Pages

Sunday, November 29, 2015

വാർധക്യം- ഒരു വിപരീത വിചാരം

ഓർമകളുടെ സൂക്ഷിപ്പുകേന്ദ്രത്തിലേക്കുള്ള വഴിയിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ മനുഷ്യൻ അത് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ഭാവനാനിർമിതമായ ഓർമകളിലൂടെയാണ്,സ്വയം സൃഷ്ടിച്ചെടുക്കുന്ന കഥകളിലൂടെയാണ്. സങ്കൽപത്തിൽ അനുഭവങ്ങളെ നിർമിച്ചെടുക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെടുന്നതും സ്മൃതിനാശവും ഒന്നു തന്നെ. സുഖകരമല്ലാത്ത അനുഭവങ്ങളുടെ ആവർത്തനവും പെരുപ്പവും സൃഷ്ടിക്കുന്ന മരവിപ്പാണ് ഏറ്റവും ഭയാനകമായ അവസ്ഥ.ഒരു കുട്ടിയുടെ അറിവില്ലായ്കയും നിഷ്‌കളങ്കതയും ജിജ്ഞാസയും പൂർണമായും കൈമോശം  വന്നു കഴിഞ്ഞാൽ വാർധക്യം അതിന്റെ മൂർധന്യത്തിലെത്തി,മരണം വളരെ അടുത്തെത്തി.പ്രായമായി എന്നതുകൊണ്ടു മാത്രം ഒരാൾ ആഘട്ടത്തിൽ എത്തിച്ചേരുകയില്ല.ഞാൻ പാബ്ലോ നെരൂദയുടെ വാക്കുകൾ ഓർമിക്കുന്നു:
I don't believe in age
All old people carry in their eyes
a child (Ode to Age)                                                                                                     28/11/2015

Thursday, November 26, 2015

വിപണിയുടെ വിദ്യാഭ്യാസദർശനം

പോസ്റ്റ്‌മോഡേണിസം ഒരു ഇസമല്ല,ഒരവസ്ഥയുടെ പേരാണ് എന്ന് നേരത്തേ പറയപ്പെട്ടിട്ടുണ്ട്.ആ അവസ്ഥയുടെ ഉൽപന്നമായ മനോഭാവത്തിന്റെ പല പ്രത്യേകതകളിൽ ഒന്ന് ഏതനുഭവത്തെയും ഉപരിപ്ലവമായും അതിന്റെ താത്കാലികതയിൽ ഊന്നിക്കൊണ്ടും മാത്രം സ്വീകരിക്കുക എന്നതാണ്.അങ്ങനെയൊരു സമീപനരീതി ഉള്ളവരെയാണ് മാർക്കറ്റിന് ആവശ്യം.ഒരു താൽപര്യമോ സൗന്ദര്യസങ്കൽപമോ ജീവിതസസമീപനമോ ദീർഘകാലത്തേക്ക് യാതൊരു മാറ്റവുമില്ലാതെ നിലനിന്നാൽ വിപണി മന്ദഗതിയിലാവും.അതുകൊണ്ട് ഒന്നിനെയും ഗൗരവത്തിലെടുക്കാത്ത,അതേ സമയം പലതിലും മാറിമാറി താൽപര്യം ഭാവിക്കുന്ന കേവല ഉപഭോക്താക്കളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക വിപണിയുടെ ആവശ്യമാണ്.ഈ ആവശ്യം നിറവേറ്റിക്കൊടുക്കുന്നതിൽ വിദ്യാഭ്യാസത്തിനും അതിന്റേതായ പങ്ക് നിർവഹിക്കാനുണ്ട് എന്ന് കരുതുന്നവരുടെ വിദ്യാഭ്യാസദർശനമാണോ നമുക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന സംശയം തീർച്ചയായും പ്രസക്തമാണ്.പുതിയ കാലത്തെ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി കഴിയുമ്പോഴേക്കു തന്നെ പല വിഷയങ്ങളെ കുറിച്ചും ധൈര്യസമേതം സംസാരിക്കാൻ പ്രാപ്തി നേടുന്നു എന്നത് വലിയൊരു നേട്ടമായി അവതരിപ്പിക്കുന്നത് യുക്തിഭദ്രമല്ല. ചില വിദേശരാജ്യങ്ങളിൽ പ്രശ്‌നാധിഷ്ഠിത പഠനത്തിന്റെ വഴിയിലൂടെ പോയ വിദ്യാർത്ഥികൾ എന്തുനേടി എന്നതിനെ കുറിച്ച്  പഠനം നടത്തിയ ഗവേഷകരിൽ ചിലർ കണ്ടെത്തിയ കാര്യം ഇതാണ്: performance very high,learning of concepts zero.

