Pages

Sunday, May 31, 2015

Man's search for ultimate meaning

ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ  Victor E.Frankl  ന്റെ Man's search for ultimate meaning (Published in India by Maanu Graphics ,New Delhi- 110002)മന:ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വായിക്കാവുന്ന വ്യത്യസ്തമായ ഒരു പുസ്തകമാണ്.ഫ്രോയിഡിനും യൂങ്ങിനും അഡ്‌ലർക്കും എതിരായ നിലപാടുകളാണ് ഈ അസ്തിത്വവാദ മന:ശാസ്ത്രകാരന്റെത്.മനുഷ്യന്റെ അബോധത്തിൽ മതപരത എന്ന ഒന്നുണ്ടെന്നും സ്വപ്നത്തിലെ അതിന്റെ വെളിപ്പെടലുകളെ ലൈംഗികതയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും Victor E.Frankl  പറയുന്നു.അബോധത്തിലെ മതാത്മത ഘടകങ്ങളെ കണ്ടെത്തിയതിന്റെ ബഹുമതി യൂങ്ങിന് അവകാശപ്പെട്ടതാണെങ്കിലും ജന്മവാസനകളുടെയും അബോധപ്രേരണകളുടെയും മണ്ഡലത്തിനാണ് യൂങ്    അവയെ വിട്ടുകൊടുത്തത് . മതം മനുഷ്യന്റെ തികച്ചും വ്യക്തിപരമായ തീരമാനങ്ങളെ ഉൾക്കൊള്ളുന്നതാണ്.വിശ്വാസം അബോധത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും അതാണ് വസ്തുത.അത്തരം തീരുമാനങ്ങളെ വ്യക്തിയിൽ വ്യക്തിയുടെ പ്രത്യേകമായ തീരുമാനമോ പിന്തുണയോ ഇല്ലാതെ നടക്കുന്ന ഒരു പ്രക്രിയ മാത്രമായി മനസ്സിലാക്കുന്നതിന് Victor E.Frankl  എതിരാണ്.യൂങ്ങിനെ സംബന്ധിച്ചിടത്തോളം അബോധത്തിലെ മതാത്മകതയിൽ വ്യക്തിയുടെ തീരുമാനത്തിന്റെയോ തിരഞ്ഞെടുപ്പിന്റെയോ ഉത്തരവാദിത്വത്തിന്റെയോ ഒന്നും പ്രശ്‌നമില്ല.
Logotherapy  എന്ന ചികിത്സാപദ്ധതി യുടെ സ്ഥാപകനാണ്  Victor E.Frankl.സ്വജീവിത്തിന് ഒരർത്ഥം കണ്ടെത്താനുള്ള തീവ്രാഭിലാഷമമാണ് മനുഷ്യമനസ്സിലെ ഏറ്റവും വലിയ പ്രേരണാശക്തി എന്ന ആശയമാണ് ലോഗോതെറാപ്പിയുടെ ആധാരമായി പ്രവർത്തിക്കുന്നത്. നാസി കോൺസൻട്രേഷൻ കാംപുകളിൽ മൂന്നുകൊല്ലം ജീവിക്കേണ്ടി വന്നതിന്റെ അനുഭവങ്ങൾ  മനുഷ്യമനസ്സിനെ കുറിച്ചുള്ള Victor E.Frankl ന്റെ നിഗമനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഫ്രോയിഡിയന്മാരും യുക്തിവാദികളും സാധാരണ സൈക്യാട്രിസ്റ്റുകളും അദ്ദേഹത്തിന്റ ആശയങ്ങളെ അംഗീകരിക്കണമെന്നില്ല.പക്ഷേ,അവർക്കും ഈ പുസ്തകത്തിലെ ചില നിരീക്ഷണങ്ങളിൽ കൗതുകവും താൽപര്യവും തോന്നുക തന്നെ ചെയ്യും.

Saturday, May 30, 2015

നാടകവിചാരം

നാടകം ആളുകൾക്ക് കാണാനുള്ളതാണ്.അതുകൊണ്ട് അവരെ രസിപ്പിക്കാ നുള്ള ഘടകങ്ങളെല്ലാം അതിന്റെ രചനയിലും അവതരണത്തിലും ഉൾച്ചേർത്തേ പറ്റൂ - ഈയൊരു ധാരണ പൊതുവെ ഉണ്ട്.രസിപ്പിക്കാനുള്ള എളുപ്പ വഴി നർമം നല്ല പോലെ കലർത്തുക,അവതരണത്തിൽ കാണികളെ ഭ്രമിപ്പിക്കാനുതകുന്ന തന്ത്രങ്ങളെല്ലാം പ്രയോഗിക്കുക,അശ്ലീലത്തിലേക്ക് ചായുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭാഷണത്തിൽ ധാരാളമായി ഉപയോഗിക്കുക തുടങ്ങിയവയൊക്കെയാണ്.മിക്ക പ്രൊഫഷണൽ നാടക ങ്ങളിലും ഈ തന്ത്രങ്ങളെല്ലാം പ്രയോഗിച്ചുകാണാം.ഇവയൊന്നും ഇല്ലാത്ത നാടകങ്ങളെ കാണികൾ തണുപ്പൻ എന്ന് തള്ളിക്കളയും.മുമ്പൊക്കെ അതിവൈ കാരികതയിലേക്ക് നീങ്ങുന്ന ഏതാനും നാടകീയ മുഹൂർത്തങ്ങളും ഹാസ്യ കഥാപാത്രങ്ങളുടെ ഇടക്കുള്ള പ്രത്യക്ഷപ്പെടലും മതിയായിരുന്നു കാണികളെ തൃപ്തിപ്പെടുത്താൻ.അത്രയും ഉണ്ടെങ്കിൽ അവയ്ക്കിടയിലൂടെ തന്നെ തീക്ഷ്ണമായ സാമൂഹ്യപ്രശ്‌നങ്ങളും വ്യക്തിജീവിത ദുരന്തങ്ങ ളുമൊക്കെ ആവിഷ്‌ക്കരിക്കാമായിരുന്നു.പിന്നെപ്പിന്നെയാണ് നിരർത്ഥവും എന്നാൽ കത്തിക്കയറുന്നു എന്ന പ്രതീതിയുണ്ടാക്കുന്നതുമായ സംഭാഷണ ങ്ങളും വളിപ്പുകളും നിലവിളികളുമെല്ലാം ചേർന്ന ബഹളമയമായ ഒരു സംഗതി യായിരിക്കണം നാടകം എന്ന അവസ്ഥ വന്നത്.മറുവശത്ത് അമേച്വർ നാടകക്കാർ ഒരു കാലത്തെ ഡ്രാമാസ്‌കൂൾ നാടകാവതരണങ്ങളുടെ ദു:സ്വാ ധീനം നിമിത്തം അരങ്ങിൽ സവിശേഷ സ്വഭാവമുള്ള ദൃശ്യവിസ്മയങ്ങൾ തീർക്കുന്നതിന് പ്രഥമ പരിഗണന നൽകുകകയും രംഗപാഠത്തിനുവേണ്ടി  രചനയിൽ എന്തു മാറ്റവും വരുത്താം എന്ന ധിക്കാരം മുറുകെ പിടിക്കുകയും ചെയ്തു.ഈ രണ്ടു കൂട്ടരെയും എതിർക്കുന്ന ഇടതുപക്ഷ കലാസമിതികൾ നാടകം രാഷ്ട്രീയാനുഭവങ്ങൾക്ക് പുറത്തുപോവുന്നതിന് തീർത്തും എതിരാ ണ്.രാഷ്ട്രീയാനുഭവം എന്നതിന് വർത്തമാനത്തിലെ രാഷ്ട്രീയാനുഭവം എന്നല്ല മിക്കപ്പോഴും അവർ അർത്ഥമാക്കുന്നത്.കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിന്നു തന്നെ വിഷയം കണ്ടെത്തി എഴുതണം എന്ന വാശിയിലാണ് അവർ.സമ കാലിക സമൂഹത്തിലേക്ക് വരണമെങ്കിൽ ആവാം,പക്ഷേ,വിഷയം പാർട്ടിവി രുദ്ധമാവരുത്.നാടകം സാമൂഹ്യവിമർശനം ലക്ഷ്യമാ ക്കണം,ചരി ത്രത്തോ ടൊപ്പം സഞ്ചരിക്കണം തുടങ്ങിയ ആശയങ്ങളൊക്കെ പാർട്ടിവിരുദ്ധം എന്ന തടസ്സത്തിനു മുന്നിൽ തട്ടിത്തടഞ്ഞു വീഴും. ഒരു രാഷ്ട്രീയപ്പാർട്ടിക്കും കീഴടങ്ങാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏതാനും കാലസമിതികൾ ഉണ്ടെന്നതും അവർ വല്ലപ്പോഴുമൊരിക്കൽ നല്ല നാടകങ്ങൾ അവത രിപ്പിക്കുന്നുണ്ടെന്നതും മറക്കുന്നില്ല.പക്ഷേ, അവർ മാത്രം വിചാരി ച്ചാൽ നാടകത്തെ വലിയൊരു സാമൂഹ്യാനുഭവമാക്കി മാറ്റാനാവില്ല.
മലയാളനാടകത്തെ ആധുനികീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും ഇടതുപക്ഷം വഹിച്ച പങ്ക് വളരെ വലുതാണ്.ഒരു ഘട്ടം കഴിഞ്ഞപ്പോൾ, പക്ഷേ, അവർ നിന്നിടത്തു തന്നെ നിന്നുപോയി.അവരുടെ നിശ്ചലതയുടെ ചതുപ്പിലാണ് നാടകത്തെ അഭ്യാസങ്ങളും കെട്ടുകാഴ്ചകളും അതിവൈകാരികതയുടെ ആഘോഷങ്ങളുമൊക്കയാക്കി മാറ്റുന്ന വ്യത്യസ്ത പ്രവണതകൾ വളർന്നുപടർന്നത്.ഈ സ്ഥിതിവിശേഷത്തിന് വളരെ അടുത്ത കാലത്തായി മാറ്റം വരാൻ തുടങ്ങിയിട്ടുണ്ട്.പ്രൊഫഷണൽ നാടകങ്ങൾ തന്നെയും ഗൗരവപൂർണമായ പ്രമേയങ്ങളും അവതരണശൈലിയും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Thursday, May 28, 2015

