Pages

Tuesday, June 23, 2015

കവിതാഡയറിയിൽ നിന്ന്‌

പണ്ടെന്നോ എവിടെയോ
ഒരു വേലിയിൽ വിടർന്ന
കുഞ്ഞുപൂവ്
വിരുന്നു വന്ന മഞ്ഞക്കിളി
ഇടവഴിയിലൂടെ പതുക്കെ
നടന്നുപോയ ഒരു പാവാടക്കാരി
ഓർമയിൽ ഇത്രയും ചെറിയ സമ്പാദ്യവുമായി
വാർധക്യം പിന്നിടുന്ന ഒരാളെ
ഇന്നലെ വൈകുന്നേരം പരിചയപ്പെട്ടു.
(23/6/2015)

Monday, June 22, 2015

വായന

പാഠപുസ്തകങ്ങളുടെ വായന എങ്ങനെ പ്രയോജനപ്പെടുമെന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം കൃത്യമായ ധാരണയുണ്ട്.പക്ഷേ,'സാഹിത്യകൃതികളും പഠനാവശ്യത്തിന്റെ പരിധിയിൽ വരാത്ത മറ്റു പുസ്തകങ്ങകങ്ങളും എന്തിന് വായിക്കണം?' എന്ന് നെറ്റി ചുളിക്കുന്നവരായി ഇപ്പോഴും ഒരുപാട് പേരുണ്ട്.
വായനയുടെ ഫലങ്ങൾ അക്കമിട്ട് പറയാൻ ശ്രമിക്കുന്നതിൽ കാര്യമില്ല.ലോകത്തിലെ കോടിക്കണക്കിന് മനുഷ്യർ പുസ്തക വായന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഗതിയാണെന്ന് കരുതുന്നുണ്ട്.പുസ്തകങ്ങൾ അവരെ വൈകാരികമായും ബൗദ്ധികമായും ഉത്തേജിപ്പിക്കുന്നുണ്ടെന്നതിന് മറ്റ് തെളിവുകളൊന്നും ആവശ്യമില്ല.
വെങ്ങര 'കസ്തൂർബാസ്മാരക ഗ്രന്ഥാലയം' വഴിയാണ് സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ഞാൻ വായനയുടെ അനന്തവിശാലമായ ലോകത്തേക്ക് പ്രവേശിച്ചത്.എന്റെ ഉന്നത വിദ്യാഭ്യാസം ഇന്ന വഴിയിലൂടെയായിരിക്കണമെന്നു നിർണയിച്ചതിലും എഴുത്തുജീവിതത്തെ പരുവപ്പെടുത്തുന്നതിലും നിർണായകമായ പങ്ക് വഹിച്ചത് വായന തന്നെയാണ്.
വായന ആളുകളെ സഹായിക്കുന്നത് പല തരത്തിലായിരിക്കും.കഥകളിലും നോവലുകളിലും നാടകങ്ങളിലും മറ്റും ആവിഷ്‌ക്കരിക്കപ്പെടുന്ന ജീവിതങ്ങളിലൂടെ ചെറുപ്രായത്തിൽ കടന്നുപോവുന്നവർ അവരറിയാതെ വിശാലമായൊരു ലോകധാരണ സ്വരൂപിക്കും.മനുഷ്യർ പല പ്രകൃതക്കാരാണെന്നും അവർ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവിക്കുന്ന മാനസികസംഘർഷങ്ങളും വളരെ വ്യത്യസ്തമാണെന്നും അവർ മനസ്സിലാക്കും. മനുഷ്യർക്കിടയിലെ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളും ആഴങ്ങളും അവർ അടുത്തറിയും.ഈ അറിവുകളുടെ ഫലം അളന്നുതിട്ടപ്പെടുത്താവുന്നതല്ല. വിവിധഭാഷകളിൽ വിവിധകാലങ്ങളിൽ ഉണ്ടായ മഹത്തായ സാഹിത്യകൃതികൾ ലോകജീവിതത്തെ നവീകരിച്ച് മുന്നോട്ടു  കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.നിർണായകമായ എത്രയോ സന്ദർഭങ്ങളിൽ പല ജനതകളുടെയും വിമോചനപ്പോരാട്ടങ്ങൾക്ക് സാഹിത്യം തുണനിന്നിട്ടുമുണ്ട്.
