും ഇതര കലകളിലൂടെയും ലോകജീവിത യാഥാർത്ഥ്യങ്ങൾക്ക് ഓരോ കാലത്തും ഉണ്ടായിട്ടുള്ള സർഗാത്മക പുന:സൃഷ്ടികളുടെ ആസ്വാദനം,ദർശനം,ചരിത്രം, സൗന്ദര്യശാസ്ത്രം, നരവംശശാസ്ത്രം,ഫോക്‌ലോർ എന്നിങ്ങനെയുള്ള അനേകം മാനവിക വിഷയങ്ങളുടെ മേഖലകളിൽ നടന്ന പഠന ഗവേഷണങ്ങൾ ഇവയെല്ലാം മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിൽ  അവയുടെതായ പങ്ക് വഹിച്ചിട്ടുണ്ട്.ശാസ്ത്രത്തിന്റെ നേട്ടങ്ങൾ കൊണ്ട് പകരം വെക്കാവുന്നവയല്ല അവയിൽ ഒന്നു പോലും.
വിദ്യാഭ്യാസം ഹൈടെക് ആവുന്നത് അറിവ് നേടുന്നതിലും അത് ഏത് സമയത്തും തങ്ങൾക്ക് എടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിച്ചുവെക്കുന്നതിലും വിദ്യാർത്ഥികൾക്ക് വലിയ തോതിൽ സഹായകമായിത്തീരും.അത് തീർച്ചയായും ആഹ്‌ളാദകരമാണ്.പക്ഷേ,ഏത് തരം അറിവ് നേടണം,ഒരു മേഖലയിൽ നിന്ന് സമാഹരിക്കുന്ന വിവരങ്ങളെ മറ്റ് ഏതൊക്കെ മേഖലകളിലെ ഏതൊക്കെ അറിവുകളുമായി ബന്ധിപ്പിക്കണം,അറിവിനെ എങ്ങനെ സൗന്ദര്യാനുഭവമാക്കി മാറ്റണം, എങ്ങനെ സമൂഹത്തിന്  പ്രയോജനപ്പെടും വിധം രൂപാന്തരപ്പെടുത്തണം, കൃത്യമായി ചൂണ്ടിക്കാണിക്കാനാവുന്ന പ്രയോജനം അല്ലെങ്കിൽ ലാഭം ഒന്നുമേ  ഇല്ലാത്തവയായാൽത്തന്നെയും കലാസൃഷ്ടികളുടെ ആസ്വാദനവും അപഗ്രഥനവുമൊക്കെ എന്തുകൊണ്ട് ജീവിതത്തിന്റെ ഭാഗമായിത്തീരണം എന്നൊക്ക മനസ്സിലാക്കാൻ  ക്ലാസ്മുറികളിലെ ഹൈടെക് സൗകര്യങ്ങൾ വിദ്യാർത്ഥികളെ വലുതായി സഹായിക്കില്ല.ഈ വക കാര്യങ്ങളൊന്നും മനസ്സിലാക്കാതുള്ള വിദ്യാഭ്യാസം ആ പേരിന് അർഹമല്ല താനും.
സ്വതന്ത്രചിന്തയുടെയും ഭാവനയുടെയും ലോകങ്ങളെ അനാവശ്യമെന്ന് വിധിച്ച് തള്ളാനും ജീവിതത്തിന്റെ ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നാനും പഠിപ്പിക്കപ്പെടുന്ന വിദ്യാർത്ഥി  ഭാവിയിൽ സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത.മറ്റ് ദോഷങ്ങളൊന്നും അയാളിൽ നിന്ന് /അവളിൽ നിന്ന് ഉണ്ടായില്ലെങ്കിൽത്തന്നെയും നീതിക്കുവേണ്ടി സാധാരണ ജനങ്ങൾ നടത്തുന്ന എല്ലാ സമരങ്ങളിലും അയാളുടെ/അവളുടെ നിൽപ് എതിർപക്ഷത്തായിരിക്കുമെന്ന് ഉറപ്പിക്കാം.ഏത് മേഖലയിലായാലും ജ്ഞാനം എങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്നു,അതിനെ ആര് എന്തൊക്കെ ആവശ്യങ്ങൾക്കു വേണ്ടി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നിങ്ങനെയൊക്കയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് സാങ്കേതിക വൈദഗ്ധ്യത്തേക്കാൾ പ്രധാനം തന്നെയാണ്.ആ അറിവിന്റെ അഭാവത്തിൽ വൈദഗ്ധ്യത്തിന്റെ വിനിയോഗം ഏത് ഘട്ടത്തിലും ജനവിരുദ്ധമായിത്തീരും.
ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവരിലും ആ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും മാത്രമല്ല രാഷ്ട്രീയ നേതാക്കൾ,മാധ്യമ പ്രവർത്തകർ,ഡോക്ടർമാർ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിലും കേവലം സാങ്കേതിക വൈദഗ്ധ്യം മാത്രം കൈമുതലാക്കിയ പലരിലും കാണാറുള്ള അതേ ഉന്മേഷരാഹിത്യവും ഉത്തരവാദിത്വബോധമില്ലായ്കയും  ഇരുണ്ട നിർമമതയും കനം തൂങ്ങി നിൽക്കുന്നത് കാണാറുണ്ട്.തങ്ങളെ ഏൽപിച്ച ജോലി കൃത്യനിഷ്ഠയോടെ ചെയ്യുന്നതിലപ്പുറം ഒന്നും ചെയ്യാനില്ല എന്ന് ഭാവിക്കുന്ന ഇവർ ഏതെങ്കിലുമൊരു പ്രശ്‌നത്തിൽ നിലപാടെടുക്കേണ്ടി വരുമ്പോൾ  ആദ്യം കൈവിടുന്നത് നീതിബോധമായിരിക്കും. തങ്ങളുടെ പാർട്ടി തങ്ങളെ ഏൽപിച്ച ജോലി പാർട്ടിയുടെ അഭിമാനം കാത്തുരക്ഷിക്കും വിധം ചാനൽ ചർച്ചകളിൽ വീറോടെ അവതരിപ്പിക്കുന്ന വിവിധരാഷ്ട്രീയകക്ഷി പ്രതിനിധികൾ തങ്ങൾ പറയുന്നതിൽ ഏതളവ് വാസ്തവമുണ്ടായിരിക്കണം എന്നതിലല്ല  ആ പറച്ചിൽ എത്രത്തോളം പാർട്ടിക്ക് ഗുണകരമായിരിക്കണം എന്നതിൽ മാത്രമാണ് ഊന്നൽ നൽക്കുക.അതുകൊണ്ടു തന്നെ ആവശ്യമായ സന്ദർഭങ്ങളിൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഏത് ഹിംസയെയും ഏത് അഴിമതിയെയും അവർക്ക് ന്യായീകരിക്കാനാവും.അവരുടെ വൈദഗ്ധ്യം കേവല സാങ്കേതിക വിദഗ്ധന്റെതിന് തുല്യമാണ്.അത് ആത്യന്തിക പരിഗണനയിൽ അധാർമികതയിൽ കവിഞ്ഞുള്ള ഒന്നും തന്നെയല്ലതാനും.
ഈ രാഷ്ട്രീയക്കാരുടെതിൽ നിന്ന് വളരെയൊന്നും മെച്ചമല്ല പല അക്കാദമിക് പണ്ഡിതന്മാരുടെയും നില.തങ്ങൾ വ്യാപരിക്കുന്ന വിഷയത്തെപ്പറ്റി ,ചിലപ്പോൾ അനേകം വിഷയങ്ങളെപ്പറ്റി അവർ ആധികാരികമായി സംസാരിച്ചെന്നു വരും.വസ്തുതകളുടെ കാര്യത്തിൽ അവർക്ക് പിഴവ് പറ്റില്ല.തങ്ങളുടെ വാദങ്ങൾ അവർ അവതരിപ്പിക്കുന്നത് നല്ല അടുക്കും ചിട്ടയോടും കൂടിയായിരിക്കും.എതിർവാദങ്ങളെ ഖണ്ഡിക്കുന്നതിൽ അവർ സമർത്ഥരായിരിക്കും. പക്ഷേ,പ്രായോഗിക പ്രശ്‌നങ്ങളുമായോ, സമൂഹത്തിൽ  നിലവിലുള്ള സംഘർഷങ്ങളുമായോ തങ്ങളുടെ നിരീക്ഷണങ്ങളെ ബന്ധപ്പെടുത്തുന്നതിൽ വലിയൊരളവോളം അവർ വിമുഖരായിരിക്കും.ഒരു സംസാരത്തെയോ സംവാദത്തെയോ  അക്കാദമിക് എന്നു വിശേഷിപ്പിക്കുമ്പോൾ മൗലികമായ പുതിയ ചിന്തകൾ ഇല്ലാത്തത്,വെറും സിദ്ധാന്തം പറച്ചിലിൽ ഒതുങ്ങുന്നത് എന്നൊക്കെ നാം അർത്ഥമാക്കുന്നത് ഈ വസ്തുത മുൻനിർത്തിയാണ്.സാഹിത്യവും മാനവിക വിഷയങ്ങളുമായി ബന്ധപ്പെടുന്ന നിരീക്ഷണങ്ങൾ രൂപപരമായ അല്ലെങ്കിൽ സാങ്കേതികമായ തികവാണ് പരമ പ്രധാനം എന്ന ധാരണയോടെ അവതരിപ്പിക്കുന്നവർ ജ്ഞാനത്തിന്റെ പ്രയോജനത്തെ കുറിച്ചുള്ള ധാരണയുടെ ഏറ്റവും താഴ്ന്ന പടിയിലാണ് നിൽക്കുന്നത്.തങ്ങളുടെ നിരീക്ഷണങ്ങളെ സ്വാധീനിക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ ഘടകങ്ങളെ കുറിച്ച് അവർ തികച്ചും അജ്ഞരായിരിക്കും.അതുകൊണ്ടു തന്നെ അവരുടെ നിരീക്ഷണങ്ങൾക്ക്  പരിമിതികൾ ഏറെയായിരിക്കും.
