Pages

Sunday, December 25, 2016

സ്ഥിതിവിവരം

വടിവ്യാഘ്രൻ എന്ന എക്കിട്ടപ്പേരിൽ പൊതുവെ അറിയപ്പെടുന്ന ഒരു നാണുനായരുണ്ട് കുനിയൻകുന്നിൽ.                                                                        രാഷ്ട്രീയക്കാർ ,കവികൾ,കഥാകാരന്മാർ,ശില്പികൾ,പത്രപ്രവർത്തകർ  എന്നു വേണ്ട ഏത് വിഭാഗത്തിലുള്ള ആര് തന്നെ കാണാൻ ചെന്നാലും 'എന്താ നായിന്റെ മോനേ?' എന്നു ചോദിച്ചാണ് വ്യാഘ്രൻ ലോഹ്യം പറഞ്ഞുതുടങ്ങുക.സംസാരം പത്ത് മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ നീളാം.പത്ത് മിനുട്ടിൽ തീരുന്നുവെങ്കിൽ രണ്ടോ മൂന്നോ നായിന്റെ മോൻ വിളിയേ കേൾക്കേണ്ടി വരൂ.ഒരു മണിക്കൂറാണെങ്കിൽ  ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും അത് കാതിൽ വന്നുവീഴും.
സംഗതി ഇങ്ങനെയായിട്ടും വ്യാഘ്രനെ കാണാൻ പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതേ ഉള്ളൂ.ഈ പ്രതിഭാസത്തിൽ കൗതുകം തോന്നിയ ഒരു യുവാവ്  അദ്ദേഹത്തെ കണ്ട് മടങ്ങുന്നവരുമായി അഭിമുഖം നടത്തിയപ്പോൾ കിട്ടിയ ഉത്തരങ്ങൾ ശതമാനക്കണക്കണക്കിന്റെ ക്രമമനുസരിച്ച്  രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു:

1. ആദ്യത്തെ രണ്ട് വിളിക്ക് ശേഷം മറ്റ് പലരെയും കുറിച്ചാണ് നായിന്റെ മോൻ എന്ന് പറയുക.അത് കേട്ടിരിക്കുന്നതിൽപ്പരം ആവേശകരമായി എന്താണുള്ളത്?  (42 ശതമാനം)
2. കേൾക്കുമ്പോൾ എന്താന്നറിയില്ല ഒരു സന്തോഷം തോന്നും. വടിവ്യാഘ്രന്റെ വീര്യം മുഴുവൻ ഇതിൽ തീരുന്നല്ലോ എന്നോർത്ത് ഉള്ളിൽ രുപപ്പെടുന്ന സഹതാപം കൊണ്ടാണോ എന്തോ?  ( 28 ശതമാനം)
3.എന്നെ മറ്റൊരാൾ നിത്യവും അങ്ങനെ വിളിച്ചുകിട്ടിയാലേ  എനിക്ക്‌
സമാധാനമാവൂ. ഒരു പക്ഷേ, ഞാനൊരു നായിന്റെമോൻ ആയതുകൊണ്ടു തന്നെയാകാം. ( 21 ശതമാനം).
4. ഞാനൊരു ജോളിക്ക് പോവുന്നതാ.നായിന്റെ മോനേന്ന് വിളിക്കുമ്പം  വ്യാഘ്രന്റെ ധാരണ കേട്ടു നിക്കുന്നോൻ നിന്നനിപ്പില് ആവിയായി പോവുംന്നാ. പക്ഷേ ,ദൈവം സഹായിച്ച് മൂപ്പര്‌ടെ മുഖത്ത് അന്നേരവും
പരമ പൊട്ടനായ ഏതോ പഴയകാല രാജാവിന്റെ എക്‌സ്പ്രഷനായിരിക്കും. ഹോ ,എന്റമ്മോ അത് കാണുമ്പോ ഉണ്ടാവ്ന്ന ഒരു ഇത്.എത്ര ലക്ഷം
 കൊട്ത്താലാ കിട്ട്വാ  അയിന്റെയൊരു രസം. ( 9 ശതമാനം)

Friday, December 23, 2016

എം.ടിയും നമ്മളും

അപഗ്രഥനവും വ്യാഖ്യാനവും സാഹിത്യാധ്യാപകന്റെ തൊഴിലിന്റെ ഭാഗമാണ്.ദീർഘകാലം അധ്യാപകജോലി ചെയ്ത ആളെന്ന നിലയ്ക്ക് എം.ടിയുടെ രചനാലോകത്തെ അപഗ്രഥിക്കാനും അപനിർമിക്കാനു മൊക്കെയുള്ള വെമ്പൽ എനിക്കും ഉണ്ടാകേണ്ടതാണ്.പക്ഷേ,നന്നേ ചെറിയ പ്രായത്തിൽ മാനസികമായ അടുപ്പം സ്ഥാപിച്ച വ്യക്തികളെയോ പുസ്ത കങ്ങളെയോ അപഗ്രഥിക്കിക്കുന്നതിൽ നിന്ന് കഴിവതും മാറി നിൽക്കാൻ തന്നെയാണ് എല്ലാവരും ശ്രമിക്കുക.എം.ടിയുടെ കഥാലോകത്തെ സമീപിക്കു മ്പോൾ എന്നെ കുഴക്കുന്ന വലിയ പ്രശ്‌നം അതാണ്.സാഹിത്യവായനയുടെ ആരംഭഘട്ടത്തിൽ തന്നെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടുപോയ എഴുത്തുകാരനാണ് എം.ടി.കടന്നു പോയ കാലം എം.ടിയെ കുറച്ചൊന്നു മാറി നിന്ന് കാണാനുള്ള കരുത്ത് എനിക്ക് നൽകേണ്ടതാണ്.അത് തീരെ കൈവന്നിട്ടില്ല എന്നൊന്നും പറയുന്നില്ല.എങ്കിലും എം.ടി എന്ന എഴുത്തുകാരനോട്  ഒരു കുട്ടിയായിരി ക്കുമ്പോൾ തോന്നിയ അടുപ്പം അതേപടി നിലനിർത്തണമെന്നും ഞാൻ ആഗ്രഹിച്ചുപോവുന്നു.
അരനൂറ്റാണ്ടിനു മുമ്പാണ് എം.ടി സാഹിത്യവുമായുള്ള എന്റെ ആത്മബന്ധം ആരംഭിക്കുന്നത്.ഞാൻ ഇപ്പോഴും വ്യക്തമായി ഓർമയിൽ സൂക്ഷിക്കുന്ന ഒരനുഭവമുണ്ട്. ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കാലത്ത് നിത്യവും വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാൽ ഞാൻ  എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോ മീറ്റ റിലധികം ദൂരെയുള്ള ഒരു ലൈബ്രറിയിലേക്ക് ഓടിപ്പോവുമായിരു ന്നു.ഇ ന്നി പ്പോൾ കേരളത്തിലെ പ്രകൃതി സ്‌നേഹികൾക്കെല്ലാം സുപരിചിതമായ മാടായിപ്പാറയിലൂടെയായിരുന്നു ആ ഓട്ടം.തിരിച്ചു വരുന്നതും ആ പാറയിലൂ ടെ തന്നെ.അക്കാലത്ത് 660 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന വിശാലമായ ഒരു പാറപ്പരപ്പായിരുന്നു മാടായിപ്പാറ.പുസ്തകവുമായി കയറ്റം കയറി മാടാ യിപ്പാറയിലെത്തിയാൽ നിന്നും നടന്നും ഞാൻ അത് വായിച്ചു തുടങ്ങും.അക്കാ ലത്ത് അങ്ങനെ വായിച്ച ഒരു പുസ്തകമായിരുന്നു എം.ടിയുടെ 'നാലുകെട്ട്'.'നാലുകെട്ടി'ന്റെ ആരംഭത്തിൽ അപ്പുണ്ണി സന്ധ്യാസമയത്ത് അമ്മയുടെ നിർബന്ധം കാരണം വെളിച്ചെണ്ണ വാങ്ങാൻ പോവുന്നുണ്ട്. ആ പോക്കിൽ വെളിച്ചെണ്ണ വീട്ടിലെത്തിയാൽ അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന ഉള്ളി ച്ചോറിന്റെ മണം അപ്പുണ്ണി മനസ്സുകൊണ്ട് അനുഭവിക്കുന്നുണ്ട്.ആ മണം നാലുകെട്ടിന്റെ ആദ്യപേജുകളിൽ നിന്ന് അമ്പതിലേറെ വർഷം മുമ്പ് ഞാനും അനുഭവിച്ചിരുന്നു.
എന്റെ തലമുറയിലെ വായനക്കാർ എം.ടിയുടെ കഥകളും നോവലുകളും വായിച്ചത് വിമർശനബുദ്ധിയോടെ ആയിരുന്നില്ല.അക്കാലത്ത് വലിയ നിരൂ പകന്മാർ പലരും മലയാളത്തിൽ ഉണ്ടായിരുന്നു.കേസരി ബാലകൃഷ്ണ പിള്ള,കുട്ടികൃഷ്ണമാരാർ,ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ വർ.പക്ഷേ,സാധാര ണ വായനക്കാരുടെ കയ്യിൽ കൃതികളെ അപഗ്രഥനബുദ്ധിയോടെ സമീപിക്കാ നും നിരൂപണം ചെയ്യാനും  ഉള്ള ടൂൾസ് ഉണ്ടായിരുന്നില്ല.അവരെ സംബന്ധി ച്ചിടത്തോളം കൃതി നൽകുന്ന വൈകാരികാനുഭവം തന്നെയായിരുന്നു പ്രധാനം.അതിന് കീഴ്‌പ്പെട്ടുകൊണ്ടുള്ളതായിരുന്നു അവരുടെ വായന.അതിൽ എന്തെങ്കിലും അപാകതയുള്ളതായി മറ്റു വായനക്കാരെപ്പോലെ എനിക്കും തോന്നിയിരുന്നില്ല.എം.ടിയുടെ 'മഞ്ഞ്' എന്ന നോവലിന്റെ കാര്യം ഞാൻ പ്രത്യേകം ഓർമിക്കുന്നു.'മഞ്ഞ്'മുഴുവനായും മന:പാഠം പഠിച്ചുവെച്ച് അത് നിർത്താതെ പറയുന്ന ഒരാൾ എന്റെ കുട്ടിക്കാലത്ത് നാട്ടിൽ ഉണ്ടയിരുന്നു. 'മഞ്ഞ്' കവിതയാണ്,സംഗീതമാണ് എന്നൊക്കെയാണ് അന്നൊക്കെ പൊതുവെ എല്ലാവരും പറഞ്ഞിരുന്നത്. ആ ഒരു ധാരണയോടെയാണ് അന്നത്തെ യുവ വായനക്കാർ  'മഞ്ഞി'നെ സമീപിച്ചിരുന്നത്.അതിലെ കഥാവസ്തുവിനെ അപഗ്രഥിക്കാനോ കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കാനോ  ആരും ശ്രമിച്ചിരുന്നില്ല.ഇന്നിപ്പോൾ 'മഞ്ഞി'ന് അത്തരമൊരു വായന സാധ്യമല്ല.വി. സി ശ്രീജന്റെ 'വീണ്ടും മഞ്ഞ്'എന്ന ലേഖനം വന്നത് 1991ലാണ്.ആ ലേഖനം വായിച്ചതോടെ വായനാസമൂഹത്തിന് ഒരു കാര്യം ബോധ്യപ്പെട്ടു.'മഞ്ഞി'ലെ നായിക വിമല ആദർശസ്ത്രീയെ കുറിച്ച് സമൂഹം നിലനിർത്തിപ്പോരുന്ന യാഥാസ്ഥിതിക സങ്കൽപങ്ങളുടെ പരിധിക്കുള്ളിൽത്തന്നെ നിൽക്കുന്ന ഒരു കഥാപാത്രമാണ്. അവിവാഹിതയായ അവൾക്കുണ്ടായ ലൈംഗികാനുഭവും  ആ അപൂർവാനുഭവം തനിക്കു തന്ന പുരുഷനെ  പ്രതീക്ഷിച്ചുള്ള  അവളുടെ അവസാനമില്ലാത്ത കാത്തിരിപ്പുമൊന്നും  ആ വസ്തുതയ്ക്ക് മാറ്റം വരുത്തുന്നില്ല.
എം.ടിയുടെ മറ്റ് കൃതികളെയും ഈ മട്ടിൽ സൂക്ഷ്മമായി വായിക്കാനും വൈകാരികതയ്ക്ക് അപ്പുറം ആ കൃതികളിൽ എന്തൊക്കെയുണ്ട് എന്ന് മനസ്സിലാക്കാനും കഴിയുന്നവരാണ് പുതിയ കാലത്തെ വായനക്കാരിൽ ഗണ്യമായ ഒരു വിഭാഗം.അതുകൊണ്ട് എന്റെ തലമുറയ്ക്കും ആ തലമുറ വായനയിലേക്ക് വന്നുതുടങ്ങുന്നതിന് ഒരു ദശകം മുമ്പ് വായന ആരംഭിച്ച വർക്കും എം.ടിയോട് തോന്നിയ ആരാധന അതേപടി ഇക്കാലത്തെ വായന    ക്കാർക്കും ഉണ്ടാവുമെന്ന് കരുതാനാവില്ല.
1950 കളുടെ രണ്ടാം പകുതി മുതൽ 1970 കളുടെ ആരംഭം വരെയുള്ള കാലമാണ് എം.ടി നമ്മുടെ വായനാലോകത്തെ ഏറെക്കുറെ പൂർണമായി കീഴടക്കിയ കാലം.പിന്നീട് ആധുനികർ വന്നു.നമ്മുടെ ഭാവുകത്വത്തിൽ വലിയ മാറ്റം സംഭവിച്ചു.അതിനുശേഷവും മലയാളകഥ ഒരു പാട് മുന്നോട്ടു പോയി.ഉ ണ്ണി. ആറിനെയും വിനോയ് തോമസിനെയുമൊക്കെ പോലുള്ള , അവരുടെ ആത്രയും തന്നെ ഊർജസ്വലതയോടെ കഥ എന്ന മാധ്യമത്തെ സമീപിക്കുന്ന, പത്തു കഥാകൃത്തുക്കളെങ്കിലും  ഇന്ന് മലയാളത്തിലുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകൾ ഉണ്ടാവുന്ന ഒരു ഭാഷയാണ് ഇന്ന് മലയാ ളം.എം.ടി കഥകളിൽ നിന്ന് നമ്മുടെ കഥാസാഹിത്യം ഒരുപാട് മുന്നോട്ടു പോയി.കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം കഥകളൊന്നും എഴുതു ന്നില്ല.തന്റെ മനോലോകത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും വളരെ അകന്നുപോയ ഒരു ലോകം നിലവിൽ വന്നതായി എം.ടിക്ക് തോന്നുന്നുണ്ടാവാം എന്നാണ് ഞാൻ കരുതുന്നത്.കാലം മാറിയപ്പോൾ അദ്ദേഹം അറച്ചുനിന്നു എന്ന് പറയാനാവില്ല.ആഗോളവൽക്കരണകാലത്തെ രാഷ്ട്രീയാനുഭവം, കോർപ്പറേ റ്റുകൾ ലോകജനതയുടെ നെഞ്ചത്ത് കാലമർത്തിവെച്ച് നിൽക്കുന്ന അനുഭവം, ഏറ്റവും ശക്തമായി അവതരിപ്പിച്ചിരിക്കുന്ന  കഥയാണ് എം.ടിയുടെ 'ഷെർലക്'.'ഷെർലക്' എഴുതിയിട്ട് കുറച്ച് വർഷങ്ങളായി.'ഷെർലക്കി'ലും 'കടുഗണ്ണാവ'യിലും മറ്റു ചില കഥകളിലും കാലത്തോടൊപ്പം മുന്നോട്ടു പോകാനുള്ള തന്റെ ശേഷി എം.ടി. ഭംഗിയായി വെളിപ്പെടുത്തി തന്നിട്ടുണ്ട്.എ ന്നാൽ ഇപ്പോൾ അദ്ദേഹം ഏറെക്കുറെ പിൻവാങ്ങി നിൽക്കുക തന്നെയാ ണ്.അതിൽ അസാധാരണമായി ഒന്നുമില്ല.ഒരു ഘട്ടം കഴിഞ്ഞാൽ പുതിയ കാലവും പുതിയ ജീവിതാനുഭവങ്ങളും തങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്ന് മറ്റ് ആളുകൾക്കെന്ന പോലെ എഴുത്തുകാർക്കും തോന്നാവു ന്നതാണ്.ത ങ്ങൾ ഏറെ വിലമതിച്ച വൈകാരികാനുഭവങ്ങൾ,  തങ്ങൾ കൊണ്ടു നടന്ന ആശയങ്ങൾ എല്ലാം ലോകത്തിന് വേണ്ടാതായിത്തീർന്നു,തങ്ങൾക്ക് ലോകത്തോട് ഒന്നും സംസാരിക്കാനില്ലാതായിക്കഴിഞ്ഞു എന്നിങ്ങനെയുള്ള വിചാരങ്ങൾ അവരെയും കീഴടക്കാം.അങ്ങനെയൊരു തോന്നൽ കാരണം എഴുത്തു നിർത്തിയ ആളാണ് എം.സുകുമാരൻ.താൻ ആവേശപൂർവം കൊണ്ടു നടന്ന കമ്യൂണിസ്റ്റ് ദർശനം, കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനശൈലി ,കമ്യൂണിസ്റ്റുകാർക്കിടയിലെ ഊഷ്മളമായ പരസ്പരധാരണ എല്ലാം പഴങ്കഥയായിത്തീരുന്നുവെന്ന് 'ശേഷക്രിയ' എഴുതുന്ന കാലത്ത് തന്നെ സുകു മാരന് ബോധ്യമായിക്കഴിഞ്ഞിരുന്നു.തനിക്ക് സംവദിക്കാൻ പറ്റുന്ന ഒരു ഇടതുപക്ഷം ഇല്ലാതായിക്കഴിഞ്ഞു എന്ന് ഉറപ്പായതോടെ അദ്ദേഹം എഴുത്ത് നിർത്തുകയും ചെയ്തു.
കാലവും മലയാളസാഹിത്യവും എങ്ങനെയൊക്കെ മാറിയിട്ടും അമ്പത്- അറുപത് വർഷക്കാലമായി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി തുടരുന്നയാളാണ് എം.ടി.ഇത് സാധ്യമാവുക എന്നത് തീർച്ചയായും വളരെ വലിയ കാര്യമാണ്.സാഹിത്യത്തിനു പുറമെ സിനിമാരംഗത്തുള്ള ശ്രദ്ധേയമായ സാന്നിധ്യവും എം.ടിയുടെ വിലുലമായ ജനപ്രീതിക്ക് കാരണമാണെന്നതിൽ സംശയമില്ല.എന്തായാലും ഇന്നും എഴുത്തിലും ചിന്തയിലും അദ്ദേഹത്തിന് പല യൗവനഭംഗികളും സൂക്ഷിക്കാനാവുന്നുണ്ട് എന്ന് നാമൊക്കെ മനസ്സിലാക്കുന്നുണ്ട്.
എം.ടി വാസ്തവത്തിൽ എന്താണ് ചെയ്തതെന്നും സാഹിത്യത്തിൽ വരും തലമുറകൾക്കായി അദ്ദേഹം ബാക്കിനിർത്തുന്നത് എന്തൊക്കെയാണെന്നും  വായനയുടെ പ്രാരംഭ ഘട്ടത്തിൽ തോന്നിയ വൈകാരികമായ അടുപ്പം മാറ്റിവെച്ച് വസ്തുനിഷ്ഠമായി പരിശോധിക്കാൻ ഇന്നെനിക്ക് വിഷമമില്ല.എം.ടി ഫ്യൂഡൽ-കാർഷിക ജീവിതവ്യവസ്ഥയിൽ നിന്ന് മാറി കേരളം മുതലാളിത്തത്തിന്റെതായ മൂല്യബോധവും ജീവിതസങ്കൽ പങ്ങളു മൊക്കെ സ്വീകരിച്ചു തുടങ്ങുന്ന ഒരു കാലത്തിന്റെ എഴുത്തു കാരനാണ്.ഫ്യൂ ഡൽ കുടുംബഘടന മർദ്ദക സ്വഭാവമുള്ളതാണ്.അത് വ്യക്തികളെ പല തരത്തിൽ പീഡിപ്പിക്കുന്നതും മാനസികമായി ഞെരിച്ചമർത്തുന്നതുമാണ്. എം.ടി യുടെ കഥാപാത്രങ്ങൾ തങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ മനുഷ്യവിരുദ്ധ സ്വഭാവത്തെ കൃത്യമായി തിരിച്ചറിഞ്ഞവരും ഫ്യൂഡൽ ജീവിത വ്യവസ്ഥയോട് സ്വന്തം നിലയിൽ സമരം ചെയ്തവരുമാണ്,പക്ഷേ,അവർ വ്യക്തികളെന്ന നിലയിൽ വിജയിക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പ്രസഥാനവുമായി ബന്ധപ്പെടാനോ രാഷ്ട്രീയാശയങ്ങളുമായി ഐക്യപ്പെടാനോ ഉള്ള ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യകാലകഥയിലൊഴിച്ച് മറ്റെവിടെയും എം.ടി തന്റെ രാഷ്ട്രീയച്ചായ്‌വ് പ്രകടമാക്കിയിട്ടില്ല.അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ അനുഭവലോകത്തിലും ചിന്താലോകത്തിലും രാഷ്ട്രീയം  ഒരു വിഷയമല്ല.
വ്യക്തിയെ താരതമ്യേന കൂടുതൽ സ്വതന്ത്രനാക്കുന്നു എന്നതിനാൽ മുതലാളി ത്തം ഫ്യൂഡലിസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ഒരു സംവിധാനമാണ്.സമൂഹം പരമ്പരാഗതമായി തന്റെ വർഗത്തിന് അനുവദിച്ചു തന്നിട്ടുള്ള ഇടം വിട്ട് മറ്റ് പലേടങ്ങളിലേക്കും പോകാനുള്ള സാധ്യത മുതലാളിത്തം വ്യക്തിക്ക് നൽകു ന്നുണ്ട്.വ്യക്തിക്ക് തന്റെ  കർതൃത്വത്തെ സ്വന്തമായി രൂപപ്പെടുത്താനുള്ള പരിസരം പല പരിമിതികളോടെയാണെങ്കിലും അത് ഒരുക്കി ക്കൊടുക്കു ന്നുണ്ട്.എം.ടിയുടെ പല കഥാപാത്രങ്ങളും ഈ സ്വാതന്ത്ര്യത്തിനു നേരെ വീറോടെ സഞ്ചരിക്കുന്നവരാണ്.പക്ഷേ, 'നാലുകെട്ട്' പൊളിച്ചു മാറ്റി അവിടെ കാറ്റും വെളിച്ചവും കടക്കുന്ന പുതിയ വീട് പണിയാൻ ശ്രമിക്കുമ്പോൾ തന്നെ അവർ പഴയ ബന്ധങ്ങളും ഓർമകളും മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നവരുമാണ്.ഈ വൈരുധ്യമാണ് എം.ടി സാഹിത്യം വായനക്കാർക്ക്  നൽകുന്ന വലിയ വൈകാരികാനുഭവത്തിന്റെ പ്രഭവകേന്ദ്രം.അതൊരു വലിയ സൗന്ദര്യാനുഭവം കൂടിയായി മാറുന്നത് എം.ടി എന്ന എഴുത്തുകാരന്റെ അസാധാരണമായ സർഗവൈഭവം കൊണ്ടു തന്നെ.
എം.ടിയുടെ 'കാല'ത്തിലെ സേതുവിനോട് സുമിത്ര പറയുന്ന 'സേതൂന് എന്നും ഒരാളോടേ സ്‌നേഹംണ്ടായിരുന്നുള്ളൂ,സേതുനോട് മാത്രം' എന്ന വാക്യത്തിൽ മുതലാളിത്തം ആവശ്യപ്പെടുന്ന ആത്മാനുരാഗത്തെ പൂർണാർത്ഥത്തിൽ തന്റെ സ്വത്വത്തിന്റെ ഭാഗമാക്കിത്തീർത്ത ഒരു വ്യക്തിയുടെ നിർവചനം തന്നെയാണുള്ളത്.സേതുവിന്റെ മനോഘടന തന്നെയാണ് ഒരു കാലത്ത് കേരളത്തിലെ വലിയൊരു വിഭാഗം യുവാക്കൾക്കും ഉണ്ടായിരുന്നത്.അവർ ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിച്ചുകൊണ്ടു തന്നെ മെച്ചപ്പെട്ട  ഭാവി കരുപ്പിടിപ്പിക്കുന്നതിനു വേണ്ടി  തങ്ങളെ ആത്മാനുരാഗം പരിശീലി പ്പിച്ചു.മുതലാളിത്തം  വ്യക്തിയിൽ നിന്ന് നിർബന്ധപൂർവം ആവശ്യപ്പെടുന്ന ഒരു ഗുണം അവനവനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വളരാനുള്ള ശേഷിയാണ്.ഉയർന്ന സാമൂഹ്യബോധവും തിന്മകളെ എതിരിടുന്നതിനായി സ്വയം മറന്ന് മുന്നിട്ടിറ ങ്ങാനുള്ള സന്നദ്ധതയുമൊന്നും മുതലാളിത്തം ആരിൽ നിന്നും ആവശ്യപ്പെ ടുന്നില്ല.ബോധപൂർവം മുതലാളിത്തത്തിനു വേണ്ടി നിലകൊണ്ടില്ലെങ്കിലും അബോധമായി കേരളത്തിലെ യുവജനങ്ങൾ മുതലാളിത്തം ആവശ്യപ്പെടുന്ന മനോഘടന സ്വാന്തമാക്കിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം.അതേ സമയം അവർ ഒരുപാട് ഗൃഹാതുരതകൾ കൊണ്ടു നടക്കുന്നുമുണ്ടായിരു ന്നു.എം.ടി കഥാപാത്രങ്ങളും ഇതേ അവസ്ഥയിലായിരുന്നു.അതുകൊണ്ടാണ് മറ്റേത് എഴുത്തുകാരനോട് തോന്നിയതിലുമേറെ അവർക്ക് എം.ടിയോട് അടുപ്പം തോന്നിയത്. സാഹിത്യകൃതികളിൽ ഇടം നേടുന്ന ഒരു കാലഘ ട്ടത്തിന്റെ  'stucture of feelings'  നെ പറ്റി കൾച്ചറൽ മെറ്റീരിയലിസത്തെ ദർശനമായി സ്വീകരിച്ച നിരൂപകർ പറയാറുണ്ടല്ലോ.എനിക്കു തോന്നുന്നു ഫീലിംഗസിന്റെ ഘടനയുടെ മാത്രമല്ല ഒരു കാലഘട്ടത്തിലെ വൈകാരിക ജീവിതത്തിന്റെ തന്നെ ചരിത്രമാണ് ഉയർന്ന സാഹിത്യചനകളിൽ രേഖപ്പെടുത്തപ്പെടുന്നത് എന്നാണ്.അമ്പത് -അറുപത് വർഷം മുമ്പ് കൗമാരത്തിലേക്ക് കടന്ന ദരിദ്രരും താഴ്ന്ന ഇടത്തട്ടുകാരുമൊക്കെയായ മലയാളികളുടെ മനോലോകത്തിൽ സംഭവിച്ച വൈകാരിക സംഘർഷങ്ങളുടെ ചരിത്രകാരനാണ് എം.ടി. ആ കാലത്ത് തങ്ങളുടെ ഭാവിജീവിതം കരുപ്പി ടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവർ യാഥാസ്ഥിതകമായ കുടുംബഘടനയും ബന്ധങ്ങളും സൃഷ്ടിച്ച ഒരുപാട് സമ്മർദ്ദങ്ങളെ നേരിടുന്നുണ്ടായിരുന്നു.അതി നിടയിൽ  ഉപേക്ഷിച്ചു പോവാൻ മനസ്സ് വരാത്ത  ചില ബന്ധങ്ങൾ അവരെ വല്ലാതെ കുഴക്കുന്നു മുണ്ടായി രുന്നു.എം.ടി കഥകളിൽ  അമ്മയും കുഞ്ഞ്യോപ്പോളും മറ്റ് ചില കഥാപാത്ര ങ്ങളും സൃഷ്ടിക്കുന്ന ആർദ്രമായ ബന്ധങ്ങളുടെ ചേരുവ തന്നെയായിരുന്നു ആ ബന്ധങ്ങൾക്കും.അതുകൊണ്ടാണ് എം.ടി കൃതികളെ വലിയ വൈകാരികാ വേശത്തോടെ അവർ നെഞ്ചോട് ചേർത്തു വെച്ചത്.
കാലം മാറി.എം.ടിയുടെ കഥാപാത്രങ്ങളുടെതിൽ നിന്ന് വളരെ വ്യത്യസ്തമായ ബൗദ്ധികവും വൈകാരികവുമായ പരിസരങ്ങളിൽ ജനിച്ച് ജീവിച്ച് വളർന്ന വരാണ് ഇന്ന് കേരളീയ ജീവിതത്തെ രൂപപ്പെടുത്തുന്നത്.വിവിധ മേഖലകളിൽ അധികാരസ്ഥാനത്ത് ഇരിക്കുന്നവരും മിക്കവാറും അവർ തന്നെ. വാങ്ങാനോ പൊളിക്കാനോ നാലുകെട്ടില്ലാത്തവരും കുടുംബബന്ധങ്ങളിലെ പദവി വ്യത്യാസങ്ങളും അധികാരവും മറ്റും സൃഷടിക്കുന്ന പ്രശ്‌നങ്ങൾ അനുഭവി ച്ചറിഞ്ഞിട്ടില്ലാത്തവരുമാണ് അവർ.എം.ടിയുടെ കഥാപാത്രങ്ങൾ ജീവിച്ച കാലഘട്ടത്തിലെ ബന്ധസൂചകപദങ്ങൾ തന്നെ പലതും ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായി കഴിഞ്ഞിരിക്കുന്നു.ദൈനംദിന ജീവിതാനുഭവങ്ങളുടെ പരിസരങ്ങളിലും പ്രകൃതിയിൽ തന്നെയും ഒരു പാട് മാറ്റങ്ങൾ വന്നു കഴിഞ്ഞി രിക്കുന്നു.പുതിയ കാലത്തെ വായനക്കാർക്ക് എം.ടി കഥകൾ നൽകുന്ന പ്രധാന പ്പെട്ട അനുഭവം ഗൃഹാതുരതയുടെതായിരിക്കും എന്നു ഞാൻ കരുതുന്നു.എം.ടി സെന്റിമെന്റ്‌സിന്റെയും ഗൃഹാതുരതയുടെയും എഴുത്തുകാരനാണ് എന്നൊരു പറച്ചിൽ തന്നെയുണ്ട്.അത് തെറ്റായ പറച്ചിലാണെന്നോ എം.ടിയെ ഇകഴ്ത്തിക്കാട്ടാനുള്ളതാണെന്നോ ഞാൻ കരതുന്നില്ല.
എം.ടിയുടെ ഏറ്റവും മികച്ച നോവൽ  'അസുരവിത്താ'ണ്.ഇന്നത്തെ സാഹച ര്യത്തിൽ ഏറ്റവും പ്രസക്തമായി അനുഭവപ്പെടുന്ന കൃതിയും അതു തന്നെ.'അസുരവിത്തി'ലെ ഗോവിന്ദൻ കുട്ടി ശ്വാസംമുട്ടിക്കുന്ന കുടുംബസാ ഹചര്യത്തോടും സാമൂഹ്യസാഹചര്യത്തോടും ഒരേ സമയം പോരടിക്കുന്ന മനുഷ്യനാണ്.തന്നെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരോട് പകരം വീട്ടാനാ യി അയാൾ മതം മാറുന്നു.പക്ഷേ.മതംമാറ്റവും ഗോവിന്ദൻകുട്ടിയെ രക്ഷിക്കുന്നില്ല.
ചുറ്റിലും ജീവനോടെയിരിക്കുന്ന മനുഷ്യർ അന്തസ്സോടെ തലയുയർത്തി നിന്ന് ജീവിക്കാൻ തന്നെ അനുവദിക്കുകയില്ലെന്നും  അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കിട്ടുന്നതിന് സൗകര്യപൂർവം ഉപയോഗിക്കാവുന്ന കരു എന്നതി നപ്പുറം യഥാർത്ഥത്തിൽ തന്നെ അവർക്ക് ആവശ്യമില്ലെന്നും ബോധ്യപ്പെട്ട ഗോവിന്ദൻകുട്ടി ശവങ്ങൾക്കിടയിൽ തന്റെ ജീവിതത്തിന് അർത്ഥം കണ്ടെ ത്താനുള്ള ശ്രമം നടത്തുന്നു.ഒടുവിൽ അയാൾ തന്റെ നാടിനെ ഉപേക്ഷിച്ചു പോവുക തന്നെ ചെയ്യുന്നു. 'പ്രിയപ്പെട്ടവരേ,തിരിച്ചു വരാൻ വേണ്ടി യാത്ര ആരംഭിക്കുകയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ഗോവിന്ദൻ കുട്ടി പോവു ന്നത്.വിട്ടുപോവാൻ തന്നെ നിർബന്ധിതനാക്കുന്ന സാഹചര്യങ്ങളിലും താൻ തന്റെ ഗ്രാമത്തെയും കുഞ്ഞ്യോപ്പോളെയും കുഞ്ഞരക്കാരെയും പോലുള്ള മനുഷ്യരുടെ സ്‌നേഹത്തെയും എന്നേക്കുമായി ഉപേക്ഷിക്കാൻ തയ്യാറല്ല എന്നും തന്റെ ഗ്രാമം കൂടുതൽ ജീവിതവ്യമായ,മനുഷ്യബന്ധങ്ങളെ കുടും ബഘടനയും സാമൂഹ്യഘടനയും ഞെരിച്ചമർത്താത്ത, ഇടമായി മാറണമെന്നേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്നുമാണ് ഗോവിന്ദൻകുട്ടി ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.
കേരള സംസ്‌കാരം വളരെ അടുത്ത കാലം വരെയും  ഭൂതകാലോന്മുഖമായാണ്  നിലനിന്നതെന്നും കേരളജനത അവരുടെ നിലപാടിൽ സമൂലമായൊരു മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും സംശയാസ്പദമാണെന്നും നരവം ശ ശാസ്ത്രകാരനായ പ്രൊഫ. എ.അയ്യപ്പൻ നിരീക്ഷിച്ചത് അദ്ദേഹത്തിന്റെ 1982 ൽ പുറത്തുവന്ന The Personality of Kerala എന്ന പുസ്തകത്തിലാണ്.( It is reasonable to conclude that the culture of  Kerala remained past oriented or post –figurative until very recent times.Even now,it is doubtful if the people of Kerala as a whole have changed radically from their post- figurative cultural stance. ) 1990 നുശേഷം ആഗോളവൽക്കരണത്തിന്റെ ഭാഗ മായി രൂപപ്പെട്ട പുതിയ സാമ്പത്തിക സാമൂഹ്യസാംസ്‌കാരിക പരിസരങ്ങളും  ഈ സ്വഭാവവിശേഷത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് തോന്നു ന്നില്ല.എം.ടി തന്റെ കഥകളിലും നോവലുകളിലും ആവിഷ്‌കരിച്ച കുടും ബാന്തരീക്ഷത്തിലും മനുഷ്യബന്ധങ്ങളിലുമെല്ലാം തീർച്ചയായും കാതലായ മാറ്റം വന്നിട്ടുണ്ട്.എങ്കിലും മലയാളികൾ മുൻചുവട് പുതിയകാലത്തിലും പിൻചുവട്  എം.ടിയുടെ അപ്പുണ്ണിയും ഗോവിന്ദൻകുട്ടിയുമെല്ലാം ജീവിച്ച കാലത്തിലും വെച്ചുകൊണ്ടാണ്  നിൽക്കുന്നത്.കൂടുതൽ ബലം നൽകിയി രിക്കുന്നത് പിൻചുവടിലാണെന്നുപോലും പറയാം..അതുകൊണ്ടു തന്നെയാണ് പഴയ അളവിലും തരത്തിലുമല്ലെങ്കിൽത്തന്നെയും എം.ടിയുടെ കൃതികളെ  ഏറ്റവും പുതിയ തലമുറയിലെ വായനക്കാരും ആവേശപൂർവം കൊണ്ടാടി ക്കൊണ്ടിരിക്കുന്നത്.

