Pages

Sunday, April 24, 2016

ലോകപുസ്തകദിനത്തിൽ

തേർത്തല്ലിയിൽ നിന്ന് ഇന്നലെ ലഭിച്ച അനുഭവം എത്രയേറെ വ്യത്യസ്തവും ഹൃദ്യവുമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവില്ല.ഒന്നാന്തരമൊരു വായനക്കാരനും മികച്ച കരാത്തെ  ഇൻസ്ട്രക്ടറുമായ ബെന്നി സെബാസ്റ്റ്യൻ ക്ഷണിച്ചിട്ടാണ് ലോകപുസ്തകദിന(ഏപ്രിൽ 23)ത്തിൽ സംസാരിക്കാൻ ഞാൻ തേർത്തല്ലിയിൽ എത്തിയത്.ബെന്നിയുടെ മകൻ പ്രവീണിനോടൊപ്പം തേർത്തല്ലിയിൽ ബസ്സിറങ്ങുമ്പോൾ  നമുക്കെല്ലാം സുപരിചിതമായ കരാത്തെ വേഷത്തിൽ ഒരു ബ്ലാക്‌ബെൽട് ധാരി ഓട്ടോറിക്ഷയുമായി ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.സുബീഷ് എന്നാണ് ഈ സുഹൃത്തിന്റെ പേര്.സുബീഷിന്റെ മകൻ അഭിജിത്തും ഓട്ടോയിൽ ഉണ്ടായിരുന്നു.ഒന്നാം ക്ലാസിൽ നിന്ന് രണ്ടാം ക്ലാസ്സിലേക്ക് പോവാൻ കാത്തുനിൽക്കുന്ന മിടുക്കനാണ് അഭിജിത്ത്.
ഞങ്ങൾ ഡ്രീംലാന്റ് ഓഡിറ്റോറിയത്തിലേക്ക് പോയി.ഷൊറിൻ റീയു കരാത്തെ ക്ലബ്ബും തേർത്തല്ലിയിലെ അപ്പോളോ ലൈബ്രറിയും ചേർന്ന് നടത്തുന്ന ലോകപുസ്തദിനാചരണത്തിനുള്ള ഇടം അവിടെയാണ്.ഞങ്ങൾ എത്തിച്ചേരുമ്പോൾ ഡ്രീലാന്റ് ഓഡിറ്റോറിയത്തിൽ ഒരു കല്യാണത്തിനു ശേഷമുള്ള സദ്യ നടക്കുകയായിരുന്നു.പ്രവീണും സുബീഷും എന്നെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.അവിടെ കരാത്തെ വേഷത്തിൽ ബെന്നിയും മറ്റ് ഇൻസ്ട്രക്ടർ മാരും കരാത്തെ പഠിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഒരു സംഘവും ഉണ്ടായിരുന്നു.എന്നെ കരാത്തെക്കാരുടെ ഔപചാരികരീതിയിൽ തന്നെ സ്വീകരിക്കാൻ പോവുകയാണെന്ന് ബെന്നി പറഞ്ഞു.കുട്ടികളും ഇൻസ്ട്രക്റ്റർമാരുമെല്ലാം ശരീരം ചെറുതായൊന്ന് മുന്നോട്ടേക്കാഞ്ഞ് അല്പമായി തല കുനിച്ച് 'ഊസ്' എന്നുച്ചരിച്ച് എന്നെ അഭിവാദ്യം ചെയ്തു.കുറച്ചൊരു പരിഭ്രമം തോന്നിയെങ്കിലും കുട്ടികളുടെയും ഇൻസ്ട്രക്റ്റർമാരുടെയുമെല്ലാം മുഖത്ത് തെളിഞ്ഞുകണ്ട പ്രസന്നഭാവം എനിക്ക് ധൈര്യം പകർന്നു.
ഉച്ച കഴിഞ്ഞ് രണ്ടരമണിയാവുമ്പോഴേക്കും ഓഡിറ്റോറിയത്തിലെ കല്യാണസദ്യ കഴിഞ്ഞ് ആളുകളൊക്കെ പോയി ഞങ്ങളുടെ പരിപാടി തുടങ്ങാമെന്ന നിലായായി.അതിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴേക്കും എന്റെ പഴയ വിദ്യാർത്ഥിനിയും ഇപ്പോൾ എളേരിത്തട്ട് ഗവ.കോളേജിലെ അധ്യാപികയുമായ ജ്യോത്‌സന അവിടെ എത്തി.ആ വഴി പോകുമ്പോൾ പരിപാടിയുടെ ഫ്‌ളക്‌സ് കണ്ട് ഇറങ്ങിയതായിരുന്നു ജ്യോത്‌സന.എന്തായാലും, ജ്യോത്‌സനയുടെ വരവും വലിയൊരു സന്തോഷമായി.
കരാത്തെ ഇൻസ്ട്രക്റ്റർ കൂടിയായ രാഘവൻ മാഷുടെ ആമുഖവിശദീകരണവും ബെന്നിയുടെ സ്വാഗതഭാഷണവും കഴിഞ്ഞ് ജോൺജോ മാസ്റ്ററുടെ അധ്യക്ഷഭാഷണം.പിന്നെ  മുക്കാൽ മണിക്കൂറോളം ഞാൻ സംസാരിച്ചു.തുടർന്ന്  ക്രിസ്റ്റീന ജോഷി,അനുറോസ് ബെന്നി എന്നീ കുട്ടികൾ അവരുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു.ക്രിസ്റ്റീന ആനന്ദിന്റെ ഒരു പുസ്‌കത്തെ കുറിച്ചും അനുറോസ് എന്റെ 'കുടക് കുറിപ്പുകളെ' കുറിച്ചുമാണ് സംസാരിച്ചത്.അത് കഴിഞ്ഞ് അരമണിക്കൂറിലധികം സമയം ഞാൻ കുട്ടികളുടെയും മറ്റുള്ളവരുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു.ആ സംവാദവും വളരെ അർത്ഥവത്തായിരുന്നു.
ഒരു കരാത്തെ ക്ലബ്ബ് മുൻകയ്യെടുത്ത് ലോകപുസ്‌കദിനാചരണം സംഘടിപ്പിച്ച് വായന എന്ന അനുഭവത്തെ കുറിച്ച് വളരെ സ്വതന്ത്രവും ഗൗരവപൂർണവും അതേസമയം അനൗപചാരികതയുടെ സുഖം പകരുന്നതുമായ ആലോചനകൾക്ക് വേദിയൊരുക്കിയത് കേരളത്തിലെ,ഒരു പക്ഷേ ,ലോകത്തിലെ തന്നെ ആദ്യത്തെ അനുഭവമായിരിക്കും.തേർത്തല്ലിയിലെ ഷോറിൻ റീയു കരാത്തെ ക്ലബ്ബിനും അപ്പോളോ ലൈബ്രറിക്കും ഇന്നലെ ഡ്രീംലാന്റ് ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന പുസ്തകപ്രേമികൾക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.

