Pages

Monday, October 31, 2011

വേട്ടപ്പട്ടി വഴി കാട്ടുന്ന ലോകം

2011 ഒക്ടോബര്‍ 17 മുതല്‍ 23 വരെ ലളിതകലാ അക്കാദമിയുടെ തലശ്ശേരി ഗാലറിയില്‍ നടന്ന കെ.സുധീഷിന്റെ പെയിന്റിംഗുകളുടെ പ്രദര്‍ശനത്തിന് 'ISLAND CHERALA-DARKNESS AT NOON' എന്നാണ് ശീര്‍ഷകം നല്‍കിയിരിക്കുന്നത്." പത്തു പതിനഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയില്‍ വന്ന അസന്തുലിതമായ വന്‍മാറ്റങ്ങള്‍ മനുഷ്യന്റെയും ജീവജാലങ്ങളുടെയും അന്തസ്സിനെയും നിലനില്‍പിനെയും അപകടപ്പെടുത്തുന്ന രീതിയിലുള്ളതാണ്.ഭൂമിയുടെ ക്രയവിക്രയമാണ് ഇന്ന് കേരളത്തിലെ മുഖ്യതൊഴില്‍ മേഖല.സര്‍ക്കാര്‍ ജോലിക്കാരും കലാകാരന്മാരും രാഷ്ട്രീയക്കാരുമെല്ലാം ഭൂമികച്ചവടത്തിലെ ഇടനിലക്കാരായി മാറിയിരിക്കുന്നു.എന്റെ കാല്‍ക്കീഴിലെ മണ്ണാണ് എന്റെ ചരിത്രം എന്നു ഞാന്‍ കരുതുന്നു.ഈ മേല്‍മണ്ണ് തുടച്ചുനീക്കിയാണ് പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത്.വയലുകള്‍ നികത്താന്‍ ഇങ്ങനെ കോരിക്കൊണ്ടുപോവുന്ന മേല്‍മണ്ണിനൊപ്പം എന്റെ പൂര്‍വികരുടെ ഓര്‍മകളും ചരിത്രവും അപ്രത്യക്ഷമാവുകയാണ്.അതെ;നട്ടുച്ചക്കും ഇവിടെ ഇരുട്ടാണ്'' എന്ന് ബ്രോഷറില്‍ ചേര്‍ത്ത അഭിമുഖത്തില്‍ സുധീഷ് ഈ ശീര്‍ഷകത്തെ വിശദീകരിക്കുന്നുണ്ട്.
നിര്‍ദ്ദയം കടന്നാക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഭൂമിയും പ്രകൃതിയും തന്നെയാണ് സുധീഷിന്റെ ചിത്രങ്ങളിലെ മുഖ്യവിഷയം.പക്ഷേ,അതിലും കവിഞ്ഞ് കാണികളുടെ ഉള്ളില്‍ പതിയുന്നത് ഭൂമിയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള പുതിയ വ്യാപാരവൃത്തികളും ഇതര വ്യവഹാരങ്ങളും മനുഷ്യജീവിതത്തിന്റെ ഉള്ളടക്കത്തെ തന്നെ മാറ്റിത്തീര്‍ക്കുന്ന അനുഭവത്തെ വിസ്തരിക്കുന്നതിന് സുധീഷ് തിരഞ്ഞെടുത്തിരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കും രൂപങ്ങള്‍ക്കുമുള്ള നാടോടിത്തവും നാടകീയതയുമാണ്.
സുധീഷിന്റെ ഫുട്ബാള്‍ കളിക്കളത്തിന്റെ സെന്റര്‍സര്‍ക്കിളില്‍ നില്‍ക്കുന്നത് കുറുക്കനാണ്.വീണു പോയ റഫറി,ആക്രമണോത്സുകരായ കളിക്കാര്‍,ഇരപിടിക്കാനെന്ന പോലെ കളിക്കളത്തിലേക്കിറങ്ങിയ വലിയ പക്ഷി,ഹിംസയുടെ കൂടി ഇരിപ്പിടമായ ഗാലറി,തിക്കും തിരക്കും സമരവും മരണവുമെല്ലാം ലക്കും ലഗാനുമില്ലാതെ ഒഴുകി നീങ്ങുന്ന പുറത്തെ തെരുവ് ഇവയെല്ലാം ചേര്‍ന്ന് വലിയൊരു ദൃശ്യാനുഭവമായിത്തീരുന്നുണ്ട് സുധീഷിന്റെ സോക്കര്‍ എന്ന ചിത്രത്തില്‍.പ്രകൃതി അരക്ഷിതയായിത്തീരുന്നതോടെ നിസ്സഹായരും നിരു•ഷരുമായ വെറും കാഴ്ചക്കാരായി മാറുന്ന മനുഷ്യരുടെ കേവല നിലനില്പിന്റെ ദാരുണദൃശ്യങ്ങളാണ് സുധീഷിന്റെ ചിത്രങ്ങളില്‍ നിറയുന്നത്.അവര്‍ അന്ധരായും ഭാരമറ്റവരായി ഒഴുകിനീങ്ങുന്നവരായും കീടതുല്യരായുമൊക്കെ മാറുന്നു.അസ്ഥികൂടങ്ങളുടെ ലോകത്തില്‍ വിശന്ന വേട്ടപ്പട്ടി അന്ധന് വഴി കാട്ടുന്ന വിചിത്രവും ഭീകരവുമായ ലോകമാണത്.അവിടെ സൂര്യന്‍ ഒരഗ്നിഗോളം മാത്രമായി മാറുന്നു.ഇലകളറ്റ് നഗ്നരായ മരങ്ങള്‍ എങ്ങോട്ടോ ഓടി രക്ഷപ്പെടുന്നു.അവരുടെ ഉത്സവപ്പറമ്പുകളില്‍ ആനകള്‍ ഇടയാന്‍ കാത്തുനില്‍ക്കുന്നവരും മനുഷ്യര്‍ ആശയറ്റവരും അന്യോന്യം ഒന്നും വിനിമയം ചെയ്യാനില്ലാത്തവരും ആയിത്തീരുന്നു.പുഴുസമാനരായ മനുഷ്യരുടെ ലോകത്തില്‍ അവരുടെ ദൈവം ഒരു പുഴു മാത്രമായി ആലിലയില്‍ കിടക്കുന്നു. ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് ഇങ്ങനെ 'അസുന്ദര'വും അസ്വാസ്ഥ്യജനകവുമായ സന്ദര്‍ഭങ്ങളും രൂപങ്ങളുമാണ്.അവയെ ഉപയോഗിച്ചാണ് നമ്മുടെ കാലത്തെ കേരളീയ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് നയിക്കുന്ന സൌന്ദര്യാനുഭവങ്ങള്‍ സുധീഷ് സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു പ്രദര്‍ശനത്തെ കുറിച്ച് അതിന്റെ ഉള്ളടക്കത്തെ സ്പര്‍ശിച്ചുകൊണ്ടല്ലാതെ അഭിപ്രായം പറയുന്നത് അര്‍ത്ഥശൂന്യമാണ്.പക്ഷേ,ചിത്രത്തിന്റെ വിഷയം,ഉള്ളടക്കം,അര്‍ത്ഥം എന്നിങ്ങനെയുള്ള പ്രയോഗങ്ങളൊന്നും ചിത്രകാരന്മാര്‍ക്ക് പൊതുവെ സ്വീകാര്യമല്ല.'ചിത്രം കാണാനുള്ളതാണ്,കാണാന്‍ മാത്രമുള്ളതാണ് 'എന്നതാണ് അവരുടെ നിലപാട്.ഒരു ചിത്രം ചിത്രകാരന്റെ മനസ്സില്‍ രൂപം കൊള്ളുന്നത് ബാഹ്യമോ ആന്തരികമോ ആയ ഏതെങ്കിലും കാഴ്ചയില്‍ നിന്നാകാം.വാക്കുകളില്‍ നിന്നോ ആശയങ്ങളില്‍ നിന്നോ അല്ല ഞാന്‍ എന്റെ ചിത്രങ്ങളില്‍ എത്തിച്ചേരുന്നത് എന്ന് ചിത്രകാരന്/ചിത്രകാരിക്ക് തീര്‍ച്ചയായും പറയാം.(അത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും).പക്ഷേ,ചിത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ചിത്രവും കാന്‍വാസില്‍ കാണപ്പെടുന്ന രൂപങ്ങളോ വര്‍ണസങ്കലനങ്ങളോ മാത്രമല്ല.അവരുടെ കാഴ്ച അവിടെ അവസാനിക്കുകയില്ല.തങ്ങളുടെ ഓര്‍മകളെയും വിചാരങ്ങളെയും ജീവിതസങ്കല്പങ്ങളെയും രാഷ്ട്രീയ ധാരണകളെയുമെല്ലാം ആശ്രയിച്ചാണ് ഓരോരുത്തരും ഏത് ചിത്രത്തിന്റെയും ആസ്വാദനം നിര്‍വഹിക്കുന്നത്.അവയെയെല്ലാം മാറ്റിവെച്ച് കാഴ്ചയെ മാത്രം ആധാരമാക്കി ചിത്രം കണ്ടുകൊള്ളണം എന്നു പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല.ചിത്രത്തിന്റെ ശൈലിയും മറ്റ് സാങ്കേതിക കാര്യങ്ങളില്‍ അത് കൈവരിച്ചിരിക്കുന്ന മികവിന്റെ തോതുമെല്ലാം തീര്‍ച്ചയായും ആസ്വാദനത്തെയും അഭിപ്രായ രൂപീകരണത്തെയും സ്വാധീനിക്കും.പക്ഷേ,കാഴ്ചയില്‍ നിന്ന് ഒരാള്‍ക്ക് കൈവരുന്ന രസം വാക്കുകളില്‍ എത്തിച്ചേരുന്നതിനു മുമ്പ് വറ്റിപ്പോവുകയില്ല.അമൂര്‍ത്ത ചിത്രങ്ങളുടെ കാര്യത്തിലും മറിച്ചുള്ള ഒരനുഭവം ഉണ്ടാവുകയില്ല.
ഒരു ചിത്രം നിര്‍വഹിക്കുന്ന അനുഭവ/ആശയ വിനിമയരീതിയെ കുറിച്ചുള്ള ധാരണകളുടെ കാര്യത്തില്‍ സമ്പൂര്‍ണനിരക്ഷരരാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും.അതുകൊണ്ടാണ് ഏത് ചിത്രപ്രദര്‍ശനം കണ്ട് പുറത്തിറങ്ങുന്നവരിലും വലിയൊരു ശതമാനം ആളുകള്‍ 'ഹേയ്,എനിക്കൊന്നും മനസ്സിലായില്ല' എന്നു പറയുന്നത്.ഒരു ആനുകാലികത്തിലെ രേഖാചിത്രം നോക്കി അത് നന്നായെന്നോ ഇല്ലെന്നോ പറയാനുള്ള ധൈര്യം വളരെയേറെ പേര്‍ക്കുണ്ട്.ഒരു പെയിന്റിംഗിന്റെ കാര്യത്തില്‍ ഈ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ നന്നേ ചെറിയ ഒരു ന്യൂനപക്ഷത്തിനേ കഴിയൂ.ഈ അവസ്ഥ മാറ്റിത്തീര്‍ക്കുന്നതിലൂടെ മാത്രമേ ചിത്രകലയ്ക്ക് ജനകീയമായ ആസ്വാദനത്തിന്റെ തലത്തില്‍ ഒരു കുതിപ്പ് സാധ്യമാവുകയുള്ളൂ.
ഒരു ചിത്രത്തിന്റെ കാഴ്ചയിലേക്ക് എങ്ങനെ പ്രവേശിച്ചുതുടങ്ങണം എന്നതു സംബന്ധിച്ച് വളരെ പ്രാഥമിക തലത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും അസംഗതമായിത്തീരാത്ത അവസ്ഥയിലാണ് കേരളത്തില്‍ ചിത്രപ്രദര്‍ശനം കാണാനെത്തുന്നവരില്‍ മഹാഭൂരിപക്ഷവും.ഈ യാഥാര്‍ത്ഥ്യത്തിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നത് ചിത്രകലയുടെ വളര്‍ച്ചയെ ഒരര്‍ത്ഥത്തിലും സഹായിക്കില്ല.ഒരു കലാരൂപമെന്ന നിലയില്‍ ചിത്രത്തിനുള്ള പ്രത്യേകതകള്‍,വ്യത്യസ്ത മാധ്യമങ്ങളിലുള്ള ചിത്രം വരയുടെ സവിശേഷതകള്‍,ചിത്രകലയിലെ വിവിധ പ്രസ്ഥാനങ്ങള്‍ക്കു പിന്നിലെ ദര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ബഹുജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് വ്യക്തിപരമായ ഉത്തരവാദിത്വമായി ചിത്രകാരന്മാര്‍ ഏറ്റെടുക്കേണ്ടതില്ല.അത്തരം ജോലികള്‍ അക്കാദമി പോലുള്ള സ്ഥാപനങ്ങളും സാംസ്കാരിക പഠനകേന്ദ്രങ്ങളുമൊക്കെയാണ് ചെയ്യേണ്ടത്.പക്ഷേ,സ്വന്തം ചിത്രങ്ങളുടെ ആശയലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനെങ്കിലും അവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.കേരളത്തിലെ ചിത്രകലാസ്വാദന പരിസരം അത് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
അനുബന്ധം:
നമ്മുടെ ചിത്രകാരന്മാര്‍ അവരുടെ ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിനും പേരിടാന്‍ ഇംഗ്ളീഷ് ഭാഷയാണ് ഉപയോഗിച്ചു വരുന്നത്.ഒരു പഴയകാല ശീലത്തിന്റെ തുടര്‍ച്ചയെന്നതില്‍ കവിഞ്ഞ് ചിത്രത്തിന്റെ മാര്‍ക്കറ്റ് മുഖ്യമായും മറുനാട്ടുകാരോ വിദേശികളോ ആയ സമ്പന്നരുടെ കയ്യിലാണെന്ന തിരിച്ചറിവാകാം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.സുധീഷ് തന്റെ പ്രദര്‍ശനത്തില്‍ ഈ പതിവിനെ ഭാഗികമായി ഭേദിച്ചിട്ടുണ്ട്.ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിന് മൊത്തത്തിലും ഇംഗ്ളീഷില്‍ തന്നെയാണ് പേരിട്ടിരിക്കുന്നതെങ്കിലും മലയാളത്തിലുള്ള ഒരഭിമുഖവും എ.ടി.മോഹന്‍രാജ് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പും ബ്രോഷറില്‍ നല്‍കിയിട്ടുണ്ട്.പൊതുശീര്‍ഷകത്തിന്റെ 'ചേരളദ്വീപ് നട്ടുച്ചക്കിരുട്ട്' എന്ന പരിഭാഷ ആദ്യപേജില്‍ തന്നെ കാണുകയും ചെയ്യാം.കേരളത്തിനകത്ത് നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കെങ്കിലും മലയാളത്തിലുള്ള ശീര്‍ഷകവും കുറിപ്പുകളും നല്‍കാന്‍ നമ്മുടെ ചിത്രകാരന്മാര്‍ മനസ്സ് വെക്കുന്നത് നല്ലതാണ്.വിദേശികളുടെ സാന്നിധ്യം വലിയ തോതില്‍ പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ അവയ്ക്ക് ഇംഗ്ളീഷ് പരിഭാഷ കൂടി നല്‍കാവുന്നതേയുള്ളൂ.
(ജനശക്തി വാരിക)

