Pages

Wednesday, May 1, 2013

കവിത കലരാത്ത ഓര്‍മ

വിനയചന്ദ്രന്‍ മാഷ് മരിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമാണെന്ന് മരണത്തിന് രണ്ട് ദിവസം മുമ്പ് സി.വി.ബാലകൃഷ്ണന്‍ വിളിച്ചറിയിച്ചിരുന്നു.ഞങ്ങള്‍ മൂന്നുപേരും മലയാളത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ(1986ലും 89ലും) ഭോപാലിലെ ഭാരത് ഭവനില്‍ നടന്ന ‘അന്തര്‍ഭാരതി’ എന്ന സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.വിനയചന്ദ്രന്‍ മാഷുമായി അതിനും വളരെ മുമ്പേ തന്നെ എനിക്ക് അടുത്ത പരിചയമുണ്ടായിരുന്നു.1971 ജനുവരി മുതല്‍ മാര്‍ച്ച് വരെ അദ്ദേഹം എന്നെ ഒന്നാം വര്‍ഷ ബി.എ ക്ളാസ്സില്‍ പഠിപ്പിച്ചിരുന്നു.പട്ടാമ്പി കോളേജില്‍ നിന്ന് തലേ വര്‍ഷം ഒന്നാം റാങ്ക് നേടി മലയാളം എം.എ പാസ്സായ അദ്ദേഹം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ബ്രണ്ണനില്‍ എത്തിയത്.
 ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രിയംകരനായിരുന്നു വിനയചന്ദ്രന്‍ മാഷ്.മറ്റ് അധ്യാപകരെക്കാളെല്ലാം പ്രായം കൊണ്ടും പെരുമാറ്റം കൊണ്ടും വളരെ ചെറുപ്പമായിരുന്നു മാഷ്ക്ക്.പാഠപുസ്തകത്തിന് പുറത്തു കടന്ന് ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ ചലനങ്ങളെ കുറിച്ച് ആവേശഭരിതനായി സംസാരിക്കാനാണ് അദ്ദേഹം ക്ളാസ്മുറിയെ ഉപയോഗിച്ചത്.പിന്നെ ഘനഗംഭീരമായ ശബ്ദത്തിലുള്ള ആ കവിത ചൊല്ലല്‍,സാഹിത്യതല്‍പ്പരരായ വിദ്യാര്‍ത്ഥികളുമായി കൂട്ടുകൂടി നടക്കാനുള്ള അത്യുത്സാഹം;എല്ലാം ചേര്‍ന്ന് വല്ലാത്തൊരിഷ്ടവും ആരാധനയും തോന്നിച്ചിരുന്നു അദ്ദേഹത്തോട്.
1971ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ സാഹിത്യമത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ ചെറുകഥക്ക് ഒന്നാം സമ്മാനം നേടിയത് എന്റെ ‘ഒറ്റയാന്റെ പാപ്പാനാ’ണ്.ഈ വിവരം വിഷുപ്പതിപ്പ് പുറത്തിറങ്ങുന്നതിന് ഒരു മാസം മുമ്പേ ആഴ്ചപ്പതിപ്പില്‍ നിന്ന് എന്നെ അറിയിച്ചിരുന്നു.അതിന്റെ തലേ വര്‍ഷം കവിതക്കുള്ള രണ്ടാം സമ്മാനം ലഭിച്ചത് വിനയചന്ദ്രന്‍മാഷ്ക്കാണ്.എന്റെ കഥക്ക് സമ്മാനം കിട്ടിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.അതിന്റെ അടയാളമായി എം.മുകുന്ദന്റെ ‘നദിയും തോണിയും’ എന്ന കഥാസമാഹാരം ‘അഭിനന്ദനങ്ങളോടെ പ്രഭാകരന്’ എന്നെഴുതി ഒപ്പിട്ട് തരികയുണ്ടായി വിനയചന്ദ്രന്‍മാഷ്.ഒമ്പത് വര്‍ഷത്തിനുശേഷം ഞാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ കോളേജ് അധ്യാപകനായി ജോലിക്ക് ചേരാന്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ ചെല്ലുമ്പോള്‍ അവിടെ വിനയചന്ദ്രന്‍ മാഷുണ്ടായിരുന്നു.അന്നും അദ്ദേഹം അതിയായി ആഹ്ളാദിക്കുകയും മലയാളവിഭാഗത്തിലെ അധ്യാപകര്‍ക്കെല്ലാം വളരെ ആവേശത്തോടെ എന്നെ പരിചയപ്പെടുത്തുകയും ചെയ്തു.
