Pages

Wednesday, November 30, 2016

പാവങ്ങൾക്ക് മാത്രമുള്ളത്

പണ്ടെന്നോ ഏതോ നാട്ടുമുഖ്യന്റെ ചാട്ടവാറിനു മുന്നിൽ
പേടിച്ചരണ്ട് വീണു മരിച്ച പുരാതന മനുഷ്യൻ
പൊരിവെയിലിൽ ബാങ്കിനു മുന്നിൽ തലചുറ്റി
തളർന്നു വീണ വൃദ്ധനോട് പറഞ്ഞു:
മുജ്ജന്മപാപം കൊണ്ടെന്നു മനസ്സിലാക്കിയാൽ മതി
അതാണെങ്കിൽ  പാവങ്ങൾക്ക് മാത്രമുള്ളതാണ്
മഹത്തായ ഭാരതഭൂവിലും മറ്റൊന്നല്ല സത്യം.
30/11/2016



Tuesday, November 29, 2016

കവിതാ ഡയറിയിൽ നിന്ന്

1.
ഒരു പടുപാട്ടും പാടാനില്ല
അതിനാൽ ഞാൻ കഴുതയുമല്ല.
2.
ആരിലും ഒരു കുറ്റവും ഞാൻ കാണുന്നില്ല
എന്നോട് ഞാൻ കാണിക്കുന്ന ദയ
മറ്റുളള്ളവരോട് കാണിക്കാനും
പഠിച്ചു കഴിഞ്ഞു.
3.
എന്നോ അസാധുവായിക്കഴിഞ്ഞ ഒരു നോട്ടിനെ കണ്ടു
ഒരു കൂസലുമുണ്ടായിരുന്നില്ല അതിന്
'നിങ്ങളെനിക്ക്  വിലകൽപിക്കരുത്
ഞാൻ കഷ്ടത്തിലായിപ്പാവും' അത് തുടർന്നു:
'ഒരു വിലയുമില്ലാത്തവന് ആരെയും ഭയപ്പെടേണ്ട
ആരുടെയും പരിഗണന വേണ്ട
ഒന്നും ഭാവിക്കുകയും വേണ്ട.'
29/11/2016


Thursday, November 24, 2016

ഇന്നലെ, ആറളം ഫാം ഹൈസ്‌കൂളിൽ ….

ഇന്നലെ ആറളം ഫാം ഹൈസ്‌കൂളിലേക്ക് പോയി.എന്നൊടൊപ്പം എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും കരാത്തെ വിദഗധനും ഒന്നാന്തരം വായനക്കാരനുമായ ബെന്നി സെബാസ്റ്റ്യനും ഉണ്ടായിരുന്നു.ആരും ക്ഷണിക്കാതെയാണ് ഞങ്ങൾ പോയത്.മലയാളത്തിലെ യുവ കഥാകാരന്മാരിൽ വളരെ വളരെ ശ്രദ്ധേയനായ വിനോയ് തോമസ് ആ സ്‌കൂളിൽ അധ്യാപകനായി ഉണ്ട് എന്നതായിരുന്നു ധൈര്യം.അവിടെ എത്തിയപ്പോൾ വിനോയ്‌യും മറ്റ് അധ്യാപകരും ചേർന്ന് വളരെ പെട്ടെന്ന് ഒരു പരിപാടിക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തു.അങ്ങനെ കുട്ടികളോട് ഒരു മണിക്കൂറോളം സംസാരിക്കാനും അവരിൽ നിന്ന് ചിലത് കേൾക്കാനും ഉള്ള അവസരം ഉണ്ടായി.
സംസാരം കഴിഞ്ഞ് ഹാളിൽ നിന്നിറങ്ങുമ്പോൾ കുട്ടികളിൽ പലരും വന്ന് ബലമായി കയ്യിൽ പിടിച്ച് 'എന്നെ മറക്ക്വോ,ഇല്ലല്ലോ' എന്നു ചോദിച്ച് എന്റെ കൈത്തണ്ടയിലും കവിളിലുമൊക്കെ തടവി.ആ കുട്ടികൾ തന്ന സ്‌നേഹത്തെ ,ആ മുഖങ്ങളെ ഞാൻ എങ്ങനെ മറക്കാനാണ്?
ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കുട്ടികൾ എങ്ങനെ ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഞാനുമായി ഇത്രയേറെ അടുപ്പത്തിലായി? എന്നോട് ഇത്രമേൽ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ അവർക്കെങ്ങനെ കഴിഞ്ഞു? ഒരു പ്രത്യേക തലത്തിൽ എന്റെയും അവരുടെയും മനോവ്യാപാരങ്ങളുടെ 'വെയ്‌വ് ലങ്ത്'  എങ്ങനെ ഒന്നായിത്തീർന്നു?ഉച്ചയുണും കഴിഞ്ഞ് ഒരു അധ്യാപകന്റെ ബൈക്കിനു പിന്നിലിരുന്ന് മടങ്ങുമ്പോൾ മരച്ചോട്ടിലിരിക്കയായിരുന്ന ഒരു കുട്ടം കൂട്ടികൾ 'വരണേ,ഇനീം വരണേ' എന്ന് വലിയ ആവേശത്തിൽ,അതിലേറെ സ്‌നേഹത്തിൽ വിളിച്ചു പറഞ്ഞതിന്റെ രഹസ്യമെന്താണ്? ആ ബന്ധത്തെ ഞാൻ എങ്ങനെയാണ് മനസ്സലാക്കേണ്ടത്?
ആറളം ഫാം ഹൈസ്‌കൂൾ തന്ന അനുഭവത്തെ എങ്ങനെ വിശേഷിപ്പിക്കും എന്നെനിക്കറിയില്ല.അത്യാഹ്ലാദകരം!അത്ഭുതകരം ! അത്യന്തം ഊഷ്മളം! അവിസ്മരണയം! കുട്ടികൾ കാണിച്ച അടുപ്പത്തിന്റെ സ്വഭാവവും ഫലവും ഒരു വാക്കിലും ഒതുങ്ങില്ല.
സോഫോക്ലിസിന് സ്തുതി!
അത്ഭുതങ്ങൾ പലതാണ് ഭൂമിയിൽ
അവയിൽ മഹോന്നതം മനുഷ്യനാണ്!


