Pages

Saturday, September 17, 2016

ഭാഷാസമഗ്രതാ ദർശനം : അവകാശവാദവും അനുഭവവും തമ്മിലുള്ള അകലം

                        
ഡി.പി.ഇ.പി കാലം മുതൽ ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനം  കേരളത്തിലെ പ്രൈമറി സ്‌കൂൾ അധ്യാപകർ ക്ലാസ്മുറിയിൽ പ്രയോഗിച്ചു തുടങ്ങിയതാണ്. ഈ ബോധനരീതിയിൽ  ഉൾച്ചേർന്നിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഇന്നിപ്പോൾ ഏറെക്കുറെ എല്ലാവർക്കും അറിയാം.എട്ടാം ക്ലാസിലെത്തുമ്പോഴും കുട്ടികളിൽ പലർക്കും മലയാളത്തിലെ അക്ഷരങ്ങൾ പലതും അറിയില്ലെന്ന് പറയുന്ന നൂറുകണക്കിന് അധ്യാപകർ സംസ്ഥാനത്തെ ഓരോ ജില്ലയിലുമുണ്ട്. അക്ഷരമാല അറിയില്ലെന്നതു മാത്രമല്ല പ്രശ്‌നം.സ്‌കൂളിൽ പഠനേതര പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വരുന്ന സമയം പഴയ കാലത്തെതിന്റെ പതിന്മടങ്ങായിട്ടും , കവിത എഴുതാനും പത്രറിപ്പോർട്ടും പരസ്യങ്ങളും സ്വന്തം പ്രദേശത്തിന്റെ ചരിത്രവുമൊക്കെ  തയ്യാറാക്കാനും സ്‌കൂൾ ക്ലാസുകളിൽ വെച്ചു തന്നെ പ്രോത്സാഹനം ലഭിച്ചിട്ടും,മഴയറിവും പുഴയറിവും കൃഷിയറിവുമൊക്കെ സ്വന്തമാക്കിയിട്ടും  കോളേജിലെത്തുന്ന വിദ്യാർത്ഥികളിൽ പലരും മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളുടെയും പ്രശസ്തമായ സാഹിത്യകൃതികളുടെയും പേര് പറയാൻ ബുദ്ധിമുട്ടുന്നതായി കണ്ട് അമ്പരക്കുക എന്നതും അധ്യാപകരിൽ എത്രയോ പേരുടെ അനുഭവമാണ്.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ  പല കോണുകളിൽ നിന്നായി ഉയർന്നു വരാറുള്ള എതിർവാദങ്ങൾ താഴെ അക്കമിട്ടെഴുതാം:
1.    ഭാഷാസമഗ്രതാദർശനം വിദേശ രാജ്യങ്ങളിലെ പല ഗവേഷകർ നടത്തിയ പഠനങ്ങളിൽ  നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.അത് ഭാഷാധ്യാപനത്തിന് പുതിയൊരു ദാർശനികാടിത്തറ ഉണ്ടാക്കിയ ആശയങ്ങളുടെ സമാഹാരമാണ്.
2.     കുട്ടികളെ ഭാഷയിലെ അക്ഷരങ്ങൾ ഓരോന്നോരോന്നായി പഠിപ്പിക്കേണ്ട ആവശ്യമില്ല.നടക്കാനും സംസാരിക്കാനും പഠിക്കുന്നതുപോലെ വളരെ സ്വാഭാവികമായിത്തന്നെ കുട്ടികൾ വായിക്കാനും എഴുതാനും പഠിക്കും.
3.    എല്ലാ ഭാഷകൾക്കും ഒരേ നിലവാരമാണുള്ളത്.ഒരു ഭാഷ എത്ര പേർ സംസാരിക്കുന്നു എന്നത് പ്രശ്‌നമേയല്ല.ഓരോ ഭാഷയും ആ ഭാഷ ഉപയോഗിക്കുന്നവരുടെ ആശയാവിഷ്‌ക്കാരങ്ങൾക്ക് ഉതകുന്നുണ്ട്.ഭാഷ പഠിപ്പിക്കുന്നതിന് അമിതമായ അളവിൽ ഊർജം ചെലവഴിക്കേണ്ട കാര്യമില്ല.സ്വന്തം ആവശ്യത്തിന് അനുസരിച്ച് പുതിയ പദങ്ങളും പ്രയോഗങ്ങളും നിർമിക്കാൻ ഓരോ ഭാഷാസമൂഹത്തിനും കഴിയും.