ഡിൽഡോ

സാഹിത്യതൽപരരായ ചെറുപ്പക്കാരിൽ ഒരു വിഭാഗം,മിക്കവാറും നന്നേ ചെറിയ ഒരു വിഭാഗമാവാം അവർ,പലപ്പോഴും   പരാമർശിക്കാറുള്ള ഒരു കൃതിയാണ് ദേവദാസ്.വി.എം,ന്റെ
 'ഡിൽഡോ'.ലൈംഗികതയുടെ ഏറ്റവും പുതിയ ലോകത്തിൽ നിന്നാണ് 'ഡിൽഡോ'വിന്റെ ഇതിവൃത്തം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്.രതിയുപകരണങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിത പരിണാമങ്ങളും ദുരന്തവുമാണ് അതിന്റെ കേന്ദ്രസ്ഥാനത്ത് പ്രവർത്തിക്കുന്നത്.പ്രണയം,അസംതൃപ്ത രതി,സ്വയംഭോഗം,ലെസ്ബിയനിസം,പക,കൊലപാതകം തുടങ്ങിയ സംഗതികളൊക്കെ ഇതിവൃത്തത്തെ വികസിപ്പിക്കുന്ന സംഭവങ്ങൾക്ക് രൂപം നൽകുന്നു. ലൈംഗികതാവ്യവസായത്തിന്റെ കടന്നുകയറ്റങ്ങൾ വ്യക്തിജീവിതങ്ങളിൽ സൃഷ്ടിക്കുന്ന അപരിഹാര്യമായ സംഘർഷങ്ങളും അനിവാര്യദുരന്തവുമൊക്കെയാണ് നോവലിൽ ഉള്ളത്.
'ആറ് മരണങ്ങളുടെ ഒരു പൾപ്ഫിക്ഷൻ പാഠപുസ്തകം' എന്ന ഉപശീർഷകം നൽകപ്പെട്ടിരിക്കുന്ന 'ഡിൽഡോ' ഒരു പാഠപുസ്തകത്തിന്റെ ഘടനയെ പാരഡി ചെയ്യുന്ന രൂപമാണ് സ്വീകരിച്ചിട്ടുള്ളത്.നിർവചനം,അഭ്യാസങ്ങൾ,മാപ്പ്,ചോദ്യോത്തരങ്ങൾ,ചെറുകുറിപ്പുകൾ,അനുബന്ധങ്ങൾ തുടങ്ങിയ സംഗതികളൊക്കെ നോവലിലുണ്ട്.കഥ മിക്കവാറും പല കഥാപാത്രങ്ങളെക്കൊണ്ടാണ് പറയിച്ചിട്ടുള്ളത്.അതും വളരെ ശ്ലഥമായ രൂപത്തിൽ. രൂപപരമായ ഈ പുതുമകൾ കൊണ്ട് നോവലിന് എന്തെങ്കിലും മെച്ചമുണ്ടായതായി തോന്നിയില്ല.കൃതിയുടെ വിഷയത്തെ ചിതറിച്ചു കളയാനും ലൈംഗികതയുടെ മേഖലിയിലെ പുത്തൻ കടന്നുകയറ്റങ്ങളുടെ പ്രത്യാഘാതങ്ങളെ , ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീളുന്ന സംഘർഷങ്ങളായാൽത്തന്നെയും, ലാഘവത്തോടെയേ കാണേണ്ടതുള്ളൂ എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ അവ സഹായകമാവുന്നുള്ളൂ.പക്ഷേ,മലയാളനോവൽ ആധുനികോത്തരതയിലേക്ക് കൗണ്ട് ഡൗൺ ആരംഭിച്ചതുപോലെയാണ് അവതാരികാകാരനായ മേതിൽ രാധാകൃഷ്ണന് തോന്നിയത്.ആധുനികോത്തരതയെ  രചനയിലെ അഭ്യാസങ്ങളായും നിരർത്ഥമായ നിർമമതയായും ധൈഷണികതയോടുള്ള വിടപറച്ചിലുമായാണോ  അദ്ദേഹം മനസ്സിലാക്കിയത്? ഈ നോവലിനെ മുൻനിർത്തിയാണ് മേതിലിന്റെ പ്രസ്താവം എന്നതുകൊണ്ട് അങ്ങനെയേ കരുതാനാവുന്നുള്ളൂ.

ഉയർന്ന ഭാവുകത്വം?