ചില സാഹിത്യകൃതികൾ ജീവിതത്തെ കുറിച്ച് സൃഷ്ടിക്കുന്ന  ധാരണകൾ  തീർത്തും ഭാഗികമോ വലിയ അളവിൽ തെറ്റിദ്ധാരണാജനകമോ ആവാം.ആധുനികതയുടെ കാലത്ത് മലയാളത്തിൽ ഉണ്ടായ ചില നോവലുകൾ അങ്ങനെയുള്ളവയായിരുന്നു.അത്തരം കൃതികളെ വളരെ അനുകരണാത്മകമായി,അല്ലെങ്കിൽ കൂടിയ അളവിലുള്ള വിധേയത്വമനോഭാവത്തോടു കൂടി വായിക്കുന്നത് തീർച്ചയായും വിനാശകരമായിരിക്കും.വിവേചന ബുദ്ധിയോടെ വായിക്കാനും വായനയിലൂടെ കൈവരുന്ന അനുഭവങ്ങളെ പുന:പരിശോധിക്കാനും വായനക്കാരെ പ്രാപ്തരാക്കുന്നത് സാഹിത്യപഠനങ്ങളും നിരൂപണങ്ങളുമാണ്.എല്ലാ വായനക്കാരും ഈ വിഭാഗത്തിൽ പെടുന്ന കൃതികളെ താൽപര്യപൂർവം സമീപിച്ചുകൊള്ളണമെന്നില്ല.എങ്കിലും അവ ഉൽപാദിപ്പിക്കുന്ന ആശയങ്ങൾ വായനയുടെ പരിസരങ്ങളിൽ സജീവമായി നിലനിൽക്കേണ്ടതുണ്ട്.
ഓരോ കാലത്തും ഭാവുകത്വം മാറുകയും സാഹിത്യത്തിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്ന അനുഭവങ്ങളും അനുഭൂതികളും തൊട്ടുമുൻപുള്ള കാലത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമാവുകയും ചെയ്യുന്നത് സാധാരണമാണ്.എന്നാൽ ഇങ്ങനെയുള്ള മാറ്റങ്ങൾ സ്വാഭാവികമായി രൂപപ്പെടുന്നതിന് പകരം കേവലമായ വ്യാപാര താൽപര്യത്തോടെ നിർമിച്ചെടുക്കപ്പെടാറുമുണ്ട്.ജാഗരൂകമായ ഒരു വായനാസമൂഹത്തിന് മാത്രമേ ഇതിലെ അന്തരം തിരിച്ചറിയാനാവൂ.കേരളത്തിലെ ഏറ്റവും പുതിയ വായനാസമൂഹത്തിന് ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വായന തളരുന്നു എന്നൊരു തോന്നൽ ഇടക്കാലത്ത് ഉണ്ടായിരുന്നു.പക്ഷേ,കാര്യങ്ങൾ മാറിക്കൊണ്ടിരിക്കയാണ്.വായനയിലേക്ക് പുതിയ തലമുറയും പഴയ തലമുറയും വർധിച്ച ഉത്സാഹത്തോടെ തിരിച്ചുവരുന്നതായി കാണുന്നുണ്ട്.സങ്കീർണമായ ഒട്ടുവളരെ പ്രശ്‌നങ്ങൾക്കിടയിലും സാഹിത്യത്തിൽ നിന്ന് മലയാളിസമൂഹം ഇപ്പോഴും കാതലായ പല മാനസികാനുഭവങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നു തന്നെയാണ് അതിൽ നിന്ന് വ്യക്തമാവുന്നത്.

