Pages

Saturday, January 29, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

25
1-1-2011
ബാബു കാമ്പ്രത്തിന്റെ കാനം,കൈപ്പാട് എന്നീ ഡോക്യുമെന്ററി ചിത്രങ്ങള്‍ നാലഞ്ചു ദിവസം മുമ്പാണ് കണ്ടത്. ദേശീയവും അന്തര്‍ദ്ദേശീയവുമായ അംഗീകാരങ്ങള്‍ നേടിയ ഈ രണ്ടു ചിത്രങ്ങളും വളരെ മനോഹരമായി തോന്നി.രണ്ടിനോടും എനിക്ക് പ്രത്യേകമായ മമത തോന്നാന്‍ തികച്ചും വ്യക്തിഗതമായ ഒന്നുരണ്ടു കാരണങ്ങള്‍ കൂടിയുണ്ട്.'കാന'ത്തിന്റെ ചില ഭാഗങ്ങളും 'കൈപ്പാട്' ഏറെക്കുറെ മുഴുവനായിത്തന്നെയും ചിത്രീകരിച്ചിരിക്കുന്നത് യഥാക്രമം മാടായിപ്പാറപ്പുറത്തുനിന്നും പഴയങ്ങാടി ബസ്സ്റാന്റില്‍ നിന്നകലെയല്ലാത്ത മുട്ടുകണ്ടി ഭാഗത്തുനിന്നുമാണ്.രണ്ടും അരനൂറ്റാണ്ടിലധികമായി എനിക്ക് സുപരിചിതമായ സ്ഥലങ്ങള്‍.എന്റെ 'തീയൂര്‍രേഖകളി'ലും 'ജനകഥ'യിലും പല രൂപത്തില്‍ ഇടം നേടിയ ഇടങ്ങള്‍.രണ്ടു ചിത്രങ്ങളും എന്നെ സംബന്ധിച്ചിടത്തോളം അനേകമനേകം ഗൃഹാതുരസ്മരണകളിലേക്കുള്ള ഊക്ഷ്മള ക്ഷണങ്ങളായിരുന്നു. രണ്ടിലും എന്റെ പക്ഷി എന്നു ഞാന്‍ കരുതുന്ന ഇറ്റിറ്റിപ്പുള്ളിന്റെ തെളിഞ്ഞ സാന്നിധ്യമുണ്ട.് കാനത്തിന്റെ അവസാനദൃശ്യം അറ്റവേനലില്‍ പാറപ്പുല്ലുകള്‍ക്കിടയിലൂടെ വേവലാതി ഉള്ളിലൊതുക്കി നടക്കുന്ന ഇറ്റിറ്റിപ്പുള്ളിന്റെതാണ്.
'കാന'ത്തില്‍ ഇടനാടന്‍ കുന്നിന്‍പ്രദേശത്തെ പല ആവാസവ്യവസ്ഥകളിലൊന്നായി പാറക്കുളത്തെയും പരിചയപ്പെടുത്തുന്നുണ്ട്.അത് കണ്ടുകൊണ്ടിരുന്നപ്പോഴാണ് രണ്ടുമൂന്നു മാസം മുമ്പ് എഴുതി വെച്ചതും ഇനിയും എന്തോ കൂടി വന്നുചേരാനുണ്ട് എന്ന തോന്നലില്‍ മാറ്റിവെച്ചതുമായ ഒരു കവിതയുടെ കാര്യം ഓര്‍മ വന്നത്. 'പാറക്കുളം' എന്നു തന്നെയാണ് കവിതക്ക് പേരിട്ടിരുന്നത്. എന്റെ ജീവിതത്തിന്,വിശേഷിച്ചും ബാല്യത്തിന് വിവരണാതീതമായ പലതും വാരിക്കോരി നല്‍കിയ മാടായിപ്പാറപ്പുറത്ത് നാല് സാധാരണ പാറക്കുളങ്ങളും അറ്റവേനലിലും വെള്ളം വറ്റാത്ത വടുകുന്ദപ്പുഴ എന്നു പേരുള്ള മറ്റൊരു കുളവും പിന്നെ മാടായിയുടെ ജൂതസമ്പര്‍ക്കത്തിന് തെളിവായി പല ചരിത്രകാര•ാരും പറഞ്ഞുവരുന്ന ജൂതക്കുളവുമുണ്ട്.വേനല്‍ കടുക്കുന്നതോടെ വറ്റിപ്പോവുന്ന നാല് പാറക്കുളങ്ങളില്‍ ഏറ്റവും ചെറുത് നല്ല ഓമനത്തമുള്ളതാണ്.എന്റെ കുട്ടിക്കാലത്ത് ഏറ്റവുമധികം പക്ഷികളെ കണ്ടിരുന്നത് ആ പാറക്കുളത്തിന്റെ ചുറ്റുവട്ടത്തായിട്ടാണ്.പക്ഷേ,ഏറ്റവുമധികം മനുഷ്യര്‍ കുളിക്കാനും നനയ്ക്കാനും നീന്തല്‍ പഠിക്കാനും ആശ്രയിച്ചിരുന്നതും വലിയ പാറക്കുളത്തെയാണ്.രണ്ട് കുളങ്ങളിലേക്കും എന്റെ വീട്ടില്‍ നിന്നുള്ള ദൂരം രണ്ട് ഫര്‍ലോംഗില്‍ താഴെയായിരുന്നു.അധികം വിസ്തരിക്കുന്നില്ല;ഞാന്‍ കവിത ചുവടെ ചേര്‍ക്കാം:
പാറക്കുളം
നാലുനാള്‍ മഴ തിമിര്‍ത്തു പെയ്താല്‍
നാട്ടിലെ പാറപ്പരപ്പൊരു മായ കാട്ടും
നാളതുവരെ ഒഴിഞ്ഞു കിടന്ന ഉള്ളംകൈ നിവര്‍ത്തി
അതൊരു വെള്ളപ്പരപ്പ് കാട്ടിത്തരും
'പാറക്കുളം നിറഞ്ഞു,പാറക്കുളം നിറഞ്ഞു' എന്ന്
പുള്ളമ്മാറ് പാഞ്ഞുപാഞ്ഞെത്തും
വിഴുപ്പുകെട്ടുകളുമായി പെണ്ണുങ്ങള്‍ പിന്നാലെയെത്തും
കോണകം നല്‍കുന്ന അഹന്തയില്‍
അവരെ നോക്കി കുളിക്കാന്‍ ആണുങ്ങളെത്തും
നുണകളും നാട്ടുവാര്‍ത്തകളും
നുരഞ്ഞുപതയുന്ന ചെറുതിരകള്‍ക്കടിയില്‍
രഹസ്യമോഹങ്ങളുടെ ചെറുമീനുകള്‍ ഇക്കിളിയിടും
ചിലപ്പോള്‍ കൊറ്റികള്‍ വരും, പക്ഷിക്കൂട്ടങ്ങള്‍
കുളത്തിനുമേല്‍ പറ്റിച്ചേര്‍ന്നു പറക്കും
വെട്ടിത്തിളങ്ങുന്ന വെയിലില്‍ തുമ്പികളിരമ്പും
പെരുമഴ വരുന്നേരം തവളകള്‍ കൂട്ടംകൂടി കരയും
വെള്ളപ്പരപ്പിനുമേല്‍ തുള്ളികള്‍ തമ്മില്‍ തമ്മില്‍
നുള്ളിനോവിക്കുന്നതിന്റെ ഭംഗി നോക്കി
കരയില്‍ കുടചൂടി നില്‍ക്കും തലേന്നാള്‍ കല്യാണം കഴിഞ്ഞ
പട്ടാളക്കാരനും ഭാര്യയും
വേനല്‍ വളരും വരെ ഇമ്മട്ടിലോരോരോ വിസ്മയങ്ങള്‍
വിരിഞ്ഞുവരും
പിന്നെ വെള്ളം കറുക്കും
കാണെക്കാണെ അത് കാക്കയ്ക്കും കുളിക്കാനാവാതെ
കുറുകിക്കുറുകി വരും
നാലുനാള്‍ കഴിഞ്ഞ് വന്നുനോക്കുമ്പോള്‍
കുളം കാണില്ല
ചെളിയും പായലും ചുങ്ങച്ചുങ്ങിയമര്‍ന്ന
പാറപ്പരപ്പ് മാത്രം
പോകെപ്പോകെ അത് പൊടിയായിപ്പരിണമിക്കും
പിന്നെപ്പോഴോ ചെറിയൊരു ചുഴലിക്കാറ്റ് വീശുമ്പോള്‍
പൊടിപടലം വലിയൊരു തൊഴുകയ്യായി ആകാശത്തേക്കുയരും
'ഓ, ഇന്നോ നാളെയോ മഴ പെയ്യു'മെന്ന് ഞങ്ങളുടെ ഉള്ളില്‍
മേഘങ്ങളെ തഴുകിയ കാറ്റ് വീശും.
18-9-2010

26
വി.മോഹനന്റെ ശില്പസമുച്ചയം കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ 2010 മെയ് 27 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് എം.ടി.വാസുദേവന്‍നായര്‍ അനാച്ഛാദാനം ചെയ്തു.മേയര്‍ എം.ഭാസ്കരനാണ് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചത്.പി.എന്‍.ദാസും ഞാനും സംസാരിച്ചു.എം.ടിയുടെ ഹ്രസ്വമായ പ്രസംഗം വളരെ മനോഹരമായിരുന്നു.
ബ്രോഷറില്‍ മോഹനന്റെ ശില്പത്തെ വിവരിക്കുന്ന വാക്യം ഇങ്ങനെയാണ്: "അതിരറ്റ സഹനത്തിന്റെ,മാതൃത്വത്തിന്റെ,അനാഥത്വത്തിന്റെ ആള്‍രൂപമായ അമ്മ,മുഴുവന്‍ പീഡനങ്ങളും പ്രകൃതിക്ഷോഭം പോലെ അനുഭവിച്ചുതീര്‍ക്കുന്ന വര്‍ത്തമാനബാല്യം,ഇപ്പോഴും കുഞ്ഞിനെ ദേഹത്തോടൊപ്പമുള്ള ഒരു തൊട്ടിലില്‍ പേറി നടക്കുന്ന അമ്മ,ഉണരാനായി ഉറങ്ങുന്ന ബോധിസത്വന്‍ ഇപ്രകാരമുള്ള പല രൂപങ്ങളെയും കരിങ്കല്ലില്‍ നിന്ന് അലിവോടെ കണ്ടെത്തുന്ന മോഹനന്റെ ശില്പം കേരളീയശില്പകലയ്ക്ക് അപരിചിതമായ പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യം അഭൂതപൂര്‍വമായ ചാരുതയോടെ അനുഭവപ്പെടുത്തുന്നു.''
പ്രത്യേകം പേര് നല്‍കിയിട്ടില്ലാത്ത ശില്പത്തിന് ചുവടെ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിവെച്ചിരുന്നു:ലോകം കഠിനമായ അനീതികള്‍ക്കു മുകളിലാണ് പണിതിരിക്കുന്നത്.അതുകൊണ്ട് ഈ ശില്പം.
അടിച്ചമര്‍ത്തിയ നിലവിളിയും അതിനുമേല്‍ സ്വയം വരിച്ച പരമമായ ശാന്തതയുമുള്ള അടഞ്ഞ കണ്ണുകളോടുകൂടിയ മുഖം,കൈപ്പത്തിക്കുമേല്‍ സാധാരണനിലയിലല്ലാതെ നേരെ ചെരിഞ്ഞു കിടക്കുന്ന മറ്റൊരു മുഖം,ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കമായ മുഖം,ഭീഷണമായ മറ്റൊരാകാരം ഇവയൊക്കെയാണ് ശില്പത്തിലുള്ളത്.രോഗം,പീഡനം,അവമതി എന്നിങ്ങനെയുള്ള നാനാതരം ദുരിതങ്ങളുടെ അനുഭവവും മനുഷ്യവംശത്തിന്റെ നാനാമുഖമായ വിമോചനത്തിനുവേണ്ടി നാളിതുവരെ ജീവത്യാഗം ചെയ്തവരെ കുറിച്ചുള്ള ഓര്‍മയുമൊക്കെയാണ് തന്നെ കരിങ്കല്ലില്‍ നിന്ന് ഈ രൂപങ്ങള്‍ കൊത്തിയെടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് മോഹനന്‍ പറഞ്ഞു.ശിലപ്വുമായി ബന്ധപ്പെട്ട് മോഹനന്‍ വിവരിച്ച എല്ലാ അനുഭവങ്ങളും പല നിലയ്ക്കും പ്രാധാന്യമുള്ളവയാണ്.എന്റെ വകയായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ,ശില്പിയുടെ വാക്കുകള്‍ ഏറെക്കുറെ അതേ പടി പകര്‍ത്തി വെക്കാം:
"അഞ്ച് ഖണ്ഡങ്ങളുള്ള ഈ ശില്പം രണ്ട് ദിവസം മുമ്പാണ് പ്ളാച്ചിമടയില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടുവന്നത്.പ്ളാച്ചിമടയില്‍ ഇത് 2 കൊല്ലം 7 മാസം 12 ദിവസം 11 മണിക്കൂര്‍ സമയം ഉണ്ടായിരുന്നു.രണ്ട് ടണ്ണിലധികം ഭാരമുള്ള ഈ കരിങ്കല്‍ശില്പം സമരത്തിന്റെ ഭാഗമായാണ് പ്ളാച്ചിമടയിലേക്ക് കൊണ്ടുപോയത്.2007 ഒക്ടോബര്‍ 17 ന് പ്ളാച്ചിമടയിലേക്ക് കൊണ്ടുപോയ ശില്പം 2010 മെയ് 24ന് വൈകുന്നേരം 6.30ന് അവിടെ നിന്ന് ലോറിയില്‍ കയറ്റി.ശിലപം ലോറിയിലേക്ക് കയറ്റാന്‍ നേരത്ത് അതിന് സാക്ഷികളായി അവിടെ പാവപ്പെട്ട മൂന്ന് പ്രായം ചെന്ന സ്ത്രീകളും പ്രായം ചെന്ന രണ്ട് പുരുഷ•ാരുമുണ്ടായിരുന്നു. തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ അവര്‍ പറഞ്ഞു: "ഇത് കൊണ്ടുപോവുകയാണോ? ഇത്രയും നാള്‍ ഇത് ഞങ്ങള്‍ക്കൊരു രക്ഷയായിരുന്നു.''വളരെ വികാരാധീനരായിരുന്നു ആ പാവം മനുഷ്യര്‍.ലോറിയില്‍ കയറ്റും മുമ്പ് അവര്‍ ഈ ശില്പത്തിന്റെ അഞ്ച് ഖണ്ഡങ്ങളെയും തൊട്ട് നമസ്കരിച്ചു.അത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.
കരിങ്കല്ലില്‍ ഈ ശില്പം കൊത്തിയെടുക്കുന്നതിനിടയില്‍ ചുമലിലെ തുണിത്തൊട്ടിലില്‍ കുഞ്ഞിനെയും പേറി നടക്കുന്ന ഒരമ്മികൊത്തുകാരിയുടെ രൂപം ഇടക്കിടെ എന്റെ മനസ്സിലേക്കു വന്നിരുന്നു. രാത്രിയില്‍ വളരെ വൈകി കല്ലുകൊത്തുമ്പോള്‍ ആ ഒരു പ്രവൃത്തിയുടെ ശബ്ദം മാത്രം ഉള്ളില്‍ നിറയുമ്പോള്‍ ഞാനും ഊരുചുറ്റി അമ്മികൊത്തുന്നവരുടെ തന്നെ വംശത്തിലെ ഒരാളാണ് എന്ന തോന്നലുണ്ടാവുമായിരുന്നു.കല്ലിന്റെ മണം,ആ മണത്തില്‍ നിന്ന് ഉയിരെടുക്കുന്ന അനേകം ഓര്‍മകള്‍, വിചാരങ്ങള്‍ എല്ലാം വിചിത്രമായ അനുഭവങ്ങള്‍ തന്നെയായിരുന്നു.''

