Pages

Monday, December 31, 2012

ചരിത്രം

തേനീച്ച കുത്തിയ പശു വിരണ്ടുപായാം
ആല പൊളിയാം
ആലയ്ക്ക് പുറത്ത് കാടികലക്കാന്‍ വെച്ച ചെമ്പുപാത്രം
വീണുരുളാം
ഒച്ചപ്പാടുകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെണീറ്റ് ലൈറ്റിടാം
അകത്ത് അലമാര തുറക്കാനായുന്ന പെരുംകള്ളന്‍
പിടിക്കപ്പെടാം
ചരിത്രത്തിനുമുണ്ട് ചിലപ്പോഴെങ്കിലും ഇങ്ങനെയൊരു ഗതി
കൊട്ടാരത്തിനരകില്‍ കുടില്‍ കെട്ടിയ പാവത്താനെ
പട്ടാളക്കാര്‍ വെടിവെച്ചുകൊല്ലാം
ജനം ഇളകിമറിയാം
പശു വിരണ്ട ആല പോലെ
കൊട്ടാരം പൊട്ടിപ്പൊളിഞ്ഞു വീഴാം.
(വിശകലനം മാസിക,ഡിസംബര്‍ 2012)

Saturday, December 8, 2012

കവിതാഡയറി

കമ്യൂണിസം കാലഹരണപ്പെട്ടു
പാര്‍ട്ടിനേതാക്കളെല്ലാം
പെരുംപണക്കാരുടെ പിണിയാളരായി
പൊരുതിയതേതിനോടോ
അതിന്റെ പുതുകാലപ്രയോക്തക്കളായി
തൊഴിലാളികള്‍ നഷ്ടപ്പെടാന്‍ പലതുമുള്ളവരായി
ദല്ലാള്‍പ്പണി നാട്ടുനടപ്പായി
ആരും ആരുടെയും സഖാവല്ലാതായി
എല്ലാം കഴിഞ്ഞും ബാക്കിയാവുന്നു
ഒരു മഞ്ഞുകാലരാത്രിയില്‍
ഏതോ പൊതുസമ്മേളനപ്പറമ്പിലെ മണ്ണില്‍ അച്ഛന്റെയരികില്‍
'നിങ്ങളെന്നെ കമ്യൂണിസ്റാക്കി' കണ്ട് കോരിത്തരിച്ച
ആറ് വയസ്സുകാരന്റെ ഉള്ളില്‍ വീണ കനലിന്റെ
ആറിത്തണുക്കാത്ത ചാരം.
8 /12 /2012

Wednesday, December 5, 2012

കരിമ്പുലി

പണ്ടെന്നോ കണ്ട സര്‍ക്കസ്സില്‍
തമ്പിലെ ശ്വാസം പോലെ വലിഞ്ഞുമുറുകിയ കമ്പിയില്‍
ഒരു കരിമ്പുലി നടന്നുപോയിരുന്നു
'കാട്ടിലെ കരുത്തന്‍
ക്രൌര്യത്തിന്റെ കരാളമൂര്‍ത്തി
മെരുക്കാനാവാത്ത മൃഗഭീകരന്‍'
അവിദഗ്ധമായ സംഗീതത്തിനുമേല്‍
അനൌണ്‍സറുടെ ശബ്ദം ഭയത്തിന്റെ ചങ്ങല കിലുക്കി
പുലി അതിന്റെ കനല്‍ക്കണ്ണുകള്‍ നിറയെ അന്തമറ്റ പകപ്പുമായി
കമ്പിക്കുമേല്‍ ചെറുചുവടുകള്‍ വെച്ചു
പിന്നെ മെലിഞ്ഞുണങ്ങിയ മൃഗശിക്ഷകന്‍
വാള് വീശുംപൊലൊരു നോട്ടമെറിഞ്ഞപ്പോള്‍
റിംഗിലേക്ക് ചാടിയിറങ്ങി
അയാളുടെചാട്ടവാറിന്റെ പുളച്ചിലില്‍ അകം വിറച്ച്
അനുസരണയോടെ കൂട്ടില്‍ കയറി
കര്‍ട്ടന്‍ പിളര്‍ന്ന് അകത്തേക്ക് നീങ്ങിനീങ്ങിപ്പോയ കൂടിനെ
തമ്പിലെ ആശ്വാസനിശ്വാസങ്ങള്‍ അനുഗമിച്ചു
ആ കരിമ്പുലി ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല
വലിച്ചുകെട്ടിയ തമ്പും റിംഗ് മാസ്ററും
ഭയത്തിനും കൌതുകത്തിനുമിടയില്‍
ഊയലാടിയ കാണികളുടെ
പൊരുളറിയാത്ത പെരും കാഴ്ചയും പരതിമാറ്റി
ഓര്‍മയിലൊരു കാട്ടുവഴി കണ്ടെത്തവേ
അത് ആയുസ്സിന്റെ ഒറ്റക്കമ്പിയില്‍ നിന്ന്
ഏതോ മഹാശൂന്യതയുടെ ആഴത്തില്‍ എന്നോ മൂക്കുകുത്തിവീണിരിക്കാം
പക്ഷേ,ജന്മവേദനയുടെ മഞ്ഞവെളിച്ചം മിന്നിയ അതിന്റെ കണ്ണുകളിലെ
പകയുടെയും പകപ്പിന്റെയും
കനലുകള്‍ വീണ എന്റെ ഉള്ളിന് ഇതാ ഇപ്പോള്‍
ഈ നിമിഷങ്ങളില്‍ തീ പിടിക്കുന്നു.

(തോര്‍ച്ച സമാന്തര മാസിക;ഒക്ടോബര്‍-നവംബര്‍ 2012)













Wednesday, November 21, 2012

ഒരു സംശയം

ദിവാകരന്‍ വിഷ്ണുമംഗലം എന്ന കവിസുഹൃത്ത് മുമ്പൊരിക്കല്‍ പറഞ്ഞു:"എന്താന്നറിയില്ല മാഷേ,ഒരു സ്കൂള്‍ കുഞ്ഞി നല്ലോണം പഠിച്ചിറ്റോ ,പാട്ടുപാടീറ്റോ മറ്റോ സമ്മാനം വാങ്ങുന്നതു കാണുമ്പോ എനക്ക് കരച്ചില് വെരുന്നു.എന്താ അതങ്ങനെ?''ദിവാകരന്റെ സംശയം എന്നെ ഞെട്ടിച്ച ഒന്നായിരുന്നു.കാരണം അതേ സംശയം കുറച്ചുകാലമായി ഉള്ളില്‍ കൊണ്ടു നടക്കയായിരുന്നു ഞാനും.
ഏത് സംശയത്തിനുമെന്ന പോലെ ഇതിനും പല ഉത്തരങ്ങളും സാധ്യമാവുമായിരിക്കും.അവ യിലൊന്ന് ഞാന്‍ എഴുതുന്നതും ആവാം.
സമ്മാനം വാങ്ങുന്ന കുട്ടി ജീവിതം വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യത്തെ കുറിച്ചുള്ള തീക്ഷ്ണമായൊരു ബോധ്യമാവാം എന്റെയും ദിവാകരന്റെയും ഉള്ളില്‍ ഉണര്‍ത്തുന്നത്.ഈ അനുഭവം പങ്ക് വെക്കുന്നവരായി വേറെയും എത്രയോ പേരുണ്ടാവാം.ഏത് നിമിഷവും ഇല്ലാതായിത്തീരാവുന്ന ഒരു  ജീവിതത്തിനകത്തു നിന്നാണല്ലോ ഏത് ചെറിയ കുട്ടിയും മുതിര്‍ന്ന മനുഷ്യനുമെല്ലാം വിജയം കൊണ്ടാടുന്നത്.ഇങ്ങനെ എത്ര കോടി മനുഷ്യര്‍ എന്തെല്ലാം വിജയമാഘോഷിച്ച് ഈ ഭൂമുഖത്തു നിന്നുപോയി'ഞാന്‍ ഞാന്‍ എന്നഹങ്കരിച്ച എത്രയെത്ര രാജാക്ക•ാര്‍!'എത്രയെത്ര പരീക്ഷണങ്ങള്‍,എന്തെല്ലാം പകപോക്കലുകള്‍,തയ്യാറെടുപ്പുകള്‍,തര്‍ ക്കങ്ങള്‍,കലഹങ്ങള്‍,ചെറുതും വലുതുമായ യുദ്ധങ്ങള്‍. എല്ലാം മറ്റൊരു കോണില്‍ നിന്നു നോക്കുമ്പോള്‍ എത്ര നിസ്സാരമാണ്,എത്ര നിരര്‍ത്ഥമാണ്.
കാര്യങ്ങളെ ഈ വിധത്തില്‍ നോക്കിക്കാണുന്നത് തീര്‍ച്ചയായും അത്ര നല്ല സംഗതിയല്ല.ലോക ത്തിന്റെയും വ്യക്തിജീവിതത്തിന്റെയും മുന്നോട്ടുള്ള പോക്കിന് താല്‍ക്കാലികതകളെ ഗൌരവ മായെടുക്കുകയും അവയില്‍ മനുഷ്യപ്രജ്ഞയുടെ എല്ലാ തരത്തിലുള്ള ഊര്‍ജ്ജവും പ്രയോഗി ക്കുകയും വേണം.അതേ സമയം ചില നിമിഷങ്ങളിലെങ്കിലും ഭൂമി എത്ര ചെറുതാണെന്നും മനുഷ്യന്‍ എത്ര നിസ്സാരനാണെന്നുമൊക്ക ആലോചിക്കുന്നത് നല്ലതു തന്നെയാണ്.നാം ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും, കവിതയെഴുത്തിനും പ്രണയത്തിനും പോലും,അത് അസാധാരണമായ ചില ആഴങ്ങളും ഉയരങ്ങളും സമ്മാനിക്കും.പ്രത്യേകമായി എവിടെ നിന്നെങ്കിലും പഠിച്ചെടുക്കാതെ സഹജാവബോധം കൊണ്ടു തന്നെ ഈ വാസ്തവത്തെ ആത്മാവില്‍ കുടിയിരുത്തിയവരാണ് ലോകത്തിലെ എല്ലാ വലിയ എഴുത്തുകാരും കലാകാര•ാരും.മരണത്തെ സ്വീകരിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുകയാണ് താന്‍ തന്റെ സിനിമകള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്ന് താര്‍കോവ്സ്കി ഒരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. 
ഇനി,ഇതിന്റെ മറുവശം കൂടി നാം കാണേണ്ടതുണ്ട്.ഒറ്റയ്ക്കൊറ്റെടുത്താല്‍ ഏത് ജീവിതവും,എത്ര ആയുര്‍ദൈര്‍ഘ്യം ലഭിക്കുന്ന ജീവിതവും, യഥാര്‍ത്ഥത്തില്‍ എത്രയോ ചെറുതാണെങ്കിലും മനുഷ്യജീവിതം എന്ന പ്രതിഭാസത്തെ ഒന്നിച്ചെടുത്താല്‍ തീര്‍ച്ചയായും അതിനൊരു വലുപ്പമുണ്ട്.ഓരോ മനുഷ്യനും ഈ ഭൂമിയില്‍ ചെയ്തുവെക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ ഫലം തലമുറകള്‍ പങ്കുവെക്കുന്നുണ്ട്.ഓരോ തലമുറയുടെയും അധ്വാനത്തിന്റെയും അന്വേഷണത്തിന്റെയും ഫലങ്ങള്‍ തൊട്ടടുത്ത തലമുറയുടെ ജീവിതത്തെ അല്പമെങ്കിലും മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുന്നുണ്ട്.ചൂഷണവും അടിച്ചമര്‍ത്തലും ഹിംസയുടെ മറ്റ് രൂപങ്ങളും ഇല്ലാതാവുന്നില്ലെങ്കിലും,സ്നേഹത്തിന്റെ പഴയ ഇടങ്ങളും ആവിഷ്ക്കാരശൈലികളും 
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും പരസ്പരധാരണയുടെയും സാഹോദര്യത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പുതിയ വഴികള്‍ രൂപപ്പെട്ടുവന്നുകൊണ്ടേയിരിക്കുന്നുണ്ട്.ആ ഒരു ബോധ്യത്തിലേക്കുണരുമ്പോള്‍ തീര്‍ച്ചയായും ആഹ്ളാദിക്കാന്‍ തന്നെയാണ് കൂടുതല്‍ വകയുള്ളത്.
ഇപ്പോള്‍, വൈലോപ്പിള്ളിയുടെ വരികള്‍ ഓര്‍മയിലെത്തുന്നു:
ആകയാലൊറ്റയൊറ്റയായ്ക്കാണു-
മാകുലികളെപ്പാടിടും വീണേ
നീ കുതുകമൊടാലപിച്ചാലു-
മേകജീവിതാനശ്വരഗാനം.
(കന്നിക്കൊയ്ത്ത്)
സമ്മാനം വാങ്ങുന്ന ഒരു സ്കൂള്‍ കുഞ്ഞിയെ കാണുമ്പോള്‍ എനിക്കും ദിവാകരനും മറ്റെത്രയോ പേര്‍ക്കും ഉണ്ടാകുന്ന കണ്ണുനീര്‍ ആനന്ദാശ്രു കൂടിയാകാം.ആഹ്ളാദിക്കുന്ന ആ കുട്ടി ജീവിക്കുന്ന ലോകത്തില്‍ നമ്മളും ജീവനോടെ ഇരിക്കുന്നു എന്ന ആഹ്ളാദത്തില്‍ നിന്നുണ്ടാവുന്ന കണ്ണുനീര്‍.
(മാതൃകാന്വേഷി മാസിക,നവംബര്‍ 2012 )

Wednesday, November 7, 2012

ദലിത് പരിപ്രേക്ഷ്യം മലയാള സാഹിത്യത്തില്‍

അതിപ്രാചീനമായ നാടന്‍പാട്ടുകളുടെ കാലം തൊട്ടേ മലയാളകവിതയില്‍ ദലിത്  അനുഭവങ്ങള്‍ ഇടം നേടിത്തുടങ്ങിയിരുന്നു.പക്ഷേ,ജാതിസമൂഹം തങ്ങള്‍ക്കനുവദിച്ചു നല്‍കിയിരിക്കുന്ന സ്ഥാനം,അല്ലെങ്കില്‍ സ്ഥാനരാഹിത്യം ഇന്നതാണെന്നു തിരിച്ചറിയുകയും അതില്‍ അടങ്ങിയിരിക്കുന്ന അനീതിയെ ചോദ്യം ചെയ്തുതുടങ്ങുകയും ചെയ്യുന്ന ദലിതരുടെ സാന്നിധ്യം മലയാളകവിതയില്‍ വ്യക്തമായിത്തുടങ്ങുന്നത് 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ തൊട്ടാണ്.ബ്രിട്ടീഷ് നിയമവ്യവസ്ഥ നല്‍കിയ പുതിയ അവകാശബോധവും നീതിബോധവും ക്രിസ്തുമതം നല്‍കിയ പുതിയ സാഹോദര്യസങ്കല്പങ്ങളുമാണ് നവോത്ഥാനഘട്ടത്തില്‍ തന്നെ കേരളത്തിലെ ദലിതരെ പുതിയൊരു ലോകബോധത്തിലേക്ക് ഉണര്‍ത്തിയത്.പക്ഷേ,കൌതുക കരമായ കാര്യം മതം മാറി ക്രിസ്തുമതത്തിലെത്തിയ ദലിതര്‍ പുതിയ മതവും തങ്ങളുടെ അധസ്ഥിതിത്വത്തെ ഇല്ലായ്മ ചെയ്യുന്നില്ലെന്ന് തിരിച്ചറിഞ്ഞതില്‍ നിന്നുണ്ടായ രോഷമാണ് ആധുനിക മലയാളത്തിലെ ആദ്യദലിത് കവിയായ പൊയ്കയില്‍ അപ്പച്ചന്റെ(1879-1939) രചനകളുടെ വിഷയം എന്നതാണ്.
"കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍
ചരിത്രങ്ങള്‍ ''
എന്ന് സ്വന്തം വംശത്തിന്റെ ചരിത്രം തമസ്കരിക്കപ്പെട്ടതിനെ പറ്റിയാണ് അപ്പച്ചന്‍ പറഞ്ഞുതുടങ്ങിയത്.
പിന്നീട്,
"പറയനൊരു പള്ളി,പുലയനൊരു പള്ളി
മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി''
എന്നിങ്ങനെ ജാതീയമായ അസമത്വം പുതിയ മതത്തിലും തുടരുന്നതിനെ പരിഹസിക്കുകയും
"ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതുമൂലമെന്‍
തീരാപ്പിഴയങ്ങു തീര്‍ന്നുപോയ് കേട്ടോ
പിന്നെപ്പുലയനെന്നെന്നെ വിളിച്ചാല്‍
ആ പള്ളീലെങ്ങും വരുന്നില്ല കേട്ടോ
ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതുമൂലമെന്‍
തീരാപ്പിഴയങ്ങു തീര്‍ന്നുപോയ് കേട്ടോ
പിന്നെപ്പറയനെന്നെന്നെ വിളിച്ചാല്‍
ആ പള്ളീലെങ്ങും വരുന്നില്ല കേട്ടോ
ക്രിസ്തുവിന്‍ രക്തത്തില്‍ മുങ്ങിയതുമൂലമെന്‍
തീരാപ്പിഴയങ്ങു തീര്‍ന്നുപോയ് കേട്ടോ
പിന്നെക്കുറവനെന്നെന്നെ വിളിച്ചാല്‍
ആ പള്ളീലെങ്ങും വരുന്നില്ല കേട്ടോ''
എന്നിങ്ങനെ ഭീഷണി പുറപ്പെടുവിക്കുന്നുമുണ്ട് കവി
സമകാലിക സാഹിത്യത്തിലെത്തുമ്പോള്‍ ഈ തരത്തില്‍ നേരിട്ടുള്ള സത്യപ്രസ്താവങ്ങളുടെ ശൈലി പുറകോട്ട് തള്ളിമാറ്റപ്പെടുകയും മുഖ്യധാര കവിതയിലെ സൌന്ദര്യസങ്കല്പങ്ങളെയും ആഖ്യാനശൈലികളെയും സ്വാംശീകരിച്ചുകൊണ്ടു  തന്നെ ഉള്ളടക്കത്തിന്റെയും പ്രയോഗങ്ങളുടെയും വ്യത്യസ്ത കൊണ്ട് മാറിനില്‍ക്കുന്ന മറ്റൊരു ധാര മുന്‍നിരയിലേക്ക് വരികയും ചെയ്തിട്ടുണ്ട്.അത്തരം കവിതകളെക്കൂടി മുന്‍നിര്‍ത്തിയാണ് മലയാളത്തിലെ ദലിത് കവിത പ്രശ്നവല്‍ക്കരിക്കുന്ന സൌന്ദര്യശാസ്ത്ര സങ്കല്പങ്ങളെയും ദാര്‍ശനികനിലപാടുകളെയുമെല്ലാം പരിശോധിക്കേണ്ടത്.
                      ദലിത്  സ്വത്വം എന്ന സാംസ്കാരിക യാഥാര്‍ത്ഥ്യം
ജാതി അതി പ്രാചീനകാലം മുതല്‍ക്കേ ഇന്ത്യന്‍ സാമൂഹ്യജീവിതത്തിലെ ഏറ്റവും ശക്തമായ യാഥാര്‍ത്ഥ്യമാണ്.വര്‍ഗം എന്ന പരികല്പന കൊണ്ടു മാത്രം വ്യാഖ്യാനിച്ച് വിശദീകരിക്കാനാവാ ത്തതാണ് അതിന്റെ വിവക്ഷകളും ആനുഭവികയാഥാര്‍ത്ഥ്യങ്ങളും.ഹിന്ദുമതത്തിനകത്ത് ജനിച്ചു വീഴുന്ന ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള പല നിര്‍ണായകവ്യവഹാരങ്ങളിലും ഇപ്പോഴും അധികാരം നടത്തുന്നത് ജാതി തന്നെയാണ്.എല്ലാ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ശക്തമായ ഇടപെടലുകള്‍ക്കു ശേഷവും ജാതിബോധത്തിന്റെ തായ്വേരിന് കാര്യമായ ഇളക്കം തട്ടിയിട്ടൊന്നുമില്ല.കേരളത്തിന്റെ പൊതുജീവിതത്തില്‍ അതിന്റെ സാന്നിധ്യം വളരെ ദുര്‍ബലമായിക്കഴിഞ്ഞെങ്കിലും വ്യക്തിജീവിതത്തിലെ നിര്‍ണായകസന്ദര്‍ഭങ്ങളിലെല്ലാം ജാതിപരിഗണനയും ജാതീയമായ ആചാരങ്ങളും മേല്‍ക്കൈ നേടുന്നത് കാണാം.ഇതിനു പുറമേയാണ് രാഷ്ട്രീയത്തില്‍ ജാതിമതസംഘടനകള്‍ നടത്തുന്ന വില പേശലുകളും അധികാര പ്രയോഗങ്ങളും.ഇടതുപക്ഷ രാഷ്ട്രീയത്തിനകത്ത് ഒരു വിഭാഗം ബുദ്ധിജീവികള്‍ ഇടക്കാലത്ത് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച സ്വത്വവാദം ഈ രാഷ്ട്രീയക്കളികള്‍ക്ക് പിന്‍ബലം നല്‍കുന്ന ഒന്നാണെന്നതു കൊണ്ടു മാത്രമാണ് അപലപനീയമായിത്തീര്‍ന്നത്.അതല്ലാതെ സാമൂഹ്യജീവിതത്തിലും സാംസ്കാരികമേഖലയിലു മെല്ലാം ജാതിയും മതവും മുഖ്യപരിഗണനയായി വരുന്ന സന്ദര്‍ഭങ്ങള്‍ പൂര്‍ണമായും ഇല്ലാതായിത്തീര്‍ന്നു എന്നതു കൊണ്ടല്ല.ജാതിയും മതവും പൊതുജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് വ്യത്യസ്ത ജാതിമതവിഭാഗങ്ങളില്‍ പെട്ടവര്‍ പ്രത്യേകം പ്രത്യേകമായി സംഘടിച്ച് പരിഹാരം കാണുക എന്നത് ജനാധിപത്യ പ്രക്രിയയെ തന്നെ ദുര്‍ബലമാക്കുമെന്നതുകൊണ്ടും ഇങ്ങനെയുള്ള ശക്തികള്‍ സ്വയം വലിയ അധികാരകേന്ദ്രങ്ങളായി മാറുന്നത് ഒട്ടും തന്നെ ആശാസ്യമല്ലെന്ന് അനുഭവങ്ങളിലൂടെ സംശയരഹിതമായി തെളിയിക്കപ്പെട്ടതുകൊണ്ടും ഇടതുപക്ഷ പ്രസ്ഥാനം അത്തരത്തിലുള്ള രാഷ്ട്രീയ ഏകീകരണങ്ങള്‍ക്കെതിരെ ശക്തമായ പരസ്യനിലപാടുകള്‍ സ്വീകരിക്കണമെന്നതില്‍ സംശയമില്ല.അതേ സമയം മുഖ്യധാരജീവിതത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ദലിത്ജീവിതം എന്നത് ഒരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായി ഇന്നും തുടരുന്നുവെന്നതും കേരളത്തില്‍ തന്നെയും ജാതീയവും മതപരവുമായ വേര്‍തിരിവുകള്‍ ഒട്ടുവളരെ വേറിട്ട അനുഭവങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നതും കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.അത്തരത്തിലുള്ള തമസ്കരണങ്ങള്‍ കീഴാളജനതയോടും മറ്റ് ദുര്‍ബല ജനവിഭാഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതി തന്നെയായിരിക്കും.
ഹിന്ദുമതത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുകയും അതേ സമയം ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് പുറത്തുള്ളവരെന്ന(ശൂദ്രാതിശൂദ്രര്‍ എന്ന് ജ്യോതിബാ ഫൂലെ) നിലയില്‍ നൂറ്റാണ്ടുകളായി അകറ്റി നിര്‍ത്തപ്പെടുകയും അതിക്രൂരമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് ദലിതര്‍.അവര്‍ സ്വത്വബോധം കൈവരിക്കുകയും കര്‍തൃത്വമാര്‍ജ്ജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സാഹിത്യരംഗത്ത് നടത്തിയ ഇടപെടലുകളില്‍ നിന്നാണ് ദലിത് സാഹിത്യം രൂപം കൊള്ളുന്നത്.പോയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ ദളിതര്‍ മലയാളസാഹിത്യത്തില്‍ അവരുടെ സാന്നിധ്യം ബോധ്യപ്പെടുത്തിത്തുടങ്ങിയെങ്കിലും മുപ്പതുകളുടെ ഒടുവില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം ശക്തമായിത്തുടങ്ങിയതോടെ ദലിത് സാഹിത്യത്തെ പ്രത്യേകപരിഗണന നല്‍കി അംഗീകരിക്കാനും പരിഗണിക്കാനും ആരുമില്ലെന്നായി. കമ്യൂണിസ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിനു കീഴില്‍ പ്രവര്‍ത്തിച്ച പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ദര്‍ശനം വര്‍ഗസമരത്തില്‍ ഊന്നിക്കൊണ്ടുള്ളതായിരുന്നു.ജാതിയെയല്ല സാമൂഹ്യാസമത്വത്തിന്റെയും ചൂഷണത്തിന്റെയും  മുഖ്യനിദാനമായി ആ പ്രസ്ഥാനം കണ്ടത് ദേശീയയമായ വികാരങ്ങളും ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ച് സാഹിത്യരംഗത്ത് വ്യാപരിച്ചവരുടെയും ശുദ്ധസാഹിത്യ കാര•ാരുടെയും പ്രസ്ഥാനങ്ങള്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നിലപാടുകളെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും  ദലിതരുടെ സാഹിത്യരചനകള്‍ക്ക് പ്രത്യേകമായ  പരിഗണനയും അംഗീകാരവും നല്‍കേണ്ടതുണ്ടെന്ന തോന്നല്‍ അവര്‍ക്കും ഉണ്ടായില്ല.പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചവരെയും  സാമ്പ്രദായികമായ ശുദ്ധസൌന്ദര്യവാദക്കാരെയുമെല്ലാം ഒന്നു പോലെ ഞെട്ടിച്ചുകൊണ്ട് പില്‍ക്കാലത്ത്,അതായത് 1960കളുടെ രണ്ടാം പകുതി മുതലിങ്ങോട്ട് ഒന്നര ദശാബ്ദത്തിലധികം കാലം സാഹിത്യത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ആധുനികതയും ദലിത്സാന്നിധ്യത്തിന്റെ വളര്‍ച്ചക്ക് ഒട്ടും അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.യാഥാര്‍ത്ഥമായ അനുഭവങ്ങളില്‍ നിന്നകന്ന് അസ്തിത്വത്തിന്റെ സനാതനസമസ്യകളെ തേടിപ്പോയ ആധുനികന്മാര്‍ ദലിതന്മാ