Wednesday, June 17, 2015

ഒന്നു ചൊവ്വാഗ്രഹം വരെ പോവണം

പാതിര നേരത്ത്
പാതയോരത്ത്
അടുപ്പുകൂട്ടി
അരിവേവിക്കുന്ന വൃദ്ധൻ
ദൈവത്തോട് പറഞ്ഞു:
'തമ്പുരാനേ,എനിക്ക് വലിയ ആഗ്രഹമൊന്നുമില്ല
ഒന്നു ചൊവ്വാഗ്രഹം വരെ പോവണം
അവിടത്തെ അടുപ്പുകല്ല്
അവിടത്തെ ചുള്ളിക്കമ്പുകൾ
അവിടത്തെ അരി
ഹോ,ഈ കഞ്ഞികുടി ഇനി ആയുസ്സുള്ളിടം വരെ
അങ്ങോട്ടേക്കൊന്നു മാറ്റിക്കിട്ടണം
ഇവിടത്തെ പുക,പൊടി,അടിപിടി
ഒന്നുമെനിക്ക് സഹിക്കാൻ പറ്റുന്നില്ല.'
( ജോർജ് ഓർവലിന്റെ  Down And Out in Paris and London എന്ന കൃതിയിലെ ഒരു തെണ്ടിയുടെ ചിന്തയുടെ ഛായയിൽ നിന്ന്)

Saturday, June 13, 2015

കവിതാഡയറിയിൽ നിന്ന്

കുന്നിൻ ചരിവിലെ വീട്ടുമുറ്റത്ത്
അന്തിമിനുക്കം അജ്ഞേയമായ
അശാന്തി പോലെ വിങ്ങുമ്പോൾ
അനിശ്ചിതത്വത്തെക്കുറിച്ചാ-
കുലപ്പെടാനറിയാതെ
(ഓ,അത്രക്കൊന്നുമില്ല)
ഇതാ രണ്ടു കോഴികൾ
രാത്രിയിൽ കുറുക്കൻ പിടിച്ചോ ,
അടുത്ത പകലിൽ ആരെങ്കിലും 
വിരുന്നിന് വിഭവമാക്കിയോ
ഒരു വീടിന്റെ ഇത്തിരിവട്ടത്തിനപ്പുറം
ലോകം കാണാതെ
എന്നേക്കുമായി പോകും മുമ്പ്
വാക്കുകളാൽ പണിത ഈ
കനം കുറഞ്ഞ കൂട്ടിൽ
അവരെ ഞാൻ അടക്കുന്നു
അനശ്വരതക്ക് ചിലപ്പോഴൊക്കെ
ഇത്രയും ചെറിയ അർത്ഥമേ ഉള്ളൂ.
(13-6-2015)

Thursday, June 11, 2015

ഒരു പ്രതികരണം

'സാഹിത്യത്തിൽ വിഷം കലരുന്നതായി എം.മുകുന്ദൻ പറഞ്ഞതിനെ കുറിച്ച് എന്തു തോന്നുന്നു?' എന്ന് പലരും ചോദിച്ചിരുന്നു.ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ രണ്ട് തടസ്സങ്ങളുണ്ട്.ഒന്ന്,വിഷം എന്നതു കൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുകുന്ദൻ വ്യക്തമാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് താന്താങ്ങൾ വിഷം എന്ന് കരുതുന്നതിനെ മുൻനിർത്തിയാവും ഓരോരുത്തരും സംസാരിക്കുക.അത് എത്രത്തോളം ഫലപ്രദമാവും എന്ന് സംശമാണ്.പുസ്തകങ്ങൾ ധാരാളമായി വിറ്റു പോവുന്നതും എഴുത്തുകാർക്ക് വമ്പിച്ച വരുമാനമുണ്ടാകുന്നതുമാണ് വിഷം പടരുന്നതിന് പശ്ചാത്തലമായി മുകുന്ദൻ പറഞ്ഞ കാര്യം.ഇത് വസ്തുതാവിരുദ്ധമാണ്.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സമീപകാലത്ത് മൂന്നുനാല് നോവലുകൾക്ക് വളരെ വേഗം പുതിയ പതിപ്പുകൾ വന്നു എന്നത് സത്യമാണ്.'ആടുജീവിത'വും 'ആരാച്ചാറു'ം റിക്കാർഡ് വിൽപനയിലേക്ക് കടക്കുകയും ചെയ്തു.പക്ഷേ,മലയാളത്തിലെ മഹാഭൂരിപക്ഷം എഴുത്തുകാർക്കും എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം അങ്ങേയറ്റം തുച്ഛമാണ്. സമയത്തിന്റെയും അധ്വാനത്തിന്റെയും കണക്ക് നോക്കിയാൽ ഒരു അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്നതിന്റെ പത്തിലൊന്നു പോലും എഴുത്തുകാർക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം.

