Pages

Sunday, December 26, 2010

കാക്ക

കുളിച്ചാല്‍ കൊക്കാകില്ല ചങ്ങാതീ
കാലം മാറിയാലും കഥ മാറില്ല ചങ്ങാതീ
കൊക്കുകളുടെ പരിഹാസം
വയലിലും കരയിലും
ആകാശത്തും തിമിര്‍ത്തു
കാക്ക കേട്ടതായിപ്പോലും നടിച്ചില്ല
അത് കുളിച്ചതുമില്ല
എന്നിട്ടും കൊക്കുകള്‍ക്കിടയില്‍
തുടരെത്തുടരെ അതിനെ കണ്ടവര്‍
പിന്നെപ്പിന്നെ അതിനെ മാത്രം കണ്ടു
അതാ കാക്ക,അതാ കാക്ക!
അവര്‍ ആര്‍പ്പുവിളിച്ചു.

(തോര്‍ച്ച-നവംബര്‍-ഡിസംബര്‍ 2010)

തോന്ന്യാസക്കവിതകള്‍

1
മക്കളേ,മരുമക്കളേ,ചെറുമക്കളേ,വേണ്ടപ്പെട്ട മറ്റുള്ളവരേ
വയസ്സായെനിക്ക്,ഇനി വാനപ്രസ്ഥം
എന്നു പറഞ്ഞ് കാടുകയറിയ അച്ചാച്ചന്‍
കാട്ടിലൊരു റിസോര്‍ട്ടില്‍ രാപ്പകലില്ലാതെ
കാമകേളികളിലേര്‍പ്പെട്ടുകഴിയുകയാണിപ്പോള്‍
എന്തൊരു കാലബോധം,എന്തൊരു കലാകുശലത
എന്തൊരു മഹാജ്ഞാനം!
2
എന്നെ പുകഴ്ത്തുന്ന പൊന്നുമോനേ
നീയാണ് കാവ്യകലാമര്‍മജ്ഞന്‍
ആനന്ദവര്‍ധനന്‍
എന്നെ ഇകഴ്ത്തുന്ന കാലമാടാ
കവിതയെന്തെന്നറിയാത്ത കഴുതയാണ് നീ
വെറും കഴുത.

Thursday, December 23, 2010

രണ്ട് കാര്യങ്ങള്‍

മലയാളം ഒന്നാം ഭാഷയാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാളപ്രസ്ഥാനത്തിന്റെ നേത്വത്തില്‍ 22-12-2010 ന് ബുധനാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന നിരാഹാരസത്യഗ്രഹത്തില്‍ എഴുപതിലധികം പേര്‍ പങ്കെടുത്തിരുന്നു.പ്രൊഫ.നൈനാന്‍ കോശിയാണ് സത്യഗ്രഹം ഉത്ഘാടനം ചെയ്തത്.കാനായി കുഞ്ഞിരാമൻ, പി.ഗോവിന്ദപിള്ള,ഉമ്മന്‍ചാണ്ടി,പി.ടി.കുഞ്ഞുമുഹമ്മദ്,സൈമണ്‍ബ്രിട്ടോ,സി.പി.മുഹമ്മദ്(പട്ടാമ്പി എം.എല്‍.എ),പി.പവിത്രന്‍,ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍,ഡോ.പി.സോമന്‍,ഡോ.സുനില്‍ പി.ഇളയിടം,പാലോട് രവി,വൈക്കം വിശ്വന്‍ എന്നിവര്‍ സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.സി.പി.മുഹമ്മദ് രാവിലെ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്ക്ുകയും ചെയ്തിരുന്നു.
കാനായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ സത്യഗ്രഹത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.ഏറെ സമയവും കാനായിയുടെ അടുത്ത സീറ്റില്‍ തന്നെ ഇരുന്നിരുന്നതു കാരണം അദ്ദേഹവുമായി കലയെയും മറ്റനേകം കാര്യങ്ങളെയും കുറിച്ച് വളരെ സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ള സൗകര്യമുണ്ടായി.ഈ സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒന്നുരണ്ട് കാര്യങ്ങള്‍ പറഞ്ഞു:
ഒന്ന് :കലയുടെ ഏത് രൂപത്തിലായാലും ഒരാള്‍ തന്റെ സ്റ്റൈല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അത് ഡിസൈന്‍ ആയി മാറും.ഡിസൈനില്‍ കലയില്ല.അതിന് സര്‍ഗാത്മകതയുമായി യാതൊരു ബന്ധവുമില്ല.സാഹിത്യത്തിലും ചിത്രകലയിലുമെല്ലാം ഇക്കാര്യം ഓര്‍ക്കാതെയാണ് പലരും പണിയെടുക്കുന്നത്.
രണ്ട് :നിങ്ങള്‍ ഒരെഴുത്തുകാരനാണെങ്കില്‍ വാക്കുകള്‍ ഉപയോഗിക്കുന്ന എല്ലാ ആവിഷ്‌ക്കാര മാധ്യമങ്ങളിലും സ്വയം ആവിഷ്‌ക്കരിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാവും.വാര്‍ത്ത മുതല്‍ കവിത വരെ എല്ലാറ്റിലും.അതാണ് സ്വാഭാവികം.നോവലെഴുതുന്നു എന്ന കാരണം കൊണ്ടു മാത്രം നിങ്ങള്‍ കവിത എഴുതാതിരിക്കുന്നുവെങ്കില്‍ അത് അനാവശ്യമായ ഒരസ്വാതന്ത്ര്യം സ്വയം അടിച്ചേല്‍പ്പിക്കലാണ്.അത് ചെയ്യാന്‍ പാടില്ലാത്തതാണ്.
കാനായി പറഞ്ഞ ഈ രണ്ടു സംഗതികളും പലപ്പോഴായി ഞാനും ആലോചിച്ചുട്ടള്ളവ തന്നെയായിരുന്നു.അതുകൊണ്ടു തന്നെയാവാം അവിചാരിതമായി അവ അദ്ദേഹത്തില്‍നിന്നു കേള്‍ക്കാനിടയായപ്പോള്‍ ഉള്ളില്‍ സുഖകരമായൊരു തെളിച്ചമുണ്ടായി.

Monday, December 13, 2010

വായന/കാഴ്ച/വിചാരം

വൈകിയായിരുന്നു മനുഷ്യന്റെ വരവ്.ലോകമെമ്പാടുമുള്ള ആദിവാവാസിപുരാവൃത്തങ്ങള്‍ ഡാര്‍വിന്റെ ഈ കണ്ടെത്തലിനെ ദീര്‍ഘദര്‍ശനം ചെയ്തിരുന്നതുപോലെ തോന്നും.നമ്മുടെ പുരാതന പൂര്‍വപിതാമഹന്മാര്‍ ഈ ഭൂമുഖത്ത് യാഥാര്‍ത്ഥ്യമായിത്തീരും മുമ്പ് ഇവിടെ കോഴിയോ കാക്കയോ അല്ലെങ്കില്‍ വിചിത്രവും ഭയാനകവുമായ മറ്റു ചില ജീവികളോ ഉണ്ടായിരുന്നു.പുരാവൃത്തങ്ങളിലെ കണ്ണികള്‍ നേരിട്ടുള്ളതാണ്.ശാസ്ത്രത്തിനു പക്ഷേ സംഭവബഹുലമായ ഒരു പരിണാമത്തിന്റെ കഥ പറയാനുണ്ട്.നമ്മുടെ പ്രപിതാമഹന്മാര്‍ മൃഗങ്ങളുടെ അല്പം പരിഷ്കൃതമായ പ്രതിബിംബം മാത്രമായിരുന്ന കാലത്തിലേക്ക് അപ്രതിരോധ്യമായ ഏത് പ്രേരണയാണ് ഇടക്കിടെ നമ്മെ പിടിച്ചുവലിക്കുന്നത്? ഓര്‍മകള്‍ക്കപ്പുറമുള്ള കാലത്തില്‍ നിന്നുള്ള ഓര്‍മകളുടെ അനന്തരാവകാശത്തില്‍ നിന്ന് മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നേടുന്നത്?ഈയൊരന്വേഷണത്തിന്റെ മേഖലയില്‍ അധികാരം നടത്തുന്നവര്‍ മന:ശാസ്ത്രജ്ഞരും സൌന്ദര്യശാസ്ത്രകാരന്മാരുമാണ്.തന്റെ അവബോധത്തിന്റെ ആഘോഷം,മനസ്സിന്റെ അഗാധതകളില്‍ നിന്നുയര്‍ന്നു വരുന്ന ദൃശ്യബിംബങ്ങള്‍ നല്‍കുന്ന വെളിപ്പെടലുകള്‍ക്ക് വരകളിലൂടെയും രൂപങ്ങളിലൂടെയും ആവിഷ്ക്കാരം നല്‍കുന്നതിന്റെ ഹര്‍ഷോന്മാദം; അതൊന്നു മാത്രമാണ് കലാകാരന്റെ പരിഗണനയില്‍ വരുന്നത് . മനുഷ്യന്‍ ഒരു മൃഗത്തിന്റെ വിധി അല്ലെങ്കില്‍ അസ്തിത്വാവസ്ഥ പങ്കുവെക്കുന്നതിന്റെ ആവിഷ്ക്കാരം സാധിക്കുമ്പോഴാണ് ഭാഗ്യനാഥിന്റെ ഡ്രോയിംഗുകള്‍ അനന്യമായൊരു കരുത്ത് നേടുന്നത്.ഈ മൃഗം കുരങ്ങാവുന്ന സന്ദര്‍ഭങ്ങളില്‍ അത് കൂടുതല്‍ തെളിമയുറ്റ വ്യത്യസ്തമായ ഒരു മാനം കൈവരിക്കുന്നു.മൃഗവുമായി ഇത്തരമൊരു പങ്കുവെപ്പ് മനുഷ്യജീവിക്ക് സാധ്യമാവുന്നത് അവന്റെ ആത്മാവ് പൂര്‍ണമായും നഗ്നമായിരിക്കുന്ന നിമിഷങ്ങളില്‍ മാത്രമാണ്.ആ വിശുദ്ധ നിമിഷങ്ങളില്‍ ജയപരാജയങ്ങളെ കുറിച്ചുള്ള പരിഗണനകളെല്ലാം അപ്രത്യക്ഷമാവുന്ന ഒരു കളിയില്‍ മനുഷ്യനും മൃഗവും ഏര്‍പ്പെടുന്നു.ഇത് പരസ്പര സ്വത്വവിനിമയത്തിന്റെ അല്ലെങ്കില്‍ ആസക്തിപൂര്‍ണമായ സ്വാംശീകരണത്തിന്റ ഘട്ടത്തിലേക്കു കടക്കുന്നു.ജീവിതവും മരണവുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക കാമനകളും ഉണര്‍ത്തപ്പെടുകയും ഒരു വേള പുനര്‍ജന്മത്തോട് താരതമ്യം സാധ്യമാവുന്ന അവര്‍ണനീയമായ ഒരനുഭവം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു.ദൈനംദിന വ്യവഹാരങ്ങളുടെ ക്ഷുദ്രതകളില്‍ കുരുങ്ങിയമരുന്ന ജീവിതത്തില്‍ നിന്ന് ഭിന്നമായ തങ്ങളുടെ സര്‍ഗാത്മകാസ്തിത്വത്തിന്റെ ഭാഗമായി പലപ്പോഴും അബോധമായും ചിലപ്പോള്‍ മാന്ത്രികമാം വിധം ഉണര്‍ത്തപ്പെടുന്ന അഭിവ്യക്തിയിലൂടെയും കലാകാരന്മാർ നിര്‍വഹിക്കുന്ന ഒരു വൈകാരികാനുഷ്ഠാനമാണിത്.മനുഷ്യന്‍ ജന്തുലോകത്തിന്റെ മറ്റ് പ്രതിനിധികളുമായി നടത്തുന്ന രഹസ്യകേളികളുടെയും സംഭാഷണങ്ങളുടെയും മായിക സൌന്ദര്യവും ഗാംഭീര്യവും വിഷാദവുമെല്ലാം ആവേശകരമായ അനായാസതയോടെയാണ് ഭാഗ്യനാഥ് തന്റെ ചിത്രങ്ങളില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.ഏതൊരു കലാകാരനും ആത്മീയമായ ആനന്ദവും ഔന്നത്യവും അനുഭവപ്പെടാവുന്ന പ്രവൃത്തിയാണിത്.
(ഭാഗ്യനാഥിന്റെ ഡ്രോയിംഗുകളുടെ പ്രദര്‍ശനം 2010 ഡിസംബര്‍ 12 ന് കൊച്ചിയിലെ കാഷിആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചിരിക്കുന്നു.kashi art gallery siteകാണുക )

Thursday, December 9, 2010

നിലപ്പന

ഏകാന്തതയില്‍ വായിക്കേണ്ടവയാണ് ബിജോയ് ചന്ദ്രന്റെ 'നിലപ്പന'(പ്രസാ:തോര്‍ച്ച,മൂവാറ്റുപുഴ)യിലെ കവിതകള്‍.സ്വപ്‌നത്തിന്റെ നിറങ്ങള്‍ നന്നേ നേര്‍പ്പിച്ചെടുത്ത് വരച്ച നിനവുകളുടെ ചിത്രങ്ങളാണ് ഏറെയും.ഇല്ലായ്മകളുടെ ഓര്‍മകള്‍ക്കുപോലും കടും വര്‍ണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.കേരളത്തിലെ പ്രകൃതിയുടെയും തികച്ചും കേരളീയമായ ഗാര്‍ഹികാന്തരീക്ഷത്തിന്റെയും സൗഹൃദത്തിന്റെയുമെല്ലാം വെയില്‍പ്പാളികള്‍ വീണുകിടക്കുന്ന വീട്ടുമുറ്റത്തൂടെയും തൊണ്ടിലൂടെയും തെങ്ങിന്‍പാലത്തിലൂടെയും വയല്‍വരമ്പിലൂടെയും ക്ലാസ്മുറിയിലൂടെയുമെല്ലാം വിശേഷിച്ചൊന്നും ഭാവിക്കാതെയെന്ന പോലെ ഈ കവിതകള്‍ കടന്നുപോവുന്നു.ഫലേച്ഛയില്ലാത്ത ഏകാന്തമനനം തന്നെയാണ് അവ ഉല്പാദിപ്പിക്കുന്ന സൗന്ദര്യാനുഭൂതിയിലേക്കുള്ള വഴി.സൂക്ഷ്മമായവയെ ഓര്‍ത്തെടുക്കുന്നതിന്റെയുംവാക്കുകളുടെ അനാര്‍ഭാടമായ ചേരുവയിലൂടെ അനുഭവിച്ചറിയുന്നതിന്റെയും ആനന്ദം;അതാവാം ഈ പുസ്തകം വായനക്കാരില്‍ അവശേഷിപ്പിക്കുന്ന അനുഭൂതികളില്‍ ഏറ്റവും സാന്ദ്രമായത്.

ചരക്ക്

ബിജു.സി.പിയുടെ 'ചരക്ക് '(ഡി.സി.ബുക്‌സ്2009)വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു കഥാസമാഹാരമാണ്.വളരെ വ്യത്യസ്തമായ നല്ല ചില കഥകളുണ്ട് ഈ പുസ്തകത്തില്‍.ഒരു ഹോം നേഴ്‌സിന്റെ കഥ,ജൂനിയര്‍ മോസ്റ്റ്,വാനില ചില ചെയ്തറിവുകള്‍,മനശ്ശാസ്ത്രജ്ഞന്് ഒരു കത്ത് എന്നിവയാണ് കൂട്ടത്തില്‍ ഏറ്റവും നന്നായി തോന്നിയത്.അനുഭവത്തിന്റെ വൈകാരികതലത്തിന് ഒട്ടും കീഴടങ്ങിക്കൊടുക്കാതെ അല്പം അകന്നുമാറിയുള്ള കാഴ്ചയുടെ താളം സ്വീകരിക്കുന്ന ആഖ്യാനശൈലിയാണ് സമകാലികജീവിതത്തിന്റെ അന്ത:സത്ത വെളിപ്പെടുത്തുന്നതിന് ഏറ്റവും സമര്‍ത്ഥമാവുക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.വൈകാരികമായും ബൗദ്ധികമായും അത്രമേല്‍ ലാഘവത്തോടെയാണ് പൊതുവെ മലയാളി സമൂഹം ജീവിതത്തെ സമീപിക്കുന്നത്.ഉപരിവര്‍ഗവും മധ്യവര്‍ഗവും മാത്രമല്ല അടിത്തട്ടിലുള്ളവരും ഏറെക്കുറെ ഈയൊരു സമീപനം സ്വീകരിക്കുന്നവരാണ്.അപവാദമായി വ്യക്തികളും ജീവിതസന്ദര്‍ഭങ്ങളും ഉണ്ടെന്നത് മറക്കുന്നില്ല.
മലയാളിജീവിതത്തില്‍ കാണുന്ന ഈ ലാഘവത്തെ കഥയിലേക്ക് കൊണ്ടുവരിക അത്രയൊന്നും എളുപ്പമല്ല.കഥ കേവലം തമാശയുടെയോ വെടിപറച്ചിലിന്റെയോ വളി്പ്പിന്റെ തന്നെയോ തലത്തില്‍ എത്തിച്ചേരാം.ഈ അപകടസാധ്യതകളെ മറികടക്കുന്ന എഴുത്തിന്റെ നല്ലൊരു മാതൃക സക്കറിയയുടെ ' പ്രെയ്‌സ് ദി ലോര്‍ഡ് ' എന്ന ലഘുനോവലില്‍ നാം കണ്ടതാണ്.ബിജുവിന്റെ 'വാനില ചില ചെയ്തറിവുകള്‍' ആ നോവലിനെ ഓര്‍മിപ്പിക്കുന്നുമുണ്ട്.ഈ കഥാകൃത്തിന്റെ എഴുത്തിന് പ്രത്യേകമായുള്ള ഒരു ഗുണം അവ നമ്മുടെ പൊതുജീവിതത്തിലെ വൈകാരികരക്തക്ഷയത്തെ കുറേക്കൂടി അടുത്തു നിന്നും കുറേക്കൂടി സൂക്ഷ്മമായും ജാഗ്രത്തായും നിരീക്ഷിക്കുന്നു എന്നതാണ്.നിര്‍വികാരമെന്നോ ഉദാസീനമെന്നോ ഒക്കെ തോന്നിക്കുന്ന ആഖ്യാനശൈലിയിലൂടെ തന്നെ സമകാലിക ജീവിതാവസ്ഥയിലെ യിലെ കടുത്ത ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വായനക്കാരെ വൈകാരികമായി ഉണര്‍ത്താന്‍ കഴിയുന്നുണ്ട് കഥാകാരന്.ജൂനിയര്‍മോസ്റ്റിലും ഒരു ഹോംനേഴ്‌സിന്റെ കഥയിലുമൊക്കെ ഈ എഴുത്ത് രീതി കൈവരിച്ചിരിക്കുന്ന അനായാസ വിജയം മികച്ച വായനാനുഭവമാണ് നല്‍കുന്നത്.

അപനിര്‍മാണം

അര്‍ത്ഥം മാത്രമല്ല
അഭിപ്രായവും ആശങ്കയും
പ്രതിഷേധവും പ്രതികരണവുമെല്ലാം
അനന്തമായി നീട്ടിവെക്കാം
അങ്ങനെയാണ് മാഷേ
നമ്മളൊക്കെ ജീവിച്ചുപോവുന്നത്.

Monday, December 6, 2010

മാപ്പ് തരില്ല

രാഷ്ട്രീയക്കാര്‍ രാസവിദ്യ കൊണ്ടും
കവികള്‍ വാറ്റുവേലകൊണ്ടും
മതമേധാവികള്‍ പുളിപ്പിച്ചെടുത്തുമുണ്ടാക്കുന്ന
കടുകടുത്ത സാധനങ്ങള്‍
കുടിച്ച് ബോധംകെട്ട് വീഴുന്നവരെ
അപ്പപ്പോള്‍ കടപ്പുറത്തേക്കോ
കാറ്റുള്ള മൈതാനത്തേക്കോ
മറ്റുള്ള തുറസ്സുകളിലേക്കോ എത്തിക്കാന്‍
ചാടിപ്പിടിച്ചുവരുന്ന എന്നെ
കുപ്പിയൊന്നും കയ്യിലില്ലാത്തതിന്റെ പേരില്‍
കുത്തിയും വെട്ടിയും ഓടിക്കാന്‍ പുറപ്പെടുന്നവരേ
ദൈവം പോയിട്ട് ചെകുത്താന്‍ പോലും
നിങ്ങള്‍ക്ക് മാപ്പ് തരില്ല.

ചിറകടിച്ചിരുന്നു

കഴിഞ്ഞ രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത്
ഒരു കവിത വന്ന് നെഞ്ചില്‍ ഏറെ നേരം ചിറകടിച്ചിരുന്നു
ഇപ്പോള്‍ അതിന്റെ കുഞ്ഞിക്കാലുകളുടെ സ്പര്‍ശം പോലും
ഓര്‍ത്തെടുക്കാനാവുന്നില്ല
ആദ്യത്തെ പറക്കലില്‍ തന്നെ
ആലിപ്പഴം വീണ്ചിറകൊടിഞ്ഞ്
മണ്ണില്‍ വീണ് മഞ്ഞില്‍ മൂടിപ്പോയ
ശലഭത്തെപ്പോലെ പാവം ആ കവിത.

ഉപദേശം

ആരോടും ഒന്നിനോടും ഇടയരുത്
നേരുകേടും നെറികേടും നോക്കരുത്
വഴിമാറുക,വഴുതിമാറുക
വഴുവഴുപ്പാണ് മകനേ
വിജയത്തിന്റെ മഹാരഹസ്യം.

Thursday, December 2, 2010

വായന,കാഴ്ച,വിചാരം

കുറിപ്പ്

കേരളസമൂഹത്തില്‍ ദൂരവ്യാപകമായ വിപരീതഫലങ്ങളുണ്ടാക്കാന്‍ പോന്ന പരിഷ്ക്കരണങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ നടന്നുവരുന്നത്.പുതിയ വിദ്യാഭ്യാസത്തിന്റെ ആധാരമായി വര്‍ത്തിക്കുന്ന രണ്ട് നിലപാടുകള്‍ മാത്രം പരിശോധിച്ചാല്‍ മതി ഇക്കാര്യം ബോധ്യമാവാന്‍.താഴെ പറയുന്നവയാണ് അവ:
1. വിദ്യാഭ്യാസമെന്നത് വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ സ്വയം കണ്ടെത്തി ഗ്രഹിക്കലാണ്.അധ്യാപകന്റെ /അധ്യാപികയുടെ സ്ഥാനം അതിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്ന ആളുടേതു മാത്രമാണ്.
2. വിദ്യാര്‍ത്ഥി പഠിക്കുന്ന ഏത് കാര്യത്തിനും കൃത്യമായി ചൂണ്ടിക്കാണിക്കാനാവുന്ന ഉപയോഗിതാമൂല്യം വേണം.ഒരു കവിത പഠിക്കുമ്പോള്‍ അത് കേരളീയജീവിതത്തിലെ ഏത് പ്രശ്നമേഖലയുമായി ബന്ധപ്പെടുന്നു എന്ന കാര്യം വിദ്യാര്‍ത്ഥിക്ക് സംശയരഹിതമായി ബോധ്യം വരണം.
ഒന്നാമത്തെ നിലപാടിന്റെ ഫലം വിദ്യാര്‍ത്ഥി ലോകത്തിലെ ഏത് കാര്യവും തനിക്ക് പരസഹായമില്ലാതെയും എളുപ്പത്തിലും ഗ്രഹിക്കാവുന്നതാണ് എന്ന ധാരണയില്‍ എത്തിച്ചേരും എന്നതാണ്.ഏത് വിജ്ഞാനശാഖയ്ക്കും അതിന്റേതായ ചരിത്രമുണ്ട്.ഓരോ അറിവിനു പിന്നിലും നാളിതുവരെയുള്ള തലമുറകളുടെ അനുഭവങ്ങളും അന്വേഷണങ്ങളുമുണ്ട്.ഇവയെയൊക്കെ ഒറ്റയടിക്ക് നിസ്സാരമായി കാണുകയും എല്ലാം താനൊരാള്‍ ഒറ്റയ്ക്ക് കണ്ടെത്തുന്നതാണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ചരിത്രത്തോടും മനുഷ്യന്റെ ബൌദ്ധികാധ്വാനങ്ങളോട് ആകെത്തന്നെയും പുച്ഛം തോന്നും.ഇത് അവരെ വളരെ ആപല്‍ക്കരമായ സ്വാത്മകേന്ദ്രീകരണത്തിലേക്കും അഹന്തയിലേക്കും പരപുച്ഛത്തിലേക്കും നയിക്കും.കഴുത്തറുപ്പന്‍ മത്സരം നടക്കുന്ന വ്യാപാരമേഖലയില്‍ മറ്റുള്ളവരുടെ താല്പര്യങ്ങളും പൊതുസമൂഹത്തിന്റെ നന്മയും തരിമ്പും പരിഗണിക്കാതുള്ള കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ട് മുന്നേറാന്‍ നാളത്തെ പൌരന്മാരെ അത് സഹായിച്ചേക്കും.അതല്ലാതെ മഹത്തായ യാതൊരു ലക്ഷ്യത്തിന്റെയും പരിസരങ്ങളില്‍ പോലും വിദ്യാഭ്യാസത്തെ കൊണ്ടുചെന്നെത്തിക്കാന്‍ ഇതുകൊണ്ട് സാധ്യമാവില്ല.
രണ്ടാമത്തെ നിലപാടും വളരെ പ്രകടമായിത്തന്നെ ജ്ഞാനവിരുദ്ധമാണ്. മനുഷ്യവംശം നാളിതുവരെ നടത്തിയ ബൌദ്ധികാന്വേഷണങ്ങളും സര്‍ഗാത്മകപ്രവൃത്തികളും ദൈനംദിനജീവിതത്തില്‍ ഉടനടി പ്രത്യക്ഷമാവും വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്ന നിര്‍ബന്ധബുദ്ധിയോടെ നിര്‍വഹിക്കപ്പെട്ടവയല്ല.പലതിന്റെയും,വിശേഷിച്ചും കല,സാഹിത്യം,ദര്‍ശനം തുടങ്ങിയ മേഖലകളില്‍ നടന്നിട്ടുള്ള പല അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ഫലങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാണിക്കാവുന്നവയുമല്ല.കൃത്യമായി വ്യവച്ഛേദിച്ചറിയാവുന്ന ഉപയോഗിതാമൂല്യമില്ലാത്ത ഒന്നും നിലനില്‍ക്കേണ്ടതില്ല എന്ന വിധി ലാഭേച്ഛ മാത്രം ലാക്കാക്കി പ്രവൃത്തിക്കുന്ന ഒരു സമൂഹത്തിന് മാത്രം സ്വീകാര്യമാവുന്നതും തീര്‍ത്തും മനുഷ്യത്വരഹിതവുമാണ്.ഉപയോഗിതാമൂല്യത്തെ മാത്രം അടിസ്ഥാനമാക്കി വിഷയങ്ങളെ സമീപിക്കുമ്പോള്‍ അവയുടെ ഏറ്റവും കാതലായ വശം ഒഴിവാക്കപ്പെടും.അങ്ങനെയാണ് കോളേജ്തലത്തിൽ നിലവിൽ വന്ന ഫങ്ഷനൽ ഇംഗ്ളീഷ് കോഴ്സിൽ ഷെയ്ക്സ്പിയറുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും ബ്ളെയ്ക്കിന്റെയും ഷെല്ലിയുടെയും കീറ്റ്സിന്റെയുംമെല്ലാം സ്ഥാനം നാമമാത്രമാവുകയും ബിസിനസ് ഇംഗ്ളീഷും മറ്റും പ്രഥമപരിഗണന നേടുകയും ചെയ്യുന്നത്.
സെമിസ്റര്‍ സമ്പ്രദായം നടപ്പിലാക്കിത്തുടങ്ങിയ ഘട്ടം മുതല്‍ക്കാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് തകര്‍ച്ച ആരംഭിച്ചത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ അനേകം കാര്യങ്ങള്‍ ഉപരിപ്ളവമായി പഠിക്കുകയും തൊട്ടടുത്ത സെമസ്ററില്‍ അവയ്ക്കൊന്നും തുടര്‍ച്ചയില്ലാതാവുകയും ചെയ്യുന്ന ദുരവസ്ഥയാണ്ഒട്ടു മിക്ക കോഴ്സുകളുടെയും കാര്യത്തിൽ സെമസ്റര്‍ വഴി സൃഷ്ടിക്കപ്പെട്ടത്.ഇപ്പോള്‍ നടപ്പിലാക്കിവരുന്ന ചോയ്സ്ബെയ്സ്ഡ് ക്രെഡിറ്റ് സമ്പ്രദായം കാര്യങ്ങളെ പതിന്മടങ്ങ് വഷളാക്കിയിരിക്കുന്നു.ആഴത്തിലുള്ള പരിജ്ഞാനത്തെ കുറിച്ച് ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അനേകം വിഷയങ്ങളെപ്പറ്റി വാചകമടിക്കാന്‍ പറ്റുന്ന ബിരുദധാരികളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം ആ പേരിനു തന്നെ അര്‍ഹമല്ല. വിദ്യാഭ്യാസത്തെ ആകമാനം ബുദ്ധിശൂന്യവും അതേസമയം മുതലാളിത്താനുകൂലമായ വികസനത്തിന് അനകൂലവുമാക്കി തീര്‍ക്കുന്ന വലിയ ഒരു ചതിപ്പണിയാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.അല്പമായ ചരിത്രബോധം പോലുമില്ലാതെയും തീര്‍ത്തും മനുഷ്യത്വരഹിതമായും കാര്യങ്ങളെ സമീപിക്കുന്ന ഒരു തലമുറയുടെ,പല തലമുറകളുടെ സൃഷ്ടിയായിരിക്കും ഇതിന്റെ ഫലം.