Wednesday, April 20, 2016

പ്രവേശനമില്ല

'ഇവിടെ ദു:ഖത്തിന് പ്രവേശനമില്ല'
എന്ന ബോർഡും തൂക്കിയിട്ടാണ്
എന്‍റെ ഹൃദയത്തിന്‍റെ ഇരിപ്പ്
അതുകൊണ്ട്, കഷ്ടം! എന്‍റെ ദു:ഖങ്ങളെല്ലാം
ഹൃദയത്തിന് പുറത്തായിപ്പോവുന്നു.
20/4/2016

Monday, April 18, 2016

കളിമണ്ണ്

കളിമണ്ണായി മാറിയ ഒരു മനുഷ്യനെ കണ്ടു
'അയ്യോ,എന്താണിങ്ങനെ?' എന്ന ചോദ്യത്തിന്
അയാൾ നിർവികാരനായി  മറുപടി പറഞ്ഞു:
'കണ്ടതിൽ സന്തോഷം,ചോദിച്ചതിന് നന്ദി
എന്നെ ഞാൻ നിങ്ങൾക്ക് വിട്ടുതന്നിരിക്കുന്നു
ആനയോ ആടോ കുതിരയോ
എലിയോ പുലിയോ എന്തുവേണമെങ്കിലും
ഉണ്ടാക്കിയെടുത്തോളു
എന്താകണമെന്ന് സ്വയം തീരുമാനിക്കുന്ന
പരിപാടി ഞാൻ നിർത്തി.'




ഭയം

എട്ടു ദിക്കുകളിലും ദൈവമുണ്ട്
ഭയവും
സർവവ്യാപിയാണ് ദൈവം
ഭയവും.

Sunday, April 17, 2016

അഭിനന്ദനം

കാട്ടുപോത്ത് ബുദ്ധിജീവിയോട് പറഞ്ഞു:
പണ്ട് ഞാൻ ഒരു സാദാ നാട്ടുപോത്തായിരുന്നു
ഇപ്പോൾ വന്യജീവിയായി
അതിനാൽ ആരെയും കൂസാതെ
അന്തസ്സോടെ ഈ നാട്ടരികിൽ വന്നു നിൽക്കുന്നു,നടക്കുന്നു
ആരുടെയും ഉപദേശമില്ലാതെ തന്നെ
എന്റെ വഴി പിന്തുടരുന്ന താങ്കളെ
എത്ര അഭിനന്ദിച്ചാലും മതിവരില്ല.



എനിക്കും കിട്ടണം

ഞാൻ സാമൂഹ്യവിമർശനം നിർത്തി
മറ്റേത് തൊഴിലിനും ശമ്പളമോ കൂലിയോ ഉണ്ട്
ഇത് സേവനമാണത്രെ
ശരി,അങ്ങനെയാവട്ടെ
അതിന്  പക്ഷേ, വേറെ ആളെ നോക്കണം.


Saturday, April 16, 2016

കെണി

ലോകമൊരു കെണിയാണെന്നറിഞ്ഞതു മുതൽ
എന്നെയുമൊരു കെണിയാക്കി ഞാൻ
അനുകൂലനവിദ്യ അറിയുന്ന ജീവിക്കല്ലേ
അതിജീവനം സാധ്യമാവൂ?

ഒരു പുല്ലിന്‍റെ കുറവ്


അധ്യാപകർ,ഗുമസ്തന്മാർ,
എഴുത്തുകാർ,ഡോക്ടർമാർ
കൂലിപ്പണിക്കാർ,കച്ചവടക്കാർ
ഐ.ടി.വിദഗ്ധർ,ആശാരിമാർ
വക്കീലന്മാർ,രാഷ്ട്രീയക്കാർ
ഓരോരുത്തരും അവരവരുടെ വിദ്യപയറ്റുന്നു
എല്ലാവരും തിമിർക്കുന്നു,തെഴുക്കുന്നു
പക്ഷേ…
പക്ഷേ?
ഒരു പുല്ലിന്‍റെ കുറവുണ്ട്
പുല്ലിന്റെയോ?
അതെ,ഒരു പുൽനാമ്പിന്‍റെ.








Thursday, April 14, 2016

തീരുമാനം

വിഷു മലയാളിയുടെ പുതുവർഷാരംഭം കൂടിയാണല്ലോ.പുതിയ തീരുമാനങ്ങളെടുക്കാൻ പറ്റിയ ദിവസം.പറയാൻ വളരെ എളുപ്പവും പ്രായോഗികമാക്കാൻ വളരെ വിഷമമുള്ളതുമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു ഞാൻ. (അങ്ങനെ ചെയ്തതായി സങ്കൽപിച്ചിരിക്കുന്നു എന്ന് പറയുന്നതാവാം കൂടുതൽ ശരി.)സംഗതി ഇതാണ്- ധീരനായിരിക്കുക: ഏത് ഘട്ടത്തിലും,ഏത് പ്രശ്‌നത്തിനു മുന്നിലും,ഏത് ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴും,ഏത് കാര്യത്തെ കുറിച്ച് അഭിപ്രായം പറയുമ്പോഴും.

