Pages

Thursday, February 27, 2014

വോട്ടും ധര്‍മവും

എഴുത്തുകാരന്‍ ഒരു പ്രത്യേക രാഷ്ട്രീയകക്ഷിക്ക്‌ വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ അധാര്‍മികമാണെന്ന്‌ സി.രാധാകൃഷ്‌ണന്‍ പ്രസംഗിച്ചതായി വായിച്ചു.രാധാകൃഷ്‌ണന്‍ ധര്‍മാധര്‍മവിവേചനത്തിന്‌ മാനദണ്ഡമായി സ്വീകരിച്ചത്‌ എന്തിനെയാണാവോ? ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യരുത്‌ എന്നോ ഏത്‌ കക്ഷിക്ക്‌ വേണമെങ്കിലും വോട്ട്‌ ചെയ്‌തോളൂ എന്നോ പറഞ്ഞാല്‍ ധര്‍മമാവുമോ?അതല്ല വോട്ടിന്റെ കാര്യം മിണ്ടാനേ പാടില്ല എന്നാണോ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക?ധര്‍മത്തിന്റെ സനാതനാടിസ്ഥാനങ്ങളെ കുറിച്ചൊന്നുമല്ല ഈ എഴുത്തുകാരന്‍ സംസാരിച്ചതെന്ന്‌ വ്യക്തം.ആ ഒരു മണ്ഡലത്തില്‍ എന്തായാലും വോട്ടിന്റെ പ്രശ്‌നമൊന്നും ചര്‍ച്ചക്കേ വരില്ലല്ലോ?
 
27/2/2014 

കവിതാഡയറി

ഹോമപ്പുകയാല്‍ മനുഷ്യക്കുരുതിക്ക്‌ മറയിടാം 
സങ്കീര്‍ത്തനങ്ങളാല്‍ നിലവിളികളെ നിശ്ശബ്ദമാക്കാം
ആശ്ലേഷങ്ങളുടെ അകമ്പടിയോടെ അനേകായിരങ്ങളെ
അന്ധകാരത്തിലേക്ക്‌ നടതള്ളാം
പക്ഷേ,ആത്മാവില്‍ നഗ്നയായി നരകകവാടത്തില്‍
നിലവിളിക്കുന്ന ഒരു സ്‌ത്രീയെ
ആര്‍ക്കും ഒന്നും ചെയ്യാനാവില്ല
സത്യത്തിന്റെ പരിച എല്ലാ വാളുകളുടെയും
വായ്‌ത്തലയൊടിക്കും.
23/2/2014

ആം ആദ്‌മി ആലോചനകള്‍

ഹിന്ദുത്വ വാദികള്‍,മുസ്ലീം തീവ്രവാദികള്‍,തീവ്ര ഇടതുപക്ഷക്കാര്‍ ഇവരൊക്കെ പാര്‍ട്ടിക്കെതിരെ കൈകോര്‍ക്കുന്നുവെന്ന സി.പി.ഐ(എം)ന്റെ വാദം നൂറ്‌ ശതമാനവും ശരിയാണ്‌.പക്ഷേ,ഇലക്‌ഷന്‍ വരുമ്പോള്‍ തീവ്ര വര്‍ഗീയവാദികളെയും മതമേധാവികളെയും അങ്ങോട്ടു ചെന്നു കണ്ട്‌ പിന്തുണ തേടുന്ന ഒരു പാര്‍ട്ടിയായിപ്പോയി മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി.അതുകൊണ്ടാണ്‌ സത്യമായിരുന്നിട്ടും അതിന്റെ ആക്ഷേപത്തെ ആരും ഗൗരവത്തില്‍ എടുക്കാത്തത്‌.
22/2/2014

രണ്ട്‌ കാഴ്‌ചകള്‍

1.
തീ വിഴുങ്ങുന്ന മനുഷ്യനെ
നിത്യവും ഫയര്‍‌സ്റ്റേഷന്‍ റോഡില്‍ കണ്ടു
ഓരോ തവണയും ഓരോ ചെറിയ തീപ്പന്തം വായ്‌ക്കുള്ളിലാക്കി
കരിമ്പുക ഇഴഞ്ഞകലുന്ന കരിക്കൊള്ളിയായി
അത്‌ പുറത്തെടുത്ത പാടെ
കാണികള്‍ക്കു നേരെ അയാള്‍ കൈനീട്ടും
ജീവിക്കാനുള്ള അവകാശത്തിന്‌
തീ വിഴുങ്ങിക്കാണിക്കണമെന്ന്‌ ശഠിക്കുന്ന ദൈവമല്ല
മുന്നില്‍ നില്‍ക്കുന്ന മനുഷ്യരാണ്‌
അന്നദാതാക്കളെന്ന അറിവില്‍
അപ്പോള്‍ അയാളുടെ മുഖം
വിനീതവും വ്യാകുലവും പ്രാര്‍ത്ഥനാ പൂര്‍ണവുമാകും.
2
കാട്‌ കാണാന്‍ പോയി
ഒരുപാട്‌ മൃഗങ്ങളെ കണ്ടു
മരങ്ങള്‍ കണ്ടു
ഒന്നിന്റെയും പേര്‌ ഓര്‍മയില്‍ വന്നില്ല
കാടിറങ്ങുന്ന വഴിക്ക്‌
കണ്ടുമുട്ടിയ കാട്ടുകള്ളന്‍
വനസംരക്ഷണത്തിനുള്ള
സന്നദ്ധസംഘടനകളിലൊന്നിന്റെ
നേതാവെന്നു സ്വയം പരിചയപ്പെടുത്തി
കൈപിടിച്ചും കാല്‍പിടിച്ചും
സഖ്യമറിയിച്ച്‌
മൊബൈല്‍ നമ്പറും വാങ്ങി
മുന്നോട്ടായുമ്പോള്‍
അറികെ നിന്നൊരു ചിറകടി കേട്ടു
അടുത്ത നിമിഷത്തില്‍
അടികൊള്ളും പോലൊരു കൊത്ത്‌കിട്ടി
തിരിഞ്ഞു നോക്കുമ്പോള്‍
പറന്നുപോകുന്ന പക്ഷിയെ കൃത്യമായി കണ്ടു
പേര്‌ ഓര്‍മവരികയും ചെയ്‌തു:
വേഴാമ്പല്‍,മലമുഴക്കി വേഴാമ്പല്‍
(മാതൃകാന്വേഷി,ജനവരി 2014)


Saturday, February 22, 2014

ആം ആദ്‌മി പാര്‍ട്ടിയും ഞാനും

താന്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധപ്പെടണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഏത്‌ എഴുത്തുകാരനും എഴുത്തുകാരിക്കും ഉണ്ട്‌.ഒരു രാഷ്ട്രീയ കക്ഷിയുടെ നയങ്ങളോടും നിലപാടുകളോടുമുള്ള തന്റെ ആഭിമുഖ്യത്തിന്റെ പ്രഖ്യാപനമാണ്‌ ആ കക്ഷിക്ക്‌ അനുകൂലമായി സംസാരിക്കുന്നതിലൂടെ ഒരാള്‍ സാധിക്കുന്നത്‌.ഇത്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചോ സ്വീകരിക്കാതെയോ ആവാം.അംഗത്വം കൈക്കൊള്ളുക എന്നതിന്‌ പാര്‍ട്ടിക്കു വേണ്ടി സംസാരിക്കാനും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനും ഉള്ള ഉത്തരാവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണ്‌ എന്ന്‌ പരസ്യമായി പ്രഖ്യ.ാപിക്കുക എന്ന അര്‍ത്ഥമാണ്‌ കല്‌പിക്കപ്പെട്ടു വരുന്നത്‌.നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടിനേതൃത്വം ചെയ്യുന്ന നല്ലതും ചീത്തയുമായ സകലതിനെയും അനുകൂലിച്ച്‌ സംസാരിക്കാനുള്ള ബാധ്യതയാണ്‌ അംഗങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.കൊലപാതകങ്ങള്‍,വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍,വ്യാജഭൂമി ഇടപാടുകള്‍ ഇവയൊക്കെ പാര്‍ട്ടിനേതാക്കള്‍ നേരിട്ടു നടത്തി എന്നോ അവരുടെ ഒത്താശയോേെട നടന്നു എന്നോ പൂര്‍ണമായും ബോധ്യപ്പെട്ടാലും അറിഞ്ഞതിനെയെല്ലാം നിരാകരിക്കുന്നതായി ഭാവിച്ച്‌ പാര്‍ട്ടിക്കു വേണ്ടി സംസാരിക്കുന്നയാളെയാണ്‌ നല്ല മെമ്പറായി പാര്‍ട്ടി അംഗീകരിക്കുന്നത്‌.നേതാക്കളുടെ ഏതെങ്കിലും നിലപാടിനെയോ നടപടിയെയോ വിമര്‍ശിക്കുന്നയാള്‍ പാര്‍ട്ടിക്ക്‌ അനഭിമതനാവും.ഇതാണ്‌ നാം സാധാരണ കണ്ടുവരുന്നത്‌.ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഏത്‌ സാഹചര്യത്തിലും അംഗത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ തയ്യാറാവുന്ന ഒരു കക്ഷിരാഷ്ട്രീയ സംസ്‌കാരം ഇന്നാട്ടില്‍ രൂപപ്പെട്ടുവരാന്‍ ഇനിയും ഒരുപാട്‌ കാത്തിരിക്കേണ്ടി വന്നേക്കും.കാരണം നമ്മുടെ ജനാധിപത്യബോധം അത്രയും താഴ്‌ന്ന പടിയാലാണുള്ളത്‌.
താന്‍ കൂറ്‌ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ സാധാരണ ഗതിയില്‍ എഴുത്തുകാരനെ പ്രതികൂലമായി ബാധിക്കാനാണ്‌ കൂടുതല്‍ സാധ്യത.കമ്മിറ്റി മീറ്റിംഗുകള്‍,പ്രസംഗങ്ങള്‍,മെമ്മോറാണ്ടം തയ്യാറാക്കല്‍,മറ്റ്‌ കക്ഷികളുമായുള്ള വാദപ്രതിവാദങ്ങള്‍ തുടങ്ങിയവയൊക്കെ ഒരുപാട്‌ സമയം അപഹരിക്കും,എഴുത്തിന്‌ അവശ്യം വേണ്ട സാവകാശവും ഏകാഗ്രതയും ഇല്ലാതാക്കുകയും ചെയ്യും.എന്നാല്‍ ഈ വക കാര്യങ്ങളൊക്കെ ആലോചിച്ചുറച്ച്‌ തനിക്ക്‌ ഗുണകരമാവും എന്ന്‌ കണ്ടതില്‍പ്പിന്നെയല്ല ഒരു എഴുത്തുകാരന്‍/എഴുത്തുകാരി ഒരു പാര്‍ട്ടിയോട്‌ കൂറ്‌ പ്രഖ്യാപിക്കുന്നത്‌.പാര്‍ട്ടിയുടെ നിലപാടുകളോടും പ്രവര്‍ത്തന ശൈലിയോടും ഐക്യപ്പെടണം എന്ന സംശുദ്ധമായ തോന്നലാണ്‌ അല്ലാതെ ലാഭചിന്തയോ മറ്റ്‌ പ്രേരണകളോ അല്ല എഴുത്തുകാരെ രാഷ്ട്രീയകക്ഷി ബന്ധത്തിന്‌ പ്രേരിപ്പിക്കുന്നത്‌.എന്തും ഏതും വ്യക്തി എന്ന നിലക്ക്‌ തനിക്ക്‌ നേട്ടമുണ്ടാക്കും എന്ന്‌ ഉറപ്പ്‌ വരുത്തിയതിന്‌ ശേഷം മാത്രം ചെയ്യുന്നതില്‍ യാതൊരു രാഷ്ട്രീയവുമില്ല.അത്‌ കച്ചവടമാണ്‌.നമ്മുടെ ലബ്ധപ്രതിഷ്‌ഠരായ എഴുത്തുകാരില്‍ വളരെയേറെ പേര്‍ അതില്‍ അതിയായ വൈദഗ്‌ധ്യമുള്ളവരുമാണ്‌.
അഴിമതിക്കെതിരായ ഉറച്ച നിലപാടുകളും അധികാരഘടനയുടെ കാര്‍ക്കശ്യങ്ങള്‍ക്ക്‌ പുറത്തുകടക്കുന്ന സുതാര്യമായ പ്രവര്‍ത്തന ശൈലിയും ഉണര്‍ത്തിയ പ്രതീക്ഷകളാണ്‌ എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള ജനലക്ഷങ്ങളെ ആം ആദ്‌മിയിലേക്ക്‌ ആകര്‍ഷിച്ചത്‌.വലിയ അവകാശവാദങ്ങളും ചരിത്രം പറച്ചിലും പ്രഖ്യാപനങ്ങളുമൊന്നും സാമാന്യജനങ്ങള്‍ക്കെതിരെ വന്‍കിട കുത്തകകളോട്‌ചേര്‍ന്നു നില്‍ക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ തടസ്സമാവുന്നില്ല എന്ന്‌ അനുഭവത്തില്‍ നിന്ന്‌ നാം തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇടതുപക്ഷ പാര്‍ട്ടികളുടെ കൊണ്ടുപിടിച്ച പ്രത്യയശാസ്‌ത്ര ചര്‍ച്ചകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നും പാര്‍ട്ടി നേതാക്കളില്‍ ബഹുഭൂരിപക്ഷവും ഫ്യൂഡല്‍ പ്രഭുക്കന്മാരുടെയും ചിലപ്പോള്‍ കോര്‍പ്പറേറ്റ്‌ മുതലാളിമാരുടെയും മനോഭാവത്തോടെയാണ്‌ കാര്യങ്ങളെ സമീപിക്കുന്നത്‌ എന്നും എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്‌തു.എങ്കിലും അധികാരത്തോടും അതിന്റെ ഭാഗമായ തിന്മകളോടും ചേര്‍ന്നു നില്‍ക്കുന്നതില്‍ നിന്ന്‌ മഹാഭൂരിപക്ഷം ജനങ്ങളും പെട്ടെന്നൊന്നും പിന്തിരിയുമെന്നു തോന്നുന്നില്ല.ചെറിയ അളവില്‍ പോലും ത്യാഗവും സാഹസവും ആവശ്യപ്പെടുന്ന നിലപാടുകളില്‍ നിന്ന്‌ മാറിനില്‍ക്കുക എന്നതാണ്‌ പൊതുവില്‍ ബഹുജനം സ്വീകരിച്ചു വരുന്ന നയം.എഴുത്തുകാരിലും മഹാഭൂരിപക്ഷവും മറിച്ചൊന്നു ചിന്തിക്കില്ല.അതുകൊണ്ട്‌ കേരളത്തില്‍ അടുത്ത കാലത്തെങ്ങും ആംആദ്‌മി അധികാരത്തിന്റെ അയലത്തെങ്ങും എത്തുകയില്ല.ആം ആദ്‌മി പാര്‍ട്ടിയോട്‌ ചേര്‍ന്നു നില്‍ക്കുന്ന ആര്‍ക്കും തന്നെ ഇക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാകാന്‍ ഇടയില്ല.
രാഷ്ട്രീയപ്രവര്‍ത്തനം അധികാരം ലക്ഷ്യം വെച്ചുള്ളതാണ്‌.അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്‌ സ്വന്തം നയപരിപാടികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക്‌ പ്രവേശിക്കാനാവൂ.അപ്പോള്‍ മാത്രമേ വാക്കിനെ പ്രവൃത്തിയാക്കി മാറ്റാന്‍ പാര്‍ട്ടിക്ക്‌ കഴിയുകയുള്ളൂ.സമീപകാലത്തെങ്ങും അത്‌ സാധ്യമാവില്ലെന്നറിഞ്ഞിട്ടും ആം ആദ്‌മിയോട്‌ കൂറ്‌ പ്രഖ്യാപിച്ചതെന്തിന്‌ എന്ന ചോദ്യത്തിന്‌ എനിക്കുള്ള ഉത്തരം ഇതാണ്‌: കോണ്‍ഗ്രസ്സിനെ പോലെ അധികാരം കൊണ്ട്‌ ജീര്‍ണിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി കുറേ കാലത്തേക്കെങ്കിലും അധികാരത്തില്‍ നിന്ന്‌ പൂര്‍ണമായും മാറ്റി നിര്‍ത്തപ്പെടേണ്ടതാണ്‌.ചെറുതും വലുതുമായ മറ്റ്‌ വലതുപക്ഷ പാര്‍ട്ടികളെല്ലാം അവയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന ഏതാനും വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമാണ്‌.അവയില്‍ ഒന്നു പോലും ഉയര്‍ന്ന ജനാധിപത്യബോധം മുറുകെ പിടിക്കുന്നതല്ല.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയാണെങ്കില്‍ പ്രത്യയശാസ്‌ത്രം,പാര്‍ട്ടി ഘടന തുടങ്ങിയ കാര്യങ്ങളെ ചൊല്ലി ഊറ്റം കൊള്ളുകയും ദര്‍ശന തലത്തില്‍ അപകടകരമായ യാഥാസ്ഥിതികത്വം പുലര്‍ത്തുകയും ഒപ്പം തന്നെ വലിയൊരു സാമ്പത്തികശക്തിയായി മാറുകയുമാണ്‌.സി.പി.ഐ ഉള്‍പ്പെടെയുള്ള മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളുടെയും വഴി ഭിന്നമല്ല.
ആം ആദ്‌മി പാര്‍ട്ടി വര്‍ഗീയതക്കും അഴിമതിക്കും എതിരായി ഉയര്‍ന്നു വരുന്ന പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്‌.അതിന്റെ പ്രവര്‍ത്തനശൈലി ലളിതമാണ്‌.പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രം,സാമ്പത്തികനയം എന്നിവയെല്ലാം ഇനിയും രൂപപ്പെട്ട്‌ വരാനിരിക്കുന്നതേ ഉള്ളൂ.'ആം ആദ്‌മി പാര്‍ട്ടി ഒരു പാര്‍ട്ടിയല്ല.സത്യസന്ധമായ രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരാശയം മാത്രമാണ്‌.'എന്ന്‌ അരവിന്ദ്‌ കെജ്‌രിവാള്‍ തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്‌.അങ്ങനെയുള്ള ഒരു പാര്‍ട്ടിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതാണ്‌ കൂടുതല്‍ അര്‍ത്ഥപൂര്‍ണമെന്ന്‌ ഞാന്‍ കരുതുന്നു.മരിച്ച ആശയങ്ങളും ദ്രവിച്ച പ്രവര്‍ത്തന പദ്ധതികളുമായി നിലനില്‍ക്കുന്ന ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ അനുഭാവിയായി പോലും സ്വയം സങ്കല്‌പിക്കുന്നത്‌ അരോചകമായി തോന്നുന്നു.ആം ആദ്‌മി പാര്‍ട്ടി സ്വയം നിര്‍മിക്കുമ്പോള്‍ സ്വാഭാവികമായും എന്റെ ചിന്താലോകവും ആ നിര്‍മാണ പ്രക്രിയയുടെ ഭാഗമാവും.അതു വഴി അതിന്റെയും പുനര്‍നിര്‍മിതി സാധ്യമാവുമെന്നു ഞാന്‍ കരുതുന്നു.അങ്ങനെയൊരു സ്വാര്‍ത്ഥചിന്ത വാസ്‌തവത്തില്‍ പിന്നാലെ മാത്രം വരുന്നതാണ്‌. ഈ മഹാരാജ്യത്തെ സാധാരണ മനുഷ്യരില്‍ പുതിയൊരു പ്രതീക്ഷയുണര്‍ത്തി ഉയര്‍ന്നു വരുന്ന ഒരു ജനകീയപ്രസ്ഥാനത്തിന്റെ ഭാഗമാവാനുള്ള വെമ്പല്‍ തന്നെയാണ്‌ ആദ്യസംഗതി.
22/2/2014 

Saturday, February 15, 2014

ആം ആദ്‌മി ആലോചനകള്‍

അരവിന്ദ്‌ കേജ്‌രിവാള്‍ അധികാരമൊഴിഞ്ഞിരിക്കുന്നു.ഇനി തീരുമാനം കൈക്കൊള്ളേണ്ടത്‌ ജനങ്ങളാണ്‌.രാഷ്ട്രത്തെ അപ്പാടെ കോര്‍പ്പറേറ്റുകള്‍ക്കു വില്‍ക്കുന്നതില്‍ അല്‌പവും മന:സാക്ഷിക്കുത്തില്ലാത്തവര്‍,വര്‍ഗീയഭ്രാന്തും കുത്തുകകളെ പ്രീണിപ്പിക്കലും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ അതിവിദഗ്‌ധര്‍,പ്രത്യയശാസ്‌ത്രം പ്രസംഗിച്ചുകൊണ്ടു തന്നെ കള്ളക്കടത്തുക്കാരും വന്‍തോതിലുള്ള കളങ്കിത സമ്പത്തിന്റെ ഉടമകളുമായി കൈകോര്‍ക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവര്‍ ഇവരൊയൊക്കെ ഉപേക്ഷിച്ച്‌ ആം ആദ്‌മി പാര്‍ട്ടിയെ പിന്തുണക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ അവര്‍ക്ക്‌ കഴിയുമോ?ഈ ചോദ്യത്തിന്‌ ലഭിക്കുന്ന ഉത്തരത്തെ ആശ്രയിച്ചിരിക്കും ഈ മഹാരാജ്യത്തിന്റെ രാഷ്ട്രീയഭാവി.
15/2/2014 

Thursday, February 13, 2014

വിചിത്ര സ്ഥാപനങ്ങള്‍

വിവിധ വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളുടെ ഉല്‌പാദനവും കണ്ടെത്തലുകളുമാണ്‌ സര്‍വകലാശാലകളുടെ പരമപ്രധാനമായ ഉത്തരവാദിത്വം.പക്ഷേ,രാഷ്ട്രീയ താല്‌പര്യങ്ങളും സാമുദായിക പരിഗണനകളും അതാത്‌ കാലത്ത്‌ ഭരണത്തിലിരിക്കുന്ന കക്ഷികളുടെ നാനാതരം അധികാരപ്രയോഗങ്ങളും സ്വാധീനങ്ങളുമെല്ലാം നമ്മുടെ യൂനിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ സകലതലങ്ങളിലും സാരമായി ബാധിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.ഈ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം അവയുടെ സംഭാവനകള്‍ക്ക്‌ ശരാശരിയില്‍ താഴെയുള്ള നിലവാരമേ പ്രതീക്ഷിക്കാനാവൂ.ഈ സ്ഥിതിക്ക്‌ പൂര്‍ണമായ ഒരു മാറ്റം അടുത്ത കാലത്തെങ്ങും പ്രതീക്ഷിക്കാനാവില്ല.
എങ്കിലും,നിലവിലുള്ള അവസ്ഥയില്‍ നിന്ന്‌ കാര്യങ്ങള്‍ കുറച്ചൊന്നു ഭേദപ്പെടുത്തിയെടുക്കാന്‍ സഹായകമാവും എന്ന പ്രതീക്ഷയില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെക്കാം.കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അവിടങ്ങളില്‍ നടക്കുന്ന എല്ലാ അക്കാദമിക്‌ പ്രവര്‍ത്തനങ്ങളെയും ഡിഗ്രിസര്‍ട്ടിഫിക്കറ്റ്‌ വിതരണം ഉള്‍പ്പെടെയുള്ള സാധാരണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഓരോ അര്‍ധവര്‍ഷത്തിലും മാധ്യമങ്ങള്‍ക്കും ബഹുജനങ്ങള്‍ക്കും ഓരോ സര്‍കലാശാലയുടെയും പരിധിക്ക്‌ പുറത്തുള്ള അഞ്ചോ ആറോ പേരടങ്ങുന്ന വിദഗ്‌ധ സമിതിക്കും മുന്നില്‍ അവതരിപ്പിക്കുക.വിശദമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉണ്ടാവട്ടെ.അവയെ അടിസ്ഥാനമാക്കി ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുക.അങ്ങനെ ആയാല്‍ സര്‍വകലാശാലകളുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ കുറിച്ച്‌ അക്കാദമിക്‌ സമൂഹം നിരന്തരം ഓര്‍മിക്കുന്ന അവസ്ഥ വന്നുചേരും.യൂനിവേഴ്‌സിറ്റി നിര്‍മിക്കുന്ന പുതിയ അറിവുകള്‍ പൊതുസമൂഹത്തിന്‌ പരിമിതമായ അളവിലെങ്കിലും പ്രയോജനപ്പെടുകയും ചെയ്യും.
വിശേഷിച്ച്‌ ബുദ്ധിമുട്ടില്ലാതെയും രാഷ്ട്രീയമായ എതിര്‍പ്പുകള്‍ക്ക്‌ വക വെക്കാതെയും ചെയ്യാവുന്ന സംഗതിയാണ്‌ ഇത്‌.ഈയൊരു ചെറിയ കാര്യമെങ്കിലും ചെയ്യാന്‍ തയ്യാറാവുന്നില്ലെങ്കില്‍ 'സര്‍വകലാശാല' എന്നതിന്‌ ബഹുജനം മനസ്സിലാക്കുന്ന അര്‍ത്ഥം വൈസ്‌ചാന്‍സിലറും ജീവനക്കാരും ഇടതടവില്ലാതെ തല്ലുകൂടുന്നതും കുറേപ്പേര്‍ എന്തിനെന്നില്ലാതെ വലിയ തുക ശമ്പളം പറ്റുന്നതും വിദ്യാര്‍ത്ഥികള്‍ക്ക്‌ കൃത്യസമയത്ത്‌ ഡിഗ്രിസര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുന്നതിനു പോലും ശേഷിയില്ലാത്തതും ആയ വിചിത്രസ്ഥാപനം എന്നതു മാത്രമായിരിക്കും.

13/2/2014 

Wednesday, February 12, 2014

രാഷ്ട്രീയബോധം

നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ വെച്ചു നടന്ന കൊലപാതകത്തെ കുറിച്ചും വടകരയില്‍ പോലീസ്‌ ഒരാളുടെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തെ കുറിച്ചും ആഭ്യന്തര വകുപ്പ്‌ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന്‌ ഉറപ്പുവരുത്താനും അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും വി.എം.സുധീരനും വി.ഡി.സതീശനും സാധിക്കുമോ?അത്‌ സാധ്യമാവുന്നില്ലെങ്കില്‍ ജനങ്ങളെയും ജനാധിപത്യത്തെയും കുറിച്ചുള്ള അവരുടെ പ്രസംഗങ്ങളെല്ലാം ചിരിക്കു പോലും വകനല്‍കാത്ത വെറും വാചകമടിയായി മാത്രമേ കണക്കാക്കപ്പെടൂ.
നിലമ്പൂര്‍ സംഭവത്തെ കുറിച്ചുള്ള പോലീസ്‌ അന്വേഷണത്തിന്റെ പോക്ക്‌ ഒരു കൊലപാതകത്തില്‍ പോലും ഭരണനേതൃത്വവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിയും ഇരയുടെ പക്ഷത്തല്ല വേട്ടക്കാരുടെ പക്ഷത്താണ്‌ ഉറച്ചു നില്‍ക്കുക എന്ന ധാരണ ഒന്നുകൂടി ബലപ്പെടുത്തുന്നു.വടകരയിലെ പോലീസ്‌ ക്രൂരത പൊതുജീവിതത്തിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ട പോലീസ്‌ ഇപ്പോഴും തങ്ങളുടെ തൊഴില്‍ എന്താണെന്നതിനെ കുറിച്ച്‌ കടുത്ത തെറ്റിദ്ധാരണയാണ്‌ വെച്ചുപുലര്‍ത്തുന്നതെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു.ഭരിക്കുന്ന കക്ഷികളില്‍ മുഖ്യസ്ഥാനത്തുള്ളത്‌ കോണ്‍ഗ്രസ്സാണെന്നതുകൊണ്ട്‌ ഈ അനീതികള്‍ക്കു മുന്നില്‍ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ നില്‍ക്കാനാണ്‌ സാധാരണ കോണ്‍ഗ്രസ്സുകാരനും കോണ്‍ഗ്രസ്സുകാരിയും പുറപ്പെടുന്നതെങ്കില്‍ അവരുടെ 
രാഷ്ട്രീബോധം ക്ഷുദ്രവും പരിഹാസ്യവും അപലപനീയവും ഒപ്പം തന്നെ ഭയാനകവുമാണ്‌.രാഷ്ട്രീയബോധത്തിന്‌ താന്‍ കാലാകാലമായി വിശ്വസിച്ചുപോരുന്ന രാഷ്ട്രീയകക്ഷി ചെയ്യുന്ന പാതകങ്ങളെ മുഴുവന്‍ പിന്തുണക്കാനുള്ള സന്നദ്ധത എന്ന്‌ ആരും അര്‍ത്ഥം കല്‌പിക്കരുത്‌.
12/2/2014 

Tuesday, February 11, 2014

ആം ആദ്‌മി ഇഫക്ട്‌

രാഷ്ട്രീയത്തില്‍ വ്യക്തിപ്രഭാവത്തിന്‌ സ്ഥാനമൊന്നുമില്ലെന്നും ഒരു ചരിത്രഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷത്തിന്‌ ദിശാവ്യതിയാനവും പരിണാമവും ഉണ്ടാക്കുന്ന ശക്തികളുടെ ആകെത്തുകയാണ്‌ അതിനെ അടുത്ത ഘട്ടത്തിലേക്ക്‌ കൊണ്ടുപോവുന്നത്‌ എന്നും ആ ശക്തികളെ സമന്വയിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കുക എന്ന ചരിത്രദൗത്യം ഒരാളില്‍ വന്നുവീഴുകയാണ്‌ ,ആ ഒരു പ്രത്യേക വ്യക്തി ഇല്ലെങ്കില്‍ ചരിത്രം അയാളുടെ സ്ഥാനത്ത്‌ മറ്റൊരാളെ കണ്ടെത്തും എന്നുമൊക്കെയാണ്‌ മാര്‍ക്‌സിയന്‍ ചരിത്രദര്‍ശനത്തെ തികച്ചും യാന്ത്‌ികമായി ഉള്‍ക്കൊണ്ടിരുന്നവര്‍ പണ്ടൊക്കെ പറഞ്ഞിരുന്നത്‌.ഇന്നിപ്പോള്‍ ആരും അങ്ങനെ പറയുമെന്ന്‌ തോന്നുന്നില്ല.ഒരു ജനതയുടെയോ സമൂഹത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ഗതി നിര്‍ണയിക്കുന്നതില്‍ അതിന്‌ നേതൃത്വം നല്‍കുന്നവര്‍ക്ക്‌ വലിയ പങ്കുണ്ട്‌.നല്ല നേതാവ്‌ ,ചീത്ത നേതാവ്‌ എന്ന വകതിരിവ്‌ തീര്‍ച്ചയായും പ്രസക്തമാണ്‌.
കേരളത്തിലെ കോണ്‍ഗ്രസ്സിന്‌ ഇപ്പോള്‍ രണ്ട്‌ നല്ല നേതാക്കളെ കിട്ടിയിരിക്കുന്നു:വി.എം.സുധീരനും വി.ഡി.സതീശനും.പാര്‍ട്ടിയിലെ ഉന്നത നേതാക്കളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ അവഗണിച്ചും സാധാരണ കോണ്‍ഗ്രസ്സുകാരുടെയും ബഹുജനങ്ങളുടെയും താല്‌പര്യം മനസ്സിലാക്കിയുമാണ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ പറഞ്ഞു കേള്‍ക്കുന്നത്‌ ശരിയാവാനാണ്‌ സാധ്യത.ഇതിനെ കോണ്‍ഗ്രസ്സിനകത്തെ 'ആം ആദ്‌മി ഇഫക്ട്‌' എന്ന്‌ ഒരു ടി.വി ചാനല്‍ വിശേഷിപ്പിച്ചുകണ്ടു.അത്‌ തികച്ചും ശരിയാണ്‌.രാഷ്ടീയത്തിലെ ഏത്‌ തീരുമാനവും, ഒരു പാര്‍ട്ടിയുടെ നേതാക്കളുടെ തിരഞ്ഞെടുപ്പ്‌ പോലും, പാര്‍ട്ടിക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ക്ക്‌ പുറത്തുനില്‍ക്കുന്ന ബഹുജനങ്ങളുടെ താല്‌പര്യം കണക്കിലെടുത്തുവേണം നിര്‍വഹിക്കാന്‍ എന്ന ബോധ്യം രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനു പോലും ഉണ്ടാക്കാന്‍ ഏറ്റവും പുതിയ പാര്‍ട്ടിയായ.ആം ആദ്‌മി പാര്‍ട്ടിക്ക്‌ കഴിഞ്ഞുവെന്നത്‌ ആ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അഭിമാനകരം തന്നെയാണ്‌.
11/2/2014 

നിരൂപണം

ഖണ്ഡന നിരൂപണം സത്യത്തില്‍ ഒരു പാഴ്‌ വേലയാണെന്നു തോന്നുന്നു.എഴുത്തുകാരന്റെ സ്വാധീനബലത്തിന്റെ അളവും പരപ്പും കൃതിയുടെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കുന്നതിനും അതിനെ നാനാതരത്തിലുള്ള അംഗീകാരങ്ങള്‍ കൊണ്ട്‌ പൊതിയുന്നതിനും സഹായകമാകും.പക്ഷേ ,ഒരു ചീത്ത കൃതി എഴുതിയ ആളും സഹായികളും എത്രമേല്‍ പണിപ്പെട്ടാലും ജനമനസ്സില്‍ അധികകാലം നിലനില്‍ക്കില്ല.അതിനെ പൊക്കി നിര്‍ത്തുന്ന പൊയ്‌ക്കാലുകള്‍ ആരും വിശേഷിച്ചൊന്നും ചെയ്യാതെ തന്നെ ഒന്നൊന്നായി ദ്രവിച്ചുപോകും.ഏതെങ്കിലും തരത്തില്‍ ചരിത്രപരമായ പ്രാധാന്യമുള്ള കൃതികള്‍ മാത്രം അവയുടെ ആ ഒരു പ്രത്യേകത കാരണം പരിമിതമായ അര്‍ത്ഥത്തില്‍ കാലത്തെ അതിജീവിക്കും.മതത്തിന്റെ പിന്തുണ നേടുന്ന കൃതികളും പറയത്തക്ക സാഹിത്യഗുണമൊന്നുമില്ലെങ്കിലും ശാശ്വത മൂല്യം കൈവരിക്കും.
ഒരു കാലഘട്ടത്തിലെ വലിയ ആത്മസംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതികള്‍ പോലും ഭാവുകത്വത്തിനുമേല്‍ വളരെ ഉപരിപ്ലവമായ ധാരണകള്‍ മേല്‍ക്കൈ നേടുന്ന ചരിത്രഘട്ടങ്ങളില്‍ ആരാലും മനസ്സിലാക്കപ്പെടാതെ അവഗണനയുടെ ഇരുളിലേക്ക്‌ തള്ളിമാറ്റപ്പെട്ടെന്ന്‌ വരും.ഇത്തരം കൃതികളെ വായനയുടെ ലോകത്ത്‌ സജീവ ശ്രദ്ധയുടെ വെളിച്ചം വീഴുന്ന ഇടങ്ങളിലേക്ക്‌ കൊണ്ടുവരുന്നതിനാണ്‌ നിരൂപകന്മാര്‍ ശ്രദ്ധിക്കേണ്ടത്‌.സിദ്ധാന്തരൂപീകരണത്തിന്‌ 
അപ്പുറംസാഹിത്യത്തിന്‌ അവര്‍ നല്‍കേണ്ടുന്ന യഥാര്‍ത്ഥ സംഭാവന അതാണ്‌.ചീത്ത കൃതികളെ ഹനിക്കുന്നതിനോ ശരാശരി കൃതികളെ വ്യാഖ്യാനിച്ച്‌ വേണ്ടുന്നതും വേണ്ടാത്തതും കണ്ടെത്തുന്നതിനോ അവര്‍ സമയം കളയേണ്ട കാര്യമില്ല.
നിരൂപണം നിരൂപകര്‍ക്കു മാത്രമേ ചെയ്‌തുകൂടൂ എന്നില്ല.മാധ്യമത്തെ സ്‌നേഹിക്കുന്ന ഏത്‌ സര്‍ഗാത്മക സാഹിത്യകാരനും/സാഹിത്യകാരിക്കും ശ്രദ്ധേയം എന്ന്‌ തനിക്ക്‌ തോന്നുന്ന കൃതികളെ കുറിച്ച്‌ എഴുതാവുന്നതാണ്‌.അവര്‍ അങ്ങനെ എഴുതേണ്ടതാണ്‌.നമ്മുടെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും പക്ഷേ അവനവനില്‍ നിന്ന്‌ പുറത്തുകടക്കാറില്ല.തന്റെ സംഭാവനകളെ കുറിച്ച്‌ മറ്റാരും എഴുതിയില്ലെന്ന്‌ അവര്‍  പരാതിപ്പെടും.അതേ സമയം ഭാഷയില്‍ പുതുതായി ഉണ്ടായതും തന്നെ സ്‌പര്‍ശിച്ചതുമായ ഒരു കൃതിയ പറ്റി പ്രശംസാരൂപത്തില്‍ എന്തെങ്കിലും പറയുന്നതിലും എഴുതുന്നതിലും അവര്‍ അങ്ങേയറ്റം വിമുഖരായിരിക്കുകയും ചെയ്യും.നിരൂപണത്തെ കുറിച്ച്‌ നിരന്തരം പരാതിപ്പെട്ടുകൊണ്ടേ ഇരിക്കുന്ന എഴുത്തുകാര്‍ ഈയൊരു സംഗതിയെ കുറിച്ചു കൂടി തീര്‍ച്ചയായും ആലോചിക്കേണ്ടതാണ്‌.
10/2/2014


Saturday, February 8, 2014

ഗവേഷണം അടിമപ്പണിയല്ല

നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സാഹിത്യവും മാനവിക വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ഒട്ടുവളരെ ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്‌.ഇവയുടെ ഫലങ്ങള്‍ അതാതുവിഷയങ്ങളിലെ സര്‍ഗാത്മക/നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ദിശാബോധങ്ങള്‍ നല്‍കുന്നതില്‍ എത്രത്തോളം ഫലപ്രദമാവുന്നുണ്ടെന്ന കൃത്യമായ യാതൊരു പരിശോധനയും നടന്നുവരുന്നതായി അറിവില്ല.അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അതില്‍ വെളിപ്പെടുന്ന വിവരങ്ങള്‍ അല്‌പവും അഭിമാനകരമാവാന്‍ ഇടയില്ല.ദത്തശേഖരണം.സമാഹരണം,എന്നീ സംഗതികള്‍ സാമാന്യം തൃപ്‌തികരമായി നടത്താന്‍ പല ഗവേഷകര്‍ക്കും                                         സാധ്യമാവാറുണ്ട്‌ . പക്ഷേ,വിവരണാത്മകത്തിന്‌ അപ്പുറം കടക്കുന്ന പഠനങ്ങളുടെ കാര്യം മിക്കവാറും കഷ്ടം തന്നെയാണ്‌.
ഗവേഷണത്തിന്റെ രീതിശാസ്‌ത്രം കരുപ്പിടിപ്പിക്കുന്നതില്‍ ഏറ്റവും പുതിയ വിദേശമാതൃകകളെ പിന്‍പറ്റണമെന്നതും ഏറ്റവും പുതിയ വൈദേശിക അപഗ്രഥനസങ്കേതങ്ങളെയും ദര്‍ശനങ്ങളെയും ആശ്രയിച്ചായിരിക്കണം പഠനം നടത്തേണ്ടത്‌ എന്നതും ഏറെക്കുറെ അലിഖിത നിയമം പോലെയാണ്‌ നമ്മുടെ സര്‍വകലാശാലകളില്‍.സ്വന്തം എന്ന്‌ അവകാശപ്പെടാനാവാത്ത രീതിശാസ്‌ത്രം അടിച്ചേല്‍പ്പിക്കുന്ന അസ്വാതന്ത്ര്യത്തിനകത്താണ്‌ ഇവിടെ ഗവേഷണം നടക്കുന്നത്‌ എന്നര്‍ത്ഥം.ഇതിനു പകരം പരതന്ത്രമല്ലാത്ത ഒരു രീതിശാസ്‌ത്രം സ്വരൂപിക്കുക എന്നത്‌ ഗവേഷണത്തിന്റെ ആദ്യപടിയായി അംഗീകരിക്കപ്പെടുകയാണെങ്കില്‍ അത്‌ തന്നെ നിലവാരത്തിന്റെ കാര്യത്തില്‍ വലിയൊരു കുതിപ്പിലേക്കുള്ള ആദ്യപടിയാവും.
വിഷയത്തെ വളരെ പ്രൊഫഷണലായും വ്യാപാരബുദ്ധിയോടും സമീപിക്കുന്നവരാണ്‌ മിക്ക ഗവേഷകരും.ഗവേഷണ ബിരുദം ജോലി ലഭിക്കുന്നതിനു തൊട്ട്‌ അധികശമ്പളം ഉറപ്പാക്കുന്നതിനു വരെയുള്ള ഉപാധി എന്ന നിലയിലാണ്‌ പരിഗണിക്കപ്പെടുന്നത്‌.ഈ സ്ഥിതി മാറണം.ഗവേഷണബിരുദം ജോലി ലഭിക്കുന്നതിനോ സ്ഥാനക്കയറ്റത്തിനോ ശമ്പള വര്‍ധനവിനോ ഒന്നും മാനദണ്ഡമായിത്തീരരുത്‌.വിശേഷിച്ച്‌ സാമ്പത്തിക നേട്ടമൊന്നും ഇല്ലെന്നു വന്നാല്‍ നല്ല താല്‌പര്യമുള്ളവര്‍ മാത്രമേ ഈ പണി ചെയ്യാന്‍ നില്‍ക്കൂ.അവര്‍ മാത്രമേ അത്‌ ചെയ്യേണ്ടതുള്ളൂ.ഒരാള്‍ സ്വന്തമായി കണ്ടെത്തുന്ന വിഷയം യൂനിവേഴ്‌സ്‌റ്റിയിലെ ബന്ധപ്പെട്ട വിഭാഗത്തിനു മുന്നില്‍ സമര്‍പ്പിച്ചാല്‍ അത്‌ ഗവേഷണയോഗ്യമാണോ എന്ന്‌ നിര്‍ണയിക്കുന്നത്‌ ഒരു വിദഗ്‌ധസമിതി ആയിരിക്കണം.ഗവേഷണത്തിന്‌ ഗൈഡിന്റെ സഹായം വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം ഗവേഷകന്‌ ലഭിക്കണം.പല മാനവിക വിഷയങ്ങളുടെയും കാര്യത്തില്‍  ഗൈഡ്‌ ഗവേഷകന്‌ 
ഉപകാരത്തേക്കാളേറെ
 ഉപദ്രവമാണ്‌ ചെയ്യുക.ഗവേഷണ പ്രബന്ധം യൂനിവേഴ്‌സിറ്റിക്ക്‌ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ പരിശോധനയും തീരുമാനവും അറിയിക്കുന്നതിന്‌ മൂന്നോ നാലോ മാസത്തില്‍ കവിയാത്ത ഒരു സമയപരിധി നിശ്ചയിക്കണം.ഉന്നത നിലവാരം പുലര്‍ത്തുന്ന ഗവേഷണ പ്രബന്ധത്തിനു മാത്രമേ ചി.എച്ച്‌.ഡി നല്‍കേണ്ടതുള്ളൂ.അത്തരം പ്രബന്ധങ്ങള്‍ യൂനിവേഴ്‌സിറ്റി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കുകയും വേണം.
ഔപചാരികമായി യൂനിവേഴ്‌സിറ്റികളില്‍ റജിസ്റ്റര്‍ ചെയ്യാതെയും ഒരാള്‍ക്ക്‌ ഗവേഷണം നടത്താം.അങ്ങനെയുള്ളവരില്‍ നിന്നും ചിലപ്പോള്‍ വളരെ മികച്ച സംഭാവനകള്‍ ഉണ്ടാവാറുണ്ട്‌.അത്തരത്തിലുള്ള സംഭാവനകള്‍ പരിശോധിച്ച്‌ ആ ഗവേഷകന്മാര്‍ക്ക്‌ അവരുടെ ബിരുദമോ മറ്റ്‌ യോഗ്യതകളോ പരിഗണിക്കാതെ തന്നെ ഡോക്ടറേറ്റ്‌ നല്‍കാനുള്ള ഉത്തരവാദിത്വം യൂനിവേഴ്‌സിറ്റികള്‍ ഏറ്റെടുക്കണം.
അനാവശ്യമായ അധികാര പ്രയോഗമാണ്‌ നമ്മുടെ യൂനിവേഴ്‌സിറ്റികളിലെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ജീവന്‍ കെടുത്തിക്കളയുന്ന പ്രധാന സംഗതി.ഗൈഡ്‌,ഡിപ്പാര്‍ട്‌മെന്റ്‌ ഹെഡ്‌ തുടങ്ങിയവര്‍ക്ക്‌ ഗവേഷകയ്‌ക്കു/ഗവേഷകനു മേല്‍ പറയത്തക്ക അധികാരമൊന്നുമില്ല എന്നു വരുന്നത്‌ തന്നെ ഗവേഷണത്തിന്റെ ഗുണനിലവാരം വര്‍ധിക്കുന്നതിന്‌ തീര്‍ച്ചയായും സഹായകമാവും.മറ്റൊരു പ്രധാനസംഗതി ഗവേഷണത്തില്‍ സര്‍ഗാത്മകത പരമ പ്രധാനമായി വരിക എന്നതാണ്‌.സാങ്കേതിക ഘടകങ്ങളിലെല്ലാം കൃത്യത കൈവരിച്ചു കഴിഞ്ഞാല്‍ ഗവേഷണ പ്രബന്ധം മുക്കാല്‍ പങ്കും പൂര്‍ത്തിയായി എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.ഇത്‌ മാറണം.ആര്‍ക്കെയ്‌വിസില്‍ നിന്നോ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറികളില്‍ നിന്നോ പഴയ കൃതികളും രേഖകളും കണ്ടെത്തുന്നതും പൂര്‍വപഠനങ്ങളില്‍ നിന്ന്‌ പ്രാഥമികാശയങ്ങള്‍ സ്വരൂപിക്കുന്നതും ഫീല്‍ഡ്‌ വര്‍ക്കില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുന്നതുമെല്ലാം ഗവേഷണപ്രവര്‍ത്തനത്തിന്റെ പ്രധാനഭാഗം തന്നെയാണ്‌.പക്ഷേ,ദത്തശേഖരണത്തിനു ശേഷം സ്വന്തം മനനങ്ങളില്‍ നിന്നും വിശകലനങ്ങളില്‍നിന്നും ഗവേഷകന്‍/ഗവേഷക എത്തിച്ചേരുന്ന മൗലികമായ കണ്ടെത്തലുകളും അവയുടെ ഫലപ്രദമായ അവതരണവും തന്നെയാണ്‌ ഏത്‌ ഗവേഷണ പ്രബന്ധത്തിന്റെയും കാതലായ അംശം.ഈയൊരു സംഗതി മിക്കവാറും മറന്നുപോകുന്നു എന്നതാണ്‌ നമ്മുടെ സര്‍വകലാശാലകളിലെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ദൗര്‍ബല്യം.തികഞ്ഞ കച്ചവടക്കണ്ണോടെ ഗവേഷണത്തെ സമീപിക്കുന്ന ഗവേഷകര്‍,തഴക്കം വന്ന ബ്യൂറോക്രാറ്റിന്റെ അധികാര ഗര്‍വ്വോടെ ഗവേഷകരെ നിലക്കു നിര്‍ത്താനുറച്ചിരിക്കുന്ന മേല്‍നോട്ടക്കാര്‍ ഇവര്‍ക്കൊന്നും ഗവേഷണത്തിലെ സര്‍ഗാത്മകത,സൗന്ദര്യാത്മകത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എന്താണെന്നു പോലും മനസ്സിലാവില്ല.എളുപ്പത്തില്‍ പണി തീര്‍ക്കാവുന്ന വിഷയം കണ്ടെത്തണം,വസ്‌തുതകള്‍ അടുക്കും ചിട്ടയുമായി അവതരിപ്പിക്കണം,അലങ്കാരപ്രയോഗങ്ങള്‍ പാടെ ഒഴിവാക്കണം,ഗ്രന്ഥസൂചി കൃത്യമായിരിക്കണം തുടങ്ങിയ ഏതാനും സംഗതികളില്‍ ഒതുങ്ങും തൊണ്ണൂറ്‌ ശതമാനം ഗൈഡുമാരുടെയും ഗവേഷണ സങ്കല്‌പം.ഇതൊക്കെ എത്രയോ മുമ്പേ തന്നെ മാറേണ്ടതായിരുന്നു.ഗവേഷണം കേവലം സൂത്രപ്പണിയോ,പണമിടപാട്‌ പോലുള്ള ഒന്നോ,അടിമപ്പണിയോ അല്ല.ഇങ്ങനെ വല്ലതുമൊക്കെ ആണെന്ന്‌ ഉറപ്പിച്ചെടുക്കും വിധത്തിലാണ്‌ ഇന്ന്‌ നമ്മുടെ സര്‍വകലാശാലകളില്‍ ഗവേഷണം നടന്നുവരുന്നത്‌.ജീവിതവിജയം ഉറപ്പാക്കാനുള്ള വിദ്യകള്‍ പഠിപ്പിച്ചു തരുന്ന ക്ലാസ്സുകളുണ്ട്‌.അത്തരം ക്ലാസ്സുകളില്‍ അധ്യാപകരായിരിക്കുന്നവരുടെ മനോഭാവത്തോടെ സമീപിക്കേണ്ടുന്ന ഒന്നല്ല ഗവേഷണം.ഒരു സര്‍ഗാത്മക വൃത്തിയുടെ സജീവതയും സൗന്ദര്യവും കൈവരിക്കാനാവുന്നില്ലെങ്കില്‍ ഗവേഷണം ഒരു പാഴ്‌ വേലയാണ്‌.
8/2/2014

ബാക്കിപത്രം

കെ.കെ രമയുടെ നിരാഹാരസമരം അവസാനിച്ചു കഴിഞ്ഞു.എന്താണ്‌ ഈ സമരത്തിന്റെ ബാക്കിപത്രം? സമരം യു.ഡി.എഫ്‌ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ളതാണ്‌,രമ മികച്ച നടിയാണ്‌ എന്നൊക്കെ പറഞ്ഞും തികച്ചും അനുചിതമായി നക്‌സലൈറ്റ്‌ നേതാവ്‌ വര്‍ഗീസിന്റെ പേര്‌ വലിച്ചിഴച്ചും ചാനല്‍ ചര്‍ച്ചകളില്‍ വികൃതവാദങ്ങള്‍ ഉന്നയിച്ച്‌ ചിരിച്ചുമൊക്കെ സി.പി.ഐ(എം) നേതാക്കള്‍ ഒരിക്കല്‍ കൂടി അവരുടെ ഭയാനകമായ ബൗദ്ധികത്തകര്‍ച്ച വെളിവാക്കി എന്നതാണ്‌ ഒന്നാമത്തെ കാര്യം.കാര്‍ട്ടൂണിസ്റ്റ്‌ ഗോപീകൃഷ്‌ണന്‍ ശിബി (ഐ). എന്ന കാര്‍ട്ടൂണിലൂടെ  (മാതൃഭൂമി ദിനപത്രം-7/2/2014)തന്റെ അസാധാരണമായ സര്‍ഗവൈഭവം വെളിപ്പെടുത്തി താന്‍ ഒന്നാംകിടയില്‍ ഒന്നാംകിടക്കാരനായ കലാകാരനാണ്‌ എന്നു തെളിയിച്ചു എന്നതാണ്‌ രണ്ടാമത്തെ കാര്യം.സി.ബി.ഐ അന്വേഷണം തത്ത്വത്തില്‍ അംഗീകരിച്ചതും   ഭരിക്കുന്നവര്‍ ഉരുണ്ടുകളിച്ച്‌ സംശയങ്ങള്‍ പലതും ജനിപ്പിച്ചതും വി.എസ്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചതും മൂന്നും നാലും അഞ്ചും കാര്യങ്ങളായേ വരൂ.
8/2/2014  

Friday, February 7, 2014

ഇതൊക്കെ മാറ്റാറായില്ലേ?

സാഹിത്യം.ചിത്രകല,സംഗീതം,വൈദ്യശാസ്‌ത്രം,നിയമം,വാസ്‌തുവിദ്യ,ഫോക്‌ലോര്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പ്രാദേശിക തലത്തില്‍ തന്നെയോ നടത്തുന്ന സമ്മേളനങ്ങളുടെ ഉദ്‌ഘാടനത്തിന്‌ മന്ത്രിമാരെ തന്നെ ക്ഷണിച്ചുകൊണ്ടു വരുന്നതാണ്‌ നാട്ടുനടപ്പ്‌. അങ്ങനെ വേണമെന്ന്‌ നിയമം അനുശാസിക്കുന്നില്ലെന്നാണ്‌ എന്റെ അറിവ്‌.അപ്പോള്‍ പിന്നെ കാലാകാലമായി തുടര്‍ന്നുവരുന്ന ഈ നടപടിയുടെ യുക്തി എന്താണ്‌?സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതില്‍പ്പിന്നെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ലാത്തയാള്‍ ജീവിതം തന്നെ സാഹിത്യരചനക്കും പഠനത്തിനുമായി ഉഴിഞ്ഞുവെച്ച, അതിവിപുലമായ ജനസമ്മതിയുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന സാഹിത്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സമകാലികസാഹിത്യത്തിലെ പ്രശ്‌നങ്ങളെ പറ്റി സെക്രട്ടറി എഴുതിക്കൊടുത്ത പ്രസംഗം പ്രയാസപ്പെട്ട്‌ വായിച്ച്‌ സ്ഥലം വിടുന്നത്‌ കണ്ടുംകേട്ടും ഇരിക്കേണ്ടി വരുന്നത്‌ മറ്റൊന്നുമല്ലെങ്കില്‍ അപമാനകരമെങ്കിലുമല്ലേ?നിയപണ്ഡിതന്‍ കൂടിയായ ഒരാളാണ്‌ നിയമമന്ത്രിയായി ഇരിക്കുന്നതെങ്കില്‍ നിയമജ്ഞന്മാരുടെ ഒരു സമ്മേളനം അദ്ദേഹം ഉദ്‌ഘാടനം ചെയ്യുന്നതില്‍ ആരും അപാകത കാണില്ല.നേരെ മറിച്ച്‌ നിയമങ്ങളെ കുറിച്ച്‌ കേട്ടറിവ്‌ മാത്രമുള്ള ഒരാള്‍ നിയമമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ അവസരം ലഭിച്ചു എന്നതുകൊണ്ടു മാത്രം ക്രിമിനല്‍ നിയമങ്ങളുടെ നടത്തിപ്പിനെ കുറിച്ചോ,സ്‌ത്രീപീഡനം സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ചോ ചര്‍ച്ച ചെയ്യുന്ന ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതും വൈദ്യശാസ്‌ത്രത്തെ കുറിച്ച്‌ വളരെ സാമാന്യമായ ധാരണകള്‍ മാത്രമുള്ള ഒരു ആരോഗ്യമന്ത്രി ശിശുരോഗവിദഗ്‌ധന്മാരുടെയോ മൂത്രാശയ രോഗവിദഗ്‌ധന്മാരുടെയോ സമ്മേളനത്തിന്‌ പ്രസംഗം വഴി ആരംഭം കുറിക്കുന്നതും പരിഹാസ്യമല്ലെങ്കില്‍ പിന്നെ എന്താണ്‌?
മന്ത്രിപദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക്‌ തന്റെ വകുപ്പിന്‌ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്ന ധനസഹായത്തില്‍ ഏറ്റക്കുറച്ചില്‍ വരുത്തുന്നതിനും വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റം മുതല്‍ അവരുടെ വിദേശയാത്ര,അവര്‍ക്ക്‌ നല്‍കാനിടയുള്ള പ്രത്യേകസ്ഥാനമാനങ്ങള്‍ എന്നിവ വരെയുള്ള കാര്യങ്ങളിലൊക്കെ അനായായസമായി ഇടപെടാന്‍ കഴിയുമായിരിക്കും.പക്ഷേ,ആ വക സംഗതികള്‍ വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ അല്ലാതെയോ പ്രത്യേക പ്രാവീണ്യമുളളവര്‍ നടത്തുന്ന സമ്മേളനങ്ങളില്‍ പരമാധികാരിയായോ പ്രഥമഗണനീയനായോ പ്രത്യക്ഷപ്പെടുന്നതിനുള്ള യാതൊരവകാശവും അദ്ദേഹത്തിനു നല്‍കുന്നില്ല.അവനവന്‌ അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച്‌ ആധികാരികത ഭാവിച്ച്‌ അഭിപ്രായം പറയാന്‍ മറ്റ്‌ ഏതൊരാള്‍ക്കുമെന്ന പോലെ മന്ത്രിക്കും അവകാശമില്ല.
ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കുമൊക്കെ തിരഞ്ഞെടുത്തയക്കുന്നവരില്‍ നിന്നാണ്‌ സാധാരണഗതിയില്‍ മന്ത്രിമാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌.അവരെ സര്‍വജ്ഞരായി ആരും കണക്കാക്കുന്നില്ല.തങ്ങളുടെ മേല്‍നോട്ടത്തിനു കീഴില്‍ വരുന്ന വകുപ്പുകളില്‍ നീതിപൂര്‍വകവും ജനോപകാരപ്രദവുമായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ്‌ അവരുടെ ജോലി.അതിനപ്പുറത്ത്‌ പൊതുജീവിതത്തില്‍ ഇടപെട്ട്‌ പ്രവര്‍ത്തിക്കാന്‍ ഏതൊരു പൗരനും ഉള്ളതില്‍ കവിഞ്ഞുള്ള വിശേഷാധികാരങ്ങളൊന്നും അവര്‍ക്കില്ല.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ചെലവാക്കി നടത്തുന്ന സമ്മേളനങ്ങളില്‍ ജനപ്രതിനിധികളെന്ന നിലയില്‍ ആശംസാപ്രസംഗകരായോ ചില പ്രത്യേക സാഹചര്യങ്ങളില്‍ സാധാരണപ്രസംഗകരായോ മന്ത്രിമാരെയോ എം.എല്‍.എ മാരെയോ പങ്കെടുപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.അതില്‍ കവിഞ്ഞ്‌ ഇന്ന്‌ അവര്‍ അനുഭവിച്ചുവരുന്ന സവിശേഷ പദവിക്ക്‌ ഔദ്യോഗികമായ ആചാര്യമര്യാദ(പ്രോട്ടോക്കോള്‍)യുടെ വല്ല പിന്‍ബലവുമുണ്ടെങ്കില്‍ അത്‌ എത്രയും വേഗം ഇല്ലായ്‌മ ചെയ്യേണ്ടതാണ്‌.
ഒരു മന്ത്രിയെയോ എം.എല്‍.എയെയോ നാളതുവരെ അദ്ദേഹം ഏതെങ്കിലും അളവില്‍ നിര്‍മാണാത്മകമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു വിഷയത്തെ ആധാരമാക്കിയുള്ള സമ്മേളനത്തില്‍ ഉദ്‌ഘാടകനായോ മുഖ്യാതിഥിയായോ ക്ഷണിച്ചിരിക്കുന്നുവെന്ന്‌ നോട്ടീസില്‍ കാണുന്ന നിമിഷത്തില്‍ തന്നെ ആ സമ്മേളനത്തിന്റെ ആ പ്രത്യേക സെഷനെങ്കിലും യാതൊരു ഗൗരവവും കല്‌പിക്കാതെ,തികച്ചും ഔപചാരികമായി സംഘടിപ്പിച്ചിരിക്കുന്നതാണെന്നും കേവലം ചടങ്ങ്‌ എന്നതില്‍ കവിഞ്ഞ്‌ അതിന്‌ പ്രാധാന്യമൊന്നുമില്ലെന്നും അതില്‍ ശ്രോതാവായി ഇരുന്നു കൊടുക്കുന്നത്‌ വെറും സമയനഷ്ടമാണെന്നും സാമാന്യബുദ്ധിയുള്ള എല്ലാവരും മനസ്സില്‍ ഉറപ്പിച്ചു കഴിയും.ജനങ്ങളുടെ ഈ ബോധ്യത്തെ കുറിച്ച്‌ അറിവുണ്ടായാല്‍ തന്നെ അധികാരത്തില്‍ ഇരിക്കുന്നവര്‍ അത്‌ തങ്ങളെ ബാധിക്കുകയില്ലെന്ന്‌ ഉറച്ച്‌ തീരുമാനിക്കും.കാരണം അവരെ സംബന്ധിച്ചിടത്തോളം മാധ്യമശ്രദ്ധ കിട്ടുന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ ബഹുജനസമക്ഷം ഒരിക്കല്‍ കൂടി കേമനോ കേമിയോ ആയി പ്രത്യക്ഷപ്പെട്ട്‌ തന്റെ ജനസമ്മതിയ്‌ക്ക്‌ ഒരു നുള്ളെങ്കില്‍ ഒരു നുള്ള്‌ വര്‍ധനവുണ്ടാക്കുന്നതിലേ നോട്ടമുണ്ടാവുകയുള്ളൂ.സംഘാടകരാണെങ്കില്‍ അധികാരത്തില്‍ ഇരിക്കുന്നവരെ പ്രീണിപ്പിച്ചതിന്റെ സന്തോഷത്തില്‍ കൃതാര്‍ത്ഥരാവുകയും ചെയ്യും.സത്യത്തില്‍ ഇതൊക്കെ മാറ്റാനുള്ള സമയം എന്നോ അതിക്രമിച്ചില്ലേ?
7/2/2014 

Tuesday, February 4, 2014

മാറുവിന്‍,മാറുവിന്‍ അല്ലെങ്കില്‍...

ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ സി.ബി.ഐ അന്വേഷണത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്‌ ശ്രീമതി കെ.കെ.രമ നടത്തുന്ന നിരാഹാര സമരം യു.ഡി.എഫ്‌ ഗൂഢാലോചനയുടെ ഫലമാണ്‌,യു.ഡി.എഫ്‌ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്‌ നടക്കുന്നതാണ്‌ എന്നിങ്ങനെയൊക്കെയുള്ള സി.പി.ഐ(എം) നേതാക്കളുടെ പ്രസ്‌താവനകള്‍ എല്ലാവരും കേട്ടുകഴിഞ്ഞു.ടി.പി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചു എന്ന ആരോപണവുമായി സി.പി.ഐ(എം) നേതാക്കള്‍ രംഗത്ത്‌ വന്നതും മര്‍ദ്ദനം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ തടവുകാരുടെ ബന്ധുക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ സമരം ആരംഭിച്ചതും എല്ലാവര്‍ക്കും അറിയാം.
രമയെ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിച്ചതിനു പിന്നില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാവാം.നേരത്തെ തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉണ്ടാവുന്നതിന്റെ പതിന്മടങ്ങ്‌ രാഷ്ട്രീയ ലാഭം യു.ഡി.എഫിന്‌ രമയുടെ സമരത്തിനു നേരെ ഉയര്‍ന്നുവരുന്ന ജനവികാരത്തിലൂടെ ലഭ്യമാവുമെന്ന്‌ ന്യായമായും കരുതാം.പക്ഷേ,രമയുടെ ആവശ്യത്തെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എതിര്‍ക്കുന്നതിന്‌ ഇത്‌ ന്യായീകരണമാവുന്നത്‌ എങ്ങനെയാണ്‌ ?ആരംഭം മുതല്‍ക്കേ മാര്‍ക്‌സിസറ്റ്‌ പാര്‍ട്ടി ഈ ആവശ്യത്തെ എതിര്‍ത്തു പോന്നതിന്റെ കാരണമെന്താണ്‌?പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആരെയാണ്‌ ഭയക്കുന്നത്‌?ടി.പി,വധക്കേസില്‍ തങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ല എന്ന്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സി.പി.ഐ(എം) ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളുടെ കാര്യത്തില്‍ ഇത്രമേല്‍ താല്‌പര്യമെടുക്കുന്നത്‌ കേവലം മനുഷ്യാവകാശപരിഗണന കൊണ്ട്‌ മാത്രമാണോ?പാര്‍ട്ടി
യുടെ സ്വന്തം ആളുകളായ  മൂന്നു പേര്‍  ഈ കേസില്‍ ശിക്ഷിക്കപ്പെട്ടത്‌ കോടതിയുടെ പക്ഷപാതിത്വം കൊണ്ടാണെന്ന്‌ പാര്‍ട്ടി ഇതേ വരെ പറഞ്ഞിട്ടില്ല.കോടതിവിധിയെ കുറിച്ച്‌ പാര്‍ട്ടി വിപരീതാഭിപ്രായങ്ങളൊന്നും പ്രകടിപ്പിച്ചിട്ടുമില്ല.ആ നിലക്ക്‌ പാര്‍ട്ടിക്കാര്‍ ശിക്ഷിക്കപ്പെട്ടതിന്‌ വിശ്വസനീയമായ എന്ത്‌ ന്യായമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക?പി.മോഹനന്‍ ഒഴിവായി എന്നതുകൊണ്ടു മാത്രം ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി കുറ്റാരോപണ മുക്തമായി എന്നു പറഞ്ഞാല്‍ ആരാണ്‌ വിശ്വസിക്കുക?
കാര്യങ്ങളെല്ലാം വളരെ വ്യക്തമാണ്‌.ടി.പി വധത്തിന്റെ വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ കേരളത്തിലെ സാമാന്യബുദ്ധിയുള്ള മുഴുവന്‍ ആളുകളും സംശയിച്ചത്‌ ആ കൊലപാതകം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയതാണ്‌ എന്നാണ്‌.കേരളസമൂഹത്തിന്റെ ഈ ധാരണയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട്‌ സി.പി.ഐ(എം) അവതരിപ്പിച്ച മുഴുവന്‍ തെളിവുകളും വാദങ്ങളും തികച്ചും തെറ്റായിരുന്നുവെന്ന്‌ കോടതിവിധിയോടെ സമ്പൂര്‍ണമായും വ്യക്തമായി കഴിഞ്ഞു.
ഈ സാഹചര്യത്തിലും രമയുടെ നിരാഹാരം യു.ഡി.എഫ്‌ ഗൂഢാലോചനയുടെ ഫലമാണ്‌ എന്നൊക്കെ പറഞ്ഞാല്‍ അങ്ങേയറ്റത്തെ പാര്‍ട്ടി അനുകൂലികള്‍ക്കുപോലും അത്‌ അരോചകമായി തോന്നും.രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായും അതല്ലാതെ ആസൂത്രിതമായി തന്നെയും കേരളത്തില്‍ കഴഞ്ഞ മൂന്നുനാല്‌ ദശകക്കാലത്തിനിടയില്‍ നൂറ്‌ കണക്കിന്‌ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്‌.മുറിവുകളുടെ എണ്ണത്തിലും കൊലയുടെ രീതിയിലും വ്യത്യാസമുണ്ടാകാമെന്നല്ലാതെ എല്ലാ കൊലപാതകങ്ങളും അതിക്രൂരവും പൈശാചികവും തന്നെയാണ്‌.ഓരോ കൊലപാതകവും കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെയും ഉടയവരുടെയും ഉള്ളില്‍ തീരാവേദനയുടെ അണയാത്ത തീക്കനലുകള്‍ കോരിയിട്ടിട്ടുമുണ്ട്‌.പക്ഷേ,ആ കൊലപാതകങ്ങള്‍ സൃഷ്ടിച്ചതിന്റെ പതിന്മടങ്ങ്‌ ആഘാതമാണ്‌ ടി.പി വധം കേരളസമൂഹത്തില്‍ മൊത്തമായി ഉണ്ടാക്കിയത്‌.പാര്‍ട്ടിയുടെ നയങ്ങളെയും സമീപനങ്ങളെയും പ്രവര്‍ത്തനശൈലിയെയും വിമര്‍ശിച്ച്‌ സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്‌നേഹവും വിശ്വാസവും ഏറ്റുവാങ്ങി ജീവിച്ചു എന്നത്‌ വധാര്‍ഹമായ കുറ്റമായി കണ്ട്‌ ആ മനുഷ്യനെ കൊല്ലാന്‍ വാടകക്കൊലയാളികളെ നിയോഗിച്ചതു വഴി കേരളത്തിലെ സി.പി.ഐ(എം) നേതൃത്വം ചെയ്‌തത്‌ മാപ്പ്‌ അര്‍ഹിക്കാത്ത കുറ്റമാണ്‌.പാര്‍ട്ടി പ്രവര്‍ത്തനം എന്നതുകൊണ്ട്‌ പാര്‍ട്ടിക്കുവേണ്ടി സ്വത്തും പണവും വാരിക്കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുക,വന്‍കിട സാമ്പത്തിക ശക്തികളുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കുക,നയപരമായ എല്ലാ ആടിയുലച്ചിലുകള്‍ക്കിടയിലും പാര്‍ട്ടിയുടെ സംഘടനാസംവിധാനം ശക്തമാക്കുന്നതിനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കുക എന്നൊക്ക മാത്രം അര്‍ത്ഥമാക്കുന്ന അവസ്ഥയാണ്‌ പാര്‍ട്ടിയെ എല്ലാ മാനുഷിക പരിഗണനകളില്‍ നിന്നും അകലേക്കകലേക്ക്‌ കൊണ്ടുപോവുന്നത്‌.പാര്‍ട്ടി ആ വിധത്തില്‍ ബഹുദൂരം അകന്നു പോയ്‌ക്കഴിഞ്ഞതിന്റെ ഫലമാണ്‌ ചന്ദ്രശേഖരന്‍ വധം.ദീര്‍ഘകാലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ഒരാളെ അയാള്‍ സംശുദ്ധനായ ഒരു പൊതുപ്രവര്‍ത്തകനാണെന്നും സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്‌ അങ്ങേയറ്റം പ്രിയംകരനായ നേതാവാണെന്നും അറിഞ്ഞുകൊണ്ടു തന്നെ കൊലചെയ്യാന്‍ കയ്യറപ്പുണ്ടായില്ലെന്നത്‌ കടുത്ത പാര്‍ട്ടിഭക്തന്മാരല്ലാത്ത ആരെയും ഞെട്ടിക്കുന്നതാണ്‌.
തങ്ങള്‍ അകപ്പെട്ടിട്ടുള്ള കെണിയില്‍ നിന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എങ്ങനെ രക്ഷപ്പെടും എന്നെനിക്കറിയില്ല.എന്തായാലും കേവലമായ തര്‍ക്കബുദ്ധിയും കുയുക്തികളും പാര്‍ട്ടിയുടെ രക്ഷക്കെത്തില്ല;അക്കാര്യം തീര്‍ച്ചയാണ്‌.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വലിയ ഒരു സ്ഥാപനവും സാമ്പത്തികശക്തിയും ആയതുകൊണ്ട്‌ ഇനിയും കുറേ കാലം അതിനോട്‌ ഒട്ടിച്ചേര്‍ന്നു നില്‍ക്കാന്‍ ആളുകളുണ്ടാവും.തിരഞ്ഞെടുപ്പുകളില്‍(പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പില്‍ അല്ല)പാര്‍ട്ടിക്ക്‌ തീരെ മോശമല്ലാത്ത പ്രകടനം സാധ്യമാവുകയും ചെയ്യും.പക്ഷേ,കമ്യൂണിസ്റ്റുപാര്‍ട്ടിക്ക്‌ പണവും പദവിയും അധികാരവും മാഫിയാ പിന്തുണയും കൊണ്ടുമാത്രം ഏറെ കാലം പിടിച്ചു നില്‍ക്കാനാവില്ല.മാനുഷികത ഉയര്‍ത്തിപ്പിടിച്ച ഘട്ടം വരെ മാത്രമേ ലോകത്തെവിടെയും കമ്യൂണിസ്‌റ്റുപാര്‍ട്ടി നിലനിന്നിട്ടുള്ളൂ.പിന്നെ സംഭവിച്ചതെല്ലാം പാര്‍ട്ടിനേതാക്കളുടെ തമ്മില്‍തമ്മിലുള്ള നശിപ്പിക്കലാണ്‌.അതിന്റെ ഫലം സാമാന്യജനങ്ങളും അനുഭവിക്കേണ്ടി വരും.ഒരു ഘട്ടം വരെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും സഹനശേഷി കൈവിടാതെ ജനം നില്‍ക്കും.അവരുടെ ക്ഷമ നശിച്ചാല്‍ സംഘടനാസംവിധാനത്തിന്റെ കെട്ടുറപ്പോ സമ്പത്തോ നേതാക്കളുട മുഷ്‌ക്കോ ഒന്നും പാര്‍ട്ടിയുടെ രക്ഷക്കെത്തില്ല.കമ്യൂണിസ്റ്റുകാരുടെ ആവര്‍ത്തിച്ചുള്ള പ്രയോഗത്തിലൂടെ ജനത്തിന്‌ ചിരപരിചിതമായി കഴിഞ്ഞ 'ചരിത്രത്തിന്റെ ചവറ്റുകൊട്ട'യുണ്ടല്ലോ,അവിടേക്കു തന്നെയാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലെയും കമ്യൂണിസ്റ്റ്‌ ഭരണാധികാരികളെ ജനം വലിച്ചെറിഞ്ഞത്‌.
ചരിത്രത്തെ കുറിച്ച്‌ എക്കാലത്തും നൂറ്‌ നാവില്‍ സംസാരിച്ചുപോരുന്ന കമ്യൂണിസ്‌റ്റുകാര്‍ ആദ്യം പാഠം പഠിക്കേണ്ടത്‌ സ്വന്തം പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്നു തന്നെയാണ്‌.മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി അതിനു തയ്യാറാവുമെങ്കില്‍ അത്‌ തീര്‍ച്ചയായും അഭികാമ്യമാണ്‌.നമ്മുടെ ജനാധിപത്യസംവിധാനത്തിന്‌ ആര്‍ജ്ജവം പകാരന്‍ കാലോചിതമായി നവീകരിച്ച മാര്‍ക്‌സിസത്തെ രാഷ്ട്രീയദര്‍ശനമായി സ്വീകരിക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാവുന്നത്‌ വളരെ നല്ലതാണ്‌.അത്തരമൊരു പാര്‍ട്ടിയായി പരിണമിക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിയണമെങ്കില്‍ ജനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ തന്നെ കൈവരിച്ചു കഴിഞ്ഞിരിക്കുന്ന ജനാധിപത്യബോധത്തിന്റെയും രാഷ്ട്രീയ പക്വതയുടെയും നിലവാരത്തിലേക്ക്‌ സ്വയം ഉയര്‍ത്താനുള്ള കഠിനശ്രമം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഉടന്‍ ആരംഭിക്കണം. 

Sunday, February 2, 2014

തോന്നല്‍

പെട്ടെന്നൊരു ദിവസം എനിക്ക്‌ തോന്നി
ഞാന്‍ മാത്രമായിരിക്കാന്‍
എന്തുകൊണ്ടും എനിക്കവകാശമുണ്ട്‌
ആരെയും ആശ്രയിക്കാതെ
ആരെയും അനുസരിക്കാതെ
ആര്‍ക്കുമുന്നിലും നമിക്കാതെ
ആരെയും സ്‌നേഹിക്കാതെ
ആരുമായും തര്‍ക്കിക്കാതെ
ഒന്നിലും ഇടപെടാതെ
ഒരു കല്ലിനെപ്പോലെ
ദൈവത്തെപ്പോലെ.
(വിശകലനം മാസിക,2014 ജനുവരി)

ഏകാന്തത

ഏകാന്തത എരിതീയാണ്‌
ചിലപ്പോള്‍ അണഞ്ഞ കനലാണ്‌
അവശേഷിക്കുന്ന തീത്തരിയാണ്‌
അതിന്റെയും കെട്ടുപോകലാണ്‌
പരമ നിശ്ശബ്ദതയാണ്‌
നിശ്ശൂന്യതയാണ്‌
മരണം പോലുള്ള പ്രശാന്ത
തയാണ്‌ 
അനന്തമായ സ്വാതന്ത്ര്യമാണ്‌
അതിരുകളില്ലാത്ത അവഗണനയാണ്‌
അപാരമായ വേദനയാണ്‌
കൃതഘ്‌നതയുടെ കൊടുമുടിയാണ്‌
കടുത്ത നിസ്സഹായതയാണ്‌
ഒന്നിനെയും തടയാനാവാത്ത
ഒടിഞ്ഞ പരിചയാണ്‌
മറ്റെല്ലാ രൂപകങ്ങളെയും നിരര്‍ത്ഥമാക്കുന്ന
മഹാരൂപകമാണ്‌
ഇപ്പോള്‍ എന്റെ നെഞ്ചിലെ ഭാരമാണ്‌.
(വിശകലനം മാസിക,2014 ജനുവരി) 

Saturday, February 1, 2014

ആം ആദ്‌മി ആലോചനകള്‍

"ഇന്ത്യക്ക്‌ സ്വാതന്ത്യം ലഭിച്ചിട്ട്‌ 66 വര്‍ഷം കഴിഞ്ഞു.ഈ നീണ്ട കാലയളവില്‍ മിക്കവാറും രാജ്യം ഭരിച്ചത്‌ കോണ്‍ഗ്രസ്സാണ്‌.ഇന്നാട്ടിലെ ജനജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞിട്ടില്ല.പാവപ്പെട്ടവര്‍ ഇന്നും പാവപ്പെട്ടവര്‍ തന്നെ.പട്ടിണിക്കാര്‍ ഇന്നും പട്ടിണിക്കാര്‍ തന്നെ.സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി.ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി.അതല്ലാതെ യാതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല .ലോകത്ത്‌ ഏറ്റവും കൂടുതല്‍ തൊഴിലില്ലാത്തവരും പട്ടിണിക്കാരുമുള്ള രാജ്യങ്ങളില്‍   ഇന്ത്യയുടെ  സ്ഥാനം ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്‌.മുതലാളിത്തമാണ്‌ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം.മുതലാളിത്തം മുതലാളിമാര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌.തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക്‌ അത്‌ യാതൊരു വിധത്തിലും പരിഹാരവുമുണ്ടാക്കില്ല."
ഞാന്‍ കളവ്‌ പറയുകയാണെന്ന്‌ കരുതരുത്‌.ഈയിടെ കേട്ട ഒരു പ്രസംഗത്തിലെ വാചകങ്ങളാണിവ.പ്രസംഗിച്ച നേതാവ്‌ ആരെന്നോ അയാളുടെ പാര്‍ട്ടി ഏതെന്നോ പറയുന്നില്ല.ഇമ്മാതിരി വാചകമടികളില്‍ അടങ്ങിയിട്ടുള്ള ഉത്തരവാദിത്വമില്ലായ്‌കയും അരാഷ്ട്രീയതയും ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഈ കുറിപ്പുകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌.
രാജ്യം സ്വതന്ത്രമായി അഞ്ച്‌ വര്‍ഷം കഴിഞ്ഞതില്‍ പിന്നെയാണ്‌ ഞാന്‍ ജനിച്ചത്‌.എന്റെ കുട്ടിക്കാലത്ത്‌ നാട്ടിലെ മനുഷ്യരില്‍ തൊണ്ണൂറ്‌ ശതമാനവും പരമ ദരിദ്രരായിരുന്നു.ഉടുമുണ്ടിന്‌ മറുമുണ്ടില്ലാത്തവര്‍,രണ്ട്‌ നേരം പോലും വയറ്‌ നിറച്ച്‌ ആഹാരം കഴിക്കാനില്ലാത്തവര്‍,മഴക്കാലത്ത്‌ പട്ടിണികൊണ്ട്‌ കരയേണ്ടി വരുന്ന കുഞ്ഞുങ്ങള്‍,എല്ല്‌ മുറിയെ പണിയെടുത്ത്‌ ചെറിയ കൂലിയും കൈപ്പറ്റി തളര്‍ന്നവശരായി മടങ്ങുന്ന പാവപ്പെട്ട നാടന്‍ പണിക്കാര്‍,കടം കൊണ്ട്‌ പൊറുതിമുട്ടി നാട്‌ വിടുന്നവര്‍,ഒരു ട്രൗസറും ഷര്‍ട്ടുമായി,ഒരു പാവാടയും ബ്ലൗസുമായി കൊല്ലം മുഴുവന്‍ സ്‌കൂളിലേക്ക്‌ പോവുന്ന കുട്ടികള്‍,ചികിത്സിക്കാന്‍ പണമില്ലാത്തതുകൊണ്ടു മാത്രം മരിച്ചു പോവുന്ന പാവപ്പെട്ട രോഗികള്‍ ഇവരെയൊക്കെയാണ്‌ ഞാന്‍ ചുറ്റിലും കണ്ടത്‌.
കടന്നുപോയ ദശകങ്ങള്‍ എന്തെന്തൊക്കെ മാറ്റങ്ങളാണ്‌ ജീവിതത്തില്‍ ഉണ്ടാക്കിയത്‌!കാറ്‌,ബൈക്ക്‌,സ്‌കൂട്ടര്‍,മൊബൈല്‍ ഫോണ്‍,കംപ്യൂട്ടര്‍ ഇവയൊക്കെ സര്‍വസാധാരണമായ,പാവപ്പെട്ട തൊഴിലാളിക്ക്‌ പോലും ഏറ്റവും ചുരുങ്ങിയത്‌ ആറും ഏഴും ഷര്‍ട്ടും മുണ്ടുമുള്ള,കുട്ടികള്‍ക്ക്‌ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാഭ്യാസം നല്‍കുന്നതിന്‌ പോലും പ്രതിമാസം ആയിരം രൂപയോളം ചെലവഴിക്കാന്‍ മടിയില്ലാത്ത ലക്ഷക്കണക്കിന്‌ രക്ഷിതാക്കളുള്ള,മറുനാട്ടിലും വിദേശരാജ്യങ്ങളിലുമൊക്കെയായി മാസം തോറും ആറക്കശമ്പളം പറ്റുന്ന അനേകലക്ഷം ചെറുപ്പക്കാരുള്ള,നാട്ടിന്‍പുറങ്ങളില്‍ പോലും ഫാസ്റ്റ്‌ ഫുഡ്‌ കടകളുള്ള,രാജ്യത്തിനകത്തും പുറത്തുമായി വിനോദസഞ്ചാരം നടത്താന്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന്‌ രൂപ ചെലവഴിക്കാന്‍ യാതൊരു മടിയുമില്ലാത്ത പതിനായിരക്കണക്കിന്‌ കുടുംബങ്ങളുള്ള,വിവാഹച്ചടങ്ങുകള്‍ക്ക്‌ പണം വാരിക്കോരിയെറിയാന്‍ സമ്പന്നരും മേല്‍ത്തരം ഇടക്കാരും മത്സരിക്കുന്ന,പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സ്‌ത്രീപുരുഷന്മാര്‍ക്കു പോലും അവനവന്റെ ആഹാരത്തിനും വസ്‌ത്രത്തിനും വക കണ്ടെത്താന്‍ പറയത്തക്ക ബുദ്ധിമുട്ടില്ലാത്ത,രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളനങ്ങള്‍ക്കു വേണ്ടി കോടികള്‍ തന്നെ വാരിയെറിയുന്ന ഒരു നാട്ടില്‍ നിന്നുകൊണ്ട്‌ ഇവിടെ കഴിഞ്ഞ ആറര പതിറ്റാണ്ട്‌ കാലത്തിനിടയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന്‌ പ്രസംഗിക്കുന്നത്‌ രാഷ്ട്രീയസ്‌ന്ധതയുടെ ലക്ഷണമല്ല.
ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്‌ പഠിച്ച്‌ അവയെ കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കലാണ്‌ രാഷ്ട്രീയക്കാരുടെ പ്രാഥമിക ജോലി.വികസനം സൃഷ്ടിച്ച പുതിയ പ്രശ്‌നങ്ങള്‍,കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഗ്രസിച്ച അധികാരമോഹവും അഴിമതിയും,രാജ്യമെമ്പാടും അതിഭയാനകമായ രീതിയില്‍ വളര്‍ന്നു വരുന്ന വര്‍ഗീയത,വിദ്യാഭ്യാസമേഖലയിലെ ഞെട്ടിക്കുന്ന നിലവാരത്തകര്‍ച്ച,ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ ഇപ്പോഴും പല രംഗത്തും നേരിടേണ്ടി വരുന്ന കടുത്ത നീതിനിഷേധവും അവഗണനയും,പൊതുജീവിത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹിംസാവാസന,രാഷ്ട്രീക്കാരും മാഫിയാസംഘങ്ങളുമായുള്ള കൂട്ടുകെട്ട്‌ ഇങ്ങനെ ഒരു പാട്‌ പ്രശ്‌നങ്ങളെ കുറിച്ച്‌ ആഴത്തില്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ ജനങ്ങളെ അറിയിക്കുക,അവരുടെ ഏറ്റവും ന്യായമായ അവകാശസമരങ്ങളില്‍ നേതൃത്വപരമായ പങ്ക്‌ വഹിക്കുക ഇവയൊക്കെയാണ്‌ രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളും ചെയ്യേണ്ടത്‌.അതിനൊന്നും മിനക്കെടാതെ പത്തറുപതുകൊല്ലം മുമ്പേ പറഞ്ഞു വരുന്ന കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ ആവര്‍ത്തിക്കുന്നത്‌ ഉത്തരവാദിത്വമില്ലായ്‌കയുടെയും അരാഷ്ട്രീയതയുടെയും ലജ്ജാകരമായ തെളിവില്‍ കവിഞ്ഞ യാതൊന്നുമല്ല.
1/2/2014...  

മഹാബോറന്മാര്‍

കമ്യൂണിസ്‌റ്റുകാരുടെ ലെനിനിസ്‌റ്റ്‌ സംഘടനാതത്വത്തിന്റെ അത്രയും തന്നെയോ അതില്‍ കൂടുതലോ പഴക്കം അനുഭവപ്പെടുത്തുന്ന ഒന്നാണ്‌ പലരുടെയും കമ്യൂണിസ്റ്റ്‌ വിരോധം.ലോകമെമ്പാടും കമ്യൂണിസ്റ്റുകാര്‍ പല ഘട്ടങ്ങളിലായി ചെയ്‌തുകൂട്ടിയ അതിക്രമങ്ങള്‍ ഭയങ്കരം തന്നെയാണ്‌. എന്നുവെച്ച്‌ മാര്‍ക്‌സിസം മനുഷ്യവംശത്തിന്റെ ചിന്താലോകത്തിനു നല്‍കിയ സംഭാവനകളെ നിസ്സാരീകരിച്ചു കാണാനാവില്ല.മതങ്ങളുടെ പേരില്‍ കോടിക്കണക്കിന്‌ മനുഷ്യര്‍ ഭൂമുഖത്ത്‌ കൊല ചെയ്യപ്പെട്ടിട്ടുണ്ട്‌.ആ ഒരു കാര്യം പറഞ്ഞ്‌ മതങ്ങള്‍ നടത്തിയ ആത്മീയാന്വേഷണങ്ങളെ മുഴുവന്‍ തള്ളിപ്പറയാനാവില്ല.എന്തിനെയും ചരിത്രവല്‍ക്കകരിച്ച്‌ മനസ്സിലാക്കലാണ്‌ ശരിയായ രീതി.ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ ബലം കൊണ്ടോ മറ്റെന്തെങ്കിലും വാശി കൊണ്ടോ കമ്യൂണിസ്‌റ്റ്‌ വിരോധം ശീലമാക്കിയിട്ടുള്ളവരെ മഹാബോറന്മാരായിട്ടേ എനിക്കനുഭവപ്പെട്ടിട്ടുള്ളൂ.
1/2/2014