Pages

Thursday, March 31, 2011

നിര്‍ലക്ഷ്യം,നീതിപൂര്‍വം

ഗോര്‍ഗ് ലൂയീസ് ബോര്‍ഹസിന്റ 'നീതിമാന്മാര്‍' എന്ന കവിതയില്‍ (ഇംഗ്ളീഷ് പരിഭാഷ:അലസ്റര്‍ റെയ്ഡ്) ഈ ലോകത്തെ സ്വയമറിയാതെ സംരക്ഷിച്ചു നിലനിര്‍ത്തുന്ന പല തരം മനുഷ്യരെ കുറിച്ച് പറയുന്നുണ്ട്.ഒരു പദത്തിന്റെ നിരുക്തിയെ പിന്‍തുടര്‍ന്നുപോകുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാള്‍,താന്‍ ഉണ്ടാക്കാന്‍ പോവുന്ന പാത്രത്തിന്റെ രൂപത്തെയും നിറത്തെയും ധ്യാനിച്ചുകൊണ്ടിരിക്കുന്നയാള്‍,ഉറങ്ങുന്ന ഒരു മൃഗത്തെ തലോടിക്കൊണ്ടിരിക്കുന്നയാള്‍ അവരൊക്കെ അക്കൂട്ടത്തിലുണ്ട്.ഇമ്മട്ടിലുള്ള പ്രവൃത്തികള്‍ അസാധാരണമല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ അവയ്ക്ക് ചില അസാധാരണത്വങ്ങള്‍ ഉണ്ട്.ആ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ആരും തന്നെ തങ്ങളുടെ സുഖത്തെയോ സല്‍പ്പേരിനെയോ ലാഭത്തെയോ ലക്ഷ്യം വെക്കുന്നില്ല;ലോകം തങ്ങളെ ശ്രദ്ധിക്കണമെന്നോ കൊണ്ടാടണമെന്നോ ആഗ്രഹിക്കുന്നില്ല.അവര്‍ അനുഭവിക്കുന്നത് ആത്മാവിന്റെ ചോദനകളെ പിന്‍പറ്റുന്നതിന്റെ ആനന്ദം മാത്രമാണ്.അതും അബോധമായി മാത്രം.
നിര്‍ലക്ഷ്യമെന്ന് പറയാവുന്ന അനേകം കര്‍മങ്ങള്‍ ഈ ലോകത്ത് നിശ്ശബ്ദമായി നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.ആരില്‍ നിന്നും പ്രത്യേകിച്ചൊരു പരിഗണനയോ പ്രതിഫലമോ ലഭിക്കാതെ ചെയ്യപ്പെടുന്ന അത്തരം പ്രവൃത്തികളുടെ നിലനില്‍പ് പൂര്‍ണമായും അസാധ്യമായിത്തീരുന്ന ഒരു ലോകത്ത് എല്ലാവരുടെ ജീവിതവും അസംബന്ധമായിമാറും.അവനവന്റെ ഭദ്രമായ നിലനില്പും അന്തമറ്റ ഭൌതികസുഖങ്ങളും പണവും പ്രശസ്തിയുമൊന്നും ലക്ഷ്യമാക്കിയല്ലാതെയുള്ള പ്രവൃത്തികള്‍ മനുഷ്യസാധ്യമാണ് എന്ന് അംഗീകരിക്കാന്‍ കൂടി ഒരുക്കമല്ലാത്തവര്‍ പോലും അത്തരം പ്രവൃത്തികളില്‍ നിന്ന് ലോകത്തിന് പൊതുവായി ലഭിക്കുന്ന ആനന്ദത്തില്‍ പങ്കുപറ്റുന്നുണ്ട്.
ലോകത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന നീതിമാന്മാരുടെ കൂട്ടത്തില്‍ തന്നോട് ചെയ്യപ്പെട്ട തെറ്റിന് ന്യായീകരണം കണ്ടെത്തുകയോ അതിനുവേണ്ടി ആഗ്രഹിക്കുകയോ ചെയ്യുന്ന മനുഷ്യനെയും മറ്റുള്ളവരുടെ നിലപാട് തന്റേതിനേക്കാള്‍ ശരിയായിക്കാണാന്‍ ആഗ്രഹിക്കുന്ന മനുഷ്യനെയും ബോര്‍ഹസ് ഉള്‍പ്പെടുത്തുന്നുണ്ട്.അത്തരക്കാര്‍ തീര്‍ച്ചയായും മഹാത്മാഗാന്ധിയെ പോലെ അപൂര്‍വത്തില്‍ അപൂര്‍വമായിരിക്കും.ആ ഉയരത്തിലൊന്നും എത്തിച്ചേരാതെ ആദ്യം പറഞ്ഞവരുടെ കൂട്ടത്തിലെങ്കിലും ഉള്‍പ്പെടാന്‍ വളരെയേറെപ്പേര്‍ക്ക് കഴിയേണ്ടതാണ്.അതും സാധ്യമാവാത്തവരുടെ എണ്ണം കവികള്‍ക്കും കലാകാരന്മാര്‍ക്കും ഇടയില്‍പ്പോലും പെരുകിപ്പെരുകിപ്പെരുകി വരുന്നു എന്നതാണ് വാസ്തവം.അവനവനില്‍ മാത്രം ഊന്നിയുള്ള എഴുത്തിന്റെയും വായനയുടെയും കലാസ്വാദനത്തിന്റെയും ഉരുക്കുകൂട്ടിലേക്ക് സര്‍ഗാത്മകതയുടെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉന്തിത്തള്ളി എത്തിക്കുന്നിടത്തേക്ക് നമ്മുടെ പൊതുജീവിതബോധം ചെറുതായിച്ചെറുതായി വരികയാണ്. കലയുടെയും സാഹിത്യത്തിന്റെയും നിര്‍മാണത്തില്‍ സംഭവിക്കുന്ന പെരുപ്പത്തിന് അതിന്റെ സാമൂഹികതയുമായി സാധ്യമാവുന്ന അനുപാതം ഭയാനകമാം വിധം ലഘുവായിപ്പോവുന്നത് അതുകൊണ്ടാണ്.
താന്‍ ചെറുതായിപ്പോയാലും സാരമില്ല എന്ന ബോധ്യത്തോടെ, തന്റെ ഭാഷയില്‍ തന്നോടൊപ്പം ജീവിക്കുന്ന ഒരാള്‍ എഴുതിയതും തനിക്ക് യഥാര്‍ത്ഥത്തില്‍ ഇഷ്ടം തോന്നിയതുമായ ഒരു കൃതിയെക്കുറിച്ച് നാലുപേരുടെ മുന്നില്‍ ഉള്ള് തുറക്കാന്‍ കഴിയുന്ന എഴുത്തുകാരന്/എഴുത്തുകാരിക്ക് മാത്രമേ ബോര്‍ഹസ് പറയുന്ന നീതിമാന്മാരുടെ കൂട്ടത്തിലേക്ക് ഉയരാനാവുകയുള്ളൂ.ഒരു പൂര്‍വനിശ്ചിത ലക്ഷ്യമായിത്തീരുന്നതോടെ ആ ഉയര്‍ച്ചയും ഉയര്‍ച്ചയല്ലാതാവും.പ്രത്യേകിച്ച് ഒന്നും ലക്ഷ്യമാക്കാതെ, ഈ ലോകത്ത് സംഗീതം നിലനില്‍ക്കുന്നുവെന്നതില്‍ എന്തിനെന്നില്ലാതെ സംതൃപതിയും ആരോടെന്നില്ലാതെ നന്ദിയും ഉള്ളവനായിരിക്കുന്ന ഒരാളെപോലെ,കൃഷി നല്‍കുന്ന ആനന്ദത്തിന് അതില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ പരിഗണന നല്‍കി നട്ടുനനക്കുന്ന പഴയ ഗ്രാമീണകര്‍ഷകനെപ്പോലെ,കവികള്‍ക്കും കലാകാരന്മാര്‍ക്കും അവരുടെ സഹജീവികളുടെ പ്രവൃത്തികളെ സമീപിക്കാന്‍ കഴിയേണ്ടതാണ്.അവരുടെ അധ്വാനത്തെയും ജീവിതാന്വേഷണങ്ങളെയും,അവ സത്യസന്ധമാണെന്നും സര്‍ഗാത്മകമായ ഒരു മുന്നോട്ട് പോക്കാണെന്നും സ്വയം ബോധ്യമായിക്കഴിഞ്ഞാലെങ്കിലും കൊണ്ടാടാന്‍കഴിയേണ്ടതുമാണ്.

Sunday, March 27, 2011

ഓര്‍മയും കവിതയും

വാക്കുകളായി മാറാന്‍ മടിക്കുന്ന ഓര്‍മ;ഓര്‍മയായിപ്പോലും മാറാനൊരുങ്ങാതെ ഒപ്പം സഞ്ചരിക്കുന്ന കാലം-അവനവന്റെ ആദ്യവിദ്യാലയത്തെ കുറിച്ചുള്ള ഈ തോന്നല്‍ ഏറെക്കുറെ എല്ലാവരുമായി പങ്കുവെക്കാനാവുന്നതാവും.
അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് 'മാടായി എല്‍.പി.സ്കൂളി'ലെ എന്റെ ആദ്യദിവസങ്ങള്‍ക്ക്. മനസ്സ് കൂടെക്കൂടെ ചെന്നെത്തുന്ന ക്ളാസ് മുറികള്‍ക്കും സ്കൂളിന്റെ ചുറ്റുപാടുകള്‍ക്കും ആ കാലക്കണക്ക് ബാധകമല്ല.'എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ'എന്ന പ്രയോഗം ലോകത്തിലെ എല്ലാ ഭാഷകളിലും പണ്ടുപണ്ടേ ഇടം നേടിയിരിക്കാം.
മാസങ്ങളോളം സ്കൂളിന്റെ മുന്നിലൂടെ ഒഴുകിപ്പോവുന്ന നീര്‍ച്ചാലില്‍ ഇടക്കിടെ വന്നെത്തുന്ന നൊയിച്ചങ്ങകള്‍,പിന്നിലെ കുറ്റിക്കാട്ടില്‍ 'അതാ,അതാ!' എന്ന് ഞങ്ങള്‍ അത്ഭുതം കൊള്ളുമ്പോഴേക്കും ഓടി മറയുന്ന മുയലുകള്‍,മാടായി പാറപ്പുറത്ത് ഓരോ ആണ്‍കുട്ടിയും കല്ലുകൊണ്ട് കുത്തിക്കുത്തി വരഞ്ഞുണ്ടാക്കുന്ന സ്വന്തം മൂത്രച്ചാല്‍,പാറമുള്ള്,പാറക്കുളം,ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന് കരഞ്ഞ് ഇത്തിരിയിത്തിരിയകലേക്ക് പറന്നകലുന്ന ഇറ്റിറ്റിപ്പുള്ളുകള്‍, 'നിറന്ന പീലികള്‍ നിരക്കവേ കുത്തി' എന്നു തുടങ്ങുന്ന നാല് വരി മാത്രം എത്രയോ ദിവസങ്ങള്‍ ക്ളാസ്സില്‍ വിവരിക്കുകയും ഓരോ ദിവസവും ആ വരികളില്‍ നിന്ന് പുതിയ അര്‍ത്ഥങ്ങളും അനുഭൂതികളും ഖനനം ചെയ്തെടുക്കുകയും ചെയ്യുന്ന സി.സി.കുഞ്ഞിക്കണ്ണന്‍ മാഷ്, എസ്.കെ.മാഷ്,കുമാരന്‍ മാഷ്,കേളുമാഷ്,കോട്ടോളി കണ്ണന്‍ മാഷ്,കാര്‍ത്ത്യായനി ടീച്ചര്‍, എന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന സുരേശന്‍,പപ്പന്‍,രാമപുരത്തെ സുകുമാരന്‍,പെണ്‍കുട്ടികളുടെ ബെഞ്ചില്‍ വിജയ,ഖദീജ,വിലാസിനി...ആരും ഒന്നും ഓര്‍മയുടെ ആഴത്തില്‍ വീണ് പോവുന്നില്ല.ഈ കുറിപ്പ് യഥാര്‍ത്ഥത്തില്‍ അവസാനിക്കുന്നില്ല.
അനുബന്ധം :
ചുകപ്പ്

മുരിക്കില്‍ പടര്‍ന്ന മുളകുവള്ളിയില്‍ മഞ്ഞയും ചുകപ്പും പച്ചയുമിടകലര്‍ന്ന മണികളുടെ തുത്തല്‍ കണ്ടപ്പോള്‍ മല്ലികയെ ഓര്‍മവന്നു
അവള്‍ കൊണ്ടുതന്ന പഴുത്ത കുരുമുളുകുമണികളില്‍
എന്റെ ചുണ്ടുകള്‍ ചുകപ്പണിഞ്ഞിരുന്നു
'ഓ,എന്തു ചുകപ്പ് !എന്തു ചുകപ്പ്! എന്നവള്‍ സ്വയം ചുവക്കുന്നതുകണ്ട്
ഞാനും ചുവന്നിരുന്നു
ഞങ്ങള്‍ അന്ന് നാലാംക്ളാസ്സിലായിരുന്നു
ആരുടെയും കണ്ണില്‍ പെടാത്ത കുരുന്നുപച്ചകള്‍
ഇപ്പോഴിതാ മൂത്ത് പഴുത്ത് വീഴാറായിരിക്കുന്നു
നാളെയോ മറ്റന്നാളോ തീനാമ്പുകള്‍ തമ്മില്‍തമ്മില്‍ പറയും:
ഹോ,എന്തു ചുകപ്പ്!എന്തു ചുകപ്പ്!