ഒരു കവിതയിൽ നിന്നോ കഥയിൽ നിന്നോ എല്ലാ വായനക്കാരും ഒരേ കാര്യങ്ങൾ തന്നെ വായിച്ചെടുക്കണമെന്നോ ഒരേ അനുഭൂതികൾ തന്നെ ഉൽപാദിപ്പിച്ചു കൊള്ളണമെന്നോ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല.അവനവന്റെ സാഹിത്യബോധത്തെയും ലോകപരിചയത്തെയും ജീവിതദർശനത്തെയും സാമൂഹ്യബോധത്തെയുമൊക്കെ ആധാരമാക്കിയാണ് ഓരോരുത്തരും സാഹിത്യകൃതികളിൽ നിന്ന് സൗന്ദര്യാനുഭവങ്ങളും ആശയങ്ങളും ഉൽപാദിപ്പിച്ചെടുക്കുന്നത്.ഏത് വായനയാണ് കൂടുതൽ ശരി,ഏത് വായനയാണ് ഉയർന്ന ഭാവുകത്വത്തെ സാക്ഷ്യപ്പെടുത്തുന്നത് എന്നൊക്കെ നിർണയിക്കുന്നതിലും മുകളിൽ പറഞ്ഞ ഘടകങ്ങളൊക്കെ പ്രവർത്തിക്കും.അപ്പോൾ, സാഹിത്യാസ്വാദനത്തിന്റെയും നിരൂപണത്തിന്റെയും ഗുണനിലവാരം ഏറ്റവും ശരിയായി എങ്ങനെ നിർണയിക്കും?കൃതി വായിക്കപ്പെടുന്ന കാലത്ത് സാഹിത്യത്തെ കുറിച്ച് നിലവിലുള്ള ഏറ്റവും പുതിയ ധാരണകളുടെയും   ധൈഷണികജീവിതത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളുടെയും സത്ത ഏതളവിൽ വായനയിലും നിരൂപണത്തിലും ഉൾച്ചേർന്നിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയേ അത് സാധ്യമാവൂ.ഭാവുകത്വത്തിന്റെ ഏറ്റവും പുതിയ മുനമ്പിൽ വന്നു ചേരുന്ന വായനയും നിരൂപണവും തന്നെയേ ഏത് ഭാഷയിലെയും സർഗാത്മകസാ ഹിത്യത്തെ മുന്നോട്ടു പോവാൻ നിർബന്ധിക്കൂ.പരമ്പരാഗതരീതി ഉപേക്ഷി ക്കാനുള്ള മടി കാരണം വായന നിന്നിടത്തു തന്നെ നിൽക്കുന്ന ഭാഷകളിലും ഒറ്റപ്പെട്ട ചിലർ പുതിയ എഴുത്തുരീതികൾ പരീക്ഷിച്ചേ ക്കാം.സ്‌ഫോടനാ ത്മകമായ ചില ആശയങ്ങൾ അവതരിപ്പിച്ചേക്കാം.പക്ഷേ,അവയുടെ അനുരണനങ്ങൾ ചെറിയ വൃത്തങ്ങളിൽ ഒതുങ്ങിപ്പോവുകയും വായനാ സമൂഹത്തിന്റെ ഭൂരിപക്ഷവും പഴയ ചാലിൽ തന്നെ തുടരുകയും ചെയ്യും.
ഇത്രയും സാമാന്യമായി പറയാവുന്ന കാര്യം.ഭാവുകത്വത്തിന്റെ ഏറ്റവും പുതിയ മുനമ്പ് എന്നത് സ്വാഭാവികമായി രൂപം കൊള്ളുന്നതു തന്നെ ആവണമെന്നില്ലെന്ന പരമ പ്രധാനമായ കാര്യം കൂടിയുണ്ട്.അത് വ്യാജമായി സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതീതി മാത്രവും ആകാം.അതിനു കീഴെ സാഹിത്യം ശുദ്ധമായിരിക്കണം,സർവതന്ത്രസ്വതന്ത്രമായിരിക്കണം,മന്ത്രതുല്യമായിരിക്കണം എന്നൊക്കെയുള്ള പഴകിപ്പൂതലിച്ച ധാരണകൾ ഒളിപ്പിച്ചു വെച്ചിട്ടുമുണ്ടാവാം. കണിശമായ ജാഗ്രത വഴിയേ എഴുതുന്നവർക്കും വായിക്കുന്നവർക്കും ഈ ചതിയിൽ വീണുപോവാതെ സ്വയം രക്ഷിക്കാനാവൂ.

Wednesday, May 27, 2015

നരിത്തലയുള്ള നാലണ

സി.അമ്പുരാജിന്റെ 'നരിത്തലയുള്ള നാലണ' സ്വാനുഭവങ്ങൾ, വ്യക്തികളെ കുറിച്ചുള്ള ഓർമകൾ, റഷ്യയിലും ചൈനയിലും ഗ്രന്ഥകാരൻ നടത്തിയ യാത്രകൾ ഇവയുടെയെല്ലാം ലഘുവിവരണങ്ങൾ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ്.(പ്രസാ:ലോഗോസ് ബുക്‌സ്). അവതാരികയുടെ സ്ഥാനത്ത ് സന്തോഷ് ഏച്ചിക്കാനം അമ്പുരാജുമായി നടത്തിയ'ജീവിതത്തിന്റെ വിവർത്തനം' എന്നു പേരിട്ടിരിക്കുന്ന സംഭാഷമാണുള്ളത്.
'നരിത്തലയുള്ള നാലണ'യിലെയാതൊരു നാട്യങ്ങളുമില്ലാതെ എഴുതിയിരിക്കുന്ന സത്യസന്ധമായ  ചെറുകുറിപ്പുകൾ ഹൃദയസ്പർശിയാണ്. അമ്പുരാജിനെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രസവാനന്തരം സ്തീകളിൽ അപൂർവമായി കണ്ടുവരുന്ന വിഷാദരോഗം കാരണമായി അമ്മ രാത്രി എഴുന്നേറ്റ് നടന്ന് പുഴയിലേക്ക് ഇറങ്ങിപ്പോവുകയാണുണ്ടായത്.ഈ മരണത്തോടെ ഏകാകിയായ അച്ഛൻ കൊതുമ്പുതോണിയിൽ കയറി പുഴ കടന്ന് കുന്നുകയറി എങ്ങോട്ടോ പോയി.അങ്ങനെ അമ്പുരാജ് കുഞ്ഞുന്നാളിലേ ഒറ്റക്കായി.
സമീപ ഭൂതകാലത്തിലെ തികച്ചും ഗ്രാമീണരായ മനുഷ്യരുടെയും നാട്ടുജീവിത സന്ദർഭങ്ങളുടെയും ഓജസ്സുറ്റ പല ചിത്രങ്ങളും ഗ്രാമ്യഭാഷാ പദങ്ങൾ അതേപടി നിലനിർത്തിക്കൊണ്ടു തന്നെ അമ്പുരാജ് ഈ പുസ്തകത്തിൽ മനോഹരമായി വരച്ചു വെച്ചിട്ടുണ്ട്.ഒരു ഉദാഹരണം മാത്രം നോക്കുക:
 'ഞാൻ രണ്ടാം വട്ടവും വായിച്ചു.ബീപാത്തുമ്മ അരയിൽ തിരുകിയ ചപ്പുചുരുട്ടിന് തീ കൊളുത്തി.കൂട്ടം തെറ്റുന്ന ആടിനെ നോക്കി അവർ പേരുവിളിച്ചു.കുറുമാണകോല് കൊണ്ട് തെയ്ച് അയ്റ്റുങ്ങളെ അന്യം പോകാതെ നോക്കി.ഉമ്മ കാതോർത്തു.'പാത്തുമ്മയുടെ ആട്' ഞാൻ രണ്ടാം വട്ടവും വായിച്ചു തീർത്തപ്പോൾ മാങ്കീലെ പാറുഏട്ടി പറഞ്ഞു.
'ഉമ്മയെന്താ ചെക്കനെ ചങ്ങാത്തം കൂട്ടീനി'
'ഏയ്യ് പാറൂ,ഓൻ ഞമ്മളാളെ കഥ വായിച്ചു തര്ന്നു'
'നോക്കട്ട്‌റാ…'
ഓറ് കൈനീട്ടി.'(ഹൃദയത്തിന്റെ ഭാഷ)ശത്രുക്കൾ