27
ഇനി, ചില കൂട്ടിച്ചേര്‍ക്കലുകളോടെ പഴയ നോട്ടുപുസ്തകത്തില്‍ നിന്നൊരു കുറിപ്പ്:
1984 ജൂണ്‍ 23
ഒഴയില്‍ ഭാഗത്ത് പുഴക്കരയിലെ വാടകവീട്ടില്‍ ഇ.എം.അഷ്റഫ് വന്നു.ജിന്നുകളെ കുറിച്ച് കുറേ നേരം സംസാരിച്ചു.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(1982 ജൂണ്‍ 13-19) അഷ്റഫ് എഴുതിയ 'ജിന്നുകളുടെ ലോകം'എന്ന ലേഖനവും നന്നേ മുഷിഞ്ഞ ചെറിയൊരു നോട്ടുബുക്കില്‍ ഒരു ജിന്ന് മനുഷ്യന്‍ എഴുതിവെച്ച ആത്മകഥയും തന്നു. ഞാന്‍ ജിന്നുകളെ പറ്റി ഒരു നോവലെഴുതണമെന്നും എന്റെ കഥയെഴുത്തിന്റെ രീതി അതിന് നല്ല പോലെ ഇണങ്ങുന്നതാണെന്നും അഷ്റഫ് ഉറപ്പിച്ചു പറഞ്ഞു. സന്ധ്യക്ക് ഞങ്ങള്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ തനിക്ക് പരിചയമുള്ള ജിന്ന്മനുഷ്യരുടെ പെരുമാറ്റം,സംസാരരീതി ഇവയെപ്പറ്റിയെല്ലാം അഷറഫ് വിസ്തരിച്ച് പറഞ്ഞു തന്നു.
മഴക്കാറ് മൂടിയിരിക്കാവുന്ന ആകാശത്തിനു ചുവടെ മങ്ങിയ ഇരുട്ടില്‍ അങ്ങനെ വര്‍ത്തമാനം പറഞ്ഞു നടക്കുന്ന ഞങ്ങളെ ഇതെഴുതുമ്പോള്‍ ഞാന്‍ വെറുതെ ഒന്നു സങ്കല്പിച്ചുനോക്കുന്നു.മനുഷ്യരെന്ന നിലയ്ക്കല്ല രണ്ട് കഥാപാത്രങ്ങളെന്ന പോലെയാണ് ഇപ്പോള്‍ അവരെ എനിക്ക് കാണാനാവുന്നത്.
ജിന്ന് മനുഷ്യന്റെ ആത്മകഥയില്‍ അയാള്‍ ജിന്നായിത്തീരുന്നതിന് തൊട്ടുമുമ്പുണ്ടായ ചില വിചിത്ര കല്പനകള്‍, അല്ലെങ്കില്‍ മാനസ്സികാനുഭവങ്ങള്‍ ഒട്ടും അലങ്കാരപ്പണികളില്ലാത്ത ഭാഷയില്‍ കാര്യമാത്രപ്രസക്തമായി കുറിച്ചുവെച്ചിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം 'തീയൂര്‍ രേഖകളി'ലെ ആമുജിന്ന് എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എനിക്ക് ധൈര്യം തന്നത് ആ ആത്മകഥയിലെ അനുഭവവിവരണവും അഷ്റഫ് തന്ന മറ്റ് വിവരങ്ങളുമാണ്.മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല,കഥാപാത്രങ്ങളുടെ കാര്യത്തിലും എന്തെന്ത് യാദൃച്ഛികതകളാണ്!
(പ്ളാവില മാസിക,ജനവരി 2011)

Thursday, January 27, 2011

വായനാവിചാരങ്ങള്‍

1.
പല അധ്യാപകസുഹൃത്തുക്കളും പതിവായി പറയാറുള്ള ഒരു സംഗതിയുണ്ട്:പ്രൈമറിസ്കൂളുകളിലെയോ ഹൈസ്കൂളുകളിലെയോ അധ്യാപകര്‍ക്ക്,അവര്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നവരാണെങ്കില്‍പാഠപുസ്തകങ്ങള്‍ക്കും അധ്യാപനസഹായികള്‍ക്കും പുറത്ത് ഒരക്ഷരം പോലും വായിക്കാനുള്ള സമയം കിട്ടില്ല.അക്ഷരങ്ങളുടെയും അക്കങ്ങളുടെയും നാനാതരം ഔദ്യോഗിക ഉപചാരങ്ങളുടെയും ലോകത്ത് അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരാണ് ഞങ്ങള്‍.സ്വസ്ഥമായി ഇരുന്ന് ഒരു കഥയോ നോവലോ വായിച്ച കാലം മറന്നു.
2.
'പഴയതുപോലൊന്നുമല്ല;പുതിയ വിദ്യാര്‍ത്ഥികള്‍ ധാരാളം വായിക്കുന്നുണ്ട്.വായനാക്കുറിപ്പുകള്‍ തയ്യാറാക്കുന്നുണ്ട് 'എന്നൊക്കെയാണ് സാധാരണ പറഞ്ഞു കേള്‍ക്കാറുള്ളത്.'കുട്ടികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വാങ്ങിക്കൊടുക്കുന്നതില്‍ രക്ഷിതാക്കള്‍ വലിയ ഉത്സാഹം കാണിക്കുന്നുണ്ട്.കുട്ടികള്‍ തന്നെ നേരിട്ട് വന്ന് പുസ്തകം വാങ്ങുന്നുമുണ്ട് ' പുസ്തകശാലക്കാര്‍ അങ്ങനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.സംഗതി നല്ലത് തന്നെ എന്നു പറയാന്‍ എനിക്ക് പക്ഷേ ധൈര്യം വരുന്നില്ല.സാഹിത്യസമ്മേളനങ്ങളില്‍ മാത്രമല്ല,അറിവിന്റെയും സംസ്കാരത്തിന്റെയും നിര്‍മിതിയുമായി ബന്ധപ്പെടുന്ന ഒരു പൊതുസംരഭത്തിലും സ്കൂള്‍ വിദ്യാര്‍ത്ഥികളോ കോളേജ് വിദ്യാര്‍ത്ഥികളോ സ്വമേധയാ വന്നു ചേരുന്നതു കാണുന്നില്ല. അസൈന്‍മെന്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ആരെങ്കിലും നിര്‍ദ്ദേശിച്ചതനുസരിച്ച് അത്തരം കൂടിച്ചേരലുകള്‍ക്ക് എത്തിച്ചേര്‍ന്നാലും തീര്‍ത്തും നിരു•ഷരായി എല്ലാം കണ്ടും കേട്ടും ആവശ്യമുള്ളത് മാത്രം കുറിച്ചെടുത്തും സ്ഥലം വിടുന്ന ഏതാനും പേരെ കണ്ടാല്‍ ആകെ മനസ്സിടിഞ്ഞുപോവും. .(35 വയസ്സില്‍ താഴെയുള്ള ഒരാളെ പോലും കണ്ടുകിട്ടാഞ്ഞവയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ പങ്കെടുത്ത മിക്ക സാഹിത്യസമ്മേളനങ്ങളും.)
3.
പല ചര്‍ച്ചകളിലും ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ആശയങ്ങളോടല്ല വാക്കുകളോടാണ്.ആധുനികോത്തരത,ആഗോളവല്‍ക്കരണം,മധ്യവര്‍ഗവല്‍ക്കരണം എന്നിങ്ങനെയുള്ള വാക്കുകളെ കേള്‍ക്കുന്ന മാത്രയില്‍ തന്നെ പുച്ഛിച്ചു തള്ളുന്ന അതേ ആളുകള്‍ തന്നെ ആ വാക്കുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്ന ആശയങ്ങളും നിലപാടുകളും വള്ളിപുള്ളി വ്യത്യാസമില്ലാതെ സ്വന്തം വാക്കുകളില്‍ അവതരിപ്പിച്ചുകണ്ടിട്ടുണ്ട്.പൊതുസമ്മതി നേടുന്ന പദങ്ങളും പ്രയോഗങ്ങളും തങ്ങളുടെ ചിന്താസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നാക്രമണങ്ങളായി തോന്നാന്‍ മാത്രമുള്ള ആത്മവിശ്വാസമോ അതിയായ സ്വതന്ത്യ്രബോധമോ ഒരു വേള ആത്മാനുരാഗം തന്നെയുമോ ആവാം അത്തരം ആളുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.
4.
ഇത്രയധികം ആളുകള്‍ ഇത്രയുമേറെ എഴുതിക്കൂട്ടിയാല്‍ യഥാര്‍ത്ഥ എഴുത്തിന് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോവുമോ എന്ന് ചിലരൊക്കെ ആശങ്കപ്പെടുന്നതു കണ്ടിട്ടുണ്ട്.തികച്ചും അസ്ഥാനത്താണ് ആ ആശങ്ക.എഴുത്തിലെ പെരുപ്പം യഥാര്‍ത്ഥ എഴുത്ത് ശ്രദ്ധിക്കപ്പെടാതെ പോവുന്നതിന് ഇടയാക്കുകയില്ല.അധികാരസ്ഥാപനങ്ങളില്‍ നിന്നോ ഭാവുകത്വത്തിന്റെ അധികാരികളായി സ്വയം സങ്കല്പിക്കുന്നവരില്‍ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ലെങ്കിലും സത്യസന്ധമായ ഒരു സാഹിത്യകൃതി അതിന്റെ വായനക്കാരില്‍ എത്തിച്ചേരുക തന്നെ ചെയ്യും.