Wednesday, April 13, 2016

സ്‌നേഹോപദേശം

പ്രസംഗം  വളരെ നന്നായിരുന്നു.പക്ഷേ,സത്യം പറയാലോ ഇത് വേണ്ടായിരുന്നു.ലോകത്തിന് ഒരു പാട് തരക്കേടുകളുണ്ട്.കള്ളന്മാരും ധിക്കാരികളും വർഗീയഭ്രാന്തന്മാരുമെല്ലാം നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കയാണ്.ഓരോ മനുഷ്യനും സ്വേച്ഛാധിപതിയായി അപരനെ അടിമയാക്കാൻ ഉറച്ചിറങ്ങുകയാണ്.സത്യത്തെ അഭിമുഖീകരിക്കുന്നതിനു പകരം അതിൽ നിന്ന് ഒളിച്ചോടാനുള്ള എളുപ്പവഴി അന്വേഷിക്കുകയാണ്.നാടോടുമ്പോൾ കൂടെ ഓടുക,നടുവിൽ ചേർന്ന് ഓടുക.വേറിട്ടൊരു വഴി തേടരുത്.ജീവിതം പ്രധാനമാണ്.ആദർശങ്ങളെല്ലാം അലങ്കാരത്തിനു മാത്രമുള്ളവയാണ്.ഒറ്റയ്ക്കിരിക്കുമ്പോൾ അണിഞ്ഞ് സ്വയം കണ്ട് രസിക്കാം.പൊതുജനത്തെ കാണിക്കരുത്.ഇക്കാലത്ത് ആ ആഭരണങ്ങൾക്ക് മുക്കുപണ്ടത്തിന്റെ വില പോലുമില്ലെങ്കിലും പഴയ ഓർമയിൽ മോഷണശ്രമം നടത്തി ഒന്നും കവർന്നെടുക്കാതെ അവർ നിങ്ങളുടെ കഥ കഴിക്കും.



12/4/2016

Monday, April 11, 2016

കടലോരത്തെ പഴയ ശ്മശാനത്തില്‍

കടലോരത്തെ പഴയ സ്മശാനത്തിലേക്ക് പോയി.ഇടിഞ്ഞു പൊളിഞ്ഞ കല്ലറകള്‍ക്കുള്ളി ല്‍ കുരിശിന്‍റെ കാവലില്‍ നൂറ്റാണ്ടുകളുടെ ഭാരവും നെഞ്ചിലേറ്റി കിടക്കുന്ന പൗരാണികര്‍.ഉപേക്ഷിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ വിങ്ങലാല്‍ ഇനിയും നിറം മങ്ങാത്ത ചെമ്മണ്ണിനു താഴെ,പൂക്കള്‍ വാടാത്ത റീത്തുകളെ വശം ചേര്‍ത്ത് അടുത്ത നാളുകളിലൊന്നില്‍ അവസാനശ്വാസം വലിച്ചവര്‍.ശ്മശാനത്തിന്റെ ഉയരം കുറഞ്ഞ കന്മതിലിനപ്പുറം അജ്ഞേയമായൊരു വെമ്പല്‍ പോലെ ആര്‍ത്തലക്കുന്ന കടല്‍ത്തിരകള്‍.മങ്ങിമായുന്ന അന്തിമിനുക്കത്തില്‍ ഇരുളിലമരാന്‍ തുടങ്ങുന്ന രണ്ടു നിഴലുകള്‍ പോലെ ഞാനും സുഹൃത്തും.

11/4/2016

Sunday, April 10, 2016

ഞാൻ വിതക്കുകയേ ഉള്ളൂ

ഞാൻ വിതക്കുകയേ ഉള്ളൂ
വിതച്ചൊതൊക്കെയും വിളയും
നിങ്ങൾക്കാവശ്യമെങ്കിൽ കൊയ്യുക
ആഹരിക്കുക
രണ്ടും പോരെങ്കിൽ അറപ്പുരകൾ നിറക്കുക
അതും പോരെങ്കിൽ 'ഫൂ! പതിരെ'ന്നു പറഞ്ഞ്
പാറ്റിക്കളയുക
ഞാൻ വിതക്കുകയേ ഉള്ളൂ
ഒരു വിത കഴിഞ്ഞാൽ അടുത്ത വിത
അതിലപ്പുറമുള്ളതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല.

10/4/2016

Saturday, April 9, 2016

എന്നാണാവോ?

അല്ല,ഇല്ല എന്നിങ്ങനെയുള്ള വാക്കുകളെ
അപ്പാടെ മറക്കണമെന്നുണ്ട്
പക്ഷേ,ഓരോ ദിവസവും പല കുറി
നാവിൻതുമ്പത്തെത്തുമെന്ന
അവയുടെ നിർബന്ധത്തെ
പ്രതിരോധിക്കാനാവുന്നില്ല
ലോകത്തിന്/ജീവിതത്തിന്
ഇത്തരം വാക്കുകളോടുള്ള
പ്രത്യേക പ്രതിപത്തി എന്നാണാവോ ഇല്ലാതാവുക?
9/4/2016

Friday, April 8, 2016

കഷ്ടം!