4.    അനുഭവങ്ങൾ വാക്കുകളുടെ സഹായത്തോടെ വിസ്തരിച്ച് അവതരിപ്പിക്കുന്ന കാലം കഴിഞ്ഞു.ഭാഷ പ്രാഥമികമായും ആശയവിനിമയത്തിനു വേണ്ടിയുള്ളതാണ്.അതിന് വാക്കുകളുടെ സംഗ്രഹീതരൂപമോ ചിലപ്പോൾ ഏതാനും അക്ഷരങ്ങൾ തന്നെയോ മതി.ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന രീതി നെറ്റ് വഴി ആശയവിനിമയം നടത്തുന്നവർ വളരെ സാധാരണമായി ഉപയോഗിച്ചു വരുന്നുണ്ട്.ഭാഷ വിവിധ ഗണങ്ങളിൽ പെടുന്ന വാക്കുകളും പ്രത്യയങ്ങളും വ്യാകരണസമ്മതമായ ഘടനയുമൊക്കെയായി നീണ്ടു പരന്നു കിടക്കുന്ന അവസ്ഥ ഇനി ഏറെ കാലത്തേക്ക് നിലനിൽക്കില്ല.സാഹിത്യം എഴുതുന്നവരും വായിക്കുന്നവരുമൊക്കെ അത്തരത്തിലുള്ള ഭാഷ നിലനിർത്തിക്കൊള്ളട്ടെ.ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് വളരെ കുറച്ച് വാക്കുകൾ മാത്രം ആവശ്യമായി വരുന്ന സംഭാഷണഭാഷയും എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിന് ഏതാനും ചുരുക്കെഴുത്തുകളും ചിഹ്നങ്ങളും മാത്രമുള്ള കോഡ്ഭാഷയും മതി.
5.    കുട്ടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വന്തം തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ പഠിക്കേണ്ടത്.സത്യം പലതാണെന്നും സർവർക്കും ബാധകമായ ശരിതെറ്റുകൾ ഇല്ലെന്നും വസ്തുത എന്ന ഒന്നില്ല വ്യാഖ്യാനങ്ങളേ ഉള്ളൂ എന്നുമൊക്കെ മനസ്സിലാക്കി മുന്നേറുന്നവരുടെ കാലം വന്നു കഴിഞ്ഞു.ലോകത്തിന്റെ ഏതുകോണിലുള്ള മനുഷ്യരുടെയും ജ്ഞാനസങ്കൽപത്തിന്റെ  മൂശ തന്നെ മാറിക്കഴിഞ്ഞു.ഇനിയുള്ള കാലം ബഹുസ്വരതയെ കൊണ്ടാടുന്ന കാലമായിരിക്കും.അങ്ങനെയുള്ള കാലത്ത് ജീവിക്കേണ്ടുന്ന കുട്ടികളെ അധ്യാപകർ അധികാരികളുടെ സ്ഥാനത്തു നിന്നുകൊണ്ട് ശരികൾ മാത്രം പഠിപ്പിക്കേണ്ട കാര്യമില്ല.കുട്ടികൾ കണ്ടും കേട്ടും അനായാസമായിത്തന്നെ അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേരട്ടെ.എഴുത്തിൽ അവർ തെറ്റുകൾ വരുത്തിയാൽ അധ്യാപകർ അത് തിരുത്താൻ പുറപ്പെടരുത്.അത്യാവശ്യമാണെന്നു കണ്ടാൽ അവർ സ്വയം തെറ്റ് തിരുത്തിക്കൊള്ളും.അക്ഷരം തെറ്റിച്ചാലും കുട്ടിക്ക് ശരിയായി വായിക്കാൻ കഴിയുന്നുന്നുണ്ടെങ്കിൽ അതിൽ ആഹ്ലാദിക്കാൻ അധ്യാപകന് കഴിയണം. പല ഇംഗ്ലീഷ് വാക്കുകളുടെയും ഉച്ചാരണം  മാത്രമല്ല സ്‌പെല്ലിംഗ് പോലും പല രാജ്യങ്ങളിൽ പലതാണ്.പക്ഷേ,ആശയ വിനിമയത്തിന് ആ വ്യത്യാസം യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.മലയാളത്തിൽ ഉള്ള അത്രയും അക്ഷരങ്ങളില്ലാത്ത ഭാഷകളിലും എഴുത്തിലും സംസാരത്തിലും പ്രശ്‌നങ്ങളൊന്നും ഉണ്ടാവുന്നില്ല.അതിഖരം എഴുതേണ്ടിടത്ത് ഒരു വിദ്യാർത്ഥി ഖരാക്ഷരം എഴുതിയാലും ഘോഷത്തിന്റെ സ്ഥാനത്ത് മൃദു എഴുതിവെച്ചാലും ആകാശം ഇടിഞ്ഞുവീണെന്ന മട്ടിൽ അധ്യാപകൻ/അധ്യാപിക ബഹളം വെക്കേണ്ട കാര്യമില്ല.