ര്‍ക്ക് പ്രത്യേകമായ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ആലോചിക്കാന്‍ പോലും പറ്റാത്ത മനോനിലയിലായിരുന്നു.ആധുനികോത്ത രതയിലൂടെ അംഗീകാരം ലഭിച്ച ബഹുസ്വരതയുടെ അന്തരീക്ഷമാണ് വാസ്തവത്തില്‍ മലയാളത്തിലെ ദലിത് സാഹിത്യത്തെ മുഖ്യധാരക്ക് ഒപ്പമെത്തിച്ചത്.ഇന്നിപ്പോള്‍ മലയാളസാഹിത്യത്തിലെ,വിശേഷിച്ചും കവിതയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്ന് ദലിത്കവിത തന്നെയാണ്.
ദലിത്സാഹിത്യത്തിന്റെ  ദര്‍ശനത്തെ കുറിച്ചും കൃതികളിലെ ആവിഷ്ക്കാരപരമായ പ്രത്യേകതകളെ കുറിച്ചും മലയാളത്തില്‍ ശ്രദ്ധേയമായ പല പഠനങ്ങളും ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ശുദ്ധസൌന്ദര്യാന്വേഷണത്തിന്റെയും വ്യാജദാര്‍ശനികതയുടെയും തീര്‍ത്തും പ്രദര്‍ശനപരവും യാന്ത്രികവുമായ അക്കാദമിക് നിരൂപണത്തിന്റെയും പിടിയിലകപ്പെട്ട് ശ്വാസം മുട്ടിക്കഴിയുകയാണ് സമകാലിക മലയാളത്തിലെ സാഹിത്യദര്‍ശനം.അതുകൊണ്ടു തന്നെ ദലിതരുടെ സാഹിത്യസംഭാവനകളെപ്പോലെ അവരുടെ സൌന്ദര്യശാസ്ത്രാന്വേഷണങ്ങളും നിരൂപണാദര്‍ശങ്ങളുമെല്ലാം വലിയൊരളവോളം അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.സാഹിത്യത്തെ കേവലം വ്യാപാരവസ്തുവോ അവനവന്റെ ഉദ്യോഗക്കയറ്റത്തിനുള്ള പഠന വസ്തുവോ മേനിനടപ്പിനുള്ള സാധനമോ ആയി മാത്രം മനസ്സിലാക്കി സാഹിത്യ സ്ഥാപനങ്ങളുടെ ഇടനാഴികളിലും കോണിപ്പടികളിലുമായി കാലം കഴിക്കുന്ന ചില കാര്യസ്ഥ•ാര്‍ തന്നെയാണ് മൂല്യനിര്‍ണയനത്തിന്റെ അധികാരികളായി രംഗത്തുള്ളത്.സാഹിത്യം നിര്‍മിക്കുന്നവരുടെയും അതിനെ സ്വജീവതത്തിന്റെ ഏറ്റവും കാതലായ അംശമായി കൊണ്ടു നടക്കുന്നവരുടെയും പ്രശ്നങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ഒരിക്കലും മനസ്സിലാവുകയില്ല.ദലിത് പക്ഷത്തുനിന്നുണ്ടാവുന്ന സാഹിത്യസൌന്ദര്യശാസ്ത്രപരമായ അന്വേഷണങ്ങളുടെ പ്രാധാന്യവും അവര്‍ക്ക് പിടികിട്ടില്ല.
                                   ദലിത് നിലപാടുകളുടെ കാതല്‍
മലയാളസാഹിത്യത്തില്‍ ദലിത്ചിന്തകരുടെയും നിരൂപകരുടെയും പക്ഷത്തു നിന്നുണ്ടായ അന്വേഷണങ്ങളിലെ മുഖ്യമായ ആശയങ്ങളുടെയും നിലപാടുകളുടെയും കാതലിലേക്ക് കടന്നാല്‍
ഉറപ്പേറിയതും മൌലികവുമായ ചില പുതിയ നിരീക്ഷണങ്ങള്‍ കാണാം.നമ്മുടെ സാഹിത്യപഠനങ്ങള്‍ ഇതേ വരെ ഒട്ടും ഗൌരവബുദ്ധിയോടെ പരിഗണിക്കാതിരുന്നവ തന്നെയാണ് അവ.ഭൌതികതയെ തിരസ്കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും പ്രത്യയശാസ്ത്രമാണ് ഇന്ത്യയിലെ മുഖ്യധാരാ ലാവണ്യശാസ്ത്ര പദ്ധതിയുടെ ആധാരമെന്നും പ്രായോഗികജീവിതജ്ഞാനത്തെയും സാമൂഹിക ജീവിതത്തെയും അപരമാക്കി നിര്‍ത്തിയാണ് ഈ മുഖ്യധാര വികസിപ്പിക്കപ്പെട്ടത്' എന്നുമുള്ള പ്രദീപന്‍ പാമ്പിരിക്കുന്നിന്റെയും (ദലിത് സൌന്ദര്യശാസ്ത്രം) സ്വന്തം ജീവിതത്തില്‍ ഊറിക്കൂടുന്ന മനോനിക്ഷേപങ്ങളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സാംസ്കാരികമണ്ഡലവുമായി കലഹിക്കുകയെന്നതാണ് ദളിത് രചനകളുടെ പ്രാഥമികതലം.ഈ കലഹത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതും അതിന് അവരെ പ്രാപ്തരാക്കുന്നതും നവീനമായ കര്‍തൃത്വമാണ് എന്ന സണ്ണി എം.കപിക്കാടിന്റെയും(ദളിത് രചനകളുടെ ദാര്‍ശനിക പരിസരം-സാഹിത്യ ലോകം-1998 ജൂലായ്-ആഗസ്റ്) നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും വളരെ ഉത്തരവാദിത്വബോധത്തോടെ പഠിക്കപ്പെടേണ്ടതാണ്.സാമ്പത്തികവും സാംസ്കാരികവുമായ അധികാരകേന്ദ്രങ്ങള്‍ കയ്യടിക്കിവെച്ചവര്‍ അവരുടെ മാനസികോല്ലാസത്തെ ലക്ഷ്യം വെച്ച് ചമച്ച കൃതികളെയാണ് ഏറിയ കൂറും നാം സാഹിത്യമായി കൊണ്ടാടിയത്.മറ്റുള്ളവര്‍ക്കും ജീവിതമുണ്ട് ആ ജീവിതവും സാഹിത്യത്തിന് വിഷയമാകാം എന്ന ബോധ്യം പുരോഗമന സാഹിത്യപ്രസ്ഥാനം പഠിപ്പിച്ചതിനു ശേഷവും സാഹിത്യസൌന്ദര്യം സംബന്ധിച്ച നമ്മുടെ ധാരണകള്‍ ദലിതരുടെ നിലപാടുകളെ കൂടി ഉള്‍ക്കൊള്ളത്തക്ക വിധം വിപുലമായില്ല.
സൌന്ദര്യത്തിന്റെ സാര്‍വദേശീയതക്കും ദേശീയതക്കുമെതിരെ പ്രാദേശിക സൌന്ദര്യസങ്കല്പങ്ങളെ ഉയര്‍ത്തിപ്പിടിച്ചും ധ്യാനത്തിനു പകരം അധ്വാനത്തില്‍ ഊന്നുന്ന സൌന്ദര്യസങ്കല്പം വികസിപ്പിച്ചെടുത്തും വേണം ദളിത് സാഹിത്യത്തിന് മുന്നോട്ടുപോവാന്‍. ദലിത് സാഹിത്യം അതിന്റെ വ്യതിരിക്തത ബോധ്യപ്പെടുത്തുന്നത് പ്രാദേശികവും ദലിത് ജീവിത പരിസരങ്ങളില്‍ മാത്രം നിലനില്‍ക്കുന്നതുമായ പദങ്ങളുടെ പ്രയോഗം,ദലിത് ജീവിതങ്ങള്‍ക്കു മാത്രം പരിചിതമായ അനുഭവങ്ങളുടെ ആവിഷ്ക്കാരം,ദലിതര്‍ക്കു മാത്രം സാധ്യമാവുന്ന തരത്തിലുള്ള പ്രകൃതി നിരീക്ഷണങ്ങള്‍,വിചാരങ്ങള്‍ എന്നിവയുടെ ജീവത്തായ സാന്നിധ്യം തുടങ്ങിയ പല ഘടകങ്ങളിലൂടെയാണ്.ഈ ഘടകങ്ങളുടെ ആവിഷ്ക്കാരത്തിനുമുണ്ട് ചില പ്രത്യേകതകള്‍.മറാത്തി ദലിത് സാഹിത്യത്തിലെ ആവിഷ്ക്കാരപരമായ പ്രത്യേകതകള്‍ സംഗ്രഹിച്ചുകൊണ്ട് ഇ.വി.രാമകൃഷ്ണന്‍ പറഞ്ഞത്(അനുഭവങ്ങളെ ആര്‍ക്കാണ് പേടി?) പ്രധാനമായും നാല്  കാര്യങ്ങളാണ്
1.ആത്മാനുകമ്പയുടെ അഭാവം
2.അനാര്‍ഭാടമായ ഭാഷ
3.അല്പമായിപ്പോലും അമൂര്‍ത്തതയില്ലായ്ക
4.ഇടര്‍ച്ചയില്ലായക
ഈ പ്രത്യേകതകളെല്ലാം മലയാളത്തിലെ ദലിത് സാഹിത്യത്തിലും കാണാവുന്നതാണ്.
ഏറ്റവും നിരാര്‍ഭാടമായി,നിരലംകൃതമായി വസ്തുസ്ഥിതികഥനം നിര്‍വഹിക്കുമ്പോഴാണ്  ഒരു ദലിത് രചന അതിനുമാത്രം സാധ്യമാവുന്ന സൌന്ദര്യാവിഷ്ക്കാരത്തെ യാഥാര്‍ത്ഥ്യമാക്കുന്നത്.എസ്.ജോസഫിന്റെ 'പെങ്ങളുടെ ബൈബിള്‍' നോക്കുക:
"പെങ്ങളുടെ ബൈബിളിലുള്ളവ
കുത്തുവിട്ട റേഷന്‍കാര്‍ഡ്
കടംവായ്പയ്ക്കുള്ള അപേക്ഷാ ഫാറം
ബ്ളേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്ന വിധം കുറിച്ച കടലാസ്
ഒരു നൂറുരൂപാ നോട്ട്
എസ്.എസ്.എല്‍.സി.ബുക്ക്
പെങ്ങളുടെ ബൈബിളിലില്ലാത്തവ:
ആമുഖം
പഴയ നിയമം,പുതിയ നിയമം
ഭൂപടങ്ങള്‍
ചുവന്ന പുറംചട്ട.''
ഈ ലാളിത്യമാണ് ഒരു ദലിത്കവിതയെ അതാക്കിത്തീര്‍ക്കുന്ന ഏറ്റവും വലിയ പ്രത്യേകത എന്നു തോന്നുന്നു.ഒരു മനുഷ്യന് ജീവിക്കാന്‍ വളരെ കുറച്ചേ വേണ്ടൂ എന്നു പറയുന്നതുപോലെ ഒരു കവിതയ്ക്ക് കവിതയായിത്തീരാനും വളരെ കുറച്ചേ വേണ്ടൂ.പക്ഷേ,കേരളത്തിലെ ദലിതര്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ദലിതരെ അപേക്ഷിച്ച് പല തലങ്ങളിലും കൂടുതല്‍ സ്വാച്ഛന്ദ്യം അനുഭവിക്കുന്നതു കൊണ്ടു കൂടിയാകാം കൃതികളെ ആശയാവിഷ്ക്കാരത്തിന്റെയും അനുഭവാവിഷ്ക്കാരത്തിന്റെയും തലങ്ങളില്‍ നിന്ന് സൌന്ദര്യാനുഭവത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമം ഇവിടെ കൂടുതല്‍ ശക്തമാണ്.ദലിത് സാഹിത്യ പഠനങ്ങള്‍ തന്നെ വ്യത്യസ്തമായ രീതിയും ലക്ഷ്യവും ആര്‍ജിക്കണമെന്ന് ആഗ്രഹിക്കുന്ന ദലിത് ചിന്തകരും നിരൂപകരും മലയാളത്തിലുണ്ട്."കൃതികളിലെ ഉള്ളടക്കവും സന്ദേശവും മാനദണ്ഡമാക്കുന്ന രീതിയാണ് ദളിത് സാഹിത്യപഠനങ്ങളില്‍ കണ്ടുവരുന്നത്.സാഹിത്യത്തെ സാമൂഹികശാസ്ത്രത്തിന്റെയും രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും എക്സ്റന്‍ഷന്‍ ആയി കാണുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്.എന്തായാലും തികച്ചും അസ്വീകാര്യമായ ഒരു രീതിയാണിതെന്നു പറയാതെ വയ്യ'' (ദളിത് രചനകളുടെ ദാര്‍ശനിക പരിസരം) എന്ന സണ്ണി എം.കപിക്കാടിന്റെ നിലപാട് കേരളത്തിലെ ദലിത് ജീവിതത്തിന് മുഖ്യധാരാജീവിതവുമായുള്ള അകലം വളരെയേറെ കുറഞ്ഞു വന്നതിന്റെയും ഏത് സവര്‍ണസാഹിത്യസങ്കല്പങ്ങളെയും മാനദണ്ഡങ്ങളെയുമാണോ തങ്ങള്‍ എതിര്‍ത്തുപോന്നത് അവയുടെ സ്വാധീനത്തിന് ദലിതര്‍ തന്നെ വഴങ്ങുന്നതിന്റെയും ലക്ഷണമായേ മനസ്സിലാക്കാനാവൂ.കൃതികളിലെ ഉള്ളടക്കവും സന്ദേശവും പഠനവിഷയമാക്കുന്നത് സാഹിത്യവിരുദ്ധമാണ് എന്ന നിലപാടിനെ ദളിത് പക്ഷത്തു നിന്നോ മാര്‍ക്സിസ്റ് സൌന്ദര്യശാസ്ത്രത്തിന്റെ പക്ഷത്തു നിന്നോ എന്തൊക്കെ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ ആരൊക്കെ എതിര്‍ത്താലും ഒരു കാര്യം തീര്‍ച്ചയാണ്-ജീവിതത്തെ സമരമാക്കേണ്ടി വരുന്ന ജനതയ്ക്ക് കൃതികളിലെ ഉള്ളടക്കവും സന്ദേശവുമെല്ലാം പരമപ്രധാനം തന്നെയാണ്.അനുഭവങ്ങള്‍ക്ക് മേല്‍ നടത്തുന്ന അലങ്കാരപ്പണികളും രൂപാന്തരണവിദ്യകളുമെല്ലാം കേവലനിലനില്പുമായി ബന്ധപ്പെട്ട ആശങ്കള്‍ അകന്നുപോവുമ്പൊഴേ സംഭവിക്കൂ.ഊണ് കിട്ടുന്നതുവരെ ഊണ് തന്നെയാണ് പ്രശ്നം.ഉണ്ടെണീറ്റാല്‍ വിളി തോന്നാം;സവര്‍ണനും ദളിതനും ആദിവാസിക്കുമെല്ലാം.
(ജനശക്തി കേരളപ്പിറവിപ്പതിപ്പ് , 2012 നവംബര്‍ 1)

Thursday, November 1, 2012

വരമ്പത്ത് നില്‍ക്കുന്ന വാല്യക്കാര്‍

സാഹിത്യം എന്താണ്?,അത് എങ്ങനെ,എന്തിനു വേണ്ടി ഉണ്ടാകുന്നു? എന്നതിനെ പറ്റിയൊന്നും സ്വന്തമായി ഒന്നും അറിഞ്ഞു കൂടാത്ത ചിലര്‍ വയലിന്റെ വരമ്പത്ത് ചെളിപുരളാതെ നിന്ന് പണിക്കാരോട് അങ്ങനെ ചെയ്യ്,ഇങ്ങനെ ചെയ്യ്,അതാണ് വേണ്ടത്,അങ്ങനെയാണതിന്റെ ചേല് എന്നൊക്കെ പറഞ്ഞിരുന്ന  പഴയകാല വാല്യക്കാരുടെ  മട്ടില്‍ ഘനഗംഭീര ശബ്ദത്തില്‍ ശുദ്ധസാഹിത്യത്തെ കുറിച്ച് ആധികാരികത ഭാവിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് പുച്ഛം തോന്നാറുണ്ട്.നാട്ടിന്‍പുറത്തെ വായനാശാലാ വാര്‍ഷിക സമ്മേളനങ്ങള്‍ തൊട്ട് കോളേജ്/യൂനിവേഴ്സിറ്റി ചര്‍ച്ചകളിലും അക്കാദമി ചര്‍ച്ചകളിലും വരെ ഇമ്മാതിരി വേഷങ്ങളെ കാണാം.ആത്മബോധം കുറവായതുകൊണ്ടും ആത്മപരിശോധന ശീലമല്ലാത്തതുകൊണ്ടും തങ്ങളെ ആളുകള്‍ തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടി വരുന്നതിന്റെ ജാള്യതയോ വേദനയോ ഒരിക്കലും അനുഭവിക്കേണ്ടി വരില്ല എന്ന സൌകര്യം തീര്‍ച്ചയായും ഇക്കൂട്ടര്‍ക്കുണ്ട്.


Tuesday, October 30, 2012

ഭീരു

വേട്ടക്കാരനല്ല
ഉള്‍ക്കാട്ടില്‍ വഴിതെറ്റിയെത്തിയ ഭീരുവാണ്
ഓരോ മൃഗത്തോടും യാചിക്കുന്നു
ജീവനുവേണ്ടിയും
മരണത്തിനുവേണ്ടിയും.

Friday, October 19, 2012

'പാവങ്ങള്‍' പിന്നെയും വായിച്ചപ്പോള്‍

'പാവങ്ങള്‍' ആദ്യം വായിച്ചത് പത്തുനാല്പത്തഞ്ച് കൊല്ലം മുമ്പാണ്.മൂന്ന് ദിവസം ഏതാണ്ട് മുഴുവനായിത്തന്നെ മിനക്കെട്ടിരുന്ന് ഒരിക്കല്‍ക്കൂടി അത് വായിച്ചുതീര്‍ക്കുന്നതിനിടയില്‍ പല വട്ടം കണ്ണുനനഞ്ഞു,നെഞ്ഞ് വിങ്ങിപ്പൊട്ടി.'ലോകത്തിലെ ഏറ്റവും മഹത്തായ നോവല്‍' എന്ന ടോള്‍സ്റോയിയുടെ വാഴ്ത്ത് എത്രയോ ശരിയാണ്.'പാവങ്ങള്‍' താരതമ്യം സാധ്യമല്ലാത്ത വിധം മഹത്തായ ഒരു സാഹിത്യകൃതിയാണ്.
മനുഷ്യപ്രകൃതത്തിന്റെ പല സാധ്യതകളെ ഗംഭീരമായി ഉദാഹരിക്കുന്ന അസാധാരണ കഥാപാത്രങ്ങള്‍,19 ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഫ്രഞ്ച് ജീവിതത്തിന്റെ പല തലങ്ങളെ ആഴത്തിലും പരപ്പിലും സ്പര്‍ശിക്കുന്ന കഥാവസ്തുവും ആഖ്യാനവും,മനുഷ്യജീവികളെ നാനാതരം തിന്മന്കളിലേക്ക് തള്ളിവിടുന്ന സാമൂഹ്യസാഹചര്യങ്ങളുടെ വിശദചിത്രീകരണ ത്തിനൊപ്പം നന്മ
യുടെ പ്രകാശഭരിതമായ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനുള്ള വൈഭവം,ചെറുതും വലുതുമായ എല്ലാ മനുഷ്യാനുഭവങ്ങളെയും ഏറ്റവും മൌലികവും നൂതനവുമായ ആശയങ്ങളുമായി ഏറ്റവും സര്‍ഗാത്മകമായി ബന്ധിപ്പിക്കാനുള്ള ഔത്സുക്യം ഇങ്ങനെ എടുത്തു പറയാവുന്ന പല ഗുണങ്ങളുണ്ട് പാവങ്ങള്‍ക്ക്.അവ ഓരോന്നും ലോകത്തിലെ പല ഭാഷകളിലെ നിരൂപകരും സാഹിത്യവിദ്യാര്‍ത്ഥികളും പല വട്ടം വിശദമായി പഠിച്ചിട്ടുണ്ടാവും.ഈ ചെറുകുറിപ്പ് അത്തരത്തിലുള്ള അന്വേഷണം ലക്ഷ്യമാക്കുന്ന ഒന്നല്ല.
'പാവങ്ങളു'ടെ പുതിയ വായന രണ്ടു മൂന്ന് പുതിയ ആലോചനകളില്‍ എന്നെ കൊണ്ടുചെന്നെത്തിച്ചു.അവ സംഗ്രഹിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.
ഒന്ന്:
ഇതു പോലൊരു സാഹിത്യകൃതി അതിന്റെ പൂര്‍ണരൂപത്തില്‍ത്തന്നെ വായിക്കാനുള്ള പ്രേരണ പുതിയ തലമുറയില്‍ സൃഷ്ടിക്കാനുള്ള ശ്രമം നമ്മുടെ സാഹിത്യസാംസ്കാരിക സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് എന്തുകൊണ്ടുണ്ടാവുന്നില്ല.അങ്ങനെയൊന്ന് ചെയ്യേണ്ടതുണ്ട് എന്ന കാര്യം പല ദശകങ്ങളായി നമ്മുടെ ഓര്‍മയില്‍ നിന്ന് അകന്നുപോയത് എന്തുകൊണ്ടാണ്?
രണ്ട് : 1925 ല്‍ തന്നെ പാവങ്ങളുടെ പരിഭാഷ മലയാളത്തിലെത്തി.ഇതിഹാസങ്ങളെ സമീപിക്കുന്ന അതേ ആദരവോടെ അക്കാലത്തെ പ്രബുദ്ധരായ വായനക്കാര്‍ ഈ കൃതിയെ സ്വീകരിക്കുകയും ചെയ്തു.പക്ഷേ,പാവങ്ങളെപ്പോലെ ഒരു കാലഘട്ടത്തിലെ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ വിശദാംശങ്ങള്‍ കൊണ്ട് സമൃദ്ധമായ രീതിയില്‍ സമീപിക്കുന്ന കൃതികള്‍ മലയാളത്തില്‍ ഉണ്ടായില്ല.ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരു'മാണ് പാവങ്ങളുടെ ആഖ്യാനരീതിയോട് ചെറിയ അളവിലെങ്കിലും ചാര്‍ച്ച പുലര്‍ത്തുന്നതായി പറയാവുന്ന ഒരു കൃതി.വലിയ പ്രമേയങ്ങളും ഇതിവൃത്തങ്ങള്‍ തന്നെയും കഥാപാത്രങ്ങള്‍ക്ക് പുറത്ത് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ പല തലങ്ങളിലേക്ക് വളരാതെ പോവുന്ന അവസ്ഥയുണ്ട് മലയാളത്തില്‍.ആത്മാനുരാഗം താരതമ്യേന വളരെ കൂടുതലുള്ള ഒരു ജനത തന്നെയാണ് നമ്മള്‍.മലയാളിയുടെ പ്രകൃതത്തിന്റെ അഞ്ച് അടിസ്ഥാന ഘടകങ്ങളായി കേസരി ചൂണ്ടിക്കാണിച്ചവയില്‍ ക്ഷണിക വികാരപാരമ്യവും നേരിയ വിഷാദാത്മകതയുമാണ് ഏറ്റവും പ്രബലമെന്നു തോന്നുന്നു.അവ മുന്നിട്ടു നില്‍ക്കുന്ന ഒരു ജനതയ്ക്ക് ചരിത്രത്തെ അനായാസമായി കൂടെ കൊണ്ടുപോവുന്ന ആഖ്യാനം അത്ര എളുപ്പമാവില്ല. എന്തായാലും നമ്മുടെ ജീവിതധാരണകളിലും സാഹിത്യസങ്കല്പങ്ങളിലും രാഷ്ട്രീയത്തോടുള്ള സമീപനങ്ങളിലുമെല്ലാം വളരെയേറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്.'പാവങ്ങളു'ടെ ജനുസ്സില്‍ പെട്ട നോവലുകള്‍ക്ക് അനുകൂലമായ ധൈഷണികവും വൈകാരികവുമായ പശ്ചാത്തലം സമൂഹത്തില്‍ സൃഷ്ടിക്കാനാവും വിധം കേരളത്തിന്റെ പൊതുബോധം സജീവമായിക്കൊണ്ടിരിക്കയാണ്.
മൂന്ന്: 'പാവങ്ങളു'ടെ സംസ്കാരം നമ്മുടെ എഴുത്തിലും ചിന്തയിലുമെല്ലാം നേരത്തേ തന്നെ സ്വാംശീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നെങ്കില്‍,ആദ്യമായി ഭാഷയില്‍ എത്തിയ കാലത്ത് അതിനു ലഭിച്ച സ്വീകാര്യതക്ക് പിന്നീടുള്ള ദശകങ്ങളില്‍  തുടര്‍ച്ച ലഭിച്ചിരുന്നെങ്കില്‍, നമ്മുടെ സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം ഇന്നു നാം കാണുന്നതിനേക്കാള്‍ എത്രയോ വ്യത്യസ്തവും ഉന്നതവുമായ തലങ്ങളില്‍ എത്തിപ്പെടുമായായിരുന്നു.'പാവങ്ങ'ളെ സാംസ്കാരിക ജീവിതത്തിന്റെ ഓരത്തു മാത്രം നിര്‍ത്തുകയോ അതിനെ കുറിച്ച് തികച്ചും അജ്ഞരായിരിക്കുകയോ ചെയ്തതു വഴി കേരള സമൂഹത്തിന് ഉണ്ടായ സാംസ്കാരിക നഷ്ടം അതിഭീമമാണ്.അതിന്റെ ദുരന്ത ഫലങ്ങള്‍ കേരള ജനത ഇതിനകം വേണ്ടുവോളം അനുഭവിച്ചു കഴിഞ്ഞു.
പലതും നമുക്ക് വീണ്ടെടുക്കേണ്ടതുണ്ടെന്നും പലതിനെ കുറിച്ചും വീണ്ടുവിചാരങ്ങള്‍ ആവശ്യമാണെന്നും ഉള്ള തിരിച്ചറിവില്‍ നാം എത്തിക്കഴിഞ്ഞിട്ടുണ്ട്.നമ്മുടെ രാഷ്ട്രീയം തികച്ചും മാനവികമാകണം,പാര്‍ട്ടികളുടെ പ്രവര്‍ത്തനം അങ്ങേയറ്റം ജനാധിപത്യപരമാവണം,നേതാക്കള്‍ക്ക് ബുദ്ധിയും വിവേകവും വായനാശീലവും വേണം,നമ്മെ  വിപണിക്കുവേണ്ടി പാകപ്പെടുത്തുന്ന ദല്ലാള്‍മാരാവരുത് അവര്‍ എന്നൊക്കെ അതിയായി ആഗ്രഹിച്ചുപോവുന്ന ഒരു ചരിത്രസന്ധി യിലാണ് നാം എത്തിച്ചേര്‍ന്നിട്ടുള്ളത്.'പാവങ്ങളു'ടെ വായനയും പുനര്‍വായനയുമെല്ലാം കേരളസമൂഹത്തിന്റെ വലിയൊരു വൈകാരികാവശ്യമാണിന്ന്.1862 ല്‍ പ്രസിദ്ധീകൃതമായ ഈ കൃതിക്ക് 150 വയസ്സു തികയുമ്പോള്‍ വായനയിലൂടെയും ചര്‍ച്ചകളിലൂടെയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുമെല്ലാം വിശ്വവിഖ്യാതമായ ഈ വിശുദ്ധ കൃതിയെ കൊണ്ടാടുക എന്നത് നമ്മുടെ കടമ കൂടിയാണ്.
(മാതൃകാന്വേഷി മാസിക,ചെന്നൈ,ഒക്ടോബര്‍ 2012)

Tuesday, October 16, 2012

കവിതാഡയറി

ഇതൊക്കെ കവിതയാണോ?
ആരാണിതൊക്കെ എഴുതുന്നത്?
എത്രനാള്‍ നിലനില്‍ക്കും ഈ കണ്ണീരും കണ്ണുരുട്ടലും?
ശുദ്ധകവിതയുടെ നിത്യകാമുകന്മാര്‍
അലറി വിളിച്ചു,കാര്‍ക്കിച്ചുതുപ്പി
അതുകൊണ്ടരിശം തീരാഞ്ഞ് നെഞ്ചിലെ രോമം പറിച്ച്
കാറ്റത്തൂതിപ്പറത്തി
കൊലപാതകിയുടെ വളഞ്ഞുകുറുകിയ നിഴലാണ്
തങ്ങളുടെ സംശയങ്ങളെ ചോദ്യങ്ങളാക്കി മാറ്റിയതെന്ന്
കഷ്ടം,അവര്‍ അറിഞ്ഞതേയില്ല
അറിഞ്ഞതേയില്ല.
16-10-12




Thursday, September 27, 2012

ഇത്രമാത്രം

വിഡ്ഡിയും വിവേകിയുമാണ് ഞാന്‍
ദുര്‍മാര്‍ഗിയും സന്മാര്‍ഗിയുമാണ് ഞാന്‍
ഭീരുവും ധീരനുമാണ് ഞാന്‍
ആരുടെയും വഴിവിളക്കല്ല ഞാന്‍
ഇരുളില്‍ വെളിച്ചത്തിന്റെ ഒരു മിന്നിമായല്‍
പിന്നെ കുറുക്കന്‍ ഓരിയിടുന്നു
നരി മുരളുന്നു   
കരിമൂര്‍ഖന്‍ ഇര തേടുന്നു
ഒരു രാപ്പക്ഷി നിലവിളിച്ച് പറന്നകലുന്നു
അത്രമാത്രം.