നാളിതുവരെയുള്ള എഴുത്തും പ്രസംഗവും കൊണ്ട് എനിക്ക് സുഹൃത്തുക്കളെക്കാളധികം ശത്രുക്കളെയാണ് കിട്ടിയത്.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിലുള്ള അകൽച്ചയും ശത്രുത തന്നെയും മനസ്സിലാക്കാനാവും.പക്ഷേ,എന്റെ ശത്രക്കളിൽ പലരും എന്നെ അകാരണമായാണ് വെറുക്കുന്നത്.അവർക്ക് അവരുടെതായ കാരണങ്ങളുണ്ടാവും.എനിക്ക് പക്ഷേ അത് പിടി കിട്ടുന്നില്ല.ഇക്കാര്യത്തെ കുറിച്ച് ഇടക്കൊക്കെ ആലോചിക്കാറുണ്ടെങ്കിലും അൽപവും വേവലാതിപ്പെടാറില്ല.എന്റെ എഴുത്തുരീതിയിലോ പ്രസംഗരീതിയിലോ എന്തെങ്കിലും വ്യത്യാസം വരുത്താൻ ഉദ്ദേശിക്കുന്നുമില്ല.ഉള്ളിൽ വന്നു വീഴുന്ന, അല്ലെങ്കിൽ അവിചാരിതമായി ഉരുവം കൊള്ളുന്ന ഒരു കഥാവസ്തുവോ വിചാരമോ ആവശ്യപ്പെടുന്ന രൂപം സ്വീകരിച്ചാണ് ഞാൻ എഴുതിപ്പോന്നിട്ടുള്ളത്.ഇനിയും ആ വഴിയേ തന്നെ ഞാൻ മുന്നോട്ടുപോവും.