Monday, November 29, 2010

ഒച്ചകള്‍

ഉറുമ്പിന്റെ കാലൊച്ച കേള്‍ക്കണം കവി
ഉഗ്രസ്‌ഫോടനങ്ങള്‍ക്കുനേരെ ബധിരനായിരിക്കയും വേണം
കവിതാബാഹ്യമായ വാശിയുടെ കറകറയൊച്ച
സുഹൃത്തേ,എന്റെ കാത് പൊട്ടിക്കുന്നു.

Friday, November 19, 2010

ശത്രു

ശത്രുവിനെ ഉന്നം വെച്ചു തന്നെയാണ് എറിഞ്ഞത്
നെഞ്ചില്‍ വന്നുകൊണ്ട്
മലര്‍ന്നടിച്ചുവീണപ്പോള്‍ ഉറപ്പായി
പിഴച്ചില്ല.

ഒരു ദുസ്സ്വപ്‌നം

ഏതോ രാജ്യത്തെ ഏതോ പ്രാചീന സര്‍വകലാശാലയില്‍
ഞാന്‍ പരീക്ഷയെഴുതുന്നു
എല്ലാ ഉത്തരങ്ങളും ശരിയായി എഴുതിക്കഴിയുമ്പോള്‍
രാജഭടന്മാര്‍ എത്തുന്നു
എന്നെ കഴുമരത്തിലേക്കു കൊണ്ടുപോവുന്നു.

ചിത്രം

കാണുന്നതെല്ലാം കയ്യെത്തിപ്പിടിക്കുന്ന കൈകള്‍
തിന്നാലും തിന്നാലും തുറന്നുതന്നെയിരിക്കുന്ന വായ
പടക്കുതിരപോലെ പെടപെടക്കുന്ന ലിംഗം
ഉറുമ്പുപോലും നാണി്ച്ചുപോവുന്ന തല
ഒന്നു വരച്ചുനോക്കൂ
സൂക്ഷിക്കണം
'ആത്മചിത്ര'മെന്നല്ലാതെ മറ്റൊരു പേരിട്ടുപോവരുത്
ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ.

Saturday, November 13, 2010

വായന/കാഴ്ച/വിചാരം

കുറിപ്പ്
6
ഒരു ജനതയുടെ ഭാഷയെയും ആത്മബോധത്തെയും ലോകബോധത്തെയും കാലത്തിന് അഭിമുഖമാക്കി നിര്‍ത്തി അവയുടെ നവീകരണസാധ്യതകള്‍ ചൂണ്ടിക്കാണിക്കുക എന്ന വലിയ പ്രവൃത്തിയാണ് എഴുത്തുകാര്‍ നിര്‍വഹിക്കുന്നത്.അതിനെ ഗൌരവപൂര്‍ണമായി മനസ്സിലാക്കുകയും മറ്റ് വിദഗ്ധതൊഴിലുകള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അവാര്‍ഡ് പോലുള്ള അംഗീകാരങ്ങള്‍ നന്നേ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും എഴുത്ത് ഒരു സാമൂഹ്യാവശ്യമാണെന്നും ആ ആവശ്യം നിറവേറ്റുന്നവര്‍ പ്രത്യേകമായ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും സമൂഹത്തെ ഓര്‍മപ്പെടുത്തുന്നുണ്ട്.എഴുത്തുകാര്‍,വിശേഷിച്ചും വലിയ മാനസ്സികസന്നാഹങ്ങളോടും ഉത്തരവാദിത്വത്തോടും കൂടി എഴുത്ത് നിര്‍വഹിക്കുന്നവര്‍ കേരളത്തിലെ ഏറ്റവും വലിയ ചൂഷിതവിഭാഗമാണിന്ന്.ഏറ്റവുമധികം അവമതിക്കപ്പെടുന്ന അധ്വാനം അവരുടേതാണ്.ഒരു വര്‍ഷംകഠിനാധ്വാനം ചെയ്ത് എഴുതുന്ന നോവലിന് ഒരെഴുത്തുകാരന് കിട്ടുന്ന പ്രതിഫലം നഗരത്തിലെ വലിയൊരു സ്വര്‍ണക്കടക്കാരന് അരമണിക്കൂര്‍ കൊണ്ട് കിട്ടുന്ന ലാഭത്തേക്കാളും വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് നാലോ അഞ്ചോ ദിവസം കൊണ്ട് കിട്ടുന്ന ഫീസിനേക്കാളും സമര്‍ത്ഥനായ ഒരു വാര്‍പ്പ് പണിക്കാരന് രണ്ട് മാസംകൊണ്ട് കിട്ടുന്ന കൂലിയേക്കാളും കുറവാണ്. ഈ അവസ്ഥ ഏത് പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളവും അപമാനകരമാണ്

Wednesday, November 10, 2010

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

18
13-3-2010
ഇന്നലെ വൈകുന്നേരം രാജേഷിനോടൊപ്പം കതിരൂര്‍ പുല്ല്യോട്ടുകാവിലെ കലശം കാണാന്‍ പോയി.വര്‍ണമനോഹരമായി അലങ്കരിച്ച വിവിധരൂപങ്ങളിലുള്ള കലശത്തട്ടുകളുമായി ചെറുചെറുസംഘങ്ങള്‍ തകര്‍പ്പന്‍ ചെണ്ടകൊട്ടും അതിലും തകര്‍പ്പനായ ചുവടുവെപ്പുകളുമായി കാവിലെത്തുന്ന കാഴ്ചയോ അസാധാരണമായ ആള്‍ത്തിരക്കോ ചന്തകളോ ഒന്നും എന്നെ ആഹ്ളാദിപ്പിച്ചില്ല.പകരം അപാരമായ വിഷാദവും തളര്‍ച്ചയും എന്നെ ബാധിച്ചു.എത്രയും വേഗം അവിടം വിട്ട് റോഡിലെത്താന്‍ മനസ്സ് വെപ്രാളപ്പെട്ടു.അപ്പോഴത്തെ എന്റെ മനോനിലയ്ക്ക് സത്താപരമായ അരക്ഷിതത്വം എന്ന പഴയ ഒരു പ്രയോഗം കൊണ്ട് സൂചിതമാവുന്ന അനുഭവവുമായി രക്തബന്ധമുണ്ടായിരുന്നു.
പതിനായിരക്കണക്കിനാളുകള്‍ ഇടമുറിയാതെ ഒഴുകിയെത്തുന്ന കാവിന്റെ പരിസരത്ത് ഞാനും സുഹൃത്ത് രാജേഷും അരമണിക്കൂറോളം ചുറ്റിനടന്നു.അതിനിടയില്‍ ഞങ്ങളുടെ പരിചയക്കാരായി എത്തിയത് രണ്ടേരണ്ടുപേര്‍ മാത്രമായിരുന്നു.അപരിചിതരുടെ അപാരമായ പെരുപ്പമാകാം ഒരുപക്ഷേ എന്നെ തളര്‍ത്തിക്കളഞ്ഞത്.അമ്പത്തെട്ടുവര്‍ഷത്തോളം ജീവിച്ചിട്ടും എന്റെ സമീപഗ്രാമത്തില്‍ പോലും ഒരു കൈവിരലിലെണ്ണാവുന്ന ആളുകളെങ്കിലും എന്നെ തിരിച്ചറിയുന്നില്ല എന്ന അറിവ് ആ നിമിഷങ്ങളില്‍ എനിക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നിരുന്നിരിക്കണം.ഒരുവേള അതിലും പ്രധാനപ്പെട്ട കാരണം മറ്റൊന്നാകാം.അനേകായിരങ്ങള്‍ക്ക് ആ ഉത്സവത്തില്‍ ഹൃദയപൂര്‍ണമായ പങ്കാളിത്തം സാധ്യമാക്കിയ വികാരവിചാരങ്ങള്‍ അല്പമായിപ്പോലും പങ്കുവെക്കാന്‍ എനിക്ക് സാധിച്ചിരുന്നിരിക്കില്ല.അവരനുഭവിക്കുന്ന ലാഘവവും ഉത്സാഹത്തിമിര്‍പ്പും എന്നില്‍ നിന്നും വളരെ അകലെയായിരുന്നു.ഞാന്‍ ആ കൂട്ടായ്മയ്ക്ക് പുറത്തായിരുന്നു. ഈ അന്യത്വം വലിയ ജനപങ്കാളിത്തമുള്ള കാര്‍ണിവലുകള്‍ക്കും സാംസ്കാരികവിനോദപരിപാടികള്‍ക്കും സാക്ഷിയാവുമ്പോഴെല്ലാം ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്.മുമ്പായിരുന്നെങ്കില്‍ ഇതും അഭിമാനിക്കത്തക ഒന്നാണെന്ന തോന്നലുണ്ടാവുമായിരുന്നു.ഇപ്പോള്‍ പക്ഷേ അങ്ങനെയൊരു തെറ്റിദ്ധാരണ എന്നെ വശപ്പെടുത്തുന്നില്ല.എന്റെ പ്രകൃതം ഇമ്മട്ടിലുള്ളതാണ് എന്ന് ചിലപ്പോള്‍ വേദനയോടെ,മറ്റു ചിലപ്പോള്‍ തീര്‍ത്തും നിര്‍വികാരമായി ഞാന്‍ തിരിച്ചറിയുന്നു എന്നു മാത്രം.
19
ഓരോ ജീവിക്കും അവനവന്റെ/അവളവളുടെ ജന്മത്ത ന്യായീകരിക്കുന്നതിന് താന്താങ്ങളുടേതായ ന്യായമുണ്ടാവുമല്ലോ എന്ന് മുമ്പൊരിക്കല്‍ ആലോചിച്ചുപോയപ്പോള്‍ ഇങ്ങനെ എഴുതാന്‍ തോന്നി:
17/6/94
1.
ദൈവം തന്ന കൊക്ക്
ദൈവം തന്ന ചിറകുകള്‍
ദൈവം തന്നെ കണ്മുന്നില്‍ കാട്ടിത്തന്ന കതിരുകള്‍ കൊത്തിപ്പറക്കുമ്പോള്‍
കവണക്കല്ലെറിഞ്ഞ് വീഴ്ത്തുന്നതിലെ അന്യായം
ഹേ,മനുഷ്യാ,എന്നെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ?
2.
ഉടലും ഉയിരും തന്ന ദൈവം
എനിക്ക് ചിറകുകള്‍ തന്നില്ല
കാലും കയ്യും തന്നില്ല
' ഇഴയുക,ഇരപിടിക്കുക'
അവന്റെ ആജ്ഞ ഞാന്‍ അനുസരിക്കുന്നു
നിങ്ങളെന്നെ ഭയത്തോടും വെറുപ്പോടും
പാമ്പെന്നു വിളിക്കുന്നു.
20
ഞാന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ഓഫീസുകളെയാണ്.എല്ലാ തരം ഓഫീസുകളും ഒരുപോലെയാണെനിക്ക്.ചില ഓഫീസുകളില്‍ പരിചയക്കാരുണ്ടായിരുന്നതു കാരണം എന്റെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചുകിട്ടിയ ഏതാനും സന്ദര്‍ഭങ്ങളുണ്ട്.തൊണ്ണൂറ് ശതമാനവും പക്ഷേ കടുത്ത വിപരീതാനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.അധികാരം,അത് എത്ര ചെറുതായാലും ആളുകളെ അഹങ്കാരികളാക്കുന്നുണ്ട്.മറ്റുള്ളവരെ നിസ്സാരീകരിക്കാനോ ഉപദ്രവിക്കാനോ ഉള്ള വാസന അവരില്‍ വളര്‍ത്തുന്നുണ്ട്.ഓഫീസ്ജീവനക്കാരില്‍ നിന്നു മാത്രമല്ല ബസ്ജീവനക്കാര്‍,ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍,ഹോട്ടല്‍തൊഴിലാളികള്‍ എന്നിവരില്‍ നിന്നെല്ലാം എനിക്കുണ്ടായ അനുഭവങ്ങളില്‍ വലിയൊരു പങ്കും വളരെ മോശപ്പെട്ടതാണ്.എന്തകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വലിയ വേദനയോടെ ചിന്തിക്കേണ്ടി വന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്.രണ്ട് ഉത്തരങ്ങളാണ് കിട്ടിയത്.ചെറുതും വളരെ താല്‍ക്കാലികവുമായ അധികാരങ്ങള്‍ മാത്രം കയ്യാളുന്നവര്‍ക്കുപോലും ഉപദ്രവിക്കാന്‍ തോന്നിക്കുന്ന എന്തോ ഒന്ന് എന്റെ ശരീരഭാഷയിലുണ്ട്.മറ്റൊരു സംഗതി മറ്റുള്ളവരോടുള്ള എന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ്.വളരെ അടുത്ത് പരിചയമുള്ളവരൊഴിച്ച് എല്ലാവരോടും എനിക്ക് അകാരണം എന്നു പറയാവുന്ന ഒരു ഭയമുണ്ട്.ആള് സാമ്പത്തികശേഷികൊണ്ടോ പദവികൊണ്ടോ എത്ര ചെറുതായാലും അതില്‍ വ്യത്യാസം വരില്ല.എന്റെ ഈ ഭയത്തെ ആളുകള്‍ മറ്റെന്തോ ആയി തെറ്റിദ്ധരിക്കുന്നുണ്ടാവും.അല്ലെങ്കില്‍ എന്നെ ഇങ്ങോട്ടു ഭയപ്പെടുത്താനുള്ള മുന്‍കൂര്‍ ലൈസന്‍സായി അത് അവര്‍ക്ക് അനുഭവപ്പെടുന്നുണ്ടാവും.രണ്ടായാലും അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുന്നതില്‍ ഞാന്‍ നിസ്സഹായനാണ്.എന്റെ ശരീരത്തെയോ മനസ്സിനെയോ നിര്‍മിച്ചിരിക്കുന്നത് ഞാനല്ല. എനിക്കും എന്നെപ്പോലുള്ള അനേകായിരങ്ങള്‍ക്കും ഉണ്ടാവുന്ന ഇമ്മാതിരി അനുഭവങ്ങള്‍ക്കുള്ള വിശദീകരണം അല്ലെങ്കില്‍ ന്യായീകരണം സരിതാ മന്തണ്ണയുടെ ഠശഴലൃ ഒശഹഹ എന്ന നോവലിലെ ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ കണ്ടു.നോവലിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ ദേവണ്ണയെ അദ്ദേഹം ബാംഗ്ളൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സീനിയര്‍ വിദ്യാര്‍ത്ഥികളിലൊരാളായ മാര്‍ട്ടിന്‍ തോമസ് തീര്‍ത്തും അകാരണമായി അതികഠിനമായി നിരന്തരം പീഡിപ്പിക്കുന്നു .അതിന്റെ മൂര്‍ധന്യത്തില്‍ ദേവണ്ണ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുവരുന്നു.മനസ്സും ശരീരവും ചതഞ്ഞ് ഒരു ദിവസം രാവിലെ കുടകിലെ വീട്ടുപരിസരത്തെത്തുന്ന ദേവണ്ണ വേദനയില്‍ നിന്നും അപമാനത്തില്‍നിന്നും സ്വയം രക്ഷിക്കാനുള്ള ഭ്രാന്തമായ ശ്രമത്തില്‍ കുട്ടിക്കാലം മുതല്‍ക്കേ തന്റെ കളിക്കൂട്ടുകാരിയായ ദേവിയെ ബലമായി കീഴ്പ്പെടുത്തി ശാരീരികമായി ബന്ധപ്പെടുന്നു.കാര്യം പുറത്ത് സംസാരവിഷയമാക്കാതെ ഈ അപമാനത്തില്‍ നിന്ന് രക്ഷപ്പെടാനായി രക്ഷിതാക്കള്‍ ദേവിയെ ദേവണ്ണയ്ക്ക് തന്നെ വിവാഹം കഴിച്ചുകൊടുക്കുന്നു.തന്നോട് തെറ്റ് ചെയ്ത ദേവണ്ണയ്ക്ക് ദേവി പക്ഷേ ഒരിക്കലും മാപ്പുകൊടുക്കുന്നില്ല.ദേവണ്ണയുടെ ജീവിതം അങ്ങനെ ദീര്‍ഘദീര്‍ഘമായ ദുരന്തം മാത്രമായിത്തീരുന്നു
വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ബാംഗ്ളൂരില്‍ വെച്ച് ദേവണ്ണയുടെ പഴയ സഹപാഠിയായിരുന്ന ഡോ.രാമസ്വാമി ദേവണ്ണയുടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിജീവിതകാലത്തിന്റെ കഥ ദേവിയോട് പറയുന്നു. എല്ലാം കേട്ടുകഴിഞ്ഞ ശേഷവും മാര്‍ട്ടിന്‍ തോമസിന് ദേവണ്ണയോട് തോന്നിയ കഠിനമായ ശത്രുതയുടെ കാരണം മനസ്സിലാവാതെ ദേവി ചോദിക്കുന്നു: എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ദേവണ്ണയോട് മാത്രങ്ങനെ?ശൂന്യമനസ്കനായി നെടുവീര്‍പ്പിട്ട് തന്റെ സ്റെതസ്കോപ്പ് ഷര്‍ട്ടിന്റെ കയ്യിലുരച്ചുകൊണ്ട് ഡോ.രാമസ്വാമി പറയുന്നു: ആര്‍ക്കറിയം മാഡം?;ചിലപ്പോള്‍ ചില മനുഷ്യര്‍ നിര്‍ഭാഗ്യത്തിന്റെ വഴിയിലേക്ക് എന്തുകൊണ്ടെന്നില്ലാതെ എടുത്തെറിയപ്പെടുകയാണെന്ന് പറയാം;അത്ര തന്നെ.
പല പരമിതികളും കാരണം മികച്ച വായനക്കാരില്‍ നിന്ന് ഒരു ശരാശരി നോവല്‍ എന്നതിപ്പുറമുള്ള പരിഗണന കിട്ടാന്‍ സാധ്യതയില്ലാത്ത കൃതിയാണ് ‘TigerHills.’എങ്കിലും ഇതുപോലുള്ള ചില സന്ദര്‍ഭങ്ങളും തീര്‍ത്തും വ്യക്തിഗതമായ മറ്റു ചില സംഗതികളും ആ നോവലിനോട് എനിക്ക് പ്രത്യേകമായൊരു വൈകാരികബന്ധമുണ്ടാക്കുന്നു.
21
ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്നെ വലുതായൊന്നും സ്നേഹിക്കുന്നില്ല.എന്നെ കൊണ്ടാടാന്‍ കിട്ടുന്ന അവസരങ്ങളൊന്നും എന്നെ ഉത്തേജിപ്പിക്കുന്നില്ല. എന്റെ ഒരേയൊരാനന്ദം അല്ലെങ്കില്‍ ആനന്ദം എന്നു പറയാന്‍ പറ്റുന്ന ഒരേയൊരു സംഗതി ചിന്തയാണ്.ദാര്‍ശനികഗൌരവം നിറഞ്ഞ ഗംഭീരമായ ചിന്ത എന്നൊ ന്നും പറയാനാവില്ല.എങ്കിലും മിക്കപ്പോഴും ഞാന്‍ എനിക്ക് പ്രത്യേകിച്ചെന്തെങ്കിലും ഭൌതികപ്രയോജനം ലഭിക്കാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.ബുദ്ധിപരമായി കാര്യങ്ങളെ വിശകലനം ചെയ്യുന്ന രീതിയിലല്ല എന്റെ മനസ്സിന്റെ സഞ്ചാരങ്ങള്‍.അതുകൊണ്ടു തന്നെ എന്നെ ബുദ്ധിജീവി എന്നു വിളിക്കാന്‍ പറ്റില്ല.സ്വയം ചോദ്യം ചെയ്യുകയും നിന്ദിക്കുകയും അവമതിക്കുകയും ചെയ്യുന്നതില്‍ വല്ലാത്ത വാശിയാണെനിക്ക്.ആത്മപീഡനത്തിനുള്ള ആക്രാന്തത്തെ കുറിച്ചോര്‍ത്ത് കഠിനമായി വേദനിക്കാറുമുണ്ട്.പക്ഷേ ആ ജന്മവാസന എന്നെ അനേകം നാട്യങ്ങളില്‍ നിന്നും പൊങ്ങച്ചങ്ങളില്‍ നിന്നും രക്ഷിച്ചു നിര്‍ത്തുന്നതില്‍ വലിയൊരളവോളം വിജയിക്കുന്നുണ്ടെന്നാണ് വിശ്വാസം. എഴുത്തില്‍ ഒരാള്‍ കൈവരിക്കുന്ന മികവിന് അവാര്‍ഡുകളോ ഫെലോഷിപ്പുകളോ തെളിവുകളാവുമെന്നു ഞാന്‍ കരുതുന്നില്ല.എങ്കിലും സാമൂഹ്യാംഗീകാരത്തിന്റെ അത്തരം ഔപചാരികചിഹ്നങ്ങളെ ഞാന്‍ നിന്ദിക്കാറില്ല.അതേ സമയം എങ്ങനെയൊക്കെ അംഗീകൃതനായാലും ഞാന്‍ ഞാന്‍ മാത്രമായിരിക്കുമെന്നും എന്റെ അടിസ്ഥാനപ്രകൃതത്തില്‍ ഒരു മാറ്റവും വരില്ല എന്നും എനിക്കറിയാം.ഇതൊരു നല്ല കാര്യമെന്ന നിലയില്‍ അഭിമാനപൂര്‍വം വിളംബരം ചെയ്യുകയല്ല.ഒരു വസ്തുത വെറുതെ പറഞ്ഞുവെക്കുന്നുവെന്നു മാത്രം.ഇപ്പോഴാണ് മുമ്പെഴുതിയ ഒരു കവിതയുടെ കാര്യം ഓര്‍മ വരുന്നത്.കവിത എന്നു പറയാനൊന്നുമില്ല.കേവല ഗദ്യത്തില്‍ നിന്ന് അല്പം വ്യത്യസ്തമായ രൂപത്തില്‍ അവനവനെ കുറിച്ചുള്ള ഒരു പ്രസ്താവന.അത്രയേ ഉള്ളൂ.കാസര്‍ഗോഡ് നിന്ന് പുറത്തിറങ്ങുന്ന ഉത്തരദേശം എന്ന സായാഹ്നപത്രത്തിന്റെ 1995 ഡിസംബര്‍ 10ന്റെ വാരാന്തപ്പതിപ്പില്‍ 'രണ്ടുകവിതകള്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചവയില്‍ ഒന്നാണിത്.വളരെ കുറച്ചുപേരെ ഇത് വായിച്ചിരിക്കാനിടയുള്ളൂ.അവരില്‍ തന്നെ ആരെങ്കിലും ഇത് ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ടാവുമോ എന്ന് സംശയമാണ്.എന്തായാലും ആ പഴയ കവിത ഇവിടെ പകര്‍ത്തി വെക്കുകയാണ്:
ഒരു കിരീടം കയ്യില്‍ തന്ന്
നിങ്ങളെന്നോട് പറഞ്ഞു:
"ഇന്നുമുതല്‍ നീയൊരു രാജാവ്
ഒന്നു നന്നായി നടക്കൂ''
കയ്യില്‍ വന്ന കൌതുകവസ്തു ഞാന്‍
തലതിരിച്ചു പിടിച്ചു
അങ്ങനെ അതൊരു ഭിക്ഷാപാത്രമായി
ജ•നാ തെണ്ടിയായവന്
അതല്ലാതെ മറ്റെന്താണ് ചെയ്യാനാവുക?

Tuesday, November 2, 2010

ധാര്‍ഷ്ട്യം

ധാര്‍ഷ്ട്യാ?എന്ത് ധാര്‍ഷ്ട്യം? ആര ധാര്‍ഷ്ട്യം?
എന്ത്ന്നാ നീയീ പറയ്ന്ന്?
അതെന്നറോ ആ വാക്ക്?ഏട്ന്നാ നിനക്കിത് കിട്ട്യത്?
വെല്ല സി.ഐ.എക്കാറും എവ്തിയ പുസ്തകത്ത്ന്നാരിക്കും അല്ലേ?
എന്തായാലും എന്റട്ത്ത് നീയത് ചെലവാക്കാന്‍ നോക്കണ്ട
പെരുമാറ്റം നന്നാക്കണംന്നോ; ;ചര്‍ച്ച ചെയ്യണംന്നോ?
ചെയ്തോ,നീയും നിന്റെ ആള്‍ക്കാരും ചെയ്തോ
എനക്ക് വേറെ പണിയിണ്ട്
നിങ്ങക്ക് നിര്‍ബന്ധാണെങ്കില് ഞാനൊരു കാര്യം ചെയ്യാം
എന്റെ നായീനെ അയക്കാം
എന്താ പോരേ?
ധാര്‍ഷ്ട്യം പോലും,ധാര്‍ഷ്ട്യം
എന്നെക്കൊണ്ട് നീ അധികം പറയിക്കണ്ട.