ശരിയായിരിക്കാം
ആത്മാവിനെ അരികെ ചേർത്തുപിടിച്ചു തന്നെയാവാം
ഓരോ വരിയും താങ്കൾ എഴുതുന്നത്‌.
പക്ഷേ,കവേ,സ്വന്തം ആത്മാവ് ആത്മാവെന്നു ഭാവിക്കുന്ന
മറ്റെന്തോ ആയി മാറിപ്പോയ കാര്യം,കഷ്ടം!
താങ്കൾ അറിയുന്നതേയില്ല.
8/4/2016


Thursday, April 7, 2016

അസ്തപ്രജ്ഞനായിപ്പോയി

ലോകത്തെ വാതിലടച്ച് പുറത്താക്കി
അഴുക്കും മെഴുക്കുമില്ലാത്തൊരു
കവിതയെഴുതാനിരുന്നു
വാക്കുകൾ വർണച്ചിറകുകൾ വീശിവന്നു
ബിംബങ്ങൾ 'ഞാൻഞാനെ'ന്ന് വെമ്പൽ പൂണ്ടു
പക്ഷേ, കോടികൾ വിലമതിക്കുന്ന സുന്ദരിയൊരുത്തി
പിന്നാലെ കയറിവന്നപ്പോൾ
'എത്ര വിലകുറഞ്ഞവർ,എത്ര ഭംഗി കെട്ടവർ' തങ്ങളെന്ന്
അവർ വിതുമ്പിപ്പോയി
കവി അസ്തപ്രജ്ഞനായിപ്പോയി.


Wednesday, April 6, 2016

ഒരുവേള

ഒരുവേള എനിക്കെന്നെയറിയാം
അറിയില്ലെന്നുമാവാം
സത്യമതാണതിനാൽ സുഹൃത്തേ
എനിക്കില്ലണുവും പരാതി
പരിഭവം,പരിതാപവും.
എന്നെയാരുമറിയാത്തതിൽ.
6/4/2016

Sunday, April 3, 2016

പുതിയ ഒരാനുകാലികം

ആൾ ഇന്ത്യാ ഫോറം ഫോർ റൈറ്റ് ടു എജ്യുക്കേഷനിലെ അംഗസംഘടനയായ 'വിദ്യാഭ്യാസ അവകാശസംരക്ഷണസമിതി'  വർഷത്തിൽ രണ്ടു തവണ ഒരു ആനുകാലികം പുറത്തിറക്കാൻ  തീരുമാനിച്ചിരിക്കുന്നു.ഈ അർധവാർഷിക പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കം 2016 ജൂലായ് മാസത്തിൽ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത ലക്കം 2017 ജനുവരിയിലും. വിദ്യാഭ്യാസസെമിനാറുകൾ,വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ കോടതിവിധികൾ,ഗവണ്മെന്റ് തീരുമാനങ്ങൾ,വിദ്യാർത്ഥി/അധ്യാപക സമരങ്ങൾ,സംഘടനാസമ്മേളനങ്ങൾ എന്നിവ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങളെല്ലാം വായനക്കാർക്ക് ലഭ്യമാക്കാൻ പത്രാധിപസമിതി പരമാവധി ശ്രദ്ധ പുലർത്തും.
പ്രൈമറി തലം മുതൽ യൂനിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വളരെ ആഴത്തിൽ പരിശോധിക്കുന്ന ലേഖനങ്ങളായിരിക്കും ഈ ആനുകാലികത്തിൽ പ്രധാനമായും ഇടംനേടുക.ഓരോ പ്രശ്‌നത്തിന്റെയും പശ്ചാത്തലം വിശദമായി അപഗ്രഥിക്കുകയും പ്രശ്‌നത്തിലേക്ക് നയിച്ച നയങ്ങൾക്കും നടപടികൾക്കും പിന്നിലെ രാഷ്ട്രീയവും വിദ്യാഭ്യാസദർശനവും  കൃത്യമായ തെളിവുകളോടെ വ്യക്തമായി  ചൂണ്ടിക്കാണിക്കുകയും വിശകലനം ചെയ്യുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ പ്രസിദ്ധീകരണത്തിന് ആവശ്യമുണ്ട്.  ആനുകാലികത്തിന്റെ നാലിലൊന്ന് പേജുകൾ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിക്കുന്ന ഉന്നത നിലവാരമുള്ള സർഗാത്മക രചനകൾക്കായി നീക്കിവെക്കും.കഥകളും കവിതകളും  ചിത്രങ്ങളും മറ്റും അയച്ചു തന്ന് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. എഴുതുന്ന ആളുടെ വിലാസത്തിന് പുറമെ പഠിക്കുന്ന/പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ പേരും രേഖപ്പെടുത്തണം.സൃഷ്ടികൾ അയക്കേണ്ടുന്ന വിലാസം :
എൻ.പ്രഭാകരൻ,കനി,ധർമടം- 670106.