Wednesday, June 10, 2015

ആരുമേ കാണുന്നില്ല

കുന്നുകൾ കത്തുമ്പോൾ
എല്ലാവരും കാണുന്നു
ഹൃദയം കത്തിയമരുമ്പോൾ
ആരുമേ കാണുന്നില്ല
അപ്പനുമമ്മയും പോലും.
(ഒരു ഒറാഓൺ ഗാനത്തിന്റെ ആശയാനുവാദം)

Monday, June 8, 2015

മഴ പെയ്യുമ്പോൾ

മഴ കാതടച്ചു പെയ്യുന്നു
നാലുചുറ്റിലും തണുപ്പ്
തലകുത്തി മറിയുന്നു
മനസ്സോ,ചൂടുള്ള പുതപ്പ് തേടുന്നു
ഞാൻ കടല വറുത്തതും തേങ്ങാപ്പൂളും തിന്നുന്നു
ഉള്ളിൽ ഇളം ചൂടും ഉന്മേഷവും 
ചെറുതുമ്പികളെപ്പോലെ ചുറ്റിപ്പറക്കുന്നു
ഇപ്പോൾ,മരിച്ചുപോയവരെ
ഓർമിക്കുന്നു
പെരുമഴ കോരിച്ചൊരിയുമ്പോൾ
കടല തിന്നുന്ന സുഖം
അവർക്കാർക്കും അനുഭവിക്കാനാവില്ല
ഓ,എന്തുതന്നെയായാലും,
ജീവൻ അപാരമായൊരാനന്ദമാണ്
അസഹ്യമായൊരു  വേദനയുമാണ്.

ആശയം

'ഞാൻ എല്ലാ തരം ആശയങ്ങളെയും വെറുക്കുന്നു'
'ശരി,അങ്ങനെയാവട്ടെ'
'എല്ലാ സുഖങ്ങളുമനുഭവിച്ച് സുഖമായി മരിക്കണം
അതിൽ കൂടുതിലൊന്നും ഒരു മനുഷ്യനും ആശിക്കരുത്
ലോകം അതിന്റെ വഴിക്ക് പോട്ടെ
ഒന്നിലും ചെന്ന തലയിടാൻ എനിക്ക് താൽപര്യമില്ല'
'കഷ്ടം,അതും ഒരാശയമാണ്
ഒട്ടും പുതുമയില്ലാത്ത വൃത്തികെട്ട ആശയം.'