അറിവിനെ കേവലം പ്രൊഫഷണൽ താൽപര്യത്തോടെ മാത്രം സമീപിക്കുന്ന അധ്യാപകരും ഗവേഷകരും എഴുത്തുകാരും എണ്ണത്തിൽ വളരെ കൂടുതലാണിന്ന്.അറിവിന്റെ സാമൂഹ്യമായ അർത്ഥം,രാഷ്ട്രീയം എന്നൊക്കെ കേൾക്കുമ്പോൾ അവർക്ക് വിറളി പിടിക്കും.അറിവ് സാങ്കേതിക വിദ്യയിൽ ഒതുങ്ങുന്ന ഒന്നല്ലെന്നും അറിവിന്റെ അവതരണവും പകർന്നേകലും നിയമാനുസൃതമാകുന്നതിനേക്കാൾ പ്രധാനം സർഗാത്മകമാവുക എന്നതാണെന്നും അവർക്ക് മനസ്സിലാകില്ല.റൊമിലാ ഥാപ്പറെ ഉദ്ധരിക്കാം:
'I have the feeling that, these days,there are many professionals who are essentially technicians,whether of the natural sciences or the social sciences,and that we forget that there are philosophies and knowledge systems behind any investigation and that these are more than just technology '. – ( The public intellectual in india -p.142-)

സർഗാത്മകതയെ മാറ്റി നിർത്തി ജ്ഞാനത്തെ സമീപിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെട്ടു കൂടാത്തതാണ്.സ്‌കൂളുകൾ ഹൈടെക് ആക്കുമ്പോഴും ടെകനോളജിക്ക് പുറത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്നും ഓരോ മനുഷ്യന്റെയും വൈകാരിക ജീവിതത്തിന്റെ പരിപോഷണത്തിലും മനുഷ്യർ തമ്മിലുള്ള പരസ്പര ധാരണയുടെയും സ്‌നഹത്തിന്റെയും വളർച്ചയിലും  സാഹിത്യത്തിനും  ഇതര കലകൾക്കുമുള്ള പങ്ക് എത്രയോ വലുതാണെന്നും പുതിയ തലമുറയെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കണം.ചെയ്യുന്ന ജോലി ഏതായാലും ആ ജോലി ആവശ്യപ്പെടുന്ന സാങ്കേതികജ്ഞാനം കൊണ്ടു മാത്രം ഒരാൾ തൃപ്തിപ്പെടുന്ന അവസ്ഥ അഭിമാനകരമല്ല.മനുഷ്യാവസ്ഥയുടെ ഏറ്റവും വലിയ സൗഭാഗ്യം കലയുടെ നിർമാണത്തിനും ആസ്വാദനത്തിനുമുള്ള ശേഷിയാണ്.അത് ജന്മവാസനകളിൽ ഒന്നു തന്നെയാണ് (Art Instinct). ഈ ജന്മവാസനയ്ക്ക് ഏറ്റവും മനോഹരവും അർത്ഥപൂർണവുമായ ആവിഷ്‌കാരം സാധ്യമാക്കാനുള്ള പരിശീലനം വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ഭാഗം തന്നെയായിരിക്കണം.ടെക്‌നോളജിയെ അതിന് പകരം വെക്കാമെന്ന തെറ്റിദ്ധാരണയാവരുത് വിദ്യാലയങ്ങളെ ഹൈടെക് ആക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്.ഇക്കാര്യത്തിൽ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും നിർബന്ധബുദ്ധി കാണിക്കുന്നില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് ഇതിനകം തന്നെ വലിയൊരളവോളം അന്യമായിക്കഴിഞ്ഞ സർഗാത്മകതയുടെ സൗന്ദര്യം ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടമാവുക തന്നെ ചെയ്യും.