( 'എം.ടിയുടെ രചനാലോകം' എന്ന വിഷയത്തെ കുറിച്ച് ഗവ.കോളേജ് മടപ്പള്ളി മലയാളവിഭാഗം നടത്തിയ ദേശീയ സെമിനാറിന്റെ സമാപനസമ്മേളനത്തിൽ (നവംബർ 22,2016) നടത്തിയ പ്രസംഗത്തിന്റെ സംശോധിത രൂപം.)

Sunday, December 18, 2016

അമോസ് ടുട്ടുവോളയുടെ 'കള്ളുകുടിയൻ'

നൈജീരിയൻ എഴുത്തുകാരനായ അമോസ് ടുട്ടുവോളയുടെ 'The Palm-Wine Drinkard'  ന്റെ ആദ്യപതിപ്പ് പുറത്തു വന്നത് 1952 ലാണ്. ആഫ്രിക്കക്ക് പുറത്ത് പരിഭാഷയായല്ലാതെ ഇംഗ്ലീഷിൽ നേരിട്ട് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ നോവലാണ് ഇത്. മോശമായ ഇംഗ്ലീഷിന്റെയും ഭംഗിയില്ലാത്ത ശൈലിയുടെയും നാട്ടുകാരെപ്പറ്റി കേവലം പ്രാകൃതരെന്ന തെറ്റിദ്ധാരണ യുണ്ടാക്കിയേക്കാവുന്ന ഇതിവൃത്തത്തിന്റെയും പേരിൽ സ്വന്തം നാട്ടിൽ രൂക്ഷമായി വിമർശിക്കപ്പെട്ട 'പാംവൈൻ ഡ്രിങ്കാർഡി'നെ ആദ്യമായി പുകഴ്ത്തിയത് വിഖ്യാത വെൽഷ് കവി ഡിലൻ തോമസ് ആണ്.പിന്നീട് യൂറോപ്പിലെയും അമേരിക്കയിലെയും വായനക്കാരും  നിരൂപകരും ആവേ ശപൂർവം കൊണ്ടാടിയ ഈ കൃതി എ.വി.ഗോപാലകൃഷ്ണൻ 'കള്ളുകുടിയൻ' എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് പരിഭാ ഷപ്പെടുത്തിയിട്ട് 8 വർഷം കഴിഞ്ഞു.കുറേയേറെ പേർ വായിച്ചിരി ക്കാമെങ്കിലും 'കള്ളുകുടിയൻ' സാഹിത്യ പ്രണയികളുടെ ഏതെങ്കിലുമൊരു കൂട്ടായമ ചർച്ചക്കെടുത്തതായി അറിവില്ല.ഒരു തമാശക്കഥയായോ ഗൗരവ പൂർണമായ പരിഗണന അർഹി ക്കാത്ത ഒരു ഫാന്റസിയായോ നൈജീരിയൻ നാടോടിക്കഥാപാരമ്പര്യത്തോട് പൂർണമായ കൂറും വിധേയ ത്വവും പുലർത്തുന്ന ഒരു ആധുനികകാല രചനയായോ മാത്രമേ 'കള്ളുകുടിയൻ' മനസ്സിലാക്കപ്പെട്ടുള്ളൂ എന്നു വേണം കരുതാൻ.ഇരുപതാം നൂറ്റാണ്ടിലെ ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നോവലുകളിൽ ഒന്നെന്ന അംഗീകാരം നേടിക്കഴിഞ്ഞ 'കള്ളുകുടിയ'നെ മലയാളത്തിലെ വായനാലോകം ഇങ്ങനെ അവഗണിച്ചത് നമ്മുടെ നാട്ടിലെ സാഹിത്യവാ യനക്കും നിരൂപണത്തിനും  ചില കടുത്ത പരിമിതികളുണ്ടെന്നതിനുള്ള കൃത്യമായ തെളിവാണ്.
'കള്ളുകുടിയ'ന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ധ്വനികളത്രയും മുഴുവൻ വായനക്കാരും ആദ്യവായനയിൽ തന്നെ പിടിച്ചെടുക്കുമെന്നോ അവരുടെ ഭാഗത്തു നിന്ന് അതിനു വേണ്ടിയുള്ള താൽപര്യപൂർണമായ ശ്രമം ഉണ്ടാകുമെന്നു പോലുമോ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.എന്നാൽ യുക്തിയുടെയും കാര്യകാരണബന്ധങ്ങളുടെയും തുഴകളാൽ നിയന്ത്രി ക്കപ്പെടാതെ,ഒരു ലക്ഷ്യസ്ഥാനത്തേക്കുമല്ലാതെ ഒഴുകിപ്പോവുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയുള്ള ഈ വിചിത്രമായ കഥയെ അർത്ഥത്തിന്റെ/അർത്ഥങ്ങളുടെ ഏതെങ്കിലുമൊക്കെ കടവുകളിലേക്ക് വലിച്ചടുപ്പിക്കാതെ തന്നെ ഇഷ്ടപ്പെടാൻ പലർക്കും കഴിയേണ്ടതായിരുന്നു.അതെങ്കിലും സംഭവിച്ചിരുന്നെങ്കിൽ 'കള്ളുകുടിയൻ' നമ്മുടെ സാഹിത്യചർച്ചകളുടെ പൊതുപരിസരത്തുനിന്ന് പാടേ അകറ്റി നിർത്തപ്പെടുമായിരുന്നില്ല.
                                      ഭാഷ ഒരു  സമരമാർഗം
The Palm-Wine Drinkard  ഭാഷയെ ഒരു സമരമാർഗമായി സ്വീകരിച്ച കൃതി യാണെന്ന് കൃതിയുടെ പേരിലൂടെ തന്നെ വെളിപ്പെടുത്തിക്കൊണ്ടാണ്  അമോസ് ടുട്ടുവോള ആരംഭിച്ചിരിക്കുന്നത്. 'ഇംഗ്ലീഷിലെ ശരിയായ പദം drunkard എന്ന് ആയിക്കൊള്ളട്ടെ.നൈജീരിയയിലെ സാധാരണക്കാരന്റെ ഇംഗ്ലീഷിൽ അത് drinkard ആണ്.നിങ്ങൾക്ക് വേണമെങ്കിൽ അതിനെ അംഗീകരിക്കാം.ഇല്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല.എന്റെ ഇംഗ്ലീഷ് ഇതാണ് എന്ന പ്രഖ്യാപനം തന്നെയാണ് ടുട്ടുവോള തന്റെ പുസ്തകത്തിന് നൽകി യിരിക്കുന്ന  പേരിൽ ഉള്ളത്. 'The Palm-Wine Drinkard'  എന്ന ശീർഷകത്തിൽ മാത്രമല്ല ആഖ്യാനത്തിലും ഭാഷയുടെ തലത്തിൽ അദ്ദേഹം ഈ സ്വാതന്ത്ര്യം കൂസലില്ലാതെ പ്രയോഗിച്ചിട്ടുണ്ട്. ഡിലൻ തോമസ് 'young English'  എന്നു വിശേഷിപ്പിച്ച ടുട്ടുവോളയുടെ ഇംഗ്ലീഷിന് ചെറുപ്പത്തിന്റെ ഭംഗിയും കുസൃതിയും കൂസലില്ലായ്മയുമെല്ലാം വേണ്ടുവോളമുണ്ടെന്ന് ലോകമെമ്പാടുമുള്ള വായനക്കാരും നിരൂപകരും ദശകങ്ങൾക്കു മുമ്പേ തിരിച്ചറിഞ്ഞു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നോവലു കളിലൊന്നായി ' The Palm-Wine Drinkard'   അംഗീകൃതമാവുകയും ചെയ്തു.
 'പാം വൈൻ ഡ്രിങ്കാർഡി'ലേത് അവിദഗ്ധമായ ഇംഗ്‌ളീഷോ പൊട്ടിപ്പൊളിഞ്ഞ ഇംഗ്ലീഷോ അല്ല തെക്കുപടിഞ്ഞാറൻ നൈജീരിയിലെ പ്രധാനഭാഷയായ യോറുബായുടെ  പ്രകടമായ സ്വാധീനമുള്ള 'യോറുബാ ഇംഗ്ലീഷാ'ണെന്നും അതിന് പ്രത്യേകമായൊരു താളവും ആന്തരിക യുക്തിയും ഉണ്ടെന്നും മനസ്സിലാക്കാൻ വിഷമമില്ല.  യോറുബായിലെ വാമൊഴിക്കഥകളുടെ വഴിയിലൂടെയാണ് നോവലിന്റെ ആഖ്യാനമെന്നതും എളുപ്പത്തിൽ തിരിച്ചറിയാം.നൈജീരിയൻ ജനമനസ്സിനെയും ആഫ്രിക്കൻ കഥാഖ്യാന പാരമ്പര്യത്തെയും ആഴത്തിൽ മനസ്സിലാക്കുന്നതിന് പ്രയോജനപ്പെടുന്ന കൃതികളിൽ പ്രഥമസ്ഥാനം തന്നെയാണ് 'ദി പാംവൈൻ ഡ്രിങ്കാർഡി'ന് ഉള്ളത്.
 നോവലിന്റെ ആരംഭം ഇങ്ങനെയാണ്. 'I was a palm-wine drinkard since I was a boy of ten years of age. I had no other work more than to drink palm-wine in my life ' (പത്ത് വയസ്സുള്ള കുട്ടിയായിരിക്കുമ്പോൾതന്നെ ഞാനൊരു കള്ളുകുടിയനായിരുന്നു.പനങ്കള്ളു കുടിക്കുകയല്ലാതെ മറ്റൊരു പണിയും എനിക്ക് ജീവിതത്തിൽ ഇല്ലായിരുന്നു. –- പരി: എ.വി.ഗോപാലകൃഷ്ണൻ)
ഇനി നോവലിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള ഏതാനും വാക്യങ്ങൾ നോക്കുക:
'By and by, this lady followed the Skull to his house, and the house was a hole which was under the ground. When they reached there both of them entered the hole. But there were only Skulls living in that hole. At the same time that they entered the hole, he tied a single Cowrie on the neck of this lady with a kind of rope, after that, he gave her a large frog on which she sat as a stool, then he gave a whistle to a Skull of his kind to keep watch on this lady whenever she wanted to run away. Because the Skull knew already that the lady would attempt to run away from the hole. Then he went to the backyard to where his family were staying in the daytime till night. '   ( ഈ സ്ത്രീ തലയോട്ടിയെ അയാളുടെ വീട്ടിലേക്ക് പിന്തുടർന്നു.അയാളുടെ വീട് ഭൂമിക്കടിയിലുള്ള ഓട്ടയായിരുന്നു.അവിടെ എത്തിച്ചേർന്നപ്പോൾ രണ്ടുപേരും ഓട്ടയ്ക്കകത്തേക്ക് കടന്നു.എന്നാൽ ആ ഓട്ടക്കുള്ളിൽ ജീവിക്കുന്നത് തലയോട്ടികൾ മാത്രമാണ്.ആ ഓട്ടയ്ക്കത്ത് കടന്ന ഉടനെ തന്നെ അയാൾ ഒരു കവടിയെടുത്ത് കയറുപോലൊരു സാധനം കൊണ്ട് അവളുടെ കഴുത്തിൽ കെട്ടി.വലിയൊരു തവളയെ അവൾക്ക് കൊടുത്തു.അതിനു മുകളിൽ അത് ഒരു സ്റ്റൂളെന്ന മട്ടിൽ അവളിരുന്നു.ഇവൾ ഓടിപ്പോകുന്നുണ്ടോ എന്ന് നോക്കുന്നതിനായി കാവൽ നിൽക്കാൻ ഇതേ പോലൊരു തലയോട്ടിക്ക് ചൂളം കൊടുത്തു.ഈ ഗുഹയിൽ നിന്നും ഈ സ്ത്രീ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമെന്ന് തലയോട്ടിക്കറിയാമായിരുന്നു.രാത്രിയാകുന്നതുവരെ,പകൽ മുഴുവനും അയാളുടെ കുടുംബം കഴിച്ചു കൂട്ടുന്ന പരിയമ്പറത്തേക്ക് അയാൾ പോയി.-( പരി:എ.വി.ഗോപാലകൃഷ്ണൻ )
 ടുട്ടുവോളയുടെ ഭാഷാരീതിയും നോവലിലെ ആഖ്യാനത്തിന്റെ സ്വഭാവവും മനസ്സിലാക്കാൻ ഇത്രയും മതിയാകുമെന്ന് കരുതുന്നു.
ഇതിവൃത്തം
'കള്ളുകുടിയ'നിലെ ആഖ്യാതാവ് ഒരു സമ്പന്നന്റെ മകനായിരുന്നു.തന്റെ എട്ട് മക്കളിൽ മൂത്തവനായ ഇയാൾക്ക് കുടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല എന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ അച്ഛൻ മകനു വേണ്ടി ഒരു കള്ളു ചെത്തുകാരനെ ഏർപ്പാടാക്കി.ഈ ചെത്തുകാരൻ ഒരു ദിവസം പനയിൽ നിന്ന് താഴെ വീണ് മരിച്ചു.പനങ്കള്ള് കിട്ടാതെ വലഞ്ഞ ആഖ്യാതാവ് മരിച്ചുപോയ ചെത്തുകാരനെ അന്വേഷിച്ച് പുറപ്പെടുന്നു.അതി ദീർഘമായ തന്റെ യാത്രക്കിടയിൽ അയാൾ ഭ്രമാത്മകം എന്നു മാത്രം പറയാൻ പറ്റുന്ന പല പല അത്ഭുത സംഭവങ്ങളിലൂടെയും കടന്നു പോവുന്നു.ഏതൊക്കെയോ അലൗകിക ജീവികൾ,ജീവനുള്ളവയെ പോലെ പെരുമാറുന്ന അചേതന വസ്തുക്കൾ,വിചിത്ര പ്രകൃതികളായ രാജാക്കന്മാർ അങ്ങനെ പലരെയും അയാൾ കണ്ടുമുട്ടുന്നു,മരണത്തെ പിടിച്ചു കെട്ടുന്നതും സ്വന്തം മരണത്തെ വിൽക്കുന്നതും ഉൾപ്പെടെയുള്ള പല അത്ഭുതങ്ങളും അയാൾ  പ്രവർത്തിക്കുന്നു.ഒടുവിൽ ലോകത്തെ മുഴുവൻ തീറ്റിപ്പോറ്റാൻ ശേഷിയുള്ള ഒരു മുട്ട അയാൾക്ക് കിട്ടുന്നു. ആ മുട്ട അയാൾ ആവശ്യപ്പെട്ടതനസരിച്ച് അനേകമനേകം പേർക്ക് തിന്നാനും കുടിക്കാനും വേണ്ടത് ഉണ്ടാക്കുന്നു.അങ്ങനെ അയാൾ തന്റെ നഗരത്തിലെ ഏറ്റവും വലിയ മനുഷ്യനായി മാറുന്നു.വേണ്ടത്ര തിന്നുകയും കുടിക്കുകയും ചെയ്ത് സന്തോഷവാന്മാരായ ആളുകൾ കളിക്കാനും മല്ലയുദ്ധം നടത്താനും തുടങ്ങുന്നു. അവരുടെ ബഹളത്തിനിടയിൽ മുട്ട പൊട്ടിപ്പോവുന്നു.രണ്ടായി പിളർന്ന മുട്ട കഥാനായകൻ ഒട്ടിച്ചു വെച്ചെങ്കിലും തുടർന്നങ്ങോട്ട് ആ മുട്ട ഒന്നും തന്നെ ഉണ്ടാക്കിയില്ല.മൂന്നു ദിവസം തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ആളുകൾ കാത്തുനിന്നു.പിന്നെ അയാളെ കുറ്റപ്പെടുത്തിക്കൊണ്ട് അവർ ഓരോരുത്തരായി സ്ഥലം വിട്ടു.
ആളുകളെല്ലാം ഒഴിഞ്ഞുപോയി കുറച്ചു ദിവസം കഴിഞ്ഞ് നായകൻ വീണ്ടും മുട്ടയോട് ആഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടു.എന്നാൽ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പത്ത് ലക്ഷം ചമ്മട്ടികളാണ് മുട്ട ഉണ്ടാക്കിയത്.ചമ്മട്ടികളെല്ലാം തിരിച്ചെടുക്കാൻ അയാൾ മുട്ടയോട് ആവശ്യപ്പെടുകയും മുട്ട അത് അനുസരിക്കുകയും ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞ് നായകൻ രാജാവിന്റെ അടുത്ത് പോയി എല്ലാ ജനങ്ങളോടും മുമ്പത്തെപ്പോലെ തന്നെ തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞു.തനിക്ക് ആദ്യത്തെ അത്ഭുതമുട്ട തന്ന തന്റെ കള്ളുചെത്തുകാരൻ പൊട്ടിപ്പോയ മുട്ടയേക്കാൾ കൂടുതൽ ശക്തിയുള്ള മറ്റൊരു മുട്ട കൊടുത്തയച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ഇതു കേട്ട് ആളുകളെല്ലാം തന്റെ വീട്ടിൽ ഓടിക്കൂടിയപ്പോൾ അയാൾ മുട്ടയെടുത്ത് അവരുടെ നടുവിൽ വെച്ചു.മുട്ട പത്ത്  ലക്ഷം ചമ്മട്ടിയുണ്ടാക്കി ആളുകളെ അടിക്കാൻ തുടങ്ങി. ആളുകൾ കൂടെ കൊണ്ടു വന്ന കുട്ടികളെയും വയസ്സന്മാരെയും ഒപ്പം കൂട്ടണമെന്നു പോലും ഓർക്കാതെ ഓടി രക്ഷപ്പെടാൻ തുടങ്ങി. രാജാക്കന്മാർക്കും അവരുടെ സേവകന്മാർക്കുമെല്ലാം അടി കിട്ടി. പലരും മരിച്ചു. ഒരു മണിക്കൂറിനകം നായകന്റെ വീടിനു മുന്നിൽ ഒരുത്തനും ഇല്ലെന്നായി.
എല്ലാവരും ഓടിപ്പോയെന്നു കണ്ടപ്പോൾ ചമ്മട്ടികൾ ഒരു സ്ഥലത്ത് ഒത്തുകൂടി വീണ്ടും മുട്ടയായി മാറുകയും ഉടൻ തന്നെ ആ മുട്ട അപ്രത്യ ക്ഷമാവുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങൾ കൊടും ക്ഷാമത്തി ന്റെതായിരുന്നു.അത് ഭീകരമായി തുടർന്നപ്പോൾ നായകൻ മരിക്കാതെ ബാക്കി വന്ന വയസ്സന്മാരെയെല്ലാം വിളിച്ചു കൂട്ടി ഒരു ബലി നടത്തി.പിന്നെ സ്വർഗത്തിൽ വെച്ച് ബലി നടത്താൻ രാജാവിന്റെ അടിമകളിലൊരാളെ അങ്ങോട്ടേക്കയച്ചു.അയാൾ സ്വർഗത്തിൽ പോയി സ്വർഗത്തിനുള്ള ബലി കൊടുത്ത് തിരിയെ ഭൂമിയിലേക്കുള്ള വഴി പകുതി പിന്നിടുന്നതിനു മുമ്പുതന്നെ പെരുമഴ പെയ്തു തുടങ്ങി.അടിമ പട്ടണത്തിൽ തിരിച്ചെ ത്തിയപ്പോൾ ആരും തന്നെ അവനെ  വീട്ടിൽ കയറാൻ അനുവദിച്ചി ല്ല.ബലിവസ്തുക്കൾ സ്വർഗത്തിലേക്ക് കൊണ്ടു പോയതു പോലെ അവൻ തങ്ങളെയും സ്വർഗത്തിലേക്ക് കൊണ്ടുപോയ്ക്കളയുമെന്ന് അവരെല്ലാം ഭയപ്പെട്ടു.
'യഥാക്രമം മൂന്നുമാസം മഴപെയ്തപ്പോൾ ഭക്ഷ്യക്ഷാമം ഇല്ലാതായി' എന്ന വാക്യത്തോടെയാണ് കള്ളുകുടിയൻ അവസാനിക്കുന്നത്.
'കള്ളുകുടിയ'ന്റെ സന്ദേശം
'പാംവൈൻ ഡ്രിങ്കാർഡി'ന്റെ ഇതിവൃത്തത്തെ നമ്മുടെ സാമാന്യ ബോധ ത്തിനും യുക്തിക്കും കീഴ്‌പ്പെടുത്തി നിർത്തി ആ കൃതിയിലെ സംഭവങ്ങളെ വ്യാഖ്യാനിച്ച് അർത്ഥഗ്രഹണം സാധിക്കാമെന്നു കരതുന്നത് വിഡ്ഡിത്തമാണ്. ഈ  നോവലിനെ വേണമെങ്കിൽ  ഭ്രമകല്പനകളുടെ ആഘോഷം മാത്രമായി ക്കണ്ട് ആസ്വദിക്കാം.ആ മട്ടിൽ  കഥകൾ കേട്ടുരസിച്ചിരുന്ന ഒരു പ്രാചീന ഫോക് മനസ്സ് ഇന്നും നമ്മുടെ മനസ്സിന്റെ ഭാഗം തന്നെയാ ണ്.പക്ഷേ,അതി സങ്കീർണമായി അനുഭവപ്പെട്ടതും ദുർഗ്രഹമെന്ന് പരക്കെ ആക്ഷേപിക്ക പ്പെട്ടതുമായ കൃതികളെപ്പോലും സൂക്ഷ്മവായനയിലൂടെ മനസ്സിലാക്കുകയും അവയിൽ ഒളിച്ചുവെക്കപ്പെട്ടതെന്ന് പറയാവുന്ന അർത്ഥത്തിന്റെ പല സാധ്യ തകളും കണ്ടെടുക്കുകയും ചെയ്തതിന്റെ അനുഭവ പരിചയമുള്ള പുതിയകാല വായനക്കാർക്ക് 'കള്ളുകുടിയ'നെ അനേകം കെട്ടുകഥകളുടെ ക്രമരഹി തമായ ഒരു സമാഹാരം മാത്രമായി കണ്ട് തൃപ്തിപ്പെടാനാവില്ല.
യോറുബാ വിശ്വാസങ്ങളിലും ഫോക്‌ലോറിലും ആഴത്തിൽ വേരുകളുള്ള ഒരു കൃതിയാണ് കള്ളുകുടിയൻ.ആഖ്യാനത്തിൽ അമോസ് ടുട്ടുവോള പ്രയോജനപ്പെടുത്തിയിരിക്കുന്നത് തനിക്ക് അതിപരിചിതമായ യോറുബാ ഫോക്കഥകളുടെ ഘടന തന്നെയാണ്.നാടോടിയായ കഥാകഥ നശൈലി ക്കൊപ്പം  അദ്ദേഹം ജീവിതമൂല്യങ്ങളെ കുറിച്ചുള്ള ,അല്ലെങ്കിൽ ജീവിതത്തിൽ മനുഷ്യൻ പാലിക്കേണ്ടുന്ന മിതത്വത്തെ കുറിച്ചുള്ള യോറുബാ വംശത്തിന്റെ വിശ്വാസപ്രമാണത്തിലും ഊന്നുന്നുണ്ട്. ധാർമിക മൂല്യങ്ങൾ കൈവിടുമ്പോൾ ജീവിതമെന്ന പ്രക്രിയ തന്നെ അപകടത്തിലാവുമെന്നത് യോറുബാ വംശക്കാരുടെ അടിയുറച്ച വിശ്വാസമാണ്.ജീവിതത്തിലെ പ്രാഥമികാവശ്യങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളിൽ, ആഡംബരങ്ങളിലും കേവലസുഖങ്ങളിലും, മനുഷ്യർ അത്യധികം ആസക്തരായിത്തീരുമ്പോൾ സംഗതികൾ ആകെ താറുമാറാകും.കള്ളുകുടിയന്റെ മനസ്സ് സുഖാന്വേഷണത്തിനുള്ള അടക്കവയ്യാത്ത വെമ്പലൊഴിച്ച് മറ്റൊന്നും പ്രവർത്തിക്കാത്ത ഇടമാണ്.അവിടെ ഉത്തരവാദിത്വബോധമോ ധാർമികതയിൽ ഊന്നുന്ന ഒരു ജീവിതശൈലി സ്വീകരിക്കണമെന്ന തോന്നലോ,ആദർശങ്ങളോ ,ആഴമേറിയ വികാരങ്ങൾ പോലുമോ ഇല്ല.അപ്പപ്പോൾ മുന്നിൽ വന്നു പെടുന്നതെന്തോ അതിന്റെ പിന്നാലെ വീണ്ടുവിചാരമില്ലാതെ പോവുക മാത്രമേ അയാൾ ചെയ്യുന്നുള്ളൂ.അയാൾക്ക് മാത്രമല്ല അയാളുടെ സുഹൃത്തുക്കൾക്കും ചുറ്റിലുമുള്ളവർക്കും വഴിയിൽ അയാൾ കണ്ടുമുട്ടുന്നവർക്കും ശരിയായ ആത്മബോധമോ ധർമസംശയങ്ങളോ ഇല്ല.അവനവന്റെ അപ്പപ്പോഴത്തെ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കണമെന്ന ചിന്തയേ അവർക്കുള്ളൂ.ആരോടും കടപ്പാടില്ലാത്ത,സ്‌നേഹമോ നന്ദിയോ ഇല്ലാത്ത ആളുകളാണവർ.എല്ലാം നൽകുന്ന മുട്ട ഒന്നും നൽകുന്നില്ലെന്നു കണ്ടപ്പോൾ ആ മുട്ട നൽകിയ ആഹാരവസ്തുക്കൾ ആവോളം ഭക്ഷിച്ച് മതികെട്ട് ആനന്ദിച്ചവർ തന്നെ മുട്ടയുടെ ഉടമയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പോകുന്നത്.തങ്ങൾക്കു വേണ്ടി സ്വർഗത്തിൽ പോയി ബലികർമം ചെയ്തു വന്ന അടിമയെ സ്വന്തം വീട്ടിലേക്ക് സ്വീകരിക്കാൻ അവരാരും തയ്യാറാവുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം അയാളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞു.സ്വന്തം കാര്യം സാധിച്ചുകിട്ടിക്കഴിഞ്ഞാൽ അതിനു വേണ്ടി പാടുപെട്ടവനെപ്പോലും അവർക്കു വേണ്ട.ലോകമെമ്പാടും ഇത്തരത്തിലുള്ള ബുദ്ധിശൂന്യരും കൃതഘ്‌നരുമായ സുഖാന്വേഷികൾ നിറഞ്ഞിരിക്കുന്ന കാലമാണിത്.ഈ കാലത്തെ അത് രൂപപ്പെട്ടു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ കൃത്യമായി അടയാളപ്പെടുത്തി വെച്ചിരിക്കുകയാണ് 'കള്ളുകുടിയനി'ൽ അമോസ് ടുട്ടുവോള .ധാർമികതയിൽ ഊന്നിനിന്നുകൊണ്ട് പാശ്ചാത്യ ഉപഭോഗസംസ്‌കാരത്തെ വ്യാഖ്യനിച്ച കൃതിയെന്ന നിലയിൽ വായിക്കാവുന്നതാണ് 'കള്ളുകുടിയൻ' എന്ന ചിനുവാ അച്ചബേയുടെ അഭിപ്രായവും ആഫ്രിക്കൻ ജനതയുടെ സാംസ്‌കാരിക മൃത്യുവിനെ പ്രതിരോധിക്കാനുള്ള കഠിന ശ്രമമാണ് അമോസ് ടുട്ടുവോാള ചെയിരിക്കുന്നത് എന്ന പാട്രിക് കോം ഹൊഗാന്റെ നിരീക്ഷണവും ( PATRICK COLM HOGAN  -Understanding  'The Palm-Wine Drinkard') വെറും ഭംഗിവാക്കുകളല്ല. പുത്തൻ നാഗരികത ഉൽപാദിപ്പിച്ച അന്തമറ്റ ഉപഭോഗാസക്തിയെ  വീണ്ടുവിചാരമില്ലാതെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി തങ്ങളുടെതായ എല്ലാറ്റിനെയും ഉപേക്ഷിച്ച് ഭ്രമാത്മകവും ഭ്രാന്തവുമായ ജീവിതത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ മനോവ്യാപാരങ്ങളെയും ചെയ്തികളെയും പുരാവൃത്തങ്ങളുടെയും നാടോടിക്കഥകളുടെയും രൂപത്തിലേക്ക് പരിവർത്തിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന അസാധാരണമായൊരു സാഹിത്യസൃഷ്ടിയാണ് അമോസ് ടുട്ടുവോളയുടെ ഈ നോവൽ.