Tuesday, October 26, 2010

വാക്ക്

ക്ഷമിക്കണം സാര്‍
വാക്ക് പിഴച്ച് താങ്കളെന്നെ വെറുത്തേക്കുമോ
എന്റെ പ്രമോഷന്‍ തടയുമോ
ഉദ്യോഗം തന്നെ ഇല്ലാതാക്കുമോ
കുടുംബം കുളം തോണ്ടുമോ
എന്നൊക്കെ ഭയന്നാണ് സാര്‍
സാറിനോടൊരു വാക്കുപോലും ഞാന്‍ മിണ്ടാത്തത്്
പക്ഷേ,ഈ മൗനവുമിപ്പോള്‍ എന്നെ ഭയപ്പെടുത്തുന്നു സാര്‍
സാറിനെ ഞാന്‍ ഭയക്കുന്നു
സാറിന്റെ നീക്കങ്ങളത്രയും ഒളിഞ്ഞൊളിഞ്ഞ് നിരീക്ഷിക്കുന്നു
സാറിനെതിരെ ഗൂഢാലോചന നടത്തുന്നു
സാറിനെ കെണിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്നു
എന്നൊക്കെ സാറ് സംശയിച്ചേക്കുമോ
ഇരുട്ടടിക്ക് സാറ് ആളെ ഏര്‍പ്പാടാക്കുമോ
കള്ളക്കേസില്‍ കുടുക്കി സാറെന്നെ അഴിയെണ്ണിക്കുമോ
ക്വട്ടേഷന്‍ടീമിനെ വിട്ട് സാറെന്റെ കഥ കഴിക്കുമോ?
പേടികൊണ്ട് ഞാന്‍ പനിച്ചുവിറക്കുകയാണ് സാര്‍
വാക്കും മൗനവുമല്ലാത്ത ഒന്ന്,
ബധിരരുടെയും മൂകരുടെയും രക്ഷക്കെത്തുന്ന,
വിരലുകള്‍ കഥയും കാര്യവും പറയുന്ന,
ആ മനോഹരഭാഷ
അതേ എനിക്കിനി രക്ഷയുള്ളൂ സാര്‍
അത് പഠിക്കാന്‍ അവധിയെടുത്തു ഞാന്‍ പോവുകയാണ്
സാറും അവധിയെടുത്ത് എന്നോടൊപ്പം വരണമെന്നും
ഭാഷയുടെ കുശുമ്പില്‍ നിന്നും കുന്നായ്മയില്‍ നിന്നും
കള്ളത്തരങ്ങളില്‍ നിന്നും പൊള്ളത്തരങ്ങളില്‍ നിന്നും
എങ്ങനെയെങ്കിലുമൊന്നു രക്ഷപ്പെടണമെന്നും പറയാന്‍
ദയവായി എന്നെ അനുവദിക്കണം സാര്‍
സാര്‍.....സാര്‍.....സാ....ര്‍.

ദൈവവിചാരം

പൂമ്പാറ്റകളുടെ ചിറകുകള്‍ കണ്ടും
ആകാശത്തിലെ പറവകളെ കണ്ടും
ഉറുമ്പുകളുടെ ഘോഷയാത്ര കണ്ടും
നിന്നില്‍ ഞാന്‍ വിശ്വസിക്കാം
മനുഷ്യലോകത്തിലെ മറിമായങ്ങള്‍ കണ്ട്
നീ ഉണ്മയാണെന്നു കരുതാന്‍
ദൈവമേ,ദയവായി എന്നോടാവശ്യപ്പെടരുത്.

Saturday, October 9, 2010

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

14
മധ്യപ്രദേശില്‍ നിന്നുള്ള ഒരു കവിസുഹൃത്ത് പല വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞു "നിങ്ങള്‍ എഴുതുന്നതില്‍ എവിടെയോ ലിയോപാര്‍ദി ഉണ്ട്''
"ആരാണ് ലിയോപാര്‍ദി?''
"ഒരു ഇറ്റാലിയന്‍ കവിയാണ്''
"ഞാന്‍ പക്ഷേ അദ്ദേഹത്തിന്റെ കവിതകളൊന്നും വായിച്ചിട്ടില്ല''
"ഉണ്ടാവണമെന്നില്ല.പക്ഷേ നിങ്ങളുടെ എഴുത്തില്‍ ലിയോപാര്‍ദിയുടേതു മാത്രമായ ചിലതൊക്കെ ഉണ്ട്''
ആ സുഹൃത്ത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ എന്റെ രണ്ടുമൂന്നു കഥകള്‍ മാത്രമേ അന്ന് വായിച്ചിരുന്നുള്ളൂ.അവയെ മാത്രം അടിസ്ഥാനമാക്കിയുള്ള ആ നിരീക്ഷണത്തിന് പെട്ടെന്നുണ്ടായ ഒരു തോന്നലെന്നതിനപ്പുറം പ്രത്യേകിച്ചൊരു പ്രാധാന്യവും ഞാന്‍ കല്പിച്ചിരുന്നില്ല.എങ്കിലും വര്‍ഷങ്ങള്‍ പലതും കടന്നുപോയിട്ടും ആ സംഭാഷണത്തിന്റെ ഓര്‍മയ്ക്ക് മങ്ങലേറ്റില്ല.അതേ സമയം ലിയോപ്പാര്‍ദിയുടെ കവിതകള്‍ തേടിപ്പിടിച്ച് വായിക്കണമെന്ന തോന്നലൊന്നും എനിക്കുണ്ടായതുമില്ല.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് എന്റെ കയ്യില്‍ അല്പം പഴക്കമുള്ളൊരു പുസ്തകം വന്നുചേര്‍ന്നു.ലിയോപ്പാര്‍ദി ഉള്‍പ്പെടെ കുറേ ഇറ്റാലിയന്‍കവികളുടെ രചനകള്‍ അവയുടെ ഇംഗ്ളീഷ് പരിഭാഷയോടൊപ്പം സമാഹാരിച്ചവതരിപ്പിച്ച ഒരു പുസ്തകം.പെന്‍ഗ്വിന്‍ ആണ് പ്രസാധകര്‍.പുസ്തകത്തില്‍ Leopaedy യെപരിചയപ്പെടുത്തിക്കൊണ്ട് ഒറ്റ വാക്യമേ ഉണ്ടായിരുന്നുള്ളൂ.Giacomo Leopardy (1798-1837) Italians consider him immortal. ഈ വാക്യം എന്നിലുണ്ടാക്കിയ ഞെട്ടല്‍ പൂര്‍ണാര്‍ത്ഥത്തില്‍ പകര്‍ത്തിവെക്കാന്‍ എനിക്ക് കഴിയില്ല.ഞാന്‍ ലിയോപാര്‍ദിയുടെ കവിതകള്‍ മുഴുന്‍ ആര്‍ത്തിയോടെ വായിച്ചു.എന്റെ പഴയ സുഹൃത്ത് ഏതര്‍ത്ഥത്തിലാണ് എന്റെ എഴുത്തില്‍,അതും ഗദ്യമെഴുത്തില്‍ ഈ മഹാകവിയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് എനിക്ക് മനസ്സിലായില്ല.ആ ഒരു അങ്കലാപ്പ് മാറ്റാനാവാം ഞാന്‍ ഉടനേ ഒരു പേപ്പറെടുത്ത് ഈ വരികള്‍ എഴുതി:
''ഞങ്ങള്‍ക്കൊരു കവിയുണ്‍ണ്ട്''
ആ ഇറ്റലിക്കാരന്‍ പറഞ്ഞു:
"അദ്ദേഹം എഴുതിയതുപോലെയാണ്
താങ്കളും എഴുതുന്നത്''
"അദ്ദേഹത്തിനിപ്പോള്‍ എത്ര വയസ്സായിക്കാണും?
എന്നേക്കാള്‍ പ്രായമുണ്‍ണ്ടാവുമോ?''
കവിതാമോഷണത്തിന്റെ നാണക്കേടോര്‍ത്ത്
കയ്യും കരളും വിറച്ചു.
"ഓ,ലിയോപ്പാര്‍ദി 1837 ല്‍ മരിച്ചു''
"അപ്പോള്‍ ഞാന്‍ ...ഞാന്‍....''
"അതേ,ഞങ്ങള്‍ ഇറ്റലിക്കാര്‍ കരുതുന്നത്
ലിയോപ്പാര്‍ദിക്ക് മരണമില്ലെന്നാണ.്''

15
യാദൃച്ഛികതയും അനിവാര്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ബന്ധമില്ലായ്മയെ കുറിച്ചുമെല്ലാം ദാര്‍ശനിക•ാര്‍ എത്രയെത്രയോ കാര്യങ്ങള്‍ ഇതിനകം പറഞ്ഞുകഴിഞ്ഞിരിക്കും.വ്യക്തിപരമായ അനുഭവങ്ങള്‍ ഈയൊരു സംഗതിയെക്കുറിച്ചുള്ള ആലോചനയിലേക്ക് എന്നെ നയിച്ച സന്ദര്‍ഭങ്ങള്‍ വളരെയേറെയാണ്.ഞാന്‍ അടിസ്ഥാനപരമായി ഒരലസപ്രകൃതിയും മനസ്സിന്റെ അപ്പപ്പോഴത്തെ ശാഠ്യങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്ന ആളുമാണ്. ഇങ്ങനെയുള്ള ഒരാളുടെ ജീവിതത്തില്‍ യാദൃച്ഛികതയ്ക്ക് വളരെ വലിയ സ്ഥാനമുണ്ടാവും.പക്ഷേ എന്റെ ജീവിതത്തിലെ ഓരോ യാദൃച്ഛികതയെയും കുറിച്ച് പിന്നീട് വളരെ കഴിഞ്ഞ് ആലോചിച്ചു നോക്കിയപ്പോഴെല്ലാം ഒരേ നിഗമനത്തിലാണ് ഞാന്‍ എത്തിച്ചേര്‍ന്നത്.അവയൊന്നും യഥാര്‍ത്ഥത്തില്‍ യാദൃച്ഛികതകളല്ല.എന്റെ മനോഘടനയോടെ ഭൂമിയുടെ ഏത് കോണില്‍ ജീവിക്കുന്ന ആളുടെ ജീവിതത്തിലും നേരിയ വ്യത്യാസങ്ങളോടെ ഈ യാദൃച്ഛികതകളെല്ലാം ഇടം നേടും.കാര്യങ്ങള്‍ അങ്ങനെയല്ലാതാവാന്‍ യാതൊരു നിവൃത്തിയുമില്ല.എന്റെ നിലപാട് ഇതാണെങ്കില്‍ നാഡീജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ഒരാളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം?നാഡീജ്യോതിഷക്കാരന്‍ നിങ്ങളുടെ ജീവിതത്തെ കണ്ടെടുക്കാവുന്ന പൂര്‍വലിഖിതങ്ങളുടെ സമാഹാരമായി കാണുന്നു.ഓരോ ഘട്ടത്തിലും ഓരോരോ സാധ്യതകളെ ഒഴിവാക്കി നിങ്ങളുടേതു മാത്രമായ ലിഖിതത്തില്‍ എത്തിച്ചേരുന്നു.അങ്ങനെ നിങ്ങള്‍ ആരാണ് എന്താണ് എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നു.ഇത് സവിശേഷമായ ഒരു കളിയോ കളിയുടെ സ്വഭാവം പുലര്‍ത്തുന്ന ഒരു സങ്കേതമോ മാത്രമാണ്.കണ്ടെത്തലുകളിലേക്കുള്ള വഴി വ്യത്യസ്തമാണെങ്കിലും ജ്യോതിഷവും ശാസ്ത്രീയത അവകാശപ്പെടാനാവാത്ത ചില വിശ്വാസങ്ങളെ കരുക്കളാക്കിയുള്ള കളി തന്നെയാണ്.
കൈനോട്ടം എനിക്ക് വളരെ കൌതുകം തോന്നിയ ഒരു മേഖലയാണ്.പക്ഷേ,കയ്യുടെ മൊത്തത്തിലുള്ള പ്രകൃതത്തിലും കൈരേഖകളിലും നമ്മുടെ ഭൂതകാലത്തിലെ ഏതെങ്കിലും പ്രത്യേകസംഭവങ്ങളുടെ രേഖപ്പെടുത്തലുള്ളതായി ഇന്നേ വരെ തോന്നിയിട്ടില്ല.അതേ സമയം കൈ ഭാവിയെപ്പറ്റി വിശാലാര്‍ത്ഥത്തിലുള്ള ചില സൂചനകള്‍ തരിക തന്നെ ചെയ്യും. മനുഷ്യനിരീക്ഷണം കൊണ്ടും ജീവിതപരിചയം കൊണ്ടും ഏതൊരാള്‍ക്കും ആ സൂചനകള്‍ വായിച്ചെടുക്കാം.മുഖലക്ഷണശാസ്ത്രത്തെയും ഞാന്‍ ആ മട്ടില്‍ തന്നെയാണ് കാണുന്നത്.
16
1985 സപ്റ്റംബര്‍ 15ന് വൈകുന്നേരം ആറ് മണിയോടെ ഞാനും എന്റെ വിദ്യാര്‍ത്ഥിയും അതിലേറെ സുഹൃത്തുമായ ഉമ്മറും കുടകിലെ മര്‍ക്കാറയിലെത്തി.ആകാശം മൂടിക്കെട്ടിയിരുന്നു. ചന്നം പിന്നം മഴ പെയ്യുന്നുണ്ടായിരുന്നു.കഠിനമായ തണുപ്പുണ്ടായിരുന്നു. ബസ്സില്‍ നിന്ന്
പുറത്തിറങ്ങിയപ്പോള്‍ ആദ്യം ഉണ്ടായ തോന്നല്‍ ഞങ്ങള്‍ ഏതോ വിദേശനഗരത്തില്‍ എത്തിയിരിക്കുന്നു എന്നതാണ്.തൂമഞ്ഞിന്റെ മുഖഭംഗിയുള്ളവരും പല വര്‍ണ്ണത്തിലുള്ള മനോഹരമായ സ്വെറ്റര്‍ ധരിച്ചവരുമായ കൊച്ചുസുന്ദരികള്‍,ഗംബൂട്ടും പുള്‍ഓവറും കൌബോയ് തൊപ്പിയുമൊക്കെയായി ചെറുപ്പക്കാര്‍,നാലുപാടു നിന്നും മലയിറങ്ങി വന്ന് നഗരത്തെ പൊതിയുന്ന മൂടല്‍മഞ്ഞ്.എല്ലാം ചേര്‍ന്ന് ഒരു മായികഭൂവിഭാഗം രൂപപ്പെട്ടതുപോലെ.ഒരു വഴിയോരക്കച്ചവടക്കാരന്‍ പുഴുങ്ങിയ ചോളം വില്‍ക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ ഓരോ കുല ചോളം വാങ്ങി.ഉപ്പുവെള്ളവും മുളകും വിതറിയ ആവി പാറുന്ന ചോളം മെല്ലെമെല്ലെ കടിച്ചു തിന്നുമ്പോള്‍ ഞാന്‍ എന്തൊക്കയാവും ആലോചിച്ചിട്ടുണ്ടാവുക എന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല.ഒരു വേള ഒന്നും ആലോചിച്ചിരിക്കില്ല.ഞാനും ഉമ്മറും സ്വപ്നതുല്യമായ ആ കൊച്ചുനഗരവുമെല്ലാം കാലത്തിന്റെ ഭാഗമാക്കപ്പെട്ട് ഭാവിയിലെന്നോ ആര്‍ക്കോ വായിക്കാനോ ഭാവന ചെയ്യാനോ ആയി കരുതിവെക്കപ്പെടുന്ന വിചിത്രമായ ഒരു പ്രക്രിയയാവാം ആ നിമിഷങ്ങളില്‍ നടന്നുകൊണ്ടിരുന്നത്?
17
അറം പറ്റുക എന്നു കേട്ടിട്ടില്ലേ? 2010 ആഗസ്ത് 16ാം തിയ്യതി എന്റെ കാര്യത്തില്‍ അത് സംഭവിച്ചു.വടകരയിലെ തണല്‍ ബുക്സിന്റെ ഓണം പുസ്തകച്ചന്ത ഉദ്ഘാടനം ചെയ്യാനായി ധര്‍മടത്തു നിന്ന് പുറപ്പെട്ട് തലശ്ശേരി കോടതി സ്റോപ്പ് പിന്നിടുന്നതിനിടയില്‍ ഞാന്‍ പോക്കറ്റടിക്കപ്പെട്ടു.ചില്ലറ രണ്ടോ മൂന്നോ രൂപ കഴിഞ്ഞാല്‍ എന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഇരുന്നൂറ് രൂപയാണ് പോയത്.മലയാളമനോരമയുടെ ഓണപ്പതിപ്പില്‍ ഞാനെഴുതിയ ടിന്റുമോന്‍ എന്ന കഥവായിച്ചതിന്റെ സന്തോഷത്തില്‍ അല്പം മുമ്പ് ഒരാള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു.ടിന്റുമോനിലെ നായകന്‍ ഒരു പോക്കറ്റടിക്കാരനാണ്.ജീവിതത്തില്‍ ഒരു പോക്കറ്റടിക്കാരനെ കഥാപാത്രമാക്കി ഞാന്‍ എഴുതിയ ആദ്യകഥയാണ് ടിന്റുമോന്‍.അത് അച്ചടിച്ചുവന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കഥാപാത്രത്തിന്റെ ഗണത്തില്‍ പെട്ട ഒരാള്‍ എന്റെ മേല്‍ ‘ഡ്യൂട്ടി' നടത്തി.സംഗതി പൂര്‍ണമായും ബോധ്യം വന്നപ്പോള്‍ സര്‍വശക്തനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് ബഷീര്‍സ്റൈലില്‍ പറയാനൊന്നും എനിക്ക് തോന്നിയില്ല.പക്ഷേ,എന്തുകൊണ്ടെന്നറിയില്ല,ആ അജ്ഞാത തസ്കരനോട് എനിക്ക് യാതൊരു വിധ വിരോധവും തോന്നിയില്ല.മറ്റൊരാള്‍,ഒരു വേള ഒരത്യാവശ്യകാര്യത്തിന് ആരുടെയെങ്കിലും കയ്യില്‍ നിന്ന് കടം വാങ്ങി പോകുന്ന ഒരാള്‍ പോക്കറ്റടിക്കപ്പെട്ടു എന്നു കേട്ടാല്‍ ആ നീചകൃത്യം ചെയ്തവനോട് തീര്‍ച്ചയായും എനിക്ക് പകയും വിദ്വേഷവും തോന്നും.എന്റെ കാര്യത്തില്‍ തുക ഇരുന്നൂറില്‍ ഒതുങ്ങുന്നതുകൊണ്ടും അത് പോയാലും വലുതായൊന്നും സംഭവിക്കാനില്ല എന്നതുകൊണ്ടും എനിക്ക് അങ്ങനെ തീക്ഷ്ണമായ ഒരു വികാരവും ഉണ്ടാവേണ്ട കാര്യമില്ല.
ഒരു പക്ഷേ സാധാരണഗതിയില്‍ ഒരിക്കലും എനിക്ക് ബോധ്യപ്പെടാനിടയില്ലാത്ത ഒരു കാര്യം ആ പോക്കറ്റടിക്കാരന്‍ എന്നെ പഠിപ്പിച്ചു എന്നൊരു സംഗതി കൂടി ഉണ്ട്.അയാള്‍ എന്റെ പാന്റ്സിന്റെ പിന്‍പോക്കറ്റില്‍ നിന്ന് ഇരുന്നൂറ് രൂപ അടിച്ചെടുക്കുന്ന കാര്യം സംഭവം നടക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ അറിഞ്ഞിരുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ് ഞാന്‍ ഉള്‍പ്പെടെ പലരും ഒറ്റക്കാലില്‍ നില്‍ക്കുന്ന ആ ബസ്സില്‍ വെച്ച് എനിക്ക് പക്ഷേ ഒന്നും ചെയ്യാനാവുമായിരുന്നില്ല.ആവുമെങ്കില്‍ തന്നെ ഞാന്‍ ചെയ്യുമായിരുന്നില്ല.കാരണം ആ നിമിഷങ്ങളില്‍ ഞാന്‍ ആ പോക്കറ്റടിക്കാരന്റെ പ്രഭാവവലയത്തിനുള്ളിലായിരുന്നു.അജ്ഞേയമായൊരു ശക്തി അയാളില്‍ നിന്ന് പ്രവഹിച്ച് എന്നെ കീഴ്പ്പെടുത്തിയിരുന്നു.അങ്ങനെയൊന്ന് പോക്കറ്റടി എന്ന പ്രവൃത്തിക്കിടയിലും സംഭവിക്കാമെന്ന വിചിത്രസത്യം എന്നെ ബോധ്യപ്പെടുത്തുക വഴി വൃദ്ധനായ ആ പാവം പോക്കറ്റടിക്കാരന്‍ എന്നോട് ചെയ്ത തെറ്റിന്റെ പാപത്തില്‍ നിന്ന് ജീവിതാന്ത്യം വരേക്കും മോചനം നേടിയിരിക്കുന്നു.

Saturday, September 25, 2010

ശീര്‍ഷകമില്ലാതെ

പുലി,പാമ്പ്,പല ജാതി പറവകള്‍
ആന,ആട്,ആമ
എല്ലാവരില്‍ നിന്നും
ഇത്തിരിയിത്തിരിയെടുത്ത്
മണ്ണും ചേര്‍ത്ത് കുഴച്ച്
മൂക്കില്‍ ഒരൂത്തും നടത്തി
ഭൂമിയിലേക്കയക്കുമ്പോള്‍
ദൈവം പറഞ്ഞു:
പോയ് വരൂ
മനുഷ്യരൂപത്തിലാണ് നിന്നെ ഞാന്‍ വിടുന്നത്
പക്ഷേ,ജന്മത്തിലെ ചേരുവകള്‍ അടങ്ങിയിരിക്കില്ല
അതുകൊണ്ട് മകനേ എന്റെ ജീവലോകകണക്കുപുസ്തകത്തിലെ
ശീര്‍ഷകമില്ലാത്ത പേജിലാണ്
നിന്റെ പേര് ഞാന്‍ ചേര്‍ത്തിരിക്കുന്നത്.

24/9/10

Sunday, September 5, 2010

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

12
ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം ആലോചിച്ചപ്പോള്‍ അതിന് എന്ത് പേരിടണമെന്നതില്‍ സംശയമൊന്നും ഉണ്ടായില്ല.ഇറ്റിറ്റിപ്പുള്ള് എന്ന പേര് നേരെ കംപ്യൂട്ടര്‍സ്‌ക്രീനില്‍ വന്നിറങ്ങി.ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന് എന്ന പേരില്‍ എഴുതിവരുന്ന കുറിപ്പുകളില്‍ കുറച്ചെണ്ണം ഫയലില്‍ നിന്നെടുത്ത് ആദ്യത്തെ പോസ്റ്റ് പ്രസിദ്ധീകരിച്ചു.അങ്ങനെ 2010 ജൂലൈ 17ാം തിയ്യതി രാത്രി 9.16ന് ഞാനും ബൂലോകത്തില്‍ പ്രവേശനം നേടി.
ബാല്യകാലത്ത് പ്രകൃതിയില്‍ നിന്ന് എനിക്ക് കിട്ടിയ ഉറ്റസുഹൃത്തുക്കളിലൊരാളാണ് ഇറ്റിറ്റിപ്പുള്ള്.ഇന്ദുചൂഡന്‍ മണല്‍ക്കോഴികളുടെ കൂട്ടത്തില്‍ പെടുത്തിയ തിത്തിരിപ്പക്ഷി തന്നെയാണ് ഇറ്റിറ്റിപ്പുള്ള് എന്ന ഏകദേശബോധ്യം നേരത്തേ ഉണ്ടായിരുന്നു.അത് ഒന്നുകൂടി ഉറപ്പിച്ചത് പ്രഗത്ഭനായ ഒരു പക്ഷിനിരീക്ഷകന്‍ എന്ന നിലക്ക് നാട്ടില്‍ പൊതുവേ അറിയപ്പെടുന്ന വി.സി.ബാലകൃഷ്ണ(ചെറുകുന്ന്)നോട് ചോദിച്ചാണ്.കണ്ണൂര്‍ജില്ലയിലെ പ്രശസ്തമായ മാടായിപ്പാറ എന്ന അറുന്നൂറേക്കറിലധികം വരുന്ന പാറപ്പരപ്പിനോട് ചേര്‍ന്നുകിടക്കുന്ന എരിപുരത്തായിരുന്നു എന്റെ വീട്.എല്‍.പിസ്‌കൂള്‍ കാലം മുതല്‍ എനിക്ക് നിത്യസഹവാസമുള്ള പക്ഷിയാണ് ഇറ്റിറ്റിപ്പുള്ള്്.'ഇറ്റിറ്റീ,ഇറ്റിറ്റീ എന്നു കരഞ്ഞുവിളിച്ച് പറന്നുനടക്കുന്ന പാവത്താന്‍.പ്രകൃതിപഠിതാക്കളുടെ ഇഷ്ടതാവളങ്ങളിലൊന്നായ മാടായിപ്പാറപ്പുറത്തെ ഏറ്റവും ആകര്‍ഷകമായ ജൈവസാന്നിധ്യം.ആകാശം മൂടിക്കെട്ടിക്കിടക്കുന്ന നേരങ്ങളില്‍ പാറപ്പുറത്തൂടെ ഒറ്റയ്ക്കുനടക്കുമ്പോള്‍ ഈ പക്ഷിയുടെ കരച്ചില്‍ കേട്ട് എന്റെ ഉള്ള് വെന്തിട്ടുണ്ട്.
ബ്ലോഗിന് പേര് നല്‍കിയതില്‍പ്പിന്നെ ഇറ്റിറ്റിപ്പുള്ളിനെപ്പറ്റിയുള്ള വിവരങ്ങള്‍ ആകാവുന്നിടത്തുനിന്നെല്ലാം ശേഖരിച്ചുവെക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്നൊരു തോന്നലുണ്ടായി.ഇന്ദുഡൂഡന്റെ കേരളത്തിലെ പക്ഷികള്‍,സി.റഹീമിന്റെ വീട്ടുവളപ്പിലെ പക്ഷികള്‍ എന്നീ പുസ്തകങ്ങളിലെ വിവരണങ്ങളും വിക്കിപീഡിയയിലെ വിവരണവും വല്ലാത്ത ആവേശത്തോടെ പലകുറി വായിച്ചു.പിന്നെയും പലേടത്തു നിന്നുമായി വിവരങ്ങള്‍ ശേഖരിച്ചു.wattled lapwing എന്നാണ് ഇറ്റിറ്റിപ്പുള്ളിന്റെ ഇംഗ്ലീഷിലുള്ള പേര്.ഇതിന്റെ കരച്ചിലിനെ (1)did you do it,did you do it,(2)did you do it dick,you did it dick (3)did he do it,pity to do it എന്നിങ്ങനെയൊക്കെയാണ് ഇംഗ്ലീഷുകാര്‍ വ്യാഖ്യാനിച്ചിട്ടുള്ളത്.'മുട്ടയില്‍ തട്ടാതെ പോ,മുട്ടയില്‍ തട്ടാതെ പോ’ എന്ന് നിലവിളിച്ചുകൊണ്ട് കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഈ പക്ഷി പാഞ്ഞുനടന്നതിന്റെ കഥ മഹാഭാരതത്തിലുണ്ട്.നിലത്ത് ചെറിയൊരു കുഴിയുണ്ടാക്കി അതില്‍ ചെറുകല്ലുകള്‍ കൂട്ടിവെച്ച് അതിനുമേലാണ് ഇറ്റിറ്റിപ്പുള്ള് മുട്ടയിടുക.യുദ്ധക്കളത്തില്‍ ആ മുട്ടകള്‍ക്ക് ആര് സംരക്ഷണം നല്‍കും?യുദ്ധഭൂമിയിലെ ആനകളിലൊന്നിന്റെ കുടമണി ഇറ്റിറ്റിപ്പുള്ളിന്റെ കൂടിനുമുകളിലേക്ക് പൊട്ടിവീണ് അതിന് രക്ഷാകവചം തീര്‍ത്തു.
ഒരു മഹായുദ്ധത്തിന്റെ കഥ പറയുന്നതിനിടയില്‍ ഒരു പാവം പക്ഷിയുടെ വേദന ഇത്രമേല്‍ ഹൃദയാലുവായി നിരീക്ഷിച്ച വ്യാസന്റെ മുന്നില്‍ എത്രവട്ടം നമസ്കരിച്ചാലാണ് മതിവരിക?
മഹാഭാരത്തില്‍ തന്നെ ഇറ്റിറ്റിപ്പുള്ളുകളുടെ പിറവിയെ പറ്റിയും ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്:.ഇന്ദ്രനോട് കഠിനമായ ശത്രുത പുലര്‍ത്തിയിരുന്ന ഒരു രാജാവായിരുന്നു ത്വഷ്ടാവ്. അദ്ദേഹം ഇന്ദ്രനെ നശിപ്പിക്കുന്നതിനുവേണ്ടി ത്തന്നെ അതിശക്തനായ ഒരു പുത്രനെ ജനിപ്പിച്ചു.വിശ്വരൂപന്‍ എന്നു പേരു നല്‍കപ്പെട്ട അവന് മൂന്ന് തലകള്‍ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ ത്രിശിരസ്സ് എന്നും അറിയപ്പെട്ടു.ത്രിശിരസ്സ് ചെറുപ്പത്തിലേ അതിഘോരമായ തപസ്സ് തുടങ്ങി.അതുകണ്ട് ഭയവിഹ്വലനായ ഇന്ദ്രന്‍ ദേവാംഗനമാരെ അയച്ച് ത്രിശിരസ്സിന്റെ തപസ്സ് മുടക്കാന്‍ ശ്രമിച്ചു.അത് പരാജയപ്പെട്ടപ്പോള്‍ ഐരാവതത്തിന്റെ പുറത്തുകയറിച്ചെന്ന് വജ്രായുധം കൊണ്ട് അദ്ദേഹത്തെ കൊന്നുവീഴ്ത്തി.ത്രിശിരസ്സ് വീണ്ടും ജീവന്‍ വെച്ച് വന്നേക്കുമോ എന്നായി ഇന്ദ്രന്റെ പിന്നത്തെ ഭയം.അതില്‍ നിന്ന് രക്ഷപ്പെടാനായി ഒരു തച്ചനെ അയച്ച് ത്രിശിരസ്സിന്റെ മൂന്നു തലകളും അറുത്തു.തലകള്‍ നിലത്തുവീണ ഉടന്‍ അവയില്‍ നിന്ന് മൂന്നുതരം പക്ഷികള്‍ ഉണ്ടായി.വേദം ചൊല്ലി സോമപാനം ചെയ്ത തലയില്‍ നിന്ന് കപിഞ്ജലപ്പക്ഷികളും കേവല മദ്യപാനം നിര്‍വഹിച്ച തലയില്‍ നിന്ന് കലപിംഗപ്പക്ഷികളും ഈ ലോകമെല്ലാം വീക്ഷിച്ച തലയില്‍ നിന്ന് ഇറ്റിറ്റിപ്പുള്ളുകളും(തിത്തിരിപ്പക്ഷികളും) ഉണ്ടായി.
ഇറ്റിറ്റിപ്പുള്ളുകള്‍ ബ്രഹ്മജ്ഞാനം നേടിയ ദാര്‍ശനികരുടെ പരമ്പരിയില്‍ പെടുന്നവരാണ് എന്നതാണ് മറ്റൊരു കഥ.വൈശമ്പായനന്‍,യാജ്ഞവല്‍ക്യന്‍ എന്നീ മഹര്‍ഷിമാരുമായി ബന്ധപ്പെട്ടതാണത്. വൈശമ്പായനന്‍ തനിക്ക് യാദൃച്ഛികമായി സംഭവിച്ച ബ്രഹ്മഹത്യാപാപം തീര്‍ക്കാനായി ചില കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ ശിഷ്യന്മാരോട് പറഞ്ഞു.താന്‍ ഒറ്റയ്ക്ക് കര്‍മങ്ങള്‍ അനുഷ്ഠിച്ച് പാപം തീര്‍ത്തുകൊള്ളാമെന്നും മറ്റാരും അതിന് മെനക്കെടേണ്ടെന്നും യാജ്ഞവല്‍ക്യന്‍ പറഞ്ഞു.ഈ അഹങ്കാരം വൈശമ്പായനന് സഹിച്ചില്ല.താന്‍ പഠിപ്പിച്ച വേദമെല്ലാം അവിടെ ഉപേക്ഷിച്ച് ഉടന്‍ അവിടം വിട്ടുകൊള്ളണമെന്ന് അദ്ദേഹം യാജ്ഞവല്‍ക്യനോട് ആജ്ഞാപിച്ചു.യാജ്ഞവല്‍ക്യന് ഗുരുവിനെ അനുസരിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ.അങ്ങനെ താന്‍ പഠിച്ച വേദഭാഗങ്ങള്‍ മുഴുവന്‍ അവിടെ ഛര്‍ദ്ദിച്ചുകളയേണ്ടി വന്നു അദ്ദേഹത്തിന്.മറ്റു ശിഷ്യന്മാര്‍ ഈ സമയത്ത് ഇറ്റിറ്റിപ്പുള്ളു(തിത്തിരിപ്പക്ഷി)കളായി വന്ന് അത് മുഴുവന്‍ കൊത്തിത്തിന്നു.അന്നു മുതല്‍ക്കാണ് വൈശമ്പായനമുനിയുടെ പാരമ്പര്യത്തിലുള്ള യജുര്‍വേദത്തെ തൈത്തരീയശാഖ എന്നു വിളിക്കാന്‍ തുടങ്ങിയത്.
രാമായണത്തിലുമുണ്ട് തിത്തിരിപ്പക്ഷിയുടെ സാന്നിധ്യം.രാമന് കീഴടങ്ങണമെന്നും ലങ്കയെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ലക്ഷ്മണന്റെ സന്ദേശവുമായി ലങ്കയില്‍ തിരിച്ചെത്തി രാമന്റെ ചൈതന്യത്തെയും വാനരസേനയുടെ ബലവീര്യങ്ങളെയും വാഴ്ത്തി വിവരിച്ച ശുകന്‍ എന്ന ദൂതനോട് രാവണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:"തന്റെ കുഞ്ഞുങ്ങള്‍ക്കുമേല്‍ ആകാശം പൊട്ടിവീഴുമെന്ന് ഭയപ്പെടുന്ന തിത്തിരിപ്പക്ഷിയെ പോലെയാണ് നീ.പാവം; ആ പക്ഷി സ്വന്തം തല കവചമാക്കി പിടിച്ച് അതിന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നോക്കുന്നു.ആകാശം എന്നെങ്കിലും പൊട്ടിവീണ് അവരെ കൊല്ലുമോ!പാഴ്വാക്കുകള്‍ വര്‍ഷിച്ച് എന്നെ പേടിപ്പിക്കാന്‍ നോക്കുന്ന ഈ സന്യാസിമാര്‍ക്ക്,പൂജാദികര്‍മങ്ങളുമായി കഴിയുന്ന ഈ കേവല സന്യാസിമാര്‍ക്ക് ഈയുള്ളവനെ പേടിപ്പിക്കാന്‍ കഴിയുമോ?''
തിത്തിരിപ്പക്ഷി ആകാശത്തെ ഭയക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പില്ല.പക്ഷേ,അത് മനുഷ്യരെ ഭയക്കുന്നുവെന്ന കാര്യം തീര്‍ച്ചയാണ്.ഒരു മനുഷ്യജീവി ഇത്തിരി അകലെ വെച്ചെങ്ങാനും കണ്ണില്‍ പെട്ടാല്‍ മതി തിത്തിരിപ്പക്ഷി കരഞ്ഞു ബഹളം വെക്കാന്‍ തുടങ്ങും.നായാട്ടുകാര്‍ക്ക് ഈ പക്ഷിയെ കൊണ്ടുള്ള ശല്യം ചില്ലറയല്ല.കാട്ടില്‍ മനുഷ്യന്‍ എന്ന ഭയങ്കരന്‍ എത്തിയിരിക്കുന്നുവെന്ന് മറ്റു പക്ഷികളെയും മൃഗങ്ങളെയുമെല്ലാം കരഞ്ഞുവിളിച്ചുണര്‍ത്തിച്ചുകളയും ഈ പരിഭ്രമക്കാര്‍.തമിഴില്‍ തിത്തിപ്പക്ഷിക്കുള്ള ആള്‍കാട്ടി എന്ന പേര് അങ്ങനെ വന്നതാവാനാണ് സാധ്യത.ഇറ്റിറ്റിപ്പുള്ളുകള്‍ ' ഇറ്റിറ്റീ,ഇറ്റിറ്റീ' എന്ന കരച്ചിലോടെ ഇത്തിരി ഇത്തിരി ദൂരത്തേക്ക് ചുറ്റിപ്പറന്നു കളിക്കുന്നത് ആളുകളെ അതിന്റെ മുട്ടയില്‍ നിന്ന് അകറ്റിയകറ്റി കൊണ്ടുപോവാനുള്ള വിദ്യയാണെന്നാണ് കുട്ടിക്കാലത്ത് ഞാന്‍ കേട്ടിരുന്നത്.ഒരുവേള അത് ശരിയായിരിക്കാം.
തിത്തിരിപ്പക്ഷി മലര്‍ന്നുകിടന്ന് കാല് മേലോട്ട് നിവര്‍ത്തിപ്പിടിച്ചാണ് കിടക്കുക എന്നൊരു വിശ്വാസം ചില സ്ഥലങ്ങളില്‍ ഉണ്ട്.ഈ വിശ്വാസത്തില്‍ നിന്നാണ് 'തിത്തിരി സേ ആസ്മാന്‍ തമാ ജായേഗാ?’(തിത്തിരിപ്പക്ഷിക്ക് ആകാകത്തെ താങ്ങിനിര്‍ത്താനാവുമോ? എന്നര്‍ത്ഥം.) എന്നൊരു ചൊല്ല് ഹിന്ദിയില്‍ ഉണ്ടായത്.താന്താങ്ങളുടെ കഴിവിനപ്പുറത്തുള്ള പണികള്‍ ഏറ്റെടുക്കുന്ന മനുഷ്യരെ ഉദ്ദേശിച്ചുള്ളതാണ് ആ ചൊല്ല്.തിത്തിരിപ്പക്ഷികള്‍ പാവങ്ങളാണെങ്കിലും വിഡ്്ഡിത്തം നിറഞ്ഞ സാഹസികത പ്രദര്‍ശിപ്പിക്കുന്നവര്‍ കൂടിയാണ്.റെയില്‍പ്പാളങ്ങള്‍ക്കിടയിലെ ജല്ലിയില്‍ മുട്ടയിട്ട് തീവണ്ടി വരുന്നേരം തള്ളപ്പക്ഷി പറന്നകലുകയും വണ്ടി പോയ്ക്കഴിഞ്ഞ ഉടന്‍ അടയിരിക്കാനായി തിരിയെ വരികയും ചെയ്ത സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടത്രെ.ലോകത്തെ സദാ ഉല്‍ക്കണ്ഠയോടെ മാത്രം നോക്കുകയും ഏത് നേരവും വേവലാതിപ്പെടുകയും ചെയ്യുന്ന പക്ഷിയാണ്ഇറ്റിറ്റിപ്പുള്ള്.തലമുറകളായി എന്തിനെന്നറിയാത്ത അന്യത്വവും അമ്പരപ്പും പേറി കഴിയുന്ന ഹതഭാഗ്യര്‍.
എന്റെ പ്രകൃതം പലതുകൊണ്ടും ഇറ്റിറ്റിപ്പുള്ളിന്റേതുമായി യോജിച്ചു പോകുന്ന താണ്.അതിന്റെ അനന്തമായ അശരണതാബോധം,വേവലാതി,റെയിലിനിടയില്‍ കൂടുകൂട്ടുന്നതുപോലുള്ള വിഡ്ഡിത്തം കലര്‍ന്ന സാഹസികത,ആകാശം താങ്ങിനിര്‍ത്തുന്നതു പോലെ എടുത്താല്‍ പൊങ്ങാത്ത പണി ചെയ്യാനുള്ള വ്യഗ്രത എല്ലാം എനിക്ക് നല്ല പോലെ ചേരും.അതുകൊണ്ടൊക്കെയാവാം ഈ പക്ഷിയുടെ പേര് തന്നെ ബ്ലോഗിന് നല്‍കാന്‍ തോന്നിയത്.ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഒരു വാക്കോ പേരോ ഉയര്‍ന്നുവന്ന് എഴുതുന്നയാളുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെ ശീര്‍ഷകത്തിന്റെ സ്ഥാനത്ത് കയറി ഇരിക്കുമ്പോള്‍ സ്വയം ബോധ്യപ്പെടണമല്ലോ അത് നേരിന്റെ ഒരു കളിയാണെന്ന്.

പിന്‍കുറിപ്പ്: ഇറ്റിറ്റിപ്പുള്ളിനെ പറ്റി മഹാഭാരതത്തിലും രാമായണത്തിലും ഉള്ളതായി പറഞ്ഞിരിക്കുന്ന കഥകള്‍ എല്ലാ ആധികാരിക പാഠങ്ങളിലും ഉള്ളവയല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.പില്‍ക്കാലത്ത് ആരോ ഒക്കെ കൂട്ടിച്ചേര്‍ത്ത കഥകളായാല്‍ തന്നെയും അതുകൊണ്ടു മാത്രം അവയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല.

13

11-3-2010 തലശ്ശേരി കുഴിപ്പങ്ങാട്ട് ഭഗവതി ക്ഷേത്രത്തില്‍ മൂന്നുദിസത്തെ തിറയുടെ സമാപനം.രാവിലെ 11.30 ഓടെ ശ്രീപോര്‍ക്കലി ഭഗവവതിയുടെ തിരുമുടി ഉയര്‍ന്നു.ആട്ടം തുടങ്ങുന്നതിനു മുമ്പ് ഭക്തജനങ്ങള്‍ ഭഗവതിക്ക് മുല്ലമാല ചാര്‍ത്തുന്ന ചടങ്ങുണ്ട്.നൂറുകണക്കിന് ഭക്ത•ാര്‍, അധികവും സ്ത്രീകള്‍ ആ ചടങ്ങ് നിര്‍വഹിച്ചു.മുല്ലമാലകളില്‍ കുറച്ചെണ്ണം മാത്രമേ ഭഗവതി അണിഞ്ഞുള്ളൂ.ബാക്കിയുള്ളവ അപ്പപ്പോള്‍ തന്നെ സഹായികള്‍ ഊരിയെടുത്ത് ചെണ്ടക്കാര്‍ക്ക് കൊടുത്തു.കഴുത്തില്‍ മുല്ലമാലയിട്ട ചെറുപ്പക്കാരായ ചെണ്ടക്കാര്‍ ഉറച്ചില്‍ വന്നതുപോലെ ചാടിത്തുള്ളി ചെണ്ടകൊട്ടുന്നത് അതിമനോഹരമായൊരു കാഴ്ചയായിരുന്നു.
ഭഗവതി ക്ഷേത്രമുറ്റത്തെത്തും മുമ്പ് തലേദിവസം രാത്രിയില്‍ തന്നെ കെട്ടിയാടിത്തുടങ്ങിയ തെക്കന്‍ കരിയാത്തനും കയ്യാളനും അവിടെ ഉണ്ടായിരുന്നു.ചെമന്ന കുപ്പായമിട്ട് ചെമന്ന പട്ടുടുത്ത് ഭംഗിയുള്ള മുഖത്തെഴുത്തും ചെറിയ മുടിയുമായി ഇരിക്കുന്ന ഓമനത്തമുള്ള കുട്ടിത്തെയ്യമാണ് കയ്യാളന്‍.കരിയാത്തന്റെ പിന്നാലെ നടക്കുക,കരിയാത്തന്റെ അടുത്തായി പീഠത്തില്‍ ഇരിക്കുക ഇത്രയുമേ കയ്യാളന് ചെയ്യാനുള്ളൂ.രാവിലെ പതിനൊന്നു മണിക്ക് ഞാന്‍ കാണുമ്പോള്‍ കുട്ടിത്തെയ്യം തളര്‍ന്നവശനായി ഇരിക്കയായിരുന്നു.ആ തെയ്യത്തിന്റെ കണ്ണിലൂടെ അവിടെ വരികയും പോവുകയും ചെയ്യുന്ന ഭക്തജനങ്ങളുടെ ഓരോരോ ചലനവും നോക്കിക്കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി.തീര്‍ച്ചയായും അത് ഞാന്‍ കാണുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമായൊരു കാഴ്ചയായിരിക്കും.
ഭഗവതിക്കോലം ഇറങ്ങി മുടിവെക്കുന്നതിനു തൊട്ടുമുമ്പ് പൂതം ഇറങ്ങി.ഹാസ്യാത്മകമായി കണ്ണും മൂക്കുമൊക്കെ വരച്ചുവെച്ച മുഖപ്പാള കെട്ടി,ചെമ്പട്ടുടുത്ത്,ചെറിയ മുടി വെച്ച ചിരിപ്പിക്കുന്ന രൂപമായിരുന്നു പൂതത്തിന്റേത്. കയ്യിലൊരു പച്ചിലക്കമ്പുമായി ഇടക്കിടെ പതിഞ്ഞ ശബ്ദത്തില്‍ കൂവിക്കൊണ്ട് ഭക്തജനങ്ങള്‍ക്കരികിലേക്ക് ഓടിവന്നുകൊണ്ടിരുന്നു പൂതം.സ്ഥാനികരിലൊരാള്‍ ബലിത്തറയില്‍ വിളക്കു കത്തിക്കാന്‍ ശ്രമിക്കെ പൂതം തന്റെ കയ്യിലെ കമ്പുവീശി രണ്ടു മൂന്നു വട്ടം തിരി കെടുത്തി.ദ്വേഷ്യം പ്രകടിപ്പിച്ച സ്ഥാനികന്റെ കുമ്പയില്‍ തലോടി പൂതം അയാളെ അനുനയിപ്പിക്കാനും ചിരിപ്പിക്കാനും ശ്രമിച്ചു.പിന്നെ തെയ്യപ്പറമ്പിലെ കുട്ടികളെ അങ്ങുമിങ്ങും ഓടിച്ചു.ഇടക്കിടെ സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ചെന്ന് അവരുടെ വകയായുള്ള പൂക്കള്‍ കൊണ്ടുള്ള ഏറ് ഏറ്റുവാങ്ങാന്‍ സന്തോഷപൂര്‍വം തലകുനിച്ച്നിന്നു.
ഒരു വശത്ത് രൌദ്രരൂപിണിയായ ഭഗവതി.നേരെ എതിര്‍വശത്ത് ആരെയും ചിരിപ്പിക്കുന്ന പൂതം.വിരുദ്ധകോടികളിലുള്ള ഈ ദൈവങ്ങള്‍ ഒരേ ക്ഷേത്രമുറ്റത്ത് വലിയ സമയവ്യത്യാസമില്ലാതെ പ്രത്യക്ഷപ്പെടുന്നത് ലോകജീവിതത്തെ കുറിച്ച്,അല്ലെങ്കില്‍ ഈ മഹാപ്രപഞ്ചത്തെ കുറിച്ചു തന്നെ എന്താണ് നമ്മെ ബോധ്യപ്പെടുത്തുന്നത്?വിരുദ്ധഭാവങ്ങള്‍,വികാരങ്ങള്‍,സമീപനങ്ങള്‍ നിലനിന്നുപോരേണ്ടത് വ്യക്തിമനസ്സിന്റെയും സമൂഹമനസ്സിന്റെയും സന്തുലിതത്വത്തിന് അത്യാവശ്യമാണെന്നോ? എല്ലാ മുതിര്‍ന്ന മനുഷ്യരും തങ്ങളുടെ ഉള്ളിലെ കുട്ടിക്ക് സന്തോഷം പകരാനുള്ള എന്തെങ്കിലുമൊന്ന് ഏത് ജീവിതരംഗത്തുനിന്നും ആഗ്രഹിക്കുന്നുണ്ടെന്നോ?ജീവിതമെന്ന പ്രതിഭാസം തന്നെ ഒരു വശത്തുനിന്നുള്ള കാഴ്ചയില്‍ അങ്ങേയറ്റം ഗൌരവാവഹവും ഗംഭീരവും മറുവശത്തുനിന്നുള്ള നോട്ടത്തില്‍ മുഴുത്ത ഫലിതവും അസംബന്ധവുമാണെന്നോ?

വായന/കാഴ്ച/വിചാരം

കുറിപ്പ്
5

തീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ.ടി.ജെ.ജോസഫിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട നടപടി കേരളസമൂഹത്തിനു നേരെ ന്യൂമാന്‍ കോളേജ് അധികൃതര്‍ കാട്ടിയ കടുത്ത ധിക്കാരമാണ്.
ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ തനിക്ക് പറ്റിപ്പോയ തെറ്റില്‍ മുസ്ളീംസമുദായത്തോടും കേരളസമൂഹത്തോട് ആകെത്തന്നെയും പരസ്യമായി മാപ്പപേക്ഷിച്ചതിനു ശേഷവും ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട് നില്‍ക്കുന്ന അവസ്ഥയിലാണ് മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.ആ ഭീകരാനുഭവത്തിനു ശേഷം ഉണ്ടായിരിക്കുന്ന തികച്ചും മനുഷ്യത്വരഹിതമായ ഈ നടപടി പ്രൊഫ.ജോസഫിനെയും കുടുംബത്തെയും മാത്രമല്ല മതാന്ധത ബാധിച്ചിട്ടില്ലാത്ത മുഴുവന്‍ ആളുകളെയും അമ്പരപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.
4/9/10
http://www.blogger.com/post-create.g?blogID=2743893000709339740#

Saturday, September 4, 2010

വായന/കാഴ്ച/വിചാരം

കുറിപ്പ്
4

2010 ലെ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ വി.സി.ശ്രീജനുമായി ഡോ.രാധിക സി.നായര്‍ നടത്തിയ അഭിമുഖമുണ്ട്. ശ്രീജന്റ പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടാവാമെങ്കിലും ഇന്റര്‍വ്യൂ മൊത്തത്തില്‍ വളരെ ഭേദപ്പെട്ട ഒന്നു തന്നെയാണ്.വളിപ്പിന്റെയോ പൊങ്ങച്ചം പറച്ചിലിന്റെയോ വഴിയിലേക്കു നീങ്ങുന്ന ഒരു വാക്യം പോലും ആ അഭിമുഖത്തിലില്ല.
മലയാളസാഹിത്യം രണ്ടാംകിടയാണെന്ന് ലോകസാഹിത്യപരിചയം നേടിയ ആളുകള്‍ ധരിച്ചാല്‍ അതില്‍ തെറ്റുപറയാനില്ല എന്ന് ശ്രീജന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.ഈ നിരീക്ഷണം പാടേ തെറ്റാണെന്ന അഭിപ്രായം എനിക്കില്ല.പക്ഷേ ഇതിന്റെ തുടര്‍ച്ചയായി ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്.സ്പാനിഷ് ഭാഷയിലെയോ റഷ്യന്‍ഭാഷയിലെയോ നോവല്‍സാഹിത്യവുമായി പരിചയമുള്ള ഇംഗ്ളീഷ്കാര്‍ക്ക് സ്വന്തം ഭാഷയിലെ നോവല്‍സാഹിത്യത്തെ കുറിച്ചും ഈ മട്ടിലൊരു പുച്ഛം അനുഭവപ്പെടാം.ഇബ്സന്റെ നാടകങ്ങള്‍ വായിച്ച ലക്ഷക്കണക്കിനാളുകള്‍ ഇംഗ്ളണ്ടിലുണ്ടാവും.ഷെയ്ക്സ്പിയര്‍ക്കു ശേഷം അവരുടെ നാട്ടിലുണ്ടായ നാടകകൃത്തുക്കളാരും ഇബ്സന്റെ അടുത്തെങ്ങും വരില്ലല്ലോ എന്ന് അവര്‍ ചിന്തിച്ചിരിക്കാം.ഫെര്‍ണാണ്ടോ പെസ്സാവോവിനെ പോലെ എഴുത്ത് എന്ന പ്രക്രിയക്കു പിന്നിലെ മനോലോകങ്ങളെ വിവരിക്കുന്ന ഒരാള്‍ തങ്ങളുടെ ഭാഷയില്‍ ഉണ്ടായില്ലല്ലോ എന്ന തോന്നല്‍ ജപ്പാന്‍കാര്‍ക്കും ജര്‍മന്‍കാര്‍ക്കും കൊറിയക്കാര്‍ക്കും ഇംഗ്ളീഷുകാര്‍ക്ക് തന്നെയും ഉണ്ടാവാം.ഫ്രിഡ്റിഷ് ഡ്യൂറന്‍മാറ്റിന്റെ ദി വിസിറ്റ് എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട നാടകം വായിച്ചിട്ട് പുതിയ ലോകസാഹചര്യത്തെ കുറിച്ച് ഇത്ര ശക്തമായി എഴുതാന്‍ കഴിവുള്ള ഒരു നാടകകാരനെ എന്റെ ഭാഷക്ക് സൃഷ്ടിക്കാനായില്ലല്ലോ എന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ലാറ്റിനമേരിക്കന്‍ നാടുകളിലുള്ളവര്‍ക്കുമൊക്കെ തോന്നാം.ഇവിടെ ഒരു കാഫ്കയുണ്ടായില്ലല്ലോ,ഒരു സാര്‍ത്രുണ്ടായില്ലല്ലോ,ഒരു കാല്‍വിനോ ഉണ്ടായില്ലല്ലോ എന്നൊക്കെ ഇംഗ്ളീഷുകാരുള്‍പ്പെടെ പല പല ഭാഷകളിലെയും വായനക്കാര്‍ ആലോചിച്ചിട്ടുണ്ടാവും.മലയാളസാഹിത്യത്തോട് ലോകസാഹിത്യപരിചയം നേടിയ മലയാളികള്‍ക്കുണ്ടാവുന്ന വികാരത്തിന്റെ വകുപ്പില്‍ പെടുന്നവ തന്നെയാണ് ഈ തോന്നലുകളെല്ലാം.
മലയാളസാഹിത്യത്തിന് പരമിതികളില്ലെന്നോ ഇവിടെ എല്ലാവരും വിശ്വസാഹിത്യകാര•ാരാണെന്നോ എന്നൊന്നുമല്ല ഈ പറയുന്നതിന്റെ അര്‍ത്ഥം.ലോകത്തിലെ അനേകം ഭാഷകളിലെ സാഹിത്യത്തെ മൊത്തമായെടുത്ത്, 'കഷ്ടം തന്നെ ഈ മലയാളസാഹിത്യത്തിന്റെ സ്ഥിതി!' എന്നു പറയുന്നതിലുള്ള ശരികേടിനെ കുറിച്ചുകൂടി നാം ഓര്‍മിക്കണമെന്നു മാത്രം.
30/8/10

Wednesday, August 11, 2010

നാല് കവിതകൾ

നാല് കവിതകൾ

1
ഉച്ചവെയിലിലും ഉപ്പുകാറ്റിലുമുണങ്ങി
ഒരു സംഘം കുട്ടികള്‍
പൂഴിപ്പരപ്പിലൂടെ തുഴഞ്ഞുതുഴഞ്ഞെത്തി
കടലില്‍ വഴിതെറ്റി കരക്കടിഞ്ഞ വലിയൊരു തിമിംഗലത്തെ കാണാനായിരുന്നു
അവരുടെ വരവ്
തീരത്തില്‍ നിന്നിത്തിരിയകലെ
തിരകള്‍ കയറിയിറങ്ങുന്ന വലിയ ഉടല്‍ കണ്ടപ്പോള്‍
അവരിലൊരാള്‍ വലിയ വായിലേ നിലവിളിച്ചു:
അയ്യോ,എന്റാച്ചച്ചന്‍,എന്റച്ചാച്ചന്‍ അങ്ങു ദൂരെ, ദൂരെദൂരെ ആഴക്കടലില്‍ ഉച്ചമയക്കത്തിലായിരുന്ന ഒരുപെണ്‍തിമിംഗലം അതുകേട്ടു ഞെട്ടിയെണീറ്റ് തന്റെ ഇണയോട് പറഞ്ഞു:
പാവം ചെക്കന്‍!

2
ചരിത്രം എന്നെ കുറ്റക്കാരനെന്നു വിധിക്കും
സ്വന്തം കൂട്ടാളിയെ അത് കൃത്യമായി തിരിച്ചറിയും
3
ഭൂമി എത്രയോ ചെറുതായി
ഭൂതകാലം ചുമലിലേറ്റാവുന്ന ചെറുമാറാപ്പായി
അകലങ്ങളെല്ലാം അരികെയായി
അറിവുകളെല്ലാം ഒരു വിരല്‍ത്തുമ്പിലൊതുങ്ങുമെന്നായി
എന്നിട്ടും ദൈവമേ ആത്മാവിന്റെ നോവുകള്‍ മാത്രം
പെരുകിപ്പെരുകി ഈ ഭൂമിയോളം പരക്കുന്നല്ലോ
4
മേഘങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്ന
മലമുകളിലെ തടാകക്കരയില്‍ ഒരു പകല്‍മുഴുവന്‍
ഞാന്‍ ഉറങ്ങിക്കിടന്നു
ഉണര്‍ന്നപ്പോള്‍
കാട്ടുമരച്ചോട്ടിലെ
കാലമറിയാത്ത കല്‍വിഗ്രഹത്തിന്റെ ചുമലില്‍
ഒരു വെള്ളില്‍പറവയെ കണ്ടു
വെള്ളം കുടിക്കാന്‍ വന്ന മേഘങ്ങള്‍ മടങ്ങിപ്പോവുമ്പോള്‍ കൂടെപ്പോവാന്‍ മറന്നതായിരുന്നു അത്
എന്നോടൊപ്പം അടിവാരത്തിലേക്ക് വന്നു ആ പാവം
വന്നിറങ്ങിയ ദിവസം തന്നെ നഗരച്ചൂട് താങ്ങാനാവാതെ
അത് ചത്തുപോയി
അതിന്റെ കൊച്ചുശരീരം അടക്കം ചെയ്തിടത്ത്
പേരറിയാത്തൊരു കാട്ടുചെടി മുളച്ചുപൊന്തിയിരിക്കുന്നു
അതിന്റെ തണലിലിരുന്നാണ് ഇപ്പോള്‍ എന്തിനെന്നറിയാതെ ഈ വരികള്‍ ഞാന്‍ കുത്തിക്കുറിക്കുന്നത്.

Tuesday, August 10, 2010

കല്ലാന്‍തട്ടുകാര്‍

കല്ലാന്‍തട്ട് വിട്ടുവന്നവരാണ് നിങ്ങള്‍
കള്ള•ാരെക്കൊണ്ട് നാട് നിറഞ്ഞെന്നും
ഭള്ള് പറയുന്നവര്‍ എത്രയെങ്കിലുമുണ്ടെന്നും
ധിക്കാരികളെയും ധാര്‍ഷ്ട്യക്കാരെയും കൊണ്ട്
രക്ഷയില്ലെന്നും കരഞ്ഞുവിളിച്ചവരാണ് നിങ്ങള്‍
കൊല്ലങ്ങള്‍ പലതുകഴിഞ്ഞിരിക്കുന്നു
നിങ്ങളിലോരോരുത്തരെ കാണുമ്പോഴും അന്നാട്ടുകാരെപ്പറ്റിയുള്ള പറച്ചിലില്‍
ഒന്നല്ലെങ്കില്‍ മറ്റൊന്ന് ശരിയാണെന്ന് ഞങ്ങളറിയുന്നു
ഇക്കാലമത്രയായിട്ടും നിങ്ങളെ ഞങ്ങള്‍ കല്ലാന്‍തട്ടുകാര്‍
എന്നു തന്നെ വിളിക്കുന്നു
മറ്റൊരുപേര് നിങ്ങള്‍ക്കിണങ്ങില്ലെന്നു കരുതുന്നു
സത്യസ്ഥിതി ഇതായിരിക്കേ നിങ്ങള്‍ കല്ലാന്‍തട്ടിലേക്ക് തന്നെ മടങ്ങിപ്പോവുക
അതല്ലേ സുഹൃത്തുക്കളേ നിങ്ങള്‍ക്കും ഇന്നാട്ടുകാര്‍ക്കും നല്ലത്
അതല്ലേ സഖാക്കളേ അതിന്റെയൊരു ഭംഗി?

കേരളാ ഫോക് ലോര്‍ 2009

കൂരന്‍ നാണുവിന്റെ കാല് വെട്ടാന്‍
കൂമന്‍ നാരായണന്‍ വടം രമേശന്
രണ്ടുലക്ഷം കൊടുത്തു
കൂമന്‍ നാരായണന്റെ കൈരണ്ടും വെട്ടാന്‍
കൂരന്‍ നാണു കൊടം ശങ്കരന്
നാലുലക്ഷം കൊടുത്തു
വടം രമേശന്റെയും കൊടം ശങ്കരന്റെയും സംഘങ്ങള്‍
വേച്ചിലാന്‍മൊട്ടയ്ക്കുവെച്ച് മുഖാമുഖം കണ്ടു
"ഉശിരുണ്ടെങ്കില്‍ നാളെ വൈകുന്നേരം ചാനലിലേക്ക് വാടാ''
കൊടം ശങ്കരന്‍ വടം രമേശനെ വെല്ലുവിളിച്ചു
"എന്റെ പട്ടിവരുമെടാ ചാനലിലേക്ക്
നിന്റെ കഥ കഴിക്കാന്‍ അവന്‍ മതി;ഞാനൊരുത്തന്‍ വേണ്ട''
"ഫ,നായിന്റെ മോനേ ഇന്നാട്ടില്‍ ക്വട്ടേഷന്‍ പിടിക്കാന്‍ നീയാരെടാ''
"ഫ, കൂത്തിച്ചിമോനേ രണ്ടുവെടി നേരാംവണ്ണം വെക്കാനറിയാത്ത
കഴുവേറിമോനേ, എന്തുപാരമ്പര്യാടാ നിനക്ക് രാഷ്ട്രീയത്തില്?''
വടം രമേശനും കൊടം ശങ്കരനും കൊമ്പുകോര്‍ക്കേ
കരടിരാജു കോടമുക്കിലെ അമ്പുക്കാരണോറുടെ തറവാട്ടിലെ
തെയ്യംകെട്ട് മഹോത്സവത്തിനിടയില്‍ വെട്ട്മോഹനനെ കത്തിയെറിഞ്ഞുകൊന്ന വിവരം
ടി.വി സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തുപോയി
"പോലീസും പത്രക്കാരും പേടിത്തൂറികളായ സാഹിത്യകാര•ാരും
രണ്ടുദിവസത്തേക്ക് പടം പൊക്കും
തല്‍ക്കാലം അടങ്ങിയിരിക്കുക''
കരടിരാജുവിന്റെ അസിസ്റന്റ് ഇരുമ്പ് സൈമണ്‍
കോഡ്ഭാഷയില്‍ എല്ലാവര്‍ക്കും
മെസേജയച്ചതുകാരണം
താന്താങ്ങളുടെ പാര്‍ട്ടി ഓഫീസിനു പിന്നിലേക്ക് വടം രമേശന്റെയും
കൊടം ശങ്കരന്റെയും സംഘങ്ങള്‍ പിന്‍വാങ്ങി
സ്വന്തം താവളത്തിലേക്ക് രക്ഷപ്പെടും വഴിക്ക്
സെന്റര്‍ഫോര്‍ അഡ്വാന്‍സ്ഡ് സ്റഡീസില്‍ നടന്ന
സെമിനാറില്‍ ഇരുമ്പ് 'വംശഹത്യയിലെ പാരമ്പര്യചിഹ്നങ്ങള്‍' എന്ന പേപ്പര്‍ അവതരിപ്പിച്ചു
സെന്ററില്‍ നിന്നിറങ്ങി മാവിലാന്‍ കുന്ന് കയറി
വീട്ടിലേക്ക് മടങ്ങുന്ന ഇരുമ്പിനെ വടം രമേശന്‍ അയച്ച പൂതം
വരിഞ്ഞുകെട്ടി ചെമ്പിലടച്ച് മൂന്നുമുലച്ചിക്കൊല്ലിയിലേക്ക് വലിച്ചെറിഞ്ഞു
ഇന്നലെ ഭാനുലോകം പുലര്‍ന്ന് പകലും കഴിഞ്ഞ്
പടിഞ്ഞാറസ്തമയവും കഴിഞ്ഞന്തിയായി പാതിര
നടുനട്ടായ നട്ടപ്പാതിരയാകും വരേക്കും നടന്നോരു
കാര്യങ്ങളിത്രയുമാകുന്നെന്റെ പൈതങ്ങളേ
ഹിഹിഹി,ഹിഹിഹി,ഹിഹിഹി......

വായന/കാഴ്ച/വിചാരം

കുറിപ്പ്
3
ഇ.പി.രാജഗോപാലന്റെ 'കവിതയില്‍ കയറ്റിയിരുത്തിയ കാക്കകള്‍'(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ആഗസ്ത്8) കവിതാസ്വാദനത്തിലുള്ള മികച്ച മാതൃകയാണ്.ഘടനാവാദം മുതല്‍ അപനിര്‍മാണം വരെ സാഹിത്യപഠനത്തിനുകൂടി സഹായകമാവുന്ന എല്ലാ നൂതന വിശകലനസങ്കേതങ്ങളുടെയും ഓജസ്സുറ്റ വിനിയോഗം ഈ ലേഖനത്തില്‍ കാണാം.അതേ സമയം വളരെ സ്വതന്ത്രവും മൗലികവുമാണ് ഇതിലെ നിരീക്ഷണങ്ങള്‍.ഉദ്ധരണികളുടെയും സൂചനകളുടെയും മുള്ളുകള്‍ക്കിടയില്‍ വീണ് ഞെരിഞ്ഞുപോയില്ല ഈ ലേഖനത്തിലെ ആശയങ്ങള്‍.ഭാഷയില്‍ പാലിച്ചിരിക്കുന്ന മിതത്വവും വിഷയത്തോടുള്ള സമീപനത്തിലെ സത്യസന്ധതയുമൊക്കയാണ് ആ അപകടത്തില്‍ നിന്ന് ലേഖനത്തെ രക്ഷിച്ചത്.ഇത്രമേല്‍ സര്‍ഗാത്മകമായ ഒരു കവിതാവായന അടുത്തെങ്ങും മലയാളത്തില്‍ ഉണ്ടായിട്ടില്ല.ഹൈസ്‌കൂള്‍ മുതല്‍ സര്‍വകലാശാല വരെയുള്ള എല്ലാ തലങ്ങളിലെയും സാഹിത്യാധ്യാപകര്‍ ഇത് വായിക്കുക തന്നെ വേണം.മറ്റു വായനക്കാരുടെ ശ്രദ്ധയില്‍ ഇത് പെടാതെ പോയാലുണ്ടാവുന്ന സാമൂഹ്യനഷ്ടത്തേക്കാള്‍ പതിനമടങ്ങായിരിക്കും അധ്യാപകവിഭാഗത്തില്‍ പെട്ടവര്‍ ഇത് വായിക്കാതെ പോയാല്‍ സംഭവിക്കുക.
9/8/2010

Monday, August 9, 2010

വായന/കാഴ്ച/വിചാരം

കുറിപ്പ്
2
റഷീദ് പാറയ്ക്കലിന്റെ 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍' ഗള്‍ഫ് ജീവിതത്തിന്റെ അടിത്തട്ടുകളിലൊന്നില്‍ നിന്നാണ് ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ രേഖകളില്ലാതെ ഗള്‍ഫില്‍ തൊഴില്‍ തേടി എത്തി വളരെ വേദനാകരമായ ചുറ്റുപാടുകളില്‍ ജീവിക്കേണ്ടി വന്ന അസീസ് എന്ന പാവം മനുഷ്യന്റെ കഥയാണ് ഈ നോവലിലുള്ളത്.'ആട്ജീവിത'ത്തിലെ നജീബിന്റെ ലോകവും അസീസിന്റെ ലോകവും തമ്മില്‍ വളരെ വലിയ അന്തരമുണ്ടെങ്കിലും ചില തലങ്ങളില്‍ അവ അടുത്തടുത്തു നില്‍ക്കുന്നവയാണ്.അതുകൊണ്ട് സ്വാഭാവികമായും 'ആടുജീവിത'വുമായി ഈ കൃതിയെ താരതമ്യം ചെയ്യാനുള്ള പ്രേരണ ഒട്ടുമിക്ക വായനക്കാര്‍ക്കും ഉണ്ടാവും.എന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ജീവിതപരിസരങ്ങളിലെ നേരിയ വ്യത്യാസങ്ങള്‍ പോലും അനുഭവങ്ങളുടെ ഘടനയിലും ആഘാതശേഷിയിലുമെല്ലാം സാരമായ വ്യത്യാസം വരുത്തും.അസീസ് ജോലി ചെയ്യുന്നതും ജീവിക്കുന്നതും തന്റെ ഉടമയായ അറബിയുടെ വീടിന്റെ തൊട്ടടുത്താണ്.അയാള്‍ക്ക് സംസാരിക്കാനും കലഹിക്കാനും അനുഭവങ്ങളില്‍ ചിലത് പങ്കുവെക്കാനും ഏതാനും പേര്‍ കൂടെയുണ്ട്.നാടുമായുള്ള ബന്ധം ഒന്നിലധികം വ്യക്തികളിലൂടെയും വേണ്ടപ്പെട്ടവരുടെ കത്തുകളിലൂടെയും നിലനിര്‍ത്താന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.അയാളുടെ തൊഴില്‍ പരിസരങ്ങളില്‍ വെള്ളമുണ്ട്.മനസ്സിനെയും ശരീരത്തെയും ത്രസിപ്പിക്കുന്ന ഒരു പെണ്ണിന്റെ സാന്നിധ്യവുണ്ട്.നജീബിന്റെ ചുറ്റുപാടുകളില്‍ ഇങ്ങനെയുള്ള യാതൊന്നും തന്നെ ഇല്ല.അതുകാരണം അയാളുടെ ജീവിതദുരന്തം കൂടുതല്‍ ഹൃദയഭേദകമായി അനുഭവപ്പെടും.പിന്നെ ഭാഷയുടെയും ആഖ്യാനത്തിന്റെയും കാര്യങ്ങളാണ്.അവിടെയും 'ആട്ജീവിതം' പല മടങ്ങ് മുന്നിലാണെന്നു തന്നെയാണ് എന്റെ തോന്നല്‍.ഇത്തരമൊരു താരതമ്യം ശരിയല്ലെന്ന വിവേകം എനിക്കുമുണ്ട്.വായനയില്‍ ആ മട്ടില്‍ ഒരു ശീലം ഉറച്ചുപോയതുകൊണ്ടും രണ്ടു കൃതികളുടെയും കഥാവസ്തു വ്യാപരിക്കുന്ന പരിസരങ്ങള്‍ തമ്മില്‍ വസ്തുതകളുടെ തലത്തിലല്ലെങ്കില്‍ത്തന്നെയും സാമ്യങ്ങള്‍ പലതുമുള്ളതുകൊണ്ടും ഇങ്ങനെയൊക്കെയുള്ള വിചാരങ്ങളിലാണ് മനസ്സ് ചെന്നെത്തിയത്.
ഇത്രയും പറഞ്ഞുവെച്ചത് 'ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍'വളരെ സാധാരണമായ ഒരു നോവലാണെന്ന ധാരണ സൃഷ്ടിക്കാനല്ല.മരുഭൂമിയിലെ ദരിദ്രവും അസ്വതന്ത്രവുമായ ജീവിതത്തിലെ വേദനയും ഏകാന്തതയും തീര്‍ത്തും അവിചാരിതമായി ആ ജീവിതത്തില്‍ ആര്‍ത്തുപെയ്യുന്ന നൈമിഷികാഹ്ലാദവുമെല്ലാം വളരെ അകൃത്രിമമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവലാണിത്.
9/8/2010

Sunday, August 8, 2010

അംഗരാജ്യം

മെമ്പര്‍ഷിപ്പുണ്ടോടാ?
എന്തു മെമ്പര്‍ഷിപ്പ്?
ഒന്നുകില് കോംക്രസ്സിന്റെ മൂന്നുരൂപാ മെമ്പര്‍ഷിപ്പ്
അല്ലേല് കമ്മുണിസ്റുകാര്ടെ തൊക വെളിപ്പെടുത്താത്ത മെമ്പര്‍ഷിപ്പ്
രണ്ടും ഇല്ലല്ലോ
എന്നാപ്പിന്നെ ബി.ജെ.പിക്കാര്ടെ
സംസ്കൃതത്തിലെഴുതിയ മെമ്പര്‍ഷിപ്പുണ്ടോടാ?
അയ്യോ അതും ഇല്ല
മുസ്ളീംലീഗ്,ആര്‍.എസ്.പി,സി.എം.പി
മാണിഗ്രൂപ്പ് കേരളാകോംക്രസ്,പി.ഡി.പി,
എന്തേലുമൊന്നു കാണീരെടാ
അയ്യോ,എന്റെ കയ്യീ ഒന്നുമില്ലല്ലോ കൊച്ചാട്ടാ
എന്നാലേ,ചുമ്മാ മനുഷേരെ മെനക്കെടുത്താതെനീയീ നാട്ടീന്ന് പോ
അതെന്നാ കൊച്ചാട്ടാ അങ്ങനെ പറയ്ന്ന്?
അതേയ് ചെറുക്കാ,ഇവിടെ ജീവിക്കണേല് എന്തേലുമൊന്നില്‍ അംഗത്വം വേണം
ഇതെന്നാ കൊച്ചാട്ടാ അംഗരാജ്യോ മറ്റോ ആണോ?
അതേടാ അംഗരാജ്യം തന്നെ
എല്ലാ മുനികുമാര•ാരും വന്ന് മഴ പെയ്യിക്കുന്ന അംഗരാജ്യം.
ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്
എന്‍.പ്രഭാകരന്‍

10

2007 സെപ്റ്റംബര്‍ അവസാനവാരത്തിലൊരു ദിവസം ഉച്ച നേരത്ത് ഞാനും കുടുംബവും പശ്ചിമബംഗാളിലെ പാനിടങ്കിയിലെത്തി.പാനിടങ്കിയില്‍ നിന്ന് മേസി നദിക്ക് കുറുകെ കെട്ടിയിരിക്കുന്ന വലിയ പാലം
കടന്നാല്‍ നേപ്പാളായി.ഗ്രാമത്തിന്റെ ചെറിയ വിടര്‍ച്ച എന്നുമാത്രം പറയാവുന്ന ദൈന്യം നിറഞ്ഞ ഒരങ്ങാടിയാണ് പാനിടങ്കി.അവിടത്തെ മുഖ്യസാന്നിധ്യം പത്തമ്പത് സൈക്കിള്‍ റിക്ഷക്കാരാണ്.അവരിലൊരാള്‍ ഞങ്ങളെ പാലവും നേപ്പാളിലേക്കുള്ള പ്രവേശനകവാടവും കടത്തിച്ചു.പിന്നെ കാലപ്പഴക്കം കൊണ്ട് രോഗാതുരനായി ഞരങ്ങി നീങ്ങുന്ന ഒരു കൊച്ചുബസ്സില്‍ ഞങ്ങള്‍ ദോലാവാടിയിലേക്ക്് പുറപ്പെട്ടു.ബസ്സ് കഷ്ടിച്ച് ഒരു കിലോമീറ്ററോളമേ പോയിക്കാണൂ,ഇറങ്ങാനുള്ള സ്റോപ്പായെന്ന് കണ്ടക്ടര്‍ ആംഗ്യം കാണിച്ചു.
ചെറുതും വലുതുമായ കള്ളക്കടത്തുസാധനങ്ങളും കൌതുകവസ്തുക്കളും താരതമ്യേന വളരെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഇടമാണ് കക്കര്‍ബിട്ട എന്ന അതിര്‍ത്തിനഗരത്തിലെ ദോലാവാടി ബസാര്‍. ഇലക്ട്രോണിക് സാധനങ്ങള്‍,തുകല്‍ബാഗുകള്‍,ടീഷര്‍ട്ടുകള്‍,കളിപ്പാട്ടങ്ങള്‍,പലതരം ആഭരണങ്ങള്‍,മദ്യങ്ങള്‍ എല്ലാം സുലഭം.പത്തുലിറ്ററിന്റെയെങ്കിലും വലുപ്പമുള്ള പല വര്‍ണത്തിലും രൂപത്തിലുമുള്ള വിദേശമദ്യക്കുപ്പികള്‍ നിരനിരയായി വെച്ചിരിക്കുന്നത് വിശേഷപ്പെട്ടൊരു കാഴ്ച തന്നെയായിരുന്നു.മെലിഞ്ഞുണങ്ങിയ ഒരു പെരുംകുടിയന്‍ നിലത്തുറക്കാത്ത കാലുകളുമായി ആ കുപ്പികള്‍ക്കുമുന്നിലെത്തി അവയുടെ ഗുണഗണങ്ങള്‍ വിവരിക്കുന്നത് വെറുതെയൊന്നു സങ്കല്പിച്ചുനോക്കി. ഞങ്ങള്‍ കടകള്‍ കയറിയിറങ്ങുന്നതിനിടയില്‍ ചെങ്കൊടി കെട്ടിയ ഒരു റിക്ഷ അങ്ങാടിയുടെ മധ്യഭാഗത്തായി നടുറോഡില്‍ വന്നുനിന്നു.മാവോവാദികളുടെ പ്രചരണവാഹനമായിരുന്നു അത്.അറിയാത്ത ഭാഷയാണെങ്കിലും തകര്‍പ്പന്‍ അനൌണ്‍സ്മെന്റാണെന്ന് ശബ്ദത്തിന്റെ ഗാംഭീര്യത്തില്‍ നിന്നു തന്നെ വ്യക്തമായി.അതിനപ്പുറം ഒന്നും മനസ്സിലായില്ല.എങ്കിലും എന്തോ ഒരു സന്തോഷം തോന്നി.
കക്കര്‍ബിട്ടയില്‍ നിന്ന് നേപ്പാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബസ്സ് കിട്ടും.പതിനാറ് മണിക്കൂര്‍ നേരത്തെ സാഹസികമായ ഒരു യാത്രക്ക് തയ്യാറാണെങ്കില്‍ തലസ്ഥാനമായ കാട്മണ്ടുവില്‍ തന്നെ ചെന്നെത്താം.പൊട്ടിപ്പൊളിഞ്ഞ റോഡില്‍ വലിയ കയറ്റങ്ങളും ഇറക്കങ്ങളും കടന്നുള്ള പോക്കില്‍ നടുവിന്റെ പണി കഴിയുമെന്നും ശരീരം മുഴുവന്‍ അടിച്ചു നുറുക്കിയ പോലെ ആവുമെന്നും അനുഭവസ്ഥര്‍ മുന്നറിയിപ്പ് തന്നു.എങ്കിലും ഒരു കൈ നോക്കിയാലോ എന്ന് ആലോചിക്കാതിരുന്നില്ല.പക്ഷേ പ്രതികൂലമായ സംഗതികള്‍ പലതുമുണ്ടായിരുന്നു.നാട്ടില്‍ കഴിവതും വേഗം തിരിച്ചെത്തണം.കാട്മണ്ടുവരെ പോവുകയാണെങ്കില്‍ കല്‍ക്കത്തയില്‍ മടങ്ങിയെത്തുമ്പോഴേക്കും കീശ കാലിയാവും.പതിനാറ് മണിക്കൂര്‍ അങ്ങോട്ട്,പതിനാറ് മണിക്കൂര്‍ ഇങ്ങോട്ട്.അതിനിടയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഹോട്ടല്‍ തമാസം.അത്രയും ദീര്‍ഘമായൊരു പരിപാടി തല്‍ക്കാലത്തേക്ക് താങ്ങാനാവില്ല.ഇക്കാര്യങ്ങളെല്ലാം മാറിയും മറിച്ചും ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ഞങ്ങള്‍ക്കു തന്നെ മടുത്തു.
ദോലാവാടിയില്‍ നിന്ന് മടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ തളര്‍ന്നിരുന്നു.ഞങ്ങളുടെ ആദ്യത്തെ വിദേശയാത്രയാണ് ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് അവസാനിച്ചത്.ഇനി ഈ ഭാഗത്തേക്കുവരാനുള്ള സാധ്യത മിക്കവാറും ഇല്ല.ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു വിങ്ങലുണ്ടായി.ഒരു ഭൂവിഭാഗത്തോട് വിട പറയുമ്പോള്‍ ആ പ്രദേശം കല്ലും മണ്ണും റോഡും തെരുവും കെട്ടിടങ്ങളുമൊന്നും അല്ലാതാവും.അപ്പോള്‍ അത് മാനവികസത്തയുടെ തന്നെ വലിയൊരു മൂര്‍ത്തരൂപമായാണ് മുന്നില്‍ നില്‍ക്കുക.അവിടം വിട്ടുപോരുമ്പോള്‍ ഒരു ചിരകാല സുഹൃത്ത് കൈവിട്ടുപോകുന്നതു പോലെയും പകരം മരണത്തിന്റെ ഒരു നിഴല്‍ കൂടെ വരുന്നതുപോലെയും തോന്നും.
മടക്കയാത്രയില്‍ മേസിനദിക്കു മുകളിലെ പാലത്തിനുമേല്‍ വീശിയടിച്ച കാറ്റില്‍ സൈക്കിള്‍റിക്ഷയുടെ വശങ്ങളിലെയും മേല്‍ക്കൂരയിലെയും ഷീറ്റുകള്‍ പടപട ശബ്ദമുണ്ടാക്കി.പാലം അവസാനിക്കുന്നിടത്ത് താഴെ നദിക്കരയിലെ കുടിലിന്റെ വരാന്തയില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്ത മെലിഞ്ഞ് എല്ലുംതോലുമായ വൃദ്ധ അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്നിട്ടെന്ന പോലെ നിരങ്ങിനിരങ്ങി നീങ്ങുന്നതുകണ്ടു. പാനിടങ്കിയിയിലെ സൈക്കിള്‍ റിക്ഷാക്കാരുടെ മുഖത്തു കണ്ട അനാദിയെന്നു തോന്നിയ ദൈന്യവും വേദനയും ഏറ്റുവാങ്ങാനെന്ന പോലെ ഒരിക്കല്‍ക്കൂടി ഞാന്‍ ആ ദരിദ്രമായ അങ്ങാടിയില്‍ കാല് കുത്തി.


11

4-3-2010
വൈകുന്നേരം ഏഴ്മണി കഴിഞ്ഞ് അന്തിമിനുക്കവും അയഥാര്‍ത്ഥമായ നേരം.നേര്‍ത്ത ഇരുട്ടില്‍ ഞാനും സുഹൃത്ത് രാജേഷും തലശ്ശേരിക്കടുത്ത് വടക്കുമ്പാടുള്ള പുഴയോരത്തെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇരുന്ന് ഓരോരോ ലോകകാര്യങ്ങള്‍ സംസാരിക്കയായിരുന്നു.ഒരു സംഘം ആളുകള്‍ ഒറ്റവരിയായി ഒരേ താളത്തില്‍ എന്തോ ഉച്ചരിച്ച് റോഡരികിലൂടെ നടന്നു വരുന്നത് ഇത്തിരി അകലെ നിന്നേ ഞങ്ങളുടെ കണ്ണില്‍പെട്ടു.അടുത്തെത്തിയപ്പോഴാണ് അവര്‍ ആവര്‍ത്തിച്ച് ഉച്ചരിക്കുന്നത് 'ഹലേലുയ്യാ,ഹലേലുയ്യാ,യേശുവേ നന്ദി,യേശുവേ നന്ദി' എന്നാണെന്ന് മനസ്സിലായത്.'പാപികളായ ഞങ്ങളോട് പൊറുക്കേണമേ,പാവങ്ങളായ ഞങ്ങളെ രക്ഷിക്കേണമേ' എന്നൊരു പ്രാര്‍ത്ഥനയും അവര്‍ ഉരുവിടുന്നുണ്ടായിരുന്നു.നന്നേ ചെറിയ കനം കുറഞ്ഞ ഓരോ മരക്കുരിശുണ്ടായിരുന്നു ഓരോരുത്തരുടെ കയ്യിലും.പുഴയോരത്തെ പുതിയ വിനോദസഞ്ചാരകേന്ദ്രം വിശ്രമിക്കാന്‍ പറ്റിയ ഇടമാണെന്നു കണ്ട് ഇത്തിരി നേരത്തേക്ക് അവര്‍ അവിടെ തങ്ങി.
മലയാറ്റൂര്‍ പള്ളിയിലേക്ക് പോവുന്ന തീര്‍ത്ഥാടകരുടെ ഒരു സംഘമായിരുന്നു അത്.പയ്യാവൂരില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ടതാണ്.ഒമ്പതാം നാള്‍ അവര്‍ മലയാറ്റൂരിലെത്തും.അഞ്ചു വര്‍ഷം മുമ്പാണ് കാല്‍നടയായുള്ള ഈ തീര്‍ത്ഥയാത്രക്ക് തുടക്കം കുറിച്ചത്.ആദ്യവര്‍ഷം മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ വര്‍ഷവും ആളുകള്‍ കൂടിക്കൂടി വന്നു.ഈ വര്‍ഷം സംഘത്തില്‍ ഇരുപത്തഞ്ച് പേരായിരിക്കുന്നു.
വഴിയില്‍ പള്ളികളിലും പള്ളിവക സ്കൂളുകളിലുമൊക്കെയാണ് തങ്ങുക.ഭക്ഷണം അതാതിടത്തെ ഹോട്ടലുകളില്‍ നിന്ന്.മലപ്പുറം ജില്ലയില്‍ അവരുടെ യാത്രാവഴിയില്‍ ക്രിസ്ത്യന്‍ പള്ളികളോ സ്ഥാപനങ്ങളോ ഇല്ലാത്തതിനാല്‍ ഒരു രാത്രി കടത്തിണ്ണയില്‍ കിടക്കേണ്ടി വരും.അതു പക്ഷേ വലിയൊരു പ്രശ്നമല്ലെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞു.
പത്തുമിനുട്ടു നേരത്തെ വിശ്രമത്തിനുശേഷം തീര്‍ത്ഥാടകസംഘം പിന്നെയും നടക്കാന്‍ തുടങ്ങി.'ഹലേലുയ്യാ,ഹലേലുയ്യാ,യേശുവേ നന്ദി,യേശുവേ നന്ദി;പാപികളായ ഞങ്ങളോട് പൊറുക്കേണമേ,പാവങ്ങളായ ഞങ്ങളെ രക്ഷിക്കേണമേ' അല്പമായ വിലാപച്ഛായ കലര്‍ന്ന ആ സംഘശബ്ദം അകന്നകന്നുപോയി.
ദൈവത്തെ മനുഷ്യരൂപത്തിലോ രൂപരഹിതനായോ ഒന്നും നാളിതുവരെ എനിക്ക് സങ്കല്പിക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ മഹാപ്രപഞ്ചത്തെ നിയന്ത്രിക്കുകയും അതേ സമയം മനുഷ്യലോകത്തിലെ അനീതികളിലൊന്നിലും ഇടപെടാതിരിക്കുകയും ചെയ്യുന്ന കേവലചൈതന്യമായി കരുതി ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നിയിട്ടുമില്ല.പക്ഷേ സന്ധ്യാസമയത്തെ കടുത്ത ഏകാന്തതയ്ക്കുമേല്‍ ഉയര്‍ന്നു മുഴങ്ങുന്ന ഒരു ബാങ്ക് വിളി,പാതിര കഴിഞ്ഞ് ഏതോ കാവില്‍ നിന്ന് കേള്‍ക്കുന്ന ചെണ്ടയുടെ ശബ്ദം,അവിചാരിതമായി കാതില്‍ വന്നുവീഴുന്ന ഒരു ക്രിസ്തീയ പ്രാര്‍ത്ഥനാഗാനം ഇവയെല്ലാം എന്നെ അവ്യാഖ്യേയമായ ഏതൊക്കെയോ അനുഭൂതികളിലേക്ക് കൊണ്ടുപോവുന്നു.മലയാറ്റൂര്‍ പള്ളിയിലേക്കുള്ള തീര്‍ത്ഥാടകരുടെ ശബ്ദവും ഏതാനും നിമിഷങ്ങളിലേക്കെങ്കിലും അതുപോലൊരനുഭവം നല്‍കി. ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.പക്ഷേ, ദൈവത്തിലേക്കുുള്ള മനുഷ്യന്റെ യാത്രകള്‍,വിശേഷിച്ചും കാല്‍നടയായുള്ള ദീര്‍ഘസഞ്ചാരങ്ങള്‍ എന്തുകൊണ്ടോ എന്നെ വിനീതനാക്കുന്നു.അകമേ ശാന്തനാക്കുന്നു.അല്പനേരത്തേക്കെങ്കിലും വിശുദ്ധനാക്കുന്നു.

വിപ്ളവകവി

കവിത



കുട്ടുറു കുട്ടുറു എന്നു കുറുകുന്ന പക്ഷിയെ
കുട്ടുറുവന്‍ എന്നു വിളിക്കുന്നതുപോലെ
ഇറ്റിറ്റീ ഇറ്റിറ്റീ എന്നു കരയുന്ന പക്ഷിയെ
ഇറ്റിറ്റിപ്പുള്ള് എന്നു വിളിക്കുന്നതുപോലെ
വിപ്ളവം വിപ്ളവം എന്നുരുവിടുന്ന കവിയെ
വിപ്ളവകവി എന്നു വിളിക്കരുത്
പക്ഷികളുടെ പാട്ടും പറച്ചിലും
അവരുടെ ആവശ്യങ്ങളുടെ നേര്‍പകര്‍പ്പാണ്
മനുഷ്യരുടെ കാര്യത്തില്‍
അങ്ങനെയൊരുറപ്പ് എല്ലായ്പ്പോഴും സാധ്യമല്ല.

സൌന്ദര്യാത്മകകവി

അതിലളിതമായ കൌതുകങ്ങളെ
അതികഠിനമായ രൂപകങ്ങളിലടക്കം ചെയ്ത്
ആഴത്തിലാഴത്തില്‍ കുഴിച്ചിട്ട്
അഭിമാനവിജ്രംഭിതനായി മടങ്ങും നേരത്താണ്
അയല്‍വീട്ടിലെ കുഞ്ഞാപ്പിയെന്ന കര്‍ഷകന്‍
വേനല്‍ച്ചൂടും വരണ്ട നിശ്ശബ്ദതയും വിങ്ങുന്ന കശുമാവിന്‍തോപ്പില്‍
ഒരു തുണ്ട്കയറില്‍ കനംതൂങ്ങി നില്‍ക്കുന്നത് കണ്ടത്
ദൈവം നിര്‍മിച്ച പുതിയൊരുരൂപകമാണതെന്നും താനൊരാള്‍ അതിന്റെ അര്‍ത്ഥവുമനര്‍ത്ഥവും അപനിര്‍മിക്കേണ്ടെന്നും അന്തരാ ഉല്‍ബോധിതനായി
അതീവശാന്തനായി കവി താഴ്വരയിലേക്കിറങ്ങി
അടുത്ത കൌതുകം രൂപകമായി മാറുന്നഅത്ഭുതം അപ്പൊഴേ ആരംഭിച്ചിരുന്നിരുന്നു
അയാളുടെ കവിമനസ്സില്‍.

Saturday, August 7, 2010

ബുദ്ധന്‍

ബോധ്ഗയയില്‍ നിന്നുള്ളവരായിരുന്നു അവര്‍
കീറക്കരിമ്പടത്തില്‍ ഉടല്‍ക്കോലം പൊതിഞ്ഞ പ്രായം ചെന്ന അച്ഛനമ്മമാര്‍ തുളവീണപാന്റും നിറംകെട്ടകുപ്പായവുമായി മുപ്പത്തഞ്ചുകാരനായ മകന്‍ ജോഗീന്ദര്‍ നാഥ് അയാളുടെ ഗര്‍ഭിണിയായ ഭാര്യ സീത നാലുവയസ്സുള്ള മകന്‍ മഹേഷ്
'എന്തെങ്കിലുമൊരുപണിസാര്‍, എന്തെങ്കിലുമൊരു പണി'
കണ്ണൂരില്‍ വണ്ടിയിറങ്ങിയതുമുതല്‍ കാണുന്നവരോടെല്ലാം ജോഗീന്ദര്‍ കെഞ്ചിനോക്കി
"എന്തുപണി സഹോദരാ, നിങ്ങള്‍ ഒറ്റക്കാണ് വന്നിരുന്നതെങ്കില്‍
എവിടെയെങ്കിലും എന്തെങ്കിലുമൊന്ന് തരപ്പെടുത്താമായിരുന്നു
പക്ഷേ, നിവര്‍ന്നുനില്‍ക്കാന്‍ ശേഷിയില്ലാത്ത ഈ അച്ഛനമ്മമാര്‍
ഗര്‍ഭിണിയായ ഭാര്യ,കുഞ്ഞ്
ഇവരെല്ലാം കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്കൊരുപണി തരാന്‍ ആരാണ് ധൈര്യപ്പെടുക?''
നടന്നുനടന്ന് തലശ്ശേരിയെത്തുംവരെ
ഒരേ ഉത്തരം പല മട്ടില്‍ പിന്നെയും പിന്നെയും കേട്ട്
ആ കുടുംബം തളര്‍ന്നു
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു
എത്രവിശന്നാലും കരയരുതെന്ന് എങ്ങനെയോ പഠിച്ചുറച്ച കുഞ്ഞും
അവന്റെ അമ്മയും അച്ഛനും
മുത്തച്ഛനും മുത്തശ്ശിയും പിന്നെയും നടന്നു
നടന്നുനടന്ന് നാട്ടുവഴിക്കരികിലെ വലിയ
അരയാല്‍ച്ചുവട്ടിലെത്തിയപ്പോള്‍
അന്നു രാത്രി അവിടെ തങ്ങാമെന്നവര്‍ തീരുമാനിച്ചു ചുമലിലെ ഭാണ്ഡക്കെട്ടിറക്കിവെക്കെ
'ഒരു പണിവേണം ദൈവമേ, എനിക്കൊരു പണി വേണ'മെന്ന് ജോഗീന്ദര്‍ ഉള്ളുരുകി
പകല്‍ പലവട്ടം കേട്ട മറുപടി
അയാളുടെ ഇടനെഞ്ചില്‍ തീയും പുകയുമായി
പുകമൂടി കണ്ണ് നിറഞ്ഞു
കണ്ണീരിന്റെ മൂടലിന്നിടയിലൂടെ
കത്തുന്ന വേദനയോടെ തന്റെ വേണ്ടപ്പെട്ടവരെയെല്ലാം
ജോഗീന്ദര്‍ അവസാനമായെന്ന പോലെനോക്കി
അന്നേരം അയാള്‍ ബുദ്ധഭഗവാനെ, അല്ല, പഴയ സിദ്ധാര്‍ത്ഥരാജകുമാരനെ ഓര്‍ത്തു
ഇല്ല,അങ്ങനെയൊന്നും ഉണ്ടായില്ല
കവിത കളവുപറച്ചിലിന്റെ മറുപേരാകുന്നതെന്തിന് ? ജോഗീന്ദര്‍ക്ക് ബുദ്ധന്റെ ജീവിതകഥ പോലുമറിയില്ല അറിഞ്ഞാലും ആ കഥയില്‍
അയാളെ പ്രചോദിപ്പിക്കുന്നതായി ഒന്നുമില്ല
കരിഞ്ഞുണങ്ങിയ കൃഷിയിടവും
കടബാധ്യതകളുടെ കനല്‍പ്പാടവുംകൈവിട്ട് കത്തുന്ന വെയിലില്‍
കുടുംബത്തെയും കൂട്ടി ഇറങ്ങിയതാണയാള്‍
ഏകാന്തധ്യാനമോ ബോധിവൃക്ഷത്തണലോ ഇല്ലാതെ
ദു:ഖസത്യജ്ഞാനത്തിലേക്കുണര്‍ന്ന പാവം മനുഷ്യന്‍
അരയാലിലകളുടെ ഉറക്കുപാട്ടും
ഇളം തണുപ്പാര്‍ന്ന കാറ്റിന്റെ തലോടലും
ഈ ജ്ഞാനിയെ ഉറക്കാനാവാതെ കുഴയും
ഒരുപാട് നേരം, ഒരുവേള ഈ കഠിനരാത്രി മുഴുവന്‍.
കവിത
ചന്തന്‍കുന്ന് കാവിലെ...

ചന്തന്‍കുന്ന്കാവിലെ ഉത്സവത്തിന്
ചന്തക്കാര് തമ്മില്‍ അന്തവും കുന്തവുമില്ലാത്ത
അടികലശലുണ്ടായി
ഉത്സവക്കമ്മിറ്റിയുടെ പ്രസിഡന്റ് ഉച്ചുളന്‍ നാണുതന്നെയാണ്
അടിയുടെ പിന്നിലെന്നതും അടുത്ത കൊല്ലം ചന്തമുഴുവന്‍ സ്വന്തമാക്കാനുള്ള
അടവിന്റെ അരങ്ങേറ്റമാണതെന്നതും
മന്ദബുദ്ധികളൊഴിച്ചെല്ലാവരും
മനസ്സിലാക്കി
ആരംഭത്തിലെ അടക്കം പറച്ചില്‍
അധികം താമസിയാതെ
അങ്ങുമിങ്ങും ഒച്ചപ്പാടായി
ഒടുവില്‍ അടിക്കാര്യം ചര്‍ച്ചചെയ്യാന്‍ കമ്മിറ്റി കൂടി
ഉച്ചുളന്‍ നാണുവിനെയും സെക്രട്ടറി ഉണ്ണാനമ്പുവിനെയും കൂടാതുള്ള
തൊണ്ണൂറ്റൊമ്പത് മെമ്പര്‍മാരില്‍ ഒന്നാമന്‍ പറഞ്ഞു:
അടി തെക്കേമൂലക്കുനിന്നാണ് തുടങ്ങിയത്
അതുതന്നെയൊരു കടുത്ത ദുര്‍ലക്ഷണാണ്
രണ്ടാം മെമ്പര്‍ പറഞ്ഞു:
അടിക്ക് ഭയങ്കരമായ ഊക്കായിരുന്നു
കുഞ്ഞുകുട്ടികളൊക്കെ പേടിച്ചുപോയി
മൂന്നാം മെമ്പര്‍ പറഞ്ഞു:
പൊടിപാറിയ അടിയായിരുന്നു
അല്ലെങ്കിലേ അലര്‍ജിക്കാരനാ ഞാന്‍
നാലാമന്‍ പറഞ്ഞു:
അടി കാരണം പിന്നെ വെടിക്കെട്ടിനൊരു വമ്പുണ്ടായില്ല
അതിലാണ് നാട്ടുകാര്‍ക്കരിശം
അഞ്ചാമന്‍ പറഞ്ഞു:
ചന്തന്‍കുന്ന് കാവിലെ ഉത്സവത്തിന് അടിപിടിയോ
ചിന്തിക്കാന്‍ പറ്റുന്ന സംഗതിയാണോ അത്?
കാവ് മുടിക്കാനിറങ്ങിയ കാലാംകടവിലെ കള്ള•ാര്‍
കല്പിച്ചുകൂട്ടി കെട്ടിച്ചമച്ച കഥയെപ്പറ്റി ചര്‍ച്ചചെയ്യാന്‍
നമ്മള് കമ്മറ്റിക്കാറ് കെട്ടിപ്പുറപ്പെട്ടല്ലോ എന്റെ ഭഗവതീ
'അതെ,അപ്പറഞ്ഞതാണ് ശരി' ഉച്ചുളന്‍ നാണുവിന്റെ വലംകയ്യിലെ ചൂണ്ടുവിരല്‍ ചൂരല്‍വടിപോലെ ഉയര്‍ന്നുതാണു
'അതെ ,അതു തന്നെയാണ് ശരി' ഉണ്ണാനമ്പു തലകുലുക്കി
ചര്‍ച്ചയ്ക്ക് പൊതുസമ്മതമായൊരു തീര്‍പ്പുണ്ടായതുപോലെ
എല്ലാവരും കരഘോഷം മുഴക്കി എഴുന്നേറ്റു

"ചന്തന്‍കുന്ന് കാവിലെ ഉത്സവത്തിന് ചന്തക്കാര് തമ്മില്‍ അടിഅടിപിടിയോ
നട്ടാല്‍ മുളക്കാത്ത നുണയല്ലേ അത്?
തന്തയില്ലാത്തൊരു തോന്നലല്ലേ അത്?'' പിറ്റേന്ന് നേരംപുലര്‍ന്ന നേരം തൊട്ട് നാട്ടുകാരും പറഞ്ഞുതുടങ്ങി
കമ്മിറ്റിയിലെ ചര്‍ച്ച കശപിശയായാലോ എന്നുകരുതി
ഉച്ചുളന്‍നാണു ഇറക്കുമതി ചെയ്ത ക്വട്ടേഷന്‍ടീം
സംഗതി സബൂറായെന്നറിഞ്ഞ് അന്നു വൈകുന്നേരം തന്നെ കെട്ടുകെട്ടുകയും ചെയ്തു.

Thursday, August 5, 2010

അവതാരിക

വരകളില്‍ ആദിവാസി,മൊഴികളില്‍ മറ്റൊരാള്‍
എന്‍.പ്രഭാകരന്‍


സോമന്‍ കടലൂരിന്റെ വരകള്‍ അവയുടെ ജന്മഗൃഹത്തിലെന്ന പോലെ സ്വാതന്ത്യ്രവും സ്വാച്ഛന്ദ്യവും അനുഭവിക്കുന്നത് തെയ്യമോ നാട്ടുവഴക്കങ്ങളോ പ്രധാനപ്രതിപാദ്യമായി വരുന്ന പ്രസിദ്ധീകരണങ്ങളിലെ രചനകളോട് ചേര്‍ന്നുനില്‍ക്കുമ്പോഴാണ്.ഒരു പെരുങ്കളിയാട്ടസോവനീറിലോ തെയ്യംകഥകളുടെ സമാഹാരത്തിലോ സോമന്റെ ചിത്രങ്ങളോളം അനുയോജ്യത അവകാശപ്പെടാനാവുന്ന മറ്റു വരകള്‍ ഇന്നത്തെ നിലയില്‍ നമുക്ക് പ്രതീക്ഷിക്കാനാവില്ല.ആ ചിത്രങ്ങളില്‍ നിന്നു പ്രസരിക്കുന്ന പ്രാക്തനതയുടെ ഊര്‍ജവും അവയുടെ രൂപത്തിന്റെ സര്‍വതലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന നാടോടിത്തവും അത്രമേല്‍ പ്രത്യക്ഷവും ശക്തവുമാണ്.
രേഖകളും മൊഴികളും തമ്മില്‍ കലാത്മക പാരസ്പര്യം പുലര്‍ത്തുന്ന സവിശേഷ രചനകളാണ് സോമന്‍ ഈ സമാഹാരത്തിലൂടെ മലയാളത്തിലെ വായനാസമൂഹത്തിനും കലാസ്വാദകര്ക്കും മുന്നില്‍ അവതരിപ്പിക്കുന്നത്.പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ സൌന്ദര്യാത്മകസന്തുലിതത്വം പുലര്‍ത്തുന്നുണ്ടെങ്കിലും വേറിട്ടെടുത്ത് വിശകലനം ചെയ്യുന്നതിന് തടസ്സമാവാത്ത വിധത്തില്‍ സ്വതന്ത്രമാണ് ഈ രചനകളിലെ വാക്കുകളും വരകളും. ഇതാ ഒരുദാഹരണം:
ഓണപ്പൂക്കളം:
കുട്ടികളോടായാലും
മുതിര്‍ന്നവരോടായാലും
തമിഴിലങ്ങനെ ചറപറ സംസാരിക്കും
ഓണസദ്യ
തെലുങ്ക് കന്നട തുടങ്ങി
ഹിന്ദിവരെ മൊഴിയും
മലയാളം മാത്രമറിയില്ല
ഓണപ്പൊട്ടന്‍
ഒന്നും മിണ്ടില്ല,തന്നോട് പോലും
മലയാളി തന്നെ.
ഈ കവിതയോടൊപ്പമുള്ള ചിത്രം നോക്കുക.അത് തരുന്ന ദൃശ്യാനുഭവം അതില്‍ തന്നെ പൂര്‍ണമാണ്.കവിതയുടെ നിലനില്‍പാണെങ്കില്‍ ആ ചിത്രത്തിന്റെ വാക്കുകളിലേക്കുള്ള വിവര്‍ത്തനമായിട്ടല്ല താനും.ഈ സമാഹാരത്തിലെ എല്ലാ രചനകളെ കുറിച്ചും ഇതു തന്നെ പറയാം.
പ്രകൃതിയിലെ ഏറ്റവും പ്രാഥമികമായ സാന്നിധ്യങ്ങളില്‍ ചിലതിനെ ഏതെങ്കിലും തലത്തില്‍ മനുഷ്യരൂപവുമായി ബന്ധിപ്പിച്ച്,അവയുടെ പാരസ്പര്യത്തില്‍ നിന്നുളവാകുന്ന ശക്തിസൌന്ദര്യങ്ങളെ ഭാവതീവ്രതയോടെ ആവാഹിക്കുന്നവയാണ് സോമന്റെ പല ചിത്രങ്ങളും. ചെടിയുടെകാണ്ഡമായി കറുപ്പാല്‍ മണ്ണില്‍ അദൃശ്യത കൈവരിക്കുന്ന മനുഷ്യശരീരം,പക്ഷിച്ചിറകുകളില്‍ ഉയരുന്ന നഗ്നമായ സ്ത്രീരൂപം,ചെടിത്തണ്ടായി വളരുന്ന നട്ടെല്ല്,മയില്‍ കൊത്തുന്ന മണ്ണില്‍ പുല്ലുകളാല്‍ മുക്കാലും മറയ്ക്കപ്പെട്ട കുഞ്ഞുമുഖമുള്ള ശരീരം,കാടിനെ മുടിയിലേക്കു മീനുകളെ കണ്ണുകളിലേക്കും ആവാഹിച്ച മനുഷ്യസ്ത്രീ എന്നിങ്ങനെ ഉദാഹരണങ്ങള്‍ നീണ്ടുപോകും. എത്രയോ തലമുറകളായി പരമ്പരാഗതമായി തുടരുന്ന പ്രത്യേകരീതിയിലുടെയാണ് വാര്‍ളികളെപ്പോലുള്ള ആദിവാസവിഭാഗങ്ങളുടെ രചനകള്‍ക്കും കലംകാരിചിത്രങ്ങള്‍ക്കും മറ്റും അത്ഭുതകരമായ അനന്യത കൈവന്നത്.ഇത്തരം ആദിവാസിചിത്രങ്ങളിലേതിനോട് ആത്മബന്ധമുള്ള രൂപങ്ങളും ഡിസൈനുകളും സോമന്റെ വരകളില്‍ യഥേഷ്ടം കടന്നുവരുന്നുണ്ട്. ഗോത്രജീവിതപരിസരങ്ങളിലെ മനുഷ്യേതരജന്തു സാന്നിധ്യങ്ങളും(മയില്‍,കുറുക്കന്‍,പാമ്പ്)ഈ ചിത്രകാരന്റെ ഇഷ്ടരൂപങ്ങള്‍ തന്നെ.തലമുടിയിലും മുഖവടിവിലും ഉടല്‍വടിവിലും അലങ്കരണങ്ങളിലു മെല്ലാം സോമന്റെ മനുഷ്യരൂപങ്ങള്‍ക്ക് തികഞ്ഞ ആദിവാസിത്വമുണ്ട്. ആദിവാസി ചിത്രരചനാശൈലിയുടെ അന്ത:സത്ത തന്നെ സവിശേഷമായ ഒരവകാശബോധത്തോടെ സോമന്‍ കടം കൊണ്ടിട്ടുണ്ടെന്നുപറയാം.
മീന്‍,പാമ്പ്,പക്ഷി,കാള എന്നിങ്ങനെ ജീവിതരതിയെ പ്രതിനിധാനം ചെയ്യുന്നവയായി സ്വപ്നങ്ങളിലൂടെയും കലാസൃഷ്ടികളിലൂടെയും മനുഷ്യവംശത്തിന് ചിരപരിചിതമായ മോട്ടീഫുകളാണ് സോമന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിക്കപ്പെട്ടുകാണുന്നത്.കൈപ്പത്തികളും വിരലുകളുമാണ് മനുഷ്യാവയവങ്ങളില്‍ സോമനിലെ ചിത്രകാരന്റെ പ്രത്യേപരിഗണന നേടുന്നത്.വിരലുകളില്‍ വിരിയുന്ന ഇലകള്‍,വിരലുകളില്‍ നിന്ന് പറന്നുയരുന്ന ഈയാംപാറ്റകള്‍,മറ്റു വിരലുകളില്‍ നിന്ന് മനുഷ്യമുഖമായിമാറി വേര്‍പിരിയുന്ന തള്ളവിരല്‍,വിരലുകളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന മരത്തിന്റെ മധ്യഭാഗം,നാലുവിരലുകളിലും അറ്റുപോയ വിരലിലുമായി നിറയുന്നപക്ഷികളും മലകളുംപുഴയും മീനും പൂവും വേരിന്റെ പൊടിപ്പുകളും,അഞ്ചുവിരലിലും ഉള്ളികയ്യിലും തറഞ്ഞ ആണികളുമായി ഒരു കൈപ്പത്തി ഇങ്ങനെ സോമന്റെ ചിത്രങ്ങളില്‍ കൈവിരലുകള്‍ പല കാഴ്ചകള്‍ക്കും കടന്നുവന്നൊന്നുചേരാനുള്ള ഇടമായിത്തീരുന്നു.ഈ മോട്ടീഫിനോടുള്ള തന്റെ ആസക്തിക്ക് ഒരുവിരല്‍ചിത്രത്തോടൊപ്പമുള്ള മൊഴിയില്‍ സോമന്‍ ഇങ്ങനെ വിശദീകരണം കുറിക്കുന്നു:
വീണടിയുന്നു വിരലുകള്‍
എങ്കിലും
വീണയില്‍ സംഗീതമുണരുന്നു
പൊട്ടിവീഴുന്നു വിരലുകള്‍
എങ്കിലും
തെറ്റിന്റെ കണ്ണിലേക്കിപ്പൊഴും ചൂണ്ടുന്നു
അറ്റുപോകുന്നു വിരലുകള്‍
എങ്കിലും ചിത്രങ്ങളെഴുതുന്നു
കറുകറുപ്പിന്റെ കര്‍ക്കടച്ചോരയില്‍
ബാക്കിനില്‍ക്കുന്നൊരീ
പെരുവിരല്‍ അടര്‍ത്തുന്നു
മിത്രമേ
നിനക്കെന്റെ
രക്തോപഹാരം!
നാഗരികജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആവിഷ്ക്കരിക്കുമ്പോഴും സോമന്‍ വരക്കുന്ന മനുഷ്യരൂപങ്ങള്‍ക്ക് പ്രാകൃതത്വത്തിന്റെയും നാടോടിത്തത്തിന്റെയും ഭാവമാണുള്ളത്.യഥാതഥമായിരിക്കുമ്പോഴും അല്പമായി വക്രീകരിച്ച അവസ്ഥയിലായിരിക്കുമ്പോഴും കേവല ഭ്രമാത്മകരൂപമായിരിക്കുമ്പോഴുമെല്ലാം അവ ഈ സ്വഭാവം തന്നെ നിലനിര്‍ത്തുന്നു.നഗരദൃശ്യങ്ങളും നാഗരികമനുഷ്യരും സോമന്റെ ചിത്രങ്ങളില്‍ ഇല്ലെന്നു തന്നെ പറയാം.പുതിയകാലത്തിന്റെ പ്രശ്നങ്ങളോട് മൊഴികളിലൂടെ അതിശക്തമായി പ്രതികരിക്കുമ്പോഴും വരകളില്‍ സോമന്‍ ആദിവാസിയുടെയും നാടോടിയുടെയും വംശക്കാരനായി സ്വയം പരിവര്‍ത്തിപ്പിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങളിലൂടെ പരിണമിച്ച് പൂര്‍ണത കൈവരിച്ച പ്രത്യേകമായ ഒരു ചിത്രണരീതി അതിന്റെ സാധ്യതകള്‍ കൃത്യമായി പരിഗണിച്ച ശേഷം സ്വീകരിച്ചതിന്റെ ഫലമായി സംഭവിച്ചതല്ല ഇത്.സോമന്റെ കാഴ്ചയുടെ സഹജസ്വഭാവം തന്നെ അതാണെന്ന് ഈ ചിത്രങ്ങള്‍ അവയുടെ ജൈവോര്‍ജ്ജത്തിന്റെ പ്രസരണം വഴി സംശയരഹിതമായി ബോധ്യപ്പെടുത്തുന്നുണ്ട്.പ്രളയജലം പോലെ ഇരമ്പിയെത്തുന്ന സാംസ്കാരികാധിനിവേശത്തിന്റെ പുതുശീലങ്ങള്‍ക്കും ആസക്തികള്‍ക്കുമെതിരെ ഒരു ചിത്രകാരന്‍ സ്വന്തം മണ്ണില്‍ കാലുറപ്പിച്ചുനിന്നുകൊണ്ട് നിര്‍വഹിക്കുന്ന പ്രതിരോധത്തിന്റെ തികവുറ്റ ചിഹ്നമായിത്തന്നെ ഈ ചിത്രണരീതിയെ മനസ്സിലാക്കേണ്ടതുണ്ട്.
സോമന്റെ വരകള്‍ക്കൊപ്പമുള്ള മൊഴികള്‍ ചിത്രങ്ങളുടെ ആസ്വാദനത്തിന് ആവശ്യമായതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാവുകത്വമാണ് വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.സമകാലികകേരളീയ ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ചൂഴ്ന്നുള്ള സൂക്ഷ്മവും വ്യത്യസ്തവുമായ സാമൂഹ്യസാംസ്കാരികനിരീക്ഷണങ്ങള്‍ തന്നെയാണ് ആ മൊഴികള്‍.കവിത എന്ന അവകാശവാദത്തോടെയല്ലാതെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ മൊഴികളില്‍ പലതും സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച കവിതകള്‍ തന്നെയാണ്.അവയില്‍ നിറഞ്ഞുനില്‍ക്കുന്ന നര്‍മവും പരിഹാസവും വിമര്‍ശനവുമെല്ലാം നിശിതജാഗ്രതയുള്ള ഒരു മനസ്സിനെയാണ് അടയാളപ്പെടുത്തുന്നത്.ഒരുദാഹരണം മാത്രം നോക്കുക:
വീട്ടിലില്ല
നാട്ടിലോ റോട്ടിലോ
നാലാള്‍ കൂടുന്നിടത്തോ
നിലവിലില്ല
കല്ലാണവീട്ടില്‍
മഹനീയസാന്നിധ്യമില്ല
മരണവീട്ടിന്റെ മൌനത്തിലില്ല
അമ്മയ്ക്കൊപ്പം ആശുപത്രിയിലില്ല
ജാഥയിലില്ല
സമരത്തിലില്ല
പാര്‍ട്ടിയിലൊട്ടുമില്ല
വെയിലിലോ
വയലിലോ
വായനശാലയിലോ പൊടിപോലുമില്ല
യുവാവേ
നീയെവിടെയാണ് ഒളിച്ചത്?
കൊതിയാവുന്നു
നിന്നെയൊന്നു കാണാന്‍
സത്യമായും "ക ാശ ൌ റമ''
കടങ്കഥയുടെ ഭാഷയില്‍ നിന്നാരംഭിച്ച് മൊബൈല്‍ മെസ്സേജിന്റെ ഭാഷയില്‍ അവസാനിക്കുന്ന ഈ കവിത സമകാലികകേരളീയ ജീവിതത്തിന്റെ പൊതുസ്ഥലങ്ങളില്‍ നിന്നെല്ലാമുള്ള യുവാക്കളുടെ തിരോധാനമെന്ന അത്യന്തം അസ്വാസ്ഥ്യജനകമായ വിപര്യയത്തെ എത്ര അനായാസമായി സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുന്നു.ചിന്തയും നിരീക്ഷണങ്ങളും മൌലികവും സത്യസന്ധവുമാവുമ്പോള്‍ കാവ്യഭാഷയ്ക്ക് അതിന്റെ പാരമ്പര്യത്തോടും വര്‍ത്തമാനത്തോടും എത്രമേല്‍ ഊര്‍ജ്ജസ്വലമായ ജൈവബന്ധം സാധ്യമാവുന്നു എന്നുകൂടി ഈ കവിത തെളിയിച്ചുകാണിക്കുന്നു.
ഇത്തരത്തില്‍ തീര്‍ത്തും സാമൂഹ്യമായ ഉള്ളടക്കംകൊണ്ട് ത്രസിക്കുന്നകവിതകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രമാണ്
കടുത്ത വേനലിലും
വറ്റാത്ത കിണറായിരുന്നു
എത്രവേഗമാണ്
ഒരു ചായക്കപ്പിനോളം
അത് ചെറുതായത്
ചുണ്ടിനും കപ്പിനുമിടയ്ക്ക് വെച്ച്
പൊടുന്നനെ അപ്രത്യക്ഷമായ
ജീവിതത്തെക്കുറിച്ചുള്ള വിലാപം
അയാളെ കവിയാക്കി
എന്നതു പോലുള്ള വൈയക്തികവിഷാദത്തിന്റെ സാന്ദ്രാവിഷ്ക്കാരങ്ങള്‍ കടന്നുവരുന്നത്.
പപ്പുവിന്റെ ഒറ്റയടിയില്‍
കേശവദേവ്
ഓടയില്‍ വീണുരുണ്ടു
കോരന്റെ വാരിക്കുന്തം കൊണ്ടുള്ള
ഒറ്റക്കുത്ത്
തകഴിയെ തകര്‍ത്തു
ഭരതന്റെ ഒറ്റച്ചവിട്ട് മതിയായിരുന്നു
കോവിലനെ വീഴ്ത്താന്‍
മുഷ്ടിയാല്‍ മുഖമടച്ചുള്ള
ഒറ്റത്തൊഴിയില്‍
എം.ടി ഗോവിന്ദന്‍കുട്ടിക്കുമുന്നില്‍
നിലംപരിശായി
രവിയുടെ ഓര്‍ക്കാപ്പുറത്തുള്ള ആക്രമണത്തിലാണ്
വിജയന്‍ പരാജയപ്പെട്ടത്
മുകുന്ദനെ
കഴുത്തിന് പിടിച്ച് മുക്കി
വെള്ളിയാങ്കല്ല് കാട്ടിക്കൊടുത്തു,ദാസന്‍
ഇരുട്ടില്‍ ആളൊഴിഞ്ഞ പള്ളിപ്പറമ്പില്‍ വെച്ച്
മജീദ്
വൈക്കം മുഹമ്മദ്ബഷീറിനെ നേരിട്ടു
ബഹളം കേട്ട് ഓടിക്കൂടിയവര്‍ അന്തംവിട്ടു
ബഷീര്‍ എന്നു തെറ്റിദ്ധരിച്ച്
മജീദ്
തന്നെത്തന്നെ ആഞ്ഞുവെട്ടുകയായിരുന്നു.
എന്നെഴുതിയ ഒരാളുടെ സാഹിത്യഭാവുകത്വത്തിന്റെ സമഗ്രശേഷിക്ക് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല.
പ്രതീതികള്‍ അനുഭവങ്ങളെ അല്ലെങ്കില്‍ പ്രതിബിംബങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കീഴടക്കിയ ഒരു കാലത്തെ കുറിച്ചുള്ള വെറുപ്പും വേദനയും ചിരിയും പരിഹാസവും കലര്‍ന്നുള്ള നിശിതമായ പ്രസ്താവങ്ങളാണ് സോമന്റെ മൊഴികള്‍.അവയെ കവിതയുടെ ഗണത്തില്‍ പെടുത്താന്‍ ആരെങ്കിലും മടിക്കുന്നുവെങ്കില്‍ അവരുടെ കവിതാസങ്കല്പം കാലത്തെ അടയാളപ്പെടുത്തുന്ന കവിതയില്‍ നിന്ന് അനേകകാതം പുറകിലാണെന്നു തന്നെയാണ് അര്‍ത്ഥം.സോമന്റെ വരകളുടെ മൌലികതയെയും ആ മൌലികതയെ സാധ്യമാക്കുന്ന വ്യത്യസ്തമായ സാംസ്കാരികരാഷ്ട്രീയ നിലപാടുകളെയും കുറിച്ച് ഉദാസീനത പുലര്‍ത്തുന്നതിലുമുണ്ട് ഇതുപോലൊരു പിന്‍നില.രേഖകളുടെയും മൊഴികളുടെയും പുസ്തകരൂപത്തിലുള്ള ഈ അവതരണം ആ പിന്‍നിലയില്‍ നിന്ന് മുന്നേറാനുള്ള ശക്തമായൊരു പ്രേരണയായിത്തീരുക തന്നെ ചെയ്യും.ഈ അസാധാരണസമാഹാരത്തിന് അവതാരിക കുറിക്കാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനം തോന്നുന്നുണ്ടെനിക്ക്.
(സോമന്‍ കടലൂരിന്റെ 'രേഖകള്‍/മൊഴികള്‍' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക.)

Friday, July 30, 2010

വായന/കാഴ്ച/വിചാരം

നല്ല ചില കവിതകള്‍ വായിക്കാന്‍ കഴിഞ്ഞ ദിവസമാണിന്ന്.അവയില്‍ വി.ആര്‍.സന്തോഷിന്റെ വഴിക്കടല്‍,വീരാന്‍കുട്ടിയുടെ പാവം(രണ്ടും തോര്‍ച്ച മാസികയുടെ 2010 ജൂണ്‍-ജൂലൈ ലക്കത്തില്‍) എന്നിവയെ കുറിച്ച് ചില കാര്യങ്ങള്‍ എഴുതണമെന്നു തോന്നി.അതുകൊണ്ട് ഈ കുറിപ്പ്.
സന്തോഷിന്റെ കവിത ജീവിതത്തെ ജീവിതവ്യമാക്കുന്ന പ്രാഥമിക പരിസരങ്ങള്‍ പോലും ബഹുഭൂരിപക്ഷത്തിനും ഇല്ലാതാക്കപ്പെടുന്ന പുതിയകാല ലോകപരിതോവസ്ഥയെ കുറിച്ചുള്ള പതിഞ്ഞതും അതേ സമയം അതിതീക്ഷ്ണവുമായ ഒരു കാവ്യാത്മക പ്രസ്താവമാണ്. മാളങ്ങളില്ലാതെ ചതഞ്ഞരയാന്‍ മാത്രമായി പോകുന്ന പാമ്പ്,ആകാശമില്ലാതെ പറന്നു മരിക്കാന്‍ മാത്രമായി പോകുന്ന കിളി,നീര്‍ത്തടം കാണാതെ ചന്തുപൊന്താന്‍ മാത്രമായി പോകുന്ന മീന്‍.ഇങ്ങനെ മരണത്തിലേക്കുള്ള യാത്രമാത്രമാക്കിസ്വജീവിതത്തെ മാറ്റിത്തീര്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരുടെ കൂട്ടത്തില്‍ ഒടുവില്‍ പാവം മനുഷ്യനും(ഞാനും)ചേരുന്നുവെന്ന്,അതായത് മറ്റുജീവികളെല്ലാം അവരുടെ ജീവിതം പോക്കുമ്പോള്‍ മനുഷ്യന്റെ ജീവിതയാത്രയും മരണത്തിലേക്കുള്ള നിസ്സഹായമായ പോക്ക് മാത്രമായി തീരുന്നു എന്ന് കവിത പറയുന്നു.
'ഒന്നുമില്ലാത്തൊരീ ഭൂമിയും വഴിയെടുത്ത് കടലായി മാറട്ടെ' എന്നു മാത്രമേ കവിക്ക് പിന്നെ ആശിക്കാനുള്ളൂ.
ഭൂമിയിലെ ജീവിതം വലിയൊരാഹ്ളാദമായി തീരുന്നത് മനുഷ്യര്‍ക്കും ഇതരജീവജാലങ്ങള്‍ക്കും അവരവരുടെ നിലനില്പ് ആവശ്യപ്പെടുന്ന ജൈവികതയും നൈസര്‍ഗികതയും ജീവിത പരിസരങ്ങളില്‍ നിലനിര്‍ത്താനാവുമ്പോഴാണ്.ലോകം വലിയൊരു ചന്തമാത്രമായിത്തീരുമ്പോള്‍,ഭൂമിയിലെ ജീവിതങ്ങളെയെല്ലാം വലിയൊരളവോളം നിയന്ത്രിക്കുന്ന മനുഷ്യന്റെ ആന്തരികലോകം ഊഷരമായിത്തീരുമ്പോള്‍ എല്ലാ ജീവിതങ്ങളും മരണം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ദയനീതയില്‍ എത്തിച്ചേരുന്നു.അതിന്റെ വേദന അതിശക്തമായി അനുഭവിപ്പിക്കുന്ന ഒന്നായി തോന്നി വി.ആര്‍.സന്തോഷിന്റെ കവിത. ഈ കവിതയ്ക്ക് മറ്റേതോ ഒരു ശീര്‍ഷകമായിരുന്നു വേണ്ടിയിരുന്നത് എന്ന അലോസരം പിടിച്ച തോന്നലും മനസ്സില്‍ തങ്ങിത്തങ്ങി നില്‍പ്പുണ്ട്.
വീരാന്‍കുട്ടിയുടെ കവിത ജീവിതത്തെ കുറിച്ചുള്ള മറ്റൊരു സത്യപ്രസ്താവമാണ്.മനുഷ്യബന്ധങ്ങളില്‍ ,വിശേഷിച്ചും സ്ത്രീപുരുഷ ബന്ധങ്ങളില്‍ ആരംഭത്തില്‍ നിറഞ്ഞു തുളുമ്പുന്ന വെളിച്ചത്തിന്റെ സ്ഥാനം പിന്നെപ്പിന്നെ ഇരുട്ട് കയ്യടക്കുന്നതിനെ കുറിച്ചുള്ളതാണ് കവിത.അടുത്തടുത്തുവെച്ച രണ്ടുവിളക്കുകളില്‍ നിന്ന് വെളിച്ചം തമ്മില്‍ ചേരുന്നതുപോലെ ഒന്നായിത്തീര്‍ന്ന അവസ്ഥയില്‍ നിന്ന് വിളക്കുകള്‍ അണഞ്ഞപ്പോള്‍ ചുറ്റുമുണ്ടായിരുന്ന രണ്ട് ഇരുട്ടുകള്‍ തമ്മില്‍ ചേരുന്നതുപോലുള്ള അവസ്ഥയിലേക്കുള്ള പരിണാമം.ആ പരിണാമത്തിന് ഇരയാവേണ്ടി വരുന്നതിലെ പാവത്തരം നല്ല ഒതുക്കത്തോടെ അവതരിപ്പിച്ചിരുക്കുന്ന കവിതയാണത്.
ലോകത്തെ കുറിച്ചുള്ള സത്യങ്ങള്‍ ഏറ്റവും നന്നായി പറയുമ്പോഴാണ് ഏറ്റവും നല്ല കവിത ഉണ്ടാവുന്നത്.
ഏറ്റവും നന്നാവുക എങ്ങനെയാണെന്ന് ഓരോ കവിതയും അതിന്റേതുമാത്രമായൊരു രൂപത്തില്‍ കാണിച്ചുതരുന്നു.
30/7/10

Thursday, July 29, 2010

ഒരു പക്ഷിയുടെ രഹസ്യം

മല കയറുമ്പോള്‍ എന്റെ കിതപ്പിന്റെ താളം പോലെ
ഒരു പക്ഷിയുടെ കുറുകല്‍ കേട്ടു
ഞാനൊന്നു വീര്‍പ്പയക്കാന്‍ നിന്നപ്പോള്‍
അത് കേള്‍ക്കാതായി
കയറ്റം തുടര്‍ന്നപ്പോള്‍
പിന്നെയും കേട്ടു ആ പഴയ കുറുകല്‍
മലകയറിത്തീരും വരെ
പലകുറി ഇതുതന്നെ ആവര്‍ത്തിച്ചു
പെരുവഴിയിലെത്തിയിട്ടും അതിന്റെ ശബ്ദം
എന്റെ ശ്വാസഗതിയുമായി
ഇട കലരുന്നതുപോലെ തോന്നി
ഏതാണീ പക്ഷി?
എന്താണതിന്റെ ശബ്ദത്തിന്റെ പൊരുള്‍? അറിവുള്ള പലരോടും അന്വേഷിച്ചുനോക്കി
ആരില്‍ നിന്നും ഉറപ്പുള്ളൊരുത്തരം കിട്ടിയില്ല
പക്ഷികളെ കുറിച്ചുള്ള പുസ്തകങ്ങളത്രയും പരതിനോക്കി
ഒന്നില്‍ നിന്നും വ്യക്തമായൊരു വിവരവും കിട്ടിയില്ല
ഊഹങ്ങള്‍ പലതും നടത്തിനോക്കി
ഒന്നും എവിടെയും എത്തിയില്ല
എല്ലാം കഴിഞ്ഞ് ചുങ്ങിച്ചുരുങ്ങിയിരിക്കെ
എങ്ങനെയെന്നറിയില്ല ആ പക്ഷിയുടെ രഹസ്യം
പൊടുന്നനെ എനിക്ക് പിടികിട്ടി
"ഞാന്‍ മരിച്ചുപോവും
പക്ഷേ, നീ കുന്നു കയറുമ്പോള്‍ ഞാനും കുന്നുകയറും
നീ കിതയ്ക്കുമ്പോള്‍ ഞാനും കിതയ്ക്കും
നീ വിയര്‍പ്പാറ്റുമ്പോള്‍ ഞാനും വിയര്‍പ്പാറ്റും
നിന്നില്‍നിന്ന്എന്നെയകറ്റാനുള്ളമന്ത്രം ഹോ,എന്റെഓമനേ,മരണവും മറന്നുപോവും''
ഭൂമിയില്‍ എവിടെയോഎന്നോ ആരോ ആരോടോ ഇങ്ങനെ പറഞ്ഞിരിക്കും
തീര്‍ച്ച.

Monday, July 19, 2010

ആത്മാവിന്‍റെ സ്വന്തം നാട്ടില്‍ നിന്ന്

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന
എന്‍.പ്രഭാകരന്‍
7
ഏഴിമല റെയില്‍വെസ്റേഷന് കുട്ടിക്കാലവുമായി ബന്ധപ്പെട്ടുള്ള എന്റെ ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമു ്.ഈ റെയില്‍വേസ്റേഷനില്‍ നിന്ന് വലിയ ദൂരമില്ല കുഞ്ഞിമംഗലത്തെ മല്ലിയോട്ട്പാലോട്ടുകാവിലേക്ക്.മല്ലിയോട്ട്കാവിലെ വിഷുവിളക്ക് മഹോത്സവം അത്യുത്തരകേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്.മുന്‍കാലങ്ങളില്‍ അതിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം രാത്രിയില്‍ നടക്കുന്ന കഥാപ്രസംഗം,നാടകം തുടങ്ങിയ പരിപാടികളായിരുന്നു.ഓരോ വര്‍ഷത്തെയും ഏറ്റവും മികച്ച പ്രൊഫഷണല്‍ നാടകങ്ങള്‍ കാണാനും ഒന്നാംകിടക്കാരുടെ കഥാപ്രസംഗങ്ങള്‍ കേള്‍ക്കാനുമായൊക്കെയായി പയ്യന്നൂരും പരിസരപ്രദേശങ്ങളും തൊട്ട് പഴയങ്ങാടി വരെയുള്ള ഇടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കനാളുകള്‍ ഉത്സവദിവസങ്ങളില്‍ കാവിലെത്തും.മല്ലിയോട്ടെ ഉത്സവത്തിന് ഒരു രാത്രിയിലെങ്കിലും ഒറ്റയ്ക്ക് പോകാനുള്ള അനുവാദം 11-12 വയസ്സുള്ളപ്പോഴേ എനിക്ക് കിട്ടിയിരുന്നു.ഏഴുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ എട്ടുമണിയോടെ ഞാന്‍ മല്ലിയോട്ടെത്തും.പിന്നെ മൂന്നുനാലുമണിക്കൂര്‍ നേരം ഉത്സവപ്പറമ്പില്‍ ചുറ്റിത്തിരിഞ്ഞു നടപ്പാണ്.ഇടക്ക് ഇത്തിരി നേരം നാടകം കാണുകയോ കഥാപ്രസംഗമാണെങ്കില്‍ പത്തോ പതിനഞ്ചോ മിനട്ടുനേരം അത് കേള്‍ക്കുകയോ ചെയ്യും.നല്ലപോലെ ഉറക്കം പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ നേരെ ഒരു നടത്തമാണ് ഏഴിമല റെയില്‍വേസ്റേഷനിലേക്ക്.ആ ചെറിയ റെയില്‍വേസ്റേഷന്റെ പ്ളാറ്റ് ഫോമില്‍നിറയെ വലിയ ചകരിക്കെട്ടുകള്‍ അട്ടിയിട്ടിട്ടു ാവുമായിരുന്നു .അതില്‍ ഏതെങ്കിലും ഒന്നിനുമേല്‍ പൊത്തിപ്പിടിച്ചു കയറും.അത്ര എളുപ്പമുള്ള പണിയായിരുന്നില്ല അത്. അതിന്റെ പ്രയാസത്തേക്കാള്‍ പലമടങ്ങ് വലുതായിരുന്നു ആരുടെതോ ആയ ആ ചകരിക്കെട്ടുകള്‍ക്കുമേല്‍ അങ്ങനെ കയറുന്നതിനെക്കുറിച്ചുള്ള പേടിയും പരിഭ്രമവും.പക്ഷേ മുകളിലെത്തി ചകരിക്കൂനയില്‍ ശരീരത്തിന്റെ ഭാരം തീര്‍ക്കുന്ന ചെറിയ താഴ്ചയില്‍ പതുങ്ങിക്കിടക്കുമ്പോഴുള്ള സുഖവും സമാധാനവും അപാരം തന്നെയായിരുന്നു.നേരം വെളുക്കുമ്പോഴേക്കും ഒരു ലോക്കല്‍ ട്രയിന്‍ വരും.അതില്‍ കയറിപ്പറ്റിയാല്‍ പത്തോ പതിനഞ്ചോമിനുട്ടുകൊ ് പഴയങ്ങാടി റെയില്‍വെസ്റേഷനിലിറങ്ങാം.പിന്നെ മാടായിപ്പാറ കയറിയിറങ്ങിയാല്‍ വീടായി.
ഏഴിമല റെയില്‍വെസ്റേഷന്റെ പ്ളാറ്റ്ഫോമില്‍ ചകരിക്കെട്ടുകള്‍ ഇല്ലാതായിട്ട് പത്തിരുപത്തഞ്ച് വര്‍ഷമായിക്കാണും.എങ്കിലും തലശ്ശേരിയില്‍ നിന്ന് കാസര്‍ക്കോട്ടേക്കോ മംഗലാപുരത്തേക്കോ ഉള്ള യാത്രക്കിടയില്‍ ട്രെയിന്‍ ആ റെയില്‍ വേസ്റേഷന്‍ പിന്നിടുമ്പോഴെല്ലാം പഴയ ചകരിക്കൂനകള്‍ ഞാന്‍ കാണുന്നു.അപകടത്തില്‍ കയ്യോ കാലോ നഷ്ടപ്പെട്ടവന്റെ മസ്തിഷ്കത്തില്‍ പിന്നെയും കുറേ കാലം ആ അവയവം ഉണ്മയായി നിലനില്‍ക്കുന്നതു പോലെ.
8
തിരിയെ വരാത്തവ
1968 ലെ ഒരു കാമുകഹൃദയം
അതിലെ ആനകേറാമലയിലാളുകേറാമലയി-
ലായിരം കാന്താരി പൂത്തിറങ്ങിയ നട്ടുച്ചകള്‍
നട്ടുച്ചവെയിലിലും പൂനിലാവ് പൂത്ത കൊന്നമരച്ചോട്ടില്‍
'ഞാനിതാ ഈ മരം വിളിച്ചിട്ട് വന്നതാണ് അല്ലാതെ ആരാനുമൊക്കെ ഓരോന്നു പറയുന്നതു പോലെയൊന്നുമല്ല' എന്നു കെര്‍വിച്ചുനിന്ന
ദാവണിക്കാരിയുടെ കണ്ണുകളിലെ കുഞ്ഞുകുഞ്ഞുസൂര്യന്മാര്‍
വസന്തത്തിന്റെ ഇടിമുഴക്കം കേട്ടും
ചരിത്രം തന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്നുറച്ചും
പാതിരയ്ക്ക് വീടുവിട്ടിറങ്ങിയവന്റെ നെഞ്ചിലെ നെരിപ്പോടുകള്‍
അന്നത്തെ കുന്നിന്‍പുറം
കുന്നിനുചുവടെ ആളൊഴിഞ്ഞ വീട്ടില്‍
ഒരേയൊരു സഖാവിന്റെ സുരക്ഷയില്‍ ഒളിച്ചുപാര്‍ത്ത വിപ്ളവകാരി
അന്നത്തെ കാട്ടുമരക്കൊമ്പിലിരുന്നു പാടിയ കിളി
അന്ന് ഭൂമിക്കടിയിലെ വീട്ടിലേക്ക്
പാറ്റച്ചിറകും ചുമന്ന്പോയ ഉറുമ്പുകള്‍
സന്ധ്യക്ക് പാടത്തുനിന്നു മടങ്ങുമ്പോള്‍
അതിരാണിച്ചെടികള്‍ അതിരിടുന്ന തോട്ടിലിറങ്ങി കൈകാല്‍ കഴുകി തളര്‍ച്ചയകറ്റിയ വൃദ്ധകര്‍ഷകന്റെ ജരാനരകളില്‍ തലമുറകളെ കാത്തുനിന്ന വയലോര്‍മകളുടെ വിത്തുകള്‍
അന്നൊരു തെയ്യപ്പറമ്പിലെ കനല്‍ക്കുന്നില്‍ നൂറ്റൊന്നുവട്ടം വീണിട്ടും
നാട്ടുമുഖ്യന്മാര്‍ക്ക് മതിവരാതെ പിന്നെയുമോടിക്കയറി- ക്കുഴഞ്ഞുവീണ് നെഞ്ചുവെന്ത ഒറ്റക്കോലം
എല്ലാവരും പോയി,എല്ലാം പോയി
ഏതോ ഒരു കഥയില്‍,കവിതയില്‍
ചിത്രത്തില്‍ അവരുടെയെല്ലാം ഇത്തിരി നിറവും മണവും
മങ്ങിയ നിഴലാട്ടങ്ങളും ബാക്കിയു ാവാം
കാലം കൈവിട്ടവയെ വരുംകാലത്തേക്ക് കരുതിവെക്കുന്നവര്‍ അവരാണ്
അതെ,കലയുടെ പല ആവശ്യങ്ങളിലൊന്ന്
ഓര്‍മയുടെ അവിദഗ്ധമായ സൂക്ഷിപ്പുതന്നെ.
(2-2-2010)
9
മഹാരാഷ്ട്രയിലെ ഇച്ചല്‍കരഞ്ചിയില്‍ പത്തുപതിനാറ് വര്‍ഷം മുമ്പ്( 1993ലോ 94ലോ)എന്റെ പുലിജന്മം എന്ന നാടകം അവതരിപ്പിച്ചിരുന്നു.ചിത്രകാരനും ശില്പിയുമായ കെ.കെ.ആര്‍ വെങ്ങരയുടെ താല്പര്യത്തിലാണ് ആ അവതരണം നടന്നത്.ഞാനും സംവിധായകനായകെ.പി.ഗോപാലനും നാടകസംഘത്തോടൊപ്പം പോയിരുന്നു.ഗോപാലനും കെ.കെ.ആറുമാണ് നാടകത്തില്‍ കുഞ്ഞാണന്റെയും കുഞ്ഞാമന്റെയും വേഷങ്ങള്‍ ചെയ്തത്. ഇച്ചല്‍കരഞ്ചി ഇന്ത്യയില്‍ ഏറ്റവുമധികം തുണി ഉല്പാദിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ്.രാപ്പകലില്ലാതെ മില്ലുകള്‍ പ്രവര്‍ത്തിച്ചുകൊ യിരിക്കുന്നതുകൊ ് സദാസമയവും മഴ പെയ്യുന്ന ആരവമാണ് നഗരത്തില്‍.തുണി ഉല്പാദനത്തിലെ സമൃദ്ധിയുടെ ചെറിയ ഒരംശം പോലും ഇച്ചല്‍കരഞ്ചിയിലെ സാധാരണജനജീവിതത്തില്‍ കാണാനേ ഉ ായിരുന്നില്ല.കുറഞ്ഞ വേതനത്തില്‍ ഒരുപാടുനേരം പണിയെടുക്കുന്ന പാവം തൊഴിലാളികള്‍ കിട്ടുന്ന കാശില്‍ നല്ലൊരു പങ്കും ചാരായത്തിന് ചെലവഴിക്കും.ഇന്ത്യാ മഹാരാജ്യത്തെ തുണിയുടുപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന ഇച്ചല്‍കരഞ്ചിയിലെ തൊഴിലാളിസ്ത്രീകള്‍ കീറിപ്പറിഞ്ഞ ചേല ചുറ്റിയും പുരുഷന്മാര്‍ കോണകം മാത്രമുടുത്തും മില്ലുകള്‍ ഉപേക്ഷിച്ച മുഷിഞ്ഞപഞ്ഞി തെരുവോരത്ത് കൂട്ടിയിട്ട് തീകത്തിച്ച് തണുപ്പകറ്റുന്നത് രാവിലത്തെ പതിവുകാഴ്ചകളില്‍ ഒന്നായിരുന്നു.
പുലിജന്മം കാണാന്‍ ഇച്ചല്‍കരഞ്ചിയിലെ മലയാളികളുടെ ഭേദപ്പെട്ട ഒരു സദസ്ള് അവിടെ ഒരു ഹാളില്‍ സന്ധ്യയ്ക്കു മുമ്പേ എത്തിയിരുന്നു.ഏഴര മണിയായിക്കാണും നാടകം തുടങ്ങാന്‍.ഒമ്പത് മണിക്ക് നാടകം തീര്‍ന്നു.നാടകക്കാര്‍ മെയ്ക്കപ്പില്‍ നിന്ന് സ്വതന്ത്രരായി രംഗസാമഗ്രികളും മറ്റും അടുക്കിപ്പെറുക്കിവെച്ച് റോഡിലെത്തുമ്പോള്‍ മണി പത്തിനടുത്തായിരുന്നു.അപ്പോള്‍ പൊരിഞ്ഞ ബഹളംനടക്കുകയായിരുന്നു അവിടെ.താന്‍ വരുന്നതുവരെ കാത്തുനില്‍ക്കാതെ നാടകം തുടങ്ങിയതില്‍ രോഷാകുലനായ ഒരു ദാദ റോഡിനു നടുവില്‍ നിന്ന് പുളിച്ച തെറിവിളിച്ച് ആളുകളെ അടിക്കാനായുന്നു.പലരും ചിതറിയോടുന്നു.ദാദയുടെ ശിഷ്യന്മാരെന്നു തോന്നിച്ച ചിലര്‍ അലറുന്ന ശബ്ദത്തില്‍ ആരെയൊക്കെയോ വെല്ലുവിളിക്കുന്നു.അകപ്പാടെ ഭയന്നു വിറച്ചുപോകുന്നഅവസ്ഥ.അന്തം വിട്ട്റോഡരികില്‍ ഒരിടത്ത് മാറിനിന്ന ഞങ്ങളോട് ഒരു മലയാളി സുഹൃത്ത് വന്നു പറഞ്ഞു
ബേജാറാവ .കോലാപ്പൂരേക്ക് വിളിപോയിട്ടു ്.
ഇച്ചല്‍കരഞ്ചിയുടെ അടുത്ത നഗരമാണ് കോലാപ്പൂര്‍.അവിടേക്ക് വിളിപോയതെന്തിനാണെന്ന ഞങ്ങളുടെ സംശയം സുഹൃത്ത് ഉടനടി തീര്‍ത്തുതന്നു:
ഇവനേക്കാള്‍ വലിയൊരു ദാദ കോലാപ്പൂരിലു ്.അവനെത്തിയാലേ ഇവന്‍ അടങ്ങൂ.കുറച്ച് പൈസ ചെലവാകുന്ന കേസാണ്.പക്ഷേ എന്തുചെയ്യാനാണ്.വേറെ നിവൃത്തിയില്ല.
കോലാപ്പൂരിലെ ദാദ വരുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നില്ല.താമസസ്ഥലത്തുപോയി ഭക്ഷണം കഴിച്ച് അധികം വൈകാതെ മടക്കയാത്രക്കായി വാനില്‍കയറി ഇരിക്കുമ്പോഴേക്കും ദാദയു ാക്കിയ ബഹളം ഓര്‍ത്തുംപറഞ്ഞും പിന്നെയും പിന്നെയുംചിരിക്കാനുള്ള വക മാത്രമായി മാറിക്കഴിഞ്ഞിരുന്നു.
എന്റെ 'നാടകാന്തം' എന്ന കഥ ഈ ഇച്ചില്‍ക്കരഞ്ചി അനുഭവത്തില്‍ നിന്ന് ഉ ായതാണ്.

Saturday, July 17, 2010

ആത്മാവിന്‍റെ സ്വന്തം നാട്ടില്‍നിന്ന്

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന

എന്‍.പ്രഭാകരന്‍

nprabhakaranwrite@gmail.com

1

മുമ്പൊരിക്കല്‍ വിശാലമായൊരു കടല്‍ത്തീരത്ത് അരികെയെങ്ങും ആരുമില്ലാതെ തനിച്ചു ഞാന്‍ നില്‍ക്കെ വിചിത്രമായൊരനുഭവമു ായി.നല്ല മഴക്കാറുള്ള സന്ധ്യാസമയമായിരുന്നു അത്.അന്തിമിനുക്കം മാഞ്ഞ് തിരകള്‍ ഇരു ുതുടങ്ങിയിരുന്നു.കാറ്റിന്റെ ബലവേഗങ്ങള്‍ പൌരാണികമായൊരു നിലവിളിയെ അമര്‍ത്തിപ്പിടിച്ചതുപോലെ.അതിപുരാതന കാലത്ത് കടല്‍ക്ഷോഭത്തില്‍ മുങ്ങിപ്പോവുന്ന ഒരു ചെറുദ്വീപിന്റെ ചിത്രം പൊടുന്നനെ ഉള്ളില്‍ ഉയര്‍ന്നുവന്നു.ഇത്തിരിപ്പോന്ന തോണികളിലും ചങ്ങാടങ്ങളിലും മരത്തടികളിലുമൊക്കെയായി മരണവെപ്രാളത്തോടെ രക്ഷപ്പെടുന്ന നൂറുകണക്കിന് മനുഷ്യരെ വളരെ അരികെയായി ഞാന്‍ ക ു.അവരെല്ലാം ഗ്രീക്കുകാരാണെന്ന് എങ്ങനെയോ ഞാന്‍ തിരിച്ചറിഞ്ഞു.കൂട്ടത്തില്‍ കറുത്തുണങ്ങിയ മെലിഞ്ഞ ശരീരവും കുഞ്ഞുമുഖവുമായി കൂനിക്കൂനി നടക്കുന്ന ഒരു പടുവൃദ്ധനുമു ായിരുന്നു.എന്റെ എത്രയോ തലമുറ മുമ്പുള്ള അച്ചാച്ചന്റെ അച്ചാച്ചനാണതെന്ന കാര്യത്തില്‍ എനിക്കപ്പോള്‍ സംശയമേ തോന്നിയില്ല.അതിവിദൂരമായ ഭൂതകാലത്തിന്റെ തണുത്തവിറക്കുന്ന സ്പര്‍ശത്തില്‍ എനിക്ക് കരച്ചില്‍ വന്നു.

2

നിങ്ങള്‍ എഴുതുന്നത് ഉറൂബിനെപ്പോലെയാണെന്നോ പൊറ്റെക്കാടിനെപ്പോലെയാണെന്നോ ബഷീറിനെപ്പോലെയാണെന്നു പോലുമോ പറഞ്ഞാല്‍ എനിക്ക് ഞാന്‍ അപമാനിതനായതുപോലെയേ തോന്നൂ.നിങ്ങളുടെ എഴുത്ത് ദസ്തയേവ്സ്കിയെ ഓര്‍മിപ്പിക്കുന്നു എന്നോ ബോര്‍ഹസ്സിനെ ഓര്‍മിപ്പിക്കുന്നു എന്നോ പറഞ്ഞാലും എന്റെ പ്രതികരണം വ്യത്യസ്തമാവില്ല.എനിക്ക് മറ്റാരും ആകേ .യഥാര്‍ത്ഥത്തില്‍ ഞാന്‍ പോലും ആകേ .എനിക്ക് ധാരാളമായി എഴുതണം.എഴുതുന്നവ അച്ചടിച്ചുകിട്ടണം.ആളുകള്‍ അവ വായിക്കണം.അഞ്ചോ പത്തോ ആളുകളെങ്കിലും യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം.അത്രയേ ഉള്ളൂ.

3

'ഭൂതപ്രേതാദികള്‍ ധാരാളമായുള്ള ഒരു നാട്ടിന്‍പുറം.'കവി ദിവാകരന്‍ വിഷ്ണുമംഗലവുമായുള്ള നര്‍മമധുരമായൊരു ഫോണ്‍സംഭാഷണത്തിനുശേഷം എന്തോ ഒക്കെ ആലോചിച്ചുനടക്കുമ്പോഴാണ് ഈ വാക്യം ഉള്ളില്‍ വന്നുവീണത്.ഞങ്ങളുടെ സംസാരം ഏതെങ്കിലും ക്ഷുദ്രമായികജീവികളെ കുറിച്ചായിരുന്നില്ല.ദിവാകരന് അത്തരം ജീവികളുമായി എന്തെങ്കിലും ബന്ധമുള്ളതായും അറിവില്ല.എന്നിട്ടും എന്തുകൊ ് ഇങ്ങനെയൊരു.....?എന്തായാലും, താനേ വന്നുകയറിയ ആ വാക്യം കഥയെഴുതാനുള്ള തീക്ഷ്ണപ്രേരണയായി മാറാന്‍ താമസമു ായില്ല.'ഭൂതപ്രേതാദികള്‍ ധാരാളമായുള്ള...'എന്നു തന്നെ ആരംഭിക്കുന്ന ഒരു കഥ താരതമ്യേന വളരെ ചുരുങ്ങിയ സമയം കൊ ു ഞാന്‍ എഴുതിത്തീര്‍ത്തു.എന്തതിശയമേ! ചിലപ്പോള്‍ ഇങ്ങനെയും കഥയു ാവുന്നു.അവിചാരിതമായി ഉള്ളില്‍ ഉണ്മ നേടുന്ന ഒരു വാക്യം അത്ഭുതപ്പെടുത്തുന്ന വേഗത്തില്‍ കഥയോ കവിതയോ ആയി വളരുന്നു.നിനച്ചിരിക്കാത്ത ചില സന്ദര്‍ഭങ്ങളില്‍ എന്റെ ഭാഷ എനിക്കു നല്‍കുന്ന നിര്‍ദ്ദേശത്തെ ഞാന്‍ അപ്പാടെ അനുസരിക്കുന്നു.

4

പല്ല്

കേട് വന്ന ആ പല്ല് എന്റെ താഴത്തെ മോണയില്‍ നിന്ന് പിഴുതെടുക്കാന്‍

ദന്തഡോക്ടറുടെ കൊടിലുകള്‍

കുറച്ചൊന്നുമല്ല പണിപ്പെട്ടത്

ചോര കിനിയുന്ന ചെറുകുഴിയില്‍ നിന്നെടുത്തുയര്‍ത്തി

അതിന്റെ കീഴറ്റം കാണിച്ചു തന്നപ്പോള്‍

വല്ലാത്ത സങ്കടം തോന്നി

വേ ായിരുന്നു,ഇത്ര തിടുക്കപ്പെട്ടിതുവേ ായിരുന്നു

പറിച്ചെടുത്ത ആ പല്ലിന്റെ പത്തമ്പതു വര്‍ഷക്കാലത്തെ

സേവനനിരതമായ അസ്തിത്വത്തിന് സംഭവിച്ച

അപമാനകരമായ അന്ത്യം

അപാരമായൊരു ശൂന്യതയുടെ ഗര്‍ത്തമായി

മറ്റെന്തെക്കൊയോ നഷ്ടങ്ങളുടെയും

നീതികേടുകളുടെയും അപമാനങ്ങളുടെയും

ചോരയാല്‍ നിറഞ്ഞുകവിഞ്ഞു

കുരിശേറ്റപ്പെട്ട നിരപരാധിയുടേതു പോലെ

അതിന്റെ രൂപം അവസാനനാള്‍ വരെയും

എന്നെ വേട്ടയാടുമെന്ന് അന്നേരത്ത്

എങ്ങനെയോ എനിക്കുറപ്പായി.

(20-11-2009)

5

ആദ്യം എം.എസ്.പിയിലും പിന്നീട് സി.ആര്‍.പിയിലും ഒടുവില്‍ കേരളാ പോലീസിലും ജോലി ചെയ്ത് വിരമിച്ച സുഹത്താണ് അങ്കമാലിക്കാരനായ ചന്ദ്രന്‍. 1971-72 കാലത്ത് കണ്ണൂര്‍ജില്ലയിലെ പഴയങ്ങാടി പോലീസ്സ്റേഷനോടുചേര്‍ന്ന് കുറച്ചുകാലം ഒരു സി.ആര്‍.പി ക്യാമ്പ് ഉ ായിരുന്നു.ദിവസവും വൈകുന്നേരം ആ ക്യാമ്പില്‍ നിന്ന് എരിപുരം പബ്ളിക്ക് ലൈബ്രറിയില്‍ വന്ന് പുസ്തകം എടുത്തിരുന്നു ചന്ദ്രന്‍.ഞാനും ആ ലൈബ്രറിയിലെ പതിവുകാരനായിരുന്നു അന്ന്.വായനയുടെ വഴിയില്‍ ക ുമുട്ടിയ ഞങ്ങള്‍ വളരെ വേഗം അടുത്ത സുഹൃത്തുക്കളായി.ചന്ദന്‍ പിന്നീട് കല്‍ക്കത്തയിലേക്ക് സ്ഥലം മാറിപ്പോയി.യുവാവായ ആ സി.ആര്‍.പി ക്കാരന്‍ 'വിലക്കു വാങ്ങാ'മിലൂടെ മാത്രം താന്‍ പരിചയിച്ച ബിമല്‍മിത്രയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തു ചെന്ന് ക ു.അടുത്ത തവണ ലീവില്‍ വന്നപ്പോള്‍ എരിപുരത്തുവന്ന് ആ മഹാസംഭവം വളരെ ആവേശത്തോടെ എന്നോട് പറഞ്ഞു.

ഏതാ ് കാല്‍നൂറ്റാ ു കാലത്തെ ഇടവേളക്കുശേഷം ഈയിടെ ചന്ദ്രനെ ഞാന്‍ വീ ും ക ു.അയാളുടെ മകളും മകനും വിവാഹിതരായി അവര്‍ക്കു കുട്ടികളായിരിക്കുന്നു.ചന്ദ്രന്‍ ഇപ്പോള്‍ മാങ്ങാട്ടു പറമ്പിനു സമീപത്തെ പാളിയത്ത് വളപ്പ് എന്ന സ്ഥലത്ത് ഒരു വീടും പറമ്പും വാങ്ങി ഭാര്യയോടൊപ്പം സ്വസ്ഥമായി ജീവിക്കുന്നു.പ ് ആധുനികസാഹിത്യം വായിച്ച് അസ്തിത്വവ്യഥയില്‍ പുകഞ്ഞു നടന്നിരുന്ന ആ പഴയ ചെറുപ്പക്കാരന്റേതെന്നു പറയാവുന്ന വളരെ കുറച്ച് സംഗതികളേ ഇന്ന് ചന്ദ്രനില്‍ അവശേഷിക്കുന്നുള്ളൂ.അയാള്‍ ഇപ്പോള്‍ അധികമൊന്നും വായിക്കാറില്ല.പുസ്തകങ്ങളെ അങ്ങോട്ടു തേടിച്ചെല്ലുന്ന സ്വഭാവം മിക്കവാറും ഇല്ലാതായിരിക്കുന്നു.

പലതും പറയുന്ന കൂട്ടത്തില്‍ ചന്ദ്രനോട് 'പഴയ ആ ഭ്രാന്തമായ പുസ്തക വായന കൊ ് ജീവിതത്തില്‍ എന്തെങ്കിലും നേട്ടമു ായതായി തോന്നുന്നു ാ?' എന്നു ഞാന്‍ ചോദിച്ചു.'തീര്‍ച്ചയായും' ചന്ദ്രന്‍ പറഞ്ഞു "സാഹിത്യത്തിന്റെ സ്വാധീനം പല തലത്തിലല്ലേ.മോശം സ്വാധീനവും നല്ല സ്വാധീനവുമൊക്കെ ഉ ാവും.എന്നാലും മൊത്തത്തില്‍ തോന്നുന്നത് സാഹിത്യം എന്നെ ഒരു പാട് സഹായിച്ചിട്ടു ന്നു തന്നെയാണ്.ജീവിതത്തില്‍ വളരെ വിഷമം പിടിച്ച എത്രയോ അനുഭവങ്ങളു ായിട്ടു ്.അപ്പോഴെല്ലാം 'ഓ,ജീവിതമല്ലേ ഇതൊക്കെ ഞാന്‍ പ്രതീക്ഷിക്കണം' എന്നൊരു ബലം മനസ്സിന് ഉ ാക്കി തന്നത് സാഹിത്യം തന്നെയാണ്.എന്റെ കാര്യത്തില്‍ എന്തായാലും സാഹിത്യം കൊ ് അങ്ങനെയൊരു പ്രയോജനമു ായിട്ടു ്.

6

ഞാന്‍ ആദ്യമായി ബന്ധപ്പെട്ട സാഹിത്യക്കൂട്ടായ്മയുടെ നേതൃത്വം കൌമാരപ്രായക്കാരും യുവാക്കളുമൊക്കെയായ കോണ്‍ഗ്രസ്സുകാര്‍ക്കായിരുന്നു.മുമ്പ് കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശമിത്രം വാരികയുടെ പോഷകസംഘടനയായ ദേശമിത്രം സാഹിത്യസമിതിയുടെ പ്രവര്‍ത്തകരായിരുന്നു അവര്‍.അക്കാലത്ത് ദേശമിത്രത്തില്‍ തുടര്‍ച്ചയായി എഴുതിക്കൊ ിരുന്ന ഒട്ടുമിക്ക ആളുകളില്‍ നിന്നും പില്‍ക്കാലത്ത് മലയാളസാഹിത്യത്തിന് കാര്യമായ സംഭാവനകളൊന്നും ലഭിച്ചില്ലെന്നത് സത്യമാണ്.എങ്കിലും ഒരു കാര്യം ഞാന്‍ സംശയരഹിതമായി സാക്ഷ്യപ്പെടുത്തും.സാഹിത്യത്തെ വളരെ ആഴത്തില്‍ സ്നേഹിച്ചവരായിരുന്നു പഴയ ദേശമിത്രക്കാര്‍.ടാഗൂര്‍കഥകളും പ്രേംചന്ദിന്റെ നോവലുകളും ജിയുടെയും പിയുടെയും കവിതകളും ചര്‍ച്ച ചെയ്യുമ്പോള്‍ അവനവന്റെ ആത്മാവ് ഉള്ളം കയ്യിലെടുക്കുന്ന വെമ്പലുണ്ടായിരുന്നു അവര്‍ക്ക്.സാഹിത്യവുമായി കഴിഞ്ഞ പത്തുനാല്പത്തഞ്ചു വര്‍ഷമായി നിലനിര്‍ത്തിപ്പോരുന്ന തീവ്രാനുരാഗത്തിന് ഞാന്‍ ആദ്യമായും കടപ്പെട്ടിരിക്കുന്നത് ആ കൂട്ടായ്മയോടാണ്. രാഷ്ട്രീയവുമായി സാഹിത്യത്തെ ബന്ധിപ്പിക്കുന്നതില്‍ ദേശമിത്രക്കാര്‍ കടുത്ത വിപരീത നിലപാടാണ് സ്വീകരിച്ചിരുന്നത്.അവര്‍ക്ക് പക്ഷേ രാഷ്ട്രീയത്തോട് മൊത്തമായ വിരോധമൊന്നുമു ായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് പുരോഗമനസാഹിത്യത്തോടും കമ്യൂണിസ്റുകാരോടുമൊക്കെയുള്ള വളരെ നിലവാരം കുറഞ്ഞ ശത്രുതതന്നെയായിരുന്നു.മിക്കവാറും നാട്ടിന്‍പുറത്തെ നുണപറച്ചിലിന്റെ രീതിയിലായിരുന്നു അവരുടെ എല്ലാ രാഷ്ട്രീയവിമര്‍ശനങ്ങളും.ആ ഒരു കാരണം കൊ ുകൂടിയാകാം ഞാന്‍ വളരെ വേഗം ആ കൂട്ടായ്മക്കുപുറത്തുകടന്നു.അത് എത്രയോ നന്നായി എന്നു മാത്രമേ പിന്നീടെനിക്ക് തോന്നിയിട്ടുള്ളൂ.അന്ധമായ കമ്യൂണിസ്റ് വിരോധം അന്ധമായ കമ്യൂണിസ്റ് വിധേയത്വത്തേക്കാള്‍ ഒരു മടങ്ങ് കൂടുതലെങ്കിലും ജീര്‍ണമാണ്.