Friday, March 18, 2011

ഈ പാഠം പഠിക്കുക

ഇന്ന് സംസ്ഥാനത്തുടനീളം നടന്ന വി.എസ് അനുകൂല പ്രകട നങ്ങള്‍ അത്യന്തം ആവേശകരമാണ്. വി.എസ് എല്ലാ കാലത്തും ആദര്‍ശധീരന്‍ തന്നെയായിരുന്നോ ഇപ്പോള്‍ പോലും അദ്ദേഹം കറകളഞ്ഞ വലിയൊരു കമ്യൂണിസ്റ് നേതാവാണോ എന്നുള്ള കാര്യങ്ങളെല്ലാം സൌകര്യമായി വേറെ ചര്‍ച്ച ചെയ്യാം.തല്‍ക്കാല രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹം കേരളീയരെ സംബന്ധിച്ചിടത്തോളം ചില ഉയര്‍ന്ന രാഷ്ട്രീയ മൂല്യങ്ങളുടെയും ധീരതയുടെയും ഏറ്റവും സജീവമായ ആള്‍രൂപമാണ്.അതുകൊണ്ടാണ് ജനങ്ങള്‍ അദ്ദേഹത്തിനു വേണ്ടി തെരുവിലിറങ്ങിയിരിക്കുന്നത്.അതിന്റെ ഭാഗമായി അവര്‍ പാര്‍ട്ടി അച്ചടക്കം എന്ന് പേരിട്ടിട്ടുള്ളതും കാലാകാലമായി നേതാക്കളുടെ കള്ളത്തരത്തിനും സൂത്രശാലിത്വത്തിനും വിഡ്ഡിത്തത്തിനുമെല്ലാം രക്ഷാകവചമായിരുന്നതുമായ അസംബന്ധത്തെ പുറംകാല്‍ കൊണ്ട് ചവുട്ടിയെറിഞ്ഞിരിക്കുന്നു.കേരളത്തിലെ ഇടതുപക്ഷനേതാക്കള്‍ക്ക് സ്വയം നവീകരിക്കാനും ബുദ്ധിമാന്മാരും സത്യസന്ധരുമായ രാഷ്ട്രീയക്കാരായി മാറാനുമുള്ള ഗംഭീരമായ ചരിത്രമുഹൂര്‍ത്തമാണ് സാധാരണജനങ്ങള്‍ സൃഷ്ടിച്ചു നല്‍കിയിരിക്കുന്നത്.അവരെ മനസ്സിലാക്കാനും അവര്‍ പഠിപ്പിക്കുന്ന പാഠം പഠിക്കാനും സ്വയം രക്ഷിക്കാനും നാടിനെ രക്ഷിക്കാനും നേതൃസഖാക്കള്‍ തയ്യാറാവുകയാണെങ്കില്‍ കേരളത്തില്‍ കാര്യങ്ങളെല്ലാം വളരെയേറെ മെച്ചപ്പെടും.മാര്‍ക്സിസ്റ് പാര്‍ട്ടി അനുഭാവികള്‍ക്കിടയിലെ സാധാരണക്കാര്‍ കാണിച്ചിരിക്കുന്ന ഈ തന്റേടം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികളിലെ സാധാരണക്കാരെയും പ്രചോദിപ്പിക്കുകയാണെങ്കില്‍ അത് ഇന്നാട്ടിലെ ജനജീവിതത്തിന്റെ സമസ്തമേഖലകളെയും ഊര്‍ജ്വസ്വലമാക്കും.
17-3-2011

Thursday, March 17, 2011

കേരളത്തിന്റെ രാഷ്ട്രീയഭാവി

വി.എസ്.അച്യുതാനന്ദന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുക വഴി സി.പി.ഐ(എം) പ്രഖ്യാപിച്ചിരിക്കുന്ന നിലപാട് കേരളരാഷ്ട്രീയത്തില്‍ സാരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കും.അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നവയായിരിക്കും.

1.മാര്‍ക്സിസിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയം ബഹുരാഷ്ട്രമുതലാളിത്തം ആഗ്രഹിക്കുന്ന രീതിയിലുള്ള വികസനത്തിന് തികച്ചും അനുകൂലമാണ് എന്നതിനെ കുറിച്ച് ആര്‍ക്കും ഇനി ഒരു സംശയവും ബാക്കി നില്‍ക്കില്ല.മാര്‍ക്സിസം മുറുകെ പിടിക്കുന്നതിലോ അതിനെ കാലോചിതമായി നവീകരിക്കുന്നതിലോ ഒന്നുമല്ല മുതലാളിത്തത്തിന്റെ ദല്ലാളന്മാര്‍ക്ക് പരമാവധി ലാഭമുണ്ടാക്കാന്‍ അവസരം നല്‍കിക്കൊണ്ടു തന്നെ ജനജീവിതത്തിന്റെ ഭൌതികനിലവാരത്തില്‍ ചില മിനുക്കു പണികള്‍ ചെയ്യുന്നതിലായിരിക്കും മാര്‍ക്സിസിസ്റ്റ് പാര്‍ട്ടി ഇനി ശ്രദ്ധിക്കുക.ഭരണം കിട്ടിയാല്‍ (ഈ തിരഞ്ഞെടുപ്പില്‍ അതിനുള്ള സാധ്യത നന്നേ കുറവാണെന്ന് സകലര്‍ക്കും അറിയാം.)സാമാന്യജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പലതും ലഭിക്കും.ആശ്വാസനടപടികള്‍ പലതും സര്‍ക്കാര്‍ കൈക്കൊള്ളും.അക്കാര്യത്തിലൊക്കെ യു.ഡി.എഫ് ഗവണ്‍മെന്റിനേക്കാള്‍ മെച്ചമായിരിക്കും കാര്യങ്ങള്‍.പക്ഷേ അഴിമതിയുടെ സംസ്കാരം വ്യാപിപ്പിക്കുന്നതിലും മുതലാളിത്ത ജീവിതബോധത്തിന് പൊതുവായ അംഗീകാരം കൈവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും എല്‍.ഡി.എഫ് യു.ഡി.എഫിനേക്കാള്‍ ഒരു ചുവട് പോലും പുറകിലായിരിക്കില്ല.ഈ വസ്തുത തിരിച്ചറിയുന്ന ജനങ്ങള്‍ തല്‍ക്കാലത്തേക്ക് അധികാരം ലക്ഷ്യമാക്കാതെ തന്നെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംസ്കാരത്തിനു വേണ്ടി സംഘടിച്ചു തുടങ്ങും.തീര്‍ച്ചയായും അതിന്റെ പുരോഗതി വളരെ മന്ദഗതിയിലായിരിക്കും.ആ ഒരു രാഷ്ട്രീയത്തിന് വ്യക്തത കൈവരാന്‍ തന്നെ കുറച്ചു സമയമെടുക്കും.കാരണം ഇപ്പോള്‍ മാര്‍ക്സിസ്ററ് പാര്‍ട്ടിയുടേതിന് വിരുദ്ധമായ രാഷ്ട്രീയം കൈക്കൊള്ളുന്നവരില്‍ കേവല വരട്ടുതത്വവദികളും കാല്പനികരും പാര്‍ട്ടിയുടെ ആദ്യകാലവിശുദ്ധിയെ പറ്റിയുള്ള ഗൃഹാതുരത കൊണ്ട് വീര്‍പ്പുമുട്ടുന്നവരും ശുദ്ധ ആദര്‍ശവാദികളുമെല്ലാമാണുള്ളത്.മാര്‍കിസിയന്‍ സാമ്പത്തിക ദര്‍ശനം ഉള്‍പ്പെടെ എല്ലാം കാലോചിതമായി നവീകരിക്കപ്പെടേണ്ടതാണെന്നും ജനാധിപത്യബോധം കൈവെടിഞ്ഞുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയെ ഇനിയങ്ങോട് ജനങ്ങള്‍ ഒരര്‍ത്ഥത്തിലും പിന്തുണക്കില്ലെന്നും സ്വയം മാറുക എന്നതിന് മുതലാളിത്ത വികസന തന്ത്രങ്ങള്‍ക്കനുസരിച്ച് പാകപ്പെടുക എന്നല്ല അര്‍ത്ഥമെന്നുമൊക്കെയുള്ള
ബോധ്യത്തിലേക്കുണര്‍ന്ന്മുന്നോട്ട് പോകുന്ന യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനം സാവകാശത്തിലേ രൂപപ്പെട്ടു വരികയുള്ളൂ.അതിലേക്കുള്ള കേരളജനതയുടെ പ്രയാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഇപ്പോഴേ തീരുമാനിച്ചുവെക്കാനാവില്ല.
2.കല,സാഹിത്യം,ബൌദ്ധികാന്വേഷണങ്ങള്‍ എന്നിവയുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കക്ഷിരാഷ്ട്രീയത്തിലുള്ള അല്പമായ താല്പര്യം പോലും ഉപേക്ഷിക്കും.വെറുതെ സമയം മിനക്കെടുത്തുന്ന പണിക്ക് ഇനിഅവരെ കിട്ടില്ല.രാഷ്ട്രീയവിമര്‍ശനത്തിനു വേണ്ടി പോലും അവര്‍ സമയം പാഴാക്കില്ല.നന്നേ കഴിവ് കുറഞ്ഞ കേവലം കരിയറിസ്റുകളായ കുറച്ചുപേര്‍ പാര്‍ട്ടികളുടെ പിന്നാലെ നടക്കാന്‍ ഉണ്ടാവും.അവര്‍ കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധജീവികളുമാണെന്നൊക്കെ തെറ്റിദ്ധരിക്കുന്ന കുറച്ചാളുകളും ഉണ്ടാവും.ഉത്തരവാദിത്വപൂര്‍ണവും യഥാര്‍ത്ഥത്തില്‍ സര്‍ഗാത്മകവുമായ കല അവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത അത്രയും അകലെയായിരിക്കും.

Tuesday, March 15, 2011

മഹാശ്ചര്യം!

ആശ്ചര്യം ആശ്ചര്യം
രാഷ്ട്രീയം മഹാശ്ചര്യം!
ഇടതുപക്ഷ രാഷ്ട്രീയം മഹാശ്ചര്യം
വലതുപക്ഷരാഷ്ട്രീയം മഹാശ്ചര്യം
മഹാശ്ചര്യം കണ്ട് മതിമറന്ന്
മൌനം പൂണ്ടിരിക്കുന്ന ഞാന്‍
മഹാമഹാശ്ചര്യം!
പണം പോയിട്ട് മന:സമാധാനം പോലും
കിട്ടുന്നുമില്ല എനിക്ക്.

കലാജീവിതം

കണ്ടക്കൈ (കണ്ണൂര്‍ ജില്ല) യിലെ വേണുമാഷ് (കെ.സി.വേണുഗോപാലന്‍ മാസ്റര്‍)ആണ് ഈയിടെ 'കലാജീവിതം' എന്ന പുസ്തകം വായിക്കാന്‍ തന്നത്.ചരിത്രം,സംസ്കാരപഠനം എന്നീ മേഖലകളുമായി ബന്ധപ്പെടുന്ന കൌതുകകരമായ വിവരങ്ങളുടെ വലിയൊരു ശേഖരമുണ്ട് വേണുമാഷുടെ മനസ്സില്‍.അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ അവയ്ക്ക് പിന്‍ബലമേകുന്ന പഴയതും പുതിയതുമായ കുറേ പുസ്തകങ്ങളും.എഴുത്തിന്റെ ഭാഗമായും അല്ലാതെയും പഴയ കാലത്തെ കുറിച്ചുള്ള പല സംശയങ്ങളും പരിഹരിച്ചു കിട്ടാന്‍ ഞാന്‍ സഹായം തേടുന്നവരില്‍ പ്രധാനിയാണ് വേണുമാഷ്.വാസ്തവത്തില്‍ വേണുമാഷുടെ പാണ്ഡിത്യമല്ല ചരിത്രം,ഭാഷ,നാടോടി വിജ്ഞാനീയം എന്നീ വിഷയങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വൈകാരിക ബന്ധമാണ് എനിക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നിയത്.
വേണുമാഷ് തന്ന 'കലാജീവിതം' ഒരു പഴയകാല ഗ്രന്ഥമൊന്നുമല്ല.വടക്കേ മലബാറുകാരനായ സി.യു.കെ നമ്പ്യാര്‍ എന്ന ഉക്കാരന്‍ നമ്പ്യാരുടെ ഈ ആത്മകഥ 1981 ല്‍ പുറത്തു വന്നതാണ്.നാല് നാടകങ്ങളും ഒരു കവിതാസമാഹാരവുമായി അഞ്ച് പുസ്തകങ്ങള്‍ വേറെയും പ്രസിദ്ധീകരിച്ചിരുന്നു സി.യു.കെ.നമ്പ്യാര്‍.പക്ഷേ, 'കലാജീവിതം' ഉള്‍പ്പെടെ ഒന്നും ഇപ്പോള്‍ പുസ്തകമാര്‍ക്കറ്റിലില്ല.
1890ല്‍ ജനിച്ച ഉക്കാരന്‍ നമ്പ്യാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതലിങ്ങോട്ടുള്ള പത്തറുപത് വര്‍ഷത്തിലേറെ കാലത്തെ തന്റെ കലാജീവിതത്തിന്റെ വിവരണമാണ് ഈ ആത്മകഥയില്‍ പ്രധാനമായും നല്‍കിയിട്ടുള്ളത്.അത്യുത്തരകേരളത്തിലെ കലാജീവിതത്തില്‍ ഉക്കാരന്‍ നമ്പ്യാരുടെ സ്ഥാനം എന്തായിരുന്നുവെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ സി.പി.ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്: "നാടകവേദിയിലും നാടകരചനയിലും സംഗീതലോകത്തും സാമാന്യജനങ്ങളുടെ നാക്കിന്‍തുമ്പത്ത് ലാലസിച്ച ഒരു പേരായിരുന്നു ഉക്കാരന്‍ നമ്പ്യാരുടേത്.അദ്ദേഹത്തിന്റെ പാട്ടില്‍ മതിമറക്കാത്ത കലാപ്രണയികള്‍ ഉണ്ടായിരുന്നില്ല; അഭിനയത്തില്‍ ഹരം പിടിക്കാത്ത കാണികളുണ്ടായിരുന്നില്ല.നാടകരചനയില്‍,സംഗീത രചനയില്‍ അരങ്ങിണക്കം കാട്ടിയ പ്രതിഭകളും അതുപോലെ അധികമില്ല.അന്നദ്ദേഹം നാട്ടിലൊരു ലെജന്റായിരുന്നു.കലാസാംസ്കാരികരംഗത്ത് സര്‍വത്ര നിറഞ്ഞുനിന്ന ഒരു വ്യക്തിത്വം!''
ഉക്കാരന്‍ നമ്പ്യാരുടെ മക്കളിലൊരാള്‍ ഒരു കാലത്ത് കാന്‍സര്‍ ഗവേഷണ രംഗത്ത് ലോകപ്രശസ്തയായിരുന്ന ഡോ.പാര്‍വതി കെ.ബസൂറാണ്.തൊണ്ണൂറ് വയസ്സ് വരെ ജീവിച്ച ഉക്കാരന്‍ നമ്പ്യാര്‍ എണ്‍പതു വയസ്സു കഴിഞ്ഞ് സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മകള്‍ക്ക് അയച്ചുകൊടുത്തതാണ് ഈ ആത്മകഥ.'കലാജീവിത'ത്തിന്റെ പ്രസാധക അവരാണ്.

