Pages

Sunday, January 24, 2016

രുചിപ്പയണം

ഇന്നലെ കണ്ണൂർ പ്രസ്‌ക്ലബ്ബിൽ വെച്ച്  കേരള പത്രപ്രവർത്തകയൂനിയൻ ജനറൽ സെക്രട്ടറി സി.നാരായണന്റെ 'രുചിപ്പയണം' എന്ന പുസ്തകത്തിന്റെ
 പ്രകാശനം നിർവഹിച്ചു.കരിവെള്ളൂർ മുരളിയാണ്  ആദ്യപ്രതി ഏറ്റുവാങ്ങിയത്.ബക്കളം ദാമോദരൻ ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു.പൂർണാ പബ്ലിക്കേഷൻസ് എഡിറ്റർ പി.ആർ .റെനീഷ് സ്വാഗതം പറഞ്ഞു.പി.കെ.ശ്യാംസുന്ദർ പുസ്തകം പരിചയപ്പെടുത്തി.പി.എ.അബ്ദുൾ ഗഫൂർ,മഹേഷ് ംഗലാട്ട്,കെ.ടി.ശശി എന്നിവർ ആശംസകൾ നേർന്നു.
രുചിപ്പയണം വ്യത്യസ്തമായ ഒരു യാത്രാവിവരണഗ്രന്ഥമാണ്.ഭക്ഷണത്തിന്റെ രുചിവൈവിധ്യങ്ങൾ കേന്ദ്രസ്ഥാനത്ത് വരുന്ന ഒന്ന്.മലയാളത്തിൽ ഇതുപോലൊരു പുസ്തകം ആദ്യത്തേതാണെന്നു തോന്നുന്നു.ഹൈദരബാദ്,ചെട്ടിനാട്,കുടക്,തിരുനെൽവേലി,ഗോവ,കുടക്,ഉഡുപ്പി,നാഞ്ചിനാട്.കാസർകോട്,തലശ്ശേരി എന്നിങ്ങനെയുള്ള പല ദേശങ്ങളിലെ പേരുകേട്ട ആഹാരസാധനങ്ങളുടെ രുചി അനുഭവിച്ചറിയുന്നതിന്റെ പ്രതീതി സൃഷ്ടിക്കുന്ന പുസ്തകമാണിത്.രുചികളുടെ വൈവിധ്യം മാത്രമല്ല രുചി വിളമ്പുന്ന ഭക്ഷണശാലകളുടെയും നാടുകളുടെയും കൗതുകകരമായ വിശേഷങ്ങൾ കൂടി ഈ പുസ്തക്തിൽ നിന്ന് അറിയാം.
അല്പം നാടകീയമായി തുടങ്ങി ഓരോ നാടിന്റെയും അവിടത്തെ ഭക്ഷണശാലകളുടെയും വിശേഷപ്പെട്ട ഭക്ഷണസാധനങ്ങളുടെയും വിവരണങ്ങളിലൂടെ മുന്നേറി ആ നാട്ടിൽ എത്തിച്ചേരാനുള്ള വഴികൾ വിശദമാക്കി നേരത്തെ വിവരിച്ച ഭക്ഷണവിഭവങ്ങളുടെ റസിപ്പിയും പാചകരീതിയും വിവരിച്ച് അവസാനിപ്പിക്കുന്ന രീതിയാണ് ഓരോ ലേഖനത്തിലും നാരായണൻ അവലംബിച്ചിരിക്കുന്നത്.രുചിപ്പയണം വായിച്ചു കഴിയുമ്പോൾ ിതിൽ വിവരിക്കപ്പെട്ടിരിക്കുന്ന വിഭവങ്ങൾ ആസ്വദിക്കണമെന്നു മാത്രമല്ല ആ വിഭവങ്ങൾ വിളമ്പുന്ന നാടുകൾ എത്രയും വേഗം കാണണമെന്നു കൂടി ആർക്കും തോന്നിപ്പോവും.പുസ്തകത്തിന്റെ കവറിൽ തന്നെ അച്ചടിച്ചുവെച്ചിരിക്കുന്ന  കൊതിയൂറുന്ന താളുകളുള്ള ഒരു യാത്രാപുസ്തകം എന്ന പ്രസാധകരുടെ പരസ്യവാചകം തീർത്തും സത്യമാണെന്ന് ചുരുക്കം.
പൂർണ പബ്ലിക്കേഷൻസ് (കോഴിക്കോട്) ആണ് 'രുചിപ്പയണ'ത്തിന്റെ പ്രസാധകർ.പുസ്തകത്തിന്റെ വില 140 രൂപ.