Thursday, September 20, 2012

മൂന്ന് കവിതകള്‍

1   
കൊറ്റികള്‍ കിഴക്കോട്ട് പറക്കുന്നു
അവ പടിഞ്ഞാറേക്ക് മടങ്ങി വരുംവരെ
ഇവിടെ
ഈ വയല്‍വരമ്പില്‍ത്തന്നെ നില്‍ക്കുന്ന ആള്‍
പ്രകൃതിയെ പൂജിക്കുന്ന കവിയാകാം
ഭ്രാന്തനാകാം
പരിസ്ഥിതി പ്രണയിയാകാം
ചിലപ്പോള്‍ അമ്മട്ടിലൊക്കെ വേഷം കെട്ടുന്ന
വെറുമൊരു ഭീരുവുമാകാം.
   
2
ചെന്നായക്ക് ആട്ടിന്‍തോല്‍
വെച്ചുകെട്ടുന്ന പണിശാലയില്‍
ഞാനും പണിക്കു ചേര്‍ന്നു
വിശപ്പുമൂത്ത് ഒരുനാള്‍
അവരിലൊരാള്‍
എന്നെയും തിന്നേക്കാം
നിവൃത്തിയില്ല പക്ഷേ
തല്‍ക്കാലം എനിക്കൊരു പണിവേണ്ടേ?

3
അടവ് മറന്ന ആശാന്റെ കളരിയില്‍
അഭ്യാസികള്‍ക്ക് പഞ്ഞമില്ല
ആര് ആരെ കുത്തിമലര്‍ത്തും?
വെട്ടിവീഴ്ത്തും?
കുറുവടിയാല്‍ കയ്യോ,കാലോ,കഴുത്തോ
ഒടിച്ചുവീഴ്ത്തും?
കളരിക്ക് പുറത്ത്
കാണികള്‍ക്കും പഞ്ഞമില്ല.
(മാതൃകാന്വേഷി മാസിക,2012,സെപ്റ്റംബര്‍)

Sunday, September 16, 2012

കവിതാഡയറി

1
ഖനനം ചെയ്യുന്തോറും വളരുന്ന ഖനിയെ
ഭാഷയെന്നുവിളിക്കാം
(പ്രണയമെന്നും.)       
2
സ്നേഹത്തിന്റെ ദേവാലയത്തില്‍ 
നഗ്നനും നിരക്ഷരനുമായി
ഞാന്‍ പ്രവേശിച്ചു
ഉടുപ്പിനു പകരം ചിറകുകള്‍ കിട്ടി
അക്ഷരങ്ങള്‍ക്കു പകരം
മനുഷ്യവംശം എന്നോ മറന്നുപോയ
ചിത്രലിപികളും.

Sunday, September 2, 2012

ഇടതുപക്ഷ ബദല്‍ - പുതിയ പരിപ്രേക്ഷ്യം

നിലവിലുള്ള ഇടതുപക്ഷം അതിന്റെ രാഷ്ട്രീയസാംസ്കാരിക ദൌത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് അങ്ങേയറ്റം അശക്തമാണെന്ന് അനുഭവത്തില്‍ നിന്ന് ബോധ്യം വന്നാല്‍ ഒരു ബദലിനെ കുറിച്ചുള്ള ആലോചനകള്‍ സ്വാഭാവികമായും രൂപപ്പെട്ടേ മതിയാവൂ.കേരളത്തിന്റെ രാഷ്ട്രീയപൊതുബോധത്തില്‍ അത് സംഭവിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി.
ഇപ്പോഴത്തെ  ഇടതുപക്ഷത്തിന്റെ ഇല്ലായ്കളും പരിമിതികളും വാസ്തവത്തില്‍ എന്തൊക്കെയാണ്?ഒന്നാമ ത്തെ കാര്യം പുതിയ ലോകപരിതോവസ്ഥയില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും നമ്മുടെ ജനജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സംഭവിച്ചു കഴിഞ്ഞ മാറ്റങ്ങളെയും മനസ്സിലാക്കുന്നതിന് ഇടതുപക്ഷം സ്വീകരിച്ചു വരുന്ന വിശകലന രീതികളും സിദ്ധാന്തങ്ങള്‍ തന്നെയും വലിയൊരളവോളം ഫലവത്താകുന്നില്ല എന്നതാണ്.ഇങ്ങനെ സംഭവിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്..ലോകമുതലാളിത്തത്തിന്റെ ഇന്നു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള വികാസവും മേധാവിത്വവും സൃഷ്ടിക്കുന്ന അനുഭവങ്ങളെയും പ്രശ്നങ്ങളെയും നേരിടുന്നതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ വളര്‍ച്ചകളിലേക്ക് ലോകത്തൊരിടത്തുമുള്ള ഒരു കമ്യൂണിസ്റ് പാര്‍ട്ടിയും എത്തിച്ചേര്‍ന്നിട്ടില്ല.ആഗോളവ ല്‍ക്കരണത്തിന്റെ പല വിപരീത സാധ്യതകളെയും അതിജീവിക്കുന്നതായി ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരേയൊരു കമ്യൂണിസ്റ് രാജ്യമായ ചൈനയാണെങ്കില്‍ സ്വയം ഒരു മുതലാളിത്ത ശക്തിയായി മാറുകയല്ല എന്ന് ഉറപ്പിച്ച് പറയാന്‍ ഒരു സൈദ്ധാന്തികനും സാധ്യമല്ല.ഇന്ത്യയിലെ കമ്യൂണിസ്റുകാര്‍ക്കും മറ്റ് ഇടതുപക്ഷക്കാര്‍ക്കും ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായി ചൂണ്ടിക്കാണിക്കാവുന്ന ഒരു രാജ്യവും ഇന്ന് നിലവിലില്ല എന്ന് ചുരുക്കം.ഇവിടത്തെ പ്രശ്നങ്ങള്‍ക്ക് ഇവിടത്തെ കമ്യൂണിസ്റുകാര്‍ സ്വന്തം നിലയില്‍ തന്നെ ഉത്തരം കണ്ടെത്തണം.അതിനുള്ള ശേഷി  അവര്‍ക്ക് കൈവരണമെങ്കില്‍ സൈദ്ധാന്തികമായി വലിയ വിപ്ളവകാരികളായി ഭാവിക്കുകയും പ്രയോഗത്തില്‍ മൂലധനശക്തികളുടെ ഒത്താശക്കാരായി  പ്രവര്‍ത്തിക്കുകയും സ്വയം ഒരു മൂലധനശക്തിയായി വളരുകയും ചെയ്യുന്ന രീതി അവര്‍ ഉപേക്ഷി ക്കണം.പാവപ്പെട്ടവരും  ഇടത്തരക്കാരുമായ ജനങ്ങളെ മാത്രമേ സ്വന്തം സാമ്പത്തിക നിലനില്‍പ്പിനായി അവര്‍ ആശ്രയിക്കാവൂ.ആ ജനവിഭാഗങ്ങളുടെ സമഗ്രമായ ജീവിതവളര്‍ച്ച ഉറപ്പാക്കുന്നതിനു വേണ്ടിയാവണം അവര്‍ പ്രവര്‍ത്തിക്കുന്നത്.
പഴയ കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി മധ്യവര്‍ഗം അംഗബലത്തിലും സാമൂഹ്യസ്വാധീനത്തിലും രാജ്യം മുഴുക്കെയും വലിയ അളവിലുള്ള വളര്‍ച്ച നേടിയിട്ടുണ്ട്.അവരുടെ താല്പര്യങ്ങളും അടിത്തട്ടിലെ തൊഴിലാളികളുടെ താല്പര്യങ്ങളും കടുത്ത സംഘര്‍ഷത്തിലേര്‍പ്പെടുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമായി ഉണ്ടാവുന്നുമുണ്ട്.എങ്കിലും സാമ്പത്തിക സമത്വത്തിനും യഥാര്‍ഥമായ ജനാധിപത്യത്തിനും വേണ്ടിയുള്ള രാഷ്ട്രീയമുന്നേറ്റത്തില്‍ മധ്യവര്‍ഗത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ ഇപ്പോഴും കമ്യൂണിസ്റുകാര്‍ക്ക് കൂടെ കൂട്ടാം. പക്ഷേ,അവരെ ഭാവിയിലെ സോഷ്യലിസ്റ് സമൂഹത്തിന്റെ നിര്‍മിതിക്ക് കെല്പുള്ളവരാക്കിത്തീര്‍ക്കണമെങ്കില്‍ പ്രത്യയശാസ്ത്രതലത്തില്‍ അവര്‍ക്ക് വ്യക്തത കൈവരുത്താന്‍ ഇടതുപക്ഷത്തിന് കഴിയണം.രാഷ്ട്രീയ ദര്‍ശനം,സംസ്കാരം,കല,സാഹിത്യം എന്നീ മേഖലകളില്‍ സൈദ്ധാന്തിക വ്യക്തത കൈവരുത്തുന്നതില്‍ നിരന്തര ജാഗ്രത പുലര്‍ത്തിയാലേ ഇത് സാധ്യമാവൂ.ഈ ജാഗ്രത സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് നേരത്തേ പഠിച്ചുറച്ച പാഠങ്ങളില്‍ നിന്ന് ചരിത്രം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സ്വയം വിമോചിപ്പിക്കാനുള്ള കഴിവാണ്.മനുഷ്യ സമൂഹത്തിന്റെ ഭാവിയുടെ മുഴുവന്‍ രൂപരേഖയും മാര്‍ക്സ്-ഏംഗല്‍സ്,ലെനിന്‍ തുടങ്ങിയ കമ്യൂണിസ്റാചാര്യ•ാര്‍ വരച്ചുവെച്ചിരിക്കുന്നു,അതിനപ്പുറം ഒന്നും സംഭവിക്കാനില്ല എന്ന ധാരണ തിരുത്തുക തന്നെ വേണം.ലോകജനതയ്ക്ക് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും നേരത്തേ ആരെങ്കിലും വിഭാവനം ചെയ്തിരുന്നു എന്നു കരുതുന്നത് മൂഢത്വം മാത്രമേ ആവുകയുള്ളൂ.ചരി ത്ര വികാസത്തിന്റെ സാമാന്യസ്വഭാവം എന്താണെന്ന് വിശദീകരിക്കുകയും ഭാവിസാധ്യതകള്‍ ചൂണ്ടിക്കാണിക്കുകയുമാണ് അവര്‍ ചെയ്തത്.അവരുടെ കണ്ടെത്തലുകളും നിഗമനങ്ങളും ഭൂതകാലത്തെയും വര്‍ത്തമാനത്തെയും മനസ്സിലാക്കുന്നതിനും ഭാവിയിലേക്ക് കരുതലോടെ ചുവടുകള്‍ വെക്കുന്നതിനും നമ്മെ സഹായിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.പക്ഷേ,ഒരു സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ സിദ്ധാന്തവും പൂര്‍വമാതൃകകളും കടന്നു ചെല്ലാത്ത പല കോണുകളില്‍ നിന്ന് അവയെ സമീപിക്കേണ്ടിവരും. പ്രശ്നത്തിന്റെ സാമ്പത്തികകാരണങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം  പ്രാദേശികവും പാരിസ്ഥിതികവും സാംസ്കാരികവുമായ പല ഘടകങ്ങളെ കൂടി കണക്കിലെടുക്കേണ്ടിവരും. ഈ പ്രക്രിയയില്‍ ഉടനീളം മാര്‍ക്സിസം നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ വളരെ സഹായകമാവുമെങ്കിലും പ്രശ്നപരിഹാരം അവയെ മാത്രം ആശ്രയിച്ചാവണമെന്ന് ശഠിക്കുന്നതില്‍ കാര്യമില്ല.ഒരു സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയല്ല ആരും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടത്.മതവിശ്വാസിയുടെ മനോഭാവത്തിന് പകര്‍പ്പെടുക്കുന്ന ഇടമാകരുത് മാര്‍ക്സിസ്റ്റുകാരുടെ രാഷ്ട്രീയം.
മൂലധനത്തിന്റെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ചുള്ള വ്യാപനം ചൂഷണത്തിന്റെ പുതിയ ഇടങ്ങളും  രൂപങ്ങളും സൃഷ്ടിക്കുന്നതിനോടൊപ്പം വിമോചനത്തിന്റെയും വികസനത്തിന്റെയും പുതിയ ചില സാധ്യതകളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുക കൂടി ചെയ്യുന്നുണ്ട്.മനുഷ്യസമൂഹത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത്.ഈ വാസ്തവത്തെ അംഗീകരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായതെന്ത്  എന്ന് കണ്ടെത്തി അതിനുവേണ്ടി നിലകൊള്ളുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്.അതല്ലാതെ ആഗോളവല്‍ക്കരണം സമ്പൂര്‍ണമായും ജനവിരുദ്ധമാണ് അതുകൊണ്ട് അതിനെ ചെറുത്തു തോല്പിച്ചതില്‍പ്പിന്നെയേ നിര്‍മാണാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തങ്ങള്‍ തിരിയൂ എന്ന് ശാഠ്യം പിടിച്ചാല്‍ ആഗോളവല്‍ക്കരണം അതിന്റെ വഴിക്ക് മുന്നേറുകയും ഇടതുരാഷ്ട്രീയം നിന്നിടത്തു തന്നെ നില്‍ക്കുകയോ പരോക്ഷമായി ബഹുരാഷ്ട്മൂലധന ശക്തികളുമായി സന്ധിചെയ്യുകയോ ചെയ്യും.പകരം ആഗോളവല്‍ക്കരണത്തെ പുതിയ ലോകസാഹചര്യത്തിലെ ഒരു രാഷ്ട്രീയ സാമ്പത്തികയാഥാര്‍ത്ഥ്യമായി വ്യക്തതയോടെ തിരിച്ചറിയുകയും ബഹുരാഷ്ട്ര കുത്തകകള്‍ നടത്തുന്ന സാമ്പത്തികചൂഷണത്തിന്റെയും സാംസ്കാരികാധിനിവേശത്തിന്റെയും ഇടങ്ങളെയും ഇരകളെയും കണ്ടെത്തി പോരാട്ടത്തിന്റെ പുതിയ രൂപങ്ങള്‍ ആവിഷ്ക്കരിച്ച് മുന്നേറുകയുമാണ് ഇടതുപക്ഷം ചെയ്യേണ്ടത്.ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന പൌരസമൂഹസംഘടനകളുടെ സഹായം കൂടി അവര്‍ തേടേണ്ടതാണ്..
ആഗോളവല്‍ക്കരണത്തെ  ഒരു വസ്തുതയെന്ന നിലയില്‍ അംഗീകരിച്ചേ മതിയാവൂ എന്നു പറയുമ്പോള്‍ ലോകജനതക്ക് ഇനി മുന്നോട്ടുപോവാനുള്ള ഒരേയൊരു പാത ബഹുരാഷ്ട്രമുതലാളിത്തം ഇന്ന് വെട്ടിത്തുറന്നിരിക്കുന്നതാണ് എന്നല്ല അര്‍ത്ഥമാക്കുന്നത്.അത് യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്ന അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും പുതിയ രൂപങ്ങളെ തട്ടിത്തകര്‍ത്തുകൊണ്ടു തന്നെയാണ് ഭാവി സമൂഹത്തിലേക്കുള്ള യാത്ര സാധ്യമാക്കേണ്ടത്.അതിനു പക്ഷേ,നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളെ മുഴുവന്‍ സിദ്ധാന്തം കൊണ്ട് പ്രതിരോധിച്ചാല്‍ മതി എന്നു കരുതുന്നത് മൌഢ്യമാണ്.
                              പ്രൊഫഷണല്‍ രാഷ്ട്രീയത്തിനു പുറത്തേക്ക്
എല്ലാ പരിമിതികള്‍ക്കിടയിലും പാര്‍ലിമെന്ററി ജനാധിപത്യം കൈവരിച്ചിരിക്കുന്ന ജനകീയാംഗീകാരത്തെ കുറിച്ച് ഇന്നിപ്പോള്‍ കമ്യൂണിസ്റുകാര്‍ക്കും കൃത്യമായ ബോധ്യമുണ്ട്.ഇന്ത്യയുടെ  രാഷ്ട്രീയഭാവിക്ക് മറ്റൊരു സാധ്യത സമീപഭാവിയിലൊന്നും കണ്ടെത്താനാവില്ലെന്നതില്‍ അവര്‍ക്കും സംശയമൊന്നും ഇല്ല.തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കൈവരുന്ന അധികാരം,ആ അധികാരം ഉപയോഗിച്ചുള്ള ഭരണനിര്‍വഹണം,ഭൂരിപക്ഷം ലഭിച്ച് ഭരണത്തിലെത്താന്‍ പറ്റാതെ വരുന്ന സാഹചര്യത്തിലും തങ്ങളുടെ കയ്യിലുള്ള പരിമിതമായ അധികാരങ്ങള്‍ ഉപയോഗിച്ചു തന്നെ ജനജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സാധ്യമാവുന്ന ഇടപെടലുകള്‍ ഇതൊക്കെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സ്വരൂപമെന്ന് എല്ലാവര്‍ക്കും അറിയാം.അതുകൊണ്ടു തന്നെ രാഷ്ട്രീയത്തെ മുഖ്യ പ്രവൃത്തിമണ്ഡലമായി സ്വീകരിക്കാന്‍ ഉദ്ദേശിച്ച് രംഗത്തിറങ്ങുന്ന എല്ലാവരും അധികാരത്തിന്റെ ഏതെങ്കിലുമൊരു പടവില്‍ എത്തിച്ചേരുക എന്നത് ലക്ഷ്യമാക്കുന്നുണ്ട്.വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തും യുവജനരാഷ്ട്രീയരംഗത്തുമെല്ലാം പ്രവര്‍ത്തിക്കുന്ന ഏറെക്കുറെ എല്ലാവരും രാഷ്ട്രീയത്തെ പ്രൊഫഷണല്‍ മനോഭാവത്തോടെ തന്നെയാണ് സമീപിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അത് അരുതാത്തതാണെന്ന് പറയുന്നതിലൊന്നും അര്‍ത്ഥമില്ല.പക്ഷേ,പ്രൊഫഷണലിസത്തിന്റെ അര്‍ത്ഥം പാര്‍ട്ടിമേധാവികളോടുള്ള വിധേയത്വം എന്നാവുകയും ഒരു സ്വകാര്യകമ്പനിയില്‍ അതിന്റെ മുതലാളിമാരെയും മേലുദ്യോഗസ്ഥരെയും താണുവണങ്ങി സ്ഥാനക്കയറ്റം നേടുന്നതുപോലൊരു പ്രവര്‍ത്തനശൈലിയിലേക്ക് പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ എത്തിക്കഴിയുകയും ചെയ്താല്‍ അത് വിനാശകരം തന്നെയാണ്.ഇങ്ങനെയുള്ള വിധേയത്വത്തിന്റെ ഉല്പന്നമായ നേതാക്കള്‍ പൊതുപ്രശ്നങ്ങളെ സത്യസന്ധമായി സമീപിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.എല്ലാ സന്ദര്‍ഭങ്ങളിലും താന്താങ്ങളുടെ നേട്ടത്തില്‍ ഊന്നിയേ അവര്‍ക്ക് പ്രതികരിക്കാനും പ്രവര്‍ത്തിക്കാനുമാവൂ.ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍ സമ്പൂര്‍ണമായ ആഭ്യന്തരജനാധിപത്യം നടപ്പിലാവണം.ഇന്നത്തെ നിലയില്‍  അംഗീകൃത ഇടതുപക്ഷ പ്രസ്ഥാനത്തിന് പുറത്തുള്ള വിവിധ കൂട്ടായ്മകളുടെ നിരന്തര സമ്മര്‍ദ്ദം വഴിയേ അത് സാധ്യമാവൂ.
    പാര്‍ട്ടി പിന്തുണക്കുന്ന പ്രൊഫഷണല്‍ രാഷ്ട്രീയക്കാര്‍ക്കു മാത്രമേ അസംബ്ളിയിലും പാര്‍ലിമെന്റിലും ജനങ്ങളുടെ പ്രതിനിധികളായി എത്താന്‍ പറ്റൂ എന്നതാണ് ഇന്നത്തെ സ്ഥിതി.വല്ലപ്പോഴും അലങ്കാരത്തിനെന്ന പോലെയാണ് ഒന്നോ രണ്ടോ പേരെ അങ്ങനെയല്ലാതെ തിരഞ്ഞെടുത്തയക്കുന്നത്.അതു മാറി കക്ഷി രാഷ്ട്രീയത്തിന് പുറത്തുള്ള വിവിധ ജനകീയ കൂട്ടായ്മകളുടെ ഏറ്റവും അനുയോജ്യരായ പ്രതിനിധികള്‍ കൂടി അധികാരത്തില്‍ വരുന്നതിന് രാഷ്ട്രീയ കക്ഷികള്‍ തന്നെ വഴിയൊരുക്കുന്ന അവസ്ഥ രൂപപ്പെടണം.ജനങ്ങളുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ട് അനുഭവപരിചയമുള്ള പൊതുപ്രവര്‍ത്തകരെ ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം സഹകരിപ്പിക്കുക എന്നത് പാര്‍ട്ടികളുടെ അജണ്ടയില്‍ വരണം. ഇന്ന് സങ്കല്പത്തിന്റെ തലത്തില്‍ പോലും നിലവില്‍ വന്നിട്ടില്ലാത്ത ഇക്കാര്യം സമീപഭാവിയിലെങ്ങും യാഥാര്‍ത്ഥ്യമായിത്തീരും എന്ന് പ്രതീക്ഷിക്കാനാവില്ല.എങ്കിലും ആ ഒരു സാധ്യതയിലേക്ക് പൊതുസമൂഹം ഉണരാനുള്ള സമയമായി.
ഒരു പ്രശ്നത്തെ കുറിച്ചും ആഴത്തില്‍ പഠിക്കാതെ വലിയ വായില്‍  പ്രസംഗിച്ച് തൃപ്തിയടയുക,തികച്ചും ഉത്തരവാദിത്വരഹിതമായി  ജനങ്ങളെ പ്രകോപിപ്പിച്ച് പിന്‍മാറുക,വിവിധ രംഗങ്ങളില്‍ അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള ഉപജാപങ്ങളില്‍ ഏര്‍പ്പെടുക ഇതൊക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഉറപ്പിച്ചു വെച്ചിരിക്കുന്ന നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലും പെരുകിപ്പെരുകി വരികയാണ്.സംഘടനാതലത്തില്‍ പല പ്രധാനപ്പെട്ട അധികാരസ്ഥാനങ്ങള്‍ കയ്യാളുന്നതും അവര്‍ തന്നെ.പാര്‍ട്ടി എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോവാനുള്ള സൌകര്യപ്രദമായ സംവിധാനം മാത്രമാണ്.ജനങ്ങള്‍ക്ക് മുഴുവന്‍ ബോധ്യം വന്ന സംഗതികളെ കുറിച്ചു പോലും നിര്‍ലജ്ജം കളവ് പറയാന്‍ അവര്‍ക്ക് മടിയില്ലാതെ പോവുന്നത് അതുകൊണ്ടാണ്.കേവലരാഷ്ട്രീയക്കാര്‍ക്കു പുറമേ നിരന്തരമായ ജനബന്ധമുള്ള മറ്റ് പൊതുപ്രവര്‍ത്തകര്‍ കൂടി രംഗത്തേക്ക് വരികയും പ്രശ്നപരിഹാരങ്ങളില്‍ അവരുടെ ഇടപെടലുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടാല്‍ കാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കും.ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടു കൂടി പറയാനും പെരുമാറാനും പ്രവര്‍ത്തിക്കാനും രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരാവും.സമൂഹത്തിന്റെ അധികാരികളെന്ന മട്ടില്‍ ധാര്‍ഷ്ട്യത്തോടെ ജനത്തിനു മുന്നില്‍ നില്‍ക്കുന്ന രീതി അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവരും.