ഒരേയൊരായുധം സാംസ്‌കാരിക പ്രവർത്തനം

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ചെറിയ ചില ഇടവേളകളൊഴിച്ചാൽ എല്ലാ വർഷവും രണ്ടോ മൂന്നോ ചിലപ്പോൾ അതിലധികമോ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായി  ക്കൊണ്ടിരി ക്കുന്നു.സി.പി.ഐ( എം) ന്റെയും ആർ.എസ്.എസ്സിന്റെയും  സാധാരണക്കാരായ സജീവപ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ മഹാഭൂരിപക്ഷവും.ബി.ജെ.പിയും ആർ.എസ്.എസ്സും ജില്ലയിലെ മാർക്‌സിസ്റ്റ് പാർട്ടിയെ  ഭയപ്പെടുത്തി നിർവീര്യമാക്കാനും അതുവഴി സംസ്ഥാനത്താകെ പാർട്ടിയെ നിശ്ചലമാക്കാനും ഉദ്ദേശിച്ച് നടത്തുന്ന ആസൂത്രിതശ്രമങ്ങളിൽ നിന്നാണ് കൊലപാതകങ്ങളിലേക്ക് നയിക്കുന്ന അസ്വാസ്ഥ്യങ്ങളും സംഘട്ടനങ്ങളും ആരംഭിക്കുന്നതെന്ന നിരീക്ഷണം നേരത്തെ എം.എൻ.വിജയനിൽ നിന്നു തന്നെ ഉണ്ടായിട്ടുണ്ടെന്ന കാര്യം  സി.പി.ഐ.( എം) നേതാക്കൾ ഈയിടെയായി പല സന്ദർഭങ്ങളിലും ബഹുജനങ്ങളെ ഓർമിപ്പിച്ചു വരുന്നുണ്ട്. വിജയൻമാഷുടെ നിരീക്ഷണം പൂർണമായും ശരിയാണെന്ന് വാദിക്കുന്നവർ തന്നെയും കടന്നുപോയ ദശകങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം സമ്മതിക്കുമെന്നാണ് ഞാൻ കരുതുന്നത്: ആയുധം കൊണ്ടുള്ള തിരിച്ചടികളിലൂടെയും കൊലപാതകങ്ങളിലൂടെയുമല്ലാതെ ആർ.എസ്.എസ്സിനെ എങ്ങനെ നേരിടാമെന്ന കാര്യം ഗൗരവമായി ആലോചിച്ച് ഒരു കർമപദ്ധതി രൂപപ്പെടുത്തി മുന്നോട്ടു പോവാനുള്ള തീരുമാനം കൊക്കൊള്ളുന്നത് ഇനിയും വെച്ചുനീട്ടുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒട്ടും തന്നെ അഭിമാനകരമല്ല.
കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളുടെയും ബന്ധുക്കളോളം തന്നെ അടുത്ത സുഹൃത്തുക്കളുടെയും പകയിൽ നിന്നാണ് പകരം വീട്ടിക്കൊണ്ടുള്ള കൊലയ്ക്കുള്ള പ്രേരണയും പ്രാരംഭശ്രമങ്ങളും ഉണ്ടാകുന്നത് എന്നാണ് സാധാരണയായി ആരും ഊഹിക്കുക.ആ ഊഹം തെറ്റാവാൻ സാധ്യതയുമില്ല.എന്നാൽ പകരം വീട്ടുന്നത് നേരിട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല.അതിനു വേണ്ടി ഇരു വശവും ഏതാനും ചിലരെ നിയോഗിക്കുകയാണ് ചെയ്യുന്നത്.ഇവർ പിന്നീട് നോട്ടപ്പുള്ളികളാവുകയും ഏതെങ്കിലുമൊരു ഘട്ടത്തിൽ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്യുന്നു.ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഇര മുമ്പ് ഏതെങ്കിലുമൊരു കൊലപാതകത്തിലെ പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ കാണാറുള്ളത്.കൊല നടത്തുന്നവർ പണത്തിനു വേണ്ടി ആ പണി ചെയ്യുന്ന ക്വട്ടേഷൻ സംഘക്കാരാവാമെന്ന ഊഹം കണ്ണൂർ ജില്ലയിലെ കൊലപാതകികളുടെ കാര്യത്തിൽ  ശരിയാവുമെന്ന് തോന്നുന്നില്ല.ഏത് പക്ഷത്തായാലും തങ്ങളുടെ രാഷ്ട്രീയ വിശ്വാസവും പാർട്ടിക്കൂറുമാണ് ഒരു മനുഷ്യന് ചെയ്യാനാവുന്നതിൽ വെച്ച് ഏറ്റവും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്യാനുള്ള ഹൃദയ കാഠിന്യം അവർക്ക് നൽകുന്നത്.
ഇങ്ങോട്ട് വരുന്ന ആക്രമണങ്ങളെ തടയുക,തന്ത്രപരമായി പരാജയപ്പെടുത്തുക എന്നൊക്കെയുള്ളതല്ലാതെ അങ്ങോട്ട് ആക്രമിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം വർഗീയത ദർശനമായിട്ടുള്ള, ഫാസിസ്റ്റ് പ്രവർത്തനശൈലി ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന് ഇടക്കിടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽ നിന്നും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയിൽ നിന്നും പ്രതീക്ഷിക്കാനാവില്ല.പക്ഷേ,ഇടതുപക്ഷത്തുള്ളവർ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്.
കായികപരിശീലനവും ആയുധപരിശീലനവും നടത്തുന്ന ഒരു സംഘടന ഗ്രാമങ്ങളിലെല്ലാം വേരുപടർത്തുകയും അതിലെ അംഗങ്ങൾ  കൂടെക്കൂടെ പല തരത്തിൽ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അഹിംസാവാദികളായി അടങ്ങിയിരുന്ന് സർവവും സഹിച്ചുകൊള്ളണമെന്ന് പറയുന്നതിൽ എന്താണർത്ഥം എന്ന എതിർവാദം മാർക്‌സിസ്റ്റ് പാർട്ടിയെ അനുകൂലിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവു ന്നതാണ്.ആക്രമണങ്ങളി ലൂടെയും പകപോക്കലുകളിലൂടെയും ഒരു പാർട്ടിയെയോ സംഘടനയെയോ ഇല്ലായ്മ ചെയ്യാനോ ദീർഘകാലത്തേക്ക് കീഴ്‌പെടുത്തി വെക്കാൻ പോലുമോ ആവില്ല.മാത്രവുമല്ല ആ മാർഗം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല.
അപ്പോൾപ്പിന്നെ ആർ.എസ്.എസ്സിനെയും മറ്റ് വർഗീയ ശക്തികളെയും എങ്ങനെ നേരിടും? നിർണായക സന്ദർഭങ്ങളിലെല്ലാം അവരോട് ചേർന്നു നിൽക്കുന്ന കോൺഗ്രസ്സിനെയും മറ്റ് പാർട്ടികളെയും എങ്ങനെ നിലയ്ക്ക് നിർത്തും?
കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തുന്നതിനും ആർ.എസ്.എസ് ഭീഷണിയെ നേരിടുന്നതിനും സാംസ്‌കാരിക പ്രവർത്തനമല്ലാതെ മറ്റൊരായുധവും ഫലപ്രദമാവുകയില്ല.തിരിച്ചടികളും ഭീഷണികളും താൽക്കാലികമായി ഫലം ചെയ്‌തേക്കും.അതു പോലും അനേകം പേരുടെ ജീവൻ ബലി കൊടുത്തേ യാഥാർത്ഥ്യമായിത്തീരുകയുള്ളൂ.സാംസ്‌കാരിക പ്രവർത്തനത്തിന്റെ വഴി പൂർണാർത്ഥത്തിൽത്തന്നെ വേറിട്ടുള്ള ഒന്നാണ്.എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും ഉയർന്ന ലോകബോധവും വിശാലമായ താൽപര്യങ്ങളും വളർത്താൻ അതിലൂടെയേ സാധിക്കൂ.ഉപചാരത്തിനു വേണ്ടിയുള്ള കലാസാംസ്‌കാരിക പ്രവർത്തനങ്ങളും പാർട്ടിയുടെ ഘടന അതേ പടി പകർത്തിയെടുത്ത് രൂപപ്പെടുത്തുന്ന സംഘടനയിലൂടെ ചിട്ടപ്പടിയായി നടത്തുന്ന പ്രവർത്തനങ്ങളും ഫലം ചെയ്യില്ല.യുദ്ധകാലത്തെ ചാരപ്രവർത്തനത്തിന്റെ ശൈലിയിൽ ഓരോ എഴുത്തുകാരനെയും /എഴുത്തുകാരിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് അയാളിൽ/അവളിൽ പാർട്ടി വിരുദ്ധ നിലപാടുകളുടെ നേർത്ത ഛായ പോലും കാണാനില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടു മാത്രം  സഹകരിപ്പിക്കുക എന്ന നിലപാടും ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനത്തെ എവിടെയും കൊണ്ടു ചെന്നെത്തിക്കില്ല.പല കാരണങ്ങളാൽ മുഖ്യധാരാ മാധ്യമങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും പ്രിയംകരരായിത്തീരുന്നവരെ അങ്ങോട്ടു ചെന്ന് വണങ്ങി തങ്ങളുടേതാക്കിത്തീർക്കുന്നതുകൊണ്ടും ഇടതുപക്ഷം കാര്യമായി ഒന്നും നേടാൻ പോവുന്നില്ല.
അന്റോണിയോ ഗ്രാംഷി വ്യക്തമായി വിശദീകരിച്ച സാംസ്‌കാരിക നടുനായകത്വ       ( Cultural hegemony)ത്തിന്റെ കരുത്ത്  നമ്മുടെ  ആശയലോകങ്ങളെയും സൗന്ദര്യസങ്കൽപങ്ങളെയും ഭാവുകത്വത്തെ ആകെത്തന്നെയും  യാഥാസ്ഥിതികവും ജീർണവുമാക്കി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമ്പന്നരും സവർണരും പരിപോഷിപ്പിച്ചതും സാധാരണജനങ്ങളുടെ ജീവിത വേദനകൾക്കും ഹൃദയവികാരങ്ങൾക്കും യാതൊരു പരിഗണനയും നൽകാത്തതുമായ
 മൂല്യസങ്കല്പങ്ങ ളാണ് കാവ്യസൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ നൂറ്റാണ്ടുകളോളം ഭരിച്ചു പോന്നത്. കേരളീയ നവോത്ഥാനം സൃഷ്ടിച്ച പുതിയ മനുഷ്യസങ്കൽപവും പിന്നീട് ദേശീയ പ്രസ്ഥാനവും ഈ ആധിപത്യ ത്തിന്നെതിരായ നിലപാടുകൾക്കും ശക്തമായ ചില ആവിഷ്‌ക്കാരങ്ങൾക്കും വഴി തുറന്നു.പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സ്വാധീനം വളരെ ശക്തമായിരുന്ന 1930കളുടെ രണ്ടാം പകുതി മുതൽ 1950കളുടെ ആദ്യവർഷങ്ങൾ  വരെയുള്ള കാലത്ത് കാര്യങ്ങൾ വളരെയേറെ മുന്നോട്ടു പോയി.അടിത്തട്ടിലെ മനുഷ്യർ സാഹിത്യത്തിന്റ കേന്ദ്ര സ്ഥാനത്തേക്ക് കടന്നുവരുന്ന അനുഭവങ്ങൾ തുടരെത്തുടരെ ഉണ്ടായി.
പുരോഗമന സാഹിത്യം പരിക്ഷീണമായിത്തുടങ്ങിയതോടെ ഏകാകികളായ വ്യക്തികളുടെ മോഹങ്ങളും വേദനകളും തങ്ങളെ തകർക്കാനായി നിലകൊള്ളുന്നതെന്ന് സ്വജീവിതാനുഭവങ്ങളിലൂടെ അവർക്ക് ബോധ്യപ്പെട്ട യാഥാസ്ഥിതക ശക്തികൾക്കെതിരെ വ്യക്തിഗത വിജയത്തിനു വേണ്ടി അവർ തനിച്ചു നടത്തുന്ന  പോരാട്ടങ്ങളുമൊക്കെയായി നമ്മുടെ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഉള്ളടക്കം.അതിനു ശേഷമാണ് ആധുനികതയുടെ വരവ്.മലയാള സാഹിത്യം ദർശനതലത്തിൽ ഏറ്റവും പരതന്ത്രമായ കാലമാണത്.ഏത് സാമൂഹ്യപ്രശ്‌നങ്ങളെയും സാമൂഹ്യാവസ്ഥയുടെ ഇടപെടൽ നേരിട്ടനുഭവപ്പെടാത്ത വൈയക്തിക പ്രശ്‌നങ്ങളെയുമെല്ലാം അസ്തിത്വവാദത്തിന്റെ പരിസരത്തിലേക്ക് പ്രവേശിപ്പിച്ച് മറ്റെന്തൊക്കെയോ ആക്കിത്തീർക്കുന്നതിൽ നമ്മുടെ എഴുത്തുകാർ ഈ കാലത്ത് കാണിച്ച അത്യുത്സാഹത്തിന്റെ കാരണം ഇപ്പോഴും പൂർണമായി പിടികിട്ടിയിട്ടില്ല.എഴുപതുകളുടെ അവസാനമാവുമ്പോഴേക്ക് ആധുനികതയുടെ പ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങുകയും എൺപതുകളുടെ മധ്യത്തോടെ മലയാള സാഹിത്യം ആധുനികോത്തരതയിലേക്ക് പ്രവേശിച്ചതായി വായനക്കാർക്ക് പൊതുവെ അനുഭവപ്പെടുകയും ചെയ്തു.
ആധുനികോത്തരതയുടെ ദർശനത്തെ രൂക്ഷമായി വിമർശിക്കുന്നവർക്കു പോലും ഒരു അവസ്ഥ എന്ന നിലയിൽ ആധുനികോത്തരത വലിയൊരളവോളം കേരളത്തിലും യാഥാർത്ഥ്യമായി തീർന്നു എന്ന വസ്തുത അംഗീകരിക്കാതിരിക്കാനാവില്ല.സാഹിത്യത്തിൽ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ ആധുനികോത്തരതയല്ല ഇവിടെ ഉണ്ടായതെന്ന് സ്ഥാപിക്കാനും അതുകൊണ്ടു തന്നെ നമ്മുടെ സാഹിത്യത്തെ ആധുനികോത്തരം എന്ന് വിശേഷിപ്പിക്കാനാവുന്ന സാഹചര്യം ഇന്നേ വരെ ഇവിടെ ഉണ്ടായിട്ടില്ലെന്നും സ്ഥാപിച്ചെടുക്കാൻ ഒരാൾക്ക് ഏറെ വിഷമിക്കേണ്ടി വരില്ല.പക്ഷേ,മലയാളസാഹിത്യം ആധുനികോത്തരതയുടെ യൂറോപ്യൻ/അമേരിക്കൻ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല എന്ന് വാദിച്ചുറപ്പിക്കുന്നതിൽ യാതൊരു കാര്യവുമില്ല.ആഗോളവൽക്കരണത്തിന്റെതായ ഈ കാലത്ത് മൂലധനത്തിന്റെയും ടെക്‌നോളജിയുടെയും  രാജ്യാതിർത്തികൾ ഭേദിച്ചുള്ള വ്യാപനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ജീവിതാവസ്ഥയും അതിന്റെ ഉൽപന്നമായ മാനസികാവസ്ഥയും ലോകത്തിലെ മിക്ക സമൂഹങ്ങളെയും പോലെ കേരള സമൂഹവും പങ്കുവെക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ തർക്കിച്ച് ഇല്ലാതാക്കാനാവില്ല.
ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ രൂപങ്ങൾ തന്നെയായ ഊഹക്കച്ചവട മുതലാളിത്തത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ഉള്ളുകളികളെ കുറിച്ചും പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി എന്ന നിലയ്ക്ക് ആധുനികോത്തരതയുടെ ദർശനം എങ്ങനെ പ്രവർത്തിച്ചു എന്നതിനെ കുറിച്ചുമെല്ലാം സാഹിത്യത്തിന്റെയും ചിത്രകലയുടെയും ചലച്ചിത്രകലയുടെയും രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പേർക്കും ഇന്നിപ്പോൾ വ്യക്തമായ ധാരണയുണ്ട്.ആധുനികോത്തരത ഒരു ദർശനമെന്ന നിലയിൽ തികച്ചും അനാകർഷകമായിത്തീർന്നിരിക്കുന്നു,അത് കാലഹരണപ്പെടുക തന്നെ ചെയ്തിരിക്കുന്നു എന്ന് പറയാൻ അവരാരും മടിച്ചു നിൽക്കുകയില്ല.
ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും എല്ലാ രംഗങ്ങളിലും വാതിൽ തുറന്നു കൊടുത്തു കഴിഞ്ഞതിനു ശേഷവും ഓരോ രാജ്യത്തും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായസാമൂഹ്യസാമ്പത്തിക സാംസ്‌കാരിക യാഥാർത്ഥ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എല്ലായിടത്തെയും ജനങ്ങൾക്ക്  ബോധ്യം വന്നു.പക്ഷേ,ഈ തിരിച്ചറിവിലൂടെ ഉയർന്നു വരേണ്ട പുതിയൊരു രാഷ്ട്രീയബോധത്തിനു പകരം  അനേകം അവ്യക്തതകൾ നിറഞ്ഞ, ഏറെ കലുഷമായ രാഷ്ട്രീയമാണ് ഇന്ത്യ ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്.ഈ അവസ്ഥയെ കൃത്യമായി വിലയിരുത്താനും അടിയന്തിര പ്രാധാന്യം നൽകി അഭിമുഖീകരിക്കേണ്ടുന്ന പ്രശ്‌നങ്ങൾ ഏതൊക്കെയെന്ന് ജനങ്ങളെ പഠിപ്പിക്കാനും മുന്നോട്ടു വരേണ്ടത് ഇടതുപക്ഷമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവുകളിലും തന്ത്രങ്ങളിലും നീക്കുപോക്കുകളിലും സർവശ്രദ്ധയും സമർപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിനും ആ ഉത്തരവാദിത്വം ഏറ്റെടുക്ക3നാവില്ല.'കമ്യൂണിസം അജയ്യമാണ്; കാരണം അത് സത്യമാണ്.നാളിതു വരെയുള്ള മനുഷ്യചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണ് ,അന്തിമ വിജയം തൊഴിലാളി വർഗത്തിന്റെതാണ്' എന്നും മറ്റും മതവിശ്വാസികളുടേതിൽ നിന്ന് കാര്യമായ അന്തരമൊന്നുമില്ലാത്ത മനോനില സൂക്ഷിച്ചു കൊണ്ട് ഉരുവിടുന്നവർക്കും പുതിയ രാഷ്ട്രീയയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനാവില്ല.മാർക്‌സിസം മതാനുശാസനം പോലുള്ള ഒന്നല്ലെന്നും മാർക്‌സിന്റെയും ഏംഗത്സിന്റെയും ലെനിന്റെയും വാക്യങ്ങൾ ഉരുവിടുന്നതും കടന്നുപോയ ചരിത്രഘട്ടങ്ങളിലെ രാഷ്ട്രീയാനുഭവങ്ങളുടെ മൂശയിൽ തന്നെ പകർന്നൊഴിക്കപ്പെടുന്നവയാണ് പുതിയ കാലത്തെ അനുഭവങ്ങൾ എന്ന ധാരണയോടെ രാഷ്ട്രീയ വിശകലനം നിർവഹിക്കുന്നതും ജനങ്ങളെ ബൗദ്ധികമായി നിശ്ചലരാക്കാനും രാഷ്ട്രീയമായ ഉണർവുകൾ സ്വന്തമാക്കാൻ പ്രാപ്തരാക്കാതെ മയക്കിക്കിടത്താനും മാത്രമേ സഹായിക്കൂ.
ഉണർന്നിരിക്കുന്നവരായി പുറമേ ഭാവിക്കുമ്പോഴും അകമേ ഉറക്കത്തിലാണ്ടു കിടക്കുന്ന ഒരു ജനതയിൽ നിന്ന് ആശാവഹമായ യാതൊന്നും പ്രതീക്ഷിക്കാനാവില്ല.രാഷ്ട്രീയ ജാഗ്രത മാത്രമല്ല രാഷ്ട്രീയം തന്നെ കൈവിടുകയും കേവലം മേനിനടിപ്പിനു വേണ്ടി  ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുകയും ചെയ്യുന്നവർ അവരുടെ പ്രവൃത്തികളിൽ ജനവിരുദ്ധരായി മാറാൻ വലിയ കാലതാമസമുണ്ടാവില്ല.കേരളത്തിലെ ജനജീവിതത്തിന്റെ അനേകം തലങ്ങളിൽ ഇത്തരക്കാരുടെ ഇടപെടലുകൾ കടുത്ത അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.ആർ.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കടന്നാക്രമണങ്ങളെയും ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയ്ക്കുള്ള ബി.ജെ.പിയുടെ മുന്നേറ്റത്തെയും  പ്രതിരോധിക്കാനുള്ള ആർജവം സാമാന്യജനങ്ങൾക്ക് ഇല്ലാതാക്കുന്നതിൽ ഈ അരാഷ്ട്രീയക്കാർ വഹിക്കുന്ന പങ്ക് ഒട്ടും തന്നെ ചെറുതല്ല.
ഏറെ ശ്രമവും കരുതലുമുണ്ടെങ്കിൽ മാത്രം മറി കടന്നു പോവാൻ കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിലുള്ളത്.ജനങ്ങളെ ശരിയായ അർത്ഥത്തിൽ രാഷ്ട്രീയവൽക്കരിക്കുക എന്ന ദൗത്യം സത്യസന്ധമായി ഏറ്റെടുക്കാൻ തയ്യാറാവാത്ത പക്ഷം വലതുപക്ഷത്തേക്കാൾ വേഗത്തിലും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കും അഴിമതി നടത്താൻ വലുതായ സാധ്യതകളൊന്നും നൽകാതെയും അങ്ങിങ്ങ് ചില വികസനപ്രവർത്തനങ്ങൾ നടത്തി കടന്നു പോയവർ എന്നതിലപ്പുറം അവർക്ക് ഒന്നും അവകാശപ്പെടാൻ കഴിയാതെ വരും.
സ്വന്തം പ്രവർത്തകർക്കും ബഹുജനങ്ങൾക്കും ഉയർന്ന രാഷ്ട്രീട്രീയ വിദ്യാഭ്യാസം നൽകാനും സാഹിത്യവും ഇതരകലകളുമായും നിരന്തരം ബന്ധപ്പെടാനുള്ള സന്നദ്ധത അവരിൽ വളർത്തിയെടുക്കാനും ഉള്ള ഒരു പദ്ധതി ഇടതുപക്ഷം അടിയന്തിരമായി ആസൂത്രണം ചെയ്യണം.രാഷ്ട്രീയപ്പാർട്ടികളുടെ ദൈനംദിന വ്യവഹാരങ്ങളിലും ഭരണകാര്യങ്ങളിലും ഒതുങ്ങുന്നതല്ല രാഷ്ട്രീയം എന്ന ഉറച്ച ബോധ്യത്തിൽ എത്തിച്ചേരുന്ന ഒരു ജനതയെ വർഗീയ ശക്തികൾക്ക് കീഴ്‌പ്പെടുത്താനാവില്ല.ആയുധമെടുക്കാതെ തന്നെ എതിരാളികളെ നിർവീര്യരാക്കാൻ അവർക്ക് കഴിയും.ജീവിതം എന്ന പ്രതിഭാസത്തെയും മനുഷ്യാവസ്ഥയെയും ആഴത്തിലും പരപ്പിലും അറിയാനും സേന്ഹിക്കാനും മനുഷ്യരെ പഠിപ്പിക്കാൻ സാഹിത്യത്തിനും ഇതര കലകൾക്കുമുള്ള ശേഷി പുതിയ തെളിവുകൾ നിരത്തി സ്ഥാപിച്ചെടുക്കേണ്ടുന്ന ഒന്നല്ല.ഉയർന്ന രാഷ്ട്രീയബോധത്തോടൊപ്പം കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിർമാതാക്കളായും ആസ്വാദകരുമായി പ്രവർത്തിക്കാനുള്ള താൽപര്യം കൂടി ജനങ്ങളിൽ പൊതുവായി വളർന്നു വരികയാണെങ്കിൽ അത് ഇടതുപക്ഷത്തെ വലിയ തോതിൽ ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല ഇടതുപക്ഷത്ത് നിലയുറപ്പിക്കുന്നവരെ അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും വഴുതി വീഴാതെ രക്ഷിക്കുകയും ചെയ്യും.ഈ വസ്തുതകളിലേക്ക് എത്രയും വേഗം കണ്ണ് തുറക്കാനുള്ള ഉത്തരവാദിത്വം മാർക്‌സിസ്റ്റ് പാർട്ടിക്ക് മാത്രമല്ല,ഒരു പാർട്ടിയുമായും ബന്ധപ്പെടാതെ നിൽക്കുന്ന സ്വതന്ത്ര ഇടതുപക്ഷക്കാർക്കും ഉണ്ട്.