Saturday, October 29, 2011

നിഴല് പാടുന്നു

രാത്രി
നഗരമധ്യത്തിലെ ബാര്‍
കുശലവാര്‍ത്തകളോരോ
'ചെറുതുകള്‍'ക്കുമേല്‍ നുരയുന്ന മേശകള്‍
ലഹരിയുടെ തിരകളാല്‍
തകരുന്ന വാക്കിന്റെയതിരുകള്‍
കണ്ണീര്‍ നനവുകള്‍
പരിഹാസപ്പതച്ചി,ലുപചാരചാരം
പറന്നറിയാതെതെളിയുന്ന
പകയുടെ കനലിളക്കങ്ങള്‍
'ഇത് മദ്യശാല
മതിമോഹനശാല
ഹൃദയസംഗീത ശാല
കവിത വിടരുന്ന ശാല'
പരുഷഗദ്യത്തിന്റെ തടവില്‍ നിന്നുള്ള
വിടുതിയാഘോഷിക്കയാണൊരാള്‍
കുഴയുന്ന നാവിനാല്‍ പാട്ടിന്‍ കളിത്തോണി
തുഴയുകയാണൊരാള്‍
'അടിയടി,ഒരു പെഗ്ഗുകൂടടിയെന്റെ ചങ്ങായി
മതിവരും വരേക്കു നീ പാടുക',പ്രോത്സാഹന-
ത്തിരയുയരുന്നു ചുറ്റിലും
കവിത കഥയായി,രാഷ്ട്രീയ ചര്‍ച്ചയായ്
പരദൂഷണങ്ങളായ്,പഴി പറച്ചിലായ് പതയുന്നു
രാവ് നീളുന്നു 'മതി,യടക്കാനുള്ള നേരമാ'യെന്നു നാലഞ്ചു
തടിമിടുക്കന്മാര്‍ മീശ പിരിക്കുന്നു
'ശരി,ശരി' ബില്ലടച്ചുകൈക്കാശും കൊടുത്തെത്രയും വേഗം
പടിയിറങ്ങുന്നു
കാറില്‍
ഇരുചക്രശകടമേറിയും
കാല്‍നടയായും
പിരിയുവോര്‍ ബാറിലുപേക്ഷിച്ചു
ഹൃദയനൈര്‍മല്യമായതിന്‍ പകരമായ്
പല വെറുപ്പുകള്‍,നിരാശകള്‍,കയ്ക്കുമോര്‍മകള്‍
അവര്‍ നിറക്കുന്നു നെഞ്ചില്‍
ബാറിന്‍ നടയടക്കുന്നു.
'ഹാ,മറുമരുന്നില്ല,മര്‍ത്ത്യജീവിത വിഷമരുന്നിന്'
തെരുവിലൊറ്റയായ് വേച്ചുവേച്ചുപോം
നിഴല് പാടുന്നു,പാടുന്നു.