കൂട്ടുകുടുംബം എന്ന പീഡന സംവിധാനം
ഉക്കാരന്‍ നമ്പ്യാരുടെ ജനനം നല്ല സാമ്പത്തികശേഷിയുള്ള ഒരു തറവാട്ടിലായിരുന്നെങ്കിലും ഏറെക്കുറെ ഒരു ദരിദ്രകുടംബത്തിലെ അംഗത്തെ പോലെയാണ് അദ്ദേഹം വളര്‍ന്നത്.കുട്ടികളുടെ ഭാവിയെ പറ്റി വലുതായി ആലോചിച്ച് തീരുമാനമെടുക്കുന്ന ശീലം അക്കാലത്തെ സാമ്പത്തികശേഷിയുള്ള സവര്‍ണകുടുംബങ്ങള്‍ക്കുപോലും ഉണ്ടായിരുന്നില്ല.അച്ഛന്റെ ധനസ്ഥിതി ദുര്‍ബലമായിരിക്കുകയും കുട്ടികളുടെ ജീവിതം മറ്റ് ബന്ധുക്കളുടെ നിയന്ത്രണത്തിലാവുകയും ചെയ്യുന്ന കുടുംബങ്ങളില്‍ സ്ഥിതി തീര്‍ച്ചയായും വളരെ മോശമായിരുന്നു.
വലിയച്ഛ•ാരിലൊരാള്‍ക്ക് നാടകം കളിപ്പിക്കണമെന്ന മോഹം കലശലായപ്പോള്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കയായിരുന്ന തന്നെ നിര്‍ബന്ധപൂര്‍വം സ്കൂളില്‍ നിന്ന് വിടുവിച്ചുകൊണ്ടുപോയ കാര്യം ഉക്കാരന്‍ നമ്പ്യാര്‍ പറയുന്നുണ്ട്.പഠിക്കാന്‍ താല്പര്യമുള്ള ഉക്കാരനെ അങ്ങനെ കൊണ്ടുപോവരുതെന്ന് അവന്റെ അധ്യാപകന്‍ പൊട്ടിക്കരഞ്ഞു പറഞ്ഞിട്ടും വലിയച്ഛന്‍ വഴങ്ങിയില്ല.ഈ വലിയച്ഛന്‍ തന്നെയാണ് ഉക്കാരന്‍ നമ്പ്യാരുടെ ജീവിതത്തിലെ കുറേയേറെ വര്‍ഷങ്ങളെ ദാരിദ്യത്തില്‍ തളച്ചിട്ടത്.നാടകാഭിനയം വഴി അദ്ദേഹം ഉണ്ടാക്കിയ പണവും ഇയാള്‍ തട്ടിയെടുക്കുന്നുണ്ട്.കാരണവ•ാരുടെയും കുടുംബത്തില്‍ അധികാരം നടത്തുന്ന മറ്റുള്ളവരുടെയും ധൂര്‍ത്തും ധിക്കാരവും അക്കാലത്തെ കൂട്ടുകുടുംബങ്ങളിലെ ദുര്‍ബലമായ താവഴിയില്‍ പെട്ടവരുടെ ജീവിതം ശരിക്കും തുലച്ചുകളയുക തന്നെയായിരുന്നു.
മഹാകവി കുട്ടമത്തിന്റെ 'ദേവയാനീ ചരിത'ത്തിലെ ദേവയാനിയായിട്ടാണ് മൂന്നാം ക്ളാസ്സുകാരനായ ഉക്കാരന്‍ ആദ്യമായി വേഷമിട്ടത്. ആ അഭിനയത്തിന്റെ അസാധാരണമായ മികവ് കാരണം അദ്ദേഹത്തിന് ദേവയാനി എന്ന പേര് വീഴുകയും സ്ത്രീവേഷക്കാരനായിത്തന്നെ അഭിനയരംഗത്ത് ദീര്‍ഘകാലം തുടരേണ്ടി വരികയും ചെയ്തു.കുറേ വര്‍ഷങ്ങള്‍ക്കു ശേഷവും സ്ഥിരമായ തൊഴിലൊന്നുമില്ലാതെ നാടകം കളിച്ചു നടക്കുന്ന ഉക്കാരന്‍ നമ്പ്യാരോട് "നാണമില്ലല്ലോ ഈ പ്രായത്തില്‍ രണ്ട് ചിരട്ടയും നെഞ്ഞിനു വെച്ചുകെട്ടി ഒരു പെണ്ണിന്റെ വേഷം ധരിച്ച് ശൃംഗാരം നടിക്കുവാന്‍?'' എന്ന് വേങ്ങയില്‍ ചാത്തുകുട്ടി നായനാര്‍ എന്ന നാട്ടുപ്രമാണി ചോദിക്കുന്നുണ്ട്.
നാടകം കളിച്ചും ഒന്നാം തരം പാട്ടുകാരനെന്ന നിലയ്ക്ക് പേരെടുത്തും ഊരുചുറ്റി നടന്ന ഉക്കാരന്‍ നീണ്ട ഇടവേളക്കു ശേഷം വീണ്ടും വിദ്യാര്‍ത്ഥിയുടെ വേഷം സ്വീകരിക്കുന്നത് പല വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.ഇത്തവണ പയ്യന്നൂര്‍ ഹൈസ്കൂളില്‍ ഫോര്‍ത്ത് ഫോറത്തിലാണ് അദ്ദേഹം പഠിക്കാന്‍ ചേര്‍ന്നത്.ഇവിടെ വെച്ച് സ്കൂളിന്റെ ധനശേഖരണാര്‍ത്ഥം ഹെഡ്മാസ്ററുടെ നിര്‍ബന്ധപൂര്‍ണമായ പ്രേരണ കാരണം ഉക്കാരന് പിന്നെയും നാടകത്തില്‍ അഭിനയിക്കേണ്ടി വന്നു.പഠിക്കാന്‍ വന്ന താന്‍ നാടകം കളിച്ച് മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി എന്നു പറഞ്ഞ മട്ടിലാവുമോ എന്ന അദ്ദേഹത്തിന്റ ആശങ്ക തെറ്റിയില്ല.ഇടയ്ക്ക് അച്ഛന്‍ അസുഖം വന്ന് കിടപ്പിലായതുകൊണ്ടും നാടകംകളികൊണ്ടും പഠിപ്പ് അവതാളത്തിലായി.അങ്ങനെ ഫോര്‍ത്ത് ഫോറത്തില്‍ നിന്ന് ക്ളാസ്കയറ്റം കിട്ടാതെ ഉക്കാരന് പയ്യന്നൂര്‍ ഹൈസ്കൂള്‍ വിടേണ്ടി വന്നു.പിന്നെ 35 ാം വയസ്സിലാണ് അദ്ദേഹം അധ്യാപകനാവാനുള്ള ട്രെയിനിംഗിന് ചേരുന്നത്.ഇക്കാലത്തൊന്നും തന്റെ ബന്ധുജനങ്ങളില്‍ നിന്ന് പറയത്തക്ക യാതൊരു സഹായവും അദ്ദേഹത്തിന് ലഭിക്കുന്നില്ല.
മറവിയില്‍ മറയാത്ത ജീവിത ചിത്രങ്ങള്‍
നാടകാഭിനയവും സംഗീതവും തന്നെയായിരുന്നു ഉക്കാരന്‍ നമ്പ്യാര്‍ക്ക് ജീവിതം.ദക്ഷിണ കര്‍ണാടകം മുതല്‍ ഇപ്പോഴത്തെ കണ്ണൂര്‍,കോഴിക്കോട്,വയനാട് ജില്ലകള്‍ വരെയുള്ള അനേകം സ്ഥലങ്ങളില്‍ എത്രയോ വേദികളില്‍ അദ്ദേഹം അഭിനയിച്ചു.മഹാകവി കുട്ടമത്ത്,വിദ്വാന്‍ പി.കേളുനായര്‍ എന്നിവരുടെ നാടകങ്ങള്‍ക്കു പുറമേ താന്‍ തന്നെ എഴുതിയ നാടകങ്ങളിലും അദ്ദേഹം ഏറ്റവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.ഈ നാടകയാത്രകളില്‍ താന്‍ കടന്നുപോയ സ്ഥലങ്ങളെ കുറിച്ചും കണ്ടുമുട്ടിയ മനുഷ്യരില്‍ ചിലരെ കുറിച്ചും ഉക്കാരന്‍ നമ്പ്യാര്‍ നല്‍കിയിരിക്കുന്ന ലഘുവിവരണങ്ങള്‍ പലതും ഇന്നത്തെ വായനയില്‍ വലിയ കൌതുകം ജനിപ്പിക്കുന്നവയാണ്.ദശകങ്ങള്‍ക്കു മുമ്പുള്ള വടക്കന്‍ കേരളത്തിലെ ജനജീവിതത്തെയും സാമൂഹ്യാവസ്ഥയെയും കുറിച്ചുള്ള ആധികാരികമായ വിവരങ്ങളാണ് ഉക്കാരന്‍ നമ്പ്യാര്‍ വളരെ സാധാരണ മട്ടില്‍ കുറിച്ചു വെച്ചിരിക്കുന്നത്.
വിശേഷിച്ച് ഒന്നും ഭാവിക്കാതെയുള്ള അലങ്കാരരഹിതവും കാര്യമാത്രപ്രസക്തവുമായ എഴുത്താണ് ഉക്കാരന്‍ നമ്പ്യാരുടേത്. എങ്കിലും തന്റ അഭിനയജീവിതത്തിനിടയിലെ അനുഭവങ്ങളില്‍ ചിലത് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് ഒറ്റ വായനയില്‍ തന്നെ നമ്മുടെ ഉള്ളില്‍ എക്കാലത്തേക്കുമായി ഇടം നേടും.അവയുടെ വ്യതിരിക്തത തന്നെയാണ് അതിനുള്ള കാരണം.പുലിക്കോട്ട് എന്ന സ്ഥലത്ത് താനും സുഹൃത്തും കൂടി ശ്രമിച്ച് ഒരു സ്കൂള്‍ ഉണ്ടാക്കി അതിന് സര്‍ക്കാറിന്റെ അംഗീകാരം വാങ്ങാനായി രണ്ടു കൊല്ലത്തോളം പരിശ്രമിച്ചുകൊണ്ടിരിക്കെ ഉണ്ടായ അനുഭവം അദ്ദേഹം വിവരിച്ചിരിക്കുന്നത് മാത്രം ഉദ്ധരിക്കാം: "ശമ്പളമില്ലാതെ രണ്ടുകൊല്ലം തുടര്‍ന്ന് ഈ സ്കൂളില്‍ പഠിപ്പിക്കുവാന്‍ സാമ്പത്തികാവസ്ഥ എന്നെ വളരെ വിഷമിപ്പിച്ചിരുന്നു.എങ്കിലും ഇടക്കിടക്ക് വിദ്വാന്‍ ശ്രീ.പി.കേളുനായരുടെ നാടകത്തിനുള്ള എന്റെ സഹകരണവും അത്യാവശ്യം പാട്ടുകച്ചേരിയും എന്നെ സഹായിച്ചു.ഒരിക്കല്‍ ഒരു വിഷു ദിവസം കേളുനായരുടെ നാടകം ഉണ്ടായിരുന്നു.അത് ഒരു ഞായറാഴ്ച ദിവസമായിരുന്നു.അന്നു ഞാന്‍ നാടകത്തില്‍ പങ്കുകൊണ്ടിരുന്നു.പിറ്റേ ദിവസം ഞാന്‍ വെള്ളിക്കോത്തു നിന്ന് ചെറുവത്തൂരേക്ക് വരുമ്പോള്‍ ഷര്‍ട്ടിട്ടിരുന്നില്ല.അന്നൊക്കെ അത് അത്ര നിര്‍ബന്ധവുമായിരുന്നില്ല.ഞാന്‍ കാഞ്ഞങ്ങാട്ട് റെയില്‍വേസ്റേഷനില്‍ നിന്ന് വണ്ടി കയറി ഇരിപ്പുറപ്പിച്ചപ്പോള്‍ വഴിയില്‍ നിന്ന് എന്റെ പുറത്ത് ഒരാള്‍ തട്ടി.ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അബൂബക്കര്‍!ഇയാള്‍ ലേബറാപ്പീസറുടെ ശിപ്പായിയാണ്.അയാള്‍ എന്നോട് ചോദിച്ചു" എന്തേ ഇന്ന് സ്കൂളില്ലേ?ലേബറാപ്പീസര്‍ നിങ്ങളുടെ സ്കൂള്‍ വിസിറ്റ് ചെയ്യാന്‍ വന്നിട്ടുണ്ട്.അദ്ദേഹം വണ്ടിയില്‍ ഫസ്റ് ക്ളാസ് കംപാര്‍ട്മെന്റില്‍ ഇരിക്കുന്നുണ്ട്.ഈ രീതിയില്‍ നിങ്ങളെ കണ്ടാല്‍ സ്കൂളിന്റെ കാര്യം ഊര്‍ദ്ധ്വം തന്നെ''എന്നു പറഞ്ഞു.ഇതുകേട്ടപ്പോള്‍ ഞാന്‍ വല്ലാതെ അമ്പരന്നു.ഷര്‍ട്ട് ധരിച്ചിട്ടില്ലാത്ത എന്നെ അദ്ദേഹം കാണുകയാണെങ്കില്‍ കെട്ടിടത്തിനുള്ള ധനവ്യയവും രണ്ടുകൊല്ലത്തെ യത്നവും വൃഥാവിലാകുന്ന വിഷാദം എന്നെ അത്യധികം അലട്ടി.എന്തു ചെയ്യണമെന്ന് എനിക്ക് എത്തും പിടിയും ഇല്ലാതെയായി.സ്റേഷനില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹം നഗ്നനായ എന്നെ കാണും; അതും പത്തുമണിയോടു കൂടി.ഇതുവിചാരിച്ച് ദു:ഖിച്ചിരിക്കുമ്പോള്‍ അബൂബക്കറുടെ കയ്യിലുണ്ടായിരുന്ന അലക്കിത്തേച്ച ഷര്‍ട്ട് എന്നെ എടുത്തുകാട്ടി ഇത് ധരിച്ചുകൊള്ളൂ എന്നു പറഞ്ഞ് എന്റെ കയ്യില്‍ തന്നു.അങ്ങനെ നഗ്നതയില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്ക് സാധിച്ചു.
ഞാന്‍ ചെറുവത്തൂര് വണ്ടിയിറങ്ങി ടിക്കറ്റ് എങ്ങനെയോ സ്റേഷന്‍ മാസ്ററുടെ കയ്യില്‍ കൊടുത്ത് ഓടാന്‍ തുടങ്ങി.ഓടുമ്പോള്‍ ആ ഓടുന്ന ആളാണ് കൈതക്കാട്ട് ലേബര്‍സ്കൂളിലെ ഹെഡ്മാസ്ററെന്ന് ലേബറാപ്പീസറോട് ആരെങ്കിലും പറഞ്ഞുകളയുമോ എന്ന ഭയം എന്നെ അത്യധികം വ്യാകുലപ്പെടുത്തി.സ്റേഷനില്‍ നിന്ന് സ്കൂളിലേക്ക് ഒന്നര മൈലില്‍ അധികം കാണും.കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഓടേണ്ടത്.കുറെ ഓടിയപ്പോള്‍ എനിക്ക് മൂത്രമൊഴിക്കണമെന്ന് തോന്നി.ആ അവസരം മൂത്രമൊഴിക്കാന്‍ ഇരിക്കയാണെങ്കില്‍ ലേബറാപ്പീസര്‍ കുറച്ചുകൂടി എന്നെ സമീപിച്ചേക്കുമോ എന്ന ശങ്ക കൊണ്ട് " എനിക്ക് തനിയെ ഈ അവസരത്തില്‍ ചെയ്യല്ലാ മൂത്രമേ'' എന്നു പറഞ്ഞുപോയത് എനിക്ക് ഇത് എഴുതുമ്പോഴും ഓര്‍ത്ത് ചിരി വരുന്നു.''
ലേബര്‍ ആപ്പീസര്‍ക്കും അദ്ദേഹത്തിന് അകമ്പടി സേവിച്ച ലേബര്‍ ഇന്‍സ്പെക്ടര്‍ക്കും ഉച്ചഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കാല്‍കാശ് കയ്യിലില്ലാത്തതുകൊണ്ട് അടുത്തുള്ള ക്ഷേത്രത്തില്‍ ചെന്ന് ശാന്തിക്കാരനെ കണ്ട് അപേക്ഷിച്ച് രണ്ടുപേര്‍ക്കുള്ള ഊണ് തരപ്പെടുത്തിക്കൊടുത്തതും ഭക്ഷണസൌകര്യം തീരെ തൃപ്തികരമല്ലായിരുന്നു എന്ന് ഇന്‍സ്പെക്ടര്‍ പിന്നീട് രൂക്ഷമായി പരാതിപ്പെട്ടതും ഉക്കാരന്‍ നമ്പ്യാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുപോലുള്ള ഏറെ വ്യത്യസ്തമായ പല അനുഭവങ്ങളുടെയും വസ്തുതകളുടെയും വിവരണങ്ങള്‍ 'കലാജീവിത'ത്തിലുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കണ്ണൂര്‍ പോലീസ്മൈതാനിയില്‍ മൂര്‍ക്കോത്ത് കുമാരന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന ഗംഭീരമായ പ്രദര്‍ശനം കാണാന്‍ പോയതും അവിടെ വിക്ടോറിയാ റാണിയെ മരണശയ്യയില്‍ വെച്ച് ഡോക്ടര്‍ പരിശോധിക്കുന്നതിന്റെയും മറ്റും മെഴുകുപ്രതിമകള്‍ കണ്ട് അത്ഭുതപ്പെട്ടതും വയനാട്ടില്‍ നിന്ന് നാടകാഭിനയത്തിന് സമ്മാനമായി 150 പറ നെല്ല് കിട്ടിയതും ജീരകശാല,ഗന്ധകശാല,സോമന്‍ എന്നീ ഇനങ്ങളടങ്ങിയ ആ നെല്ല് മാനന്തവാടിയില്‍ നിന്ന് തലശ്ശേരിയിലേക്ക് കാളവണ്ടിയിലും അവിടെനിന്ന് തീവണ്ടിയില്‍ ചെറുവത്തൂരേക്കും എത്തിച്ചതും മറ്റും ഉദാഹരണം.
'കലാജീവിതം' അതിന്റെ അവതാരികയില്‍ സി.പി.ശ്രീധരന്‍ പ്രസ്താവിച്ചതുപോലെ ഉത്തരകേരളത്തിലെ സംഗീതനാടകങ്ങളുടെയും സാംസ്കാരികനവോത്ഥാനങ്ങളുടെയും ചരിത്രമെഴുതുന്നവര്‍ക്ക് വലിയൊരു വഴികാട്ടിയാണ്.ഒരു വായനാവിഭവം എന്ന നിലയ്ക്കു കൂടി വളരെ വിലപ്പെട്ട ഈ കൃതി തീര്‍ച്ചയായും പുന:പ്രകാശനം അര്‍ഹിക്കുന്നുണ്ട്.അച്ചടിത്തെറ്റുകളും വാക്യഘടനയിലും മറ്റും വന്നുപോയിട്ടുള്ള ചെറിയ പിഴവുകളും തിരുത്തി,ആവശ്യമായ അടിക്കുറിപ്പുകള്‍ നല്‍കി എഡിറ്റിംഗ് നടത്തി പുതിയ കെട്ടും മട്ടും നല്‍കി ഈ പുസ്തകം വായനക്കാരിലെത്തിക്കാന്‍ കേരളസംഗീത നാടക അക്കാദമിയോ സാഹിത്യ അക്കാദമിയോ എത്രയും വേഗം താല്പര്യമെടുക്കേണ്ടതാണ്.