Tuesday, November 15, 2016

സംവിധായകന്റെ സംഭാവന

എന്റെ ' മൂകസാക്ഷി 'എന്ന ചെറുനാടകം ബിജു ഇരിണാവിന്റെ സംവിധാനത്തിൽ ആദിത്യൻ എന്ന നടൻ ഏതാനും വേദികളിൽ ഏകപാത്ര നാടകമായി അവതരിപ്പിച്ചു.പ്രേക്ഷകരിൽ നിന്ന് പൊതുവെ നല്ല സ്വീകരണം ലഭിച്ച ഈ നാടകം ഒരു വേദിയിൽ (വെങ്ങര-കണ്ണൂർ ജില്ല) ബിജു തന്നെ അവതരിപ്പിക്കുകയുണ്ടായി.ഇരുവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചമായിരുന്നു. സംവിധായകനായ ബിജുവിന് വേദിയിൽ നാടകത്തിന്റെ അവസാനഭാഗത്തെ പെർഫോമൻസിൽ കൂടുതൽ അനായസതയും ഗാംഭീര്യവും ഉണ്ടായിരുന്നുവെന്നു പറയാം.
കുഞ്ഞൂട്ടിയേട്ടന്റെ ജീവിതത്തിന്റെ വിശദാംശങ്ങളിൽ നാടകത്തിൽ ഇല്ലാത്ത ഒരു കാര്യം ബിജു കൂട്ടിച്ചേർത്തിട്ടുണ്ട്.കുഞ്ഞൂട്ടിയേട്ടൻ എന്ന പാവം ചായക്കടക്കാരനെ ബിജു ഒരു തെയ്യം കലാകാരൻ കൂടിയാക്കി.തെയ്യക്കാലം വന്നാൽ ചായക്കട അടച്ച് തെയ്യം കെട്ടാൻ പോകുന്ന ഒരാളാണ് കുഞ്ഞൂട്ടിയേട്ടൻ എന്ന് പ്രേക്ഷകർക്ക് ഊഹിക്കാൻ പാകത്തിൽ ചെറിയ ഒരു ഡയലോഗ് ബിജു കൂട്ടിച്ചേർത്തു.അത് നാടകത്തിന് പുതിയ ഒരു മാനം നൽകി. സമൂഹത്തിൽ അധികാരം നടത്തുന്ന ശക്തികളെ ഭയന്ന് ഒരു തിന്മയ്ക്കു നേരെയും പ്രതികരിക്കാനാവാതെ വന്നതിന്റെ ധർമസങ്കടത്തിന്റെ മൂർധന്യത്തിൽ സംശാരശേഷിയും കേൾവിയും ഒടുവിൽ കാഴ്ചയും നഷ്ടപ്പെടുന്ന കുഞ്ഞൂട്ടിയേട്ടൻ സ്വന്തം ആത്മാവിൽ നിന്നുയരുന്ന കൊമ്പുവിളിയിൽ സ്വയം മറന്ന് ഭ്രാന്തമായി നൃത്തം ചെയ്യുന്നിടത്താണ് നാടകം അവസാനിക്കുന്നത്.ഈ നൃത്തത്തെ തെയ്യത്തിന്റെ അംഗചലനങ്ങളും ചുവടുവെപ്പുകളുമായി ഐക്യപ്പെടുത്തി ബിജു.ഇതിലൂടെ ദൂർബലനായ കുഞ്ഞൂട്ടിയേട്ടൻ തന്റെ ശപിക്കപ്പെട്ട മനുഷ്യാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് ഭാവനയുടെ തലത്തിൽ ദൈവമായി ഉയരാൻ ശ്രമിക്കുന്നതായി ചിത്രീകരിക്കാൻ ബിജുവിന് കഴിഞ്ഞു.വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെ ജീവിതകഥ അറിയുന്ന വർക്കെല്ലാം അറിയാം: തെയ്യങ്ങളിൽ പലരും മനുഷ്യരാണ്.പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മരിച്ച സാധാരണ മനുഷ്യർ.സ്വാഭാ വശുദ്ധി,ആദർശശുദ്ധി,ബുദ്ധിശക്തി,ആത്മധൈര്യം എന്നീ ഗുണങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് അവർക്ക് വളരെ കൂടുതലായി ഉണ്ടായിരുന്നു എന്നു മാത്രം. കുഞ്ഞൂട്ടിയേട്ടൻ ആത്മധൈര്യം ഒഴിച്ച്  ഈ ദൈവങ്ങളുടെ മറ്റ് ഗുണങ്ങളെല്ലാം പങ്കുവെക്കുന്നയാളാണ്. ആ ആത്മധൈര്യമില്ലായ്കക്ക് പിന്നിൽ അയാളുടെ ആത്മശുദ്ധിയും ഉയർന്ന മാനവികതയും കൂടി ഉണ്ട് താനും.ഇതെല്ലാം പരിഗണിക്കുമ്പോൾ മൂകസാക്ഷിയിലെ കുഞ്ഞൂട്ടിയേട്ടന് അയാളുടെ ആത്മഗതത്തിലെ ഒരു വാക്യം കൊണ്ട് ബിജു നൽകിയിരിക്കുന്ന അധിക മാനം വളരെ ഗംഭീരമാണെന്ന് കാണാം.നാടകകൃതിയിൽ ( രചിത പാഠത്തിൽ) സംവിധായകൻ ഇടപെടുന്നതിന് ഞാൻ തീർത്തും എതിരാണ്.എന്നാൽ 'മൂകസാക്ഷി'യിൽ സംവിധായകൻ നടത്തിയിരിക്കുന്ന ഈ ഇടപെടൽ എന്നെ അത്യധികം ആഹ്ലാദിപ്പിക്കുന്നു.

