Pages

Saturday, March 23, 2013

തെങ്ങുകളുടെ മണം(വിയര്‍പ്പിന്റെയും)

സാഹിത്യം പ്രത്യേകമായ പഠനവും പരിഗണനയും അംഗീകാരവും അര്‍ഹിക്കുന്ന ഒരു മേഖലയായി അംഗീകരിക്കപ്പെട്ടു തുടങ്ങിയ കാലത്ത് പദവികൊണ്ടോ അധികാരം കൊണ്ടോ സാമ്പത്തിക നില കൊണ്ടോ മുകള്‍ തട്ടില്‍ കഴിയുന്ന മനുഷ്യരുടെ ജീവിതത്തിലെ ഭാഗ്യവിപര്യയങ്ങളില്‍ നിന്ന് കഥാവസ്തു കണ്ടെത്തുക എന്നതായിരുന്നു കവികളുടെയും നാടകകാരന്മാരുടെയുമെല്ലാം പൊതുരീതി. അതാണ് ഏറ്റവും  അഭികാമ്യമെന്ന് അവരും കാവ്യശാസ്ത്രകാരന് മാരും അഭിജാതരായ ആസ്വാദകരും ബലമായി വിശ്വസിച്ചിരുന്നു.അനേക നൂറ്റാണ്ടു കാലം ഈ നില വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു.ഉന്നതന്മാരുടെ ജീവിതമേഖലകള്‍ക്കു പുറത്തുള്ള അനുഭവമേഖലകളെ പുരസ്കരിച്ചുള്ളതും ഇന്ന് ഫോക് ലോറിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതുമായ സാഹിത്യത്തിന് നിത്യജീവിതത്തിലെ സാധാരണ വ്യവഹാരങ്ങളിലൊന്ന് എന്നതില്‍ കവിഞ്ഞുള്ള പ്രാധാന്യം ആരും കല്പിച്ചിരുന്നില്ല.
നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ വരവോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.പാവങ്ങള്‍,പട്ടിണിക്കാര്‍,തെണ്ടികള്‍,ജീവിതത്തെ വല്ലാപാടും മുന്നോട്ടു കൊണ്ടുപോവാന്‍ മാത്രമായി കളവ് നടത്തുന്നവര്‍,ഒറ്റപ്പെട്ടവര്‍  അങ്ങനെ അടിത്തട്ടിലുള്ള സകലമാന മനുഷ്യര്‍ക്കും കടന്നുവരാവുന്ന ഒരു സാഹിത്യരൂപമായി നോവല്‍ അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ സ്വയം നിര്‍വചിച്ചു.നോവലിന്റെ ഈ വര്‍ഗപക്ഷപാതം പഴയ വീര്യത്തോടു കൂടിയല്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.പക്ഷേ കഥാപാത്രങ്ങളായി തീരുന്ന മനുഷ്യര്‍ക്കും അവരുടെ ജീവിത വ്യവഹാരങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വം ഉണ്ടാവണമെന്ന നിര്‍ബന്ധം വായനക്കാര്‍ കൈവെടിഞ്ഞിട്ടില്ല.ഒരു കള്ളന്റെയോ,യാചകന്റെയോ,ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയുടെയോ ജീവിതത്തെ നോവലിലേക്ക് കൊണ്ടു വരണമെങ്കില്‍ അത് വായനക്കാര്‍ക്ക് സാധാരണഗതിയില്‍ ഊഹിച്ചെടുക്കാനാവുന്നതിന് അപ്പുറത്തുള്ള സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞു വിങ്ങുന്നതായിരിക്കണം.കാമിക്കാനും കരയാനും സഹതപിക്കാനും ഭയം കൊള്ളാനുമൊക്കെയുള്ള ഹൃദയത്തിന്റെ ശേഷികളെ എത്ര തീക്ഷ്ണമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഒരു നോവലിന് വായനക്കാരില്‍ നിന്ന് ലഭിക്കുന്ന അംഗീകാരത്തിന്റെ ഇപ്പോഴത്തെയും അടിസ്ഥാനം.കഥാവസ്തുവിന്റെ തിരഞ്ഞെടുപ്പില്‍ നോവല്‍ സാധ്യമാക്കിയ മാറ്റത്തിന്റെ സത്ത വായനയുടെ അടിസ്ഥാന ഘടകങ്ങളില്‍ എത്തുമ്പോഴേക്കും തീരെ നിര്‍വീര്യമായി പോവുന്നുണ്ട് എന്നര്‍ത്ഥം.