കുറിപ്പ്: വെറുതെ ഇരിക്കെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പഴയ ചില കവിതകള്‍ ഓര്‍മയിലെത്തി.ആ ഓര്‍മയ്ക്ക് ഇങ്ങനെയൊരു രൂപാന്തരമുണ്ടായി.

Thursday, October 27, 2011

ഒന്നൊഴികെ

കവിത ഏതുമായ്ക്കോട്ടെ ദിനേശാ
കഥ ഏതുമായ്ക്കോട്ടെ ദിനേശാ
ലേഖനമെങ്കില്‍ അത്
ഒരു പ്രശ്നവുമില്ല ദിനേശാ
ഇനി ഇപ്പറഞ്ഞതൊന്നുമല്ല
വല്ല മിത്തോ,നാട്ടുചരിത്രമോ
പരദൂഷണമോ,കാട്ടുകല്ലോ
ആയാലും തരക്കേടില്ല
ഞാന്‍ വിസ്തരിച്ച് വ്യാഖ്യാനിച്ച്
അര്‍ത്ഥവും ആന്തരാര്‍ഥവും
പിന്നെ അനര്‍ത്ഥവും പറഞ്ഞുതരാം
ഒരു കാര്യം മാത്രം നീ ചോദിക്കരുത്
മേലത്തെ ഭാര്‍ഗവന്‍സഖാവുള്‍പ്പെടെ
ഒരുപാട്പേര്
എന്തിനാ നമ്മളെയിങ്ങനെ പേടിപ്പിക്കുന്നത്?
അവരെയെല്ലാം കാണുമ്പോള്‍
എന്തിനാ നമ്മളിങ്ങനെ പേടിച്ചുപോവുന്നത്?
എന്നാപ്പിന്നെ പോട്ടേ ദിനേശാ
അപ്പോ പറഞ്ഞതുപോലെ
കഥയോ കവിതയോ ചിത്രമോ ശില്പമോ
കണ്ണാടിയോ മൂക്കുത്തിയോ എന്താന്ന് വെച്ചാ.

നിസ്സംശയം

അന്നൊരുനാള്‍ അരയാല്‍ച്ചുവട്ടില്‍ ഒളിച്ചിരുന്ന്
അമരസല്ലാപം കേട്ടതില്‍പ്പിന്നെയാണ്
അപ്പൂട്ടിവൈദ്യര്‍ക്ക് പിരിയിളകിയത്
താന്‍ എവിടെവെച്ചെങ്കിലും എന്തെങ്കിലും കേട്ടുവെന്ന്
അപ്പൂട്ടിവൈദ്യര്‍ ആരോടും പറഞ്ഞിരുന്നില്ല
എന്നിട്ടും എല്ലാവരും ഉറപ്പിച്ചു
ദൈവങ്ങളുടെ രഹസ്യങ്ങളിലേക്ക്
ചെവിനീട്ടിയതുകൊണ്ടാണ്
പാവം വൈദ്യര്‍ക്ക് ഇങ്ങനൊയൊരു ഗതിവന്നത്
സംഗതികളുടെ കിടപ്പ് അങ്ങനെയൊക്കെത്തന്നെയാണ്
സ്വബോധമുള്ളവരുടെ കാര്യത്തില്‍ ഒന്നും നമുക്ക് ഉറപ്പില്ല
ഭ്രാന്തന്മാരുടെ കാര്യത്തിലാണെങ്കില്‍
ഒന്നിനെ കുറിച്ചും ഒരു സംശയവുമില്ല.

Sunday, October 23, 2011

ആരും കരയുന്നില്ല

ബസ്സിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ളീനര്‍ക്കും
ബസ്സില്‍ കയറുന്നവരോട് പുച്ഛം
ആപ്പീസര്‍ക്കും ക്ളര്‍ക്കിനും പ്യൂണിനും
ആവശ്യങ്ങളുമായി ആപ്പീസിലെത്തുന്നവരോട് പുച്ഛം
വ്യാപാരികള്‍ക്ക് വാങ്ങാനെത്തുന്നവരോട്
ഡോക്ടര്‍മാര്‍ക്ക് രോഗികളോട്
നേതാക്കള്‍ക്ക് ജനങ്ങളോടും
ജനങ്ങള്‍ക്ക് നേതാക്കളോടും
കവികള്‍ക്ക് വായനക്കാരോടും
വായനക്കാര്‍ക്ക് കവികളോടും
പുച്ഛം
എല്ലാവരും പുച്ഛസത്യജ്ഞരാകയാല്‍
ആരും കരയുന്നില്ല.

Monday, October 17, 2011

അത്ഭുതം

കാലില്‍ കാത് മുളക്കുന്നതും
കണ്‍പോളകളില്‍ പൂവ് വിരിയുന്നതും
ഉള്ളംകയ്യില്‍ ആനക്കുട്ടി നില്‍ക്കുന്നതുമൊന്നും
ഇക്കാലത്ത് അത്ഭുതമല്ല
പക്ഷേ,
മഴക്കാലത്ത് മഴ പെയ്യും
മീന്‍തന്നെ ഝഷം
പശുവിനെ കുറിച്ച് പഠിക്കാന്‍
അതിനെ കറന്നു നോക്കുക തന്നെ വേണം
കേളപ്പനടിയോടിയാണ് മലയാളകവിതയെ നശിപ്പിച്ചത്
കവിത അനിര്‍വചനീയമാണ്,അവ്യാഖ്യേയമാണ്
അതിന് ചോറും മീനും അന്യമാണ്
ഗാന്ധിജി സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ
ഇന്ത്യയ്ക്കു വേണ്ടി അനേകം സെഞ്ച്വറികള്‍ അടിച്ച
മഹത്വത്തിന്റെ തുംഗഗോപുരമാണ് എന്നിങ്ങനെയെല്ലാം
ആളുകള്‍ പ്രസംഗിക്കുന്നതും
പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും
അത്ഭുതമല്ലെങ്കില്‍ പിന്നെ എന്താണ്?