Saturday, May 23, 2015

സാംസ്‌കാരികാധിനിവേശം സമകാലിക മലയാള നോവലുകളിൽ


സംസ്‌കാരപഠനത്തിന്റെ  സാമഗ്രികൾ ഉപയോഗിച്ച് ഡോ.ശ്യാം മുരളി ടി നടത്തിയ നോവൽ പഠനങ്ങളുടെ സമാഹാരമാണ് 'സാംസ്‌കാരികാധി നിവേശം സമകാലിക മലയാള നോവലുകളിൽ.'(പ്രസാ:ലിഖിതം ബുക്‌സ്, കണ്ണൂർ) സാംസ്‌കാരികാധിനിവേശം നമ്മുടെ ജീവിതത്തിൽശക്തമായി അനുഭവപ്പെട്ടു തുടങ്ങുന്ന രണ്ടായിരം മുതൽക്കുള്ള കാലത്ത് മലയാളത്തിൽ എഴുതപ്പെട്ട നാല് നോവലുകൾ,എം.മുകുന്ദന്റെ 'നൃത്തം'(2000),അംബികാ സുത ൻ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങൾ'(2003),അശോകന്റെ 'ഒരപ്പക്കൂടുകാ രന്റെ അതിഭാഷണങ്ങൾ'(2006), വി.എം.ദേവദാസിന്റെ 'ഡിൽഡോ'(2009) എന്നിവയാണ് ഈ പുസ്തകത്തിൽ പഠനവിധേയമായിട്ടു ള്ളത്.സംസ്‌കാര പഠനത്തെ ആധുനികോത്തര കാലം വരെ എത്തിച്ച പല ആശയങ്ങളുടെയും വെളിച്ചത്തിലാണ്  ശ്യാംമുരളി ഈ നോവലുകളെ സമീപിച്ചിട്ടുള്ളത്.
ഉൽപദനശക്തിയെയും ഉൽപാദനബന്ധത്തെയും ഉൽപദനരീതികളെയും അടിത്തറയായും സംസ്‌കാരത്തെ ഉപരിഘടനയായയും  കണ്ടുകൊണ്ടുള്ള സംസ്‌കാരവിശകലനമാണ് മാർക്‌സിസത്തിന്റെത്.സംസ്‌കാരത്തെ കുറിച്ചുള്ള മാർക്‌സിസ്റ്റ് പരികൽപന പലരാൽ വിമർശിക്കപ്പെടുകയും പൂരിപ്പിക്കപ്പെടുകയും അങ്ങനെ പരിപോഷിപ്പിക്കപ്പെടുകയും ചെയ്തിട്ടു ണ്ട് അന്തോണിയോ ഗ്രാംഷി,.ലൂയി അൽത്തൂസർഫ്രാങ്ഫർട് സ്‌കൂൾ ചിന്തകർ,സെന്റർ ഫോർ കൺടംപററി കൾച്ചറൽ സ്റ്റഡീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബ്രിട്ടീഷ് ചിന്തകർ,റയ്മണ്ട് വില്യംസ്,ഫ്രഡറിക് ജെയിംസൺ തുടങ്ങിയവരെല്ലാം മാർക്‌സിയൻ സംസ്‌കാര വിശകലനത്തെ വികസിപ്പിച്ചവരാണ്.ആഗോളവൽക്കരണകാലത്ത് സാംസ്‌കാരിധിനവേശം സംസ്‌കാരപഠിതാക്കളുടെ ഒരുമുഖ്യപഠനമേഖലയായി ത്തീർന്നു.വിപ ണി,ഉപഭോഗം,മാധ്യമങ്ങൾ,വിനോവ്യവസായം,ഭക്ഷണശീലങ്ങളിലും ലൈംഗികതയെ കുറിച്ചുള്ള സങ്കൽപങ്ങളിലും വരുന്ന മാറ്റങ്ങൾ ഇവയെ കുറിച്ചെല്ലാം പ്രത്യേകം  പ്രത്യേകം പഠനങ്ങളുണ്ടായി.ആധുനികോത്തരത എന്ന അവസ്ഥയെയും ബഹുരാഷ്ട്രമുതലാളിത്തം സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെയും കുറിച്ചുള്ള ബഹുവിതാനങ്ങളിലുള്ള പഠനങ്ങൾ ഇന്ന് സംസ്‌കാരപഠനത്തിന്റെയും സാഹിത്യപഠനത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.ശ്യാംമുരളി പഠനത്തിന് വിധേയമാക്കിയ നോവലുകൾ ആഗോളവൽക്കരണകാലത്ത് കേരളീയ ജീവിതം കടന്നുപോകുന്ന അവസ്ഥയുടെ വ്യത്യസ്തതലങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പ്രമേയവും ഇതിവൃത്തവും കരുപ്പിടിച്ചിട്ടുള്ളവയാണ്. 'നൃത്തം' സൈബർ സ്‌പെയ്‌സിലൂടെ രൂപപ്പെടുന്ന ഒരു ബന്ധം യാഥാർത്ഥ്യത്തെ കുറിച്ചുള്ള വ്യക്തിയുടെ ധാരണകളിൽ വിള്ളലുകൾ വീഴ്ത്തുകയും പിന്നീട് സ്ഥലപരവും മാനസികവുമായ അതിർത്തികളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിനെ കേന്ദ്രപ്രമേയമാക്കിക്കൊണ്ടുള്ളതാണ്.ഡോ.ശ്യം മുരളി എഴുതുന്നു:യാഥാർത്ഥ്യം,ശരീരം,ഇടം എന്നിവയെ സന്നിഗ്ധമാക്കുന്ന പ്രതീതിലോകത്തിന്റെ സാന്നിധ്യം നോവലിൽവായിച്ചെടുക്കാനാവുമെങ്കിലും ഇതിനെ സാധ്യമാക്കുന്ന മൂലധനത്തിന്റെ താൽപര്യങ്ങൾ നോവലിസ്റ്റിന്റെ പരിഗണനാവിഷയമായിത്തീരുന്നില്ല.പലപ്പോഴും ഇതിനെ സ്വാഭാവികമെന്ന നിലയിൽ സ്വീകരിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ.അങ്ങനെ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മൂല്യങ്ങളെയും അഭിപ്രായഗതികളെയും പുനരുൽപാദിപ്പിക്കുയോ ഉറപ്പിക്കുകയോ ആണ് നോവൽ ചെയ്യുന്നത്.'
'മരക്കാപ്പിലെ തെയ്യങ്ങൾ' പ്രാദേശിക സംസ്‌കാരത്തിനുമേൽ ആഗോളതലത്തിലുള്ള വിനോദവ്യവസായത്തിന്റെ ശക്തികൾ നടത്തുന്ന കയ്യേറ്റത്തിന്റെ ഫലമായി സാധാരണമനുഷ്യജീവിതങ്ങൾ തകർക്കപ്പെടു ന്നതിന്റെ കഥയാണ് പറയുന്നത്.പരമ്പരാഗതമായി അവർ ജീവിച്ചുവന്ന പരിസരത്തുനിന്നും തൊഴിലുകളിൽ നിന്നും പുറത്താക്കപ്പെടുക,പ്രകൃതി ദയാരഹിതമായി ചൂഷണം ചെയ്യപ്പെടുക,വേശ്യാവൃത്തി പ്രോത്സാഹി പ്പിക്കപ്പെടുക,നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്ന കലകളും അനുഷ്ഠാനങ്ങൾ പോലും കച്ചവട തന്ത്രത്തിന്റെ ഭാഗമായി കേവലം കാഴ്ചവസ്തു ക്കളാക്ക പ്പെടുക,പരമ്പരാഗത വസ്തുക്കളും,കലയും വാസ്തുവിദ്യയും പാരമ്പര്യചി കിത്സയുമെല്ലാം അവ നിലനിന്നുപോന്ന സാംസ്‌കാരിക സാഹര്യങ്ങളിൽ നിന്ന് അടർത്തിമാറ്റപ്പെട്ട് സന്ദർശകരായ വിദേശികളുടെ സന്തോഷം ലക്ഷ്യമാക്കി പുതിയ ഇടങ്ങളിൽ സ്ഥാപിക്കുക ഇവയെല്ലാം ടൂറിസം വികസനത്തിന്റെ മറവിൽ നടക്കുന്നു.
മരക്കാപ്പ് എന്ന സ്ഥലത്തിന്റെ പരമ്പരാഗതമായ എല്ലാം നന്മകളുടെയും കരുത്തിന്റെയും പ്രതീകമാണ് ഉമ്പച്ചി എന്ന കഥാപാത്രം.തന്റെ നലര സെന്റ് സ്ഥലം സംരക്ഷിക്കാനായി ഉമ്പച്ചിക്ക് രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും കീഴടങ്ങേണ്ടിവരുന്നു.മരിച്ചു കഴിഞ്ഞിട്ടും അവൾ ടൂറിസ്റ്റ് റിസോർട്ടുകളുടെ വ്യാപാരചിഹ്നമായി ഉപയോഗപ്പെടു ത്തപ്പെടു ന്നു.മരക്കാപ്പിലെ സാംസ്‌കാരിക സംഘർഷങ്ങൾ ടൂറിസം വ്യവസായ ത്തിന്റെ എല്ലാ നിഷേധാത്മക സാധ്യതകളെയും തുറന്നുകാണിക്കു ന്നുണ്ട്.വ്യക്തികളുടെ സ്വത്വകർതൃത്വങ്ങളെ ശിഥിലമാക്കിയും തകർത്തും പ്രാദേശിക സംസ്‌കാരത്തിന്റെ സവിശേഷതകളെ തങ്ങൾക്കിണങ്ങും വിധം ഉടച്ചുവാർത്തും മുന്നേറുന്ന വിനോദവ്യവസായം ആഗോളവൽക്കര ണകാലത്തെ ഏറ്റവും വലിയ സാംസ്‌കാരിക യാഥാർത്ഥ്യങ്ങളിലൊന്നാണ്.
രുചിശീലങ്ങളിൽ വരുന്ന പരിണാമങ്ങളും ഭക്ഷണത്തിന്റെ ആവശ്യക തയെയും മൂല്യത്തെയും കുറിച്ചുളള സങ്കല്പങ്ങളിൽ വരുന്ന മാറ്റങ്ങളും സൃഷ്ടിക്കുന്ന പുതിയ അവസ്ഥയും അതിൽ അടങ്ങിയിട്ടുള്ള പ്രശ്‌നങ്ങളു മൊക്കെയാണ് അശോകന്റെ 'ഒരപ്പക്കൂടുകാരന്റെ അതിഭാഷണങ്ങളി'ലെ വിഷയം..വിപണിയുടെ ചൂഷണതന്ത്രങ്ങൾ ഭക്ഷണശീലങ്ങളിൽ നടത്തുന്ന ഇടപെടലുകളും അത് സംസ്‌കാരത്തിനുമേൽ നടത്തുന്ന കടന്നുകയറ്റവും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നോവലാണ് ഇതെന്നതാണ് ശ്യാം മുരളി യുടെ നിരീക്ഷണം.
ആഗോളവൽക്കരണ കാലത്ത് രൂപപ്പെട്ട് ശക്തിയാർജിച്ച ലൈംഗികതാ വ്യവസായത്തിന്റെ ഇടപെടലുകൾ വ്യക്തിജീവിതങ്ങളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളെയുംതകർച്ചകളെയും വിഷയമാക്കിയ 'ഡിൽഡോ' എന്ന നോവലിനെ കുറിച്ചുള്ളതാണ് ശ്യംമുരളിയുടെ പുസ്തകത്തിലെ അവസാനലേഖനം.
സാംസ്‌കാരികാധിനിവേശവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും താൻ പഠനത്തിന് തിരഞ്ഞെടുത്ത നോവലുകളുടെ അപഗ്രഥനത്തിലൂടെ ശ്യാംമുരളി വിശദീകരിക്കുന്നുണ്ട്,നോവൽ പഠനം സമകാലികലോകത്തെ ഏറ്റവും പ്രസക്തമായ ഒരു വിഷയവുമായി ബന്ധപ്പെടുത്തി നിർവഹിച്ചു എന്നതാണ് ശ്യാമിന്റെ ഈ പഠനത്തിന്റെ പ്രാധാന്യം.നോവലിസ്റ്റുകൾ തങ്ങൾ കൈകാര്യം ചെയ്ത വിഷയത്തിന്റെ രാഷ്ട്രീയത്തോട് പുലർത്തുന്ന മനോഭാവം എന്താണ് എന്ന കാര്യം പ്രത്യേകമായിത്തന്നെ പരിശോധിക്കേണ്ടതായിരുന്നു എന്നതാണ് ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയ ഒരു കാര്യം.'നൃത്ത'ത്തിന്റെ കാര്യത്തിൽ അത് സൂചിപ്പിടു വിടുകയും മറ്റ് നോവലുകളുടെ ഇതിവൃത്തം വിശകലനം ചെയ്യുന്നതിനിടയിൽ അത് പറഞ്ഞുപോവുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കാതിരുന്നിട്ടില്ല.പക്ഷേ,വിഷയസ്വീകരണം മുതൽ ആഖ്യാനത്തിന്റെ എല്ലാ തലങ്ങളിലും നോവലിസ്റ്റിന്റെ മനോഭാവം പ്രകടമായിരിക്കും.സാംസ്‌കാരികാധിനിവേശം സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ച് ഓരോ നോവലും അത് കൈക്കൊള്ളുന്ന  ആഖ്യാനതന്ത്രങ്ങളിലൂടെ തന്നെ വായനക്കാർക്ക് ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.അവയുടെ വിശകലനം ഇതുപോലൊരു ഗവേഷണപഠനത്തിന്റെ ഭാഗമായിരിക്കേണ്ടതാണ്.