Sunday, June 7, 2015

പ്രേമത്തിലായ ആട്ടിടയൻ

പ്രേമത്തിൽ വീണുപോയ ആട്ടിടയന്
അയാളുടെ വടി നഷ്ടമായി
ആടുകൾ കുന്നിൻചരിവിലാകെ ചിതറി
ചിന്തകളിൽ അത്രമേൽ സ്വയം നഷ്ടപ്പെട്ടതിനാൽ
അയാൾ ഓടക്കുഴൽ വായിക്കാനും മറന്നു
ആരും പുതുതായി വെളിപ്പെടുകയോ
ആരും കാഴ്ചയിൽ നിന്ന് മായുകയോ ചെയ്തില്ല
അയാൾ തന്റെ വടി കണ്ടെത്തിയതുമില്ല
മറ്റുള്ളവർ അയാൾക്കു മേൽ ശാപവചനങ്ങൾ ചൊരിഞ്ഞ്
ആടുകളെയെല്ലാം തെളിച്ചുകൂട്ടി
അവസാനമായപ്പോഴേക്കും  ആട്ടിടയന് പ്രേമം ഇല്ലെന്നുമായി
ചരിവുകളിൽ നിന്നും കപടസത്യത്തിൽ നിന്നും ഉണർന്നപ്പോൾ
എല്ലാമയാളുടെ കാഴ്ചയിൽ വന്നു
നിത്യഹരിതമായ ആ ഗംഭീര താഴ്‌വരകൾ
ഏതു വികാരമൃദുലതകളെക്കാളും സത്യമായ
അകലങ്ങളിലെ മഹാപർവതങ്ങൾ
ആകാശം,വായു,വയലുകൾ
അങ്ങനെ സമസ്ത യാഥാർത്ഥ്യങ്ങളും
അയാളുടെ അറിവിൽ വീണ്ടും സന്നിഹിതമായി
പിന്നെ കുറെനാളായി അയാൾക്ക് നഷ്ടമായിരുന്ന വായു
പുതിയൊരു പ്രസരിപ്പോടെ അയാളുടെ ശ്വാസകോശത്തിൽ പ്രവേശിച്ചു
വായുവിന്റെ ഒരിക്കൽക്കൂടിയുള്ള പ്രവേശം
കഠിനവേദനയോടെ അയാൾ അറിഞ്ഞു
സ്വാതന്ത്ര്യം
നെഞ്ചിൽ.

( ഫെർനാൺഡോ പെസ്സോവിന്റെ മറ്റൊരു കവിതയുടെ സ്വതന്ത്ര പരിഭാഷ)

Thursday, June 4, 2015

മിസ്റ്റിക്

എനിക്ക് മിസ്റ്റിസിസം വേണമെന്ന്
നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ
ശരി, നല്ലത്,എനിക്കുമുണ്ടൊരു മിസ്റ്റിസിസം
ഞാനൊരു മിസ്റ്റിക്കാണ്
പക്ഷേ,ശരീരം കൊണ്ടു മാത്രം
എന്റെ ആത്മാവ് സരളമാണ്
അത് ചിന്തിക്കാറില്ല
എന്റെ മിസ്റ്റിസിസം അറിവിനെ ആവശ്യപ്പെടുന്നില്ല
ജീവിക്കുക,അതേ കുറിച്ച് ചിന്തിക്കാതിരിക്കുക
അതാണെന്റെ മിസ്റ്റിസിസം
പ്രകൃതി എന്താണെന്നെനിക്കറിയില്ല
ഞാൻ അതിന്റെ പാട്ടുകാരനാണെന്നു മാത്രം
ഞാനൊരു കുന്നിൻ മുകളിലാണ് ജീവിക്കുന്നത്
വെള്ളയടിച്ച ഏകാന്തഭവനത്തിൽ
അത്രയും മതി എന്നെ നിർവചിക്കാൻ
(ഫെർനാൺഡോ പെസ്സോവിന്റെ ശീർഷകമില്ലാത്ത മറ്റൊരു കവിതയുടെ പരിഭാഷ)