Thursday, November 19, 2015

നിലവാരത്തകർച്ചയുടെ പ്രശ്‌നം

കഴിഞ്ഞ രണ്ട് ദശകക്കാലത്തിനിടയിൽ കേരളത്തിലെ വിദ്യാർത്ഥികളുടെ നിലവാരത്തിന് (അക്ഷരജ്ഞാനം മുതൽ ആശയഗ്രഹണം വരെയുള്ള കാര്യങ്ങളിൽ )ഒരു തകർച്ചയും സംഭവിച്ചിട്ടില്ലെന്നും അവരുടെ അവസ്ഥ പഴയകാല വിദ്യാർത്ഥികളുടെതിനെ അപേക്ഷിച്ച് വളരെ മെച്ചമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നവർ പലരുണ്ട്. ഉയർന്ന കൾച്ചറൽ കാപ്പിറ്റൽ ഉള്ളവരായി പറഞ്ഞുവരുന്ന ജാതിവിഭാഗങ്ങളിൽ പെടാത്തവർക്ക്  അധ്യാപക സമൂഹത്തിൽ അംഗബലം  വർധിച്ചതുകൊണ്ട് ഉണ്ടായ തെറ്റിദ്ധാരണ മാത്രമാണ്  വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയെ കുറിച്ചുള്ള വിലാപമായി ഉയരുന്നത് എന്ന് വാദിക്കുന്നവർ വരെ കൂട്ടത്തിലുണ്ട്.സാങ്കേതിക വിദ്യയുടെ വളർച്ചയും കേരളീയരിൽ വലിയൊരു വിഭാഗത്തിന്റെ സാമ്പത്തികസ്ഥിതിയിൽ  ഉണ്ടായ അനുകൂല മാറ്റങ്ങളും കാരണം മൊബൈൽ ഫോൺ,ക്യാമറ,സ്‌കൂട്ടർ മുതൽ കാറ് വരെയുള്ള വാഹനങ്ങൾ ഇവയൊക്കെ ഉപയോഗിക്കാൻ ചെറുപ്രായം മുതൽക്കേ പരിശീലനം നേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.ടി.വി കാണലും  ഇന്റർനെറ്റിന്റെ വിനിയോഗവും വളരെയേറെപ്പേരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നതുകൊണ്ട് ലോകവിവരങ്ങൾ അറിയുന്നതിന് ഗതിവേഗമേറിയിട്ടുണ്ട്.. ജീവിതായോധനത്തിൽ ഏത് ആയുധമേന്തണം,അത് എപ്പോൾ ,എങ്ങനെ ഉപയോഗിക്കണം എന്ന് കുട്ടികളിൽ കുറെയേറെപ്പേർ  നേരത്തെ ആലോചിച്ചുതുടങ്ങുന്നുമുണ്ട്.ഇതിനെയെല്ലാം നിലവാരനിർണയനത്തിന് പരിഗണിക്കണമെന്ന് കരുതുന്നവർക്ക് അങ്ങനെ ചെയ്യാം.പക്ഷേ,ഈ വക സംഗതികൾ സ്‌കൂൾ/കോളേജ് വിദ്യാഭ്യാസത്തിന്റെ കണക്കിൽ പെടുത്താമോ?,വിദ്യാർത്ഥികളും യുവജനങ്ങളും ഈ വക ജ്ഞാനം ആർജിക്കുന്നതിൽ അധ്യാപകർക്കും പാഠപുസ്തകങ്ങൾക്കും എന്ത് പങ്കുണ്ട്? ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുതിയ നേട്ടങ്ങൾക്കു പിന്നിൽ ആ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പഠനഗവേഷണങ്ങളും കഠിനാധ്വാനവും ഉണ്ട്. ആ നേട്ടങ്ങളുടെ ഫലമായി വിപണിയിലേക്കും അതുവഴി ജനജീവിതത്തിലേക്കും കടന്നുവരുന്ന ഉൽപന്നങ്ങളും ഭൗതിക സൗകര്യങ്ങളുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കലാണോ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം?പാഠപുസ്തകങ്ങളും അധ്യാപനവും ഇല്ലെങ്കിലും അതൊക്കെ നടന്നുപോവില്ലേ? വിദ്യാഭ്യാസത്തെ കുറിച്ച് ഗൗരവമായി ആലോചിക്കാൻ തയ്യാറുള്ളവർ ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കും ഉത്തരം തിരയേണ്ടതുണ്ട്.

