Pages

Saturday, February 28, 2015

ആത്മദർശനം

ഒരു മനോരോഗവിദഗ്ധനെ കണ്ടു
മുഴുഭ്രാന്തായിരുന്നു അയാൾക്ക്
ഒരു മന്ത്രിയെ കണ്ടു
കോഴ വാങ്ങുന്ന തിരക്കിലായിരുന്നു അയാൾ
ഒരെഴുത്തുകാരനെ കണ്ടു
ആത്മപ്രശംസയുടെ ആഘോഷത്തിലായിരുന്നു അയാൾ
അവനവനിലേക്കു തന്നെ കണ്ണയച്ചു
മൂവരെയും ഒന്നിച്ചുകണ്ടതിന്റെ ആഹ്‌ളാദത്തിൽ
മൂവുലകവും മറന്നുപോയി.
                                                                                  28/2/2015

Friday, February 27, 2015

ഇത്രയും പോരെ?

ആത്മീയതയാണ് പടച്ചട്ട
വാളും പരിചയും അതു തന്നെ
ഹിമാലയമെന്നു കേട്ടാൽ
വായിൽ വെള്ളമൂറും
ബി.ജെ.പി എന്നുകേട്ടാൽ
ബലവീര്യങ്ങളുണരും
ആം ആദ്മിയെ കണ്ടാൽ
അടങ്ങാത്ത കലി വരും
സാഹിത്യം,ദർശനം,പരിസ്ഥിതി സൗന്ദര്യശാസ്ത്രം
എല്ലാറ്റിലും വിളങ്ങാൻ ഇത്രയുമൊക്കെ പോരെ ?

27/2/2015

Thursday, February 26, 2015

എഴുപതുകളിൽ നിന്ന് ഒരു ചലച്ചിത്രസ്മരണ

1970 കാലത്ത് കേരളത്തിലെ ഫിലിംസൊസൈറ്റികൾ അവരുടെ ചലച്ചിത്രമേളകളിൽ ഒന്നാം ദിവസത്തെ ഒന്നാം ചിത്രമായി പ്രദർശിപ്പിച്ചിരുന്നത് 'An Occurrence at Owl Creek Bridge ആണ്.അമ്പതോ കൂടിയാൽ നൂറോ ആളുകൾ  രണ്ടോ മൂന്നോ ദിവസം കൂടിയിരുന്ന് ആർട്‌സിനിമകൾ,മിക്കവാറും വിദേശസിനിമകൾ തന്നെ ,കാണുന്ന ഏർപ്പാടാണ് ഈ ചലച്ചിത്രമേള. അന്നത്തെ ആ പ്രേക്ഷകർക്ക് ഈ ചിത്രം നൽകിയ അനുഭവത്തിന്റെ ആഴം പുതിയ തലമുറയെ ബോധ്യപ്പെടുത്താനാവുമെന്നു തോന്നുന്നില്ല.
അമേരിക്കൻ എഴുത്തുകാരനായ അംബ്രോസ് ബിയേഴ്‌സിന്റെ Ambrose Bierce (1842–1914)ന്റെ അതേ പേരിലുള്ള ചെറുകഥയെ ആധാരമാക്കിയാണ് 'An Occurrence at Owl Creek Bridge' നിർമിക്കപ്പെട്ടിരിക്കുന്നത്.റോബർട്ട് എൻറിക്കോ  (Robert Enrico) സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ചിത്രം 1962ലെ കാൻ ചലച്ചിത്രോത്സവത്തിൽ സമ്മാനിതമാവുകയുണ്ടായി.അംബ്രോസ് ബിയേഴ്‌സിന്റെ ചെറുകഥ അമേരിക്കൻ സാഹിത്യത്തിലെ ഒരു ക്ലാസ്സിക് ആയാണ് പരിഗണിക്കപ്പെടുന്നത്. റോബർട്ട് എൻറിക്കോവിന്റെ ഹ്രസ്വചിത്രം എക്കാലത്തെയും ചലച്ചിത്രക്ലാസ്സിക്കുകളിൽ ഒന്നാണെന്ന കാര്യത്തിലും സംശയമില്ല.
ആഭ്യന്തരയുദ്ധത്തിൽ തടവിലാക്കപ്പെട്ട ഒരാളെ ഒരു കാട്ടുപ്രദേശത്തെ ചെറിയ പാലത്തിൽ നിന്ന് തൂക്കികൊല്ലന്നതാണ് ചിത്രത്തിലെ അടിസ്ഥാനസംഭവം.തൂക്കിൽ നിന്ന് നദിയിലേക്ക് വീഴുന്ന മനുഷ്യൻ തന്റെ കൈകാലുകളെ ബന്ധിച്ചിരിക്കുന്ന കയർക്കുരുക്കുകളിൽ നിന്ന് സ്വയം രക്ഷപ്പെടുത്തി തൊട്ടുപിന്നാലെ വരുന്ന മരണത്തിൽ നിന്ന് വല്ലപാടും രക്ഷപ്പെട്ട് നദിയിലെ ഒഴുക്കും കുത്തൊഴുക്കും പിന്നിട്ട് നീന്തിനീന്തി അവസാനം തന്റെ വീടിന്റെ ഗേറ്റിലെത്തുന്നു.അയാൾ തന്റെ ഭാര്യയുടെ നേർക്ക് ഓടിയടുക്കുന്നു.പക്ഷേ അവർക്ക് പരസ്പാരാശ്‌ളേഷം സാധ്യമാകുന്നതിന് തൊട്ടുമുമ്പുള്ള നിമിഷത്തിൽ അയാൾ ശരീരം മരവിച്ചതുപോലെ പുറകോട്ട് മറിഞ്ഞു വീഴുന്നു.പിന്നെ നാം കാണുന്നത് പാലത്തിനുമുകളിൽ നിന്ന് തൂങ്ങിയാടുന്ന അയാളുടെ ജഡമാണ്.മരണത്തിന് മുമ്പുള്ള നിമിഷങ്ങളിൽ ആ മനുഷ്യൻ ഭാവന ചെയ്തതാണ് നദിയിൽ വീണ് രക്ഷപ്പെടുന്നതു മുതൽ വീട്ടിൽ ഭാര്യയുടെ അടുത്തെത്തുന്നതുവരെയുള്ള സംഭവങ്ങൾ എന്ന് അതോടെ വ്യക്തമാകുന്നു.
ആദ്യന്തം പിരിമുറുക്കമുള്ളതാണ് An Occurrence at Owl Creek Bridge.അനാവശ്യമായ ഒറ്റ ഷോട്ട് പോലുമില്ല.സംവിധാനമികവിന്റെ ലോകത്തരമായ ഉദാഹരണങ്ങളിൽ ഒന്ന്.ഇതും ഇതു പോലുള്ള ലോകസിനിമയിലെ മറ്റ് ക്ലാസ്സിക്കുകളും കണ്ട് പരിചയിച്ച എഴുപതുകളിലെ ഫിലിംസൊസൈറ്റി പ്രേക്ഷകർക്ക് മലയാളത്തിലെ പുതിയ സിനിമകൾ കണ്ടാൽ ഓക്കാനം വരുന്നതിൽ അത്ഭുതമില്ല.

26/2/2015

മോട്ടോർ കേടായി

മോട്ടോർ കേടായി
ആകെ അവതാളത്തിലായി
പല്ല് തേപ്പ്,കുളി
ഭക്ഷണമുണ്ടാക്കൽ,തുണിയലക്കൽ
ചെടികൾക്ക് നനക്കൽ
സകലത്തിനും കിണറ്റിൽ നിന്ന് വെള്ളം കോരണം
പക്ഷേ, ആ പണി ചെയ്ത കാലം തന്നെ മറന്നു
എന്തു ചെയ്യും ?
ആവശ്യത്തിന് വെള്ളം കിട്ടാത്തതിന്റെ സങ്കടത്തിൽ
എഴുത്ത് പോലും മുടങ്ങി
വായനയും നമശ്ശിവായ!
എന്തുചെയ്യും ?
യന്ത്രങ്ങൾക്ക് കീഴടങ്ങിയ മനുഷ്യന്റെ ഹതവിധി
എന്ന് വിധി പറയാം
നിസ്സാര തടസ്സങ്ങൾ
അസാധാരണമാനം കൈവരിക്കുന്നതിന്റെ
ഉത്തമോദാഹരണമെന്നും പറയാം
മറ്റുള്ളവരുടെ മഹാദു:ഖങ്ങളെ 'ശൂ' എന്ന് തള്ളുന്നവന്
ദൈവം നൽകിയ തീര ചെറിയശിക്ഷയെന്ന്
കൂട്ടിച്ചേർക്കുകയുമാവാം
വ്യഖ്യാനമെന്തായാലും സംഗതി മഹാകഷ്ടം .
                                                                                                    26/2/2015Monday, February 23, 2015

ഒരു നാട്ടിൻപുറത്തുകാരന്റെ രണ്ടാം വിചാരം

ഗുസ്തി കയിഞ്ഞു
വയസ്സൻ തോറ്റു
സങ്കടം ഇല്ല
ഏത് കളിയിലും ഒര്ത്തനല്ലേ ജയിക്കു
എന്തായാലും കളി ജോറായിരുന്നു
അടിപൊളി ,ജഹ,പൊഹ
സംഗതി കയിഞ്ഞു 
നാളെത്തൊട്ട് പണിക്ക് പോണം
വൈന്നേരാവുമ്പളക്കും
നേരംപോക്കന്ള്ള പൈശയിണ്ടാക്കണം
ഓക്കും മക്കക്കും അരി വാങ്ങാന്ള്ളതും
സിന്ദാബാദ്,സിന്ദാബാദ് .
23/2/2015

Saturday, February 21, 2015

ഒരു നാട്ടിൻപുറത്തുകാരന്റെ വിചാരം

അരിയില്ലെങ്കിലെന്ത് ,തുണിയില്ലെങ്കിലെന്ത് ?
ആർക്കും ഒരു വിവരവുമില്ലെങ്കിലെന്ത് ?
ബാറുകൾ മുഴുവൻ പൂട്ടിയാലെന്ത് ?
നാട്ടിലെ ഷാപ്പുകൾ തന്നെ പൂട്ടിയാലെന്ത് ?
ഉണ്ണാനും ഉടുക്കാനും
ആലോചിച്ച് മനം നിറക്കാനും
കൊല്ലം മുഴുവൻ പൂസ്സായി കിടക്കാനും
വി.എസ് പിണറായി തർക്കമില്ലേ ?
 21/2/2015

Tuesday, February 17, 2015

മറവിക്കെതിരെ

'എഴുതുന്നതിന്റെ ആനന്ദം.
കരുതലോടെ കാക്കുന്നതിന്റെ കരുത്ത്.
ഇന്നോ നാളെയോ മണ്ണടിയുമെന്നുറപ്പുള്ള
ഒരു കയ്യിന്റെ പ്രതികാരം. '
വിസ്ലാലാവാ സിംബോർസ്‌കയുടെ ' The Joy of  Writing 'എന്ന കവിതയിലെ അവസാനവരികളെ ഇങ്ങനെ പരിഭാഷപ്പെടുത്താം. കഥയായാലും കവിതയായാലും എഴുത്തിൽ തീർച്ചയായും മരണത്തെ അതിജീവിക്കാനുള്ള മനുഷ്യന്റെ തീവ്രാഭിലാഷത്തിന്റെ ജ്വാലകളുണ്ട്.ഒരു കാലഘട്ടത്തിലെ അനുഭവങ്ങളുടെ,അനുഭൂതികളുടെ,ലോകധാരണകളുടെ സൂക്ഷിപ്പും കൈമാറലുമാണ് എഴുത്തിൽ നടക്കുന്നത്.
ഓർമിക്കാനും ഭാവന ചെയ്യാനുമുള്ള മനുഷ്യന്റെ ശേഷികൾക്കു തമ്മിൽ നല്ല അടുപ്പമുമുണ്ടെന്നു വേണം കരുതാൻ.ഓർമയുടെ വലിയ സൂക്ഷിപ്പുകേന്ദ്രങ്ങളാണ് ബൃഹത്തായ നോവലുകൾ.വലിയൊരു കാലയളവി ലേക്ക് പടരുന്ന കഥാവസ്തു, പല പ്രകൃതക്കാരായ അനേകം കഥാപാത്രങ്ങൾ, അവർ തമ്മിലുള്ള ബന്ധങ്ങൾ (പലപ്പോഴും സങ്കീർണം ),വ്യത്യസ്ത തലങ്ങളിലുള്ള സാമൂഹ്യാനുഭവങ്ങൾ ഇവയുടെയൊക്കെ സമാഹരണം ഒരു നോവലിൽ നടക്കും.അവയെയൊക്കെ അവധാനതയോടെ പിന്തുടരാൻ തയ്യാറുണ്ടെങ്കിലേ ശരിയായ നോവൽ വായന നടക്കൂ. ഓർമശക്തിയുടെ വലിയ അളവിലുള്ള വിനിയോഗം ആവശ്യപ്പെടുന്ന പ്രവൃത്തിയാണിത്.
അത്തരത്തിൽ നോവൽ വായിച്ച് പരിചയമുള്ള ഒരാൾക്ക് 'അൾസിമേഴ്‌സ് ' രോഗം വരാൻ സാധ്യതയില്ലെന്ന് നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
                    17/2/ 2015   
്‌