6.    അക്ഷരമാല മുതൽ വ്യാകരണ നിയമങ്ങൾ വരെയുള്ള കാര്യങ്ങൾ കുട്ടികളെ അടിച്ചു പഠിപ്പിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് അധ്യാപകർ തെറ്റിദ്ധരിക്കകരുത്.പഠിപ്പിക്കല്ല പഠിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കലാണ് അവരുടെ കടമ.കുട്ടികൾ പരസ്പരം സഹായിച്ചും ചർച്ച ചെയ്തും ശരിയും തെറ്റും തിരിച്ചറിയട്ടെ.
7.    ആവർത്തിച്ചെഴുതിച്ചും അഭ്യാസങ്ങൾ നൽകിയുമല്ല കുട്ടികളുടെ ഭാഷാബോധം വികസിപ്പിക്കേണ്ടത്.എല്ലാ കുട്ടികളും പഠിക്കാൻ കഴിവുള്ളവരാണ്.ആ കാര്യം അവരെ ബോധ്യപ്പെടുത്തുക.അത് സാധിച്ചു കഴിഞ്ഞാൽ ബാക്കിയൊക്കെ താനേ ശരിയായിക്കൊള്ളും.എല്ലാം താനേ പഠിയും.
8.    അക്ഷരങ്ങൾ ഓരോന്നോരോന്നായി എഴുതി വാക്കുകളിലും പിന്നെ വാക്യങ്ങളിലും എത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ചിത്രങ്ങൾ കണ്ടും വാക്കുകൾ പരിചയിച്ചും അക്ഷരങ്ങളിലേക്ക് എത്തിച്ചേരുന്നത്.കൂടുതൽ ആഹ്ലാദകരമായ പഠന രീതി അതാണ്.
9.    കുട്ടികളുടെ ഭാഷാപ്രയോഗശേഷി വികസിക്കുന്നതിന് അക്ഷരങ്ങളിൽ നിന്ന് ആരംഭിക്കണം എന്നു പറയുന്നത് തെറ്റാണ്.വാക്കുകളുടെയും പ്രത്യയങ്ങളുടെയും ശരിയായ പ്രയോഗവും വ്യാകരണകാര്യങ്ങളും കുട്ടി പഠിക്കുക ഭാഷ പ്രയോഗിക്കുന്ന സന്ദർഭങ്ങളിൽ നിന്നാണ്.അവ നേരത്തേ പഠിച്ചുവെക്കേണ്ട സംഗതികളല്ല.
10.    ഭാഷാ സമഗ്രതാ ദർശനം വികസിച്ചു വന്നത് വൈഗോട്‌സ്‌കി,പിയാഷേ തുടങ്ങിയവരുടെ വിദ്യാഭ്യാസ ദർശനങ്ങളെയും നോം ചോസ്‌കിയുടെ ഭാഷാശാസ്ത്ര സിദ്ധാന്തത്തിന്റെയുമൊക്കെ പിൻബലത്തിലാണ്.കോൺസ്റ്റൈൻസ് വീവർ,വാട്‌സൺ തുടങ്ങിയ അനേകം പേരുടെ പഠനഗവേഷണ പ്രവർത്തനങ്ങളും ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനരീതിക്കു പിന്നിലുണ്ട്.ഇവരെയൊന്നും ചോദ്യം ചെയ്യാനുള്ള ബൗദ്ധിക ശേഷിയും അറിവും കേരളത്തിലെ വിദ്യാഭ്യാസചിന്തകർക്കില്ല.കാര്യമറിയാതെ ബഹളം വെക്കുന്നവർ മാത്രമാണ് അവർ.