Wednesday, November 9, 2016

ഏത് ഭാഷ സംസാരിക്കണം?

'പൊലയാടിമോനേ ,നമ്മള് സംസാരിക്കുന്നതു പോലെ സംസാരിക്കെടാ,ഞാനാ പറയ്ന്ന് ' അരുൺകാംബ്ലേ എന്ന മറാത്തി കവിയുടെ ഒരു  കവിതയിലെ കുട്ടിയോട് മുതുകിൽ പാരമ്പര്യത്തിന്റെ ഭാരവുമായി അവന്റെ ഉള്ളിൽ കഴിയുന്ന മുത്തച്ഛൻ അലറുന്നു. നെയ് തേച്ച് മിനുക്കിയ ഉച്ചിക്കുടുമയുമായി ക്ലാസിലെത്തുന്ന ബ്രാഹ്മണനായ അധ്യാപകൻ ഇതേ കുട്ടിയോട് 'മണ്ടാ, ഭാഷ ശരിയായി ഉപയോഗിക്കൂ' എന്ന് പറയുന്നു.
Which Language should I speak ? എന്ന ശീർഷകത്തിൽ പ്രിയ ആധാർകർ ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയ ഈ കവിതയിലെ കുട്ടി നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ് : 'ഏത് ഭാഷയാണ് ഞാൻ സംസാരിക്കേണ്ടത്?'
കവിതയിലെ മുത്തച്ഛൻ ഉപയോഗിക്കുന്ന ഭാഷയും അധ്യാപകൻ ഉപയോഗി ക്കുന്ന ഭാഷയും വിരുദ്ധകോണുകളിൽ നിൽക്കുന്ന രണ്ട് അനുഭവലോ കങ്ങ ളെയും സംസ്‌കാരങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.അവയ്ക്കു പിന്നിലെ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കിയെങ്കിലേ ഏത് ഭാഷയാണ് സ്വീകാര്യം എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പരിസരങ്ങളിലേക്ക് ചെന്നെത്താനാവുകയുള്ളൂ.
ഇന്ത്യൻ ഭാഷകളിൽ ഓരോന്നിലെയും പദങ്ങളുടെ പദവി,ഓരോ പദത്തിന്റെ യും ശരിയായ രൂപം, ശരിയായ ഉച്ചാരണം ഈ വക കാര്യങ്ങളിൽ അവസാ നവാക്ക് പറയുന്നതിനുള്ള അധികാരം കയ്യാളിയിരുന്നത് അതാത് ഭാഷകൾ സംസാരിക്കുന്നവരുടെ സമൂഹത്തിൽ ജാതീയമായും സാമ്പത്തികമായും മേൽക്കോയ്മ നേടിയിരുന്നവരാണ്.കീഴാളരുടെ ഭാഷ അവരുടെ ജീവിത പരിതോവസ്ഥകൾ പോലെ തന്നെ പല തലങ്ങളിലും നിറം കെട്ടും മുരടിച്ചുമാണ് ഇരുന്നിരുന്നത്. പരമ ദരിദ്രരായിരിക്കുമ്പോഴും അവർ ആടുകയും പാടുകയും അതിലൂടെ ജീവിതത്തിലെ ഇല്ലായ്മകൾക്ക് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തിയതായി സ്വയം വിശ്വസി പ്പിക്കുകയും ചെയ്തിരുന്നു.തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതമയമായ ജീവിതത്തിനു പകരം മറ്റൊരു ജീവിതം സാധ്യമാണ് എന്നതിനെ കുറിച്ച് അവർ കാര്യമായി ആലോചിച്ചിരുന്നില്ല.അങ്ങനെ ആലോചിക്കാനുള്ള പ്രേരണ യുണ്ടാകുന്ന ബൗദ്ധിക പരിസരത്തിലല്ല അവരുടെ ജീവിതം നിലനിന്നിരുന്ന ത്.ഈ ആലോചനയില്ലായ്കയും അജ്ഞതയുമാണ് അനേകം അനീതികൾക്ക് ഇരയായിക്കൊണ്ടിരുന്ന സ്വജീവിതത്തെ അവർക്ക് സഹ്യമാക്കിത്തീർത്തത്.
ഭാഷയുടെ കാര്യത്തിലും ഈ പരിമിതിയുണ്ടായിരുന്നു.അവരുടെ അനുഭവ ങ്ങൾ അവർത്തന സ്വഭാവമുള്ളതും അതിന്റെ  ഭൗതികപരിസരങ്ങൾ മിക്ക പ്പോഴും വൈവിധ്യരഹിതവുമായിരുന്നു.  ദൈനജീവിതവ്യവഹാരങ്ങൾക്കപ്പുറത്തേക്ക് ചെല്ലുന്ന ബൗദ്ധിക വ്യവഹാ രങ്ങളും ദാർശനികപ്രശ്‌നങ്ങളും അവരുടെ മാനസികജീവിതത്തിന്റെ ഭാഗമാ യിരുന്നില്ല.അതൊക്കെക്കൊണ്ട് ഭാഷയിലൂടെ ആവിഷ്‌ക്കരിക്കേണ്ടുന്ന അനുഭവങ്ങൾക്ക് പരിമിതികളുണ്ടായിരുന്നു. 'അടിത്തട്ടിലുള്ളവരുടെ ഭാഷ വലിയ സാധ്യതകളെ അനുവദിക്കുന്നുണ്ടെങ്കിലും അത് അമൂർത്ത കല്പ നകളെക്കാൾ അധികമായി  വിവരണാത്മകസ്വഭാവമുള്ള പരികല്പ നകളിലേക്ക് കൂടുതൽ കൂടുതലായി ചായുന്നതാണെന്ന്' ബ്രിട്ടീഷ് സാമൂഹ്യ ശാസ്ത്രകാരനും ഭാഷാശാസ്ത്രകാരനുമായ ബാസിൽ ബേസ്റ്റീൻ (Basil Berstein) നിരീക്ഷിച്ചിട്ടുണ്ട്.തൊഴിലാളികളും കീഴ്ത്തട്ടിലുള്ളവരും  അധികമായി ഉപയോഗിക്കുന്നതും Restricted code എന്ന് ബാസിൽ പേരിട്ടതുമായ ഭാഷാ സ്വരൂപം സാമാന്യവൽക്കരണങ്ങളിലേക്ക് ചെല്ലുന്നതിനേക്കാൾ സവിശേഷ സ്വഭാവമുള്ള വസ്തുതകളും അനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്നതിലാണ് ഊന്നുന്നത്.അതിന്റെ വ്യാപന മേഖലയിൽ തൊഴിൽ കൊണ്ടും സാമ്പത്തി കസ്ഥിതി കൊണ്ടും അനുഭവങ്ങൾ കൊണ്ടും  ഏറെക്കുറെ തുല്യനിലയിലു ള്ളവരാണ് ഉള്ളതെന്നതുകൊണ്ട് പല കാര്യങ്ങളും നേരത്തെ എല്ലാവർക്കും അറിയുന്നതാണല്ലോ എന്ന മുൻധാരണയോടെയാണ് ആ ഭാഷ പ്രയോഗി ക്കപ്പെടുന്നത്.സൂചനകൾക്കും ധ്വനിപ്രയോഗങ്ങൾക്കും പഞ്ഞമുണ്ടാ വില്ലെങ്കിലും അത് അമൂർത്തവൽക്കരണത്തെ കഴിവതും അകറ്റി നിർത്തും.
ഉപരിവർഗത്തിൽ പെട്ട സവർണരുടെ ഭാഷയ്ക്കുമുണ്ടായിരുന്നു പല പരിമിതികളും. നേരിട്ടുള്ള അധ്വാനത്തിൽ നിന്നും അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നുമെല്ലാം അകന്നു കഴിയുന്നവരായിരുന്നു അവർ.ആഹാരം, ,വസ്ത്രം,പാർപ്പിടം എന്നീ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിൽ അല്പമായ വേവലാതികൾ പോലും അവരെ അലട്ടിയിരുന്നില്ല.കൂടുതൽ കൂടുതൽ സുഖങ്ങളും സൗകര്യങ്ങളും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനെ പറ്റിയേ അവർക്ക് ആലോചി ക്കേണ്ടിയിരുന്നുള്ളൂ.. ഋതുക്കൾ പ്രകൃതിയിലും ജീവിതത്തിന്റെ ഭൗതിക പരിസരങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പാടത്ത് പണിയെടുക്കുന്ന ഒരാൾക്കുണ്ടാവുന്ന അറിവ് സമ്പന്നരുടെ അറിവിന്റെ പതിന്മടങ്ങായി രിക്കും.നാടൻകലകളുടെയും കളികളുടെയും ലോകവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും അടിത്തട്ടിലുള്ളവർ എത്രയോ മുന്നിലായിരിക്കും. ഈ വക കാര്യങ്ങളിലുള്ള സമ്പന്നരുടെ ഇല്ലായ്മകൾ അവരുടെ ഭാഷയിലും പ്രതിഫലിച്ചിരിക്കുന്നതായി കാണാം.
ശ്രോതാവിനോട് വളരെ അരികെ നിന്ന് സംസാരിക്കുന്ന അനുഭവം നൽകുന്നതിനു പകരം സാമാന്യ നിർദ്ദേശങ്ങളും വൈയക്തികതയുടെ സ്പർശമില്ലാത്ത വിവരണങ്ങളും നൽകുന്നതു പോലെയാണ് മേൽത്തട്ടുകാരുടെ ഭാഷ പ്രവർത്തിച്ചത്.അമൂർത്താശയങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനും വളരെ വേഗം സാമാന്യവൽക്കരണങ്ങളിലേക്ക് നീങ്ങുന്നതിനും സമർത്ഥമായിരുന്നു അത്. ആ ഭാഷയ്ക്ക് സ്പ്ർശിക്കാൻ സാധിച്ചിരുന്ന വിഷയങ്ങളും അനുഭവങ്ങളും ആശയങ്ങളും കീഴ്ത്തട്ടുകാരുടെ ഭാഷയെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു.
കീഴാളരുടെ ജീവിതം നിലനിന്നിരുന്ന പരിസരങ്ങളുടെ ശോച്യാവസ്ഥയും ആ ജീവിതങ്ങളെ വിടാതെ പിടികൂടിയിരുന്ന സംഘർഷാത്മകതയും അവരുടെ ഭാഷയിൽ ലളിതകോമളകാന്ത പദാവലികൾക്കു പകരം പരുക്കൻ പദങ്ങൾക്കും പ്രയോഗങ്ങൾക്കും ഇടം നൽകിയതിൽ അത്ഭുതമില്ല.അവരുടെ സാഹിത്യത്തിലെയും കലകളിലെയും ആവിഷ്‌ക്കാരങ്ങൾ  തികച്ചും അവിദഗ്ധമായും  വിരൂപമായും മേലാളർക്ക് അനുഭവപ്പെട്ടിരിക്കാം.അ വയൊക്കെയും തീരെ നിലവാരം കുറഞ്ഞവയാണെന്നും ഭാവുകത്വത്തിന്റെ താഴെ തട്ടിൽ നിൽക്കുന്നവർക്കു മാത്രമേ അവ സുന്ദരമായി അനുഭവപ്പെ ടുകയുള്ളൂ എന്നും അവർ വിധിക്കുകയും ചെയ്തു.തങ്ങൾ മൂല്യം കൽപിക്കുന്ന സാഹിത്യരചനകളിലും മറ്റ് കലാസൃഷ്ടികളിലും എത്രയെ ണ്ണമുണ്ട് ഉയർന്ന ഭാവുകത്വത്തെയും സാംസ്‌കാരിക ഔന്നത്യത്തെയും സാക്ഷ്യപ്പെടുത്തുന്നവയായി എന്ന് അവർ ആലോചിച്ചതുമില്ല.