Monday, February 16, 2015

വരികൾ

ഒന്നാം വരിയിലെ അസത്യത്തെ
രണ്ടാം വരിയിലെ സത്യം കൊണ്ട് തിരുത്താൻ
ഞാൻ തിടുക്കപ്പെടുന്നു
ഒരു പക്ഷേ,മറിച്ചാവാം സംഭവിക്കുന്നത്
ഈ ലോകം എനിക്ക് പിടികിട്ടുന്നതേയില്ല
 16/2/2015

ഇല്ല

പഠിക്കാൻ മനസ്സില്ല
പുകയാൻ ചിന്തകളില്ല
പൊരുതി നേടാൻ ലക്ഷ്യങ്ങളില്ല
തർക്കിക്കാൻ താലപര്യമില്ല
വേവിക്കാൻ നോവുകളുമില്ല
' ഇല്ല 'യാൽ ആത്മാവിനെ ഊട്ടി
വെറുതെ മുഷ്ടി ചുരുട്ടുന്ന യുവാവിനെ
ചുളുവിൽ കിട്ടിയ നേതാവെന്നുകരുതി
കൊണ്ടുപോയി പാർട്ടിക്കാർ
16/2/2015

Sunday, February 15, 2015

മലക്കം മറിച്ചിൽ

 ഇടതുപക്ഷത്തിന്റെ കൂടെ നിന്നിരുന്നവർ ഏതെങ്കിലും ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേക പ്രശ്‌നത്തിന്റെ പേരിലോ നിലപാടുകൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലോ വേർപിരിഞ്ഞു പോയാൽ അധികം വൈകാതെ അവർ ഏറ്റവും കടുത്ത പിന്തിരിപ്പന്മാരുടെ താവളങ്ങളിൽ എത്തിച്ചേർന്ന് തികച്ചും വിനാശകരമായ രാഷ്ട്രീയ പ്രവർത്തനശൈലി സ്വീകരിക്കുകയാണ് പതിവ്.മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾക്ക് പുറത്തുള്ള ചെറുപാർ്ട്ടികളും ഗ്രൂപ്പുകളും ബഹുജന സമ്പർക്കം തീരെ കുറഞ്ഞവരാണെന്നതാണ് പ്രധാന പ്രശ്‌നം.ഇവയിൽ പലതിന്റെയും രാഷ്ട്രീയം തീർത്തും സംശയകരവുമാണ്. നിർണായക ഘട്ടങ്ങളിൽ അവ കോൺഗ്രസ്സിനോടോ ബി.ജെ.പിയോടോ ഐക്യപ്പെടുന്നതായാണ് കണ്ടുവരുന്നത്.കമ്യൂണിസ്റ്റ് പാർട്ടികളോട് മാത്രമല്ല ആം ആദ്മി പാർട്ടിയോടുപോലും അവർ പുച്ഛവും ശത്രുതയും പുലർത്തും.
ആജന്മ കമ്യൂണിസ്റ്റ് വിരുദ്ധരായ പലരും ഉണ്ട്. അവരിൽ കുറേയേറെ പേർ ഫ്യൂഡൽ പാരമ്പര്യമുള്ളവരോ ജന്മിമാരുടെ കാര്യസ്ഥന്മാർ/ ഗുണ്ടകൾ ആയിരുന്നവരുടെ പിന്മുറക്കോരോ ആയിരിക്കും. അത് പരസ്യമായി പറയാനാവാത്തതു കാരണം അവർ അതിവിപ്ലവകാരികളായോ സർവനിഷേധികളായ അഭിനയിക്കും. ഇക്കൂട്ടരുമായി കൈകോർത്തു പോകാൻ യാതൊരു മടിയുമില്ലാത്തവരാണ്  ആദ്യം പറഞ്ഞ കൂട്ടർ.
പക്ഷേ.ഈ വക കാര്യങ്ങൾ  ചൂണ്ടിക്കാണിച്ച് ഇടതുപക്ഷ പാർട്ടികൾക്ക് പല തലങ്ങളിലുള്ള തങ്ങളുടെ നിശ്ചലാവസ്ഥക്ക് ന്യായീകരണം ചമയ്ക്കാനാവില്ല.പ്രത്യയശാസ്ത്രപരമായി സ്വയം നവീകരിക്കാനും പുതിയ കാലത്തിന്റെ രാഷ്ട്രീയഭാഷ  സ്വായത്തമാക്കാനും ബൗദ്ധികമായ ഉണർവ് ബോധ്യപ്പെടുത്താനും കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരുടെ മേൽ കുറ്റാരോപണം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിൽ കാര്യല്ല.
15/2/2015

Saturday, February 14, 2015

ദൃഷ്ടാന്തങ്ങൾ

സോമൻ കടലൂർ ജനറൽ എഡിറ്ററും സിനീഷ് വേലിക്കുനി എഡിറ്ററുമായി പുറത്തിറക്കിയ പുതുകവിതാ പരമ്പരയിലെ ആദ്യപുസ്തകമാണ് 'ദൃഷ്ടാന്തങ്ങൾ'.വിമീഷ് മണിയൂർ,രേഖ മാതമംഗലം,എം.ജീവേഷ്,വിനോദ് കുമാർ എടച്ചേരി,രാജുക്കുട്ടൻ,സോമൻ കടലൂർ എന്നീ ആറ് കവികളുടെ ഏതാനും കവിതകളാണ് ' ദൃഷ്ടാന്തങ്ങളി 'ൽ ഉള്ളത്.കവികളോരോരുത്തരും അനുഭവങ്ങളുടെ വ്യത്യസ്ത മേഖലകളിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും അവരുടെ ആവിഷ്‌ക്കാര രീതികൾ തമ്മിൽ വലിയ സാമ്യമുള്ളതായി തോന്നാം.ഒരാളുടെ വരികളിൽ നിന്ന് മറ്റൊരാളുടേത് വേറിട്ടറിയുന്നത് മുഖ്യമായും കവിതകളിൽ ഇടം നേടിയിരിക്കുന്ന അനുഭവത്തെ /ആശയത്തെ ആധാരമാക്കിയാണ്.ആ ഒരു സംഗതി മാത്രമേ വായനക്കാരന്റെ/വായനക്കാരിയുടെ മനസ്സിൽ തങ്ങി നിൽക്കാൻ ഇടയുള്ളൂ.കവിത അതിന്റെ  വിഷയം ആവശ്യപ്പെടും വിധം തികച്ചും മൗലികമായ ഒരു രൂപം സ്വീകരിച്ച് വേറിട്ട് നിൽക്കുന്നതായി വായിക്കുന്നവർക്ക് അനുഭവപ്പെടുകയും അതിലൂടെ അത് ഓർമയിൽ ഇടം നേടുകയും ചെയ്യുക എന്നത്   പ്രധാനമാണെന്നാണ് പൊതുവേ കരുതിപ്പോരുന്നത്..മറ്റുള്ളവരുടെ വരികളും നിങ്ങളുടെ വരികളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധത്തിൽ ആയിപ്പോവുന്നത് ദർശനത്തിന് വേണ്ടത്ര മൗലികത കൈവരാത്തതിന്റെ ലക്ഷണമായും കണക്കാക്കപ്പെടാറുണ്ട്.
 നാം ശീലിച്ചു പഴകിയ കവിതാവിമർശന രീതിയനുസരിച്ച്  അങ്ങനെയൊരു നിരീക്ഷണം ഇതിലെ പല രചനകളെ കുറിച്ചും സാധ്യമാണെങ്കിലും 'ദൃഷ്ടാന്തങ്ങൾ' ശ്രദ്ധേയമായ ഒരു സമാഹാരം തന്നെയാണ്.പി.പി.രാമചന്ദ്രനും എസ്.ജോസഫും കെ,ആർ.ടോണിയും വരെയുള്ള കവികളുടേതിൽ നിന്ന് പ്രകടമായ വ്യത്യാസം പുലർത്തുന്നുണ്ട് ഈ സമാഹാരത്തിലെ കവികളുടെ ശബ്ദങ്ങൾ.
ഇടക്കാലത്ത് ഏതാനും ചിലരുടെ കയ്യിൽ മാത്രമായി ഒതുങ്ങിപ്പോയ കവിത കഴിഞ്ഞ ഒന്നുരണ്ട് ദശകക്കാലത്തിനുള്ളിൽ എല്ലാവരുടെതുമായി തീർന്നിട്ടുണ്ട്.കാവ്യരൂപത്തെ സംബന്ധിച്ചോ കവിതക്ക് വിഷയമാക്കാവുന്ന അനുഭവങ്ങളെയോ വിചാരങ്ങളെയോ ആശയങ്ങളെയോ കുറിച്ചോ പ്രത്യേകിച്ചൊരു വേവലാതിയുമില്ലാതെ അനേകം പേർ എഴുതുന്നു.ആധുനികതയുടെ കാലത്തു തന്നെ ഈ വഴിക്കുള്ള മാറ്റത്തിന് തുടക്കം കുറിപ്പെട്ടുവെങ്കിലും പിന്നീടാണ് അതിന് വ്യക്തത കൈവന്നത്.മലയാള കവിതയിൽ സംഭവിച്ച ഈ ജനാധിപത്യവൽക്കരണത്തെ ആർജ്ജവത്തോടെ ഉദാഹരിച്ചു കാട്ടുന്നവയാണ് 'ദൃഷ്ടാന്തങ്ങളി'ലെ കവിതകൾ.പഴയ പ്രതീക്ഷകളും ധാരണകളും  മാനദണ്ഡങ്ങളുമൊക്കയായി ഇവയെ സമീപിക്കുന്നത് നിഷ്ഫലമായ അഭ്യാസം മാത്രമാവും.
'ദൃഷ്ടാന്തങ്ങളി'ലെ ഓരോ കവിയുടെയും രചനകളെ വേറിട്ടെടുത്ത് വിശദമായി പരിശോധിക്കാൻ ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നില്ല.മലയാളത്തിലെ പുതുകവിതാ വായനക്കാർക്ക് സുപരിചിതനായ സോമൻ കടലൂർ മുതൽ അത്രയൊന്നും ജനശ്രദ്ധയിൽ വരാത്തവർ വരെ ഈ സമാഹാരത്തിൽ ഒത്തുചേർന്നിട്ടുണ്ട്.ഒരു പക്ഷേ,ഒറ്റയൊറ്റയായി നിൽക്കാനാവില്ല  രെു കൂട്ടായ്മയുടെ ശബ്ദം രേഖപ്പെടുത്താനാവും അവർ ഉദ്ദേശിച്ചത്.അതുകൊണ്ടു തന്നെ വലുപ്പച്ചെറുപ്പങ്ങളുടെയോ താരതമ്യത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയനത്തിന്റെയോ പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ല.
എന്റെ മനസ്സിൽ പ്രത്യേകമായി ഊന്നിനിന്ന ചില വരികൾ / കവിതകൾ ഉദ്ധരിച്ചു ചേർത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.
1
'കാലം കഴിയുമ്പോൾ
ക്ലാസ്മുറികളാകുന്ന ചില അടുക്കളകളുണ്ട്
ബ്ലാക്‌ബോർഡുകളാകുന്ന
ചുമരുകളും
തുരുമ്പിച്ച ആണികളിൽ
തൂങ്ങിയാടുന്നത്
പാതി കത്തിയ ഭൂപടങ്ങളല്ല,
സമയമെടുത്ത് മറ്റിവരയ്‌ക്കേണ്ട
ജീവിതങ്ങൾ തന്നെ!
(ഭൂപടങ്ങൾ -രേഖ മാതമംഗലം)
 2
കറിച്ചട്ടി
പൂച്ചട്ടിയായി
ഇടയ്ക്കിടക്ക് നിറയെ പൂവിടുമ്പോൾ
തിളച്ചു തൂവുന്ന രുചിയെന്നോർത്ത്
മുറ്റത്തേക്ക് ആഞ്ഞുപോകുന്നു.
(ആയൽ- രേഖ മാതമംഗലം)
3
പൂമ്പാറ്റകളുടെ
ചിറകുകളിലുള്ള
അത്ഭുതപ്പൂക്കളുടെ
ഒസ്യത്ത്
ഉറുമ്പുകൾക്കായി
എഴുതപ്പെട്ടിരിക്കുന്നു.
(ഒസ്യത്ത്- എം.ജീവേഷ്)
4
വിത്തുകളെപ്പോലും
വിശ്വസിക്കാനാവാത്ത കാലം
പൂക്കളെ നാം എങ്ങനെ ആക്ഷേപിക്കും
(പൊട്ടക്കവിതകൾ 'പാഠം' പഠിപ്പിക്കുന്നു-രാജുക്കുട്ടൻ.പി.ജി)
5
തീർച്ചയായും അത് തെറ്റാണ്
പക്ഷെ അതിനെപ്പറ്റി പറയാൻ എനിക്ക് പറ്റില്ല
എങ്ങനെ നോക്കിയാലും ഇത് കുറ്റമാണ്
എന്തുചെയ്യാം
ഇതിനെപ്പറ്റി ചോദിക്കാൻ ഞാനാളല്ല
വാസ്തവത്തിൽ
അവ തോന്ന്യാസമാണ്
പക്ഷെ അവയെപ്പറ്റി അന്വേഷിക്കാൻ
എന്നെ കിട്ടില്ല
നിങ്ങൾക്കറിയാമല്ലോ
നിങ്ങളെപ്പോലെ തന്നെ
ഞാനുമൊരു മാന്യനാണ്
(അമാന്യം -സോമൻ കടലൂർ)
14/2/2015

ഈ ദിനം അവിസ്മരണീയം

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ അവിസ്മരണീയമായൊരു ദിവസമാണ് ഇന്ന്. ഇന്ന് അരവിന്ദ് കെജ്‌രിവാൾ ദൽഹി മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നു.
കേന്ദ്രഭരണം ബി.ജെ.പിയുടെ കയ്യിലായതു കൊണ്ട് തീർച്ചയായും കെജ്‌രിവാൾ ഗവണ്മെന്റിന് സുഗമമായി മുന്നോട്ടുപോവാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ല.എങ്കിലും എ എ പിയുടെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയിരിക്കുന്ന പുതിയ ഉണർവിന്റെ ജ്വാലകൾ പെട്ടെന്നൊന്നും അണഞ്ഞുപോവില്ല.ഭരണം കയ്യാളുന്നതിനേക്കാൾ പ്രധാനം അതാണ്.രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും പാർട്ടി ഭക്തന്മാരെയും ആത്മപരിശോധനക്ക് പ്രേരിപ്പിക്കാൻ കഴിഞ്ഞു
എന്നത് നിസ്സാരമായ കാര്യമല്ല.
കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളും അടവുകളും തന്ത്രങ്ങളും കൊണ്ട് ഇനിയും ജനങ്ങളെ കബളിപ്പിക്കുന്നത് ശരിയല്ല എന്ന ബോധ്യത്തിലേക്ക് താൽക്കാലികമായെങ്കിലും അവരെല്ലാം ഞെട്ടിയുണർന്നിരിക്കുന്നു.ഇന്ത്യൻ ജനാധിപത്യം പരിക്ഷീണമായിട്ടില്ലെന്നും വർഗീയ ശക്തികൾക്ക് ജനങ്ങളെ അധികമൊന്നും വരുതിയിൽ നിർത്താനാവില്ലെന്നും സകലരെയും സംശയരഹിതമായി ബോധ്യപ്പെടുത്താനായി എന്നതും എ എ പിയുടെ വലിയ നേട്ടമാണ്.ഈ മഹാവിജയത്തിനു പിന്നിലെ ഊർജം പ്രധാനമായും അരവിന്ദ് കെജ്‌രിവാൾ എന്ന വ്യക്തിയിൽ നിന്ന് പ്രസരിച്ചതാണ്.ചരിത്രത്തിന്റെ നിർമിതിയിൽ വ്യക്തികൾക്കുള്ള പങ്ക് തീർച്ചയായും വളരെ വലുതാണെന്ന് 'ഞാൻ സാധാരണക്കാരൻ ' എന്ന മുദ്രാവാക്യവുമായി വന്ന ഈ 'ചെറിയ' മനുഷ്യൻ ഈ മഹാരാജ്യത്തെ മുഴുവൻ ബോധ്യപ്പെടുത്തിയിരിക്കുന്നു.ആദരണീയരായ ജനനേതാക്കൾ പലരും മുമ്പും ഉണ്ടായിട്ടുണ്ട്.  പക്ഷേ,മഹാത്മജിക്ക് ശേഷം ഇത് സാധ്യമാവുന്ന ആദ്യത്തെ ഇന്ത്യക്കാരൻ കെജ്‌രിവാളാണ്
                                                                                           14/2/2015 (രാവിലെ 8.20 )

Friday, February 13, 2015

വെറുതെ

വെറുതെയും ഓരോന്ന് തോന്നാം
പറയാം,എഴുതാം
എങ്കിലും സുഹൃത്തേ,ഉള്ളിലെ
ഒഴിവിടങ്ങളെ ഒളിപ്പിക്കാനുള്ള
അഭ്യാസങ്ങളെ ഒഴിവാക്കി
അവയെ അങ്ങനെ തന്നെ പുറത്തെടുത്ത്
കാണിക്കുന്നതാണ് നല്ലത്
ഒന്നുമില്ലെങ്കിൽ അവനവന്റെ അകത്തളത്തിലെ
ശൂന്യതകളെ മറ്റാരു മനുഷ്യജീവിക്കും
ആ മട്ടിൽ തൊട്ടുകാണാമല്ലോ.
13/2/2015

Thursday, February 12, 2015

നാടും വീടും

പ്രായമാവുമ്പോൾ പലരും എത്തിച്ചേരുന്ന പുതിയൊരു തിരിച്ചറിവുണ്ട് :യഥാർത്ഥത്തിൽ ഞാൻ എന്റെ നാട്ടിനു പുറത്തേക്ക് വളരെയൊന്നും സഞ്ചരിച്ചിട്ടില്ല.എന്റെ ലോകം എന്റെ നാടിന്റെ ഭൂപ്രകൃതിയിലും അവിടുത്തെ മനുഷ്യരിലും ഒതുങ്ങും.മറ്റെന്തെങ്കിലും ഞാൻ ഭാവിച്ചിട്ട് കാര്യമില്ല.
ഏറ്റവും പുതിയ കഥാസമാഹാരമായ 'രാമേശ്വര 'ത്തിന് ഒരു മുഖക്കുറിപ്പെഴുതുമ്പോഴാണ് എനിക്ക്  ഇങ്ങനെയൊരു തോന്നലുണ്ടായത്.ആ കുറിപ്പിന് ഞാൻ 'മാടായിപ്പാറയുടെ മകൻ ' എന്ന്   പേരിടുകയും ചെയ്തു.'രാമേശ്വര'ത്തിന്റെയും എന്റെ രചനകളെ കുറിച്ച് പലപ്പോഴായി മുപ്പത് പേർ എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിന്റെയും പ്രകാശനം ജനുവരി 26 ന് മാടായിപ്പാറയിലെ ഗവ.ഗസ്റ്റ് ഹൗസിന്റെ മുറ്റത്തു വെച്ചാണ് നടന്നത്.കൈരളി ബുക്‌സും(കണ്ണൂർ) എരിപുരത്തെ യുവജനങ്ങളുടെ കൂട്ടായ്മയായ എരിപുരം.കോമും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.പുസ്തക പ്രകാശനം നാട്ടിൽവെച്ചു തന്നെ വേണമെന്നത് എന്റെ താല്പര്യമായിരുന്നു.മുമ്പൊന്നും ഞാൻ അങ്ങനെ ആലോചിച്ചിരുന്നില്ല.എവിടെയൊക്കെ പോയാലും എന്തൊക്കെ മാറ്റങ്ങൾ ജീവിതത്തിലുണ്ടായാലും ആത്യന്തികമായി ഞാൻ മാടായിപ്പാറയിലും അതിന്റെ ചെരിവുകളിലുമൊക്കെയായി ജീവിക്കുന്ന ആളാണെന്നും അക്കാര്യം വെളിപ്പെടുത്തിയേ മതിയാവൂ എന്നും ഉള്ള തോന്നിലിൽ നിന്ന്, വികാരത്തിൽ നിന്ന് ഉണ്ടായതു തന്നെയാവാം ആ താൽപര്യം.
ചടങ്ങിന് വന്നു ചേർന്ന സുഹൃത്തുക്കളിൽ ഭൂരിപക്ഷം പേരുമായി ചെറുപ്പം മുതലേ എനിക്ക് അടുപ്പമുണ്ട്.എനിക്ക് എരിപുരം.കോമിന്റെ ഉപഹാരം തന്ന ഉണ്ണിരാജനെയും എന്നെ പൊന്നാടയണിയിച്ച നാരായണനെയും അവരുടെ കുട്ടിക്കാലം തൊട്ടേ ഞാൻ കാണുന്നതാണ്.വള്ളിട്രൗസറിട്ട് വീട്ടിൽ വരുന്ന നാരായണന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.അന്ന് ആ കുഞ്ഞുമുഖത്ത് തെളിഞ്ഞു നിന്നിരുന്ന നിഷ്‌ക്കളങ്കത യാതൊരു മാറ്റവുമില്ലാതെ പുസ്തകപ്രകാശന ദിവസവും ഞാൻ കണ്ടു.
ഞാൻ ജനിച്ചതും നാല് വയസ്സ് വരെ വളർന്നതും പറശ്ശിനിക്കടവ്   മുത്തപ്പൻ മടപ്പുരയിൽ നിന്ന് പത്ത് മിനുട്ട് കൊണ്ട് നടന്നെത്താവുന്ന സ്ഥലത്തെ ചെറിയൊരു വീട്ടിലാണ്.നാല് വയസ്സ് വരെ അവിടെ കഴിഞ്ഞെങ്കിലും  രണ്ടുമൂന്ന് സുഹൃത്തുക്കളെ മാത്രമേ എനിക്ക് കിട്ടിയിരുന്നുള്ളൂ.അവരിൽ ആരെയും പല വർഷങ്ങളായി ഞാൻ കാണാറുമില്ല.
ഒന്നാം ക്ലാസ്സിൽ ചേർന്ന കാലം മതൽ (1958) ഞാൻ മാടായിപ്പാറയുടെ സമീപത്തുള്ള എരിപുരം എന്ന പ്രദേശത്തുകാരനാണ്.1966 മുതൽ ഞാൻ എഴുത്തിന്റെ ലോകത്തുണ്ട്. ആദ്യകാലത്ത് എരിപുരം പ്രഭാകരൻ എന്ന പേരിലും പിന്നീട് എൻ.പി എരിപുരം എന്ന പേരിലും ആയിരുന്നു എഴുത്ത്.എൻപ്രഭാകരൻ എന്ന്  ആദ്യമായി ഉപയോഗിക്കുന്നത് 1971 ലാണ്.
പത്തുനാല്പത്തഞ്ച് വർഷമായി എരിപുരത്ത് ഞാൻ വല്ലപ്പോഴുമെത്തുന്ന ഒരു സന്ദർശകൻ മാത്രമാണ്.കഴിഞ്ഞ പത്ത് വർഷമായി എരിപുരത്തേക്കുള്ള യാത്ര നന്നേ കുറഞ്ഞു.എങ്കിലും ഞാൻ എല്ലായ്‌പ്പോഴും മനസ്സിൽ കൊണ്ടുനടന്നിരുന്ന ഇടം മാടായിപ്പാറയും പരിസരപ്രദേശങ്ങളുമാണ്.
 എന്റെ തൊട്ടുതാഴെയുള്ള സഹോദരി എരിപുരത്തെ ഞങ്ങളുടെ പഴയ വീട് പൊളിച്ച് അതേ സ്ഥലത്ത് പുതിയ ഒന്ന് നിർമിച്ചു..ആ പുതിയ വീടിനോടും പഴയ വീടിനോടുള്ള മമത തന്നെ എനിക്ക് തോന്നുന്നുണ്ട്.സഹോദരിക്കും മറ്റൊരു ബന്ധുവിനും പുറമെ പല വർഷങ്ങളായുള്ള അടുത്ത സൗഹൃദം കൊണ്ട് ബന്ധുക്കൾ എന്നു തന്നെ പറയാവുന്ന പത്ത് പേരെങ്കിലും എരിപുരത്തുണ്ട്.അവരും മറ്റ് സുഹൃത്തുക്കളുമെല്ലാം ചേർന്നാൽ എരിപുരത്തെ എന്റെ ബന്ധുബലം സാമാന്യം വലുതാണ്.
2014 ഒക്ടോബർ 20 ന് ഞാനൊരു വാഹനാപകടത്തിൽ പെട്ടു.തലശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ വെച്ചായിരുന്നു സംഭവം.തലയ്ക്ക് പരിക്കേറ്റ ഞാൻ നവംബർ 7ാം തിയ്യതി വരെ കോഴിക്കോട്ടെ മിംസ് ഹോസ്പിറ്റലിൽ കിടന്നു.വീട്ടിൽ തിരിച്ചെത്തിയിട്ട് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞെങ്കിലും എന്റെ ആരോഗ്യനില പഴയ പടിയായിട്ടില്ല.ശരീരക്ഷീണമുണ്ട്.പുറത്തിറങ്ങാൻ ധൈര്യം കിട്ടാത്തതുകൊണ്ട് വീട്ടിനകത്തു തന്നെ കഴിയുന്നതിനാൽ ഏകാന്തതയുടെ എടുത്താൽ പൊങ്ങാത്ത ഭാരവുമുണ്ട്.ഒന്നര മാസം മുമ്പാണ് ഞാൻ 'മാടായിപ്പാറയുടെ മകൻ ' എഴുതിയത്.അപ്പോൾ എന്റെ മനസ്സും ശരീരവും കുറേക്കൂടി ദുർബലമായിരുന്നു.അങ്ങനെയാണ് 'സെന്റിമെന്റൽ 'എന്നു തന്നെ പറയാവുന്ന ആ കുറിപ്പ് ഞാൻ എഴുതിപ്പോയത്.പക്ഷേ,അതിൽ എനിക്ക് ദു:ഖമൊന്നുമില്ല.കാരണം ആ കുറിപ്പിലും ഞാൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
മാടായിപ്പാറയുടെ മകൻ എഴുതിക്കഴിഞ്ഞതിനു ശേഷമാണ് അഡോണിസിന്റെ 'Celebrating Childhood ' എന്ന കവിതയും ഓർഹൻ പാമുക്കിന്റെ ' Istanbul Memories and the City ' എന്ന പുസ്തകവും വായിച്ചത്.രണ്ട് രചനകളിൽ നിന്നുമുള്ള ഏതാനും വരികൾ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം:

'ഞാനൊരു ഗ്രാമത്തിലാണ് ജനിച്ചത്
ഒരു ഗർഭപാത്രത്തെ പോലെ ചെറുതും
രഹസ്യാത്മകവുമായ ഗ്രാമത്തിൽ
ഒരിക്കലും ഞാനതിനെ വിട്ടുപോയില്ല
സമുദ്രത്തെയാണ് ഞാൻ സ്‌നേഹിക്കുന്നത്
തീരങ്ങളെയല്ല '
                                                                                             അഡോണിസ്       

'ഒരിക്കലും ഞാൻ ഈസ്റ്റാംബൂൾ വിട്ടുപോയില്ല.വീടുകൾ,തെരുവുകൾ,കുട്ടിക്കാലത്തെ എന്റെ അയൽവക്കങ്ങൾ ഒന്നിനെയും ഞാൻ വിട്ടുപോയില്ല.പലപ്പോഴായി ഞാൻ മറ്റ് പ്രവിശ്യകളിലും ജീവിച്ചിട്ടുണ്ടെങ്കിലും,അമ്പത് വർഷമായി ഞാൻ പാമുക് അപ്പാർട്‌മെന്റിലേക്കു തന്നെ തിരിച്ചു വരുന്നു.ഉമ്മ എന്നെ അവരുടെ കൈകളിലുയർത്തി ആദ്യമായി ലോകം കാണിച്ചു തന്നത് അവിടെ വെച്ചാണ്.ഞാൻ ഒരേ നഗരത്തിൽ,ഒരേ തെരുവിൽ,ഒരേ വീട്ടിൽ,ഒരേ കാഴ്ചയിലേക്ക് കണ്ണ് പായിച്ച് നിൽക്കുന്നു.ഈസ്റ്റാംബൂളിന്റെ വിധി എന്റെ വിധിയാണ്.ഞാൻ ഈ നഗരത്തോട് അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു.കാരണം എന്നെ ഞാനാക്കിയത് ഈ നഗരമാണ്.'
                                                                                      ഓർഹൻ പാമുക്
12/2/2015

Wednesday, February 11, 2015

വെല്ലുവിളികൾ

കേരളത്തിൽ ആം ആദ്മി പാർട്ടി നേരിടാനിടയുള്ള വെല്ലുവിളികൾ പലതാണ്.ഇന്ത്യയിൽ തന്നെ ഏറ്റവും യാഥാസ്ഥിതികമായ രാഷ്ട്രീയം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണിത്.ഇവിടെ ഓരോ പാർട്ടിയും ഓരോ പ്രദേശം നിയന്ത്രണത്തിൽ വെച്ചിരിക്കുകയാണ്.സി.പി.എമ്മിനും കോൺഗ്രസ്സിനും മാത്രമല്ല മുസ്ലീംലീഗിനും കേരളാ കോൺഗ്രസ്സിനും ബി.ജെ.പിക്കുമെല്ലാം പാർട്ടി ഗ്രാമങ്ങളുണ്ട്.അവിടെയൊന്നും 'ആം ആദ്മി 'ക്ക് എളുപ്പത്തിൽ പ്രവേശിക്കാനാവില്ല.
രാഷ്ട്രീയം ജാതി പോലെ പ്രവർത്തിക്കുന്ന സ്ഥലമാണ് കേരളം.ഓരോരുത്തരും ഓരോ രാഷ്ട്രീയ ജാതിയിൽ പിറന്നുവീണ മട്ടിലാണ് കാര്യങ്ങളെ സമീപിക്കുക.പുതുതായി രംഗത്തിറങ്ങുന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് വലിയൊരു പാതകമാണ് പലരുടെയും കണ്ണിൽ.ഈ മനോഭാവവും 'ആം ആദ്മി 'യുടെ വളർച്ചക്ക് വലിയ തടസ്സം സൃഷ്ടിക്കും.
ദില്ലിയെ പോലെ ഇന്ത്യയുടെ പല ഭാഗത്തുനിന്നും എത്തിച്ചേർന്നവരും സോഷ്യൽമീഡിയ വഴിയുള്ള ആശയ പ്രചരണത്തെ സ്വീകരിക്കുന്നവരുമല്ല കേരളത്തിലെ ജനങ്ങൾ.മൂർത്തമായ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെട്ടുകൊണ്ടു മാത്രമേ മലയാളികളുടെ മനസ്സിൽ ഇടം നേടാനാവൂ.അവിടെയും തടസ്സങ്ങളുണ്ട്.കേരളത്തിൽ പല ജനകീയ പ്രശ്‌നങ്ങളും ഏറ്റെടുക്കുന്നത് സന്നദ്ധ സംഘടനകളാണ്.അവയിൽ പലതും വർഗീയ ശക്തികളുടെ പിന്തുണയുള്ളവയുമാണ്.ഈ സന്നദ്ധ സംഘടനകളോട് ഐക്യപ്പെട്ട് പ്രവർത്തിച്ചാൽ സ്വാഭാവികമായും അത് 'ആം ആദ്മി 'യുടെ വിശ്വാസ്യതയെ ബാധിക്കും.
ഒരു രാഷ്ട്രീയ പാാർട്ടിയും സന്നദ്ധസംഘടനയും കാര്യമായി ഇടപെടാത്ത പല പ്രശ്‌നങ്ങളും സംസ്ഥാനത്തുണ്ട്. .സ്വകാര്യാശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർ, വ്യാപാരസ്ഥാപനങ്ങളിൽ ദിവസക്കൂലിക്കോ നന്നേ ചെറിയ മാസവേതനത്തിനോ ജോലി ചെയ്യുന്നവർ,അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ,സർക്കാർ സ്‌കൂളുകളിൽ തന്നെ അമിതഭാരം കൊണ്ട് വീർപ്പുമുട്ടുന്ന ഹെഡ്മാസ്റ്റർമാർ ഇങ്ങനെ പല വിഭാഗങ്ങളിൽ പെട്ടവരുടെ പ്രശ്‌നങ്ങളിൽ ആം ആദ്മി പാർട്ടിക്ക് ഇടപെടാം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ,സാധാരണ കോളേജിലും പ്രൊഫഷണൽ കോളേജുകളിലും ഇന്റേണൽ അസ്സസ്‌മെന്റിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾ ഇവരൊക്കെ പുറത്തു നിന്നുള്ള ഇടപെടൽ കാത്തിരിക്കുന്നവരാണ്.വിദ്യാർത്ഥി സംഘടനകൾ അവരെ നിയന്ത്രണത്തിൽ വെച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന നാട്ടിൽ നീതി നിഷേധിക്കപ്പെടുന്ന വിദ്യാർത്ഥികളെ രക്ഷിക്കാൻ മറ്റാരെങ്കിലും ഇടപെട്ടേ മതിയാവൂ.അതുപോലെ,പല സ്വാകാര്യാശുപത്രികളിലും ചികിത്സ തേടി ചെല്ലുന്ന സാധാരണക്കാരായ രോഗികൾ നേരിടുന്ന അവഗണനയും ചൂഷണവും വഞ്ചനയും ആരെങ്കിലും പുറത്തുകൊണ്ടു വന്നേ മതിയാവൂ. പക്ഷേ,ഈ വക ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുക്കണമെങ്കിൽ നൂറ് കണക്കിന് സജീവ പ്രവർത്തകർ വേണം.ഇന്നത്തെ സാഹചര്യത്തിൽ ആം ആദ്മി പാർട്ടിക്ക് അത്രയും പേരുടെ സേവനം പ്രതീക്ഷിക്കാനാവില്ല.
ഇങ്ങനെ അനേകം പ്രതിബന്ധങ്ങൾ മുന്നിലുണ്ടെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെയും വ്യാജസന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയത്തിന്നെതിരെ സമീപഭാവിയിൽ ശക്തമായ ജനവികാരം ഉയർന്നുവരാനും അത് ആം ആദ്മി പാർട്ടിക്ക് അനുകൂലമായ വലിയൊരു രാഷ്ട്രീയ തരംഗമായി രൂപപ്പെടാനുമുള്ള സാധ്യതയും ഉണ്ട്.ജനങ്ങളോട് ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുകയും സംസ്ഥാനത്ത് ഉടനീളം ഓടിച്ചാടി നടന്ന് പ്രവർത്തിക്കാൻ തയ്യാറാവുകയും ചെയ്യുന്ന നാലോ അഞ്ചോ നേതാക്കൾ അപ്പോഴേക്കും ഇവിടെ ഉണ്ടായി വരണം. നിലിലുള്ള ആം ആദ്മി നേതാക്കൾ പൊതുപ്രശ്‌നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങുകയും വേണം.
                                                                                   11/2/2015

Tuesday, February 10, 2015

ഈ വിജയം ആവേശകരം

ദില്ലി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ മഹാവിജയം അങ്ങേയറ്റം ആവേശകരമാണ്.'കെജ്‌റിവാൾകൊടുങ്കാറ്റിൽ ദില്ലി ഞെട്ടി 'എന്നാണ് ഒരു ടി.വി.ചാനലിൽ കണ്ടത്.ദില്ലി മാത്രമല്ല,രാജ്യം മുഴുവൻ,രാജ്യത്തെ ജീർണ രാഷ്ട്രീയ നേതൃത്വങ്ങൾ മുഴുവൻ ഞെട്ടി വിറച്ചിരിക്കുന്നു എന്നതാണ് വാസ്തവം.ബി.ജെ.പിയുടെ കാര്യം വിടാം.അത് ഭാവിയിലും നിലനിൽകണമെന്ന്  ഒരു ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കില്ല.കോൺഗ്രസ്സിന്റെയും മാർക്‌സിസ്റ്റ് പാർട്ടിയുടെയും കാര്യം അങ്ങനെയല്ല.അവ നന്നാവുകയാണെങ്കിൽ തീർച്ചയായും നല്ലതാണ്.രാജ്യം ഏക കക്ഷി ഭരണത്തിനു കീഴിൽ വരുന്നത്,അത് ആം ആദ്മി പാർട്ടിയുടെതായാലും,ജനദ്രോഹപരമായ നടപടികളിലേക്ക് നയിച്ചേക്കും.ഭരിക്കുന്നവരെ ചോദ്യം ചെയ്യാനും തിരുത്താനും മറ്റ് രാഷ്ട്രീയ പാർട്ടികൾ വേണം.അത് ഇല്ലാതായിപ്പോവുമോ എന്ന ആശങ്കയാണ് ദില്ലി തിരഞ്ഞെടുപ്പ് ഫലങ്ങൾ ഉണ്ടാക്കുന്നത്.
ശരിയായ നേതൃത്വമില്ല,ലോകരാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ ശേഷിയില്ല,രാജ്യത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായൊരു ധാരണയില്ല,പാർട്ടി ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ നേതാക്കളുടെ പകൽക്കൊള്ളക്കെതിരെ ശബ്ദിക്കാൻ പാർട്ടിക്കുള്ളിലുള്ള ആരും ധൈര്യപ്പെടുന്നില്ല,അണികളെ ബൗദ്ധികമായി ഉണർത്താനുള്ള എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനെ പറ്റിയുള്ള ആലോചന പോലുമില്ല എന്നിങ്ങനെ കോൺഗ്രസ്സിന്റെ ഇല്ലായ്മകൾ പലതാണ്.
നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസ്സുകാർ ഇപ്പോഴും ഭയപ്പെടുന്നു എന്നതു തന്നെ ആ പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം നിലനിൽക്കുന്നില്ല എന്ന് സകലരെയും നിസ്സംശയം ബോധ്യപ്പെടുത്തുന്നുണ്ട്.അങ്ങനെയുള്ള ഒരു പാർട്ടി പെട്ടെന്നൊന്നും നന്നാവുമെന്ന് പ്രതീക്ഷിച്ചു കൂടാ.
മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രധാനപ്രശ്‌നം അതിനകത്ത് ശീലങ്ങൾ ഉറച്ചുറച്ച് ശാഠ്യങ്ങളായിത്തീർന്നു എന്നതാണ്.പ്രത്യയശാസ്ത്ര തലത്തിലോ രാഷ്ട്രീയ പ്രയോഗങ്ങളുടെ ശൈലിയിലോ പല ദശകങ്ങളായി കാതലായ യാതൊരു മാറ്റവും വരുത്താത്ത പാർട്ടിയാണത്.എവിടെയൊക്കെ എന്തൊക്കെ തകർച്ചകളുണ്ടായാലും യാതൊരു കൂസലുമില്ലാത 'പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല,സംഭവിക്കില്ല ' എന്നു പ്രസംഗിച്ച് സ്വയം കബളിപ്പിക്കുന്ന വൻകിടനേതാക്കൾ,ഫ്യൂഡൽ കാലഘട്ടത്തിലെ കാര്യസ്ഥന്മാരുടെ മനോഘടനയുമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട നേതാക്കൾ,തങ്ങൾ നിരന്തരം ഇടപെടുന്ന മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുപോലും ഗൗരവമായ യാതൊരു പഠനത്തിനും ആലോചനക്കും മുതിരാത്ത വിദ്യാർത്ഥി യുവജന നേതാക്കൾ ഇവരുടെയൊക്കെ പെരുപ്പം കൊണ്ട് സ്വയം വീർപ്പുമുട്ടുന്നതിന്റെ ലക്ഷണങ്ങളാണ് ആ പാർട്ടി  തുടർച്ചയായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. 
ജനങ്ങൾക്കു വേണ്ടത് യജമാനന്മാരെയല്ല,അവരോടൊപ്പം അവരിലൊരാളായി നിന്ന് പ്രവർത്തിക്കാൻ തയ്യാറുള്ള ്േനതാക്കളല്ലാത്ത നേതാക്കളെയാണ്.ചരിത്രവും പ്രത്യയശാസ്ത്രവും പാർട്ടി അച്ചടക്കവുമെല്ലാം നല്ല കാര്യങ്ങൾ തന്നെ.പക്ഷേ,കോൺഗ്രസ്സുകാരായാലും കമ്യൂണിസ്റ്റുകാരായാലും ഭരണവ്യവഹാരവുമായി ബന്ധപ്പെട്ട അടവുകൾക്കും തന്ത്രങ്ങൾക്കും അപ്പുറത്ത് ഒന്നും കയ്യിലില്ലാത്തവരെ മേലിൽ ജനം സ്വീകരിക്കില്ല.ദില്ലിയിലെ വോട്ടർമാർ കാണിച്ച ആർജ്ജവം രാജ്യം മുഴുക്കെയുമുള്ളവർ പെട്ടെന്ന് കാണിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.പക്ഷേ,അടിമിുടി മാറാൻ തയ്യാറില്ലാത്തവരുടെ ഭാവി ഇരുണ്ടതാണെന്ന് ദില്ലി തെളിയിച്ചു കഴിഞ്ഞു.
വ്യക്തിഗത നേട്ടങ്ങളെ കുറിച്ചുള്ള യാതൊരു കണക്കുകൂട്ടലുകളുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുറച്ചു പേർ കോൺഗ്രസ്സിലും അതിനേക്കാൾ കുറച്ചു കൂടുതലാളുകൾ മാർക്‌സിസറ്റ് പാർട്ടിയിലും ഉണ്ട്.പക്ഷേ,ഇരു കൂട്ടരും പ്രവർത്തിക്കുന്ന പാർട്ടിയുടെ സംഘടനാ സംവിധാനവും മൊത്തത്തിലുള്ള പ്രവർത്തന ശൈലിയും ദീർഘകാലമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്.ദില്ലിയിലെ ആം ആദ്മി വിജയം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെങ്കിൽ നല്ലത് .  
(10/2/2015)
                                        (10/2/2015)

ഭാവി

നാളെ
ഈ രാത്രിയുടെ അങ്ങേത്തലയ്ക്കൽ
ഒരു തരി വെളിച്ചമുണ്ട്
നേരം വെളുത്തോട്ടെ                                                                                                        ഒരു രാജ്യത്തിനു മുഴുവനുമുള്ള
വെളിച്ചമായ് അത് വളർന്നിരിക്കും.
(9/2/2015  രാത്രി 11.50)

 കിഴക്ക് വെള്ളകീറി

കിഴക്ക് വെള്ളകീറി
ക്ഷമയോടെ കാത്തിരിക്കൂ
പകലൊന്ന് വളർന്നോട്ടെ
ഒരു രാജ്യം മുഴുവൻ പടരാനുള്ളതല്ലേ.
(10/2/2015 രാവിലെ 6 മണി)


ഭാവി

ഈ വെളിച്ചം പ്രകൃതിയുടെ സംഭാവനയല്ല
ഒരു പിടി മനുഷ്യർ അവരുടെ ഇച്ഛാശക്തിയും
സത്യസന്ധതയും കൊണ്ട് നിർമിച്ചെടുത്തതാണ്
നാളെ അതിനെ ഊതിക്കെടുത്താൻ
ആരെയും,അവരെത്തന്നെയും
അനുവദിക്കാതിരിക്കുന്നതിലാണ്
ഒരു ജനതയുടെ ഭാവി മുഴുവൻ
(10/2/2015 രാവിലെ 10 മണി)
Monday, February 9, 2015

പു.ക.സക്ക് എന്ത് സംഭവിച്ചു?

1992 ഏപ്രിൽ 26 ന്  'ഭാഷാപോഷിണി'യുടെ ജന്മശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇ.എം.എസ് പറഞ്ഞു :'സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്.സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല.'
ഇ.എം.എസ്സിന്റെ ഈ പ്രസ്താവം  പു.ക.സക്ക്  ദിശാബോധം നഷ്ടപ്പെടുത്തി എന്നതാണ് വാസ്തവം. സ്വന്തം ചരിത്രത്തിന്റെ അന്ത:സത്തയെ പാടെ നിരാകരിക്കും വിധത്തിലുള്ള സമീപനങ്ങളും പ്രവർത്തനങ്ങളുമാണ് പിന്നീട് പു.ക.സയുടെ ഭാഗത്തു നിന്ന് ഉണ്ടായത്.(എം.എൻ.വിജയനും ഏതാനും ചിലരും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ വിസ്മരിക്കുന്നില്ല).ലക്ഷ്യബോധം,സാമൂഹ്യപപ്രതിബദ്ധത തുടങ്ങിയ വാക്കുകൾ ആവർത്തിക്കുന്നതിൽ പു.ക.സ ഇപ്പോഴും വൈമുഖ്യമൊന്നും കാണിക്കാറില്ലെങ്കിലും ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരിൽ ചിലരെ സ്വന്തം എന്നു ഭാവിച്ച് കൊണ്ടുനടക്കുന്നതിലാണ് സംഘടനയുടെ പ്രധാനശ്രദ്ധ.കലയുടെ രാഷ്ട്രീയം ഗൗരവമായി ചർച്ചചെയ്യുന്നതിലോ, മലയാള സാഹിത്യത്തിലെ ഏറ്റവും പുതിയ ചലനങ്ങളെ അപഗ്രഥിക്കുന്നതിലോ  ഈയിടെയായി പു.ക.സ അൽപമായ താൽപര്യം പോലും പുലർത്താറില്ല.
ഔപചാരികമായ  ചർച്ചകളിലും ചടങ്ങുകളിലും ഒതുങ്ങുകയാണ് സംഘടനയുടെ പ്രവർത്തനം.                                                                                        മുപ്പതുകളുടെ അന്ത്യത്തിലും നാൽപതുകളിലും മലയാള സാഹിത്യം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷാസാഹിത്യങ്ങളിലും പുത്തനുണർവുകൾ ഉണ്ടാക്കിയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് പിൽക്കാലത്ത് കേരളത്തിൽ സംഭവിച്ച വിപര്യയം ആരെയും കാര്യമായി അലട്ടുന്നുണ്ടെന്ന് തോന്നുന്നില്ല.പു.ക.സയുടെ  പ്രവർത്തനങ്ങളിൽ അതിനെ പിന്തുണക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും കാതലായ താല്പര്യം കാണിക്കുന്നതായി കാണുന്നില്ല.
പുരോഗമനസാഹിത്യ പ്രസ്ഥാനം മലയാളത്തിൽ ഓജസ്സോടെ പ്രവർത്തിച്ചത് ഏകദേശം ഒരു ദശകക്കാലത്തോളമാണ്,1940കളുടെ അന്ത്യത്തോടെ പ്രസ്ഥാനം പരിക്ഷീണമായിത്തുടങ്ങി.പിന്നീട് 70കളുടെ ആരംഭത്തിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെയും അതിൽപ്പിന്നെ പു.ക.സയിലൂടെയും ഉയിർത്തെഴുന്നേൽപ്പിന് ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല.ലോകരാഷ്ട്രീയവും  ജനജീവിതവും സാംസ്‌കാരിക വ്യവഹാരങ്ങളുടെ ഘടനയും എങ്ങനെയൊക്കെ  മാറാൻ തുടങ്ങിയിരിക്കുന്നു എന്ന് ശരിയാം വണ്ണം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതു തന്നെയായിരുന്നു പ്രശ്‌നം.എങ്കിലും,നമ്മുടെ സാഹിത്യത്തെ  പാരമ്പര്യപൂജക്കും കേവല കാല്പനികതക്കും  അരാഷ്ട്രീയതയുടെ ആഘോഷങ്ങൾക്കും പൂർണമായും വഴിപ്പെടാതെ രക്ഷിക്കുന്നതിൽ ഈ പ്രസ്ഥാനം വഹിച്ച പങ്ക്  നിസ്സാരമായിരുന്നുവെന്ന് വിധിക്കാൻ ആർക്കും സാധിക്കില്ല .പക്ഷേ, സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല എന്ന് ജീവൽസാഹിത്യസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ ആൾ തന്നെ പറയുകയും 'കല കലയ്ക്കു വേണ്ടി' എന്ന് പുരോഗമന വാദികൾ തന്നെ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്യുന്ന ഘട്ടം വന്നതോടെ പു.ക.സക്ക് പ്രത്യകിച്ച് ഒരു ദൗത്യവും നിറവേറ്റാനില്ലെന്നായി.സ്വാഭാവികമായും അത് ഏറെക്കുറെ മൃതപ്രായമായി.
സൗന്ദര്യശാസ്ത്രത്തിലും കലയിലും സാഹിത്യത്തിലും കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയിൽ ആഗോള തലത്തിലുണ്ടായ വികാസപരിണാമങ്ങളെ മുഴുവൻ ആഴത്തിൽ പഠിച്ച് സ്വന്തം ആശയലോകത്തിലും നിലപാടുകളിലും കേരളീയ ജീവിത യാഥാർത്ഥ്യങ്ങളോട് ഫലപ്രദമായി സംവദിക്കാനാവുന്ന അർത്ഥപൂർണമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകാത്ത പക്ഷം സാഹിത്യത്തിലെ പ്രമാണിമാരുടെ പിന്നിൽ ഓച്ഛാനിച്ചു നിന്ന് സംതൃപ്തിയടയുന്ന അവസ്ഥയിൽ നിന്ന് പു.ക.സക്ക് രക്ഷപ്പെടാനാവില്ല.
യഥാർത്ഥത്തിൽ പു.ക.സയുടെ മുന്നിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ട്.വർഗീയ ഫാസിസം പടിവാതിൽക്കലെത്തി നിൽക്കുകയും ബഹുരാഷ്ട്ര മുതലാളിത്തം രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകമാനം വലിഞ്ഞു മുറുക്കുകയും കലയുടെയും സാഹിത്യത്തിന്റെയും പേരിൽ വ്യാജവ്യവഹാരങ്ങളും ശുദ്ധ കോമാളിത്തങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയിൽ വലിയ ഒരു ശുദ്ധീകരണ ശക്തിയായി പ്രവർത്തിക്കേണ്ടുന്ന പ്രസ്ഥാനമാണിത്.
9/2/2015

Sunday, February 8, 2015

പണയപ്പണ്ടങ്ങൾ

'അതിഭയങ്കരമായ ഒരു കാലത്തിലൂടെയാണ് നാം ജീവിച്ചുപോവുന്നത്.സ്വയം നിഷേധിച്ചുകൊണ്ടല്ലാതെ ഒരക്ഷരവും ഉരിയാടാനാവില്ല.പെന്റഗണിന് പണയപ്പണ്ടമാവാതെ സ്വന്തം നാവുയർത്താനാവില്ല.'1970 കളുടെ ആദ്യപകുതിയിൽ ചിലിയൻ കവി നിക്കോനാർ പാറ എഴുതി.(കവിത-Modern Times)

യു.എസ്.പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ് പെന്റഗൺ.അമേരിക്കക്ക് കീഴ്‌പ്പെടാതെ ഒന്നും പറയാനാവില്ല എന്ന് പറയുന്നത് ഇന്നത്തെ അവസ്ഥയിൽ ബഹുരാഷ്ട്ര കുത്തകകൾക്ക് എന്ന് തിരുത്തേണ്ടി വരും. ഭരണകൂടങ്ങളെ നിർവീര്യമാക്കി ലോകത്തിന്റെ  ഭരണം മുഴുവൻ  ഏറ്റെടുത്തിരിക്കുന്നത് അവരാണല്ലോ.ആദ്യം പറഞ്ഞതിന് നേർവിപരീതമായി പിന്നീട് പറയേണ്ടി വരിക എന്നത്  ലോകത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുും ബുദ്ധിജീവികളും നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തമാണ്.ഐ.എം.എഫ്,ലോകബാങ്ക് വായ്പകളെ ഒരു കാലത്ത് അതിരൂക്ഷമായി എതിർത്ത രാഷ്ട്രീയ കക്ഷികൾ പിന്നീട് ആ വായ്പകൾ സ്വീകരിക്കുന്നതിന് ന്യായീകരണങ്ങൾ നിരത്തുന്നതിൽ ആവേശം കൊള്ളാൻ തുടങ്ങി.പുത്തൻ വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പുകാരായി ഊറ്റം കൊണ്ടു നടന്നവർ അത് നമ്മുടെ വിദ്യാഭ്യാസമേഖലയെ എങ്ങനെ നശിപ്പിച്ചു എന്ന് വിശദീകരിക്കുന്ന വെപ്രാളത്തിലായി.ദേശീയത മുഖ്യമുദ്രാവാക്യമായിട്ടുള്ള ബി.ജെപി ഭരണത്തിലെത്തിയ ഉടൻ ദേശത്തിന്റെ സമ്പത്ത് മുഴുവൻ സ്വദേശത്തും വിദേശത്തും വേരുകളും ശാഖകളും പടർത്തിയ വൻകിട കുത്തകകൾക്ക് കൈമാറുന്ന തിരക്കിലായി.കലാകാരന്മാരുടെ കാര്യത്തിലും കേവലവ്യക്തികളുടെ കാര്യത്തിലുമെല്ലാം ഈ വക വൈരുദ്ധ്യങ്ങൾ കാണാം.മൂല്യങ്ങളെയും ആശയങ്ങളെയും പിൻതള്ളി കുത്തക കമ്പനികൾ അകലെയിരുന്ന് ചരട് വലിക്കുന്നന നാനാതരം ധനമിടപാടുകൾ സാമൂഹ്യജീവിതത്തിൽ ആധിപത്യം നേടിക്കഴിഞ്ഞ അവസ്ഥയിൽ മറ്റൊന്ന് പ്രതീക്ഷിക്കാനാവില്ല.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളും മറ്റ് കൂട്ടായ്മകളും പലപ്പോഴും സംശയത്തിന്റെ നിഴലിലാണ്.അവയിൽ വിദേശ ഫണ്ടുകൾ കൈപ്പറ്റുന്നവ ഏതൊക്കെ,അല്ലാതുള്ളവ ഏതൊക്കെ എന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയാണ്.അവ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും ദീർഘവീക്ഷണത്തിൽ നിന്നുണ്ടാവുന്നവയല്ലെന്നും പൊതുജനജീവിതത്തെ ആകമാനം അപകടപ്പെടുത്തുന്നതിലേക്കാണ് പലതും നയിക്കുക എന്ന കാര്യവും എളുപ്പത്തിൽ വ്യക്തമാവുന്നുമുണ്ട്.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേതിനേക്കാൾ പലമടങ്ങ് പിന്തിരിപ്പനും വഞ്ചനാപരവുമാണ് ബദൽശക്തികളുടെ രാഷ്ട്രീയം എന്നു വരുന്നത് സങ്കടകരമാണ്.അത് അങ്ങനെയാവുന്നത്  നവമുതലാളിത്തം സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വിഭാഗീയപ്രവണതകൾക്കും അരാഷ്ട്രീയതക്കും നമ്മുടെ യുവജനങ്ങൾക്കിടയിൽ വ്യാപകമായ അംഗീകാരം കൈവരുന്നതു കൊണ്ടു തന്നെയാണ്.
                                                                8/2/2015

Saturday, February 7, 2015

ഓരോ പ്രശ്‌നവും സ്വന്തം ഭാഷയിൽ നിലവിളിക്കുന്നു

'ഓരോ പ്രശ്‌നവും അതാതിന്റെ സ്വന്തം സ്വന്തം ഭാഷയിൽ നിലവിളിക്കുന്നു' (Every problem cries in it's own language) എന്ന വാക്യം Tomas Transtromer ടെ 'About History 'എന്ന കവിതയിലേതാണ്.പുരോഗമനക്കാരും പിന്തിരിപ്പന്മാരും അസ്വസ്ഥമായ ഒരു വിവാഹബന്ധത്തിലെന്ന പോലെ പരസ്പരം പരുവപ്പെടുത്തപ്പെട്ടും അന്യോന്യം ആശ്രയിച്ചും ജീവിക്കുകയാണെന്നും അവരുടെ കുട്ടികളായ നാം പക്ഷേ ഈ തടവ് തകർത്ത്  ഓടി രക്ഷപ്പെടണമെന്നും പറഞ്ഞതിനുശേഷമാണ് കവി  ഇക്കാര്യം പറയുന്നത്.സത്യം ചവുട്ടിയരക്കപ്പെട്ടിരിക്കുന്നിടത്തേക്ക് ഒരു വേട്ടപ്പട്ടിയെ പോലെ പോവുക എന്ന ആഹ്വാനം പിന്നാലെയുണ്ട്.
നാം ജീവിക്കുന്ന കാലത്തെ ഭരണപക്ഷപ്രതിപക്ഷങ്ങളുടെ പുറമേ വിദ്വേഷം ഭാവിച്ചും അകമേ ഐക്യപ്പെട്ടും കഴിയുന്ന അവസ്ഥയെ കുറിച്ചും ഇരുവരുടെയും പരിഗണനയിലേക്ക് വരാത്ത നൂറായിരം പൊതുപ്രശ്‌നങ്ങളെ കുറിച്ചും  ആരും ശ്രദ്ധിക്കാത്ത വ്യക്തിഗതവേദനകളെ കുറിച്ചുമെല്ലാം ആലോചിക്കുമ്പോഴാണ് ഈ വരികളുടെ മുഴക്കം പൂർണമായും അനുഭവപ്പെടുക.ചുരുക്കം വാക്കുകളിൽ,അതും സുതാര്യമായ ഒരു പ്രസ്താവത്തിന്റെ രൂപത്തിൽ ഒരു കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളെയും നീതികേടുകളെയും അവഗണനകളെയുമെല്ലാം സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുന്നു എന്നതാണ് 'About History 'യിലെ ഈ ഖണ്ഡത്തിന്റെ പ്രത്യേകത.Transtromer ടെ കവിതകൾക്ക് പൊതുവേ  ഇത്തരത്തിലുള്ള ആഴവും പരപ്പും ഉയരവുമെല്ലാമുണ്ട്.
 അവ ദുർഗ്രഹമാണ്,അതാര്യമാണ് എന്നൊക്കെ പറയുന്നവരുണ്ട്.വാക്കുകൾ വളരെ കരുതലോടെയും ചരിത്രത്തിലേക്കും ദർശനത്തിലേക്കും മനുഷ്യപ്രകൃതത്തെ കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങളിലേക്കും ചെന്നെത്തും വിധം ധ്വനിനിർഭരമായും ഉപയോഗിക്കുന്ന കവിയാണ് അദ്ദേഹം.ഗൃഹാതുരതയോ മധുരവിഷാദമോ ഒന്നും പ്രതീക്ഷിച്ച് വായിക്കാവുന്ന ഒറ്റ കവിത പോലും അദ്ദേഹം എഴുതിയിട്ടില്ല.ബാഹ്യമായി ഒരു തരം ലാളിത്യമുണ്ടെങ്കിലും അവയുടെ ആന്തരിക ഗൗരവം വായനക്കാർക്ക് വളരെ പെട്ടെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും.'സംഗ്രഹീതവും തെളിമയുറ്റതുമായ ബിംബങ്ങളിലൂടെ യാഥാർത്ഥ്യത്തിലേക്ക് അദ്ദേഹം പുതിയ പ്രവേശനം നൽകുന്നു' എന്നാണ് 2011 ലെ സാഹിത്യത്തിനുള്ള  നോബൽ  സമ്മാനം Tomas Transtromer ക്ക് നൽകിക്കൊണ്ട് നോബൽ സമിതി പ്രസ്താവിച്ചത്.
                                                                                                                          7/2/2015

Friday, February 6, 2015

ചോരവരകൾ

രാജീവ് ജി.ഇടവയുടെ 'ചോരവരകൾ ' (പ്രസാ: ഗ്രീൻ ബുക്‌സ്)വളരെ ശ്രദ്ധയമായ ഒരോർമപ്പുസ്തകമാണ്.കാശ്മീർ താഴ്‌വരകളിൽ അങ്ങേയറ്റം ഭയാനകമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വന്ന ഒരു സൈനികന്റെ നടുക്കുന്ന ഓർമളാണ് ഈ പുസ്തകത്തിന്റെ ഏറിയ ഭാഗവും.നുഴഞ്ഞുകയറ്റക്കാരും ഭീകരവാദികളും കാശ്മീരിൽ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് മാധ്യമങ്ങളിലൂടെ കൈവരുന്ന അറിവ് മാത്രമുള്ള എന്നെ പോലുള്ളവരെ ഈ പുസ്തകത്തിലെ 'ശവവേട്ട' പോലുള്ള ചില അധ്യായങ്ങൾ വല്ലാതെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.കാശ്മീരിന്റെ ഉൾഭാഗങ്ങളിൽ മലനിരകൾക്കിടയിലെ ചില പ്രാകൃത ഗ്രാമങ്ങളിൽ താനും സഹപ്രവർത്തകരും കണ്ടുമുട്ടുന്ന മനുഷ്യരുടെ ജീവിതം എത്രമേൽ ദയനീയവും ഭീതിജനകവുമാണെന്ന്  ഒട്ടും വാചലാനാകാതെ എന്നാൽ തീർത്തും ഹൃദയസ്പർശിയായ രീതിയിൽ രാജീവ് വരച്ചുകാട്ടിയിട്ടുണ്ട്.തന്റെ അമ്മയെ കുറിച്ചും സഹപ്രവർത്തകരിൽ ചിലരെ കുറി്ച്ചും രാജീവ് എഴുതിയത് വായനക്കാരുടെ മനസ്സിൽ നിന്ന് പെട്ടെന്നൊന്നും മാഞ്ഞുപോകില്ല.
രാജ്യത്തെ മഹാഭൂരിപക്ഷവും പലപല കഷ്ടപ്പാടുകൾക്കിടയിലും  ആരിൽ നിന്നുമുള്ള ആക്രമണത്തെയും ഭയക്കാതെ ജീവിച്ചുപോവുമ്പോൾ.അവരുടെ നേതാക്കളിൽ തൊണ്ണൂറ് ശതമാനവും ഒരു പ്രശ്‌നത്തിലും മനസ്സുകൊണ്ടു പോലും ആത്മാർത്ഥമായി ഇടപെടാതെ വെറുതെ പ്രസംഗിച്ചു നടക്കുമ്പോൾ,നമ്മുടെ സൈനികരിൽ വലിയൊരു ശതമാനത്തിനും എത്രയൊക്കെയോ പ്രയാസങ്ങളെ നേരിട്ടും രാവും പകലും ഓരോ നിമിഷത്തിന്റെ തിരിവിലും മരണസാധ്യതയെ തന്നെ പ്രതീക്ഷിച്ചും ജീവൻ നിലനിർത്തേണ്ടി വരുന്നതിലെ വൈപരീത്യം നമ്മെ വല്ലാതെ അസ്വസ്ഥരാക്കും.അതിർത്തികളുടെ പേരിൽ ഒരിറ്റ് ചോര പോലും ചിന്താതെ മനുഷ്യവംശം ജീവിക്കുന്ന ആ വിദൂര ഭാവികാലം അരികെയായിരുന്നെങ്കിൽ എന്ന് ഈ പുസ്തകം വായിക്കുന്ന ആരും ആഗ്രഹിച്ചുപോവും.
                              6/2/2015

പെൺപട്ടി

'വൈറ്റ് ക്രോ ആർട്ട് ഡെയിലി ' എന്ന വെബ്പ്രസിദ്ധീകരണത്തിൽ എൻ.പി.സന്ധ്യ 'പെൺപട്ടി,യുവതിയായ പെൺപട്ടി,പട്ടികളെ കുറിച്ച് ചില പ്രസ്താവനകൾ ' എന്നീ ശീർഷകങ്ങളിൽ മൂന്ന് കവിതകൾ എഴുതിയിട്ടുണ്ട്.മൂന്നിനെയും ചേർത്ത് ഒറ്റ കവിതയായും കണക്കാക്കാം.'അസുന്ദരമായ' കാഴ്ചകളും അസാധാരണമായ വിചാരങ്ങളും ഉത്കണ്ഠകളുമൊക്കെയാണ് സന്ധ്യുടെ കവിതകളെ വ്യത്യസ്തമാക്കുന്നത്.ഈ കവിയിത്രിയുടെ നൂറ്റൊന്ന് കവിതകളുടെ ഒരു സമാഹാരം 'ശ്വസിക്കുന്ന ശബ്ദം മാത്രം' എന്ന പേരിൽ രണ്ട് വർഷം മുമ്പ് കറന്റ് ബുക്‌സ് തൃശൂർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
കവിത എന്ന നാട്യമില്ലാതെ പലപ്പോഴും നേർവിവരണങ്ങളുടെയും ലളിതമായ പ്രസ്താവനകളുടെയും നിരീക്ഷണങ്ങളുടെയുമൊക്കെ രൂപത്തിലാണ് അവ അവതരിക്കുന്നത്.അതുകൊണ്ട് വ്യാഖ്യാനരൂപത്തിലോ ആസ്വാദനമെന്ന നിലക്കോ അവയെ പറ്റി വാചാലമാകേണ്ട കാര്യമില്ല.അനുമതിക്ക് കാത്തുനിൽക്കാതെ അവ വേദനിപ്പിക്കുന്ന വിചാരങ്ങളായി പരിണമിക്കുന്നു.' യുവതിയായ പെൺപട്ടി ' എന്ന കവിതയിലെ ചില വരികൾ ഉദ്ധരിക്കാം:
പട്ടികൾക്ക്
രോമം കിളിർക്കും പോലെയാണ്
കാലം പോകുന്നതും
വരുന്നതും
നാമറിയുകയേയില്ല
കുഞ്ഞായ് മുറ്റത്തുകളിക്കുന്ന ഈ
പട്ടിയിതാ മുത്തശ്ശിയുടെ
കണ്ണുകൾകൊണ്ട്
എന്നെ നോക്കുന്നു.
6/2/2015

Thursday, February 5, 2015

നാടൻ

 ശുദ്ധഹൃദയനായ ഒരു നാടൻ പശു ഒരു ദിവസം അതിന്റെ ഉടമയോട്‌
 ചോദിച്ചു :'തമ്പുരാനേ,എന്നെ എപ്പോഴാണ് വിദേശത്തേക്ക് കൊണ്ടുപോവുക?'യജമാനൻ മറുപടിയൊന്നും പറയുന്നില്ലെന്നുകണ്ട് പശു വിശദീകരിച്ചു : 'നാടൻജനുസ്സ്,നാടൻ ജനുസ്സ് എന്നു കേട്ടുകേട്ട് നാണക്കേടുകൊണ്ട് ഞാൻ ചാവുകയാണ്;അപമാനം സഹിക്കുന്നതിനുമില്ലേ,ഒരതിര്‌'
'
                                                   5/2/2015

ശുഭം

കള്ളന്മാരും കോമാളികളും കൊലയാളികളുമല്ലാത്തവരായി ആരുമില്ലാത്ത നാട്ടിൽ പരദേശിയായി ഞാൻ ജീവിക്കുന്നു.പോകെപ്പോകെ ഞാനും ഇന്നാട്ടുകാരിൽ ഒരാളായിത്തീരുമെന്ന പ്രതീക്ഷയിൽ രാപ്പകലുകൾ കടന്നുപോവുന്നു.ശുഭം!
5/2/2015

Wednesday, February 4, 2015

ഈ എഴുത്ത് എനിക്കുള്ളതല്ല

'പുതിയ പല പുസ്തകങ്ങലും വായിക്കാനെടുത്താൽ ഒന്നോ രണ്ടോ പേജ് കഴിയുമ്പോൾ ഈ എഴുത്ത് എനിക്കുള്ളതല്ല എന്നു തോന്നും.അവിടെ വെച്ച് ഞാൻ വായന നിർത്തും.' എന്റെ സമപ്രായക്കാരായ സുഹൃത്തുക്കളിൽ പലരും പറയാറുണ്ട്.അവരുടെ അഭിപ്രായത്തോട് ഞാൻ യോജിക്കാറുമുണ്ട്.പക്ഷേ,പുതിയ പുസ്തകങ്ങൾ പലതും വായിക്കാൻ പറ്റാതെ വരുന്നത് അവയുടെ നിലവാരക്കുറവ് കൊണ്ടാണെന്ന് ഞാൻ തറപ്പിച്ചു പറയില്ല.എന്റെയും എന്റെ തലമുറയിലെ വായനക്കാരുടെയും അഭിരുചി കൂടി പ്രശ്‌നമാവുന്നുണ്ടാവാം.ഞങ്ങൾ കുട്ടിക്കാലത്തും കൗമാരപ്രായത്തിലുമൊക്കെ വായിച്ച എഴുത്തുകാരുടെതിൽ നിന്നും തീർത്തും ഭിന്നമായ ഇതിവൃത്തങ്ങളും ആഖ്യാനശൈലിയുമാണ് പുതിയ എഴുത്തുകാരുടെ നോവലുകളിലും കഥകളിലും ഉള്ളത്.
ഈ എഴുത്തുകാർ മിക്കപ്പോഴും വ്യക്തിഗതാനുഭവങ്ങളെയോ സാമൂഹ്യാനുഭവങ്ങളെത്തന്നെയോ ആധാരമാക്കിയല്ല എഴുതുന്നത്.ജീവിതം അവർക്ക് ദ്വിതീയ സ്രോതസ്സ് മാത്രമാണ്.പ്രാഥമിക സ്രോതസ്സ് ഇന്റർനെറ്റും ബൗദ്ധികമായി കേവലം പൈങ്കിളിയോ സമകാലീന ജീവിതത്തിന്റെ ബാഹ്യമുദ്രകൾ വഹിക്കുന്നതും അതേ സമയം യഥാർത്ഥത്തിൽ താഴ്ന്ന തരം ഡിറ്റക്ടീവ് കഥകളുടെ ആഖ്യാനശൈലി സ്വീകരിക്കുന്നതും ആയ ചില വൈദേശിക സാഹിത്യകൃതികളോ ആണ്. പൊലിപ്പിച്ചെടുത്ത ഭാഷയും വലിയ സാഹിത്യപരിചയമില്ലാത്തവരെ  ഭ്രമിപ്പിക്കുന്ന ഇതിവൃത്ത ഘടനയുമൊക്കെ ഈ കൃതികൾക്ക് ഉണ്ടാവും.
പുതിയകാല ജീവിതം അതിന്റെ അമ്പരപ്പിക്കുന്ന ഗതിവേഗം കൊണ്ടും വിവര ബാഹുല്യം കൊണ്ടും ബാഹ്യമായ ധാരാളിത്തം കൊണ്ടുമൊക്കെ യുവജനങ്ങളെ ആന്തരികമായി അങ്ങേയറ്റം ശൂന്യരാക്കുന്നുണ്ടെന്നു വേണം കരുതാൻ.ഒന്നിലും അല്പനേരം പോലും തങ്ങിനിൽക്കാനാവാത്ത വിധം അവരുടെ മനോലോകം നിരന്തരം അസ്ഥിരപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടാവാം.തങ്ങളെ വേട്ടയാടുന്ന ശൂന്യതയെയും അസ്ഥിരതയെയും  നേരിടുന്നതിനുവേണ്ടി അവർ ഉണ്ടാക്കിയെടുക്കുന്ന കെട്ടുകഥകൾക്ക് ഇക്കാലത്തെ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ബാഹ്യജീവിതത്തിന്റെയും മാനസികജീവിതത്തിന്റെയും താളം ഉൾക്കൊള്ളാനാവുന്നുണ്ടാവാം.ഞങ്ങളുടെ ജീവിതം പാകപ്പെട്ടു വന്ന സാഹചര്യവും ഞങ്ങൾ വായിച്ച പുസ്തകങ്ങളുമെല്ലാം തീർത്തും വ്യത്യസ്തമാണ്.യുവജനങ്ങൾ മാറിയ ലോകത്തെ ആഖ്യാനം ചെയ്യുമ്പോൾ അതിന് അല്പം പോലും ജൈവസ്വഭാവമുള്ളതായി ഞങ്ങൾക്ക് അനുഭവപ്പെടുന്നില്ല. പക്ഷേ,ഞങ്ങളുടെ പ്രതീതിയെ അടിസ്ഥാനമാക്കിയല്ല മറ്റുള്ളവർ ഏത് പുസ്തകത്തിൽ നിന്നും അനുഭവങ്ങൾ സ്വീകരിക്കുന്നത് എന്ന വസ്തുതയും നിലനിൽക്കുന്നു.അപ്പോഴും 'ഈ പുസ്തകം എന്റേതല്ല' എന്നു പറഞ്ഞ് ഒരു പുതിയകാല നോവൽ മാറ്റിവെക്കാനുളള
 ഞങ്ങളിലോരോരുത്തരുടെയും സ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെടുന്നില്ല.
                                                                                                            4/2/2015

Tuesday, February 3, 2015

ആത്മീയത

 ആത്മീയത ആത്മീയാചാര്യന്മാരായി അറിയപ്പെടുന്നവർക്ക് പകർന്നു തരാനാവുന്ന അനുഭവമല്ല.അത് മനസ്സിനെ പ്രത്യേകരീതിയിൽ പാകപ്പെടുത്തുന്ന വ്യക്തികൾക്കു മാത്രം സാക്ഷാത്കരിക്കാനാവുന്ന ഒന്നാണ്.ഈ പാകപ്പെടുത്തലിന് വലിയ അളവിലുള്ള ജ്ഞാനാർജ്ജനം നിർബന്ധമല്ല.ആഗ്രഹങ്ങളെ സ്വന്തം വരുതിയിൽ നിർത്തുക,ജീവിക്കുന്ന ചുറ്റുപാടുകളിലെ ചെറിയ ജീവികളെയും ചെടികളെയും മരങ്ങളെയുമെല്ലാം നിരീക്ഷിച്ചും സ്‌നേഹിച്ചും ആനന്ദം കണ്ടെത്തുക,അവനവന്റെ ഇടപെടലിൽ നിന്ന് വിശേഷിച്ചാർക്കും ഒരു ഗുണവുമുണ്ടാവില്ല എന്ന് ഉത്തമ ബോധ്യമുള്ള വിവാദങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുക ഇത്രയുമൊക്കെ സാധിക്കുന്നവർക്ക് ആത്മീയാനന്ദം കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കും.ആശയങ്ങളുടെ ലോകവുമായി തുടർച്ചയായി അടുത്തിടപഴകുന്നത് മനസ്സിനെ നിരന്തരം നവീകരിക്കുന്നതിന് തീർച്ചയായും സഹായിക്കും.പക്ഷ,ഒരാശയത്തെയും രാഷ്ട്രീയ ദർശനത്തെയും സാർവകാലികപ്രസക്തിയുള്ള ശരിയായി തെറ്റിദ്ധരിക്കരുത്.ലോകം മാറാനുള്ളതാണ്.മാറിക്കൊണ്ടേയിരിക്കുന്നതാണ്.അതിൽ ദു:ഖിക്കാൻ ഒന്നുമില്ല.വസ്തുത അതാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണമെന്നു മാത്രം.
തങ്ങൾക്ക് കൈവന്ന ആത്മീയാനുഭവത്തെ പറ്റി വിസ്തരിച്ചെഴുതി വിഖ്യാതരായിത്തീർന്നവരുണ്ട്.ആത്മീയതയെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് സ്വന്തം ബൗദ്ധികശേഷിയുടെ അസാധാരണത്വത്തെയും ജ്ഞാനത്തിന്റെ വൈപുല്യത്തെയും തെളിയിച്ച് കാണിക്കാൻ ശ്രമിച്ചവരുമുണ്ട്.ഓഷോ രജനീഷ്,ജിദ്ദു കൃഷ്ണമൂർത്തി,നിത്യചൈതന്യതി തുടങ്ങിയ പലരുടെയും പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്.അവയിൽ ഒന്നു പോലും എന്നെ ആകർഷിച്ചില്ല,ഒന്നും എന്നെ അത്ഭുതപ്പെടുത്തിയില്ല.മലയാളത്തിലെയും ബംഗാളിയിലെയും പല വിദേശഭാഷകളിലെയും പല കവിതകളും കഥകളും നോവലുകളും തന്ന സാന്ദ്രമായ ആത്മീയാനുഭവത്തിന്റെ നാലയലത്ത് വരുന്ന ഒന്നും ഈ ഗ്രന്ഥങ്ങളിൽ ഞാൻ കണ്ടില്ല.ഒരു പാരഗ്രാഫിൽ പറയാൻ പറ്റുന്ന കാര്യം ഒരു പുസ്തകത്തിൽ വലിച്ചുനീട്ടി എഴുതുന്ന ആരെയും ആത്മീയാചാര്യനായി കാണാൻ എനിക്കാവില്ല.
മറ്റൊരു കാര്യം കൂടിയുണ്ട്.ഏത് ആത്മീയാചാര്യനായാലും അയാൾ തന്റെ കാലത്തെ സാമൂഹ്യാനീതികളോട് എങ്ങനെ പ്രതികരിച്ചു,അവയ്‌ക്കെതിരെ സ്വന്തം നിലയിൽ എന്ത് പോരാട്ടം നടത്തി എന്നതാണ് പരമ പ്രധാനമായ കാര്യം.ശ്രീനാരായണ ഗുരു കേരളം കണ്ട ഏറ്റവും വലിയ ആത്മീയാചാര്യനാകുന്നത് അതുകൊണ്ടാണ്.മഹാത്മജി ആധുനിക ഇന്ത്യയിലെ മഹാഗുരുവാകുന്നതും അങ്ങനെ തന്നെ.
                                                   3/2/2015

Monday, February 2, 2015

ചെറുതേ വലുത്!

ഞാൻ പുറത്തിറങ്ങാതായി
സൗഹൃദസംഭാഷണങ്ങളും സഞ്ചാരങ്ങളും ഇല്ലാതായി
പ്രസംഗവേദികളിൽ നിന്നും
പൊതുചടങ്ങുകളിൽ നിന്നും ഒഴിവായി
എന്റെ ലോകം ചെറുതായി
ഒരു കുട്ടിപ്പുസ്തകത്തിലെ ഭൂഗോളം പോലെയായി
എങ്കിൽ തന്നെ എന്ത്?
അതിലുണ്ട് നാനാജനപദങ്ങൾ
ജീവജാലങ്ങൾ
മഹാസമുദ്രങ്ങൾ
പർവതങ്ങൾ
സമതലങ്ങൾ
അഗാധഗർത്തങ്ങൾ
ഇപ്പോഴറിയുന്നു:
ഈ ചെറിയ ലോകത്തിലെത്തിയപ്പോഴാണ്   
ഞാൻ ഭൂമിയോളം വലുതായത്!
2/2/2015

Sunday, February 1, 2015

പൊരുതി മരിച്ചവർ

ഫാസിസത്തിന്നെതിരെയും വിവിധ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെയും സാമൂഹ്യവിരുദ്ധശക്തികൾക്കെതിരെയും പോരാടി മരിച്ച എത്രയോ എഴുത്തുകാരുണ്ട്.രൂപസങ്കല്പത്തെ കുറിച്ചോ ഭാവഗാംഭീര്യത്തെ കുറിച്ചോ ഉള്ള പൂർവനിശ്ചിത ധാരണകളുമായി അവരുടെ കൃതികളെ സമീപിച്ചാൽ പലപ്പോഴും നിരാശയായിരിക്കും ഫലം.സ്വന്തം സർഗവൈഭവത്തെ സുരക്ഷാകവചമായല്ല പൊറുക്കാനാവാത്ത നീതികേടുകൾക്കെതിരെയുള്ള ആയുധമായാണ് അവർ ഉപയോഗിച്ചത്.ചാരുകസേരയിൽ ഇരുന്ന് തലമുറക
ൾക്ക് വായിക്കാവുന്ന ശുദ്ധസൗന്ദര്യാത്മക രചനകളുമായി അവയ്ക്കു താരതമ്യമില്ല.അവ നൽകുന്ന അനുഭവങ്ങൾ വേറെ ചിലതാണ്.അക്കാര്യം മനസ്സിലാക്കാൻ പറ്റാത്തവർ ആ കൃതികൾക്കു നേരെ വാളോങ്ങുന്നതിന് സാഹിത്യസംബന്ധിയായ അവരുടെ അജ്ഞതയല്ലാതെ മറ്റ് കാരണമൊന്നുമില്ല.
 1/2/2015

ആധുനികർ ചെയ്തത്

  നമ്മുടെ നാട്ടിലെ രാമനും കോമനും രാധയും ജാനുവുമൊക്കെ തന്നെയായിരുന്നില്ലേ ആധുനികരുടെ കഥാപാത്രങ്ങൾ?മലയാളിയുടെ അനുഭവലോകങ്ങളിൽ നിന്നു തന്നെയല്ലേ അവർ തങ്ങളുടെ കഥാവസ്തുക്കൾ കണ്ടെത്തിയത്?അപ്പോൾ പിന്നെ അവരുടെ കഥകളിലെ ജീവിതം യഥാർത്ഥ കേരളീയ ജീവിതമായിരുന്നില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഈ ചോദ്യങ്ങൾക്ക് പെട്ടെന്ന് ബോധ്യം വരത്തക്ക വിധത്തിലുള്ള ഉത്തരങ്ങൾ നൽകുക എളുപ്പമല്ല.പുറം കാഴ്ചയിൽ കേരളീയം എന്നു തോന്നുന്നത് കേരളത്തിനുമേൽ ഏതെങ്കിലുമൊരു വിഭാഗം,മിക്കപ്പോഴും സാംസ്‌കാരിക മേൽക്കോയ്മയുള്ള വർഗം ആരോപിക്കുന്ന,അല്ലെങ്കിൽ സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി ഉല്പാദിപ്പിച്ചെടുക്കുന്ന കേരളീയതയുടെ പ്രകടിത രൂപം മാത്രമാവാം.അത് നാം എളുപ്പത്തിൽ തിരിച്ചറിയണമെന്നില്ല.കേരളീയജീവിതത്തെ വലയം ചെയ്തുകൊണ്ട് പല ആശയലോകങ്ങളും പലരും നിർമിച്ചെടുത്ത മൂല്യബോധങ്ങളും സൗന്ദര്യസങ്കല്പങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഇവയെയൊക്കെ അടർത്തിമാറ്റി യഥാർത്ഥ കേരളീയജീവിതത്തെ കണ്ടെത്തി,അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞ് ആവിഷ്‌ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം ജീവിതത്തെയും എഴുത്തിനെയും കുറിച്ച് വൈദേശിക സാഹിത്യ രചനകളും ദർശനങ്ങളുമായുള്ള മിക്കവാറും അപൂർണമായ പരിചയത്തിൽ നിന്ന് സ്വരൂപിച്ച ധാരണകൾ സ്വന്തം രചനകളിൽ പ്രയോഗിക്കുകയാണ് ആധുനികർ ചെയ്തത്.ആ രചനകൾ ഉണർത്തിയ കൗതുകം ഇപ്പോഴും അസ്തമിച്ചിട്ടില്ല.കാരണം ഭാവനാനിർമിതികൾ,അവ ദാർശനികമായി എത്രമേൽ പരതന്ത്രമായിരുന്നാലും,തരുന്ന സുഖത്തിലുള്ള കമ്പം വായനാസമൂഹം പെട്ടെന്നൊന്നും കൈവിടുകയില്ല.
ആധുനികരുടെ ജീവിതാവിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ഈ അഭിപ്രായം നിലനിർത്തിക്കൊണ്ടു തന്നെ ഒരു കാര്യം കൂടി പറയാം അവരുടെ പല കഥകളിലെയും നോവലുകളിലെയും കഥാസന്ദർഭങ്ങളും അനുഭവ ശകലങ്ങളും യഥാർത്ഥത്തിൽ കേരളീയം തന്നെയാണ്.ആധുനികരുടെ പലനാട്യങ്ങളെയും ധിക്കരിച്ചുകൊണ്ട് അവ തലയുയർത്തിനിൽക്കുന്നുണ്ട്.കൂട്ടത്തിൽ തീർച്ചയായും ചില കഥാപാത്രങ്ങളും ഉണ്ട്.അപ്പോൾ പോലും,കേരളത്തിലെ മനുഷ്യരെയും അവരുടെ ജീവിതത്തെയും രാഷ്ട്രീയത്തെയുമെല്ലാം പുച്ഛിച്ചു തള്ളുന്ന നിലപാടാണ് മുന്നിട്ടു നിന്നത്.മലയാളത്തിലെ സാഹിത്യവായനക്കാരിൽ മഹാഭൂരിപക്ഷത്തെയും സ്വാധീനിച്ചത് ആ നിലപാടാണ് താനും.
1/2/2015