Sunday, November 15, 2015

വർണാന്ധത

ചുകപ്പിനെ പച്ചയെന്നും നീലയെ മഞ്ഞയെന്നുമൊക്കെ മാറ്റിപ്പറയുന്ന രോഗം ബാധിച്ചിരിക്കുന്നു സോമേട്ടന്.അതിനെയാണത്രെ വർണാന്ധത എന്നു പറയുന്നത്.ജനിതകകാരണങ്ങൾ,കണ്ണിന് പറ്റിയ സാരമായ പരിക്ക്,മസ്തിഷ്‌ക്കത്തിന്റെ ചില ഭാഗങ്ങൾക്ക്  സംഭവിച്ച ക്ഷയം ഇങ്ങനെ പലതും വർണാന്ധത വരുത്താം.ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ, സോമേട്ടനെ കാണുമ്പോൾ  രാഷ്ട്രീയക്കാർ പലരും ഭയന്നകലുന്നതെന്തുകൊണ്ടെന്നു മാത്രം എന്തോ ആർക്കും  പിടി കിട്ടുന്നില്ല.

Monday, November 2, 2015

ഉണരേണ്ടത് മതേതര രാഷ്ട്രീയ പാർട്ടികൾ

ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യക്കാർ പരാജയപ്പെടില്ല.ഹിംസയുടെ ഏറ്റവും കടുത്ത പ്രയോഗങ്ങൾ കൊണ്ട് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ഒരു ജനതയെ മുഴുവൻ കാൽക്കീഴിലാക്കാനുള്ള തങ്ങളുടെ ശ്രമം ഹിന്ദു വർഗീയവാദികൾക്ക് വളരെ വേഗം അവസാനിപ്പിക്കേണ്ടി വരും.കൂടെ നിന്നവർ കൂട്ടത്തോടെ തങ്ങളെ ഉപേക്ഷിച്ച് പോവുകയാണെന്ന് അവർക്ക് ബോധ്യപ്പെടാൻ ഇനി അധികം താമസമുണ്ടാവില്ല.മതേതരപ്പാർട്ടികൾ ഈ ഘട്ടത്തിൽ എത്രത്തോളം ഗൗരവബോധത്തോടെ പെരുമാറുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.തിരഞ്ഞെടുപ്പ് വിജയം ലാക്കാക്കി ഓരോ കേന്ദ്രത്തിലും സ്വാധീനമുള്ള ജാതിമത ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തിന് ഇനിയെങ്കിലും അവർ പൂർണ വിരാമമിടണം.ഏത് സാഹചര്യത്തിലും തങ്ങൾ മതേതതരത്വം കൈവിടില്ലെന്ന് അവർ ഒരു സംശയത്തിനും ഇട നൽകാത്ത വിധത്തിൽ ബോധ്യപ്പെടുത്തണം.കാര്യങ്ങളെ വേണ്ടുംവിധം തിരിച്ചറിയാനുള്ള ബൗദ്ധിക വളർച്ചയും വിവേചന ശേഷിയും നേടിക്കഴിഞ്ഞവർ ഇപ്പോൾ നമ്മുടെ പൗരസമൂഹത്തിൽ ന്യൂനപക്ഷമല്ല.അവരെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു.ഇക്കാര്യം പൂർണ മനസ്സോടെ അംഗീകരിക്കാൻ ഇടതുപക്ഷക്കാരും കോൺഗ്രസ്സുകാരുമെല്ലാം തയ്യാറാവണം.അത് സംഭവിക്കുന്നില്ലെങ്കിൽ അതിന്റെ നേട്ടം വർഗീയശക്തികൾക്കായിരിക്കും.