Tuesday, January 25, 2011

കൊരുവാനത്തിലെ പൂതങ്ങള്‍

കഥയില്‍ നിന്നോ കവിതയില്‍ നിന്നോ മറ്റേതെങ്കിലും രൂപം സ്വീകരിക്കുന്ന എഴുത്തില്‍ നിന്നോ അവിചാരിതമായി ഉള്ളില്‍ വന്നുവീഴുന്ന തീക്ഷ്ണപ്രകാശങ്ങളധികവും വൈകാതെ അണഞ്ഞുപോവുകയാണ് പതിവ്.നാനാതരം ജീവിതവ്യവഹാരങ്ങളുടെ അണമുറിയാത്ത കാറ്റിലും അവ കെട്ടുപോകാതെ നിന്നുകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
അത്തരം പ്രകാശങ്ങളുടെ ഓര്‍മയെ ആവാഹിച്ച് കുടിയിരുത്താനുള്ള ഇടങ്ങളായിട്ടാണ് ഈ കുറിപ്പുകളെ വിഭാവനം ചെയ്യുന്നത്.ആവാഹിക്കുക,കുടിയിരുത്തുക തുടങ്ങിയ സംഗതികള്‍ മാന്ത്രികകര്‍മങ്ങളുമായി ബന്ധപ്പെട്ടവയാണ്.ഈ കുറിപ്പുകള്‍ക്ക് പക്ഷേ അങ്ങനെയൊരു സ്വഭാവം ഉദ്ദേശിക്കുന്നതേയില്ല.എന്നിട്ടും എന്തുകൊണ്ട് ഇവയുടെ ധര്‍മം ആ മട്ടില്‍ നിര്‍വചിക്കാനുള്ള പ്രേരണയുണ്ടായി?.ഞാന്‍ ഏറ്റവും ഒടുവിലായി വായിച്ച പുസ്തകം ഉള്ളിലവശേഷിപ്പിച്ച വികാരവിചാരങ്ങളോ ഭാവങ്ങളോ ഒക്കെയാവാം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
പ്രകാശന്‍ മടിക്കൈ എഴുതിയ 'കൊരുവാനത്തെ പൂതങ്ങള്‍' ആണ് ആ പുസ്തകം.(ഗ്രീന്‍ ബു ക്സ്,2010) അത്യുത്തരകേരളത്തിലെ നാട്ടുഭാഷാപദങ്ങളും പഴങ്കഥകളും നാടോടിവഴക്കത്തിലെ സചേതനമായ മറ്റനേകം അംശങ്ങളും തികഞ്ഞ മൌലികതയോടെ ഇണക്കിച്ചേര്‍ത്തിരിക്കുന്ന മനോഹരമായൊരു നോവലാണിത്.
ഔപചാരികമായ പൊതുവിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന അറിവിലും വളരെ യാന്ത്രികമായും വിഭാഗീയമായും നാം ഉള്‍ക്കൊണ്ട കമ്യൂണിസ്റ് രാഷ്ട്രീയം സൃഷ്ടിച്ച ജീവിതബോധത്തിലും ഭാവനയുടെ സ്വതന്ത്രസഞ്ചാരത്തെ തടയുന്ന പല ഘടകങ്ങളുമുണ്ട്.മലയാളികളുടെ ഏറ്റവും വലിയ രണ്ട് അഭിമാനങ്ങളാണ് വിദ്യാഭ്യാസരംഗത്ത് കൈവരിക്കാന്‍ കഴിഞ്ഞ പുരോഗതിയും അടിത്തട്ടിലെ ജനജീവിതസമരങ്ങളോട് ചേര്‍ന്നുനിന്ന് വളര്‍ന്നുവന്ന പുരോഗമനരാഷ്ട്രീയവും.രണ്ടിനും സംഭവിച്ച കൊടും ജീര്‍ണതയും തകര്‍ച്ചയുമാകാം അവയുടെ മറുവശം അതിശക്തമായി ബോധ്യപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചത്.'കൊരുവാനത്തിലെ പൂതങ്ങള്‍' ക്ഷുദ്രരാഷ്ട്രീയത്തിനും കെട്ടവിദ്യാഭ്യാസത്തിനും എത്തിപ്പിടിക്കാനാവാത്ത ഒരു ലോകത്തേക്ക് വായനക്കാരെ സ്വതന്ത്രരാക്കുന്നുണ്ട്.
മൌലികമായ ജീവിതനിരീക്ഷണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും കരുത്ത് കാട്ടുന്ന ഏത് കൃതിയും വായനക്കാരെ അനേകം വ്യക്തിഗതസ്മരണകളിലേക്ക് മാത്രമല്ല പുനര്‍വിചാരങ്ങളിലേക്ക് കൂടിയും നയിക്കും.'കൊരുവാനത്തിലെ പൂതങ്ങള്‍' അത്തരമൊരൂര്‍ജ്ജം ഉള്ളില്‍ വഹിച്ചു നില്‍ക്കുന്ന കൃതിയാണ്.
ഒരു പുസ്തകം വായിക്കുമ്പോള്‍, അതൊരു നല്ല നോവലോ കഥയോ ആണെങ്കില്‍ പ്രത്യേകിച്ചും, അത് ഞാനാണ് എഴുതിയിരുന്നതെങ്കില്‍ എത്തരത്തിലാകമായിരുന്നു എന്ന് ആലോചിച്ചു പോവാറുണ്ട്.എനിക്ക് തീരെ അപരിചിതമായതും ഒരു നിലയ്ക്കും ഭാവന ചെയ്യാന്‍ കഴിയാത്തതുമായ അനുഭവമേഖലകളില്‍ നിന്നുള്ളകൃതികളുടെ കാര്യത്തില്‍ മാത്രമേ അങ്ങനെ സംഭവിക്കാതിരുന്നിട്ടുള്ളൂ.'ആടുജീവിതം'അത്തരത്തിലൊരു നോവലായിരുന്നു.'കൊരുവാനത്തിലെ പൂതങ്ങള്‍' അങ്ങനെയുള്ള ഒന്നല്ല. പ്രകാശന്‍ മടിക്കൈയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഈ നോവലിന് ഇതിന്റെ ഇരട്ടിയെങ്കിലും വലുപ്പം വരുമായിരുന്നു.അവസാനത്തെ അധ്യായം തീര്‍ച്ചയായും ഇപ്പോഴത്തേതാവുകയും ചെയ്യുമായിരുന്നില്ല. ഇത്തരത്തില്‍ ആലോചിച്ചുപോയത് ഒരു വായനക്കാരനെന്ന നിലയില്‍ എന്നെ അത് ആഴത്തില്‍ സ്പര്‍ശിക്കുകയും രസിപ്പിക്കുകയും ചെയ്തതുകൊണ്ടാണ്.അക്കാര്യത്തില്‍ ഒരു സംശയവുമില്ല.
(മാതൃകാന്വേഷി -2011 ജനവരി)

Thursday, January 20, 2011

നാളെത്തെ കവിത

മനുഷ്യസംസ്കാരത്തിന്റെ ആദിമനാളുകളോളം ചെന്നെത്തുന്ന കവിതയുടെ അതിദീര്‍ഘമായ ചരിത്രത്തില്‍ വളരെ അടിസ്ഥാനപരമായി രണ്ടോ മൂന്നോ വിഷയങ്ങളുടെ ആവര്‍ത്തനം കാണാം.ഒന്ന്:ജനനം,ശാരീരികവും മാനസി കവുമായ വളര്‍ച്ച, വാര്‍ധക്യം, മരണം എന്നിങ്ങനെ ജീവിതത്തിലെ സ്ഥിത്യാത്മകതകളെ ചൂഴ്ന്നുള്ള അനുഭവ ങ്ങളും വികാരവിചാരങ്ങളും.രണ്ട്:സാമൂഹ്യപ്രശ്നങ്ങളോടുള്ള തുറന്ന പ്രതികരണങ്ങളും .മൂന്ന്:സാമൂഹ്യമാനങ്ങള്‍ പരോക്ഷവും പലപ്പോഴും അപ്രസക്തവുമാവുകയും ചെയ്യുന്ന ജീവിതനിരീക്ഷണങ്ങളും സമരാഹ്വാനങ്ങളും അനുഭ വാവിഷ്ക്കാരങ്ങളും.ഇവയില്‍ രണ്ടാമത്തെ ഗണത്തില്‍ പെടുന്ന വിഷയങ്ങള്‍ അതാതു കാലത്തോട് പുലര്‍ത്തുന്ന നേര്‍ക്കുനേര്‍ ബന്ധം സംശയാതീതമാണ്.മറ്റുള്ളവയുടെ കാര്യത്തില്‍ അവ അത്രത്തോളം പ്രക ടമായിക്കൊള്ളണ മെന്നില്ല.എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്.യഥാര്‍ത്ഥത്തില്‍ താന്‍ ജീവിക്കുന്ന കാലവുമായി,സമൂഹവുമായി, ആ കാലത്തെയും സമൂഹത്തെയും രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്ര ഘടകങ്ങ ളുമായി ബന്ധപ്പെടുത്തിയാണ് ഏത് തരം അനുഭവത്തെയും കവി ഉള്‍ക്കൊള്ളുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നത്.അഞ്ചാം നൂറ്റാണ്ടിലെ മരണത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മരണത്തിനും അതിന്റെ വിശദാംശങ്ങളിലും അത് സൃഷ്ടിക്കുന്ന വൈകാരികപ്രതികരണങ്ങളിലും വലിയ വ്യത്യാസമുണ്ട്.രണ്ട് കാലങ്ങളില്‍,രണ്ട് സമൂഹങ്ങളില്‍ ജീവിക്കുന്ന കവികള്‍ മരണം എന്ന അനുഭവത്തെ ഒരേ വികാരങ്ങളോടെ സ്വീകരിക്കുക അസംഭാവ്യമാണ്.എങ്കിലും ജീവിതത്തിലെ സ്ഥിത്യാത്മകതകളുടെ ആവിഷ്ക്കാരം മുതല്‍ വളരെ താല്‍ക്കാലികം എന്നു പറയാവുന്ന അനുഭവങ്ങളുടെ ആവിഷ്ക്കാരത്തില്‍ വരെ തുടര്‍ച്ചയുടെ കണ്ണികളുംകണ്ടെ ത്താനാവും.കടന്നുപോയ ഏത് ചരിത്രഘട്ടത്തിലെ ഏതുതരം അനുഭവങ്ങളുടെയും അന്ത:സത്തയുടെ അവധാരണം ഇന്നത്തെ മനുഷ്യര്‍ക്കും വലിയൊരളവോളം സാധ്യമാവുന്നത് ഈ കണ്ണികള്‍ നിലനില്‍ക്കുന്നതുകൊണ്ടാ ണ്.നാളെത്തെ കവിതയില്‍ ഇടം നേടുന്ന പ്രമേയങ്ങളിലും ഈ തുടര്‍ച്ച നിലനില്‍ക്കും.അതിനു പുറമേ ഏത് കാലത്തെയും കവികളില്‍ ചിലര്‍ കവിത എന്ന മാധ്യമത്തെ നിശ്ചലമാകാതെ സൂക്ഷിക്കുന്നതിനു വേണ്ടി ബോധപൂര്‍വം നടത്തുന്ന അഭ്യാസങ്ങള്‍ക്കും തീര്‍ച്ചയായും തുടര്‍ച്ചയുണ്ടാവും.
അഗാധതലത്തില്‍ ചില പ്രമേയങ്ങളും രീതികള്‍ തന്നെയും ആവര്‍ത്തിക്കുന്നു എന്ന വസ്തുതയല്ല കവിതാവായനയില്‍ കൂടുതല്‍ പ്രസക്തമായി തീരുന്നത്.കവിതയിലൂടെ തെളിഞ്ഞുവരുന്ന അദൃഷ്ടപൂര്‍വമായ അനുഭവങ്ങളും കാഴ്ചകളും ബിംബങ്ങളും നിരീക്ഷണങ്ങളുമൊക്കയാണ് വായനാനുഭവത്തിലെ പുതുമയുടെ തരവും തോതുമെല്ലാം നിര്‍ണയിക്കുന്നത്.

പ്രതീക്ഷ പുതുതലമുറയില്‍

ജീവിതം പല തലങ്ങളിലും ഒരു തുടര്‍ച്ചയാണെന്നതുകൊണ്ടാണ് നാളെയെ കുറിച്ച് നാം പ്രവചനങ്ങള്‍ക്ക് മുതിരുന്നത്.എന്നാല്‍ നാളെ എന്ന കാലത്തെ എങ്ങനെ എവിടെ വെച്ച് അടയാളപ്പെടുത്തും എന്ന് നിര്‍ണയിക്കാന്‍ പുറപ്പെടുമ്പോള്‍ കാര്യം അത്ര എളുപ്പമല്ലെന്ന് ബോധ്യമാവും.ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭ വങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു എന്ന് ബോധ്യപ്പെടാന്‍ സാധ്യതയുള്ളതായി സങ്കല്പിക്കുന്ന കാലത്തെ ക്കുറിച്ചാണ് ഇന്ന് നാം നാളെ എന്നു പറയുന്നത്.അത് നാം സങ്കല്പിക്കുന്ന കാലയളവിനുള്ളില്‍ തന്നെ സംഭവിച്ചുവോ എന്ന് പിന്നെയും കാലത്തിലൂടെ അല്പമെങ്കിലും മുന്നോട്ടുപോയതിനു ശേഷമുള്ള തിരിഞ്ഞു നോട്ടത്തിലേ മനസ്സിലാവൂ.ചരിത്രം പ്രച്ഛന്ന വേഷത്തിലാണ് പുരോഗമിക്കുന്നത് എന്ന റെജിസ് ദേബ്രെയുടെ വാക്യം നാല് പതിറ്റാണ്ടോളം മുമ്പ് കേരളത്തിലെ കോളേജ് കാമ്പസ്സുകളിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേട്ടിരുന്ന ഒന്നാണ്.നാം വര്‍ത്തമാനം എന്നു പറയുന്നത് യഥാര്‍ത്തില്‍ വര്‍ത്തമാനമല്ല ഭൂതകാലമാണ് എന്നാണ് റജിസ് ദേബ്രെ പറഞ്ഞത്.ഭൂതകാല ശീലങ്ങളുടെ ഭാരം കൊണ്ട് വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവയായിരുന്നു ലോകത്തിലെ ഒട്ടുമിക്ക സമൂഹങ്ങ ളും.നമ്മുടെ നാട്ടിലാണെങ്കില്‍ വൃദ്ധപൂജയുടെ അളവ് വിനാശകരമായ അളവിലുമായിരുന്നു.പക്ഷേ,കാലം മാറിക്കഴിഞ്ഞു.കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപനമാണ് അതിനു വഴിവെച്ച സാങ്കേതികമുന്നേറ്റം.ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ലോകവ്യാപകമായി മാര്‍ക്കറ്റ് തുറന്നു കിട്ടിയ ബഹുരാഷ്ട്രക്കമ്പനികള്‍ ഉത്പാദനരംഗത്ത് പ്രദര്‍ശിപ്പിച്ച അത്യൂത്സാഹവും വിപണിയെ സദാ സജീവമാക്കി നിര്‍ത്തുന്നതിനായി എല്ലാ മേഖലകളിലും ബോധപൂര്‍വം വളര്‍ത്തിയെടുത്ത ഫാഷന്‍ഭ്രമവുമെല്ലാം അഭിരുചികളുടെ നിര്‍ണയനത്തില്‍ കൌമാരപ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും മേല്‍ക്കെ ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കി അതിനെ പിന്തുണക്കുകയും ചെയ്തു. 'നിങ്ങളുടെ കുട്ടികളില്‍ നിന്ന് പഠിക്കുക' (Learn from your children) എന്നത് ആരംഭത്തില്‍ കമ്പ്യൂട്ടര്‍രംഗത്തെ മാത്രം മുദ്രാവാക്യമായിരുന്നെങ്കിലും പിന്നീട് അത് മൊത്തത്തില്‍ എല്ലാ ജീവിതവ്യവഹാരങ്ങളെയും സ്പര്‍ശിക്കുന്ന ഒന്നായി മാറി.
കവിതയുടെ ലോകത്തിലും ഏറ്റവും പുതിയ തലമുറയെ നിരീക്ഷിക്കുകയും അവരില്‍ നിന്ന് പഠിക്കുകയും ചെയ്യുക എന്നത് ഒരു പൊതു പ്രവണതയായി മാറിക്കൊണ്ടിരിക്കുന്നുണ്ട്.ലബ്ധപ്രതിഷ്ഠരായ കവികള്‍ എന്തൊക്കെ പറയാനിടയുണ്ട് എന്നതിനെ കുറിച്ച്,അല്ലെങ്കില്‍ കവിത എന്ന മാധ്യമം അവരുടെ കയ്യില്‍ രൂപതലത്തിലും പ്രമേയത്തിലും എത്രയൊക്കെ മാറുകയും വളരുകയും ചെയ്യാം എന്നതിനെ കുറിച്ച് വായനാസമൂഹത്തിന് കൃത്യമായ മുന്‍ധാരണകളുണ്ട്.അതുകൊണ്ടു തന്നെ തങ്ങള്‍ പല കുറി അനുഭവിച്ചറിഞ്ഞതിന്റെ അല്പം വ്യത്യസ്തമായ ആവര്‍ത്തനമേ വായനക്കാര്‍ അവരുടെ ഏത് പുതിയ രചനയില്‍ നിന്നും പ്രതീക്ഷിക്കൂ.തങ്ങളെ ബൌദ്ധികമായും വൈകാരികമായും ഉണര്‍ത്താന്‍ ശേഷിയുള്ള കവിതകള്‍ക്കുവേണ്ടി അവര്‍ പുതുതലമുറയിലെ കവികളെയാണ് ഉറ്റുനോക്കുന്നത്.ആനുകാലികങ്ങള്‍ തന്നെയും ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ശീലം പാടേ ഉപേക്ഷിച്ചുകഴിഞ്ഞു.

പെരുപ്പത്തിന്റെ കലക്കം

ഭാവുകത്വത്തിലും അഭിരുചികളിലും ഇങ്ങനെ പുതു തലമുറയ്ക്ക് അനുകൂലമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ കവികളുടെ രചനകളെ മുന്‍നിര്‍ത്തി നമ്മുടെ കവിത എങ്ങോട്ടൊക്കെ മുന്നേറിക്കൊണ്ടിരിക്കുന്നു എന്നു നിശ്ചയിക്കുക അല്പം പോലും എളുപ്പമല്ല.അതിനുള്ള കാരണങ്ങള്‍ പലതാണ്.
കവിത എണ്ണത്തിലും വിഷയവൈവിധ്യത്തിലും ഇത്രമേല്‍ പെരുപ്പം കാണിച്ച ഒരു കാലം മുമ്പെ ങ്ങും ഉണ്ടായിട്ടില്ല.കവിതയെപ്പോലെ സ്വതന്ത്രവും സുസാധ്യവുമായ മറ്റൊരു സാഹിത്യമാധ്യവും ഇല്ല എന്ന തോന്നലിന് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ സാര്‍വത്രികമായ വ്യാപനം സംഭവിച്ചിരിക്കുന്നു.മൊബൈല്‍ഫോണ്‍ മുതല്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വരെ കവിത വായനക്കാരെ തേടി എത്തുന്ന സ്വതന്ത്രമായ അനേകമനേകം ഇടങ്ങള്‍ക്ക് യുവജനങ്ങള്‍ക്കിടയില്‍ വളരെ വ്യാപകമായ സ്വീകാര്യത വന്നുചേര്‍ന്നതിലൂടെയാണ് ഈ മാറ്റം സംഭവിച്ചത്. സര്‍ഗാത്മക രചന പഠിപ്പിക്കാവുന്ന ഒരു വിഷയമാണെന്ന ധാരണയ്ക്ക് പല വിദേശരാജ്യങ്ങളിലും പൊതുവായ അംഗീകാരം കൈവന്നു കഴിഞ്ഞു.അങ്ങനെ പഠിച്ച് കവിതയെഴുതുന്ന പലരും പല വര്‍ഷങ്ങളായി രംഗത്ത് തുടരുന്നുണ്ട്.കവിതയെഴുത്തിനും നിരൂപണത്തിനും അവതരണത്തിനുമൊക്കെയുള്ള പരിശീലനം നമ്മുടെ നാട്ടിലും പാഠ്യപദ്ധതിയുടെ ഒരു ഭാഗമാണിന്ന്.ചെറുപ്രായം മുതലേ കവിതാരചന കുട്ടികള്‍ക്ക് ഒരത്ഭുതമല്ലാതായിത്തീരുന്നു.കവിതയ്ക്കുള്ള വിഷയം സ്വന്തം ജീവിതാനുഭവങ്ങളുടെയും വൈകാരികാഘാതങ്ങളുടെയുമൊക്കെ ഫലമായി രൂപം കൊള്ളേണ്ടതാണെന്ന ധാരണ ഇല്ലാതായിക്കഴിഞ്ഞു.വായനക്കാരുടെ ശ്രദ്ധനേടാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ കണ്ടെത്തി അവരുടെ ശ്രദ്ധനേടാന്‍ സാധ്യതയുള്ള പദങ്ങളും വാങ്മയചിത്രങ്ങളും ആഖ്യാനരീതിയും ഉപയോഗിച്ച് അവയ്ക്ക് കവിതയുടെ രൂപം നല്‍കുന്ന പ്രവൃത്തി പരിശീലിച്ചെടുക്കാവുന്നതേ ഉള്ളൂ എന്ന നിലവന്നു.ഈ മട്ടില്‍ നിര്‍മിക്കപ്പെടുന്നവയാണ് ബാലപംക്തി കവിതകളിലും കാമ്പസ് കവിതകളിലും തൊണ്ണൂറ് ശതമാനവും.ഇത്തരം കവിതകള്‍ തന്നെയാണ് ബ്ളോഗുകവിതകളിലും ബഹുഭൂരിപക്ഷവും.ഈ മാറ്റം അഭികാമ്യമാണെന്നോ അല്ലെന്നോ ഒന്നും വിധി കല്പിക്കുന്നതില്‍ അര്‍ത്ഥമില്ലാതായിരിക്കുന്നു.കാരണം ലോകത്തെവിടെയും കവിതാനിര്‍മാണത്തിന്റെ ഏറ്റവും പുതിയ ഈ രീതി സ്വാഭാവികരീതി പോലെ തന്നെ അംഗീകൃതമായിത്തുടങ്ങിയിരിക്കുന്നു.
മലയാളം പോലുള്ള ഒരു ഭാഷയില്‍ പോലും ആയിരത്തിലധികം കവിതകള്‍ ഓരോ വര്‍ഷവും ആനുകാലികങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.ഇന്റര്‍നെറ്റ് മാസികകളിലും ബ്ളോഗുകളിലുമായി വരുന്ന കവിതകള്‍ എണ്ണം കൊണ്ട് അതിന്റെ എത്രയോ മടങ്ങായിരിക്കും.പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്ന കവിതകളുടെ എണ്ണത്തിലും പഴയ കാലത്തെ അപേക്ഷിച്ച് വമ്പിച്ച വര്‍ധനവുണ്ടായിരിക്കുന്നു.ഈ പെരുപ്പവും കവിതകള്‍ പ്രമേയതലത്തിലും രൂപതലത്തിലും പുലര്‍ത്തുന്ന വൈവിധ്യവും കൂടിയാവുമ്പോള്‍ ഈ മാധ്യമത്തെ കാലത്തിലൂടെ മുന്നോട്ട് കൊണ്ടുപോവുന്ന രചനകള്‍ മുഴുവന്‍ കണ്ടെത്തി അവയെ ആധാരമാക്കി തന്റെ കാവ്യഭാവുകത്വത്തിന്റെ നിരന്തരനവീകരണം സാധ്യമാക്കുന്ന പ്രക്രിയ ഏത് വ്യക്തിയെ സംബന്ധിച്ചിടത്തോളവും തീര്‍ത്തും വിഷമകരമായിരിക്കും.പണ്ടും എല്ലാവരും എല്ലാ കവിതകളും വായിച്ചല്ല ഭാവുകത്വനവീകരണം സാധിച്ചിരുന്നത് എന്നു പറയാം.കവിതയുടെ ഗുണനിലവാരത്തിന്റെ നിര്‍ണയനം പക്ഷേ പണ്ടത്തേതുപോലെ ലഘുവായ ഒരു പ്രവൃത്തിയല്ല ഇന്ന്.ജീവിതവ്യവഹാരങ്ങള്‍,താത്പര്യങ്ങള്‍,വ്യക്തിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഇവയിലെല്ലാറ്റിലുമുള്ള ബഹുസ്വരത അനിഷേധ്യമായൊരു യാഥാര്‍ത്ഥ്യമാണിന്ന്.ആഗോളതലത്തില്‍ വിപണിയെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തികള്‍ അവയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും വേണ്ടി കൈക്കൊള്ളുന്ന തന്ത്രങ്ങളും പദ്ധതികളും ഊഹാതീതമാം വിധം സങ്കീര്‍ണവും വൈവിധ്യപൂര്‍ണവുമാണ്.ഇവയെയെല്ലാം ഒരേയൊരുറച്ച നിലപാടില്‍ നിന്നുകൊണ്ട് മനസ്സിലാക്കുക എന്നതോ നേരിടുക എന്നതോ മനുഷ്യസാധ്യമല്ല.
നിരന്തരം മാറാന്‍ നിര്‍ബന്ധിതനാവുന്ന,നിത്യവുമെന്നോണം പുതിയപുതിയ വസ്തുക്കളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്ന,ഇക്കാര്യങ്ങളില്‍ തന്നെ വിശദാംശങ്ങളില്‍ അനന്തമായ വൈഭിന്ന്യം പുലര്‍ത്തേണ്ടി വരുന്ന മനുഷ്യരെല്ലാവരും ഒരേ സ്വരത്തില്‍ ഏതെങ്കിലും കവിതയെ കുറിച്ച് നല്ലതെന്നോ ചീത്തയെന്നോ അഭിപ്രായം പറയുമെന്നു പ്രതീക്ഷിക്കരുത്.മുന്‍കാലങ്ങളിലും കവിതാവായനക്കാര്‍ ഭാവുകത്വത്തിന്റെ പല പടവുകളിലായിരുന്നു.ഇന്ന് പക്ഷേ,പ്രശ്നം കേവലം ഭാവുകത്വ നിലവാരത്തിന്റേതു മാത്രമല്ല.ജീവിതത്തിന്റെ അഭിമുഖീകരണത്തില്‍ തന്നെയുള്ള അന്തരമാണ് പ്രശ്നം.അഭ്യസ്തവിദ്യന്റെ ഭാവുകത്വം/നിരക്ഷരന്റെ ഭാവുകത്വം, തൊഴിലാളി വര്‍ഗഭാവുകത്വം/ഉപരിവര്‍ഗഭാവുകത്വം,കീഴാളഭാവുകത്വം/മേലാളഭാവുകത്വം എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ കല്പിച്ച് കവിതാസ്വാദനത്തിലെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നത് പണ്ട് കുറേയൊക്കെ ഫലപ്രദമാവുമായിരുന്നു.ഇന്നാണെങ്കില്‍ അത്തരത്തിലുള്ള ദ്വന്ദകല്പനകളൊന്നും കാര്യമായ അളവില്‍ ഫലവത്താകാത്ത വിധത്തില്‍ കവിതാവായനയുടെ ലോകത്ത് കാര്യങ്ങളെല്ലാം നാനാവിധമായിരിക്കുന്നു.അതുകൊണ്ടാണ് കെ.എ.ജയശീലന്റെ കവിതയെ പ്രകീര്‍ത്തിച്ച് കവിയെന്ന നിലയില്‍ അതിന് നേര്‍വിപരീതമായ ഒരു കാവ്യസങ്കല്പം സൂക്ഷിക്കുന്ന കെ.എം.പ്രമോദ് ലേഖനമെഴുതുന്നത്.കെ.ആര്‍.ടോണിയുടെ കവിതയും വീരാന്‍കുട്ടിയുടെയോ കല്പറ്റനാരായണന്റെയോ കവിതയും ഒരേ ആള്‍ക്കു തന്നെ ഇഷ്ടകവിതകളായിത്തീരുന്നതും ഇതേ സാഹചര്യത്തിലാണ്.അനില്‍ പനച്ചൂരാന്റെ കവിതയെയും എ.അയ്യപ്പന്റെ കവിതയെയും ഒന്നു പോലെ ഇഷ്ടപ്പെടുന്ന ആളെ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ല.അത്രയേറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരിക്കുന്നു കവിതയോടുള്ള നമ്മുടെ സമീപനങ്ങള്‍.
ഈ പശ്ചാത്തല വസ്തുതകളെല്ലാം പരിഗണിച്ചു വേണം മലയാളകവിതയുടെ ഗതി എങ്ങോട്ടാണെന്ന്,അല്ലെങ്കില്‍ എങ്ങോട്ടൊക്കെയാണെന്ന് നിര്‍ണയിക്കാന്‍.