Thursday, October 13, 2011

എന്റെ രാഷ്ട്രീയം

ഞാനൊരു മധ്യവര്‍ഗ ജീവിയാണ്.അതിന്റെ നാനാവിധമായ പരിമിതികള്‍ക്കുള്ളിലായിരുന്നു നാളിതുവരെയുള്ള ജീവിതം.അതുകൊണ്ടു തന്നെ എന്റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് ഒട്ടൊക്കെ ഭീരുവായ ഒരു സാധാരണപൌരന്റെ സാമൂഹ്യനിരീക്ഷണങ്ങള്‍ എന്നതിനപ്പുറം പ്രാധാന്യമൊന്നുമില്ല.
സാഹിത്യം,ചരിത്രം,സംസ്കാരപഠനം എന്നിവയുടെയെല്ലാം ബാലപാഠങ്ങള്‍ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചത് കോണ്‍ഗ്രസ് അനുകൂലികളുടെ ഒരു കൂട്ടായ്മക്കകത്തു നിന്നാണ്.ഒന്നൊന്നര വര്‍ഷത്തോളമേ ആ ബന്ധം നിലനിന്നുള്ളൂ.പിന്നെ ഞാന്‍ മാര്‍ക്സിസ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെയും ബാലസംഘത്തിന്റെയും കലാസാഹിത്യസംഘടനയുടെയുമൊക്കെ പ്രവര്‍ത്തകനായി. അന്നു തുടങ്ങിയ ബന്ധം മാനസിക തലത്തില്‍ ഈയടുത്ത കാലം വരെയും ഞാന്‍ നിലനിര്‍ത്തി.എം.എന്‍.വിജയന്റെ ശിഷ്യനായ ഞാന്‍ മാര്‍ക്സിസ്റ് പാര്‍ട്ടി അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തിത്തുടങ്ങിയ കാലം മുതല്‍ക്കാണ് പാര്‍ട്ടിയോടുള്ള അനുഭാവം കൈവിട്ടുതുടങ്ങിയത് എന്നാണ് പലരും കരുതിപ്പോരുന്നത്. ഇത് തെറ്റാണ്.വിജയന്‍മാഷുടെ എതിര്‍പ്പ് മാര്‍ക്സിസ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ ചില നീക്കങ്ങള്‍ക്കു നേരെയായിരുന്നു.പാര്‍ട്ടിയുടെ സംഘടനാതത്വത്തെ കുറിച്ചോ സൈദ്ധാന്തികനിലപാടുകളെ കുറിച്ചോ അദ്ദേഹം ഒരു വിയോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല.പാര്‍ട്ടി അതിന്റെ ജീവശാസ്ത്രമായ സംഘടനാതത്വത്തില്‍ വിള്ളലുണ്ടാക്കി അതിലേക്ക് കാറ്റും വെളിച്ചവും കടത്തരുത് എന്ന പക്ഷക്കാരനായിരുന്നു മാഷ്.വെള്ളത്തില്‍ ജീവിക്കുന്ന മീനിനെ കരയുടെ സ്വാതന്ത്യ്രത്തിലേക്ക് മോചിപ്പിച്ചാലുള്ള അവസ്ഥയാവും ഡമോക്രാറ്റിക് സെന്‍ട്രലിസം എന്നസംഘടനാതത്വത്തിന് പുറത്തു കടക്കുന്ന പാര്‍ട്ടിയുടേതും എന്ന് മാഷ് പറഞ്ഞു. മാഷുടെ ആ നിലപാടിനോട് യോജിക്കണമെന്ന് അന്നുതൊട്ടേ എനിക്ക് തോന്നിയിരുന്നില്ല.ഡമോക്രാറ്റിക് സെന്‍ട്രലിസം എന്നത് പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലെ അതിസമര്‍ത്ഥരായ ചിലരുടെ താല്പര്യങ്ങള്‍ക്കും ധാരണകള്‍ക്കും പാര്‍ട്ടി സംവിധാനത്തെ ആകെ കീഴ്പ്പെടുത്തുന്ന ഏര്‍പ്പാടായിട്ടാണ് ലോകത്തെല്ലായിടത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്.അതിന് മാറ്റം വരുത്തുന്ന എന്തെങ്കിലും കണ്ടെത്തുകയാണ് പ്രധാനം.വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പാര്‍ട്ടിയുടെ തന്നെ ചരിത്രത്തില്‍ നിന്നും അനുഭവങ്ങളില്‍നിന്നും പാഠം പഠിച്ച് സിദ്ധാന്തത്തിലും പ്രയോഗത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താനുള്ള ധീരത നേടുക എന്നതാണ്.ടെക്നോളജിയുടെ വികാസം വഴി സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും നിര്‍മാണത്തിലും വിതരണത്തിലും സംഭവിച്ചിരിക്കുന്ന അഭൂത പൂര്‍വമായ മാറ്റങ്ങളും വിവിധ വിജ്ഞാനശാഖകളുടെ വളര്‍ച്ചയിലൂടെ പ്രപഞ്ചത്തെയും മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളെയും കുറിച്ച് കൈവന്നിരിക്കുന്ന പുത്തന്‍ അറിവുകളും ആഗോളീകരണ കാലത്തെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുമെല്ലാം കണക്കിലെടുത്തുകൊണ്ട് തന്നെ വേണം തിരുത്തലുകള്‍ക്ക് മുതിരാന്‍.പകരം ഊഹക്കച്ചവടങ്ങള്‍ക്കും ബഹുരാഷ്ട്രഭീമ•ാരുടെ മറ്റ് വ്യവഹാരങ്ങള്‍ക്കും അനുസൃതമായി സ്വയം പാകപ്പെടുക എന്ന ലാഭകരമായ എളുപ്പപ്പണിയുടെ മാര്‍ഗം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയെ ജനങ്ങള്‍ അധികകാലം ചുമന്ന് നടക്കില്ല.