മനോഹരന്‍ വി.പേരകം എഴുതിയ \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍\' എന്ന നോവല്‍ ഇപ്പോള്‍ എന്റെ മുന്നിലുണ്ട്.തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടി,അനുജന്‍ കുട്ടാപ്പു,രണ്ടു പേരുടെയും ഭാര്യയായ കാളി,അവരുടെ ഏകമകനായ കുട്ടായി എന്നിവരാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍.പണം,പദവി,ലോകപരിചയം എന്നീ കാര്യങ്ങളിലെല്ലാം അങ്ങേയറ്റം ചെറിയവരായ ഈ മനുഷ്യരുടെ അനുഭവങ്ങളില്‍ വിസ്മയം ജനിപ്പിക്കുന്ന ഒന്നും തന്നെയില്ല.എന്നാല്‍ അവരുടെ വേദനകളും ആശങ്കകളും മാനസികത്തകര്‍ച്ചകളുമെല്ലാം നമ്മെ വല്ലാതെ സ്പര്‍ശിക്കുക തന്നെ ചെയ്യും.അതിഭാവുകത്വത്തെ അല്പമായി പോലും ആശ്രയിക്കാതയും ഒട്ടും വളച്ചുകെട്ടില്ലാതെയും ലളിതമായി കഥ പറഞ്ഞു പോകുന്ന രീതിയാണ് നോവലിസ്റ് സ്വീകരിച്ചിട്ടുള്ളത്.കഥാപാത്ര ങ്ങളുടെ മൊത്തത്തിലുള്ള പാവത്തത്തിന് ഇണങ്ങുന്ന പാവം ആഖ്യാനരീതി.എങ്കിലും തെങ്ങുകളുടെയും തെങ്ങുകയറ്റത്തൊഴിലാളികളുടെ വിയര്‍പ്പിന്റെയും മണം വരുന്നതുപോലെ തോന്നും ഈ നോവലിലെ പല പേജുകളിലൂടെയും കടന്നു പോവുമ്പോള്‍.നോവലിലെ കാലം സമീപഭൂതകാലമാണെങ്കിലും അതിലും പഴക്കം തോന്നിക്കുന്ന ഒരു മനോലോകമാണ് ഇതിലെ കഥാപാത്രങ്ങള്‍ക്കുള്ളത്.അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അത്തരമൊരു ഭാവാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് മനോഹരന്‍ ചിത്രീകരിച്ചിരിക്കുന്നത്.സമ്പത്തും പദവിയും ഉയര്‍ന്ന വിദ്യാഭ്യാസവുമൊക്കെയാണ് ആളുകളുടെ അനുഭവലോകത്തിന് വൈപുല്യവും വൈചിത്യ്രവും നൂതനത്വവുമെല്ലാം നല്‍കുന്നത്.അടിത്തട്ടിലെ മനുഷ്യരുടെ ലോകം ഇവയൊന്നും അവകാശപ്പെടാനാവാത്തതും അതീവ മന്ദഗതിയില്‍ മാത്രം മുന്നോട്ടു പോവുന്നതുമാണ്.ആ ലോകത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരം മനോഹരന്റെ നോവലില്‍ ഉണ്ട്.
മധ്യവര്‍ഗത്തിലും ഉപരിവര്‍ഗത്തിലും പെട്ടവരുടെ ലോകനീരീക്ഷണത്തിന്റെയും അനുഭവ സ്വീകരണത്തിന്റെയും ഘടന സീകരിച്ചു കൊണ്ട് നിലകൊള്ളുന്ന അനുഭൂതിലോകവും ഭാവുകത്വവുമാണ് നമമുടെ വായനാസമൂഹത്തിന് പൊതുവേ ഉള്ളത്.അതിന്റെ പരിമിതികളെ മറികടന്ന് കൃതികളില്‍ താല്പര്യം പ്രകടിപ്പിക്കാന്‍ അവര്‍ സ്വമേധയാ തയ്യാറാവുകയില്ല.നിരൂപകരും അക്കാദമിക് പണ്ഡിതന്മാരും അംഗീകരിക്കുകയും  മാധ്യമലോകം തുടരെത്തുടരെ കൊണ്ടാടുകയും ചെയ്യുമ്പോഴേ തങ്ങളുടെ സാഹിത്യസങ്കല്പങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാത്ത ഒരു കൃതിയുടെ നേരെ അവര്‍ കണ്ണു തുറക്കുകയുള്ളൂ.സാഹിത്യ പഠനത്തിന്റെയും നിരൂപണത്തിന്റെയും മേഖലയില്‍ അനേകം ഉദാസീനതകളും പൊതുജനത്തിന്റെ പരിഗണനകളില്‍ ബഹുവിധ വൈവിധ്യങ്ങളും സംഭവിച്ചിരിക്കുന്ന ഇക്കാലത്ത് \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍\'ക്ക് അങ്ങനെ ഒരാനുകൂല്യം കിട്ടാനുള്ള സാധ്യത കുറവാണ്.
കേരളത്തില്‍ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിച്ചുപോന്ന പഴയകാലമനുഷ്യര്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും തനതായ അനുഭവലോകങ്ങളുണ്ട്.അവയെ  ആധികാരികമായി രേഖപ്പെടുത്തുന്ന കൃതികളുടെ വായനയിലൂടെയും പഠനത്തിലൂടെയുമാണ് ഈ ദേശത്തെ ജനസംസ്കൃതിയുടെ അന്ത:സത്ത നമ്മുടെ സാഹിത്യഭാവുകത്വത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന അവസ്ഥ രൂപം കൊള്ളുക.ആഗോളവല്‍ക്കരണത്തിന്റെതായ ഈ കാലത്തും അത് സംഭവിക്കണം എന്ന് അല്പമായെങ്കിലും ആഗ്രഹിക്കുന്നവര്‍ക്ക്  \'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങളോ\'ട് പ്രത്യേകമായ മമത തോന്നും എന്നു തന്നെ ഞാന്‍ കരുതുന്നു.
(മാതൃകാന്വേഷി മാസിക,ചെന്നൈ,മാര്‍ച് 2013).