ഈ വാദങ്ങൾക്ക് ഓരോന്നിനും മറുപടി പറയുന്നത് അൽപവും പ്രയാസമുള്ള കാര്യമല്ല.പക്ഷേ,ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാബോധനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഏറ്റവും കാതലായ ആശയം ഏതാണെന്ന് കണ്ടെത്തി അതിനെ വിശകലനം ചെയ്താൽത്തന്നെ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയിൽ എത്തിച്ചേരാം.മുകളിൽ അഞ്ചാമതായി എഴുതിയിരിക്കുന്നതാണ് ആ ആശയം. സമൂഹത്തിന് മൊത്തം ബാധകമായ ശരികളില്ലെന്നും ചരിത്ര വസ്തുത എന്ന് പറയുന്നതുപോലും വ്യാഖ്യാനങ്ങളുടെ സൃഷ്ടി മാത്രമാണെന്നും  അതുകൊണ്ടൊക്കെ തന്നെ ഭാഷാപഠനത്തിന്റെ ആരംഭഘട്ടം മുതൽക്കേ തെറ്റ് എന്ന പരികൽപന ഉപേക്ഷിക്കണമെന്നും പല ശരികൾ എന്ന സാധ്യതയെ കുറിച്ചുള്ള ബോധത്തിലേക്ക് കുട്ടികൾ എത്തിച്ചേരണമെന്നും പറയുന്നവർ തന്നെയാണ്  ഫോണിക്‌സ് തെറ്റാണെന്നും ഗുണനപ്പട്ടിക പഠിക്കുന്നത് ശരിയല്ലെന്നും അധ്യാപകർ ഫെസിലേറ്റർ മാത്രമാണ് എന്ന നിലപാട് മാത്രമേ ശരിയാവൂ എന്നും മറ്റും പറയുന്നത്.തങ്ങൾ പറയുന്നതിലെ വൈരുദ്ധ്യം ഈ ആശയം അവതരിപ്പിക്കുന്നവർ തിരിച്ചറിയുന്നില്ലായിരിക്കാം.പക്ഷേ,മറ്റുള്ളവർക്ക് അങ്ങനെ അജ്ഞത കൈക്കൊണ്ട് അനങ്ങാതിരിക്കാനുള്ള ബാധ്യതയില്ല.
  വസ്തുത എന്ന ഒന്നില്ല,വ്യാഖ്യാനമേ ഉള്ളു; ഒരു ശരി എന്ന അവസ്ഥയില്ല,പല ശരികളേ ഉള്ളൂ എന്ന് വാദിച്ചുറപ്പിക്കുന്നത് അധികാര കേന്ദ്രങ്ങളുടെയും മൂലധന ശക്തികളുടെയും തെറ്റായ നയങ്ങൾക്കും നടപടികൾക്കുമെതിരെ പല കോണുകളിൽ നിന്നായി ഉയർന്നു വരാൻ ഇടയുള്ള പ്രതിഷേധങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഏകോപനം സാധ്യമാക്കാതിരിക്കാൻ വേണ്ടിയാണ്. 'അതും ശരി,ഇതും ശരി' എന്നു പറയുന്നതാണ് ശരി എന്നു വാദിക്കുന്നവർ തങ്ങൾക്ക് അയ്യായിരം കോടി ലാഭം കിട്ടിയാലും അഞ്ച് കോടി ലാഭം കിട്ടിയാലും ഒരു പോലെയാണെന്ന് ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനി കരുതും എന്ന് ധരിക്കുമെന്ന് തോന്നുന്നില്ല. രോഗം വന്നാൽ ഡോക്ടറെ കാണുന്ന കാര്യത്തിൽ, ന്യായം സ്ഥാപിച്ചു കിട്ടാൻ കോടതിയിൽ പോകുന്ന കാര്യത്തിൽ,ട്രാഫിക് നിയമം പാലിക്കുന്ന കാര്യത്തിൽ,വർഗീയതയെ മനസ്സിലാക്കുന്ന കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ശരി ആവാമെന്നും ഇവിടെയൊന്നും ആരും ആരെയും തിരുത്താൻ ശ്രമിക്കേണ്ടതില്ലെന്നും വാദിക്കാൻ ഭാഷാസമഗ്രതാ ദർശനക്കാരും തയ്യാറാവുമെന്ന് തോന്നില്ല.രാജ്യത്തിന്റെ സമ്പദ്ഘടന,അധികാരത്തിലിരിക്കുന്നവരുടെ വികസന സങ്കൽപം,വിദ്യാഭ്യാസ നയം എല്ലാം കൃത്യമായ ചില ലക്ഷ്യങ്ങളോടെ രൂപപ്പെടുത്തിയെടുക്കുന്നവയാണ്.എന്തും ഏതും ശരിയാണ് എന്ന നിലപാടുമായി ഈ കാര്യങ്ങളെയൊന്നും സമീപിക്കാനാവില്ല.അക്ഷരത്തെറ്റ് പ്രശ്‌നമല്ല, വാക്കിനെ മുഴുവനായി എടുത്ത് കണ്ടും കേട്ടും പരിചയിച്ച് പതുക്കെ അക്ഷരങ്ങളിലേക്ക് എത്തിച്ചേർന്നാൽ മതി,ഗുരു എന്നെഴുതുന്നതിന് പകരം കുരു എന്നെഴുതിയാലും ഗുരു എന്ന് കുട്ടി ശരിയായി വായിക്കുന്നുണ്ടെങ്കിൽ തൃപ്തിപ്പെടാം,ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം എന്ന് എഴുതുന്നതിന് പകരം ഡാർവിന്റെ പരിണാമം എന്നെഴുതിയാലും അതിനെ തെറ്റായി കാണേണ്ടതില്ല,പാത എന്നെഴുതുന്നതിന് പകരം പാദ എന്നെഴുതിയാലും മുഴുവൻ മാർക്ക് കൊടുക്കണം,ഒരു ക്ലാസിൽ വെച്ച് കുട്ടി ആർജിക്കേണ്ടതായി നിശ്ചയിച്ചിട്ടുള്ള ജ്ഞാനത്തിന്റെ അഞ്ചിലൊന്നു പോലും ആർജിച്ചില്ലെങ്കിലും ആ കാരണം പറഞ്ഞ് കുട്ടിയുടെ പ്രമോഷൻ തടയുന്നത് ശരിയല്ല എന്നിങ്ങനെയുള്ള നിലപാടുകൾക്ക് പൊതുവായ അംഗീകാരം വരുത്തുന്ന പ്രക്രിയയിലൂടെ ഏറ്റവും പുതിയ തലമുറയെ ചെറുപ്രായത്തിൽ തന്നെ കടത്തിവിട്ടാൽ അതിന്റെ നേട്ടം കൊയ്യുന്നത് വിപണിയുടെ ആധിപത്യം കയ്യാളുന്ന ശക്തികളും അവരുടെ ഒത്താശക്കാരായിത്തീരുന്ന ഭരണാധികാരികളും മാത്രമായിരിക്കും.ഒരു കാര്യത്തിലും ഉറച്ച നിലപാടില്ലാത്തവരെയും ഉയർന്ന ചിന്തയെയും ആശയങ്ങളെയും സ്‌നേഹിക്കാത്തവരെയും മാർക്കറ്റിന് എളുപ്പത്തിൽ കീഴടക്കാനാവും.അങ്ങനെയുള്ള കേവല ഉപഭോക്താക്കളെ സൃഷ്ടിക്കലായിരിക്കും ഭാഷാസമഗ്രതാ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനത്തിന്റെ ആത്യന്തിക ഫലം.
കഴിഞ്ഞ രണ്ട് ദശകത്തിലധികം കാലമായി നടപ്പിലാക്കി വരുന്നതും കൺസ്ട്രക്ടിവിസം എന്ന വിദ്യാഭ്യാസ ദർശനത്തിന്റെ പിന്തുണയുള്ളതും പ്രശ്‌നാധിഷ്ഠിത സമീപനം,ഭാഷാ സമഗ്രതാ ദർശനം എന്നിവയിൽ ഊന്നുന്നതും പ്രവൃത്തിയിലൂടെയും അധ്യാപകനെ സഹായിയുടെ സ്ഥാനത്തേക്ക് മാറ്റി നിർത്തിക്കൊണ്ട്  നേരിട്ടുള്ള അനുഭവസ്വീകരണത്തിലൂടെയും സഹപാഠികളുടെ സഹായത്തോടെയുള്ള ജ്ഞാനനിർമിതിയിലൂടെയും നടത്തുന്ന പഠനത്തിന്റെ അപര്യാപ്തകളിലേക്ക് കേരളസമൂഹം ഇതിനകം ഉണർന്നിട്ടുണ്ടെങ്കിലും പുത്തൻ വിദ്യാഭ്യാസ പദ്ധതിയുടെ എതിരാളികൾ പറയുന്നതുപോലുള്ള ഭയാനകമായ തകർച്ചയൊന്നും വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചിട്ടില്ലെന്നും അധ്യാപകർ കുറച്ചുകൂടി ഉത്തരവാദിത്വബോധവും ഉത്സാഹവും കാണിക്കുകയാണെങ്കിൽ ഈ പദ്ധതിയിൽ കാര്യമായ യാതൊരു മാറ്റവും വരുത്താതെ തന്നെ വളരെ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാക്കാനാവുമെന്നും ചിലർ പറയാറുണ്ട്.ഭാഷാ സമഗ്രതാദർശനത്തെ അെസ്ഥാനമാക്കിയുള്ള സമീപനമോ പ്രശ്‌നാധിഷ്ഠിത ബോധനമോ ഒന്നും നമ്മുടെ അധ്യാപകരിൽ ബഹുഭൂരിപക്ഷവും പ്രയോഗത്തിൽ വരുത്തിയില്ല എന്നും പഴയ മട്ടിൽ അക്ഷരം പഠിപ്പിക്കാനും പഠനാഭ്യാസങ്ങൾ നൽകാനും ആവർത്തിച്ച് എഴുതിച്ചും ഒരുവിട്ടും പഠിപ്പിക്കാനും പല അധ്യാപകരും അറച്ചു നിന്നില്ല എന്നും അതുകൊണ്ടു മാത്രമാണ് കുറെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടുവരുന്നതെന്നും ഉള്ള എതിർവാദവും കേൾക്കാറുണ്ട്.വിളപ്പിൽ ശാലയിൽ ഇംഗ്ലീഷ് ബോധനത്തിന്റെ കാര്യത്തിൽ നടത്തിയ പരീക്ഷണത്തിൽ ഡ്രില്ലിംഗ് തന്നെയാണ് പ്രധാനമായും പ്രയോഗിച്ചതെന്നും സ്‌പെല്ലിംഗിന്റെ കാര്യത്തിൽ നിഷ്‌കർഷിച്ചിരുന്നുവെന്നും വ്യാകരണവും വാക്യഘടനയും കൃത്യമായി പഠിപ്പിച്ചിരുന്നുവെന്നും അത്ഭുതകരമായ വേഗത്തിലാണ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനം പുരോഗമിച്ചതെന്നും ആ പരീക്ഷണത്തിന് നേതൃത്വം നൽകിയ സുഹൃത്ത് കഴിഞ്ഞ ദിവസം നേരിട്ട് പറയുകയുണ്ടായി.പല സ്‌കൂളുകളിലും വലിയ നിലവാരത്തകർച്ച സംഭവിക്കാത്തത് സ്വകാര്യപ്രസാധകരും ബദൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വക്താക്കളും അച്ചടിച്ചിറക്കിയ പുസ്തകങ്ങളും മാർക്കറ്റിൽ ലഭ്യമാവുന്ന ഗൈഡുകളുമൊക്കെ വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാണെന്ന വാദവും കേൾക്കുകയുണ്ടായി.എന്തായാലും ഒരു കാര്യം തീർച്ചയാണ്: ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിച്ചുകൊണ്ട് ഭാഷ പഠിപ്പിക്കുന്നതിൽ ഗൗരവതരമായ പല പ്രശ്‌നങ്ങളുമുണ്ടെന്ന് ഭൂരിപക്ഷം അധ്യാപകരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 1980 കളിലും 90 കളിലും Whole Language Approach ന് വലിയ സമ്മതി ലഭിച്ചിരുന്ന ആസ്‌ട്രേലിയയിലും അമേരിക്കയിലും തന്നെ കടുത്ത വിമർശനത്തെ തുടർന്ന് ഗൗരവപൂർണമായ പുനർവിചാരങ്ങൾ ഉണ്ടാവുകയും Whole Language Approach  നും Phonics നും യുക്തിസഹമായ അളവിൽ പരിഗണന ലഭിക്കുന്ന സന്തുലിത സമീപനമാണ് ആവശ്യം എന്ന നിലപാടിന് വലിയ പിന്തുണ കിട്ടിത്തുടങ്ങിയിട്ടുമുണ്ട്.