കമ്യൂണിസ്റ് പാര്‍ട്ടി അധികാരം കയ്യാളിയ ഇടങ്ങളിലെല്ലാം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങള്‍ ജനവിരുദ്ധമായി തീരുകയുണ്ടായി.സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതിന്റെ പ്രാഥമിക കാരണം അമേരിക്കയുടെയും മറ്റ് മുതലാളിത്ത രാജ്യങ്ങളുടെയും പ്രേരണയും പ്രോത്സാഹനവും ഉപജാപങ്ങളുമൊന്നുമല്ല.ഓരോ ഇടത്തെയും ജനങ്ങള്‍ താന്താങ്ങളുടെ നാട്ടിലെ പാര്‍ട്ടിനേതാക്കളുടെ അഴിമതിക്കും അധികാരപ്രമത്തതയ്ക്കുമെതിരെ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു.കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഘടനയില്‍ അതൊരു ഫാസിസ്റ് ശക്തിയായിത്തീരാനുള്ള സാധ്യത എന്നും എവിടെയും നിലനിന്നിട്ടുണ്ട്.ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമേ അധികാരം അനുഭവിക്കാന്‍ ഇടയായുള്ളൂ എന്നതുകൊണ്ടാവാം ഈ സാധ്യത ഇവിടെ ഭീഷണാകാരം പൂണ്ട് വളരാതിരുന്നത്.ഇക്കാര്യം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷവും മാര്‍ക്സിസ്റ് പാര്‍ട്ടിക്കു നേരെ അല്പമായ അനുഭാവം പോലും നിലനിര്‍ത്തുന്നത് തെറ്റല്ലേ എന്ന് ഞാന്‍ പല കുറി സ്വയം ചോദിച്ചിട്ടുണ്ടണ്‍്.ചില ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.എല്ലാവര്‍ക്കും എല്ലാ ജീവിതാവശ്യങ്ങളും മാന്യമായി നിറവേറ്റാനുള്ള സാമ്പത്തിക സാഹചര്യങ്ങളും അവസരസമത്വവും ഉണ്ടായിരിക്കേണ്ടതാണ് എന്ന ആദര്‍ശത്തെയും ആ ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിന് ആവശ്യമായ പ്രായോഗിക നടപടികളെയും കുറിച്ച് ഗൌരവമായി ആലോചിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം ലോകത്തെവിടെയും അല്പകാലത്തേക്കെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞത് കമ്യൂണിസ്റുകാര്‍ക്ക് മാത്രമാണ്.ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനെ പോലെ രാജ്യം മുഴുക്കെ വിപുലമായ ജനകീയാടിത്തറയുള്ള ഒരു പാര്‍ട്ടിക്ക് നിസ്വാര്‍ത്ഥരായ കുറച്ച് നേതാക്കളെയും പ്രവര്‍ത്തകരെയും അങ്ങിങ്ങായി ചൂണ്ടിക്കാണിക്കാനുണ്ടാവും.പക്ഷേ സ്വാതന്ത്യ്രപൂര്‍വ കാലം മുതല്‍ക്കേ ഉപരിവര്‍ഗം കോണ്‍ഗ്രസ്സില്‍ ആധിപത്യം സ്ഥാപിക്കുകയും പിന്നീടിങ്ങോട്ട് ഭരണകൂടത്തിന്റെ മുഖ്യപരിഗണന ആ വര്‍ഗത്തിന്റെ താലപര്യസംരക്ഷണമാക്കിത്തീര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ജാഗരൂകമാവുകയും ചെയ്തു എന്നതാണ് സത്യം. കമ്യൂണിസ്റ് പാര്‍ട്ടിയുടെ നിലപാടും പാര്‍ട്ടി നേതൃത്വം നല്‍കിയ സംസ്ഥാന ഗവണ്മെന്റുകളുടെ പ്രവര്‍ത്തനവും ഒരു ഘട്ടത്തിലും ഈയൊരു രാഷ്ട്രീയം സ്വീകരിച്ചിരുന്നില്ല.പക്ഷേ, അധികാരത്തിനും പാര്‍ട്ടി എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും വേണ്ടി ഉപരിവര്‍ഗത്തിലെ പല കണ്ണികളുമായി പല ഘട്ടങ്ങളില്‍ പല തലങ്ങളില്‍ ചെയ്തു പോന്ന നീക്കുപോക്കുകള്‍ പാര്‍ട്ടിനേതൃത്വത്തിലെ അങ്ങേയറ്റം വലുതും ഇങ്ങേയറ്റം ചെറുതുമായ എല്ലാം അധികാരകേന്ദ്രങ്ങളിലും അഴിമതിയും അരാഷ്ട്രീയതയും വ്യാപിപ്പിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ അടിത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സത്യസന്ധതയോടെ ഏറ്റെടുക്കാനുള്ള ശേഷി വലിയൊരളവോളം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.ഈ അവസ്ഥയില്‍ നിന്നുള്ള മോചനം അടുത്ത കാലത്തെങ്ങും സാധ്യമാവുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാനാവില്ല.
വസ്തുത ഇതായിരിക്കുമ്പോഴും രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിയെ കുറിച്ചെല്ലാമുള്ള ഗൌരവപൂര്‍ണമായ ആലോചനകള്‍ക്കുള്ള ഉപകരണങ്ങളും ബഹുരാഷ്ട്ര മൂലധനശക്തികളുടെ സര്‍വാധിപത്യത്തെ ചെറുക്കാന്‍ പരിമിതമായ അളവിലെങ്കിലുമുള്ള സന്നദ്ധതയും ഇപ്പോഴും കമ്യൂണിസ്റുകാരുടെ കയ്യില്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ പൊതുജീവിതത്തില്‍ അവര്‍ തീര്‍ത്തും അപ്രസക്തരായിക്കഴിഞ്ഞിട്ടില്ല. പാര്‍ട്ടി എങ്ങനെയൊക്കെ മാറിയാലും വരുംകാലത്തും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങളിലെല്ലാം സത്യസന്ധവും പുരോഗമനപരവുമായ പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്നത് കമ്യൂണിസ്റ് ദര്‍ശനത്തെ ആഴത്തില്‍ അറിഞ്ഞവര്‍ തന്നെയായിരിക്കും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. തങ്ങളുടെ ഫ്യൂഡല്‍ പശ്ചാത്തലത്തിന്റെ ഓര്‍മകളും അതിനോടുള്ള കൂറും കൈവിടാനാവാത്ത ധാരാളം ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും കേരളത്തിലുണ്ട്.