Wednesday, March 9, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

28
ദര്‍ശനവും ശാസ്ത്രവും ചരിത്രവുമെല്ലാം കവിതയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന പഴയകാല രീതി മലയാളിയുടെ പൊതുബോധത്തില്‍ എഴുത്തുകാരുടെ ധര്‍മത്തെ കുറിച്ചുള്ള ചില ധാരണകള്‍ക്ക് ആഴത്തില്‍ വേരോട്ടമുണ്ടാക്കിയിട്ടുണ്ട്.സാഹിത്യത്തിന്റെ മേഖലയില്‍ അംഗീകൃതനാവുന്ന ഏതൊരാളും എല്ലാ സാമൂഹ്യവ്യവഹാരങ്ങളിലും ഇടപെട്ട് അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന നിലപാട് അതിശക്തമായി നിലനില്‍ക്കുന്ന നാടാണിത്.നവോത്ഥാനകാലം മുതലിങ്ങോട്ട് പൊതുവായ രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ട് ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തെ നിര്‍ണായകമായി സ്വാധീനിച്ച കവികളുടെയും നാടകകാര•ാരുടെയും മറ്റും ഓര്‍മ നമ്മുടെ സാമൂഹ്യസ്മൃതിയിലെ ഏറ്റവും പ്രകാശപൂര്‍ണമായ ഇടങ്ങളായി ഇന്നും നിലനില്‍ക്കുന്നു എന്നതും അതിനുള്ള കാരണമാണ്.
ഇത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വാസ്തവത്തില്‍ വലിയൊരു വിഷമപ്രശ്നമാണ്. എപ്പോഴും ഏത് കാര്യത്തെ കുറിച്ചും അഭിപ്രായം പറയാന്‍ തയ്യാറായി നില്‍ക്കേണ്ട 'അഭിപ്രായപ്രകടന യന്ത്രം' എന്ന നിലയില്‍ സമൂഹം എഴുത്തുകാരെ കാണുന്നത് കഷ്ടമാണ്.പൊതുജീവിതത്തില്‍ നിത്യേനയെന്നോണം പുതിയ പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്.അവയില്‍ ഏതാനും ചിലത് എഴുതുന്ന ആളെ സ്പര്‍ശിക്കുകയും പെട്ടെന്നുള്ള പ്രതികരണത്തിന് പ്രേരിപ്പിക്കുകയും ചെയ്തേക്കാം.തന്നെ വൈകാരികമായോ ബൌദ്ധികമായോ അതിശക്തമായി പിടിച്ചുലക്കുന്ന പ്രശ്നങ്ങളുടെ കാര്യത്തില്‍ മാത്രമേ അത് സംഭവിക്കൂ.അതും തന്റെ പ്രതികരണം കൊണ്ട് എന്തെങ്കിലും ഒരനുകൂലഫലം ഉണ്ടാവും എന്ന തോന്നലിന്റെ പിന്തുണ കൂടി ഉണ്ടെങ്കില്‍ മാത്രം.അങ്ങനെ അല്ലാതുള്ള സംഭവങ്ങളും പ്രശ്നങ്ങളും അയാളുടെ മനസ്സിന്റെ ഏതെങ്കിലും കോണില്‍ ആഴത്തിലോ അല്ലാതെയോ മുദ്രിതമായി എഴുത്തിലെ അനുകൂലസന്ദര്‍ഭത്തെ കാത്ത് ശൈത്യകാല നിദ്രയിലെന്ന പോലെ കിടക്കുകയേ ഉള്ളൂ.പിന്നീടെപ്പോഴെങ്കിലും എഴുത്തില്‍ അത് പ്രത്യക്ഷപ്പെടുമ്പോഴേക്കും എഴുതുന്ന ആള്‍ക്കു തന്നെ തിരിച്ചറിയാനാവാത്ത വിധത്തില്‍ അതിന് ജൈവപരിണാമം സംഭവിക്കുകയും ചെയ്യും.
എഴുതുന്നതിനു പുറമേ സാഹിത്യവുമായി ബന്ധപ്പെടുന്ന കാര്യങ്ങളെ കുറിച്ച് തരക്കേടില്ലാത്ത രീതിയില്‍ പ്രസംഗിക്കാന്‍ കൂടി പറ്റുന്ന ആള്‍ എന്ന നിലക്ക് വടക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ എനിക്ക് സമ്മതിയുണ്ട്.ഈയൊരു കാര്യം കൊണ്ടും പ്രസംഗകരുടെ എണ്ണം വളരെ കുറവായതുകൊണ്ടും ആഴ്ചയില്‍ ഒരിക്കലെങ്കിലും എനിക്ക് പ്രസംഗത്തിനുള്ള ക്ഷണവും നിര്‍ബന്ധവും ഉണ്ടാവും.ആകാവുന്നിടത്തോളം ഒഴിഞ്ഞുമാറുകയാണ് പതിവ്.ഞാന്‍ നടത്തുന്ന ഒരു പ്രസംഗം എന്നില്‍ ഉണ്ടാക്കുന്ന വിപരീതഫലത്തിന്റെ അളവ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര വലുതാണ്.പൊതുവേദിയിലെ വാക്കുകളുടെ വിനിയോഗം ആത്മാവിനെ അസഹ്യമാം വിധം ശൂന്യമാക്കിക്കളയും.അങ്ങനെയാണെങ്കില്‍ ഈ പണി പാടേ നിര്‍ത്തിക്കൂടേ എന്ന് ചോദിക്കാം.ഏത് രൂപത്തിലായാലും ഞാന്‍ എനിക്ക് ചുറ്റിലുമുള്ളവരോട് സംസാരിച്ചുകൊണ്ടേയിരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന സത്യം മറുവശത്തുണ്ട്.ഈ അച്ചടക്കമില്ലായ്മ എന്റെ എഴുത്ത്ജീവിതത്തിന് വരുത്തിയ നഷ്ടത്തിന്റെ വലിപ്പം എനിക്കേ അറിയൂ.കഥ.കവിത,നോവല്‍,നാടകം എന്നിങ്ങനെ എനിക്ക് വ്യവഹരിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ക്ക് പുറത്തേക്ക് വാക്കുകളിലൂടെ സഞ്ചരിക്കില്ല എന്നൊരു തീരുമാനമെടുത്താല്‍ ഞാന്‍ എത്രയോ നന്നാവും.മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മം കൊണ്ടും നന്നാവാനുള്ള സാധ്യത ഒരാളുടെ മുന്നില്‍ മരണം വരെയും ഉണ്ട്.
29
വമ്പിച്ച സാമ്പത്തിക നേട്ടമുണ്ടാവണമെന്നോ വലിയ നിലയിലിത്തെണമെന്നോ വലിയ ആളായിത്തീരണമെന്നോ ലോകം തന്നെ കൊണ്ടാടണമെന്നോ ഒന്നും ആഗ്രഹിച്ചില്ല ഒരാള്‍ സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്ക് തുന്നിയുന്നത്.അത്തരം ആഗ്രഹങ്ങളില്‍ ചിലത് പശ്ചാത്തലത്തില്‍ ഉണ്ടാവാം.പക്ഷേ,അവയെയെല്ലാം കവിഞ്ഞു നില്‍ക്കുന്നതും വിവരിക്കാന്‍ എളുപ്പമല്ലാത്തതുമായ ഒരു ചോദനയുടെ സമ്മര്‍ദ്ദമാണ് ഒരാളെ കഥയെഴുത്തിലേക്കോ ചിത്രം വരയിലേക്കോ ഒക്കെ തള്ളിവിടുന്നത്.അതിനപ്പുറത്ത് കണ്ടെത്തപ്പെടുന്ന ഏത് കാരണവും വളരെ ഭാഗികമായേ ശരിയാവൂ. സര്‍ഗചോദനയുടെ മുഖ്യഘടകം പലരെ സംബന്ധിച്ചിടത്തോളവും കടുത്ത ആത്മാനുരാഗം തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.'ഞാന്‍,ഞാന്‍' എന്ന അഹങ്കാരത്തിന്റെ മുഴക്കം അവരെഴുതുന്ന എന്തിലും ഏതിലും എനിക്ക് കേള്‍ക്കാന്‍ കഴിയാറുണ്ട്.ആദ്യമൊക്കെ ആ തിരിച്ചറിവിന്റെ ഫലമായി അവരുടെ രചനകളോട് ഏറിയും കുറഞ്ഞു വെറുപ്പും പുച്ഛവുമൊക്കെ തോന്നുകയും ചെയ്തിരുന്നു.ഇപ്പോള്‍ അത്തരം വികാരങ്ങള്‍ എന്നെ ബാധിക്കാറേ ഇല്ല.കാരണം ആ ആത്മാനുരാഗമില്ലെങ്കില്‍ അവരുടെ എഴുത്ത് തന്നെ ഉണ്ടാവില്ല എന്നും എന്നിലും അത് അല്പം വ്യത്യസ്തമായൊരു ചേരുവയില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ട് എന്നും ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.
30