Monday, December 5, 2016

ദു:ഖം

ഓരോ ചുവടും പതുക്കെപ്പതുക്കെ വെച്ച് നടന്നു പോകുന്ന ഒരു വൃദ്ധനെ കണ്ടു.അങ്ങേയറ്റം അവശനായിരുന്നു അയാൾ.ഹ്രസ്വമായ ഒരു സംഭാഷണത്തിനിടയിൽ ആ മനുഷ്യൻ  പറഞ്ഞു: 'കൗമാരപ്രായം മുതൽ ഇന്നേ വരെ എന്നെ അനുഗമിച്ച ദു:ഖം ഒന്നുമാത്രമാണ്.സ്‌നേഹം ഒളിച്ചുവെക്കേണ്ടി വരുന്നതിന്റെ ദു:ഖം.'
5/12/2016

Wednesday, November 30, 2016

പാവങ്ങൾക്ക് മാത്രമുള്ളത്

പണ്ടെന്നോ ഏതോ നാട്ടുമുഖ്യന്റെ ചാട്ടവാറിനു മുന്നിൽ
പേടിച്ചരണ്ട് വീണു മരിച്ച പുരാതന മനുഷ്യൻ
പൊരിവെയിലിൽ ബാങ്കിനു മുന്നിൽ തലചുറ്റി
തളർന്നു വീണ വൃദ്ധനോട് പറഞ്ഞു:
മുജ്ജന്മപാപം കൊണ്ടെന്നു മനസ്സിലാക്കിയാൽ മതി
അതാണെങ്കിൽ  പാവങ്ങൾക്ക് മാത്രമുള്ളതാണ്
മഹത്തായ ഭാരതഭൂവിലും മറ്റൊന്നല്ല സത്യം.
30/11/2016Tuesday, November 29, 2016

കവിതാ ഡയറിയിൽ നിന്ന്

1.
ഒരു പടുപാട്ടും പാടാനില്ല
അതിനാൽ ഞാൻ കഴുതയുമല്ല.
2.
ആരിലും ഒരു കുറ്റവും ഞാൻ കാണുന്നില്ല
എന്നോട് ഞാൻ കാണിക്കുന്ന ദയ
മറ്റുളള്ളവരോട് കാണിക്കാനും
പഠിച്ചു കഴിഞ്ഞു.
3.
എന്നോ അസാധുവായിക്കഴിഞ്ഞ ഒരു നോട്ടിനെ കണ്ടു
ഒരു കൂസലുമുണ്ടായിരുന്നില്ല അതിന്
'നിങ്ങളെനിക്ക്  വിലകൽപിക്കരുത്
ഞാൻ കഷ്ടത്തിലായിപ്പാവും' അത് തുടർന്നു:
'ഒരു വിലയുമില്ലാത്തവന് ആരെയും ഭയപ്പെടേണ്ട
ആരുടെയും പരിഗണന വേണ്ട
ഒന്നും ഭാവിക്കുകയും വേണ്ട.'
29/11/2016


Thursday, November 24, 2016

ഇന്നലെ, ആറളം ഫാം ഹൈസ്‌കൂളിൽ ….

ഇന്നലെ ആറളം ഫാം ഹൈസ്‌കൂളിലേക്ക് പോയി.എന്നൊടൊപ്പം എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും കരാത്തെ വിദഗധനും ഒന്നാന്തരം വായനക്കാരനുമായ ബെന്നി സെബാസ്റ്റ്യനും ഉണ്ടായിരുന്നു.ആരും ക്ഷണിക്കാതെയാണ് ഞങ്ങൾ പോയത്.മലയാളത്തിലെ യുവ കഥാകാരന്മാരിൽ വളരെ വളരെ ശ്രദ്ധേയനായ വിനോയ് തോമസ് ആ സ്‌കൂളിൽ അധ്യാപകനായി ഉണ്ട് എന്നതായിരുന്നു ധൈര്യം.അവിടെ എത്തിയപ്പോൾ വിനോയ്‌യും മറ്റ് അധ്യാപകരും ചേർന്ന് വളരെ പെട്ടെന്ന് ഒരു പരിപാടിക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തു.അങ്ങനെ കുട്ടികളോട് ഒരു മണിക്കൂറോളം സംസാരിക്കാനും അവരിൽ നിന്ന് ചിലത് കേൾക്കാനും ഉള്ള അവസരം ഉണ്ടായി.
സംസാരം കഴിഞ്ഞ് ഹാളിൽ നിന്നിറങ്ങുമ്പോൾ കുട്ടികളിൽ പലരും വന്ന് ബലമായി കയ്യിൽ പിടിച്ച് 'എന്നെ മറക്ക്വോ,ഇല്ലല്ലോ' എന്നു ചോദിച്ച് എന്റെ കൈത്തണ്ടയിലും കവിളിലുമൊക്കെ തടവി.ആ കുട്ടികൾ തന്ന സ്‌നേഹത്തെ ,ആ മുഖങ്ങളെ ഞാൻ എങ്ങനെ മറക്കാനാണ്?
ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കുട്ടികൾ എങ്ങനെ ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഞാനുമായി ഇത്രയേറെ അടുപ്പത്തിലായി? എന്നോട് ഇത്രമേൽ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ അവർക്കെങ്ങനെ കഴിഞ്ഞു? ഒരു പ്രത്യേക തലത്തിൽ എന്റെയും അവരുടെയും മനോവ്യാപാരങ്ങളുടെ 'വെയ്‌വ് ലങ്ത്'  എങ്ങനെ ഒന്നായിത്തീർന്നു?ഉച്ചയുണും കഴിഞ്ഞ് ഒരു അധ്യാപകന്റെ ബൈക്കിനു പിന്നിലിരുന്ന് മടങ്ങുമ്പോൾ മരച്ചോട്ടിലിരിക്കയായിരുന്ന ഒരു കുട്ടം കൂട്ടികൾ 'വരണേ,ഇനീം വരണേ' എന്ന് വലിയ ആവേശത്തിൽ,അതിലേറെ സ്‌നേഹത്തിൽ വിളിച്ചു പറഞ്ഞതിന്റെ രഹസ്യമെന്താണ്? ആ ബന്ധത്തെ ഞാൻ എങ്ങനെയാണ് മനസ്സലാക്കേണ്ടത്?
ആറളം ഫാം ഹൈസ്‌കൂൾ തന്ന അനുഭവത്തെ എങ്ങനെ വിശേഷിപ്പിക്കും എന്നെനിക്കറിയില്ല.അത്യാഹ്ലാദകരം!അത്ഭുതകരം ! അത്യന്തം ഊഷ്മളം! അവിസ്മരണയം! കുട്ടികൾ കാണിച്ച അടുപ്പത്തിന്റെ സ്വഭാവവും ഫലവും ഒരു വാക്കിലും ഒതുങ്ങില്ല.
സോഫോക്ലിസിന് സ്തുതി!
അത്ഭുതങ്ങൾ പലതാണ് ഭൂമിയിൽ
അവയിൽ മഹോന്നതം മനുഷ്യനാണ്!


ഒരേയൊരായുധം സാംസ്‌കാരിക പ്രവർത്തനം

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ചെറിയ ചില ഇടവേളകളൊഴിച്ചാൽ എല്ലാ വർഷവും രണ്ടോ മൂന്നോ ചിലപ്പോൾ അതിലധികമോ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായി  ക്കൊണ്ടിരി ക്കുന്നു.സി.പി.ഐ( എം) ന്റെയും ആർ.എസ്.എസ്സിന്റെയും  സാധാരണക്കാരായ സജീവപ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ മഹാഭൂരിപക്ഷവും.ബി.ജെ.പിയും ആർ.എസ്.എസ്സും ജില്ലയിലെ മാർക്‌സിസ്റ്റ് പാർട്ടിയെ  ഭയപ്പെടുത്തി നിർവീര്യമാക്കാനും അതുവഴി സംസ്ഥാനത്താകെ പാർട്ടിയെ നിശ്ചലമാക്കാനും ഉദ്ദേശിച്ച് നടത്തുന്ന ആസൂത്രിതശ്രമങ്ങളിൽ നിന്നാണ് കൊലപാതകങ്ങളിലേക്ക് നയിക്കുന്ന അസ്വാസ്ഥ്യങ്ങളും സംഘട്ടനങ്ങളും ആരംഭിക്കുന്നതെന്ന നിരീക്ഷണം നേരത്തെ എം.എൻ.വിജയനിൽ നിന്നു തന്നെ ഉണ്ടായിട്ടുണ്ടെന്ന കാര്യം  സി.പി.ഐ.( എം) നേതാക്കൾ ഈയിടെയായി പല സന്ദർഭങ്ങളിലും ബഹുജനങ്ങളെ ഓർമിപ്പിച്ചു വരുന്നുണ്ട്. വിജയൻമാഷുടെ നിരീക്ഷണം പൂർണമായും ശരിയാണെന്ന് വാദിക്കുന്നവർ തന്നെയും കടന്നുപോയ ദശകങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം സമ്മതിക്കുമെന്നാണ് ഞാൻ കരുതുന്നത്: ആയുധം കൊണ്ടുള്ള തിരിച്ചടികളിലൂടെയും കൊലപാതകങ്ങളിലൂടെയുമല്ലാതെ ആർ.എസ്.എസ്സിനെ എങ്ങനെ നേരിടാമെന്ന കാര്യം ഗൗരവമായി ആലോചിച്ച് ഒരു കർമപദ്ധതി രൂപപ്പെടുത്തി മുന്നോട്ടു പോവാനുള്ള തീരുമാനം കൊക്കൊള്ളുന്നത് ഇനിയും വെച്ചുനീട്ടുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒട്ടും തന്നെ അഭിമാനകരമല്ല.
കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളുടെയും ബന്ധുക്കളോളം തന്നെ അടുത്ത സുഹൃത്തുക്കളുടെയും പകയിൽ നിന്നാണ് പകരം വീട്ടിക്കൊണ്ടുള്ള കൊലയ്ക്കുള്ള പ്രേരണയും പ്രാരംഭശ്രമങ്ങളും ഉണ്ടാകുന്നത് എന്നാണ് സാധാരണയായി ആരും ഊഹിക്കുക.ആ ഊഹം തെറ്റാവാൻ സാധ്യതയുമില്ല.എന്നാൽ പകരം വീട്ടുന്നത് നേരിട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല.അതിനു വേണ്ടി ഇരു വശവും ഏതാനും ചിലരെ നിയോഗിക്കുകയാണ് ചെയ്യുന്നത്.ഇവർ പിന്നീട് നോട്ടപ്പുള്ളികളാവുകയും ഏതെങ്കിലുമൊരു ഘട്ടത്തിൽ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്യുന്നു.ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഇര മുമ്പ് ഏതെങ്കിലുമൊരു കൊലപാതകത്തിലെ പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ കാണാറുള്ളത്.കൊല നടത്തുന്നവർ പണത്തിനു വേണ്ടി ആ പണി ചെയ്യുന്ന ക്വട്ടേഷൻ സംഘക്കാരാവാമെന്ന ഊഹം കണ്ണൂർ ജില്ലയിലെ കൊലപാതകികളുടെ കാര്യത്തിൽ  ശരിയാവുമെന്ന് തോന്നുന്നില്ല.ഏത് പക്ഷത്തായാലും തങ്ങളുടെ രാഷ്ട്രീയ വിശ്വാസവും പാർട്ടിക്കൂറുമാണ് ഒരു മനുഷ്യന് ചെയ്യാനാവുന്നതിൽ വെച്ച് ഏറ്റവും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്യാനുള്ള ഹൃദയ കാഠിന്യം അവർക്ക് നൽകുന്നത്.
ഇങ്ങോട്ട് വരുന്ന ആക്രമണങ്ങളെ തടയുക,തന്ത്രപരമായി പരാജയപ്പെടുത്തുക എന്നൊക്കെയുള്ളതല്ലാതെ അങ്ങോട്ട് ആക്രമിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം വർഗീയത ദർശനമായിട്ടുള്ള, ഫാസിസ്റ്റ് പ്രവർത്തനശൈലി ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന് ഇടക്കിടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽ നിന്നും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയിൽ നിന്നും പ്രതീക്ഷിക്കാനാവില്ല.പക്ഷേ,ഇടതുപക്ഷത്തുള്ളവർ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്.
കായികപരിശീലനവും ആയുധപരിശീലനവും നടത്തുന്ന ഒരു സംഘടന ഗ്രാമങ്ങളിലെല്ലാം വേരുപടർത്തുകയും അതിലെ അംഗങ്ങൾ  കൂടെക്കൂടെ പല തരത്തിൽ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അഹിംസാവാദികളായി അടങ്ങിയിരുന്ന് സർവവും സഹിച്ചുകൊള്ളണമെന്ന് പറയുന്നതിൽ എന്താണർത്ഥം എന്ന എതിർവാദം മാർക്‌സിസ്റ്റ് പാർട്ടിയെ അനുകൂലിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവു ന്നതാണ്.ആക്രമണങ്ങളി ലൂടെയും പകപോക്കലുകളിലൂടെയും ഒരു പാർട്ടിയെയോ സംഘടനയെയോ ഇല്ലായ്മ ചെയ്യാനോ ദീർഘകാലത്തേക്ക് കീഴ്‌പെടുത്തി വെക്കാൻ പോലുമോ ആവില്ല.മാത്രവുമല്ല ആ മാർഗം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല.
അപ്പോൾപ്പിന്നെ ആർ.എസ്.എസ്സിനെയും മറ്റ് വർഗീയ ശക്തികളെയും എങ്ങനെ നേരിടും? നിർണായക സന്ദർഭങ്ങളിലെല്ലാം അവരോട് ചേർന്നു നിൽക്കുന്ന കോൺഗ്രസ്സിനെയും മറ്റ് പാർട്ടികളെയും എങ്ങനെ നിലയ്ക്ക് നിർത്തും?
കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തുന്നതിനും ആർ.എസ്.എസ് ഭീഷണിയെ നേരിടുന്നതിനും സാംസ്‌കാരിക പ്രവർത്തനമല്ലാതെ മറ്റൊരായുധവും ഫലപ്രദമാവുകയില്ല.തിരിച്ചടികളും ഭീഷണികളും താൽക്കാലികമായി ഫലം ചെയ്‌തേക്കും.അതു പോലും അനേകം പേരുടെ ജീവൻ ബലി കൊടുത്തേ യാഥാർത്ഥ്യമായിത്തീരുകയുള്ളൂ.സാംസ്‌കാരിക പ്രവർത്തനത്തിന്റെ വഴി പൂർണാർത്ഥത്തിൽത്തന്നെ വേറിട്ടുള്ള ഒന്നാണ്.എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും ഉയർന്ന ലോകബോധവും വിശാലമായ താൽപര്യങ്ങളും വളർത്താൻ അതിലൂടെയേ സാധിക്കൂ.ഉപചാരത്തിനു വേണ്ടിയുള്ള കലാസാംസ്‌കാരിക പ്രവർത്തനങ്ങളും പാർട്ടിയുടെ ഘടന അതേ പടി പകർത്തിയെടുത്ത് രൂപപ്പെടുത്തുന്ന സംഘടനയിലൂടെ ചിട്ടപ്പടിയായി നടത്തുന്ന പ്രവർത്തനങ്ങളും ഫലം ചെയ്യില്ല.യുദ്ധകാലത്തെ ചാരപ്രവർത്തനത്തിന്റെ ശൈലിയിൽ ഓരോ എഴുത്തുകാരനെയും /എഴുത്തുകാരിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് അയാളിൽ/അവളിൽ പാർട്ടി വിരുദ്ധ നിലപാടുകളുടെ നേർത്ത ഛായ പോലും കാണാനില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടു മാത്രം  സഹകരിപ്പിക്കുക എന്ന നിലപാടും ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനത്തെ എവിടെയും കൊണ്ടു ചെന്നെത്തിക്കില്ല.പല കാരണങ്ങളാൽ മുഖ്യധാരാ മാധ്യമങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും പ്രിയംകരരായിത്തീരുന്നവരെ അങ്ങോട്ടു ചെന്ന് വണങ്ങി തങ്ങളുടേതാക്കിത്തീർക്കുന്നതുകൊണ്ടും ഇടതുപക്ഷം കാര്യമായി ഒന്നും നേടാൻ പോവുന്നില്ല.
അന്റോണിയോ ഗ്രാംഷി വ്യക്തമായി വിശദീകരിച്ച സാംസ്‌കാരിക നടുനായകത്വ       ( Cultural hegemony)ത്തിന്റെ കരുത്ത്  നമ്മുടെ  ആശയലോകങ്ങളെയും സൗന്ദര്യസങ്കൽപങ്ങളെയും ഭാവുകത്വത്തെ ആകെത്തന്നെയും  യാഥാസ്ഥിതികവും ജീർണവുമാക്കി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമ്പന്നരും സവർണരും പരിപോഷിപ്പിച്ചതും സാധാരണജനങ്ങളുടെ ജീവിത വേദനകൾക്കും ഹൃദയവികാരങ്ങൾക്കും യാതൊരു പരിഗണനയും നൽകാത്തതുമായ
 മൂല്യസങ്കല്പങ്ങ ളാണ് കാവ്യസൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ നൂറ്റാണ്ടുകളോളം ഭരിച്ചു പോന്നത്. കേരളീയ നവോത്ഥാനം സൃഷ്ടിച്ച പുതിയ മനുഷ്യസങ്കൽപവും പിന്നീട് ദേശീയ പ്രസ്ഥാനവും ഈ ആധിപത്യ ത്തിന്നെതിരായ നിലപാടുകൾക്കും ശക്തമായ ചില ആവിഷ്‌ക്കാരങ്ങൾക്കും വഴി തുറന്നു.പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സ്വാധീനം വളരെ ശക്തമായിരുന്ന 1930കളുടെ രണ്ടാം പകുതി മുതൽ 1950കളുടെ ആദ്യവർഷങ്ങൾ  വരെയുള്ള കാലത്ത് കാര്യങ്ങൾ വളരെയേറെ മുന്നോട്ടു പോയി.അടിത്തട്ടിലെ മനുഷ്യർ സാഹിത്യത്തിന്റ കേന്ദ്ര സ്ഥാനത്തേക്ക് കടന്നുവരുന്ന അനുഭവങ്ങൾ തുടരെത്തുടരെ ഉണ്ടായി.
പുരോഗമന സാഹിത്യം പരിക്ഷീണമായിത്തുടങ്ങിയതോടെ ഏകാകികളായ വ്യക്തികളുടെ മോഹങ്ങളും വേദനകളും തങ്ങളെ തകർക്കാനായി നിലകൊള്ളുന്നതെന്ന് സ്വജീവിതാനുഭവങ്ങളിലൂടെ അവർക്ക് ബോധ്യപ്പെട്ട യാഥാസ്ഥിതക ശക്തികൾക്കെതിരെ വ്യക്തിഗത വിജയത്തിനു വേണ്ടി അവർ തനിച്ചു നടത്തുന്ന  പോരാട്ടങ്ങളുമൊക്കെയായി നമ്മുടെ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഉള്ളടക്കം.അതിനു ശേഷമാണ് ആധുനികതയുടെ വരവ്.മലയാള സാഹിത്യം ദർശനതലത്തിൽ ഏറ്റവും പരതന്ത്രമായ കാലമാണത്.ഏത് സാമൂഹ്യപ്രശ്‌നങ്ങളെയും സാമൂഹ്യാവസ്ഥയുടെ ഇടപെടൽ നേരിട്ടനുഭവപ്പെടാത്ത വൈയക്തിക പ്രശ്‌നങ്ങളെയുമെല്ലാം അസ്തിത്വവാദത്തിന്റെ പരിസരത്തിലേക്ക് പ്രവേശിപ്പിച്ച് മറ്റെന്തൊക്കെയോ ആക്കിത്തീർക്കുന്നതിൽ നമ്മുടെ എഴുത്തുകാർ ഈ കാലത്ത് കാണിച്ച അത്യുത്സാഹത്തിന്റെ കാരണം ഇപ്പോഴും പൂർണമായി പിടികിട്ടിയിട്ടില്ല.എഴുപതുകളുടെ അവസാനമാവുമ്പോഴേക്ക് ആധുനികതയുടെ പ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങുകയും എൺപതുകളുടെ മധ്യത്തോടെ മലയാള സാഹിത്യം ആധുനികോത്തരതയിലേക്ക് പ്രവേശിച്ചതായി വായനക്കാർക്ക് പൊതുവെ അനുഭവപ്പെടുകയും ചെയ്തു.
ആധുനികോത്തരതയുടെ ദർശനത്തെ രൂക്ഷമായി വിമർശിക്കുന്നവർക്കു പോലും ഒരു അവസ്ഥ എന്ന നിലയിൽ ആധുനികോത്തരത വലിയൊരളവോളം കേരളത്തിലും യാഥാർത്ഥ്യമായി തീർന്നു എന്ന വസ്തുത അംഗീകരിക്കാതിരിക്കാനാവില്ല.സാഹിത്യത്തിൽ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ ആധുനികോത്തരതയല്ല ഇവിടെ ഉണ്ടായതെന്ന് സ്ഥാപിക്കാനും അതുകൊണ്ടു തന്നെ നമ്മുടെ സാഹിത്യത്തെ ആധുനികോത്തരം എന്ന് വിശേഷിപ്പിക്കാനാവുന്ന സാഹചര്യം ഇന്നേ വരെ ഇവിടെ ഉണ്ടായിട്ടില്ലെന്നും സ്ഥാപിച്ചെടുക്കാൻ ഒരാൾക്ക് ഏറെ വിഷമിക്കേണ്ടി വരില്ല.പക്ഷേ,മലയാളസാഹിത്യം ആധുനികോത്തരതയുടെ യൂറോപ്യൻ/അമേരിക്കൻ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല എന്ന് വാദിച്ചുറപ്പിക്കുന്നതിൽ യാതൊരു കാര്യവുമില്ല.ആഗോളവൽക്കരണത്തിന്റെതായ ഈ കാലത്ത് മൂലധനത്തിന്റെയും ടെക്‌നോളജിയുടെയും  രാജ്യാതിർത്തികൾ ഭേദിച്ചുള്ള വ്യാപനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ജീവിതാവസ്ഥയും അതിന്റെ ഉൽപന്നമായ മാനസികാവസ്ഥയും ലോകത്തിലെ മിക്ക സമൂഹങ്ങളെയും പോലെ കേരള സമൂഹവും പങ്കുവെക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ തർക്കിച്ച് ഇല്ലാതാക്കാനാവില്ല.
ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ രൂപങ്ങൾ തന്നെയായ ഊഹക്കച്ചവട മുതലാളിത്തത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ഉള്ളുകളികളെ കുറിച്ചും പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി എന്ന നിലയ്ക്ക് ആധുനികോത്തരതയുടെ ദർശനം എങ്ങനെ പ്രവർത്തിച്ചു എന്നതിനെ കുറിച്ചുമെല്ലാം സാഹിത്യത്തിന്റെയും ചിത്രകലയുടെയും ചലച്ചിത്രകലയുടെയും രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പേർക്കും ഇന്നിപ്പോൾ വ്യക്തമായ ധാരണയുണ്ട്.ആധുനികോത്തരത ഒരു ദർശനമെന്ന നിലയിൽ തികച്ചും അനാകർഷകമായിത്തീർന്നിരിക്കുന്നു,അത് കാലഹരണപ്പെടുക തന്നെ ചെയ്തിരിക്കുന്നു എന്ന് പറയാൻ അവരാരും മടിച്ചു നിൽക്കുകയില്ല.
ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും എല്ലാ രംഗങ്ങളിലും വാതിൽ തുറന്നു കൊടുത്തു കഴിഞ്ഞതിനു ശേഷവും ഓരോ രാജ്യത്തും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായസാമൂഹ്യസാമ്പത്തിക സാംസ്‌കാരിക യാഥാർത്ഥ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എല്ലായിടത്തെയും ജനങ്ങൾക്ക്  ബോധ്യം വന്നു.പക്ഷേ,ഈ തിരിച്ചറിവിലൂടെ ഉയർന്നു വരേണ്ട പുതിയൊരു രാഷ്ട്രീയബോധത്തിനു പകരം  അനേകം അവ്യക്തതകൾ നിറഞ്ഞ, ഏറെ കലുഷമായ രാഷ്ട്രീയമാണ് ഇന്ത്യ ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്.ഈ അവസ്ഥയെ കൃത്യമായി വിലയിരുത്താനും അടിയന്തിര പ്രാധാന്യം നൽകി അഭിമുഖീകരിക്കേണ്ടുന്ന പ്രശ്‌നങ്ങൾ ഏതൊക്കെയെന്ന് ജനങ്ങളെ പഠിപ്പിക്കാനും മുന്നോട്ടു വരേണ്ടത് ഇടതുപക്ഷമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവുകളിലും തന്ത്രങ്ങളിലും നീക്കുപോക്കുകളിലും സർവശ്രദ്ധയും സമർപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിനും ആ ഉത്തരവാദിത്വം ഏറ്റെടുക്ക3നാവില്ല.'കമ്യൂണിസം അജയ്യമാണ്; കാരണം അത് സത്യമാണ്.നാളിതു വരെയുള്ള മനുഷ്യചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണ് ,അന്തിമ വിജയം തൊഴിലാളി വർഗത്തിന്റെതാണ്' എന്നും മറ്റും മതവിശ്വാസികളുടേതിൽ നിന്ന് കാര്യമായ അന്തരമൊന്നുമില്ലാത്ത മനോനില സൂക്ഷിച്ചു കൊണ്ട് ഉരുവിടുന്നവർക്കും പുതിയ രാഷ്ട്രീയയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനാവില്ല.മാർക്‌സിസം മതാനുശാസനം പോലുള്ള ഒന്നല്ലെന്നും മാർക്‌സിന്റെയും ഏംഗത്സിന്റെയും ലെനിന്റെയും വാക്യങ്ങൾ ഉരുവിടുന്നതും കടന്നുപോയ ചരിത്രഘട്ടങ്ങളിലെ രാഷ്ട്രീയാനുഭവങ്ങളുടെ മൂശയിൽ തന്നെ പകർന്നൊഴിക്കപ്പെടുന്നവയാണ് പുതിയ കാലത്തെ അനുഭവങ്ങൾ എന്ന ധാരണയോടെ രാഷ്ട്രീയ വിശകലനം നിർവഹിക്കുന്നതും ജനങ്ങളെ ബൗദ്ധികമായി നിശ്ചലരാക്കാനും രാഷ്ട്രീയമായ ഉണർവുകൾ സ്വന്തമാക്കാൻ പ്രാപ്തരാക്കാതെ മയക്കിക്കിടത്താനും മാത്രമേ സഹായിക്കൂ.
ഉണർന്നിരിക്കുന്നവരായി പുറമേ ഭാവിക്കുമ്പോഴും അകമേ ഉറക്കത്തിലാണ്ടു കിടക്കുന്ന ഒരു ജനതയിൽ നിന്ന് ആശാവഹമായ യാതൊന്നും പ്രതീക്ഷിക്കാനാവില്ല.രാഷ്ട്രീയ ജാഗ്രത മാത്രമല്ല രാഷ്ട്രീയം തന്നെ കൈവിടുകയും കേവലം മേനിനടിപ്പിനു വേണ്ടി  ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുകയും ചെയ്യുന്നവർ അവരുടെ പ്രവൃത്തികളിൽ ജനവിരുദ്ധരായി മാറാൻ വലിയ കാലതാമസമുണ്ടാവില്ല.കേരളത്തിലെ ജനജീവിതത്തിന്റെ അനേകം തലങ്ങളിൽ ഇത്തരക്കാരുടെ ഇടപെടലുകൾ കടുത്ത അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.ആർ.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കടന്നാക്രമണങ്ങളെയും ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയ്ക്കുള്ള ബി.ജെ.പിയുടെ മുന്നേറ്റത്തെയും  പ്രതിരോധിക്കാനുള്ള ആർജവം സാമാന്യജനങ്ങൾക്ക് ഇല്ലാതാക്കുന്നതിൽ ഈ അരാഷ്ട്രീയക്കാർ വഹിക്കുന്ന പങ്ക് ഒട്ടും തന്നെ ചെറുതല്ല.
ഏറെ ശ്രമവും കരുതലുമുണ്ടെങ്കിൽ മാത്രം മറി കടന്നു പോവാൻ കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിലുള്ളത്.ജനങ്ങളെ ശരിയായ അർത്ഥത്തിൽ രാഷ്ട്രീയവൽക്കരിക്കുക എന്ന ദൗത്യം സത്യസന്ധമായി ഏറ്റെടുക്കാൻ തയ്യാറാവാത്ത പക്ഷം വലതുപക്ഷത്തേക്കാൾ വേഗത്തിലും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കും അഴിമതി നടത്താൻ വലുതായ സാധ്യതകളൊന്നും നൽകാതെയും അങ്ങിങ്ങ് ചില വികസനപ്രവർത്തനങ്ങൾ നടത്തി കടന്നു പോയവർ എന്നതിലപ്പുറം അവർക്ക് ഒന്നും അവകാശപ്പെടാൻ കഴിയാതെ വരും.
സ്വന്തം പ്രവർത്തകർക്കും ബഹുജനങ്ങൾക്കും ഉയർന്ന രാഷ്ട്രീട്രീയ വിദ്യാഭ്യാസം നൽകാനും സാഹിത്യവും ഇതരകലകളുമായും നിരന്തരം ബന്ധപ്പെടാനുള്ള സന്നദ്ധത അവരിൽ വളർത്തിയെടുക്കാനും ഉള്ള ഒരു പദ്ധതി ഇടതുപക്ഷം അടിയന്തിരമായി ആസൂത്രണം ചെയ്യണം.രാഷ്ട്രീയപ്പാർട്ടികളുടെ ദൈനംദിന വ്യവഹാരങ്ങളിലും ഭരണകാര്യങ്ങളിലും ഒതുങ്ങുന്നതല്ല രാഷ്ട്രീയം എന്ന ഉറച്ച ബോധ്യത്തിൽ എത്തിച്ചേരുന്ന ഒരു ജനതയെ വർഗീയ ശക്തികൾക്ക് കീഴ്‌പ്പെടുത്താനാവില്ല.ആയുധമെടുക്കാതെ തന്നെ എതിരാളികളെ നിർവീര്യരാക്കാൻ അവർക്ക് കഴിയും.ജീവിതം എന്ന പ്രതിഭാസത്തെയും മനുഷ്യാവസ്ഥയെയും ആഴത്തിലും പരപ്പിലും അറിയാനും സേന്ഹിക്കാനും മനുഷ്യരെ പഠിപ്പിക്കാൻ സാഹിത്യത്തിനും ഇതര കലകൾക്കുമുള്ള ശേഷി പുതിയ തെളിവുകൾ നിരത്തി സ്ഥാപിച്ചെടുക്കേണ്ടുന്ന ഒന്നല്ല.ഉയർന്ന രാഷ്ട്രീയബോധത്തോടൊപ്പം കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിർമാതാക്കളായും ആസ്വാദകരുമായി പ്രവർത്തിക്കാനുള്ള താൽപര്യം കൂടി ജനങ്ങളിൽ പൊതുവായി വളർന്നു വരികയാണെങ്കിൽ അത് ഇടതുപക്ഷത്തെ വലിയ തോതിൽ ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല ഇടതുപക്ഷത്ത് നിലയുറപ്പിക്കുന്നവരെ അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും വഴുതി വീഴാതെ രക്ഷിക്കുകയും ചെയ്യും.ഈ വസ്തുതകളിലേക്ക് എത്രയും വേഗം കണ്ണ് തുറക്കാനുള്ള ഉത്തരവാദിത്വം മാർക്‌സിസ്റ്റ് പാർട്ടിക്ക് മാത്രമല്ല,ഒരു പാർട്ടിയുമായും ബന്ധപ്പെടാതെ നിൽക്കുന്ന സ്വതന്ത്ര ഇടതുപക്ഷക്കാർക്കും ഉണ്ട്.