Monday, May 18, 2015

ആഢ്യത്വം ആഢ്യന്മാരുടെ മാത്രം സ്വഭാ വമല്ല

ആഢ്യത്വം എന്നത് പഴയ ആഢ്യന്മാരുടെയോ സവർണരുടെയോ  മാത്രം
സ്വഭാ വമല്ല.അവർ ഉൽപാദിപ്പിച്ച മൂല്യധാരണകളും സൗന്ദര്യസങ്കൽപങ്ങളും എല്ലാ ജാതിമത വിഭാഗങ്ങളിലും പെട്ട വ്യക്തികളിലും പ്രവർത്തിക്കു ന്നുണ്ട്.ഇക്കാര്യത്തിൽ വർഗവ്യത്യാസവും ഇല്ല.ഉയർന്ന രാഷ്ട്രീയബോധം കൊണ്ട് ഭാവുകത്വത്തെ പരിപൂർണമായി നവീകരിക്കാൻ കഴിഞ്ഞ ചുരുക്കം ചിലർ മാത്രമേ ഇതിന്റെ ബാധയിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ.ആഢ്യത്വം വ്യക്തിക്കു തന്നെ തീരെ തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് പലപ്പോഴും വെളിപ്പെടുക.കവിതക്ക് അതിന്റെ പഴയ കൊടിയടയാളങ്ങൾ നഷ്ടമാവുന്നു എന്ന് പറയുമ്പോൾ പലരും വല്ലാതെ വേവലാതിപ്പെടുന്നതും യഥാർത്ഥമായ സാമൂഹികതയിൽ നിന്നും രാഷ്ട്രീയബോധത്തിൽ നിന്നും സാഹിത്യരചനകൾ അകന്നകന്നു പോവുന്നതിൽ പലർക്കും അതിയായ ആഹ്ലാദം
അനു ഭവപ്പെടുന്നതും ആഢ്യത്വം കൊണ്ടു തന്നെയാണ്.ഈ വക കാര്യങ്ങളെ കുറിച്ചെല്ലാം ആഴത്തിൽ ആലോചിക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന പ്രതീക്ഷയിൽ കെ.ആർ.ടോണിയുടെ 'ഒരു പ്രതിസാഹിത്യവിചാരം' എന്ന കവിതയിലെ അവസാനവരികൾ ഉദ്ധരിക്കുകയാണ്:
ഇത്തിരി പോലും 'കുഴപ്പ'ങ്ങളില്ലാത്ത
വൃത്തിയെഴും പ്രമേയത്തിൽ പ്രചോദനം
കൊണ്ടാ,ർക്കുമോക്കാനമുണ്ടായിടും വിധം
പണ്ടാരമുണ്ടാക്കിവെക്കുമെഴുത്തുകാർ-
മുൽപാടുമിങ്ങനെ തന്നെയോ സാഹിത്യം?

Saturday, May 16, 2015

കവിത മാറുന്നു

കവിത സംഭാഷണമായും കേവലമായ വസ്തുസ്ഥിതികഥനമായും കഥയായും നോവലായിത്തന്നെയും മാറിക്കൊണ്ടിരിക്കയാണ് മലയാളത്തിൽ.ഈ മാധ്യമത്തിൽ വലിയ അളവിൽ ജനാധിപത്യവൽക്കരണം നടന്നുവരുന്നതിന്റെ തെളിവുകളിൽ ഒന്നായിത്തന്നെ ഈ മാറ്റത്തെ കാണണം.ആധുനികത ചുവന്നു തുടങ്ങിയ കാലത്തു തന്നെ ആരംഭിച്ചതാണിത്.ഇപ്പോൾ അതിന് ഗതിവേഗമേറുകയും കുറേക്കൂടി വൈവിധ്യം കൈവരികയും ചെയ്തു എന്നേ ഉള്ളൂ.
കാവ്യപരിചയത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബങ്ങളിൽ നിന്നും ആഢ്യകവിതയുടെ ആഘോഷങ്ങളെല്ലാം അപരിചിതമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന ആളുകൾ കവിതയെഴുതാൻ ധൈര്യം കാണിക്കുന്നുവെന്നതും പലരും ധാരാളമായി എഴുതുന്നുവെന്നതും അൽപവും ആശങ്കയുണർത്തേണ്ട കാര്യമല്ല.മറിച്ച് നാളിതു വരെ അവഗണിച്ച അനേകം അനുഭവങ്ങളിലേക്ക് മലയാളകവിത കടന്നു ചെല്ലുന്നതിൽ പുതിയ ഉണർവും ആവേശവും തന്നെയാണ് അനുഭവപ്പെടേണ്ടത്. വൃത്തമോ അലങ്കാരങ്ങളോ അതിവൈകാരികതയോ ഒന്നുമല്ല കവിതയെ കവിതയാക്കിത്തീർക്കുന്നത്.ഓരോ കാലത്തെയും ജീവിതസത്യങ്ങളുടെ, അല്ലെങ്കിൽ ചിന്തയുടെയും വികാരങ്ങളുടെയും അനുഭൂതികളുടെയും ഘടനയുമായി ഇണങ്ങിപ്പോകുന്നുണ്ടോ എന്നതാണ് കവിതയുടെ മൂല്യനിർണയനത്തിൽ ഏറ്റവും സ്വാഭാവികമായി ഉയർന്നുവരുന്ന ആദ്യത്തെ ചോദ്യം.ചരിത്രത്തിന്റെ ഗതിയെയും സാമൂഹ്യാനുഭവങ്ങളെയും  മൂല്യനിർമിതികളെയും കുറിച്ചെല്ലാം പുതിയ ബോധ്യങ്ങളുണ്ടായിക്കഴിഞ്ഞാൽ കവിത അതിന്റെ പഴയ ഉടയാടകൾ മാത്രമല്ല പഴയ സ്വത്വം തന്നെയും ഉപേക്ഷിച്ചേ മതിയാവൂ.

Friday, May 15, 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ടി.ഡി.രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി 'നന്നായി വായിക്കപ്പെട്ടു വരുന്ന നോവലാണ്.ഭാവനാനിർമിതമായ ചരിത്രവും മായികസംഭവങ്ങളും വർത്തമാനകാലത്തെ ഫാസിസ്റ്റ്‌സ്വഭാവമുള്ള ഒരു ഭരണകൂടത്തിന്റെ ഭീകരമായ ചെയ്തികളുമെല്ലാം കൂടിച്ചേർന്നു രൂപപ്പെടുത്തുന്ന ഇതിവൃത്തമാണ് നോവലിനുള്ളത്.'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി 'യെ നിർല്ലോപം പുകഴ്ത്തിക്കൊണ്ട് മധുപാൽ എഴുതിയ ആസ്വാദനത്തിൽ 'ആധുനിക  കാലത്തെ ഒരു ഹോളിവുഡ്ഡ് ചലച്ചിത്രത്തിന്റെ ബ്രഹ്മാണ്ഡാവസ്ഥ ഈ നോവൽ വായനക്കാരനിലേക്ക് പകരുന്നു 'എന്നെഴുതിയിട്ടുണ്ട്.വളരെ കൃത്യമായ ഒരു നിരീക്ഷണമാണത്.
ഹോളിവുഡ്ഡ് സിനിമകൾ അവയുടെ സാങ്കേതിക വൈദഗ്ധ്യം കൊണ്ടും അവ നൽകുന്ന കാഴ്ചകളുടെ വൈവിധ്യവും സമൃദ്ധിയും കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തും.'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്കും ആ മട്ടിലുള്ള  പ്രത്യേകതകളുണ്ട്.പുതിയ നോവൽവായനക്കാരിൽ ഗണ്യമായ ഒരു വിഭാഗം നോവലിൽ നിന്ന് ഈ വക സംഗതികൾ പ്രതീക്ഷിച്ചു തുടങ്ങിയതുകൊണ്ട് അടുത്ത ഒരു ദശകക്കാലത്തേക്കെങ്കിലും മലയാളത്തിൽ ഇത്തരം നോവലുകളുടെ പെരുപ്പം പ്രതീക്ഷിക്കാം.