Tuesday, March 19, 2013

സമരത്തിന് ഐക്യദാര്‍ഢ്യം


എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ബസ് സ്റാന്റിനടുത്ത് നടത്തിവരുന്ന നിരാഹാര സമരത്തിന്  ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇന്നലെ പയ്യന്നൂര്‍ ബസ് സ്റാന്റില്‍ നിന്ന് പുറപ്പെട്ട വാഹനപ്രചരണജാഥയില്‍ ഞാനും ഉണ്ടാ യിരുന്നു.രാവിലെ പത്തുമണി കഴിഞ്ഞാണ് ജാഥ പുറപ്പെട്ടത്.പയ്യന്നൂര്‍ ബസ് സ്റാന്‍ഡില്‍ നടന്ന ഉത്ഘാടനയോഗത്തില്‍ പത്മനാഭന്‍ മാസ്റര്‍ (സീക്ക്) സമരത്തിന്റെ പശ്ചാത്തലവും ജനകീയ മുന്നണി ഉന്നയിക്കുന്ന ആവശ്യങ്ങളും വിശദീകരിച്ചു.വഴിയില്‍ തൃക്കരിപ്പൂര്‍,കരിവെള്ളൂര്‍,ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ വാഹനം നിര്‍ത്തി ജാഥാംഗങ്ങളില്‍ ചിലര്‍ സമരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.രാമചന്ദ്രന്‍,ഡോ.ഇ.ഉണ്ണി കൃഷ്ണന്‍,പപ്പന്‍ കുഞ്ഞിമംഗലം എന്നിവരാണ് സംസാരിച്ചത്.വാഹനം വൈകുന്നേരം മൂന്നര കഴിഞ്ഞപ്പോള്‍ കാസര്‍കോട്ടെത്തി.പന്തലില്‍ ചെന്ന് പതിനഞ്ചു ദിവസമായി നിരാഹാരസമരം നടത്തുന്ന എ.മോഹന്‍കുമാറിനെ കണ്ടു.അവശനെങ്കിലും അല്പവും ആത്മബലം ചോര്‍ന്നുപോകാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.
“ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടും വരെ ഞാന്‍ സമരം തുടരും.എന്റെ ജീവന്‍ നഷ്ടമാകുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല.തെരുവിലെ തമാശനാടകമായി ഇത് ഞാന്‍ അവസാനിപ്പിക്കില്ല.”മോഹന്‍ കുമാര്‍ പറഞ്ഞു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മനുഷ്യമതിലില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു.
“ലോകത്തിലൊരിടത്തും സംഭവിക്കാന്‍ പാടില്ലാത്ത രാസകീടനാശിനി ദുരന്തമാണ് കാസര്‍കോട്ട് സംഭവിച്ചത്.എന്‍ഡോസള്‍ഫാന്‍ എന്ന കൊടുംവിഷം ഉണ്ടാക്കിയ ദുരന്തത്തില്‍ അകപ്പെട്ട പാവം ജനതയെ കരകയറ്റാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കുറ്റവാളികളെ നിയമത്തിന്റെ മുമ്പിലെത്തിക്കാനുള്ള ജാഗ്രതയിലും ഞാന്‍ പങ്കുചേരും.ഇവര്‍ക്കു ലഭിക്കേണ്ടതായ എല്ലാ സഹായങ്ങളും സൌകര്യങ്ങളും ഇവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി ധീരമായി പ്രവര്‍ത്തിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.പ്രതിജ്ഞ,പ്രതിജ്ഞ’’ എന്ന പ്രതിജ്ഞാ വാചകം മനുഷ്യമതിലില്‍ പങ്കെടുത്തവര്‍ ഏറ്റുചൊല്ലി.
കാസര്‍കോട്ടെ എന്റോസള്‍ഫാന്‍ പീഡിതര്‍ ഇപ്പോഴും കടുത്ത ദുരിത ത്തിലാണ്.മനുഷ്യാ വകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ സാമ്പത്തിക സഹായവും മറ്റ് ആനുകല്യങ്ങളും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.ആ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുന്നത് തികച്ചും തെറ്റാണ്.
മോഹന്‍കുമാറിനും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്കും അഭിവാദ്യങ്ങള്‍.