                                        പൊളിച്ചെഴുത്ത് അനിവാര്യം
സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും തലങ്ങളില്‍ ഇന്ത്യയിലെ ഇടതുപക്ഷം ഒരു പൊളിച്ചെഴുത്തിന് തയ്യാറാകണം എന്ന ആശയം കമ്യൂണിസ്റുകാര്‍ക്കിടയില്‍ പല ദശകങ്ങള്‍ക്കു മുമ്പേ രൂപപ്പെട്ടതാണ്.ആ തോന്നലിനു പക്ഷേ അതര്‍ഹിക്കുന്ന മാനവും വൈപുല്യവും നല്‍കാനോ അതിനെ പ്രയോഗതലത്തി ലെത്തിക്കുന്നതിനെ കുറിച്ച് ഗൌരവമായി ആലോചിക്കുന്നതിനോ കമ്യൂണിസ്റുകാര്‍ക്ക് കഴിഞ്ഞില്ല.1964 ല്‍ അവിഭക്ത കമ്യൂണിസ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ ഘട്ടത്തിലെങ്കിലും കാര്യങ്ങളില്‍ മാറ്റം വരാമായിരുന്നു. പല കാരണങ്ങള്‍ കൊണ്ടാണ് അത് സംഭവിക്കാതെ പോയത്.സി.പി.ഐ യും സി.പി.ഐ(എം) ഉം തങ്ങള്‍ക്കിടയിലെ അഭിപ്രായാന്തരങ്ങളെ സ്വയം വിലയിരുത്തിയതും വിവരിച്ചതും പഴയ മാര്‍ക്സിസ്റ് പദാവലികളും പരികല്പനകളും ഉപയോഗിച്ചു തന്നെയാണ്.ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പ്രത്യേകമായൊരു രാഷ്ട്രീയകാഴ്ചയിലേക്ക് ഉണരുന്നതിനും അസംഖ്യം വിശ്വാസങ്ങളും ആചാരങ്ങളും അറിവുകളും സഹസ്രാബ്ദങ്ങളെ അതിജീവിച്ച് സജീവമായി നിലനില്‍ക്കുന്ന ഈ രാജ്യത്തിന്റെ പാരമ്പര്യവുമായി അര്‍ത്ഥവത്തായ ഒരു സംവാദത്തിനുള്ള കരുക്കള്‍ രൂപപ്പെടുത്തുന്നതിനും ഇരുവിഭാഗത്തുമുള്ള കമ്യൂണിസ്റുകാര്‍ക്ക് കഴിഞ്ഞില്ല.പാര്‍ട്ടിയുടെ സംഘടനാസംവിധാനമനുസരിച്ച് നേതൃത്വത്തിന്റെ തലപ്പത്തുള്ളവരില്‍ അധികാരം കേന്ദ്രീകരിക്കാനുള്ള സാധ്യത ഉണ്ടെന്ന് അനുഭവത്തിലൂടെ വ്യക്തമായിട്ടും ആ സംഘടനാസംവിധാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ആലോചനകളും ഉണ്ടായില്ല.ഇത് നേതൃത്വത്തെ സേവിക്കാനും അതു വഴി സ്വന്തം വളര്‍ച്ച ഉറപ്പാക്കാനുമുള്ള പ്രേരണ രണ്ടാംനിര മൂന്നാം നിര നേതാക്കളിലെല്ലാം സൃഷ്ടിച്ചു.ഉള്‍പ്പാര്‍ട്ടി ജനാധിപത്യമെന്നത് ഫലത്തില്‍ വെറും പറച്ചിലില്‍ ഒതുങ്ങി.കാറ്റും വെളിച്ചവും കടക്കാതെ പ്രസ്ഥാനം അകമേ ജീര്‍ണിച്ചു.ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ ഇരു കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്കും തങ്ങളുടെ രാഷ്ട്രീയത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനായില്ല.1920 കാലം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് പരിചിതമായിത്തീര്‍ന്ന കമ്യൂണിസ്റ് പ്രസ്ഥാനത്തിന് ഇക്കാലമത്രയുമായിട്ടും രാജ്യത്തെ മൊത്തം ജനങ്ങളില്‍ എത്ര ചെറിയ ഒരു ശതമാനത്തിനുമേലാണ് സ്വാധീനമുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം.
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോയാലും പ്രശ്നമില്ല എന്ന് നേതാക്കളിലും ഇടതുപക്ഷ പാര്‍ട്ടികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളിലും ഗണ്യമായ ഒരു വിഭാഗം കരുതുന്നുണ്ടാവും.പക്ഷേ ഇടതുപക്ഷം സമ്പൂര്‍ണമായ നവീകരണത്തിന് തയ്യാറാവണമെന്നും അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി തീരണമെന്നും ആഗ്രഹിക്കുന്നവരായി കോടിക്കണക്കിനാളുകളുണ്ട്.അവരുടെ ആഗ്രഹങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം പല വേദികളില്‍,പല മാധ്യമങ്ങളില്‍ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുപക്ഷേ,.മുഖ്യ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.ഐ(എം)ഉം സി.പി.ഐയും അതൊന്നും ശ്രദ്ധിക്കുന്നതായേ തോന്നുന്നില്ല.നല്ല ആസ്തിയുള്ള സ്ഥാപനങ്ങളെന്ന നിലയില്‍ നിലനിര്‍ത്തി വരുന്ന ആത്മവിശ്വാസവും സൈദ്ധാന്തിക പഠനങ്ങളുടെ അഭാവത്തില്‍ ഉറഞ്ഞുകൂടിയ പ്രത്യയശാസ്ത്ര മൌഢ്യങ്ങളും സംഘടനാസ്വരൂപം ഇപ്പോഴും സൂക്ഷിച്ചുപോരുന്ന കടുത്ത നിയന്ത്രണങ്ങളും എല്ലാം ചേര്‍ന്ന് തിരുത്തപ്പെടേണ്ടതായി ഒന്നും തങ്ങളിലില്ല എന്നും അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ത്തന്നെ അത് തങ്ങള്‍ സ്വയം തിരുത്തിക്കൊള്ളാം ,മറ്റാരുടെയും സഹായം അതിന് ആവശ്യമില്ല എന്നും ഉള്ള ധാര്‍ഷ്ട്യം മുറുകെ പിടിച്ചു നില്‍ക്കാനുള്ള അനാരോഗ്യകരമായ ഒരാത്മബലം  ഈ പാര്‍ട്ടികള്‍ക്ക് നല്‍കുന്നുണ്ട്.
ഉത്തരവാദിത്വബോധത്തോടെയുള്ള വിമര്‍ശനങ്ങള്‍ പുറമേ നിന്ന് തുടരെത്തുടരെ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ മാത്രമേ ഇടതുപക്ഷം അതിന്റെ കടമകള്‍ ഫലപ്രദമായി നിറവേറ്റുന്നതിനുള്ള പ്രത്യയശാസ്ത്ര ജാഗ്രതയിലേക്ക് ഉണരുകയും അതിന് ഇണങ്ങുന്ന കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുകയുള്ളൂ.ഈയൊരു മാറ്റത്തിന് ഇന്ത്യന്‍ ഇടതുപക്ഷത്തെ,വിശേഷിച്ചും അതിലെ പ്രധാനപാര്‍ട്ടിയായ സി,പി.ഐ(എം)നെ നിര്‍ബന്ധിതമാക്കാന്‍ ഇപ്പോള്‍ പലേടത്തായി രൂപപ്പെട്ട് പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുന്ന സ്വതന്ത്ര കൂട്ടായ്മകള്‍ തീര്‍ച്ചയായും സഹായകമാവും.തങ്ങളുടെ ലക്ഷ്യം ഇങ്ങനെ മാര്‍കിസ്റ് പാര്‍ട്ടിയേയോ മറ്റേതെങ്കിലും ഇടതുപക്ഷ പാര്‍ട്ടിയേയോ ശുദ്ധീകരിക്കലോ നവീകരിക്കലോ മാത്രമാവണമെന്ന് ആ കൂട്ടായ്മകള്‍ ഒരു കാരണവശാലും ആഗ്രഹിക്കുകയില്ല.അവയുടെ പ്രാഥമികലക്ഷ്യം  ഇടതുപക്ഷത്തെയും  ഇടതുപക്ഷ പാര്‍ട്ടികളുടെ ചില സമീപനങ്ങളോടെങ്കിലും സമരസപ്പെടാന്‍ തയ്യാറുള്ള വലതുപക്ഷ ഗ്രൂപ്പുകളെയും എല്ലാ ജനകീയ പ്രശ്നങ്ങളുടെയും നേര്‍ക്ക് ഉത്തരവാദിത്വപൂര്‍ണമായ സമീപനവും നടപടികളും കൈക്കൊള്ളാന്‍ നിര്‍ബന്ധിക്കുക തന്നെയായിരിക്കണം.
രാജ്യത്ത് പാര്‍ലിമെന്ററി ജനാധിപത്യത്തിന് നല്ല വേരോട്ടം കിട്ടിക്കഴിഞ്ഞ നിലക്ക് തങ്ങള്‍ പിന്തുണക്കുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ഭരണത്തിലെത്തുകയും ചെയ്യുന്നതിലൂടെയാണ് എല്ലാ മേഖലകളിലും തങ്ങള്‍ക്കനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായിത്തീരുക എന്ന് ഓരോ പാര്‍ട്ടിയെ പിന്തുണക്കുന്ന ബഹുജനങ്ങളും ഉറച്ചു വിശ്വസിക്കുന്നുണ്ട്.ഈ വിശ്വാസത്തിനു പുറമേ ഒരു സംഘത്തിന്റെ ഭാഗമായിത്തീരുമ്പോള്‍ കൈവരുന്ന ആത്മവിശ്വാസവും ആഹ്ളാദവുമെല്ലാം ജനങ്ങളെ പാര്‍ട്ടിക്കു പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.തൊഴില്‍,സാമ്പത്തിക നേട്ടങ്ങള്‍,മറ്റ് സൌകര്യങ്ങള്‍ എന്നിവയെ മാത്രം ലാക്കാക്കി പാര്‍ട്ടിയില്‍ നില്‍ക്കുന്നവരും എണ്ണത്തില്‍ കുറവല്ല.എന്തായാലും പൊതുജനം രാഷ്ട്രീയ പാര്‍ട്ടികളോട് കാണിക്കുന്ന കൂറ് ഇപ്പോഴും അതിശക്തമാണ്.ഈ വസ്തുത മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സ്വതന്ത്ര കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കേണ്ടത്.പാര്‍ട്ടികളുടെ അജണ്ടയും പ്രവര്‍ത്തന രീതികള്‍ തന്നെയും മാറ്റുന്നതിനുള്ള പ്രേരണ ഇത്തരം കൂട്ടായ്മകളില്‍ നിന്ന് ഉണ്ടാവണം.അത് അസാധ്യമല്ലെന്ന കാര്യം നന്നേ ചെറിയ അളവില്‍ ഈയിടെയായി ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങളെ കാണേണ്ടതുണ്ടെന്നും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഉള്ള നിലപാട് ഏറ്റവും ചുരുങ്ങിയത് കോണ്‍ഗ്രസ്സിനകത്തെ ഒരു ചെറിയ ഗ്രൂപ്പെങ്കിലും ഉയര്‍ത്തിപ്പിടിച്ചതിന്റെ മാതൃകയാണ് നെല്ലിയാമ്പതി പ്രശ്നത്തില്‍ കാണാന്‍ കഴിഞ്ഞത്.ആ നിലപാടിന്റെ ഭാവി എന്തു തന്നെയായാലും വളരെ അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ ജനപക്ഷത്തു യോജിച്ചുനില്‍ക്കുന്നതിന് കക്ഷിരാഷ്ട്രീയം തടസ്സമാകേണ്ടതില്ലെന്ന് വ്യക്തമാക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോള്‍ വളരെ ദുര്‍ബലമായി അനുഭവപ്പെടുന്ന ഈ തുടക്കം ഭാവിയില്‍ ഇമ്മട്ടിലുള്ള മെച്ചപ്പെട്ട മുന്നേറ്റങ്ങള്‍ക്ക് വഴി തുറക്കാന്‍ തന്നെയാണ് സാധ്യത.ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പൌരസമൂഹകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ അതിന് ആക്കം കൂട്ടുക തന്നെ ചെയ്യും.
പൌരസമൂഹരാഷ്ട്രീയത്തെ കുറിച്ച് ചിലത് പറയാനുള്ള സന്ദര്‍ഭം ഇതാണ്.പ്രത്യേകപ്രദേശത്തോ സ്ഥാപന ത്തിലോ മേഖലയിലോ ഉണ്ടാവുന്ന പ്രശ്നങ്ങളെ മാര്‍ക്സിസം പോലുള്ള ബൃഹദ് രാഷ്ട്രീയ ദര്‍ശനങ്ങളുടെ പിന്തുണയില്ലാതെ അഭിമുഖീകരിച്ച് സ്വന്തമായി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ത്തെയാണല്ലോ പൌരസമൂഹരാഷ്ട്രീയം എന്നു പറയുന്നത്.വലിയ പാര്‍ട്ടികളുടെ ഭാഗമായല്ലാതെ നിലനില്‍ക്കുന്ന ഈ  സൂക്ഷ്മരാഷ്ട്രീയം യഥാര്‍ത്ഥ രാഷ്ട്രീയത്തെ ദുര്‍ബലമാക്കും,രാഷ്ട്രീയത്തിന്റെ ഈ അണുവല്‍ക്കരണം ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ തന്നെ ആവശ്യമാണ് എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ തികച്ചും പ്രസക്തമാണ്.പക്ഷേ,പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെ കക്ഷിരാഷ്ട്രീയത്തിന് പുറത്തുള്ള വിവിധ കൂട്ടായ്മകളാണ് ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പല പ്രശ്നങ്ങളും ഏറ്റെടുത്ത് രംഗത്തിറങ്ങുന്നത് എന്നതിന് ധാരാളം തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്.ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ വഴി പൊതു ശ്രദ്ധയില്‍ വന്ന പ്രശ്നങ്ങളും ആശയങ്ങളുമാണ് മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളെ പല വീണ്ടുവിചാരങ്ങള്‍ക്കും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന വാസ്തവവും നിലനില്‍ക്കുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ യഥാര്‍ത്ഥ രാഷ്ട്രീയത്തെ ദൂര്‍ബലപ്പെടുത്തുന്നു എന്ന ആരോപണം പൌരസമൂഹരാഷ്ട്രീയത്തിനെതിരെ ഉയര്‍ത്തുന്നത് അത്ര എളുപ്പമല്ലാതായിത്തീര്‍ന്നിട്ടുണ്ട്.
                                        ജനങ്ങള്‍ നേതാക്കളാവുന്നു
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എല്ലാ കാര്യങ്ങളിലും അന്തിമമായ തീരുമാനം പ്രഖ്യാപിക്കുക,പാര്‍ട്ടിയിലുള്ള മുഴുവന്‍ ആളുകളും അതിനെ അംഗീകരിക്കുക എന്നതാണ് കമ്യൂണിസ്റുപാര്‍ട്ടിയുടെ രീതി.സെക്രട്ടറി പ്രഖ്യാപിക്കുന്ന തീരുമാനം പാര്‍ട്ടിയുടെ ഏറ്റവും ചെറിയ ഘടകത്തിലുള്‍പ്പെടെ എല്ലാ തലത്തിലും ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തിക്കഴിഞ്ഞതായിരിക്കും എന്നതുകൊണ്ടാണ് അത് പാര്‍ട്ടിയുടെ മൊത്തം തീരുമാനമാവുന്നത്.തത്വത്തില്‍ വളരെ ജനാധിപത്യപരമായി തോന്നുന്ന ഈ രീതി പ്രയോഗതലത്തില്‍ മിക്കപ്പോഴും അല്പവും ജനാധിപത്യപരമായിരുന്നില്ല എന്നതാണ് ലോകത്തെല്ലായിടത്തുമുള്ള കമ്യൂണിസ്റ് പാര്‍ട്ടികളുടെ അനുഭവം.ഇതിപ്പോള്‍ ഏറെക്കുറെ എല്ലാ കമ്യൂണിസ്റുകാര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞതാണെങ്കിലും ഫലപ്രദമായ മറ്റൊരു സംവിധാനം ഇനിയും രൂപപ്പെടുത്തുപ്പെട്ടു കഴിഞ്ഞിട്ടില്ല.പക്ഷേ,മറ്റ് ചില മാറ്റങ്ങള്‍ ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ തീരുമാനം പാര്‍ട്ടിക്കകത്തുള്ളവര്‍ ശിരസാ വഹിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി  അനുഭാവികളും അല്ലാത്തവരുമായ പൊതുജനം ഒരാളുടെ വാക്കിനെയും പ്രവൃത്തിയെയു അംഗീകരിക്കുന്നത് അയാള്‍ പാര്‍ട്ടിക്കുള്ളില്‍ വഹിക്കുന്ന പദവിയെന്താണ് എന്ന് നോക്കിയിട്ടല്ല.അവര്‍ ഉറ്റുനോക്കുന്നത് ദീര്‍ഘകാലത്തെ സമരാനുഭവപരിചയമുള്ള സത്യസന്ധരായ വലിയ നേതാക്കളെയാണ് .പ്രശ്നങ്ങളില്‍ ഇടപെടാനും ഭരണകേന്ദ്രങ്ങളെക്കൊണ്ട് തീരുമാനമെടുപ്പിക്കാനുമുള്ള നിയമപരമായ അധികാരം കൂടി ഇത്തരം നേതാക്കള്‍ക്കുണ്ടെങ്കില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ജനങ്ങള്‍ അവരുടെ പിന്നില്‍ ആവേശപൂര്‍വം അണിനിരിക്കും.കേരളത്തില്‍ സ.വി.എസ്.അച്യൂതാനന്ദന്റെ കാര്യത്തില്‍ അതാണ് സംഭവിക്കുന്നത്.കോതമംഗലത്തെ നേഴ്സുമാരുടെ സമരം ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
തങ്ങളെ നയിക്കാനുള്ള നേതാക്കളെ ലോകത്തെവിടെയുമുള്ള ജനങ്ങള്‍ ആഗ്രഹിച്ചുകൊണ്ടിരി ക്കുന്നുണ്ടെങ്കിലും ജീവിതം വളരെ ബഹുസ്വരമായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പല മണഡലങ്ങളില്‍ പല നേതാക്കളാണ് ആവശ്യമെന്നും അവരുടെ തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുന്നതിനു പകരം തങ്ങളുടെ തീരുമാനം അവരെ കൊണ്ട് തിരിച്ച് അംഗീകരിപ്പിക്കാമെന്നും  ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.കേരളത്തില്‍ സമീപകാലത്ത് നടന്ന പല പ്രാദേശിക ബഹുജനസമരങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും സഹായമില്ലാതെ ജനങ്ങള്‍ നേരിട്ട് നടത്തിയ സമരങ്ങളാണ്.എല്ലാ എതിര്‍പ്പുകളെയും നേരിട്ട് ജനങ്ങള്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നു എന്ന് സംശയാതീതമായി ബോധ്യപ്പെട്ട ഘട്ടങ്ങളില്‍ അറച്ചറച്ചാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തെത്തിയത്.അപ്പോള്‍ തന്നെ  പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ നിന്നുള്ള  തീരുമാനത്തിനു കാത്തുനില്‍ക്കാതെ പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ തുറന്ന മനസ്സോടെയുള്ള പിന്തുണയില്ലാതെ ജനങ്ങള്‍ നേരിട്ട് സമരരംഗത്തിറങ്ങിയാല്‍ പ്രശ്നപരിഹാരം വളരെ നീണ്ടുപോവുമെന്നതും പലപ്പോഴും യഥാര്‍ത്ഥമായ പരിഹാരത്തില്‍ എത്തിച്ചേര്‍ന്നു കൊള്ളണമെന്നില്ല എന്നതുമാണ് വാസ്തവം.പൌരസമൂഹപ്രസ്ഥാനങ്ങള്‍ രംഗത്തെത്തി പ്രശ്നം ഏറ്റെടുക്കുമ്പോഴും ഈ സാധ്യതയില്‍ മാറ്റം വരില്ല.കക്ഷി രാഷ്ട്രീയാതീതമായ പ്രശ്നപരിഹാരങ്ങളെ കുറിച്ച് വലിയ സൈദ്ധാന്തിക നാട്യത്തോടെ നടത്തുന്ന വിശകലനങ്ങളും പ്രസംഗങ്ങളും മിക്കവാറും വാചകമടികളായി ഒതുങ്ങുകയാണ് പതിവ്.മതജാതി ശക്തികളുടെയും ആത്മീയത ഭാവിക്കുന്ന പ്രസ്ഥാനങ്ങളുടെയുമെല്ലാം പിന്തുണയോടെ നിലനില്‍ക്കുന്ന വലിയ അധികാരകേന്ദ്രങ്ങള്‍ക്കു മുന്നില്‍ പൌരസമൂഹ രാഷ്ട്രീയം തികച്ചും നിസ്സഹായമാണെന്നതാണ് നാളിതു വരെയുള്ള അനുഭവം.
ഇന്ത്യയെപ്പോലെ അനന്ത വൈവിധ്യപൂര്‍ണമായ ജീവിത പരിസരങ്ങളും പ്രശ്നങ്ങളും നിലനില്‍ക്കുന്ന വലിയൊരു രാജ്യത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍നിരയില്‍ ഉണ്ടാവേണ്ടത് ബൃഹദ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെയാണ് ;വിശേഷിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.സംഘടനക്കകത്തു നടക്കുന്ന ബീഭത്സമായ അധികാരവ്യവഹാരങ്ങള്‍ക്കു പുറത്തുകടന്ന് ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് സ്വയം സജ്ജമാക്കുന്നതിനു വേണ്ടിയുള്ള നിരന്തരമായ ആഭ്യന്തര നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അവ തയ്യാറാവുന്നില്ലെങ്കില്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് ഇന്നാട്ടിലെ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളായിരിക്കും.
(ജനശക്തി-വാര്‍ഷികപ്പതിപ്പ് 2012)


Monday, August 27, 2012

പാറപ്പരപ്പിലെ പൂക്കള്‍

ഓണക്കാലത്തിന്റെ ഓര്‍മകളില്‍ ഏറ്റവും വര്‍ണമനോഹരം പൂക്കളുടേതു തന്നെ.പൂക്കളം എന്ന വാക്ക് സ്കൂളിലെ പൂക്കളമത്സരം വഴിയാണ് പ്രധാനമായും പ്രചരിച്ചത്.വീട്ടുമുറ്റത്ത് മുന്‍കൂട്ടി കളം വരക്കാതെ പൂവിട്ടുതുടങ്ങുകയും അത് പല നിറത്തിലുള്ള പൂക്കളുടെ ലയം കൊണ്ട് മനോഹരമായ പൂക്കളമായിത്തീരുകയുമായുമായിരുന്നു പതിവ്.പൂക്കള്‍ കൊണ്ട് കേരളം വരക്കുന്നതും ഭാരതം വരക്കുന്നതും ദേശീയപതാക വരക്കുന്നതുമൊക്കെ സ്കൂള്‍ വഴി പ്രചരിക്കുകയും ചിലപ്പോഴൊക്കെ വീട്ടുമുറ്റത്തെത്തുകയും ചെയ്തിരുന്നു.
പൂക്കള്‍ തേടിയുള്ള എന്റെയും കൂട്ടുകാരുടെയും യാത്രകള്‍ പ്രധാനമായും മാടായി പാറപ്പുറത്തായിരുന്നു.കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന ആ പാറപ്പരപ്പാണ് എന്റെ ഓര്‍മകളുടെയും മറ്റ് മനസ്സഞ്ചാരങ്ങളുടെയും രൂപഘടന നിശ്ചയിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പാറപ്പുറത്ത് കയറിയെത്തുന്നതോടെ ആദ്യം കണ്ണില്‍ നിറയുന്നത് ഏഴിമലയുടെ അകലക്കാഴ്ചയാണ്.പാറയുടെ ഓരോരോ ഭാഗത്തു നിന്നായി അറബിക്കടലിന്റെയും പഴയങ്ങാടി പുഴയുടെയുമൊക്കെ കാഴ്ച കിട്ടും.നടത്തത്തിനിടയില്‍ ജൂതക്കുളവും പഴയ ചില കല്‍ക്കെട്ടുകളും മരങ്ങള്‍ വളര്‍ന്നുമൂടിയ പഴയ കിണറുകളുമൊക്കെ കാണാം.പൂ പറിക്കാനുള്ള യാത്ര ഈ അത്ഭുതങ്ങളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടാണ്.
മാടായിപ്പാറയിലെ സസ്യവൈവിധ്യത്തെ കുറിച്ചും പാറയുടെ ചരിത്രത്തെ കുറിച്ചും ഒരു പാട് പഠനങ്ങളും ലേഖനങ്ങളും  പത്രവാര്‍ത്തകളും വന്നുകഴിഞ്ഞു.പാറ അങ്ങനെയൊക്കെ പ്രശസ്തമായിത്തീരും മുമ്പാണ് ഞാനും എന്റെ ബാല്യകാല സുഹൃത്തുക്കളും മാടായിപ്പാറയുടെ പരപ്പില്‍ എത്രയോ മണിക്കൂറുകള്‍ അലഞ്ഞുതിരിഞ്ഞത്.തുമ്പപ്പൂവ്,കാക്കപ്പൂവ്,കൃഷ്ണപ്പൂവ്,കൊക്കുംപൂവ് ഇവയൊക്കെയാണ് മാടായിപ്പാറയില്‍ അധികമായി ഉണ്ടായിരുന്നത്.വട്ടപ്പലത്തിന്റെയോ കുറുക്കൂട്ടിയുടെയോ ഇല കൊണ്ടുണ്ടാക്കുന്ന കുമ്പിളുകളില്‍ പൂ നിറയാന്‍ അധികനേരം വേണ്ട.പക്ഷേ,പൂ പറിക്കാന്‍ പോവുന്ന ഞങ്ങള്‍ക്ക് പെട്ടെന്നൊന്നും വീട്ടിലേക്ക് മടങ്ങാന്‍ തോന്നില്ല.പാറകളില്‍,അവയ്ക്കിടയിലെ ഓരോ ചവിട്ടിലും വെള്ളം കുതിച്ചുയരുന്ന പുല്‍ത്തടങ്ങളില്‍ എത്ര നേരം നടന്നാലും മതി വരില്ല.ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന് ഒച്ചവെച്ചു നടക്കുന്ന ഇറ്റിറ്റിപ്പുള്ളുകള്‍,മൈനകള്‍,മറ്റു ചെറുപക്ഷികള്‍,പൂമ്പാറ്റകള്‍ അവരൊക്കെ കൂട്ടിനുണ്ടാവും.
ഓണത്തിന്റെ ഓര്‍മകളില്‍ ഇന്നും ജീവന്‍ തുടിച്ചു നില്‍ക്കുന്നതും അതിമനോഹരവുമായ മറ്റൊന്ന് ഓണവേടന്റേതാണ്.വേടന്റെ രൂപത്തില്‍ വരുന്ന ചെറിയ കുട്ടിയും ചുമലില്‍ തൂക്കിയ ചെണ്ടയില്‍ പതിഞ്ഞ താളത്തില്‍ കൊട്ടിപ്പാടുന്ന മുതിര്‍ന്ന മനുഷ്യനും വടക്കന്‍ കേരളത്തിന്റെ ഓണത്തിന് ഇപ്പോഴും സവിശേഷമായൊരു ഭംഗിയും ചൈതന്യവും നല്‍കുന്നു.
ഞാന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലം തൊട്ട് ക്ളാസ്സിലും പുറത്തും പലരും കയ്യെഴുത്തു മാസികകള്‍ പുറത്തിറക്കിയിരുന്നു.പുലരി,ഓണം,ചിങ്ങം,മാവേലി എന്നൊക്കെ പേരിട്ടിരുന്ന ആ മാസികകളുടെ ഓരോ വര്‍ഷത്തെയും ആദ്യലക്കം പുറത്തിറങ്ങിയിരുന്നത് മിക്കവാറും ഓണക്കാലത്താണ്.അതിലെ സാഹിത്യചിത്ര വിരുന്നുകളുടെ വിസ്മയത്തെ മറികടക്കാന്‍ അച്ചടിയിലെ ഒരോണപ്പതിപ്പിനും ഇന്നും കഴിയുന്നില്ല.
(2006 ആഗസ്ത് 31 ന്റെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)

Thursday, August 23, 2012

അര്‍ഹിക്കുന്നില്ല


ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതായി നോട്ടീസില്‍ പേര് വന്ന ദിവസം ചിലരൊക്കെ വിളിച്ചു ചോദിച്ചു: അല്ലാ,ആര്‍.എം.പിയിലേക്ക് പോവ്വ്വാണോ?പി.ജയരാജനെ അറസ്റ് ചെയ്തതിന് പൂര്‍ണമായ ന്യായീകരണം സാധ്യമാവണമെങ്കില്‍ ലീഗ് എം.എല്‍.എ ബഷീര്‍ കൂടി അറസറ്റ് ചെയ്യപ്പെടണം എന്നെഴുതിയപ്പോള്‍ ലീഗുകാര്‍ നെറ്റി ചുളിച്ചു;മാര്‍ക്സിസ്റുകാര്‍ 'ശരി'യെന്ന് തലകു ലുക്കി.കോതമംഗലത്തെ നേഴ്സുമാരുടെ സമരം അവസാനിപ്പിക്കുന്നതിന് വി.എസ് രംഗത്തിറങ്ങിയതിന്റെ പ്രത്യേകതയും പ്രാധാന്യവും ചൂണ്ടിക്കാണിച്ചപ്പോള്‍ വി.എസ്സിന്റെ ആളായതുകൊണ്ട് അങ്ങനെ തോന്നുകയാണെന്ന് കരുതിയവരുണ്ട്.ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും കാണിച്ചത് വഞ്ചനയാണ് എന്നെഴുതിയത് വായിച്ച് 'ഓ,പിന്നെയും മാര്‍ക്സിസ്റ് പക്ഷത്തേക്ക് ചായുകയാണോ' എന്ന് സംശയിക്കാനും ആളുണ്ടായി.
മലയാളി സമൂഹത്തിന് ഒരു മനുഷ്യന്റെ പ്രതികരണങ്ങളെ ഇമ്മട്ടിലല്ലാതെ നിരീക്ഷിക്കാന്‍ വയ്യാതായിട്ട് കുറച്ചുകാലമായി.ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കും വേണ്ടിയല്ലാതെയും ആളുകള്‍ക്ക് പ്രതികരിക്കാനും അഭിപ്രായം പറയാനും കഴിയും എന്ന ലളിതമായ വ്സ്തവത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ മനുഷ്യന്റെ ചിന്താസ്വാ തന്ത്യ്രത്തില്‍ കടുത്ത അവിശ്വായസമുള്ളവരായിത്തീര്‍ന്നിരിക്കുന്നു ഇന്നാട്ടിലെ ജനങ്ങള്‍.
പാര്‍ട്ടികളോടും മറ്റ് പ്രസ്ഥാനങ്ങളോടുമുള്ള എന്റെ മനോഭാവം ജനങ്ങളുടെ പ്രശ്നങ്ങളിലും സാമൂഹ്യസംഭവങ്ങളിലും അവര്‍ സ്വീകരിക്കുന്ന നിലപാടിനനുസരിച്ച് മാറിക്കൊ ണ്ടിരിക്കും.പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഒരു പാര്‍ട്ടിയോട് കൂറ് പ്രഖ്യാപിച്ച് അവരുടെ സകലമാന നടപടികളും ശരിയാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്ന പണി തികഞ്ഞ അനാവശ്യമാണ്.ഇക്കാലത്ത് ഇടതുപക്ഷപ്പാര്‍ട്ടികള്‍ പോലും അത്തരത്തിലുള്ള ധാര്‍മിക പിന്തുണ അല്പമായിപ്പോലും അര്‍ഹിക്കുന്നില്ല.