Thursday, May 14, 2015

കവിത /കുഞ്ഞപ്പ പട്ടാന്നൂർ വാള്യം1

'കവിത /കുഞ്ഞപ്പ  പട്ടാന്നൂർ  വാള്യം1 'പ്രസിദ്ധീകൃതമായിരിക്കുന്നു.1962 മുതൽ 1986 വരെയുള്ള കാലത്ത് കുഞ്ഞപ്പ എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.ആദ്യകവിത 'കാട്ടുപൂവ്'.സമാഹാരത്തിൽ ഒടുവിൽ ചേർത്തിരിക്കുന്ന കവിത 'ബെഞ്ചമിൻ മൊളോയിസ്'
'ഈ വിശ്വപ്പൂവാടി തന്നിൽ വിടർന്നുള്ളൊ-
രീശന്റെ സൃഷ്ടി ഞാൻ-കാട്ടുപൂവ് '
എന്നാണ് ആദ്യകവിത തുടങ്ങുന്നത്.
1972 ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തിൽ വന്ന 'അതാണ് വഴി!' എന്ന കവിത മുതലാണ് കുഞ്ഞപ്പയുടെ ഭാഷയും വിഷയവും മാറിത്തുടങ്ങുന്നത്.പിന്നീടിങ്ങോട്ട്    കവിയുടെ ഓരോ മിടിപ്പും കേരളത്തിലെയും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും  രാഷ്ട്രീയസംഭവങ്ങളുമായി ഇടകലരുന്നു.ഒരു ഘട്ടം കഴിയുമ്പോൾ കുഞ്ഞപ്പയുടെ കവിത താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനു വേണ്ടിയുള്ള വാശിയും വീറും കലഹവുമൊക്കെയായി മാറുന്നു.അപ്പോഴും തന്നെ രൂപപ്പെടുത്തിയ ഗ്രാമത്തിന്റെയും പ്രാദേശികസംസ്‌കൃതിയുടെയും അടയാളങ്ങൾ അദ്ദേഹം കൈവിടുന്നുമില്ല.
കുഞ്ഞപ്പയുടെ രാഷ്ട്രീയ കവിതകൾ ആവശ്യത്തിലധികം വാചാലമാണെന്നും പലതും വല്ലാതെ പ്രസംഗപരമാണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ കാലത്തെയും ജീവിതത്തെയും പ്രത്യയശാസ്ത്രപരമായ ശാഠ്യത്തോടെയല്ലാതെ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാൻ ഈ കവി ശ്രമിക്കുന്നേയില്ലല്ലോ എന്ന് പരിതപിച്ചു പോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട് കൂടെ ഈ വേറിട്ടുള്ള നിൽപിന് അതിന്റേതുമാത്രമായ ആർജവമുണ്ടല്ലോ എന്നും ആലോചിച്ചിട്ടുണ്ട്.

പരിമിതമായ അനുഭവങ്ങളിൽ നിന്ന്

മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ ഇടപെടാതെ മാറിനിൽക്കുന്ന പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അനേകം എതിർപ്പുകളെനേരിട്ട് മുന്നോട്ടുപോകുന്നവരാണ് സന്നദ്ധസംഘടനാപ്രവർത്തകർ. പല പൊതു പ്രശ്‌നങ്ങൾക്കും ഭാഗികമായെങ്കിലും പരിഹാരമുണ്ടാക്കാൻ പലപ്പോഴും അവർക്ക് കഴിയുന്നുണ്ട്.രാഷ്ടീയ പാരട്ടിക്ക് കീഴിലല്ലാതെ സാമൂഹ്യപ്രശ്‌നങ്ങളിൽ ഇടപെടുന്നവർക്ക്  ഏതെങ്കിലുമൊരു ഘട്ടത്തിൽ തീർച്ചയായും അവരുമായി സഹകരിക്കേണ്ടി വരും.ഇത്തരത്തിലുള്ള സഹകരണത്തിന്റെ വളരെ പരിമിതമായ അനുഭവങ്ങളിൽ നിന്ന് എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ അക്കമിട്ടെഴുതാം:
1. സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്ന പാതിയിലേറെ പേർക്കും തങ്ങൾ ഉൾപ്പെടുന്ന സംഘടനയെ കുറിച്ച് നാമമാത്രമായ ധാരണയേ ഉണ്ടാവൂ.സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെ പറ്റി അവർ ഒന്നും അറിയുന്നുണ്ടാവില്ല.തങ്ങൾ ഉയർത്തിപ്പിടിക്കുന്ന പല ആശയങ്ങളും മറ്റെവിടെയോ ഉൽപാദിപ്പിക്കപ്പെട്ടതാണെന്ന സംശയം അവർക്കും ഉണ്ടാവാം.പക്ഷേ,ആ സംശയത്തിനു പിന്നാലെ അവർ അധികമൊന്നും സഞ്ചരിക്കില്ല.
2. സന്നദ്ധസംഘടനകളുടെ മേൽത്തട്ടു നേതാക്കളിൽ പലരും പല മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കളെപ്പോലെത്തന്നെ അഹന്തയും അതിലേറെ പരപുച്ഛവും ഉള്ളവരാണ്.
3. പ്രശ്‌നം പരിഹരിക്കുന്നതിനേക്കാളേറെ ബൗദ്ധിക വ്യവഹാരങ്ങൾ നടത്തി കേമന്മാരാണെന്നു ഭാവിക്കാൻ താൽപര്യപ്പെടുന്നവരായ ഒരു വിഭാഗം പല സന്നദ്ധസംഘടനകളിലും ഉണ്ട്. ഏറ്റവും പുതിയ വിദേശ ചിന്തകരെ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ച് സംസാരിക്കുന്ന ഇക്കൂട്ടർ നമ്മുടെ നാട്ടിൽ കാര്യമായ ചിന്തയോ ദർശനമോ ഒന്നും രൂപപ്പെടില്ല എന്ന് ഉറച്ച ബോധ്യമുള്ളതുപോലെയാണ് സംസാരിക്കുക.മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തോടും ഇവർക്ക് കടുത്ത പുച്ഛം മാത്രമാണുള്ളത്.
4. ഇടതുപക്ഷത്തോട് ഉള്ള അത്രയും ശത്രുത ഇവർക്ക് വലതുപക്ഷത്തോടില്ല.

Monday, May 11, 2015

കുറിപ്പ്

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സർക്കാറിനും എതിരായി വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയതായി പത്രവാർത്ത കണ്ടു.ഈ വാർത്ത ശരിയാണെങ്കിൽ ജനാധിപത്യത്തെ സ്‌നേഹിക്കുകയും മാധ്യമസ്വാതന്ത്ര്യത്തെ ആദരിക്കുകയും ചെയ്യുന്നവർക്ക് എഎപിയുടെ രാഷ്ട്രീയത്തെ തള്ളിപ്പറയേണ്ടി വരും.പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ കെജ്‌രിവാളിന്റെ നേതൃത്വപരമായ കഴിവുകളെപ്പറ്റി മാത്രമല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചു തന്നെ സംശയങ്ങളുളവാക്കിയിട്ടുണ്ട്.എഎപി പ്രവർത്തകർ ഇക്കാര്യങ്ങളെ കുറിച്ചൊന്നും മൗനം ദീക്ഷിക്കേണ്ട കാര്യമില്ല.അടിമത്തം ആഗ്രഹിച്ചല്ലല്ലോ ആരും ഈ പാർട്ടിയിലേക്ക് വന്നത്.
11/5/2015

Sunday, May 10, 2015

നോവൽ വായനയും ഭാവുകത്വപരിണാമവും

മലയാളത്തിലെ വായനാസമൂഹം നോവൽ വായനയുടെ കാര്യത്തിൽ  വലിയൊരു ഭാവുകത്വപ്രതിസന്ധിയുടെ മുന്നിലാണ്.അവരിൽ ഒരു വിഭാഗം യഥാതഥ ശൈലിയിൽ എഴുതപ്പെടുന്ന നോവലുകൾക്ക്  പൂർണമായും എതിരായിക്കഴിഞ്ഞു.അത്രയുമല്ല,നോവൽ യഥാർത്ഥ ജീവിതാനുഭവങ്ങളെ ഏതെങ്കിലും തരത്തിൽ അടിമുടി വക്രീകരിച്ചോ,ആ അനുഭവങ്ങളുടെ പിന്നിലെ യഥാർത്ഥ രാഷ്ട്രീയത്തെയും സാമൂഹ്യശക്തികളെയും പൂർണമായും തമസ്‌കരിച്ചോ, തിരിച്ചറിയാനാവാത്ത വിധം രൂപാന്തരണം വരുത്തിയോ  ആവിഷ്‌കരിച്ചാലേ അത് കലാത്മമകമാവൂ എന്ന നിലപാട് അവർ ഉയർത്തിപ്പിടിക്കുന്നുമുണ്ട്.പൊതുവെ വരേണ്യ വിഭാഗത്തിൽ പെട്ടവരോ സാഹിത്യത്തിന്റെ നിർമാണവും ആസ്വാദനവും സവിശേഷ സിദ്ധികളുള്ള ഒരു ചെറു ന്യൂനപക്ഷത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന നിലപാടിൽ നേരത്തേ തന്നെ എത്തിക്കഴിഞ്ഞവരോ ആണ് ഈ വായനക്കാർ.ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ പെടുന്ന സമകാലിക ഇംഗ്ലീഷ് നോവലുകൾ ചിലതിന്റെ വായനയിലൂടെ  നോവലിന്റെ ഇതിവൃത്തം കെട്ടുകഥയുടെതിന് സമാനമായിരിക്കണമെന്ന ധാരണയിൽ അകപ്പെട്ടുപോയവരും കൂട്ടത്തിലുണ്ട്.കേരളത്തിൽ നിലവിലുള്ള സാഹിത്യാസ്വാദന പരിസരം അരാഷ്ട്രീയതക്കും അതിലേറെ നവമുതലാളിത്തം സൃഷ്ടിച്ച വിപണി സൗഹൃദം മുഖമുദ്രയായ അഭിരുചികൾക്കും അനുകൂലമായതുകൊണ്ട് ഭാവുകത്വത്തെ കുറിച്ച് ഈ വിഭാഗം സൃഷ്ടിക്കുന്ന ധാരണകൾക്ക് താൽക്കാലികമായെങ്കിലും മേൽക്കൈ കിട്ടാൻ തന്നെയാണ് സാധ്യത.

പിന്നെയും പിന്നെയും

ഉന്മാദവും കവിതയും തമ്മിലുള്ള ബന്ധം ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടു ള്ളതാണ്.പക്ഷേ,സത്യം എല്ലാവർക്കും അറിയാം.ഉന്മാദം കൊണ്ടു മാത്രം ഒരാളും കവിയാവില്ല.കവിതയിലേക്കുള്ള വഴി ഉന്മാദത്തിലൂടെ യല്ല.മനസ്സിന്റെ ,അല്ലെങ്കിൽ മസ്തിഷ്‌കത്തിന്റെ ഇനിയും പൂർണമായും വിശദീകരണം സാധ്യമായിട്ടില്ലാത്ത ചില പ്രത്യേക പ്രവർത്തനശേഷികളാണ് ഒരാളെ കവിയാക്കുന്നത്.കൂട്ടത്തിൽ കാലവും കവി ആർജ്ജിക്കുന്ന ലോകജ്ഞാനവുമെല്ലാം അവയുടെതായ ഇടപെടൽ നടത്തുന്നുണ്ട്.കവിതയുടെ മൂല്യനിർണയനത്തിന് വായനക്കാർ ആശ്രയിക്കുന്നത് സ്വന്തം ഭാവുകത്വത്തെയാണ്.ഭാവുകത്വത്തിന്റെ രൂപപ്പെടലിൽ ഓരോ വായനക്കാരന്റെയും/വായനക്കാരിയുടെയും സാഹിത്യ പരിചയം,ജീവിത പരിസരങ്ങൾ,രാഷ്ട്രീയബോധം എന്നിങ്ങനെ അനേകം സംഗതികൾ പ്രവർത്തിക്കുന്നുണ്ട്.എല്ലാവർക്കും എല്ലാ സാഹിത്യരചനകളും ഇഷ്ടപ്പെടാനാവില്ല.ഒരാളുടെ ഇഷ്ടം മറ്റൊരാളുടേതിനാക്കാൾ തികവുറ്റത്,വിശ്വസനീയം,ഉയർന്ന നിലവാരത്തിലുള്ളത് എന്നൊന്നും ഉറപ്പിച്ചു പറയാൻ ഒരു മാനദണ്ഡവുമില്ല.കാലത്തിലൂടെ സഞ്ചരിച്ച് ചില കൃതികൾ ഒരു ജനതയുടെ,അപൂർവം ചില കൃതികൾ ലോകജനതയുടെ തന്നെ മാനസികജീവിതത്തിന്റെ ഭാഗമായിത്തീരുന്നു.അല്ലാതുള്ളവ അൽപകാലം കഴിയുമ്പോൾ വിസ്മൃതമാവുന്നു.ഓരോ കാലത്തിന്റെയും ജനതയുടെയും മാനസികാവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ പിന്നെയും പിന്നെയും പുതിയ കഥകളും കവിതകളും നാടകങ്ങളുമെല്ലാം ഉണ്ടായിക്കൊ
 ണ്ടേയി രിക്കുന്നു.

Saturday, May 9, 2015

ഇന്ന്,ഇപ്പോൾ

മഞ്ഞ് പൊഴിയുന്ന മലനിരകൾ
വെട്ടിത്തിളങ്ങുന്ന ചന്ദ്രൻ
വിജനമായ മലമ്പാത
ഒറ്റയായി വളരുന്ന വിളർത്ത മുള
സൈപ്രസ് മരങ്ങൾ
തണുത്തുറഞ്ഞ വിഷാദം പോലെ തടാകം
പച്ച പച്ചയായി പുല്ല് പരന്ന പുഴയോരം
പഴയ ചൈനീസ് കവിതകളിലെന്ന പോലെ
ഇച്ചൊന്നതെല്ലാം ഇന്ന്,ഇപ്പോൾ
എന്റെ ഉള്ളിലും നിറയുന്നു.