                                   ഭാഷയിലെ ജനാധിപത്യം
രാജാധിപത്യത്തിനും നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനും ശേഷം ജനാധിപത്യത്തിന്റെ യുഗത്തിലേക്ക് നാം പ്രവേശിച്ചതോടെ ഭാഷയിൽ നിലനിന്നിരുന്ന അസമത്വങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യപ്പെട്ടുതുടങ്ങി. തങ്ങളുടെ സാമൂഹ്യപിന്നോക്കാവസ്ഥ സ്വയം വിളിച്ചറിയിക്കുന്നതിനായി കീഴാളർ ഉപയോഗിച്ചിരുന്ന വാക്കുകൾ ഒന്നൊന്നായി അപ്രത്യക്ഷമായി ത്തുടങ്ങി. ജാതി,മതം,തൊഴിൽ.സാമൂഹ്യപദവിയിലെ അന്തരം,പ്രദേശം  ഇവയുടെ അടിസ്ഥാനത്തിൽ നിലനിന്നിരുന്ന ഭാഷാഭേദങ്ങൾ അപ്പാടെ ഇല്ലാതായില്ലെങ്കിലും ആശയാവിഷ്‌കാരത്തിനും വിനിമയത്തിനുമായി എല്ലാവർക്കും ഉപയോഗിക്കാവുന്നതെന്ന പൊതുസമ്മതി നേടിയ മാനകഭാഷ ശക്തിപ്പെട്ടു.ഈ ഭാഷ അസമത്വങ്ങളെ മൂടിവെക്കുക മാത്രമാണ് ചെയ്യുന്നത് എന്നു പറഞ്ഞാൽ തികച്ചും തെറ്റല്ലെങ്കിലും ആ പ്രസ്താവം പൂർണമായും ശരില്ലെന്നതിലും സംശയമില്ല.മാനകഭാഷ  അസമത്വങ്ങൾക്കെതിരെ മനുഷ്യർക്കിടയിൽ ഐക്യപ്പെടലിന്റെ മനോഭാവവും സമത്വബോധവും  ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഈ യാഥാർത്ഥ്യത്തെ അവഗണിച്ചു കൊണ്ടു മാത്രമേ ഭാഷാഭേദങ്ങളെയെല്ലാം കരുതലോടെ പരിരക്ഷിക്കണമെന്നും ക്ലാസ്മുറികളിലെ ഉപയോഗത്തിലൂടെ അവയുടെ നഷ്ടപ്പെട്ടുതുടങ്ങിയ ആരോഗ്യം വീണ്ടെടുക്കണെന്നും പറയാനാവൂ.ലിപികൾ ഇല്ലാത്തതും പുതിയ തലമുറ ദൈനംദിന പ്രയോഗത്തിൽ മിക്കവാറും കയ്യൊഴിഞ്ഞതുമായ ആദിവാസിഭാഷകളെ വീണ്ടെടുത്ത് ആദിവാസികളായ വിദ്യാർത്ഥികൾക്ക് ആ ഭാഷയിൽ തന്നെ വിദ്യാഭ്യാസം നൽകണമെന്ന്  വാദിക്കുന്നതിൽ അടങ്ങിയിരിക്കുന്ന അപകടത്തെ കുറിച്ചുകൂടി ആലോചിക്കേണ്ടതുണ്ട്.അത് ആദിവാസികളിൽ ആത്മാഭിമാനം വളർത്തുന്നതിലാണോ അതല്ല അവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിലാണോ കലാശിക്കുക എന്ന കാര്യത്തെ കുറിച്ച് ബന്ധപ്പെട്ടവർ പിടിവാശികൾ ഏതുമില്ലാതെ ഉത്തരവാദിത്വബോധത്തോടെ പഠനം നടത്തണം. .
ഒന്നാം ക്ലാസിലെത്തുന്ന ആദിവാസിക്കുട്ടികൾ തങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമായ ശുദ്ധമലയാളം കേട്ട് അമ്പരക്കുന്ന അവസ്ഥ തീർച്ചയായും ഉണ്ടാകും.ഈ കുട്ടികൾക്ക് അവരുടെ പാട്ടും കഥകളും അവരുടെതായ ഭാഷയിൽ പാടാനും പറയാനും ഉള്ള അവസരം ഉണ്ടാകണം.അതേ സമയം അവർ ഏത് സമൂഹത്തിന്റെ ഭാഗമാണോ ആ സമൂഹത്തിലെ മഹാഭൂരിപക്ഷവും എഴുതാനും വായിക്കാനും പറയാനും ഉപയോഗിക്കുന്ന ഭാഷ പ്രധാനഭാഷയായി പഠിക്കുകയും വേണം.മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവർ മലയാളം കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെയും ഭാഷയല്ല എന്ന കാര്യം ഓർക്കാറേയില്ല,മലയാളികൾക്ക് മലയാളത്തിൽ പഠിക്കാൻ അവസരം ലഭിക്കുന്നതു പോലെ ആദിവാസികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാനും അവസരം വേണം എന്ന് ശക്തിയായി വാദിക്കുന്നവർ ചില പ്രധാന വസ്തുതകൾ  ഓർമിക്കുക തന്നെ വേണം.ആദിവാസി ഭാഷകൾക്ക് ലിപിയില്ല,ആദിവാസഭാഷകൾ മിക്കതും ആദിവാസികൾ തന്നെ വീട്ടിനകത്തും അവരുടെ കൂട്ടായ്മകളിലും മാത്രമേ ഉപയോഗിക്കാറുള്ളൂ. നിത്യജീവിതത്തിൽ എത്രയോ തവണ പുറത്തുള്ളവരുമായി ആശയവിനിമയം സാധിക്കേണ്ടപ്പോഴെല്ലാം സ്വന്തം ഭാഷയെ അവർക്ക് മാറ്റി നിർത്തേണ്ടി വരുന്നുണ്ട്.
പണ്ട് സ്വസമുദായത്തിനു പുറത്ത് തങ്ങളുടെ ജന്മിമാരുമായി മാത്രം ആശയവിനമയം നടത്തേണ്ടി വന്നിരുന്ന കാലത്ത് ഭാഷാപ്രശ്‌നം അവരെ കാര്യമായി അലട്ടിയിട്ടുണ്ടാവില്ല.കാലം മാറി.വ്യാപാരികൾ,രാഷ്ട്രീയ പ്രവർത്തകർ,സഞ്ചാരികൾ,ഡോക്ടർമാർ,സർക്കാരുദ്യോഗസ്ഥന്മാർ,സാമൂഹ്യപ്രവർത്തകർ എന്നിങ്ങനെ പല തരക്കാരുമായി അവർക്ക് ബന്ധപ്പെടേണ്ടി വരുന്നുണ്ട്.അപ്പോഴെല്ലാം അവർക്ക് മലയാളത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.തങ്ങളുടെ ഭാഷയിലെ ചില പദങ്ങളും ഉച്ചാരണത്തിലെ ചില സവിശേഷതകളും നിലനിർത്തിക്കൊണ്ടു തന്നെ അവർ തൃപ്തികരമായി ആശയവിനിമയം നടത്തുന്നുമുണ്ട്.അവരുടെ പുതിയ തലമുറയാണെങ്കിൽ തങ്ങളുടെ ഗോത്രഭാഷ മിക്കവാറും മറന്ന മട്ടാണ്.ചില പാട്ടുകൾ,കഥകൾ,ആചാരാനുഷ്ഠാനുങ്ങളുമായും തങ്ങളുടേത് മാത്രമായ ജീവിതാനുഭവങ്ങളുമായും ബന്ധപ്പെട്ട ഏതാനും പദങ്ങൾ മലയാളത്തിന് പുറത്ത് ഇത്രയുമേ പല ആദിവാസിയുവജനങ്ങളും പ്രയോഗിച്ചു കാണുന്നുള്ളൂ.
വസ്തുത ഇതാണെങ്കിലും ആദിവാസിക്കുട്ടികൾക്ക് തങ്ങൾ വീട്ടിനകത്ത് ഉപയോഗിച്ചു വരുന്ന ഭാഷയെയും തങ്ങളുടെ പാട്ടുകളെയും കഥകളെയും കളികളെയും കുറിച്ച് അധമബോധം ഉണ്ടാവുന്ന ഒരു സാഹചര്യം സ്‌കൂളിനകത്ത് ഉണ്ടാവാൻ പാടില്ലാത്തതാണ്.അവർക്ക് അവരുടെ ഭാഷ ഉപയോഗിക്കാനും അവരുടെ പാട്ട് പാടാനുമൊക്കെയുള്ള സൗകര്യം സ്‌കൂളിൽ തന്നെ ലഭിക്കണം.പ്രൈമറി ക്ലാസുകളിൽ ദിവസവും ഒരു മണിക്കൂറെങ്കിലും അതിനു വേണ്ടി നീക്കിവെക്കണം. ഒരു സ്‌കൂളിൽ രണ്ടോ മൂന്നോ ആദിവാസിവിഭാഗങ്ങളിലുള്ള കുട്ടികൾ ഉണ്ടാവുകയും അവരുടെ എണ്ണം വളരെ കുറവായിരിക്കുകയും ചെയ്യുകയാണെങ്കിൽ ഓരോ വിഭാഗത്തിന്റെയും ഭാഷ ക്ലാസ് മുറിയിൽ പ്രയോഗിക്കുന്നതിനുള്ള അവസരം നിത്യവും ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നത് എത്രത്തോളം പ്രായോഗികമാവും എന്ന പ്രശ്‌നമുണ്ട്.എന്തായാലും സ്വന്തം ഭാഷയ്ക്ക് സ്‌കൂളിലും ഒരു ഇടമുണ്ട് എന്ന തോന്നൽ അവർക്ക് ഉണ്ടാവുക തന്നെ വേണം.ഹൊസ്‌കൂൾ തലം കഴിയുന്നതു വരെയെങ്കിലും ഇതിനുള്ള അവസരം അവർക്ക് ലഭിക്കണം.അങ്ങനെ വന്നു കഴിഞ്ഞാൽ തങ്ങളുടെ ഭാഷയെ ചൊല്ലി അവർക്ക് അധമബോധമുണ്ടാവാനുള്ള സാധ്യത നന്നേ കുറയും.മലയാളഭാഷ അവരുടെ ജീവിത പരിസരങ്ങളിൽ നിലനിന്നു വരുന്ന ഒന്നായതുകൊണ്ടും സ്‌കൂളിലെ സഹപാഠികളിൽ ഏറെ പേരും ആ ഭാഷ സംസാരിക്കുന്നവർ ആയതുകൊണ്ടും മലയാളം മാധ്യമമായുള്ള പഠനത്തിൽ അവർക്ക് വലുതായ ബുദ്ധിമുട്ടുണ്ടാവുകയുമില്ല.ആദിവാസികൾ കാലാകാലമായി നേരിട്ടു വരുന്ന അവഗണനയ്ക്കും വഞ്ചനക്കുമുള്ള പരിഹാരങ്ങൾ ക്ലാസ്മുറികൾക്ക് പുറത്തു തന്നെയാവാണ് ഉണ്ടാവേണ്ടത്.ക്ലാസ് മുറിയിലായിരിക്കുമ്പോഴും സ്‌കൂളിലെ കലാകായിക  പരിപാടികളിൽ പങ്കെടുക്കുമ്പോഴും അവർക്ക് ഏതെങ്കിലും തര ത്തിലുള്ള പകപ്പ് അനുഭവപ്പെടാതിരിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തു ന്നതിന്റെ ഉത്തരവാദിത്വം  മാത്രമേ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആസൂത്ര കർക്കും അധ്യാപകർക്കും ഏറ്റെടുക്കാനാവുകയുള്ളൂ.
( ജനശക്തി വാരിക )