Wednesday, August 22, 2012

കോതമഗലം സമരം

കോതമംഗലം മാര്‍ ബസേലിയസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ നേഴ്സുമാര്‍ നാല് മാസക്കാലത്തോളം നടത്തിയ സമരവും അതിന്റെ അന്ത്യവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ഇന്നാട്ടിലെ മുഴുവനാളുകളെയും ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ്.ഈ സമരത്തിന്റെ അവസാനഘട്ടത്തില്‍ സകലമാന രാഷ്ട്രീയപ്പാര്‍ട്ടികളും അനുഭാവികളുടെ വേഷം കെട്ടി രംഗത്തെത്തിയെങ്കിലും പ്രശ്നപരിഹാരത്തിനുള്ള ആത്മാര്‍ത്ഥമായ ഇടപെടല്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.സമരം ചെയ്യുന്ന നേഴ്സുമാര്‍ തങ്ങളുടെ പ്രതീക്ഷ മുഴുവന്‍ അര്‍പ്പിച്ചത് വി.എസ്.അച്യുതാനന്ദന്‍ എന്ന വ്യക്തിയിലാണ്.ചികിത്സയിലായിരുന്നിട്ടും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മറികടന്ന് വൃദ്ധനായ ആ മനുഷ്യന്‍ വന്ന് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയതയോടെയാണ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന തീരുമാനത്തിലേക്ക് ആസ്പത്രി അധികൃതര്‍ എത്തിയത്.കേരളത്തിന്റെ സമീപകാല സമരചരിത്രത്തിലെ ഏറ്റവും വികാരപൂര്‍ണമായ അനുഭവമാണത്.
സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് നേരത്തെ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നേഴ്സുമാര്‍ക്ക് സമരരംഗത്തിറങ്ങേണ്ടി വന്നത്.ആ സമരം തികച്ചും ന്യായമാണ് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം പ്രദേശത്തെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയം മറന്ന് നേഴ്സുമാര്‍ക്ക് പിന്തുണ നല്‍കാന്‍ മുന്നിട്ടിറങ്ങിയത്.അതിന്റെ ഭാഗമായാണ് അവര്‍ക്ക് പോലീസുമായി ഏറ്റുമുട്ടേണ്ടി വന്നത്.അക്കൂട്ടത്തില്‍ പെട്ട ചിലരെയാണ്  ഇപ്പോള്‍ പൊതുഗതാഗതം തടസ്സപ്പെടുത്തല്‍, പോലീസുകാരെ ആക്രമിക്കല്‍,ആത്മഹത്യാപ്രേരണ തുടങ്ങിയ കേസുകള്‍ ചുമത്തി അറസ്റ് ചെയ്തിരിക്കുന്നത്.
നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതിരുന്ന, അവരില്‍ മൂന്നുപേരെ ആത്മഹത്യാഭീഷണി മുഴക്കാന്‍ നിര്‍ബന്ധിതരാക്കിയ യാതാനാപൂര്‍ണമായ ഒരു ദീര്‍ഘസമരത്തിന് കാരണക്കാരായ  ആസ്പത്രി അധികൃതര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തപ്പെട്ടിട്ടില്ല.സമരത്തിന് പിന്തുണയുമായി എത്തിയ ജനങ്ങളെ മര്‍ദ്ദിച്ച പോലാസുകാര്‍ക്കെതിരെയും ഒരു നടപടിയും ഇല്ല.
കോതമംഗലം സമരത്തെ പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പ്രകോപനപരമായ മൌനം പാലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ ജനങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രിയുമെല്ലാം ഈ പ്രശ്നത്തെ സംബന്ധിച്ചിടത്തോളം കടുത്ത കുറ്റവാളികളാണ്.നേഴ്സുമാരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നു പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നിന്ന് കുറ്റവാളികളെ കണ്ടെത്തുകയും യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്ത ആസ്പത്രി അധികൃതരെ സംരക്ഷിച്ചു നിര്‍ത്തുകയും  ചെയ്യുന്ന നടപടി അങ്ങേയറ്റത്തെ വഞ്ചനയാണ്.
കൊടിയ ചൂഷണങ്ങള്‍ക്ക് വിധേയരായി നമ്മുടെ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്നവരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് മുന്നോട്ടു വരാന്‍ ഇന്നാട്ടിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും തയ്യാറല്ലെന്നാണ് കോതമംഗലത്തെ നേഴ്സുമാരുടെ സമരത്തില്‍ നിന്ന് വ്യക്തമായത്.അതേ സമയം പാര്‍ട്ടികളൊന്നും പിന്തുണക്കാനെത്തിയിലെങ്കിലും എല്ലാ പാര്‍ട്ടികളിലും പെട്ട സാധാരണജനങ്ങള്‍ തങ്ങളോടൊപ്പം ജീവിക്കുന്നവരുടെ അവകാശ സമരത്തെ പിന്തുണച്ച് അധികാരികള്‍ക്കെതിരെ തിരിയാന്‍ അറച്ചു  നില്‍ക്കില്ലെന്നും ഈ സമരത്തില്‍ നിന്ന് വ്യക്തമായി.കേരളസമൂഹം ജനകീയ സമരങ്ങളുടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയെന്ന് സംശയാതീതമായി വ്യക്തമാക്കിയ രണ്ട് സമീപകാല സമരങ്ങളില്‍ ഒന്നാണ് കോതമംഗലത്തെ നേഴ്സുമാരുടെ സമരം.മറ്റേത് വിളപ്പില്‍ശാല സമരവും.

Saturday, August 18, 2012

കവിതാഡയറി

54
മൂന്നു പെണ്‍കുട്ടികള്‍ ദൈവത്തിന്റെ വീടിന് വളരെ അരികെയെത്തിയിരുന്നു
ദൈവം പക്ഷേ പുരോഹിതന്റെ മണിമാളികയില്‍ രാവും പകലും വിരുന്നിലായിരുന്നു
കള്ളപ്പണക്കാരുടെ കൈ പിടിച്ചു കുലുക്കിയും കൈപ്പടത്തില്‍ മുത്തിയും
മടുത്തപ്പോള്‍ അദ്ദേഹം പതുക്കെ പുറത്തേക്കു നോക്കി. തൂവെള്ള ജുബ്ബയും മുണ്ടും ധരിച്ച
ഒരു വൃദ്ധന്‍ ആ പെണ്‍കുട്ടികളെ അത്യുന്നതങ്ങളിലെ മഹാശൂന്യതയില്‍ നിന്ന് ഭൂമിയുടെ മഹത്വത്തിലേക്ക് ഇറക്കിക്കൊണ്ടു വരുന്നത് ദൈവം കണ്ടു.
17/8/2012

Thursday, August 9, 2012

വിജയന്‍ മാഷുടെ രണ്ട് പ്രസ്താവനകള്‍

ബി.ജെ.പി നേതാവായ ജയകൃഷ്ണന്‍ മാസ്റര്‍ കൊല്ലപ്പെട്ടപ്പോഴും പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്തു കേന്ദ്രം ചുട്ടുകരിച്ചപ്പോഴും എം.എന്‍.വിജയന്‍ നടത്തിയ പ്രസ്താവനകള്‍ ഇടക്കിടെ പൊതുസമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന പലരുമുണ്ട്.മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ കടുത്ത ശത്രക്കളും ശുദ്ധ ഹ്യൂമനിസിറ്റുകളായി ഭാവിക്കുന്നവരുമൊക്കെയാണ് ആദ്യകാലത്ത് ഇത് ചെയ്തിരുന്നത്.ഇപ്പോഴാണെങ്കില്‍ പാര്‍ട്ടി അനുകൂലികളായ ചിലര്‍ തന്നെ സ്വതന്ത്ര ചിന്തകരായി ഭാവിച്ച് ഈ കൃത്യത്തില്‍ ഏര്‍പ്പെടുന്നത് കാണാറുണ്ട്.
വിജയന്‍ മാഷുടെ മേല്പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദീകരി ക്കുന്നതിനുവേണ്ടിയാണ് ഈ കുറിപ്പ്.
ജയകൃഷ്ണന്‍ മാസ്ററെ ക്ളാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കൊല ചെയ്തപ്പോള്‍ സാധാരണ ജനങ്ങളും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം അതിനെ ശക്തമായി അപല പിച്ചുകൊണ്ട് രംഗത്ത് വന്നു.വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിക്കൊന്നതിലെ കൊടുംക്രൂരതയും അങ്ങേയറ്റത്തെ മനുഷ്യത്വരാഹിത്യവുമാണ് അവരെല്ലാം ചൂണ്ടിക്കാ ണിച്ചത്.അത് നൂറ് ശതമാനവും ശരിയായിരുന്നു.ഈ ഘട്ടത്തിലാണ് അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് ഒരു മകനെ കൊല്ലുന്നത് ഇത്രയും തന്നെ ക്രൂരമാണ് എന്ന് വിജയന്‍ മാഷ് പറഞ്ഞത്.എസ്.എഫ്.ഐ നേതാവ് സുധീഷിന്റെ കൊലപാതകത്തെ ഓര്‍മിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.സുധീഷിനെ രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് വൃദ്ധരായ മാതാപിതാക്കളുടെ കണ്മുന്നിലിട്ടാണ് ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്നത്.ജയകൃഷ്ണന്‍ മാസ്ററുടെ വധത്തില്‍ നടുക്കവും രോഷവും ദു:ഖവും പ്രകടിപ്പിച്ചവര്‍ സുധീഷിന്റെ മരണത്തില്‍ മൌനം പാലിച്ചതിനെ ഓര്‍ത്തുകൊണ്ടുള്ളതായിരുന്നു വിജയന്‍മാഷുടെ പ്രസ്താവന. രണ്ട് കൊലപാതകങ്ങളും ഒന്നുപോലെ ക്രൂരമാണ്,ഒന്നിന്റെ ക്രൂരത മറ്റേതിന്റേതിനേക്കാള്‍ കൂടുതലോ കുറവോ അല്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ  പച്ച മലയാളം.കണ്ണൂര്‍ ജില്ലയില്‍ തുടരെത്തുടരെ ബി.ജെ.പി മാര്‍ക്സിസ്റ് സംഘട്ടനങ്ങളും എണ്ണം തികക്കാനായി മത്സരിച്ചുള്ള കൊലപാതകങ്ങളും നടന്നുകൊണ്ടിരുന്ന കാലത്താണ് വിജയന്‍ മാഷ് ഈ പ്രസ്താവന നടത്തിയത് എന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.
പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്ത് കേന്ദ്രം പാര്‍ട്ടി അനുകൂലികള്‍ തീവെച്ച് നശിപ്പിച്ചത് ഭ്രാന്തമായ ഒരു നടപടിയായിരുന്നു.കണ്ണൂരിലെ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയുടെ ഭരണം പിടിക്കാന്‍ എം.വി.രാഘവന്‍ സര്‍വസന്നാഹങ്ങളും നടത്തുകയും കണ്ണൂര്‍ നഗരത്തിലേക്കുള്ള പ്രവേശനം തന്നെ ഏതാനും മണിക്കൂര്‍ നേരത്തേക്ക് പോലീസിനെ ഉപയോഗിച്ച് തടയുകയും സുശീലാഗോപാലനു നേരെ പോലും പോലീസ് അതിക്രമം ഉണ്ടാവുകയും ചെയ്ത ഘട്ടത്തിലാണ് പാര്‍ട്ടിനേതാവായിരിക്കെ പാര്‍ട്ടിയുടെ സകല സഹായങ്ങളും ഉപയോഗിച്ച് എം.വി.രാഘവന്‍ സ്ഥാപിച്ച പറശ്ശിനിക്കടവിലെ പാമ്പ് വളര്‍ത്തുകേന്ദ്രത്തിനെതിരെ പാര്‍ട്ടിക്കാര്‍ തിരിഞ്ഞത്.'ആ മിണ്ടാപ്രാണികളെ എന്തിന് കൊലചെയ്തു?അവര്‍ക്ക് രാഷ്ട്രീയമില്ലല്ലോ?' എന്ന് അര്‍ത്ഥം വരുന്ന ഒരു പ്രസ്താവന ഈ ഘട്ടത്തില്‍ സുഗതകുമാരിയില്‍ നിന്ന് ഉണ്ടായി.വന്യജീവികളെ പോറ്റിവളര്‍ത്തുന്ന ഒരു സ്ഥാപനം രാഷ്ട്രീയത്തിന്റെ പേരില്‍ നശിപ്പിച്ചതിലെ ക്രൂരതയെ കുറിച്ച് മറ്റ് പലരും വാചാലരാവുകയും ചെയ്തു.ഈ ഘട്ടത്തിലാണ് എം.എന്‍.വിജയന്‍ രണ്ട് കാര്യങ്ങള്‍ ഓര്‍മിപ്പിച്ചത്.
1. മനുഷ്യരെ( അവരാണല്ലോ രാഷ്ട്രീയ എതിരാളികള്‍) കൊല്ലുന്നതിനേക്കാള്‍ ഭേദമാണ് പാമ്പുകളെ കൊല്ലുന്നത്.
2.പാമ്പ് വളര്‍ത്തുകേന്ദ്രം മനുഷ്യര്‍ അവരുടെ ആഹ്ളാദത്തിനുവേണ്ടി പാമ്പുകളെയും ആമകളെയും കുരങ്ങ•ാരെയുമെല്ലാം വളര്‍ത്തുന്ന സ്ഥലമാണ്.അതല്ലാതെ ഈ ജീവികളുടെ സ്വാഭാവിക വാസസ്ഥലമല്ല.അവയെ മനുഷ്യര്‍ അവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കയാണ്.'അവരെ അവിടെ പോറ്റിവളര്‍ത്തുകയാണ്,അവര്‍ക്കവിടെ സുഖമാണ്' എന്നുള്ളതൊക്കെ മനുഷ്യരുടെ ധാരണയാണ്.മിണ്ടാപ്രാണികള്‍ അത് പങ്കുവെക്കുകയില്ല.
രണ്ട് സന്ദര്‍ഭങ്ങളിലും വിജയന്‍മാഷ് പറഞ്ഞ കാര്യങ്ങള്‍ തികച്ചും യുക്തിസഹമായിരുന്നു. പക്ഷേ,അദ്ദേഹം ഈ പ്രസ്താവനകള്‍ നടത്തിയത് മാര്‍ക്സിസ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി തന്നെയായിരുന്നു എന്ന സത്യം മറച്ചുവെക്കാവുന്ന ഒന്നല്ല.വളരെ വിനാശകരമായ രണ്ട് സന്ദര്‍ഭങ്ങളില്‍ മുഖം രക്ഷിക്കാന്‍ കണ്ണൂര്‍ജില്ലയിലെ മാര്‍ക്സിസ്റ് പാര്‍ട്ടിക്ക് ഈ പ്രസ്താവനകള്‍ അങ്ങേയറ്റം സഹായകമായിത്തീര്‍ന്നു എന്നതും വസ്തുതയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം പല ഘട്ടങ്ങളിലും നേര്‍വഴികള്‍ വിട്ട് സഞ്ചരിക്കാറുണ്ടെന്നത് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.വിരുദ്ധ താല്പര്യങ്ങള്‍ തമ്മില്‍ കടുത്ത സംഘര്‍ഷം നടക്കുന്ന മേഖലയാണിത്.പല പ്രകൃതക്കാരായ മനുഷ്യരാണ് ഇതില്‍ വ്യാപരിക്കുന്നത്.സമൂഹത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന വര്‍ഗത്തിന്റെയും പാര്‍ട്ടിയുടെയും അധികാരകേന്ദ്രത്തിന്റെയും മറ്റും നീതിനിഷേധങ്ങളെയും ചൂഷണത്തെയും അക്രമങ്ങളെയും വളരെ സുതാര്യവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ചോദ്യം ചെയ്തും തിരുത്തിച്ചും മുന്നേറുക എളുപ്പമാവില്ല.തക്കം നോക്കി അടവുകളും തന്ത്രങ്ങളുമെല്ലാം പ്രയോഗിച്ചു തന്നെയാണ് എല്ലാ പാര്‍ട്ടികളും നിലനിന്നുവരുന്നത്.മറുവശത്ത് തങ്ങളെ ഏത് ഘട്ടത്തിലും അപകടപ്പെടുത്താന്‍ കെല്പുള്ള സൂത്രശാലികളായ എതിരാളികളാണുള്ളത്  എന്ന കാര്യം ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും അറിയാം.അതുകൊണ്ട് ഈ രംഗം വളരെ പെട്ടെന്നൊന്നും നീതിയും സമാധാനവും കളിയാടുന്ന ആഹ്ളാദരമായ ഒരു പ്രവര്‍ത്തന മണ്ഡലമായി മാറും എന്ന് പ്രതീക്ഷിച്ചു കൂടാ.പക്ഷേ,എഴുത്തുകാരും കലാകാര•ാരും ബുദ്ധിജീവികളുമൊക്കെ ഏത് രാഷ്ട്രീയ സന്ദര്‍ഭത്തിലും നേര്‍ക്കുനേരെ കാര്യങ്ങള്‍ പറയുന്നതാണ് സമൂഹത്തിന് മൊത്തത്തില്‍ ഗുണകരം.അതുകൊണ്ട് തന്നെ വിജയന്‍ മാഷുടെ തികച്ചും യുക്തിസഹമായ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതു തന്നെയായിരുന്നു എന്നാണ് എന്റെ അഭിപ്രായം.ഇത് ഇപ്പോള്‍ ഒരു വീണ്ടുവിചാരത്തില്‍ നിന്ന് ഉണ്ടായതല്ല.നേരത്തേ ഇതു തന്നെയായിരുന്നു എന്റെ അഭിപ്രായം.അത് വേദികളിലോ അല്ലാതെയോ പ്രത്യേകമായി പറയേണ്ടതുണ്ട് എന്ന് തോന്നിയ സന്ദര്‍ഭം ഇതിന് മുമ്പ് ഉണ്ടായില്ലെന്ന് മാത്രം.
(ജനശക്തി വാരിക 2012 ആഗസ്ത്4-10)

Saturday, August 4, 2012

അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക്

അറുപതാം വയസ്സില്‍ ഒരു സന്ധ്യക്ക് അന്തിമിനുക്കം മായുന്ന കടല്‍ക്കരയില്‍ വെച്ച് ആ അത്ഭുതം സംഭവിച്ചു.ആറാം വയസ്സില്‍ വായിച്ച ജാപ്പാനീസ് നാടോടിക്കഥയിലെ പല നിറങ്ങളുള്ള ആമ ഏതോ തിരപ്പുറത്ത് തീരത്തണഞ്ഞു.കാലം പായല്‍ പരത്താത്ത ഓര്‍മകള്‍ കനം തൂങ്ങുന്ന കണ്‍പോളക്കടിയിലെ കണ്ണീരിന്റെ മറയിലൂടെ എന്റെ ഉടലും ഉയിരുമുഴിഞ്ഞ് അവള്‍ ഒന്നുമൊന്നും മിണ്ടാതെ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു:"ആരംഭം മുതല്‍ എല്ലാമെനിക്കോര്‍മയുണ്ടോമനേ.നിന്റെ പുറത്തേറി ഞാന്‍ പുറം കടലിലേക്ക് വന്നു.നീലക്കടലാമകള്‍ കാവല്‍ നിന്ന ജലകവാടം കടന്ന് എണ്ണിയാലൊടുങ്ങാത്ത ചില്ലുപടവുകളിറങ്ങി എന്നെയും കൊണ്ട് നീ ആഴത്തിലാഴത്തിലേക്ക് പോയി.കടല്‍പ്പച്ചകള്‍ മുറ്റത്തു നൃത്തം വെക്കുന്ന പവിഴക്കൊട്ടാരത്തില്‍ നാം ചെന്നുചേര്‍ന്നു.പിന്നെ നീ രാജകുമാരിയും ഞാന്‍ രാജകുമാരനുമായി.കരയിലെ കാലക്കണക്കിന് കോരിയെടുക്കാനാവാത്ത കാലമത്രയും അവിടെ നാം കഥയിലെന്ന പോലെ സുഖമായി ജീവിച്ചു.അമ്മ,അച്ഛന്‍,സഹോദരങ്ങള്‍,പഴയ കളിക്കൂട്ടുകാര്‍ കരയിലെ സ്നേഹത്തിന്റെ മിടിപ്പുകള്‍ എന്നോ ഒരുനാള്‍ ആഴത്തില്‍ വന്നുമുഴങ്ങി.എന്റെ കാതിലും കരളിലും ഓര്‍മയുടെ കടല്‍ക്കാറ്റുകള്‍ ഇരമ്പി.വേട്ടക്കാരുടെ കണ്‍വലയില്‍ പെട്ട വെള്ളത്തിമിംഗലത്തെപ്പോലെ ഞാന്‍ മുറിഞ്ഞു പിടഞ്ഞു.കടല്‍ വൈദ്യ•ാരുടെ കൈപ്പുണ്യവും നിന്റെ സ്നേഹത്തിന്റെ മഹാമന്ത്രങ്ങളും എനിക്ക് രക്ഷയാവില്ലെന്നുറപ്പായപ്പോള്‍ എന്നെയും കൊണ്ട് നീ പുറപ്പെട്ടു.നൂറ്നൂറ് തിരമാലകളുടെ നിലവിളികള്‍ നെഞ്ചിലൊതുക്കി തീരമണലിലെത്തി  നിവര്‍ന്നപ്പോള്‍ നിറങ്ങള്‍ നൃത്തം വെക്കുന്ന കുഞ്ഞുപെട്ടിയെനിക്ക് സമ്മാനമായിത്തന്ന് നീ പറഞ്ഞു: ഇത് കയ്യിലുള്ള കാലം വരെ നിനക്ക് വേദനയും മരണവുമില്ല.പക്ഷേ,ഒരിക്കലുമിത് തുറന്നു നോക്കരുത്.ആഴക്കടലിലെ ആനന്ദത്തിലേക്ക് മടങ്ങാന്‍ ആത്മാവ് വിറകൊള്ളുന്ന നിമിഷം ഈ പെട്ടിയുമായി ഇവിടെ വന്നുനിന്ന് ഇതിനുമേല്‍ പതുക്കെ വിരലോടിക്കുക,കണ്ണടച്ചുതുറക്കുംമുമ്പ് ഞാന്‍ മുന്നിലെത്തും.കടലിനടിയിലെ കൊട്ടാരത്തിലേക്ക് എന്റെ ജീവനേ, പിന്നെയും നിന്നെ ഞാന്‍  കൊണ്ടുപോവും.കടലുമാകാശവും മറന്ന് ഞാന്‍ കോരിത്തരിച്ചു.ഒരിക്കല്‍ക്കൂടി കടലാമയായി തിരകള്‍ക്കിടയിലെ സ്ഫടികവീഥിയില്‍ നീ തുഴഞ്ഞകന്നപ്പോള്‍ ഞാന്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു.പക്ഷേ,ആഴത്തില്‍ നീ അദൃശ്യയായപ്പോള്‍ അറിയാനുള്ള ആര്‍ത്തിയാലടക്കം മറന്ന് ഞാന്‍ വാക്കുതെറ്റിച്ചു.നീ തന്ന സമ്മാനപ്പെട്ടി ഞാന്‍ വലിച്ചുതുറന്നു.കണ്ണഞ്ചുന്ന ഏതോ ഒരു വെളിച്ചം അതില്‍ നിന്ന് പറന്നകന്നു.നിമിഷാര്‍ദ്ധം കൊണ്ട് ഞാന്‍ വളര്‍ന്ന് വൃദ്ധനായി.ജരാനരകളെന്നെ കീഴടക്കി.പല്ലുകള്‍ കൊഴിഞ്ഞു.കാഴ്ച മങ്ങി.കാത് കേള്‍ക്കാതായി.പിടഞ്ഞുപിടഞ്ഞുവീണ് ഞാന്‍ അവസാനശ്വാസത്തിന് വാ പിളര്‍ന്നു.
ക്ഷമിക്കണം
കഥ മുഴുവന്‍ എനിക്കോര്‍മയുണ്ട്
ഇനി പറയൂ എന്റെ ഓമനേ
ആ പെട്ടിയില്‍ എന്തായിരുന്നു?
ഞൊടിയിടയില്‍
എന്നെ വൃദ്ധനാക്കി മരണത്തിനു കൈമാറുന്ന ഏതറിവാണ്
നീയതില്‍ സൂക്ഷിച്ചുവെച്ചിരുന്നത്?
ജ•ം കൊണ്ടും പ്രണയം കൊണ്ടുമറിയാനാവാത്ത ഏത് മഹാരഹസ്യം?
ഏതാത്യന്തികസത്യം?
പറയൂ പ്രിയപ്പെട്ടവളേ, നമ്മുടെ ജീവിതകഥയില്‍
അതൊന്നു മാത്രമേ എനിക്കറിയാതുള്ളൂ
അതേ എനിക്കറിയേണ്ടതുള്ളൂ.