Saturday, April 2, 2016

ബാബു ഭരദ്വാജ്


ബാബു ഭരദ്വാജുമായുള്ള എന്റെ പരിചയത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.ആദ്യഘട്ടത്തിൽ അത് കേവലം പരിചയമായിരുന്നില്ല ;ഊഷ്മളമായ ഹൃദയബന്ധം തന്നെയായിരുന്നു.പിന്നെപ്പിന്നെ  എന്നെ എന്റെയും ബാബു ഭരദ്വാജിനെ അദ്ദേഹത്തിന്റെയും ജീവിതത്തിരക്കുകൾ രണ്ട് വഴിക്ക് വലിച്ചു കൊണ്ടുപോയി.വല്ലപ്പോഴും ട്രെയിൻ യാത്രക്കിടയിലോ മറ്റോ അവിചാരിതമായി കണ്ടുമുട്ടുമ്പോഴുള്ള ഓർമ പുതുക്കലും വിശേഷങ്ങൾ കൈമാറലും മാത്രമായി ഞങ്ങളുടെ ബന്ധം ചുരുങ്ങി.
ഒരു സാദാ എസ്.എഫ്.ഐ മെമ്പർക്ക് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ നേതാവുമായി ഉണ്ടാകാനിടയുള്ള ബന്ധമല്ല പത്തുനാല്പത്തഞ്ച് കൊല്ലം മൂമ്പ് ബാബുവുമായി എനിക്കുണ്ടായിരുന്നത്.വൈയക്തികപ്രശ്‌നങ്ങളും രാഷ്ട്രീയ സംശയങ്ങളുമെല്ലാം ഞങ്ങൾ പൂർണമായ പരസ്പര വിശ്വാസത്തോടെ ചർച്ച ചെയ്തിരുന്നു.;വായനാനുഭവങ്ങൾ ആവേശപൂർവം പങ്കുവെച്ചിരുന്നു.അതേ തലത്തിൽ ഞങ്ങളുടെ ബന്ധം മുന്നോട്ടുപോയിരുന്നെങ്കിൽ ഒരുവേള അത് ഞങ്ങളുടെ രണ്ടുപേരുടെയും സർഗാത്മകജീവിതത്തെ ഒരുപാട് സഹായിച്ചേക്കാമായിരുന്നു.അത് സംഭവിച്ചില്ല.ഇപ്പോൾ അതേ കുറിച്ച് ഓർക്കുന്നതിൽ കാര്യമില്ലെന്നറിഞ്ഞു കൊണ്ടു തന്നെയാണ് മനസ്സ് ആ വഴിക്ക് പോയത്.
ബാബുഭരദ്വാജിനെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് മാതൃഭൂമി ബാലപംക്തിയിൽ വളരെ വ്യത്യസ്തമായ കവിതകൾ എഴുതുന്ന ആളെന്ന നിലയ്ക്കാണ്.നേരിട്ട് പരിചയപ്പെടുന്നത് 1970ന്റെ തുടക്കത്തിൽ എപ്പോഴോ ആണെന്നു തോന്നുന്നു.ആയിടെ ദേശാഭിമാനി സ്റ്റഡി സർക്കിൾ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ കവിസമ്മേളനത്തിൽ വെച്ചും  മറ്റു ചില സൗഹൃദകൂട്ടായ്മകളിൽ വെച്ചും ബാബുവിനെ കാണാനും സാമാന്യം വിസ്തരിച്ചു തന്നെ സാഹിത്യകാര്യങ്ങൾ സംസാരിക്കാനും അവസരമുണ്ടായി.