മേലത്ത് മാഷ്

1968-70 കാലത്ത് പയ്യന്നൂർ കോളേജിൽ മേലത്ത് മാഷുടെ ശിഷ്യനായിരുന്നു ഞാൻ.അക്കാലത്ത് എം.ആർ.ചന്ദ്രശേഖരൻ,എം.കേശവ പട്ടേരി,മേലത്ത് ചന്ദ്രശേഖരൻ എന്നിവരായിരുന്നു കോളേജിലെ മലയാളം അധ്യാപകർ.മൂന്ന് പേരുടെയും അധ്യാപനശൈലി വളരെ വ്യത്യസ്തമായിരുന്നു.എം.ആർ.സി മാഷ് ഏത് കഥയും കവിതയും പഠിപ്പിച്ചിരുന്നത് അതിനെ സാമൂഹ്യരാഷ്ട്രീയ സംഭവങ്ങളുമായും ആശയങ്ങളുമായും ഏതെങ്കിലും തരത്തിൽ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു.പൊതുവേദിയിൽ അദ്ദേഹം നടത്തിയിരുന്ന ഓജസ്സുറ്റ പ്രസം ഗങ്ങളുടേതിൽ നിന്ന് സാരമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല അദ്ദേഹ ത്തിന്റെ അധ്യാപന ശൈലിക്ക്.എം.ആർ.സിയുടെ ഓരോ ക്ലാസ് കഴിയുമ്പോഴും പുതിയ ഒരാർജവം കൈവന്നതു പോലെ തോന്നും ഓരോ വിദ്യാർത്ഥിക്കും.പട്ടേരി മാഷ് വളരെ അച്ചടക്കത്തിൽ ഓരോ കാര്യവും വളരെ വ്യക്തതയോടെ പറഞ്ഞ് പാഠത്തിനു പുറത്തേക്ക് വലിയ സ്വതന്ത്ര സഞ്ചാര ങ്ങൾക്ക് മുതിരാതെയാണ് ക്ലാസ്സെടുത്തിരുന്നത്.മൊത്തത്തിൽ നല്ല ചിട്ടയും വെടിപ്പുമുള്ള ക്ലാസുകൾ.മേലത്ത് മാഷാണ് ഏറ്റവും പുതിയ സാഹിതീയ ഭാവുകത്വത്തിന്റെ ചൂരും ചൂടും തെളിച്ചങ്ങളും ക്ലാസ്മുറിയിൽ എത്തിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്.
അസ്തിത്വവാദത്തെ കുറിച്ചും എഴുത്ത് എഴുതുന്നയാൾ തന്റെ സർഗാത്മ കതയുടെ ആവിഷ്‌കാരത്തിൽ സാക്ഷാത്കരിക്കുന്ന സർവതന്ത്ര സ്വാതന്ത്ര് യത്താൽ സുന്ദരമായിത്തീരേണ്ടതിനെക്കുറിച്ചും കവിത മനുഷ്യ ജീവിത ത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കേണ്ടതിനെ കുറിച്ചുമെല്ലാം പ്രത്യേക മായൊരു പാകത്തിൽ അല്പമായ  സ്‌ത്രൈണത കലർന്ന ശബ്ദത്തിൽ  രൂപകാത്മകമായ ഭാഷയിലാണ് മേലത്ത് ക്ലാസെടു ത്തിരുന്ന ത്.വിദ്യാർത്ഥി കളുടെ ഭാവുകത്വത്തെ അടിമുടി നവീകരിക്കാനും സാഹിത്യത്തെ ഉപകരണയുക്തിയോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം അകലേക്കകലേക്ക് കൊണ്ടുപോവാനും സദാ ജാഗരൂക നായിരിക്കാനുള്ള ഉത്തരവാദിത്വം ആഹ്ലാദപൂർവം ഏറ്റെടു ത്തതുപോ ലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
കവികളിൽ പി , വൈലോപ്പിള്ളി എന്നിവരെയാണ് അദ്ദേഹം കൂടെക്കൂടെ പരാമർശിച്ചിരുന്നത്. അയ്യപ്പപണിക്കർ,എൻ.എൻ.കക്കാട്,സുഗതകുമാരി തുടങ്ങിയ അന്നത്തെ പുതുകവികളും ഇടക്കിടെ കടന്നു വരും.കാമു,കാഫ്ക, സാർത്ര ് .ലൂയി പിരാൻഡലോ തുടങ്ങിയ പേരുകൾ ആദ്യമായി കേട്ടത് മേലത്തിന്റെ ക്ലാസിൽ നിന്നാണ്.മലയാളത്തിലെ കഥാകാരന്മാരോടും നാടകകാരന്മാരോടുമൊന്നും അല്പവും അനാദരവ് കാണിച്ചിരുന്നില്ലെങ്കിലും മേലത്ത് മാതൃകകളായി ഉയർത്തിക്കാട്ടിയത് യൂറോപ്യൻ എഴുത്തു കാരെ യായിരുന്നു.1968- 70 കാലത്തെ ഒരു മലയാളം അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിൽ വളരെ കൂടുതലായിരുന്നു മേലത്ത് വൈദേശിക സാഹിത്യത്തിലെ പല ധാരകളെയും കുറിച്ച് വിദ്യാർത്ഥികൾ നൽകിയ വിവരങ്ങൾ.കേവലം വിവരവിതരണം  എന്ന നിലക്കല്ല ലോക സാഹിത്യ വുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള ആവേശകരമായ പ്രേരണകളാ യിത്തന്നെയാണ് വിദ്യാർത്ഥികൾക്ക് അവ അനുഭവപ്പെട്ടത്.അവയെ അങ്ങനെ ആക്കിത്തീർക്കുന്ന സർഗാത്മക സൗന്ദര്യമുണ്ടായിരുന്നു മേലത്തിന്റെ ക്ലാസുകൾക്ക്.
വിദ്യാർത്ഥിയായിരുന്ന എന്റെ രാഷ്ട്രീയം തന്റേതിന് നേരെ എതിർദിശയിലാണെന്ന് അറിഞ്ഞിട്ടും മേലത്ത് വ്യക്തിബന്ധത്തിൽ അണുപോലും അകൽച്ച കാണിച്ചിരുന്നില്ല.ഏതാനും മാസങ്ങൾക്കു മുമ്പ് ഞാൻ സംസാരിക്കേണ്ടിയിരുന്ന ഒരു സാഹിത്യസമ്മേളനത്തിൽ അസുഖം കാരണം എനിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ സംഘാടകർ തലേ ദിവസം മാത്രം ബന്ധപ്പെട്ടിട്ടും എന്റെ പകരക്കാരനായി ചെന്ന് സംസാരിക്കാൻ വിനീതനും ഉദാരമനസ്‌കനുമായ ഈ അധ്യാപകൻ തയ്യാറായി.
പ്രീഡിഗ്രി രണ്ടാം വർഷത്തിന്റെ അവസാനം എന്റെ ഓട്ടോഗ്രാഫിൽ മേലത്ത് കുറിച്ചു തന്നത്
'പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ
പറവേ, പാരം ധന്യമാകട്ടെയപാരത!'
എന്ന വരികളാണ്.കടന്നുപോയ നാലര പതിറ്റാണ്ടു കാലത്തിനിടയിൽ ഈ വരികൾ ഞാൻ എത്ര വട്ടം നിശ്ശബ്ദമായി ഉരുവിട്ടിട്ടുണ്ടെന്ന് പറയാനാവില്ല.
ആത്മാവിനെ പക്ഷിയായി സങ്കല്പിക്കുന്ന രീതി പല ജനവംശങ്ങൾക്കും ഉള്ളതാണ്.ശരീരത്തിന്റെയും ജീവനോടെ ഇരിക്കുമ്പോൾ ഒരു മനുഷ്യനെ വലയം ചെയ്യുന്ന ബൗദ്ധികവും അല്ലാത്തതുമായ നാനാതരം വ്യവഹാരങ്ങളുടെയും കെട്ടുപാടുകളിൽ നിന്ന്  മരണത്തോടെ ആത്മാവ് സ്വതന്ത്രമാവുന്നുവെന്ന്  ആത്മാവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് തീർച്ചയായും സങ്കൽപിക്കാം.ആ സങ്കൽപത്തെ തൽക്കാലത്തേക്ക് കടം വാങ്ങി പ്രിയപ്പെട്ട മേലത്ത് മാഷുടെ ആത്മാവിന് അദ്ദേഹം ഒരിക്കൽ എനിക്ക് തന്ന ആശംസ  തിരിച്ചു നൽകാൻ ഇപ്പോൾ എനിക്ക് തോന്നിപ്പോവുന്നു.
'പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ
പറവേ, പാരം ധന്യമാകട്ടെയപാരത!'
(പടയാളി സമയം മാസിക നവംബർ 2016)