(തോര്‍ച്ച സമാന്തര മാസിക,2012-ജൂണ്‍,ജൂലൈ)

Friday, August 3, 2012

തുല്യനീതി

പി.ജയരാജനെ അറസ്റ് ചെയ്ത നടപടി പൂര്‍ണമായും ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ അദ്ദേഹം ചെയ്തതിനേക്കാള്‍ വലിയ തെറ്റ് ചെയ്തതായി ആരോപിതനായിരിക്കുന്ന മുസ്ളീംലീഗ് എം.എല്‍.എ കൂടി അറസ്റ് ചെയ്യപ്പെടണം.അത് സംഭവിക്കാത്തിടത്തോളം സര്‍ക്കാര്‍ നടപടി പക്ഷപാതപരമാണ് എന്ന ആരോപണം പ്രസക്തമാണ്.ഇക്കാര്യം ബഹുജനസമക്ഷം അവതരിപ്പിച്ച് പ്രതിഷേധിക്കാനും പ്രക്ഷോഭ പരിപാടികള്‍ (അക്രമ പ്രവര്‍ത്തനങ്ങളല്ല)സംഘടിപ്പിക്കാനുമുള്ള ധാര്‍മികാവകാശം തീര്‍ച്ചയായും സി.പി.ഐ(എം)ന് ഉണ്ട്.ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും ഷുക്കൂര്‍ വധക്കേസുമെല്ലാം ശരിയായ രീതിയില്‍ തന്നെ അന്വേഷിക്കുന്നു എന്ന്  ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ നടപടി ജനങ്ങള്‍ക്കിടയില്‍ അവരുടെ നിഷ്പക്ഷതയെ പറ്റി വലിയ അവിശ്വാസം ജനിപ്പിച്ചിട്ടുണ്ട്.നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ ഉണ്ടായിരിക്കില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഗവണ്‍മെന്റിനുണ്ട്.അക്കാര്യത്തിലുള്ള ഒളിച്ചുകളികള്‍ക്ക് ന്യായീകരണം സാധ്യമല്ല.
ജയരാജനെ അറസ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ എല്ലാ അക്രമസംഭവങ്ങളും തികച്ചും അപലപനീയമാണ്.ഒരു ചെറുപ്പക്കാരന്‍ ചവിട്ടിക്കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും.
2/8/12   

Thursday, July 26, 2012

സ്വതന്ത്ര കൂട്ടായ്മകളുടെ ശ്രദ്ധക്ക്

ജനാധിപത്യവിശ്വാസികളും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം മാഫിയാരാഷ്ട്രീയത്തിന്നെതിരായ സ്വതന്ത്രകൂട്ടായ്മകളെ കുറിച്ചുള്ള ആലോചനകളിലും പ്രാരംഭപ്രവര്‍ത്തനങ്ങളിലുമാണ്.ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തരം കൂടിച്ചേരലുകളിലേക്ക് ജനങ്ങളെ നയിക്കുന്നത്. ഈ കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണ്. സാമൂഹ്യവിശകലനത്തിന് സ്വീകരിക്കുന്ന സങ്കേതങ്ങള്‍,അവയെ നിയന്ത്രിക്കുന്ന അടിസ്ഥാനാശയങ്ങള്‍,പുരോഗതിയെ കുറിച്ചുള്ള സങ്കല്പങ്ങള്‍,വര്‍ത്തമാനത്തിലെ പൊതുജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇവയെ കുറിച്ചൊക്കെ ഓരോരുത്തരും സ്വരൂപിച്ചിട്ടുള്ള ധാരണകളെ അട്ടിമറിച്ചുകൊണ്ട് സര്‍വസമ്മതമായ പുതിയ ചില തീര്‍പ്പുകളില്‍ എത്തിച്ചേരാനാവുമെന്ന പ്രതീക്ഷയോടെയല്ല ഈ കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ടത്. നിരന്തരമായ സംവാദങ്ങളിലൂടെ കൈവരുന്ന വീണ്ടുവിചാരങ്ങളിലൂടെ വളരെ സാവകാശത്തിലും വ്യക്തിഗതാനുഭവങ്ങളിലൂടെ ചിലപ്പോള്‍ അതിവേഗത്തിലും ഒരാളുടെ ആശയലോകത്തില്‍ മാറ്റം സംഭവിക്കാം.അത് സംഭവിച്ചുകൊള്ളട്ടെ.
കൊലപാതകരാഷ്ട്രീയത്തിന്നെതിരായും ജനാധിപത്യമൂല്യങ്ങളുടെ പുന:സ്ഥാപനത്തിനുമായി ആരംഭിക്കുന്ന കൂട്ടായ്മകള്‍ അതിലെ അംഗങ്ങളെ മുഴുവന്‍ ഒരേയൊരു രാഷ്ട്രീയാഭിപ്രായത്തിനു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത്. നമ്മുടെപൊതുജീവി തത്തെയും വ്യക്തിജീവിതത്തെ തന്നെയും വളരെ അപകടകരമായി ബാധിക്കുന്ന അത്യന്തം ഗൌരവപൂര്‍ണമായ ചില രാഷ്ട്രീയ സാംസ്കാരികപ്രശ്നങ്ങള്‍ ബഹുജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള ആലോചനകള്‍ പങ്കുവെക്കുന്നതിനും സമാഹരിക്കുന്നതിനും ഏറ്റവും വേഗത്തില്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ എന്തൊക്കെ ചെയ്തുതുടങ്ങാനാവും എന്നതിനെ കുറിച്ച് ചുരുക്കും ചില തീര്‍പ്പുകളിലെങ്കിലും എത്തിച്ചേരുന്നതിനാണ് അവ മുന്‍ഗണന നല്‍കേണ്ടത്.
നാം ഒരു സ്വതന്ത്രജനതയാണെന്ന് വിശ്വസിക്കുകയും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുകയും അതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങളെല്ലാം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥമായ രാഷ്ട്രീയ സ്വാതന്ത്യ്രം ഇനിയും നമുക്ക് കൈവന്നിട്ടില്ല.നമ്മുടെ സ്വാതന്ത്യ്രത്തെ അതിന്റെ പ്രാഥമിക തലത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നത് ഏതെങ്കിലും വിദേശശക്തിയല്ല.മുന്‍കാലങ്ങളിലെ പോലെ വോട്ടര്‍മാരെ വിലക്കെടുക്കുന്ന വലിയ സാമ്പത്തിക അധികാര കേന്ദ്രങ്ങളുമല്ല. നമ്മുടെ നാട്ടില്‍ നമുക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ഭാവിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് അത് ചെയ്യുന്നത്.ഓരോ പാര്‍ട്ടിക്കും അതാതിന്റെതായ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ള അവസ്ഥ കേരളത്തില്‍ പലേടത്തുമുണ്ട്. കാസര്‍ ഗോഡ്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലാണ് അവ ഏറ്റവും ഭീഷണമായ കരുത്തോടെ നിലനിന്നു വരുന്നത്. സി.പി.ഐ(എം),ബി.ജെ.പി,മുസ്ളീംലീഗ് എന്നീ പാര്‍ട്ടികള്‍ക്കാണ് പാര്‍ട്ടി ഗ്രാമങ്ങളുടെ സൃഷ്ടിയില്‍ മേല്‍ക്കയ്യുള്ളത്. മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായങ്ങളെ മാനിക്കാതിരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും വളരെയൊന്നും പുറകിലല്ല. ആദ്യമായി നാം പരിഹാരം തേടേണ്ടത് ഈയൊരു പ്രശ്നത്തിനാണ്.രാഷ്ട്രീയസ്വാതന്ത്യ്രവും ജനാധിപത്യവും നടപ്പില്‍ വരുത്തുക എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തുക.ഏത് വിഷയത്തെ പറ്റിയും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ടെന്നും താന്‍ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തുക,വോട്ട് രേഖപ്പെടുത്തുക,ബൂത്തില്‍ ഏജന്റായി പ്രവര്‍ത്തിക്കുക തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പങ്കെടുക്കാന്‍ രാജ്യത്തെ ഓരോ പൌരനും അവകാശമുണ്ടെന്നുമുള്ള കാര്യം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുള്ളവരെയും നിരന്തരം ഓര്‍മിപ്പിക്കുക.ഇത് അടിയന്തിര പ്രാധാന്യമുള്ള ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്.ജനാധിപത്യാവകാശങ്ങളെ കുറിച്ചുള്ള ഏറ്റവും പ്രാഥമികമായ ധാരണകളില്‍ നിന്നു പോലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അത്രയധികം അകന്നുപോയിട്ടുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള വ്യക്തികളുടെ ബന്ധം തികഞ്ഞ വിധേയത്വമായും അടിമത്തമായും മാറുന്ന അവസ്ഥ അതിപരിചിതമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സമൂഹത്തിന്.പാര്‍ട്ടിമെമ്പര്‍മാരുടെയും അനുഭാവികളുടെയും കൂറിന് ഒരു സാഹചര്യത്തിലും ഇളക്കം തട്ടില്ല എന്ന ഉറച്ച വിശ്വാസമാണ് അഴിമതിക്കും കൊലപാതകം വരെയുള്ള എല്ലാ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള ധൈര്യം നേതാക്കള്‍ക്ക് നല്‍കുന്നത്.ജനങ്ങള്‍ സ്വയം അവരുടെ ജനാധിപത്യാവകാശങ്ങള്‍ പാര്‍ട്ടിക്കു മുന്നില്‍ അണിയറവെക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ജനവിരുദ്ധനേതൃത്വങ്ങള്‍ക്ക് വഴിവെക്കുമെന്നറിയാമായിരുന്നതുകൊണ്ടാണ് ഏകാധിപത്യത്തിന് എല്ലാ സൌകര്യങ്ങളും നിലനില്‍ക്കെത്തന്നെ ചൈനയില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ മാവോസേതൂങ് പരസ്യമായി പ്രോത്സാഹിപ്പിച്ചത്.കാര്യങ്ങള്‍ പക്ഷേ അദ്ദേഹം ആഗ്രഹിച്ചതില്‍ നിന്നൊക്കെ എത്രയോ അകന്ന മാര്‍ഗങ്ങളിലും ലക്ഷ്യങ്ങളിലുമാണ് എത്തിച്ചേര്‍ന്നത് എന്നത് മറ്റൊരു കാര്യം.രാജ്യത്തിന്റെ പരമാധികാരം ഒരു നൂറ്റാണ്ട് കഴിഞ്ഞാല്‍ പോലും സ്വപ്നം കാണാനാവാത്ത അവസ്ഥയിലാണെങ്കിലും സി.പി.ഐ(എം)ന് സ്വന്തം അണികള്‍ക്ക് അത്തരം സ്വാതന്ത്യ്രങ്ങള്‍ അനുവദിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവാത്തതാണ്.മറ്റ് പാര്‍ട്ടികള്‍ അത്രത്തോളം പോവുന്നില്ലെങ്കിലും തുറന്ന മനസ്സോടെ എതിരഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതി അവയ്ക്കും ഏറെക്കുറെ അപരിചിതം തന്നെ.പാര്‍ട്ടിയോ പാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയോ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഉള്ള ഒരാള്‍ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍ അതിനെ ഗ്രൂപ്പ് വഴക്കിന്റെ ഉല്പന്നമായി മാത്രം മനസ്സിലാക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.എതിരഭിപ്രായങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഉയര്‍ത്തപ്പെടുന്നത് ഗ്രൂപ്പ് വഴക്കുകളുടെ പശ്ചാത്തിലാണെന്നതും ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വസ്തുതയാണ്. സമീപകാല
ത്തു മാത്രമാണ് അതിന് ചെറിയ തോതില്‍ മാറ്റം വന്നുതുടങ്ങിയത്.
പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കള്‍ തന്നെയും ഒരു പ്രശ്നത്തെ പറ്റിയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് മുതിരാതിരിക്കുന്നത് വ്യക്തിഗതമായ പല നഷ്ടങ്ങളെയും ഭയന്നാണ്.പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തിലെ ഉദ്യോഗം മുതല്‍ പാര്‍ട്ടിയുടെ പരമാധികാരക്കമ്മിറ്റിയിലെ അംഗത്വം വരെയുള്ള സകലതിനും പാര്‍ട്ടിക്കൂറ് എന്ന മറുപേരില്‍ അറിയപ്പെടുന്ന ഭയവും സ്വന്തം അഭിപ്രായം മൂടി വെച്ച് 'അടിയന്‍' എന്നു പറയാനുള്ള സന്നദ്ധതയുമാണ് അടിസ്ഥാന യോഗ്യതകള്‍ എന്നു വരുന്നത് അങ്ങേയറ്റം ആപല്‍ക്കരമായ അവസ്ഥയാണ്.പാര്‍ട്ടിയോട് ഈ മട്ടില്‍ ഭയഭക്തികള്‍ കാണിക്കുന്നതിന്റെ ശ്വാസം മുട്ടലിന് ഇക്കൂട്ടര്‍ പരിഹാരം കാണുന്നത് പൊതുസമൂഹത്തിനു നേരെ പ്രയോഗിക്കുന്ന ധാര്‍ഷ്ട്യത്തിലൂടെയാണ്.രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തിലൂടെ സമൂഹത്തിന് നിത്യപരിചിതമായിത്തീര്‍ന്നിരിക്കുന്ന ഈ ധാര്‍ഷ്ട്യം ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ഏതാണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും സ്വഭാവത്തിന്റെ ഭാഗമായിത്തീര്‍ന്നതിന്റെ ഫലമായി അനുഭവിക്കേണ്ടി വരുന്ന വീര്‍പ്പുമുട്ടലാണ് ഇപ്പോള്‍ കേരള സമൂഹത്തിന്റെ ഏറ്റവും വലിയ മാനസികയാഥാര്‍ത്ഥ്യം.രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയ്ക്കുള്ളിലും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യധ്വംസനത്തെ കുറിച്ചുള്ള നിരന്തര ചര്‍ച്ചകളിലൂടെയും സ്വതന്ത്രമായ മറ്റ് ആശയവിനിമയങ്ങളിലൂടെയും മാത്രമേ ഈ ഭീഷണയാഥാര്‍ത്ഥ്യത്തിന്റെ പിടിയില്‍ നിന്ന് നമ്മുടെ സമൂഹത്തിന് രക്ഷപ്പെടാനാവുകയുള്ളൂ.
 എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുഴുവന്‍ ശ്രദ്ധയും അധികാരത്തിലും ധനാര്‍ജനത്തിലും കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവ ഏറെക്കുറെ പൂര്‍ണമായിത്തന്നെ ശ്രദ്ധ പിന്‍വലിച്ചു എന്നതാണ് കേരളത്തിലെ പൊതുജീവിതം നേരിടുന്ന മറ്റൊരു മഹാദുരന്തം.സാംസ്കാരിക മേഖലയിലെ പുത്തന്‍ സര്‍ഗാത്മകാവിഷ്ക്കാരങ്ങളും സ്വതന്ത്രമായ ആശയവിനിമയങ്ങളുമാണ് ഏത് സമൂഹത്തെയും മുന്നോട്ടു നയിക്കുന്ന മാനസികോര്‍ജത്തിന്റെ ഏറ്റവും കാതലായ അംശം.വ്യാപാരാടിസ്ഥാനത്തില്‍ വലിയ മുതല്‍മുടക്കോടെ ലാഭം ലക്ഷ്യമാക്കി വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്നവ അല്ലാതുള്ള എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മുഖം തിരിഞ്ഞു നില്‍ക്കുക,സാധ്യമാവുമെങ്കില്‍ അവയെ തടസ്സപ്പെടുത്തുക,എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക ഇതാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ  പൊതു സാംസ്കാരികനയം.സ്വാതന്ത്യ്രപൂര്‍വഘട്ടത്തില്‍ സവിശേഷ താല്പര്യത്തോടെയും പിന്നീടുള്ള ഒന്നുരണ്ട് ദശകക്കാലത്തോളം ഒട്ടൊക്കെ ഉദാസീനമായും കലാസാഹിത്യരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട പാരമ്പര്യം കോണ്‍ഗ്രസ്സിനുണ്ട്.ഇന്നാണെങ്കില്‍ എന്തെങ്കിലുമൊരു വ്യക്തിഗതനേട്ടം മുന്നില്‍ കണ്ടല്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരായി ഒരു കൈവിരലിലെണ്ണാവുന്ന അത്രയും പോലും സാംസ്കാരിക പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സിനോടൊപ്പം നമുക്ക് കാണാനാവില്ല.കമ്യൂണിസ്റ്പാര്‍ട്ടികളുടെ സ്ഥിതിയും ഇപ്പോള്‍ ഏറെക്കുറെ അതു തന്നെയായിരിക്കുന്നു.
സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഉയര്‍ന്ന പരിഗണന ലഭിക്കാത്ത ഏത് സമൂഹത്തിലും മാനവികതയുടെ വേരുകള്‍ വളരെ പെട്ടെന്ന് ചീഞ്ഞുപോവും.രാഷ്ട്രീയം ജനാധിപത്യവിരുദ്ധവും ഹിംസോ•ുഖവുമായിത്തീരുന്നതിനുള്ള പരിസരമൊരുക്കുന്നത് ഈ അവസ്ഥയാണ്.നേരിട്ട് ലാഭം  ജനിപ്പിക്കാത്ത ആശയങ്ങളോടും ആവിഷ്ക്കാരങ്ങളോടും പൊതുവെ കാണുന്ന രൂക്ഷമായ വൈമുഖ്യത്തില്‍ നിന്ന് നമ്മുടെ സമൂഹത്തെ എങ്ങനെ രക്ഷിക്കാനാവും എന്നതിനെ കുറിച്ചുള്ള സ്വതന്ത്രമായ ആലോചനകള്‍ക്ക് വേദിയൊരുക്കുക എന്നതും ഇപ്പോള്‍  ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനകീയ കൂട്ടയ്മകളുടെ അജണ്ടയിലെ മുഖ്യമായ ഇനമായിരിക്കണം.
(ജനശക്തി വാരിക)

Friday, July 13, 2012

പുതിയ ഇടം

കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയഭൂചലനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനാധി പത്യബോധത്തിന്റെ പുതിയ ഒരു ഇടം ജനമനസ്സില്‍ രൂപംകൊണ്ടു കഴിഞ്ഞിട്ടുണ്ട്.പരസ്പരം പൊരുത്തപ്പെടാത്ത പല ആശയങ്ങള്‍ കൂടിക്കലര്‍ന്ന് ഇളകിമറിയുന്ന ദ്രവാവസ്ഥയിലുള്ള ആ ഇടം എപ്പോഴാണ് ഉറച്ചുകിട്ടുക എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുന്നവരായി ലക്ഷക്കണക്കിനാളുകളുണ്ട് ഈ സംസ്ഥാനത്ത്.
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്വന്തമായി അന്ധവിശ്വാസികളുടെ ഓരോ സൈന്യവ്യൂഹമുണ്ട്.അവരാണ് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റവാളികള്‍.ഏതവസ്ഥയിലും ഇളക്കം തട്ടാത്ത പിന്തുണയുമായി പാര്‍ട്ടിക്കു പിന്നില്‍ അവര്‍ ഉറച്ചു നിന്നുകൊള്ളും എന്ന വിശ്വാസമാണ് സാമ്പത്തിക അഴിമതി മുതല്‍ കൊലപാതകം വരെയുള്ള സകല തിന്മകള്‍ക്കുമുള്ള ആത്മബലം പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.ഈ സ്ഥിതിക്ക് പെട്ടെന്നൊന്നും വലിയ തോതിലുള്ള മാറ്റം സംഭവിക്കാന്‍ ഇടയില്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരാ എന്ന് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രശ്നങ്ങളെ സമീപിക്കാനും അഭിപ്രായ രൂപീകരണം നടത്താനും തയ്യാറുള്ള ആ ജനവിഭാഗം സൃഷ്ടിക്കുന്ന സ്വതന്ത്രചിന്തയുടെ വെളിച്ചത്തില്‍ വേണം രാഷ്ട്രീയ യാഥാസ്ഥികത്വത്തില്‍ നിന്ന് ജനാധിപത്യബോധത്തിലേക്ക് നമ്മുടെ ജനത ഒന്നടങ്കം നടന്നുകയറാന്‍.തീര്‍ച്ചയായും അത് പെട്ടെന്ന് സംഭവിക്കാന്‍ പോവുന്ന സംഗതിയല്ല.എങ്കിലും അങ്ങനെയൊരു ഭാവി അല്പം വിദൂരതയിലാണെങ്കിലും നമ്മുടെ മുന്നില്‍തന്നെ  ഉണ്ട് എന്ന് വെളിപ്പെട്ടു കഴിഞ്ഞു.
                                              രാഷ്ട്രീയ കക്ഷികളുടെ സ്ഥാനം
കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വതന്ത്രചിന്ത എന്നൊക്കെ പറയുമ്പോള്‍ രാഷ്ട്രീ യകക്ഷികളിലുള്ള ജനങ്ങളുടെ താല്പര്യം ഇപ്പോഴും വളരെ സജീവമാണെന്ന വസ്തുത നാം മറന്നുകളയരുത്.ഒറ്റയ്ക്ക് നിന്നാലോ ചെറുസംഘങ്ങളായി പ്രവര്‍ത്തിച്ചാലോ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവില്ല എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം.ഹര്‍ത്താലുകളും വലിയ സമരങ്ങള്‍ തന്നെയും മിക്കവാറും ഉപചാരങ്ങള്‍ മാത്രമാണെന്ന് അവര്‍  പഠിച്ചുകഴിഞ്ഞു.തങ്ങള്‍ പിന്തുണക്കുന്ന കക്ഷിയെ കൊണ്ട് ഭരണകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ രീതി.ഇത് തികച്ചും വ്യക്തിപരമായ നേട്ടം മുതല്‍ ഒരു പ്രത്യേക പ്രദേശത്തുള്ളവരുടെ പ്രത്യേക പ്രശ്നത്തിനുള്ള പരിഹാരമോ ഒരു ജാതി/മതവിഭാഗത്തിന്റെ ഏതെങ്കിലും ആവശ്യം നേടിയെടുക്കലോ വരെ എന്തും ആകാം.രാഷ്ട്രീയം എന്നതുകൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ അര്‍ത്ഥമാക്കുന്നത് ഈ വക കാര്യസാധ്യങ്ങളെ മാത്രമാണ്.ഈ മനോഭാവത്തില്‍ അടങ്ങിയിരിക്കുന്ന അരാഷ്ട്രീയത അല്പമായിപ്പോലും ബോധ്യപ്പെടുത്താനാവാത്ത വിധം ജനങ്ങള്‍ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ നിന്നെല്ലാം എത്രയോ അകലെ എത്തിക്കഴിഞ്ഞു.
പാര്‍ലിമെന്ററി ജനാധിപത്യത്തിന് നമ്മുടെ രാജ്യത്ത് നല്ല വേരോട്ടം ലഭിച്ചു  കഴിഞ്ഞിട്ടു ണ്ട്.അയ്യഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പിലൂടെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ കക്ഷികള്‍ ചേര്‍ന്ന മുന്നണിയോ അധികാരത്തിലെത്തുക എന്നത് സ്വന്തം ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നീതിപൂര്‍വകമായ സംവിധാനമാണെന്നതില്‍ ജനങ്ങള്‍ക്കു സംശയമില്ല.  ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ അധികാരം നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് നിലവിലുള്ള പാര്‍ലിമെന്ററി ജനാധിപത്യത്തേക്കാള്‍ മെച്ചമാണ് ആ അധികാരപ്രയോഗം എന്ന ആശയത്തിന് ചെറിയ അളവില്‍ പോലും പൊതുസമ്മതിയില്ല.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കുകയില്ല.തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ഗുണകരമായ എന്തെങ്കിലും ചെയ്തുതരിക എന്നതാണ് തങ്ങള്‍ പിന്തുണ നല്‍കുന്ന പാര്‍ട്ടിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.കേരളരാഷ്ട്രീയത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തിലെത്തുന്ന അവസ്ഥ നിലവിലുള്ളതുകൊണ്ട് അടുത്ത വട്ടം തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പരാജയപ്പെടുന്ന മുന്നണിയിലെ ഏത് കക്ഷിയുടെ പിന്നില്‍ അണിനിരന്നിരിക്കുന്നവര്‍ക്കും ന്യായമായും പ്രതീക്ഷിക്കാം.വസ്തുത ഇതായിരിക്കെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ആര്‍ക്കും ആഗ്രഹിച്ചില്ലാതാക്കാനാവില്ല.എത്ര വലിയ തെറ്റ് ചെയ്താലും ശക്തമായ ഒരു ഘടനക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏത് പാര്‍ട്ടിക്കും ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്ങളുടെ മുഖം മിനുക്കി യെടുത്ത് ജനങ്ങള്‍ക്കു മുന്നില്‍ അവരുടെ അഭ്യുദയകാംക്ഷിയായി ഭാവിച്ച് നിലകൊള്ളാം. നാളിതുവരെ ഇതായിരുന്നു സ്ഥിതി.ചന്ദ്രശേഖരന്‍ വധത്തോടെയാണ് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന അവസ്ഥയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി എത്തിയത്.ഇടതുപക്ഷത്തെ ഏറ്റവും പ്രബലമായ പാര്‍ട്ടി മാഫിയാരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ നടത്തിപ്പുകാരാണെന്ന് സംശയാതീതമായി ബോധ്യപ്പെട്ടതോടെയാണ് നേരത്തേ പറഞ്ഞ പുതിയ ഇടം രൂപപ്പെട്ടതും.പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കുമെന്നത് തീര്‍ച്ചയായും ഈ പുതിയ ഇടത്തിന്റെ ഭാവിയെയും വലിയൊരളവോളം ബാധിക്കും.അതേ കുറിച്ചുള്ള ഊഹങ്ങളില്‍ നിന്ന് തല്‍ക്കാലം നമുക്ക് മാറി നില്‍ക്കാം.
                          പുതിയ ജനകീയപ്രസ്ഥാനത്തിന്റെ സാധ്യതകള്‍
കേരളത്തിന്റെ പൊതുബോധത്തില്‍ മാഫിയാ രാഷ്ട്രീയത്തിനെതിരായും തികച്ചും പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ബോധത്തിന് അനുകൂലമായും രൂപപ്പെട്ടിരിക്കുന്ന ജനവികാരം പുതിയൊരു രാഷ്ട്രീയകക്ഷിയുടെ രൂപീകരണത്തില്‍ ചെന്നെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.പക്ഷേ,ഈ ജനവികാരത്തിന്റെ ഉല്പന്നമായി  വളരെ അയഞ്ഞ ഘടനയോടു കൂടിയ അനേകം സംഘടനകള്‍ അങ്ങിങ്ങായി രൂപം കൊള്ളാം.പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അത്തരം സംഘടനകള്‍ ഇടയ്ക്കിടക്കെങ്കിലും  യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വേദികള്‍ കണ്ടെത്താനുള്ള സാധ്യതയും ഉണ്ട്.ആ കൂട്ടായ്മ വളരെ ഉറപ്പുള്ള സംഘടനാസംവിധാനത്തോടു കൂടിയ ഒരു പ്രസ്ഥാനമായി  വളരുമെന്ന് വെറുതെ സങ്കല്പിക്കുന്നതുപോലും വിഡ്ഡിത്തമാവും.പക്ഷേ,കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ജനവിരുദ്ധമായ നിലപാടുകളെയും അവയുടെ നേതാക്കള്‍ നടത്തുന്ന അഴിമതികളെയും എല്ലാ തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളെയും അപ്പപ്പോള്‍ ഏറ്റവും ഫലപ്രദമായി ചോദ്യം ചെയ്യുന്ന വലിയൊരു തിരുത്തല്‍ ശക്തിയായി ഈ പ്രസ്ഥാനത്തിന് മാറാന്‍ കഴിയും.അംഗബലം കൊണ്ടും സാമ്പത്തികശേഷി കൊണ്ടും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പോലും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇത്തരമൊരു പ്രസ്ഥാനത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. സ്വന്തം അഭിപ്രായങ്ങളും കര്‍മപദ്ധതികളുമായി ജനാധിപത്യപരമായി നിലനില്‍ക്കാനുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും അവകാശത്തിന്  കാവല്‍ നില്‍ക്കുന്ന പുതിയ പ്രസ്ഥാനത്തിനു പുറത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയുടെ നയപരിപാടികളുമായി നിലകൊള്ളട്ടെ.പക്ഷേ,തങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും തെറ്റായ ഒരു ചുവട് വെക്കുമ്പോള്‍ കടുത്ത വിമര്‍ശനത്തിനും എതിര്‍പ്പിനും സാധ്യതയുണ്ടെന്നും അവ എല്ലായ്പ്പോഴും ഓര്‍ത്തുകൊണ്ടിരിക്കട്ടെ.യഥാര്‍ത്ഥമായ ജനകീയ അഭിപ്രായ രൂപീകരണങ്ങള്‍ക്കു മുന്നില്‍ എത്ര വലിയ പ്രസ്ഥാനത്തിനും അടിപതറുമെന്ന് തെളിയിച്ച നാളുകളിലൂടെയാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
വിശാലാര്‍ത്ഥത്തില്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ അയഞ്ഞ ഘടന പിന്‍പറ്റുമ്പോള്‍ തന്നെ കേരളത്തിലെ പുതിയ പ്രസ്ഥാനത്തിന് അവയുടേതില്‍ നിന്ന് വ്യത്യസ്തമായി ഈ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ആശയലോകത്തിലും ദൈനംദിന നടത്തിപ്പിലും ജാഗ്രതയോടെ ഇടപെടുക എന്ന ലക്ഷ്യം കൂടി വേണം.ആ ലക്ഷ്യത്തിന് തന്നെയായിരിക്കണം പ്രഥമ പരിഗണന. തികച്ചും നീതിയുക്തമായ ഒരു ജനകീയാവശ്യം ഉയര്‍ത്തിപ്പിടിച്ച് ഏത് പേര് വഹിക്കുന്ന പ്രസ്ഥാനം മുന്നോട്ട് വന്നാലും അതിനെ മറ്റ് പരിഗണകളില്ലാതെ പിന്തുണക്കാനും പുതിയ പ്രസ്ഥാനത്തിന് കഴിയണം.രാഷ്ട്രീയം എന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്ക് വഴിപ്പെട്ടുള്ള അടിമജീവിതം എന്നല്ല അര്‍ത്ഥമെന്ന് അത് ജനങ്ങളെ ബോധ്യപ്പെടുത്തണം.
തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായി ഇങ്ങനെയൊരു പ്രസ്ഥാനം നിലവില്‍ വരുന്നതില്‍  ഇവിടത്തെ ഒരു പ്രബലരാഷ്ട്രീയ കക്ഷിയും ആഹ്ളാദിക്കാനിടയില്ല.അവയുടെ സംഘടനാശേഷിക്ക് പ്രസ്ഥാനം ചെറിയ അളവില്‍ പോലും ഭീഷണിയാകില്ല എന്ന് ഉറപ്പുണ്ടായാല്‍ തന്നെ സമൂഹത്തിനുമേല്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്തും അന്യായമായ അധികാരപ്രയോഗത്തിന് തടസ്സം സൃഷ്ടിക്കുമെന്നതുകൊണ്ട് അവയുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുണ്ടാകാന്‍ തന്നെയാണ് സാധ്യത.പക്ഷേ,ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളജനതക്കു നല്‍കിയിരിക്കുന്ന സ്വാതന്ത്യ്രബോധവും നിര്‍ഭയത്വവും അത്തരം എതിര്‍പ്പുകളെയെല്ലാം മറികടന്ന് മുന്നോട്ടുപോവാനുള്ള അസാധാരണമായ ഊര്‍ജ്ജം തന്നെയായിരിക്കും.