ഹാർബർ എഞ്ചിനിയറിംഗ് ഡിപാർട്‌മെന്റിൽ എഞ്ചിനിയറായി ബാബു അഴീക്കോട് ജോലി ചെയ്യുമ്പോഴും ഞങ്ങൾ തമ്മിൽ കാണുകയും ആശയവിനിമയം ചെയ്യുകയും ചെയ്തിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സാഹസികമായ മുന്നേറ്റങ്ങൾ അക്കാലത്തെ പ്രേക്ഷകസമൂഹത്തെ മുഴുവൻ പിടിച്ചുലക്കും വിധത്തിൽ ആവിഷ്‌ക്കരിച്ച  'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' എന്ന സിനിമയുടെ നിർമാതാവാണ് ബാബു ഭരദ്വാജ്.തികച്ചും പ്രതികൂലവും ആപൽക്കരവുമായ സാഹചര്യങ്ങളിൽ നിർവഹിക്കപ്പെടുന്ന രാഷ്ട്രീയപ്രവർത്തനങ്ങളുടെയും വ്യക്തികളിൽ അവ സൃഷ്ടിക്കുന്ന വൈകാരികാഘാതങ്ങളുടെയും ആവിഷ്‌കാരത്തിലുള്ള അഭിനിവേശമാവാം ആ സിനിമ നിർമിക്കുന്നതിലേക്ക് ബാബുവിനെ എത്തിച്ചത്.ആ അഭിനിവേശം തന്നെ വ്യത്യസ്തമായ ചേരുവകളിൽ പ്രത്യക്ഷപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ നോവലുകളും കഥകളും പ്രവാസജീവിതത്തിന്റയും യാത്രയുടെയും അനുഭവാവിഷ്‌ക്കാരങ്ങളും.ഏതനുഭവത്തെയും ചരിത്രത്തിന്റെയും മനുഷ്യവംശത്തിന്റെയാകെ ആത്മവേദനകളുടെയും പശ്ചാത്തലത്തിലാണ് ബാബു അവതരിപ്പിച്ചത്.അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും  തികച്ചും പ്രാദേശികമായ അനുഭവങ്ങൾക്കു പോലും വ്യത്യസ്തമായൊരു മാനം കൈവരുന്നത്  അതിലൂടെയാണ്.മുഖ്യധാരാ കമ്യൂണിസ്റ്റ് പാരട്ടികളുടെ നയങ്ങളെയും നടപടികളെയും നിർദ്ദയം വിമർശിച്ചിരുന്നു ബാബുഭരദ്വാജിലെ രാഷ്ട്രീയ നിരീക്ഷകൻ.അപ്പോഴും പക്ഷേ, മാർക്‌സിസ്റ്റ് ദർശനത്തെ തങ്ങളുടെ ആന്തരികജീവിതത്തിന്റെ ആധാരമാക്കി ,സ്ഥാനമാനങ്ങളിൽ അണുപോലും ഭ്രമം പുലർത്താതെ പാർട്ടി പ്രവർത്തനവും ജനസേവനവും നിർവഹിച്ചിരുന്ന പഴയകാലത്തെ ചില മാതൃകാ കമ്യൂണിസ്റ്റുനേതാക്കൾക്കു മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞിരുന്ന വിശാലമായ മാനവികതാബോധത്തോടെയാണ് ബാബു തന്റെ കഥാപാത്രങ്ങളുടെ ജീവിതത്തെ സമീപിച്ചിരുന്നത്.അത്തരത്തിലുള്ള ജീവിത ചിത്രീകരണങ്ങളുടെ സൗന്ദര്യവും പ്രാധാന്യവും മനസ്സിലാക്കാനാവുന്ന ഉയരം നമ്മുടെ ഭാവുകത്വത്തിന് ഇപ്പോഴും വലിയൊരളവോളം അന്യം തന്നെയാണ്.
31/3/16