Pages

Saturday, December 17, 2011

സോവിയറ്റെന്നൊരു നാട്

‘യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍,യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍’ അരനൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒരു പത്രവില്പനക്കാരന്‍ അത്യാവേശത്തോടെ വിളിച്ചുപറഞ്ഞത് ഇപ്പോഴും എന്റെ കാതില്‍ കിടന്നുമുഴങ്ങുന്നുണ്ട്.നാട്ടിലെ ദേശാഭിമാനി ഏജന്റായ രാമേട്ടന്‍(താടിരാമന്‍ എന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നല്‍കിയ പരിഹാസം കലര്‍ന്ന വിളിപ്പേര്) തോളിലെ പത്രക്കെട്ട് ഒരു കൈ കൊണ്ട് താങ്ങിപ്പിടിച്ച് മറുകയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ‘ദേശാഭിമാനി’ യുമായി വിയര്‍ത്തൊലിച്ച് കയറ്റം കയറി വരുന്ന ചിത്രവും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ‘യൂറി ഗഗാറിന്റെ വിജയം സോവിയറ്റ് യൂനിയന്റെ വിജയമാണ്.സോവിയറ്റ് യൂനിയന്റെ വിജയം ലോകതൊഴിലാളി വര്‍ഗത്തിന്റെ വിജയമാണ് ’;അതായിരുന്നു അധസ്ഥിത ജനകോടികളുടെ അന്നത്തെ വികാരം.1961 ല്‍ വെറും എട്ട് വയസ്സുകാരനായിരുന്ന ഞാനും ഏതോ അളവില്‍ അത് പങ്കുവെച്ചിരുന്നു.ഒരു പക്ഷേ അന്ന് ഞാന്‍ അനുഭവിച്ച അനന്യമായ ആ വികാരം ഓര്‍മയില്‍ അണയാതെ നിന്നതുകൊണ്ടാവാം 1989 ല്‍ സോവിയറ്റ് യൂനിയന്റെ 89,90,91 വര്‍ഷത്തെ കലണ്ടര്‍ ഒന്നിച്ച് ഒറ്റ കലണ്ടറായി കണ്ടപ്പോള്‍ വല്ലാത്തൊരാത്മബന്ധത്തിന്റെ തള്ളിച്ചയില്‍ ഞാനത് വാങ്ങിയതും പിന്നെ 20 വര്‍ഷക്കാലം സൂക്ഷിച്ചുവെച്ചതും.
കലണ്ടറിലെ അവസാനവര്‍ഷമാവുമ്പോഴേക്കും സോവിയറ്റ് യൂനിയന്‍ തകര്‍ന്നു.യു.എസ്.എസ്.ആറിന്റെ ഭാഗമായിരുന്ന 15 റിപ്പബ്ളിക്കുകളും സ്വതന്ത്രരാജ്യങ്ങളായി.പക്ഷേ,ഓര്‍മകള്‍ ഇപ്പോഴും ഇരമ്പിക്കൊണ്ടിരിക്കുന്നു. തുവെള്ളക്കടലാസ്സില്‍ അവസാനപേജുകളില്‍ കുട്ടികള്‍ക്കുള്ള രചനകളുമായി പുറത്തിറങ്ങിയിരുന്ന സോവിയറ്റ്നാട് എന്ന വലുപ്പം കൂടിയ മാസിക, യു.എസ്.എസ്.ആറിലെ വിവിധ റിപ്പബ്ളിക്കുകളിലെ കവികളും കഥാകാരന്മാരും ലേഖകന്മാരും ചിത്രകാരന്മാരും അണിനിരന്നിരുന്ന സോവിയറ്റ് ലിറ്ററേച്ചര്‍ മാസിക,ഗോപാലകൃഷ്ണനും ഓമനയും പരിഭാഷപ്പെടുത്തി പ്രോഗ്രസ് പബ്ളിഷേഴ്സും റാദുഗ പബ്ളിഷേഴ്സും പ്രസിദ്ധീകരിച്ച സോവിയറ്റ് ബാലസാഹിത്യരചനകള്‍,ഗോര്‍ക്കിയുടെ അമ്മ,ഷൊളോഖോവിന്റെ ഡോണ്‍ ശാന്തമായൊഴുകുന്നു എന്നീ നോവലുകള്‍,ടോള്‍സ്റോയ്,പുഷ്കിന്‍,ഡൊസ്റൊയേവ്സ്കി,മയക്കോവ്സകി തുടങ്ങിയ പേരുകളുടെ മാന്ത്രികപ്രഭാവം,ചെങ്കൊടിയുമായി മുന്നേറുന്ന ലെനിന്റെ വിഖ്യാതമായ ചിത്രം,ജര്‍മന്‍ ഫാസിസ്റുകള്‍ക്കെതിരെ സ്റാലിന്‍ നേടിയ വിജയത്തിന്റെ വീരകഥ.സോവിയറ്റ് യൂനിയന്‍ മഹത്തായ ഒരു സ്വപ്നത്തിന്റെയും ത്രസിപ്പിക്കുന്ന ഓര്‍മകളുടെയും പേരായിരുന്നു ഒരു കാലത്ത്.
“സോവിയറ്റെന്നൊരു നാടുണ്ടത്രെ
പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം!’’
എന്ന വരികളില്‍ കെ.പി.ജി കുറിച്ചുവെച്ചത് നാണിയുടെ സ്വപ്നം മാത്രമല്ല.പുരോഗമനം എന്നതിന് കമ്യൂണിസ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ സാര്‍വദേശീയ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ സ്ഥിതിസമത്വത്തിലേക്കുള്ള ലോകജനതയുടെ മുന്നേറ്റം എന്ന് അര്‍ത്ഥം കല്പിച്ചിരുന്ന മുഴുവന്‍ മലയാളികളും പങ്കുവെച്ചിരുന്ന ആഗ്രഹത്തിന്റെയും ആവേശത്തിന്റെയും നിരലംകൃതമായ അവിഷ്ക്കാരമാണത്.
കാലം മാറി.ജനകോടികളെ ഉത്തേജിപ്പിച്ച സ്വപ്നത്തിന്റെ ചില്ലുകൊട്ടാരം തകര്‍ന്നു.അതിന്റെ അകത്തളത്തില്‍ അസ്ഥികളും തലയോടുകളും കുന്നുകൂടിക്കിടക്കുന്നത് ലോകത്തിന് മുഴുവന്‍ ദൃശ്യമായി.ട്രോട്സ്കിയടക്കമുള്ള സമുന്നത നേതാക്കളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം, സൈബീരിയന്‍ തടവറകളിലെ പൈശാചികത, ഇരുമ്പു മറക്കുപിന്നില്‍ ഒരു ജനതയെ മുഴുവന്‍ ഭീരുക്കളും ആത്മവഞ്ചകരുമാക്കിയ പാര്‍ട്ടിഭരണം, എല്ലാം കഴിഞ്ഞ് ഒടുവില്‍ ബ്രഷ്നേവ്, ഗോര്‍ബച്ചേവ്, യെല്‍ട്സിന്‍ എന്നിങ്ങനെ ധൈഷണിക തലത്തിലും ഭരണത്തിന്റെ പ്രായോഗിക രംഗങ്ങളിലും കേവലം കോമാളികളെ പോലെ പെരുമാറിയ നേതാക്കള്‍.സോവിയറ്റ് യൂനിയനിലെയും മറ്റ് കമ്യൂണിസ്റ് രാഷ്ട്രങ്ങളിലെയും കൊടിയ അനീതികളെയും അസ്വാതന്ത്യ്രങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ സി.ഐ.എയുടെയും ബൂര്‍ഷ്വാമാധ്യമങ്ങളുടെയും കമ്യൂണിസ്റ് വിരുദ്ധ ബുദ്ധിജീവികളുടെയും കള്ള പ്രചാരണമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന എത്രയോ സഖാക്കള്‍ വാസ്തവമറിയാതെ മരിച്ച് മണ്ണടിഞ്ഞു.പക്ഷേ, നീതിക്കും സ്വാതന്ത്യ്രത്തിനും വേണ്ടി നിലകൊള്ളുന്ന ആര്‍ക്കും സ്വയം മറിച്ചൊന്നു ചിന്തിക്കാനാവാത്ത വിധം എണ്ണമറ്റ ക്രൂരസത്യങ്ങള്‍ ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് പിന്നീടെത്രയോ വട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വെളിപ്പെടുത്തപ്പെട്ടു.
തങ്ങളുടെ മഹാസ്വപ്നം പെറ്റുകൂട്ടിയ പാതകങ്ങളോര്‍ത്ത് ഏറ്റവുമധികം നടുങ്ങിയിട്ടുണ്ടാവുക അധികാരത്തിന്റെ സുഖസൌകര്യങ്ങളെയും ആജ്ഞാബലത്തെയും കുറിച്ച് തികച്ചും അജ്ഞരായിരുന്ന സാധാരണ കമ്യൂണിസ്റുകാര്‍ തന്നെയായിരിക്കും.ജാതിമതവംശദേശഭേദങ്ങള്‍ക്കതീതമായി മനുഷ്യരാശിയെ മുഴുവന്‍ സ്വാതന്ത്യ്രത്തിലേക്കും സമത്വത്തിലേക്കും മോചിപ്പിക്കാനുദ്ദേശിച്ച ഒരു ദര്‍ശനമായിരുന്നു അവരുടെ ജീവ:ശക്തി. ആ ദര്‍ശനത്തെ പ്രായോഗികമാക്കുന്നതിനുള്ള പ്രാരംഭപരിശ്രമങ്ങളെത്തന്നെ ഇത്രയും ഭീമമായ ഭരണകൂടഭീകരതയും പാര്‍ട്ടിഭീകരതയും പിന്‍പറ്റിയിരുന്നുവെന്ന വാസ്തവം ആദ്യമൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരിക്കില്ല.പക്ഷേ,കമ്യൂണിസ്റ്പാര്‍ട്ടി ഒന്നിനുപുറകെ ഒന്നായി അനേകം രാഷ്ട്രങ്ങളില്‍ ഭരണത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടതും ആ രാഷ്ട്രങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും പുതിയ സാഹചര്യത്തില്‍ ജീവിതം പല തരത്തിലും പണ്ടത്തേതിനേക്കാള്‍ ക്ളേശപൂര്‍ണമായിരുന്നിട്ടുപോലും പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനെ അനുകൂലിക്കാതിരിക്കുന്നതും കഠിനമായ പല അപ്രിയ സത്യങ്ങളെയും അംഗീകരിക്കാന്‍ തീര്‍ച്ചയായും അവരെയും നിര്‍ബന്ധിതരാക്കിയിട്ടുണ്ടാവും.കമ്യൂണിസ്റുകാര്‍ പക്ഷേ, നിരാശരാവില്ല.ഭാവിലോകത്തിന്റെ നിര്‍മാണത്തില്‍ തങ്ങളുടെ ദര്‍ശനത്തിനുള്ള പങ്കിനെ അവര്‍ അവിശ്വസിക്കില്ല.'അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ' എന്ന് പുച്ഛിച്ചു തള്ളാവുന്നിടത്തല്ല ലോകം ഇന്നെത്തി നില്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും നമ്മുടെ കണ്മുന്നിലുണ്ട്.
സോവിയറ്റ് യൂനിയന്‍ ഉള്‍പ്പെടെയുള്ള പഴയ കമ്യൂണിസ്റ് രാഷ്ട്രങ്ങളിലെ ഭീകരാനുഭവങ്ങളുടെ
ഓര്‍മകളെല്ലാം പച്ചയായി നിലനില്‍ക്കെത്തന്നെ, അമേരിക്കയും യൂറോപ്പും കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ ഉലയുമ്പോള്‍, സമ്പന്ന രാഷ്ട്രങ്ങളില്‍ പോലും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ദരിദ്രരും ചൂഷിതരുമായി മാറുമ്പോള്‍ മാര്‍ക്സ്,ഏംഗല്‍സ്,ലെനിന്‍ തുടങ്ങിയ പേരുകള്‍ പല കോണുകളില്‍ നിന്ന് പിന്നെയും പിന്നെയും നാം കേട്ടുതുടങ്ങുന്നു.നാളിതുവരെ മാര്‍ക്സിസത്തിന് തങ്ങളുടെ ചിന്താലോകത്തിന്റെ നാലയലത്തുപോലും പ്രവേശനം നല്‍കാതിരുന്നവര്‍ പുതിയൊരാവേശത്തോടെ കമ്യൂണിസ്റ് മാനിഫെസ്റോ വായിക്കുന്നു.മാര്‍ക്സിന്റേതു തന്നെയാണ് ശരിയായ സാമ്പത്തികശാസ്ത്രമെന്ന് പറയുന്നു.കമ്യൂണിസ്റ് പാര്‍ട്ടികളില്‍ അംഗത്വം സ്വീകരിക്കുന്നതിനെ കുറിച്ച് നേരിയ ആലോചന പോലുമില്ലാതെ അവര്‍ സ്വയം കമ്യൂണിസ്റുകാരെന്ന് പ്രഖ്യാപിക്കുന്നു.
ചുവപ്പ് കൊടിയും വളണ്ടിയര്‍ മാര്‍ച്ചും സഖാവ് എന്ന വിളിയും ഉള്‍പ്പെടെ കമ്യൂണിസത്തിന്റെ ബാഹ്യചിഹ്നങ്ങളെല്ലാം അനതിവിദൂരഭാവിയില്‍ വളരെയേറെ അനാകര്‍ഷകമായിത്തീരാം.പാര്‍ട്ടി ഒരധികാരകേന്ദ്രമായി നിലകൊള്ളുന്നതിനെ ചെറിയ അളവില്‍ പോലും അനുവദിച്ചുകൊടുക്കാത്ത മനോനിലയിലേക്ക് കമ്യൂണിസ്റുകാര്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഒന്നടങ്കം മാറിയേക്കാം.പക്ഷേ,അപ്പോഴും മനുഷ്യവംശത്തിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തിനു വേണ്ട ഊര്‍ജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സായി മാര്‍ക്സിസം നിലനിന്നേക്കാം.അത് ചരിത്രം ഒരു പാട് മാറ്റിത്തീര്‍ത്ത മാര്‍ക്സിസമായിരിക്കുമെന്നു തീര്‍ച്ച.മാറ്റമില്ലാത്തതായി ഒന്നു മാത്രമേ ഉള്ളൂ അത് മാറ്റമുണ്ട് എന്നതാണെന്ന് അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ മാര്‍ക്സിസം ലെനിനിസത്തെ കുറിച്ച് പ്രസംഗിക്കുന്നതിനെ ഭാവിജനത തീര്‍ച്ചയായും അനുവദിച്ചുകൊടുക്കില്ല.ഓരോ മനുഷ്യനില്‍ നിന്നും സമൂഹം അവന്റെ/അവളുടെ കഴിവിനനുസരിച്ച് സ്വീകരിക്കുകയും ഓരോ മനുഷ്യനും സമൂഹം അവന്റ/അവളുടെ ആവശ്യത്തിനനുസരിച്ച് തിരിയെ നല്‍കുകയും ചെയ്യുന്ന ഒരു ലോകത്തിലേക്കുള്ള യാത്രയില്‍ സംഘടനാതത്വത്തിന്റെ കാര്‍ക്കശ്യമോ നിരര്‍ത്ഥമായ മറ്റ് പിടിവാശികളോ അവര്‍ക്ക് തടസ്സം നില്‍ക്കില്ല. സോവിയറ്റ് കവിയായ ആന്ദ്രേവൊസ്നേസന്‍സ്കിയുടെ ഒരു കവിതയിലെ ഏതാനും വരികളുടെ പരിഭാഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം:
“ഞാന്‍ സ്വപ്നം കാണുന്നു
യുദ്ധത്തിന്റെ കെടുമണമകന്ന്
കിടങ്ങുകളും കാല്‍ച്ചങ്ങലകളും മറവിയിലമര്‍ന്ന്
ചെറുനാരകച്ചെടികളണിഞ്ഞ്
മധുമോഹിനിയായൊരു ലോകം
പ്രഭാമയമായ സ്വപ്നങ്ങളാല്‍
പരിപൂര്‍ണയായൊരു ലോകം
….. ….. .. .. .. .. .. .. .. .. .. .. .. .. .. ..
ചൊവ്വയിവെവിടെയോ ഒരു നാള്‍
ഭൂമിയില്‍ നിന്നൊരു വിരുന്നുകാരന്‍ ചെല്ലും
ഇളംചൂടുള്ള ഒരു പിടി മണ്ണ് വാരിയെടുക്കും
പിന്നെ
ഒരിക്കലും അകലെയല്ലാത്ത
എന്നും അരികെയായ
ഈ നീലഹരിതഗോളത്തെ
അയാള്‍ പ്രണയപൂര്‍വം നോക്കും.’’


മാതൃകാന്വേഷി മാസിക,ഡിസംബര്‍ 2011

Thursday, November 24, 2011

നിരാശ

ഹോ!
ഞാനൊരു പാപിയായിപ്പോയി
കഷ്ടം!
എത്രപേരെ കല്ലെറിയാമായിരുന്നു.
(ഇന്ന് മാസിക,2011 നവംബര്‍)

Wednesday, November 23, 2011

ഹൃദയരഹസ്യം

ഹൃദ്രോഗവിദഗ്ധന്റെ മുറിക്കുമുന്നില്‍
നെഞ്ചിടിപ്പോരോന്നോരോന്നുമെണ്ണി
എത്രയോ മണിക്കൂറായുള്ള കാത്തുനില്പ്
നേരം വൈകിയ നേരത്ത്
ഈ നാശം പിടിച്ച ഹൃദയം
ഇനി എന്തൊക്കെ രഹസ്യങ്ങളാവും
അദ്ദേഹത്തോട്പറയുക
മിടിച്ചുമിടിച്ച് മടുത്തിരിക്കുന്നുവെന്നോ
അങ്ങിങ്ങ് അഴുക്ക് കട്ടപിടിച്ചിരിക്കുന്നുവെന്നോ
ഒരു പാട് പേര്‍ കയറിയിറങ്ങി
ഒരു പുരാതനസത്രം പോലെ
നാനാവിധമായിരിക്കുന്നുവെന്നോ
ഒന്നു രോമാഞ്ചമണിഞ്ഞ കാലം
എന്നോ മറന്നുപോയെന്നോ
എന്തെന്തൊക്കെ പറഞ്ഞാലും
ഒന്നുമാത്രം അത് പറയാതെ വെക്കും
ഇപ്പോള്‍ താങ്കള്‍ കേട്ടുകൊണ്ടിരിക്കുന്നത്
ശൂന്യതയുടെ പിറുപിറുപ്പുകള്‍ മാത്രമാണെന്ന
ആ പരമമായ രഹസ്യം.

എന്റെ വായന

ആറാം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലം മുതല്‍ പ്രീഡിഗ്രിക്ക് കോളേജില്‍ ചേരുന്നതു വരെയുള്ള നാല് വര്‍ഷക്കാലത്തിനിടയിലാണ് ഞാന്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ വായിച്ചത്.മിക്കവാറും ഓരോ ദിവസവും ഓരോ പുതിയ പുസ്തകം.ഒഴിവുദിവസങ്ങളില്‍ ഈരണ്ടു പുസ്തകം. ഈയൊരളവിലായിരുന്നു അക്കാലത്തെ വായന.പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡമൊന്നും സ്വീകരിച്ചിരുന്നില്ല.ഇന്ന് 'സ്ഥലത്തെ പ്രധാനദിവ്യ'നെങ്കില്‍ നാളെ 'പദ്യസാഹിത്യചരിത്രം',മറ്റന്നാള്‍ 'അണുബോംബ് വീണപ്പോള്‍' എന്ന പരിഭാഷാപുസ്തകം,അതിനടുത്ത ദിവസം 'ആരോഗ്യനികേതനം' അല്ലെങ്കില്‍ 'ചണ്ഡാലഭിക്ഷുകി'.ആര്‍ത്തി പിടിച്ച ആ വായന പത്താം ക്ളാസ് കഴിയുമ്പോഴേക്കും എന്റെ ആന്തരികജീവിതത്തിന് നല്ല ആഴവും പരപ്പും ഉണ്ടാക്കിത്തന്നിരുന്നു എന്നാണ് തോന്നല്‍.പക്ഷേ,അതിന് ശരിയായ ഒരു തുടര്‍ച്ചയുണ്ടായില്ല.അത്രയും ആസക്തിയോടും സമര്‍പ്പണബുദ്ധിയോടും കൂടിയ വായന പിന്നെ നാല് പതിറ്റാണ്ടു കാലത്തേക്ക് സാധ്യമായില്ല.
കോളേജില്‍ കയറിയതോടെ എന്റെ വായന വല്ലാതെ കുറഞ്ഞു.പിന്നീട് അധ്യാപകനായതിനു ശേഷവും അതിന് വേണ്ടത്ര ഗതിവേഗം വന്നില്ല.നിയമപ്രകാരം ജോലിയില്‍ നിന്ന് വിരമിക്കേണ്ടതിന് കുറച്ചുമുമ്പേ സ്വമേധയാ അധ്യാപകജോലി ഉപേക്ഷിച്ച് നാലഞ്ച് മാസം കഴിഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമായപ്പോഴാണ് വായനക്ക് പഴയ ആര്‍ജവം വീണ്ടുകിട്ടിയത്.ഇപ്പോള്‍ പുതിയ ഒരു പുസ്തകത്തിന്റെയെങ്കിലും ഏതാനും പേജുകള്‍ മറിക്കാതെ ഒറ്റ ദിവസം പോലും കടന്നുപോവില്ലെന്നായിരിക്കുന്നു.സ്കൂള്‍ജീവിതകാലത്തെ അതേ ആവേശം പത്തുനാല്പത് വര്‍ഷം കഴിഞ്ഞ് തിരിയെ കിട്ടിയിരിക്കുന്നു.
ഏതെങ്കിലും ഒരു സാഹിത്യരൂപത്തിലോ വൈജ്ഞാനിക ഗണത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല എന്റെ വായന.വ്യത്യസ്തമേഖലകളില്‍ നിന്നുള്ള ഒരു പാട് പുസ്തകങ്ങള്‍ ഒരേ സമയം ചുറ്റിലും വേണം.എങ്കിലേ അവയില്‍ നിന്ന് ഒരെണ്ണം കയ്യിലെടുത്ത് മനസ്സമാധാനത്തോടെ വായിച്ചുതുടങ്ങാന്‍ പറ്റൂ.അത് പൂര്‍ത്തിയാക്കിയതിനു ശേഷമേ മറ്റൊന്നിലേക്ക് കടക്കൂ എന്നില്ല.ഒരു ദിവസത്തിനുള്ളില്‍ തന്നെ മിക്കവാറും രണ്ടുമൂന്ന് പുസ്തകങ്ങളിലേക്ക് വായന ചെന്നെത്തുകയാണ് പതിവ്.കുമാരനാശാന്റെ ഒരു സ്തോത്രകൃതി കഴിഞ്ഞ് റോബര്‍ട്ടോ ബൊളാനോവിന്റെ കവിത,പിന്നെ ടാഗോര്‍ കൃതികളുടെ സമാഹാരത്തില്‍ നിന്ന് ഒരു ലേഖനം, ഈ മട്ടിലാണ് വായനയുടെ പോക്ക്.അതിനിടയില്‍ ആനുകാലികങ്ങളുടെ വായനയും മുടക്കം കൂടാതെ നടക്കുന്നു.
ഏത് രൂപത്തിലുള്ള എഴുത്തിലായാലും എഴുതുന്ന ആളും എഴുത്തും തമ്മിലുള്ള ആത്മബന്ധത്തിന്റെ അകൃത്രിമത്വം വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.ഭാഷയുടെയോ ഘടനയുടെയോ ആശയത്തിന്റെയോ തലത്തിലുള്ള മേനിനടിപ്പ് എന്നെ വളരെ വേഗം കൃതിയില്‍ നിന്ന് അകറ്റിക്കളയും.അമോസ് ടുട്വോളയുടെ 'കള്ളുകുടിയനി'ലേതുപോലുള്ള ശുദ്ധമായ ഭ്രമാത്കത എനിക്കിഷ്ടമാണ്.പക്ഷേ,വെറുതെ കൌതുകം ജനിപ്പിക്കാനോ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പുതുമയും ഗൌരവം കൃതിക്ക് ഉണ്ടാക്കാനോ ആയി ആഖ്യാനത്തെ വക്രീകരിക്കുന്ന രീതി വായനയില്‍ നിന്ന് പിന്തിരിയാന്‍ എന്നെ പ്രേരിപ്പിക്കും.അനാവശ്യം എന്ന് എനിക്ക് തോന്നിപ്പോവുന്ന വിശദാംശങ്ങളുടെ പെരുപ്പം,വിവരണങ്ങളിലെ ആഴക്കുറവ്,ദര്‍ശനത്തിന്റെ തലത്തില്‍ കൃതി അനുഭവപ്പെടുത്തുന്ന ഉപരിപ്ളവത ഇവയെയൊന്നും ഒരു ചെറിയ പരിധിക്കപ്പുറം സഹിച്ചുകൊടുക്കാന്‍ എനിക്ക് കഴിയാറില്ല.ആത്മീയാന്വേഷണങ്ങളുടെ ഗണത്തില്‍ പെടുന്ന കൃതികളില്‍ സാധാരണയിലും കവിഞ്ഞ ഭ്രമം പുലര്‍ത്തുന്നയാളാണ് ഞാന്‍.വളരെ നേരത്തേ തന്നെ ഈയൊരു താല്പര്യം എനിക്കുണ്ടായിരുന്നു.അത്തരം കൃതികളില്‍ മനുഷ്യജീവിതത്തിലെ ഭൌതിക പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ അന്വേഷിക്കാറില്ല.പക്ഷേ,സാധാരണ മനുഷ്യരെ അഭിസംബോധന ചെയ്യുന്നതായി ഭാവിക്കുകയും എന്നാല്‍ അവരുടെ ദൈനംദിനജീവിതത്തിലെ സര്‍വസാധാരണമായ പ്രതിസന്ധികളെ കുറിച്ച് അജ്ഞത ഭാവിച്ച് വെറുതെ വാചാലമാവുകയും ചെയ്യുന്ന ഒരു കൃതി എനിക്ക് അസഹനീയമായിത്തന്നെ അനുഭവപ്പെടും.വാചാലതയും രൂപകാത്മപ്രയോഗങ്ങളുടെ ആധിക്യവും ആത്മീയ രചനകളുടെ പൊള്ളത്തരത്തിനും കള്ളത്തരത്തിനുമുള്ള പിഴക്കാത്ത തെളിവാണെന്ന് ഞാന്‍ കരുതുന്നു.
ഒരു പുസ്തകം എന്നെ ആഴത്തില്‍ സ്പര്‍ശിക്കണമെങ്കില്‍ ഒന്നുകില്‍ അതിന്റെ ഉള്ളടക്കം എന്റെ ഉള്ളില്‍ തീക്ഷ്ണമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന താല്പര്യങ്ങളെയോ ജിജ്ഞാസകളെയോ അഭിസംബോധന ചെയ്യുന്നതായിരിക്കണം.(ഓരോ കാലത്തും അവ ഓരോന്നായിരിക്കും.)അല്ലെങ്കില്‍ അതിലെ ഏതെങ്കിലും സന്ദര്‍ഭങ്ങളോടോ മനോനിലകളോടോ അപൂര്‍ണമായെങ്കിലും ചാര്‍ച്ച പുലര്‍ത്തുന്ന എന്തെങ്കിലുമൊക്കെ എന്റെ ജീവിതത്തിലും എപ്പോഴെങ്കിലുമായി ഉണ്ടായിട്ടുണ്ടാവണം.ഈ രണ്ട് സംഗതികളും മുന്നുപാധികളായി വെച്ചുകൊണ്ടല്ല വായന തുടങ്ങുന്നത്.വായനക്കിടയില്‍ അവ ഏറ്റവും സ്വാഭാവികമായി അനുഭവവേദ്യമാവും.അത്ര തന്നെ.അങ്ങനെ സംഭവിക്കാത്ത കൃതികള്‍ക്ക് സാഹിതീയമോ വൈജ്ഞാനികമോ ആയ എന്തൊക്കെ മികവുകളുണ്ടായാലും അവയൊന്നും എന്റെ ആസ്വാദനത്തെയും മൂല്യനിര്‍ണയനത്തെയും അനുകൂലമായി സ്വാധീനിക്കാറില്ല.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഞാന്‍ വായിച്ച കൃതികളില്‍ എന്നെ ഏറ്റവും അഗാധമായി സ്പര്‍ശിച്ച ഒന്ന് ഫെര്‍നാണ്‍ഡോ പെസ്സാഓവിന്റെ 'The Book of Disquiet' ആണ്.സര്‍ഗാത്മകതയുമായി ബന്ധപ്പെടുന്ന ആത്മരഹസ്യങ്ങളുടെ ഈ സമാഹാരത്തെ ലോകത്തെവിടെയുമുള്ള എഴുത്തുകാര്‍ നെഞ്ചോട് ചേര്‍ത്തുവെക്കുക തന്നെ ചെയ്യും.അലക്സാണ്ടര്‍ കോള്‍മാന്‍ എഡിറ്റ് ചെയ്ത ബോര്‍ഹസ്സിന്റെ തിരഞ്ഞെടുത്ത കവിതകളാണ് ഈ കാലയളവില്‍ വായിച്ച ഏറ്റവും ബ്രഹത്തും ഗംഭീരവുമായ കവിതാപുസ്തകം.ബൊളാനോയുടെ The Romantic Dogs ഉം ജീബാനന്ദദാസിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും(പ്രസാധകര്‍: പെന്‍ഗ്വിന്‍) വലിയ താല്പര്യത്തോടെ വായിക്കാന്‍ കഴിഞ്ഞ പുസ്തകങ്ങളാണ്.പ്രശസ്തരായ പല വിദേശ എഴുത്തുകാരുടെയും നോവലുകള്‍ പിന്നിട്ട രണ്ട് വര്‍ഷത്തിനിടയില്‍ വായിച്ചിട്ടുണ്ട്.പലതും മികച്ച വായനാനുഭവങ്ങള്‍ തന്നെയായിരുന്നു.എന്നാല്‍ കുടകുകാരിയായ സരിതാ മന്തണ്ണയുടെ Tiger Hills തന്ന അനുഭവം വളരെ വ്യത്യസ്തമായ ഒന്നാണ്.Tiger Hills ലൈ എഴുത്ത് പഴയ മട്ടിലുള്ളതാണ്.ഒരു കുടുംബകഥയുടെ നേര്‍രേഖീയമായ പറച്ചില്‍. ഭാഷയുടെയും ദര്‍ശനത്തിന്റെയും തലങ്ങളില്‍ ഔന്നത്യമൊന്നും അവകാശപ്പെടാനില്ല.എങ്കിലും ഈ വലിയ ജീവിതകഥയിലെ അനുഭവചിത്രീകരണങ്ങളില്‍ പലതും വല്ലാത്ത നെഞ്ചിടിപ്പോടെയാണ് ഞാന്‍ വായിച്ചത്.നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ മനോലോകങ്ങളുടെയും അവര്‍ കടന്നുപോവുന്ന ദുരന്തങ്ങളുടെയും ആവിഷ്ക്കാരത്തില്‍ എഴുത്തുകാരി കാണിച്ചിരിക്കുന്ന സരളമായ ആര്‍ജ്ജവം തിളങ്ങുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട് ഈ കൃതിയില്‍.കുടക് പശ്ചാത്തലമായി ഇംഗ്ളീഷില്‍ എഴുതപ്പെട്ട രണ്ടാമത്തെ നോവലാണിത്.ആദ്യത്തേത് കാവേരി നമ്പീശന്റെ The Scent of Pepper . വളരെ കുറച്ച് വൈജ്ഞാനികകൃതികളേ സമീപകാലത്തായി വായിച്ചിട്ടുള്ളൂ.അവയില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് വിളയന്നൂര്‍ എസ്.രാമചന്ദ്രന്റെ The emerging mind ആണ്.സര്‍ഗാത്മകതയുടെ മസ്തിഷ്കപ്രേരണകളെയും കാരണങ്ങളെയും അന്വേഷിക്കുന്ന ഈ കൃതിയുടെ വായന ഓജസ്സും പ്രസാദവും നിറഞ്ഞ അനുഭവം തന്നെയായിരുന്നു.
വായനയില്‍ വന്ന വിദേശഭാഷാ കൃതികളെ കുറിച്ചു മാത്രമാണ് ഇത്രയും പറഞ്ഞത്. ഞാന്‍ കൂടുതല്‍ വായിക്കുന്നത് തീര്‍ച്ചയായും മലയാളകൃതികള്‍ തന്നെയാണ്.നമ്മുടെ കഥകളും നോവലുകളും കവിതകളും വൈദേശികകൃതികളോളം നിലവാരമില്ലാത്തവയാണെന്നോ ഇവിടുത്തെ എഴുത്തുകാര്‍ താരതമ്യേന കുറഞ്ഞ സര്‍ഗാത്മകതയുള്ളവരാണെന്നോ ഞാന്‍ കരുതുന്നില്ല.എന്നാല്‍ നമ്മുടേത് ഇപ്പോഴും പല തലങ്ങളിലും അടഞ്ഞുകിടക്കുന്ന ഒരു സമൂഹമാണ്.അനുഭവങ്ങളുടെ തുറന്നെഴുത്തിന് സര്‍ഗാത്മകസൌന്ദര്യവും ഗാംഭീര്യവും കൈവരുന്ന ഒരു എഴുത്തുരീതി ഇനിയും ഇവിടെ വികസിച്ചുവന്നിട്ടില്ല.മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ അനുഭവങ്ങളുടെ ആവിഷ്ക്കാരം അശ്ളീലമോ അസുന്ദരമോ ആയി അനുഭവപ്പെടുന്ന ഒരു ഭാഷാസാംസ്കാരിക പരിസരത്താണ് നമ്മുടെ എഴുത്ത് നിലനില്‍ക്കുന്നത്. പുറമെ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും അകമേ ആവര്‍ത്തനസ്വഭാവമുള്ള അനുഭവങ്ങളുടെ ഉന്മേഷരഹിതമായൊരു പരമ്പരയാണ് ഇന്നാട്ടിലെ സാധാരണ ജനജീവിതം.എഴുത്തുകാരുടെയും ചിന്തകന്മാരുടെയും ജീവിതവും വളരെയൊന്നും വ്യത്യസ്തമല്ല.ഇതുകൊണ്ടു തന്നെ മലയാളത്തിലെ ബഹുഭൂരിപക്ഷം സാഹിത്യരചനകള്‍ക്കും പല തലങ്ങളിലും ഒരു തരം തെളിച്ചക്കുറവും ചലനശേഷിയില്ലായ്കയും ആഴമില്ലായ്മയുമെല്ലാം വന്നുപോവുന്നുണ്ട്.വളരെ മൌലികവും വിപ്ളവകരവും ഉത്തരവാദിത്വപൂര്‍ണവുമായ പരീക്ഷണങ്ങള്‍ക്കു വേണ്ടി അതിയായി ദാഹിച്ചുകൊണ്ടിരിക്കുന്നുണ്ട് നമ്മുടെ സാഹിത്യം എന്ന തോന്നല്‍ ഓരോ ദിവസം കഴിയുന്തോറും എന്നില്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.

(മാതൃകാന്വേഷി മാസിക(ചെന്നൈ),നവംബര്‍ 2011)

Sunday, November 20, 2011

അല്‍പപ്രാണന്‍

വലിയ വാക്കുകള്‍
ഉരുള്‍പൊട്ടലിലെ പാറക്കല്ലുകള്‍ പോലെ
വന്നുവീണാല്‍
ദൈവമേ,എന്റെ കവിത ചതഞ്ഞരഞ്ഞ്
ചത്തുപോകും
ചെറിയ മനുഷ്യര്‍ക്കൊപ്പം
അവരുടെ അറിവുകേടുകള്‍ക്കൊപ്പം
അരിഷ്ടിച്ചരിഷ്ടിച്ചു വളര്‍ന്ന
അല്‍പപ്രാണനാണത്
കഠിനമായൊരു പദം,ധ്വനിഭാരം
ചുമക്കുന്ന ഒരുചിഹ്നം,
മനസ്സിന്റെ കൈകള്‍ക്ക്
പരസഹായമില്ലാതെ
എടുത്തുയര്‍ത്താനാവാത്ത ഒരു ബിംബം
ഒന്നിനെയും അതിന് താങ്ങാനാവില്ല
അല്പപ്രാണനാണത്.

കൊതി

റോസാച്ചെടിയില്‍ റോസാപ്പൂവേ വിരിയൂ
മുല്ലവള്ളിയില്‍ മുല്ലയും
എനിക്ക് പക്ഷേ ഒരു പൂന്തോട്ടമാകാനാണ്
അല്ല,കാട് തന്നെയാകാനാണ് കൊതി.

Saturday, November 19, 2011

പിന്നെയും

എഴുതിത്തീര്‍ന്ന കവിതയുടെ
അവസാനവരിയിലെ പൂര്‍ണവിരാമം
എന്നെ തിരിയെ വിളിച്ചു
ഈ ലോകത്തില്‍
അനീതകള്‍ ഒരുപാട് ബാക്കിയുണ്ടല്ലോ
എന്ന എടുത്താല്‍ പൊങ്ങാത്ത ചോദ്യം
അതെന്റെ നെഞ്ചത്തേറ്റി വെച്ചു.
വേച്ചുവേച്ച് നടക്കുന്ന
വാക്കുകളുടെ തെരുവില്‍
പിന്നെയും ഞാന്‍ മലര്‍ന്നടിച്ചുവീണു.

Thursday, November 10, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

41
നാല് പതിറ്റാണ്ടിനു മുമ്പ് എന്റെ കഥകളും കവിതകളും അങ്ങിങ്ങായി അച്ചടിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലെ ഒരധ്യാപകന്‍ ഉപദേശിച്ചു:"ഇതൊന്നും നമ്മളെ പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.പ്രതിഭാശാലികള്‍ അതൊക്കെ ചെയ്യട്ടെ.നമ്മള് ലേഖനങ്ങളും മറ്റും എഴുതുന്നതാണ് നല്ലത്.വള്ളത്തോള്‍ കവിതയിലെ ദേശീയത,ജി.യും മിസ്റിസിസവും എന്നിങ്ങനെയൊക്കെ.''ഞാന്‍ അദ്ദേഹം പറഞ്ഞത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിട്ടു.
ആദ്യം എരിപുരം പ്രഭാകരന്‍ എന്നും പിന്നെ എന്‍.പി.എരിപുരം എന്നും ഉള്ള പേരിലാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്.എന്‍.പ്രഭാകരന്‍ എന്ന പേരുപയോഗിച്ച് ആദ്യമായി എഴുതിയ കഥ 'ഒറ്റയാന്റെ പാപ്പാന്‍' ആണ്.1971 ഏപ്രിലില്‍ ആ കഥ മാതൃഭൂമി വിഷുപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ ഞാന്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു"മാതൃഭൂമിക്കു വേണ്ടി പ്രത്യേകം കാച്ചിയതാണല്ലേ; എന്തായാലും ഈ വഴി അത്ര നല്ലതല്ല.''ആ പറച്ചില്‍ എന്നെ ശരിക്കും വേദനിപ്പിച്ചു.കാരണം രണ്ടു മാസത്തെ എന്റെ രാപ്പകലില്ലാത്ത മാനസികാധ്വാനത്തിന്റെ ഫലമായിരുന്നു ആ കഥ.
ഞാന്‍ നോവലിലേക്ക് കടന്നപ്പോഴും നാടകമെഴുതിയപ്പോഴുമെല്ലാം ആദ്യപ്രതികരണങ്ങള്‍ ഏറെക്കുറെ ഇതേ മട്ടിലായിരുന്നു.എന്തിന,് മുപ്പത്തിനാലാം വയസ്സില്‍ സ്വന്തം ചെലവില്‍ ആദ്യകഥാസമാഹാരം അച്ചടിച്ചിറക്കിയപ്പോള്‍ ' ഒരു പുസ്തകമിറക്കാനൊക്കെ ആയോ,കുറച്ചുകൂടി കഴിഞ്ഞിട്ടുപോരേ?'എന്ന് ചോദിക്കാനും ആളുണ്ടായി.
നോവലുകളില്‍ 'ജീവന്റെ തെളിവുകളും' 'ജനകഥ'യുമാണ് ഏറ്റവും രൂക്ഷമായി ആക്രമിക്കപ്പെട്ടത്.ആദ്യത്തേത് അതിന്റെ ഭാഷാപരമായ സൌന്ദര്യമില്ലായ്കയുടെയും രണ്ടാമത്തേത് ശില്പപരമായ അപൂര്‍ണതയുടെയും പേരില്‍.'ഈ ചെയ്യുന്നതൊന്നും ശരിയേയല്ല' എന്ന് ഞാന്‍ വലിയൊരു സാമൂഹ്യശല്യം ചെയ്യുന്നു എന്ന മട്ടില്‍ നേരില്‍ വന്നുകണ്ട് പറയാനും ചിലര്‍ മടി കാണിച്ചില്ല.കവിതയില്‍ ആരംഭിച്ച ഞാന്‍ പല വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുടരെത്തുടരെ കവിതകളെഴുതിത്തുടങ്ങിയപ്പോള്‍ വായനക്കാരില്‍ വലിയൊരു വിഭാഗത്തിന് അത് രസിച്ചതേയില്ല.'കവിത എന്താണെന്ന് ഞാന്‍ പഠിപ്പിച്ചു തരാം'എന്ന മട്ടിലുള്ള അഹന്താപൂര്‍ണമായ ഫോണ്‍വിളികള്‍, ഞാന്‍ കവിതയെഴുത്ത് നിര്‍ത്തണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യപ്രസ്താവങ്ങള്‍,കവിത വിട്ടേക്ക്,കഥ തന്നെയാണ് നല്ലത് എന്ന സദുദ്ദേശത്തോടെയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം ഞാന്‍ തുറന്ന മനസ്സോടെ കേട്ടു.ആര് എന്തൊക്കെ.എങ്ങനെയൊക്കെ പറഞ്ഞാലും ഞാന്‍ തന്നെ എന്റെ മേല്‍ നിയന്ത്രണത്തിനു ശ്രമിച്ചാലും ഒരു രക്ഷയും കിട്ടില്ല.നട്ടുച്ചയെന്നും നട്ടപ്പാതിരയെന്നുമില്ലാതെ ഏതോ ഒരു നാട്ടുദൈവം തന്നിഷ്ടത്തിന് ചാടിപ്പുറപ്പെട്ടുവരുന്നതുപോലെയാണ് എഴുത്തിന്റെ വരവ്. ആ വരവില്‍ പെട്ടുപോയാല്‍ അകത്തുനിന്നും പുറത്തുനിന്നുള്ള ഏതെതിര്‍പ്പും ഞൊടിയിടയില്‍ വെന്ത് വെണ്ണീറാവും.
എഴുത്തിന്റെ ലോകത്ത് ആരും അധികാരികളല്ല.ഭാവുകത്വത്തിന്റെ രൂപീകരണത്തിലും നിര്‍ണയനത്തിലുമെല്ലാം തങ്ങള്‍ക്ക് പ്രത്യേകമായ എന്തോ ചില അധികാരങ്ങളുണ്ടെന്ന് ധരിച്ചുവെച്ചിട്ടുള്ള ചില വായനക്കാരും നിരൂപകരുമുണ്ട്.കേവല വിഡ്ഡികളാണ് അവരില്‍ ബഹുഭൂരിപക്ഷവും.എഴുത്തുകാര്‍ക്കിടയില്‍ തന്നെ വളരെ കുറച്ചുപേര്‍ മാത്രമേ ഒരു സാഹിത്യ രചന യഥാര്‍ത്ഥത്തില്‍ ഏതൊക്കെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു,എഴുത്തിന്റെ ഏത് അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു എന്നെല്ലാം കൃത്യമായി തിരിച്ചറിയാറുള്ളൂ.ഓരോ ഘട്ടത്തിലും എഴുത്തിന്റെ ലോകത്ത് മേല്‍ക്കൈ നേടുന്ന രചനാതന്ത്രങ്ങളില്‍ നിന്ന് കേവല തന്ത്രങ്ങളെയും ജൈവികമായ അന്വേഷണങ്ങളെയും വേര്‍തിരിച്ചറിയുന്നതില്‍ നല്ല എഴുത്തുകാര്‍ പോലും ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം.ആഗോള തലത്തില്‍ അംഗീകൃതരായ എഴുത്തുകാര്‍ക്കു തന്നെയും എല്ലായ്പ്പോഴും ഒരേ അളവിലുള്ള സര്‍ഗാത്മകതയോ ധൈഷണിക ജാഗ്രതയോ സൂക്ഷിക്കാനാവാറില്ല.നാല് ദശകത്തിലേറെയായുള്ള സാഹിത്യബന്ധത്തില്‍ നിന്ന് ഇങ്ങനെ ഒട്ടുവളരെ കാര്യങ്ങള്‍ എനിക്ക് സംശയ രഹിതമായി ബോധ്യം വന്നിട്ടുണ്ട്.
എന്റെ എഴുത്തിനെ കുറിച്ചുള്ള എന്റെ ധാരണകളില്‍ നിന്ന് വളരെ വ്യത്യസ്തവും ചില തലങ്ങളില്‍ കൂടുതല്‍ കൃത്യത അവകാശപ്പെടാനാവുന്നതുമായ നിരീക്ഷണങ്ങള്‍ ആരില്‍ നിന്നെങ്കിലുമൊക്കെ ഉണ്ടായേക്കാം.പക്ഷേ എന്നെ ഞാന്‍ എപ്പോള്‍,എങ്ങനെ,എന്ത് ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് തിരുത്തണം,അല്ലെങ്കില്‍ തിരുത്താതിരിക്കണം എന്നൊക്കെ നിര്‍ണയിക്കുന്നതിന് ഞാന്‍ ആധാരമാക്കുന്ന ധാരണകളെ കുറിച്ച് അറിയാനിടയാല്‍ സ്വന്തം നിരീക്ഷണങ്ങളെ കുറിച്ച് അവര്‍ക്ക് പോലും വലിയ തോതില്‍ മതിപ്പ് തോന്നാനിടയില്ല.തങ്ങളുടെ അടിസ്ഥാനരഹിതമായ ഉല്‍ക്കര്‍ഷബോധത്തിന്റെയും അഹന്തയുടെയും പിന്‍ബലത്തോടെ എന്നെ സമീപിക്കുന്നവര്‍ക്കാണെങ്കില്‍ തീര്‍ച്ചയായും കടുത്ത നിരാശയോടെ പിന്‍വാങ്ങേണ്ടി വരികയും ചെയ്യും.അപ്പോഴും അവരുടെയെല്ലാം അഭിപ്രായങ്ങള്‍ക്കു നേരെ മനസ്സിന്റെ വാതിലുകളും ജാലകങ്ങളുമെല്ലാം മലര്‍ക്കെ തുറന്നിടാന്‍ എനിക്ക് കഴിയും.അത് എന്റെ ഔദാര്യം കൊണ്ടൊന്നുമല്ല.ഉയര്‍ന്ന നിരൂപകരായാലും സാധാരണ വായനക്കാരായാലും ഒരു കൃതിയെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിനു പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിച്ചേക്കാം.സ്വന്തം ഇച്ഛാഭംഗങ്ങള്‍ തൊട്ട് സാഹിത്യത്തിലെയും സമൂഹത്തിലെയും അധികാരകേന്ദ്രങ്ങളുടെ പരോക്ഷ സമ്മര്‍ദ്ദങ്ങള്‍ വരെ പലതും അതിനെ നിയന്ത്രിച്ചേക്കാം.അതുകൊണ്ട് എത്ര വലിയവരുടെയും എത്രമേല്‍ അശിക്ഷിതരായവരുടെയും അഭിപ്രായങ്ങളെ അതിവൈകാരികമായി ഉള്‍ക്കൊള്ളരുത് എന്ന് ഞാന്‍ ഉള്ളില്‍ ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അതുവഴി ലഭിച്ച നിര്‍മമമതയും മന:സ്വാസ്ഥ്യവും കുറച്ചുകാലമായി ഞാന്‍ അനുഭവിക്കുന്നുണ്ട്.ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും അവയെ ഇല്ലായ്മ ചെയ്യാനാവില്ല.വിസ്തരിക്കാന്‍ അത്ര സുഖം തോന്നാത്ത ഈ പ്രശ്നം ഇനിയും വലിച്ചുനീട്ടുന്നില്ല.കഴിഞ്ഞ ദിവസം എഴുതിയ ഒരു കവിതയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം:
ശീര്‍ഷകം
ഇന്നലെ ഞാന്‍ ദൃഷ്ടാന്തകഥകളിലൂടെ സംസാരിച്ചു
ഇന്നും അങ്ങനെ തന്നെ തുടരാന്‍
ഞാന്‍ ദൈവത്തിന്റെ പുത്രനോ ദൂതനോ അല്ല
അന്നൊരു നാള്‍ ഒരുപാട് ഞാന്‍ കരഞ്ഞു
എന്നും കരഞ്ഞുകൊണ്ടിരിക്കാന്‍
എനിക്ക് കരച്ചിലിന്റെ അസുഖമില്ല
ഇന്നലെ ഞാന്‍ ഒരുപാട് ചിരിച്ചു
ഇന്നും ചിരിച്ചുകൊണ്ടിരിക്കാന്‍
ഞാനൊരു ചിരിപ്പിരാന്തനല്ല
ഉറുമ്പ് വന്ന് വിളിച്ചാല്‍
ഉള്‍മണ്ണില്‍ അതിന്റെ വീട്ടിലേക്ക് ഞാന്‍ വിരുന്നു പോവും
പരുന്താണ് വിളിക്കുന്നതെങ്കില്‍
വിണ്ണിലെ വളയങ്ങളാവും എന്റെ വഴികള്‍
ആത്മാവില്‍ കടലലകളലറാന്‍ തുടങ്ങുമ്പോള്‍
ആകാശമൌനം കൊണ്ടത് മൂടിവെക്കാന്‍
ഞാനൊരു ഭീരുവോ മൂഢനോ സന്യാസിയോ അല്ല
സുഹൃത്തേ,എന്റെ സ്വാതന്ത്യ്രത്തിന് ശീര്‍ഷകമായിട്ടാണ്
കവിത എന്നു ഞാന്‍ കുറിച്ചുവെക്കുന്നത്.
(പ്ളാവില മാസിക, നവംബര്‍ 2011)

Wednesday, November 9, 2011

രണ്ട് കവിതകള്‍

1
അവസാനത്തെ കനല്‍

കൊടുങ്കാട്ടില്‍
ദൈവവും മനുഷ്യരും മുമ്പെന്നോ മറന്നുപോയ
കോവിലിലേറി കഞ്ഞിവെച്ച് മടങ്ങിയ ഭ്രാന്തന്‍
അണയ്ക്കാതെപോയ അടുപ്പിലെ
അവസാനത്തെ കനലിനെന്ന പോലെ
പഴയ ഓര്‍മകള്‍ക്കും വിശ്വാസങ്ങള്‍ക്കും
പ്രതീക്ഷകള്‍ക്കും നാം കാവല്‍ നില്‍ക്കുന്നു
ഒന്നു തീര്‍ച്ചയാണ്
ചാരം മൂടുന്ന ഈ കനല്‍ച്ചുവപ്പ്
ഏറെച്ചെല്ലും മുമ്പ് കെട്ട് കരിക്കട്ടയാവും
പിന്നെ ബാക്കിയാവും
ഈ വഴി വന്ന ഏത് ഭൂതമാണ്
അടുപ്പിലേക്ക് കാറിത്തുപ്പിയതെന്നതിനെച്ചൊല്ലി
നമ്മളാരംഭിക്കാന്‍ പോവുന്ന
അന്തമില്ലാത്ത ആ തര്‍ക്കം .
2
ഫോട്ടോ

തെരുവും മൈതാനവും കടല്‍ത്തീരവും കടന്ന്
ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫര്‍
എന്നെ കോട്ടയ്ക്കകത്തേക്ക് കൊണ്ടുപോയി
ഇരുള്‍ മാത്രം കണ്ണുതുറക്കുന്ന
ഇടുങ്ങിയ സെല്ലുകളുടെ നീണ്ട നിരയ്ക്കു മുന്നില്‍
കുതിക്കുന്ന കുതിരയുടെ കറുത്ത പ്രതിമക്കും
നിറഞ്ഞു പൂവിട്ട ചെറിയ ചെമ്പകത്തിനുമിടയില്‍
എനിക്കയാള്‍ ഇടം കണ്ടു
കണ്ണീരിന്റെ ഉപ്പളങ്ങള്‍
കരിങ്കല്‍ച്ചുവരായി എഴുന്നുറച്ച തടവറയില്‍ നിന്ന്
ഒരു കടല്‍ത്തിരയുടെ നിലവിളി പോലെ ഞാന്‍ പുറത്തുചാടി
പിന്നെ,കയ്യിലൊരു കൊച്ചു ചെമ്പകപ്പൂവുമായി
കരിംകുതിരപ്പുറത്ത് ഞാന്‍ കുതികൊണ്ടുതുടങ്ങേ
ഫോട്ടോഗ്രാഫര്‍ പറഞ്ഞു: ഓകെ; മതി,മതി
ഒന്നാന്തരമാണീ ഫ്രെയിം.
(പ്രസക്തി മാസിക,കണ്ണൂര്‍,കവിതപ്പതിപ്പ് 2011 )

Monday, October 31, 2011

വേട്ടപ്പട്ടി വഴി കാട്ടുന്ന ലോകം

2011 ഒക്ടോബര്‍ 17 മുതല്‍ 23 വരെ ലളിതകലാ അക്കാദമിയുടെ തലശ്ശേരി ഗാലറിയില്‍ നടന്ന കെ.സുധീഷിന്റെ പെയിന്റിംഗുകളുടെ പ്രദര്‍ശനത്തിന് 'ISLAND CHERALA-DARKNESS AT NOON' എന്നാണ് ശീര്‍ഷകം നല്‍കിയിരിക്കുന്നത്." പത്തു പതിനഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയില്‍ വന്ന അസന്തുലിതമായ വന്‍മാറ്റങ്ങള്‍ മനുഷ്യന്റെയും ജീവജാലങ്ങളുടെയും അന്തസ്സിനെയും നിലനില്‍പിനെയും അപകടപ്പെടുത്തുന്ന രീതിയിലുള്ളതാണ്.ഭൂമിയുടെ ക്രയവിക്രയമാണ് ഇന്ന് കേരളത്തിലെ മുഖ്യതൊഴില്‍ മേഖല.സര്‍ക്കാര്‍ ജോലിക്കാരും കലാകാരന്മാരും രാഷ്ട്രീയക്കാരുമെല്ലാം ഭൂമികച്ചവടത്തിലെ ഇടനിലക്കാരായി മാറിയിരിക്കുന്നു.എന്റെ കാല്‍ക്കീഴിലെ മണ്ണാണ് എന്റെ ചരിത്രം എന്നു ഞാന്‍ കരുതുന്നു.ഈ മേല്‍മണ്ണ് തുടച്ചുനീക്കിയാണ് പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത്.വയലുകള്‍ നികത്താന്‍ ഇങ്ങനെ കോരിക്കൊണ്ടുപോവുന്ന മേല്‍മണ്ണിനൊപ്പം എന്റെ പൂര്‍വികരുടെ ഓര്‍മകളും ചരിത്രവും അപ്രത്യക്ഷമാവുകയാണ്.അതെ;നട്ടുച്ചക്കും ഇവിടെ ഇരുട്ടാണ്'' എന്ന് ബ്രോഷറില്‍ ചേര്‍ത്ത അഭിമുഖത്തില്‍ സുധീഷ് ഈ ശീര്‍ഷകത്തെ വിശദീകരിക്കുന്നുണ്ട്.
നിര്‍ദ്ദയം കടന്നാക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഭൂമിയും പ്രകൃതിയും തന്നെയാണ് സുധീഷിന്റെ ചിത്രങ്ങളിലെ മുഖ്യവിഷയം.പക്ഷേ,അതിലും കവിഞ്ഞ് കാണികളുടെ ഉള്ളില്‍ പതിയുന്നത് ഭൂമിയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള പുതിയ വ്യാപാരവൃത്തികളും ഇതര വ്യവഹാരങ്ങളും മനുഷ്യജീവിതത്തിന്റെ ഉള്ളടക്കത്തെ തന്നെ മാറ്റിത്തീര്‍ക്കുന്ന അനുഭവത്തെ വിസ്തരിക്കുന്നതിന് സുധീഷ് തിരഞ്ഞെടുത്തിരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കും രൂപങ്ങള്‍ക്കുമുള്ള നാടോടിത്തവും നാടകീയതയുമാണ്.
സുധീഷിന്റെ ഫുട്ബാള്‍ കളിക്കളത്തിന്റെ സെന്റര്‍സര്‍ക്കിളില്‍ നില്‍ക്കുന്നത് കുറുക്കനാണ്.വീണു പോയ റഫറി,ആക്രമണോത്സുകരായ കളിക്കാര്‍,ഇരപിടിക്കാനെന്ന പോലെ കളിക്കളത്തിലേക്കിറങ്ങിയ വലിയ പക്ഷി,ഹിംസയുടെ കൂടി ഇരിപ്പിടമായ ഗാലറി,തിക്കും തിരക്കും സമരവും മരണവുമെല്ലാം ലക്കും ലഗാനുമില്ലാതെ ഒഴുകി നീങ്ങുന്ന പുറത്തെ തെരുവ് ഇവയെല്ലാം ചേര്‍ന്ന് വലിയൊരു ദൃശ്യാനുഭവമായിത്തീരുന്നുണ്ട് സുധീഷിന്റെ സോക്കര്‍ എന്ന ചിത്രത്തില്‍.പ്രകൃതി അരക്ഷിതയായിത്തീരുന്നതോടെ നിസ്സഹായരും നിരു•ഷരുമായ വെറും കാഴ്ചക്കാരായി മാറുന്ന മനുഷ്യരുടെ കേവല നിലനില്പിന്റെ ദാരുണദൃശ്യങ്ങളാണ് സുധീഷിന്റെ ചിത്രങ്ങളില്‍ നിറയുന്നത്.അവര്‍ അന്ധരായും ഭാരമറ്റവരായി ഒഴുകിനീങ്ങുന്നവരായും കീടതുല്യരായുമൊക്കെ മാറുന്നു.അസ്ഥികൂടങ്ങളുടെ ലോകത്തില്‍ വിശന്ന വേട്ടപ്പട്ടി അന്ധന് വഴി കാട്ടുന്ന വിചിത്രവും ഭീകരവുമായ ലോകമാണത്.അവിടെ സൂര്യന്‍ ഒരഗ്നിഗോളം മാത്രമായി മാറുന്നു.ഇലകളറ്റ് നഗ്നരായ മരങ്ങള്‍ എങ്ങോട്ടോ ഓടി രക്ഷപ്പെടുന്നു.അവരുടെ ഉത്സവപ്പറമ്പുകളില്‍ ആനകള്‍ ഇടയാന്‍ കാത്തുനില്‍ക്കുന്നവരും മനുഷ്യര്‍ ആശയറ്റവരും അന്യോന്യം ഒന്നും വിനിമയം ചെയ്യാനില്ലാത്തവരും ആയിത്തീരുന്നു.പുഴുസമാനരായ മനുഷ്യരുടെ ലോകത്തില്‍ അവരുടെ ദൈവം ഒരു പുഴു മാത്രമായി ആലിലയില്‍ കിടക്കുന്നു. ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് ഇങ്ങനെ 'അസുന്ദര'വും അസ്വാസ്ഥ്യജനകവുമായ സന്ദര്‍ഭങ്ങളും രൂപങ്ങളുമാണ്.അവയെ ഉപയോഗിച്ചാണ് നമ്മുടെ കാലത്തെ കേരളീയ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് നയിക്കുന്ന സൌന്ദര്യാനുഭവങ്ങള്‍ സുധീഷ് സൃഷ്ടിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു പ്രദര്‍ശനത്തെ കുറിച്ച് അതിന്റെ ഉള്ളടക്കത്തെ സ്പര്‍ശിച്ചുകൊണ്ടല്ലാതെ അഭിപ്രായം പറയുന്നത് അര്‍ത്ഥശൂന്യമാണ്.പക്ഷേ,ചിത്രത്തിന്റെ വിഷയം,ഉള്ളടക്കം,അര്‍ത്ഥം എന്നിങ്ങനെയുള്ള പ്രയോഗങ്ങളൊന്നും ചിത്രകാരന്മാര്‍ക്ക് പൊതുവെ സ്വീകാര്യമല്ല.'ചിത്രം കാണാനുള്ളതാണ്,കാണാന്‍ മാത്രമുള്ളതാണ് 'എന്നതാണ് അവരുടെ നിലപാട്.ഒരു ചിത്രം ചിത്രകാരന്റെ മനസ്സില്‍ രൂപം കൊള്ളുന്നത് ബാഹ്യമോ ആന്തരികമോ ആയ ഏതെങ്കിലും കാഴ്ചയില്‍ നിന്നാകാം.വാക്കുകളില്‍ നിന്നോ ആശയങ്ങളില്‍ നിന്നോ അല്ല ഞാന്‍ എന്റെ ചിത്രങ്ങളില്‍ എത്തിച്ചേരുന്നത് എന്ന് ചിത്രകാരന്/ചിത്രകാരിക്ക് തീര്‍ച്ചയായും പറയാം.(അത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും).പക്ഷേ,ചിത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ചിത്രവും കാന്‍വാസില്‍ കാണപ്പെടുന്ന രൂപങ്ങളോ വര്‍ണസങ്കലനങ്ങളോ മാത്രമല്ല.അവരുടെ കാഴ്ച അവിടെ അവസാനിക്കുകയില്ല.തങ്ങളുടെ ഓര്‍മകളെയും വിചാരങ്ങളെയും ജീവിതസങ്കല്പങ്ങളെയും രാഷ്ട്രീയ ധാരണകളെയുമെല്ലാം ആശ്രയിച്ചാണ് ഓരോരുത്തരും ഏത് ചിത്രത്തിന്റെയും ആസ്വാദനം നിര്‍വഹിക്കുന്നത്.അവയെയെല്ലാം മാറ്റിവെച്ച് കാഴ്ചയെ മാത്രം ആധാരമാക്കി ചിത്രം കണ്ടുകൊള്ളണം എന്നു പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല.ചിത്രത്തിന്റെ ശൈലിയും മറ്റ് സാങ്കേതിക കാര്യങ്ങളില്‍ അത് കൈവരിച്ചിരിക്കുന്ന മികവിന്റെ തോതുമെല്ലാം തീര്‍ച്ചയായും ആസ്വാദനത്തെയും അഭിപ്രായ രൂപീകരണത്തെയും സ്വാധീനിക്കും.പക്ഷേ,കാഴ്ചയില്‍ നിന്ന് ഒരാള്‍ക്ക് കൈവരുന്ന രസം വാക്കുകളില്‍ എത്തിച്ചേരുന്നതിനു മുമ്പ് വറ്റിപ്പോവുകയില്ല.അമൂര്‍ത്ത ചിത്രങ്ങളുടെ കാര്യത്തിലും മറിച്ചുള്ള ഒരനുഭവം ഉണ്ടാവുകയില്ല.
ഒരു ചിത്രം നിര്‍വഹിക്കുന്ന അനുഭവ/ആശയ വിനിമയരീതിയെ കുറിച്ചുള്ള ധാരണകളുടെ കാര്യത്തില്‍ സമ്പൂര്‍ണനിരക്ഷരരാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും.അതുകൊണ്ടാണ് ഏത് ചിത്രപ്രദര്‍ശനം കണ്ട് പുറത്തിറങ്ങുന്നവരിലും വലിയൊരു ശതമാനം ആളുകള്‍ 'ഹേയ്,എനിക്കൊന്നും മനസ്സിലായില്ല' എന്നു പറയുന്നത്.ഒരു ആനുകാലികത്തിലെ രേഖാചിത്രം നോക്കി അത് നന്നായെന്നോ ഇല്ലെന്നോ പറയാനുള്ള ധൈര്യം വളരെയേറെ പേര്‍ക്കുണ്ട്.ഒരു പെയിന്റിംഗിന്റെ കാര്യത്തില്‍ ഈ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ നന്നേ ചെറിയ ഒരു ന്യൂനപക്ഷത്തിനേ കഴിയൂ.ഈ അവസ്ഥ മാറ്റിത്തീര്‍ക്കുന്നതിലൂടെ മാത്രമേ ചിത്രകലയ്ക്ക് ജനകീയമായ ആസ്വാദനത്തിന്റെ തലത്തില്‍ ഒരു കുതിപ്പ് സാധ്യമാവുകയുള്ളൂ.
ഒരു ചിത്രത്തിന്റെ കാഴ്ചയിലേക്ക് എങ്ങനെ പ്രവേശിച്ചുതുടങ്ങണം എന്നതു സംബന്ധിച്ച് വളരെ പ്രാഥമിക തലത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പോലും അസംഗതമായിത്തീരാത്ത അവസ്ഥയിലാണ് കേരളത്തില്‍ ചിത്രപ്രദര്‍ശനം കാണാനെത്തുന്നവരില്‍ മഹാഭൂരിപക്ഷവും.ഈ യാഥാര്‍ത്ഥ്യത്തിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നത് ചിത്രകലയുടെ വളര്‍ച്ചയെ ഒരര്‍ത്ഥത്തിലും സഹായിക്കില്ല.ഒരു കലാരൂപമെന്ന നിലയില്‍ ചിത്രത്തിനുള്ള പ്രത്യേകതകള്‍,വ്യത്യസ്ത മാധ്യമങ്ങളിലുള്ള ചിത്രം വരയുടെ സവിശേഷതകള്‍,ചിത്രകലയിലെ വിവിധ പ്രസ്ഥാനങ്ങള്‍ക്കു പിന്നിലെ ദര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ബഹുജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് വ്യക്തിപരമായ ഉത്തരവാദിത്വമായി ചിത്രകാരന്മാര്‍ ഏറ്റെടുക്കേണ്ടതില്ല.അത്തരം ജോലികള്‍ അക്കാദമി പോലുള്ള സ്ഥാപനങ്ങളും സാംസ്കാരിക പഠനകേന്ദ്രങ്ങളുമൊക്കെയാണ് ചെയ്യേണ്ടത്.പക്ഷേ,സ്വന്തം ചിത്രങ്ങളുടെ ആശയലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനെങ്കിലും അവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.കേരളത്തിലെ ചിത്രകലാസ്വാദന പരിസരം അത് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
അനുബന്ധം:
നമ്മുടെ ചിത്രകാരന്മാര്‍ അവരുടെ ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിനും പേരിടാന്‍ ഇംഗ്ളീഷ് ഭാഷയാണ് ഉപയോഗിച്ചു വരുന്നത്.ഒരു പഴയകാല ശീലത്തിന്റെ തുടര്‍ച്ചയെന്നതില്‍ കവിഞ്ഞ് ചിത്രത്തിന്റെ മാര്‍ക്കറ്റ് മുഖ്യമായും മറുനാട്ടുകാരോ വിദേശികളോ ആയ സമ്പന്നരുടെ കയ്യിലാണെന്ന തിരിച്ചറിവാകാം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.സുധീഷ് തന്റെ പ്രദര്‍ശനത്തില്‍ ഈ പതിവിനെ ഭാഗികമായി ഭേദിച്ചിട്ടുണ്ട്.ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിന് മൊത്തത്തിലും ഇംഗ്ളീഷില്‍ തന്നെയാണ് പേരിട്ടിരിക്കുന്നതെങ്കിലും മലയാളത്തിലുള്ള ഒരഭിമുഖവും എ.ടി.മോഹന്‍രാജ് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പും ബ്രോഷറില്‍ നല്‍കിയിട്ടുണ്ട്.പൊതുശീര്‍ഷകത്തിന്റെ 'ചേരളദ്വീപ് നട്ടുച്ചക്കിരുട്ട്' എന്ന പരിഭാഷ ആദ്യപേജില്‍ തന്നെ കാണുകയും ചെയ്യാം.കേരളത്തിനകത്ത് നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കെങ്കിലും മലയാളത്തിലുള്ള ശീര്‍ഷകവും കുറിപ്പുകളും നല്‍കാന്‍ നമ്മുടെ ചിത്രകാരന്മാര്‍ മനസ്സ് വെക്കുന്നത് നല്ലതാണ്.വിദേശികളുടെ സാന്നിധ്യം വലിയ തോതില്‍ പ്രതീക്ഷിക്കുന്ന ഇടങ്ങളില്‍ അവയ്ക്ക് ഇംഗ്ളീഷ് പരിഭാഷ കൂടി നല്‍കാവുന്നതേയുള്ളൂ.
(ജനശക്തി വാരിക)

Saturday, October 29, 2011

നിഴല് പാടുന്നു

രാത്രി
നഗരമധ്യത്തിലെ ബാര്‍
കുശലവാര്‍ത്തകളോരോ
'ചെറുതുകള്‍'ക്കുമേല്‍ നുരയുന്ന മേശകള്‍
ലഹരിയുടെ തിരകളാല്‍
തകരുന്ന വാക്കിന്റെയതിരുകള്‍
കണ്ണീര്‍ നനവുകള്‍
പരിഹാസപ്പതച്ചി,ലുപചാരചാരം
പറന്നറിയാതെതെളിയുന്ന
പകയുടെ കനലിളക്കങ്ങള്‍
'ഇത് മദ്യശാല
മതിമോഹനശാല
ഹൃദയസംഗീത ശാല
കവിത വിടരുന്ന ശാല'
പരുഷഗദ്യത്തിന്റെ തടവില്‍ നിന്നുള്ള
വിടുതിയാഘോഷിക്കയാണൊരാള്‍
കുഴയുന്ന നാവിനാല്‍ പാട്ടിന്‍ കളിത്തോണി
തുഴയുകയാണൊരാള്‍
'അടിയടി,ഒരു പെഗ്ഗുകൂടടിയെന്റെ ചങ്ങായി
മതിവരും വരേക്കു നീ പാടുക',പ്രോത്സാഹന-
ത്തിരയുയരുന്നു ചുറ്റിലും
കവിത കഥയായി,രാഷ്ട്രീയ ചര്‍ച്ചയായ്
പരദൂഷണങ്ങളായ്,പഴി പറച്ചിലായ് പതയുന്നു
രാവ് നീളുന്നു 'മതി,യടക്കാനുള്ള നേരമാ'യെന്നു നാലഞ്ചു
തടിമിടുക്കന്മാര്‍ മീശ പിരിക്കുന്നു
'ശരി,ശരി' ബില്ലടച്ചുകൈക്കാശും കൊടുത്തെത്രയും വേഗം
പടിയിറങ്ങുന്നു
കാറില്‍
ഇരുചക്രശകടമേറിയും
കാല്‍നടയായും
പിരിയുവോര്‍ ബാറിലുപേക്ഷിച്ചു
ഹൃദയനൈര്‍മല്യമായതിന്‍ പകരമായ്
പല വെറുപ്പുകള്‍,നിരാശകള്‍,കയ്ക്കുമോര്‍മകള്‍
അവര്‍ നിറക്കുന്നു നെഞ്ചില്‍
ബാറിന്‍ നടയടക്കുന്നു.
'ഹാ,മറുമരുന്നില്ല,മര്‍ത്ത്യജീവിത വിഷമരുന്നിന്'
തെരുവിലൊറ്റയായ് വേച്ചുവേച്ചുപോം
നിഴല് പാടുന്നു,പാടുന്നു.

കുറിപ്പ്: വെറുതെ ഇരിക്കെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പഴയ ചില കവിതകള്‍ ഓര്‍മയിലെത്തി.ആ ഓര്‍മയ്ക്ക് ഇങ്ങനെയൊരു രൂപാന്തരമുണ്ടായി.

Thursday, October 27, 2011

ഒന്നൊഴികെ

കവിത ഏതുമായ്ക്കോട്ടെ ദിനേശാ
കഥ ഏതുമായ്ക്കോട്ടെ ദിനേശാ
ലേഖനമെങ്കില്‍ അത്
ഒരു പ്രശ്നവുമില്ല ദിനേശാ
ഇനി ഇപ്പറഞ്ഞതൊന്നുമല്ല
വല്ല മിത്തോ,നാട്ടുചരിത്രമോ
പരദൂഷണമോ,കാട്ടുകല്ലോ
ആയാലും തരക്കേടില്ല
ഞാന്‍ വിസ്തരിച്ച് വ്യാഖ്യാനിച്ച്
അര്‍ത്ഥവും ആന്തരാര്‍ഥവും
പിന്നെ അനര്‍ത്ഥവും പറഞ്ഞുതരാം
ഒരു കാര്യം മാത്രം നീ ചോദിക്കരുത്
മേലത്തെ ഭാര്‍ഗവന്‍സഖാവുള്‍പ്പെടെ
ഒരുപാട്പേര്
എന്തിനാ നമ്മളെയിങ്ങനെ പേടിപ്പിക്കുന്നത്?
അവരെയെല്ലാം കാണുമ്പോള്‍
എന്തിനാ നമ്മളിങ്ങനെ പേടിച്ചുപോവുന്നത്?
എന്നാപ്പിന്നെ പോട്ടേ ദിനേശാ
അപ്പോ പറഞ്ഞതുപോലെ
കഥയോ കവിതയോ ചിത്രമോ ശില്പമോ
കണ്ണാടിയോ മൂക്കുത്തിയോ എന്താന്ന് വെച്ചാ.

നിസ്സംശയം

അന്നൊരുനാള്‍ അരയാല്‍ച്ചുവട്ടില്‍ ഒളിച്ചിരുന്ന്
അമരസല്ലാപം കേട്ടതില്‍പ്പിന്നെയാണ്
അപ്പൂട്ടിവൈദ്യര്‍ക്ക് പിരിയിളകിയത്
താന്‍ എവിടെവെച്ചെങ്കിലും എന്തെങ്കിലും കേട്ടുവെന്ന്
അപ്പൂട്ടിവൈദ്യര്‍ ആരോടും പറഞ്ഞിരുന്നില്ല
എന്നിട്ടും എല്ലാവരും ഉറപ്പിച്ചു
ദൈവങ്ങളുടെ രഹസ്യങ്ങളിലേക്ക്
ചെവിനീട്ടിയതുകൊണ്ടാണ്
പാവം വൈദ്യര്‍ക്ക് ഇങ്ങനൊയൊരു ഗതിവന്നത്
സംഗതികളുടെ കിടപ്പ് അങ്ങനെയൊക്കെത്തന്നെയാണ്
സ്വബോധമുള്ളവരുടെ കാര്യത്തില്‍ ഒന്നും നമുക്ക് ഉറപ്പില്ല
ഭ്രാന്തന്മാരുടെ കാര്യത്തിലാണെങ്കില്‍
ഒന്നിനെ കുറിച്ചും ഒരു സംശയവുമില്ല.

Sunday, October 23, 2011

ആരും കരയുന്നില്ല

ബസ്സിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ളീനര്‍ക്കും
ബസ്സില്‍ കയറുന്നവരോട് പുച്ഛം
ആപ്പീസര്‍ക്കും ക്ളര്‍ക്കിനും പ്യൂണിനും
ആവശ്യങ്ങളുമായി ആപ്പീസിലെത്തുന്നവരോട് പുച്ഛം
വ്യാപാരികള്‍ക്ക് വാങ്ങാനെത്തുന്നവരോട്
ഡോക്ടര്‍മാര്‍ക്ക് രോഗികളോട്
നേതാക്കള്‍ക്ക് ജനങ്ങളോടും
ജനങ്ങള്‍ക്ക് നേതാക്കളോടും
കവികള്‍ക്ക് വായനക്കാരോടും
വായനക്കാര്‍ക്ക് കവികളോടും
പുച്ഛം
എല്ലാവരും പുച്ഛസത്യജ്ഞരാകയാല്‍
ആരും കരയുന്നില്ല.

Monday, October 17, 2011

അത്ഭുതം

കാലില്‍ കാത് മുളക്കുന്നതും
കണ്‍പോളകളില്‍ പൂവ് വിരിയുന്നതും
ഉള്ളംകയ്യില്‍ ആനക്കുട്ടി നില്‍ക്കുന്നതുമൊന്നും
ഇക്കാലത്ത് അത്ഭുതമല്ല
പക്ഷേ,
മഴക്കാലത്ത് മഴ പെയ്യും
മീന്‍തന്നെ ഝഷം
പശുവിനെ കുറിച്ച് പഠിക്കാന്‍
അതിനെ കറന്നു നോക്കുക തന്നെ വേണം
കേളപ്പനടിയോടിയാണ് മലയാളകവിതയെ നശിപ്പിച്ചത്
കവിത അനിര്‍വചനീയമാണ്,അവ്യാഖ്യേയമാണ്
അതിന് ചോറും മീനും അന്യമാണ്
ഗാന്ധിജി സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ
ഇന്ത്യയ്ക്കു വേണ്ടി അനേകം സെഞ്ച്വറികള്‍ അടിച്ച
മഹത്വത്തിന്റെ തുംഗഗോപുരമാണ് എന്നിങ്ങനെയെല്ലാം
ആളുകള്‍ പ്രസംഗിക്കുന്നതും
പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും
അത്ഭുതമല്ലെങ്കില്‍ പിന്നെ എന്താണ്?

Thursday, October 13, 2011

എന്റെ രാഷ്ട്രീയം

ഞാനൊരു മധ്യവര്‍ഗ ജീവിയാണ്.അതിന്റെ നാനാവിധമായ പരിമിതികള്‍ക്കുള്ളിലായിരുന്നു നാളിതുവരെയുള്ള ജീവിതം.അതുകൊണ്ടു തന്നെ എന്റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് ഒട്ടൊക്കെ ഭീരുവായ ഒരു സാധാരണപൌരന്റെ സാമൂഹ്യനിരീക്ഷണങ്ങള്‍ എന്നതിനപ്പുറം പ്രാധാന്യമൊന്നുമില്ല.
സാഹിത്യം,ചരിത്രം,സംസ്കാരപഠനം എന്നിവയുടെയെല്ലാം ബാലപാഠങ്ങള്‍ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചത് കോണ്‍ഗ്രസ് അനുകൂലികളുടെ ഒരു കൂട്ടായ്മക്കകത്തു നിന്നാണ്.ഒന്നൊന്നര വര്‍ഷത്തോളമേ ആ ബന്ധം നിലനിന്നുള്ളൂ.പിന്നെ ഞാന്‍ മാര്‍ക്സിസ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെയും ബാലസംഘത്തിന്റെയും കലാസാഹിത്യസംഘടനയുടെയുമൊക്കെ പ്രവര്‍ത്തകനായി. അന്നു തുടങ്ങിയ ബന്ധം മാനസിക തലത്തില്‍ ഈയടുത്ത കാലം വരെയും ഞാന്‍ നിലനിര്‍ത്തി.എം.എന്‍.വിജയന്റെ ശിഷ്യനായ ഞാന്‍ മാര്‍ക്സിസ്റ് പാര്‍ട്ടി അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തിത്തുടങ്ങിയ കാലം മുതല്‍ക്കാണ് പാര്‍ട്ടിയോടുള്ള അനുഭാവം കൈവിട്ടുതുടങ്ങിയത് എന്നാണ് പലരും കരുതിപ്പോരുന്നത്. ഇത് തെറ്റാണ്.വിജയന്‍മാഷുടെ എതിര്‍പ്പ് മാര്‍ക്സിസ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ ചില നീക്കങ്ങള്‍ക്കു നേരെയായിരുന്നു.പാര്‍ട്ടിയുടെ സംഘടനാതത്വത്തെ കുറിച്ചോ സൈദ്ധാന്തികനിലപാടുകളെ കുറിച്ചോ അദ്ദേഹം ഒരു വിയോജിപ്പും പ്രകടിപ്പിച്ചിരുന്നില്ല.പാര്‍ട്ടി അതിന്റെ ജീവശാസ്ത്രമായ സംഘടനാതത്വത്തില്‍ വിള്ളലുണ്ടാക്കി അതിലേക്ക് കാറ്റും വെളിച്ചവും കടത്തരുത് എന്ന പക്ഷക്കാരനായിരുന്നു മാഷ്.വെള്ളത്തില്‍ ജീവിക്കുന്ന മീനിനെ കരയുടെ സ്വാതന്ത്യ്രത്തിലേക്ക് മോചിപ്പിച്ചാലുള്ള അവസ്ഥയാവും ഡമോക്രാറ്റിക് സെന്‍ട്രലിസം എന്നസംഘടനാതത്വത്തിന് പുറത്തു കടക്കുന്ന പാര്‍ട്ടിയുടേതും എന്ന് മാഷ് പറഞ്ഞു. മാഷുടെ ആ നിലപാടിനോട് യോജിക്കണമെന്ന് അന്നുതൊട്ടേ എനിക്ക് തോന്നിയിരുന്നില്ല.ഡമോക്രാറ്റിക് സെന്‍ട്രലിസം എന്നത് പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലെ അതിസമര്‍ത്ഥരായ ചിലരുടെ താല്പര്യങ്ങള്‍ക്കും ധാരണകള്‍ക്കും പാര്‍ട്ടി സംവിധാനത്തെ ആകെ കീഴ്പ്പെടുത്തുന്ന ഏര്‍പ്പാടായിട്ടാണ് ലോകത്തെല്ലായിടത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്.അതിന് മാറ്റം വരുത്തുന്ന എന്തെങ്കിലും കണ്ടെത്തുകയാണ് പ്രധാനം.വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പാര്‍ട്ടിയുടെ തന്നെ ചരിത്രത്തില്‍ നിന്നും അനുഭവങ്ങളില്‍നിന്നും പാഠം പഠിച്ച് സിദ്ധാന്തത്തിലും പ്രയോഗത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്താനുള്ള ധീരത നേടുക എന്നതാണ്.ടെക്നോളജിയുടെ വികാസം വഴി സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും നിര്‍മാണത്തിലും വിതരണത്തിലും സംഭവിച്ചിരിക്കുന്ന അഭൂത പൂര്‍വമായ മാറ്റങ്ങളും വിവിധ വിജ്ഞാനശാഖകളുടെ വളര്‍ച്ചയിലൂടെ പ്രപഞ്ചത്തെയും മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളെയും കുറിച്ച് കൈവന്നിരിക്കുന്ന പുത്തന്‍ അറിവുകളും ആഗോളീകരണ കാലത്തെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുമെല്ലാം കണക്കിലെടുത്തുകൊണ്ട് തന്നെ വേണം തിരുത്തലുകള്‍ക്ക് മുതിരാന്‍.പകരം ഊഹക്കച്ചവടങ്ങള്‍ക്കും ബഹുരാഷ്ട്രഭീമ•ാരുടെ മറ്റ് വ്യവഹാരങ്ങള്‍ക്കും അനുസൃതമായി സ്വയം പാകപ്പെടുക എന്ന ലാഭകരമായ എളുപ്പപ്പണിയുടെ മാര്‍ഗം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയെ ജനങ്ങള്‍ അധികകാലം ചുമന്ന് നടക്കില്ല.
കമ്യൂണിസ്റ് പാര്‍ട്ടി അധികാരം കയ്യാളിയ ഇടങ്ങളിലെല്ലാം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങള്‍ ജനവിരുദ്ധമായി തീരുകയുണ്ടായി.സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതിന്റെ പ്രാഥമിക കാരണം അമേരിക്കയുടെയും മറ്റ് മുതലാളിത്ത രാജ്യങ്ങളുടെയും പ്രേരണയും പ്രോത്സാഹനവും ഉപജാപങ്ങളുമൊന്നുമല്ല.ഓരോ ഇടത്തെയും ജനങ്ങള്‍ താന്താങ്ങളുടെ നാട്ടിലെ പാര്‍ട്ടിനേതാക്കളുടെ അഴിമതിക്കും അധികാരപ്രമത്തതയ്ക്കുമെതിരെ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു.കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഘടനയില്‍ അതൊരു ഫാസിസ്റ് ശക്തിയായിത്തീരാനുള്ള സാധ്യത എന്നും എവിടെയും നിലനിന്നിട്ടുണ്ട്.ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമേ അധികാരം അനുഭവിക്കാന്‍ ഇടയായുള്ളൂ എന്നതുകൊണ്ടാവാം ഈ സാധ്യത ഇവിടെ ഭീഷണാകാരം പൂണ്ട് വളരാതിരുന്നത്.ഇക്കാര്യം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷവും മാര്‍ക്സിസ്റ് പാര്‍ട്ടിക്കു നേരെ അല്പമായ അനുഭാവം പോലും നിലനിര്‍ത്തുന്നത് തെറ്റല്ലേ എന്ന് ഞാന്‍ പല കുറി സ്വയം ചോദിച്ചിട്ടുണ്ടണ്‍്.ചില ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.എല്ലാവര്‍ക്കും എല്ലാ ജീവിതാവശ്യങ്ങളും മാന്യമായി നിറവേറ്റാനുള്ള സാമ്പത്തിക സാഹചര്യങ്ങളും അവസരസമത്വവും ഉണ്ടായിരിക്കേണ്ടതാണ് എന്ന ആദര്‍ശത്തെയും ആ ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിന് ആവശ്യമായ പ്രായോഗിക നടപടികളെയും കുറിച്ച് ഗൌരവമായി ആലോചിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം ലോകത്തെവിടെയും അല്പകാലത്തേക്കെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞത് കമ്യൂണിസ്റുകാര്‍ക്ക് മാത്രമാണ്.ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനെ പോലെ രാജ്യം മുഴുക്കെ വിപുലമായ ജനകീയാടിത്തറയുള്ള ഒരു പാര്‍ട്ടിക്ക് നിസ്വാര്‍ത്ഥരായ കുറച്ച് നേതാക്കളെയും പ്രവര്‍ത്തകരെയും അങ്ങിങ്ങായി ചൂണ്ടിക്കാണിക്കാനുണ്ടാവും.പക്ഷേ സ്വാതന്ത്യ്രപൂര്‍വ കാലം മുതല്‍ക്കേ ഉപരിവര്‍ഗം കോണ്‍ഗ്രസ്സില്‍ ആധിപത്യം സ്ഥാപിക്കുകയും പിന്നീടിങ്ങോട്ട് ഭരണകൂടത്തിന്റെ മുഖ്യപരിഗണന ആ വര്‍ഗത്തിന്റെ താലപര്യസംരക്ഷണമാക്കിത്തീര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ജാഗരൂകമാവുകയും ചെയ്തു എന്നതാണ് സത്യം. കമ്യൂണിസ്റ് പാര്‍ട്ടിയുടെ നിലപാടും പാര്‍ട്ടി നേതൃത്വം നല്‍കിയ സംസ്ഥാന ഗവണ്മെന്റുകളുടെ പ്രവര്‍ത്തനവും ഒരു ഘട്ടത്തിലും ഈയൊരു രാഷ്ട്രീയം സ്വീകരിച്ചിരുന്നില്ല.പക്ഷേ, അധികാരത്തിനും പാര്‍ട്ടി എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും വേണ്ടി ഉപരിവര്‍ഗത്തിലെ പല കണ്ണികളുമായി പല ഘട്ടങ്ങളില്‍ പല തലങ്ങളില്‍ ചെയ്തു പോന്ന നീക്കുപോക്കുകള്‍ പാര്‍ട്ടിനേതൃത്വത്തിലെ അങ്ങേയറ്റം വലുതും ഇങ്ങേയറ്റം ചെറുതുമായ എല്ലാം അധികാരകേന്ദ്രങ്ങളിലും അഴിമതിയും അരാഷ്ട്രീയതയും വ്യാപിപ്പിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ അടിത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ സത്യസന്ധതയോടെ ഏറ്റെടുക്കാനുള്ള ശേഷി വലിയൊരളവോളം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.ഈ അവസ്ഥയില്‍ നിന്നുള്ള മോചനം അടുത്ത കാലത്തെങ്ങും സാധ്യമാവുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാനാവില്ല.
വസ്തുത ഇതായിരിക്കുമ്പോഴും രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിയെ കുറിച്ചെല്ലാമുള്ള ഗൌരവപൂര്‍ണമായ ആലോചനകള്‍ക്കുള്ള ഉപകരണങ്ങളും ബഹുരാഷ്ട്ര മൂലധനശക്തികളുടെ സര്‍വാധിപത്യത്തെ ചെറുക്കാന്‍ പരിമിതമായ അളവിലെങ്കിലുമുള്ള സന്നദ്ധതയും ഇപ്പോഴും കമ്യൂണിസ്റുകാരുടെ കയ്യില്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ പൊതുജീവിതത്തില്‍ അവര്‍ തീര്‍ത്തും അപ്രസക്തരായിക്കഴിഞ്ഞിട്ടില്ല. പാര്‍ട്ടി എങ്ങനെയൊക്കെ മാറിയാലും വരുംകാലത്തും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങളിലെല്ലാം സത്യസന്ധവും പുരോഗമനപരവുമായ പുതിയ മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്നത് കമ്യൂണിസ്റ് ദര്‍ശനത്തെ ആഴത്തില്‍ അറിഞ്ഞവര്‍ തന്നെയായിരിക്കും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. തങ്ങളുടെ ഫ്യൂഡല്‍ പശ്ചാത്തലത്തിന്റെ ഓര്‍മകളും അതിനോടുള്ള കൂറും കൈവിടാനാവാത്ത ധാരാളം ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും കേരളത്തിലുണ്ട്.ഇടതുപക്ഷത്തിന്റെ രൂക്ഷവിമര്‍ശകരും എതിരാളികളുമായിരിക്കെ തന്നെ ഇടതുപക്ഷത്തിലെ അധികാരകേന്ദ്രങ്ങളുടെ ഒത്താശക്കാരായും ഇവര്‍ പ്രവര്‍ത്തിക്കാറുണ്ട്.പൊതുബോധത്തില്‍ ചില കലക്കങ്ങളുണ്ടാക്കുന്നതിനപ്പുറം ഇക്കൂട്ടര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെന്ന തോന്നല്‍ ഇന്നേവരെ എനിക്കുണ്ടായിട്ടില്ല.വ്യവസ്ഥാപിതകമ്യൂണിസ്റ് പാര്‍ട്ടികളുടെ നേതൃവൃന്ദത്തെപ്പോലെ ഇക്കൂട്ടരും കാലഹരണപ്പെട്ട ഒരു രാഷ്ട്രീയഭാഷ ഉപയോഗിച്ചാണ് സംസാരിക്കുന്നത്.അധികാരഗര്‍വിലും പരപുച്ഛത്തിലും കമ്യൂണിസ്റ് പ്രമാണിമാരുടേതിനേക്കാള്‍ ഒട്ടും ഭേദമല്ല ഇക്കൂട്ടരുടെ നില.
രാഷ്ട്രീയ പാര്‍ട്ടികള്‍,ഇന്ത്യന്‍ സാഹചര്യത്തില്‍ വിശേഷിച്ചും സി.പി.ഐ(എം) ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറുമ്പോള്‍ ആ ഒഴിവിടത്തിലേക്ക് കടന്നുവരുന്നത് സന്നദ്ധ സംഘടനകളാണ്.സന്നദ്ധ സംഘടനാരാഷ്ട്രീയം ഫണ്ടിംഗിനെ ആശ്രയിച്ച് നിലകൊള്ളുന്നതും മൂര്‍ത്തമായ ഓരോരോ പ്രശ്നങ്ങളുടെ പരിഹാരം ഉന്നം വെച്ച് പ്രവര്‍ത്തിക്കുന്നതുമാണ്.അതില്‍ അഴിമതിക്കും വഞ്ചനയ്ക്കുമെല്ലാമുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാല്‍ ജനങ്ങളെ താല്‍ക്കാലികമായി സഹായിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരളവ് വരെ പരിഹാരം കാണുന്നതിനും ആ രാഷ്ട്രീയം സഹായകമാവുന്നുവെന്നതു കൊണ്ടു തന്നെ മുഖ്യധാരാരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയും ആളുകള്‍ അതിനെ പിന്തുണക്കും.എങ്കിലും അറിഞ്ഞുകൊണ്ട് ഒരു ഘട്ടത്തിലും ആ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
വിദേശത്തോ സ്വദേശത്തോ ഉള്ള കുത്തകകളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടല്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുമായും സാഹിത്യസാംസ്കാരിക പ്രസ്ഥാനങ്ങളുമായും സഹകരിക്കുക,സാമൂഹ്യപ്രശ്നങ്ങളെയും കലയെയും സാഹിത്യത്തെയുമെല്ലാം മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മാര്‍ക്സിയന്‍ ദര്‍ശനം തന്നെയാണ് കൂടുതല്‍ സഹായകമാവുന്നത് എന്നതുകൊണ്ട് ആ വക കാര്യങ്ങള്‍ക്ക് ആകാവുന്നിടത്തോളം അതിനെ ആശ്രയിക്കുക,ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമാകാതെയും ഒന്നിനും വിധേയനാകാതെയും എഴുത്തുജീവിതം സ്വതന്ത്രമായി മുന്നോട്ട് കൊണ്ട്പോവുക ഇത്രയുമൊക്കെയാണ് എന്റെ പൊതുജീവിതം സംബന്ധിച്ച് ഞാന്‍ എത്തിച്ചേര്‍ന്ന തീരുമാനങ്ങള്‍.
അധികാരകേന്ദ്രങ്ങളില്‍ നിന്ന് യാതൊരു തരത്തിലുള്ള അംഗീകാരവും ഞാന്‍ ആഗ്രഹിക്കുന്നില്ല.ഒരു പദവിയും എന്റെ പരിഗണനയില്‍ വരുന്നില്ല.ചരിത്രത്തെ മാനിച്ചും വര്‍ത്തമാനത്തെ കഴിവതും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചും ഞാന്‍ മുന്നോട്ട് പോവും.ഒരു ശുദ്ധസാഹിത്യകാരന്റെ പരിവേഷം എനിക്കാവശ്യമില്ല.എനിക്ക് താല്‍പര്യം തോന്നുന്നതും എന്റെ പ്രതികരണത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്ന് തോന്നുന്നതുമായ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ പ്രശ്നങ്ങളില്‍ എഴുത്തുകാരനെന്ന നിലയില്‍ ഇനിയും ഞാന്‍ ഇടപെടും.പക്ഷം പിടിക്കും.രാഷ്ട്രീയത്തിലെന്ന പോലെ സാഹിത്യത്തിലും അധികാരകേന്ദ്രങ്ങളുണ്ട്.ആദ്യത്തേത് പ്രത്യക്ഷവും രണ്ടാമത്തേത് പ്രച്ഛന്നവുമാണ്.രണ്ടിനും ഞാന്‍ വഴങ്ങിക്കൊടുക്കുകയില്ല.

(മാതൃകാന്വേഷി മാസിക ഒക്ടോബര്‍ 2011)

Tuesday, October 11, 2011

മൃഗപ്രജ്ഞ

വേട്ടകാരന്‍ വരുന്നതും കാത്തിരിക്കുന്ന ഈ മൃഗം
വിഡ്ഡിയാനല്ല
എന്തിന് വെറുതെ എന്നൊരാലോചനയിലാണത്
പുല്ലൊരുപാട് തിന്നു,വെള്ളമെത്രയോ കുടിച്ചു
ഒരുപാട് ഇണചേര്‍ന്നു
ഒരുപാട് വട്ടം മരണത്തിന്റെ കനല്‍ക്കണ്ണുകളില്‍ നിന്ന്
കുതിച്ചകന്നു
കുന്നും വയലും കാട്ടിലെ നീരൊഴുക്കും മടുക്കില്ല
എന്നിരിക്കലും ഒരുനാള്‍ ചന്ദ്രനില്‍ തന്റെ ഇണയെ കണ്ടുപോയ നിലക്ക്
ഇനി മറ്റൊന്നിലും മനസ്സുറക്കില്ല
അമ്പിന്‍മുനയിലാണ് അങ്ങോട്ടേക്കുള്ള വഴിയെന്നത് കാറ്റില്‍ മണംപിടിക്കുന്നതുപോലെ
താനേ അറിഞ്ഞുപോയതാണ്
അറിഞ്ഞുപോയ സത്യത്തില്‍ നിന്ന് കുതറിയോടാന്‍
മനുഷ്യനെ കഴിയൂ
മൃഗത്തിന് ഓരോ പുതിയ അറിവും ഓരോ കെണിയാണ്
വേട്ടക്കാരന്റെ കെണി അവസാനത്തേതും.

(മാധ്യമം വാരിക 2011 ഒക്ടോബര്‍ 10)

അജ്ഞേയം

മേഘങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്ന
മലമുകളിലെ തടാകക്കരയില്‍ ഒരു പകല്‍മുഴുവന്‍
ഞാന്‍ ഉറങ്ങിക്കിടന്നു
ഉണര്‍ന്നപ്പോള്‍
കാട്ടുമരച്ചോട്ടിലെ
കാലമറിയാത്ത കല്‍വിഗ്രഹത്തിന്റെ ചുമലില്‍
ഒരു വെള്ളില്‍പറവയെ കണ്ടു
വെള്ളം കുടിക്കാന്‍ വന്ന മേഘങ്ങള്‍ മടങ്ങിപ്പോവുമ്പോള്‍ കൂടെപ്പോവാന്‍ മറന്നതായിരുന്നു അത്
എന്നോടൊപ്പം അടിവാരത്തിലേക്ക് വന്ന ആ പാവം
വന്നിറങ്ങിയ ദിവസം തന്നെ അങ്ങാടിച്ചൂടില്‍
അകംചുട്ട് ചത്തുപോയി
അതിന്റെ കുഞ്ഞുശരീരം അടക്കം ചെയ്തിടത്ത്
ഇപ്പോഴിതാ പേരറിയാത്തൊരു കാട്ടുചെടി മുളച്ചുപൊന്തിയിരിക്കുന്നു
അതിന്റെ തണലിലിരുന്നാണ് എന്തിനെന്നറിയാതെ ഈ വരികള്‍ ഞാന്‍ കുത്തിക്കുറിക്കുന്നത്.
(മാധ്യമം വാരിക 2011 ഒക്ടോബര്‍ 10)

Thursday, October 6, 2011

കവികളില്‍ പലരോടും

താങ്കള്‍ നിന്ദിതരുടെയും പീഡിതരുടെയും കവിയാണെങ്കില്‍ പണ്ഡിതന്മാരുടെയോ അങ്ങനെ സ്വയം കരുതുന്നവരുടെയോ വിധിയെഴുത്തിന് കാതോര്‍ക്കുന്നതെന്തിന്?
താങ്കള്‍ സ്വാതന്ത്യ്രത്തിന്റെ കവിയാണെങ്കില്‍ അന്യന്റെ സ്വാതന്ത്യ്രത്തില്‍
അസഹിഷ്ണുവാകുന്നതെന്തിന്?
താങ്കള്‍ ഉറുമ്പുകളുടെ കാലൊച്ച കേള്‍ക്കുകയും പരുന്തിന്റെ ചിറകടി കേള്‍ക്കുന്നവന്റെ കാതുകളെ നിന്ദിക്കുകയും ചെയ്യുന്നതെന്തിന്?
കവിത ആത്മാവിന്റെ ആനന്ദമാണെങ്കില്‍ എല്ലാ ആത്മാക്കളുടെയും ആനന്ദത്തിന്റെ വഴി ഒന്നു തന്നെയായിരിക്കണമെന്ന് ശഠിക്കുന്നതെന്തിന്?
ലോകം മാറാനുള്ള ഒന്നാണെന്നറിയുന്നുവെങ്കില്‍ കവിത മാത്രം മാറരുതെന്ന് ശഠിക്കുന്നതെന്തിന്?
പഴയ ജീവിതം താങ്കളെയും ലോകത്തെയും കൈവിട്ടിട്ടും പഴംപാട്ടുകള്‍ തന്നെ പാടുന്നതെന്തിന്?
ശത്രു ആരെന്നും എങ്ങെന്നുമറിയാതെ അങ്കക്കളത്തില്‍ കലിതുള്ളിയിറങ്ങി വഴിയേപോകുന്നവരുടെ നേര്‍ക്ക് വാള് വീശുന്നതെന്തിന്?
താങ്കള്‍ ആത്മാവില്‍ സത്യസന്ധനായിരിക്കുന്നുവെങ്കില്‍ അന്യന്റെ വാക്കുകളില്‍ അസത്യം ചികഞ്ഞസ്വസ്ഥനാകുന്നതെന്തിന്?
താങ്കള്‍ യഥാര്‍ത്ഥത്തില്‍ കവിയാണെങ്കില്‍ സുഹൃത്തേ നിരൂപകന്റെ കണക്കുപുസ്തകത്തെ ഇത്രമേല്‍ ഭയക്കുന്നതെന്തിന്?

Saturday, September 24, 2011

വാര്‍ധക്യവിചാരങ്ങള്‍

ഒന്ന്
ഓര്‍മയുടെ വിദൂരവനങ്ങളില്‍ നിന്നെത്തുന്ന
ഓരോ കിളിയും
ഈ പടുമരത്തെ ആട്ടിയുലയ്ക്കുന്നു
വേരുകളുടെ പിറുപിറുപ്പില്‍
ഇന്നോ നാളെയോ എന്ന ആധി പടരുന്നു
മണ്ണിനുമേല്‍ ചിതലുകളെ വിറപ്പിച്ച്
മരണത്തിന്റെ ഞരമ്പുകള്‍ തെളിയുന്നു.

രണ്ട്
വീട്ടില്‍ പണിക്കു വന്ന ആശാരി
കുട്ടിക്കാലത്ത് മരംകൊണ്ടെനിക്കൊരു കുടമുണ്ടാക്കി തന്നു
ഇത്തിരിപ്പോന്ന ഒന്ന്!
അതുംകൊണ്ട് കുന്നിന്‍ചെരിവിലെ നീരൊഴുക്കില്‍
വെള്ളംകോരാന്‍ പോയി
പെരുമഴയില്‍ പെട്ടെന്ന് കലക്കം പൂണ്ടടക്കം വിട്ട ഒഴുക്കില്‍
കുടം ഒലിച്ചുപോയി
ഒഴുക്കിന്റെ വഴിയില്‍ ഒരുപാട് ദൂരം ഓടിക്കിതച്ചിട്ടും
അതിനെ കണ്ടുകിട്ടിയില്ല
ഇപ്പോള്‍ ഈ വയസ്സുകാലത്ത് പെരുമഴയും നോക്കി
വെറുതെ ഇരിക്കുമ്പോള്‍
അന്ന് കൈവിട്ടുപോയ
ആ കുരുന്നുകുടം ഞാന്‍ കാണുന്നു
പിടിതരാത്തൊരു പൊരുള്‍
തെളിനീരായി അതില്‍ നിറയുന്നു.
(തോര്‍ച്ച മാസിക ആഗസ്റ്-സെപ്റ്റംബര്‍ 2011)

ഫോക് ലോറിന്റെമലയാളം

ഫോക് ലോറിസ്റിക്സ്എന്ന വിജ്ഞാനശാഖ ഓരോ ജനവിഭാഗത്തിനും തലമുറകളിലൂടെ പകര്‍ന്നുകിട്ടുന്നതും കൂട്ടായ്മയിലൂടെ അവര്‍ നിലനിര്‍ത്തുന്നതുമായ വിശ്വസങ്ങള്‍,ആചാരങ്ങള്‍,ആരാധനാരീതികള്‍,സങ്കല്പങ്ങള്‍,നൃത്തരൂപങ്ങള്‍,ഗാനങ്ങള്‍,കഥകള്‍,ചികിത്സാരീതികള്‍ എന്നിവയുടെയെല്ലാം പഠനം നടക്കുന്ന മേഖലയാണ്.ഒരു ജനത അവരുടെ വിശ്വാസപരവും വൈകാരികവുമായ ഊര്‍ജ്ജം മുഴുവന്‍ നിക്ഷേപിച്ചിരിക്കുന്ന ഇടങ്ങള്‍,അവര്‍ തങ്ങളുടെ സ്വത്വത്തിന്റെ കലര്‍പ്പില്ലാത്ത അംശങ്ങളായി ആത്മാവ് കൊണ്ട് അംഗീകരിക്കുന്ന സംഗതികള്‍ ഇവയെയൊക്കെ നിര്‍ധാരണം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് ഫോക് ലോറിന്റെ പഠനപദ്ധതി.പുതിയ കൂട്ടായ്മകളുടെ രൂപീകരണം,പുതിയ വിശ്വാസങ്ങളുടെയും ചടങ്ങുകളുടെയും രൂപീകരണം ,പുതിയ ജീവിതധാരണകളുടെ വിതരണം ഇവയുടെയൊക്കെ അപഗ്രഥനവും ഫോക് ലോറിസ്റിക്ക്സിന്റെ വിഷയപരിധിയില്‍ വരും.
യൂറോപ്യന്‍ കാല്പനിക പ്രസ്ഥാനത്തിന്റെയും ദേശീയതാവാദത്തിന്റെയും ആശയലോകങ്ങളാണ് ഫോക് ലോറിസ്റിക്സ് ഒരു പ്രത്യേകവിഷയമായി ഉരുത്തിരിയുന്നതിന് പശ്ചാത്തലമൊരുക്കിയത്.ഈ വിഷയം ഇന്ത്യയിലെത്തിയപ്പോള്‍ സ്വാഭാവികമായും കടംകൊണ്ട രീതിശാസ്ത്രവുമായാണ് അത് പ്രവര്‍ത്തിച്ചുതുടങ്ങിയത്.മാത്രവുമല്ല തങ്ങളുടെ പഠനവിഷയം നാടന്‍ അല്ല എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയും ഇവിടത്തെ ഫോക് ലോര്‍പണ്ഡിതന് മാരെ നയിച്ചിരിക്കാം.ഈ വ്യഗ്രത താരതമ്യേന കൂടുതലായി പ്രവര്‍ത്തിച്ച ഇടം കേരളമാണെന്നും കരുതാം.അതുകൊണ്ടു തന്നെയാണ് ഫോക് ലോറിന് മലയാളത്തില്‍ ഒരു പേര് കണ്ടെത്തണമെന്നും അത് പ്രചരിപ്പിക്കണമെന്നും അവര്‍ക്ക് തോന്നാതിരുന്നത്.ഫോക് ലോര്‍എന്ന ഇംഗ്ളീഷ് പദത്തിന്റെ അര്‍ത്ഥവ്യാപ്തി മലയാളത്തിലെ ഒരു പദത്തിനും ലഭ്യമാവില്ലെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു അവര്‍.ഒരു ജനതയുടെ 'തനതിനെ' അന്വേഷിക്കുന്ന വിഷയത്തിന് ഒരു തനത് രീതിശാസ്ത്രം വേണമെന്ന തോന്നലും അവര്‍ക്കുണ്ടയില്ല.ഫോക് ലോറിന് ഒരു പഠനപദ്ധതി' എന്ന ഗ്രന്ഥത്തില്‍ രാഘവന്‍ പയ്യാനാട് ഈ വഴിക്ക് ഒരു ശ്രമം നടത്തിയെങ്കിലും ഫോക് ലോറിനെ
രൂപപ്പെടുത്തുന്ന കൂട്ടായ്മയുടെ ജീവിതധാരണയും സമീപനങ്ങളും ജനജീവിതത്തെ നിയന്ത്രിക്കുന്ന സാമ്പത്തിക സാമൂഹ്യസ്വാധീനങ്ങള്‍ക്കെല്ലാം പുറത്താണെന്ന പൂര്‍വനിശ്ചിതനിലപാടാണ് ആ ശ്രമത്തെ നിയന്ത്രിച്ചതെന്നതുകൊണ്ടു തന്നെ അത് വസ്തുതകളാല്‍ സമ്പന്നമായിരിക്കുമ്പോഴും ദര്‍ശനതലത്തില്‍ ശുഷ്കമായിത്തീര്‍ന്നു.കൂട്ടായ്മയുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും കൂട്ടായ്മയ്ക്കു പുറത്തുള്ള നിലപാടുകളാല്‍ അപഗ്രഥിക്കുകയോ ചോദ്യം ചെയ്യുകയോ മൂല്യനിര്‍ണയം നടത്തുകയോ ചെയ്യരുത് എന്നതാണ് ഫോക് ലോറിസ്റുകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.ഫോക് ലോര്‍ന് ഒരു പഠനപദ്ധതി'യില്‍ രാഘവന്‍ പയ്യനാട് സ്വീകരിച്ച നിലപാടും അതു തന്നെ.
നാളിതുവരെ
ഫോക് ലോര്‍ഒരു അക്കാദമിക് വിഷയമെന്ന നിലയില്‍ മലയാളത്തില്‍ അംഗീകൃതമായിത്തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലധികമായി.കൊട്ടാരത്തില്‍ ശങ്കുണ്ണിയെ പോലുള്ളവര്‍ നടത്തിയ ആദ്യകാലസമാഹാരണങ്ങള്‍ക്കും ചേലനാട്ട് അച്യുതമോനോനും ഡോ.എസ്.കെ.നായരും പിന്നീട് സി.എം.സ് ചന്തേരയും മറ്റും നടത്തിയ ആദ്യകാലപഠനങ്ങള്‍ക്കും അത്തരമൊരു പരിവേഷമുണ്ടയിരുന്നില്ല.ചന്തേരയാണെങ്കില്‍ ഗവേഷണ പഠനത്തിന്റെ അംഗീകൃത രീതിശാസ്ത്രവും അവലംബിച്ചിരുന്നില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തിനിടയില്‍ ഈ മേഖലയില്‍ വളരെയേറെ കാര്യങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്.നാടോടിപ്പാട്ടുകള്‍,തോറ്റം പാട്ടുകള്‍,കടംകഥകള്‍ തുടങ്ങിയവയുടെ അനേകം സമാഹാരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെയും ജാതിവിഭാഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളെയും മറ്റ് സാംസ്കാരിക വ്യഹാരങ്ങളെയും കുറിച്ചുള്ള ധാരാളം പഠനങ്ങളും ഉണ്ടായിക്കഴിഞ്ഞു.ഫോക് ലോര്‍അക്കാദമിയും മ്യൂസിയവും നിലവില്‍ വന്നു.കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ ഫോക് ലോര്‍മായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണപ്രബന്ധങ്ങള്‍ സമര്‍പ്പിച്ച് പി.എച്.ഡി ബിരുദം നേടി.അനേകം തെയ്യം കലാകാരന് മാരും മറ്റ് നാടോടി കലാകാരന് മാരും അവാര്‍ഡും അംഗീകാരങ്ങളും നേടി. ചെറിയ തോതിലാണെങ്കിലും പലര്‍ക്കും സാമ്പത്തികസഹായം ലഭിച്ചു.ഫോക് കലാരൂപങ്ങളുടെ അവതരണം രാഷ്ട്രീയസമ്മേളനങ്ങളുടെ പോലും അഭികാമ്യമായ ഭാഗമായി.ഒക്കെയും നല്ലതിനു തന്നെ.വ്യക്തികളെന്ന നിലയ്ക്ക് ഗവേഷകര്‍ നല്‍കിയ സംഭാവനകള്‍ക്ക് പുറമേ അക്കാദമിക് തലത്തില്‍ ഫോക് ലോറിന് ലഭിച്ച അംഗീകാരവും സര്‍ക്കാറില്‍ നിന്നും ഇതര ഏജന്‍സികളില്‍ നിന്നും ലഭിച്ച ധനസഹായവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ഈ നേട്ടങ്ങള്‍ക്കു പിന്നിലുണ്ട്.
ഫോക് ലോര്‍ ഒരു പഠനമേഖലയെന്ന നിലയില്‍ അക്കാദമിക് ലോകത്തും പുറത്തും നിസ്സംശമായും അംഗീകൃതമായിക്കഴിഞ്ഞെങ്കിലും ഈ വിഷയം പഠിച്ച് പുറത്തിറങ്ങുന്നവര്‍ ഇതര വൈജ്ഞാനികമേഖലകളിലും സാമൂഹ്യാനുഭവത്തിന്റെ മറ്റ് മണ്ഡലങ്ങളിലും സാധിക്കേണ്ടുന്ന ഇടപെടലുകളുടെ സ്വഭാവം ഇപ്പോഴും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല.ഫോക് ലോര്‍ സമാഹരണവും ഫോക് ലോര്‍പരിപാടികളുടെ സംഘാടനവുമടക്കം പല കാര്യങ്ങളും അവര്‍ ചെയ്തുവരുന്നുണ്ട്.ലേഖനങ്ങള്‍ എഴുതുന്നതിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും അവര്‍ മറ്റ് വിഷയക്കാരേക്കാള്‍ പുറകിലുമല്ല.പക്ഷേ,പാരമ്പര്യലബ്ധമായ അറിവിന്റെ കാവല്‍ക്കാരെന്ന പോലെയോ കേവലകൈകാര്യകര്‍ത്താക്കളെന്ന പോലെയോ ആണ് അവരില്‍ നല്ലൊരു ശതമാനവും പെരുമാറുന്നത്.അല്ലാതെ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവരെയും ഈ വിഷയത്തെ കുറിച്ചുള്ള മാമൂല്‍ധാരണകള്‍ നല്ലപോലെ കുഴക്കുന്നുണ്ട്.
ചരിത്രത്തോടും സാമൂഹ്യശാസ്ത്രത്തോടുമുള്ള അനാദരവാണ് ഫോക് ലോറിസ്റുകളുടെ വിശകലനങ്ങളില്‍ പൊതുവേ മുഴച്ചുനില്‍ക്കുന്നത്.തങ്ങളുടെ വിഷയത്തിന് സര്‍വതന്ത്രസ്വതന്ത്രമായ ഒരു രീതിശാസ്ത്രം വേണം എന്ന തെറ്റിദ്ധാരണയാണ് പൊതുവില്‍ അവരെ നയിക്കുന്നത്. ലോകത്തിലെ ഏത് ജനവിഭാഗവും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ നാടോടിവാങ്മയങ്ങള്‍ വരെയുള്ള എല്ലാം സൃഷ്ടിച്ചിരിക്കുന്നത് ചരിത്രത്തിന്റയും ഭൌതികസാഹചര്യങ്ങളുടെയും അബോധപ്രേരണകളുടെയുമൊക്കെ അടിസ്ഥാനത്തിലാണ്.ഇവയെ കുറിച്ചെല്ലാമുള്ള അന്വേഷണങ്ങളിലേക്ക് തിരിയാത്തിടത്തോളം ഫോക് ലോര്‍പഠനങ്ങള്‍ മിക്കവാറും പി.എച്ച്.ഡി ബിരുദത്തിനും സാമ്പത്തികനേട്ടങ്ങള്‍ക്കുമപ്പുറത്തുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലാത്ത കേവലപഠനങ്ങളായി തുടരും.കൂട്ടായ്മയെ അതിന്റെ തന്നെ ആന്തരികയുക്തികള്‍ കൊണ്ട് മനസ്സിലാക്കുക,ഫോക്കിന്റെ വിശ്വാസങ്ങള്‍ക്കും ചെയ്തികള്‍ക്കും ന്യായീകരണം കണ്ടെത്തുക എന്നിവയ്ക്ക് അപ്പുറം കടക്കാത്ത ഫോക് ലോര്‍ പഠനം യാഥാസ്ഥിതികമാണ്.കൂട്ടായ്മയുടെ ആന്തരികയുക്തികള്‍ ചരിത്രബാഹ്യമായാണ് നിലനില്‍ക്കുന്നത് എന്ന ധാരണയില്‍ ഫോക് ലോര്‍ പഠനം ആരംഭിക്കരുത്.ഗ്രാമീണമായാലും നാഗരികമായാലും ഒരു ജനസമൂഹം നിലനിര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രത്യേകമായ ചരിത്രസാഹചര്യങ്ങളില്‍ രൂപം കൊണ്ടവയും ചരിത്രത്തോടൊപ്പം പരിണമിക്കുന്നവയുമാണ്.ഈ വശത്തിന് ഊന്നല്‍ നല്‍കാതെയുള്ള ഫോക് ലോര്‍അന്വേഷണങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന പരമാവധികാര്യം ഒരു ജനത നിലനിര്‍ത്തി വരുന്ന ഫോക് ലോറിലെ ഓരോരോ ഇനങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്തുക മാത്രമായിരിക്കും.
ഫോക് ലോര്‍ അന്വേഷണങ്ങള്‍ ചരിത്രപരം മാത്രമല്ല വൈരുദ്ധ്യാത്മകം കൂടിയായിരിക്കണം.അത്യുത്തരകേരളീയരുടെ തെയ്യം ഒരേ സമയം ഒരു ജനതയുടെ ആത്മീയാവശ്യത്തിന്റെ നിര്‍വഹണവും ഒരു വ്യവസ്ഥയുടെ ന്യായീകരണവുമായാണ് പ്രവര്‍ത്തിച്ചുപോന്നത്.ആദ്യകാല കമ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെയ്യത്തിനെതിരെ തിരിഞ്ഞത് അവര്‍ കേവല യുക്തിവാദികളും സൌന്ദര്യാസ്വാദനശേഷിയറ്റവരും ആയിരുന്നതുകൊണ്ടല്ല.തെയ്യം ജാതിജന്മിനാടുവാഴി വ്യവസ്ഥയെയും അതുല്‍പാദിപ്പിക്കുന്ന ജീവിതധാരണകളെയും താങ്ങിനിര്‍ത്താനാണ് സഹായിക്കുന്നത് എന്ന ബോധ്യം കൊണ്ടാണ്. കാലം മാറി.തെയ്യത്തെ മറ്റൊരു രീതിയില്‍ മനസ്സിലാക്കുന്നതിനുള്ള ഭൌതികാന്തരീക്ഷവും ബൌദ്ധികാന്തരീക്ഷവും വൈകാരികാന്തരീക്ഷവും ജനങ്ങളില്‍ കുറേയേറെപ്പേരുടെ കാര്യത്തിലെങ്കിലും യാഥാര്‍ത്ഥ്യമായി.അതോടെ തെയ്യത്തോടുള്ള ശത്രുത അനാവശ്യവും അരസികത്വത്തിന്റെ അടയാളവുമായി.
ഫോക്ലോര്‍ ജന്മ• നല്‍കുന്ന ജീവിതധാരണകളും സമീപനങ്ങളും ജനജീവിതത്തില്‍ എല്ലാ കാലത്തും പോസിറ്റീവായ ഫലങ്ങള്‍ മാത്രമല്ല ഉണ്ടാക്കിയിട്ടുള്ളത്.സംസ്കാരം പരിണമിക്കുന്നത് അന്യസംസ്കാരങ്ങളുമായുള്ള പരിചയത്തിലൂടെയും കടംകൊള്ളലുകളിലൂടെയുമാണ്.പുതിയ അറിവിന്റെയും സാങ്കേതികവിദ്യയുടെയും കടംകൊള്ളലുകള്‍ പഴയതിനെ പുറംതള്ളിക്കൊണ്ടു മാത്രമേ സാധ്യമാവൂ.അങ്ങനെ പുറംതള്ളുന്നതിലൂടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ബോധ്യപ്പെട്ടാലും ഫോക് ലോര്‍മായുള്ള ജനതയുടെ വൈകാരികബന്ധം അതിന് തടസ്സം നില്‍ക്കും.ഇത്തരം ഘട്ടങ്ങളില്‍ ഫോക് ലോറിന്റെ കൂടെയല്ല മാറുന്ന ജീവിതത്തിന്റെ കൂടെത്തന്നെയാണ് ഫോക് ലോറിസ്റ് നിലകൊള്ളേണ്ടത്.രോഗം മാറാന്‍ ചികിത്സയാണ് ആവശ്യം എന്ന് ബോധ്യം വന്നാലും മന്ത്രവാദത്തെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് ന്യായീകരണം സൃഷ്ടിക്കലല്ല ഫോക് ലോറിസ്റിന്റെ പണി.ഓരോ ചരിത്രഘട്ടത്തിലും ഫോക് ലോറില്‍ പ്രവര്‍ത്തിച്ച/പ്രവര്‍ത്തിക്കുന്നനിഷേധാത്മകവശങ്ങള്‍ കൂടി വിശദീകരിക്കാന്‍ ഫോക് ലോര്‍പണ്ഡിതന്മാര്‍ക്ക് ബാധ്യതയുണ്ട്.
പഠനപദ്ധതിയെ കേരളത്തിന്റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കനുസരിച്ചും പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാകത്തിലും പുന:സംവിധാനം ചെയ്തുകൊണ്ടേയിരിക്കുക, പഠനത്തെ എല്ലായ്പ്പോഴും ചരിത്രവല്‍ക്കരിക്കുക,ഫോക് ലോറിലെ ഏറ്റവും ജീവത്തായ അംശങ്ങള്‍ക്ക് ഏറ്റവും സര്‍ഗാത്മകമായ രീതിയില്‍ പുനര്‍വ്യാഖ്യാനങ്ങളും ആവിഷ്ക്കാരങ്ങളും നല്‍കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക,യാഥാര്‍ത്ഥ്യബോധത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായി കേരളത്തിന്റെ സാംസ്കാരികസ്വാശ്രയത്വം എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടേയിരിക്കുക ഇവയൊക്കെയാണ് നമ്മുടെ ഫോക് ലോര്‍ പണ്ഡിതന് മാരുടെയും പഠിതാക്കളുടെയും മുന്നിലുള്ള അടിയന്തിരകടമകള്‍.ഇത്രയും കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി തങ്ങളുടെ പഠനവിഷയത്തിനുണ്ട് എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ ഫോക് ലോറിസ്റുകള്‍ ഫോക് ലോര്‍എന്ന ഇതിനകം സര്‍വസമ്മതമായിത്തീര്‍ന്ന പദത്തിനു പകരം ഒരു തനി മലയാളപദം കണ്ടെത്തിയില്ലെങ്കിലും വലിയ പ്രശ്നമില്ല.

(ജനശക്തി വാരിക)

Monday, September 19, 2011

ഞാരോത്തെ പറമ്പിലെ തെങ്ങ്

പി.എ.നാസിമുദ്ദീന്റെ കവിതകള്‍ ഞാന്‍ ഇടക്കിടെ പ്രത്യേകിച്ച് ഒരുദ്ദേശ്യവുമില്ലാതെ വായിച്ചു നോക്കും.എന്തുകൊണ്ട് അങ്ങനെ വായിക്കാന്‍ തോന്നുന്നു എന്നതിനെ കുറിച്ച് കൃത്യമായി എനിക്കറിയാമെന്നു പറഞ്ഞാല്‍ അത് പാതിയോളം കളവായേക്കും.കവിതകള്‍ എന്ന നിലയ്ക്ക് അവയില്‍ പലതിനുമുള്ള അപൂര്‍ണതകളെ കൂടിയാണ്,അവയിലെ പണിക്കുറവിനെ കൂടിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.ചില കവിതകളും കഥകളും അങ്ങനെയാണ്. അവയുടെ സൃഷ്ടിയില്‍ അല്ലെങ്കില്‍ നിര്‍മിതിയില്‍ ചില വൈകല്യങ്ങള്‍ ബാക്കി നില്‍ക്കണം.അപ്പോഴാണ് അവ യഥാര്‍ത്ഥത്തില്‍ പൂര്‍ണമാവുന്നത്.തേച്ചുമിനക്കിയ ഒരു കവിത നാസിമുദ്ദീനില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
'ഞാരോത്തെ പറമ്പിലെ തെങ്ങ്' നാസിമുദ്ദീന്റെ ആത്മചിത്രം എന്നു പറയാവുന്ന വളരെ ലളിതമായ ഒരു കവിതയാണ്.
ഞാരോത്തെ പറമ്പിലെ തെങ്ങും
എന്നെപ്പോലെ അനാഥന്‍ തന്നെ
ചെറുപ്പത്തിലേ കൂമ്പടഞ്ഞു
എന്നാണ് കവിത ആരംഭിക്കുന്നത്.
മരുന്നും വെള്ളവും മനമലിഞ്ഞു നല്‍കിയിട്ടും ഒരു കനിപോലും കാണിക്കാതെ ഒരു മൂലയില്‍ അത് അഗതിയായി മെലിഞ്ഞു നിന്നു.കാറ്റുകളുടെ കലപിലകള്‍ക്കിടയില്‍ അതിന്റെ നിര്‍വികാരഖേദം ഒരു മൌനത്തിലേക്കൊതുങ്ങി.
കവിത ഇങ്ങനെ അവസാനിക്കുന്നു:
ഒരു വസന്തത്തില്‍
മൈനകള്‍ പ്രാവുകള്‍ കുയിലുകള്‍
അതില്‍ ചിറകടിച്ചു പറന്നു
ഇപ്പോള്‍ അത് പുഷ്പിച്ചിരിക്കുന്നു
ഒരു തത്ത കൂടും വെച്ചിരിക്കുന്നു
അതെ,ഒരു പഞ്ചവര്‍ണ തത്ത.
ചെറുപ്പത്തിലേ കൂമ്പടഞ്ഞു മെലിഞ്ഞുണങ്ങി നില്‍ക്കുന്ന തെങ്ങിനെ ചുറ്റി പക്ഷികള്‍ ചിറകടിച്ച് പറക്കുന്നതും കണ്ടുകണ്ടു നില്‍ക്കെ അതില്‍ ഒരു തത്ത കൂടുവെച്ചിരിക്കുന്നത് കണ്ണില്‍ പെടുന്നതുമെല്ലാം കുട്ടിക്കാലത്തെ വലിയ ആഹ്ളാദങ്ങളിലൊന്നായിരുന്നു.മനസ്സിന്റെ സ്വാഭാവികശേഷികള്‍ അകാലത്തില്‍ ശോഷിച്ചോ മുരടിച്ചോ വളര്‍ച്ചയെ അവിശ്വസിച്ചെന്ന പോലെ ഉള്‍വലിഞ്ഞമര്‍ന്നോ പോവുന്ന മനുഷ്യരിലും അവിചാരിതമായി ഒരു പഞ്ചവര്‍ണത്തത്ത വന്ന് കൂട് വെക്കാം.തത്ത കൂടുവെച്ച തെങ്ങ് അതിന് തല്‍ക്കാലത്തേക്ക് പൂവ് വന്നാല്‍ പോലും തെങ്ങിന്റെ ധര്‍മം നിര്‍വഹിച്ച് ഇളനീരും തേങ്ങയുമൊന്നും തരാന്‍ സാധ്യതയില്ല.പക്ഷേ,മനുഷ്യന്റെ കാര്യം അങ്ങനെയല്ല,അവനില്‍/അവളില്‍ സര്‍ഗാത്മകതയുടെ മൈനയും പ്രാവും കുയിലുമെല്ലാം താല്പര്യം കാണിച്ചു തുടങ്ങിയെങ്കില്‍,ഒരു തത്ത വന്ന് കൂട് വെച്ചെങ്കില്‍ ആ ജന്മം സഫലമായി.മനുഷ്യന്‍ സൌന്ദര്യത്തിന്റെ സൃഷ്ടാവായി.'ഞാരോത്തെ പറമ്പിലെ തെങ്ങ്' ആ അനുഭവത്തിന്റെ നിഷ്ക്കളങ്കമായ ആവിഷ്ക്കാരമാണ്.ഇത്രയും ലാളിത്യം നിറഞ്ഞ ഒരു കവിത എഴുതിയ കവി തന്നെയാണ്
"ഹേ,കള്ളനായ സൂര്യാ
ധൂര്‍ത്തന്മാരുടെ ഇലകളില്‍
നൃത്തം വെക്കുന്നവനേ
എന്റെ ഹൃദയത്തിന്റെ
കാമ്പെടുത്തൂതിയാല്‍
സത്യമായും നീ കെട്ടുപോവും.''
എന്ന കനല്‍ക്കനമുള്ള വരികളും എഴുതിയത്.'ഞാരോത്തെ പറമ്പിലെ തെങ്ങ് പുഷ്പിച്ചിരിക്കുന്നു' എന്ന കവിയുടെ പ്രസ്താവം കറകളഞ്ഞ സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ഇതു പോലുള്ള വരികള്‍ വേറെയും പലതുണ്ട് നാസിമുദ്ദീന്റെ കവിതകളില്‍.അവയുടെ ഘടനയിലും ഉള്ളടക്കത്തിലുമുള്ള ശൈഥില്യവും അനാഥത്വത്തിന്റെതായ വീറും സംഭ്രമവുമെല്ലാമാണ് എന്നെ വീണ്ടും വീണ്ടും ഈ കവിതകളിലേക്കെത്തിക്കുന്നതെന്നു തോന്നുന്നു.
(മാതൃകാന്വേഷി മാസിക 2011 സപ്റ്റംബര്‍)

Tuesday, September 13, 2011

ഇരുണ്ട വരികള്‍

പച്ചപ്പുല്‍നാമ്പിന്റെ നിനവില്ല
ആളനക്കമില്ല
ഉച്ചവെയിലുറയുന്ന പാറപ്പരപ്പില്‍
ഒറ്റയ്ക്കലഞ്ഞെത്തീ ഒരാട്
കണ്ണെത്തുന്നിടത്തെല്ലാം കരിമ്പാറ മാത്രമായ
വിജനവിസ്തൃതയില്‍ ആ പാവം ജീവി
ഇപ്പോള്‍ കാത്തുകൊണ്ടിരിക്കുന്നത്
ഒരറവുകാരന്റെ നിഴല്‍ മാത്രമാണ്.

Thursday, September 8, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

39
പതിനേഴ് വര്‍ഷം മുമ്പെഴുതിയ കഥയാണ്. നേര്‍ക്കു നേരെയുള്ള എഴുത്ത്.സാഹിത്യമാക്കി ഉയര്‍ത്താന്‍ പാകത്തില്‍ ഒന്നും ചെയ്തില്ല.എഴുതിയ പടി അങ്ങനെ തന്നെ വെച്ചു.ഈയിടെ എടുത്തു വായിച്ചു നോക്കിയപ്പോള്‍ ചെറിയൊരു രസം തോന്നി.അതിന്റെ ധൈര്യത്തിലാണ് ഇതിവിടെ പകര്‍ത്തി വെക്കുന്നത്.
കഥ
സിമ്യാങ്
പത്താം വയസ്സില്‍ നാടുവിട്ടുപോയ ഉക്കുണ്ണി തൊണ്ണൂറ്റാറാം വയസ്സില്‍ തീയൂരില്‍ മടങ്ങിയെത്തിയപ്പോള്‍ അയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയി ആരും നാട്ടിലുണ്ടായിരുന്നില്ല.ഒട്ടുമിക്കപേരും എപ്പൊഴൊക്കെയോ മരിച്ച് മണ്ണോട് ചേര്‍ന്നിരുന്നു.അവശേഷിച്ച ഏതാനും ചിലര്‍ മക്കളുടെയോ പേരക്കിടാങ്ങളുടെയോ കൂടെ മറ്റേതൊക്കെയോ ദേശങ്ങളില്‍.രണ്ടുമൂന്നുപേര്‍ ഓര്‍മയും കഥയും പൂര്‍ണമായി കൈമോശം വന്ന് വൃദ്ധസദനങ്ങളിലും.ഉക്കുണ്ണി ഓര്‍മയില്‍ നിന്ന് നുള്ളിപ്പെറുക്കിയെടുത്ത സ്ഥലപ്പേരുകളും വീട്ടുപേരുകളും മറ്റ് ചില അടയാളങ്ങളും നാട്ടുകാരായ ചില വൃദ്ധജനങ്ങളില്‍ ഏതാനും ചില മിന്നലാട്ടങ്ങളുണ്ടാക്കിയെങ്കിലും അയാളെ തീയൂരുകാരനായി സ്വീകരിച്ച് അംഗീകരിക്കുന്നതില്‍ ആരും താല്പര്യം കാണിച്ചില്ല.അന്തര്‍ദ്ദേശീയമായിത്തന്നെ അറിയപ്പെടുന്ന ഒരു സന്നദ്ധസംഘടനയുടെ തീയൂര്‍മേഖലയിലെ പ്രവര്‍ത്തക•ാരിലൊരാളായ ഡികോക്സ ഡിസില്‍വ എന്ന യുവാവ് എന്തായാലും അശരണനായ ഈ വൃദ്ധന്റെ കാര്യത്തില്‍ താല്പര്യമെടുത്തു.ഉക്കുണ്ണിയെ എങ്ങനെ സഹായിക്കണം, എവിടെ ഏല്പിക്കണം എന്നൊക്കെ തീരുമാനിക്കാനായി ഡികോക്സ അയാളുമായി ഹ്രസ്വമായ ഒരു സംഭാഷണം നടത്തി.അത് ഇപ്രകാരമായിരുന്നു:
ഡികോക്സാ: അപ്പോ അമ്മാവാ, ഇത്രനാളും എവിടെയായിരുന്നു?
ഉക്കുണ്ണി: ഞാന്‍ സിമ്യാങ്ങിലായിരുന്നു
ഡികോക്സാ: അതെവിടെയാ?
ഉക്കുണ്ണി: പ്രാന്‍ നദിയുടെ തീരത്തുള്ള പുരാതനമായൊരു പട്ടണമാണത്
ഡികോക്സ:(അങ്ങനയൊരു നദിയെക്കുറിച്ച് തനിക്ക് കേട്ടറിവ് പോലുമില്ലെന്ന കാര്യം അല്പവും പ്രകടമാക്കാതെ) ഓഹോ,പ്രാന്‍നദിയുടെ തീരത്ത്?എങ്ങനെയായിരുന്നു അവിടത്തെ ജീവിതം?എന്തായിരുന്നു ജോലി?
ഉക്കുണ്ണി: അങ്ങനെ പ്രത്യേകിച്ച് ഒരു ജോലി മാത്രമായിട്ടൊന്നും ഉണ്ടായിരുന്നില്ല
കുറച്ചുകാലം ഒരു ഹോട്ടലിലായിരുന്നു.പിന്നെ റെയില്‍വേയില്‍ സ്റേഷന്‍ മാസ്റര്‍,പിന്നെ ഒരു ട്രക്ഡ്രൈവര്‍,അതു കഴിഞ്ഞ് കുറച്ചുകാലം ഞാന്‍ സിമ്യാങ്ങില്‍ മേയറായിരുന്നു.പിന്നെ സിമ്യാങ്ങ് ജനറല്‍ ഹോസ്പിറ്റലിലെ സ്വീപ്പറായി.
ഡികോക്സ:അതത്ഭുതമാണല്ലോ? മേയറായതിനുശേഷം സ്വീപ്പറാവുകയോ?
ഉക്കുണ്ണി:സിമ്യാങ്ങില്‍ അതൊക്കെ സാധാരണമാണ്.നമുക്ക് ചെയ്യാന്‍ പറ്റുന്ന ഏത് ജോലിയും ചെയ്യാം.എല്ലാറ്റിനും ഒരേ മാന്യതയാണ്
ഡികോക്സ:ശമ്പളം?
ഉക്കുണ്ണി: എല്ലാ ജോലിക്കും തുല്യശമ്പളമാണ്
ഡികോക്സ:ആരോഗ്യം,വിദ്യാഭ്യാസം ഇവയ്ക്കൊക്കെ വലിയ ചെലവ് വരുമോ?
ഉക്കുണ്ണി: ഇല്ല,ചികിത്സ ഫ്രീയാണ്.വിദ്യാഭ്യാസത്തിനും ഒന്നും ചെലവാക്കണ്ട
ഡികോക്സ: ചെലവുള്ള എന്തെങ്കിലും പരിപാടിയുണ്ടോ?
ഉക്കുണ്ണി:നാടകം,ചിത്രപ്രദര്‍ശനം,സിനിമ ഇതിനൊക്കെ പോകാന്‍ നല്ല ചെലവ് വരും.പുസ്തകങ്ങള്‍ക്കും നല്ല വെലയാണ്.സംഗീതപരിപാടികള്‍ക്കും വലിയ ടിക്കറ്റാണ്
ഡികോക്സ: അപ്പോ കലാകാര•ാരൊക്കെ വലിയ കാശുകാരായിരിക്കും അല്ലേ?
ഉക്കുണ്ണി:ഹേയ്,പണക്കാരനായിരിക്കുക എന്നു പറഞ്ഞാല്‍ വലിയ നാണക്കേടാണവിടെ.കണക്കിലധികം കാശ് ആരും കയ്യില് വെക്കില്ല.ഗവണ്‍മെന്റിന്റെ ഏതെങ്കിലും വകുപ്പിന് അത് അപ്പോള്‍ തന്നെ സംഭാവനയായി നല്‍കും.
ഡികോക്സ: ഒരാള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കിലോ?
ഉക്കുണ്ണി: ആരും അങ്ങനെ ചെയ്യാതിരിക്കില്ല
ഡികോക്സ: കുടുംബം,ലൈംഗികത ഈ വക കാര്യങ്ങളൊക്കെ എങ്ങനെയാണ്?
ഉക്കുണ്ണി:കുടുംബം വേണ്ടുന്നവര്‍ക്ക് കുടുംബമായി ജീവിക്കാം.വേണ്ടെങ്കില്‍ വേണ്ട
ഡികോക്സ: കുട്ടികളുടെ കാര്യം?
ഉക്കുണ്ണി:കുട്ടികളാണ് ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നവര്‍.പതിനഞ്ച് വയസ്സ് വരെ അവര്‍ സമൂഹത്തിന്റെ പൊതുസ്വത്താണ്
ഡികോക്സ: ലൈംഗിക സ്വാതന്ത്യ്രം?
ഉക്കുണ്ണി:സമ്പൂര്‍ണ ലൈംഗികസ്വാതന്ത്യ്രമാണ്.എനിക്ക് പതിനേഴ് കാമുകിമാരുണ്ടായിരുന്നു
ഡികോക്സ: ആളുകള്‍ മദ്യപിക്കുമോ?
ഉക്കുണ്ണി: മദ്യപിക്കേണ്ടവര്‍ക്ക് മദ്യപിക്കാം.ചായ കുടി പോലെയേ ഉള്ളൂ അത്.മദ്യപിക്കുന്നത് വലിയ ഒരു കാര്യമായിട്ട് ആരും ഭാവിക്കില്ല.മദ്യപിച്ച് ബഹളം വെച്ച് നാണം കെടാന്‍ ആരും തയ്യാറാവില്ല
ഡികോക്സ:സിമ്യാങ്ങിലെ ഭാഷ എന്താണ്?
ഉക്കുണ്ണി: ;ചിര്‍പ് ഭാഷ എന്നു പറയും.അത് ആര്‍ക്കും ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാം
ഡികോക്സ: സിമ്യാങ് എന്ന പേരിന്റെ അര്‍ത്ഥമെന്താണ്?
ഉക്കുണ്ണി: സ്വപ്നത്തിന്റെ താവളം
ഡികോക്സ: ഇത്രയും നല്ലൊരു നാട് വിട്ടിട്ട് ഈ വയസ്സുകാലത്ത് ഇങ്ങോട്ട് വന്നെതെന്തിനാ?
ഉക്കുണ്ണി:എത്ര മോശമായാലും സ്വന്തം നാട്ടില്‍ കിടന്ന് മരിക്കണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുക?
ഉക്കുണ്ണി പല്ലില്ലാത്ത നൊണ്ണ് കാട്ടി മനോഹരമായൊരു ചിരി ചിരിച്ചു.
5-7-94
40
നല്ല സ്വബോധത്തോടെ, ഓരോ വാക്കിന്റെയും അര്‍ത്ഥം ഇന്നതാണെന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇന്നതാണെന്നും കൃത്യമായി ഉള്ളിലുറപ്പിച്ച് എഴുതിയ കവിതകളില്‍ ചിലത് കുറേ കഴിഞ്ഞ് വായിച്ചുനോക്കുമ്പോള്‍ എനിക്കു തന്നെ ഒരെത്തും പിടിയും കിട്ടില്ല.ചിലതിനെ കുറിച്ച് അത്ര വ്യക്തമല്ലാത്ത ചില സംഗതികള്‍ ഭാഗികമായി തെളിഞ്ഞുകിട്ടി എന്നുവരും.കാഴ്ച തീരെ മങ്ങിപ്പോയ ഒരാളുടെ കാഴ്ച പോലിരിക്കും അത്.അത്തരം കവിതകളും കഥകളുമൊന്നും പ്രസിദ്ധീകരണത്തിന് അയക്കാറില്ല.വായനക്കാരോട് തെറ്റ് ചെയ്യുന്നതു പോലൊരു തോന്നല്‍ വരും.ഈ കുറിപ്പുകളെ പക്ഷേ വ്യത്യസ്തമായ ഒരു ഇടമായാണ് സങ്കല്പിച്ചിട്ടുള്ളത്.അതുകൊണ്ടാണ് ഈ കവിതകള്‍ ഇവിടെ ഇങ്ങനെ ധൈര്യപൂര്‍വം പ്രദര്‍ശിപ്പിക്കുന്നത്.
1.
ഏകാന്തത
എനിക്ക് എന്നെ പിടികിട്ടില്ലെന്നതിനാലാവാം
ഞാന്‍ നിങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു
വാച്ചിന്റെ വലിയ സൂചിയിലേറി ഒരുപാട്നേരം ഞാന്‍ സഞ്ചരിച്ചു
അവിടെ ഇരുന്നാല്‍ സമയം അറിയില്ലെന്ന് പിന്നീടാണ് ഓര്‍ത്തത്
നിങ്ങളില്‍ നിന്ന് എന്നിലേക്ക്
തിരിയെ എത്തുമ്പോള്‍ പക്ഷേ
ഞാന്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു
മുമ്പ് ഞാന്‍ ഇരുന്നിടത്ത്
ഏകാന്തതയുടെ കടല്‍ കിടന്ന് തിളക്കുന്നത് കണ്ടു.
2.
മീന്‍
കടലിലായിരുന്നു ആദ്യം
ആര്‍ത്തലയ്ക്കുന്ന തിരമാലകളുടെ ആവേശം
അടിത്തട്ടില്‍ പവിഴപ്പുറ്റുകളുടെ പ്രശാന്തമൌനം
മുത്തുകളെ പോറ്റുന്ന ചിപ്പികള്‍
ശാന്തഗംഭീരമായ അനക്കങ്ങള്‍
അറിയാതെ അറിയാതെ
പുഴയിലേക്കെത്തി
തിരകള്‍ ചിറ്റോളങ്ങളാവുന്നതും
ആഴം കുറഞ്ഞുകുറഞ്ഞുവരുന്നതും അറിഞ്ഞില്ല
പിന്നെയും പിന്നെയും മുന്നോട്ടുപോയി
കൈത്തോട്ടിലേക്ക് കയറിയതും
ആരുടെയോ കൈപ്പിടിയിലൊതുങ്ങിയതും അറിഞ്ഞില്ല
കടല്‍മീനിനെ കുണ്ടുകുളത്തില്‍ നിന്ന് കിട്ടിയതിന്റെ
അത്ഭുതാരവങ്ങളും ആഘോഷത്തിമിര്‍പ്പുകളും
എനിക്കിപ്പോള്‍ കേള്‍ക്കാം.

Saturday, September 3, 2011

ഒരു സ്വ.ലേയുടെ ഓര്‍മ

കേരളത്തിലങ്ങളോളമിങ്ങോളം ഒരുപാട് സുഹൃത്തക്കളുണ്ടായിരുന്നു ചിന്തരവി എന്ന രവീന്ദ്രന്.എന്റെ തലമുറയിലെ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരില്‍ രവിയുമായി അടുത്ത സൌഹൃദം പുലര്‍ത്താത്തവരായി ആരുമേ ഉണ്ടാവില്ല.പക്ഷേ,ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടത് രണ്ടേ രണ്ടു പ്രാവശ്യമാണ്.സംസാരിച്ചതാണെങ്കില്‍ ഔപചാരികതയ്ക്ക് അപ്പുറം കടക്കാത്ത അഞ്ചോ ആറോ വാക്കുകള്‍ മാത്രവും.സത്യം ഇതായിരിക്കേ തന്നെ രവിയുമായി മറ്റൊരു തലത്തില്‍ വളരെ അടുത്ത് ബന്ധപ്പെട്ട ആളാണ് ഞാന്‍.തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു തന്നെ വളരെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്ന ബന്ധമാണ് അത്.മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രവി സ്വയം മുന്‍കയ്യെടുത്ത് ആരംഭിച്ച ആദ്യസംരംഭത്തിലെ പ്രധാനപ്പെട്ട പല കണ്ണികളില്‍ ഒന്നായിരുന്നു ഞാന്‍.അതിന്റെ കഥയിലേക്ക് കടക്കുംമുമ്പ് രവിയുമായുള്ള പരിചയത്തിന്റെ ആദ്യഘട്ടത്തെ കുറിച്ച് പറയാം.
അതിരാണിപ്പൂക്കള്‍
രവീന്ദ്രനുമായുള്ള എന്റെ പരിചയം ആരംഭിക്കുന്നത് ഒരു വായനക്കാരന്‍ എന്ന നിലക്കാണ്.രവിയുടെ ആദ്യപുസ്തകം അച്ചടിമഷി പുരണ്ടെത്തിയപ്പോള്‍ അതിനെ ആവേശപൂര്‍വം സ്വീകരിച്ച ആദ്യ വായനക്കാരില്‍ ഒരാളാണ് ഞാന്‍.അതിരാണിപ്പൂക്കള്‍ എന്നാണ് പുസ്തകത്തിന്റെ പേര്.സാഹിത്യപ്രവര്‍ത്തകസഹകരണസംഘം വര്‍ഷം തോറും സമ്മാനപ്പെട്ടി എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി പന്ത്രണ്ട് പുസ്തകങ്ങള്‍ ഒന്നിച്ച് പുറത്തിറക്കുന്ന പതിവുണ്ടായിരുന്നു പണ്ട്.1964ലെയോ 65ലെയോ സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങളില്‍ ഒന്നാണ് രവീന്ദ്രന്റെ \'അതിരാണിപ്പൂക്കള്‍\'.മറ്റ് ബാലസാഹിത്യകൃതികളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്.മായാവികളും അഭൌമജീവികളും മറ്റും പ്രത്യക്ഷപ്പെടുന്ന അത്ഭുത കഥ, യാഥാര്‍ത്ഥ്യപ്രതീതിയുണര്‍ത്തുന്ന ജീവിതസന്ദര്‍ഭങ്ങള്‍ ഉപയോഗിച്ചു തന്നെ ഏതെങ്കിലുമൊരു ഗുണപാഠം കുട്ടികള്‍ക്ക് നല്‍കുന്ന കഥ,അംഗവൈകല്യത്തെയോ സമാനമായ മറ്റ് പരാധീനതകളെയോ അതിജീവിച്ച് കുട്ടികള്‍ മുന്നേറുന്ന കഥ,മൃഗങ്ങളും പക്ഷികളുമൊക്കെയായി കുട്ടികള്‍ക്കോ പ്രായം ചെന്നെവര്‍ക്കോ ഉണ്ടാവുന്ന ഗാഢമായ സ്നേഹത്തിന്റെ കഥ ഇവയൊക്കെയാണ് സാധാരണയായി ബാലസാഹിത്യകൃതികളില്‍ ഇതിവൃത്തമായി വരാറുള്ളത്.അതിരാണിപ്പൂക്കള്‍ പക്ഷേ ഗ്രാണീണപ്രകൃതിയെ പശ്ചാത്തലത്തില്‍ നിര്‍ത്തി, ബാല്യം പിന്നിട്ടിട്ടില്ലാത്ത ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമിടയില്‍ വളരുന്ന പ്രണയത്തിന്റെ സ്പര്‍ശമുള്ള ഹൃദയബന്ധത്തിന്റെ കഥ പറയുന്ന ഒന്നാണ്. പ്രണയത്തെ അതായി തിരിച്ചറിയാനാവാത്ത പ്രായത്തിലാണ് അവര്‍ അന്യോന്യം അടുക്കുന്നത്.തീക്ഷ്ണവും വിശുദ്ധവുമായ ആ ഹൃദയബന്ധത്തിന്റെ ആനന്ദവും വേദനയുമെല്ലാം ബാലമനസ്സിനെ അഗാധമായി അനുഭവിപ്പിക്കാന്‍ പോന്നതായിരുന്നു രവീന്ദ്രന്റെ എഴുത്ത്.നാലരപ്പതിറ്റാണ്ടിനും മുമ്പത്തെ ഓര്‍മയില്‍ നിന്നാണ് അതിരാണിപ്പൂക്കളുടെ വായനാനുഭവത്തെ കുറിച്ച് ഇത്രയും എഴുതിയത്.ഈ കൃതി എഴുതിയ ആളുടെ പേര് രവീന്ദ്രന്‍ എന്നാണെന്ന് എന്നും ഓര്‍മയിലുണ്ടായിരുന്നെങ്കിലും അത് ചിന്തരവി തന്നെയാണ് എന്ന കാര്യം ഉറപ്പായത് പത്രത്തില്‍ അദ്ദേഹത്തിന്റെ ചരമക്കുറിപ്പ് വായിച്ചപ്പോള്‍ മാത്രമാണ്.എന്റെ ചെറിയ സുഹൃത്വലയത്തിലെ പലരോടും പലപ്പോഴായി ചോദിച്ചിരുന്നെങ്കിലും \'ചിന്തകന്‍\' തന്നെയാണ് ആ പുസ്തകമെഴുതിയത് എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് രവീന്ദ്രന്‍ അതെഴുതിയത്.മുതിര്‍ന്നപ്പോള്‍ തന്റെ ആദ്യചലച്ചിത്രത്തിന് ആധാരമായ\'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍\' പോലുള്ള ഏതാനും ചുവടുവെപ്പുകളേ കഥയുടെ വഴിയില്‍ ഈ എഴുത്തുകാരനില്‍ നിന്നുണ്ടായുള്ളൂ.പൊറ്റെക്കാട്ടിനു ശേഷം മലയാളം കണ്ട ഏറ്റവും വലിയ ഈ സഞ്ചാരി യാത്രാവിവരണങ്ങളിലും ടെലിവിഷനുവേണ്ടിയുളള സഞ്ചാരപരിപാടികളിലുമൊക്കെയായി കഥയെഴുത്തിനുള്ള തന്റെ കഴിവിനും ആസക്തിക്കും രൂപാന്തരം നല്‍കി.കേവലമായ വസ്തുതാവിവരണങ്ങളില്‍ നിന്നും അനുഭവവിവരണങ്ങളില്‍ നിന്നും വലിയ അകലം പാലിക്കുന്നവയും സവിശേഷമായ ഭാവനാനിര്‍മിതികളുടെ ഭാവാന്തരീക്ഷം പുലര്‍ത്തുന്നവയുമാണ് രവീന്ദ്രന്റെ സഞ്ചാരസാഹിത്യ രചനകള്‍.അവ അങ്ങനെയായിത്തീര്‍ന്നത് രവീന്ദ്രനിലെ സഞ്ചാരിയോടും സാസ്കാരികനിരീക്ഷകനോടുമൊപ്പം കഥാകാരനും സദാജാഗരൂകനായിരുന്നതുകൊണ്ടാണ്.
പരിയാരം ക്ഷയരോഗാശുപത്രിയില്‍
രവീന്ദ്രന്റെ ആദ്യത്തെ ശ്രദ്ധേയമായ മാധ്യമസംരംഭം ചെലവൂര്‍വേണുവുമായി ചേര്‍ന്നുള്ള \'സര്‍ച്ച്ലൈറ്റാ\'ണ്.ഏതാനും ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങി പ്രസിദ്ധീകരണം നിലച്ചുപോയ \'സര്‍ച്ച്ലൈറ്റി\'നു വേണ്ടി റിപ്പോര്‍ട്ടുകളും ഫീച്ചറുകളും രാഷ്ട്രീയനിരീക്ഷണങ്ങളും മറ്റുമായി ഞാന്‍ നാലഞ്ച് തവണ എഴുതിയിരുന്നു.പത്രപ്രവര്‍ത്തനത്തെ പറ്റി യാതൊന്നും അറിഞ്ഞുകടാത്ത വെറുമൊരു പയ്യനായിരുന്നു അന്ന് ഞാന്‍.അതുകൊണ്ടാണ് സര്‍ച്ച്ലൈറ്റിന്റെ ആദ്യ ലക്കം കണ്ടപ്പോള്‍ തന്നെ ഒരു റിപ്പോര്‍ട്ടെഴുതി താങ്കളുടെ വാരികയുടെ കണ്ണൂര്‍ലേഖകനാവാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് നേരെ പത്രാധിപര്‍ക്കയച്ചുകൊടുക്കാനുള്ള ധൈര്യം കിട്ടിയത്.ഉദാരമതിയായ പത്രാധിപര്‍ എന്നെ നേരില്‍ കാണാതെ തന്നെ എന്റെ അപേക്ഷ സ്വീകരിച്ച് പൂജ്യം രൂപ ശമ്പളത്തില്‍ എന്നെ ജില്ലാലേഖകനായി നിയമിക്കുകയും ചെയ്തു.അങ്ങനെ രവീന്ദ്രന്‍ എന്റെ പത്രാധിപരായി.
\'സര്‍ച്ച്ലൈറ്റി\'ല്‍ ഞാന്‍ എഴുതിയ ലേഖനങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് \'പരിയാരം ക്ഷയരോഗാശുപത്രിയില്‍\' എന്ന തലക്കെട്ടോടുകൂടിയതാണ്.ഇപ്പോഴത്തെ പരിയാരം മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്ന് ഒരു ക്ഷയരോഗാശുപത്രിയായിരുന്നു.ആദ്യകാലത്ത് വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നു അത്.ക്ഷയം പേടിപ്പെടുത്തുന്ന ഒരു രോഗമായിരുന്ന കാലത്ത് വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അവിടെ രോഗികള്‍ എത്തിയിരുന്നു.പരിയാരം ടി.ബി.സാനിറ്റോറിയത്തില്‍ പോവാന്‍ ഇവിടെ ഇറങ്ങുക എന്ന ബോര്‍ഡ് അന്ന് പഴയങ്ങാടി റെയില്‍വെസ്റേഷന്റെ പ്ളാറ്റ്ഫോമില്‍ ഉണ്ടായിരുന്നു.
നാടകപ്രവര്‍ത്തകനും ആദ്യകാലകമ്യൂണിസ്റുകാരില്‍ ഒരാളുമായിരുന്ന കെ.വി.കണ്ണേട്ട(നാടകകൃത്തായ സുരേഷ്ബാബു ശ്രീസ്ഥയുടെ അച്ഛന്‍)നോടൊപ്പമാണ് ഞാന്‍ ടി.ബി.സാനിറ്റോറിയത്തിലേക്ക് പോയത്.കണ്ണേട്ടന്‍ കുറച്ചുകാലം സാനിറ്റോറിയത്തില്‍ രോഗിയായി കിടന്നിരുന്നു.ആശുപത്രിജീവനക്കാരില്‍ പലരും അദ്ദേഹത്തിന്റെ അടുത്ത പരിചയക്കാരായിരുന്നത് വിവരങ്ങള്‍ ശേഖരിക്കുന്നതിന് വലിയ സൌകര്യമായിത്തീര്‍ന്നു.
ഞങ്ങള്‍ സാനിറ്റോറിയത്തില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു ഡോക്ടറേ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹം രാവിലെ വന്ന് രോഗികളെ പരിശോധിച്ച് സ്ഥലം വിടും.പിന്നെ ആശുപത്രി മിക്കവാറും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയിലാവും.ഇപ്പോള്‍ മെഡിക്കല്‍ കോളേജും ആയുര്‍വേദമെഡിക്കല്‍കോളേജും ആശുപത്രികളും മറ്റ് അനുബന്ധസ്ഥാപനങ്ങളുമൊക്കെ ഉള്ള സ്ഥലത്ത് അന്ന് സാനിറ്റോറിയം കഴിഞ്ഞാലുള്ള സ്ഥലം മുഴുവന്‍ കാടായിരുന്നു.നൂറ് കണക്കിന് കശുമാവുകളും കുറ്റിക്കാടുകളും വന്‍മരങ്ങളുമൊക്കെയുള്ള കാട്.രോഗികള്‍ ഈ കാട്ടിനകത്ത് കള്ളവാറ്റ് നടത്തും.കശുവണ്ടി പറിച്ച് വിറ്റുണ്ടാക്കുന്നതും ബന്ധുക്കളും മറ്റും കൊടുക്കുന്നതുമായ കാശുപയോഗിച്ച് മീന്‍വാങ്ങി പൊരിച്ച് കാട്ടിനകത്തിരുന്ന് ചാരായത്തിനൊപ്പം സമൃദ്ധമായി അടിക്കും.രാവിലെ ഡോക്ടര്‍ പരിശോധനക്ക് വരുന്ന സമയത്ത് മാത്രമേ അവരെ താന്താങ്ങളുടെ ബെഡ്ഡില്‍ കാണൂ.അല്ലാത്ത സമയം മുഴുവന്‍ അവര്‍ കാട്ടില്‍ ലീലാലോലുപരായി കഴിയും.എന്നാലും വല്ലാത്തൊരു വിഷാദവും ഏകാന്തതയും ആശുപത്രിയെ വലയം ചെയ്ത് നിന്നിരുന്നു.കയറിച്ചെല്ലുന്നിടത്തു തന്നെയുള്ള കറുത്ത ബോര്‍ഡില്‍ അത്യാസന്ന നിലയിലുള്ള രോഗികളുടെ പേര് വിവരം എഴുതി വെച്ചത് കണ്ണില്‍ പെടുന്ന നിമിഷം മുതല്‍ ആ വിഷാദം നമ്മെയും വലയും ചെയ്യും.\'സര്‍ച്ച് ലൈറ്റി\'ലെ എന്റെ റിപ്പോര്‍ട്ട് ഈ അനുഭവങ്ങളെല്ലാം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് നേരില്‍ കാണാതെ തന്നെ രവീന്ദന്‍ തന്റെ ആഴ്ചപ്പതിപ്പിന്റ സ്വ.ലേ ആയി എന്നെ നിയമിച്ചത്.പത്രപ്രവര്‍ത്തനത്തിന്റെ വഴി ഞാന്‍ തിരഞ്ഞെടുത്തില്ലെങ്കിലും എന്നിലെ പത്രപ്രവര്‍ത്തകനെ തിരിച്ചറിഞ്ഞ് അംഗീകരിച്ച ആ പത്രാധിപരുടെ,കുട്ടിക്കാലത്ത് ഒരു വായനക്കാരനെന്ന നിലക്ക് എന്നെ വളരെയേറെ ആഹ്ളാദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പിന്നീട് തന്റെ ബൌദ്ധികാന്വേഷണങ്ങളിലുടെയും സഞ്ചാരസാഹിത്യരചനകളിലൂടെയും മറ്റ് സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലൂടെയും എന്റെ തലമുറയെ ഉത്തേജിപ്പിക്കുകയും ചെയ്ത രവീന്ദ്രന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.
(ജനശക്തി)


Friday, August 19, 2011

മൃഗശാല

ഞാനൊരു തുറന്ന മൃഗശാലയായിത്തീര്‍ന്നതും
കാട്ടുപോത്തും കുറുനരിയും
പുലിയും പെരുമ്പാമ്പും ഇവിടെ
താന്താങ്ങളുടെ ഇടം കണ്ടെത്തിയതും
എന്റെ കുറ്റമല്ല
അറപ്പും വെറുപ്പും പ്രകടിപ്പിക്കാന്‍ മാത്രമായി
മാന്യമഹാജനങ്ങളേ,
നിങ്ങളീ മൃഗശാല കാണാന്‍ വരരുത്
ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്
എന്റെ സന്തോഷം നശിപ്പിക്കരുത്
എന്നെ നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍
ഒരു കൂടോത്രവും ചെയ്യരുത്
മൃഗങ്ങളുടെയും പക്ഷികളുടെയും
മഞ്ഞും വെയിലും നിലാവും
കാമവും വെറിയും വിശപ്പും
വേദനയും മരണവും എനിക്കന്യമാക്കരുത്.Wednesday, August 17, 2011

പന്തിഭോജനം

കവികള്‍ വിളിച്ച പന്തിഭോജനത്തിന് ചെന്ന ഗദ്യകാരന്‍
വഴിപോക്കനോട് പരാതിപറഞ്ഞു:
ഒരുപാട് നേരമായി, ഇപ്പോഴും പുറത്തു തന്നെ
പന്തിഭോജനമെന്നാല്‍ ഇതെന്താ
ബ്രാഹ്മണഭോജനം കഴിഞ്ഞുള്ള
തെണ്ടിസദ്യയാണോ?
"ഈ ഭോജനത്തിനു വന്നവന് പിന്നെ
മറ്റെന്ത് കിട്ടാനാ?"
വഴിപോക്കാന്‍ തന്റെ കാളയെയും തെളിച്ച്
ഒറ്റ പോക്കങ്ങ് പോയി.Tuesday, August 16, 2011

അവിശ്വാസികള്‍

1.
അവിശ്വാസിയാണ്
എങ്കിലും
കാലത്തെഴുന്നേറ്റ്
കുളിച്ച് ഈറനുടുത്ത്
'അമ്മേ നാരായണാ'യെന്ന്
അമ്പല നടക്കല്‍ കൈനീട്ടും
അന്നന്നത്തെ വകനേടുന്നത്
അങ്ങനെയാണ്
അതൊരുശീലമായിപ്പോയി
2.
അവിശ്വാസിയാണ്
എങ്കിലും ആപ്പീസിലും
കാന്റീനിലും
വായനശാലയിലുമൊക്കെ ഇരുന്ന്
'കോടിയേരി പറഞ്ഞത് ശരിയായില്ല
വി.എസ്സിനെ നിലയ്ക്കു നിര്‍ത്തിയേ പറ്റൂ
ചന്ദ്രന്‍പിള്ളയും ഐസക്കുമൊക്കെ കണക്കു തന്നെ
ആരുകളിച്ചാലും പിണറായി പാര്‍ട്ടി സ്ഥാനത്തുനിന്നിളകില്ല'
എന്നൊക്കെ പറഞ്ഞോണ്ടിരിക്കണം
ഇല്ലെങ്കിപ്പിന്നെ രാത്രി കെടന്നാ ഒറക്കം വരത്തില്ല
ഒരുശീലമായിപ്പോയി.


Saturday, August 13, 2011

ഒരിക്കല്‍ക്കൂടി ബോര്‍ഹസ്

ലോകമെമ്പാടുമുള്ള കവികളും കഥാകാരന്മാരും എഴുത്തില്‍ കൈവരിക്കാവുന്ന പൂര്‍ണതയുടെ പരമോന്നത മാതൃകകളായി ചൂണ്ടിക്കാണിക്കാറുള്ളവയാണ് ഗോര്‍ഗ് ലൂയി ബോര്‍ഹസിന്റെ രചനകള്‍.വെടിപ്പും കൃത്യതയുമാണ് ബോര്‍ഹസ്സിന്റെ കൃതികള്‍ രൂപതലത്തില്‍ അനുഭവവേദ്യമാക്കുന്ന പ്രാഥമികമായ പ്രത്യേകതകള്‍.അവ തീര്‍ച്ചയായും ഏതെഴുത്തുകാരെയും മോഹിപ്പിക്കുക തന്നെ ചെയ്യും.അദ്ദേഹത്തിന്റെ പ്രമേയങ്ങള്‍ പക്ഷേ പരിമിതമായ ഒരു വൃത്തത്തിനകത്ത് കുരുങ്ങിക്കിടക്കുന്നവയാണ്.അവയ്ക്കു തന്നെയും അത്ഭുതകരമായ മൌലികതയൊന്നും അവകാശപ്പെടാനുമാവില്ല.ജീവിതത്തിന്റെ സ്വപ്നാത്മകത,കാലത്തിന്റെ വര്‍ത്തുളത,അനശ്വരതയുടെ അര്‍ത്ഥം,കാലദേശാദികള്‍ ഭേദിച്ചുള്ള അനുഭവങ്ങളുടെ ആവര്‍ത്തനം,മൌലികതയുടെ മിഥ്യാപരത എന്നിങ്ങനെ അവ ഓരോന്നോരാന്നായി ചൂണ്ടിക്കാണിക്കാനാവും.ഇവയില്‍ ഒട്ടുമിക്കതും ബോര്‍ഹസ്സിന്റെ ഇഷ്ട എഴുത്തുകാരിലൊരാളായ സെര്‍വാന്റിസിന്റെ പ്രമേയങ്ങള്‍ തന്നെയാണ്.അവയില്‍ പലതും ബോര്‍ഹസ്സിനേക്കാള്‍ അല്പം മുമ്പേ കൂടുതല്‍ വൈകാരിക തീക്ഷ്ണതയോടും മാനുഷികതയുടേതായ ആര്‍ദ്രതയോടും കൂടി ഫെര്‍ണാണ്‍ഡോ പെസ്സാവോ എന്ന പോര്‍ത്തുഗീസ് എഴുത്തുകാരന്‍ ആവിഷ്ക്കരിച്ചിട്ടുള്ളതുമാണ്.
ബോര്‍ഹസ്സിന്റെ ഇഷ്ടവിഷയങ്ങള്‍ കേവലം സാഹിത്യവിഷയങ്ങളല്ലെന്നും അവ തത്വശാസ്ത്രം അതിന്റെ ആവിര്‍ഭാവഘട്ടം മുതല്‍ക്കേ ആഴത്തില്‍ പരിശോധിച്ചിട്ടുള്ളവയാണെന്നും ഇന്ത്യക്കാരെ പ്രത്യേകിച്ചാരും ബോധ്യപ്പെടുത്തേണ്ടതില്ല.അതിനപ്പുറത്തേക്ക് കടന്ന് ഈ ശാശ്വതമാനവികപ്രശ്നങ്ങളെ,അല്ലെങ്കില്‍ അസ്തിത്വസമസ്യകളെ പുതിയൊരു പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കാനൊന്നും ബോര്‍ഹസ്സിന് സാധിച്ചിട്ടില്ല.അദ്ദേഹം ചെയ്ത വ്യതിരിക്തമായ കാര്യം ഈ വിഷയങ്ങളുടെ സൌന്ദര്യാത്മകസാധ്യതകളെ അങ്ങേയറ്റത്തെ അവധാനതയോടെ,സമര്‍പ്പണബോധത്തോടെ അന്വേഷിച്ചു എന്നതാണ്.ഭൂമിയും സ്വര്‍ഗനരകങ്ങളും ചരിത്രമുഹൂര്‍ത്തങ്ങളും ഭാവാനാത്മകസന്ദര്‍ഭങ്ങളും മനുഷ്യരും കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യങ്ങളും സാധ്യതകളും സ്വതന്ത്രമായി കൂടിക്കലരുന്ന ആ ലോകത്തിന് ഉല്‍പാദിപ്പിക്കാനാവുന്ന സൌന്ദര്യാനുഭൂതികള്‍ അത്യധികം സാന്ദ്രമാണ്.ഭാവുകത്വത്തെ അതിനൂതനവും നിശിതവുമാക്കാന്‍ അത് നല്‍കുന്ന പ്രേരണകള്‍ അതിശക്തമാണ്.
ഒരുപാട് ചപലതകളും നിസ്സാരതകളും നിറഞ്ഞതാണ് ഓരോ മനുഷ്യജന് മവും.അവയെ മുഴുവന്‍ മാറ്റിനിര്‍ത്തിക്കൊണ്ട് സാഹിത്യരചനകളോ ഇതരമേഖലകളിലെ കലാനിര്‍മിതികളോ സുസാധ്യവുമല്ല.മാത്രവുമല്ല മനസ്സിനെ ആയാസരഹിതമാക്കാനും അതുവഴി ആനന്ദിക്കാനുമുള്ള വക ഏതാണ്ട് എല്ലാ മനുഷ്യരും കലയുടെ ലോകത്തു നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.ആവര്‍ത്തനം വഴിയോ അപാരമായ ബുദ്ധിശൂന്യത വഴിയോ അവ കേവലം വളിപ്പായി മാറുമ്പോഴാണ് അവയെ നാം വെറുത്തു പോകുന്നത്.അതല്ലെങ്കില്‍ അവയുടെ സാന്നിധ്യം സാധാരണക്കാര്‍ക്കും ബുദ്ധജീവികള്‍ക്കുമെല്ലാം ഒരു പോലെ സ്വീകാര്യമാവും.അതാണ് വാസ്തവം.ഷെയ്ക്സ്പിയര്‍നാടകങ്ങളിലെ കോമിക്റിലീഫിനുവേണ്ടിയുള്ള ചെറുദൃശ്യങ്ങള്‍ മുതല്‍ സര്‍ക്കസ്സിലെ കോമാളികളുടെ പ്രകടനങ്ങള്‍ വരെ ഈയൊരു വാസ്തവത്തിന് അടിവരയിടുന്നുണ്ട്.മനുഷ്യജീവിതത്തിലെ അനേകമനേകം ആശങ്കാകുലമായ നിമിഷങ്ങളെ അതിവിദഗ്ധമായി പ്രതീകവല്‍ക്കരിച്ചിരിക്കുന്ന അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ ആ പാവം കോമാളികളുടെ സാന്നിധ്യം കൂടി ഇല്ലെങ്കില്‍ ഒരു സര്‍ക്കസ്ഷോ ഉടനീളം കണ്ടിരിക്കാന്‍ എത്ര പേര്‍ക്ക് കഴിയും?
ബോര്‍ഹസ്സിന്റെ കഥകളോ കവിതകളോ അലസവായനയെ അല്പമായിപ്പോലും അനുവദിക്കുന്നവയല്ല.ചിരിക്കാനോ ജീവിതത്തിന്റെ പുറംകാഴ്ചകളില്‍ മനസ്സിനെ അലയാനോ അനുവദിക്കുന്ന സന്ദര്‍ഭങ്ങള്‍ അവയില്‍ ഇല്ല തന്നെ.ജീവിതത്തെ ദൈനംദിനവ്യവഹാരങ്ങളുടെ ചൂടും ചൂരും അഴുക്കും ആനന്ദവും സ്പര്‍ശിക്കാത്ത അവാസ്തിവകതയുടെ സ്പര്‍ശമുള്ള അഭൌമമായൊരിടത്തുവെച്ച് അഭിമുഖീകരിക്കുന്നതിന്റെ വൈചിത്യ്രപൂര്‍ണമായ അനുഭവമാണ് അവ നമുക്ക് നല്‍കുന്നത്.യാഥാര്‍ത്ഥ്യം സ്വപ്നത്തിന്റെ മറുപേരായിത്തീരുന്ന ആ ലോകം സാമൂഹ്യമാനമുള്ള ഏതെങ്കിലും പ്രശ്നത്തിന്റെ അവലോകനത്തിലേക്ക് നമ്മെ നയിക്കുകയില്ല.നമ്മുടെ വ്യക്തിഗതവേദനകളുടെ പകര്‍പ്പോ നിഴലുകളോ അവയില്‍ കണ്ടെത്താനുമാവില്ല.എങ്കിലും അവ ആധുനികകാലത്ത് ലോകസാഹിത്യത്തിലുണ്ടായ സര്‍വാദൃതമായ രചനകളുടെ ഗണത്തിലേക്കുയര്‍ന്നത് അവയുടെ ഘടനാപരമായ കണിശതയും പൂര്‍ണതയും വഴി നാളിതുവരെയുള്ള എല്ലാ സര്‍ഗാത്മകവ്യവഹാരങ്ങളെയും മനുഷ്യവംശം നിര്‍വഹിച്ച ഏറ്റവും ഗഹനമായ കര്‍മങ്ങളായി അംഗീകരിക്കാന്‍ വായനാസമൂഹത്തെ പ്രേരിപ്പിക്കുകയും ധൈഷണികതയെ വലിയൊരാനന്ദാനുഭവമായി ബോധ്യപ്പെടുത്തുകയും ചെയ്തത് വഴിയാണ്.സര്‍ഗാത്മകതയുടെ ഇത്തരം ഗിരിശൃംഗങ്ങളിലേക്കുള്ള യാത്രകള്‍ക്കിടയിലാണ് വായനക്ക് നല്‍കാനാവുന്ന അനന്യമായ സൌന്ദര്യാനുഭവത്തിന്റെ അപൂര്‍വതലങ്ങളില്‍ ചിലതിനെ നാം മുഖാമുഖം കാണുന്നത്.
(മാതൃകാന്വേഷി-ആഗസ്ത് 2011)


Tuesday, July 12, 2011

എല്ലാവരും കള്ളന്മാരായ നാട്ടില്‍

എല്ലാവരും കള്ളന്മാരായ നാട്ടില്‍ ആരും ആരെയും വിശ്വസിക്കില്ല.കേരളസമൂഹം രാഷ്ട്രീയമായി ഇപ്പോള്‍ ആ ഒരവസ്ഥയിലാണ്. ആശയങ്ങളും നിലപാടുകളും നല്‍കുന്ന സ്വാതന്ത്യ്രത്തെ ഉപേക്ഷിച്ച് വ്യക്തിഗതനേട്ടങ്ങളെ ലക്ഷ്യമാക്കിയുള്ള അടവുകളും തന്ത്രങ്ങളും ഉപായങ്ങളും പരിശീലിക്കലായിരിക്കുന്നു നമ്മുടെ ആദര്‍ശം.അവനവനെ തന്നെ തടവറയാക്കിക്കൊണ്ടുള്ള നിലനില്‍പായിരിക്കുന്നു ഇവിടത്തെ നാട്ടുനടപ്പ്.ഒരു ജനത എന്ന നിലയില്‍ നാം ഇങ്ങനെയായിത്തീര്‍ന്നത് ഏതൊക്കെ വഴികളിലൂടെയാണെന്ന അന്വേഷണത്തില്‍ 99.9 ശതമാനം ആളുകള്‍ക്കും യാതൊരു താല്പര്യവുമുണ്ടാവില്ല.ഒരു ശരാശരി മലയാളിയുടെ അന്നന്നത്തെ ജീവിതാവശ്യങ്ങള്‍(ബഹുഭൂരിപക്ഷം പുരുഷ•ാരുടെയും കാര്യത്തില്‍ ഇതില്‍ മദ്യവും ഉള്‍പ്പെടും) തൃപ്തികരമായി നിറവേറ്റാനുള്ള പണം എങ്ങനെയെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള വെപ്രാളത്തിലാണ് ജനങ്ങളില്‍ വലിയൊരു വിഭാഗവും.അവശേഷിക്കുന്നവരില്‍ ഒരു വിഭാഗം അടുത്ത തലമുറയുടെ ഭാവി സുശോഭനമാക്കുന്നതിനുള്ള നീക്കങ്ങളിലും നിക്ഷേപങ്ങളിലും സായൂജ്യമടയുന്നു.പിന്നെയുള്ളവര്‍ പണം കൊണ്ടുള്ള നാനാതരം അഭ്യാസങ്ങള്‍ക്കും ശരീരത്തിന്റെ ആഘോഷങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ജീവിതം എന്ന തീര്‍പ്പില്‍ പറന്നുനടക്കുന്നു.ഇപ്പറഞ്ഞവര്‍ ആരും തന്നെ സമൂഹത്തിന് എന്തെങ്കിലും സംഭവിക്കുന്നതിനെ കുറിച്ചോ തങ്ങളുടെ ആന്തരികജീവിതത്തിന് എന്തെങ്കിലും നഷ്ടമാവുന്നതിനെ കുറിച്ചോ വേവലാതിപ്പെടുന്നവരല്ല. അത്തരത്തിലുള്ള വിചാരങ്ങളെത്തന്നെ മനസ്സിനു സംഭവിക്കുന്ന താളപ്പിഴയുടെ ലക്ഷണമായേ അവര്‍ക്ക് മനസ്സിലാക്കാനാവൂ.
പ്രായോഗികത മുഖ്യപരിഗണനയായി വരുന്ന സമൂഹത്തില്‍ ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം അരക്ഷിതമായിത്തീരും.സ്വാതന്ത്രാനന്തര ഘട്ടത്തില്‍ പതുക്കെപ്പതുക്കെ ആ ഒരവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നത്.ഇന്ത്യയില്‍ എല്ലായിടത്തും സാമൂഹ്യപരിണാമത്തിന്റെ ദിശ ഇതുതന്നെയാണ്.അഴിമതി രാജ്യത്തെവിടെയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പര്യായമായിത്തീര്‍ന്നത് അതുകൊണ്ടാണ്.
രാഷ്ട്രീയകക്ഷികള്‍ പൊതു സമൂഹത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായി നിലകൊള്ളുകയും ജനങ്ങള്‍ പൊതുവേ അവരെ ഭയപ്പെടുകയും പല ആവശ്യങ്ങള്‍ക്കും അവരെ ആശ്രയിക്കുകയും ചെയ്യുന്ന പ്രദേശമാണ് കേരളം.അധികാരം പ്രയോഗിക്കുന്നതിലും നാനാ തരത്തിലുള്ള സാമ്പത്തികവ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട് കൊഴുക്കുന്നതിലുമല്ലാതെ ജനതയെ ദര്‍ശനത്തിന്റെയും സംസ്കാരത്തിന്റെയും തലത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അണുമാത്രമായ താല്പര്യം പോലും ഇല്ലാത്തവരാണ് രാഷ്ട്രീയകക്ഷികള്‍.ജാതിയുടെ താത്വികാടിത്തറ നവോത്ഥാനപ്രസ്ഥാനങ്ങളൂടെയും ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെയും യുക്തിവാദപ്രസ്ഥാനത്തിന്റെയുമെല്ലാം പ്രവര്‍ത്തനഫലമായി സമൂഹമനസ്സില്‍ അരക്ഷിതമായിത്തീര്‍ന്ന കേരളത്തില്‍ കക്ഷിരാഷ്ട്രീയം പുതിയൊരു ജാതിവ്യവസ്ഥ പോലെ ശക്തിപ്പെട്ട് സാമൂഹ്യജീവിതത്തിലെ പ്രബലഘടകമായിത്തീരുകയാണുണ്ടായത്.അര നൂറ്റാണ്ടിലധികം കാലമായി ആ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു.രാഷ്ട്രീയ കക്ഷികള്‍ അവരുടെ,പലപ്പോഴും അവരുടെ നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ, താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പാകം ചെയ്തെടുക്കുന്ന ജീവിതധാരണകളും നിലപാടുകളുമാണ് മലയാളികളുടെ മുഖ്യമായ ആശയാഹാരം.അതല്ലാതെ സ്വന്തമായി എന്തെങ്കിലുമൊന്ന് ഉണ്ടാക്കിക്കഴിക്കുന്ന ശീലം അവരുടെ ആന്തരികജീവിതത്തിന് മിക്കവാറും അന്യമാണ്.എഴുത്തുകാര്‍ക്കും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യക്തികളെന്ന നിലയില്‍ സ്വന്തം രചനകളിലൂടെ തന്നെ ഈ അടിമത്വത്തില്‍ നിന്ന് വലിയൊരു പരിധി വരെ രക്ഷപ്പെടാം.പക്ഷേ,പൊതുസമൂഹം രക്ഷപ്പെടണമെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള ആശയസംഘര്‍ഷങ്ങള്‍ രൂപം കൊള്ളണം.മുസ്ളീംലീഗ് ഉള്‍പ്പെടെ കേരളത്തിലെ എല്ലാ മുഖ്യരാഷ്ട്രീയപ്പാര്‍ട്ടികളിലും നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവുകള്‍ ഉണ്ടാവണം.ഐകകണ്ഠ്യേന എന്ന് പാര്‍ട്ടി കൈക്കൊള്ളുന്ന ഒരു തീരുമാനത്തെ കുറിച്ചും പറയാന്‍ പറ്റാത്ത അവസ്ഥ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഉണ്ടാവണം.ആശയങ്ങളും നിലപാടുകളും തമ്മിലുള്ള മത്സരത്തെ അസാധ്യമാക്കുന്ന അധികാരക്കുത്തകകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കും ആവശ്യമില്ല.അവ അശ്ളീലമാണ്.
(മാതൃകാന്വേഷി ജൂലൈ 2011)

Sunday, July 10, 2011

അബുവിന്റെ ലോകം

'ആദാമിന്റെ മകന്‍ അബു' ഹൃദയസ്പര്‍ശിയായ ഒരു ചലച്ചിത്രമാണ്.സിനിമാനിരൂപണത്തിന്റെ പതിവ്ഭാഷയ്ക്ക് പഴഞ്ചനായി തോന്നാവുന്ന ഒന്നാണ് 'ഹൃദയസ്പര്‍ശി' എന്ന വിശേഷണം.പക്ഷേ,ഈ ചിത്രത്തെ കുറിച്ചുള്ള ഏതാലോചനയും ആ ഒരു ഗുണത്തെ അംഗീകരിച്ചും ആദരിച്ചും കൊണ്ടു മാത്രമേ ആരംഭിക്കാനാവൂ.സിനിമയുടെ മികവിന്റെ മാനദണ്ഡങ്ങളായി സാമ്പ്രദായിക ചലച്ചിത്ര പണ്ഡിതന്മാര്‍ പറഞ്ഞു പോരുന്ന കാര്യങ്ങളെ അവഗണിച്ചു തന്നെ വേണം 'ആദാമിന്റെ മകനെ' സമീപിക്കാന്‍.2010 ല്‍ ഏറ്റവും നല്ല ചിത്രം,ഏറ്റവും നല്ല നടന്‍,ഏറ്റവും നല്ല സിനിമാടാഗ്രോഫി,ഏറ്റവും നല്ല പശ്ചാത്തലസംഗീതം എന്നീ ഇനങ്ങളില്‍ ദേശീയതലത്തില്‍ അഗീകാരം നേടിയ 'ആദാമിന്റെ മകന്‍' ഒരു സംവിധായകന്റെ ആദ്യസിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.അത്രയും വ്യത്യസ്തവും ശക്തവുമാണ് ഈ ചിത്രം നല്‍കുന്ന ദൃശ്യാനുഭവം.
പുതിയ ലോകവ്യവസ്ഥയുടെ മുഖമുദ്രയായ കേവലവ്യാപാരപരതയാല്‍ ആക്രമിക്കപ്പെടുന്നതിനു മുമ്പുള്ള ഗ്രാമീണകേരളത്തിലെ ജനമനസ്സിന്റെ സ്പന്ദങ്ങള്‍ അതേ പടി നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തില്‍ പ്രകൃതിയുമായുള്ള മനുഷ്യബന്ധത്തിന്റെയും സാധാരണമനുഷ്യരുടെ ദൈനംദിനജീവിതവ്യവഹാരങ്ങളുടെയും ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്.അതിന്റെ ഭംഗിയും വിശുദ്ധിയും ഏറ്റുവാങ്ങാന്‍ വിദേശചിത്രങ്ങളുമായുള്ള പരിചയത്തില്‍ നിന്ന് രൂപപ്പെടുത്തിയ ചലച്ചിത്രധാരണകള്‍ മാത്രം പോരാ.പശുവും പ്ളാവും സഹജീവികളായ മനുഷ്യരുമെല്ലാമായുള്ള ബന്ധം ഏറ്റവും സംഘര്‍ഷരഹിതമായി നിലനിര്‍ത്തുന്ന വൃദ്ധദമ്പതിമാരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ അബൂക്കയും ഭാര്യ ഐശുവും.തങ്ങളുടെ വ്യക്തിത്വത്തിലെ സാരള്യമാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്.നന്മ നിറഞ്ഞ ഈ മനുഷ്യജീവികള്‍ ആരുമായൊക്കെ ബന്ധപ്പെടുന്നോ അവരില്‍ മഹാഭൂരിപക്ഷവും അവരെപ്പോലെ തന്നെ നന്മയുറ്റവരായിത്തീരുന്നു.
സാമൂഹ്യജീവിതത്തിലെ ഒരുപാട് വൈരുദ്ധ്യങ്ങളെ വകഞ്ഞുമാറ്റിയാണ് സലീം അഹമ്മദ് തന്റെ കഥാപാത്രങ്ങള്‍ക്കു ചുറ്റും നന്മയുടെ ഒരു ലോകം പണിതിരിക്കുന്നത്.
അബൂക്കയുടെ മകനാണ് ചിത്രത്തില്‍ ദുഷ്ടകഥാപാത്രത്തിന്റെ സ്ഥാനത്തുള്ളത്.വൃദ്ധരായ ഉമ്മയെയും ബാപ്പയെയും ശ്രദ്ധിക്കാതെ അയാള്‍ ഗള്‍ഫില്‍ ഭാര്യയും മക്കളുമായി സസുഖം കഴിയുന്നു.ചിത്രത്തില്‍ അയാള്‍ക്ക് മുഖം കാണിക്കാനുള്ള ഒരവസരം പോലും തിരക്കഥാകാരന്‍ നല്‍കിയിട്ടില്ല.'ആദാമിന്റെ മകനി'ല്‍ തിന്മയുടെ നിഴല്‍വീണിരിക്കുന്ന മറ്റ് കഥാപാത്രങ്ങള്‍ ചായക്കടയിലിരുന്ന് നേരംകൊല്ലി വര്‍ത്താമാനം പറയുന്ന ഒന്നുരണ്ട് നിസ്സാരന്മാരാണ്.അബൂക്കയില്‍ നിന്ന് കൈക്കൂലി പറ്റുന്ന പോലീസുകാരനോ പോസ്റ്മാഷോ ഒന്നും ചീത്തമനുഷ്യരാണെന്ന തോന്നല്‍ തിരക്കഥാകൃത്തോ സംവിധായകനോ ഉണ്ടാക്കുന്നില്ല.
ഏറെക്കുറെ എല്ലാവരും നന്മയുടെ നിറകുടങ്ങളായിരിക്കുന്ന ലോകത്താണ് അബൂക്ക ജീവിക്കുന്നത്.ഹജ്ജ് കര്‍മം നിര്‍വഹിക്കുക എന്ന അയാളുടെ ഒരേയൊരു മോഹം നിറവേറ്റപ്പെടാതെ പോവുന്നത് ആരെങ്കിലും അയാളെ വഞ്ചിച്ചതുകൊണ്ടല്ല.ഹജ്ജിനുപോകാനുള്ള പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മതപരമായ നിബന്ധനകള്‍ പാലിക്കുന്നതില്‍ അബൂക്ക പുലര്‍ത്തുന്ന നിഷ്ഠയും സത്യസന്ധതയുമാണ് ആ മോഹത്തിന്റെ സാക്ഷാത്ക്കാരത്തിന് തടസ്സം നില്‍ക്കുന്നത്.അതുകൊണ്ടു തന്നെ അബൂക്കക്ക് തന്റെ വിശ്വാസം നല്‍കുന്ന മന:സുഖം തുടര്‍ന്നും അനുഭവിക്കാം.താന്‍ ചെയ്തുപോയ തെറ്റായി അയാള്‍ക്ക് സങ്കല്പിക്കാനാവുന്ന ഒരേയൊരു കാര്യം പ്ളാവ് മുറിച്ചുവിറ്റതാണ്.കാര്യസാധ്യത്തിനു വേണ്ടി മറ്റൊരു ജീവനുമേല്‍ താന്‍ കൈവെച്ചു എന്ന കുറ്റബോധം പെരുന്നാള്‍ ദിവസം രാവിലെ തന്നെ ഒരു പ്ളാവിന്‍ തൈ നടുക എന്ന സല്‍ക്കര്‍മത്തില്‍ അയാളെ കൊണ്ടുചെന്നെത്തിക്കുന്നു.അങ്ങനെ പരാജയത്തിലും അബൂക്ക ദൈവസമക്ഷം വിജയിയും നീതിമാനും വിശ്വസ്തനുമായി തുടരുന്നു.
അബൂക്കയെ പോലെ പാവവും പരിശുദ്ധനുമായ ഒരു മനുഷ്യന്‍,അയാളെ സഹായിക്കാന്‍ സദാ സന്നദ്ധരായിരിക്കുന്ന നല്ലവരായ മറ്റ് മനുഷ്യര്‍ ഇവര്‍ മാത്രം അടങ്ങുന്നതല്ല അബൂക്ക ജീവിക്കുന്ന ലോകം എന്ന് സലീം അഹമ്മദിന് നന്നായി അറിയാം.ഉസ്താദിന്റെ മയ്യത്തുമായി ലോകത്തിന്റെ നെറുകയിലൂടെയെന്ന പോലെ ഓടുന്ന ആര്‍ത്തി പിടിച്ച ഒരു പറ്റം മനുഷ്യരുടെ ഉള്ളുലയ്ക്കുന്ന ദൃശ്യത്തിലൂടെ അദ്ദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്.
ഇടവേളക്ക് ശേഷം ആ ഓട്ടത്തിന്റെ തുടര്‍ച്ചയായുള്ള സംഘര്‍ഷത്തിലും അതിന്റെ പരിണാമങ്ങളിലും ഊന്നാനുള്ള സ്വാതന്ത്യ്രം ഉപേക്ഷിച്ചതുകൊണ്ടും തന്റെ ജീവിതാഭിലാഷത്തിന്റെ സാക്ഷാത്കാരം എന്ന അബൂക്കയുടെ ഏകലക്ഷ്യത്തിന് പുറത്തേക്ക് മറ്റൊരു വഴിയിലൂടെയും കഥയെ സഞ്ചരിക്കാന്‍ അനുവദിക്കാതിരുന്നതുകൊണ്ടും സംവിധായകന് തന്റെ കഥാവസ്തുവിനുമേല്‍ പൂര്‍ണമായ നിയന്ത്രണവും കയ്യൊതുക്കവും കൈവന്നു.അബൂക്ക ജീവിക്കുന്ന ഗ്രാമത്തിലെ ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും അതിനു വേണ്ടി അദ്ദേഹം മറച്ചുപിടിച്ചിരിക്കുന്നു എന്നത് സത്യമാണ്.തനിക്ക് പറയാനുള്ള കഥയ്ക്ക് അവയുടെയൊന്നും ആവിഷ്ക്കാരം ആവശ്യമില്ലെന്ന് അദ്ദേഹത്തിന് പറയാം.അത്തരമൊരു ന്യായീകരണത്തിന് എത്രത്തോളം സാധുതയുണ്ട് എന്നതിനെപ്പറ്റി തീര്‍ച്ചയായും വിപരീതാഭിപ്രായങ്ങളുണ്ടാവും.പക്ഷേ, മതവൈരം ബോധപൂര്‍വം വളര്‍ത്തിയെടുത്തു കൊണ്ടുവരപ്പെടുകയും മറ്റെല്ലാ മൂല്യങ്ങള്‍ക്കും മേല്‍ അധികാരവും സമ്പത്തും പ്രതിഷ്ഠിക്കപ്പെടുന്നതിനെ സര്‍വരാഷ്ട്രീയകക്ഷികളും പിന്‍തുണച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക കേരളീയസാഹചര്യത്തില്‍ മതാതീതമായ മനുഷ്യസ്നേഹത്തിന്റെയും മറ്റ് മഹോന്നത മൂല്യങ്ങളുടെയും സാന്നിധ്യം വഴി ജീവിതത്തിന് കൈവരുന്ന യഥാര്‍ത്ഥമായ ഗരിമയും സൌന്ദര്യവും ചൂണ്ടിക്കാണിക്കുക എന്ന വലിയ ദൌത്യം നിര്‍വഹിക്കാന്‍ ആ തമസ്കരണങ്ങള്‍ തന്നെയാണ് ചിത്രത്തെ സഹായിച്ചത്.സ്വാനുഭവങ്ങളില്‍ നിന്നും അന്യജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും തന്റെ കലാസൃഷ്ടിക്ക് ആവശ്യമായതു മാത്രമേ ഒരു കലാകാരന്‍/കലാകാരി തിരഞ്ഞെടുക്കേണ്ടതുള്ളൂ.സലീം അഹമ്മദ് 'ആദാമിന്റെ മകനി'ല്‍ ആ തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.കേരളത്തിലെ ഗ്രാണീണജീവിതത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതും ചില ചരിത്രഘട്ടങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കപ്പെട്ടതുമായ ഹിന്ദുമുസ്ളീം മൈത്രിയുടെയും ഉയര്‍ന്ന മാനവികതാ ബോധത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന് വഴങ്ങാത്ത ആത്മീയതയുടെയും സ്വാച്ഛന്ദ്യത്തിലേക്കാണ് ഈ ചലച്ചിത്രം പ്രേക്ഷകരെ ഉണര്‍ത്തുന്നത്.കേരളത്തിന്റെ പൊതുമനസ്സ് കലാവിരുദ്ധമായ നാനാവ്യഗ്രതകളാല്‍ ശിഥിലമാവുകയും ഭാവുകത്വപരിണാമം വിപണിസൌഹൃദം പുലര്‍ത്തുന്ന താല്‍ക്കാലിതകളുടെ ആഘോഷത്തിന് തികച്ചും അനുകൂലമായി തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 'ആദാമിന്റെ മകന്‍ അബു' നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.വിശദാംശങ്ങളിലേക്ക് പ്രവേശിച്ച് വാദിക്കാനും എതിര്‍വാദമുയര്‍ത്താനും നമ്മെ അനുവദിക്കാത്ത ചില കലാസൃഷ്ടികളുണ്ട്.ഒരു ചരിത്രഘട്ടത്തില്‍ ഒരു ജനത ആന്തരികമായി അനുഭവിക്കുന്ന ഏറ്റവും വലിയ ഇല്ലായ്മയ്ക്കെതിരെ ആദര്‍ശാത്മകമായ മനുഷ്യബന്ധങ്ങളുടെ ലോകം വിഭാവനം ചെയ്തുയര്‍ത്തിക്കാട്ടിയാണ് അവ ആ ഒരു പദവിയില്‍ എത്തുന്നത്.സലീം അഹമ്മദിന്റെ കന്നിച്ചിത്രം അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്.ഈ ജനുസ്സില്‍ പെടുന്ന ഒരു ചിത്രത്തിനു വേണ്ടി കേരളം കാത്തിരിക്കുകയായിരുന്നോ എന്ന് കാല്പനികാവേശത്തോടെ ചിന്തിച്ചുപോവാന്‍ മാത്രം മനോഹരമായിരിക്കുന്നു 'ആദാമിന്റെ മകന്‍.'
(ജനശക്തി 2011 ജൂലൈ 9-15)

Wednesday, July 6, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

35
പിണ്ടാണി എന്‍.ബി.പിള്ള എന്ന ബാലസാഹിത്യകാരനെ ഇപ്പോള്‍ വളരെ കുറച്ചാളുകള്‍ മാത്രമേ ഓര്‍മിക്കുന്നുണ്ടാവൂ.കുട്ടിക്കവിതകളാണ് അദ്ദേഹം എഴുതിയിരുന്നത്.ഒരു കാലത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വര്‍ഷം തോറും സമ്മാനപ്പെട്ടി എന്ന പേരില്‍ പന്ത്രണ്ട് ബാലസാഹിത്യകൃതികള്‍ ഒന്നിച്ച് പുറത്തിറക്കിയിരുന്നു.വെങ്ങര കസ്തൂര്‍ബാ സ്മാരകവായനശാലയില്‍ നിന്ന് ഒന്നോ രണ്ടോ സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങള്‍ അവ പുറത്തിറങ്ങി അധികം വൈകാതെ കാണാന്‍ കഴിഞ്ഞത് എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രകാശപൂര്‍ണമായ ഓര്‍മയാണ്. ആ പുസ്തകങ്ങളുടെ മണം,അവയുടെ തൂവെള്ളക്കടലാസ്,മനോഹരമായ ചിത്രങ്ങള്‍ ഒന്നും മനസ്സില്‍ നിന്ന് മാഞ്ഞുപോവില്ല.പി.നരേന്ദ്രനാഥിന്റെ അന്ധഗായകന്‍,രവീന്ദ്രന്റെ അതിരാണിപ്പൂക്കള്‍,എം.എ.ജോസഫിന്റെ പുള്ളിക്കാള തുടങ്ങിയ പുസ്തകങ്ങളുടെ വായനാനുഭവവും അങ്ങനെ തന്നെ.അക്കാലത്ത് മനസ്സില്‍ പതിഞ്ഞ രണ്ട് പേരുകളാണ് പിണ്ടാണി എന്‍.ബി.പിള്ളയുടേതും ഗോപാലകൃഷ്ണന്‍ കോലഴിയുടേതും.രണ്ടുപേരും കവികള്‍.
പിണ്ടാണി എന്‍.ബി.പിള്ളയെ മുപ്പത്തഞ്ച് വര്‍ഷത്തോളം മുമ്പ് തിരുവനന്തപുരത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയത് വളരെ വിചിത്രവും മനോഹരവുമായ ഒരോര്‍മയാണ്.സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം അവിടെ ഏതോ ഒരു കോഴ്സിന് വന്നതായിരുന്നു.ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന എം.പി.ബാലറാമും ഈ കോഴ്സിന് പങ്കെടുക്കാന്‍ എത്തിയിരുന്നു.കേരളായൂനിവേഴ്സിറ്റിയില്‍ അന്ന് ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ തമ്പാനൂര്‍ ബസ്സ്റാന്റില്‍ വെച്ച് വളരെ അവിചാരിതമായി ബാലറാമിനെ കണ്ടു.കൂടെയുള്ള ആളെ "അറിയുമോ ഇദ്ദേഹമാണ് പിണ്ടാണി എന്‍.ബി.പിള്ള ;എഴുതാറുണ്ട്.'' എന്ന് പറഞ്ഞ് ബാലറാം പരിചയപ്പെടുത്തി: "ഓ,എനിക്കറിയാം ,എനിക്കറിയാം'' ആവേശപൂര്‍വം അദ്ദേഹത്തിന്റെ കൈപിടിച്ച് അല്പം മാറ്റി നിര്‍ത്തി അദ്ദേഹം എഴുതിയ ഒരു കവിതയുടെ പേര് പറഞ്ഞ് അതിലെ നാല് വരികള്‍ പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ ചൊല്ലിക്കേള്‍പ്പിച്ചു:
മഴ പെയ്തു മുറ്റത്ത് വെള്ളം നിറയുമ്പോള്‍
കടലാസ്സുവഞ്ചികള്‍ ഞാനൊഴുക്കും
ചെറുകാറ്റിലെന്‍ കൊച്ചുവള്ളങ്ങള്‍ നീങ്ങിടും
നിരയായി വെള്ളപ്പിറാക്കള്‍ പോലെ
കുട്ടിക്കവിതയിലേത് എന്ന നിലയില്‍ തന്നെയും ഈ വരികള്‍ അത്ര ഗംഭീരമായ ഒന്നാണെന്ന് മറ്റൊരാള്‍ക്ക് തോന്നണമെന്നില്ല.എങ്കിലും എന്തുകൊണ്ടോ അവ അനേക വര്‍ഷങ്ങളെ അതിജീവിച്ച് എന്റെ മനസ്സില്‍ തങ്ങിനിന്നു.ജീവിതത്തില്‍ ഒരെഴുത്തുകാരന് കൈവരാവുന്ന ഏറ്റവും വലിയ സന്തോഷമാണ് പിണ്ടാണി എന്‍.ബി.പിള്ളയ്ക്ക് അന്ന് ഞാന്‍ നല്‍കിയത്.അതിന്റെ ചാരിതാര്‍ത്ഥ്യം പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് ഇപ്പോള്‍ ഈ കുറിപ്പെഴുതുന്ന നിമിഷങ്ങളിലാണ്.
36
പള്ളിപ്പടിക്കല്‍ വെച്ച് ദരിദ്രര്‍ക്ക് ചെമ്പുതുട്ടുകള്‍ ദാനം ചെയ്യുന്ന 'പാവങ്ങളി'ലെ ധനികനെപ്പോലെ അല്ലെങ്കില്‍ ബസ്സില്‍ കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നല്‍കി സ്വര്‍ഗത്തില്‍ ഇരിപ്പിടമുറപ്പിക്കുന്ന 'ചേറ്റുപുഴ'(വൈലോപ്പിള്ളി)യിലെ സുന്ദരിയെപ്പോലെ എന്ത് ചെയ്യുമ്പോഴും അവനവനോടുള്ള സ്നേഹവും പരിഗണനയും മുന്നിട്ടു നില്‍ക്കുന്ന അവസ്ഥയിലാണ് ഒട്ടുമിക്ക മനുഷ്യരും.ഞാനും മിക്കവാറും അങ്ങനെ തന്നെ.ഈയൊരറിവ് ഒരു നാള്‍ ഇങ്ങനെ ഒരെഴുത്തായി മാറി.കവിത എന്നു വിളിക്കാം.കവിതയായില്ല എന്ന തോന്നലുള്ളവര്‍ക്ക് മറ്റെന്തെങ്കിലും പേരിട്ട് വിളിക്കാം.
കണ്ണാടി പ്രതിഷ്ഠ
ഉള്ളിലൊരു കണ്ണാടി പ്രതിഷ്ഠിച്ചിട്ടുണ്ട്
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴും
കരയിലോ കടലിലോ ആകാശദേശത്തോ
വാഹനമേറി പോവുമ്പോഴും
ആപ്പീസിരിക്കുമ്പോഴും
അങ്ങാടിയിലായിരിക്കുമ്പോഴും
സമരപ്പന്തലില്‍ മൃദുസ്വരത്തില്‍ മുദ്രാവാക്യം മുഴക്കുമ്പോഴും
വേദിയിലലറുമ്പോഴും
ബന്ധുവീട്ടില്‍ ചെല്ലുമ്പോഴും
മുറിവേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴും
അശരണര്‍ക്കാശ്വാസമേകുമ്പോഴും
സുഹൃത്തിന് കൈകൊടുക്കോമ്പോഴും
ആ കണ്ണാടിയില്‍ തന്നെ നോക്കുന്നു
ഇഷ്ടമൂര്‍ത്തിയെക്കണ്ടാത്മവിസ്മൃതി കൊള്ളുന്നു
കൈവണങ്ങുന്നു
കൊതിയടങ്ങാതെ കാല്‍ക്കല്‍ വീഴുന്നു
ഓം...
37
കള്ള വാര്‍ത്തകള്‍ കുറേയെണ്ണം എഴുതിയുണ്ടാക്കി അവ സമാഹരിച്ച് ഒരു ലഘുനോവലാക്കിയാലോ എന്ന് പത്ത് വര്‍ഷം മുമ്പ് ആലോചിച്ചിരുന്നു.ഏതാനും വാര്‍ത്തകള്‍ എഴുതിക്കഴിഞ്ഞപ്പോഴേക്കു തന്നെ ഭയങ്കരമായ മടുപ്പ് തോന്നി.ആ പണി തുടരേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.അതേതായാലും നന്നായി എന്നേ ഇപ്പോഴും കരുതുന്നുള്ളൂ.
അന്നെഴുതി വെച്ച കള്ളവാര്‍ത്തകളിലൊന്ന് ചുവടെ ചേര്‍ക്കാം:
കൊലക്കത്തിയുമായി പിടിയില്‍
തീയൂര്‍;
തിങ്കളാഴ്ച വൈകുന്നേരം തീയൂരങ്ങാടിയിലെ കുഞ്ഞായന്‍ മുക്കില്‍ കൊലക്കത്തി കാട്ടി വഴിപോക്കരെ വെല്ലുവിളിച്ച് അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ എരമ്പന്‍ കിട്ടന്‍ എന്ന എ.കൃഷ്ണനെ(61)തീയൂര്‍ എസ്.ഐ സി.എസ്.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം കീഴ്പ്പെടുത്തി.മുമ്പ് അങ്ങാടിയിലെയും കണ്ണൂര്‍നഗരത്തിലെയും പല കള്ളപ്പണക്കാരുടെയും വാടകഗുണ്ടയായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഇയാള്‍ ഒരു കവര്‍ച്ചക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് മൂന്നുവര്‍ഷം ജയിലിലായിരുന്നു.ജയില്‍മോചിതനായതിന്റെ പിറ്റേന്നുതന്നെ മുന്‍വൈരാഗ്യം തീര്‍ക്കാനായി തന്റെ പഴയ സഹപ്രവര്‍ത്തകരിലൊരളാളെ ആക്രമിക്കാന്‍ ശ്രമിച്ച കിട്ടന് തുടയില്‍ കുത്തേറ്റു.തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൊഴില്‍രഹിതനായിരുന്ന ഇദ്ദേഹം പല രാഷ്ട്രീയപ്പാര്‍ട്ടികളെയും സമീപിക്കുകയും പല നേതാക്കളുടെയും മുന്നില്‍ തന്റെ പാടവം രഹസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നുവത്രെ.പക്ഷേ,യുവജനങ്ങള്‍ തന്നെ ധാരാളമായി ഈ തൊഴില്‍മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാല്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിച്ച കിട്ടനെ സ്വീകരിക്കാന്‍ ഒരു പാര്‍ട്ടിയും തയ്യാറായില്ല.അങ്ങനെ സമനില തെറ്റിയ അവസ്ഥയിലാണ് കിട്ടന്‍ കൊലക്കത്തിയുമായി തെരുവിലിറങ്ങി പ്രദര്‍ശനത്തിനൊരുങ്ങിയത്.കണ്ണൂര്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന എരമ്പന്‍ കിട്ടന് രണ്ട് ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
38
എഴുത്തില്‍ ഭാഷയുടെ നിരന്തരനവീകരണം സംഭവിച്ചുകൊണ്ടേയിരിക്കണം എന്ന് എഴുത്തിനെ ഗൌരവമായി സമീപിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും പറയാറുണ്ട്.അത് സംഭവിക്കുന്നില്ല എന്നത് മലയാളത്തിലെ എഴുത്തിന്റെ വലിയൊരു പ്രശ്നമായി പലരും നിരീക്ഷിക്കാറുമുണ്ട്.ഏത് പുതിയ അനുഭവത്തെയും വളരെ വേഗം സാധാരണവും പഴഞ്ചനുമാക്കിക്കളയുന്ന ഒരു രസതന്ത്രം ഈ ഭാഷയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?നമ്മുടെ ജീവിതസങ്കല്പങ്ങളും ലോകവീക്ഷണവും നമുക്ക് ഊഹിക്കാവുന്നതിലേറെ യാഥാസ്ഥിതികമാണോ?എന്നിങ്ങനെയുള്ള സംശങ്ങളും പ്രകടിപ്പിച്ചുകണ്ടിട്ടുണ്ട്.ഇത്തരത്തിലുള്ള ആലോചനകളെല്ലാം ഇടക്കിടെ എന്റെ ഉള്ളിലും സംഭവിക്കാറുണ്ട്.എഴുത്തിനെ സംബന്ധിച്ചുള്ള എല്ലാ ആത്മസംശയങ്ങള്‍ക്കുമുള്ള പരിഹാരം എഴുത്ത് തന്നെയാണ്.പക്ഷേ,കഷ്ടം എത്രകാലം പണിപ്പെട്ടാലും അങ്ങനെ സ്വതന്ത്രമായി,ധീരമായി സമീപിക്കാവുന്ന ഒന്നല്ലല്ലോ ഈ പ്രവൃത്തി.
(പ്ളാവില മാസിക, ജൂണ്‍-ജൂലൈ-2011)

Monday, June 27, 2011

സ്വപ്നശൂന്യമായ സാഹചര്യത്തിലും

1960കളുടെ അന്ത്യം മുതല്‍ 1970കളുടെ അന്ത്യം വരെയാണ് മലയാളസാഹിത്യത്തില്‍ ആധുനികത കത്തിനിന്നത്.കേരളത്തിലും രാജ്യത്താകമാനം തന്നെയുമുള്ള സാമാന്യജനങ്ങള്‍ അഭിമുഖീകരിച്ച ജീവിതപ്രശ്നങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചത്.മൂര്‍ത്തജീവിതയാഥാര്‍ത്ഥ്യങ്ങളെ മാത്രമല്ല,ജനങ്ങളുടെ യഥാര്‍ത്ഥമായ ആത്മസംഘര്‍ഷങ്ങളെയും ദാര്‍ശനികവ്യഥകളെയും ആധുനികത അതിന്റെ ആവിഷ്ക്കാരപരിധിക്ക് പുറത്തുനിര്‍ത്തി.യൂറോപ്യന്‍/അമേരിക്കന്‍ ആധുനികതയുടെ ഏറ്റവും കരുത്തരായ പ്രതിനിധികളുടെ രചനകളെ രൂപതലത്തിലും ആശയതലത്തിലും വളരെ ദുര്‍ബലമായി അനുകരിച്ച് മലയാളിയുടെ സാഹിത്യസങ്കല്പങ്ങളെ തകിടം മറിച്ച ആധുനികര്‍ വായനാസമൂഹത്തിന്റെ ഭാവുകത്വപരമായ ൂതനാവശ്യങ്ങളേക്കാളേറെ വാക്യനിര്‍മിതി മുതല്‍ ദര്‍ശനം വരെയുള്ള തലങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന ഫാഷന്‍ഭ്രമങ്ങളെയാണ് മുഖ്യമായും അഭിസംബോധന ചെയ്തത്.ജനപ്രിയത്വത്തിലേക്കുള്ള എളുപ്പവഴി അതായതുകൊണ്ട് അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.
ആധുനികത ഏകമുഖമായ ഒരു പ്രസ്ഥാനമായിരുന്നില്ലെന്നും സത്യത്തില്‍ അത് ബഹുസ്വരമായിരുന്നെന്നും ചില ശബ്ദങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുകയും മറ്റുള്ളവ തീരെ ചെറിയ ഒച്ചകളായിപ്പോവുകയും വേറെ ചിലത് എല്ലാവരും കേട്ടെങ്കിലും ആരും കേട്ടില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയുമൊക്കെയാണ് ഉണ്ടായതെന്നും ഇന്ന് നമുക്കറിയാം.ഒരു വശത്ത് എഴുത്തിലും ചിന്തയിലും ഉപരിപ്ളവതയുടെ ആഘോഷം നടന്നുകൊണ്ടിരിക്കെ തന്നെ കേരളീയജനജീവിതത്തിലെ അടിസ്ഥാനസംഘര്‍ഷങ്ങളുടെയും ആശങ്കകളുടെയും രോഷങ്ങളുടെയും സ്വപ്നങ്ങളുടെയുമെല്ലാം ആവിഷ്ക്കാരം മറുവശത്ത് സംഭവിക്കുന്നുണ്ടായിരുന്നു.വൈദേശികസാഹിത്യവും സിനിമകളും ചിത്രങ്ങളുമൊക്കയായുള്ള പരിചയവും ബന്ധവും അതിന് സ്ഫോടനാത്മകമായ ഊര്‍ജ്ജം പകരുന്നുമുണ്ടായിരുന്നു.ആധുനികതയുടെ ഈ വശത്തെ ഏറ്റവും തിളക്കമുള്ള അടയാളങ്ങളായി അന്നത്തെ വായനാസമൂഹം കണ്ടത് എം.സുകുമാരന്റെ കഥകളെയാണ്.തീവ്രഇടതുപക്ഷത്തിന്റേതായ ബൌദ്ധികജാഗ്രതയും സാഹസികതയും സാന്ദ്രമായ വൈകാരികതയുമെല്ലാം ഈ എഴുത്തുകാരന്റെ കഥകളിലാണ് ഏറ്റവും ശക്തമായ രീതിയില്‍ ആവിഷ്ക്കാരം നേടിയത്.ചരിത്രഗാഥ,പര്‍വതങ്ങളെ നീക്കം ചെയ്ത വിഡ്ഡിയായ വൃദ്ധന്‍,തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്,നാലാംയാമം,ശേഷക്രിയ തുടങ്ങിയ ശീര്‍ഷകങ്ങളെല്ലാം ഒരുകാലത്ത് ഇവിടെ നടന്ന പ്രധാനപ്പെട്ട എല്ലാ സാഹിത്യചര്‍ച്ചകളിലും മുഴങ്ങിക്കേട്ടിരുന്നവയാണ്.
സുകുമാരന്റെ മൌനം
എം.സുകുമാരന്‍ കുറച്ചധികം കാലമായി കാര്യമായി ഒന്നും എഴുതുന്നില്ല.അദ്ദേഹവുമായി 'വാക്കറിവ്' മാസികയുടെ പത്രാധിപരും എഴുത്തുകാരനുമായ മനോജ് നടത്തിയ സംഭാഷണങ്ങളുടെ ഒരു പുസ്തകം 'സമാന്തരയാത്രകള്‍' എന്ന പേരില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.(പ്രസാ:കൈരളി ബുക്സ്,കണ്ണൂര്‍)ഈ പുസ്തകത്തിലെ അവസാനചോദ്യത്തിന് സുകുമാരന്‍ നല്‍കിയിരിക്കുന്ന ഉത്തരത്തില്‍ മലയാളത്തിലെ 'സാഹിത്യമെഴുത്തി'നെ കുറിച്ചുള്ള വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളുണ്ട്.സുകുമാരന്‍ പറയുന്നു;"ഓരോ എഴുത്തുകാരനും അയാളുടേതായ രചനാപരിസരമുണ്ട്.ചിലര്‍ യൌവനകാലത്തെ കേന്ദ്രീകരിച്ച് വാര്‍ധക്യത്തിലും എഴുതിക്കൊണ്ടിരിക്കുന്നു.അവരുടെ വിഷയം പ്രണയവും സ്വകാര്യവ്യക്തിത്വവുമാണ്.മറ്റു ചിലര്‍ ഗാര്‍ഹിക പരിസരത്തെ കേന്ദ്രീകരിക്കുന്നു.വൈയക്തികമായ തിരഞ്ഞെടുപ്പുകള്‍ എഴുത്തുകാരന് ഒരുപാട് സുരക്ഷിതത്വം നല്‍കുന്നു.അയാള്‍ അധികാരത്തോടും വ്യവസ്ഥിതിയോടും ഏറ്റുമുട്ടുന്നില്ല.അതുകൊണ്ട് ഭരണകൂടത്തിന്റെ ഔദാര്യങ്ങള്‍ അയാള്‍ക്ക് ലഭിക്കുന്നു.അലോസരത ഇല്ലാത്ത എഴുത്ത് എഴുത്തുകാരനെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നു.''
തന്നിലെ എഴുത്തുകാരന്‍ നിശ്ശബ്ദനായിത്തീര്‍ന്ന സാഹചര്യത്തിന് സുകുമാരന്‍ നല്‍കുന്ന വിശദീകരണം ഇതാണ്: " പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാത്ത ജീവിതം ഭീകരമാണ്.അത്തരമൊരു സന്നിഗ്ധാവസ്ഥയെയാണ് നാം നേരിടുന്നത്.കൃത്രിമമായി സ്വപ്നങ്ങളെ,പ്രത്യാശകളെ സൃഷ്ടിക്കാനാവില്ലല്ലോ.അതുകൊണ്ട് നിശ്ശബ്ദനാകേണ്ടിവന്നു.വ്യാജമായ രചനകള്‍ സൃഷ്ടിക്കാന്‍ എനിക്ക് കഴിയില്ല.സ്വകാര്യതയെ പ്രമേയമാക്കാനും എനിക്ക് കഴിയില്ല.എന്റെ രചനാപശ്ചാത്തലം രാഷ്ട്രീയസാമൂഹ്യപരിസരമാണ്.പ്രത്യേകിച്ച് കമ്യൂണിസം.കമ്യൂണിസവും നവമുതലാളിത്തവും വേര്‍തിരിക്കാനാവാത്ത വിധം ഒന്നായ കാലഘട്ടത്തില്‍ എന്റെ രാഷ്ട്രീയവിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ല....യൌവനത്തിന്റെ തീവ്രത നല്‍കിയ രാഷ്ട്രീയപ്രമേയങ്ങള്‍ എനിക്കുപോലും അസഹ്യമായിരിക്കുന്നു.രാഷ്ട്രീയരചനയുടെ,പ്രമേയപരമായ തിരഞ്ഞെടുപ്പിന്റെ , പരിമിതിയാണ് ഞാന്‍ അനുഭവിക്കുന്നത്.''
എഴുത്തില്‍ നിന്ന് പി•ാറാന്‍ തന്നെ നിര്‍ബന്ധിച്ച സാഹചര്യത്തെക്കുറിച്ചുള്ള എം.സുകുമാരന്റെ വിശദീകരണത്തിലെ ശരിതെറ്റുകള്‍ തിരയുന്നത് പരിഹാസ്യമാണെന്നറിയാം.എന്റെ ശ്രമം ആ വഴിക്കുള്ളതല്ല.സാഹിത്യം എന്ന വ്യവഹാരം മലയാളത്തിന്റെ വര്‍ത്തമാനസാഹചര്യത്തില്‍ എങ്ങനെ നിലനില്‍ക്കുന്നു,കേരളത്തിലെ രാഷ്ട്രീയം അതിനെ എങ്ങനെ സമീപിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഈ ലേഖനം ലക്ഷ്യം വെക്കുന്നത്.
സുരക്ഷിത വ്യവഹാരം
സമകാലീന കേരളത്തിലെ കക്ഷിരാഷ്ട്രീയം എഴുത്തുകാരെ ഏതെങ്കിലും തരത്തില്‍ പ്രചോദിപ്പിക്കുന്ന ഒന്നല്ല.രാഷ്ട്രീയ കക്ഷികള്‍ക്ക് സാഹിത്യത്തിന്റെ കാര്യത്തില്‍ കാതലായ യാതൊരു താല്പര്യവുമില്ല താനും.കലാരംഗത്തും സാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്നവരെ,പ്രത്യേകിച്ചും അവരിലെ പ്രമാണിമാരെ വിശേഷാവസരങ്ങളില്‍ തങ്ങളുടെ വേദികള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ സാംസ്കാരികനയം.വലതുപക്ഷത്തിനാണെങ്കില്‍ ആ ഒരാവശ്യത്തിനുപോലും അവരെ വേണമെന്ന നിര്‍ബന്ധമില്ല.'വേണമെങ്കില്‍ പിന്നാലെ നടന്നോ,ഭരണം കിട്ടുമ്പോള്‍ വല്ലേടത്തും പിടിച്ചിരുത്താം'എന്നതാണ് അവരുടെ ലൈന്‍.വസ്തുത ഇതാണെന്ന് എല്ലാ എഴുത്തുകാര്‍ക്കും അറിയാം.അധികാരവുമായി ബന്ധപ്പെട്ട ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളില്‍ എഴുത്തിന് യാതൊരു പങ്കുമില്ലെന്നും എഴുത്തിനെ കക്ഷിരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിന് തങ്ങളുടെ വകയായി ഒരു ശ്രമവും ആവശ്യമില്ലെന്നും കൃത്യമായി ധരിച്ചുവെച്ചിട്ടുള്ളവര്‍ തന്നെയാണ് മലയാളത്തിലെ മഹാഭൂരിപക്ഷം എഴുത്തുകാരും.പക്ഷേ,ഈ ധാരണയെ ഒരു സൌകര്യമാക്കി എടുക്കാനല്ലാതെ കേരളത്തിന്റെ രാഷ്ട്രീയാവസ്ഥയെ കുറിച്ചുള്ള ധീരവും സ്വതന്ത്രവുമായ ഒരന്വേഷണത്തിനും അവര്‍ തയ്യാറാവുകയില്ല.തങ്ങള്‍ക്ക് തീര്‍ത്തും ബോധ്യമുള്ള രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുപോലും അവര്‍ നീക്കുപോക്കില്ലാത്ത മൌനം പാലിക്കും. എന്തെങ്കിലും പറഞ്ഞുപോയാല്‍ അംഗീകാരങ്ങളുടെയും സഹായങ്ങളുടെയും രൂപത്തില്‍ കിട്ടാനുള്ളത് പലതും കിട്ടാതാവും എന്ന ഭീതി തന്നെയാണ് വളരെയേറെപ്പേരെ ഈ 'നിര്‍വികാരത'യിലേക്ക് നയിക്കുന്നത്.അനാവശ്യമായി പ്രശ്നങ്ങളില്‍ ചെന്നുചാടി ഉള്ള മന:സ്വാസ്ഥ്യവും നശിപ്പിച്ച് തങ്ങളുടെ എഴുത്തുജീവിതത്തെ അപകടപ്പെടുത്തേണ്ട എന്ന വിചാരമാണ് മറ്റു ചിലര്‍ക്കുള്ളത്.എങ്ങനെയായാലും എഴുത്തിനെ ഒരു സുരക്ഷിതവ്യവഹാരമാക്കി നിലനിര്‍ത്താന്‍ അവരെല്ലാം ആഗ്രഹിക്കുന്നു.
എഴുത്തിലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള മലയാള സാഹിത്യകാര•ാരുടെ ഈ അതിചിന്ത പ്രത്യക്ഷരാഷ്ട്രീയം എന്ന അനുഭവമണ്ഡലത്തെ ഒഴിവാക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.വിപണിയെ ലക്ഷ്യം വെച്ചുള്ള തുറന്നെഴുത്ത് മലയാളത്തില്‍ സുലഭമായി കഴിഞ്ഞിരിക്കുന്നുവെങ്കിലും ലൈംഗികത,കുടുംബം, കുടുംബത്തിനകത്തും പുറത്തുമുള്ള മനുഷ്യബന്ധങ്ങള്‍,അധികാരസ്ഥാപനങ്ങളുമായുള്ള സാധാരണമനുഷ്യരുടെ ഇടപെടലുകള്‍ എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം ഇന്നും നിലനില്‍ക്കുന്ന കടുത്ത അസ്വാതന്ത്യ്രങ്ങള്‍,അസമത്വങ്ങള്‍,അനീതികള്‍ ഇവയെയൊക്കെ തുറന്നുകാട്ടുന്ന എഴുത്ത് മലയാളത്തില്‍ ഇപ്പോഴും വളരെ വളരെ വിരളമാണ്.ഈ മട്ടില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവുമ്പോള്‍ വിപണി അതിന്റെ യഥാര്‍ത്ഥമായ സ്ഫോടനാത്മകതയും പുരോഗമനമൂല്യവും നശിപ്പിച്ച് അതിനെ മറ്റൊന്നാക്കും വിധത്തില്‍ ഇടപെടുകയും ചെയ്യും.ബഷീറിന്റെയും മാധവിക്കുട്ടിയുടെയും എഴുത്ത് അതിന്റെ ഏറ്റവും സര്‍ഗാത്മകമായ ഘട്ടം പിന്നിടുന്നതുവരെയുള്ള കാലത്ത് ഇത്തരത്തില്‍ വിപരീതലക്ഷ്യങ്ങളോടെയുള്ള വ്യാജഇടപെടലിനുള്ള ശേഷി കേരളത്തിലെ സാംസ്കാരിക വിപണി നേടിയെടുത്തിരുന്നില്ല.
ഇത്തിരി വട്ടത്തിലേക്കുള്ള കാഴ്ചയിലേക്കും ഇത്തിരി വട്ടത്തിലേക്കുള്ള ചിന്തയിലേക്കും എഴുത്തുകാരെ ആട്ടിത്തെളിച്ചുകൊണ്ടു പോകുന്ന സാംസ്കാരാകാന്തരീക്ഷവും ഭാവകത്വപരിസരവും രാഷ്ട്രീയവുമൊക്കെയാണ് ഇന്ന് കേരളത്തിലുള്ളത്.എഴുത്തുകാര്‍ അറിഞ്ഞും അറിയാതെയും അതിന് വഴിപ്പെടുന്നു.മലയാളത്തില്‍ കേരളീയജീവിതത്തെ ആഴത്തില്‍ പരിശോധിക്കുന്ന ഗംഭീരമായ രചനകള്‍ ഉണ്ടാവാതെ പോവുന്നതും ആ ഒരു ലക്ഷ്യത്തെ സ്പര്‍ശിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന കൃതികള്‍ തന്നെ പല നിലക്കും അപൂര്‍ണമായി അനുഭവപ്പെടുന്നതും അതുകൊണ്ടാണ്.മലയാളികളുടെ രാഷ്ട്രീയസാമൂഹ്യപരിസരങ്ങളെ രചനാപശ്ചാത്തലമാക്കുന്ന എഴുത്തുകാര്‍ക്ക് വഴി അടഞ്ഞുപോവുന്ന വിധത്തിലുള്ള എഴുത്തുപരിസരം രൂപപ്പെട്ടതിനു പിന്നിലും ഈയൊരവസ്ഥ തന്നെയാണുള്ളത്.മറിച്ച് പുതിയ ലോകസാഹചര്യത്തെ,കമ്യൂണിസവും നവമുതലാളിത്തവും വേര്‍തിരിക്കാനാവാത്ത വിധം ഒന്നായിത്തീര്‍ന്നത് എന്ന് സുകുമാരന്‍ പറഞ്ഞ സാഹചര്യത്തെ, സ്വതന്ത്രമായ വിശകലനബുദ്ധിയോടും വിമര്‍ശനശേഷിയോടും കൂടി അഭിമുഖീകരിക്കുന്ന ധൈഷണികാന്തരീക്ഷം നേരത്തേ ഇവിടെ രൂപപ്പെട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലാവുമായിരുന്നു.അതിനെ ഇല്ലാതാക്കിയതില്‍ ആധുനികത വഴി രൂപംകൊണ്ട നവപൈങ്കിളി ഭാവുകത്വത്തിനും ആന്തരികമായ മുരടിപ്പ് കാരണം ആശയങ്ങളുടെ ആവര്‍ത്തനത്തിനപ്പുറം ചെല്ലാന്‍ കഴിയാതെ പോയ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ അശക്തിക്കും അധീരതക്കുമെല്ലാം ഒന്നുപോലെ പങ്കുണ്ട്.
കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനം അതിന്റെ ദര്‍ശനത്തിലും സമീപനത്തിലും കാതലായ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് രണ്ട് ദശകം മുമ്പേ ആലോചിച്ചിരുന്നു എന്നതിന്റെ തെളിവാണ് പു.ക.സയുടെ പെരുമ്പാവൂര്‍ രേഖ.പക്ഷേ,രേഖയില്‍ പ്രസ്താവിച്ച മട്ടിലുള്ള വികസനത്തിനും വിപുലീകരണത്തിനും വേണ്ടി ബൌദ്ധികമായ സത്യസന്ധതയുള്ള സര്‍ഗാത്മക വ്യവഹാരങ്ങളിലേക്ക് തിരിയുന്നതിനു പകരം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേതിന് സമാനമായ അടവ് നയങ്ങള്‍ പ്രയോഗിക്കാനാണ് സംഘടന ശ്രമിച്ചതെന്നു മാത്രം.അതുകൊണ്ടാണ് ശുദ്ധസാഹിത്യകാര•ാരെന്ന നിലയിലും ശുദ്ധ ആധുനിക•ാരെന്ന നിലയിലും നേരത്തേ ലബ്ധപ്രതിഷ്ഠരായവര്‍ തന്നെയാണ് തങ്ങളുടെയും സാഹിത്യനായക•ാരെന്നും അവരുടെ എഴുത്താണ് മാതൃകാപരമായ എഴുത്തെന്നും സ്ഥാപിക്കുന്നതില്‍ അത് ചെന്നെത്തിയത്.മൌലികവും ഉത്തരവാദിത്വപൂര്‍ണവുമായ പുത്തന്‍ അന്വേഷണങ്ങള്‍ക്കു പകരം പരിഹാസ്യമായ മേനിനടിപ്പായി അതിന്റെ നേട്ടം.
മികച്ച മാധ്യമപരിചരണത്തിനുള്ള അത്യാഗ്രഹവും എല്ലാ നിലക്കും സുരക്ഷിതമായിരിക്കാനുള്ള കരുതലും സര്‍ഗാത്മകരചനകളുടെ കാര്യത്തില്‍ മാത്രമല്ല സംഭവിക്കുന്നത്.മലയാളത്തിലെ സാഹിത്യപഠനങ്ങളെയും ചലച്ചിത്രവിശകലനങ്ങളെയും ദാര്‍ശനികാന്വേഷണങ്ങളെയുമെല്ലാം ഈ പരിഗണനകള്‍ തികച്ചും വിപരീതമായി ബാധിക്കുന്നുണ്ട്.അധികാരവ്യവസ്ഥയ്ക്കും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കും (ഭരണപക്ഷപ്രതിപക്ഷത്തുഭേദമില്ലാതെ) അപ്രീതി ഉണ്ടാക്കുന്ന യാതൊന്നും ഉണ്ടായിക്കൂടെന്ന നിശ്ചയത്തില്‍ നിര്‍വഹിക്കപ്പെടുന്ന വിശകലനങ്ങളും നിലവിലുള്ള സാമൂഹ്യരാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ ഒരു നിലക്കും ചോദ്യം ചെയ്യാത്ത അക്കാദമിക് പ്രബന്ധങ്ങളും സെന്‍സേഷനലിസത്തിന്റെ സാധ്യതകളില്‍ നിന്ന് ഒരു ചുവട് പോലും മുന്നോട്ട് പോകാത്ത മറ്റ് ലേഖനങ്ങളുമെല്ലാം അത് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കയാണ്.
പുതിയ കൂട്ടായ്മകള്‍
വ്യവസ്ഥയോട് വിനീതവിധേയത്വം പുലര്‍ത്തുന്ന എഴുത്തിന് പുറത്ത് എന്തെങ്കിലുമൊക്കെ ഉണ്ടാവണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ സ്വതന്ത്രവും അനൌപചാരികവുമായ പുതിയ സാംസ്കാരിക കൂട്ടായ്മകളും ചെറുകിട പ്രസിദ്ധീകരണങ്ങളും പ്രസാധകസംരംഭങ്ങളും ഉണ്ടായി വന്നേ പറ്റൂ.അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള അംഗീകാരമോ ഔദാര്യമോ ഒന്നും പ്രതീക്ഷിക്കാത്ത വ്യക്തികള്‍ ചേര്‍ന്ന് രൂപം നല്‍കുന്ന പല കൂട്ടായ്മകള്‍ നിര്‍വഹിക്കുന്ന പുതിയ അന്വേഷണങ്ങളിലൂടെ മാത്രമേ കേരളത്തിന്റെ ചിന്താജീവിതവും സര്‍ഗാത്മകതയും ഇനി സ്വതന്ത്രമാവൂ.രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള എതിര്‍പ്പും ബുദ്ധിജീവികളില്‍ നിന്നുള്ള ഭയം കലര്‍ന്ന അവഗണനയും ഇത്തരം കൂട്ടായ്മകള്‍ പ്രതീക്ഷിക്കുക തന്നെ വേണം.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ വളരെ ഒറ്റപ്പെട്ട നിലയില്‍ ഇത്തരം അനൌപചാരികകൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.വിദേശത്തു നിന്നോ രാജ്യത്തിനകത്തു നിന്നു തന്നെയോ പണം പറ്റി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഒഴിവാക്കിക്കൊണ്ടാണ് ഇത് പറയുന്നത്.അഞ്ചോ പത്തോ പേരില്‍ ഒതുങ്ങുന്നതു മുതല്‍ പത്തമ്പതുപേരുടെ പിന്‍തുണ അവകാശപ്പെടാനാവുന്ന കൂട്ടായ്മകള്‍ വരെ ഉണ്ട്. ഇത്തരം ചെറുസംഘങ്ങള്‍ക്ക് തീര്‍ച്ചയായും വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനാവില്ല.പക്ഷേ,നിലവിലുള്ള സാഹിതീയ ഭാവകത്വപരിസരത്തിന്റെയും രാഷ്ട്രീയചിന്തയുടെയുമെല്ലാം നവീകരണത്തിനോ പൊളിച്ചെഴുത്തിനു തന്നെയോ ഉള്ള പ്രേരണയുടെ ഊര്‍ജ്ജം പ്രസരിപ്പിക്കാന്‍ അവയ്ക്ക് കഴിയും.എം.സുകുമാരന്റെ ഗണത്തില്‍ പെടുന്ന പുതിയ കാല എഴുത്തുകാരെ മൌനത്തിലേക്ക് വീണുപോവാതെ രക്ഷിക്കാനും അവ സഹായകമാകും.
പുതിയ കൂട്ടായ്മകള്‍ അവയുടെ സാഹിത്യദര്‍ശനവും രാഷ്ട്രീയവുമെല്ലാം സ്വതന്ത്രവും നിര്‍ഭയവുമായ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തേണ്ടതാണ്.കാലമെന്നത് വര്‍ത്തമാനം മാത്രമാണെന്നും അതിന്റെ ആഘോഷത്തില്‍ അവസാനിക്കേണ്ടതാണ് എല്ലാ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുമെന്ന ചിന്ത തീര്‍ച്ചയായും അത്തരം കൂട്ടായ്മകള്‍ക്ക് സ്വീകാര്യമാവില്ല.അതേ സമയം കഴിഞ്ഞുപോയ കാലത്ത് പലരും പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സംഘങ്ങള്‍ എന്ന നിലയ്ക്കും അവയ്ക്ക് പ്രവര്‍ത്തിക്കാനാവില്ല.ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്ന നയം സ്വീകരിക്കുമ്പോള്‍ തന്നെ ഓര്‍മകളാല്‍ നയിക്കപ്പെടുന്ന അവസ്ഥ അവയ്ക്ക് അചിന്ത്യമായിരിക്കുകയും വേണം.
( ജനശക്തി-2011 ജൂണ്‍ 25-ജൂലൈ1 )