പുതിയ പൊതുമാര്‍ഗം
ആധുനികോത്തരം എന്ന് നാം പറഞ്ഞുകൊണ്ടിരുന്ന കാലത്ത് ദാര്‍ശനികതയുടെ ഭാരം ഇറക്കിവെച്ചും രാഷ്ട്രീയാഭിമുഖ്യങ്ങളുടെ ഉല്‍പന്നമായ നിലപാടുകള്‍ ഉപേക്ഷിച്ചും അനുഭവങ്ങളെ മുഖാമുഖം കാണുന്ന ഒരു രീതി മലയാളകഥയിലും കവിതയിലുമൊക്കെ രൂപപ്പെട്ടു എന്നു പറഞ്ഞാല്‍ അത് കുറേയേറെ സത്യമായിരിക്കും.ആധുനികരില്‍ വലിയൊരു വിഭാഗം ദര്‍ശനതലത്തില്‍ സര്‍വതന്ത്ര സ്വതന്ത്രരായി ഭാവിച്ചിരുന്നെങ്കിലും അവര്‍ അസ്തിത്വവാദത്തിന്റെ ദാര്‍ശനികപരിസരം പൊതുവേ പങ്കുവെച്ചിരുന്നു.അതിന്റെ ഭാഗമായ ഉദ്വിഗ്നതയും അന്യതാബോധവും ശൂന്യതാബോധവുമൊക്കെയാണ് അവരുടെ രചനകളുടെ ഭാവാന്തരീക്ഷത്തെ രൂപപ്പെടുത്തിയത്.മറുവശത്ത് ആധുനികരില്‍ തന്നെയുള്ള ന്യൂനപക്ഷം തീവ്രഇടതുപക്ഷത്തോടുള്ള അതിഭാവുകത്വപരം എന്നുപോലും വിശേഷിപ്പിക്കാവുന്ന വൈകാരികബന്ധത്തില്‍ നിന്നാണ് അവരുടെ സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്കുള്ള ഊര്‍ജം നേടിയത്. ഈ രണ്ട് നിലപാടുകളും കാലഹരണപ്പെട്ടിരിക്കുന്നു.അസ്തിത്വവാദം ഒരു ദര്‍ശനമെന്ന നിലയില്‍ ആരെയും പ്രചോദിപ്പിക്കാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു.അത് ഉന്നയിക്കുകയും ഉത്തരം പറയുകയും ചെയ്ത ചോദ്യങ്ങളെല്ലാം പുതിയ ജീവിതപരിസരങ്ങളില്‍ ജീവസ്സറ്റതായിത്തീര്‍ന്നിരിക്കുന്നു.പൂര്‍വനിശ്ചിതമായ ഒരു ദാര്‍ശനികനിലപാടില്‍ നിന്നുകൊണ്ട് സമീപിക്കാനാവാത്ത വിധം അനുഭവങ്ങള്‍ക്ക് വല്ലാത്ത ഒരു തരം താല്‍ക്കാലികതയും അനിശ്ചിതത്വവും ബഹുരൂപിത്വവും വന്നുചേരുകയോ അങ്ങനെ സംഭവിച്ചതായുള്ള പ്രതീതി സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.ഈ വാസ്തവത്തെ കവികള്‍ അംഗീകരിക്കുകയും അതിനെ നേരിടുന്നതിന് ഒരു പൊതുമാര്‍ഗം സ്വീകരിക്കേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് രൂപഭാവതലങ്ങളിലെല്ലാമുള്ള വൈവിധ്യം കവിതയിലെ സ്വാഭാവികനിലയായിരിക്കുന്നു.ഉത്തമമായ മാതൃകാകവിത എന്ന നിലയ്ക്കല്ല പുതിയ കാവിതാപഠനങ്ങളില്‍ ഏതെങ്കിലും കവിത പരാമര്‍ശിക്കപ്പെടുന്നത്.മറിച്ച് വിവിധതലങ്ങളിലുള്ള അതിന്റെ വ്യത്യസ്തതയാണ് ഊന്നല്‍ നല്‍കി പരിഗണിക്കപ്പെടുന്നത്.ഈ നില നാളെത്തെ കവിതയിലും കവിതാപഠനങ്ങളിലും തുടരുക തന്നെ ചെയ്യും.
വൈവിധ്യം മാത്രമല്ല ഏത് തരം അനുഭവങ്ങളോടുമുള്ള സമീപനത്തില്‍ അളവറ്റ ലാഘവവും പുതുകവിതകളുടെ ലോകത്തെ സാമാന്യാനുഭവമാണ്.എന്തിനെയും ഏതിനെയും നര്‍മം കലര്‍ത്തി അവതരിപ്പിക്കുക,എളുപ്പത്തില്‍ സാധ്യമാവുന്ന ഒരു ട്വിസ്റില്‍ കവിതയെ കൊണ്ടുചെന്നെത്തിക്കുക,കേവലം ഒരു വിരുദ്ധോക്തിക്ക് കവിത എന്നു പേരിടുക ഇവയൊക്കെയാണ് കവിതയെഴുത്തിന്റെ ശരിയായ രീതികള്‍ എന്നൊരു പ്രതീതി പോലും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.വളരെ കൂടുതല്‍ വായനക്കാരില്‍ വളരെ വേഗം എത്തിച്ചേരാന്‍ ബ്ളോഗ് രചനകളില്‍ സ്വീകരിക്കപ്പെടുന്ന ഇത്തരം മാര്‍ഗങ്ങള്‍ക്ക് ബ്ളോഗിന് പുറത്തുള്ള എഴുത്തിന്റെ ലോകത്തിലും പൊതുവായ സ്വീകാര്യത ലഭിച്ചിരിക്കുന്നു എന്നു പറയാം.ഏതെങ്കിലുമൊരു ദര്‍ശനത്തിന്റെയോ വികാരത്തിന്റെയോ സാന്നിധ്യം നമ്മുടെ സാമൂഹ്യജീവിതത്തിന് ഉള്‍ക്കനം പകരും വരെ ഈ രീതികള്‍ നാളെത്തെ കവിതയിലും മേല്‍ക്കൈ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.
വലുതും ചെറുതുമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം തന്നെ വളരെ വേഗം സുഗ്രഹമായിത്തീരുന്ന കാലമാണിത്.പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒന്നും ഏറെക്കാലത്തേക്ക് ഒളിച്ചുവെക്കാനാവില്ല.പക്ഷേ ഒരു രാഷ്ട്രീയ പ്രശ്നത്തിനും സാമൂഹ്യതി•യ്ക്കും നേരിട്ടുള്ള ബഹുജനസമരങ്ങളിലൂടെ പരിഹാരം സാധ്യമാവാത്ത വിധം വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളും സാമ്പത്തികക്കുത്തകകളും ഉദ്യാഗസ്ഥമേധാവിത്വവും അവിശുദ്ധസ്രോതസ്സുകളില്‍ നിന്ന് പണം പറ്റുന്ന സന്നദ്ധസംഘടനകളും മറ്റ് അധികാരകേന്ദ്രങ്ങളും ചേര്‍ന്നുള്ള അതിശക്തമായ ഒരു കൂട്ടുകെട്ട് രാജ്യത്ത് നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്.ഈ അവസ്ഥയുടെ എല്ലാ ദുഷ്ഫലങ്ങളും അനുഭവിക്കേണ്ടി വരുന്ന സാധാരണമനുഷ്യര്‍ അത്യന്തം നിസ്സഹായമായ അവസ്ഥയിലാണ് .അവരുടെ ജീവിതസമരങ്ങള്‍ക്ക് പ്രത്യക്ഷമായിത്തന്നെ പിന്തുണ നല്‍കുന്നതും അവരുടെ സംഘടിതമായ ചെറുത്തുനില്പുകള്‍ക്ക് വീര്യം പകരുന്നതുമായ കവിതകളെ സമീപഭാവിയില്‍ തന്നെ നമ്മുടെ സമൂഹം കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെട്ടേക്കാം.മുദ്രാവാക്യ കവിതകളുടെ ആ ഒരു ധാര നാളെത്തെ മലയാളകവിതയില്‍ കൂടുതല്‍ പ്രസക്തി കൈവരിക്കാന്‍ സാധ്യതയുള്ളതാണ്.പുതിയ കാലം ആവശ്യപ്പെടുന്ന തരത്തില്‍ ഘടനയിലും പ്രവര്‍ത്തനത്തിലും തീര്‍ത്തും ജനാധിപത്യപരവും ദര്‍ശനതലത്തില്‍ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ മാത്രം പക്വതയും ആര്‍ജ്ജവവും സ്വായത്തമാക്കുന്നതുമായ ഒരു ഇടതുപക്ഷരാഷ്ട്രീയത്തിന് പൊതുജീവിതത്തില്‍ അംഗീകാരം കൈവരുന്നതിലൂടെയേ ആ സാധ്യത പക്ഷേ യാഥാര്‍ത്ഥ്യമായിത്തീരുകയുള്ളൂ.മങ്ങിയ പ്രതീക്ഷയുടെ ഇത്തിരിവട്ടത്തില്‍ നിന്ന് എത്ര ഊര്‍ജസ്വലനായ കവിക്കും ഏറെ നേരം മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനാവില്ല.
ജീവിതത്തിന് സംഭവിച്ച ഒട്ടൊക്കെ ദുര്‍ഗ്രഹവും ബഹുമുഖവുമായ മാറ്റങ്ങളെ നിര്‍വചിക്കാനും നേരിടാനും പുതിയ കവികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നിനു പോലും സമഗ്രത അവകാശപ്പെടാനാവില്ലെങ്കിലും അവയോരോന്നിനും അതാതിന്റേതായ പ്രസക്തിയുണ്ട്.സ്ത്രീപക്ഷ കവിത,ദളിത് കവിത,പരിസ്ഥിതിബോധത്തിന്റെ കവിത എന്നിങ്ങനെയുള്ള ലേബലുകള്‍ക്കു കീഴെനിര്‍ത്തി നാം വായിക്കുന്ന കവിതകളില്‍ പലതും അവ തന്നെ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ ഏറ്റവും പ്രസക്തമായ കോണില്‍ നിന്നുള്ള കാഴ്ച തന്നെ ആയിക്കൊള്ളണമെന്നില്ല.അവയ്ക്കു പിന്നില്‍ കാര്യങ്ങളെ കുറിച്ചുള്ള സമഗ്രാവബോധം പ്രവര്‍ത്തിക്കുന്നില്ലെന്ന് ശരിയായിത്തന്നെയുള്ള കുറ്റപ്പെടുത്തല്‍ സാധ്യമായെന്നും വരും.അതേ സമയം അവ അന്യഥാ നമ്മുടെ നിരീക്ഷണത്തിനും അവധാരണത്തിനും അന്യമായിപ്പോവുന്ന ചില പ്രശ്നങ്ങളുടെമേല്‍ കൃത്യമായി വെളിച്ചം വീഴ്ത്തുന്നുമുണ്ട്.ഇതൊരു വിഷമാവസ്ഥയാണ്.രാഷ്ട്രീയമായി വിശദീകരിച്ചാല്‍ ബൃഹദാഖ്യാനങ്ങള്‍ അപ്രസക്തമായി എന്ന ആധുനികോത്തര നിലപാടിനെ ശരിവെക്കുക എന്ന ദൌത്യമാണ് ഈ രചനകള്‍ സാധിക്കുന്നത്.അങ്ങനെയായാല്‍ തന്നെ എന്ത് എന്നൊരു ചോദ്യം ഈ ഘട്ടത്തില്‍ തീര്‍ച്ചയായും സ്വാഭാവികമാണ്.ബൃഹദാഖ്യാനങ്ങളുടെ തകര്‍ച്ച എന്നത് ഒരു വശത്ത് സംഭവിച്ചുകൊണ്ടിരിക്കെ മറുവശത്ത് മറ്റൊരു ബൃഹദാഖ്യാനം, ബഹുരാഷ്ട്ര മുതലാളിത്തം എന്ന ബൃഹദാഖ്യാനം അപ്രതിരോധ്യമാം വിധം വളരുന്നു,ആധിപത്യമുറപ്പിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതിനുള്ള ഉപകരണങ്ങളായി ഈ രചനകളും നിലപാടുകളും മാറുന്നു എന്നതാണ് പ്രശ്നം.ആഗോളവല്‍ക്കരണം ഒരു വശത്ത് ദളിത് വിഭാഗങ്ങളെ പല നിലയ്ക്കും മോചിപ്പിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നു.മറുവശത്ത് അത് അതിന്റെ താല്പര്യസംരക്ഷണത്തിനായുള്ള നാനാതരം പ്രവര്‍ത്തനങ്ങളിലൂടെ ദളിതരെ ഒരു ജനവംശമെന്ന നിലയ്ക്കു തന്നെ ഇല്ലായ്മ ചെയ്യുന്നുണ്ട്.ദളിതര്‍ തനിച്ച് സ്വന്തം സാംസ്കാരികസ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന രാഷ്ട്രീയത്തിന് ഈ മഹാവിപത്തിനെ നിസ്സാരമായ അളവില്‍ പോലും നേരിടാന്‍ ആവുകയുമില്ല.ദളിത് കവിത എഴുതുന്നവരില്‍ വളരെയേറെപ്പേരും ഇത്തരം രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉണരാന്‍ മടിക്കുന്നവരാണ്. അവര്‍ സമകാലികജീവിതത്തില്‍ നിന്നകലെ വംശസ്മൃതിയുടെയോ സങ്കല്പത്തിന്റെയോ തലത്തില്‍ മാത്രം നിലനില്‍ക്കുന്ന ദളിത് അനുഭവങ്ങളെ അരാഷ്ട്രീയതയില്‍ സ്ഫുടം ചെയ്തെടുക്കുകയോ, സ്വത്വമുദ്രകള്‍ മറപോലെ പ്രവര്‍ത്തിച്ച് കവിതയെ അതാര്യമാക്കും വിധത്തിലുള്ള ആവിഷ്ക്കാരരീതി സ്വീകരിക്കുകയോ ചെയ്ത് സംതൃപ്തിയടയന്നു. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കാവുന്നതാണോ ദളിത് കവിതയുടെ മുഴുവന്‍ യാഥാര്‍ത്ഥ്യവും ? തീര്‍ച്ചയായും അല്ല.ദളിത് കവികളില്‍ ചിലര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ അനുഭവങ്ങള്‍ക്ക് പൊതുസമൂഹമാകെ വേര്‍തിരിച്ചറിയും വിധത്തിലുള്ള ആവിഷ്ക്കാരം നല്‍കിയില്ലായിരുന്നെങ്കില്‍ നമ്മുടെ സാഹിത്യത്തിന്റെ വര്‍ത്തമാനം തന്നെ മറ്റൊരു തരത്തിലാവുമായിരുന്നു.'വികസനം,വികസനം' എന്ന ആര്‍പ്പുവിളിയുമായി മുന്നേറുന്ന ലോകത്തോട് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാനാവാത്ത,അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത എത്രയോ യാഥാര്‍ത്ഥ്യങ്ങള്‍ അടിത്തട്ടിലെ ജീവിതത്തിലുണ്ട് എന്നു വിളിച്ചു പറഞ്ഞതില്‍ ദളിത്സാഹിത്യത്തിന് വലിയൊരു പങ്കുണ്ട്.ആ രാഷ്ട്രീയവശം മറച്ചുവെക്കുകയും ദളിത് സാഹിത്യത്തിന് അതിന്റേതു മാത്രമായ ഒരു പരിവേഷവലയം സൃഷ്ടിച്ചുകൊടുത്ത് അതിനുള്ളില്‍ അതിനെ കുരുക്കിയിടുകയും ചെയ്യുന്നിടത്താണ് അപകടം. അത്തരത്തിലുള്ള ഒരു സൌന്ദര്യശാസ്ത്രത്തിന്റെ നിര്‍മിതിയാണ് ദളിത്കവിത നേരിടുന്ന ഏറ്റവും വലിയ വിപത്ത്. ദളിത് കവിതയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അതേ അളവിലല്ലെങ്കിലും,വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും, സ്ത്രീപക്ഷകവിതയ്ക്കും പാരിസ്ഥിതികകവിതയ്ക്കും ബാധകമാണ്.ഇങ്ങനെ പ്രത്യേകമായ ഏതെങ്കിലും ഗണത്തില്‍ പെടുത്താനാവാത്ത കവിതയായാലും അതിന് അര്‍ത്ഥവത്തായ സാമൂഹികത കൈവരണമെങ്കില്‍ ജനങ്ങളുടെ പൊതുബോധം കവിതയ്ക്കു നേരെ ഉണരുന്ന സാമൂഹ്യാന്തരീക്ഷവും സാംസ്കാരികസാഹചര്യങ്ങളും വേണം.സാഹിത്യത്തെ പൊങ്ങച്ചത്തിന്റെയും ഉപചാരത്തിന്റെയും ഭാഗമായല്ലാതെ,ജനതയുടെ ഏറ്റവും വലിയജീവിതാവശ്യങ്ങളിലൊന്നായിത്തന്നെ അംഗീകരിക്കുന്ന രാഷ്ട്രീയം വേണം,സാഹിത്യനിരൂപണം അതിന്റെ ദൌത്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ എല്ലാ അര്‍ത്ഥത്തിലും സുസജ്ജമാവുകയും വേണം.ഈ കാര്യങ്ങളെ കുറിച്ച് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്ന സാഹചര്യമല്ല ഇന്ന് കേരളത്തില്‍ നിലവിലുള്ളത്. അതുകൊണ്ടു തന്നെ കവിത വലിയൊരളവോളം കവിത എഴുതുന്നവരുടെ ലോകത്തില്‍ മാത്രം സാര്‍ത്ഥകമായിത്തീരുന്ന ഒരു ഭാഷാവ്യവഹാരമെന്ന നിലയില്‍ത്തന്നെ കുറച്ചുകാലത്തേക്കു കൂടി തുടരാനാണ് കൂടുതല്‍ സാധ്യത.
ജനശക്തി വാരിക:ജനവരി 15-21,2011