  ഒരു കാര്യം കൂടി: എല്ലാ ഭാഷകളിലും ഒരേ അളവിൽ ആശയാവിഷ്‌കാരം നടക്കുമെന്ന് അരൊക്കെ വാദിച്ചാലും അത് ശരിയാവുകയില്ല.ലിപി ഇല്ലാത്തതും വളരെ കുറച്ച് ആളുകൾ സംസാരിക്കുന്നതും പദസമ്പത്ത് നന്നേ കുറഞ്ഞതുമായ ഭാഷകളും വികസിത ഭാഷകളും തമ്മിലുള്ള വ്യത്യാസം ഒട്ടും തന്നെ ചെറുതല്ല. അന്യഭാഷകളിൽ നിന്ന് നിരന്തരം പദങ്ങൾ കടം കൊണ്ടും സ്വന്തം പദസമ്പത്തിനെ മറ്റു പല രീതിയിലും വിപുലീകരിച്ചും മുന്നോട്ടു പോകാൻ കഴിയാത്ത ഭാഷകൾക്ക് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും.
'എന്റെ ഭാഷക്ക് ലിപി ആവശ്യമില്ല , ഈ ഭാഷക്ക് പുതിയ പദങ്ങളൊന്നും വേണ്ടതില്ല, നവീന സാങ്കേതിക വിദ്യകളും ജ്ഞാനവിസ്‌ഫോടനവും ആവശ്യമാക്കിത്തീർക്കുന്ന വാക്കുകളുമായി പരിചയപ്പെടാൻ ഞാൻ ഒരുക്കമല്ല' എന്നൊക്കെ ശാഠ്യം പിടിക്കുന്ന ഒരാളുടെ വൈകാരികവും ഭൗതികവുമായ അനുഭവങ്ങൾ വല്ലാതെ പരിമിതപ്പെട്ടുപോവുകയും അയാളുടെ ആശയാവിഷ്‌ക്കാരങ്ങൾ അപര്യാപ്തവും അപൂർണവുമാവുകയും ചെയ്യും.ഭാഷാസമഗ്രതാദർശനക്കാർ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുതയിൽ മാറ്റം വരില്ല.

ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം കൈക്കൊണ്ട് ഭാഷ പഠിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നറിയാൻ നാം വിദേശങ്ങളിൽ രൂപപ്പെട്ട വിദ്യാഭ്യാസചിന്തകളിലേക്കും ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളിലേക്കുമൊന്നും പോവേണ്ട കാര്യമേ ഇല്ല.നാം കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യം ശരിയല്ല എന്ന് ഏത് വിദേശ ചിന്തകനെ ഉദ്ധരിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതും തെറ്റാണ്.നമുക്ക് ബോധ്യപ്പെട്ട കാര്യങ്ങൾക്ക് പിൻബലം നൽകാൻ, അതും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ, മറ്റൊരാളെ ഉദ്ധരിക്കേണ്ടതുള്ളൂ.വൈഗോട്‌സ്‌കിയുടെയോ ചോംസ്‌കിയുടെയോ വാക്കുകൾ നമ്മുടെ അനുഭവത്തെ മറ്റൊന്നാക്കിത്തീർക്കുകയില്ല.





No comments:

Post a Comment