ഇടതുപക്ഷത്തിന്റെ രൂക്ഷവിമര്‍ശകരും എതിരാളികളുമായിരിക്കെ തന്നെ ഇടതുപക്ഷത്തിലെ അധികാരകേന്ദ്രങ്ങളുടെ ഒത്താശക്കാരായും ഇവര്‍ പ്രവര്‍ത്തിക്കാറുണ്ട്.പൊതുബോധത്തില്‍ ചില കലക്കങ്ങളുണ്ടാക്കുന്നതിനപ്പുറം ഇക്കൂട്ടര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെന്ന തോന്നല്‍ ഇന്നേവരെ എനിക്കുണ്ടായിട്ടില്ല.വ്യവസ്ഥാപിതകമ്യൂണിസ്റ് പാര്‍ട്ടികളുടെ നേതൃവൃന്ദത്തെപ്പോലെ ഇക്കൂട്ടരും കാലഹരണപ്പെട്ട ഒരു രാഷ്ട്രീയഭാഷ ഉപയോഗിച്ചാണ് സംസാരിക്കുന്നത്.അധികാരഗര്‍വിലും പരപുച്ഛത്തിലും കമ്യൂണിസ്റ് പ്രമാണിമാരുടേതിനേക്കാള്‍ ഒട്ടും ഭേദമല്ല ഇക്കൂട്ടരുടെ നില.
രാഷ്ട്രീയ പാര്‍ട്ടികള്‍,ഇന്ത്യന്‍ സാഹചര്യത്തില്‍ വിശേഷിച്ചും സി.പി.ഐ(എം) ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറുമ്പോള്‍ ആ ഒഴിവിടത്തിലേക്ക് കടന്നുവരുന്നത് സന്നദ്ധ സംഘടനകളാണ്.സന്നദ്ധ സംഘടനാരാഷ്ട്രീയം ഫണ്ടിംഗിനെ ആശ്രയിച്ച് നിലകൊള്ളുന്നതും മൂര്‍ത്തമായ ഓരോരോ പ്രശ്നങ്ങളുടെ പരിഹാരം ഉന്നം വെച്ച് പ്രവര്‍ത്തിക്കുന്നതുമാണ്.അതില്‍ അഴിമതിക്കും വഞ്ചനയ്ക്കുമെല്ലാമുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാല്‍ ജനങ്ങളെ താല്‍ക്കാലികമായി സഹായിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരളവ് വരെ പരിഹാരം കാണുന്നതിനും ആ രാഷ്ട്രീയം സഹായകമാവുന്നുവെന്നതു കൊണ്ടു തന്നെ മുഖ്യധാരാരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയും ആളുകള്‍ അതിനെ പിന്തുണക്കും.എങ്കിലും അറിഞ്ഞുകൊണ്ട് ഒരു ഘട്ടത്തിലും ആ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
വിദേശത്തോ സ്വദേശത്തോ ഉള്ള കുത്തകകളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടല്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുമായും സാഹിത്യസാംസ്കാരിക പ്രസ്ഥാനങ്ങളുമായും സഹകരിക്കുക,സാമൂഹ്യപ്രശ്നങ്ങളെയും കലയെയും സാഹിത്യത്തെയുമെല്ലാം മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മാര്‍ക്സിയന്‍ ദര്‍ശനം തന്നെയാണ് കൂടുതല്‍ സഹായകമാവുന്നത് എന്നതുകൊണ്ട് ആ വക കാര്യങ്ങള്‍ക്ക് ആകാവുന്നിടത്തോളം അതിനെ ആശ്രയിക്കുക,ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമാകാതെയും ഒന്നിനും വിധേയനാകാതെയും എഴുത്തുജീവിതം സ്വതന്ത്രമായി മുന്നോട്ട് കൊണ്ട്പോവുക ഇത്രയുമൊക്കെയാണ് എന്റെ പൊതുജീവിതം സംബന്ധിച്ച് ഞാന്‍ എത്തിച്ചേര്‍ന്ന തീരുമാനങ്ങള്‍.
അധികാരകേന്ദ്രങ്ങളില്‍ നിന്ന് യാതൊരു തരത്തിലുള്ള അംഗീകാരവും ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒരു പദവിയും എന്റെ പരിഗണനയില്‍ വരുന്നില്ല.ചരിത്രത്തെ മാനിച്ചും വര്‍ത്തമാനത്തെ കഴിവതും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചും ഞാന്‍ മുന്നോട്ട് പോവും.ഒരു ശുദ്ധസാഹിത്യകാരന്റെ പരിവേഷം എനിക്കാവശ്യമില്ല.എനിക്ക് താല്‍പര്യം തോന്നുന്നതും എന്റെ പ്രതികരണത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്ന് തോന്നുന്നതുമായ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ പ്രശ്നങ്ങളില്‍ എഴുത്തുകാരനെന്ന നിലയില്‍ ഇനിയും ഞാന്‍ ഇടപെടും.പക്ഷം പിടിക്കും.രാഷ്ട്രീയത്തിലെന്ന പോലെ സാഹിത്യത്തിലും അധികാരകേന്ദ്രങ്ങളുണ്ട്.ആദ്യത്തേത് പ്രത്യക്ഷവും രണ്ടാമത്തേത് പ്രച്ഛന്നവുമാണ്.രണ്ടിനും ഞാന്‍ വഴങ്ങിക്കൊടുക്കുകയില്ല.

