Pages

Saturday, June 1, 2013

നീര്‍പ്പോളകള്‍

ഓരോ മനുഷ്യജന്മവും പ്രപഞ്ചമെന്ന നിത്യവിസ്‌മയത്തിനു മുന്നില്‍ എത്ര ചെറുതും നിസ്സാരവും നിരര്‍ത്ഥവുമാണെന്ന അറിവിന്റെ ഭാരത്താല്‍ വല്ലപ്പോഴുമെങ്കിലും ഞെരിഞ്ഞമരുക-സ്വബോധമുള്ള ഏതൊരു മനുഷ്യജീവിയുടെയും ഏറ്റവും സ്വാഭാവികവും സാന്ദ്രവുമായ മാനസികാനുഭവങ്ങളില്‍ ഒന്നാണത്‌.
ആരോ പറയുന്ന കഥയോ ആരോ കാണുന്ന സ്വപ്‌നമോ ആകാം ഈ ജീവിതം എന്നൊരു വിചാരം ചിന്താശേഷിയുള്ള ഏതൊരാളെയും എപ്പോഴെങ്കിലുമൊക്കെയായി ആഴത്തില്‍ ബാധിക്കാതെ തരമില്ല.അതിന്റെ ആഘാതം വ്യക്തികളില്‍ പല രീതിയിലാണ്‌ പ്രവര്‍ത്തിക്കുക.ദൈവത്തിന്‌ സമ്പൂര്‍ണമായും സ്വയം സമര്‍പ്പിച്ച്‌ ജീവിതത്തിന്റ പൊരുള്‍ എന്താണോ അത്‌ ആ മഹാശക്തി നിര്‍ണയിച്ചുകൊള്ളട്ടെ എന്ന്‌ ആസ്‌തികന്മാര്‍ക്ക്‌ ആശ്വസിക്കാം.യുക്തിചിന്തയെയും ശാസ്‌ത്രബോധത്തെയും അന്വേഷണ ബുദ്ധിയെയും മാനസികജീവിതത്തിലെ നിര്‍ണായകശക്തികളായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ ജീവിതത്തിന്റെ അനാഥത്വത്തെയും നശ്വരതയെയും അംഗീകരിച്ചു കൊണ്ടു തന്നെ താന്താങ്ങളുടെ പ്രവൃത്തികള്‍ മനസ്സുറപ്പോടെ മുന്നോട്ടു കൊണ്ടുപോവാം. അത്തരത്തിലുള്ള ആത്മബലങ്ങളുടെയൊന്നും പിന്തുണയില്ലാത്ത അവിശ്വാസികള്‍ക്കും ഭാവനാജീവികള്‍ക്കും പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിന്റെയും പ്രസക്തിയെയും പ്രയോജനത്തെയും പറ്റി കൃത്യമായൊരു ബോധ്യം കൈവരണമെന്ന്‌ ആത്മാവ്‌ കൊണ്ട്‌ ആഗ്രഹിക്കുന്നവര്‍ക്കും പക്ഷേ ജീവിതത്തിന്റെ കഥാത്മകത പല സന്ദര്‍ഭങ്ങളിലും ആഴമേറിയ ആത്മവേദനയുടെയും ചിലപ്പോഴെങ്കിലും വേദനയെ മറികടക്കുന്ന വിചിത്രമായ മറ്റു ചില വൈകാരികാനുഭവങ്ങ ളുടെയും പ്രഭവകേന്ദ്രം തന്നെയായിരിക്കും.
ആധുനിക കാലത്ത്‌ ഫെര്‍നാണ്‍ഡോ പെസ്സോയുടെയും ഗോര്‍ഗ്‌ ലൂയി ബോര്‍ഹസ്സിന്റെയും രചനകളിലാണ്‌ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഏറ്റവും സാന്ദ്രവും ശക്തവുമായ ആവിഷ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ളത്‌.ഇറ്റാലോ കാല്‍വിനോ,ഗബ്രിയേല്‍ ഗാര്‍ഷ്യാമാര്‍ക്കേസ്‌,ഹാറുകി മുറാകാമി എന്നിങ്ങനെ ഭൂമിയുടെ വിവിധ കോണുകളിലെ എഴുത്തുകാര്‍ വ്യത്യസ്‌ത രൂപങ്ങളില്‍ ഇതിനെ തങ്ങളുടെ കഥാവസ്‌തുവിന്റെ അടിസ്ഥാന ഘടകമാക്കിത്തീര്‍ത്ത്‌ നോവല്‍ രചന നിര്‍വഹിച്ചിട്ടുണ്ട്‌.മനുഷ്യജീവിതത്തിന്റെ ഘടനയിലും ജീവിതമെന്ന പ്രതിഭാസത്തെ കുറിച്ചുള്ള മനുഷ്യന്റെ അറിവിലും അടിസ്ഥാനപരമായ വ്യത്യാസങ്ങളൊന്നും വരാത്തിടത്തോളം ഈ പ്രമേയത്തിന്‌ കാലഹരണം സംഭവിക്കില്ല.പല ഭാഷകളില്‍ പല മട്ടില്‍ ഇനിയും എത്രയോ വട്ടം ആവര്‍ത്തിക്കാനിരിക്കുന്ന ഈ അനുഭവത്തിന്‌ മലയാളകവിതയില്‍ ലഭിച്ച മനോഹരമായ ആവിഷ്‌ക്കാരമാണ്‌ അരനൂറ്റാണ്ട്‌ മുമ്പ്‌ ഇടശ്ശേരി എഴുതിയ 'നീര്‍പ്പോളകള്‍'.
ജലത്തിലെ പോളകളെന്ന പോലെ ചലം മനുഷ്യന്‌ ശരീരബന്ധം എന്ന്‌ ഇടക്കൊക്കെ ആലോചിച്ചു പോകാത്ത മനസ്സുണ്ടോ? അത്തരത്തിലുള്ള ഒരു വേദാന്ത ചിന്തയുടെ ഫലമാണ്‌ ഈ കവിത` എന്ന്‌ കവി തന്നെ അതിന്‌ മുഖക്കുറിപ്പെഴുതിയിട്ടുണ്ട്‌.
ഒഴുകുന്ന നദിയിലെ നീര്‍പ്പോളകള്‍ പോലാണ്‌ ജീവിതം.ഓരോ നീര്‍പ്പോളയും കേവലം കഥയാണ്‌.പക്ഷേ,ഒരു ഞൊടിയിടയില്‍ 'നിഖിലാണ്‌ഡപ്രതിബിംബിത'മാവാനും തങ്ങള്‍ മറഞ്ഞതിനുശേഷവും തങ്ങളെ കുറിച്ചുള്ള മധുരസ്‌മരണകള്‍ പ്രകൃതിയില്‍ അവശേഷിപ്പിക്കാനും നീര്‍പ്പോളകള്‍ക്കു കഴിയും.ഒഴുകുന്ന ജലത്തിലെ നീര്‍പ്പോളക്കെന്ന പോലെ മനുഷ്യജീവിതത്തിനും അതിന്റെ പൊരുളിനും ആകാരത്തിലും അര്‍ത്ഥത്തിലും ആവര്‍ത്തനം സംഭവിച്ചുകൊണ്ടേയിരിക്കുമെന്നതിനാല്‍ ഇവിടെ എല്ലാം ശാശ്വതമാണെന്ന്‌ ഒരാള്‍ക്ക്‌ കരുതാം. അങ്ങനെ 'ഭാവമഭാവത്തിന്നനിഷേധ്യത്തുടര്‍പൊരുളാ'ണെന്ന അറിവില്‍ അയാള്‍ക്ക്‌ എത്തിച്ചേരുകയും ചെയ്യാം.
വേദാന്ത ചിന്ത അത്‌ ആവശ്യപ്പെടുന്നതായി അംഗീകരിക്കപ്പെട്ടു വരുന്ന ഭാവഗരിമയോടും ധ്വനിസാന്ദ്രതയോടും കൂടി അവതരിപ്പിച്ചിരിക്കുന്ന ഈ കവിതയില്‍
കഥയോ,കഥയാണെങ്കിലുമേതും
വ്യഥയില്ലെന്റെ മനസ്സില്‍
എന്ന്‌ ജീവിതത്തിന്റെ കഥാത്മകതയുടെ നേര്‍ക്കുള്ള കവിയുടെ സമീപനം നേര്‍ക്കു നേരെ വെളിവാക്കുന്ന രണ്ട്‌ വരിയുണ്ട്‌.കവിയുടെ വ്യഥയില്ലായ്‌മക്കുള്ള കാരണം മഹാകാഥികനായ ദൈവവും ഒരു കഥമാത്രമാണ്‌ എന്നൊരു വാദം നിലവിലുണ്ടെന്ന അറിവല്ല.താന്‍ ശാശ്വതികത്വത്തിന്റെ ഒരു ഭാഗമാണ്‌,മരണത്തിനു ശേഷവും മറ്റു രൂപത്തില്‍ തുടര്‍ന്നും ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന പ്രതിഭാസമാണ്‌ എന്നിങ്ങനെയൊക്കെയുള്ള വിശ്വാസമാണ്‌.അത്‌ പങ്കുവെക്കാന്‍ തയ്യാറില്ലാത്തവര്‍ക്കും ഈ കവിത നല്‍കുന്ന അനുഭവം അന്യമാവില്ല.കാരണം ആരുടെയും ആത്മാന്വേഷണത്തിന്റെയും പ്രപഞ്ചവിചാരങ്ങളുടെയും കാതലില്‍ തന്നെയാണ്‌ അത്‌ ചെന്നുതൊടുന്നത്‌.
കാവ്യാസ്വാദനം കവിയുടെ വിശ്വാസത്തിന്റെയും പ്രത്യയശാസ്‌ത്രത്തിന്റെയും പൂര്‍ണമായ പങ്കുവെപ്പ്‌ തന്നെ ആയിക്കൊള്ളണമെന്നില്ല.കവിത നല്‍കുന്ന അനുഭവത്തെയും അതിന്റെ തന്നെ ഭാഗമായ സവിശേഷഭാവത്തെയുമാണ്‌ പലപ്പോഴും നാം നെഞ്ചോട്‌ ചേര്‍ത്തുപിടിക്കു ന്നത്‌.
(മാതൃകാന്വേഷി മാസിക,ചെന്നൈ,മെയ്‌ 2013)