Sunday, November 1, 2015

അൽപം രാഷ്ട്രീയ വിചാരം

ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഓരോ പൊതുപ്രശ്‌നത്തെ കുറിച്ചും അതാതിന്റെതായ നിലപാടുണ്ട്;രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ച് വ്യത്യസ്തമായ സങ്കൽപമുണ്ട്.പക്ഷേ,ജനങ്ങൾ അതൊന്നും കാര്യമായി കണക്കിലെടുക്കുന്നതായി കാണുന്നില്ല.പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് തോന്നിയതും മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒരു ചെറുലേഖനമായി എഴുതിയതുമായ കാര്യം ആവർത്തിക്കാം.രാഷ്ട്രീയത്തിന് കേരളത്തിൽ ഹിന്ദുമതത്തിലെ ജാതിയുടെ സ്വഭാവമാണുള്ളത്.ഒരു ജാതിയിൽ ജനിച്ച ആൾ മരിക്കും വരെ ആ ജാതിയിൽ തന്നെ.രാഷ്ട്രീയവും അതുപോലെയാണ്.അച്ഛൻ കമ്യൂണിസ്റ്റാണെങ്കിൽ മകനും മകളും കമ്യൂണിസ്റ്റ്.അച്ഛൻ കോൺഗ്രസ്സുകാരനെങ്കിൽ മകനും മകളും കോൺഗ്രസ്.പൊതുവെ അതാണ് സ്ഥിതി.( ഇപ്പോഴും പല തലങ്ങളിലും പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹമായതുകൊണ്ട് അമ്മയുടെ രാഷ്ട്രീയത്തിന് വലിയ പരിഗണന കിട്ടാറില്ല.)നന്നേ കുറച്ചു പേരുടെ കാര്യത്തിലേ മാറ്റം വരാറുള്ളൂ.
ദൈനംദിന ജീവിതത്തിൽ ആളുകൾ സ്വന്തം ജാതിയെ പറ്റിയോ മറ്റുള്ളവരുടെ ജാതിയെ പറ്റിയോ കാര്യമായി ആലോചിക്കാറില്ല.ആചാരാനുഷ്ഠാനങ്ങൾ,കുടുംബത്തിനകത്തെ ചില ചടങ്ങുകൾ,സർക്കാറിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ  തുടങ്ങിയവയുടെ സന്ദർഭങ്ങളിലേ ജാതിചിന്ത കടന്നു വരികയുള്ളൂ.അതും ഗൗരവത്തിലുള്ള ആലോചന എന്നു പറയാനില്ല.ആ പ്രത്യേക സന്ദർഭം കടന്നുപോകുന്നതോടെ ജാതിവിചാരവും കടന്നുപോകും.രാഷ്ട്രീയത്തിന്റെ കാര്യം അങ്ങനെയാണെന്ന് പറയാനാവില്ല.ഒരു വ്യക്തിയുടെ ആലോചനയിൽ രാഷ്ട്രീയം ഇടം നേടുന്ന സന്ദർഭങ്ങൾ പലതാണ്.പക്ഷേ,രാഷ്ട്രീയം പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യത്തിന്റെ തലത്തിലൊന്നുമല്ല,  മിക്കവാറും ജാതിബന്ധം പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.അതുകൊണ്ടാണ് താൻ കൂറ് പ്രഖ്യാപിച്ചിട്ടുള്ള പാർട്ടി എന്ത് തെറ്റ് ചെയ്താലും യാതൊരു ചാഞ്ചല്യവുമില്ലാതെ ആളുകൾ അതിനോടു തന്നെ ഒട്ടിച്ചേർന്നു നിൽക്കുന്നത്.ഒരു പാർട്ടിയോട് നേരത്തെ രൂപപ്പെട്ട വിരോധം  മരണം വരെ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും അതുകൊണ്ടു തന്നെ.ഈ സ്ഥിതി മാറുകയും പാർട്ടിബന്ധമെന്നതിന് പാർട്ടിയോടുള്ള  വിധേയത്വം എന്ന അർത്ഥം ഇല്ലാതാവുകയും യഥാർത്ഥമായ രാഷ്ട്രീയ ബോധത്തിലേക്കും നിലപാടുകളിലേക്കും ജനങ്ങൾ  ഉണരുകയും ചെയ്യുമ്പോൾ മാത്രമേ രാഷ്ട്രീയം  എന്ന വ്യവഹാരം അഭിമാനകരമായ ഉയരത്തിൽ എത്തിച്ചേരുകയുള്ളൂ.അപ്പോഴേ അത് സർഗാത്മകമാവുകയുള്ളൂ.   1/11/2015