Wednesday, June 3, 2015

അതേ എനിക്ക് വേണ്ടതുള്ളൂ

ദൈവങ്ങളോട് ഞാൻ ആകെക്കൂടി 
ഒരനുഗ്രഹമേ അപേക്ഷിക്കുന്നുള്ളൂ
അവരോട് എന്തെങ്കിലുമൊന്നപേക്ഷിക്കാൻ
എനിക്ക് തോന്നിപ്പോകരുത്
സൗഭാഗ്യമൊരു നുകമാണ്
സന്തോഷവാനായിരിക്കുമ്പോൾ
ഞാൻ ഞെരിഞ്ഞമർന്നു പോകുന്നു
കാരണം അതൊരു വൈകാരികാവസ്ഥയാണ്
എന്റെ എളുതല്ലാത്തതോ
അവ്വിധമല്ലാത്തതോ ആയ
ശുദ്ധശാന്തമായ ഉണ്മയെ
ആഹ്ലാദത്തിന്റെയും ദു:ഖത്തിന്റെയും
സമതലത്തിനു മുകളിലേക്കുയർത്താനാവണം
അതേ എനിക്ക് വേണ്ടതുള്ളൂ.
(ഫെർനാൺഡോ പെസ്സോവിന്റെ ശീർഷകമില്ലാത്ത ഒരു കവിതയുടെ സ്വതന്ത്ര പരിഭാഷയാണിത്. താൻ ഒരാളല്ല പലരാണെന്ന് കരുതുകയും എഴുപതിലധികം അപരനാമങ്ങളിൽ(തൂലികാനാമങ്ങളിലല്ല) കവിതയെഴുതുകയും ചെയ്ത ഫെർനാൺഡോ പെസ്സോവിന് ഒരു കവിതയിൽ തന്റെ ഒരപരൻ അവതരിപ്പിച്ച ആശയത്തെ നിഷേധിച്ചുകൊണ്ട് മറ്റൊരു കവിതയിൽ മറ്റൊരപരൻ എഴുതുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി തോന്നിയില്ല.തന്നോട് പരമാവധി സത്യസന്ധനാവാൻ ശ്രമിച്ച ഈ കവിയുടെ ഒരു രചനയെയും മുന്നേ മനസ്സിൽ ഉറപ്പിച്ചു വെച്ച ധാരണകളുമായി സമീപിക്കരുതെന്ന് പറയാം.എങ്കിലും,ഏത് പേരിൽ എഴുതിയതായാലും പെസ്സോവിന്റെ കവിത അദ്ദേഹത്തിന്റെതായിത്തന്നെ തിരിച്ചറിയപ്പെടും എന്ന വാസ്തവവും ഉണ്ട്.)


Tuesday, June 2, 2015

ഒരപേക്ഷ,ദൈവത്തോട്

ബാർബറുടെ മോൻ മരിച്ചു
വെറുമൊരഞ്ചുവയസ്സുകാരൻ
ഒരു വർഷമായി ഈ ബാർബറെ എനിക്കറിയാം
അയാളെന്റെ  താടി വടിക്കുന്ന നേരത്ത്
പലതും ഞങ്ങൾ  സംസാരിക്കാറുണ്ട്
മകൻ  മരിച്ച വിവരം അയാളെന്നെ അറിയിച്ചപ്പോൾ
എന്റെ ഹൃദയം അപ്പാടെയങ്ങ്
പ്രകമ്പനം കൊണ്ടു
വല്ലാത്തൊരു വിഭ്രാന്തിയിൽ
ഞാനയാളെ കെട്ടിപ്പിടിച്ചു.
ശാന്തവും പോഴത്തം നിറഞ്ഞതുമായ ഈ ജീവിതത്തിൽ
എങ്ങനെയൊക്കെ കോലംകെട്ടണമെന്ന്
ഇന്നോളമെനിക്ക് പിടികിട്ടിയിട്ടില്ല
പക്ഷേ,ദൈവമേ,
ഞാൻ മനുഷ്യന്റെ വേദന എന്തെന്നറിയുന്നു
ആ കഴിവ്
ഒരുനാളുമെനിക്ക് നഷ്ടപ്പെടുത്തിക്കളയരുതേ!
(പോർത്തുഗീസ് കവിയായ ഫെർനാൺഡോ പെസ്സോ(1888-1935)വിന്റ SENHOR SILVA
 എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ)