Pages

Friday, April 29, 2011

എന്‍ഡോസള്‍ഫാനിലെ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ തന്നെ നിരോധിച്ചിരിക്കുന്നു എന്ന വാര്‍ത്ത ലോകത്തെങ്ങുമുള്ള പരിസ്ഥിതിപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും അത്യധികം ആഹ്ളാദിപ്പിക്കുന്ന ഒന്നാണ്.കാസര്‍ഗോഡ് പ്രദേശത്ത് ഒന്നരദശകത്തോളമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം പ്രത്യേകമായും വളരെ അഭിമാനകരമാണ്.അവര്‍ സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയ ഒരു സമരത്തിന്റെ വികാരം പങ്കുവെക്കാന്‍ അനേകം ലോകരാഷ്ടങ്ങള്‍ ഉണ്ടായി എന്നതും സ്റോക്ഹോം കണ്‍വന്‍ഷനില്‍ അനുകൂലതീരുമാനം കൈക്കൊള്ളുന്നിടത്തോളം അത് ചെന്നെത്തി എന്നതും സമാനതകളില്ലാത്ത നേട്ടം തന്നെയാണ്.ഈ പ്രശ്നത്തിലേക്ക് ഒരു പത്രറിപ്പോര്‍ട്ടിലൂടെ ആദ്യം ജനശ്രദ്ധ ക്ഷണിച്ച ശ്രീ പെഡ്രെ,എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വൈദ്യസഹായം നല്‍കുന്നതില്‍ തികച്ചും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയ ഡോ.മോഹന്‍കുമാര്‍,എന്‍ഡോസള്‍ഫാനെതിരെ ആദ്യമായി നിയമയുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ട ലീലാകുമാരിയമ്മ,അരജീവിതം എന്ന പ്രശസ്തമായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഡോക്യുമെന്ററിയുടെ സംവിധായകനും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കിടയില്‍ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എഴുത്തുകാരനുമായ എം.എ.റഹ്മാന്‍,പുഞ്ചിരിക്ളബ്ബിന്റെ പ്രവര്‍ത്തകര്‍,ഫോട്ടോഗ്രാഫര്‍ മധുരാജ്,നോവലിസ്റ് അംബികാസുതന്‍ മാങ്ങാട്,ചിത്രകാരന്‍ ഭാഗ്യനാഥന്‍ എന്നിങ്ങനെയുള്ള അനേകം പേരുടെ ദീര്‍ഘകാലപരിശ്രമവും ആ പരിശ്രമങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും മലയാളത്തിലെ പത്രദൃശ്യമാധ്യമങ്ങള്‍ നല്‍കിയ പിന്തുണയുമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.പ്രതിപക്ഷനേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി പദത്തില്‍ എത്തിയതിനുശേഷവും സ:വി.എസ്.അച്യുതാനന്ദന്‍ കൈക്കൊണ്ട നടപടികള്‍ തീര്‍ച്ചയായും ഈ സമരത്തിന് അത്യധികം ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.കേരളത്തിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും യുവജനസംഘടനകളുമെല്ലാം വൈകിയാണെങ്കിലും ഈ സമരത്തോട് ഐക്യപ്പെടുകയും അങ്ങനെ എന്‍ഡോസള്‍ഫാന്‍ നിരോധനം കേരളത്തിന്റെ ഒരു പൊതു ആവശ്യവും വികാരവുമായിത്തീരുകയും ചെയ്തു.ഒടുവില്‍ ഈ സമരം വിജയത്തിന്റെ ആദ്യപടി പിന്നിട്ടിരിക്കുന്നു എന്ന വാര്‍ത്ത ഉയര്‍ത്തിയ ആഹ്ളാദവും ആവേശവും കേരളജനത മൊത്തത്തില്‍ പങ്കിടുകയാണ്.
ഈ സന്ദര്‍ഭത്തില്‍ രണ്ടു കാര്യങ്ങള്‍ നാം പ്രത്യേകമായി ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുണ്ട്.ഒന്ന് ,എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെടുന്നതും മറ്റൊന്ന് ഈ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയവുമായി ബന്ധപ്പെടുന്നതും ആണ്. എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണമായി നടപ്പാക്കുന്നത്തിന് ഇന്ത്യാഗവണ്മെന്റ് പതിനൊന്നു വര്‍ഷത്തെ കാലയിളവാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സ്റോക്ഹോം കണ്‍വന്‍ഷന്‍ അത് അനുവദിക്കുകയും ചെയ്തിരിക്കുന്നു.പതിനൊന്നു വര്‍ഷം രാജ്യത്തിന്റെ പലഭാഗങ്ങളിലും പരസ്യമായും മറ്റ് സ്ഥലങ്ങളില്‍ രഹസ്യമായും ഈ കീടനാശിനി ഉപയോഗിക്കപ്പെടും എന്നര്‍ത്ഥം.ഇന്ത്യാ ഗവണ്‍മെന്റ് ഈ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നയം തികച്ചും ജനവിരുദ്ധവും വഞ്ചനാപരവുമാണെന്നതില്‍ ഒരു സംശയത്തിനും ഇടയില്ല.കാസര്‍ഗോഡുകാര്‍ നടത്തിയ ജനകീയസമരം കുറേക്കൂടി വിപുലമായും ശക്തമായും ഇനിയും വര്‍ഷങ്ങളോളം തുടരേണ്ടി വരും.ആ സമരം വളരെ വേഗം വിജയം കാണുന്നില്ലെങ്കില്‍ ഈ മഹാരാജ്യത്തിന്റെ അനേകം കോണുകളില്‍ തലമുറകള്‍ തന്നെ ഈ മാരകകീടനാശിനിയില്‍ നിന്ന് ദുരന്തങ്ങള്‍ ഏറ്റു വാങ്ങേണ്ടിയും വരും..കേന്ദ്രഗവണ്മെന്റ് കൈക്കൊള്ളുന്ന എന്‍ഡോസള്‍ഫാന്‍ അനുകൂലനിലപാടിന്റെ ഫലമാണിത്.ഇന്ത്യാഗവണ്‍മെന്റ് ആകാശത്ത് പൊട്ടിമുളച്ച ഒരത്ഭുതമല്ല.കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സും മറ്റ് ചില രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന മുന്നണിയാണ് കേന്ദ്രം ഭരിക്കുന്നത്.എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഒരു രാഷ്ട്രീയപ്രശ്നം തന്നെയാണ് എന്നതാണ് അതിന്റെ അര്‍ത്ഥം.കാസര്‍ഗോഡ് പ്രദേശത്ത് ഇരകള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇക്കാര്യം ഊന്നിപ്പറയാന്‍ ബാധ്യസ്ഥരല്ല.അവരുടെ മുഖ്യപരിഗണന അതല്ല.പക്ഷേ,ഈ പ്രശ്നത്തിന്റെ മറ്റ് മാനങ്ങളെ കുറിച്ച് അറിയുന്നവരും അന്വേഷിക്കുന്നവരും തീര്‍ച്ചയായും അത് തുറന്നു പറയണം.ഒരു ശരദ്പവാറോ ഒരു ജയറാം രമേഷോ മാത്രം കുറ്റക്കാരായി പരിഗണിക്കപ്പെടേണ്ട വിഷയമല്ല ഇത്.എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദം ഭരിക്കുന്ന ഗവണ്‍മെന്റിന്റെ രാഷ്ട്രീയമാണ് യഥാര്‍ത്ഥ കുറ്റവാളി.കീടനാശിനി ലോബി ഉള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുഴുവന്‍ നിയന്ത്രിക്കുന്ന കുത്തകകളോട് വിനീതവിധേയത്വം പുലര്‍ത്തുന്നതാണ് ആ രാഷ്ട്രീയം.ഈ വസ്തുത തുറന്നു പറയാത്ത ഒരാളുടെയും രാഷ്ട്രീയം സത്യസന്ധമല്ല.
എന്‍ഡോസള്‍ഫാന്‍ പ്രശ്നം ആദ്യമായി ബഹുജനശ്രദ്ധയില്‍ കൊണ്ടു വന്നത് കാസര്‍ഗോഡ് പ്രദേശത്തെ ഏതാനും മനുഷ്യസ്നേഹികളാണ്,അവിടത്തെ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമല്ല എന്ന് എല്ലാവര്‍ക്കും അറിയാം.അവസാന ഘട്ടമായപ്പോള്‍ എല്ലാ കക്ഷികളും എന്‍ഡോസള്‍ഫാന്‍ വിരുദ്ധനിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായത് തീര്‍ച്ചയായും വളരെ ഗുണകരമായിത്തീര്‍ന്നു എന്നത് വസ്തുതയായിരിക്കെത്തന്നെ ആരംഭത്തിലെ അവഗണന വാസ്തവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നം ഏറ്റെടുക്കാന്‍ ചിലര്‍ മുന്നോട്ടു വന്നപ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല എതിര്‍ക്കുക കൂടി ചെയ്യുന്ന തരത്തിലാണ് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പോലും പ്രാദേശിക നേതൃത്വത്തിലുള്ള പലരും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് സംഭവങ്ങള്‍ കൃത്യമായി വിവരിച്ച് എം.എ.റഹ്മാന്‍ നേരത്തേ എഴുതുകയുണ്ടായി.വി.എസ്.അച്യുതാനന്ദന്റെ ഇടപെടല്‍ മിക്കവാറും പാര്‍ട്ടിയുടേതെന്നതിനേക്കാള്‍ വ്യക്തിയുടേതായിരുന്നു.കാര്യങ്ങള്‍ ഇത്തരത്തില്‍ ആവുന്നത് എന്തുകൊണ്ടാണ്?എല്ലാവര്‍ക്കും ബോധ്യമാവുന്നതും അനേകായിരങ്ങളെ ബാധിക്കുന്നതുമായ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍,കമ്യൂണിസ്റ് പാര്‍ട്ടികള്‍ പോലും വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണ്?പാര്‍ട്ടികളുടെ സ്ഥാനം സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കുന്ന അവസ്ഥ എന്താണ് സൂചിപ്പിക്കുന്നത്?ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് നില കൊള്ളുന്നത്?

