Pages

Monday, December 31, 2012

ചരിത്രം

തേനീച്ച കുത്തിയ പശു വിരണ്ടുപായാം
ആല പൊളിയാം
ആലയ്ക്ക് പുറത്ത് കാടികലക്കാന്‍ വെച്ച ചെമ്പുപാത്രം
വീണുരുളാം
ഒച്ചപ്പാടുകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെണീറ്റ് ലൈറ്റിടാം
അകത്ത് അലമാര തുറക്കാനായുന്ന പെരുംകള്ളന്‍
പിടിക്കപ്പെടാം
ചരിത്രത്തിനുമുണ്ട് ചിലപ്പോഴെങ്കിലും ഇങ്ങനെയൊരു ഗതി
കൊട്ടാരത്തിനരകില്‍ കുടില്‍ കെട്ടിയ പാവത്താനെ
പട്ടാളക്കാര്‍ വെടിവെച്ചുകൊല്ലാം
ജനം ഇളകിമറിയാം
പശു വിരണ്ട ആല പോലെ
കൊട്ടാരം പൊട്ടിപ്പൊളിഞ്ഞു വീഴാം.
(വിശകലനം മാസിക,ഡിസംബര്‍ 2012)

Saturday, December 8, 2012

കവിതാഡയറി

കമ്യൂണിസം കാലഹരണപ്പെട്ടു
പാര്‍ട്ടിനേതാക്കളെല്ലാം
പെരുംപണക്കാരുടെ പിണിയാളരായി
പൊരുതിയതേതിനോടോ
അതിന്റെ പുതുകാലപ്രയോക്തക്കളായി
തൊഴിലാളികള്‍ നഷ്ടപ്പെടാന്‍ പലതുമുള്ളവരായി
ദല്ലാള്‍പ്പണി നാട്ടുനടപ്പായി
ആരും ആരുടെയും സഖാവല്ലാതായി
എല്ലാം കഴിഞ്ഞും ബാക്കിയാവുന്നു
ഒരു മഞ്ഞുകാലരാത്രിയില്‍
ഏതോ പൊതുസമ്മേളനപ്പറമ്പിലെ മണ്ണില്‍ അച്ഛന്റെയരികില്‍
'നിങ്ങളെന്നെ കമ്യൂണിസ്റാക്കി' കണ്ട് കോരിത്തരിച്ച
ആറ് വയസ്സുകാരന്റെ ഉള്ളില്‍ വീണ കനലിന്റെ
ആറിത്തണുക്കാത്ത ചാരം.
8 /12 /2012

Wednesday, December 5, 2012

കരിമ്പുലി

പണ്ടെന്നോ കണ്ട സര്‍ക്കസ്സില്‍
തമ്പിലെ ശ്വാസം പോലെ വലിഞ്ഞുമുറുകിയ കമ്പിയില്‍
ഒരു കരിമ്പുലി നടന്നുപോയിരുന്നു
'കാട്ടിലെ കരുത്തന്‍
ക്രൌര്യത്തിന്റെ കരാളമൂര്‍ത്തി
മെരുക്കാനാവാത്ത മൃഗഭീകരന്‍'
അവിദഗ്ധമായ സംഗീതത്തിനുമേല്‍
അനൌണ്‍സറുടെ ശബ്ദം ഭയത്തിന്റെ ചങ്ങല കിലുക്കി
പുലി അതിന്റെ കനല്‍ക്കണ്ണുകള്‍ നിറയെ അന്തമറ്റ പകപ്പുമായി
കമ്പിക്കുമേല്‍ ചെറുചുവടുകള്‍ വെച്ചു
പിന്നെ മെലിഞ്ഞുണങ്ങിയ മൃഗശിക്ഷകന്‍
വാള് വീശുംപൊലൊരു നോട്ടമെറിഞ്ഞപ്പോള്‍
റിംഗിലേക്ക് ചാടിയിറങ്ങി
അയാളുടെചാട്ടവാറിന്റെ പുളച്ചിലില്‍ അകം വിറച്ച്
അനുസരണയോടെ കൂട്ടില്‍ കയറി
കര്‍ട്ടന്‍ പിളര്‍ന്ന് അകത്തേക്ക് നീങ്ങിനീങ്ങിപ്പോയ കൂടിനെ
തമ്പിലെ ആശ്വാസനിശ്വാസങ്ങള്‍ അനുഗമിച്ചു
ആ കരിമ്പുലി ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല
വലിച്ചുകെട്ടിയ തമ്പും റിംഗ് മാസ്ററും
ഭയത്തിനും കൌതുകത്തിനുമിടയില്‍
ഊയലാടിയ കാണികളുടെ
പൊരുളറിയാത്ത പെരും കാഴ്ചയും പരതിമാറ്റി
ഓര്‍മയിലൊരു കാട്ടുവഴി കണ്ടെത്തവേ
അത് ആയുസ്സിന്റെ ഒറ്റക്കമ്പിയില്‍ നിന്ന്
ഏതോ മഹാശൂന്യതയുടെ ആഴത്തില്‍ എന്നോ മൂക്കുകുത്തിവീണിരിക്കാം
പക്ഷേ,ജന്മവേദനയുടെ മഞ്ഞവെളിച്ചം മിന്നിയ അതിന്റെ കണ്ണുകളിലെ
പകയുടെയും പകപ്പിന്റെയും
കനലുകള്‍ വീണ എന്റെ ഉള്ളിന് ഇതാ ഇപ്പോള്‍
ഈ നിമിഷങ്ങളില്‍ തീ പിടിക്കുന്നു.

(തോര്‍ച്ച സമാന്തര മാസിക;ഒക്ടോബര്‍-നവംബര്‍ 2012)