Wednesday, January 12, 2011

'അശാന്തിയുടെ പുസ്തക'ത്തില്‍ നിന്ന്

'ഫെര്‍നാണ്‍ഡോ പെസ്സാഓ'വിന്റെ (Fernando Pessoa 1888-1935)'The Book of Disquiet' നെ എഴുത്തുകാരുടെ പുസ്തകം എന്ന് നിസ്സംശയമായും നിര്‍വചിക്കാം.(പോര്‍ച്ചുഗീസ്ഭാഷയില്‍നിന്ന് റിച്ചാര്‍ഡ് സെനിത്ത് ആണ് ഈ കൃതി ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.) എഴുത്ത്,വ്യാപാരപരവും വ്യാജവുമല്ലാത്ത എഴുത്ത് എന്താണെന്ന് ഒരിക്കലെങ്കിലും സ്വന്തമായി അനുഭവിച്ചറിഞ്ഞിട്ടുള്ള ആരെയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും വല്ലാതെ ഉത്തേജിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന അനേകം നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.സാഹിത്യത്തിലെ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട എണ്ണമറ്റ ആന്തരസംഘര്‍ ഷങ്ങളും ആത്മസംശയങ്ങളും വേദനകളും നിരാശകളും അപമാനങ്ങളും ഈ കൃതിയില്‍ ഏറ്റവും മനോഹരമായ വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.പരിഭാഷയക്ക് നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്ന അത്തരം വിശിഷ്ടവാക്യങ്ങളില്‍ ചിലതാണ് താഴെ മൊഴിമാറ്റം ചെയ്ത് ചേര്‍ത്തിരിക്കുന്നത്:

1. മൌലികമായ അനേകം ചിന്തകള്‍,സത്യമായും അതിഭൌതികമായ അനേകം സംഗതികള്‍ ഇപ്പോള്‍ തന്നെ എനിക്ക് നിങ്ങളോട് പറയാനുണ്ട്.അതുകൊണ്ടെനിക്ക് തളര്‍ച്ച തോന്നുന്നു.ഞാനിതാ ഒന്നും എഴുതാതിരിക്കാനും ഒന്നും ചിന്തിക്കാതിരിക്കാനും തീരുമാനിച്ചുകഴിഞ്ഞു.പറയേണ്ടി വരുന്നതിന്റെ പനിത്തളര്‍ച്ച എന്നെ ഉറക്കത്തിലേക്കു നയിക്കട്ടെ.ഞാന്‍ പറഞ്ഞിട്ടുണ്ടാവുമായിരുന്ന എല്ലാറ്റിനെയും കണ്ണടച്ചുകിടന്ന് ഒരു പൂച്ചക്കുട്ടിയെ എന്ന പോലെ ഞാന്‍ തലോടിക്കൊണ്ടേയിരിക്കും.(കുറിപ്പ് 27)
2. പ്രപഞ്ചം തന്നെ ഒരബദ്ധമാണെന്നതുപോലെ എല്ലാം ഉറങ്ങിക്കിടക്കയായിരുന്നു.ഒന്നും നിശ്ചയമില്ലാത്തതുപോലെ വീശുന്ന കാറ്റ് ഇല്ലാത്ത പട്ടാളപ്പോസ്റില്‍ ഉയര്‍ത്തിയ അരൂപിയായ പതാകപോലെയായിരുന്നു.ശക്തമായ കാറ്റ് ഒന്നുമില്ലായ്മയിലൂടെ വീശിയടിച്ചു.ജനല്‍പ്പാളികളുടെ അറ്റം കിരുകിരുത്തു.എല്ലാറ്റിനുമടിയില്‍ നിശ്ശബ്ദമായ ഈ രാത്രി ദൈവത്തിന്റെ ശവകുടീരമായി(32).
3. എനിക്ക് മന:ശാന്തിയില്ല.കഷ്ടം,അതുണ്ടാവണമെന്ന ആഗ്രഹവുമില്ല.(41).
4. ആരോടും ഒന്നിനോടും ഒത്തുപോകാനാവുന്നില്ലെന്ന എന്റെ അഗാധമായ തോന്നലിന്റെ കാരണം ഇതാണെന്നു ഞാന്‍ വിശ്വസിക്കുന്നു: ഒട്ടുമിക്ക ആളുകളും അവരുടെ വികാരങ്ങളെ അടിസ്ഥാനമാക്കിയാണ് ചിന്തിക്കുന്നത്.ഞാനാണെങ്കില്‍ ചിന്തകളില്‍ നിന്നാണ് വൈകാരികാനുഭൂതികള്‍ നേടുന്നത്.
സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അനുഭവിക്കുക എന്നാല്‍ ജീവിക്കുക എന്നും ചിന്തിക്കുക എന്നാല്‍ എങ്ങനെ ജീവിക്കണം എന്നറിയുക എന്നുമാണ് അര്‍ത്ഥം.എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കല്‍ തന്നെയാണ് ജീവിതം;അനുഭവിക്കുക എന്നത് ചിന്തക്കുള്ള ആഹാരവും.(71)
5.ബുദ്ധിപൂര്‍വകമായ ഒരാശയത്തിന് പൊതുസമ്മതി കൈവരണമെങ്കില്‍ അതില്‍ അല്പം വിഡ്ഡിത്തം ഇടകലര്‍ത്തണം.(104).
6 .ആത്മബോധത്തിന്റെ തലത്തില്‍ ഞാന്‍ ഊരുതെണ്ടി കാലിമേക്കുന്നവനാണ്.എന്റെ ആന്തരസമൃദ്ധികളുടെ കന്നാലിക്കൂട്ടങ്ങളെല്ലാം മേച്ചിലിന്റെ ആദ്യനാളുകളില്‍ തന്നെ എങ്ങോ ചിതറിപ്പോയിരിക്കുന്നു.(107).
7. ഓരോ മഴത്തുള്ളിയും എന്റെ പരാജിതജീവിതത്തിന്റെ പ്രകൃതിയിലെ വിലാപമാണ്.അവസാനിക്കാത്ത ഈ മഴച്ചാറലില്‍ എന്റെ അശാന്തിയുടേതായ എന്തോ ഉണ്ട്. മഴ,ചാറല്‍,പിന്നെയും മഴ.പകലിന്റെ ദു:ഖം ഭൂമിക്കുമേല്‍ നിഷ്ഫലമായി പെയ്തൊഴിയുന്നു. മഴ പെയ്യുന്നു,പെയ്തുകൊണ്ടേയിരിക്കുന്നു (141)
8.എഴുത്ത് എന്നത് വെറുക്കുമ്പോഴും ഞാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുപോലെയാണ്.വേണ്ടെന്ന് വിചാരിക്കുമ്പോഴും എനിക്ക് ആശ്രയിക്കേണ്ടി വരുന്ന ലഹരിപോലെയാണ്. ഒഴിവാക്കാനാകാത്ത ചില വിഷങ്ങളുണ്ട്.ആത്മാവിലെ ചില ചേരുവകള്‍,സ്വപ്നങ്ങളുടെ മഴയില്‍ നിന്ന് ശേഖരിച്ച ഔഷധസസ്യങ്ങള്‍,നമ്മുടെ മുന്‍കാല നിശ്ചയങ്ങളുടെ ശ്മശാനങ്ങള്‍ക്കരികില്‍ വളരുന്ന കറുത്ത മയക്കുചെടികള്‍,ആത്മാവിലെ മുഴങ്ങുന്ന പാതാളനദികളുടെ കരയില്‍ ആടിക്കൊണ്ടിരിക്കുന്ന അശ്ളീലവൃക്ഷങ്ങളുടെ ശാഖകളിലെ നീണ്ട ഇലകള്‍ ഇവയെല്ലാം അതി സൂക്ഷ്മതയോടെ കൂട്ടിച്ചേര്‍ത്താണ് അതുണ്ടാക്കിയിരിക്കുന്നത്.(152).
9. ഒരു ഭ്രാന്തിത്തള്ള അവളുടെ കുഞ്ഞിനെ താരാട്ടുന്നതു പോലെ എഴുത്തില്‍ ഞാന്‍ എന്നെത്തന്നെ താരാട്ടുന്നു.(155).
10. ഇതാ, ഇതാണെന്റെ സദാചാരം,എന്റെ ആത്മീയത,അല്ലെങ്കില്‍ ഞാന്‍ : ഞാന്‍ എല്ലാം കണ്ടുകൊണ്ട് കടന്നുപോവുന്ന ഒരാളാണ്,എന്റെ ആത്മാവിന്റെ പോലും കാഴ്ചക്കാരന്‍ മാത്രമാണ്.ഞാന്‍ ഒന്നിന്റെയും ഭാഗമല്ല,ഒന്നും ആഗ്രഹിക്കുന്നില്ല.ഞാന്‍ ഒന്നും അല്ല - നിര്‍വൈയക്തികമായ ഐന്ദ്രിയാനുഭൂതികളുടെ അമൂര്‍ത്തമായ കേന്ദ്രം മാത്രം. നിലത്തുവീണ് കിടന്ന് ലോകത്തിന്റെ വൈവിദ്ധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സചേതനദര്‍പ്പണം.ഈ നിലയില്‍ ഞാന്‍ സംതൃപ്തനാണോ എന്നെനിക്കറിയില്ല.ആണെങ്കിലും അല്ലെങ്കിലും ഞാനത് കാര്യമാക്കുന്നില്ല.(208).
11. ഓരോരുത്തര്‍ക്കും അവരുടേതായ മദ്യമുണ്ട്.നിലനില്‍ക്കുക എന്നതു തന്നെ എനിക്ക് മതിയവോളം വേണ്ടുന്ന മദ്യമാണ്.(110).
12. എഴുതുക എന്നാല്‍ മറക്കുക എന്നാണര്‍ത്ഥം.ജീവിതത്തെ അവഗണിക്കുന്നതിനുള്ള ഏറ്റവും അഭികാമ്യമായ വഴി സാഹിത്യമാണ്.(116)
13. തെരുവില്‍ നടക്കുന്ന മനുഷ്യരേക്കാള്‍ എത്രയേ യഥാര്‍ത്ഥമാണ് ചില രൂപകങ്ങള്‍(157).
14. ഞാന്‍ വിശ്വസിക്കുന്നവയില്‍ എനിക്കൊരിക്കലും സ്വയം ബോധ്യമുണ്ടായിരുന്നില്ല.ഞാന്‍ എന്റെ കൈകളില്‍ പൂഴി നിറച്ചു,അതിനെ സ്വര്‍ണമെന്നു വിളിച്ചു.എന്നിട്ട് അത് ഊര്‍ന്നുപോകുവോളം കൈകള്‍ വിടര്‍ത്തി.വാക്കുകള്‍ മാത്രമായിരുന്നു എന്റെ ഒരേയൊരു സത്യം.ശരിയായ വാക്ക് പറഞ്ഞു കഴിയുന്നതോടെ എല്ലാം ചെയ്തുകഴിഞ്ഞു.മറ്റെല്ലാം വെറും പൂഴി.(221).
15. എന്നില്‍ എല്ലാ സ്നേഹബന്ധങ്ങളും ഉപരിതലത്തില്‍ മാത്രമാണ് സംഭവിക്കുന്നത്.പക്ഷേ അവയെല്ലാം ആത്മാര്‍ത്ഥവുമായിരുന്നു.എല്ലായ്പ്പോഴും ഞാനൊരു നടനായിരുന്നു.സത്യമുള്ള ഒരു നടന്‍.സ്നേഹിച്ചപ്പോഴെല്ലാം ഞാന്‍ സ്നേഹിക്കുന്നതായി നടിക്കുകയായിരുന്നു.എന്നോടുപോലും ഞാന്‍ അങ്ങനെ നടിക്കുകയായിരുന്നു.(261).
16.ഒന്നും ആഴത്തില്‍ അനുഭവിക്കാന്‍ കഴിയാത്തവര്‍ക്കുള്ളതാണ് ഈ ലോകം.പ്രായോഗിക മനുഷ്യനാവാനുള്ള അനിവാര്യമായ യോഗ്യത ഭാവുകത്വത്തിന്റെ ഇല്ലായ്മയാണ്.
കര്‍മകുശലരായ മനുഷ്യര്‍ അടിസ്ഥാനപരമായിത്തന്നൈ ആഹ്ളാദവാ•ാരും ശുഭാപ്തിവിശ്വാസികളുമാണ്.കാരണം ഒന്നിനെയും ഉള്ളിലേക്കെടുക്കാത്തവര്‍ എല്ലായ്പ്പോഴും സന്തുഷ്ടരാണ്.
ഭരിക്കുന്നവര്‍ ആരായാലും അവര്‍ സന്തോഷവാ•ാരാണ്.കാരണം അനുഭവങ്ങളെ ആത്മാവ് കൊണ്ട് സ്പര്‍ശിക്കുന്നവര്‍ക്കേ ദു:ഖം എന്ന അനുഭവമുണ്ടാവൂ.(303).
17. എനിക്ക് എഴുതിയേ പറ്റൂ - ഒരു ശിക്ഷ ഏറ്റുവാങ്ങുന്നതുപോലെ.ഞാന്‍ എന്തെഴുതിയാലും അത് പിഴവുള്ളതും സംശയഗ്രസ്തവും നിഷ്ഫലവുമായിരിക്കും എന്നറിയേണ്ടി വരുന്നതു തന്നെയാണ് എനിക്ക് അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ ശിക്ഷ.
ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന കവിതകളൊന്നും എനിക്ക് തൃപ്തി തരുന്നില്ല.ഭാവിയില്‍ എഴുതാന്‍ പോവുന്ന കവിതകളുടെ കാര്യത്തിലും ഇതു തന്നെയായിരിക്കും എന്റെ അനുഭവമെന്ന് ഇപ്പോഴേ എനിക്കറിയാം.(231)
18.എന്റെ ഉണ്മയ്ക്കന്യമായ വസ്തുവിനെക്കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന ഒരു പ്രതിമയെന്ന പോലെയാണ് എന്റെ ജീവിതത്തെ ഞാന്‍ കൊത്തിയെടുത്തിരിക്കുന്നത്.എന്റെ ആത്മബോധത്തെ ഞാന്‍ സംശുദ്ധമായ കലയുടെ വഴിയില്‍ വിനിയോഗിച്ചിരിക്കുന്നതിനാലും അങ്ങനെ എന്നില്‍ നിന്നു തന്നെ ഞാന്‍ ബഹിഷ്കൃതനായിരിക്കുന്നതിനാലും ചിലപ്പോള്‍ ഞാന്‍ സ്വയമായി തന്നെ തിരിച്ചറിയുന്നതേയില്ല.(113).
19.ഒരു സ്വപാനാടകന്‍ കര്‍മകുശലനായ ഒരു മനുഷ്യനേക്കാള്‍ മേലെയായിരിക്കുന്നത് സ്വപ്നം യാഥാര്‍ത്ഥ്യത്തേക്കാള്‍ മുകളിലായതുകൊണ്ടല്ല.ജീവിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ പ്രായോഗികമാണ് സ്വപ്നം കാണല്‍ എന്ന വസ്തുതയാണ് സ്വപ്നാടകന്റെ മികവിന്റെ ആധാരം.പ്രവൃത്ത്യു•ുഖനായ ഒരു മനുഷ്യന് ലഭിക്കുന്നതിന്റെ പതി•ടങ്ങ് വലുതും വൈവിധ്യപൂര്‍ണവുമാണ് ഒരു സ്വപ്നകാമുകന് ജീവിതത്തില്‍ നിന്ന് ലഭിക്കുന്ന ആനന്ദം.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്പ്നം കാണുന്ന മനുഷ്യനാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍ (91).
20.നാം നമ്മുടെ വിധിയെ നമ്മുടെ ശരീരത്തെയെന്ന പോലെ കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കണം.വസ്ത്രം മാറ്റുന്നതുപോലെ ജീവിതത്തെ മാറ്റിക്കൊണ്ടിരിക്കുകയും വേണം.അത് പക്ഷേ,ഭക്ഷണത്തിലൂടെയും ഉറക്കത്തിലൂടെയുമെന്ന പോലെ ജീവിതത്തെ പരിരക്ഷിച്ചു നിര്‍ത്തുന്നതിനുവേണ്ടിയാവരുത്.നമ്മോടു തന്നെയുള്ള വസ്തുനിഷ്ഠമായ ആദരവിന്റെ പേരിലാണ് നാമതു ചെയ്യേണ്ടത്.വ്യക്തിപരമായ ശുചിത്വം എന്നു പറയുന്നത് അതു തന്നെയാണ്.(42).
21. "നാം ഓരോരുത്തരും പലരാണ്.സ്വത്വങ്ങളുടെ അതിബാഹുല്യം.ചുററുപാടുകളെ തിരസ്കരിക്കുന്ന ഒരാളും അവയില്‍ ആനന്ദമോ ദു:ഖമോ കണ്ടെത്തുന്ന ആളും നമ്മില്‍ തന്നെയുണ്ട്.അവര്‍ ഒരേ ആളല്ല.നമ്മുടെ ഉണ്മയുടെ വിശാലമായ കോളനിയില്‍ വ്യത്യസ്തമായി ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അനേകം ജനവര്‍ഗങ്ങളുണ്ട്.(396).

Monday, January 3, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

22

'ഉറവ' എന്നു പേരിട്ടിരിക്കുന്ന തളിപ്പറമ്പ് ഉപജില്ലാ വിദ്യാലയ ചരിത്രരേഖ(2006) വായിച്ചുകൊണ്ടിരിക്കെ ഞാന്‍ വല്ലാത്തൊരു മനോനിലയിലായി.കുട്ടിക്കാലം മുതല്‍ക്കേ എനിക്ക് പരിചയമുള്ള പല ഗ്രാമങ്ങളിലെ പല കാലങ്ങളിലെ മനുഷ്യജീവിതങ്ങളെ രൂപപ്പെടുത്തിയ വിദ്യാഭ്യാസം,കല,രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളിലൂടെയെല്ലാം ചുരുങ്ങിയ സമയം കൊണ്ട് സഞ്ചരിച്ചെത്തുമ്പോഴുണ്ടാവുന്ന വൈവശ്യം.അതില്‍ ഗൃഹാതുരത്വവും കേവലമായ വിഷാദവും ദാര്‍ശനികച്ഛായയുള്ള ആത്മവേദനയുമെല്ലാം ഇടകലര്‍ന്നിരുന്നു.
ഒരു ശരാശരി മനുഷ്യജീവിതത്തിന്റെ കാലയളവ് വാസ്തവത്തില്‍ എത്ര ചെറുതാണ്?അതിനുള്ളില്‍ ത്തന്നെ എന്തെന്തൊക്കെ വ്യവഹാരങ്ങളിലൂടെയാണ് ഓരോരുത്തരും കടന്നുപോവുന്നത്?ഒന്നാം ക്ളാസ്സില്‍ തന്റെ കുട്ടിയെ കൊണ്ടുചെന്നിരുത്തുന്ന രക്ഷിതാവിന് അവനെ/അവളെ കുറിച്ച് ഉണ്ടാകാവുന്ന മോഹങ്ങളും ഭാവിയിലെ അനുഭവങ്ങളും പൊരുത്തപ്പെട്ടുപോവുന്ന അവസ്ഥ ഒരു ശതമാനം മനുഷ്യരുടെ കാര്യത്തില്‍ പോലും യാഥാര്‍ത്ഥ്യമാവുന്നുണ്ടാവില്ല.എല്ലാ മുതിര്‍ന്ന മനുഷ്യര്‍ക്കും അതറിയാമെങ്കിലും ഓരോ പുതിയ തലമുറയും പുതിയ സ്വപ്നങ്ങളുടെയും ആശയങ്ങളുടെയും ഭാരം തങ്ങളുടെ കുട്ടികളുടെ ചുമലില്‍ അവരറിയാതെ കയറ്റിവെക്കുന്നു.ഇക്കാര്യത്തില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന ഉല്‍ക്കണ്ഠയും സമ്മര്‍ദ്ദവും യൂറോപ്യന്‍ നാടുകളിലെയും അമേരിക്കയിലെയും ചില ഏഷ്യന്‍രാജ്യങ്ങളിലെ തന്നെയും രക്ഷിതാക്കളുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്.
'ഉറവ'യില്‍ ഉള്ളുണര്‍ത്തുന്ന ചരിത്രവസ്തുതകളും വിവരങ്ങളും ഒട്ടുവളരെയുണ്ട്.പക്ഷേ,വിവരങ്ങള്‍ എന്ന നിലയ്ക്കല്ല വിചിത്രമെന്നു പറയാവുന്ന ചില വൈകാരികസ്മൃതികളായാണ് അവയൊക്കെയും എനിക്കനുഭവപ്പെട്ടത്.ചരിത്രത്തിന്റെ വലിയൊരു മേന്മ അല്ലെങ്കില്‍ മൂല്യം അതിനു മാത്രം നല്‍കാനാവുന്ന ഈ വൈകാരികതയാണ്;ഓര്‍മകളുടെ ആനന്ദവും വേദനയും സൌന്ദര്യവുമാണ്.അന്യഥാ ശുഷ്കമായ ലോകവിവരങ്ങള്‍ പോലും ചരിത്രത്തിന്റെ ഘടനയിലേക്ക് പ്രവേശിക്കുമ്പോള്‍ അവയ്ക്ക് സംഭവിക്കുന്ന സമുദ്രപരിണാമം അത്ഭുതകരമാണ്.മുല്ലക്കൊടി,പാവന്നൂര്‍,കണ്ടക്കൈ,കോറളായിത്തുരുത്തി,ചട്ടുകപ്പാറ,കടമ്പേരി എന്നിങ്ങനെയുള്ള സ്ഥലപ്പേരുകള്‍ക്കുപോലും ഈ വിദ്യാലയരേഖയില്‍ അത്തരമൊരു പരിണാമം സംഭവിച്ചിരിക്കുന്നു.കെട്ടിലും മട്ടിലും വലിയ മികവുള്ളതെന്നു പറയാവുന്നതല്ല ഈ ചരിത്രരേഖ.എങ്കിലും 'ഉറവ'യില്‍ സതീഷ് തോപ്രത്ത് വരച്ചിരിക്കുന്ന രേഖാചിത്രങ്ങളില്‍ ചിലത് വിനീതമായ ഈ ചരിത്രകൃതിയുടെ ചൈതന്യവുമായി ഉയര്‍ന്ന അളവില്‍ സര്‍ഗാത്മകമായ രക്തബന്ധം സ്ഥാപിച്ചിട്ടുണ്ട്.പഴയകാല വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍,പഴയകാലത്തെ സ്കൂള്‍മുറ്റം,ക്ളാസ്മുറി എല്ലാം ഈ ചിത്രകാരന്റെ വരകളില്‍ അസാധാരണമായ ലാളിത്യവും നൈര്‍മല്യവുമാര്‍ന്ന് പുനര്‍ജ്ജനിച്ചിരിക്കുന്നു.
23
ഇരുപത്തിരണ്ട് വര്‍ഷം മുമ്പ്(1988 ഏപ്രില്‍ 16 ന്) ബക്കളം ദാമോദരന്‍,ഉമ്മര്‍,ചിത്രകാരന്‍ ശിവകൃഷ്ണന്‍,വി.ബാബുരാജ്(പാലേരി),എ.വി.പവിത്രന്‍,പി.വി.പുരോഷത്തമന്‍(ഇപ്പോള്‍ പാലയാട് ഡയറ്റിലെ അധ്യാപകന്‍),പി.പവിത്രന്‍ (മലയാളം ഐക്യവേദിയുടെ മുഖ്യസംഘാടകനും കാലടിസംസ്കൃതസര്‍വകലാശാലയുടെ തിരൂര്‍ കേന്ദ്രത്തില്‍ അധ്യാപകനുമായ പവിത്രന്‍ തന്നെ) എന്നിവരോടൊപ്പം ഞാന്‍ പുളിങ്ങോത്തുനിന്ന് പുറപ്പെട്ട് കുടകിലെ ബാഗമണ്ഡലത്തേക്ക് കാല്‍നടയായി പോയി.ഇരുപത് കിലോമീറ്ററിലധികം നടത്തം.പുഴകടന്ന്,കാട്ടുവഴിയിലൂടെ ആയാസകരമായ കയറ്റങ്ങളും ഇറക്കങ്ങളും താണ്ടിയുള്ള കഠിനയാത്ര.രാവിലെ എട്ട് മണിക്ക് പുളിങ്ങോത്തു നിന്ന് പുറപ്പെട്ട് വൈകുന്നേരം ആറ് മണി കഴിഞ്ഞാണ് ബാഗമണ്ഡലത്തെത്തിയത്.പുളിങ്ങോത്തു നിന്ന് കുറേ ദോശയും അപ്പവും പഴവുമൊക്കെ വാങ്ങിവെച്ചിരുന്നെങ്കിലും ഉച്ചയാവും മുമ്പേ എല്ലാം തിന്നുതീര്‍ത്തിരുന്നു. ആനവായില്‍ അമ്പഴങ്ങപോലെ അതൊക്കെ എങ്ങോ പോയ്മറിഞ്ഞു.കത്തിക്കാളുന്ന വിശപ്പിന് കാര്യമായ ശമനമൊന്നും ഉണ്ടായില്ല.ഓരോ കയറ്റം കഴിയുമ്പോഴും അത് കൂടിക്കൂടി വന്നു.ആവശ്യത്തിനുള്ള ആഹാരം കരുതി വെക്കാതെ യാത്ര പുറപ്പെട്ടതിന് ഓരോരുത്തരും അന്യോന്യം കുറ്റപ്പെടുത്തി.കാട്ടിലെവിടെയെങ്കിലും ഒരു പേരമരമോ നെല്ലിമരമോ മാവോ കണ്ടുകിട്ടുന്ന നിമിഷത്തിലായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.ഒന്നോ രണ്ടോ തവണ അത് സഫലമായെന്നാണ് ഓര്‍മ.
ഈ കുടക് യാത്രയിലെ രണ്ടു ചിത്രങ്ങളാണ് ഏറെ തെളിമയോടെ ഇന്നും മനസ്സിലുള്ളത്.ഒന്ന്,നടത്തത്തിനിടയില്‍ ഇടക്കിടെ കണ്ടുകൊണ്ടിരുന്നു കല്ലുവാഴകള്‍.അവയുടെ ചെറിയ ഉടല്‍,ചെറിയ ഇലകള്‍,ചെറിയ കുല എല്ലാറ്റിനോടും എന്തോ ഒരടുപ്പം തോന്നിയിരുന്നു.രണ്ടാമത്തേത് ഒരു ഭ്രാന്തിയുടെ ഓര്‍മയാണ്.ബാഗമണ്ഡലത്തിന് എതാണ്ട് അടുത്തെത്താറായപ്പോള്‍ ഞങ്ങള്‍ കൂട്ടം പിരിഞ്ഞാണ് നടന്നിരുന്നത്.എന്റെ കൂടെ ആരൊക്കെയാണ് ഉണ്ടായിരുന്നത് എന്ന് ഇപ്പോള്‍ ഓര്‍മിച്ചെടുക്കാനാവുന്നില്ല.ഞങ്ങള്‍ ഒരു വെളിമ്പ്രദേശം കടന്ന് ചെറിയൊരു കാട്ടിലേക്ക് പ്രവേശിച്ചതായിരുന്നു.പെട്ടെന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് ഞങ്ങളുടെ നേര്‍ക്ക് ഓടിവരുന്നതായി ഭാവിക്കുകയും പെട്ടെന്ന് ഒരുപൊട്ടിച്ചിരിയോടെ തിരിയെ പോവുകയും ചെയ്തു.മറ്റൊരു ദേശത്തെ കാട്ടില്‍ വെച്ച് മറ്റൊരു ഭാഷ സംസാരിക്കുന്ന സമനില തെറ്റിയ സ്ത്രീയെ അവിചാരിതമായി കാണേണ്ടി വന്നതിന്റെ ഞെട്ടല്‍ ഇപ്പോഴും ഉള്ളില്‍ നിന്ന് പോയിട്ടില്ല.
24
എഴുതി പൂര്‍ത്തിയാക്കിയിട്ടും പല കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്ന കഥകളുടെയും കവിതകളുടെയും ശേഖരം മിക്ക എഴുത്തുകാരുടെ കയ്യിലും ഉണ്ടാവും. പല എഴുത്തും വെറുതെ ഒരു കൈത്തരിപ്പ് മാറ്റാനെന്ന പോലെ ചെയ്യുന്നതാവാം.വലിയ പ്രതീക്ഷയോടെ ആരംഭിച്ച് 'ശൂ' എന്നവസാനിച്ചു പോവുന്നവയും ഉണ്ടാവാം.എന്തായാലും എഴുതിയത് നന്നായിട്ടുണ്ട് എന്നൊരു പ്രതീതിയില്‍ താല്‍ക്കാലികമായെങ്കിലും എത്തിച്ചേരാതെ ആരും ഒരു സംഗതിയും പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചുകൊടുക്കില്ല.ഉപേക്ഷിക്കണമെന്നു തോന്നിയ രചനകള്‍ എന്റെ കയ്യില്‍ വളരെ കുറച്ചേ ഉള്ളൂ.അങ്ങനെയുള്ളവയില്‍ ഒട്ടുമുക്കാലും ഞാന്‍ അപ്പപ്പോള്‍ തന്നെ കത്തിച്ചുകളഞ്ഞിരുന്നു.എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു പോയ ചിലത് ഈ കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ പൊടിതട്ടി എടുത്തുവെച്ചിട്ടുണ്ട്. ചുവടെ കൊടുക്കുന്ന ചെറിയ കഥ അവയിലൊന്നാണ്.
ജ്ഞാനി
" മനസ്സൊന്നു ശുദ്ധമാക്കാന്‍ കഴിഞ്ഞെങ്കില്‍''}ഞാന്‍ പറഞ്ഞു.പുഴവക്കത്തെ പഴകി ദ്രവിച്ചൊരു കള്ളുഷാപ്പിലെ നാറുന്ന മുറിയില്‍ ഇളകിയാടുന്ന ബെഞ്ചിലിരുന്ന് മനസ്സ് തുറക്കുകയായിരുന്നു ഞങ്ങള്‍.ഞാനും അല്പനേരം മുമ്പ് ഷാപ്പില്‍ വെച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ട മനുഷ്യനും. മെലിഞ്ഞു നീണ്ട വിളറി വെളുത്ത ഒരു മനുഷ്യനായിരുന്നു അയാള്‍.
"മനസ്സ് ശുദ്ധമാക്കാന്‍ എന്താ ഇത്ര പ്രയാസം? ''അയാള്‍ ചോദിച്ചു.
"ഒരു പാട് പ്രയാസങ്ങളുണ്ട്.ഒന്നാമതായി ഒന്നും ആഗ്രഹിക്കാതിരിക്കണം''
" അതെ;അതു ശരിയാണ്''
" അവനവന്റെ സ്വാതന്ത്യ്രം പോലും ആഗ്രഹിക്കരുത്''
" ശരിയാണ്''
" കാമം,പണത്തിനു വേണ്ടിയുള്ള മോഹം,സ്നേഹിക്കപ്പെടാനുള്ള ദാഹം,പക എല്ലാം ഉപേക്ഷിക്കണം''
" അതെ; എല്ലാം ഉപേക്ഷിക്കണം.അങ്ങനെ എല്ലാറ്റില്‍ നിന്നും സ്വതന്ത്രനായാല്‍ മനസ്സ് ശുദ്ധമാവും,വെള്ളക്കടലാസ് പോലെ,പച്ച വെള്ളം പോലെ,അല്ലെങ്കില്‍ ഇളംകള്ള് പോലെ''
" പക്ഷേ,എനിക്കത് സാധ്യമാവുന്നില്ല''
" കഷ്ടം,എനിക്ക് പക്ഷേ എല്ലാം സാധ്യമാവുന്നുണ്ട്''
" കള്ളം പറയരുത്.ഈ ലോകത്തു ജീവിച്ചുകൊണ്ട് ആര്‍ക്കുമത് സാധിക്കില്ല''
" ശരിയാണ്.സാധിക്കില്ല.ഞാന്‍ പക്ഷേ ഈ ലോകത്തല്ലല്ലോ''അയാള്‍ പറഞ്ഞു.പിന്നെ ഞാന്‍ രണ്ടാമതും വാങ്ങി വെച്ച ഒരു കുടം കള്ള് മുഴുവന്‍ ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്ത്,ചിറിയും തുടച്ച് അയാള്‍ അപ്രത്യക്ഷനായി.ഷാപ്പിലെ ജോലിക്കാര്‍ ഒച്ചയും ബഹളവുമായി ഓടിപ്പിടഞ്ഞുവന്ന് എന്നെ വലിച്ച് പുറത്തിടുകയും ചെയ്തു.
(പ്ളാവില മാസിക -ഡിസംബര്‍ 2010)

പുച്ഛം

നമസ്കാരം സഖാവേ,താങ്കള്‍ക്കെന്നെ പുച്ഛിക്കാം
പിന്നെയും പിന്നെയും പുച്ഛിക്കാം
എനിക്ക് താങ്കളെയും അവ്വണ്ണം തന്നെ ചെയ്യാം
പുച്ഛത്തിനു പക്ഷേ വിപ്ളവരാഷ്ട്രീയമെന്നോ
ഉയര്‍ന്ന കലാബോധമെന്നോ
അഗാധമായ പാണ്ഡിത്യമെന്നോ
തെളിഞ്ഞ ഫലിതരസികത്വമെന്നോ അര്‍ത്ഥമില്ല
പുച്ഛം പുച്ഛം മാത്രമാണ്
വെറും പുച്ഛം....പുഞ്ഞം.