Monday, April 25, 2011

പോളിംഗ് ബൂത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍

അസംബ്ളി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വന്ന ശേഷമാണ് ഈ കുറിപ്പെഴുതുന്നത്.ഇതിനുമുമ്പ് ചില തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കാതിരുന്നിട്ടുണ്ട്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇത്തവണയും അങ്ങനെ മാറിനില്‍ക്കേണ്ടെന്ന് തീരുമാനിച്ചു.
വോട്ട് ചെയ്ത് പോളിംഗ്ബൂത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ താന്‍ രാഷ്ട്രീയമായി അര്‍ത്ഥവത്തായ ഒരിടപെടല്‍ നടത്തിയിരിക്കുന്നതിന്റെ അഭിമാനം വോട്ടര്‍ക്ക് കൈവരണം.അത് ഉണ്ടാവുന്നില്ലെങ്കില്‍ അതിന്റെ പൂര്‍ണഉത്തരവാദിത്വം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്.സാമൂഹ്യസംവിധാനത്തെയും രാഷ്ട്രപുരോഗതിയെയും സംബന്ധിച്ച് വ്യത്യസ്തനിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ ബഹുജനങ്ങളുടെ സമ്മതി നേടി അധികാരത്തിലെത്തുന്ന ഏര്‍പ്പാടിന് എല്ലാ പരിമിതികള്‍ക്കിടയിലും ചില നന്മകളുണ്ടെന്ന് നാം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്.ജനാധിപത്യത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടാതെ പോവുന്നത് പാര്‍ട്ടികള്‍ സംഘടനാതലത്തിലും നയപരിപാടികളുടെ തലത്തിലും ജീര്‍ണിച്ചുപോവുമ്പോഴാണ്.ജാതി,മതം,പ്രദേശം എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടികളില്‍ വിഘടനത്തിനും നാശത്തിനും ഉള്ള പ്രേരണകള്‍ ജ•നാ തന്നെ ഉണ്ടാവും.നോതൃസ്ഥാനത്തെത്തുന്നവരുടെ വ്യക്തിപരമായ ഉല്‍ക്കര്‍ഷേച്ഛ,വര്‍ഗീയവികാരം,ചില മിഥ്യാഭിമാനങ്ങള്‍ തുടങ്ങിയവയാകും ആരംഭം മുതല്‍ക്കേ അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.ദേശീയ തലത്തില്‍ വിശാലമായ ചില രാഷ്ട്രതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ കാര്യം അങ്ങനെയല്ല.സാമൂഹ്യപുരോഗതിയെ കുറിച്ചും ജനജീവിതത്തിന്റെ എല്ലാ തലങ്ങളുടെയും നവീകരണം സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ സ്വരൂപിക്കാനും അവയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഈ പാര്‍ട്ടികള്‍ക്ക് ബാധ്യതയുണ്ട്.സി.പി.ഐ(എം)ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമൊക്കെ ഇങ്ങനെയുള്ള പാര്‍ട്ടികളാണ്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആരംഭം മുതല്‍ക്കേ രണ്ട് താല്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നുള്ളതാണ് ഇതില്‍ ഒന്നാമത്തേത്.ഉപരിവര്‍ഗതാല്പര്യങ്ങള്‍ക്ക് എല്ലാ തരത്തിലും സംരക്ഷണം ഉറപ്പുവരുത്തണമെന്നുള്ള നേര്‍വിപരീതമായ താല്പര്യമാണ് രണ്ടാമത്തേത്.ഇവയില്‍ ആദ്യം പറഞ്ഞത് എക്കാലത്തും അതീവ ദുര്‍ബലമായിരുന്നു.മാത്രവുമല്ല,അടിസ്ഥാനവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഉപരിവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കടിഞ്ഞാണിടുക എന്നതോ അവരുടെ അമിതസമ്പത്തിന്റെ ഒരു ഭാഗമെങ്കിലും രാഷ്ട്രത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി പിടിച്ചെടുക്കുക എന്നതോ കോണ്‍ഗ്രസ്സിന്റെ നയമേ ആയിരുന്നില്ല.ആഹാരവും വസ്ത്രവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ദരിദ്രജനവിഭാഗങ്ങളോട് ഐക്യപ്പെടാനും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള അത്ഭുതകരമായ ഇച്ഛാശക്തിയും അസാധാരണമായ വ്യക്തിശുദ്ധിയും കൊണ്ട് മഹാത്മാഗാന്ധി മാതൃക കാട്ടിയിരുന്നെങ്കിലും ആ ജീവിതത്തിന്റെ സന്ദേശങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയമായി മാറിയില്ല.പകരം തങ്ങളുടെ എല്ലാ അഴിമതികളെയും വഞ്ചനകളെയും മാപ്പാക്കി വീണ്ടും വീണ്ടും തങ്ങളെ അധികാരത്തിലെത്തിക്കാനുള്ള പ്രേരണ രാജ്യത്തെ ദരിദ്രജനകോടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഏറ്റവും കരുത്തുറ്റ ബിംബമായി മാറ്റപ്പെടുകയായിരുന്നു മാഹാത്മജി.
രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തികകുത്തകള്‍ക്ക് എല്ലാ തരത്തിലും പ്രോത്സാഹനവും സഹകരണവും സുരക്ഷയും നല്‍കി പകരം തിരിച്ചിങ്ങോട്ട് അവരില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റി നിലനില്‍ക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സിന്റേത്.മുതലാളിത്ത ശക്തികളെ മാത്രമല്ല ഫ്യൂഡല്‍പ്രഭുക്കന്ന്മാരെയും എക്കാലത്തും പിന്‍തുണച്ചുപോന്നിട്ടുണ്ട് ഈ പാര്‍ട്ടി.കേരളമൊഴിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമപ്രദേശങ്ങളില്‍ ഇന്നും നിലനിന്നു വരുന്ന കടുത്ത സാമ്പത്തികചൂഷണത്തിനും അസമത്വത്തിനും അജ്ഞതയ്ക്കും മുഖ്യഉത്തരവാദി കോണ്‍ഗ്രസ്സും അടിസ്ഥാനകാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രവര്‍ത്തനശൈലി തന്നെ പിന്‍പറ്റുന്ന പ്രാദേശികപ്പാര്‍ട്ടികളുമാണ്.
ജ•ിമാരുടെയും വന്‍കിട മുതലാളിമാരുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നതിനിടയില്‍ സമൂഹത്തിലെ സാമ്പത്തികസന്തുലിതത്വം അപ്പാടെ തകര്‍ന്നുപോവുന്നത് തടയാനെന്ന പോലെ ചെയ്തുവരുന്ന ചില പ്രവൃത്തികളാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ജനക്ഷേമ നടപടികള്‍.അത്തരം നടപടികള്‍ക്ക് ഒരു ക്ഷേമരാഷ്ട്രനിര്‍മാണത്തിനുള്ള പ്രവര്‍ത്തനത്തിന്റെ സ്വഭാവമല്ല ഉള്ളത്.ഉപരിവര്‍ഗ താല്പര്യങ്ങള്‍ക്കുള്ള സുരക്ഷാസംവിധാനമായും അവരുടെ വികസനമോഹങ്ങള്‍ക്ക് വ്യാപരിക്കാനുള്ള പുതിയ മേച്ചില്‍പുറങ്ങളുടെ നിര്‍മിതിയുമായി അവ മാറുന്നുവെന്നതാണ് നാളിതുവരെയുള്ള അനുഭവം.ചുരുക്കം ചില സാമൂഹ്യസുരക്ഷാ നടപടികള്‍ മാത്രമാണ് അങ്ങയെല്ലാതെ നടക്കുന്നത്.അവ പക്ഷേ പാതിവഴിയില്‍ നിന്നുപോവുകയോ തകിടം മറിക്കപ്പെടുകയോ ആണ് പതിവ്.
പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ ആദ്യകാലം മുതല്‍ക്കേ ഉള്‍ച്ചേര്‍ന്നിരുന്ന ഉപരിവര്‍ഗാഭിമുഖ്യത്തിനും സാമ്പത്തികമേലാളന്മാരില്‍ നിന്ന് ഏറെക്കുറെ പരസ്യമായി തന്നെ പണം പറ്റിക്കൊണ്ടുള്ള അതിന്റെ പ്രവര്‍ത്തനശൈലിക്കും കോട്ടം തട്ടാതുള്ള നയപരിപാടികളാണ് കോണ്‍ഗ്രസ് എന്നും ആവിഷ്ക്കരിച്ചു പോന്നിട്ടുള്ളത്.രാഷ്ട്രീയം എന്നതിന് സാമ്പത്തികകുത്തകകളുടെ താല്പര്യങ്ങള്‍ക്ക് പോറലേല്‍പിക്കാത്ത വിധത്തിലും അതേ സമയം ജനസാമാന്യത്തിന്റെ നില അപ്പാടെ തകര്‍ന്നുപോവാത്ത വിധത്തിലും ഉപായത്തില്‍ സംഘര്‍ഷരഹിതമായി കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നതിനായി അധികാരം കൈക്കലാക്കാനുള്ള വ്യവഹാരം എന്നു മാത്രമേ കോണ്‍ഗ്രസ് അര്‍ത്ഥമാക്കുന്നുള്ളൂ.പൌരന്മാരുടെ അഭിപ്രായസ്വാതന്ത്യ്രവും വളരെ അടിസ്ഥാനപരമായ അവകാകങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തി എന്നതാണ് സ്വതന്ത്രഭാരത്തിന് കോണ്‍ഗ്രസ് നല്‍കിയ ഏറ്റവും വലിയ സംഭാവന.പക്ഷേ സാമ്പത്തികശേഷിയും അധികാരകേന്ദ്രങ്ങളുമായുള്ള ബന്ധവും വ്യക്തിയുടെയും സമൂഹത്തിന്റെയും എല്ലാ ജീവിതവ്യവഹാരങ്ങളിലെയും നിര്‍ണായകഘടകമായി ഇന്നും തുടരുന്നു എന്ന വസ്തുത ഈ സംഭാവനയ്ക്ക് വലിയ തോതില്‍ മൂല്യശോഷണം വരുത്തുന്നുണ്ട്.
ഗഹനമായ പഠനമോ ദാര്‍ശനികാന്വേഷണങ്ങളോ ആവശ്യമില്ലാത്തത ഒരു തരം പ്രായോഗികരാഷ്ട്രീയമാണ് കോണ്‍ഗ്രസ് ആരംഭകാലം മുതല്‍ക്കേ അതിന്റെ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചുപോന്നിട്ടുള്ളത്.അതു കാരണം പൊതുവേ കോണ്‍ഗ്രസ്സുകാര്‍ക്ക് ദര്‍ശനം,പ്രത്യയശാസ്ത്രം എന്നൊക്കെ കേട്ടാല്‍ കലി കയറും.അന്തര്‍ദ്ദേശീയ കാര്യങ്ങളെ കുറിച്ചുള്ള കമ്യൂണിസ്റുകാരുടെ വിശദീകരണങ്ങളെ അനാവശ്യംപറച്ചിലായിട്ടേ അവര്‍ക്ക് മനസ്സിലാക്കാനാവൂ.ഇന്ത്യയിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രാരംഭപ്രവര്‍ത്തകരില്‍ മുന്‍നിരയിലുണ്ടായിരുന്ന ആളും ആദ്യത്തെ ഉര്‍ദുപുരോഗമനസാഹിത്യസമ്മേളനത്തിന്റെ ഉദ്ഘാടകനുമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സുകാര്‍ വാപൊളിക്കും.സംസ്ഥാനത്തിനകത്തെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഒന്നായിട്ടും ആവശ്യമായ സാമ്പത്തികസമാഹരണത്തിന്റെ കാര്യത്തില്‍ എല്ലാ അനുകൂലഘടകങ്ങളുമുണ്ടായിട്ടും ഇത്രയും കാലമായിട്ടും ഒരു രാഷ്ട്രീയ വാരികയോ സാഹിത്യവാരികയോ നടത്തിക്കൊണ്ടുപോവാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.അത്രയും പരിതാപകരമാണ് രാഷ്ട്രീയദര്‍ശനത്തിലും സാഹിത്യാന്വേഷണങ്ങളിലുമൊക്കെയുള്ള കോണ്‍ഗ്രസ്സുകാരുടെ താല്പര്യം.ഈ രംഗങ്ങളിലൊക്കെ എന്തെങ്കിലുമൊന്നു തുടങ്ങിവെക്കുമ്പോള്‍ത്തന്നെ അധികാരമോഹികളും ഉപജാപതല്‍പരരും താന്‍പ്രമാണിത്തക്കാരുമൊക്കെ വന്നുകയറി അതിന്റെ കഥ കഴിച്ച അനുഭവമാണ് കോണ്‍ഗ്രസ്സിനുള്ളത്.
രാജ്യത്ത് ഇത്രയും കാലം പാര്‍ലിമെന്ററി ജനാധിപത്യം നിലനിര്‍ത്തിയതിലും ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസവും താല്പര്യവും നഷ്ടപ്പെടാതെ സൂക്ഷിച്ചതിലും ഏറ്റവും വലിയ പങ്ക് വഹിച്ച പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്.പക്ഷേ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യമെന്നത് കോണ്‍ഗ്രസ്സിനും അന്യമാണ്.സോണിയാഗാന്ധിയെയോ രാഹുല്‍ഗാന്ധിയെയോ വിമര്‍ശിക്കുക,കുത്തകമുതലാളിത്തവുമായുള്ള പാര്‍ട്ടിയുടെ ചങ്ങാത്തത്തിന് എതിര്‍ നില്‍ക്കുക,പാര്‍ട്ടി നേതാക്കളുടെ അഴിമതികള്‍ക്കെതിരെ സമരത്തിനു പുറപ്പെടുക,അധികാരത്തിലെത്തുന്നതിനു വേണ്ടി ഓരോ കാലത്തും ജാതിമതശക്തികളെ പ്രീണിപ്പിക്കുന്നതിനായി പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ അപ്പപ്പോള്‍ വിമര്‍ശിക്കുക ഇതൊന്നും കോണ്‍ഗ്രസ്സിനകത്ത് സാധ്യമല്ല.ഒന്നും കാണുന്നില്ല,കേള്‍ക്കുന്നില്ല എന്ന് ഭാവിച്ചും ഒന്നും തുറന്നുപറയാതെയും ഇരിക്കാന്‍ തയ്യാറാണെങ്കില്‍ തന്റെ വ്യക്തിശുദ്ധി നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ക്ക് കോണ്‍ഗ്രസ്സിനകത്തും കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റിനകത്തും ഉന്നതസ്ഥാനത്തെത്തിച്ചേരാം.പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും ഏ.കെ.ആന്റണിയുമെല്ലാം കോണ്‍ഗ്രസ്സിലെ അത്തരം 'ആദര്‍ശശാലികളാ'ണ്.അവരുടെ ആദര്‍ശവും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയവും സഞ്ചരിക്കുന്നത് വിപരീതദിശയിലാണെന്നു മാത്രം.അത് കോണ്‍ഗ്രസ്സിനെയോ അവരെയോ അലോസരപ്പെടുത്താറില്ല.കാരണം ഇങ്ങനെയൊരു വൈരുധ്യത്തിനുള്ള സാധ്യത ഇരുകൂട്ടര്‍ക്കും ആവശ്യമാണ്.
കോണ്‍ഗ്രസ്സിന്റേതിന് നേര്‍വിപരീതമായ രാഷ്ട്രീയദര്‍ശനവും നയപരിപാടികളുമൊക്കെയുള്ള പാര്‍ട്ടിയാണ് സി.പി.ഐ(എം).അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ക്കുള്ള ലക്ഷക്കണക്കായ സാധാരണപ്രവര്‍ത്തകര്‍ തൊട്ട് ദേശീയനേതാക്കള്‍ വരെയുള്ളവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളുടെയും പാരമ്പര്യം അവകാശപ്പെടാനുള്ള പാര്‍ട്ടിയാണത്.കര്‍ഷകത്തൊഴിലാളികള്‍ മുതല്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന വെള്ളക്കോളര്‍ ജീവനക്കാര്‍ വരെയുള്ളവരെ തൊഴിലാളികള്‍ എന്ന നിലയില്‍ തന്നെ സംഘടിപ്പിച്ച് നിലനിര്‍ത്തിപ്പോരുന്നുണ്ട് പാര്‍ട്ടി.പാര്‍ട്ടിയുടെ ബഹുജന അടിത്തറ എന്നു പറയുന്നത് ഇപ്പോഴും വലിയൊരളവോളം സാധാരണ തൊഴിലാളികളും താഴ്ന്ന വരുമാനക്കാരും തന്നെയാണ്.മധ്യവര്‍ഗത്തില്‍ പെട്ട ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും വിപുലമായ പിന്‍തുണയും പാര്‍ട്ടിക്കുണ്ട്.ഇപ്പറഞ്ഞവയെല്ലാം രാജ്യത്തിന്റെ ഏതാനും മൂലകളിലായി ഒതുങ്ങുന്നു എന്നുമാത്രം.
ഇന്ത്യയെപ്പോലെ ഇത്രയുമേറെ സാംസ്കാരികവും സാമൂഹ്യഘടനാപരവുമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന വിശാലമായ ഒരു രാജ്യത്തെ ജനജീവിതത്തില്‍ ശക്തമായ ഇടപെടലുകള്‍ സാധിച്ച് മുന്നേറാന്‍ പറ്റുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കമ്യൂണിസ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നത് തര്‍ക്കത്തിന് ഇടമില്ലാത്ത വസ്തുതയാണ്.കോണ്‍ഗ്രസ്സിനെ പോലെ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അണുപോലും ചോദ്യം ചെയ്യാതെയും ഇന്ത്യയിലെ ഗ്രാമീണസമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തികളെയും മുതലാളിത്ത ശക്തികളെയും പ്രീണിപ്പിച്ചുകൊണ്ടും ഉള്ള പ്രവര്‍ത്തനശൈലി സ്വാഭാവികമായും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വീകാര്യമാവില്ല.പകരം എന്ത് എന്ന ചോദ്യത്തിന് പാര്‍ട്ടി കണ്ടെത്തിയ ഉത്തരമാകട്ടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും സ്പര്‍ശിച്ചുമില്ല.
അന്തര്‍ദ്ദേശീയതലത്തില്‍ സംഭവിക്കുന്ന വമ്പിച്ച രാഷ്ട്രീയസാമ്പത്തിക മാറ്റങ്ങളെ അതാത് സമയത്ത് വിശകലനം ചെയ്യാനും മനസ്സിലാക്കാനുമുള്ള രാഷ്ട്രീയധീരതയും സത്യസന്ധതയും കാണിച്ചില്ല എന്നതാണ് പാര്‍ട്ടിക്ക് സംഭവിച്ച മറ്റൊരു വലിയ പിഴവ്.സോവിയറ്റ് യൂനിയനില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ഞങ്ങളുടെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞിട്ട് മറുപടി പറയാം എന്ന് ഉത്തരം നല്‍കിയ മൌഢ്യത്തിന് ചരിത്രം മാപ്പ് കൊടുക്കില്ല.അത്തരം മൌഢ്യങ്ങളും സാമൂഹ്യപരിണാമത്തിന്റെ മൂര്‍ത്തമായ അനുഭവങ്ങളുമായി പൊരുത്തപ്പെടാത്ത പ്രത്യയശാസ്ത്രനാട്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉണ്ടാക്കിയ വിശ്വാസത്തകര്‍ച്ചയും ദാര്‍ശനികലഘുത്വവുമൊക്കെയാണ് എ.പി.അബ്ദുള്ളക്കുട്ടിയും സിന്ധുജോയിയുമെല്ലാം പാര്‍ട്ടിലേബലണിഞ്ഞ ജനപ്രിയനേതാക്കളായി വളരുന്ന അവസ്ഥ സൃഷ്ടിച്ചത്.അവരുടെ ഗണത്തില്‍ പെടുന്ന എത്രയെത്ര നേതാക്കള്‍ ഇനിയും പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് അക്കൂട്ടര്‍ ഓരോരുത്തരായി പുറത്തുപോവുന്ന ഘട്ടം വരെ പാര്‍ട്ടിക്ക് മനസ്സിലാവുമെന്നു തോന്നില്ല.
രാഷ്ട്രീയദര്‍ശനത്തിന്റെ തലത്തില്‍ ജാഗ്രത പുലര്‍ത്താനും സ്വയം നവീകരിച്ചുകൊണ്ടേയിരിക്കാനുമുള്ള സന്നദ്ധതയില്ലായ്കയാണ് പ്രഖ്യാപിതനയങ്ങള്‍ക്കെതിരായ പല തരം ഇടപാടുകളിലേക്കും സാമ്പത്തികബന്ധങ്ങളിലേക്കും പാര്‍ട്ടിയെ നയിച്ചത്.ഇക്കാര്യത്തില്‍ അളവിലും തരത്തിലുമുള്ള വ്യത്യാസങ്ങളൊഴിച്ചാല്‍ കോണ്‍ഗ്രസ്സുമായി വലിയ അകലമില്ല സി.പി.ഐ(എം)ന്.അതിന്റെയൊക്കെ ഫലമായി രൂപപ്പെട്ടു കഴിഞ്ഞ കടുത്ത സന്ദിഗ്ധതയില്‍നിന്നും പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാന്‍ ഇനി പാര്‍ട്ടിക്ക് കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.
പ്രായോഗികതയെ മാനദണ്ഡമാക്കിയാണ് പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുന്നത്.പ്രഖ്യാപിത നയങ്ങളും അവയുടെ പ്രയോഗവും തമ്മിലുള്ള അകലം ഇങ്ങനെ വര്‍ധിച്ചുകൊണ്ടേയിരുന്നാല്‍ രാഷ്ട്രീയദര്‍ശനം, പ്രത്യയശാസ്ത്രം എന്നൊക്കെ പറയുന്നത് കോണ്‍ഗ്രസ്സുകാര്‍ക്കെന്ന പോലെ മാര്‍ക്സിസ്റുകാര്‍ക്കും അലര്‍ജിയായിത്തീരും.ഇപ്പോള്‍ തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വസ്തുത.പ്രായോഗികതയെ മുഖ്യആധാരമാക്കി സ്വീകരിക്കുകയാണെങ്കില്‍ പ്രത്യയശാസ്ത്ര തലത്തിലുള്ള എല്ലാ അന്വേഷണങ്ങളെയും അവജ്ഞയോടെ തള്ളിക്കളയാനും അഴിമതിയെ പോലും ന്യായീകരിക്കാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയും. "രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരുപാട് പണം വേണം.അഴിമതിയില്ലാതെ പണം സ്വരൂപിക്കാനാവില്ല.അഴിമതി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പര്യായമാണിന്ന്.മഹാത്മാഗാന്ധി ഇന്നത്തെ കാലത്ത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അദ്ദേഹവും അഴിമതിക്കാരനായിരിക്കും'' എന്നൊക്കെ കര്‍ണാടകത്തിലെ ജനതാദള്‍(സെക്കുലര്‍) നേതാവ് കുമാരസ്വാമി പറഞ്ഞുകളഞ്ഞത് ഈയടുത്ത ദിവസമാണ്. കോണ്‍ഗ്രസ്സും സി.പി.ഐ(എം)ഉം ഇങ്ങനെ പരസ്യമായി പ്രസ്താവിച്ചിട്ടൊന്നുമില്ല.പക്ഷേ,എല്ലാ പാര്‍ട്ടികള്‍ക്കും പാര്‍ട്ടികളെ നിരീക്ഷിക്കുന്ന ജനങ്ങള്‍ക്കും കുമാരസ്വാമി പറഞ്ഞത് വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമകാലിക പ്രവര്‍ത്തനശൈലിയെ സംബന്ധിച്ചിടത്തോളം നൂറ് ശതമാനം സത്യമാണെന്ന് വ്യക്തമായി അറിയാം.പ്രായോഗികതയുടെ ഭീഷണവും ബീഭത്സവുമായ യുക്തിയില്‍ നിന്ന് പുറത്തുകടക്കാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ്സില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.കമ്യൂണിസ്റ്കാരില്‍ നിന്നുകൂടിയും അത് പ്രതീക്ഷിക്കുക സാധ്യമല്ലെങ്കില്‍ ജനങ്ങള്‍ പിന്നെ ആരുടെ നേര്‍ക്കാണ് ഉറ്റുനോക്കുക?
അസംബ്ളി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെത്തിയതിനു ശേഷമുണ്ടായ ആത്മനിന്ദയെ പറ്റി സൂചിപ്പിച്ചുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിച്ചത്.തങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഇല്ലെന്നു വന്നാല്‍ ജനങ്ങളുടെ സ്വാഭാവിക പ്രതികരണം എന്തായിരിക്കും? രണ്ടോ മുന്നോ തിരഞ്ഞെടുപ്പുകളില്‍ ആ അനുഭവം ആവര്‍ത്തിച്ചു കഴിഞ്ഞാല്‍ അവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചേക്കും.ആ ഒരു സാധ്യത യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന അവസ്ഥ വിഭാവനം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം അന്തരിച്ച നോബല്‍ സമ്മാനജേതാവായ പോര്‍ത്തുഗീസ് നോവലിസ്റ് ഷൂസെ സരമാഗോ എഴുതിയ നോവലാണ് കാണല്‍ (SEEING).ലോകമെങ്ങുമുള്ള നോവല്‍വായനക്കാരെ ത്രസിപ്പിച്ച 'അന്ധത' എന്ന നോവലിന്റെ രചനയ്ക്കു ശേഷം പത്തുവര്‍ഷം കഴിഞ്ഞ് 2004ല്‍ ആണ് സരമാഗോ 'കാണല്‍' എഴുതിയത്. ഒരു രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ (നോവലില്‍ രാജ്യത്തിന്റെയോ നഗരത്തിന്റെയോ പേര് പറയുന്നില്ല)നടക്കുന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടര്‍മാരും ബാലറ്റ് പേപ്പര്‍ വോട്ട് രേഖപ്പെടുത്താതെ പെട്ടിയിലിടുന്നു.ഗവണ്മെന്റിനെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും അമ്പരപ്പിച്ച ഈ സംഭവത്തിനു ശേഷം കടുത്ത മുന്നറിയിപ്പുകളും വിശദീകരണങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നു.ഇത്തവണ 83 ശതമാനം വോട്ടര്‍മാരാണ് ഒഴിഞ്ഞ ബാലറ്റ് പേപ്പര്‍ പെട്ടിയിലിടുന്നത്.സമ്മതിദാനാവകാശം രേഖപ്പെടുത്താതെ രാജ്യദ്രോഹകുറ്റം ചെയ്ത വോട്ടര്‍മാരെ ശിക്ഷിക്കാന്‍ ഗവണ്മെന്റും ഗവണ്മെന്റിനെ പിന്തുണക്കാന്‍ മാധ്യമങ്ങളും രംഗത്തിറങ്ങുന്നു.തലസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു.ഉപരോധമേര്‍പ്പെടുത്തുന്നു.അഗ്നിശമനസേനക്കാരൊഴിച്ചുള്ള സകലരും അവിടം വിട്ടുപോകുന്നു.നഗരം മുദ്രവെക്കപ്പെടുന്നു.സരമാഗോവിന്റെ നോവലിലെ ഇതിവൃത്തം ഇങ്ങനെയാണ് മുന്നോട്ട് പോവുന്നത്.ജനാധിപത്യം ഒരു ഘട്ടം കഴിയുമ്പോള്‍ ജനങ്ങള്‍ക്കു തന്നെ ഭാരവും ഭീഷണിയുമായിത്തീരുന്നതിന്റെ ഈ ദൃഷ്ടാന്തകഥ ഒട്ടും ദുര്‍ഗ്രഹമാവാതെ നേരിട്ട് ഉള്ളില്‍ തറച്ചുകയറുന്ന അവസ്ഥയിലാണ് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മുടെ നാട്ടിലെ കൂടുതല്‍ കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ്ബൂത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്.വിവിധ രാഷ്ട്രീയ കക്ഷികളിലെ ചെറുതും വലുതുമായ നേതൃസ്ഥാനങ്ങളില്‍ ആത്മവിശ്വാസത്തോടെ അമര്‍ന്നിരിക്കുന്ന ആളുകള്‍ ഇക്കാര്യം അറിയുന്നേ ഉണ്ടാവില്ല.സമ്മതിദായകരുടെ മനോവികാരങ്ങള്‍ അവരുടെ കാഴ്ചയുടെ പരിധിയില്‍ വരികയേയില്ല.അധികാരവും അതുമായി ബന്ധപ്പെട്ട ഉപജാപങ്ങളും സാമ്പത്തികവ്യവഹാരങ്ങളും മാത്രമേ അവരുടെ അകക്കണ്ണിലും പുറംകണ്ണിലും തെളിയുകയുള്ളൂ.

ജനശക്തി (2011 ഏപ്രില്‍ 23-29)

Monday, April 18, 2011

വഴി

വഴികളത്രയും
വളഞ്ഞ വഴികളെന്നറിയാന്‍
ഒരുപാട് കാലമെടുത്തു
അപ്പോഴേക്കും നേര്‍വഴിയേതെന്ന് സുഹൃത്തേ,
ഞാനും മറന്നുപോയി.

Sunday, April 10, 2011

വോട്ട്

ഇലക്ഷനല്ലേ,എന്തു പറയുന്നു?
ഓ,പ്രത്യേകിച്ചൊന്നും പറയാനില്ല
ആര്‍ക്കാ വോട്ടു ചെയ്യേണ്ടത്?
ഇഷ്ടംള്ളോര്‍ക്ക് ചെയ്തോ
മന:സാക്ഷിക്കനുസരിച്ച് ചെയ്യാം,അല്ലേ?
അത്രയ്ക്ക് ബലം കൊടുക്കേണ്ട,
മനസ്സിനനുസരിച്ച് ചെയ്താ മതി.

Monday, April 4, 2011

സമകാലിക സാഹിത്യനിരൂപണത്തിന്റെ രണ്ട് അടിയന്തിരകടമകള്‍

നമ്മുടെ സാഹിത്യനിരൂപണത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? കാര്യമായ ഒരു മുന്നേറ്റവും സാധ്യമാവാതെ അത് തട്ടിത്തടഞ്ഞു നില്‍ക്കുന്നത് എവിടെയൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തിരയുന്നതില്‍ എഴുത്തുകാരും നിരൂപകരും വായനക്കാരുമെല്ലാം ഉദാസീനരായിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ വിഷയത്തെ കുറിച്ചുള്ള വിശദമായ ഒരന്വേഷണത്തിനു പറ്റിയ ഇടമല്ല ഇത്.എന്റെ നിരീക്ഷണത്തില്‍ വന്നിട്ടുള്ള ഏതാനും കാര്യങ്ങള്‍ മാത്രം ഏറ്റവും സംഗ്രഹീതമായി അവതരിപ്പിക്കുകയേ ഈ ചെറു ലേഖനം കൊണ്ട് ലക്ഷ്യമാക്കുന്നുള്ളൂ.
1 മലയാളത്തിലെ സാഹിത്യനിരൂപകര്‍ ഇപ്പോഴും ഏറ്റവും പുതിയ മാതൃകകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വേണ്ടി സദാസമയവും യൂറോപ്പിലും അമേരിക്കയിലും കണ്ണും നട്ടിരിക്കുന്നവരാണ്. ഇത് തികച്ചും അരുതാത്ത സംഗതിയൊന്നുമല്ല.കേസരിബാലകൃഷ്ണപിള്ളയുടെ കാലം മുതല്‍ക്കെങ്കിലും പുറത്തേക്ക് നോക്കലാണ് വളരാനുള്ള ഒരു വഴി എന്ന് നാം ശരിയായിത്തന്നെ മനസ്സിലാക്കി വെച്ചിട്ടുണ്ട്.നമുക്ക് എക്കാലത്തേക്കും പ്രയോജനപ്പെടുന്ന നിരൂപണസിദ്ധാന്തങ്ങളും വിശകലനരീതികളും മറ്റും സംസ്കൃതത്തിലെ കാവ്യശാസ്ത്രത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കാമെന്നോ പുരാണേതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളെ പുനര്‍നിര്‍മിച്ചും പൊലിപ്പിച്ചെടുത്തും പുതിയ ജീവിതപ്രതിസന്ധികളെ സാര്‍ത്ഥകമായി വ്യാഖ്യാനിക്കാമെന്നോ കരുതുന്നതിലെ അയുക്തികതയും മൌഢ്യവും ഇന്നിപ്പോള്‍ ആരെയും പ്രത്യേകം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല.പക്ഷേ,പാശ്ചാത്യരാജ്യങ്ങളില സാഹിത്യസൈദ്ധാന്തികരുടെ ദര്‍ശനങ്ങളോ അപഗ്രഥന സങ്കേതങ്ങളോ അതേപടി സ്വീകരിച്ച് മലയാളത്തിലെ സമകാലികസാഹിത്യത്തിന്റെ പഠനവും മൂല്യനിര്‍ണയനവും നടത്തിക്കളയാമെന്ന് കരുതുന്നതില്‍ അടങ്ങിയിരിക്കുന്ന അബദ്ധവും അസംബന്ധവും പലരും തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.കേരളീയജീവിതത്തില്‍ നിന്ന് രൂപം കൊള്ളുന്ന ഒരു സാഹിത്യകൃതി ഈ ആഗോളീകരണകാലത്തുപോലും കേരളീയമായ ഒരു വായന ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള ശ്രദ്ധയും സാവകാശവും നമ്മുടെ നിരൂപകരുടെ ഭാഗത്തു നിന്ന് ഉണ്ടാവാതിരിക്കുന്നത് സാഹിത്യത്തിന് മൊത്തത്തില്‍ വലിയ നഷ്ടം വരുത്തും.അപനിര്‍മാണത്തെയോ കോളനിയാനന്തരസാഹിത്യസിദ്ധാന്തങ്ങളെയോ അതും കഴിഞ്ഞ് വന്നുകൊണ്ടിരിക്കുന്ന ആള്‍ട്ടര്‍മോഡേണിസം തുടങ്ങിയ പരികല്പനകളെയോ പൂര്‍ണമായി ആശ്രയിച്ച് നിര്‍വഹിക്കുന്ന ഏത് സാഹിത്യവിശകലനത്തിലും നമ്മുടെ സാഹിത്യം ഉന്നയിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥജീവിത പ്രശ്നങ്ങള്‍ അലേയമായി നില്‍ക്കും.മലയാളത്തിലെ ഏത് പുതിയ സാഹിത്യരചനകളുടെയും അന്തര്‍ലോകങ്ങളിലേക്കുള്ള ശരിയായ വഴി മലയാളിയുടെ സമകാലികജീവിതം അഭിമുഖീകരിക്കുന്ന ഭൌതികവും ദാര്‍ശനികവുമായ പ്രശ്നങ്ങളെ കുറിച്ചുള്ള സമഗ്രാവബോധമാണ്.അത്തരത്തിലുള്ള ഒരു ബോധത്തിന്റെ രൂപീകരണം തീര്‍ച്ചയായും കേരളത്തെ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന സര്‍വതന്ത്രസ്വതന്ത്രമായ ഒരിടമെന്ന നിലയില്‍ സങ്കല്പിച്ചുകൊണ്ട് സാധ്യമല്ല.അതേ സമയം സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ടതും മലയാളിയുടെ ജീവിതത്തെയും പ്രകൃതത്തെയും സ്വഭാവത്തെയും നിര്‍ണയിക്കുന്നതുമായ അടിസ്ഥാനഘടകങ്ങളെ അവഗണിച്ചുകൊണ്ട് രപപ്പെടുത്തുന്ന ഏത് ധാരണയും സമഗ്രമായിരിക്കില്ലെന്നു മാത്രമല്ല വലിയൊരളവോളം അബദ്ധമായിരിക്കുകയും ചെയ്യും.മലയാളത്തിലെ സാഹിത്യപഠനത്തിനുമേല്‍ യൂറോപ്യന്‍/അമേരിക്കന്‍ സാഹിത്യസിദ്ധാന്തങ്ങള്‍ക്കും വിശകലനപദ്ധതികള്‍ക്കും മേല്‍ക്കൈ ലഭിക്കുമ്പോള്‍ സംഭവിക്കുന്നത് അതാണ്.
കൃതി പ്രത്യക്ഷതലത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും നേര്‍വിപരീതമായ ചിലത് കൃതിയുടെ ആന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി അവയെ വിശദീകരിക്കലാണ് സാമാന്യമായി പറഞ്ഞാല്‍ സമകാലിക പാശ്ചാത്യനിരൂപണത്തില്‍ ഘടനാവാദത്തിന്റെ കാലം മുതല്‍ ഇങ്ങോട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്.സൂചകത്തിനടിയിലെ സൂചിതത്തെ വെളിപ്പെടുത്തുകയോ സൂചിതം അനന്തമായി വഴുതിമാറുകയാണെന്ന് സ്ഥാപിക്കുകയോ സൂചകത്തിന്റെ വിന്യാസത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന ഭാവുകത്വപ്രശ്നങ്ങളും രാഷ്ട്രീയപ്രശ്നങ്ങളുമൊക്കെ വിശദമാക്കുയോ ചെയ്യുന്നത് സാഹിത്യപഠനത്തിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്ന പ്രവൃത്തികള്‍ തന്നെയാണ്.പക്ഷേ,ലോകത്തില്‍ എല്ലായിടത്തും ഒരേ ജീവിതമാണെന്നോ എല്ലാ ജനതകളുടെയും ഭൌതികവും ആത്മീയവുമായ സമസ്യകളും ആവശ്യങ്ങളും ഒന്നാണെന്നോ ഉള്ള ധാരണയില്‍ നിന്ന് ആരംഭിക്കുന്ന നിരൂപണം വ്യത്യസ്തഭാഷാസാഹിത്യങ്ങളെ വ്യത്യസ്തമായി തന്നെ നിലനിര്‍ത്തുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളെ സ്പര്‍ശിക്കുകയയേയില്ല.ഇംഗ്ളീഷിലൂടെ പരിഭാഷയായി വന്നുചേരുന്ന അനേകം വൈദേശികഭാഷാസാഹിത്യങ്ങളുടെ പ്രളയത്തിനു നടുവിലാണ് മലയാളിയുടെ പുതിയ സാഹിത്യഭാവുകത്വം നിലകൊള്ളുന്നത്.സ്വാഭാവികമായും ഇത് മലയാളസാഹിത്യത്തിന്റെ പല പരിമിതികളിലേക്കും വായനക്കാരുടെ കണ്ണ് തുറപ്പിക്കും.ഇംഗ്ളീഷ് പരിഭാഷകളായി വന്നുചേരുന്ന അന്യഭാഷാസാഹിത്യങ്ങളെ മുഴുവന്‍ ഏറെക്കുറെ ഒറ്റ സാഹിത്യമെന്ന നിലയില്‍ പരിഗണിച്ച് നമ്മുടെ സാഹിത്യത്തിന്റെ ചെറുപ്പത്തെക്കുറിച്ച് തെറ്റായ അനുപാതത്തിലുള്ള ധാരണയില്‍ വായനക്കാര്‍ അബോധമായി എത്തിച്ചേര്‍ന്നേക്കും എന്ന അപകടസാധ്യതയും ഇതോടൊപ്പമുണ്ട്.ഇതരവ്യവഹാരങ്ങളിലെന്ന പോലെ സാഹിത്യത്തിലും തങ്ങള്‍ക്ക് അനുകൂലമായ അഭിരുചികള്‍ക്കും മൂല്യസങ്കല്പങ്ങള്‍ക്കും സാര്‍വലൌകികമായ അംഗീകാരവും ആധിപത്യവും കൈവരുത്തുന്നതില്‍ അങ്ങേയറ്റം ജാഗരൂകമാണ് ആഗോളീകരണത്തെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്ന ബഹുരാഷ്ട്രമുതലാളിത്തം.അതിന്റെ സമഗ്രാധിപത്യശ്രമങ്ങളില്‍ നിന്നും എല്ലാ സര്‍ഗാത്മക വ്യവഹാരങ്ങള്‍ക്കും നേരെ പുതിയ ലോകസാഹചര്യത്തില്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നുവരുന്ന സംഹാരാത്മകശക്തികളില്‍ നിന്നും നമ്മുടെ സാഹിത്യഭാവുകത്വത്തെ രക്ഷിക്കാന്‍ തികഞ്ഞ യാഥാര്‍ത്ഥ്യബോധവും ജാഗ്രതയും ഉള്ള പുതിയൊരു നിരൂപണം മലയാളത്തില്‍ ഉണ്ടായിവരേണ്ടതുണ്ട്. അത്തരമൊരു നിരൂപണത്തിന്റെ അഭാവത്തിലാണ് മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നോവലുകളിലും കഥകളിലും കവിതകളിലും ഏറ്റവും ശ്രദ്ധേയമായവ പോലും പഠിക്കപ്പെടാതെ പോവുന്നത്.നമ്മുടെ സമകാലികസാഹിത്യകൃതികള്‍ക്ക് സാമൂഹികത കൈവരുന്ന ഒരു ഭാവുകത്വപരിസരം രൂപപ്പെടുത്തുന്നതിനു വേണ്ടി ഉത്തരവാദിത്വബോധത്തോടെ പരിശ്രമിക്കുന്നതിനു പകരം ഏറ്റവും പുതിയ പാശ്ചാത്യസാഹിത്യസിദ്ധാന്തം ഏതെന്ന് അന്വേഷിച്ച് പരക്കം പായുന്നിടത്താണ് നമ്മുടെ നിരൂപണം മിക്കവാറും അവസാനിക്കുന്നത്.
ഇന്നത്തെ അവസ്ഥയില്‍ നിരൂപണത്തിന്റെ പുതിയ സാധ്യതകളും ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാണിച്ചുകൊടുക്കാനുള്ള ധാര്‍മികബാധ്യത അക്കാദമിക് നിരൂപണത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേകമായിത്തന്നെ ഉണ്ട്.പക്ഷേ,കാലാകാലമായി നിലനിന്നു വരുന്ന ഒരു പരാധീനത നമ്മുടെ സര്‍വകലാശാലകളിലെ ഭാഷാസാഹിത്യവിഭാഗങ്ങളില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്.അത് സമകാലിക സാഹിത്യത്തിന്റെ സാമൂഹികതയുടെ തലങ്ങള്‍ അന്വേഷിക്കുന്നതിലുള്ള വൈമുഖ്യമാണ്.പഴയ കാലങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ ഭാഷകളുടെയും പുതിയ സിലബസ്സില്‍ പുതിയ സാഹിത്യരചനകള്‍ ഇടം നേടുന്നുണ്ട്.പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ സിലബസ്സിനെ സമകാലികമാക്കാന്‍ ബന്ധപ്പെട്ടവര്‍ മനസ്സുവെക്കുന്നുണ്ട്.പക്ഷേ,നമ്മുടെ സാഹിത്യത്തെ നമ്മുടെ സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളുടെയും സൌന്ദര്യസങ്കല്പങ്ങളുടെയും പരിസരങ്ങളില്‍ വെച്ച് പരിശോധിക്കാനുള്ള നമ്മുടേതായ നിരൂപണസിദ്ധാന്തങ്ങളും അപഗ്രഥനസങ്കേതങ്ങളും രൂപപ്പെടാത്തിടത്തോളം അവയുടെ പഠനം കൊണ്ടുള്ള ഫലങ്ങള്‍ വളരെ പരമമിതമായിരിക്കും.മാര്‍ക്സിസം ഇന്ത്യയില്‍ അര്‍ത്ഥവത്തായിത്തീരുക ഇന്ത്യന്‍സാഹചര്യങ്ങളില്‍ അത് ദാര്‍ശനികമായും പ്രായോഗികമായും പുന:സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ്.അല്ലെങ്കില്‍ അത് വരട്ടുതത്വവാദമോ കമ്യൂണിസ്റ് വിരുദ്ധരാഷ്ട്രീയത്തിന്റെ തന്നെ വികൃതാനുകരണമോ മാത്രമേ ആവുകയുള്ളൂ.രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ നാം തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ വാസ്തവം സാഹിത്യസാംസ്കാരിക പഠനങ്ങള്‍ക്കും ബാധകമാണ്.അതിന്റെ അര്‍ത്ഥം നാം പാരമ്പര്യത്തിന്റെ വിശ്വസ്തരായ പിന്തുടര്‍ച്ചക്കാരോ പ്രാദേശികവാദികളോ ആകണമെന്നല്ല.പാരമ്പര്യവും പ്രാദേശികതയുമെല്ലാം വാസ്തവങ്ങളാണെന്ന് അംഗീകരിച്ചുകൊണ്ട് അവയുടെ ഇടുക്കങ്ങളില്‍ നിന്ന് പുറത്തുകടന്ന് കലയെയും സാഹിത്യത്തെയും കുറിച്ച് സംസാരിക്കാനുള്ള ശേഷി കൈവരിക്കുന്നതിലൂടെയേ