(മാതൃകാന്വേഷി മാസിക ഒക്ടോബര്‍ 2011)

Tuesday, October 11, 2011

മൃഗപ്രജ്ഞ

വേട്ടകാരന്‍ വരുന്നതും കാത്തിരിക്കുന്ന ഈ മൃഗം
വിഡ്ഡിയാനല്ല
എന്തിന് വെറുതെ എന്നൊരാലോചനയിലാണത്
പുല്ലൊരുപാട് തിന്നു,വെള്ളമെത്രയോ കുടിച്ചു
ഒരുപാട് ഇണചേര്‍ന്നു
ഒരുപാട് വട്ടം മരണത്തിന്റെ കനല്‍ക്കണ്ണുകളില്‍ നിന്ന്
കുതിച്ചകന്നു
കുന്നും വയലും കാട്ടിലെ നീരൊഴുക്കും മടുക്കില്ല
എന്നിരിക്കലും ഒരുനാള്‍ ചന്ദ്രനില്‍ തന്റെ ഇണയെ കണ്ടുപോയ നിലക്ക്
ഇനി മറ്റൊന്നിലും മനസ്സുറക്കില്ല
അമ്പിന്‍മുനയിലാണ് അങ്ങോട്ടേക്കുള്ള വഴിയെന്നത് കാറ്റില്‍ മണംപിടിക്കുന്നതുപോലെ
താനേ അറിഞ്ഞുപോയതാണ്
അറിഞ്ഞുപോയ സത്യത്തില്‍ നിന്ന് കുതറിയോടാന്‍
മനുഷ്യനെ കഴിയൂ
മൃഗത്തിന് ഓരോ പുതിയ അറിവും ഓരോ കെണിയാണ്
വേട്ടക്കാരന്റെ കെണി അവസാനത്തേതും.

(മാധ്യമം വാരിക 2011 ഒക്ടോബര്‍ 10)

അജ്ഞേയം

മേഘങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്ന
മലമുകളിലെ തടാകക്കരയില്‍ ഒരു പകല്‍മുഴുവന്‍
ഞാന്‍ ഉറങ്ങിക്കിടന്നു
ഉണര്‍ന്നപ്പോള്‍
കാട്ടുമരച്ചോട്ടിലെ
കാലമറിയാത്ത കല്‍വിഗ്രഹത്തിന്റെ ചുമലില്‍
ഒരു വെള്ളില്‍പറവയെ കണ്ടു
വെള്ളം കുടിക്കാന്‍ വന്ന മേഘങ്ങള്‍ മടങ്ങിപ്പോവുമ്പോള്‍ കൂടെപ്പോവാന്‍ മറന്നതായിരുന്നു അത്
എന്നോടൊപ്പം അടിവാരത്തിലേക്ക് വന്ന ആ പാവം
വന്നിറങ്ങിയ ദിവസം തന്നെ അങ്ങാടിച്ചൂടില്‍
അകംചുട്ട് ചത്തുപോയി
അതിന്റെ കുഞ്ഞുശരീരം അടക്കം ചെയ്തിടത്ത്
ഇപ്പോഴിതാ പേരറിയാത്തൊരു കാട്ടുചെടി മുളച്ചുപൊന്തിയിരിക്കുന്നു
അതിന്റെ തണലിലിരുന്നാണ് എന്തിനെന്നറിയാതെ ഈ വരികള്‍ ഞാന്‍ കുത്തിക്കുറിക്കുന്നത്.
(മാധ്യമം വാരിക 2011 ഒക്ടോബര്‍ 10)

Thursday, October 6, 2011

കവികളില്‍ പലരോടും

താങ്കള്‍ നിന്ദിതരുടെയും പീഡിതരുടെയും കവിയാണെങ്കില്‍ പണ്ഡിതന്മാരുടെയോ അങ്ങനെ സ്വയം കരുതുന്നവരുടെയോ വിധിയെഴുത്തിന് കാതോര്‍ക്കുന്നതെന്തിന്?
താങ്കള്‍ സ്വാതന്ത്യ്രത്തിന്റെ കവിയാണെങ്കില്‍ അന്യന്റെ സ്വാതന്ത്യ്രത്തില്‍
അസഹിഷ്ണുവാകുന്നതെന്തിന്?
താങ്കള്‍ ഉറുമ്പുകളുടെ കാലൊച്ച കേള്‍ക്കുകയും പരുന്തിന്റെ ചിറകടി കേള്‍ക്കുന്നവന്റെ കാതുകളെ നിന്ദിക്കുകയും ചെയ്യുന്നതെന്തിന്?
കവിത ആത്മാവിന്റെ ആനന്ദമാണെങ്കില്‍ എല്ലാ ആത്മാക്കളുടെയും ആനന്ദത്തിന്റെ വഴി ഒന്നു തന്നെയായിരിക്കണമെന്ന് ശഠിക്കുന്നതെന്തിന്?
ലോകം മാറാനുള്ള ഒന്നാണെന്നറിയുന്നുവെങ്കില്‍ കവിത മാത്രം മാറരുതെന്ന് ശഠിക്കുന്നതെന്തിന്?
പഴയ ജീവിതം താങ്കളെയും ലോകത്തെയും കൈവിട്ടിട്ടും പഴംപാട്ടുകള്‍ തന്നെ പാടുന്നതെന്തിന്?
ശത്രു ആരെന്നും എങ്ങെന്നുമറിയാതെ അങ്കക്കളത്തില്‍ കലിതുള്ളിയിറങ്ങി വഴിയേപോകുന്നവരുടെ നേര്‍ക്ക് വാള് വീശുന്നതെന്തിന്?
താങ്കള്‍ ആത്മാവില്‍ സത്യസന്ധനായിരിക്കുന്നുവെങ്കില്‍ അന്യന്റെ വാക്കുകളില്‍ അസത്യം ചികഞ്ഞസ്വസ്ഥനാകുന്നതെന്തിന്?
താങ്കള്‍ യഥാര്‍ത്ഥത്തില്‍ കവിയാണെങ്കില്‍ സുഹൃത്തേ നിരൂപകന്റെ കണക്കുപുസ്തകത്തെ ഇത്രമേല്‍ ഭയക്കുന്നതെന്തിന്?