ഒന്നിലധികം കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ പുറപ്പെടുന്നയാള്‍ക്ക് ഒന്നും നന്നായി ചെയ്യാനാവില്ല എന്നാണ് പൊതുവേ പറഞ്ഞുവരുന്നത്.'കുയിച്ചെടുത്ത് തന്നെ കുയിക്കാണ്ട് വെള്ളം കാണൂല്ല കുഞ്ഞിരാമാ' എന്ന പഴയ പറച്ചിലില്‍ തീര്‍ച്ചയായും വാസ്തവമുണ്ട്.പക്ഷേ,എഴുത്തിന്റ ലോകത്ത് സംഗതി കുറേ വ്യത്യസ്തമാണ്.ഇവിടെ ഏതെങ്കിലും ഒരു രൂപത്തില്‍ മാത്രമായി ഉറച്ചുനില്‍ക്കുക എന്നത് അസാധ്യം തന്നെയാണെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും ലോകമെമ്പാടുമുള്ള വലിയവരും ചെറിയവരുമായ അനേകായിരം എഴുത്തുകാരുടെ സര്‍ഗാത്മകജീവിതത്തെ കുറിച്ചുള്ള അറിവില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.എഴുതാനുള്ള സംഗതി ഉള്ളില്‍ വന്നു വീഴുന്ന നിമിഷത്തില്‍ തന്നെ അതിന് ഇണങ്ങുന്ന രൂപത്തെ കുറിച്ചുള്ള തോന്നലും ഉരുവപ്പെട്ടു കഴിയും.ചെറുപ്രായം മുതലേ ഉള്ള ശീലം കൊണ്ട് ചിലരുടെ ഉള്ളില്‍ എന്തും ഒരേയൊരു സാഹിത്യരൂപത്തില്‍ മാത്രം വാര്‍ന്നുവീഴാം.ആ ഒരു തടസ്സമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ചിലത് കവിതയായെഴുതണമെന്നും മറ്റ് ചിലത് കഥയായെഴുതണമെന്നും വേറെ ചിലത് നാടകമായെഴുതണമെന്നുമൊക്കെ തോന്നുന്നതാണ് സ്വാഭാവികം.അത്തരത്തിലുള്ള തോന്നലുകളെ സാഹിത്യമേഖലയില്‍ നിലവിലുള്ള ചില ശാഠ്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ അടിച്ചമര്‍ത്താന്‍ തുനിയുന്നത് പമ്പരവിഡ്ഡിത്തമാണ്.ഇനി മറ്റൊരു കാര്യം-നോവല്‍ നന്നായി എഴുതണമെന്നു കരുതി കഥയെഴുതാനുള്ള പ്രേരണയേയോ കഥ നന്നായി എഴുതണമെന്നു കരുതി ഒരു പുസ്തകത്തെ കുറിച്ചെഴുതാനുള്ള പ്രേരണയേയോ ഒരാള്‍ക്ക് തടഞ്ഞു നിര്‍ത്താനാവില്ല.ആ മട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്താവുന്നത്ര ദുര്‍ബലമായല്ല എഴുത്തിനുള്ള പ്രേരണ ഏത് എഴുത്തുകാരനിലും/എഴുത്തുകാരിയിലും പ്രവര്‍ത്തിക്കുന്നത്.
31
ഇനി ഒരു കല്‍ക്കത്താ കുറിപ്പ്
2007 സെപ്റ്റംബര്‍ 22
കല്‍ക്കത്തയിലെ ബെഹാല എന്ന സ്ഥലത്തെ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച
സമ്മേളനം.ഞാനും സി.ആര്‍.ഓമനക്കുട്ടനുമായിരുന്നു മുഖ്യപ്രസംഗകര്‍.രണ്ട് ദിവസം മുമ്പാണ് ഞാന്‍ കുടുംബസമേതം കല്‍ക്കത്തയിലെത്തിയത്.ഹൌറ റെയില്‍വെ സ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ രവി പാലൂര്‍ എന്ന സുഹൃത്തിന്റെ കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ ഞങ്ങളെയും കാത്ത് പ്ളാറ്റ്ഫോമിലുണ്ടായിരുന്നു.നേരത്തേ ഫോണിലൂടെ മാത്രം പരിചയപ്പെട്ടിരുന്ന രവിയാണ് ഞങ്ങള്‍ കല്‍ക്കത്തയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്നത്.ലെയ്ക്ക് മാര്‍ക്കറ്റിലെ പാര്‍ക്ക്സൈഡ് റോഡില്‍ താരാമഹല്‍ എന്ന ഇടത്തരം ഹോട്ടലില്‍ മുറി ബുക് ചെയ്ത് വെച്ചതും രവി തന്നെയായിരുന്നു.അതിന് അടുത്തു തന്നെയായിരുന്നു അദ്ദേഹം നടത്തുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബ്രാഞ്ച്.തലശ്ശേരിക്കടുത്ത് എരഞ്ഞോളിക്കാരനായ രമേഷ് നാരായണന്റെതാണ് പ്രസിദ്ധമായ താരാമഹല്‍ ഹോട്ടല്‍.കേരളത്തില്‍ നിന്ന് കല്‍ക്കത്തയിലെത്തുന്ന സഞ്ചാരികളുടെയും സിനിമാതാരങ്ങളുടെയും പ്രധാനതാവളമാണിത്.വാസ്തുഹാരയുടെ ഷൂട്ടിംഗിന് വന്നപ്പോള്‍ മോഹന്‍ലാലും മറ്റും ഇവിടെയാണ് താമസിച്ചിരുന്നതെന്ന് മലയാളിയായ റിസപ്ഷനിസ്റ് ജയപാലന്‍ പറഞ്ഞു.
കല്‍ക്കത്തയിലെത്തിയതിന്റെ പിറ്റേന്നാണ് വളരെ യാദൃച്ഛികമായി ഓമനക്കുട്ടനെ കണ്ടുമുട്ടിയത്.വെറുതെ ഒരു ചുറ്റിനടപ്പിന് ഭാര്യാസമേതനായി കല്‍ക്കത്തയിലെത്തിയതായിരുന്നു അദ്ദേഹം.(ആശാന്റെ കല്‍ക്കത്താജീവിതം വിഷയമാക്കിയ 'കുമാരു' എന്ന നോവലിനു വേണ്ട വിവരങ്ങള്‍ പുറമെ വളരെ അലസമായി തോന്നിയ ഈ സഞ്ചാരത്തിനിടയിലും ചങ്ങാതി സംഘടിപ്പിക്കുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.)അവിചാരിതമായ കണ്ടുമുട്ടല്‍ ഞങ്ങളെ ശരിക്കും ഹരം പിടിപ്പിച്ചു.അടുത്ത ദിവസം ബഹാലയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ മലയാളിസുഹൃത്തുക്കളും നിനച്ചിരിക്കാതെ രണ്ട് സാഹിത്യകാര•ാരെ വീണുകിട്ടിയതിന്റെ ഹരത്തിലായിരുന്നു.എഴുത്തുകാരാണ് എന്നതിലപ്പുറം ഞങ്ങളെ കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു.സ്വാഗതപ്രസംഗകന്‍ എന്നെ കുറിച്ചുള്ള വിവരങ്ങള്‍ ഓമനക്കുട്ടനോടും ഓമനക്കുട്ടനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നോടും ചോദിച്ചറിഞ്ഞ് കുറിപ്പെടുത്താണ് ശ്രമകരമായ തന്റെ ജോലി നിര്‍വഹിച്ചത്.
പത്തുനാല്പത് വര്‍ഷം മുമ്പ് വടക്കന്‍ കേരളത്തിലെ ഏതെങ്കിലുമൊരു ഗ്രാമത്തിലെ എല്‍.പി.സ്കൂളില്‍ ഒഴിവുദിവസം നോക്കി നാട്ടിലെ സാഹിത്യപ്രണയികള്‍ സംഘടിപ്പിച്ചിരിക്കാവുന്ന സമ്മേളനത്തിന്റെ പ്രതീതിയാണ് ബഹാലയിലെ സദസ്സ് കണ്ടപ്പോള്‍ ഉണ്ടായത്.അത്തരമൊരു കൂടിച്ചേരലില്‍ ഉണ്ടാകാനിടയില്ലാത്ത അത്രയും സ്ത്രീകളും കൂട്ടികളും ബഹാലയില്‍ ഉണ്ടായിരുന്നു എന്നതു മാത്രമാണ് പറയത്തക്ക വ്യതാസം.
അന്തരീക്ഷം മൂടിക്കെട്ടിയിരുന്നതുകൊണ്ടു കൂടിയാകാം ഒട്ടും ഉ•ഷവാനായിരുന്നില്ല ഞാന്‍.അതുകൊണ്ടു തന്നെ എന്റെ പ്രസംഗം സാമാന്യത്തിലധികം ബോറായിരുന്നു.ഓമനക്കുട്ടന്‍ സദസ്സിനെ ശരിക്കും രസിപ്പിച്ചു.കമ്പോടുകമ്പ് ഫലിതം.ബഹാലയിലെ മലയാളികുടുംബങ്ങള്‍ കുഞ്ഞുകുട്ടികളടക്കം ചിരിച്ചു മറിഞ്ഞു.ബാംഗ്ളൂരിലെയും മുംബെയിലെയും ഭോപ്പാലിലെയുമെല്ലാം ചില മലയാളിക്കൂട്ടായ്മകളെ ഞാന്‍ നേരത്തെപരിചയപ്പെട്ടിട്ടുണ്ട്.അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ബഹാലയിലെ സമ്മേളന സ്ഥലത്തു കണ്ട മലയാളികള്‍ അവരുടെ വേഷവും സംസാരവും മറ്റ് പെരുമാറ്റരീതികളെല്ലാം കൊണ്ട് എന്റെ കുട്ടിക്കാലത്തെ ഒരു ഗ്രാമീണ സദസ്സിനെ ശരിക്കും ഓര്‍മിപ്പിച്ചു.കല്‍ക്കത്താ നഗരത്തിനും ബംഗാളിന് ആകെത്തന്നെയും ഈയൊരു കാലപ്പഴക്കമുണ്ട്.
പതിനായിരക്കണക്കിന് ആളുകളും വാഹനങ്ങളും തിക്കിത്തിരക്കുന്ന തെരുവുകളാണ് എന്റെ സങ്കല്പത്തിലെ കല്‍ക്കത്തയ്ക്ക് ഉണ്ടായിരുന്നത്.പക്ഷേ,ഞാന്‍ നേരില്‍ക്കണ്ട കല്‍ക്കത്തയില്‍ ഹൌറാപാലത്തിനു മുകളിലും സിയാല്‍ദാ സ്റേഷന്റെ പ്ളാറ്റ്ഫോമിലും സാല്‍ക്കിയാഭാഗത്തും മാത്രമാണ് യഥാര്‍ത്ഥമായ തിരക്ക് കണ്ടത്.ലെയ്ക്ക് മാര്‍ക്കറ്റിലും ഞാന്‍ ചുറ്റി നടന്ന മറ്റ് സ്ഥലങ്ങളിലുമെല്ലാം അല്പവും ഭയമോ അപരിചിതത്വമോ അനുഭവപ്പെടുത്താത്ത ഒരു തരം ശാന്തതയാണ് ഉണ്ടായിരുന്നത്.പാര്‍ക്സൈഡില്‍ ഇഷ്ടം പോലെ കാണാമായിരുന്ന പട്ടികളുടെ മുഖത്തുപോലും 'പേടിക്കേണ്ട,ഇവിടെ നമുക്കെല്ലാം സുഖദു:ഖങ്ങള്‍ പങ്കുവെച്ച് ഒന്നിച്ചുകഴിയാം' എന്നൊരു ഭാവമായിരുന്നു.
(പ്ളാവില മാസിക,മാര്‍ച്ച് 2011)