Saturday, June 23, 2012

സച്ചിദാനന്ദന്റെ കവിതാബലി

നാല് പതിറ്റാണ്ടിലേറെയായി ഞാന്‍ അതിയായ ഔത്സുക്യത്തോടെ പിന്തുടരുന്ന കവിയാണ് സച്ചിദാനന്ദന്‍.അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ കവിതകളും പരിഭാഷകളും ലേഖനങ്ങളും അഭിമുഖങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്.മലയാളകവിതയ്ക്ക് ധൈഷണികവും വൈകാരികവുമായ സമകാലികത നല്‍കുന്നതില്‍ ഇക്കാലമത്രയും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നു തന്നെ ഇപ്പോഴും ഞാന്‍ കരുതുന്നു.പക്ഷേ 2012 ജൂണ്‍ 10 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സച്ചിദാനന്ദന്‍ എഴുതിയ ബലി എന്ന കവിത എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.ഇത്രയും അനാത്മാര്‍ത്ഥമായും ഉപരിപ്ളവമായും വഞ്ചകമായും കവിതയോട് പെരുമാറിയ ഒരാള്‍ ഇനിയെഴുതുന്ന  കവിതകള്‍ മറ്റൊരു മനസ്സോടെയേ എനിക്ക് വായിക്കാനാവൂ.ആ ഒരു തിരിച്ചറിവ് സത്യത്തില്‍ എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നു.
ടി.പി.ചന്ദ്രശേഖരന്‍ വധം ഒരു കവിയുടെ മനസ്സിനെ എങ്ങനെ സ്പര്‍ശിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല.കക്ഷി രാഷ്ട്രീയഭേദമന്യേ കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ അഗാധമായി വേദനിപ്പിച്ച ഒരു സംഭവം തന്റേതായ കാരണങ്ങളാല്‍,അ ല്ലെങ്കില്‍ മനോഘടനയുടെ പ്രത്യേകതകളാല്‍ ഒരു കവിയെ തീരെ സ്പര്‍ശിച്ചില്ലെന്ന് വരാം.അത് സംഭാവ്യമാണ്.അങ്ങനെയൊരാളുടെ മൌനത്തിനോ ,പരപ്രേരണയില്‍ നിന്ന് പിറവിയെടുക്കുന്ന എങ്ങും തൊടാത്ത വികാരപ്രകടനത്തിനോ ആരും ഒരു പ്രാധാന്യവും കല്പിക്കില്ല.പക്ഷേ, സാമൂഹ്യരാഷ്ടീയ ചലനങ്ങളോടെല്ലാം അപ്പപ്പോള്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രതികരിച്ചു പോരുന്ന ഒരു കവി ഈ സംഭവം വെളിപ്പെടുത്തുന്ന ക്ഷുദ്രവും ഭീകരവുമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം  സമര്‍ത്ഥമായി മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് കണ്‍ണ്ടില്ലെന്ന് നടിക്കാനാവില്ല.ഈ നരഹത്യയെ അതിന്റെ തല്‍ക്കാലപരിസരങ്ങളില്‍ അസംഗതമായ വിചാരങ്ങളോടും  വിമര്‍ശനങ്ങളോടും നിരീക്ഷണങ്ങളോടുമൊക്കെയായാണ് സച്ചിദാനന്ദന്‍ ചേര്‍ത്തു വെക്കുന്നത്.അങ്ങനെ അതിന്റെ ആഘാതത്തെ  പരിഹാസത്തിന്റെയും പരപുച്ഛത്തിന്റെയും ചതുപ്പുകളിലേക്കൊഴുക്കിക്കളഞ്ഞ ശേഷം നാടകീയതയും വൈകാരികതയും അവകാശപ്പെടാവുന്ന അന്ത്യത്തിലേക്ക് 'ബലി'യെ അദ്ദേഹം തന്ത്രപൂര്‍വം കൊണ്‍ണ്ടുചെന്നെത്തിക്കുന്നു.ആ കൈമിടുക്കില്‍ ഭംഗിയുണ്‍െണ്ടങ്കിലും അത് സത്യവും സംശുദ്ധിയുമുള്ള ഏര്‍പ്പാടല്ല.സകലരെയും വിഡ്ഡികളാക്കുന്ന സമര്‍ത്ഥമായൊരു സൂത്രപ്പണിയാണത്.
                                 
                                             ശവം എന്ന വാക്ക്
ഒരിക്കല്‍ മാത്രം ഒരാള്‍ക്കൂട്ടത്തിനിടയില്‍ വെച്ചുകണ്ട് രണ്ടോ മൂന്നോ വാക്ക് സംസാരിച്ച പരിചയം മാത്രമേ എനിക്കു ചന്ദ്രശേഖരനുമായിട്ടുള്ളൂ.അദ്ദേഹത്തിന്റെ പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല.അവരുടെ പ്രസിദ്ധീകരണത്തില്‍ ഞാന്‍ എഴുതിയിട്ടില്ല.ആ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലെ സത്യസന്ധമായ ജനകീയതയും ലാളിത്യവും ബോധ്യമുണ്ടായിരുന്നെങ്കിലും പുതിയ കേരളീയ സാഹചര്യത്തില്‍ വളരെ പ്രസക്തവും ഫലപ്രദവുമായിത്തീരുന്ന വ്യത്യസ്തവും നൂതനവുമായ സൈദ്ധാന്തിക നിലപാടുകള്‍ അതിനുണ്ട് എന്നെനിക്ക് തോന്നിയിരുന്നില്ല. പക്ഷേ, ചന്ദ്രശേഖരന്‍ വെട്ടിക്കൊലപ്പെടുത്തപ്പെട്ടപ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കൊപ്പം ഞാനും അഗാധമായി ദു:ഖിച്ചു.അത് പല കാരണങ്ങള്‍ കൊണ്ടാണെന്ന് ഇപ്പോഴെനിക്ക് ബോധ്യമുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാരണം ഒരാക്രമണവും സംഘടിപ്പിക്കാതെ, ഒരു പ്രകോപനവും സൃഷ്ടിക്കാതെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി ജീവിച്ച ഒരു മനുഷ്യന കൊല്ലുന്നത് ഒരു തരത്തിലും സഹിച്ചുകൊടുക്കാനാവാത്ത കുറ്റകൃത്യമാണ് എന്ന ബോധ്യമാണ്.മറ്റൊന്ന്  തികച്ചും ജനാധിപത്യപരമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തുകയും ജനകീയമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരാളെ തങ്ങള്‍ക്ക് വഴുങ്ങുന്നില്ല എന്ന ഒറ്റ കാരണത്താല്‍ അധ:സ്ഥിതര്‍ക്കു വേണ്ടി നിലകൊള്ളുന്നതായി ഭാവിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല ചെയ്യുന്നതിലെ ഭീകരമായ തി•യോര്‍ത്തുള്ള ഞെട്ടലാണ്.കൊല നടത്തിയ രീതിയുടെ പൈശാചികതയാവാം മറ്റൊരു കാരണം.എന്തായാലും തങ്ങള്‍ക്കിടയില്‍ ജീവനോടെ ഉണ്ടാവണം എന്ന് അദ്ദേഹത്തെ കുറിച്ച് കേട്ടറിവ് മാത്രമുള്ളവര്‍  പോലും ആഗ്രഹിച്ച ഒരു മനുഷ്യന്റെ , നേതാവിന്റെ പരിവേഷങ്ങളൊന്നുമില്ലാത്ത ഒരു നേതാവിന്റെ വധം സൃഷ്ടിച്ച വേദനയാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ജനങ്ങള്‍ അനുഭവിച്ചത്.ആ മനുഷ്യന്റെ മൃതശരീരത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അവര്‍ ഒരിക്കലും ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത വാക്കാണ് ശവം എന്നത്.ശവം വലത്തോട്ട് തിരിഞ്ഞു കിടക്കുന്നു,ശവം ഇടത്തോട്ട് തിരിഞ്ഞു കിടക്കുന്നു,ശവം മുഖം പൊത്തുന്നു,ശവം കാത് പൊത്തുന്നു,ശവം നിലവിളിക്കുന്നു എന്നിങ്ങനെ എത്ര വട്ടമാണ് സച്ചിദാനന്ദന്‍ തന്റെ 'ബലി' എന്ന കവിതയില്‍ ശവം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്? താന്‍ ചന്ദ്രശേഖരന്‍ എന്ന പ്രത്യേക വ്യക്തിയുടെ കൊലപാതകത്തെ കുറിച്ചല്ല കവിത എഴുതിയത് എന്ന് സച്ചിദാനന്ദന് അനായാസമായി വാദിക്കാം.ഞാന്‍ ഇവിടെ നിര്‍വഹിക്കുന്നതു പോലുള്ള കവിതാവായനയെ അദ്ദേഹത്തിന് അനായാസമായി പുച്ഛിച്ചു തള്ളുകയും ചെയ്യാം.പക്ഷേ,2012 ജൂണ്‍ 5ന് ഒരു ആനുകാലിക പ്രസിദ്ധീകരണത്തിലൂടെ തങ്ങളുടെ മുന്നിലെത്തുന്ന ഒരു കവിത മലായാളികള്‍ വായിക്കുക ചന്ദശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തിലായിരിക്കും എന്ന വാസ്തവത്തെ ഒരു സാഹിത്യസിദ്ധാന്തം കൊണ്ടും അദ്ദേഹത്തിന് നിരാകരിക്കാനാവില്ല.തന്റെ ബലി എന്ന കവിതയിലെ ശവം എന്ന വാക്ക് അമ്പത്തൊന്ന് വെട്ടേറ്റ് മരിച്ച ഒരു മനുഷ്യന്റെ മൃതശരീരത്തിന്റെ ഓര്‍മ അവരിലുണര്‍ത്തരുത് എന്ന് പറയാന്‍ ആ കവിത എഴുതിയ ആള്‍ എന്ന നിലക്ക് മാത്രം സച്ചിദാനന്ദന് ഒരവകാശവുമില്ല.മരണശേഷവും ചന്ദ്രശേഖരനെ കുലംകുത്തി എന്നുവിളിച്ചവരുടെ കൂടെത്തന്നെയാണ് താന്‍ എന്നാണ് ബലിയില്‍ ആവര്‍ത്തിച്ച ശവം എന്ന വാക്കിലൂടെ സച്ചിദാനന്ദന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
                                                     കവിതയിലെ മൌനം
കുറ്റവാളിക്ക് വലിയ വാക്കുകളും മുഴക്കം തോന്നിക്കുന്ന പ്രസ്താവങ്ങളും കൊണ്ട് ഒളിത്താവളം ഒരുക്കിക്കൊടുത്തിരിക്കുന്ന കവിതയാണ് 'ബലി'.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായി സമസ്ത മലയാളികളെയുമാണ് കവി കാണുന്നത്.അവരുടെ ചിന്ത,അവരുടെ സൈദ്ധാന്തിക ലോകം,അവരുടെ സാഹിത്യനിരൂപണം,അവരുടെ ചര്‍ച്ചകള്‍,അവരുടെ വിമര്‍ശനം എല്ലാം ചേര്‍ന്നാണ് ഈ മനുഷ്യനെ കൊല ചെയ്തിരിക്കുന്നത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.
കേരളത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വന്ന ഹിംസാത്മകതയ്ക്കു പിന്നില്‍ ഈ സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബഹുവിതാനങ്ങളുള്ള ധാര്‍മികാപചയം കാരണമാണെന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.നമ്മുടെ രാഷ്ട്രീയ ദര്‍ശനം മുതല്‍ സാഹിതീയ ഭാവുകത്വം വരെയുള്ള സകലതിനെയും ബാധിച്ച നിശ്ചലതയും അധീരതയും ജീര്‍ണതയുമെല്ലാം ഈ സമൂഹം ഇത്തരത്തില്‍ ആയിത്തീരുന്നതിന് കാരണമായിട്ടുണ്ടാവും.അതുകൊണ്ട് ഒരു കൊലപാതകത്തിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് കേരളീയ സമൂഹത്തിലെ ഒരു വ്യക്തിക്കും ഒഴിഞ്ഞു മാറാനാവില്ലെന്ന് ആര്‍ക്കും വാദിക്കാം.വിശദാംശങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി സമകാലിക തമിഴ് സമൂഹത്തെ കുറിച്ചും ബീഹാറി സമൂഹത്തെ കുറിച്ചും ബങ്കാളി സമൂഹത്തെ കുറിച്ചുമെല്ലാം ഇതേ കാര്യം തന്നെ പറയാം.
ഈ കവിതയുടെ പ്രകരണത്തില്‍ ഉള്ളത് ഇങ്ങനെ വലിച്ചു നീട്ടി ഒരു ജനതയെ മുഴുവന്‍ കുറ്റപ്പെടുത്താവുന്ന ഒരു സംഭവമല്ല:ഒരു നീതീകരണവും സാധ്യമല്ലാത്ത നരഹത്യയാണ്.അത് ആര് ചെയ്തു എന്നതിനെ പറ്റി ചെയ്യിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല.ഇനിയും തെളിവുകള്‍ വരട്ടെ,എല്ലാം വ്യക്തമാവട്ടെ,കോടതിയില്‍ തെളിയിക്കപ്പെടട്ടേ എന്നെല്ലാം മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ രാഷ്ടീയ ഉദ്യോഗസ്ഥ•ാര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഔദാര്യം കാത്ത് കഴിയുന്നവര്‍ക്കും ഇനിയും എത്ര കാലം വേണമെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കാം.അതില്‍ അവര്‍ക്ക് ലജ്ജയോ കുറ്റബോധമോ തോന്നണമെന്നില്ല.പക്ഷേ,ഈ നിലപാടിന് സഹായകമാവുന്നതും അതിവ്യാപ്തികൊണ്ട് ഒരനുഭവത്തിന്റെ അര്‍ത്ഥത്തെ ശകലീകരിച്ച് നിര്‍വീര്യമാക്കുന്നതുമായ വ്യാഖ്യാനത്തിന്റെ മാര്‍ഗം ഒരു കവി സ്വീകരിക്കുന്നത് കവിത എന്ന മാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ തന്നെ മൊത്തത്തില്‍ സംശയാസ്പദമാക്കിത്തീര്‍ക്കുകയേ ഉള്ളൂ.
പാര്‍ട്ടി നിയോഗിച്ച താര്‍ക്കിക•ാര്‍ ടെലിവിഷന്‍ ചാനലുകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്ന നിരര്‍ത്ഥമായ വാദങ്ങളോട് കിടപിടിക്കുന്ന ഒന്നാണ് തന്റെ കവിതയില്‍ സച്ചിദാനന്ദന്‍ സ്വീകരിച്ച നിലപാട്.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുഴുവന്‍ കേരളജനതയും അവരുടെ രാഷ്ട്രീയവും  ബൌദ്ധികവും സര്‍ഗാത്മകവുമായ സകലമാന വ്യവഹാരങ്ങളും കാരണമാണെന്നല്ലോ അദ്ദേഹം പറഞ്ഞു വെക്കുന്നത്.യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന വലിയൊരു തുരങ്കം തീര്‍ത്തുകൊടുക്കലാണിത്.ഇത് നിസ്സാരമല്ലാത്ത ഒരു സാംസ്കാരിക കുറ്റകൃത്യമാണെന്നു തന്നെ ഞാന്‍ കരുതുന്നു.
സാമര്‍ത്ഥ്യവും അതിലേറെ കാപട്യവും നിറഞ്ഞതായി അനുഭവപ്പെട്ട ഈ കവിതയിലെ
"വിട,പ്രകൃതിസുന്ദരവും സ്നേഹസുരഭിലവുമായ
ഈ സ്വര്‍ഗം വിട്ടു ഞാന്‍ നരകത്തിലേക്ക് യാത്രയാകുന്നു
ഉള്ളില്‍ അവശേഷിച്ച വെളിച്ചവുമായി
വീണ്ടും വരാം,മഹാബലിക്കൊപ്പം''
എന്ന അവസാനത്തെ നാലുവരിയിലെ തിളക്കം പോലും അത്രയും വരെയുള്ള അഭ്യാസത്തിന്റെ പൊടിപടലങ്ങളില്‍ മങ്ങിപ്പോവുന്നു.
'ബലി' വായിച്ച ഉടന്‍ കവിതാരൂപത്തില്‍ മനസ്സില്‍ വന്ന വരികള്‍ കൂടി കുറിച്ചിട്ട് ഈ ലേഖനം അവസാനിപ്പിക്കാം:
കൊല്ലപ്പെട്ട മനുഷ്യനെ നോക്കി ഞാന്‍
പല്ലിളിക്കുന്നു
കൊലപാതകിയെ നോക്കി ഞാന്‍
കണ്ണിറുക്കുന്നു
അക്ഷരം,ഭാഷ,ശവം,ഒരു ജനതയുടെ തോല്‍വി
എന്നൊക്കെ ഞാന്‍ പുലമ്പുന്നു
അസത്യത്തിന്റെ ആഘോഷത്തിന്
ആളെ കൂട്ടുന്ന കങ്കാണിയായി ഞാന്‍
ജോലിയേല്‍ക്കുന്നു
ഹിംസയുടെ മഹാപ്രഭുക്കള്‍ക്ക്
കവിതയെ ഞാന്‍ ബലി നല്‍കുന്നു.