Friday, March 8, 2013

പാപ്പിലിയോ ബുദ്ധ

ഇന്ന്(7-3-13) 'പാപ്പിലിയോ ബുദ്ധ’കണ്ടു.ചെറിയൊരു ഹാളില്‍ വലിച്ചുകെട്ടിയ തിരശ്ശീലയിലായിരുന്നു സ്ക്രീനിംഗ്.സ്ക്രീനിംഗിലെ പിഴവ് കൊണ്ടാണോ എന്നറിയില്ല.ചിത്രത്തിലെ വെളിച്ചം,ശബ്ദം ഇവക്കൊക്കെ പ്രശ്നമുള്ളതായി തോന്നി.സംവിധാനത്തിന് മൊത്തത്തില്‍ തന്നെയുണ്ട് പല പരിമിതികളും.പുതിയൊരു വിഷയം,പുതിയ വിഷയപരിചരണരീതി എന്നിവയൊക്കെ അവകാശപ്പെടാവുന്ന ഒരു ചിത്രമെന്ന നിലക്ക് സാങ്കേതികമായ പിഴവുകളും പ്രശ്നങ്ങളുമൊക്കെ മാറ്റിവെച്ചു തന്നെ ചിത്രത്തെ സമീപിക്കാമെന്നു വെക്കാം.കേരളത്തിലെ ദളിത് വിഭാഗം അനുഭവിക്കുന്ന പീഡനങ്ങളും അവഗണനകളും പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പക്ഷത്തു നിന്നുള്ള മറ്റ് ക്രൂരതകളും ദളിതരുടെ ചെറുത്തുനില്പുമാണ് ‘പാപ്പിലിയോ ബുദ്ധ’യുടെ വിഷയം.പുറത്തു നിന്ന് വന്ന ഒരാളുടെ കണ്ണില്‍ പെട്ടെന്ന് പെടുന്ന ദളിത് ആദിവാസിപ്രശ്നങ്ങളെ വലിയ വീണ്ടുവിചാരങ്ങളോ തയ്യാറെടുപ്പോ ഇല്ലാതെയും ബുദ്ധനും അയ്യങ്കാളിക്കും അംബേദ്കര്‍ക്കും മറ്റും പുതിയകാല ദളിത് സമരങ്ങളില്‍ നല്‍കപ്പെടുന്ന ഊന്നലിനെ അപ്പാടെ മുഖവിലക്കെടുത്തും മഹാത്മാഗാന്ധിക്ക് കേരളത്തിലെ കീഴാളജനതയുടെ രാഷ്ട്രീയത്തില്‍ കൊടിയ ശത്രുവിന്റെ സ്ഥാനമാണുള്ളത് എന്ന് തെറ്റിദ്ധരിച്ചും ആണ് 'പാപ്പിലിയോ ബുദ്ധ' നിര്‍മിച്ചിരിക്കുന്നത്.ആദിവാസി മേഖലകളിലെ ഫണ്ടഡ് സന്നദ്ധസേവന പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ വൈദേശിക(വിശേഷിച്ചും അമേരിക്കന്‍) സാന്നിധ്യത്തെ സംശയദൃഷ്ടിയോടെ കാണേണ്ടതില്ല എന്ന് പറഞ്ഞുറപ്പിക്കുന്നുണ്ട്  ചിത്രം.ഇങ്ങനെ ‘പാപ്പിലിയോ  ബുദ്ധ’യുടെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനങ്ങള്‍ പലതും ഉന്നയിക്കാനുണ്ട്.എങ്കിലും അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് മാനുഷികതയുടെ തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിനാശത്തിലേക്ക് ശക്തമായി വിരല്‍ചൂണ്ടുന്നു എന്നതുള്‍പ്പെടെ ചില സംഗതികള്‍ ‘പാപ്പിലിയോ ബുദ്ധ’ക്ക് അനുകൂലമായും പറയാനുണ്ട്.മലയാളചിത്രങ്ങളില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും വ്യര്‍ത്ഥമായ കേവല കോമാളിത്തങ്ങളായി മാറിയിരിക്കുന്ന സ്ഥിതിക്ക് ഗൌരവപൂര്‍ണമായ പല വിമര്‍ശനങ്ങള്‍ക്കും സാധ്യത നല്‍കുന്നു എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ‘പാപ്പിലിയോ ബുദ്ധ’യുടെ സംവിധായകനെയും ഇതിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയുമെല്ലാം അഭിനന്ദിക്കാം