Tuesday, November 15, 2016

സംവിധായകന്റെ സംഭാവന

എന്റെ ' മൂകസാക്ഷി 'എന്ന ചെറുനാടകം ബിജു ഇരിണാവിന്റെ സംവിധാനത്തിൽ ആദിത്യൻ എന്ന നടൻ ഏതാനും വേദികളിൽ ഏകപാത്ര നാടകമായി അവതരിപ്പിച്ചു.പ്രേക്ഷകരിൽ നിന്ന് പൊതുവെ നല്ല സ്വീകരണം ലഭിച്ച ഈ നാടകം ഒരു വേദിയിൽ (വെങ്ങര-കണ്ണൂർ ജില്ല) ബിജു തന്നെ അവതരിപ്പിക്കുകയുണ്ടായി.ഇരുവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചമായിരുന്നു. സംവിധായകനായ ബിജുവിന് വേദിയിൽ നാടകത്തിന്റെ അവസാനഭാഗത്തെ പെർഫോമൻസിൽ കൂടുതൽ അനായസതയും ഗാംഭീര്യവും ഉണ്ടായിരുന്നുവെന്നു പറയാം.
കുഞ്ഞൂട്ടിയേട്ടന്റെ ജീവിതത്തിന്റെ വിശദാംശങ്ങളിൽ നാടകത്തിൽ ഇല്ലാത്ത ഒരു കാര്യം ബിജു കൂട്ടിച്ചേർത്തിട്ടുണ്ട്.കുഞ്ഞൂട്ടിയേട്ടൻ എന്ന പാവം ചായക്കടക്കാരനെ ബിജു ഒരു തെയ്യം കലാകാരൻ കൂടിയാക്കി.തെയ്യക്കാലം വന്നാൽ ചായക്കട അടച്ച് തെയ്യം കെട്ടാൻ പോകുന്ന ഒരാളാണ് കുഞ്ഞൂട്ടിയേട്ടൻ എന്ന് പ്രേക്ഷകർക്ക് ഊഹിക്കാൻ പാകത്തിൽ ചെറിയ ഒരു ഡയലോഗ് ബിജു കൂട്ടിച്ചേർത്തു.അത് നാടകത്തിന് പുതിയ ഒരു മാനം നൽകി. സമൂഹത്തിൽ അധികാരം നടത്തുന്ന ശക്തികളെ ഭയന്ന് ഒരു തിന്മയ്ക്കു നേരെയും പ്രതികരിക്കാനാവാതെ വന്നതിന്റെ ധർമസങ്കടത്തിന്റെ മൂർധന്യത്തിൽ സംശാരശേഷിയും കേൾവിയും ഒടുവിൽ കാഴ്ചയും നഷ്ടപ്പെടുന്ന കുഞ്ഞൂട്ടിയേട്ടൻ സ്വന്തം ആത്മാവിൽ നിന്നുയരുന്ന കൊമ്പുവിളിയിൽ സ്വയം മറന്ന് ഭ്രാന്തമായി നൃത്തം ചെയ്യുന്നിടത്താണ് നാടകം അവസാനിക്കുന്നത്.ഈ നൃത്തത്തെ തെയ്യത്തിന്റെ അംഗചലനങ്ങളും ചുവടുവെപ്പുകളുമായി ഐക്യപ്പെടുത്തി ബിജു.ഇതിലൂടെ ദൂർബലനായ കുഞ്ഞൂട്ടിയേട്ടൻ തന്റെ ശപിക്കപ്പെട്ട മനുഷ്യാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ട് ഭാവനയുടെ തലത്തിൽ ദൈവമായി ഉയരാൻ ശ്രമിക്കുന്നതായി ചിത്രീകരിക്കാൻ ബിജുവിന് കഴിഞ്ഞു.വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെ ജീവിതകഥ അറിയുന്ന വർക്കെല്ലാം അറിയാം: തെയ്യങ്ങളിൽ പലരും മനുഷ്യരാണ്.പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മരിച്ച സാധാരണ മനുഷ്യർ.സ്വാഭാ വശുദ്ധി,ആദർശശുദ്ധി,ബുദ്ധിശക്തി,ആത്മധൈര്യം എന്നീ ഗുണങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് അവർക്ക് വളരെ കൂടുതലായി ഉണ്ടായിരുന്നു എന്നു മാത്രം. കുഞ്ഞൂട്ടിയേട്ടൻ ആത്മധൈര്യം ഒഴിച്ച്  ഈ ദൈവങ്ങളുടെ മറ്റ് ഗുണങ്ങളെല്ലാം പങ്കുവെക്കുന്നയാളാണ്. ആ ആത്മധൈര്യമില്ലായ്കക്ക് പിന്നിൽ അയാളുടെ ആത്മശുദ്ധിയും ഉയർന്ന മാനവികതയും കൂടി ഉണ്ട് താനും.ഇതെല്ലാം പരിഗണിക്കുമ്പോൾ മൂകസാക്ഷിയിലെ കുഞ്ഞൂട്ടിയേട്ടന് അയാളുടെ ആത്മഗതത്തിലെ ഒരു വാക്യം കൊണ്ട് ബിജു നൽകിയിരിക്കുന്ന അധിക മാനം വളരെ ഗംഭീരമാണെന്ന് കാണാം.നാടകകൃതിയിൽ ( രചിത പാഠത്തിൽ) സംവിധായകൻ ഇടപെടുന്നതിന് ഞാൻ തീർത്തും എതിരാണ്.എന്നാൽ 'മൂകസാക്ഷി'യിൽ സംവിധായകൻ നടത്തിയിരിക്കുന്ന ഈ ഇടപെടൽ എന്നെ അത്യധികം ആഹ്ലാദിപ്പിക്കുന്നു.

Wednesday, November 9, 2016

ഏത് ഭാഷ സംസാരിക്കണം?

'പൊലയാടിമോനേ ,നമ്മള് സംസാരിക്കുന്നതു പോലെ സംസാരിക്കെടാ,ഞാനാ പറയ്ന്ന് ' അരുൺകാംബ്ലേ എന്ന മറാത്തി കവിയുടെ ഒരു  കവിതയിലെ കുട്ടിയോട് മുതുകിൽ പാരമ്പര്യത്തിന്റെ ഭാരവുമായി അവന്റെ ഉള്ളിൽ കഴിയുന്ന മുത്തച്ഛൻ അലറുന്നു. നെയ് തേച്ച് മിനുക്കിയ ഉച്ചിക്കുടുമയുമായി ക്ലാസിലെത്തുന്ന ബ്രാഹ്മണനായ അധ്യാപകൻ ഇതേ കുട്ടിയോട് 'മണ്ടാ, ഭാഷ ശരിയായി ഉപയോഗിക്കൂ' എന്ന് പറയുന്നു.
Which Language should I speak ? എന്ന ശീർഷകത്തിൽ പ്രിയ ആധാർകർ ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയ ഈ കവിതയിലെ കുട്ടി നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ് : 'ഏത് ഭാഷയാണ് ഞാൻ സംസാരിക്കേണ്ടത്?'
കവിതയിലെ മുത്തച്ഛൻ ഉപയോഗിക്കുന്ന ഭാഷയും അധ്യാപകൻ ഉപയോഗി ക്കുന്ന ഭാഷയും വിരുദ്ധകോണുകളിൽ നിൽക്കുന്ന രണ്ട് അനുഭവലോ കങ്ങ ളെയും സംസ്‌കാരങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.അവയ്ക്കു പിന്നിലെ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കിയെങ്കിലേ ഏത് ഭാഷയാണ് സ്വീകാര്യം എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പരിസരങ്ങളിലേക്ക് ചെന്നെത്താനാവുകയുള്ളൂ.
ഇന്ത്യൻ ഭാഷകളിൽ ഓരോന്നിലെയും പദങ്ങളുടെ പദവി,ഓരോ പദത്തിന്റെ യും ശരിയായ രൂപം, ശരിയായ ഉച്ചാരണം ഈ വക കാര്യങ്ങളിൽ അവസാ നവാക്ക് പറയുന്നതിനുള്ള അധികാരം കയ്യാളിയിരുന്നത് അതാത് ഭാഷകൾ സംസാരിക്കുന്നവരുടെ സമൂഹത്തിൽ ജാതീയമായും സാമ്പത്തികമായും മേൽക്കോയ്മ നേടിയിരുന്നവരാണ്.കീഴാളരുടെ ഭാഷ അവരുടെ ജീവിത പരിതോവസ്ഥകൾ പോലെ തന്നെ പല തലങ്ങളിലും നിറം കെട്ടും മുരടിച്ചുമാണ് ഇരുന്നിരുന്നത്. പരമ ദരിദ്രരായിരിക്കുമ്പോഴും അവർ ആടുകയും പാടുകയും അതിലൂടെ ജീവിതത്തിലെ ഇല്ലായ്മകൾക്ക് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തിയതായി സ്വയം വിശ്വസി പ്പിക്കുകയും ചെയ്തിരുന്നു.തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതമയമായ ജീവിതത്തിനു പകരം മറ്റൊരു ജീവിതം സാധ്യമാണ് എന്നതിനെ കുറിച്ച് അവർ കാര്യമായി ആലോചിച്ചിരുന്നില്ല.അങ്ങനെ ആലോചിക്കാനുള്ള പ്രേരണ യുണ്ടാകുന്ന ബൗദ്ധിക പരിസരത്തിലല്ല അവരുടെ ജീവിതം നിലനിന്നിരുന്ന ത്.ഈ ആലോചനയില്ലായ്കയും അജ്ഞതയുമാണ് അനേകം അനീതികൾക്ക് ഇരയായിക്കൊണ്ടിരുന്ന സ്വജീവിതത്തെ അവർക്ക് സഹ്യമാക്കിത്തീർത്തത്.
ഭാഷയുടെ കാര്യത്തിലും ഈ പരിമിതിയുണ്ടായിരുന്നു.അവരുടെ അനുഭവ ങ്ങൾ അവർത്തന സ്വഭാവമുള്ളതും അതിന്റെ  ഭൗതികപരിസരങ്ങൾ മിക്ക പ്പോഴും വൈവിധ്യരഹിതവുമായിരുന്നു.  ദൈനജീവിതവ്യവഹാരങ്ങൾക്കപ്പുറത്തേക്ക് ചെല്ലുന്ന ബൗദ്ധിക വ്യവഹാ രങ്ങളും ദാർശനികപ്രശ്‌നങ്ങളും അവരുടെ മാനസികജീവിതത്തിന്റെ ഭാഗമാ യിരുന്നില്ല.അതൊക്കെക്കൊണ്ട് ഭാഷയിലൂടെ ആവിഷ്‌ക്കരിക്കേണ്ടുന്ന അനുഭവങ്ങൾക്ക് പരിമിതികളുണ്ടായിരുന്നു. 'അടിത്തട്ടിലുള്ളവരുടെ ഭാഷ വലിയ സാധ്യതകളെ അനുവദിക്കുന്നുണ്ടെങ്കിലും അത് അമൂർത്ത കല്പ നകളെക്കാൾ അധികമായി  വിവരണാത്മകസ്വഭാവമുള്ള പരികല്പ നകളിലേക്ക് കൂടുതൽ കൂടുതലായി ചായുന്നതാണെന്ന്' ബ്രിട്ടീഷ് സാമൂഹ്യ ശാസ്ത്രകാരനും ഭാഷാശാസ്ത്രകാരനുമായ ബാസിൽ ബേസ്റ്റീൻ (Basil Berstein) നിരീക്ഷിച്ചിട്ടുണ്ട്.തൊഴിലാളികളും കീഴ്ത്തട്ടിലുള്ളവരും  അധികമായി ഉപയോഗിക്കുന്നതും Restricted code എന്ന് ബാസിൽ പേരിട്ടതുമായ ഭാഷാ സ്വരൂപം സാമാന്യവൽക്കരണങ്ങളിലേക്ക് ചെല്ലുന്നതിനേക്കാൾ സവിശേഷ സ്വഭാവമുള്ള വസ്തുതകളും അനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്നതിലാണ് ഊന്നുന്നത്.അതിന്റെ വ്യാപന മേഖലയിൽ തൊഴിൽ കൊണ്ടും സാമ്പത്തി കസ്ഥിതി കൊണ്ടും അനുഭവങ്ങൾ കൊണ്ടും  ഏറെക്കുറെ തുല്യനിലയിലു ള്ളവരാണ് ഉള്ളതെന്നതുകൊണ്ട് പല കാര്യങ്ങളും നേരത്തെ എല്ലാവർക്കും അറിയുന്നതാണല്ലോ എന്ന മുൻധാരണയോടെയാണ് ആ ഭാഷ പ്രയോഗി ക്കപ്പെടുന്നത്.സൂചനകൾക്കും ധ്വനിപ്രയോഗങ്ങൾക്കും പഞ്ഞമുണ്ടാ വില്ലെങ്കിലും അത് അമൂർത്തവൽക്കരണത്തെ കഴിവതും അകറ്റി നിർത്തും.
ഉപരിവർഗത്തിൽ പെട്ട സവർണരുടെ ഭാഷയ്ക്കുമുണ്ടായിരുന്നു പല പരിമിതികളും. നേരിട്ടുള്ള അധ്വാനത്തിൽ നിന്നും അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നുമെല്ലാം അകന്നു കഴിയുന്നവരായിരുന്നു അവർ.ആഹാരം, ,വസ്ത്രം,പാർപ്പിടം എന്നീ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിൽ അല്പമായ വേവലാതികൾ പോലും അവരെ അലട്ടിയിരുന്നില്ല.കൂടുതൽ കൂടുതൽ സുഖങ്ങളും സൗകര്യങ്ങളും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനെ പറ്റിയേ അവർക്ക് ആലോചി ക്കേണ്ടിയിരുന്നുള്ളൂ.. ഋതുക്കൾ പ്രകൃതിയിലും ജീവിതത്തിന്റെ ഭൗതിക പരിസരങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പാടത്ത് പണിയെടുക്കുന്ന ഒരാൾക്കുണ്ടാവുന്ന അറിവ് സമ്പന്നരുടെ അറിവിന്റെ പതിന്മടങ്ങായി രിക്കും.നാടൻകലകളുടെയും കളികളുടെയും ലോകവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും അടിത്തട്ടിലുള്ളവർ എത്രയോ മുന്നിലായിരിക്കും. ഈ വക കാര്യങ്ങളിലുള്ള സമ്പന്നരുടെ ഇല്ലായ്മകൾ അവരുടെ ഭാഷയിലും പ്രതിഫലിച്ചിരിക്കുന്നതായി കാണാം.
ശ്രോതാവിനോട് വളരെ അരികെ നിന്ന് സംസാരിക്കുന്ന അനുഭവം നൽകുന്നതിനു പകരം സാമാന്യ നിർദ്ദേശങ്ങളും വൈയക്തികതയുടെ സ്പർശമില്ലാത്ത വിവരണങ്ങളും നൽകുന്നതു പോലെയാണ് മേൽത്തട്ടുകാരുടെ ഭാഷ പ്രവർത്തിച്ചത്.അമൂർത്താശയങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനും വളരെ വേഗം സാമാന്യവൽക്കരണങ്ങളിലേക്ക് നീങ്ങുന്നതിനും സമർത്ഥമായിരുന്നു അത്. ആ ഭാഷയ്ക്ക് സ്പ്ർശിക്കാൻ സാധിച്ചിരുന്ന വിഷയങ്ങളും അനുഭവങ്ങളും ആശയങ്ങളും കീഴ്ത്തട്ടുകാരുടെ ഭാഷയെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു.
കീഴാളരുടെ ജീവിതം നിലനിന്നിരുന്ന പരിസരങ്ങളുടെ ശോച്യാവസ്ഥയും ആ ജീവിതങ്ങളെ വിടാതെ പിടികൂടിയിരുന്ന സംഘർഷാത്മകതയും അവരുടെ ഭാഷയിൽ ലളിതകോമളകാന്ത പദാവലികൾക്കു പകരം പരുക്കൻ പദങ്ങൾക്കും പ്രയോഗങ്ങൾക്കും ഇടം നൽകിയതിൽ അത്ഭുതമില്ല.അവരുടെ സാഹിത്യത്തിലെയും കലകളിലെയും ആവിഷ്‌ക്കാരങ്ങൾ  തികച്ചും അവിദഗ്ധമായും  വിരൂപമായും മേലാളർക്ക് അനുഭവപ്പെട്ടിരിക്കാം.അ വയൊക്കെയും തീരെ നിലവാരം കുറഞ്ഞവയാണെന്നും ഭാവുകത്വത്തിന്റെ താഴെ തട്ടിൽ നിൽക്കുന്നവർക്കു മാത്രമേ അവ സുന്ദരമായി അനുഭവപ്പെ ടുകയുള്ളൂ എന്നും അവർ വിധിക്കുകയും ചെയ്തു.തങ്ങൾ മൂല്യം കൽപിക്കുന്ന സാഹിത്യരചനകളിലും മറ്റ് കലാസൃഷ്ടികളിലും എത്രയെ ണ്ണമുണ്ട് ഉയർന്ന ഭാവുകത്വത്തെയും സാംസ്‌കാരിക ഔന്നത്യത്തെയും സാക്ഷ്യപ്പെടുത്തുന്നവയായി എന്ന് അവർ ആലോചിച്ചതുമില്ല.
                                   ഭാഷയിലെ ജനാധിപത്യം
രാജാധിപത്യത്തിനും നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനും ശേഷം ജനാധിപത്യത്തിന്റെ യുഗത്തിലേക്ക് നാം പ്രവേശിച്ചതോടെ ഭാഷയിൽ നിലനിന്നിരുന്ന അസമത്വങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യപ്പെട്ടുതുടങ്ങി. തങ്ങളുടെ സാമൂഹ്യപിന്നോക്കാവസ്ഥ സ്വയം വിളിച്ചറിയിക്കുന്നതിനായി കീഴാളർ ഉപയോഗിച്ചിരുന്ന വാക്കുകൾ ഒന്നൊന്നായി അപ്രത്യക്ഷമായി ത്തുടങ്ങി. ജാതി,മതം,തൊഴിൽ.സാമൂഹ്യപദവിയിലെ അന്തരം,പ്രദേശം  ഇവയുടെ അടിസ്ഥാനത്തിൽ നിലനിന്നിരുന്ന ഭാഷാഭേദങ്ങൾ അപ്പാടെ ഇല്ലാതായില്ലെങ്കിലും ആശയാവിഷ്‌കാരത്തിനും വിനിമയത്തിനുമായി എല്ലാവർക്കും ഉപയോഗിക്കാവുന്നതെന്ന പൊതുസമ്മതി നേടിയ മാനകഭാഷ ശക്തിപ്പെട്ടു.ഈ ഭാഷ അസമത്വങ്ങളെ മൂടിവെക്കുക മാത്രമാണ് ചെയ്യുന്നത് എന്നു പറഞ്ഞാൽ തികച്ചും തെറ്റല്ലെങ്കിലും ആ പ്രസ്താവം പൂർണമായും ശരില്ലെന്നതിലും സംശയമില്ല.മാനകഭാഷ  അസമത്വങ്ങൾക്കെതിരെ മനുഷ്യർക്കിടയിൽ ഐക്യപ്പെടലിന്റെ മനോഭാവവും സമത്വബോധവും  ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.ഈ യാഥാർത്ഥ്യത്തെ അവഗണിച്ചു കൊണ്ടു മാത്രമേ ഭാഷാഭേദങ്ങളെയെല്ലാം കരുതലോടെ പരിരക്ഷിക്കണമെന്നും ക്ലാസ്മുറികളിലെ ഉപയോഗത്തിലൂടെ അവയുടെ നഷ്ടപ്പെട്ടുതുടങ്ങിയ ആരോഗ്യം വീണ്ടെടുക്കണെന്നും പറയാനാവൂ.ലിപികൾ ഇല്ലാത്തതും പുതിയ തലമുറ ദൈനംദിന പ്രയോഗത്തിൽ മിക്കവാറും കയ്യൊഴിഞ്ഞതുമായ ആദിവാസിഭാഷകളെ വീണ്ടെടുത്ത് ആദിവാസികളായ വിദ്യാർത്ഥികൾക്ക് ആ ഭാഷയിൽ തന്നെ വിദ്യാഭ്യാസം നൽകണമെന്ന്  വാദിക്കുന്നതിൽ അടങ്ങിയിരിക്കുന്ന അപകടത്തെ കുറിച്ചുകൂടി ആലോചിക്കേണ്ടതുണ്ട്.അത് ആദിവാസികളിൽ ആത്മാഭിമാനം വളർത്തുന്നതിലാണോ അതല്ല അവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിലാണോ കലാശിക്കുക എന്ന കാര്യത്തെ കുറിച്ച് ബന്ധപ്പെട്ടവർ പിടിവാശികൾ ഏതുമില്ലാതെ ഉത്തരവാദിത്വബോധത്തോടെ പഠനം നടത്തണം. .
ഒന്നാം ക്ലാസിലെത്തുന്ന ആദിവാസിക്കുട്ടികൾ തങ്ങൾ വീട്ടിൽ ഉപയോഗിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമായ ശുദ്ധമലയാളം കേട്ട് അമ്പരക്കുന്ന അവസ്ഥ തീർച്ചയായും ഉണ്ടാകും.ഈ കുട്ടികൾക്ക് അവരുടെ പാട്ടും കഥകളും അവരുടെതായ ഭാഷയിൽ പാടാനും പറയാനും ഉള്ള അവസരം ഉണ്ടാകണം.അതേ സമയം അവർ ഏത് സമൂഹത്തിന്റെ ഭാഗമാണോ ആ സമൂഹത്തിലെ മഹാഭൂരിപക്ഷവും എഴുതാനും വായിക്കാനും പറയാനും ഉപയോഗിക്കുന്ന ഭാഷ പ്രധാനഭാഷയായി പഠിക്കുകയും വേണം.മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവർ മലയാളം കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെയും ഭാഷയല്ല എന്ന കാര്യം ഓർക്കാറേയില്ല,മലയാളികൾക്ക് മലയാളത്തിൽ പഠിക്കാൻ അവസരം ലഭിക്കുന്നതു പോലെ ആദിവാസികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാനും അവസരം വേണം എന്ന് ശക്തിയായി വാദിക്കുന്നവർ ചില പ്രധാന വസ്തുതകൾ  ഓർമിക്കുക തന്നെ വേണം.ആദിവാസി ഭാഷകൾക്ക് ലിപിയില്ല,ആദിവാസഭാഷകൾ മിക്കതും ആദിവാസികൾ തന്നെ വീട്ടിനകത്തും അവരുടെ കൂട്ടായ്മകളിലും മാത്രമേ ഉപയോഗിക്കാറുള്ളൂ. നിത്യജീവിതത്തിൽ എത്രയോ തവണ പുറത്തുള്ളവരുമായി ആശയവിനിമയം സാധിക്കേണ്ടപ്പോഴെല്ലാം സ്വന്തം ഭാഷയെ അവർക്ക് മാറ്റി നിർത്തേണ്ടി വരുന്നുണ്ട്.
പണ്ട് സ്വസമുദായത്തിനു പുറത്ത് തങ്ങളുടെ ജന്മിമാരുമായി മാത്രം ആശയവിനമയം നടത്തേണ്ടി വന്നിരുന്ന കാലത്ത് ഭാഷാപ്രശ്‌നം അവരെ കാര്യമായി അലട്ടിയിട്ടുണ്ടാവില്ല.കാലം മാറി.വ്യാപാരികൾ,രാഷ്ട്രീയ പ്രവർത്തകർ,സഞ്ചാരികൾ,ഡോക്ടർമാർ,സർക്കാരുദ്യോഗസ്ഥന്മാർ,സാമൂഹ്യപ്രവർത്തകർ എന്നിങ്ങനെ പല തരക്കാരുമായി അവർക്ക് ബന്ധപ്പെടേണ്ടി വരുന്നുണ്ട്.അപ്പോഴെല്ലാം അവർക്ക് മലയാളത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.തങ്ങളുടെ ഭാഷയിലെ ചില പദങ്ങളും ഉച്ചാരണത്തിലെ ചില സവിശേഷതകളും നിലനിർത്തിക്കൊണ്ടു തന്നെ അവർ തൃപ്തികരമായി ആശയവിനിമയം നടത്തുന്നുമുണ്ട്.അവരുടെ പുതിയ തലമുറയാണെങ്കിൽ തങ്ങളുടെ ഗോത്രഭാഷ മിക്കവാറും മറന്ന മട്ടാണ്.ചില പാട്ടുകൾ,കഥകൾ,ആചാരാനുഷ്ഠാനുങ്ങളുമായും തങ്ങളുടേത് മാത്രമായ ജീവിതാനുഭവങ്ങളുമായും ബന്ധപ്പെട്ട ഏതാനും പദങ്ങൾ മലയാളത്തിന് പുറത്ത് ഇത്രയുമേ പല ആദിവാസിയുവജനങ്ങളും പ്രയോഗിച്ചു കാണുന്നുള്ളൂ.
വസ്തുത ഇതാണെങ്കിലും ആദിവാസിക്കുട്ടികൾക്ക് തങ്ങൾ വീട്ടിനകത്ത് ഉപയോഗിച്ചു വരുന്ന ഭാഷയെയും തങ്ങളുടെ പാട്ടുകളെയും കഥകളെയും കളികളെയും കുറിച്ച് അധമബോധം ഉണ്ടാവുന്ന ഒരു സാഹചര്യം സ്‌കൂളിനകത്ത് ഉണ്ടാവാൻ പാടില്ലാത്തതാണ്.അവർക്ക് അവരുടെ ഭാഷ ഉപയോഗിക്കാനും അവരുടെ പാട്ട് പാടാനുമൊക്കെയുള്ള സൗകര്യം സ്‌കൂളിൽ തന്നെ ലഭിക്കണം.പ്രൈമറി ക്ലാസുകളിൽ ദിവസവും ഒരു മണിക്കൂറെങ്കിലും അതിനു വേണ്ടി നീക്കിവെക്കണം. ഒരു സ്‌കൂളിൽ രണ്ടോ മൂന്നോ ആദിവാസിവിഭാഗങ്ങളിലുള്ള കുട്ടികൾ ഉണ്ടാവുകയും അവരുടെ എണ്ണം വളരെ കുറവായിരിക്കുകയും ചെയ്യുകയാണെങ്കിൽ ഓരോ വിഭാഗത്തിന്റെയും ഭാഷ ക്ലാസ് മുറിയിൽ പ്രയോഗിക്കുന്നതിനുള്ള അവസരം നിത്യവും ഉണ്ടാക്കിക്കൊണ്ടിരിക്കുക എന്നത് എത്രത്തോളം പ്രായോഗികമാവും എന്ന പ്രശ്‌നമുണ്ട്.എന്തായാലും സ്വന്തം ഭാഷയ്ക്ക് സ്‌കൂളിലും ഒരു ഇടമുണ്ട് എന്ന തോന്നൽ അവർക്ക് ഉണ്ടാവുക തന്നെ വേണം.ഹൊസ്‌കൂൾ തലം കഴിയുന്നതു വരെയെങ്കിലും ഇതിനുള്ള അവസരം അവർക്ക് ലഭിക്കണം.അങ്ങനെ വന്നു കഴിഞ്ഞാൽ തങ്ങളുടെ ഭാഷയെ ചൊല്ലി അവർക്ക് അധമബോധമുണ്ടാവാനുള്ള സാധ്യത നന്നേ കുറയും.മലയാളഭാഷ അവരുടെ ജീവിത പരിസരങ്ങളിൽ നിലനിന്നു വരുന്ന ഒന്നായതുകൊണ്ടും സ്‌കൂളിലെ സഹപാഠികളിൽ ഏറെ പേരും ആ ഭാഷ സംസാരിക്കുന്നവർ ആയതുകൊണ്ടും മലയാളം മാധ്യമമായുള്ള പഠനത്തിൽ അവർക്ക് വലുതായ ബുദ്ധിമുട്ടുണ്ടാവുകയുമില്ല.ആദിവാസികൾ കാലാകാലമായി നേരിട്ടു വരുന്ന അവഗണനയ്ക്കും വഞ്ചനക്കുമുള്ള പരിഹാരങ്ങൾ ക്ലാസ്മുറികൾക്ക് പുറത്തു തന്നെയാവാണ് ഉണ്ടാവേണ്ടത്.ക്ലാസ് മുറിയിലായിരിക്കുമ്പോഴും സ്‌കൂളിലെ കലാകായിക  പരിപാടികളിൽ പങ്കെടുക്കുമ്പോഴും അവർക്ക് ഏതെങ്കിലും തര ത്തിലുള്ള പകപ്പ് അനുഭവപ്പെടാതിരിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തു ന്നതിന്റെ ഉത്തരവാദിത്വം  മാത്രമേ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ആസൂത്ര കർക്കും അധ്യാപകർക്കും ഏറ്റെടുക്കാനാവുകയുള്ളൂ.
( ജനശക്തി വാരിക )


മേലത്ത് മാഷ്

1968-70 കാലത്ത് പയ്യന്നൂർ കോളേജിൽ മേലത്ത് മാഷുടെ ശിഷ്യനായിരുന്നു ഞാൻ.അക്കാലത്ത് എം.ആർ.ചന്ദ്രശേഖരൻ,എം.കേശവ പട്ടേരി,മേലത്ത് ചന്ദ്രശേഖരൻ എന്നിവരായിരുന്നു കോളേജിലെ മലയാളം അധ്യാപകർ.മൂന്ന് പേരുടെയും അധ്യാപനശൈലി വളരെ വ്യത്യസ്തമായിരുന്നു.എം.ആർ.സി മാഷ് ഏത് കഥയും കവിതയും പഠിപ്പിച്ചിരുന്നത് അതിനെ സാമൂഹ്യരാഷ്ട്രീയ സംഭവങ്ങളുമായും ആശയങ്ങളുമായും ഏതെങ്കിലും തരത്തിൽ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു.പൊതുവേദിയിൽ അദ്ദേഹം നടത്തിയിരുന്ന ഓജസ്സുറ്റ പ്രസം ഗങ്ങളുടേതിൽ നിന്ന് സാരമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല അദ്ദേഹ ത്തിന്റെ അധ്യാപന ശൈലിക്ക്.എം.ആർ.സിയുടെ ഓരോ ക്ലാസ് കഴിയുമ്പോഴും പുതിയ ഒരാർജവം കൈവന്നതു പോലെ തോന്നും ഓരോ വിദ്യാർത്ഥിക്കും.പട്ടേരി മാഷ് വളരെ അച്ചടക്കത്തിൽ ഓരോ കാര്യവും വളരെ വ്യക്തതയോടെ പറഞ്ഞ് പാഠത്തിനു പുറത്തേക്ക് വലിയ സ്വതന്ത്ര സഞ്ചാര ങ്ങൾക്ക് മുതിരാതെയാണ് ക്ലാസ്സെടുത്തിരുന്നത്.മൊത്തത്തിൽ നല്ല ചിട്ടയും വെടിപ്പുമുള്ള ക്ലാസുകൾ.മേലത്ത് മാഷാണ് ഏറ്റവും പുതിയ സാഹിതീയ ഭാവുകത്വത്തിന്റെ ചൂരും ചൂടും തെളിച്ചങ്ങളും ക്ലാസ്മുറിയിൽ എത്തിക്കുന്നതിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്.
അസ്തിത്വവാദത്തെ കുറിച്ചും എഴുത്ത് എഴുതുന്നയാൾ തന്റെ സർഗാത്മ കതയുടെ ആവിഷ്‌കാരത്തിൽ സാക്ഷാത്കരിക്കുന്ന സർവതന്ത്ര സ്വാതന്ത്ര് യത്താൽ സുന്ദരമായിത്തീരേണ്ടതിനെക്കുറിച്ചും കവിത മനുഷ്യ ജീവിത ത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കേണ്ടതിനെ കുറിച്ചുമെല്ലാം പ്രത്യേക മായൊരു പാകത്തിൽ അല്പമായ  സ്‌ത്രൈണത കലർന്ന ശബ്ദത്തിൽ  രൂപകാത്മകമായ ഭാഷയിലാണ് മേലത്ത് ക്ലാസെടു ത്തിരുന്ന ത്.വിദ്യാർത്ഥി കളുടെ ഭാവുകത്വത്തെ അടിമുടി നവീകരിക്കാനും സാഹിത്യത്തെ ഉപകരണയുക്തിയോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം അകലേക്കകലേക്ക് കൊണ്ടുപോവാനും സദാ ജാഗരൂക നായിരിക്കാനുള്ള ഉത്തരവാദിത്വം ആഹ്ലാദപൂർവം ഏറ്റെടു ത്തതുപോ ലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
കവികളിൽ പി , വൈലോപ്പിള്ളി എന്നിവരെയാണ് അദ്ദേഹം കൂടെക്കൂടെ പരാമർശിച്ചിരുന്നത്. അയ്യപ്പപണിക്കർ,എൻ.എൻ.കക്കാട്,സുഗതകുമാരി തുടങ്ങിയ അന്നത്തെ പുതുകവികളും ഇടക്കിടെ കടന്നു വരും.കാമു,കാഫ്ക, സാർത്ര ് .ലൂയി പിരാൻഡലോ തുടങ്ങിയ പേരുകൾ ആദ്യമായി കേട്ടത് മേലത്തിന്റെ ക്ലാസിൽ നിന്നാണ്.മലയാളത്തിലെ കഥാകാരന്മാരോടും നാടകകാരന്മാരോടുമൊന്നും അല്പവും അനാദരവ് കാണിച്ചിരുന്നില്ലെങ്കിലും മേലത്ത് മാതൃകകളായി ഉയർത്തിക്കാട്ടിയത് യൂറോപ്യൻ എഴുത്തു കാരെ യായിരുന്നു.1968- 70 കാലത്തെ ഒരു മലയാളം അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിൽ വളരെ കൂടുതലായിരുന്നു മേലത്ത് വൈദേശിക സാഹിത്യത്തിലെ പല ധാരകളെയും കുറിച്ച് വിദ്യാർത്ഥികൾ നൽകിയ വിവരങ്ങൾ.കേവലം വിവരവിതരണം  എന്ന നിലക്കല്ല ലോക സാഹിത്യ വുമായി ആത്മബന്ധം സ്ഥാപിക്കാനുള്ള ആവേശകരമായ പ്രേരണകളാ യിത്തന്നെയാണ് വിദ്യാർത്ഥികൾക്ക് അവ അനുഭവപ്പെട്ടത്.അവയെ അങ്ങനെ ആക്കിത്തീർക്കുന്ന സർഗാത്മക സൗന്ദര്യമുണ്ടായിരുന്നു മേലത്തിന്റെ ക്ലാസുകൾക്ക്.
വിദ്യാർത്ഥിയായിരുന്ന എന്റെ രാഷ്ട്രീയം തന്റേതിന് നേരെ എതിർദിശയിലാണെന്ന് അറിഞ്ഞിട്ടും മേലത്ത് വ്യക്തിബന്ധത്തിൽ അണുപോലും അകൽച്ച കാണിച്ചിരുന്നില്ല.ഏതാനും മാസങ്ങൾക്കു മുമ്പ് ഞാൻ സംസാരിക്കേണ്ടിയിരുന്ന ഒരു സാഹിത്യസമ്മേളനത്തിൽ അസുഖം കാരണം എനിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ സംഘാടകർ തലേ ദിവസം മാത്രം ബന്ധപ്പെട്ടിട്ടും എന്റെ പകരക്കാരനായി ചെന്ന് സംസാരിക്കാൻ വിനീതനും ഉദാരമനസ്‌കനുമായ ഈ അധ്യാപകൻ തയ്യാറായി.
പ്രീഡിഗ്രി രണ്ടാം വർഷത്തിന്റെ അവസാനം എന്റെ ഓട്ടോഗ്രാഫിൽ മേലത്ത് കുറിച്ചു തന്നത്
'പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ
പറവേ, പാരം ധന്യമാകട്ടെയപാരത!'
എന്ന വരികളാണ്.കടന്നുപോയ നാലര പതിറ്റാണ്ടു കാലത്തിനിടയിൽ ഈ വരികൾ ഞാൻ എത്ര വട്ടം നിശ്ശബ്ദമായി ഉരുവിട്ടിട്ടുണ്ടെന്ന് പറയാനാവില്ല.
ആത്മാവിനെ പക്ഷിയായി സങ്കല്പിക്കുന്ന രീതി പല ജനവംശങ്ങൾക്കും ഉള്ളതാണ്.ശരീരത്തിന്റെയും ജീവനോടെ ഇരിക്കുമ്പോൾ ഒരു മനുഷ്യനെ വലയം ചെയ്യുന്ന ബൗദ്ധികവും അല്ലാത്തതുമായ നാനാതരം വ്യവഹാരങ്ങളുടെയും കെട്ടുപാടുകളിൽ നിന്ന്  മരണത്തോടെ ആത്മാവ് സ്വതന്ത്രമാവുന്നുവെന്ന്  ആത്മാവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാൾക്ക് തീർച്ചയായും സങ്കൽപിക്കാം.ആ സങ്കൽപത്തെ തൽക്കാലത്തേക്ക് കടം വാങ്ങി പ്രിയപ്പെട്ട മേലത്ത് മാഷുടെ ആത്മാവിന് അദ്ദേഹം ഒരിക്കൽ എനിക്ക് തന്ന ആശംസ  തിരിച്ചു നൽകാൻ ഇപ്പോൾ എനിക്ക് തോന്നിപ്പോവുന്നു.
'പറന്നു പറന്നു നീ പോവുക സ്വാതന്ത്ര്യത്തിൻ
പറവേ, പാരം ധന്യമാകട്ടെയപാരത!'
(പടയാളി സമയം മാസിക നവംബർ 2016)


Sunday, October 30, 2016

പുരാവൃത്തത്തിന്റെ പൊരുൾ

പുരാവൃത്തങ്ങളുടെ അർത്ഥം കണ്ടെത്താൻ പഠിപ്പിക്കുന്ന പുസ്തകം സാധാ രണ ഗതിയിൽ ഒരു വായനക്കാരനെ വികാരം കൊള്ളിക്കാൻ സാധ്യത യില്ല.പ ക്ഷേ, ഫ്രഞ്ച് നരവംശശാസ്ത്രകാരൻ  ക്ലോഡ് ലെവിസ്‌ട്രോസിന്റെ Myth and Meaning  എന്നെ ബൗദ്ധികമായി ഉണർത്തിയതിനേക്കാളേറെ വൈകാരിക മായി സ്പർശിക്കുകയാണ് ചെയ്തത്.ഇക്കാര്യം നാടകീയതകളേതുമില്ലാതെ പറയു ന്നതിൽ അപാരമായ ആഹ്ലാദം അനുഭവപ്പെടുന്നുണ്ട്.
മിത്ത് പൗരാണിക മനുഷ്യരുടെ ജീവിതത്തിൽ ഇടപെട്ടതിന്റെ ശാസ്ത്രീ യത,മിത്തും ചരിത്രവും തമ്മിലും മിത്തും സംഗീതവും തമ്മിലും ഉള്ള ബന്ധം, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ആധാരമായി വർത്തിക്കുന്ന യഥാർത്ഥ ജീവിതയാഥാർത്ഥ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും കണ്ടെത്തൽ എന്നീ വിഷയങ്ങളെ കുറിച്ച് വളരെ ലളിതമായും സംഗ്രഹീതമായും  വിവരിക്കുന്ന അഞ്ച് ലഘു പ്രഭാഷണങ്ങൾ സമാഹരിക്കപ്പെട്ടിരിക്കുന്ന ഈ ചെറിയ  പുസ്ത കം ലെവിസ്‌ടോസിന്റെ മികച്ച സംഭവാനകളിൽ ഒന്നാണ്.കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ideas എന്ന പരമ്പരയിലാണ് ഈ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യപ്പെട്ടത്.സി.ബി.സിയുടെ പാരീസ് ബ്യൂറോവിൽ പ്രൊഡ്യൂ സറായിരുന്ന Carole Orr Jerome  ന്റെ ചോദ്യങ്ങളാണ് ലെവിസ്‌ട്രോസിന്റെ പ്രഭാഷണങ്ങളുടെ ഗതി രൂപപ്പെടുത്തിയത്.
ഈ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിലാക്കിയപ്പോൾ അതിന് ലെവിസ്‌ട്രോസ് എഴുതിയ ഹ്രസ്വമായ അവതാരികയിലെ ചില പ്രസ്താവനകൾ മാത്രം മതി ഈ ചിന്തകന്റെ മഹത്വവും മൗലികതയും സംശയാതീതമായി ബോധ്യപ്പെടു ത്താൻ. 'എന്റെ പുസ്തകങ്ങൾ  ഞാൻ എഴുതുന്നവയാണെന്ന ധാരണ എനിക്കില്ല.എന്നിലൂടെ എഴുതപ്പെടുന്നവയാണ് അവ എന്ന തോന്നലാ ണെനിക്ക്.ഒരിക്കൽ അവ എന്നെ കടന്നുപോയ്ക്കഴിയുന്നതോടെ ഞാൻ ശൂന്യനായിത്തീർന്നെന്നും എന്നിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും തോന്നും.'എന്ന് ലെവിസ്‌ട്രോസ് പറയുന്നു. തുടർന്ന് മിത്തുകൾ മനുഷ്യൻ അറിയാതെ മനുഷ്യമനസ്സിൽ വിഭാവനം ചെയ്യപ്പെടുകയാണെന്ന് പ്രസ്താവിച്ച ശേഷം സ്വന്തം കൃതികളുമായി തനിക്കുള്ള ബന്ധത്തെ താൻ എങ്ങനെ നിരീക്ഷിക്കുന്നു എന്നതിനെ ആധാരമാക്കിയാണ് ആ വിധം പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.. 'എന്റെ കൃതികൾ എന്റെ ഉള്ളിൽ ഞാനറിയാതെ മനനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്' എന്ന് പറയുന്ന ലെവിസ്‌ട്രോസ് ആ പ്രസ്താവനയ്ക്ക്  വ്യക്തത വരുത്താനായി   ' വ്യക്തിഗത സ്വത്വം വൈകാരിക തലത്തിൽ അനുഭവിക്കുന്നത് ഒരിക്കലും തന്റെ  പ്രത്യക്ഷബോധത്തിന്റെ ഭാഗമായിരുന്നിട്ടില്ലെന്നും എന്തോ ഒരു സംഗതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഇടമായിട്ടാണ് താൻ സ്വയം മനസ്സിലാക്കുന്ന'തെന്നും കൂട്ടിച്ചേർക്കുന്നു.ചില തൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന  നാൽക്കവല മാത്രമാണ് നാം ഓരോരുത്തരുമെന്നും നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അത്രയും തന്നെ പ്രാമാണികവും എന്നാൽ വ്യത്യസ്തവുമായ മറ്റു ചിലത് മറ്റൊരിടത്ത് സംഭവിക്കുന്നുണ്ടെന്നും ലെവിസ്‌ട്രോസ് തുടരുന്നു.ഈ പറച്ചിലുകളൊന്നും സാധാരണ ചിന്തകരിൽ നിന്നും എഴുത്തുകാരിൽ നിന്നും,അവർ എത്രയേറെ അംഗീകൃതരും ആദരിക്കപ്പെടുന്നവരും ആയാൽ തന്നെ, നമുക്ക് പ്രതീക്ഷിക്കാനാവില്ല.പ്രപഞ്ചചലനങ്ങളുടെ അടിസ്ഥാനവുമായുള്ള ബൗദ്ധികവും വൈകാരികവുമായ ഐക്യപ്പെടലിൽ നിന്നാണ് അവനവൻ ചെയ്യുന്ന പ്രവൃത്തികളെ പറ്റി ,അവ എത്ര വലുതെന്ന് ലോകം പറഞ്ഞാൽ തന്നെയും, പ്രത്യേകമായി അഭിമാനിക്കാൻ ഒന്നുമില്ല എന്ന ബോധത്തിൽ ഒരാൾ എത്തിച്ചേരുന്നത്.
മിത്തുകൾ പ്രാകൃത മനുഷ്യരെ സംബന്ധിച്ചിടത്തോളം എന്തായിരുന്നു എന്ന് വിശദീകരിക്കുന്നതിനിടയിൽ ഇങ്ങനെ ഉയർന്ന ധൈഷണികതയുടെയും ആത്മീയൗന്നത്യത്തിന്റെയും അടയാളങ്ങളായിട്ടുള്ള പല കണ്ടെത്തലുകളും നിരീക്ഷണങ്ങളും ലെവിസ്‌ട്രോസിൽ നിന്ന് ഉണ്ടാവുന്നുണ്ട്.
ക്രമം എന്നത് മനുഷ്യമനസ്സിന്റെ ഒരാവശ്യമാണെന്നും പ്രപഞ്ചം കുഴഞ്ഞു മറിഞ്ഞ ഒരവസ്ഥയല്ലെന്നും അതിൽ ഒരു ക്രമം പ്രവർത്തിക്കുന്നുണ്ടെന്നും മനുഷ്യമനസ്സ് പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമായതുകൊണ്ട് അതിനും സ്വാഭാവികമായും ഒരു ക്രമം ഉണ്ടാകുമെന്നും ലെവിസ്‌ട്രോസ് നിരീക്ഷിക്കു ന്നു.ആ ക്രമത്തിൽ നിന്നാണ് മിത്തുകൾ ഉണ്ടായിട്ടുള്ളത്.മിത്തുകൾ പല കഥാംശങ്ങൾ വെറുതെ കൂട്ടിക്കലർത്തിയ കഥകളല്ല.അവ അനുഭവങ്ങളെ അവയുടെതായ ക്രമത്തിൽ അടുക്കിവെച്ച് മനസ്സിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും പ്രാകൃത മനുഷ്യർ നടത്തിയ ശ്രമത്തിന്റെ ഉൽപന്നങ്ങളാണ്.
പ്രാകൃത മനുഷ്യരുടെ മനസ്സ് പ്രപഞ്ചത്തെ സമ്പൂർണമായി മനസ്സിലാക്കാനാണ് വെമ്പൽ കൊണ്ടത്.ഒറ്റയടിക്ക് അങ്ങനെ സമഗ്രമായി മനസ്സിലാക്കുക എന്നത് ശാസ്ത്രീയമായ ചിന്തയുടെ രീതിയല്ല. അത് ഒരു പ്രശ്‌നത്തെ പലതായി ഭാഗിച്ച് ഓരോ ഭാഗത്തെയും മനസ്സിലാക്കിക്കൊണ്ട,് ഓരോയിടത്തെയും സംശയ ങ്ങളും സങ്കീർണതകളും പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ചെയ്യുക.ശാസ്ത്രീയ ചിന്തയിലൂടെ കൈവരുന്ന അറിവ് ഉപയോഗിച്ച് നമുക്ക് പ്രകൃതിക്കുമേൽ ആധിപത്യം നേടാം.മിത്തിലൂടെ അത് സാധ്യമാ വില്ല.പ്രകൃ തിയിലെ പിടികിട്ടായ്കകൾക്ക് പരിഹാരം കണ്ടെത്തിയതായുള്ള മിഥ്യാബോധവും സംതൃപ്തിയുമാണ് മിത്തുകൾക്ക് നൽകാനാവുക.
മിത്തുകളുടെ ഘടന ദ്വന്ദ്വാത്മക വൈരുധ്യത്തെ ആശ്രയിക്കുന്നതായി ലെവിസ്‌ട്രോസ് കണ്ടെത്തി. മനുഷ്യൻ യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതു തന്നെ ദ്വന്ദാത്മക വൈരുധ്യത്തെ ആധാരമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.ദ്വന്ദാത്മക വൈരുധ്യം എന്ന ആശയം പരിചിതമായിത്തീരുന്നതിനു മുമ്പ് മിത്തുകളുടെ അടിത്തട്ട് കാണാനുള്ള കാഴ്ചശക്തി നമുക്കുണ്ടാ യിരുന്നില്ല.ശാസ്ത്രീയമായ ചിന്ത ഇന്ന് എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് മിത്തുകളെ മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് പ്രദാനം ചെയ്തിരി ക്കുന്നത്.നേരത്തെ വസ്തുക്കളുടെയും അനുഭവങ്ങളുടെയും ഭൗതികമായ അളവുകളും പ്രത്യേകതകളും ശാസ്ത്രീയ വീക്ഷണത്തിന്റെ ആധാരം.പിൽക്കാ ലത്ത് യാഥാർത്ഥ്യത്തിന്റെ പരിമാണത്തോടൊപ്പം ഗുണപരമായ വശങ്ങളെ കൂടി ശാസ്ത്രം അതിന്റെ അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഭാഗമാക്കി.അതോടെ മിത്തുകളുടെ ധർമത്തെയും പ്രവർത്തനത്തെയും ശാസ്ത്രീയമായിത്തന്നെ ഗ്രഹിക്കുന്നതിനുള്ള മാനസിക പരിപാകം നമുക്ക് കൈവന്നു.മിത്തുകളെ  അർത്ഥശൂന്യമെന്നും അസംബന്ധമെന്നും വിധിച്ച് തള്ളുന്നതിനു പകരം മനുഷ്യൻ അവയിലൂടെ ഏതൊക്കെ സമസ്യകൾക്കാണ് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നതെന്ന് മനസ്സിലാക്കുകയാണ് യുക്തിസഹമെന്ന് ഇന്ന് നമുക്കറിയാം.

അർത്ഥത്തിൽ വൈഭിന്ന്യം പുലർത്തുന്നതും അതേ സമയം ചില തലങ്ങളിൽ അല്ലെങ്കിൽ ഗുണവിശേഷങ്ങളിൽ പരസ്പരം പൊരുത്തപ്പെടുന്നതുമായ വസ്തുക്കളുടെയോ പദങ്ങളുടെയോ പരികൽപനകളുടെയോ ദ്വന്ദങ്ങളെയാണ് ദ്വന്ദാത്മക വൈരുധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.ഇടത്/വലത്, താഴെ/ മുകളിൽ എന്നിങ്ങനെയുള്ള ഈ വൈരുധ്യങ്ങളിലൂടെ യാണ്.ഭാഷ, സംസ്‌കാ രം,രാഷ്ട്രീയം എന്നിവയെല്ലാം പ്രവർത്തിക്കുന്നത് .വലതിനെ ഒരു വശത്ത് നിർത്തിക്കൊണ്ട് മാത്രമേ നമുക്ക് ഇടതിനെ കുറിച്ച് പറയാനാവൂ.കുള്ളൻ ഉണ്ടെങ്കിലേ ഉയരം കൂടിയ ആൾ ഉള്ളൂ.തിന്മയുമായുള്ള താരതമ്യത്തി ലൂടെയാണ് നന്മയെ വേറിട്ട് തിരിച്ചറിയാനാകുന്നത്.ഒരു പ്രശ്‌നത്തിൻറ നിർധാരണത്തിനും ഒരു സംശയത്തിന്റെ നിവാരണത്തിനുമെല്ലാം അതിൽ അടങ്ങിയിരിക്കുന്ന വൈരുധ്യത്തെ തിരിച്ചറിയണം.തങ്ങൾക്ക് പിടി തരാതി രിക്കുന്ന  ഓരോ വൈരുധ്യത്തെയും  മറ്റൊരു വൈരുധ്യത്തെ എതിർ നിർത്തി പരിഹരിക്കുന്ന രീതിയാണ് മിത്തുകളിൽ പ്രാചീന മനുഷ്യർ അവലം ബിച്ചതെ ന്ന് ലെവിസ്‌ട്രോസ് വിശദമാക്കുന്നു.
                                  തെക്കൻകാറ്റും തിരണ്ടിയും
എന്ത്,എങ്ങനെ എന്നൊന്നും മനസ്സിലാക്കാനാവാത്ത പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യാനുഭവങ്ങളെത്തന്നെയും  മറ്റുചില പ്രതിഭാസങ്ങളുടെ പ്രവൃത്തി കൊണ്ടും ഒറ്റപ്പെട്ട ചില യാദൃച്ഛിക സംഭവങ്ങൾകൊണ്ടും ഉണ്ടായതായി മനസ്സിലാക്കുകയാണ് പ്രാചീന മനുഷ്യർ പലപ്പോഴും ചെയ്തത്.തങ്ങളെ കുഴക്കിയ ഒരു യാഥാർത്ഥ്യത്തിന് ന്യായീകരണം കണ്ടെത്താനും അതിനെ അപഗ്രഥിക്കാനും  അവർ പ്രയോജനപ്പെടുത്തിയത് ആ യഥാർത്ഥ്യത്തിന് സമാനമായി തങ്ങൾ കണ്ടെത്തിയ മറ്റൊരു യാഥാർത്ഥ്യത്തിന്റെ ഭാഗമായുള്ള വൈരുധ്യങ്ങളെ തന്നെയാണ് .ഇക്കാര്യം വിശദീകരിക്കാൻ പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള ഒരു മിത്തിനെ ലെവിസ്‌ട്രോസ് ഉദാഹരിക്കുന്നു.മനുഷ്യനും മൃഗങ്ങളും പൂർണമായും തമ്മിൽ വേർതിരിയുന്നതിനു മുമ്പുള്ള കാലത്താണ് സംഭവം നടക്കുന്നത്.അക്കാലത്ത് സദാ സമയവും കടലിൽ നിന്ന് തെക്കൻകാറ്റ് വീശികൊണ്ടിരിക്കുന്നുണ്ടായിരുന്നു.മനുഷ്യർക്ക് മീൻപിടിക്കാൻ പോവാനും കടലോരത്ത് ഞണ്ടിനെയും മറ്റും പിടിക്കാനും വലിയ പ്രയാസമാ യിരുന്നു.ഒടു വിൽ കാറ്റിനെ എതിരിട്ട് മര്യാദ പഠിപ്പിക്കാൻ തന്നെ അവർ തീരുമാ നിച്ചു.തുടർന്ന് വലിയ ഒരു പര്യവേക്ഷണം തന്നെ നടന്നു.ഒരുപാട് അർധമനുഷ്യ രും അർധമനുഷ്യേതരജീവികളും അതിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തിരണ്ടി മത്സ്യമാണ് തെക്കൻ കാറ്റിനെ  കീഴടക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്.എല്ലായ്‌പ്പോഴും വീശിക്കൊണ്ടിരിക്കില്ലെന്നും ഇടവിട്ട്,അല്ലെങ്കിൽ ചില കാലങ്ങളിൽ മാത്രമേ മേലിൽ വീശുകയുള്ളൂ എന്നും സമ്മതിച്ചതിനു ശേഷമേ തിരണ്ടി തെക്കൻ കാറ്റിനെ തന്റെ പിടിയിൽ നിന്ന് വിട്ടുള്ളൂ.അന്നു മുതൽ വർഷത്തിൽ ഒരു പ്രത്യേക കാലത്ത് അല്ലെങ്കിൽ രണ്ടു ദിവസത്തിൽ ഒരിക്കലേ കാറ്റ് വീശുന്നുള്ളൂ.മറ്റുള്ള സമയത്ത് മനുഷ്യർക്ക് സൗകര്യം പോലെ മീൻപിടിക്കാൻ പോവാം.
ഈ മിത്തിൽ പറഞ്ഞിരിക്കുന്ന സംഗതി സംഭവിച്ചതല്ലെന്നും മനുഷ്യൻ സൃഷ്ടിച്ചെടുത്ത കഥ മാത്രമാണെന്നും ആർക്കും മനസ്സിലാവും.നമുക്ക് അന്വേഷിക്കാനുള്ളത് ഈ കഥയിൽ എന്തുകൊണ്ട് തെക്കൻ കാറ്റും തിരണ്ടിയും കഥാപാത്രങ്ങളായി വന്നു എന്നുള്ളതാണ്.തിരണ്ടി പരസ്പരവിരുദ്ധമായ ഗുണവിശേഷങ്ങളോടു കൂടിയ ഒരു മീനാണ്. മുതുകത്ത് പരുപരുപ്പും താഴെ വഴുവഴുപ്പുമാണതിന്.മുകളിൽ നിന്നും താഴെ നിന്നും നോക്കിയാൽ അതൊരു വലിയ മീനാണ്.പക്ഷേ,വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ അത് വളരെ നേർത്തതാണ്.തിരണ്ടിയുടെ ഈ പ്രത്യേകതയാണ് മറ്റ് ജീവികളുമായി പോരാടേണ്ടി വരുമ്പോൾ അതിനു സഹായകമായിത്തീരുന്നത്.തിരണ്ടിയെ അതിന്റെ വലിയ ആകാരം കണക്കിലെടുത്ത് എളുപ്പത്തിൽ വെടിവെക്കാ മെന്ന് വെച്ച് ഉന്നം പിടിക്കുമ്പോഴേക്കും അത് അതിന്റെ ബാഹ്യാകൃതി മാത്രം വെളിപ്പെടത്തക്കവിധത്തിൽ തിരിയുകയും വഴുതി മാറുകയും ചെയ്യും.
തിരണ്ടിയുടെ ഈ വക ശേഷികളും പ്രത്യേകതകളുമാണ് തെക്കൻ കാറ്റിനെ വരുതിയിലാക്കുന്ന കൃത്യം അതാണ് നിർവഹിച്ചതെന്ന് പറയാൻ മിത്ത് മിർമിച്ച മനസ്സുകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.അനുഭവാധിഷ്ഠിതമായ വീക്ഷണം സ്വീകരിക്കുകയാണെങ്കിൽ നിസ്സംശയമായും തെറ്റും അസാധ്യവുമാണ് ഒരു മീൻ കാറ്റിനെ കീഴടക്കി  എന്നു പറയുന്നത്. പക്ഷേ, മനുഷ്യർ അനുഭവങ്ങളിൽ നിന്ന് കടം കൊണ്ട ബിംബങ്ങൾ ഉപയോഗിക്കു ന്നതിന്റെ യുക്തി മനസ്സിലാക്കാവുന്നതേ ഉള്ളൂ എന്ന് ലെവിസ്‌ട്രോസ് പറയുന്നു.പുരാവൃത്തപരമായ ചിന്തയുടെ മൗലികത എന്നു പറയുന്നതു തന്നെ ഇതാണെന്ന് അദ്ദേഹം തുടരുന്നു.പരികൽപനകളെ ആധാരമാക്കിയുള്ള ചിന്തയിലൂടെയാണ് കേവലമായ പ്രയോഗിക ബുദ്ധിയെയോ അനുഭവ ജ്ഞാനത്തെയോ ആധാരമാക്കിയല്ല അത് പ്രപഞ്ചത്തിലെ പ്രശ്‌നങ്ങളെയും സങ്കീർണതകളെയും എതിരിടുക. ദ്വന്ദാത്മക വൈരുദ്ധ്യത്തിന്റെ പ്രയോ ക്താവായ(Binary Operator) ഒരു ജീവിയെ ദ്വന്ദാത്മക വൈരുദ്ധ്യമുള്ള ഒരു പ്രശ്‌നത്തിന്റെ പരിഹാരത്തിന്നായി തിരഞ്ഞെടുക്കലാണത്.തെക്കൻ കാറ്റ് നിത്യവും വീശിക്കൊണ്ടിരുന്നാൽ മീൻപിടുത്തക്കാർക്ക് പിന്നെ ജീവിതം തന്നെ അസാധ്യമാവും.അതേ സമയം കാറ്റ് ദിവസങ്ങളുടെ ഇടവേളയിൽ മാത്രം അല്ലെങ്കിൽ ഒരു സീസണിൽ മാത്രം വീശുകയും അല്ലാത്തപ്പോൾ അടക്കം കാണിക്കുകയും ചെയ്താൽ പ്രശ്‌നം തീർന്നു.ഈ മട്ടിലുള്ള ഒരു യാഥാർത്ഥ്യ ത്തെ നേരിടാൻ തീർത്തും വ്യത്യസ്തമായ രീതിയിലും തരത്തിലും വൈരുദ്ധ്യത്തെ തന്റെ ശരീരത്തിന്റെയും പ്രവൃത്തികളുടെയും ഭാഗമാക്കിയ ഒരു ജീവിയെ തിരഞ്ഞെടുത്ത പ്രാചീനമനുഷ്യനിൽ യുക്തിയും ഭാവനയും വളരെ സജീവമായ ഒരു പാകത്തിൽ കൂടിച്ചേർന്നു പ്രവർത്തിച്ചുവെന്നത് അത്ഭുതവും ആദരവും ഉണ്ടാക്കുന്ന സംഗതിയാണ്.
                                       ചില നിരീക്ഷണങ്ങൾ
മനുഷ്യാവസ്ഥയെ കുറിച്ചും നമ്മുടെ ജ്ഞാനവും അനുഭവങ്ങളും എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയെ കുറിച്ചും അസാധാരണമായ ഉൾക്കാമ്പുള്ള പല നിരീക്ഷണങ്ങളും 'Myth and Meaning'ൽ ഉണ്ട്. അവയിൽ ഏറ്റവും ഗംഭീരവും മൗലികവുമായി തോന്നിയ ചിലത് മാത്രം ചൂണ്ടിക്കാണിക്കാം:
1.    ഭൂമിയിലെ ജീവിതം എന്ന അടിസ്ഥാന പ്രതിഭാസത്തിൽ നിന്ന് ഭിന്നമല്ലാത്ത ഒന്നാണ് നമ്മുടെ മനസ്സിലും സംഭവിക്കുന്നത് എന്ന തിരിച്ചറിവിൽ  നാം എത്തിച്ചേരുകയാണെങ്കിൽ,അതായത് ഒരു വശത്ത് മനുഷ്യനും മറുവശത്ത് മൃഗങ്ങളും ചെടികളുമായുള്ള നിൽപിൽ ഒരു വിടവ് യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല എന്ന ബോധ്യത്തിലേക്ക് നാം നയിക്കപ്പെടുകയാണെങ്കിൽ നമ്മുടെ കഴിവിന്റെ പരമാവധിയിൽ വരുന്നതായി സാധാരണ കരുതി പ്പോരുന്നതിന്  അപ്പുറമുള്ള ജ്ഞാനം നമുക്ക് കൈവരുമെന്ന് ലെവിസ്‌ടോസ് പറയുന്നുണ്ട്.ജീവികൾക്കും മനുഷ്യർക്കും പ്രകൃതിപ്രതിഭാസങ്ങൾക്കും ഇടയിൽ ഒരു ക്രമവും ബന്ധവും പരസ്പരാശ്രിതത്വവും നിലനിൽക്കു ന്നുണ്ടെന്ന് തിരിച്ചറിയണമെന്നും ജ്ഞാനത്തിന്റെ പരമോന്നതാവസ്ഥ അതു തന്നെയാണെന്നുമാണ് ലെവിസ്‌ട്രോസ് ഇവിടെ മറ്റു ചില വാക്കുകളിൽ  പറഞ്ഞു വെക്കുന്നത്.പൗരാണിക മനുഷ്യമനസ്സിന്റെ വ്യവഹാരങ്ങളെ കുറിച്ചുള്ള നിരന്തര പഠനവും പുരാവൃത്തങ്ങളുടെ അപഗ്രഥനവും ഒരാളെ അങ്ങനെയൊരുൾക്കാഴ്ചയിൽ  എത്തിക്കുന്നതിൽ അത്ഭുതമൊന്നുമില്ല.
2.    എഴുത്തുവിദ്യയും പുരാവസ്തുശേഖരണവും ഇല്ലാതിരുന്ന സമൂഹ ങ്ങളിലെ മനുഷ്യർ ഭാവിയെ ആകാവുന്നിടത്തോളം വർത്തമാനവും ഭൂതവുമായി സത്യസന്ധതയോടെ പൊരുത്തപ്പെട്ടു പോവുന്ന താക്കി ത്തീർക്കുന്നതിനു വേണ്ടിയാണ് മിത്തുകളിലൂടെ ശ്രമിച്ചത്.ഇന്നിപ്പോൾ മിത്തോളജിയുടെ സ്ഥാനം ചരിത്രം ഏറ്റെടുത്തിരിക്കുന്നു.നമുക്കാണെങ്കിൽ ഭാവി വർത്തമാനവും ഭൂതവുമായി പൊരുത്തപ്പെട്ടു പോവുക എന്നതല്ല വ്യത്യസ്തമാവുക,കൂടുതൽ കൂടുതൽ വ്യത്യസ്തമാവുക എന്നതാണ് ആവശ്യം.എങ്കിലും മിത്തോളജിക്കും ചരിത്രത്തിനും ഇടയിൽ ഉള്ളതായിക്കരുതുന്ന വിടവ് നമുക്ക് മിക്കവാറും ഇല്ലാതാക്കാ നാവും.ചരിത്രത്തെ മിത്തോളജിയുടെ ഒരു തുടർച്ചയായിട്ടു തന്നെ ഗ്രഹിക്കാൻ നമുക്ക് കഴിയണമെന്നു മാത്രം.
3.    പ്രാചീന മനുഷ്യരെ സംബന്ധിച്ചിടത്തോളം മിത്തുകൾ ചരിത്രവും ശാസ്ത്രവും പ്രപഞ്ചവ്യാഖ്യാനവും എല്ലാമായിരുന്നു.കാലം മാറുകയും വിവിധ വിജ്ഞാന ശാഖകൾ വേറിട്ട് വികസിച്ചു വരികയും ചെയ്തു.ചരിത്രവും മിത്തും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചൊക്കെ ഇന്നിപ്പോൾ നമുക്ക് കൃത്യമായി അറിയാം.മിത്തുകളുടെ ധർമങ്ങളും പ്രവർത്തനരീതികളും ഏറെക്കുറെ പൂർണമായി മനസ്സിലാക്കാൻ നുക്ക് കഴിഞ്ഞിരിക്കുന്നു.ആ നിലക്ക് ഇനി ചരിത്രവും മിത്തും തമ്മിൽ തൊട്ടു കൂടാത്ത സംഗതികളാണെന്ന് കരുതുന്നതിൽ അർത്ഥമില്ല.പ്രാക് ചരിത്രം സംബന്ധിച്ച ചില സംശയങ്ങൾക്കെങ്കിലും  മിത്തുകളിൽ നിന്ന് ഉത്തരം കിട്ടുമെന്നതിൽ സംശയിക്കാനേയില്ല.
4.    ഇക്കാലത്ത് നമ്മുടെ മുന്നിൽ ഭീഷണമായി ഉയർന്നു നിൽക്കുന്ന പ്രശ്‌നം അതിവിനിമയം( Over communication) ആണെന്ന് ലെവിസ്‌ട്രോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.ലോകത്തിന്റെ ഒരു ബിന്ദുവിലിരുന്ന് മറ്റുള്ള എല്ലാ ഇടങ്ങളിലും എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നറിയാനുള്ള ത്വരയുടെ അടിമകളാണ് നാം.
ഒരു സംസ്‌കാരത്തിന് യഥാർത്ഥത്തിൽ അതായി നിലനിൽക്കാനും സ്വന്തമായി എന്തെങ്കിലും ഉൽപാദിപ്പിക്കാനും കഴിയണമെങ്കിൽ ആ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് തങ്ങളുടെ മൗലികതയെപ്പറ്റി ഉറപ്പുണ്ടാവണം.ഒരു പരിധിവരെയെങ്കിലും തങ്ങൾ മറ്റുള്ളവരെക്കാൾ മുകളിലാണെന്ന ബോധവും അവർക്ക് കൈമുതലായി ഉണ്ടാവണം. വിനിമയം കുറവായിരിക്കുന്ന അവസ്ഥ( Under communication)യിൽ മാത്രമേ ഓരോ സംസ്‌കാരത്തിനും പുതുതായി എന്തെങ്കിലും ഉണ്ടാക്കാനാവൂ.എല്ലാ മൗലികതയും നഷ്ടപ്പെടുത്തി ക്കൊണ്ട് ലോകത്തിന്റെ ഏതുകോണിൽ നിന്നും ഏത് സംസ്‌കാരത്തിൽ നിന്നും എന്തും സ്വീകരിച്ച് ഉപഭോഗം നടത്തുന്ന കേവല ഉപഭോക്താക്കളായിരിക്കുക എന്ന സാധ്യതയാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത് എന്ന് ലെവിസ്‌ട്രോസ് ചൂണ്ടിക്കാണിക്കുന്നു.അതാണ് നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്യുന്നു.
വിനിമയം പരിമിതപ്പെടുത്തുക,ലോകത്തെ മുഴുവൻ അറിയാനും ലോകത്തോട് മുഴുവൻ സംവദിക്കാനുമുള്ള ആഗ്രഹത്തെ നിയന്ത്രിക്കുക എന്നീ കാര്യങ്ങളൊന്നും ഇന്നത്തെ ജീവിതാവസ്ഥയിൽ അഭിലഷണീയമായ സംഗതികളായി ആർക്കും അനുഭവപ്പെടുകയില്ല.അതേ സമയം ലെവിസ്‌ട്രോസ് പറഞ്ഞതു പോലുള്ള നഷ്ടവും നാശവും നാം അനുഭവിച്ചുകൊണ്ടി രിക്കുന്നുമുണ്ട്.നമ്മുടെ കാലത്ത ഏറ്റവും വലിയ വൈരുധ്യങ്ങളിലൊന്ന് അതാണെന്ന് പറയാം.
Myth and Meaning  എന്ന പുസ്തകത്തെ രൂപപ്പെടുത്തിയ പ്രഭാഷണങ്ങൾ ലെവിസ്‌ട്രോസ് നടത്തിയത് 1977 ഡിസംബറിലാണ്.1978 ൽ പുസ്‌കത്തിന്റെ ആദ്യപതിപ്പ് പുറത്തുവരികയും ചെയ്തു. ഈ പുസ്തകം അതിന്റെ ജീവിതം ആരംഭിച്ചിട്ട് നാല് ദശകത്തിൽ താഴെ മാത്രമേ ആയുള്ളൂവെങ്കിലും  ലെവിസ്‌ട്രോസ് അപ്പോഴേക്കും അരനൂറ്റാണ്ട് പിന്നിട്ടിരുന്ന തന്റെ നരവംശശാസ്ത്രപരമായ അന്വേഷണങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകളിൽ പ്രധാനപ്പെട്ടവ തന്നെയാണ് ഈ പ്രഭാഷണങ്ങളിൽ സംഗ്രഹിച്ചിരി ക്കുന്നത്.അതിന്റെ അർത്ഥം ഇത് അച്ചടിക്കപ്പെടുന്നതിനു മുമ്പേ ജീവിതം ആരംഭിച്ച പുസ്തകമാണ് എന്നു തന്നെയാണ്.ഉന്നതരായ ദാർശനികരുടെയും ചിന്തകന്മാരുടെയും രചനകളുടെ പ്രായം കണക്കാക്കേണ്ടത് അവരുടെ ധൈഷണികജീവിതത്തിന്റെ ആരംഭം മുതൽക്കാണ്.


Friday, October 21, 2016

വായനാവികൃതി


കൃതിക്ക് പൂർവനിശ്ചിതവും മാറ്റാൻ പറ്റാത്തതുമായ ഒരർത്ഥവുമില്ല,ഓരോ വായനക്കാരനും/വായനക്കാരിയും കൃതിയിൽ നിന്ന് സ്വന്തമായി അർത്ഥം ഉൽപാദിപ്പിക്കുകയാണ് ചെയ്തുവരുന്നത്, അതുകൊണ്ട് വായനയാണ് യഥാർത്ഥ സർഗവൃത്തി,അത് നിർവഹിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ആൾ മാത്രമാണ് എഴുത്തുകാരൻ/എഴുത്തുകാരി എന്നിങ്ങനെയുള്ള പറച്ചിലുകൾ ഈയിടെയായി ആവർത്തിച്ചാച്ചവർത്തിച്ച് കേട്ടു വരുന്നുണ്ട്.റൊളാങ് ബാർത്ത് 1967 ൽ എഴുതിയ  The death of the Author എന്ന പ്രബന്ധത്തെ പരാമർശിച്ചും  Reader -response theory അവതരിപ്പിച്ച സൈദ്ധാന്തികന്മാരെ ഉദ്ധരിച്ചും ഉദ്ധരിക്കാതെയുമൊക്കെയാണ് ഈ ആശയങ്ങൾ അവതരിപ്പിച്ചു വരുന്നത്.കൃതി വായനക്കാരിൽ ഉണ്ടാക്കുന്ന ബൗദ്ധികവും വൈകാരികവുമായ പ്രതികരണങ്ങൾ പ്രധാനമാണ്,ഒരു കൃതി എല്ലാ വായനക്കാരിലും ഒരേ അനുഭവം തന്നെ ഉണ്ടാക്കുമെന്ന് കരുതുന്നത് ശരിയല്ല എന്നൊക്കെയുള്ള വളരെ യുക്തിപൂർണമായ വാദങ്ങളിൽ നിന്ന് ബഹുദൂരം അകലേക്ക് പോയി വായനക്കാർ ഉണ്ടാക്കുന്നതിലും കവിഞ്ഞുള്ള ഒരർത്ഥവും കൃതിക്കില്ലെന്നും വായനയിൽ ഗ്രന്ഥകാരന്റെ ഉദ്ദേശ്യങ്ങൾ ഒന്നും തന്നെ വായനക്കാരന്റെ പരിഗണനയിലേ വരേണ്ടതില്ലെന്നും കൃതിയിൽ അങ്ങനെ ഏതെങ്കിലും അർത്ഥമോ ഉദ്ദേശ്യമോ നിക്ഷേപിച്ചു വെക്കാൻ എഴുത്തുകാരൻ/എഴുത്തുകാരി ശ്രമിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വായനക്കാർ ആലോചിക്കേണ്ടതേയില്ല എന്നും പറയുന്നതിന് എത്രത്തോളം നീതീകരണം സാധ്യമാവും എന്നതിനെ കുറിച്ചുള്ള ഉത്തരവാദിത്വപൂർണമായ ആലോചനകൾ നമ്മുടെ സാഹിത്യനിരൂപണത്തിന്റെ അടിയന്തിരാവശ്യങ്ങളിൽ ഒന്നായിത്തീർന്നിരിക്കയാണ്.
വായനക്കാർക്ക് ഒരു കൃതിയിൽ നിന്ന് യഥേഷ്ടം അർത്ഥോൽപാദനം നടത്താനാവും എന്നത് ഒരു തെറ്റിദ്ധാരണയാണ്.ഒറ്റ വായനയിൽ ഒരു കൃതിയുടെ എല്ലാ അർത്ഥതലങ്ങളിലേക്കും എല്ലാവർക്കും ചെന്നെത്താൻ കഴിയണമെന്നില്ല.ഇക്കാര്യത്തിൽ വായനക്കാർക്കിടയിൽ വലിയ അന്തരമുണ്ടാകും.ഒന്നിലധികം ഭാഷകളിലെ സാഹിത്യരചനകളുമായി നല്ല പരിചയമുള്ളവർക്ക്  ആദ്യവായനയിൽ തന്നെ ഒരു കൃതി എന്തൊക്കെ പറയാൻ ശ്രമിക്കുന്നു,ആ ശ്രമത്തിൽ കൃതി എത്രത്തോളം വിജയം കൈവരിച്ചിരിക്കുന്നു എന്ന് ഏറെക്കുറെ കൃത്യമായി മനസ്സിലാക്കാനാവും.വലിയ വായനാപരിചയം ഇല്ലാത്തവർക്കും മറ്റുള്ളവർ പറഞ്ഞു കേട്ടതു കൊണ്ടു മാത്രം ഒരു പുസ്തകം വായനക്കായി തിരഞ്ഞെടുക്കുന്നവർക്കും ഇത് സാധ്യമാവില്ല.അങ്ങനെയുള്ള ഒരു വായനക്കാരൻ/ വായനക്കാരി തനിക്ക് ഒന്നും മനസ്സിലായില്ല എന്ന് പോലും പറഞ്ഞേക്കും.അതല്ല, 'ഈ പുസ്തകം വളരെ ഗംഭീരമായിരിക്കുന്നു' എന്നാണ് പറയുന്നതെങ്കിൽ തന്നെ അത് ആധികാരികമായ ഒരഭിപ്രായപ്രകടനമാണ് എന്ന് മറ്റൊരാൾക്ക് ഉറപ്പിക്കാനുമാവില്ല.
സാഹിത്യകൃതികളെ വിശ്വസനീയമായ വിധത്തിൽ മൂല്യനിർണയം ചെയ്യും എന്ന് കരുതിപ്പോരുന്ന മാധ്യമങ്ങൾ ,നിരൂപകർ എന്നിവരുടെയും സാഹിത്യസ്ഥാപനങ്ങളുടെയും അവാർഡ് കമ്മറ്റികളുടെയുമൊക്കെ വിലയിരുത്തലുകൾക്ക് പൂർണമായും കീഴടങ്ങിക്കൊണ്ട് കൃതികളെ കുറിച്ച് അഭിപ്രായം പറയുന്ന വായനക്കാരുടെ എണ്ണം മലയാളത്തിൽ കൂടിക്കൂടി വരികയാണ്.അത്തരം വായന കൊണ്ട് വായിക്കുന്ന ആൾക്കോ സമൂഹത്തിനോ കാര്യമായ യാതൊരു പ്രയോജനവും ഉണ്ടാവില്ല.അവർ നിർവഹിക്കുന്നതായി ഭാവിക്കുന്ന അർത്ഥോൽപാദനം പരതന്ത്രമായിരിക്കുമെന്നതിലേറെ കൃത്രിമമായിരിക്കും.
വ്യാഖ്യാനത്തിലൂടെയാണ് എഴുത്തിലൂടെയല്ല ഒരു കൃതി നിർമിക്കപ്പെടുന്നത് എന്നത് ഒരതിവാദമാണ്.വായനക്കാർക്ക് വ്യാഖ്യാനത്തിനുള്ള പ്രേരണ സൃഷ്ടിക്കുന്ന ഒരു കൃതിയെ മാത്രമേ വായനക്കാർ ആ ആവശ്യത്തിന്നായി സമീപിക്കൂ. 'ഇതിൽ വിശേഷിച്ചൊന്നുമില്ലല്ലോ' എന്ന് തോന്നി ഭേദപ്പെട്ട വായനക്കാരിൽത്തന്നെ ബഹുഭൂരിപക്ഷവും ഉപേക്ഷിക്കുന്ന കൃതികളിൽ ചിലത് പിന്നീടൊരിക്കൽ ശ്രദ്ധേയമായ സാഹിത്യരചന എന്ന പരിഗണന നേടുന്ന അവസ്ഥയിലേക്ക് ഉയരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നത് ശരിയാണ്.പക്ഷേ,അതിന്റെ അർത്ഥം കൃതി സ്വന്തമായി ഒന്നും പറയുന്നില്ല വായനക്കാർ അവയെക്കൊണ്ട് ചിലത് പറയിപ്പിക്കുക മാത്രമാണ് എന്നല്ല.
                                പ്രസക്തിയുടെ പ്രശ്‌നം
രണ്ട് സാഹിത്യകൃതികളെ തമ്മിൽ താരതമ്യം ചെയ്ത് അവയിൽ ഏതാണ് മികച്ചത് എന്ന് തീരുമാനിക്കുക വായനക്കാരുടെ ആവശ്യമല്ല, ആ ജോലി വേണമെങ്കിൽ നിരൂപകന്മാർ ചെയ്തു കൊള്ളട്ടെ എന്ന് പറഞ്ഞു കേൾക്കാറുണ്ട്.കൃതികളുടെ താരതമ്യം വാസ്തവത്തിൽ വായനക്കാർ ഒരു ജോലി എന്ന നിലയിൽ ഏറ്റെടുക്കുന്നതല്ല.അത് വായനയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ്.ഏത് കൃതിക്കും എന്ത് അർത്ഥവും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്,അതുകൊണ്ട് എല്ലാ കൃതികളും എനിക്ക് ഒരു പോലെയാണ് എന്ന് പറയുന്ന വായനക്കാരനെ സത്യസന്ധനായ ഒരു വായനക്കാരനായി ആരും പരിഗണിക്കുകയില്ല.അത്തരത്തിൽ സമ്പൂർണമായും നിർമമനും നിഷ്പക്ഷനുമായി ഇരുന്നുകൊണ്ട് നിർവഹിക്കാവുന്ന പ്രവൃത്തിയല്ല വായന.ഒരു കൃതി തന്റെ അനുഭവങ്ങളെയും ഓർമകളെയും ആലോചനകളെയും ആഴത്തിൽ സ്പർശിക്കും വിധം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ആ കൃതിയോട് വായിക്കുന്നയാൾക്ക് കൂടുതൽ മമത തോന്നും.തന്റെ ബൗദ്ധിക നിലവാരത്തിന് വളരെ താഴെ നിൽക്കുന്ന ഒരു കൃതിയോട് ഒരു വായനക്കാരനും മതിപ്പ് തോന്നില്ല.എഴുത്തിൽ കടുത്ത കൃത്രിമത്വം പുലർത്തിയിരിക്കുന്ന രചനകൾ,ഒട്ടും തന്നെ ചരിത്രബോധം പുലർത്താത്ത കൃതികൾ,ഏത് ഗണത്തിൽ പെടുന്നുവോ ഭാഷയിൽ ആ പ്രത്യേകഗണം നേടിയിരിക്കുന്ന വളർച്ചയെ കുറിച്ച് അജ്ഞത പുലർത്തുന്ന കൃതികൾ ഇവയെയൊക്കെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നവർ തന്നെയാണ് നല്ല വായനക്കാർ.എഴുത്തുകാരൻ/എഴുത്തുകാരി നേടിയിരിക്കുന്ന ചിഹ്നമൂല്യത്തെ അൽപവും പരിഗണിക്കാതെ കൃതിയെ കുറിച്ച് അഭിപ്രായം സ്വരൂപിക്കാൻ അവർക്കു കഴിയും. ഒരു കൃതി എത്രത്തോളം മൗലികമാണ്, സാഹിത്യം എന്ന വ്യവഹാരം എത്തിനിൽക്കുന്ന അവസ്ഥയിൽ അത് അതിന്റെ പ്രത്യേകമായ പ്രസക്തി എത്രത്തോളം ബോധ്യപ്പെടുത്തുന്നുണ്ട് എന്നൊക്കെ അവർ തിരിച്ചറിഞ്ഞു കൊള്ളും.അപ്രസക്തമെന്ന് തങ്ങൾക്കു തോന്നുന്ന ഒരു കൃതിക്കു ചുറ്റം എന്തൊക്ക പരിവേഷങ്ങൾ ആരൊക്കെ ഉണ്ടാക്കിവെച്ചാലും അതിനൊന്നും അവർ ഗൗരവം കൽപിക്കുകയില്ല. ഈ കഴിവുകളൊന്നും വായനക്കാർക്ക് ഉണ്ടാകരുത് ,ഏത് കൃതിയെയും അർത്ഥത്തിന്റെ അനന്തവും വൈവിധ്യപൂർണവുമായ സാധ്യതകളുടെ സംഭരണി എന്ന നിലക്ക് അവർ കണ്ടുകൊള്ളണം എന്ന നിർദ്ദേശം അല്പമെങ്കിലും സാഹിത്യപരിചയവും ആത്മാഭിമാനവുമുള്ള ഒരു വായനക്കാരനും അംഗീകരിച്ചു കൊടുക്കുകയില്ല.  എങ്കിൽ പിന്നെ ഈ കോലാഹലങ്ങളെല്ലാം തികച്ചും നിരർത്ഥവും നിഷ്ഫലവുമാണോ?
ഏതെങ്കിലുമൊരു കൃതിക്ക് ഒന്നോ അതിലധികമോ ജീവിത വ്യാഖ്യാനങ്ങളെയും സന്ദേശങ്ങളെയും വികാരങ്ങളെയും യാതൊരു മാറ്റവും സംഭവിക്കാത്ത വിധം എക്കാലത്തേക്കുമായി അതിൽ സൂക്ഷിച്ചു വെക്കാനാവും എന്ന് കരുതുന്നത് നിസ്സംശയമായും തെറ്റാണ്.കാലം മാറുമ്പോൾ മനുഷ്യരുടെ ലോകബോധത്തിലും മൂല്യസങ്കൽപങ്ങളിലും മാറ്റം വരും. മനുഷ്യനെയും ഇതരജീവജാലങ്ങളെയും കുറിച്ചും നാനാതരം പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ച് ആകെത്തന്നെയുമുള്ള അവരുടെ അറിവിൽ വലിയ വർധനവുണ്ടാകും.പുതിയ രാഷ്ട്രീയാശയങ്ങളും ജീവിത ദർശനങ്ങളും അവരെ സ്വാധീനിക്കും.ഇതെല്ലാം പഴയ കൃതികളെ പുതിയ രീതിയിൽ സമീപിക്കാൻ അവരെ പ്രേരിപ്പിക്കും.ആധുനിക കാലത്തെ സാഹിത്യരചനകൾക്കു മാത്രമല്ല,പഴങ്കഥകൾക്കും പുരാവൃത്തങ്ങൾക്കുമെല്ലാം അവർ പുതിയ പാരായണ സാധ്യതകൾ കണ്ടെത്തും.ഒരു കാലത്ത് കൊണ്ടാടപ്പെട്ട കൃതികൾക്ക് സാഹിത്യചരിത്രപരമായ പ്രാധാന്യമൊഴിച്ച് മറ്റൊന്നും അവകാശപ്പെടാനില്ലെന്ന് അവർ കണ്ടെത്തിയേക്കും.ഒരിക്കൽ പുരോഗമനപരമെന്ന് വാഴ്ത്തപ്പെട്ട കൃതി യഥാർത്ഥത്തിൽ യാഥാസ്ഥിതികത്വത്തിന്റെ പക്ഷത്താണ് നിൽക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞേക്കും.വായനയിൽ ചരിത്രം ഇടപെടുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.കൃതികളുടെ അർത്ഥതലം നിശ്ചലമല്ലെന്നും അവ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ഈ അർത്ഥത്തിൽ പറയാം.അപ്പോഴും ബാക്കി നിൽക്കുന്ന ഒരു വസ്തുത എല്ലാ കൃതികളുടെ വായനയിലും ചരിത്രം ഒരേ അളവിൽ ഇടപെടുന്നില്ലെന്നതതാണ്.രാമചരിതതത്തിന്റെയോ കൃഷ്ണഗാഥയുടെയോ വായനയെ നവീകരിച്ചെടുക്കുന്നതിൽ വായനക്കാർക്ക് താൽപര്യമുണ്ടാവില്ല.അവയുടെ അർത്ഥതലത്തിന്റെ നവീകരണത്തിനുള്ള സാധ്യത വളരെ പരിമിതമാണ്.ഈഡിപ്പസിന്റെ കഥയ്ക്ക് പല വായനകൾ ഉണ്ടായിക്കഴിഞ്ഞു.വ്യത്യസ്തമായ അർത്ഥതലങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള വായനകൾ ഇനിയും ഉണ്ടായേക്കാനുള്ള സാധ്യതയെ സംശയിക്കാനുമില്ല.എന്നാൽ മറ്റു പല പുരാവൃത്തങ്ങളുടെയും പുനർവായനയിൽ ഈ സാധ്യത പ്രതീക്ഷിക്കാനാവില്ല.
കുമാരാനാശാന്റെ മിക്ക കൃതികളും ഏറ്റവും പുതിയ നിരൂപണസങ്കേതങ്ങളുടെയും വിവിധ ജ്ഞാനമേഖലകളിൽ സംഭവിക്കുന്ന വികാസങ്ങളുടെ ഫലമായി കൈവരുന്ന ഏറ്റവും പുതിയ അറിവുകളുടെയും സഹായത്തോടെ വീണ്ടും വീണ്ടും പഠിക്കപ്പെടുന്നുണ്ട്.ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികളുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.'ഖസാക്കിന്റെ ഇതിഹാസ'ത്തിന് എത്രയോ വ്യാഖ്യാനങ്ങളും വിമർശനങ്ങളും ഉണ്ടായി. 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും 'സ്മാരകശിലകളു'ം ഇപ്പോഴും നന്നായി വായിക്കപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി പഠനസ്വഭാവമുള്ളതോ വിമർശനാത്മകമോ ആയ വായനകൾ നന്നേ കുറച്ചേ ഉണ്ടായിട്ടുള്ളൂ.കാക്കനാടന്റെ വസൂരി,ഏഴാം മുദ്ര,ഉഷ്ണമേഖല തുടങ്ങിയ കൃതികളാകട്ടെ നിരൂപകരും ഗവേഷകരും മിക്കവാറും മറന്ന മട്ടായി.
എല്ലാ കൃതികളും പുതിയ പുതിയ പാരായണ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നില്ലെന്ന കാര്യം തീർച്ചയാണ്.സാഹിത്യചരിത്രത്തിൽ പ്രത്യേക പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന കൃതികളിൽത്തന്നെ പലതും കാലം കഴിയുന്നതോടെ പഠനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നവയായിത്തീരുന്നുണ്ട്.പുതിയ കാലത്തെ വായനക്കാരുമായി സംവദിക്കാനാവാത്ത വിധത്തിൽ അവയുടെ ഭാഷയും ഇതിവൃത്തവുമെല്ലാം പഴകിപ്പൂതലിച്ചു പോവുന്നുണ്ട്.അങ്ങനെ സംഭവിക്കാതെ അനേകനൂറ്റാണ്ടുകൾക്കു ശേഷവും പുതിയ വായനക്കാരോട് മനുഷ്യാവസ്ഥയെ കുറിച്ച് സംസാരിക്കാൻ ശേഷിയുള്ള കൃതികൾ,അവയെ ആശ്രയിച്ച് പുതിയ പാഠങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് നിലനിന്നു വരുന്നത് എന്നു പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല.അങ്ങനെ പാഠങ്ങൾ ഉൽപാദിപ്പിക്കാൻ പ്രേരണ നൽകുന്ന എന്തൊക്കെ ഘടകങ്ങളാണ് അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന അന്വേഷണം തികച്ചും പ്രസക്തമാണ്.
കഥകളിൽ നിന്നും കവിതകളിൽ നിന്നുമൊക്കെ ആർക്കും യഥേഷ്ടം പാഠങ്ങൾ നിർമിക്കാം,എല്ലാ പാഠങ്ങളും ഒന്നു പോലെ പ്രസക്തമാണ് എന്നുള്ള വാദം നിഷ്‌കളങ്കമോ യുക്തിഭദ്രമോ അല്ലെന്ന് അനായാസമായി സ്ഥാപിക്കാൻ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ ചില പാഠനിർമിതികളെ മാത്രം ആശ്രയിച്ചാൽ മതി. ഒരു കഥയിലെ കഥാപാത്രങ്ങളുടെ പേരിനെ മുൻനിർത്തി കഥ ഒരു മതത്തെ അനുകൂലിക്കുന്നതും മറ്റൊന്നിനെ നിന്ദിക്കുന്നതുമാണെന്ന് വിധിച്ചുകൊണ്ട് നടത്തുന്ന പാഠനിർമാണം ആശാസ്യമായ വായനയുടെ ഫലമല്ല.അത് അൽപമെങ്കിലും ഭേദപ്പെട്ട ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നുമില്ല. വായനയെ ആശാസ്യമെന്നും അല്ലാത്തതെന്നും വേർതിരിക്കുന്നതും ഭാവുകത്വത്തിന് നിലവാരം നിശ്ചയിക്കുന്നതുമെല്ലാം അനാവശ്യമാണെന്ന് വീറോടെ വാദിക്കാൻ ആളുകളുണ്ടായേക്കും. തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കുന്നതിനുള്ള ഉപായങ്ങൾ അവർ സമർത്ഥമായി പ്രയോഗിച്ചെന്നും വരും.പക്ഷേ,ഒരു കഥ ഏത് യാഥാർത്ഥ്യത്തെയാണ് ആവിഷ്‌കരിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് ഒറ്റ വായനയിൽത്തന്നെ തിരിച്ചറിയാമായിരുന്നിട്ടും ആ യാഥാർത്ഥ്യത്തെ പാടെ അവഗണിച്ച് വായനയിൽ കലക്കമുണ്ടാക്കാൻ എളുപ്പമുള്ള ഒന്നിനെ കഥയിൽ നിന്ന് കണ്ടെടുത്ത് അതിൽ ഊന്നിക്കൊണ്ട് നിരൂപണവും സംവാദവും സംഘടിപ്പിക്കാൻ ശ്രമിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ തെറ്റാണ്. ഒരു കഥ അവസാനിക്കുന്ന ഭാഗത്ത് സാധാരണ ജനങ്ങൾ നിലവിൽ അവരുടെ സ്വഭാവത്തിന്റെ ഭാഗമാക്കിത്തീർത്ത ബഹുമുഖമായ  ഉദാസീനതയെയും നിർമമതയെയും കരകയറേണ്ടതുണ്ട് എന്ന തോന്നലില്ലാതെ ലജ്ജാരഹിതമായി അവർ അനുഭവിച്ചു വരുന്ന നിസ്സഹായതയെയും ന്യായീകരിക്കാനെന്ന ഭാവത്തിൽ  അവരിലൊരാൾ തന്നെയായ കഥാപാത്രം 'അഹം ബ്രഹ്മാസ്മി, തത്വമസി' എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നുനീങ്ങുന്നത് വായിച്ച പാടെ 'ദാ,കഥാകൃത്ത് ദൈവവിശ്വാസത്തിലും ഹൈന്ദവദർശനത്തിലും അഭയം തേടുന്നു' എന്ന്  ഒരു നിരൂപകൻ വിളിച്ചു പറയുകയാണെങ്കിൽ അയാളുടെ വായന നിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമാണെന്ന് വിധിക്കാൻ ഒരു വായനാസിദ്ധാന്തവും തടസ്സമാകേണ്ടതില്ല.വലിയ സാഹിത്യപരിചയമൊന്നുമില്ലാത്ത സാധാരണവായനക്കാർ ആ കഥാസന്ദർഭത്തിലെ നർമത്തിലേക്കും സാമൂഹ്യവിമർശനത്തിലേക്കും വളരെ വേഗം എത്തിച്ചേരുകയും നിരൂപകനെന്ന് സ്വയം കരുതുന്ന ഒരാൾ സന്ദർഭം ഒട്ടുമേ അനുവദിക്കാത്ത മറ്റൊരു വഴിയിലേക്ക് ഓടിയിറങ്ങുകയും ചെയ്യുന്നതു കണ്ടാൽ അത് വിവരക്കേടാണെന്നു വിളിച്ചുപറയാൻ അൽപം പോലും സംശയിക്കേണ്ട കാര്യമേ ഇല്ല.
                    അസ്തിത്വവാദത്തിന്റെ തുടർച്ചയും മറ്റു ചിലതും
കൃതി എന്ന ഒന്നില്ല ,പാഠങ്ങൾ മാത്രമേ ഉള്ളൂ;പാഠങ്ങളുടെ ഉൽപാദനമാണ് കൃതിയെ സൃഷ്ടിക്കുന്നത് എന്ന ആശയം അവതരിപ്പിക്കുന്നവർ മിക്കവാറും ആദ്യം ഉദ്ധരിക്കുന്നത് റൊളാങ് ബാർത്തിനെയും മിഷേൽ ഫൂക്കോവിനെയും ആയിരിക്കും.തൊട്ടു പിന്നാലെ വരും ദെറീദ. 'പാഠത്തിന് ( പിന്നെ ലോകമാകുന്ന പാഠത്തിനും)  'രഹസ്യ'വും അന്തിമവുമായ ഒരർത്ഥം കൽപിച്ചുകൊടുക്കാൻ വിസമ്മതിക്കുന്നതിലൂടെ ദൈവശാസ്ത്രവിരുദ്ധമെന്നു വിളിക്കാവുന്നതും സത്യമായും വിപ്‌ളവകരവുമായ ഒരു പ്രവൃത്തിയെ സ്വതന്ത്രമാക്കി വിടുകയാണ് ചെയ്യുന്നത് 'എന്ന് ബാർത് തന്റെ ഗ്രന്ഥകാരന്റെ മരണം എന്ന ആശയത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പറയുന്നുണ്ട്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു പാഠത്തിന് ഗ്രന്ഥകാരനെ നൽകുക എന്നതിന്റെ അർത്ഥം ആ പാഠത്തിന്  പരിധി കൽപിക്കുക,അതിന് അന്തിമമായ ഒരു സൂചിതം നൽകുക,ആ എഴുത്തിനെ അടച്ചിടുക എന്നൊക്കെയാണ്.ഓരോ കൃതിയും പാഠങ്ങളുടെ,പാഠനിർമാണത്തിനുള്ള സാധ്യതകളുടെ അനന്തമായ ലീലയാണ് എന്ന് പറയുന്നത് കേൾക്കാൻ ഇമ്പമുണ്ടായേക്കാമെങ്കിലും പറയുന്ന അത്രയും ലാഘവത്തോടെ ഒരു കൃതിയും അങ്ങനെ പാരായണത്തിന് വഴങ്ങിക്കൊടുക്കില്ല എന്നതാണ് വസ്തുത.അവ ഉണ്ടായ കാലത്തെ ജീവിതബോധവും ആ കാലം ആവശ്യപ്പെട്ട ധർമങ്ങളുടെ ഏറ്റെടുപ്പും കൃതി നിർവഹിച്ചിട്ടുണ്ടാവും.അവയെ വിമർനബുദ്ധിയോടെ പരിശോധിക്കാനും അവയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ധാരണകളെയും താൽപര്യങ്ങളെയും വെളിപ്പെടുത്താനും പുതിയ വായനയിലൂടെ സാധിക്കും.അതിനപ്പുറത്ത് കൃതി എന്തെങ്കിലും സാധിക്കുന്നുണ്ടെങ്കിൽ അത് പ്രാഥമികമായും കൃതിയുടെ മികവ് കൊണ്ടു തന്നെയാണ്.
ബാർത്തിന്റെ 'The death of the Author' ലും ഫൂക്കോവിന്റെ    'What is an Author?'
ലും ആദ്യവായനയിൽ ഉണ്ടെന്നു തോന്നിയേക്കാവുന്ന സ്‌ഫോടനാത്മകത വാസ്തവത്തിൽ അവയ്ക്ക് അവകാശപ്പെടാനാവില്ല.ജീവിതത്തിന് പൂർവനിശ്ചിതമായ ഒരർത്ഥവുമില്ലെന്ന, മനുഷ്യൻ ജീവിതത്തിലൂടെ എന്തായിരുന്നുവോ അതു തന്നെയാണ് ജീവിതത്തിന്റെ സത്ത,അസ്തിത്വം സത്തയ്ക്ക് മുമ്പേ വരുന്നു (Existence preceeds Essence) എന്ന ആശയം അസ്തിത്വവാദികൾ നേരത്തെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ബുദ്ധിജീവിലോകത്തിന് അത് അതിപരിചിതമായിത്തീർന്നതിനു ശേഷമാണ് ഗ്രന്ഥകാരന്റെ മരണം ഉൽഘോഷിച്ച്, കൃതിക്ക് അചഞ്ചലവും പൂർവനിശ്ചിതവുമായ ഒരർത്ഥവുമില്ല,വായനയിലൂടെ നിർമിക്കപ്പെടുന്ന പാഠത്തിലൂടെയാണ് കൃതി ഉണ്ടാവുന്നത് എന്ന ആശയം മുന്നോട്ടു വെക്കപ്പെടുന്നത്.ഇതിനു പിന്നിൽ അസ്തിത്വവാദത്തിന്റെ കൂടി സ്വാധീനമുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട് 'The author does not precede the works' എന്ന ഫൂക്കോവിന്റെ വാക്യഖണ്ഡം.
കൃതിയുടെ അർത്ഥം ഓരോ വായനയിലും പുനർനിർമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതു മാത്രമാണ് എന്നു പറയുന്നത് ഏത് ആശയത്തിനും നിലപാടിനും താൽക്കാലികമായ നിലനിൽപ് മാത്രമേ ഉള്ളൂ,അത്രയേ ഉണ്ടാവേണ്ടതുള്ളൂ എന്ന് പറയുന്നതിനോട് ഏറെക്കുറെ തുല്യമാണ്. 'ചരിത്രം എന്ന ഒന്നില്ല,വ്യാഖ്യാനം മാത്രമേ ഉള്ളൂ' എന്ന ആശയം ഇതിന്റെ വകഭേദം മാത്രമാണ്.ചരിത്രം ഇല്ല,എല്ലാ ബ്രഹദാഖ്യാനങ്ങളും അപ്രസക്തമാണ്,ഗ്രന്ഥകാരൻ മരിച്ചു എന്നൊക്കെയുള്ള പ്രസ്താവങ്ങൾ രക്തബന്ധമുള്ളവയാണ്.ഒന്നു കൂടി ചുഴിഞ്ഞുനോക്കിയാൽ ഈ ആശയങ്ങളിൽ നിന്ന് അധ്യാപകർ പഠിപ്പിക്കേണ്ടതില്ല,ജ്ഞാനം വിദ്യാർത്ഥി സ്വന്തമായി നിർമിക്കേണ്ടതാണ്,അതിന് സഹായിയായി നിൽക്കുക എന്നത് മാത്രമാണ് അധ്യാപകന്റെ റോൾ എന്ന നിലപാടിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ് എന്ന് മനസ്സിലാവും.വ്യത്യസ്ത മേഖലകളിൽ ഒരേ കാലയളവിൽ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾക്കു തമ്മിൽ ഇങ്ങനെ സാഹോദര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതു പോലും പലർക്കും,വിശേഷിച്ചും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ വ്യവഹാരങ്ങളും വിപണിയോട് സൗഹൃദം പുലർത്തുന്നവയായിരിക്കണം എന്ന് വാദിക്കുന്നവർക്ക് തീരെ രസിക്കില്ല.

അടിക്കുറിപ്പ്: മലയാളത്തിലെ ആദ്യചെറുകഥയായ 'വാസനാവികൃതി'യുടെ നൂറ്റിരപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സമയമായതുകൊണ്ടു കൂടിയാവാം ഈ ലേഖനത്തിന് 'വായനാവികൃതി' എന്ന ശീർഷകം നൽകാമെന്നു തോന്നിയത്.
 


Saturday, October 1, 2016

പാഠങ്ങളാണോ കൃതി?


വായനക്കാരാണ് എഴുത്തുകാരല്ല കൃതികളുടെ യഥാർത്ഥ രചയിതാക്കളെന്നും വായനക്കാരിൽ ഓരോരുത്തരും താന്താങ്ങളുടെ സഞ്ചിത സംസ്‌കാരത്തിനും ഭാവുകത്വത്തിനും വ്യാഖ്യാനശേഷിക്കും അപ്പപ്പോഴത്തെ മാനസികാവശ്യങ്ങൾക്കും ഇണങ്ങും പടി കൃതികളിൽ നിന്ന് ഓരോരോ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയാണെന്നുമെല്ലാം പുതിയ കാലത്തെ പല സാഹിത്യസൈദ്ധാന്തികരും നിരൂപകരും പല മട്ടിൽ പറഞ്ഞു വെച്ചിട്ടുണ്ട്.കൃതി എന്ന ഒന്നില്ല.അത് വായനയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭിന്ന പാഠങ്ങൾക്കെല്ലാം കൂടി നൽകുന്ന പേര് മാത്രമാണ് എന്നിടം വരെ ഈ വാദം പോകും.ഒരു വശത്തു നിന്ന് നോക്കിയാൽ ഇത് നിഷ്‌കളങ്കവും അതീവ ദുർബലവുമായ ഒരതിവാദം മാത്രമാണ്.വായന പക്ഷേ തങ്ങൾ വാദിച്ചുറപ്പിതായി ഇവർ സങ്കൽപിക്കുന്ന സർവതന്ത്ര സ്വതന്ത്രമായ അർത്ഥോൽപാദന കേളിയല്ല.ആർക്കും എന്തും ഖനനം ചെയ്‌തെടുക്കാവുന്ന വിചിത്രഖനിയല്ല ഒരു പുസ്തകവും. 'സാഹിത്യകൃതികൾ വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് വായനയുടെ പല അടരുകൾക്ക് ഇടമുള്ള  വ്യവഹാരം നമുക്ക് സമ്മാനിക്കുന്നതിലൂടെയും    ഭാഷയുടെയും യഥാർത്ഥജീവിത്തിന്റെയും സന്ദിഗ്ധതകളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയുമാണ്.സാഹിത്യസൃഷ്ടികളെ വ്യത്യസ്തമായ രീതിയിൽ വായിക്കാൻ ഓരോ തലമുറയെയും അനുവദിക്കുന്ന കളിയിൽ നാം ഏർപ്പെടുന്നത്  കൃതിയുടെ ഉദ്ദേശ്യത്തോടുള്ള അഗാധമായ ബഹുമാനത്താൽ പ്രേരിതരായിട്ടു തന്നെയാവണം' എന്ന് ഉംബർട്ടോ എക്കോ പറയുന്നുണ്ട്.(On some functions of  Literature).അദ്ദേഹം എഴുതി: 'സാഹിത്യകൃതികളുടെ വായന വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തിനകത്തു നിന്നുകൊണ്ടു തന്നെ ആത്മാർത്ഥമായ കൃത്യനിർവഹണത്തിന്റെയും അഭിമാനത്തിന്റെയും അഭ്യസനം നിർവഹിക്കാൻ  നമ്മെ നിർബന്ധിക്കുന്നുണ്ട.്'
ഒരു സാഹിത്യകൃതിക്കും സ്ഥിത്യാത്മകമായ അർത്ഥമില്ലെന്നും ഓരോ കാലത്തും അവയുടെ അർത്ഥം മാറിക്കൊണ്ടിരിക്കുമെന്നും വാദിക്കുമ്പോൾ ഓരോ വായനക്കാരനും/വായനക്കാരിക്കും താന്താങ്ങൾക്ക് തോന്നും പടി എന്ത് അർത്ഥവും കൃതിക്കുമേൽ ആരോപിക്കാമെന്നാണ് അർത്ഥമാക്കുന്നതെങ്കിൽ ആ വാദത്തിനു പിന്നിൽ ഒട്ടും അഭിലഷണീയമല്ലാത്ത ഉത്തരവാദിത്വരാഹിത്യമാണ് പ്രവർത്തിക്കുന്നത് എന്ന്  ഉറപ്പിച്ചു തന്നെ പറയാം.ഒരു പ്രാചീന നാടകത്തിന്റെ ഇതിവൃത്തത്തിലേക്ക് നൂറ്റാണ്ടുകളുടെ ഇടവേളകൾക്കു ശേഷം, ചിലപ്പോൾ അതിലും ചെറിയ കാലയളവിനുള്ളിൽ തന്നെ, വന്നു ചേരുന്ന പുതിയ അർത്ഥങ്ങൾ ആരുടെയെങ്കിലും ഭ്രമകല്പനകളിൽ നിന്നോ തികച്ചും അയുക്തികമായ ചിന്തകളിൽ നിന്നോ സൗന്ദര്യശാസ്ത്രത്തിന്റെയോ മന:ശാസ്ത്രത്തിന്റെയോ ദാർശനികാന്വേഷണങ്ങളുടെയോ ഒന്നും പിന്തുണയില്ലാത്ത വ്യാഖ്യാനകേളികളിൽ നിന്നോ ഒരുവം കൊള്ളുന്നവയല്ല.പ്രപഞ്ചത്തെ കുറിച്ചും ജീവിതമെന്ന പ്രതിഭാസത്തെ കുറിച്ചും മനസ്സിന്റെ വ്യാപാരങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന് കൈവരുന്ന പുതിയ ബോധ്യങ്ങൾ പുതിയ അർത്ഥോൽപാദനത്തോടെയുള്ള പുതിയ പാരായണങ്ങളെ ആവശ്യമാക്കിത്തീർക്കുന്നു;അതാണ് സംഭവിക്കുന്നത്.
പഴയ പ്രയോഗങ്ങളുടെ സ്മരണയും അനുഭൂതികളുടെ ഇന്ന് നമുക്ക് അപരിചിതമായിത്തീർന്നിരിക്കുന്ന വഴികളും സംരക്ഷിക്കപ്പെട്ടിരിക്കുന്നതും ഭംഗിയായി മിതപ്പെടുത്തപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങൾ, അതായത് വർത്തമാനത്തിലെ ഒന്നിനോടും സാദൃശ്യമില്ലാത്ത പഴയകാലത്തിന്റെതായ അടയാളങ്ങൾ, അവയാണ്  പല ക്ലാസിക് രചനകളിലും നമ്മെ കാത്തിരിക്കുന്നതെന്നും അവയുടെ വർണഭംഗികൾക്ക് കൂടുതൽ തെളിച്ചം കൈവരുന്നത് കാലം അവയ്ക്കു മുകളിലൂടെ കടന്നുപോയതിനു ശേഷം മാത്രമാണെന്നും മാർസൽ പ്രൂസ്റ്റ് പറയുന്നുണ്ട് (Days of Reading- Marcel Proust). ഇതിഹാസങ്ങളെയും അതിപ്രാചീനമായ മറ്റ് കൃതികളെയും സമീപിക്കുമ്പോൾ  അവയോടുള്ള നമ്മുടെ ആദരവിനോട് മനുഷ്യസംസ്‌കാരത്തിന്റെ വിദൂരഭൂതകാലത്തോടുള്ള സ്‌നേഹവാത്സല്യങ്ങൾ കൂടിക്കലരും.അത്രയേറെ കാലപ്പഴക്കം അവകാശപ്പെടാനില്ലാത്ത കൃതികളോടും പലപ്പോഴും നമുക്ക് അതിയായ സ്‌നേഹം തോന്നാറുണ്ട്..അടുത്ത കാലത്തായി പലരും നിർമിച്ചു വരുന്ന നാട്ടുഭാഷാ നിഘണ്ടുക്കളിലെ പദങ്ങളിൽ പലതും ഇപ്പോൾ വാർധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുന്നവർ തന്നെ അവരുടെ കുട്ടിക്കാലത്ത് പ്രയോഗിച്ചവയാവും.എങ്കിലും ദശകങ്ങളോളം തങ്ങൾ ദൈനംദിന സംഭാഷണഭാഷയിൽ നിന്ന് മാറ്റി നിർത്തിയ വാക്കുകളെ വീണ്ടും കണ്ടുമുട്ടുമ്പോൾ അവർക്കുണ്ടാവുന്ന അത്ഭുതാഹ്ലാദങ്ങൾ വളരെ വലുതായിരിക്കും.ക്ലാസിക്കുകളിൽ നിന്ന് നമുക്ക് കൈവരുന്ന ആഹ്ലാദം തീർച്ചയായും സമാന സ്വഭാവമുള്ള ഒന്നല്ല.എങ്കിലും നമ്മുടെ ഭൂതകാലാഭിരതിയുടെ ഒരംശം കൂടി അതിൽ കലരുന്നുണ്ടെന്ന് ന്യായമായും കരുതാം.പക്ഷേ,സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും പുതുപുത്തൻ വായനാനുഭവങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ക്ലാസിക്കുകളെയും ഏതാനും ദശകങ്ങൾക്കുള്ളിൽ തന്നെ  അർത്ഥസാധ്യതകളുടെ   വിസ്മയകരമായ അനേകം പുതിയ വഴികളിലേക്ക് വായനക്കാരെ നയിച്ച ചില സമീപ ഭൂതകാല കൃതികളെയും നാം ആദരിക്കുന്നത് ഏതെങ്കിലും മൃദുവികാരത്തെ അടിസ്ഥാനമാക്കിയല്ല.മറിച്ച് അവ നമ്മുടെ പുതിയ ജ്ഞാനപരിസരങ്ങളോടും രാഷ്ട്രീയസമസ്യകളോടുമെല്ലാം ചേർന്നുനിൽക്കുന്നതുകൊണ്ടു തന്നെയാണ്.ഈ വാസ്തവത്തെ വലിച്ചു നീട്ടി കൃതിക്ക് സ്ഥിരമായ ഒരർത്ഥമോ ഉദ്ദേശ്യമോ ഇല്ലെന്ന് വാദിക്കുന്നതിനെ നൂതനവും ഉന്നതവുമായ സാഹിത്യദർശനത്തിന്റെ ഉൽപന്നമായി കണക്കാക്കാനാവില്ല.
മനുഷ്യജീവിതത്തിന് പൂർവനിശ്ചിതമായ യാതൊരു സത്തയുമില്ലെന്നും ജീവിക്കുന്നതിലൂടെ ഓരോ മനുഷ്യനും എന്തായിത്തീരുന്നുവോ അതാണ് അവന്റെ/അവളുടെ ജീവിത്തിന്റെ സത്ത എന്നും ജീവിതത്തിന്റെ സാമാന്യസത്തയെ കുറിച്ചുള്ള ധാരണകൾക്ക് പുറത്തുനിന്നുകൊണ്ടാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ അർത്ഥം നിർമിക്കുന്നതെന്നും അസ്തിത്വവാദികൾ പറഞ്ഞതിനെ ഓർമിപ്പിക്കുന്നതു തന്നെയാണ് കൃതി എന്ന ഒന്നില്ല പല പാഠങ്ങൾ മാത്രമേ ഉള്ളൂ,അവയാണെങ്കിൽ വായനക്കാരുടെ നിർമിതികൾ മാത്രവുമാണ് എന്ന് വാദിക്കുന്നതും.അസ്തിത്വവാദത്തോളം പുറകിലേക്കൊന്നും പോവേണ്ട ഘടനാവാദാനന്തര കാലഘട്ടത്തിലെ ദാർശനികാന്വേഷണങ്ങളും സാഹിത്യാപഗ്രഥനങ്ങളുമൊന്നും കൃതിക്കുള്ളിൽ എക്കാലത്തേക്കുമായി ഒരർത്ഥം സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നു എന്ന ധാരണയെ അംഗീകരിക്കുന്നതേയില്ല എന്നും  കൃതിയുടെ സാർവകാലികമായ അർത്ഥവും സകലവായനക്കാർക്കും ഒന്നുപോലെ അനുഭവിക്കാനാവും വിധം കൃതി ഉൽപാദിപ്പിക്കുന്ന വികാരങ്ങളും അനുഭൂതികളുമൊക്കെ തേടിയുള്ള അന്വേഷണത്തിന് ഇനിയങ്ങോട്ട് യാതൊരു പ്രസക്തിയുമില്ലെന്നും ഉറപ്പിച്ചു പറയുന്നവരായി പലരുമുണ്ടാവും.ഈ വാദം ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാൻ അധികമായി അധ്വാനിക്കുന്നതിൽ കഴമ്പില്ലെന്നു തോന്നുന്നു.കാരണം വായിക്കുന്ന ആൾ ആരായാലും അയാൾ ഒരു കൃതിയിലൂടെയാണ് കടന്നു പോവുന്നത്.ആ കൃതിക്ക്  എഴുത്തുകാരൻ/എഴുത്തുകാരി കൽപിക്കുന്നതായി കൃതിയുടെ കാലം, കൃതി അഭിസംബോധന ചെയ്ത സമൂഹം,കൃതിയുടെ അപ്പോഴത്തെ സാമൂഹ്യഫലം എന്നിവയെയൊക്കെ അടിസ്ഥാനമാക്കി മുൻകാലവ്യാഖ്യാതാക്കളും നിരൂപകരും കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമായ അർത്ഥവും ഉദ്ദേശ്യവുമെല്ലാം പുതിയ കാലത്തെ വായനക്കാർക്ക് കണ്ടെത്താം.പക്ഷേ, 'പാവങ്ങളി'ൽ നിന്ന് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ അൽബേർ കമ്യുവിന്റെ 'അന്യനി'ൽ നിന്ന് കണ്ടെത്താനാവില്ല.ഈ ഒരു വസ്തുതയെങ്കിലും രണ്ട് കൃതികൾക്ക് രണ്ട് അസ്തിത്വമാണുള്ളതെന്ന് സംശയരഹിതമായി വ്യക്തമാക്കുന്നുണ്ട്.ഇത്രയെങ്കിലും ഉറപ്പിച്ചു വെക്കാതുള്ള  സാഹിത്യവായന അർത്ഥശൂന്യമായ ബൗദ്ധികാഭ്യാസങ്ങളിലും കുതർക്കങ്ങളിലുമൊക്കെയാണ് ചെന്നെത്തുക.ആ വഴിയിലൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് അല്പമായിപ്പോലും താൽപര്യമില്ല.

(മാധ്യമം വാരികയിൽ എഴുതിവരുന്ന ജീവിച്ചു മതിവരാത്ത പുസ്തകങ്ങൾ എന്ന പംക്തിയുടെ ആമുഖലേഖനത്തിൽ നിന്ന് -ശീർഷകം പുതുതായി നൽകിയത്.)

Friday, September 30, 2016

തളരുന്ന പൊതുബോധം,വളരുന്ന അരാഷ്ട്രീയത


കേരളത്തിനകത്തു തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന മലയാളിയുടെ ലോകം വല്ലാതെ ചുരുങ്ങിപ്പോവുന്നുണ്ടെന്നും ഏറ്റവും പുതിയ തലമുറയുടെ കാര്യത്തിലാണ് ഇത് ഏറ്റവും കൂടിയ അളവിൽ സംഭവിച്ചുകൊണ്ടി രിക്കുന്നതെന്നും ഉള്ള പറച്ചിലിന് രണ്ട് മൂന്ന് ദശകക്കാലത്തിന്റെയെങ്കിലും പഴക്കമുണ്ട്.ഈ പറച്ചിൽ ഏറെക്കുറെ എല്ലാ കോണുകളിൽ നിന്നുമായി ആവർത്തിച്ചു കേൾക്കാൻ തുടങ്ങിയത് സമീപവർഷങ്ങളിലാണെന്ന് മാത്രം.
നാം നമ്മെക്കുറിച്ച് പൊതുവായി പങ്കുവെക്കുന്ന ഈ നിരീക്ഷണത്തിന് അനുഭവത്തിന്റെ പിൻബലമുണ്ടെന്നതിൽ സംശയമില്ല.പക്ഷേ,സാമൂഹ്യമായ പ്രതീക്ഷകളും ഉൽക്കണ്ഠകളും രോഷവുമെല്ലാം നമുക്ക് അന്യമായി ത്തുടങ്ങിയതിനു പിന്നിലെ കാരണങ്ങളെ കുറിച്ച് ഗൗരവപൂർണമായ അന്വേഷണങ്ങളൊന്നും ഇതേവരെയായി ഉണ്ടാവാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു ഉത്തരത്തിൽ എത്തിച്ചേരുക എളുപ്പമല്ല.
സാങ്കേതിക സാക്ഷരതയുടെ വ്യാപനവും നവസാമൂഹ്യമാധ്യമങ്ങളിലെ വ്യവഹാരങ്ങൾക്ക് നൽകുന്ന അതിശ്രദ്ധയുമാണ് കേരളത്തിലെ യുവജനങ്ങളെയും മധ്യവയസ്‌കരെയും വൃദ്ധജനങ്ങളെപ്പോലും അവനവനിലേക്കും അവളവളിലേക്കും ചുരുങ്ങാൻ പ്രേരിപ്പിച്ചത് എന്നു പറഞ്ഞാൽ നന്നേ ചെറിയ അളവിലേ അത് ശരിയാവുകയുള്ളൂ.സാ മൂഹ്യ മാധ്യമങ്ങളിലെ ആവിഷ്‌ക്കാരങ്ങൾ ഏറെയും വ്യക്തികൾ സ്വയം പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ ആ ആവിഷ്‌ക്കാരങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ (കമന്റ്‌സ്) അതിലും പതിന്മടങ്ങ് മോശമായ രീതിയിൽ അഹന്തയുടെയും ധിക്കാരത്തിന്റെയും പ്രകടനമാവുന്നതായിട്ടാണ് കാണുന്നത്.ഫെയ്‌സ്ബുക്ക്,ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെ നടക്കുന്ന സാമൂഹ്യവിമർശനത്തിന്റെയും നിരീക്ഷണങ്ങളുടെയും പൊതുവെയുള്ള സ്വഭാവം ഒരുതരം ആധിപത്യവ്യഗ്രതയാണ്.തർക്കിക്കാനും ജയിക്കാനുമല്ല അറിയാനും അറിയാക്കാനുമുള്ളതായിരിക്കണം സംവാദം എന്ന ബോധ്യത്തിന്റെ നാലയലത്തുപോലും എത്താത്ത കമന്റുകളിലൂടെ വലിയ അളവിൽ ആശയ വിനിമയം നടക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.ചില വാർത്തകളും വിവരങ്ങളും അധികാരകേന്ദ്രങ്ങളുടെ സമ്മതിക്ക് കാത്തു നിൽക്കാതെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും അപ്പപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നതും ചുരുക്കം ചില സന്ദർഭങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ തികച്ചും ജനവിരുദ്ധമായ നിലപാടുകളും അഭിപ്രായപ്രകടനങ്ങളും സൈബർമാധ്യമങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നതും വസ്തുതയാണ്.ഭയരഹിതമായ ഇത്തരം പ്രതികരണങ്ങൾ ജനനേതാക്കളുടെ പരിവേഷം കുറച്ചെങ്കിലും നഷ്ടപ്പെടുത്തുകയും ബഹുജനങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രത്യക്ഷത്തിലെങ്കിലും കൂടുതൽ മാന്യതയും മര്യാദയും കാണിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അത്രത്തോളമെങ്കിലും അവയുടെ സംഭാവന ഉണ്ടെന്ന് ആർക്കും സമ്മതിക്കേണ്ടിവരും.സമൂഹമനസ്സിനെ പുറകോട്ട് വലിച്ചേ അടങ്ങൂ എന്ന വാശി കൈവിടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിക്കാത്ത മതമൗലികവാദികളെയും മറ്റ് പ്രതിലോമ ശക്തികളയും പ്രകോപിപ്പിക്കുന്ന ചില നൂതനാശയങ്ങളും നിലപാടുകളും നവമാധ്യമങ്ങളിൽ ഇടയ്‌ക്കൊക്കെ ഇടം നേടാറുണ്ട് എന്ന കാര്യവും എല്ലാവർക്കും അറിയാം. ഇതിനൊക്കെ അപ്പുറം എന്തുണ്ട്?നമ്മുടെ പൊതുബോധത്തെ അവ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? രാജ്യത്തിനകത്തെ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക പരിതോവസ്ഥയിൽ വിമർശനാത്മകമായും നിർമാണാത്മകമായും ഇടപെടുന്നതിനുള്ള ഊർജ്ജം പ്രസരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും അവയുടെ ഭാഗത്തുനിന്ന് ഗണ്യമായ എന്തെങ്കിലും സംഭാവനകൾ ഉണ്ടാവുന്നുണ്ടോ? എന്നീ ചോദ്യങ്ങൾക്കെല്ലാം നിഷേധാത്മകമായ മറുപടികളേ സാധ്യമാവൂ.
പക്ഷേ, ഇന്റർനെറ്റിലും നവസാമൂഹ്യമാധ്യമങ്ങളിലും  വ്യാപരിക്കുന്നതിന് നമ്മുടെ യുവജനങ്ങൾ കാണിക്കുന്ന  അത്യുത്സാഹമൊന്നു മാത്രമാണ് അവർക്കിടയിൽ സാമൂഹിക സാക്ഷരതയുടെ ശോഷണം സംഭവിപ്പിച്ചതെന്ന് പറയാനാവില്ല. പുതുതലമുറ വാസ്തവത്തിൽ അങ്ങനെ നിരക്ഷരാവുകയാണോ ചെയ്തത് എന്ന് സൂക്ഷ്മമായി പരിശോധിച്ചു നോക്കിയാൽ നിരക്ഷരതയല്ല ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കടുത്ത കഴിവുകേടും വൈമുഖ്യവുമാണ് അവരെ ബാധിച്ചിരിക്കുന്നത് എന്ന് മനസ്സിലാവും.ഇവ രണ്ടും പല വഴിക്കാണ് അവരിൽ എത്തിച്ചേർന്ന് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്.ആദ്യവഴി വിദ്യാഭ്യാസത്തിന്റെതു തന്നെ.പ്രൈമറി തലം മുതൽ ഗവേഷണതലം വരെ സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന വിദ്യാഭ്യാസം ഉപരിപ്ലവവും അപൂർണവുമായ വിവരശേഖരണത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.വസ്തുതകളുടെ അപഗ്രഥനത്തിനുള്ള പരിശീലനം വളരെ ചെറിയ തോതിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെങ്കിലും ആ അപഗ്രഥനത്തിന്റെ പോലും ലക്ഷ്യം ജ്ഞാനാർജ്ജനമല്ല ജ്ഞാനിയായി ഭാവിക്കലും പ്രദർശിപ്പിക്കലുമൊക്കെയാണ്.ഗവേഷണവിദ്യാർത്ഥികളുടെ കാര്യത്തിൽ പോലും ഏറിയ കൂറും അതാണ് സംഭവിക്കുന്നത്.ഉന്നത തലത്തിലുള്ള ഒരു പരിശോധനയ്ക്കുവേണ്ടി കോളേജിലെത്തിയ വിദഗ്ധസംഘത്തിലെ ഒരംഗം ' നിങ്ങൾ നെറ്റിൽ നോക്കണം.പന്ത്രണ്ടിടത്ത് എന്റെ പേര് കാണാം,നിങ്ങളും അത് പോലെ പേര് വരുത്തണം' എന്ന് പറഞ്ഞതായി ഒരു ദശകം മുമ്പ് ഒരു കോളേജ് അധ്യാപകൻ എന്നോട് പറഞ്ഞിരുന്നു.വിദഗ്ധരുടെ നിലവാരം ഇതാണെങ്കിൽ അവരെ അനുസരിക്കാനും അനുകരിക്കാനും ശ്രമിക്കുന്നവരുടെ നിലവാരം എത്രമേൽ പരിതാപകരമാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
തങ്ങൾക്ക് പ്രാഥമികധാരണപോലുമില്ലാത്ത വിഷയത്തെ കുറിച്ചുപോലും വാചാലരാവാനും തർക്കിക്കാനും യാതൊരു മടിയിലുമില്ലാത്തവരാണ് നമ്മുടെ വിദ്യാർത്ഥികളിൽ വളരെയേറെ പേർ.പരീക്ഷകൾ ഉയർന്ന നിലയിൽത്തന്നെ പാസ്സാവാനുള്ള സൂത്രപ്പണികൾ വശത്താക്കുന്നതിനല്ലാതെ പഠനം ആവശ്യപ്പെടുന്ന അധ്വാനത്തിനോ ക്ലേശപൂർണമായ അന്വേഷണങ്ങൾക്കോ അവർ തയ്യാറാവുകയില്ല.അതൊന്നും ആവശ്യമില്ലെന്നും മികച്ച പെർഫോമൻസിനുള്ള കഴിവ് മാത്രമാണ് ലോകം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നതെന്നുമുള്ള പ്രതീതിയിലാണ് ചെറിയ ക്ലാസ്സുകൾ തൊട്ടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്.പുതിയ ബോധനരീതി അതൊന്നുമല്ല ലക്ഷ്യം വെക്കുന്നതെന്നും അത് വിദ്യാർത്ഥികളിൽ സ്വതന്ത്രമായ ജ്ഞാനനിർമാണത്തിനും നിലവിലുള്ള ഏത് അറിവിനെയും വിമർശനാത്മകമായി സമീപിക്കുന്നതിനും ഉള്ള ശേഷി  ഉയർന്ന അളവിൽ ഉൽപാദിപ്പിക്കുകയാണ് ചെയ്യുക എന്നും  ആരൊക്കെ എത്രയൊക്കെ ആവേശം കൊണ്ടാലും അതിന്റെ പ്രയോഗത്തിന് ഇങ്ങനെയൊരു വിപരീത ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടുവരുന്നത്.  .
'തൊഴിൽ വിപണിയിൽ നിങ്ങളെ വാങ്ങുന്നതിൽ ആരും വലുതായ താൽപര്യം കാണിക്കില്ല,ഏറ്റവും എളുപ്പത്തിലും വിജയകരമായും സ്വയം വിൽക്കാനുള്ള വൈദഗ്ധ്യമാണ് നിങ്ങൾ ആർജിക്കേണ്ടത്.അതിനുള്ള തയ്യാറെടുപ്പും തന്ത്രപ്രയോഗങ്ങളുമാണ് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്' എന്ന് വിദ്യാർത്ഥികളോട് താൻ ആവർത്തിച്ചു പറയാറുണ്ടെന്ന് ഒരധ്യാപകൻ അഭിമാനപൂർവം പറയുന്നത് കേൾക്കാനിടയായപ്പോൾ അദ്ദേഹത്തോട് എനിക്ക് പുച്ഛമോ സഹതാപമോ  തോന്നിയില്ല.നമ്മുടെ കാലത്ത് ലോകം യുവജനങ്ങളിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് കൃത്യമായി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. പക്ഷേ,ഈ മനോഭാവം നമ്മുടെ പൊതു ജീവിതത്തിന്റെ നിയന്ത്രണം കയ്യാളുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രകടമാ വുമ്പോൾ അതിനു നേർക്ക്  ഔദാര്യമോ ഉദാസീനതയോ കൈക്കൊ ള്ളാനാവില്ല.സാമൂഹ്യജീവിതത്തിൽ ചില മൂല്യങ്ങൾ നിലനിൽക്കണമെന്നും അവിടെ നടക്കുന്ന വ്യവഹാരങ്ങൾ സത്യസന്ധമായിരിക്കണമെന്നും അവ ജനവിരുദ്ധമാകരുതെന്നുമൊക്കെയുള്ള നിർബന്ധം ഏത് വിപരീത സാഹചര്യത്തിലും മുറുകെ പിടിക്കേണ്ടവരാണ് അവർ.അവരുടെ അലംഭാവത്തിലൂടെ ഒരു സമൂഹത്തിന് നഷ്ടമാവുന്നത് ആത്മാഭിമാനം തൊട്ടുള്ള അനേകം ഗുണങ്ങളാണ്.അവയിൽ പരമ പ്രധാനമായ ഒന്നാണ് ഉണർവും ഉശിരും സത്യസന്ധതയുമുള്ള പൊതുബോധം.അതിന് സംഭവിച്ച തകർച്ചയാണ് വർത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.സാമൂഹിക സാക്ഷരതയുടെ നാശത്തിനു പിന്നിലെ പ്രധാന കാരണം ഇതാണ്.
മലയാളിയുടെ പൊതുബോധത്തിൽ സമകാലിക സാമൂഹ്യരാഷ്ട്രീയപ്രശ്‌നങ്ങളെ കുറിച്ചുള്ള ധാരണകളും  ഉത്കണ്ഠകളും അപഗ്രഥനങ്ങളും സജീവമായി നിലനിൽക്കാതായിട്ട് ചുരുങ്ങിയത് മൂന്ന് ദശകക്കാലമെങ്കിലും ആയി.അതിനും കുറച്ചു മുമ്പേ തന്നെ പൊതുബോധത്തിന്റെ സഞ്ചാരം ഉദാസീനതയിലേക്ക് വഴിതിരിഞ്ഞു തുടങ്ങിയിരുന്നു.ഈയൊരു മാറ്റത്തിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിന്റെ വഴിമാറ്റം തന്നെയാണ്.വർഗീയ കക്ഷികൾക്കും പ്രാദേശികതയിൽ ഊന്നിനിൽക്കുന്ന കക്ഷികൾക്കും അവരവരുടെതായ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയമുണ്ട്.മറ്റ് രാഷ്ട്രീയപ്പാർട്ടികളെല്ലാം താന്താങ്ങൾ കാലാകാലമായി ഉയർത്തിപ്പിടിച്ചു വന്നിരുന്ന രാഷ്ട്രീയം വലിയൊരളവോളം  ഉപേക്ഷി ക്കുകയും അധികാരത്തിലേറാനുള്ള നാനാതരം വ്യവഹാരങ്ങൾ മാത്രമാ യിരിക്കണം രാഷ്ട്രീയം എന്ന് തീരുമാനിക്കുകയും ചെയ്തത് അവരുടെ പല ചെയ്തികളിൽ  നിന്നും പൊതുപ്രശ്‌നങ്ങളോടുള്ള സമീപനങ്ങളിൽ നിന്നും ജനങ്ങൾ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.വിമർശനങ്ങളൊന്നും ഫലവത്താകുകയില്ലെന്നും രാഷ്ട്രീയകക്ഷികൾ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒന്നിനെയും ചോദ്യം ചെയ്യാതെ അനുസരണയോടെ പെരുമാറാനുള്ള സന്നദ്ധത മാത്രമാണെന്നും അനേകം അനുഭവങ്ങളിലൂടെ അവർക്ക് ബോധ്യമാവുകയും ചെയ്തിരിക്കുന്നു.
കാര്യങ്ങൾ മറ്റൊരു വിധത്തിലായിത്തീരാനുള്ള സാധ്യതകളൊന്നും കൺവെട്ടത്തിലില്ല.താരതമ്യേന കൂടുതൽ ആത്മാനുരാഗവും പാരമ്പര്യപ്രണയവും യാഥാസ്ഥിതികത്വവുമൊക്കെയുള്ള ഒരു ജനതയായി നരവംശശാസ്ത്രകാരന്മാർ നേരത്തേ തന്നെ നിർണയിച്ചിട്ടുള്ള മലയാളികൾ സാമൂഹ്യപ്രശ്‌നങ്ങളുടെ നേർക്ക് അവർ/ അവരുടെ പൂർവികർ പണ്ട് കാണിച്ചിരുന്ന ജാഗ്രത വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രമേ കേരളത്തിലെ രാഷ്ട്രീയം,വിദ്യാഭ്യാസം,സാംസ്‌കാരിക പ്രവർത്തനം എന്നീ മേഖലകളിലെ ദൈനംദിന യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണും കാതും മനസ്സും തുറക്കുന്ന ആർക്കും തോന്നുകയുള്ളൂ.ഇത് അൽപവും ആശാസ്യമായ അവസ്ഥയല്ലെന്ന് അറിയുമ്പോഴും തങ്ങൾക്ക് ഫലപ്രദമായ ഇടപെട ലുകളൊന്നും സാധ്യമാവില്ലെന്ന നിസ്സഹായതാബോധം അവരെ ഒന്നു കൂടി പരിക്ഷീണരാക്കുകയും ഒരു പ്രതികരണത്തിനും പ്രതിരോധത്തിനും മുതിരാതെ പിന്മാറാൻ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി രൂപപ്പെട്ടിരിക്കുന്ന ആന്തരിക നിശ്ചലതയാണ് ഇന്നത്തെ കേരളീയ പൊതുജീവിതത്തിലെ ഏറ്റവും വലിയ ദു:ഖാനുഭവം.