Thursday, June 21, 2012

വെന്ത മണ്ണില്‍

ജനങ്ങളോട് ചേര്‍ന്നുനില്‍ക്കാത്ത എഴുത്തുകാര്‍ വളരെ പെട്ടെന്ന് അറുപഴഞ്ചന്മാരായിത്തീരുന്ന സവിശേഷമായൊരു ഭാവുകത്വാവസ്ഥ മലയാളത്തില്‍ നിലവില്‍ വന്നിരിക്കുന്നു.ഒരുപക്ഷേ വളരെ താത്കാലികം മാത്രമായിരിക്കാം ഈ മാറ്റം.അരാഷ്ട്രീയതയും യാഥാസ്ഥിതികത്വവും മേല്‍ക്കൈ നേടുന്ന പതിവുരീതി വൈകാതെ മടങ്ങി വന്നേക്കാം.
എഴുത്തുകാര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍  പൊതുജനം പ്രത്യേകമായ പരിഗണന നല്‍കും.അവരുടെ വാക്കുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്പിക്കും.തങ്ങളെ ആകമാനം പിടിച്ചു കുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോള്‍ രാഷ്ട്രീയക്കാരെയോ  മാധ്യമപ്രവര്‍ത്തകരെയോ ഒരു പരിധിയിലധികം അവര്‍ വിശ്വാസത്തിലെടുക്കില്ല.എഴുത്തുകാര്‍ എന്തു പറയുന്നു എന്നറിയാനാണ് അപ്പോള്‍ അവര്‍ കൂടുതല്‍ ഔത്സുക്യം കാണിക്കുക.ഇത്തരം സന്ദര്‍ഭങ്ങളിലും ലോകത്തെ താന്താങ്ങളിലേക്ക് വെട്ടിച്ചുരുക്കുകയും സ്വന്തം നേട്ടങ്ങളെ ഉറപ്പുവരുത്തിക്കൊണ്ടു മാത്രം പൊതുപ്രശ്നങ്ങളില്‍ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന എഴുത്തുകാരോടും ചിന്തകന് മാരോടും വായനക്കാര്‍ക്ക് പുച്ഛം തോന്നും.ഇക്കൂട്ടരൊക്കെ യഥാര്‍ത്ഥത്തില്‍ തങ്ങളെക്കാള്‍ വളരെ കുറഞ്ഞ ബോധനിലവാരമുള്ളവരാണെന്ന് അവര്‍ മനസ്സിലാക്കും.ടി.പി.ചന്ദ്രശേഖരന്‍ വധത്തിനെതിരെ നിശ്ശബ്ദത പാലിക്കുകയോ  തെളിവുകള്‍ വരട്ടെ,മുന്‍കൂട്ടി കുറ്റവാളികളെ പ്രഖ്യാപിക്കരുത്,മാധ്യമങ്ങള്‍ വിധി പ്രസ്താവിക്കരുത് എന്നിങ്ങനെയൊക്കെ കൊലപാതകികള്‍ക്ക് സഹായകമാവും  വിധത്തില്‍ ന്യായവാദങ്ങള്‍ നിരത്തുകകയോ ചെയ്ത മുഴുവനാളുകളുടെയും കാര്യത്തില്‍ ഇത് സംഭവിച്ചിട്ടുണ്ട്.താല്‍ക്കാലികമായി ജനങ്ങളുടെ പുച്ഛത്തിന് ഇരയായി  എന്ന ദുരനുഭവം മാത്രമല്ല ഇവര്‍ക്കുണ്ടായിരിക്കുന്നത്.മെയ് 4നുശേഷമുള്ള ഒന്നു രണ്ടാഴ്ചക്കാലം കൊണ്ട് മലയാളി അതിനു മുമ്പേ തന്നെ എത്തിച്ചേര്‍ന്ന ധൈഷണികതയുടെയും സാഹിത്യഭാവുകത്വത്തിന്റെയും നിലവാരത്തില്‍ നിന്ന് ഈ മഹാമതികള്‍  ദശകങ്ങള്‍ക്കു പിന്നിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.ജനങ്ങള്‍ക്ക് ഇനി അവരെ അങ്ങനെ മാത്രമേ കാണാനാവുകയുള്ളൂ.തങ്ങളെ അഗാധമായി വേദനിപ്പിച്ച ഒരു സംഭവം സാഹിത്യകാരനായ ഒരാളെ അല്പവും ബാധിക്കുന്നില്ല എന്നു കാണുമ്പോള്‍ അയാളുടെ ബൌദ്ധികനിലവാരത്തെയും ഭാവുകത്വത്തെയും സംവേദനശേഷിയെയുമെല്ലാം ജനങ്ങള്‍ സംശയിച്ചുപോവുക സ്വാഭാവികം മാത്രമാണ്.അങ്ങനെ ചെയ്യാതിരിക്കാന്‍ മാത്രം വൈകാരിക രക്തക്ഷയവും മരവിപ്പും ബാധിച്ചവരല്ല കേരളത്തിലെ സാധാരണ മനുഷ്യര്‍.
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ജനഹൃദയങ്ങളോടൊപ്പം സ്പന്ദിക്കാന്‍ കഴിയാതിരിക്കുക എന്നത് ആരുടെ കാര്യത്തിലായാലും അപാരമായ കഴിവുകേട് തന്നെയാണ്.നമ്മുടെ പ്രശസ്തരായ ചില എഴുത്തുകാരിലും ബുദ്ധിജീവികളിലും രാഷ്ട്രീയ നേതാക്കളിലും ഈ കഴിവുകേട് ഭയാനകമായ അളവിലുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ടത് ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നാണ്.കേരളത്തില്‍ കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയില്‍ നടന്ന മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചന്ദ്രശേഖരന്‍ വധം എന്ന് ജനങ്ങള്‍ മനസ്സിലാക്കിയത് മാധ്യമങ്ങളോ മാര്‍ക്സിസ്റ് പാര്‍ട്ടിക്കാരല്ലാത്ത മറ്റ് രാഷ്ട്രീയക്കാരോ അവരെ അങ്ങനെ ധരിപ്പിച്ചതുകൊണ്ടാണെന്ന് വിധിക്കുന്നത് പമ്പരവിഡ്ഡിത്തമാണ്.പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള വഞ്ചനാത്മകമായ പണിയാണ് രാഷ്ട്രീയമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുന്നവരാണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കളില്‍ നല്ലൊരു ശതമാനവും.അവശേഷിക്കുന്ന ശുദ്ധന്മാരാണെങ്കില്‍ ജനങ്ങളുമായുള്ള ബന്ധത്തില്‍ ഒട്ടും സ്വാഭാവികതയും ആര്‍ജ്ജവവും പുലര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ പാര്‍ട്ടിയുടെ ഔപചാരികപ്രവൃത്തികളുടെ യാന്ത്രികതയ്ക്കുള്ളിലാണ്.ടി.പി.ചന്ദ്രശേഖരന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരാളാണെന്ന് അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.ആര്‍.എം.പിയിലെ തന്റെ പല സഹപ്രവര്‍ത്തകരെയും ആക്രമിച്ച് പ്രകോപനം സൃഷ്ടിച്ചിട്ടും ചന്ദ്രശേഖരന്‍ തിരിച്ചടിയുടെ വഴിയിലേക്ക് അണികളെ നയിച്ചില്ല.തികച്ചും ജനാധിപത്യപരമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി അദ്ദേഹം ജീവിച്ചു.അങ്ങനെയുള്ള ഒരാളെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച് അതിനിഷ്ഠൂരമായ രീതിയില്‍ കൊലപ്പെടുത്തിയതില്‍ സ്വാഭാവികമായി ഉണ്ടായ വേദനയും രോഷവുമാണ് വടക്കന്‍ കേരളത്തിലെ ജനമനസ്സില്‍ നിന്ന് അണപൊട്ടിയൊഴുകിയത്.കേരളത്തിന്റെ ഇതരഭാഗങ്ങളിലെ സാധാരണമനുഷ്യരും ആ വികാരങ്ങള്‍ പങ്കുവെച്ചു.
ചന്ദ്രശേഖരന്‍ വധം കേരളത്തിന്റെ ഭാവിയെ കുറിച്ചുതന്നെ വലിയ ആശങ്കകളുണര്‍ത്തുന്ന ഒരു സംഭവമാണ്.അഭിപ്രായസ്വാതന്ത്യ്രവും മറ്റ് ജനാധിപത്യാവകാശങ്ങളും പൂര്‍ണമായും ചവിട്ടി മെതിക്കപ്പെടുന്ന ഒരു ചരിത്രഘട്ടത്തിലൂടെ വളരെ വൈകാതെ കേരളജനതയ്ക്ക് കടന്നുപോവേണ്ടി വരുമോ?ഫാഷിസം പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും അഴിഞ്ഞാടുമോ?വിധേയത്വം ശീലമാക്കിയ വിഡ്ഡികളും സ്ഥാനമോഹികളുമായ ഒരു പറ്റം ആളുകള്‍ നമ്മുടെ സാംസ്കാരികരംഗം പൂര്‍ണമായും കയ്യടക്കുമോ? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും മാഫിയാസംഘങ്ങള്‍ ഐക്യപ്പെട്ട് രാഷ്ട്രീയരംഗത്ത് നീതിബോധത്തിന്റെ വെളിച്ചം അപ്പാടെ തല്ലിക്കെടുത്തുമോ? ഭയവും ഉല്‍ക്കണ്ഠയും വളര്‍ത്തുന്ന ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ 2012 മെയ് 4ാം തിയ്യതി രാത്രി മുതല്‍ ഇന്നാട്ടിലെ ജനലക്ഷങ്ങളുടെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
ഇതൊന്നും മനസ്സിലാക്കാനാവാതെ തങ്ങളുടെ അല്പത്വത്തിലും അഹന്തയിലും രാഷ്ട്രീയ യജമാനന് മാരോടുള്ള വിധേയത്വത്തിലും ആണ്ടുമുങ്ങി നിശ്ശബ്ദരായിക്കിടന്ന എഴുത്തുകാര്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പലതും പറഞ്ഞൊപ്പിച്ചിരിക്കാം.പക്ഷേ,സ്വന്തം മന:സാക്ഷിയുടെ പിറുപിറുപ്പുകള്‍ ഇപ്പോഴും അവരുടെ സ്വാസ്ഥ്യം കെടുത്തുന്നുണ്ടാവും.എ ഴുത്തുകാരെന്ന നിലയിലുള്ള തങ്ങളുടെ അഭിമാനത്തിന്റെ അന്ത:സാരശൂന്യതയയെ കുറിച്ചുള്ള ബോധ്യത്തിലേക്ക് ഉണരുന്നതില്‍ നിന്ന് സ്വയം തടഞ്ഞുനിര്‍ത്താനാവാതെ അവര്‍ കുഴങ്ങുന്നുണ്ടാവും.
എഴുത്തുകാരനോ എഴുത്തുകാരിയോ ആവാന്‍ വേണ്ടി എഴുതുന്നതിനു പകരം അവനവനെയും ലോകത്തെയും അഭിസംബോധന ചെയ്ത് ചില ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ ഉന്നയിക്കാനും ആധികളും ആശങ്കകളും രോഷവും പ്രതിഷേധവും ആഹ്ളാദവുമെല്ലാം ആവിഷ്ക്കരിക്കാനും മാത്രമായി എഴുതുക എന്ന നിലപാടിലെത്തുമ്പോഴേ ഒരാളുടെ എഴുത്ത് എഴുത്താവുന്നുള്ളൂ.അപ്പോഴേ അത് ലോകത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ പ്രസക്തമാവുന്നുള്ളൂ.മുതിര്‍ന്ന എഴുത്തുകാരുടെ ഭൃത്യന്മാ രും സേവകന്മാ രും ഉപജാപപങ്കാളികളുമൊക്കെ ആയിത്തീര്‍ന്നോ അല്ലെങ്കില്‍ അത്തരം പാതകങ്ങള്‍ക്കൊന്നും പുറപ്പെടാതെ തന്നെ എഴുത്തിന്റെ മാനേജ്മെന്റ് തന്ത്രങ്ങള്‍ പരിശീലിക്കാന്‍ കഠിനാധ്വാനം ചെയ്തോ  തങ്ങളുടെ സര്‍ഗാത്മക ജീവിതം പാഴാക്കിക്കളയുന്ന യുവ എഴുത്തുകാര്‍ ഈയൊരറിവിലേക്കാണ് ഉണരേണ്ടത്.അപ്പോഴേ അവര്‍ എഴുത്തുകാരാവൂ.സോമന്‍ കടലൂരിന്റെ 'വെന്ത മണ്ണില്‍' എന്ന കവിത അവരുടെ മാത്രമല്ല ഏറ്റവും പുതിയ എല്ലാ എഴുത്തുകാരുടെയും(പഴയവര്‍ ഇനി ഇത് വായിച്ചിട്ട് ഫലമില്ല)ശ്രദ്ധാപൂര്‍ണമായ വായന ഉദ്ദേശിച്ച് ഉദ്ധരിച്ച് ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.
"കവികളേ
നിങ്ങളുടെ കൂടാരത്തില്‍ നിന്ന്
എന്നെ ചവിട്ടിപ്പുറത്താക്കണേ...
ചിത്രകാരന്മാരേ നിങ്ങളുടെ സത്രത്തില്‍ നിന്ന്
എന്നെ വലിച്ച് പുറത്തിടണേ...
ആയിരം പൊയ്ക്കാലുകളില്‍
ആകാശവേദിയില്‍
ആരവങ്ങള്‍ക്കു നടുവില്‍
നിങ്ങളാദരിക്കപ്പെടുമ്പോള്‍
രണ്ടുകാലില്‍
പച്ചമണ്ണില്‍
വെന്തുനടക്കാന്‍
എന്നെയനുവദിക്കണേ...'
(മാതൃകാന്വേഷി മാസിക(ചെന്നൈ),ജൂണ്‍ 2012)




Monday, June 18, 2012

കവിതാഡയറി

53
ഓര്‍ക്കാപ്പുറത്തോടിക്കയറി വന്ന പേക്കിനാക്കള്‍
ഓരോരോ വഴിയേ പിരിഞ്ഞുപോയി
ഇപ്പോള്‍ വിവശതയുടെ വിളര്‍ത്ത ചന്ദ്രനു കീഴെ
എല്ലാ നിഴലുകളും പേടിപ്പെടുത്തുന്നു
ചോരയിറ്റുന്ന നാവുമായി ചെകുത്താന്മാര്‍
ചോദ്യങ്ങളും ഉത്തരങ്ങളുമായി ആര്‍ത്തട്ടഹസിക്കുന്ന
വേദിക്കു മുന്നില്‍
വിഡ്ഡിയുടെ തലയാട്ടവുമായി ഇരുന്നുകൊടുക്കാന്‍
വരിവരിയായി എത്തുന്ന ആള്‍ക്കൂട്ടത്തെ
കണ്ടു ഞാന്‍ അസ്തപ്രജ്ഞനാകുന്നു.  
17-6-2012


കവിതാഡയറി

52
മഴക്കാലം ആനന്ദത്തിന്റെ കാലമായിരുന്നത് കുട്ടിക്കാലത്താണ്
ഇപ്പോള്‍ അത് ആശങ്കകള്‍ പെയ്തൊഴിയാത്ത ദുരിതകാലമാണ്
വാര്‍പ്പ് ചോരുമോ?വാഴ പൊരിഞ്ഞു വീഴുമോ?
കൂടയുടെ ഓട് പറന്നുപോവുമോ?
കാറ് നനയുമോ?
ചാറ്റല്‍ വീണ് ജനല്‍ക്കമ്പികള്‍ തുരുമ്പെടുക്കുമോ?
ചുമരില്‍ വെള്ളം കുടിക്കുമോ?
പിന്നെയും പിന്നെയും നീളുന്നവേവലാതികള്‍ക്കിടയില്‍
'മഴക്കാലം എന്റെ ഇഷ്ടകാലം' എന്ന ഓര്‍മക്കുറിപ്പ്
എഴുതാനാവാതെ പോവുമോ?
17/6/2012

Saturday, June 9, 2012

മാഫിയാരാഷ്ട്രീയത്തിനെതിരെ പൊതുബോധത്തെ ഉണര്‍ത്തുക

സുഹൃത്തുക്കളേ,
ഏപ്രില്‍ അവസാനവാരത്തില്‍ ഒരു ദിവസമാണ് ശ്രീ.മാത്യു.ജെ.മുട്ടത്ത് ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യഅവാര്‍ഡ് എനിക്കാണെന്ന കാര്യം വിളിച്ചറിയിച്ചത്. വളരെ സന്തോഷത്തോടെയാണ് ആ വിവരം അന്ന് ഞാന്‍ കേട്ടത്.പക്ഷേ,അന്നത്തേതുമായി വിദൂരബന്ധം പോലുമില്ലാത്ത മാനസികാവസ്ഥയിലാണ് ഇന്ന് അല്പം മുമ്പ് ഈ അവാര്‍ഡ് ഞാന്‍ സ്വീകരിച്ചത്. അതിനുള്ള കാരണം ഇവിടെ കൂടിയിരിക്കുന്നവര്‍ക്കെല്ലാം അറിയാം.എന്റെ  പ്രസംഗം ഈ ചടങ്ങിന്റെ അവസാനഭാഗമാണ്.ഇത് കേരളത്തിലെ എത്രയോ ആയിരം മനുഷ്യര്‍ക്ക് വായനാ സാക്ഷരത നല്‍കിയ,അനേകായിരം സാധാരണ മനുഷ്യരെ പ്രണയത്തിന്റെ ആഹ്ളാദവും വേദനകളും അനുഭവിപ്പിച്ച, ഒരെഴുത്തുകാരന്റെ ഓര്‍മയെ ആദരിക്കുന്ന ചടങ്ങ് കൂടിയാണ്.കരാളമായൊരു നരഹത്യക്കു പിന്നിലെ രാഷ്ട്രീയത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഈ അവസരം ഉപയോഗിച്ചുകൂടാത്തതാണ് .അതുകൊണ്ടു തന്നെ അതിന് ഞാന്‍ മുതിരുന്നില്ല.മെയ് 4ന് രാത്രി വടകരക്ക് വളരെ അടുത്തുവെച്ച് വെട്ടിക്കൊലചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരന്‍ എന്ന ധീരനായ ജനനായകന്റെ ഓര്‍മക്കു മുന്നില്‍ ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
വായനയുടെ ആദ്യഘട്ടത്തില്‍ മുട്ടത്തുവര്‍ക്കിയുടെ കഥാലോകം തങ്ങള്‍ക്കു തന്ന അനുഭവങ്ങളെ ഗൃഹാതുരതയോടെ ഓര്‍മിക്കുന്നവരാണ് എന്റെ തലമുറയിലെ മിക്ക വായനക്കാരും.അദ്ദേഹത്തിന്റെ 132 കൃതികളില്‍ ഇണപ്രാവുകള്‍,തെക്കന്‍കാറ്റ്,മയിലാടും കുന്ന് എന്നിങ്ങനെ ഏതാനും നോവലുകളും ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ബാലസാഹിത്യകൃതിയും  മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.എല്ലാം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്.ദരിദ്രരും ലളിതചിത്തരുമായ നായികമാര്‍ പ്രണയത്തിന്റെ ഭാഗമായി അനുഭവിക്കുന്ന നൊമ്പരങ്ങള്‍, അവരുടെ ജീവിതപരിസരങ്ങളുടെ ഭാഗമായി എഴുത്തുകാരന്‍ വാക്കുകളില്‍ വരച്ചുവെച്ച ഗ്രാമപ്രകൃതിയുടെ ചില ദൃശ്യങ്ങള്‍ ഇത്രയുമാണ് അന്നത്തെ ആ വായനയുടെ ഓര്‍മയായി മനസ്സില്‍ ബാക്കി നില്‍ക്കുന്നത്.
ദാരിദ്യത്തിന്റെയും അനേകം ഇല്ലായ്മകളുടെയും ലോകത്തെ പ്രണയം കൊണ്ട് മധുരമനോഹരമാക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സാധാരണ മനുഷ്യരുടെ കഥ പ്രസാദപൂര്‍ണമായ ഭാഷയില്‍ സരളമായി അവതരിപ്പിച്ച എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി.സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ മനുഷ്യബന്ധങ്ങളില്‍ എങ്ങനെയൊക്കെ ഇടപെടുന്നുവെന്നത് മുട്ടത്തുവര്‍ക്കിയുടെയും അന്വേഷണ വിഷയമായിരുന്നു.'ഇണപ്രാവുകളി' ലൊരിടത്ത് എഴുത്തുകാരന്‍ തന്നെ പറഞ്ഞിരിക്കുന്നതുപോലെ  'ലോകത്തിന്റെതായ ധനതത്വശാസ്ത്രത്തെ അതിനേക്കാള്‍ എത്രയോ കരുത്തുള്ള സ്വന്തം സ്നേഹശാസ്ത്രം' കൊണ്ട് എതിരടുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.ഏതെങ്കിലും രാഷ്ട്രീയദര്‍ശനത്തിന്റെയോ അപഗ്രഥന സങ്കേതത്തിന്റെയോ പിന്‍ബലത്തോടെയല്ല മുട്ടത്തു വര്‍ക്കി പ്രശ്നങ്ങളെ സമീപിച്ചത്.പ്രണയാനുഭവത്തിന്റെ പരിസരങ്ങളിലാണ് സാമൂഹ്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെ അദ്ദേഹം അവതരിപ്പിച്ചത്.തന്റെ എഴുത്തിന്റെ സഞ്ചാരപഥമായി അദ്ദേഹം കണ്ടത് ദാര്‍ശനിക സമസ്യകളെയും രാഷ്ടീയ പ്രശ്നങ്ങളെയും ബുദ്ധികൊണ്ട് പിന്തുടരാത്ത സാധാരണ മനുഷ്യരുടെ ഹൃദയ വികാരങ്ങളെയും ദൈനംദിന ജീവിതാനുഭവങ്ങളെയുമാണ്.ഈ സമീപനം കൊണ്ടാണ് കഥാവസ്തുവിനെ  സങ്കീര്‍ണതകളേതുമില്ലാതെ അതീവലളിതമായി വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
മലയാളിസമൂഹം അനുഭവങ്ങളെയും അനുഭൂതികളെയും സ്വീകരിക്കുന്ന ഘടന കഴിഞ്ഞ രണ്ടുമൂന്ന് ദശകക്കാലത്തിനിടയില്‍ ഒരുപാട് മാറിയിരിക്കുന്നു.നമ്മുടെ മൂല്യബോധത്തിലും ജീവിതസങ്കല്പങ്ങളിലും ഇതിനകം വന്നുചേര്‍ന്ന മാറ്റങ്ങള്‍ മുട്ടത്തുവര്‍ക്കിയുടെ രചനാലോകം സൃഷ്ടിക്കുന്ന മനോനിലയില്‍ നിന്നും എത്രയോ അകലെയാണ്.
ആശയങ്ങളുടെയും അനുഭൂതികളുടെയും ആവിഷ്ക്കാരവും വിനിമയവും ഉള്‍പ്പെടെയുള്ള എല്ലാ ജീവിത വ്യവഹാരങ്ങളെയും ആയാസരഹിതമാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന ഒരുപാട് വസ്തുക്കളും സൌകര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.പക്ഷേ, ജീവിത ത്തിലേക്ക് പുതിയ കാറ്റും വെളിച്ചവും വന്നെത്തുന്നുവെന്ന് ആശ്വാസം കൊള്ളാവുന്ന പരിസരം ഒരു വശത്ത് രൂപപ്പെടുമ്പോള്‍  മറുവശത്ത് പുതിയ പ്രശ്നങ്ങളും സമ്മര്‍ദ്ദങ്ങളും തിക്കിത്തിരക്കിയെത്തുന്നുണ്ട്.ബഹുരാഷ്ട് മൂലധനശക്തികളുടെയും അവരുടെ ഒത്താശക്കാരുടെയും വിപണിതാല്പര്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്കും സംസ്കാരത്തിനും മേല്‍ സാധിക്കുന്ന കടന്നാക്രമണങ്ങളുടെ ഭാഗമായി വിവിധ തലങ്ങളില്‍ രൂപം കൊള്ളുന്ന പ്രത്യക്ഷവും പരോക്ഷവുമായ സംഘര്‍ഷങ്ങള്‍,ഭരണകൂടസ്ഥാപനങ്ങളും സാമ്പത്തിക അധികാരകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന നാനാതരം തടസ്സങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സര്‍ക്കാരാപ്പീസുകളിലും വിപണിയിലുമെല്ലാം സംഭവിക്കുന്ന കൊടിയ നീതിനിഷേധങ്ങള്‍ ഇവയെയെല്ലാം നേരിടുന്നതിനുവേണ്ടിയാണ് നമ്മുടെ കാലത്തെ ഏറെക്കുറെ എല്ലാ മനുഷ്യരുടെയും ബൌദ്ധികവും മാനസികവുമായ ഊര്‍ജത്തിന്റെ മുക്കാല്‍ പങ്കും ചെലവഴിക്കപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനുള്ള ആലോചനകളിലേക്കും പ്രവൃത്തികളിലേക്കും തിരിയേണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം വലിയ സാമ്പത്തിക അധികാരകേന്ദ്രങ്ങളായി മാറുന്നതിലും പൊതുജീവിതത്തിന്റെ സമസ്തതലങ്ങളിലും തങ്ങളുടെ മേധാവിത്വം ഉറപ്പാക്കുന്നതിനുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള ഗോത്രപ്പോരിന്റെയും കുടിപ്പകയുടെയും മനോലോകങ്ങളിലേക്ക് അവര്‍ ജനങ്ങളെ വലിച്ചിഴക്കുന്നത് അതുകൊണ്ടാണ്. വാസ്തവത്തില്‍ ഇന്ന് നിലവിലുള്ളതിനേക്കാള്‍ എത്രയോ നവീകൃതവും പുരോഗമനപരവുമായ രാഷ്ട്രീയവും സാംസ്കാരികാന്തരീക്ഷവും നാം അര്‍ഹിക്കുന്നുണ്ട്.ജീവിതത്തിന്റെ ഭൌതികവും ആത്മീയവുമായ പരിസരങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുകഴിഞ്ഞതിനു ശേഷവും കുടുംബം മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വരെയുള്ള  സ്ഥാപനങ്ങളെ കുറിച്ചെല്ലാം പല ദശകങ്ങള്‍ പഴക്കമുള്ള സങ്കല്പങ്ങളെ മുറുകെ പിടിച്ച് കഴിയുന്ന വളരെ യാഥാസ്ഥിതികമായ സമൂഹമാണ് മലയാളികളുടേത്.
ഇത് മാറണമെങ്കില്‍ ആദ്യം അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കേണ്ടത് ജനജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന രാഷ്ട്രീയം എന്ന വ്യവഹാരത്തിനാണ്.
ദര്‍ശനത്തിന്റെ കാര്യത്തില്‍ തികച്ചും നിരക്ഷരരോ അങ്ങേയറ്റം ഉദാസീനരോ ആയ നേതാക്കളുടെ ബഹുവിതാനങ്ങളിലുള്ള അഴിമതികള്‍,സ്വതന്ത്രമായ ചിന്തയ്ക്കും പ്രവൃത്തിക്കുമെതിരായി അവര്‍ നടത്തുന്ന നീചമായമായ അധികാരപ്രയോഗങ്ങള്‍,അധോ ലോകപ്രമാണികളെ പോലെ പെരുമാറുന്ന നേതാക്കളുടെ നിര്‍ദ്ദേശാനുസരണം നടപ്പിലാക്കപ്പെടുന്ന ഭയങ്കരമായ ഹിംസാത്മകവൃത്തികള്‍ ഇവയൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സ്വാഭാവികഭാഗമാണെന്ന് കരുതേണ്ടുന്ന ഗതികേടിലാണ് നാം.ഈ വക കാര്യങ്ങളിലെല്ലാം വലതുപക്ഷത്തോട് മത്സരിക്കുന്ന,ചിലപ്പോള്‍ അവരെ ബഹുദൂരം പിന്നിലാക്കുന്ന ഇടതുപക്ഷമാണ് നമുക്കുള്ളതെന്നത് കാര്യങ്ങളെ കൂടുതല്‍ ഭയാനകമാക്കിത്തീര്‍ക്കുന്നു.ജനങ്ങളുടെ അറിവോടെയല്ലാതെ എന്നാല്‍ അവരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി നിര്‍വഹിക്കുന്ന ബഹുമുഖമായ ഭീകരപ്രവര്‍ത്തനമായി മാറുന്ന രാഷ്ട്രീയം ഒരു ജനതയ്ക്കും ആവശ്യമില്ല.ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പൊതുബോധം ഉണരുക എന്നതാണ്  ഇന്നത്തെ നമ്മുടെ അടിയന്തിരാവശ്യം. മതങ്ങളും മതാധിഷ്ഠിതമോ മതപ്രീണനപരമോ ആയ രാഷ്ട്രീയവും വിദ്യാഭ്യാസത്തിലും സംസ്കാരത്തിന്റെ ഇതരമേഖലകളിലും നടത്തുന്ന അധികാരപ്രയോഗങ്ങള്‍ക്കെതിരായ ചെറുത്തുനില്പും അത്രയും തന്നെ ഗൌരവം കല്പിച്ച് ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്.ഇത്തരം ഉത്തരവാദിത്വങ്ങളെ സമൂഹത്തിന്റെ സജീവശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കാനുണ്ട് എന്നു ഞാന്‍ കരുതുന്നു.
സാഹിത്യം ഒരു ജനതയുടെ അപ്പപ്പോഴത്തെ രാഷ്ട്രീയധാരണകളെയും അഭിപ്രായ രൂപീകരണത്തെയും സ്വാധീനിച്ചുകൊണ്ടേയിരിക്കണം എന്ന് നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല.അനുഭവങ്ങളുടെ അദൃശ്യതലങ്ങളിലെ ചെറുതും വലുതുമായ വൈകാരിക ചലനങ്ങളാണ് മിക്കപ്പോഴും സാഹിത്യത്തിന് സ്വന്തമായുള്ള ഇടം.എഴുത്ത് ആ ഒരു തലത്തിലെത്തുമ്പോഴാണ് എഴുതുന്നയാള്‍ ആവിഷ്ക്കാരത്തിന്റെ ആനന്ദം ശരിയായ അളവില്‍ അനുഭവിക്കുന്നത്.ബാഹ്യലോകത്തിന്റെ ആരവങ്ങളില്‍ നിന്നകന്ന് സ്വന്തം ആത്മാവിന്റെ ശബ്ദങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അനുഭവിക്കാനാവുന്ന ആത്മസംതൃപ്തിയ്ക്കും അഭിമാനത്തിനും എല്ലാ എഴുത്തുകാരും വലിയ മൂല്യം കല്പിക്കുന്നുണ്ട്.പക്ഷേ,സമൂഹത്തിന് പുറത്ത് സുരക്ഷിതമായ ഏതോ ഉളിത്താവളത്തിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ആത്മവിസ്മൃതിയിലെത്തുന്നതിന് സമാനമായ ഒരു പ്രവൃത്തിയാണ് സാഹിത്യരചന എന്ന നിലപാട് ഒരു ഘട്ടത്തിലും എനിക്ക് സ്വീകാര്യമായി തോന്നിയിട്ടില്ല. ഞാന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആധികളും ആത്മീയാവശ്യങ്ങളും എന്റെ എഴുത്തില്‍ സന്ദര്‍ഭത്തിനനുസരിച്ച് ഒളിഞ്ഞും തെളിഞ്ഞും നാനാരൂപഭാവങ്ങളില്‍ പ്രതിബിംബിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
എഴുത്തുകാരന് ലഭിക്കുന്ന സാമൂഹ്യാംഗീകാരത്തിന്റെ പൊതുസമ്മതമായ ഒരു രൂപമാണ് അവാര്‍ഡ്.താരതമ്യേന വളരെ നിരുപദ്രവമായ ഒരു രൂപം.തനിക്ക് ലഭിച്ചതോ ലഭിക്കാനിടയുള്ളതോ ആയ ഏതെങ്കിലും അവാര്‍ഡ് എഴുത്തുകാരനെ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്ന് ഞാന്‍ കരുതുന്നില്ല.അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അയാളുടെ സ്വാര്‍ത്ഥതയും ഭീരുത്വവും ആര്‍ജവമില്ലായ്കയും മാത്രമായിരിക്കും അതിന് കാരണം.അവാര്‍ഡിനേക്കാള്‍ എത്രയോ ശക്തമായി എഴുത്തുകാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റ് പല ഘടകങ്ങളും എഴുത്തിന്റെ പരിസരങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.സന്ദര്‍ഭം ഇണങ്ങുന്നതല്ലെന്നതുകൊണ്ട് അത്തരം കാര്യങ്ങളുടെ വിശദീകരണത്തിലേക്ക് ഞാന്‍ കടക്കുന്നില്ല.2012ലെ മുട്ടത്ത് വര്‍ക്കി അവാര്‍ഡ് എനിക്ക് നല്‍കിയ മുട്ടത്തു വര്‍ക്കി സ്മാരകട്രസ്റിനോടും അവാര്‍ഡ് സമര്‍പ്പണം നര്‍വഹിച്ച ശ്രീ.ശ്രീകുമാരന്‍ തമ്പിയോടും ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാവരോടും ഈ ചടങ്ങിന്റെ സംഘാടകരായ വടകരയിലെ ബോധി എന്ന സംഘടനയുടെ പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു.
(മെയ് 28ന് വടകര ടൌണ്‍ഹാളില്‍ വെച്ച് 21-ാമത് മുട്ടത്തുവര്‍ക്കി അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗം)