Pages

Wednesday, May 30, 2012

വായനയിലെ സ്വാതന്ത്ര്യം

എഴുതുന്നയാളുടെ സര്‍ഗാത്മകാവിഷ്ക്കാരമായി എഴുത്ത് നമ്മുടെ മുന്നിലുണ്ട്. വായനക്കാരന്റെ സര്‍ഗാത്മകതയ്ക്ക് അങ്ങനെ വല്ല തെളിവുമുണ്ടോ?എഴുതുന്നയാള്‍ക്ക് പ്രശസ്തിയും പ്രതിഫലവും ലഭിക്കുന്നുണ്ട്.വായിക്കുന്നവര്‍ക്കോ?എന്തും പ്രത്യക്ഷമായ പ്രയോജനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മനസ്സിലാക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയില്‍ 'എന്തിന് വെറുതെ വായിച്ച് നേരം കളയുന്നു?'എന്ന ചോദ്യം വളരെ സ്വാഭാവികമാണ്.ഈ ചോദ്യം ചോദ്യം ചോദിക്കുന്നവര്‍ക്ക് നേരില്‍ കാണാനാവാത്ത         തും ഏത് വിശദീകരണത്തിനു ശേഷവും ബോധ്യം വരാനിടയില്ലാത്തതുമായ പ്രയോജനമാണ് വായനയ്ക്കുള്ളത്.
ചെറുപ്പം മുതല്‍ക്കേ പുസ്തകവായന ആരംഭിക്കുകയും ഇപ്പോഴും ആദ്യകാലത്തെ ആവേശത്തോടെ തന്നെ അത് തുടരുകയും ചെയ്യുന്ന ഞാന്‍ 'എന്തിന് വായിക്കുന്നു?'എന്ന ചോദ്യം എന്നോടു തന്നെ ഇതേ വരെ ഗൌരവമായി ചോദിച്ചിട്ടില്ല.ചില കാര്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാതെയും ഉത്തരങ്ങള്‍ തിരയാതെയും നമുക്ക് സ്വയമായിത്തന്നെ ബോധ്യം വരാറുണ്ട്.വായനയുടെ ആവശ്യകതഎന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു സംഗതിയാണ്.
വളരെ സ്വതന്ത്രമായി നിര്‍വഹിക്കപ്പെടേണ്ടുന്ന ഒരു പ്രവൃത്തിയാണ് വായന.മുന്‍ധാരണകളും ശാഠ്യങ്ങളും മനസ്സില്‍ മറ തീര്‍ക്കാത്ത അവസ്ഥയില്‍ മാത്രമേ വായനക്കാര്‍ക്ക് സ്വാതന്ത്യ്രബോധത്തോടെ കൃതിയിലേക്ക് കടന്നു ചെല്ലാനാവൂ.ശിശുതുല്യമായ നിഷ്ക്കളങ്കതയോടെ വേണം വായന നിര്‍വഹിക്കാന്‍ എന്ന് പറയുകയല്ല.മറിച്ച് പല തെറ്റിദ്ധാരണകളിലും വീണുപോകാതെ സ്വയം രക്ഷിക്കാനുള്ള കരുതല്‍ കൂടി ഉണ്ടായാലേ വായന സ്വതന്ത്രമാകൂ എന്നതാണ് സത്യം.
സാഹിതീയ ഭാവുകത്വത്തിന്റെ പൊതുപരിസരവും എഴുത്തുകാരുടെ ചിഹ്നമൂല്യവും വളരെ സംശുദ്ധവും നിഷ്പക്ഷവും നീതിപൂര്‍വകവുമായ രീതിയില്‍ താനേ രൂപം കൊള്ളുന്നവയല്ല.സാഹിത്യത്തില്‍ എല്ലാ കാലത്തും പല ശക്തികേന്ദ്രങ്ങളും അധികാരസ്ഥാപനങ്ങളും നിലനിന്നിട്ടുണ്ട്.സൌന്ദര്യസങ്കല്പങ്ങളുടെ നിര്‍മാണം മുതല്‍ എഴുത്തിന്റെ മൂല്യനിര്‍ണയവും എഴുത്തുകാര്‍ക്ക് ലഭിക്കേണ്ടുന്ന സാമൂഹ്യാംഗീകാരവും വരെയുള്ള കാര്യങ്ങളിലെല്ലാം അവ ഇടപെടാറുമുണ്ട്.ഓരോ കാലത്തെയും മികച്ച എഴുത്തുകാര്‍ ഇതിനെയെല്ലാം മറികടന്ന് മികച്ച വായനക്കാരുമായി ആത്മബന്ധം സ്ഥാപിക്കാറുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന വായനക്കാര്‍ക്കും തങ്ങളുടെ ഭാവുകത്വത്തെ കുറിച്ചും മൂല്യനിര്‍ണയനത്തെ കുറിച്ചും വലിയ ആത്മവിശ്വാസമുണ്ടാവാറില്ല.ഒരു കൃതിയെ കുറിച്ച് അഭിപ്രായം രൂപീകരിക്കാനുള്ള തങ്ങളുടെ അര്‍ഹതയെക്കുറിച്ചു തന്നെ അവര്‍ പലപ്പോഴും സംശയാലുക്കളായിരിക്കും.വായനയെ കുറിച്ചുള്ള ആശയങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത് അത്തരക്കാരെ  തീര്‍ച്ചയായും സഹായിക്കും.
അവരെ കൂടി മുന്നില്‍ കണ്ടുകൊണ്ട് ചില പ്രാഥമിക വസ്തുതകള്‍ അല്പവും വളച്ചുകെട്ടില്ലാതെ അക്കമിട്ടു പറയാം.
1. പുസ്തകങ്ങളെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം വായിക്കുന്ന ആള്‍ സ്വന്തം നിലക്ക് നിര്‍വഹിക്കേണ്ടതാണ്.ഇക്കാര്യത്തില്‍ മറ്റാരുടെയും അധികാരം അനുവദിച്ചുകൊടുക്കരുത്. അതേ സമയം സ്വന്തം ഭാവുകത്വം പുതിയകാല എഴുത്തിന് വളരെ പുറകില്‍ എവിടെയോ ചലന ശേഷിയറ്റ് നിന്നുപോയിട്ടില്ല എന്ന് വായനക്കാരന്‍/വായനക്കാരി ഉറപ്പ് വരുത്തണം.ലോകം മാറുന്നു,ജീവിതം മാറുന്നു,സ്വാഭാവികമായും സാഹിത്യവും മാറിയേ തീരു.ഒരു ചരിത്രഘട്ടത്തില്‍ വളരെ ശക്തവും സത്യസന്ധവും സുന്ദരവുമായി അനുഭവപ്പെടുന്ന എഴുത്തുരീതി മറ്റൊരു ഘട്ടത്തിലെ മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുന്നതിന് അല്പവും അനുയോജ്യമാകണമെന്നില്ല.
2 അഭിരുചിക്ക് ഒരിക്കലും ശാഠ്യത്തിന്റെ സ്വഭാവം വന്നുപോകരുത്.അങ്ങനെ സംഭവിച്ചാല്‍ നഷ്ടം വായിക്കുന്ന ആള്‍ക്ക് തന്നെയായിരിക്കും.
3.സര്‍ഗാത്മകതയുടെ ലോകം വൈവിധ്യത്തിന്റെ ലോകമാണെന്നും അങ്ങനെ അല്ലാതായിത്തീര്‍ന്നാല്‍ അത് നിലനില്‍ക്കില്ലെന്നുമുള്ള വാസ്തവം അംഗീകരിക്കുക.വൈവിധ്യങ്ങളെ ആകാവുന്നത്ര അടുത്തറിയാന്‍ ശ്രമിക്കുക.
4.മഹത്തായ രചനകള്‍ എന്ന് മറ്റുള്ളവര്‍ കൊണ്ടാടുന്ന കൃതികളെ മുഴുവന്‍ നെഞ്ചേറ്റി നടക്കാനുള്ള ബാധ്യത വായിക്കുന്ന ആള്‍ക്കില്ല.എഴുതിയ ആളുടെ മനോഘടന,രാഷ്ട്രീയം,ജീവിതദര്‍ശനം ഇവയുമായൊന്നും ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ലെങ്കില്‍ അയാളുടെ എഴുത്തുമായി ആത്മബന്ധം സ്ഥാപിക്കാന്‍ ഒരു വായനക്കാരനും/വായനക്കാരിക്കും കഴിയില്ല.അത് സ്വാഭാവികം മാത്രമാണ്.
5.ലോകത്തിലെ എല്ലാ കൃതികളും എല്ലാവര്‍ക്കും സമ്പൂര്‍ണമായി മനസ്സിലായിക്കൊള്ളണമെന്നില്ല.കൃതി രൂപം കൊണ്ട ഭാഷയെ നിലനിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംസ്കാരത്തിന്റെ എല്ലാ അടരുകളെ കുറിച്ചും കൃത്യമായി അറിയുന്ന ആള്‍ക്ക് മാത്രമേ കൃതിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവൂ.മാതൃഭാഷയ്ക്ക് പുറത്തുള്ള ഏത് ഭാഷയില്‍ എഴുതപ്പെടുന്ന കൃതിയിലെയും ഏതാനും അംശങ്ങളെങ്കിലും നമുക്ക് മനസ്സിലാക്കാന്‍ പറ്റാതെ വരാം.പ്രാദേശിക സംസ്കാരത്തിലെ ഭൌതികവും ആത്മീയവുമായ വിശദാംശങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കൃതികള്‍,സ്വപ്നങ്ങളും അബോധ വ്യാപാരങ്ങളും ഉള്ളടക്കത്തിലെ നിര്‍ണായക ഘടകങ്ങളായി വരുന്ന കൃതികള്‍ ഇവയൊക്കെ വായനയില്‍ അനേകം അതാര്യസ്ഥലങ്ങള്‍ അവശേഷിപ്പിച്ചേക്കാം.അതില്‍ അമ്പരക്കേണ്ട കാര്യമില്ല.
6.എന്തെങ്കിലും പ്രത്യേകലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള വായന സാഹിത്യവായനയല്ല.പാചകപുസ്തകങ്ങളും ജീവിതവിജയം പഠിപ്പിക്കുന്ന പുസ്തകങ്ങളും വായിക്കുമ്പോഴുള്ള മനോഭാവവുമായി ഒരു നോവലിനെയോ കവിതയേയോ നാടകത്തെയോ സമീപിക്കരുത്.സാഹിത്യകൃതികളുടെ വായന ജീവിതത്തിന്റെ ഭാഗം തന്നെയാവണം.അത് ശ്വാസോച്ഛ്വാസം പോലുള്ള സ്വാഭാവികാവശ്യമായി അനുഭവപ്പെടണം.അതിനപ്പുറത്ത് പൂര്‍വനിശ്ചിതമായ മറ്റ് ലക്ഷ്യങ്ങളൊന്നും ആവശ്യമില്ല.
7.വായനയില്‍ എല്ലാവര്‍ക്കും ഒരേ വേഗത സാധ്യമല്ല.വേഗത ഒരു പരിഗണനയായിത്തന്നെ വരാന്‍ പാടില്ല.ഓരോരുത്തരും അവനവന്റെ രീതിയില്‍ അവനവന്റെ വേഗതയില്‍ വായിക്കുക
8.സ്വന്തം ഭാഷയില്‍ നാളതുവരെ ഉണ്ടായ കൃതികള്‍ പൊതുബോധത്തില്‍ സൃഷ്ടിച്ച സാഹിത്യസങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ജനതയും ആ ഭാഷയില്‍ പുതുതായി ഉണ്ടാവുന്ന ഓരോ കൃതിയുടെയും പദവിയും പ്രാധാന്യവും നിശ്ചയിക്കുന്നത്. ഭാവുകത്വത്തിന്റെ തലത്തില്‍ വളരെ ഉയര്‍ന്നതോ വ്യത്സ്തമോ ആയ തലത്തില്‍ നില്‍ക്കുന്ന മറ്റൊരു ഭാഷയിലെ വായനക്കാര്‍ക്ക് അത്തരം നിശ്ചയങ്ങള്‍ പങ്കുവെക്കാനാവില്ല.ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നും പരിഭാഷയായി മലയാളത്തിലെത്തുന്ന പല കൃതികളും ഭേദപ്പെട്ട സാഹിത്യപരിചയമുള്ള ഒരു മലയാളി വായനക്കാരനെ അല്പവും ആകര്‍ഷിച്ചില്ലെന്നു വരാം.
9.ഒരു ഭാഷയിലെ തന്നെ വായനക്കാര്‍ പല നിലവാരത്തിലുള്ളവരാണ്.പൊതുസമ്മതമായ ഒരു മൂല്യനിര്‍ണയനം ഒരു കൃതിയുടെയും കാര്യത്തില്‍ സാധ്യമല്ല.ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ എന്ന് കരുതപ്പെടുന്ന വായനക്കാര്‍ക്കിടയില്‍ത്തന്നെ അഭിരുചിയുടെ പല സൂക്ഷ്മാംശങ്ങളിലും വലിയ അന്തരമുണ്ടാവാം.ഈ വ്യത്യാസങ്ങളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട് ചില കൃതികള്‍ കാലക്രമേണ പൊതുസമ്മതി കൈവരിക്കും.ഒരു ജനതയുടെ വളരെ അടിസ്ഥാനപരമായ പല മാനസികാവശ്യങ്ങളെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തവയാവും അത്തരം കൃതികള്‍.
10.വിപുലമായ പാണ്ഡിത്യവും അപഗ്രഥന വൈഭവുമൊന്നും സാഹിത്യകൃതികളുടെ ആസ്വാദനത്തില്‍ ഒരാളെ സഹായിക്കണമെന്നില്ല.ബുദ്ധിയുടെയും ഭാവനയുടെയും അനുഭൂതിയുടെയും തലങ്ങളില്‍ കൃതി നല്‍കുന്ന സാധ്യതകള്‍ കണ്ടെത്താന്‍ മനസ്സിന്റെ മറ്റു ചില കഴിവുകളാണ് ആവശ്യം.ബുദ്ധിജീവികള്‍ എന്ന് ന്യായമായിത്തന്നെ അംഗീകരിക്കപ്പെടുന്ന എല്ലാവര്‍ക്കും ഈ കഴിവുകള്‍ ഉണ്ടായിക്കരിക്കുമെന്ന് കരുതരുത്.
11.ഒരു കാലത്ത് വളരെ നന്നായി എഴുതിയ ഒരാള്‍ പല ദശകങ്ങളായി ഭേദപ്പെട്ട യാതൊന്നും എഴുതുന്നില്ല വരാം.എങ്കിലും മറ്റു പല പരിഗണനകളും വെച്ച് രാഷ്ട്രീയക്കാരും സാഹിത്യം എന്തോ ഉപജാപവൃത്തിയാണ് എന്ന് കരുതുന്നവരും അവരെ കൊണ്ടാടിയേക്കാം.മിക്ക രാഷ്ട്രീയക്കാര്‍ക്കും സാഹിത്യലോകത്തില്‍ നിന്ന് ആവശ്യമുള്ളത് സൌകര്യപ്രദമായി എഴുന്നള്ളിച്ചു നടക്കാന്‍ പറ്റുന്ന ചില ബിംബങ്ങളാണ്.വായന എന്ന ജോലി അപ്പാടെ ഒഴിവാക്കിയും  എഴുന്നള്ളിപ്പില്‍ അവര്‍ വലിയ ഉത്സാഹം കാണിക്കും.വായനക്കാരുടെ ലക്ഷ്യം വായനയിലൂടെ കൈവരുന്ന പുതിയ ഉണര്‍വുകളും ആഹ്ളാദങ്ങളുമാണ്.ജീവനുള്ള കൃതികളില്‍ നിന്നേ അവര്‍ക്കത് കൈവരൂ.ബിംബങ്ങളുടെ സൌമനസ്യവും അനുഗ്രഹവും തേടുന്ന വിഡ്ഡിപ്പണി രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തു കൊള്ളട്ടെ.

മാതൃകാന്വേഷി മാസിക(ചെന്നൈ),മെയ് 2012
   

Monday, May 28, 2012

കവിതാഡയറി

48
നീതിമാന്റെ രക്തം തെരുവില്‍ കിടന്ന് നിലവിളിക്കേ
സമസ്തദു:ഖിതരുടെയും കണ്ണുനീരുകൊണ്ട്
കയ്യും കാലും മുഖവും കഴുകി
കാവ്യദേവതയെ പൂജിക്കാനിരിക്കുന്നവരെ നോക്കി
ആത്മഹര്‍ഷംകൊണ്ടുന്മത്തനായ കൊലയാളി പറയും:
എത്രയുജ്ജ്വലം,എത്രമേലുദാത്തമായ ചിത്തവൃത്തി
എത്ര മാതൃകാപരമായ മഹാമൌനം.
28-5-2012

Sunday, May 27, 2012

കവിതാഡയറി

47
നാളെയെ കുറിച്ചുള്ള
ആശങ്കകളാല്‍
ഇന്നത്തെ കുറ്റവാളിക്ക്
ഒളിത്താവളം തീര്‍ക്കരുത്.
27-5-2012
   
    .

കവിതാഡയറി

46
ഓഷ്വിറ്റ്സിനെ കുറിച്ച് പ്രസംഗിക്കുന്നത്
ഒഞ്ചിയത്തെ മറക്കാനാകരുത്.
27-5-2012

Friday, May 25, 2012

വേണം പുതിയൊരു രാഷ്ട്രീയ സംസ്കാരം

സഖാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സൃഷ്ടിച്ച ആഘാത്തില്‍ നിന്ന് കേരളം അത്ര വേഗത്തിലൊന്നും കര കയറുകയില്ല. സ്വന്തം പ്രദേശത്തെ ജനങ്ങള്‍ക്ക് അങ്ങേയറ്റം പ്രിയംകരനായ ഒരു നേതാവിനെ അദ്ദേഹം ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ തന്റെ രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കുകയും എല്ലാ ജനാധിപത്യമര്യാദകളും പാലിച്ച് ജനങ്ങള്‍ക്കിടയില്‍ നിര്‍ഭയനായി,നിരായുധനായി ജീവിച്ചു വരികയും ചെയ്യുന്നതിനിടയില്‍ ഒരു പ്രകോപനവുമില്ലാതെ ക്വട്ടേഷന്‍ സംഘത്തെ അയച്ച് കൊല ചെയ്തതിന്റെ യുക്തി ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതാണ്.കണ്ണൂര്‍ ജില്ലയില്‍ രണ്ടുമൂന്ന് ദശകങ്ങളായി മാര്‍ക്സിസ്റ് പാര്‍ട്ടിയും എതിരാളികളും തമ്മില്‍ നടന്നുവരുന്ന സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും ഗണത്തില്‍ പെടുന്ന സംഭവമല്ല ഇത്.അത്തരം സംഭവങ്ങളില്‍ തികച്ചും നിരപരാധികളായ ആളുകള്‍ കൊല്ലപ്പെട്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ പൊതുവേ പങ്കെടുത്തുപോന്നത് ഇരുവിഭാഗവും ആക്രമണത്തിന്നായി പ്രത്യേകം നിയോഗിച്ച ആളുകളായിരുന്നു.ആസൂത്രിതമായ ആ രാഷ്ട്രീയ പകരം വീട്ടലുകളില്‍ ഓരോന്നിനും മുന്നിലും പിന്നിലും ചെറുതും വലുതുമായ മറ്റ് സംഘട്ടനങ്ങളുണ്ടായിരുന്നു.ഓരോ ഭീകരാക്രമണവും കൊലപാതകവും ജനങ്ങളെ ഞെട്ടിച്ചുകൊണ്ടിരുന്നുവെങ്കിലും തങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ സാധ്യമല്ലാത്ത ആക്രമണ പരമ്പരകളുടെ ഭാഗമാണ് അവയെന്നതുകൊണ്ട് കടുത്ത നിസ്സഹായതാബോധത്തിലേക്കും  നിര്‍വികാരതയിലേക്കുമാണ് സാമാന്യജനങ്ങളെ അവ നയിച്ചത്.ചന്ദ്രശേഖരന്റെ മരണം പക്ഷേ കക്ഷിരാഷ്ട്രീയഭേദമന്യേ മനുഷ്യത്വമുള്ള കേരളത്തിലെ മുഴുവനാളുകളെയും ആഴത്തില്‍ മുറിവേല്പിച്ചിരിക്കയാണ്.വേദന മാത്രമല്ല ഇത്തരമൊരു രാഷ്ട്രീയം ഇവിടെ നിലനിന്നുകൂടാ എന്ന അതിശക്തമായ വികാരവും അത് ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്.
ചന്ദ്രശേഖരനു നേരെ മുമ്പ് പല വട്ടം ഉണ്ടായ ഭീഷണികള്‍,ഈ പ്രദേശത്തു തന്നെയുള്ള മറ്റ് നേതാക്കള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങള്‍,ഇപ്പോള്‍ പോലീസിന് ലഭിച്ചതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്ന തെളിവുകള്‍,ചന്ദ്രശേഖരന്റെ ഭാര്യയും മകനും പറഞ്ഞ കാര്യങ്ങള്‍ എല്ലാം മാര്‍ക്സിസ്റ് പാര്‍ട്ടിയെയാണ് പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്.കൊല ചെയ്തത് തങ്ങളല്ല എന്ന് പാര്‍ട്ടി നേതൃത്വം ആണയിടുന്നുണ്ടെങ്കിലും ആ പറച്ചിലിനെ അന്ധമായ പാര്‍ട്ടിഭക്തി ഉള്ളവരൊഴിച്ച് മറ്റാര്‍ക്കും അപ്പാടെ വിഴുങ്ങാനാവുന്നില്ല എന്നതാണ് സത്യം.എന്തായാലും ഒഞ്ചിയത്ത് നടന്ന നരഹത്യയെ കുറിച്ച് വളരെ ഉത്തരവാദിത്വപൂര്‍ണമായ അന്വേഷണം നടത്തും എന്ന് ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ് പാലിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
                                    വീണ്ടുവിചാരങ്ങള്‍ ആവശ്യം
ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ചിരിക്കുന്ന പുതിയ രാഷ്ട്രീയസാഹചര്യത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ പെട്ടവരും അതിനു പുറത്തു നില്‍ക്കുന്നവരുമായ എല്ലാ ഇടതുപക്ഷ രാഷ്ട്രീയക്കാരും ചില വീണ്ടുവിചാരങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തയ്യാറാകണമെന്നാണ് ഞാന്‍ കരുതുന്നത്.
കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനം ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായ ത്യാഗനിര്‍ഭരമായ ഒരു പാട് സമരങ്ങളിലൂടെയാണ് വളര്‍ന്നു വന്നത്.ജന്മിമാര്‍ക്കും പ്രാദേശികനാടുവാഴികള്‍ക്കും വൈദേശികമേധാവികള്‍ക്കും തദ്ദേശീയരായ ഭരണാധികാരികള്‍ക്കുമെല്ലാമെതിരെ പാര്‍ട്ടി പോരാടിയിട്ടുണ്ട്.അവയില്‍ പലതും സായുധ പോരാട്ടങ്ങളായിരുന്നു.പാര്‍ട്ടിപ്രവര്‍ത്തകരുടെ ചങ്കുറപ്പും മെയ്ക്കരുത്തും പോരാട്ടവീര്യവുമെല്ലാം അത്തരം സമരങ്ങളില്‍ പ്രയോജനപ്പെടുത്തപ്പെട്ടിട്ടുണ്ട്.ജന്മിത്വ കാലഘട്ടത്തില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളില്‍ നിന്ന് കര്‍ഷകത്തൊഴിലാളികളെയും മറ്റ് സാധാരണജനങ്ങളെയും മോചിപ്പിക്കുന്നതിലും മനുഷ്യരെന്ന നിലയിലുള്ള പരിഗണന കേരളത്തിലെ എല്ലാ വിഭാഗമാളുകള്‍ക്കും ലഭിക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടുത്തുന്നതിലും  ആ സമരങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.ജാതിയുടെയും കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയുടെയും പേരില്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ അധ:സ്ഥിതര്‍ക്ക് ഇന്നും അനുഭവിക്കേണ്ടി വരുന്ന കൊടിയ നീതികേടുകളില്‍ പലതും കേരളസമൂഹത്തില്‍ നിന്ന് വലിയൊരളവോളം ദശകങ്ങള്‍ക്കു മുമ്പേ അപ്രത്യക്ഷമായതും പ്രധാനമായും കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ അത്തരം ഇടപെടലുകള്‍ വഴിയാണ്.ജന്മിമാര്‍ക്കും അവരുടെ കാര്യസ്ഥ•ാര്‍ക്കും ഗൂണ്ടകള്‍ക്കുമെല്ലാമെതിരെ ഹിംസയുടെ മാര്‍ഗം സ്വീകരിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും നിന്ദിതരും പീഡിതരുമായ മഹാഭൂരിപക്ഷത്തിന്റെ മോചനം ലക്ഷ്യമാക്കിയാണ് തങ്ങള്‍ അത് ചെയ്യുന്നത് എന്ന ഉത്തമബോധ്യം കാരണം കമ്യൂണിസ്റുകാര്‍ക്ക് ഉന്നതവും വിശാലവുമായൊരു മാനവികതാബോധം മുറുകെ പിടിക്കാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ തുടങ്ങിയ ഘട്ടം മുതല്‍ അത് അപ്രത്യക്ഷമായിത്തുടങ്ങുകയും പ്രാദേശിക കമ്യൂണിസ്റ് നേതാക്കളില്‍ ചുരുക്കം ചിലര്‍ മാത്രം കൊണ്ടു നടന്നിരുന്ന വികലമായ ഉല്‍ക്കര്‍ഷബോധവും ധിക്കാരപൂര്‍ണമായ പെരുമാറ്റവും പതുക്കെ പതുക്കെ പാര്‍ട്ടിയുടെ അടിതൊട്ട് മുടിവരെയുള്ള നേതാക്കളിലെല്ലാം വ്യാപിക്കുകയും ചെയ്യുന്നതിനാണ് നാം സാക്ഷ്യം വഹിച്ചത്.മര്‍ദ്ദകരും തികച്ചും ജനവിരുദ്ധരുമായ ഏത് അധികാരി വര്‍ഗത്തെയാണോ തങ്ങള്‍ നേരിട്ടത് അവരുടെ സ്വഭാവം പഴയ സമരനായകന്മാരുടെ പിന്‍നിരക്കാരിലേക്ക് പകരുന്ന വിചിത്രമായൊരനുഭവം. ജന്മി   മേധാവിത്വം,മേല്‍ജാതിക്കാരുടെ മേധാവിത്വം,കാര്യസ്ഥന്മാരുടെ മേധാവിത്വം ഇവയൊക്കെ നേരിയ വ്യത്യാസങ്ങളോടെ കാലത്തിന്റെ അരിപ്പയിലൂടെ പാര്‍ട്ടിയിലേക്ക് പകര്‍ന്നെത്തുക മാത്രമല്ലേ ഉണ്ടായത് എന്ന് ജനങ്ങള്‍ സംശയിച്ചു പോകുന്ന സ്ഥിതിവിശേഷം.ഏത് പ്രശ്നത്തിലും ഇടപെട്ട് അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന ഭാവം,ആരും തങ്ങളുടെ ഏത് നിര്‍ദ്ദേശവും തീരുമാനവും സ്വീകരിച്ചുകൊള്ളണമെന്ന ഗര്‍വ്,തങ്ങളുടെ വിശകലന രീതികള്‍ക്കപ്പുറത്തുള്ള ഏത് അന്വേഷണത്തിനും നേരെയുള്ള കടുത്ത പുച്ഛം ഇങ്ങനെ ആരോഗ്യകരമായ രാഷ്ട്രീയസാംസ്കാരിക പ്രവര്‍ത്തനങ്ങളെ മാത്രമല്ല മനുഷ്യബന്ധങ്ങളുടെ സാധാരണമായ നിലനില്പിനെ തന്നെയും അസാധ്യമാക്കുന്ന പെരുമാറ്റരീതിയും പ്രവര്‍ത്തന ശൈലിയുമാണ് എല്ലാ തലത്തിലുമുള്ള പാര്‍ട്ടിക്കാരില്‍ മഹാഭൂരിപക്ഷവും സ്വീകരിച്ചുപോരുന്നത്.ഈ ഗര്‍വും അഹന്തയും പൊതുജനങ്ങള്‍ക്ക് മുഴുവന്‍ അസഹ്യമായിത്തുടങ്ങിയ ഘട്ടത്തിലാണ് അവ ഒഴിവാക്കണമെന്ന് സി.പി.ഐ(എം),സി.പി.ഐ എന്നീ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വം തന്നെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരസ്യമായി നിര്‍ദ്ദേശം നല്‍കിയത്.പക്ഷേ,അങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടോ തുറന്ന കുറ്റസമ്മതങ്ങള്‍ കൊണ്ടോ പരിഹരിക്കാനാവാത്ത വിധം പാര്‍ട്ടിയെ മൊത്തത്തില്‍ തന്നെ ഗ്രസിച്ചു കഴിഞ്ഞിരിക്കയാണ് ഈ സ്വഭാവവിശേഷങ്ങള്‍. അതുകൊണ്ടാണ് ടി.പി.ചന്ദ്രശേഖരനെ പോലുള്ള ഒരാളെ കൊല്ലാനുള്ള തീരുമാനം കൈക്കൊള്ളുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.
                                               മുന്നോട്ട് പോകുമ്പോള്‍
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കത്തില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചുള്ള കൊലപാതകം കടന്നു വരുന്നതിനു പിന്നില്‍ പാര്‍ട്ടി നേതാക്കളുടെ അധികാരഗര്‍വും മുഷ്ക്കും മാത്രമല്ല ഉള്ളത്.കാലം മാറുന്നു,ലോകം മാറുന്നു എന്നീ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത രാഷ്ട്രീയം അതിനെ പിന്‍പറ്റുന്നവരില്‍ സ്വയം കബളിപ്പിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് ഉണ്ടാക്കുക.ലോകത്തെ വ്യാഖ്യാനിക്കാന്‍ മാത്രമല്ല മാറ്റിത്തീര്‍ക്കാന്‍ കൂടിയുള്ള ദാര്‍ശനികോര്‍ജം മാര്‍ക്സിസം മനുഷ്യവംശത്തിന് നല്‍കി എന്നത് എത്രത്തോളം നിസ്സംശയമാണോ അത്രത്തോളം തന്നെ നിസ്സംശയമാണ് ലോകത്തിന്റെ ഭാവിയുടെ മുഴുവന്‍ വിശദാംശങ്ങളും ദീര്‍ഘദര്‍ശനം ചെയ്യാന്‍ മാര്‍ക്സിസത്തിന് കഴിയില്ല എന്നതും.മറിച്ചുള്ള വിശ്വാസം മതവിശ്വാസത്തിന് തുല്യമാണ്.മനുഷ്യവംശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പുരോഗതിക്ക് ചരിത്ര നിര്‍മുക്തവും നിഗൂഢവുമായ ഒരു വഴിയുണ്ട് എന്ന വിശ്വാസത്തിന് മാര്‍ക്സിസത്തിന്റെ ലേബലൊട്ടിക്കലാണത്.നിരന്തരം നവീകരിക്കപ്പെടുകയും കാലത്തെ അഭിമുഖീകരിക്കുകയും ചെയ്യാത്ത ദര്‍ശനം രൂപം നല്‍കുന്ന രാഷ്ട്രീയം അധികാര രാഷ്ട്രീയം മാത്രമായിരിക്കും.അത് ദര്‍ശനത്തെ ഷോകെയ്സില്‍ വെച്ച് അതിന്റെ അന്ത:സത്തയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് നടത്തുന്ന രാഷ്ട്രീയേതരമായ ഒരു പ്രവര്‍ത്തനമായിരിക്കും.വഞ്ചനാത്മകമായ വഴിയിലൂടെയുള്ള ധനസമാഹരണത്തെയും ഗുണ്ടാപ്രവര്‍ത്തനത്തെയും ആശ്രയിച്ച് നിലകൊള്ളുന്ന ഭീഷണമായ ഒരു സ്ഥാപനമാക്കി കമ്യൂണിസ്റ് പ്രസ്ഥാനത്തെ മാറ്റിത്തീര്‍ക്കലായിരിക്കും അത്തരം അരാഷ്ട്രീയ രാഷ്ട്രീയത്തിന്റെ ഫലം.തികച്ചും സംസ്കാരവിരുദ്ധവും ജനവിരുദ്ധവുമായ ആ രാഷ്ട്രീയം ഒരു സാമൂഹ്യ വിപത്താണ്.
കേരളത്തിലെ പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അനുഭവവും ചരിത്രവും പഠിപ്പിക്കുന്ന പാഠങ്ങള്‍ പഠിച്ചേ മതിയാവൂ. ലോകത്തെവിടെയും കമ്യൂണിസ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനവും നേതൃത്വവും പാര്‍ട്ടി അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിടുന്ന ഘട്ടം മുതല്‍ ജനവിരുദ്ധമായിത്തീര്‍ന്നു എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ വലിയ അധ്വാനമൊന്നും ആവശ്യമില്ല.മറ്റു പാര്‍ട്ടികളും മതമേധാവികളും ഉള്‍പ്പെടെ സമ്പത്തും അധികാരവും കയ്യാളാന്‍ അവസരം കൈവന്ന എല്ലാവരും അവരുടെ മേല്‍ക്കോയ്മയ്ക്ക് അപകടം വരുത്തും വിധത്തില്‍ ആശയപ്രചരണം നടത്തുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തവരെ ഉ•ൂലനം ചെയ്യുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ല.അതിന്റെ അര്‍ത്ഥം അധികാരം ആര് പ്രയോഗിക്കുമ്പോഴും അത് ജനവിരുദ്ധമായിത്തീരുന്നു എന്നു തന്നെയാണ്.പക്ഷേ,നമ്മുടെ കണ്മുന്നില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളെ ഒരു സാമാന്യവല്‍ക്കരണം കൊണ്ട് പിന്തുണച്ച് മന:സമാധാനം കൈവരിക്കുന്നത് തെറ്റാണ്.
അധികാരത്തിന്,എല്ലാ സാമൂഹ്യവ്യവഹാരങ്ങളുടെയും നടത്തിപ്പിന് സ്വതന്ത്രവും ജനകീയവുമായ മാര്‍ഗങ്ങള്‍ എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനെ കുറിച്ചുള്ള ആലോചനകള്‍ തീര്‍ച്ചയായും മുന്നോട്ട് പോകണം.പഴയ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യം ഒരിക്കലും സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ സംഘടനാതത്വത്തിന്റെ പേരില്‍ അധികാരം ഒരു വ്യക്തിയിലോ ഏതാനും വ്യക്തികളിലോ കേന്ദ്രീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതകളും പൂര്‍ണമായും ഇല്ലാതാക്കണം.ജനാധിപത്യമൂല്യങ്ങളെ മുറുകെ പിടിക്കുക,അഭിപ്രായ സ്വാതന്ത്യ്രത്തെയും ആവിഷ്ക്കാരസ്വാതന്ത്യ്രത്തെയും ഉയര്‍ത്തിപ്പിടിക്കുക,രാഷ്ട്രീയ ദര്‍ശനവും നയപരിപാടികളും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുക,ജനങ്ങളുടെ പ്രശ്നങ്ങളെ ഏറ്റവും സൂക്ഷ്മമായും സത്യസന്ധമായും മനസ്സിലാക്കുക,അവരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുക  ഇതൊക്കയാണ് ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ളത്.
പാര്‍ട്ടിക്കുള്ളിലെയോ ഭരണകൂടസ്ഥാനങ്ങളിലെയോ അധികാരത്താല്‍ മത്തു പിടിക്കുന്ന നേതാക്കള്‍ക്ക് ലോകത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞ് പ്രത്യയശാസ്ത്രത്തെ ഏറ്റവും സമകാലികവും ഏറ്റവും പുരോഗമനപരവുമായി പുനര്‍നിര്‍വചിച്ചുകൊണ്ടേയിരിക്കേണ്ട ആവശ്യമില്ല.അവരെ സംബന്ധിച്ചിടത്തോളം സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനും ഒരു സ്ഥാപനമെന്ന നിലയില്‍ പാര്‍ട്ടിയെ വളര്‍ത്താനും ഉള്ള ഉപജാപങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ.അത്തരം ഉപജാപപ്രവര്‍ത്തനങ്ങള്‍ ചെന്നെത്തുന്ന ഏറ്റവും ഭയാനകമായ ഇടമാണ് ക്വട്ടേഷന്‍ കൊലപാതകത്തിന്റേത്.ജനങ്ങളോട് പ്രതിബദ്ധതയുള്ള,അവരുടെ ജീവിതപ്രശ്നങ്ങളില്‍ ഏറ്റവും മനുഷ്യത്വപൂര്‍ണവും ഫലപ്രദവുമായ ഇടപെടല്‍ ആഗ്രഹിക്കുന്ന ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ നാലയലത്തുപോലും ഒരിക്കലും എത്തിച്ചേരുകയില്ല.പുതിയ പ്രസ്ഥാനങ്ങള്‍ ആ ഒരുറപ്പില്‍ അവസാനിപ്പിക്കരുത്.ഒരു ജനതയുടെ എല്ലാ ജീവിതവ്യവഹാരങ്ങളെയും സ്പര്‍ശിക്കുന്ന വലിയൊരു സര്‍ഗാത്മകപ്രവര്‍ത്തനമാക്കി  രാഷ്ട്രീയത്തെ മാറ്റാന്‍ അവയ്ക്ക് കഴിയണം.ചതിയും വഞ്ചനയും കച്ചവടവുമില്ലാത്ത ഒരു രാഷ്ട്രീയത്തെ താന്‍ ജീവിക്കുന്ന മണ്ണില്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ചു എന്ന ഒറ്റക്കാരണത്താല്‍ കൊലക്കത്തിക്കിരയായ ഒരു മനുഷ്യന്റെ ഓര്‍മയോട് അങ്ങനെ വേണം അവര്‍ നീതി കാട്ടാന്‍.
   

ആദരാജ്ഞലികള്‍

ഫാദര്‍ ജോസ് മണിപ്പാറ പൊട്ടന്‍പ്ളാവ് എന്ന സ്ഥലത്ത് വൈദികനായിരുന്നപ്പോള്‍ ഒരു രാത്രിയില്‍ (1988 ലോ 89ലോ)ഞാന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് തങ്ങിയിരുന്നു.വൈതല്‍ മലയുടെ ചുവട്ടിലാണ് ഈ സ്ഥലം.ഫാദര്‍ മണിപ്പാറ 'കരിമ്പാലന്മാരുടെ ജീവിതവും സംസ്കാരവും'എന്ന വിഷയത്തില്‍ ഗവേഷണം നടത്തി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി ബിരുദം നേടിയ ആളാണ്.തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ മലയാളവിഭാഗമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണകേന്ദ്രം.അങ്ങനെയാണ് ഞാന്‍ അദ്ദേഹവുമായി പരിചയപ്പെട്ടത്.
എപ്പോഴെങ്കിലും വൈതല്‍മലഭാഗത്തേക്ക് വരുന്നെണ്ടില്‍ തന്റെ അടുത്ത് വരണമെന്ന് അദ്ദേഹം പല വട്ടം എന്നെ ക്ഷണിച്ചിരുന്നു. അവിടെ തങ്ങിയ രാത്രിയില്‍ വളരെ വൈകിയാണ് ഞങ്ങള്‍
ഉറങ്ങാന്‍ കിടന്നത്.കരിമ്പാലന്മാ•ാരെ കുറിച്ചും കുടിയാന്മല -പൊട്ടന്‍ പ്ളാവ് ഭാഗത്തെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം ഒരു പാട് നേരം സംസാരിച്ചു.പിന്നെ ക്രിസ്തുമതത്തിലെ പൌരോഹിത്യമേധാവിത്വത്തിന്നെതിരെ താനെഴുതിയ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചു.ഒരു പുരോഹിതനായി ജീവിക്കെ തന്നെ മതമേധാവികളുടെ പല നിലപാടുകളെ യും  അദ്ദേഹം ശക്തമായി നിരാകരിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്നവയായിരുന്നു ആ കവിതകള്‍.കവിതകളുടെ പേരില്‍ തനിക്കനുഭവിക്കേണ്ടി വന്ന എതിര്‍പ്പുകളെ കുറിച്ച്  അദ്ദേഹം എന്നോട് വിസ്തരിച്ച് പറഞ്ഞിരുന്നു.
കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടണം എന്ന ആവശ്യമുന്നിയിച്ച് പല സമരങ്ങളും നടത്തിയ ആളാണ്ഫാദര്‍ ജോസ് മണിപ്പാറ .ഇത്തരം സമരങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് പല വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്.അവ ഗൌരവത്തിലെടുക്കേണ്ടവയാണ് എന്ന് തോന്നിയിട്ടുമുണ്ട്.പക്ഷേ മണിപ്പാറയച്ചനെ ജനങ്ങളുടെ എല്ലാ ജീവിതപ്രശ്നങ്ങളിലും സത്യസന്ധമായി ഇടപെട്ടുകൊണ്ടിരുന്ന ആളായിട്ടാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.എന്റെ ചെറിയ പരിചയത്തിനിടയില്‍ മറിച്ചൊന്ന് ചിന്തിക്കണമെന്ന് തോന്നലുണ്ടായിട്ടുമില്ല.
ബാങ്കുകളുടെ ജപ്തിഭീഷണി നേരിടുന്നവര്‍,വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാത്തവര്‍ ഇവരുടെയെല്ലാം രക്ഷയ്ക്ക് മുന്നിട്ടിറങ്ങിയ ആളാണ് അദ്ദേഹം.എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പമായിരു
ന്നു.ബുധനാഴ്ച രാവിലെ അന്തരിച്ച മണിപ്പാറയച്ചന്റെ ഓര്‍മക്കു മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.


Tuesday, May 22, 2012

പ്രതികരണം

നഗരമധ്യത്തിലെ ഫ്ളാറ്റില്‍ ഏകാകിയായി കഴിയുന്ന വൃദ്ധസാഹിത്യകാരന്റെ മുന്നില്‍ വിനീതവിധേയനായി നില്‍ക്കെ കൌമാരപ്രായക്കാരനായ അഭിമുഖകാരന്‍ വല്ലാതെ വിയര്‍ത്തിരുന്നു.
'സാര്‍' ഭയവും പരിഭ്രമവും വല്ലപാടും കടിച്ചുപിടിച്ച് അവന്‍ ചോദിച്ചു:
"ഈ കൊലപാതകത്തില്‍ താങ്കള്‍ പ്രതികരിക്കാത്തതെന്താണ്?''
"കൊലപാതകമോ?'' പാതിയുറക്കത്തില്‍ നിന്നെന്ന പോലെ തലയുയര്‍ത്തി സാഹിത്യകാരന്‍ ചോദിച്ചു: "കൊലപാതകശ്രമമല്ലേ ഉണ്ടായത്?''
"അല്ല,സാര്‍"അഭിമുഖകാരന്റെ ശബ്ദം അവനറിയാതെ കുറച്ചൊന്നുയര്‍ന്നു പോയി: "അമ്പത്തൊന്ന് വെട്ട് വെട്ടി ഒരു മനുഷ്യനെ കശാപ്പ് ചെയ്യുകയായിരുന്നു.അദ്ദേഹം ഒരു തെറ്റും ചെയ്തിരുന്നില്ല''
"ആണോ?'' സാഹിത്യകാരന്റെ ശബ്ദം തികച്ചും നിര്‍വികാരമായിരുന്നു.അയാള്‍ പറഞ്ഞു:"കുഞ്ഞുണ്ണി മാഷ് കവിയല്ല''
"അല്ല സാര്‍,ഞാന്‍ അതല്ല...'' അഭിമുഖകാരന്‍ പിന്നെയും തുടങ്ങുമ്പോഴേക്കും സാഹിത്യകാരന്‍ ഒരു പ്രസംഗകന്റെ ഭാവഹാവാദികളോടെ പറഞ്ഞു: "മഴക്കാലത്ത് മഴ പെയ്യും.രാത്രിനേരത്ത് ടോര്‍ച്ചില്ലാതെ നടക്കരുത്.ജ്ഞാനപീഠ പുരസ്കാരത്തിന്റെ തുക വളരെ കുറവാണ്.ശാര്‍ങധരന്‍ നായര്‍ ശരിയായ നായരല്ല.അവന്റെ കഥകളെല്ലാം പൊട്ടയാണ്.എന്റെ കഥകള്‍ സിനിമയാക്കാന്‍ ഇറ്റലിയില്‍ നിന്ന് ആളുകള്‍ വന്നിരുന്നു.ഇത്രയും ഞാന്‍ പ്രതികരിച്ചു.ഇനി തനിക്ക് പോവാം.''

Monday, May 21, 2012

കവിതാഡയറി

45
അടുത്ത തിരിവില്‍ ഒരു കൊല നടന്നെന്നറിഞ്ഞ ഉടന്‍
ഞങ്ങള്‍ തിരിഞ്ഞു നടന്നു
നടന്നു നടന്ന്
പഴയൊരു കൊലക്കളത്തിലെത്തി
അവിടെ ആത്മാക്കളും അദൃശ്യരായ
പ്രേതങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ
അവരോട് ഞങ്ങള്‍ തര്‍ക്കിച്ചു,കളി തമാശകള്‍ പറഞ്ഞു
അവരുടെ തെറ്റുകുറ്റങ്ങള്‍ വിസ്തരിച്ചു
അവര്‍ക്കെന്തു തോന്നി എന്നറിയില്ല
ഞങ്ങള്‍ക്കെന്തായാലും മന:സമാധാനമായി
ജീവനുള്ള കൊലയാളിയും കൂട്ടരും
കാവല്‍നില്‍ക്കുന്ന കൊലനിലങ്ങളെയല്ലേ
ഏതൊരാള്‍ക്കും ഭയപ്പെടേണ്ടതുള്ളൂ.
20/5/2012

Saturday, May 19, 2012

കവിതാഡയറി

44
പ്രതികരണം-ചില മാതൃകകള്‍
1
വൈകിപ്പോയി,വൈകിപ്പോയി
ഈ കൊലപാതകത്തില്‍
ദു:ഖിക്കാനും പ്രതിഷേധിക്കാനും
വൈകിപ്പോയി
എന്തായാലും ഇത് കൊടുംക്രൂരതയാണ്
രാഷ്ട്രീയം ഞാന്‍ പറയുന്നില്ല
കൊടുംക്രൂരത,കൊടുംക്രൂരത...

2
ചിന്തിച്ച് വേണം പ്രതികരിക്കാന്‍
അതാണ് ഞാന്‍ കുറച്ചൊന്നു വൈകിപ്പോയത്
ആലോചിച്ചാല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍
മാത്രമല്ലല്ലോ ക്രിമിനലുകള്‍
ആലോചിക്കൂ,ആലോചിക്കൂ
അധികം ആലോചിച്ചാല്‍
പ്രതികരിക്കാതെ രക്ഷപ്പെടാം.

3
ഇന്നലെ വരെ താങ്കള്‍
ഒന്നിനുമെതിരെയും പ്രതികരിച്ചില്ല
ഞാനും പ്രതികരിച്ചില്ല
ഇന്നീ കൊലപാതകത്തിന്നെതിരെ
താങ്കള്‍ പ്രതികരിക്കുന്നു
താങ്കള്‍ക്കതിനവകാശമില്ല
അതറിയിക്കാന്‍ ,അതില്‍ പ്രതിഷേധിക്കാന്‍
ഇന്നും ഞാന്‍ പ്രതികരിക്കുന്നില്ല.
18-5-2012

Tuesday, May 15, 2012

കവിതാഡയറി

43
1
രക്തസാക്ഷി പറഞ്ഞു:പോകൂ,ജീവിതത്തിലേക്ക് പോകൂ
എന്റെ രക്തത്തില്‍ കണ്ണീര് വീഴ്ത്തരുത്
അത് ഭാവിയുടെ ഞരമ്പുകളിലേക്ക് പ്രയാണമാരംഭിച്ചു കഴിഞ്ഞു
അതിനോടൊപ്പം സഞ്ചരിക്കാനാവുമെങ്കില്‍ ഉടന്‍ പുറപ്പെടുക
ഇല്ലെങ്കില്‍ എത്രയും വേഗം അകലേക്കകലേക്ക് പോവുക.
15-5-2012
2
മാര്‍ക്സിസ്റ്റിന്റെ അഹന്ത,മാര്‍ക്സിസ്റ് വിരുദ്ധന്റെ അഹന്ത
ഹ്യൂമനിസ്റിന്റെ അഹന്ത,ഫാസിസ്റിന്റെ അഹന്ത
അഹന്തക്ക് വകഭേദങ്ങളില്ല
ആരിലും എവിടെയും അതിന്റെ ആവിഷ്ക്കാരം ഒന്നു തന്നെ.
15-5-2012
3
ഇത്തിരി ദൂരമേ ഞാന്‍ പറക്കൂ
ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന ഒച്ചപോലെ
ഭൂമിയിലെ ചെറുകല്ലുകള്‍ക്കറിയാം എന്റെ വേദന
അതുകൊണ്ടവ എന്റെ മുട്ടകള്‍ക്ക് മറയാവുന്നു
ആകാശത്തിനറിയാം എന്റെ ആശങ്കകള്‍
അതുകൊണ്ടത് അടര്‍ന്നു വീഴാതെ സ്വയം കാക്കുന്നു.
15-5-2012

Sunday, May 13, 2012

മാ നിഷാദ

കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയം പരിസരത്ത് 2012മെയ്12ന് നടന്ന 'കൊലപാതക രാഷ്ട്രീയത്തിന്നെതിരായ സാംസ്കാരിക കൂട്ടായ്മ' അവിസ്മരണീയവും  അത്യന്തം ആവേശകരവുമായ അനുഭവമായിരുന്നു.ഇടതുപക്ഷ ഏകോപന സമിതി സംഘടിപ്പിച്ച ഈ ജനകീയ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്തത് വിശ്വവിഖ്യാത ബംഗാളി സാഹിത്യകാരിയായ മഹാശ്വേതാ ദേവിയാണ്. മംഗത്റാം പസ്ല,എം.പി.വീരേന്ദ്രകുമാര്‍, എം.ആര്‍.മുരളി,സാറാജോസഫ്,അജിത,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഡോ.എം.കെ.മുനീര്‍
ടി.എല്‍.സന്തോഷ്,കെ.സി.ഉമേഷ്ബാബു,പ്രൊഫ.എന്‍.സുഗതന്‍,അഡ്വ.പി.കുമാരന്‍ കുട്ടി,
കല്പറ്റ നാരായണന്‍,ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്,പി.സുരേന്ദ്രന്‍,പി.ഗീത,ബാബു ഭരദ്വാജ്,പി.കെ.ഗോപി,പി.സി.ഉണ്ണിച്ചെക്കന്‍,എം.എന്‍.രാവുണ്ണി,എന്‍.വേണു,പാര്‍വതി പവനന്‍,ടി.സിദ്ദിഖ്,പി.എന്‍.ഗോവിന്ദ്,ഡോ.വി.വേണുഗോപാല്‍,ലതികാസുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.എന്‍.പ്രഭാകരന്‍ കൊലപാതക രാഷ്ട്രീയത്തിന്നെതിരായ സാംസ്കാരിക കൂട്ടായ്മയുടെ പ്രമേയം അവതരിപ്പിച്ചു.ഇടതുപക്ഷ ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന്‍ അധ്യക്ഷനായി.സെക്രട്ടറി കെ.പി.പ്രകാശന്‍ സ്വാഗതം പറഞ്ഞു.
സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടന്ന ചിത്രരചനയില്‍ സതീഷ് തോപ്രത്ത്,
കെ.സുധീഷ്,സോമന്‍ കടലൂര്‍,അജയന്‍ കാരാടി തുടങ്ങിയവര്‍ പങ്കെടുത്തു
ഞെരളത്ത് ഹരിഗോവിന്ദന്‍ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ ചന്ദ്രശേഖരനെ അനുസ്മരിച്ചുകൊണ്ടുള്ള സ്വന്തം കവിത അവതരിപ്പിച്ച് സദസ്സിന് നല്‍കിയ കലാനുഭവം അങ്ങേയറ്റം ഹൃദയസ്പര്‍ശിയായിരുന്നു.ദേവപ്രീതിക്കായി ഇടയ്ക്ക കൊട്ടി പാടുന്ന സോപാനസംഗീതം ചന്ദ്രശേഖരന്റെ കൊലപാതകം പോലുള്ള ഒരു സംഭവവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിനെ പറ്റി സംഘാടകരില്‍ തന്നെ പലര്‍ക്കും ആശങ്കയുണ്ടായിരുന്നതായി തോന്നുന്നു.പക്ഷേ ഹരിഗോവിന്ദന്റെ ആലാപനവും അദ്ദേഹം ഇടക്കയില്‍ സൃഷ്ടിച്ച വിശുദ്ധസംഗീതവും നല്‍കിയ വൈകാരികാനുഭവം സദസ്സിനെയും വേദിയിലിരുന്നവരുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു.'ചന്ദ്രശേഖരാ' എന്ന കവിതയിലെ അഭിസംബോധന ഹരിഗോവിന്ദന്റെ ശബ്ദത്തില്‍ കേട്ടപ്പോള്‍ മിക്കയാളുകളും കണ്ണീരടക്കാന്‍ പാടുപെട്ടു. 'മാ നിഷാദ' എന്ന ആദികവിയുടെ വാക്യം ഹൃദയത്തില്‍ എത്ര വലിയ മുഴക്കങ്ങളുണ്ടാക്കും എന്നറിഞ്ഞത് ഹരിഗോവിന്ദന്‍ അത് പാടിയപ്പോഴാണ്.

Friday, May 11, 2012

കവിതാഡയറി

42
ശ്മശാനത്തില്‍ കത്തുന്ന ചിതക്കരികിലിരുന്ന്
ബന്ധുക്കള്‍ കരഞ്ഞുവിളിക്കെ
ആ വഴി വന്ന മൂന്നുപേരില്‍
ഒന്നാമന്‍ പറഞ്ഞു:
ചിതയായാല്‍ ഇങ്ങനെ കത്തണം
അതാണതിന്റെ ഭംഗി.
രണ്ടാമന്‍ പറഞ്ഞു:
പണ്ട് ഹനുമാന്‍ ലങ്ക കത്തിച്ചിരുന്നു
അന്നാ നഗരം എങ്ങനെ ആളിക്കത്തിയിരിക്കും!
മൂന്നാമന്‍ പറഞ്ഞു:
എന്റെ വയറ് കിടന്ന് കത്തുകയാണ്
നമുക്ക് പോയി ബീഫും പൊറോട്ടയും അടിക്കാം.
അവര്‍ തിരിച്ചു നടക്കാന്‍ തുടങ്ങി
അവരെ പിന്തുടര്‍ന്ന രണ്ട് കുട്ടികളിലൊരാള്‍
അപരനോട് പറഞ്ഞു:
വാ,നോക്കാം ഇവര്‍ ഏത് പാര്‍ട്ടി ആപ്പീസിലാണ് ചെന്നുകയറുന്നതെന്ന്.
11-5-2012
.

കവിതാഡയറി

41
ഓഷ് വിറ്റ്സ് തടങ്കല്‍ പാളയങ്ങളെ കുറിച്ച് വാചാലനായ സഖാവ്
വികാരാധീനനായി കണ്ണീരണിഞ്ഞ് പറഞ്ഞു:
ഹോ,എന്ത് പൈശാചികമായിരുന്നു അവിടത്തെ കൊലപാതകങ്ങള്‍
വാസ്തവത്തില്‍ ഈ ഒഞ്ചിയം സംഭവമൊക്കെ എന്താണ്?
വെറുതെ ഊതിവീര്‍പ്പിച്ചുവിടുന്ന നിസ്സാരംസംഗതിയല്ലേ?
10-5-2012

Thursday, May 10, 2012

കവിതാഡയറി

40
ക്വട്ടേഷന്‍ സംഘം ഒരു മനുഷ്യനെ
വെട്ടിക്കൊല്ലുന്നത് നേരില്‍ കണ്ട് തിരിയെ എത്തിയ
യുവകവി ഫെയ്സ്ബുക്കില്‍ എഴുതി:   
"ചെളിവെള്ളത്തില്‍ എലി മുഖം നോക്കുന്നതു കണ്ടു
എലി എലിയാണോ?
അതിന്റെ പ്രതിബിംബമാണോ?
ചെളിവെള്ളമാണോ?
ചെളിവെള്ളത്തില്‍ എലി മുഖം നോക്കുന്നതു കണ്ടു."
ഇരുന്നൂറ്റി മുപ്പത്തിമൂന്നുപേര്‍ അതിന് ലൈക്കടിച്ചു
നൂറ് പേര്‍ കമന്റി
നൂറ്റൊന്നാമന്‍ ഇങ്ങനെ കമന്റി:
ഇതാണ് കവിത
കവിതയില്‍ കവിതയല്ലാതെ മറ്റൊന്നുമുണ്ടാകരുത്.
10-5-2012

കവിതാഡയറി

39
1.
ഞാന്‍ തിരിയെ വരുന്നു
ജീവിതത്തിലേക്ക്
ഇല്ല,ഇതിനെ ഞാന്‍ മരണത്തിന്റെ
മറുപേരെന്നു വിളിക്കുന്നില്ല
എങ്കിലും.....
9-5-2012   
2
''ആര്‍ക്കാണിതിന്റെ ലാഭം?
ഹു ഈസ് ദി ബെനിഫിഷ്യറി?''
ആരാണിങ്ങനെ ഒച്ചവെക്കുന്നത്? 
എന്താണിവിടെ കച്ചവടത്തിനു വെച്ചിരിക്കുന്നത്?
എന്റെ സ്വബോധത്തെ ആരാണ് വെട്ടിക്കൊല്ലുന്നത്?
9-5-2012Wednesday, May 9, 2012

കവിതാഡയറി

38
പേടിയൊരു പാപമല്ല സുഹൃത്തേ
ജീവിക്കാനുള്ള ആഗ്രഹം ആര്‍ക്കാണില്ലാത്തത്?
അസത്യത്തിന്റെ അംഗരക്ഷകനാവുന്ന ഭയം പക്ഷേ
കൊടിയ പാപമാണ്,ഹിംസയാണ്.
8-5-2012

കവിതാഡയറി

37
ടൌണില്‍ ഇന്നു കണ്ട സുഹൃത്ത് പറഞ്ഞു:
ഒറ്റ ദിവസം കൊണ്ടാണ് ഞാന്‍ പാപ്പറായത്
എന്റെ സംസ്കാരം,രാഷ്ട്രീയ ബോധം,വിശ്വാസം
എല്ലാം പോയി
കീറിപ്പറഞ്ഞ ഒരു തുണ്ട് തുണികൊണ്ട് നാണം മറച്ച്
ശീതക്കാറ്റില്‍ വിറച്ചുതുള്ളുകയാണ് ഞാന്‍.
8-5-2012Tuesday, May 8, 2012

കവിതാഡയറി


36
ഭയം സഹായിയെ തിരയുമ്പോള്‍
പച്ചക്കള്ളം പാഞ്ഞുപാഞ്ഞെത്തും
പിന്നെ ഇരുവരുടെയും കൈകള്‍
സത്യത്തിന്റെ കഴുത്തിലേക്ക്
ഒന്നിച്ചു നീണ്ടു ചെല്ലും.
8-5-2012

കവിതാഡയറി

36
1
ഈട, ഈ നാട്ടില്
മാവ്മ്മല് തേങ്ങയാ ഇണ്ടാവ്വ്വാ?
അതെ,ഈടയങ്ങനെയാ
അതെന്താപ്പാ അങ്ങനെ?
അത്,ഞാങ്ങള നേതാവ് തീരുമാനിച്ചിറ്റാ.
2
ഞാങ്ങള് പൊട്ടമ്മാറാ,സ്വതവേ പൊട്ടമ്മാറാ   
എന്ത് നിങ്ങ പറഞ്ഞാലും ഞാങ്ങക്ക് തിരിയൂല്ല
അതെന്താപ്പാ അങ്ങനെ?
അത് ഞാങ്ങ തീരുമാനിച്ചിറ്റാ
എന്താപ്പാ അങ്ങനെയൊരു തീരുമാനം?
ഞാങ്ങക്ക് ജീവിക്കണ്ടേ,ബേറെയെന്താ നിമൃത്തി?
8-5-2012

Sunday, May 6, 2012

കവിതാഡയറി

35
കുത്തുവാക്ക് ഷെയര്‍ ചെയ്യാം
തമാശ ഷെയര്‍ ചെയ്യാം
തെയ്യത്തിന്റെ ചിത്രം ഷെയര്‍ ചെയ്യാം
സത്യവും ധൈര്യവും ഷെയര്‍ ചെയ്യാന്‍
മറ്റാരെയെങ്കിലും നോക്കെന്റെ ചങ്ങാതീ.
6-5-2012

കവിതാഡയറി

34
ജനകീയ ജനാധിപത്യം,തൊഴിലാളിവര്‍ഗ സര്‍വാധിപത്യം
കൊഴിഞ്ഞു പോവുന്ന ഭരണകൂടം
മാനിഫെസ്റ്റോ,മൂലധനം,പ്രിസണ്‍ നോട്ബുക്സ്
അന്റോണിയോ നെഗ്രി,സ്ളാവോജ് സിസെക്,ഡെല്യൂസ് ആന്റ് ഗറ്റാരി
നാളെപ്പിറ്റേന്ന് സകലതും ചര്‍ച്ച ചെയ്യാം സഖാവേ
തല്‍ക്കാലം,അമ്പത് വെട്ടേറ്റ് ജീവന്‍ പൊലിഞ്ഞ ഒരു ശരീരം
മനസ്സില്‍ നിന്നിറക്കി വെക്കാന്‍ ഞാനൊരു വഴി കണ്ടെത്തട്ടെ.
6-5-2012

Saturday, May 5, 2012

കവിതാഡയറി

33
 1
സഖാവേ,നിന്റെ ഓരോ തുള്ളി രക്തത്തില്‍ നിന്നും

ഒരായിരം പേര്‍ ഒരറിവിലേക്കുണരും
കള്ളവും ചതിയും
കച്ചവടവുമില്ലാത്ത രാഷ്ട്രീയം
തെരുവില്‍ വെട്ടിയും കുത്തിയും
കൊല്ലപ്പെടുമെന്ന അറിവിലേക്ക്.
2
ഭീരുവിന് കിട്ടുന്ന എച്ചില്‍പൊതിയാണ് ജീവിതം
കൈകൊണ്ട് മുഖം മറച്ച് ഞാനത് തിന്നുകൊണ്ടിരിക്കുന്നു.
3
എന്റെ കീബോര്‍ഡ് ചോരയില്‍ കുതിര്‍ന്നിരിക്കുന്നു
അക്ഷരങ്ങളെല്ലാം അദൃശ്യമായിരിക്കുന്നു.
5-5-2012

Friday, May 4, 2012

കവിതാഡയറി

32
കള്ളന്മാരുടെ നാട്ടിലെ സത്യവാനേ
നിന്നെ നാട്ടുകാരെല്ലാം സംശയിക്കും
പുറംനാട്ടുകാരെല്ലാം അവിശ്വസിക്കും
നിനക്ക് രക്ഷപ്പെടാന്‍ ഒരേയൊരു വഴി
കള്ളനായി,പെരുങ്കള്ളനായി നടിക്കുക.
3-5-2012

കവിതാഡയറി

പാമ്പും കോണിയും
3
പാമ്പും കോണിയും കളിയിലെ പാമ്പ് പാപത്തിന്റെയും
കോണി പുണ്യത്തിന്റെയും പ്രതീകമാണത്രെ
അത് ശരിയാവാന്‍ തന്നെയാണിട
നൂറ് വട്ടം പാമ്പിന്റെ വായിലെത്തുമ്പോഴാണ്
ഒന്നോ രണ്ടോ വട്ടം ഞാന്‍ കോണികയറുന്നത്.
3-5-2012

Thursday, May 3, 2012

കവിതാഡയറി

31
പാമ്പും കോണിയും
1
പാമ്പും കോണിയും കളിക്കാനുള്ള എന്റെ ബോര്‍ഡില്‍
ഇപ്പോള്‍ പാമ്പ് മാത്രമേ ഉള്ളൂ.
ഒഴിഞ്ഞ കള്ളികളിലൂടെയുള്ള ചെറിയ മുന്നേറ്റങ്ങള്‍
കുത്തനെയുള്ള വീഴ്ചകള്‍
എനിക്കീ കളി മടുത്തു കഴിഞ്ഞു.
2
പാമ്പും കോണിയും കളിക്കാനുള്ള ഈ ബോര്‍ഡില്‍ നിന്ന്
പാമ്പുകളെയെല്ലാം ഞാന്‍ ചുരണ്ടിമാറ്റി
ഇപ്പോള്‍ കോണി മാത്രം
ഇനിയീ കളിക്ക് എന്താണൊരര്‍ത്ഥം?
3-5-2012