വ്യക്തി എന്ന നിലക്ക് വിനയചന്ദ്രന്‍മാഷ് ഒരു പരിധിയിലപ്പുറം ആരുമായും അടുപ്പം പുലര്‍ത്തിയിരുന്നില്ല എന്നാണ് തോന്നുന്നത്.ദീര്‍ഘകാലത്തെ സൌഹൃദമുണ്ടായിട്ടും തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് ഒരിക്കലേ അദ്ദേഹം ഗൌരവമായി എന്നോട് സംസാരിച്ചിട്ടുള്ളൂ. കുട്ടിക്കാലത്ത് തനിക്കുണ്ടായ ഒരു മിസ്റിക് അനുഭവത്തെ കുറിച്ചായിരുന്നു അത്.അതാകട്ടെ അദ്ദേഹത്തിന്റെ ഒരു ഭ്രമകല്പനയായി മാത്രമേ എനിക്ക് തോന്നിയതുമുള്ളൂ.
സാഹിത്യം തന്നെയായിരുന്നു വിനയചന്ദ്രന്‍ മാഷുടെ വിശ്വാസവും ആചാരവും അനുഷ്ഠാനവുമെല്ലാം.അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ രാഷട്രീയവും.സാഹിത്യമെന്നത് അദ്ദേഹത്തിന് മുഖ്യമായും കവിത തന്നെയായിരുന്നു.തന്റെ ഗദ്യരചനകളിലെല്ലാം കവിതയുടെ താളവും കരുത്തും നിറക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഏറ്റവും വലിയ സമ്പാദ്യമായി മാഷ് കണ്ടത് പുസ്തകങ്ങളെയാണ്.ധര്‍മടത്തായിരുന്നപ്പോഴും തിരുവനന്തപുരത്തായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മുറി ആരെയും അത്ഭുതം കൊള്ളിക്കും വിധം മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പഴയതും പുതിയതുമായ കനപ്പെട്ട പുസ്തകങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.അവയില്‍ ഒട്ടുമുക്കാലും അദ്ദേഹം വായിക്കുകയും ചെയ്തിരുന്നു.പഴയ ക്ളാസിക് കൃതികള്‍ മുതല്‍ ഏറ്റവും പുതിയ രചനകള്‍ വരെയുള്ളയെ പറ്റി തികച്ചും മൌലികമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും സൂക്ഷിച്ചിരുന്നു അദ്ദേഹം.പുതിയ എഴുത്തുകാരെയും കൃതികളെയും കുറിച്ച് അറിയുന്നതിലും അറിയിക്കുന്നതിലും പ്രത്യേകമായ ഒരാവേശമുണ്ടായിരുന്നു മാഷ്ക്ക്.ബോര്‍ഹസ്സിന്റെ കഥകളെ കുറിച്ചും ഇറ്റാലോ കാല്‍വിനോവിന്റെ ‘ലിറ്ററേച്ചര്‍ മെഷ്ീന്‍ എന്ന പുസ്തകത്തെ കുറിച്ചുമെല്ലാം ആദ്യമായി എന്നോട് സംസാരിച്ചത് അദ്ദേഹമാണ്.
പൊതുജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തിലോ സാഹിത്യക്കൂട്ടായ്മകളില്‍ തന്നെയുമോ അദ്ദേഹം പൂര്‍ണമനസ്സോടെ വ്യാപരിച്ചിരുന്നോ എന്നെനിക്ക് സംശയമുണ്ട്.സവിശേഷമായ ഒരു തരം അലേയത്വം എല്ലാ സന്ദര്‍ഭങ്ങളിലും അദ്ദേഹം സൂക്ഷിച്ചിരുന്നു. അതേ സമയം മറുവശത്ത് വളരെ ആകര്‍ഷകമായ ഒരു തരം ലാളിത്യവും കൂസലില്ലായ്കയും ഉള്ളതായും എനിക്കനുഭവപ്പെട്ടിട്ടുണ്ട്.ഭോപാലില്‍ ഞങ്ങള്‍ പോവുമ്പോള്‍ ഇംഗ്ളീഷ് സംസാരഭാഷ വളരെ കുറച്ചു മാത്രമേ വിനയചന്ദ്രന്‍മാഷ്ക്ക് വശമുണ്ടായിരുന്നുള്ളൂ.എന്റെയും ബാലകൃഷ്ണന്റെയും സ്ഥിതി അദ്ദേഹത്തിന്റേതിനേക്കാള്‍ അല്പം ഭേദമായിരുന്നു.എന്നിട്ടും അന്യഭാഷക്കാരായ എഴുത്തുകാരോട് സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്കനുഭവപ്പെട്ട വിമ്മിട്ടത്തിന്റെ നൂറിലൊന്നു പോലും മാഷ്ക്കുണ്ടായിരുന്നില്ല.എന്റെ മാതൃഭാഷയല്ലാത്ത ഒരു ഭാഷ ഞാന്‍ എങ്ങനെയും സംസാരിക്കും,അതില്‍ ഒരുത്തരെയും ഞാന്‍ ഭയക്കുകയില്ല എന്ന ധിക്കാരത്തോടെ,സ്വാതന്ത്യ്രത്തോടെ അദ്ദേഹം ഇംഗ്ളണ്ടിലും അമേരിക്കയിലുമൊക്കെ ഇംഗ്ളീഷ് പഠിപ്പിക്കുന്നവരുടെ അടുത്തുപോലും വാചാലനായി.ആ കൂസലിലായ്കയും കവിത ചൊല്ലുന്നതിലെ അനനുകരണീയമായ മുഴക്കവും ഭാവഹാവാദികളുമെല്ലാം ചേര്‍ന്ന് വിനയചന്ദ്രനെ ആ സാഹിത്യസംഗമത്തിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാക്കി.
  ഭോപാലില്‍ ഒരു ദിവസം ഞാനും മാഷും കൂടി തീരെ പാവപ്പെട്ട ഒരു മനുഷ്യന്റെ വീട്ടില്‍ ചെന്നിരുന്നു.അടുക്കളയും ഒറ്റമുറിയും മാത്രമുള്ള ഉയരം കുറഞ്ഞ വീട്ടില്‍ അയാളും ഭാര്യയും രണ്ട് മക്കളുമാണ് താമസിച്ചിരുന്നത്.ഇരിപ്പിട സൌകര്യങ്ങള്‍ പരിമിതമായതുകൊണ്ടുകൂടിയാവണം അധിക നേരം ഞങ്ങള്‍ ആ വീട്ടില്‍ തങ്ങിയില്ല.തന്റെ മൂത്ത കുട്ടിക്ക് കാന്‍സറാണെന്നും അവള്‍ ആറ് മാസത്തിലധികം ജീവിച്ചിരിക്കില്ലെന്നും അക്കാര്യം അവള്‍ക്കോ തന്റെ ഭാര്യക്കോ അറിയില്ലെന്നും വീട്ടില്‍ നിന്നിറങ്ങിയ ഉടന്‍ അയാള്‍ ഏറെക്കറെ നിര്‍വികാരനായിത്തന്നെ ഞങ്ങളോട് പറഞ്ഞു.വിളര്‍ത്ത മുഖത്ത് ചെറിയ ചിരിയുമായി ഏതോ അത്ഭുതജീവികളെയെന്ന പോലെ ഞങ്ങളെ നോക്കി നിന്ന ആ പാവം പത്ത് വയസ്സുകാരി മരിച്ചിട്ട് കാല്‍ നൂറ്റാണ്ടോളമായിക്കാണും.ഇപ്പോള്‍ ഈ നിമിഷങ്ങളില്‍ എന്തിനെന്നറിയാതെ ആ കുട്ടിയെ ഞാന്‍ ഓര്‍മിക്കുന്നു.വിനയചന്ദ്രന്‍മാഷുടെ ഓര്‍മയോട് എന്തുകൊണ്ടോ അത് കൂടിച്ചേരുന്നു.
(തോര്‍ച്ച സമാന്തര മാസിക,2013 മാര്‍ച്ച്-ഏപ്രില്‍)