Monday, March 7, 2011

കേരളാവാലാ

ഒട്ടും നാടകീയമായിരുന്നില്ല തുടക്കം.2011 മാര്‍ച്ച് 3ന് ഉച്ചയ്ക്ക് ഒന്നരയോടെ ഞാനും ഭാര്യയും ബിക്കാനീര്‍ കൊച്ചുവേളി എക്സ് പ്രസ്സിന്റെ എസ് 3 കോച്ചില്‍ വഡോദരയില്‍ നിന്ന് കണ്ണൂരേക്ക് പുറപ്പെടുന്നു.ഇരിപ്പിടം കണ്ടെത്തി ഉറപ്പിക്കുന്നതിനുള്ള അനാവശ്യമായ പരിഭ്രമം അവസാനിപ്പിച്ച് ചുറ്റിലും നോക്കിയപ്പോള്‍ കടും ചുവപ്പ് നിറത്തിലുള്ള സാരിയുടെ തലപ്പുകൊണ്ട് മുഖം മുക്കാലും മറച്ച ഒരു രാജസ്ഥാനി സ്ത്രീയാണ് ആദ്യം കണ്ണില്‍ പെട്ടത്. ഇരുകാതിലും വെള്ളിനിറത്തിലുള്ള ചെറിയ റിംഗണിഞ്ഞ, ശരീരഭാഷയില്‍ പ്രകടമായ നാടോടിത്തമുള്ള ഒരു യുവാവ് കൂടെത്തന്നെ ഉണ്ടായിരുന്നു.അവരുടെ ബന്ധുവായ മറ്റൊരു സ്ത്രീ,രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായം തോന്നിച്ച നാല് കുട്ടികള്‍,ആ കുടുംബത്തിലെ തന്നെ അംഗമായ ഗൌരവപ്രകൃതിയായ ഒരു യുവാവ്,ഗോവക്കാരനായ ബലിഷ്ഠകായനായ ഒരാള്‍,അയാളുടെ ഭാര്യ,സഹോദരി,വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയ ഒരു മലയാളിയും ഭാര്യയും,കൊച്ചുവേളി വരെ പോകാനുള്ള ഒരു പട്ടാളക്കാരന്‍,കാഴ്ചയില്‍ കൊങ്ങിണി എന്നു തോന്നിയ കൌമാരഭംഗികള്‍ കൈവിടാത്ത ചെറുപ്പക്കാരന്‍ ഇത്രയും പേരാണ് ഞങ്ങളുടെ വശങ്ങളിലും പിന്നിലുമൊക്കെയായി ഉള്ളതെന്ന് മനസ്സിലാക്കി വെച്ചു.യാത്രയില്‍ ആളുകളെ അങ്ങോട്ടു കയറി പരിചയപ്പെടാന്‍ മാനസ്സികമായി കഠിനമായ തയ്യാറെടുപ്പ് വേണ്ടി വരാറുള്ള കൂട്ടത്തിലാണ് ഞാന്‍.അതുകൊണ്ട് അതിദീര്‍ഘമായൊരു തീവണ്ടിയാത്രയ്ക്കു ശേഷം ഒരാളെപ്പോലും പരിചയപ്പെടാനായില്ലല്ലോ എന്ന ഹൃദയവേദനയോടെ ഇറങ്ങി വരേണ്ടി വന്ന അനുഭവം മുമ്പുണ്ടായിട്ടുണ്ട്.ഇത്തവണ ഏതായാലും അങ്ങനെ സംഭവിക്കില്ലെന്ന് ചുറ്റിലുമുള്ളവരില്‍ പലരെയും നോട്ടം വഴിയും ചിലരെ ഒന്നോ രണ്ടോ ചോദ്യം വഴിയും പരിചയപ്പെട്ടപ്പോള്‍ തന്നെ ഉറപ്പായി.അതിന്റെ മന;സമാധാനം പച്ചനിറഞ്ഞ വയലുകളും വാഴത്തോപ്പുകളും നദികളുമൊക്കയായുള്ള പുറംകാഴ്ചയില്‍ തെഴുത്തു.
നാടോടി എന്ന് ഞാന്‍ മനസ്സില്‍ കരുതിയ യുവാവ് വണ്ടിയില്‍ വന്നു കൊണ്ടിരുന്ന ഭേല്‍പൂരി, വട,കടല,ഐസ്ക്രീം തുടങ്ങിയ സാധനങ്ങളൊക്കെ വാങ്ങി ഭാര്യയുമായി പങ്കുവെച്ച് കഴിച്ചുകൊണ്ടിരിക്കുകയും ഇടക്കിടെ നാടോടികള്‍ക്ക് മാത്രം വശമുള്ള ഒച്ചയിലും ഈണത്തിലും തന്റെ കുടുംബക്കാരോട് സംസാരിക്കുകയും ചെയ്തു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വലിയ ശരീരമുള്ള ഒരു ഹിജഡ കൈമുട്ടി ഒച്ചയുണ്ടാക്കി വന്ന് എല്ലാവരോടും അഞ്ചും പത്തുമൊക്കെ വാങ്ങിപ്പോയി. അരമണിക്കൂറിനകം മറ്റൊരു ഹിജഡകൂടി വന്ന് സംഭാവന പിരിച്ചു.
വണ്ടി അങ്ക്ലേശ്വറിലെത്തിയപ്പോള്‍ വില കൂടിയ ചെക്ക് ഷര്‍ട്ട് ധരിച്ച,കഷണ്ടി കയറിയ തലയും ആര്‍ജ്ജവവും ഗൌരവവും അനുഭവിപ്പിക്കുന്ന മുഖവും ആവശ്യത്തില്‍ അല്പം അധികമായ തടിയുമുള്ള വെളുത്തുതുടുത്ത ഒരു മധ്യവയസ്കന്‍ നേരെ മുന്നിലെ സീറ്റില്‍ വന്നിരുന്നു.കറുത്ത ഹാഫ് ട്രൌസറും കയ്യില്ലാത്ത ബനിയനും ധരിച്ച,ഇരു കൈത്തണ്ടകളിലും തേള്‍,പഴുതാര മുതലായ പല ജീവികളെയും പച്ച കുത്തിയ ഉരുക്കുശരീരമുള്ള ഒരു ദീര്‍ഘകായന്‍,ശരീരപ്രകൃതത്തിലും വേഷത്തിലും അയാളോട് സാഹോദര്യം പുലര്‍ത്തുന്ന മറ്റ് മൂന്നു നാലുപേര്‍,പ്ളസ് ടു വിദ്യാര്‍ത്ഥികളുടെ പ്രായത്തിലുള്ള പാവം തോന്നിച്ച നാല് പെണ്‍കുട്ടികള്‍ എന്നിവരും പുതുതായി വണ്ടിയിലെത്തി.ഹിന്ദി,ഗുജറാത്തി,രാജസ്ഥാനി,ഇടയ്ക്ക് കേള്‍ക്കുന്ന മലയാളം എല്ലാം ചേര്‍ന്ന് കംപാര്‍ട്മെന്റിലെ അന്തരീക്ഷം സജീവമായി,മഹത്തായ ഇന്ത്യന്‍ റെയില്‍വേ, മഹത്തായ ഇന്ത്യന്‍ ജീവിതം എന്നൊക്കെ ഞാന്‍ നിശ്ശബ്ദമായി ഉരുവിട്ടുകൊണ്ടിരുന്നു.കഴിഞ്ഞ ദിവസം സബര്‍മതിയില്‍ പോയി ഗാന്ധിജിയുടെ ആശ്രമം കണ്ടതിന്റെ ഓര്‍മ ആ അഭിമാനത്തോട് കൂടിച്ചേര്‍ന്ന് നിമിഷങ്ങള്‍ക്കകം വലിയൊരു വികാരമായി തെഴുത്തുവളര്‍ന്നു.വണ്ടി സൂറത്തിലെത്തും വരെ അതിന്റെ തണലില്‍ ഒരു മധുരവിസ്മൃതിയിലെന്ന പോലെ ഞാന്‍ കിടന്നു.ധാരാളം മലയാളികളുള്ള നഗരമാണ്സൂറത്ത് . സൂറത്ത് മലയാളി അസോസിയേഷന്‍ സംഭാവന ചെയ്ത സിമന്റ് ബെഞ്ച് പഴയൊരു യാത്രയില്‍ പ്ളാറ്റ്ഫോമില്‍ കണ്ട കാര്യം ഓര്‍മയിലെത്തി.വണ്ടി സൂറത്ത് വിട്ട് പത്തുമിനുട്ടുകഴിഞ്ഞപ്പോള്‍ കംപാര്‍ട്മെന്റിന്റെ ഡോറിനടുത്തേക്ക് ഗോവക്കാരന്‍ രോഷാകുലനായി ഓടിപ്പോകുന്നതും ഉച്ചത്തില്‍ എന്തോ പറയുന്നതും കേട്ടു.മറുപടിയായി മറ്റൊരു ശബ്ദം ഉയര്‍ന്നു.പിന്നാലെ വേറെ ചിലരുടെ ശബ്ദങ്ങള്‍.പിന്നെയൊരു കൂട്ട ബഹളം.ഗോവക്കാരന്റെ ഭാര്യയും സഹോദരിയും പരിഭ്രാന്തരായി അങ്ങോട്ടേക്ക് പായുന്നതും നാടോടി ഉള്‍പ്പെടെ പലരും പിന്നാലെ ചെല്ലുന്നതും ഒച്ചവെക്കുന്നതും കണ്ടു.
ഗോവന്‍ സ്ത്രീകള്‍ വിളറിയ മുഖവുമായി പെട്ടെന്ന് തിരിയെ വന്നു.വൈകാതെ ഗോവക്കാരനും മടങ്ങിയെത്തി.ആദ്യകാഴ്ചയില്‍ അയാളുടെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്ന ആത്മവിശ്വാസവും ഒരുതരം പരപുച്ഛവുമൊക്കെ പാടേ പോയ്മറഞ്ഞിരുന്നു.വാതിലിനരികിലെ ബഹളം അപ്പോഴും തുടരുന്നുണ്ടായിരുന്നു.അതില്‍ നാടോടിയുടെ ശബ്ദം വേറിട്ടുകേള്‍ക്കാമായിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ അയാളെ ഒന്നുരണ്ടു പേര്‍ ഉന്തിത്തള്ളി സീറ്റില്‍ കൊണ്ടു വന്ന് ഇരുത്തുന്നതു കണ്ടു.അതിനിടയില്‍ 'അവന്‍ മലയാളിയാണ്' എന്ന് ആരോ ആരെക്കുറിച്ചോ ഹിന്ദിയില്‍ പറയുന്നതു കേട്ടു.തൊട്ടു പിന്നാലെ ഡോറിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള മറുപടിയും വന്നു."ഹാം,മേം മലയാളി ഹൂം.ഹണ്‍ഡ്രഡ് പേഴ്സന്റ് മലയാളി.കേരളാവാല.''ധാര്‍ഷ്ട്യം നിറഞ്ഞ ആ മറുപടിക്ക് പിന്നാലെ സാക്ഷാല്‍ മലയാളി തന്നെ ഇടനാഴിയില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ പത്തുമുപ്പത് വയസ്സുള്ള സുമുഖനായൊരു യുവാവാണ്.ട്രെയിനിലെ മറ്റ് മിക്ക പുരുഷന്മാരെയും പോലെ ഇയാളും ദീര്‍ഘകായനും ഉറച്ച ശരീരമുള്ളവനുമാണ്.ഞങ്ങളുടെ തൊട്ടുപിന്നിലെ സീറ്റില്‍ ഇരിക്കയായിരുന്ന ഗോവക്കാരന്റെ അടുത്തേക്കാണ് കക്ഷി പോയത്."വാടാ കേരളത്തിലേക്ക് വാടാ കാണിച്ചു തരാമെടാ.''അയാള്‍ മലയാളത്തില്‍ തന്നെ ഗോവക്കാരനെ വെല്ലുവിളിച്ചു.ഗോവക്കാരനോ മറ്റുള്ളവരോ ഏറ്റു പിടിക്കാത്തതുകൊണ്ട് അമര്‍ത്തിയമര്‍ത്തിയുള്ള മുക്കലും മൂളലുമായി അയാള്‍ മടങ്ങിപ്പോയി.