നമുക്ക് നമ്മുടേതായ ഭാഷയില്‍ സ്വതന്ത്രരായി സംസാരിക്കാനാവൂ.
2
സ്വത്വരാഷ്ട്രീയം പല കാരണങ്ങളാല്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനവിരുദ്ധവും പ്രതിലോമപരവുമായ നിലപാടാണ്.അതേ സമയം ജാതിയും മതവും ഇപ്പോഴും ഇന്ത്യന്‍ജീവിതത്തിലെ നിര്‍ണായകയാഥാര്‍ത്ഥ്യങ്ങളാണ് താനും.തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം പൊതുജീവിതത്തിന്റെ അനേകം തലങ്ങളില്‍ അവയുടെ ഇടപെടല്‍ അതിശക്തമാണ്. പുതിയ ലോകസാഹചര്യങ്ങളെയും പ്രാദേശികസാഹചര്യങ്ങളെയും ശാസ്ത്രീയമായി അവധാരണം ചെയ്തു രൂപപ്പെടുത്തുന്നതും ജാതിമതചിന്തകള്‍ക്ക് ഒരു തരത്തിലും കീഴ്പ്പെടാത്തതുമായ വര്‍ഗരാഷ്ട്രീയം ജനാധിപത്യബോധം കൈവിടാതെ ഉയര്‍ത്തിപ്പിടിക്കുക എന്ന ശ്രമകരമായ മാര്‍ഗത്തിലൂടെ തന്നെയേ അതിനെ എതിര്‍ത്ത് പരാജയപ്പെടുത്താനാവൂ.സാഹിത്യത്തിന്റെ മേഖലയില്‍ നടക്കേണ്ടുന്ന സമരം പക്ഷേ അല്പം വ്യത്യസ്തമായ തരത്തിലുള്ള ഒന്നാണ്. മലയാളിയുടെ സാഹിത്യഭാവുകത്വം ഇപ്പോഴും വലിയ തോതില്‍ സവര്‍ണഭാവുകത്വത്തിന് കീഴ്പ്പെട്ടാണിരിക്കുന്നത്.അതിനെ ഉപരിവര്‍ഗഭാവുകത്വം എന്ന് വിളിക്കുന്നതിനേക്കാള്‍ ശരി സവര്‍ണഭാവുകത്വം എന്ന് വിളിക്കുന്നത് തന്നെയാണ്.വാക്കുകളുടെയും ബിംബങ്ങളുടെയും വസ്തുതകളുടെയും ആശയങ്ങളുടെയും ഒരു തരം ധൂര്‍ത്ത്,അനുഭവങ്ങളുടെ ആത്മീയതലങ്ങളിലുള്ള ഊന്നല്‍,നിലനില്പിന്റെ ഭാഗമായുള്ള കേവല മനുഷ്യാനുഭവങ്ങളെ പോലും ഭൌതികതയുടെയും ദുരിതങ്ങളുടെയും അടയാളങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ് സൌന്ദര്യവല്‍ക്കരിച്ച് പ്രദര്‍ശിപ്പിക്കുന്ന ശീലം, പുരാണേതിഹാസങ്ങളില്‍ നിന്ന് ഇതിവൃത്തം സ്വരൂപിക്കാനുള്ള പ്രവണത,ഏത് സാധാരണമനുഷ്യാനുഭവത്തെയും അതിന് അന്യമായ വിവരങ്ങളും ആശയശകലങ്ങളും കൊണ്ട് ആവരണം ചെയ്ത് നിഗൂഢവല്‍ക്കരിക്കാനുള്ള ആസക്തി എന്നിങ്ങനെ ഈ ഭാവുകത്വത്തിന്റെ ഘടകങ്ങള്‍ ഓരോന്നോരോന്നായി ഇഴപിരിച്ചെടുക്കാനാവും.എഴുതുന്ന ആള്‍ ഏത് ജാതിക്കാരനായാലും/ജാതിക്കാരിയായാലും ഈ ഭാവുകത്വത്തിന് കീഴ്പ്പെടാം.അതിന്റെ ആശയമണ്ഡലം മുതല്‍ ഉപരിതലസവിശേഷതകള്‍ വരെ എല്ലാം നമ്മുടെ എഴുത്തിന്റെ ലോകത്ത് അത്രമേല്‍ പ്രാമാണ്യം പുലര്‍ത്തിവരുന്നുണ്ട്.ചില തലങ്ങളില്‍ വളരെ വിപ്ളവകരമായ ഉള്ളടക്കമുള്ള കൃതികള്‍ തന്നെയും മറ്റു ചില തലങ്ങളില്‍ അതിനോട് വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
സവര്‍ണഭാവുകത്വത്തിന് എളുപ്പം കൈകോര്‍ക്കാവുന്ന ഒന്നാണ് വിവരങ്ങളുടെ അതിവേഗപാതയിലൂടെ സഞ്ചരിച്ച് മുന്നേറുന്ന ഐ.ടി.ആശ്രിതഭാവുകത്വം.മലയാളത്തില്‍ ഇവ രണ്ടും ഒറ്റയൊറ്റയായും കൂട്ടായും പ്രവര്‍ത്തിക്കുന്ന ഒരു ഭാവുകത്വപരിസരമാണ് നിലവിലുള്ളത്.അത് സൃഷ്ടിക്കുന്ന കാലുഷ്യത്തില്‍ നിന്ന് വായനയെ സ്വതന്ത്രമാക്കുക എന്ന ശ്രമകരമായ ജോലിയും നമ്മുടെ സാഹിത്യനിരൂപണം അടിയന്തിര കടമയായിത്തന്നെ ഏറ്റെടുക്കണം.പ്രാചീനകാലത്തെ സവര്‍ണഗൂഢശാസ്ത്രങ്ങളുടെ പാത പിന്തുടരുന്നതും പുറംമോടികളാല്‍ അധുനാതനം എന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ ജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ സഞ്ചാരം തുടരുന്നതില്‍ നിന്ന് നമ്മുടെ സര്‍ഗാത്മകതയെ രക്ഷിക്കാനും ഭാവുകത്വമേഖലയില്‍ വ്യാജ ആത്മീയതയുടെയും മറ്റ് പൊങ്ങച്ചങ്ങളുടെയും ആധിപത്യം അവസാനിപ്പിക്കാനും അതേ വഴിയുള്ളൂ.ഇക്കാര്യത്തില്‍ നിരൂപകര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്ത പക്ഷം സവര്‍ണഭാവുകത്വത്തിന്റെ ആധിപത്യം മാറ്റമില്ലാതെ തുടരുകയും അതിനെ എതിരിടാനെന്ന നാട്യത്തില്‍ ജാതിചിന്തയുടെയും മതാന്ധതയുടെയും ഇന്ധനമുപയോഗിച്ചുള്ള വിനാശകരമായ സ്ഫോടനങ്ങള്‍ ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. സാഹിത്യം എന്ന വ്യവഹാരത്തിന്റെ മണ്ഡലത്തില്‍ മലയാളിയുടെ സര്‍ഗാത്മകത യഥാര്‍ത്ഥത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് വിമര്‍ശനാത്കമായും നിര്‍മാണാത്മകമായും പരിശോധിക്കുന്നതിന് ആ അവസ്ഥയ്ക്ക് അന്ത്യം കുറിക്കുക തന്നെ വേണം.
(ജനശക്തി 2011 ഏപ്രില്‍ 2-8)