എന്താണ് സംഗതി എന്ന് ഞാന്‍ എന്റെ മുന്നിലിരിക്കയായിരുന്ന കൊച്ചുവേളി ടിക്കറ്റുകാരനായ ജവാനോട് ചോദിച്ചു: "ഓ,ഒന്നുമില്ല.വെള്ളമടിച്ച് ബഹളം വെക്കുന്നു.അത്ര തന്നെ.''അയാള്‍ നിസ്സാരമട്ടില്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍കാരന്‍ യുവാവ് ഞാന്‍ ആവശ്യപ്പെടാതെ തന്നെ സംഭവം വിശദീകരിച്ചു തന്നു.'ഹണ്‍ഡ്രഡ് പേഴ്സന്റ് മലയാളി, കേരളാവാല'എന്നൊക്കെ സ്വയം ഉച്ചത്തില്‍ അഭിമാനം കൊണ്ട കക്ഷി ഗോവക്കാരന്റെ സഹോദരി ടോയ്ലറ്റിലേക്ക് കയറുമ്പോള്‍ നേരെ എതിര്‍വശത്തെ ടോയ്ലറ്റ് ചൂണ്ടിക്കാണിച്ച് പറഞ്ഞു വത്രെ: "ഇതില്‍ കയറി മൂത്രമൊഴിച്ചോളൂ.കൊളുത്തിടേണ്ട.കുറച്ചുകഴിഞ്ഞ് ഞാനും അകത്തുകയറാം.''ആ സ്ത്രീ പേടിച്ച് തിരിയെ വന്ന് സഹോദരനോട് സംഗതി പറഞ്ഞു.ചോദിക്കാന്‍ ചെന്ന സഹോദരനോട് മലയാളി തട്ടിക്കയറിയപ്പോള്‍ അയാള്‍ തനിക്കറിയാവുന്നതും കഠിനമായ അധിക്ഷേപവചനം എന്ന് സ്വയം കരുതിയിരിക്കാവുന്നതുമായ മലയാളം കേരളാവാലയ്ക്കു നേരെ പ്രയോഗിച്ചു " പോടാ,പോ'' സമര്‍ത്ഥനായ കേരളാവാല അത് ഭയങ്കരമായൊരു തെറിവാക്കാണെന്ന് ഭാവിച്ച് പൊട്ടിത്തെറിച്ചു."വിടില്ല,ആരെന്തു പറഞ്ഞാലും അവനെ ഞാന്‍ വിടില്ല .മലയാളത്തിലെ ഏറ്റവും വലിയ തെറിയാണ് ആ -മോന്‍ എന്റെ നേരെ പ്രയോഗിച്ചത്.''ഈ വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് അട്ടഹസിക്കയായിരുന്നു മലയാളി.ഇത്രയും കാര്യങ്ങള്‍ കഷ്ടിമുഷ്ടി മലയാളത്തില്‍വിവരിച്ച ശേഷം രാജസ്ഥാനി യുവാവ് തുടര്‍ന്നു " ഈ കംപാര്‍ട്മെന്റിലെ യാത്രക്കാരധികവും മിലിട്ടറിക്കാരാണ്.എന്റെ രണ്ട് അമ്മാവന്‍മാര്‍ മിലിട്ടറിയിലാണ്.ഒരാള്‍ മേജര്‍.മറ്റേയാള്‍ ക്യാപ്റ്റന്‍.അവരാരെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ആ അമ്മയോട് തെമ്മാടിത്തം പറഞ്ഞ അതേ നിമിഷത്തില്‍ ഇവനെ ഷൂട്ട് ചെയ്യുമായിരുന്നു.എന്റെ ഭാര്യയും രണ്ട് സഹോദരിമാരുമുള്ള കംപാര്‍ട്മെന്റാണിത്.ഇവനെ പോലൊരു തെമ്മാടിയെ ഈ കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യാന്‍ എന്റെ അമ്മാവന്‍മാര്‍ സമ്മതിക്കില്ല.''
തീര്‍ച്ചയായും അങ്ങനെ ചെയ്യേണ്ടതാണ് എന്ന് ഞാന്‍ തലകുലുക്കി.രാജസ്ഥാന്‍കാരായ രണ്ട് മിലിട്ടറി ഓഫീസര്‍മാര്‍ കേരളാവാലയെ വെടിവെക്കാനായി വരുന്ന രംഗം സങ്കല്പിച്ചു നോക്കിയപ്പോള്‍ എനിക്കു ചിരിവന്നു.നാടോടി എന്ന് ഞാന്‍ സങ്കല്പിച്ച കക്ഷി തന്റെ അമ്മാവന്‍മാരെ കുറിച്ച് പറഞ്ഞത് ഡാവായിരിക്കുമോ എന്ന സംശവും ഉണ്ടായിപ്പോയി.എന്തായാലും കുറച്ചുനേരത്തേക്ക് ട്രെയിനില്‍ ഒച്ചപ്പാടൊന്നുമുണ്ടായില്ല.വെയില്‍ച്ചൂടിലൂടെ അതിവേഗത്തില്‍ പായുന്ന വണ്ടിയില്‍ എല്ലാവരും തളര്‍ന്ന് മയക്കം പിടിച്ചതുപോലെ ആയിക്കഴിഞ്ഞിരുന്നു.പക്ഷേ,ആ ശാന്തത അധികനേരം നിലനിന്നില്ല.തനിക്ക് ഗോവക്കാരന്റെ തെറി മറക്കാനാവുന്നില്ല.ഓര്‍മയില്‍ അത് പിന്നെയും പിന്നെയും വരുന്നു,അവന് രണ്ട് കൊടുത്തേ മതിയാവൂ എന്നൊക്കെ പറഞ്ഞ് കേരളാവാല ഓടി വരികയും കുറേപേര്‍ ചേര്‍ന്ന് അയാളെ പിടിച്ചുവെക്കുകയും മറ്റ് ചിലര്‍ അയാളുടെ മേല്‍ കൈവെക്കാനായുകയും സംഗതി ആകെ അലമ്പാവുകയും ചെയ്തു.അതിനിടയില്‍ ആരോ ഓടിപ്പോയി ടി.ടി.ആറെ കൂട്ടിക്കൊണ്ടുവന്നു.റിസര്‍വേഷനില്ലാതെയാണ് കേരളാവാല സഞ്ചരിക്കുന്നതെന്ന് കണ്ടെത്തിയ ടി.ടി.ആര്‍ അങ്ങോട്ടെന്തോ പറയാനായുന്നതിനിടയില്‍ കക്ഷി അയാളോടും തട്ടിക്കയറി'.ഇവനെ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കണം,മറ്റ് യാത്രക്കാരെ മാന്യമായി സഞ്ചരിക്കാന്‍ അനുവദിക്കണം' എന്നൊക്കെ പറഞ്ഞ് കുറേപേര്‍ ടി.ടി.ആറെ പൊതിഞ്ഞു.ബഹളം പെരുത്തപ്പോള്‍ അങ്ക്ലേശ്വറില്‍ നിന്ന് കയറിയ പെണ്‍കുട്ടികളിലൊരാള്‍ നല്ല ധൈര്യത്തില്‍ കേരളാവാലയുടെ പുറത്തടിച്ചിട്ട് പറഞ്ഞു: "ഭായീ,ഇത് ഞങ്ങള്‍ പെണ്‍കുട്ടികള്‍ കൂടി ഉള്ള വണ്ടിയാണ്.അസഭ്യവാക്കുകള്‍ ഉപയോഗിക്കരുത്.'' 'പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ സീറ്റില്‍ അടങ്ങിയൊതുങ്ങി ഇരിക്കുക; ഒരപകടവും സംഭവിക്കില്ല' കേരളാവാലാ ഉപദേശസ്വരത്തില്‍ പറഞ്ഞു. വണ്ടി വാപി സ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു.ടി.ടി.ആര്‍ പ്ളാറ്റ് ഫോമിലിറങ്ങി നിന്ന് റെയില്‍വേ പോലീസിനു തന്നെയാകണം ഫോണ്‍ ചെയ്യുന്നതുകണ്ടു.ആവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനു പക്ഷേ,അങ്ങേത്തലയ്ക്കല്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.തന്നെ പൊതിഞ്ഞു നിന്നയാത്രക്കാരുടെ മുന്നില്‍ നിസ്സഹായനായി കൈമലര്‍ത്തിക്കാണിച്ച് അയാള്‍ തന്റെ അവസ്ഥ വിശദമാക്കുന്നതും പിന്നെ തലതാഴ്ത്തി നടന്നുപോവുന്നതും കണ്ടു.
വണ്ടി സ്റേഷന്‍ വിട്ട് പത്തോ പതിനഞ്ചോ മിനുട്ടു കഴിഞ്ഞപ്പോള്‍ പുതിയൊരു ഹിജഡ എത്തി.നേരത്തേ വന്നുപോയ രണ്ടു ഹിജഡകള്‍ക്കായി പതിനഞ്ചുരൂപ പോയതുകാരണം എന്റെ കയ്യില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടല്ലാതെ ചില്ലറയുണ്ടായിരുന്നില്ല.കീശ തപ്പിയപ്പോള്‍ കിട്ടിയ ഒരു രൂപ നാണയം കൊടുത്തപ്പോള്‍ 'ദരിദ്രവാസി ലോഗ് 'എന്നു തുടങ്ങുന്ന നാല് തെറിപറഞ്ഞ് ഹിജഡ ആ നാണയം തിരിയെ എറിഞ്ഞു തരികയും എന്റെയും ഭാര്യയുടെയും തലപിടിച്ച് അങ്ങോട്ടുമിങ്ങോടും ആട്ടുകയും ചെയ്തു.പിന്നെ കക്ഷി കൊങ്ങിണി യുവാവിന്റെ അടുത്തേക്ക് നീങ്ങി.അവന്‍ ഒന്നും തരാനില്ല എന്ന് കയ്യാംഗ്യം കാണിച്ചതും ഹിജഡ സാരി പൊക്കാന്‍ ആഞ്ഞതും ഒന്നിച്ചായിരുന്നു.പേടിച്ചരണ്ടു പോയ പയ്യന്‍ പെട്ടെന്ന് ഒരഞ്ച് രൂപാ നോട്ടെടുത്ത് കൊടുത്ത് അപമാനത്തില്‍ നിന്ന് രക്ഷ നേടി.കയ്യിലടിച്ച് ശബ്ദമുണ്ടാക്കി ഹിജഡ അടുത്ത സീറ്റിലേക്ക് നീങ്ങി.
2
രാത്രി ഭക്ഷണം വണ്ടിയിലെ ഭക്ഷണശാലക്കാരുടെ കയ്യില്‍ നിന്ന് വാങ്ങിയ ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു.ഉപ്പോ പുളിയോ എരിവോ ഒന്നും അനുഭവപ്പെടുത്താത്ത സാധനം.നാല് ചപ്പാത്തിയില്‍ രണ്ടെണ്ണം ഒരു വിധത്തില്‍ അകത്താക്കി.ബാക്കി വന്നത് എങ്ങനെ പുറത്തേക്കെറിയും എന്ന് വിഷമിച്ച് രണ്ടും കല്‍പിച്ച് ഞാന്‍ രാജസ്ഥാനി യുവാവിനോട് ചോദിച്ചു: "ചപ്പാത്തി വേണോ.?''
"വേണ്ട, വേണ്ട; നിങ്ങള്‍ക്ക് പൂരി വീണോ സ്വീറ്റ്സ് വേണോ'' എന്നൊക്കെ ഉത്സാഹപൂര്‍വം ചോദിച്ച് അയാള്‍ തന്റെ സീറ്റിനടിയിലെ ചെളിപിടിച്ച സഞ്ചിയിലേക്ക് കയ്യെത്തിക്കുമ്പോഴേക്കും ഒരുവിധത്തില്‍ കക്ഷിയെ ഞാന്‍ തടഞ്ഞു.എന്തായാലും ആ ഭക്ഷണക്ഷണം അയാളെ കൂടുതല്‍ അടുത്തുപരിചയപ്പെടുന്നതിന് വഴി തുറന്നു.
തനിക്ക് കാസര്‍ഗോഡ് ടൌണില്‍ ഫാന്‍സി ഐറ്റംസും ഇലക്ട്രോണിക് സാധനങ്ങളും മറ്റും വില്‍ക്കുന്ന രണ്ട് കടകളുണ്ടെന്നും മുമ്പ് കണ്ണൂര്‍ ബസ്റാന്റിലും കടകളുണ്ടായിരുന്നെന്നും തലശ്ശേരിയിലും താന്‍ സാധനം സപ്ളൈ ചെയ്യാറുണ്ടെന്നും വണ്ടിയില്‍ ഒപ്പമുള്ള ബന്ധുവിന്റെ കട കോഴിക്കോട്ടാണെന്നുമൊക്കെ അയാള്‍ അഭിമാനപൂര്‍വം വിസ്തരിച്ചു.ഇയാളെയും കുടുംബത്തെയുമാണല്ലോ ഇത്രയും നേരം ഞാന്‍ നാടോടികള്‍ എന്ന് കരുതിയത് എന്നോര്‍ത്ത് മറ്റ് മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവുകേടില്‍ വല്ലാത്ത ലജ്ജ തോന്നി എനിക്ക്.
താമസിയാതെ മറ്റൊരത്ഭുതം കൂടി സംഭവിച്ചു.അങ്ക്ലേശ്വര്‍ മുതല്‍ എനിക്കെതിരെയുള്ള സീറ്റില്‍ നല്ല ഗൌരവത്തില്‍ ഇരിക്കയായിരുന്ന തുടുത്തുവെളുത്ത കഷണ്ടിക്കാരന്‍ രാജസ്ഥാനി യുവാവിന് സ്വയം പരിചയപ്പെടുത്തി.അയാള്‍ നാദാപുരം,കുറ്റ്യാടി ഭാഗങ്ങളില്‍ നിന്ന് ഏജന്റുമാര്‍ വഴി തേങ്ങ സംഘടിപ്പിക്കാന്‍ കോഴിക്കോട്ടേക്ക് പോവുകയാണ്.ജോധ്പൂരിലും മറ്റ് പല രാജസ്ഥാന്‍ നഗരങ്ങളിലും വര്‍ഷങ്ങളായി തേങ്ങ സപ്ളൈ ചെയ്യുന്നത് കക്ഷിയാണ്.ഇന്നേരമത്രയും വണ്ടിക്കുള്ളിലെ ബഹളങ്ങളിലൊന്നും ഇടപെടാതെ മൊബൈലില്‍ ക്ളാസ്സിക്കല്‍ സംഗീതം ആസ്വദിച്ചിരിക്കയായിരുന്ന ഈ മനുഷ്യന്‍ ഒരു തേങ്ങാക്കച്ചവടക്കാരനാണെന്ന് ഞാന്‍ ആലോചിച്ചിരുന്നതേയില്ല.അയാള്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ബാങ്ക് ഓഫീസറോ മറ്റോ ആണെന്നാണ് ഞാന്‍ നിശ്ചയിച്ചുവെച്ചിരുന്നത്.എന്റെ ധാരണ ഒരിക്കല്‍ കൂടി തെറ്റിയതില്‍ വലിയ നാണക്കേട് തോന്നി. മനുഷ്യരെക്കുറിച്ച് അവരുടെ വേഷവും ആകാരവും അടിസ്ഥാനമാക്കി ഇത്രയും തെറ്റായ ധാരണ സ്വരൂപിക്കുന്ന ഞാന്‍ എന്തായാലും നല്ല ഒരെഴുത്തുകാരന്റെ ലക്ഷണമല്ല പ്രകടിപ്പിക്കുന്നത്.കയ്പും ചവര്‍പ്പും നിറഞ്ഞ ആ തോന്നലില്‍ നിന്ന് പതുക്കെ കര കയറിയത് ഈ മനുഷ്യന് ധര്‍മടം ഭാഗത്തുനിന്ന് തേങ്ങ സംഭരിച്ചുകൊടുക്കുന്ന ബസിനിസ്സില്‍ ഏര്‍പ്പെട്ട് ചുരുങ്ങിയ കാലം കൊണ്ട് വലിയപണക്കാരനാവുകയും എഴുത്തിന്റെയും വായനയുടെയും ഭാരം എന്നേക്കുമായി ഉപേക്ഷിച്ച് ഇന്ത്യയാകെ ചുറ്റിയടിച്ച് രസിക്കുകയും ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ ഭാവനയില്‍ കണ്ട് കോരിത്തരിച്ചതിലൂടെയാണ്.'ധര്‍മടം സേ നാരിയല്‍' എന്നു തുടങ്ങുന്ന ഒരു വാക്യം എന്റെ വായിലോളം വന്നതായിരുന്നു.ആയിരക്കണക്കിന് തേങ്ങ സംഘടിപ്പിക്കുന്നത് വിചാരിക്കുന്നതിനേക്കാള്‍ പത്തിരട്ടി പ്രയാസമായിരിക്കും എന്ന് മനസ്സ് കടുത്ത പ്രായോഗികബോധത്തിലേക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണര്‍ന്നതുകാരണം ആ ചോദ്യം നാവിന്‍ തുമ്പത്തു തന്നെ കിടന്ന് വറ്റി.
ഉറങ്ങാനുള്ള സമയമായിരുന്നു.എന്റെയും ഭാര്യയുടെയും ബര്‍ത്ത് മുകളിലായിരുന്നു.കൊച്ചുവേളിക്കാരനായ പട്ടാളക്കാരന്റെ സൌമനസ്യം കാരണം ഭാര്യക്ക് മിഡില്‍ ബര്‍ത്ത് കിട്ടി.താഴത്തെ ബര്‍ത്തില്‍ ജോധ്പൂരില്‍ നിന്ന് കയറിയ ഹിന്ദി സംസാരിക്കുന്ന ഒരു നേവിക്കാരനായിരുന്നു.അയാളും ഔദാര്യം കാണിച്ചതോടെ അവള്‍ക്ക് മിഡില്‍ ബര്‍ത്തിലേക്ക് കയറേണ്ട പ്രയാസവും ഒഴിവായിക്കിട്ടി.ഞാന്‍ മുകളിലെ ബര്‍ത്തില്‍ കയറി കിടക്കാന്‍ തുടങ്ങുമ്പോഴേക്കും സൈഡിലെ അപ്പര്‍ ബര്‍ത്തില്‍ രാജസ്ഥാന്‍കാരന്‍ തന്റെ കുടുംബത്തിലെ നാല് കൊച്ചുകുട്ടികളെ കയറ്റി കിടത്തി.അവരില്‍ ഒരാളുടെ കിടപ്പ് ഏത് നിമിഷത്തിലും താഴേക്ക് വീഴാന്‍ പാകത്തിലായിരുന്നു.അത് കണ്ടുകൊണ്ടു കിടന്നുറങ്ങാന്‍ ആര്‍ക്കായായലും പറ്റുമായിരുന്നില്ല.രാജസ്ഥാന്‍ യുവാവ് ആ കംപാര്‍ട്മെന്റില്‍ തന്നെ പലേടത്തായുള്ള തന്റെ കുടുംബക്കാരുടെ കിടപ്പ് വിവരങ്ങളൊക്കെ അന്വേഷിച്ച് തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ അങ്ങനെ കിടത്തരുതെന്ന് ഞാന്‍ പറഞ്ഞു.അത് ശരിയാണെന്ന് അയാള്‍ക്കും തോന്നിയിരുന്നു.അയാള്‍ താഴത്തെ ബര്‍ത്തില്‍ കിടക്കയായിരുന്ന കൊങ്ങിണി യുവാവിനോട് തന്റെ കൊച്ചുകുട്ടികള്‍ക്കു വേണ്ടി ആ ബര്‍ത്ത് ഒഴിഞ്ഞു തരാന്‍ അപേക്ഷിച്ചതിന് അനുകൂല പ്രതികരണമുണ്ടായത് വലിയ രക്ഷയായി.
അങ്ക്ലേശ്വറില്‍ നിന്ന് കയറിയ പെണ്‍കുട്ടികള്‍ അപ്പുറത്തെ സൈഡ്സീറ്റിലിരുന്ന് പാട്ട് പാടാന്‍ തുടങ്ങിയിരുന്നു.'സിന്ദഗി എക് സഫര്‍ എക് സുഹാനാ ജഹാം കല്‍ ക്യാ ഹോ കിസ്നേ ജാനാ' എന്ന ആദ്യ പാട്ട് തീരും മുമ്പേ തന്നെ ആണുങ്ങളില്‍ ചിലര്‍ അതിന് തുടര്‍ച്ചയുണ്ടാകും വിധം മറ്റൊരു പാട്ട് പാടി.പിന്നെ പഴയതും പുതിയതുമായ പ്രേമഗാനങ്ങളുടെ പ്രവാഹം തന്നെയായി. ആണ്‍പക്ഷത്തിന്റെയും പെണ്‍പക്ഷത്തിന്റെയും പാട്ടിന് ശബ്ദസുഖം തീരെ കമ്മിയായിരുന്നു.'വടക്കു നോക്കി യന്ത്ര'ത്തില്‍ ശ്രീനിവാസന്‍ പാടിയ 'മറ്റൊരു സീത'യേക്കാള്‍ അല്പം മാത്രം മെച്ചം.എങ്കിലും,ഞാനുള്‍പ്പെടെ കംപാര്‍ട്മെന്റിലെ എല്ലാവര്‍ക്കും ആ പാട്ടുകള്‍ അപാരമായ ഹരം പകരുന്നതായിത്തന്നെ എനിക്ക് തോന്നി.നല്ല കലയുടെ ഏറ്റവും വിദൂരമായ നിഴലിടങ്ങളില്‍ പോലും ആനന്ദത്തിന്റെ ഇലകളും പൂക്കളും പതുക്കപ്പതുക്കെ തെളിഞ്ഞുവരും.ഒരു പക്ഷേ നമ്മുടെ കേള്‍വിയില്‍ വീഴുന്ന പാട്ടിന്റെ എല്ലിന്‍കൂടുകളുടെ സ്ഥാനത്ത് അവയുടെ യഥാര്‍ത്ഥമായ പൂര്‍വരൂപങ്ങള്‍ ഓര്‍മയുടെ വഴിയിലൂടെ അപ്പപ്പോള്‍ കുതിച്ചെത്തുന്നുണ്ടാവാം. പാട്ട് ശുദ്ധപ്രണയം വിട്ട് 'ഹംതും ഏക് കമരേ മേം' എന്ന ലൈനിലേക്ക് വന്നപ്പോള്‍ ഗായകര്‍ മതിമറന്ന് ആഹ്ളാദിക്കുകയും ഉറക്കെ പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്ത് സ്വയം അഭിനന്ദിക്കുകയും ചെയ്തു.പാട്ട് തുടരുന്നതിനിടയിലെല്ലാം രാജസ്ഥാനി യുവാവ് തന്റേതായ ഓരോരോ കര്‍മങ്ങളില്‍ വ്യാപൃതനായിരുന്നു.ഇതേ വരെയും സീറ്റ് കിട്ടാതെ വിഷമിക്കയായിരുന്ന തന്റെ സഹോദരിമാരിലൊരാള്‍ക്ക് താഴെ വെറും നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് കിടക്കാന്‍ ഇടമുണ്ടാക്കുക,കുട്ടികളിലൊരാളെ താഴത്തെ ബര്‍ത്തില്‍ നിന്ന് അവളുടെ അരികിലേക്ക് മാറ്റുക,അകലെ ഏതൊക്കെയോ സീറ്റുകളിലുള്ള തന്റെ ബന്ധുക്കളുമായി ഉച്ചത്തില്‍ ആശയവിനിമയം നടത്തുക എന്നീ ഏര്‍പ്പാടുകളെല്ലാം അയാള്‍ തകൃതിയായി നിര്‍വഹിക്കുന്നുണ്ടായിരുന്നു.
ഗായികമാരായ കുമാരിമാരും സഹഗായകരായ പുരുഷന്മാരും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ലൈംഗികസൂചനകളും സമൃദ്ധമായുള്ള ഗാനങ്ങള്‍ തിരഞ്ഞുപിടിച്ച് രണ്ടോ മൂന്നോ വരി ആര്‍ത്തി പിടിച്ച് പാടി പൊട്ടിച്ചിരിക്കുന്നതിന്റെ തിരിക്കിലായിരുന്നു.ഉറക്കം പിടിച്ചുതുടങ്ങിയ ഞാന്‍ തല ഉയര്‍ത്തി നോക്കുമ്പോള്‍ കേരളാവാലയെ വീണ്ടും കണ്ടു.അയാള്‍ പാട്ടുകാരായ ആണുങ്ങളോട് ചേര്‍ന്നുനിന്നും എന്നാല്‍ ഒരു വരി പാടാതെയും ഗായികമാരായ പെണ്‍കുട്ടികളെ ആര്‍ത്തിപിടിച്ച് നോക്കിക്കൊണ്ടിരിക്കയായിരുന്നു.
പതുക്കപ്പതുക്കെ പാട്ടുകാര്‍ നിശ്ശബ്ദരായി.തേങ്ങാക്കച്ചവടത്തിനുപോകുന്ന മാന്യസുഹത്ത് തന്റെ മൊബൈലിലെ ഗാനശേഖരം തുറന്നു.ഗംഭീരമായ ശബ്ദത്തില്‍ ഉയര്‍ന്നുമുഴങ്ങിയ രാജസ്ഥാനി കീര്‍ത്തനത്തില്‍ മരുഭൂമിയില്‍ നിന്നുള്ള ഏതോ ഒരാത്മാവിന്റെ നിലവിളി ഇടകലരുന്നതുപോലെ തോന്നി.അനേകം നൂറ്റാണ്ടുകളിലെ അനേകമനേകം ദു:ഖിതരുടെ ആത്മവേദനകളും അജ്ഞേയതയുടെ നേര്‍ക്കുള്ള അന്തമറ്റ അപേക്ഷകളും ആ ഗാനത്തിന്റെ ആകാശവിശാലതയില്‍ ചിറകടിച്ചു.വണ്ടി മനുഷ്യാധ്വാനത്തിന്റെ മഹാമാതൃകകളിലൊന്നായ കൊങ്കണ്‍റെയില്‍വേയിലൂടെ, ഇരുളില്‍ ,ഏകാന്തതയില്‍ ഭീതിപെരുകിയ ഏതോ അന്യഗ്രഹയാത്രക്കാരനെ പോലെ വര്‍ധിച്ച വേഗത്തില്‍ ഓടിക്കൊണ്ടേയിരുന്നു.

Thursday, March 3, 2011

നനവ്

കാടായ കാടെല്ലാം കത്തുന്നു
ഞാനോ വെറുമൊരു കാട്ടുകോഴി
മരമായ മരമെല്ലാം കത്തുന്നു
ഞാനോ വെറുമൊരു മലയണ്ണാന്‍
കവിതയുടെ ഈ ഇത്തിരി നനവ്
കാത്തുകൊള്ളുമോ എന്നെ?
(തോര്‍ച്ച മാസിക, ഫെബ്രുവരി 2011)